'പത/UA'- സലിന്‍ മാങ്കുഴി എഴുതിയ കഥ

ചന്ദ്രന്‍  ഒരു പ്രസ്ഥാനമായിരുന്നു. ഞങ്ങള്‍ ചന്ദ്രന്റെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കില്ലാത്ത നേരത്ത് ഒളിച്ചും പാത്തും കയറി കോരിത്തരിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ടിരുന്നു 
സലിന്‍ മാങ്കുഴി
സലിന്‍ മാങ്കുഴി

ഒന്ന്

ന്ദ്രന്‍ ഒരു പ്രസ്ഥാനമായിരുന്നു. ഞങ്ങള്‍ ചന്ദ്രന്റെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കില്ലാത്ത നേരത്ത് ഒളിച്ചും പാത്തും കയറി കോരിത്തരിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ടിരുന്നു. ചെന്നു കയറുമ്പോള്‍ നേരെ കാണുന്ന ചുവരില്‍ ജയന്‍ ഹെലികോപ്റ്ററില്‍ തൂങ്ങിനിന്നു. ജയന്‍ മരിച്ചിട്ടില്ലെന്നും അമേരിക്കയില്‍ ചികിത്സയിലാണെന്നും കുട്ടികളായിരുന്ന ഞങ്ങളെ ചന്ദ്രന്‍ വിശ്വസിപ്പിച്ചിരുന്നു. കറങ്ങുന്ന കസേരയ്ക്ക് അഭിമുഖമായ ചുവരില്‍ നിലക്കണ്ണാടിക്ക് ഇരുവശത്തുമായി രജനീകാന്ത്, അമിതാഭ് ബച്ചന്‍, സത്യന്‍, പ്രേംനസീര്‍, മധു, സുകുമാരന്‍, സോമന്‍, ബ്രൂസിലി തുടങ്ങിയവരുടേയും കസേരയുടെ പിന്നില്‍ ഷീല, ജയഭാരതി, റാണിചന്ദ്ര, അനുരാധ, ജലജ, സ്വപ്‌ന തുടങ്ങിയവരുടേയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ചന്ദ്രന്‍ നിരീശ്വരവാദിയായതിനാല്‍ ഒരൊറ്റ ദൈവത്തിന്റെ ചിത്രത്തിനും ചന്ദ്രാ കട്ടിംഗ് & ഷേവിംഗില്‍ പ്രവേശനം ഇല്ലായിരുന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷമാണ് മറ്റേതോ ദേശത്തുനിന്നു ചന്ദ്രന്‍ പൂവരശുംമൂട്ടില്‍ എത്തിയതും ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയതും. പൊലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ട, നക്‌സലൈറ്റ് ആയിരുന്നു അയാളെന്നു നാട്ടുകാരില്‍ ചിലര്‍ രഹസ്യം പറഞ്ഞു. ചന്ദ്രനാകട്ടെ, അക്കാര്യങ്ങളെക്കുറിച്ചൊന്നും ആരോടും ഒന്നും തെളിച്ചു പറഞ്ഞതുമില്ല.

ഒരു തുള്ളി ഷേവിംഗ് ക്രീം പതച്ചു പതച്ചു വലിയ കുന്നാക്കുകയും ഷേവ് ചെയ്യാനിരിക്കുന്നവരുടെ മുഖത്ത് ആ കുന്നിനെ അല്പാല്പമായി തേച്ചു പിടിപ്പിക്കുകയും ചെയ്യുന്നതിനിടയില്‍ പരാജയപ്പെട്ടുപോയ നക്‌സല്‍ ആക്ഷനുകളെക്കുറിച്ചും കായണ്ണ പൊലീസ് സ്‌റ്റേഷന്‍ ആക്രമണം, ഡാല്‍മിയ വധശ്രമം, നഗരൂര്‍ കൊലപാതകം, നന്ദിയോട് വിശ്വംഭരന്‍, വര്‍ക്കല വിജയന്‍, കെ.പി. രവി, ശങ്കരന്‍കുട്ടി തുടങ്ങിയവരെക്കുറിച്ചും ചന്ദ്രന്‍ വിവരിക്കും. ഇടത്തേ ഉള്ളംകയ്യില്‍ തിരിച്ചും മറിച്ചും കത്തി ഉഴിഞ്ഞ ശേഷം മേശപ്പുറത്തു വച്ചിരുന്ന പേപ്പര്‍ കീറിലേക്ക് കുന്നിനെ അല്പാല്പമായി വടിച്ചിറക്കി വയ്ക്കും. ഒടുവില്‍, ഹനുമാന്‍ മരുത്വാമലയെന്ന പോലെ പതക്കുന്നിനെ പൊക്കിയെടുത്ത് മൂലയ്ക്ക് കുന്നുകൂട്ടിയ മുറിച്ച മുടിയുടെ മുകളില്‍ തള്ളുമ്പോള്‍ ചന്ദ്രന്‍ സ്വയം പറയും: 'എല്ലാം പത; അല്ലാതെന്താ?' ഷേവ് ചെയ്യാനിരുന്ന ആളിന്റെ മുഖത്ത് ഷേവിംഗ് ക്രീം തേച്ച് പിടിപ്പിച്ചു പൗഡര്‍ പൂശിയശേഷം തമ്മില്‍ നന്നായി ഉരസിയ കൈ മണത്ത് ഒരു നിമിഷം ചന്ദ്രന്‍ കണ്ണടച്ചു നില്‍ക്കും.

'ചന്ദ്രന്റെ നക്‌സലാക്രമണം ഉഗ്രനായി.' ഷേവ് ചെയ്ത മുഖം പുറംകൈകൊണ്ട് തലോടി കണ്ണാടി നോക്കി ചിരിച്ചിട്ട് പണം കൊടുക്കുന്നയാള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ ചന്ദ്രനും ചിരിക്കും. 

ചന്ദ്രേണ്ണന്‍ എന്നായിരുന്നു ഞങ്ങള്‍ കുട്ടികള്‍ വിളിച്ചിരുന്നതെങ്കിലും ജോസ് ചന്ദ്രന്‍, നക്‌സല്‍ ചന്ദ്രന്‍, പത ചന്ദ്രന്‍ എന്നീ പേരുകളിലാണ് അയാള്‍ അറിയപ്പെട്ടത്.

മുടിവെട്ടിക്കാനിരിക്കുന്നവരുടെ തലയ്ക്ക് ചുറ്റും കത്രിക താളത്തില്‍ ചലിപ്പിച്ച് ചന്ദ്രനുണ്ടാക്കുന്ന ശബ്ദമാണ് ഞങ്ങള്‍ നാട്ടുകാര്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന ഏറ്റവും ഇമ്പമാര്‍ന്നതും ഉദാത്തവുമായ ഉപകരണസംഗീതം.
    
കരയുന്ന കുട്ടികളെ കസേരയില്‍ ഇരുത്തി മാന്ത്രിക വേഗത്തില്‍ ചന്ദ്രന്‍ കത്രിക ചലിപ്പിക്കുമ്പോള്‍ കുട്ടികള്‍ മെല്ലമെല്ലെ കരച്ചിലടക്കും. തലയ്ക്കു ചുറ്റും പൊഴിയുന്ന സംഗീതത്തില്‍ കുട്ടികള്‍ മയങ്ങും. കണ്ണീരില്‍ അന്നേരം പുഞ്ചിരി പൊട്ടും. ഭയന്ന കണ്ണുകളില്‍ കൗതുകം വിടരും. ഇളംപ്രായക്കാര്‍ക്ക് അയാള്‍ ചന്ദ്രന്‍മാമനായിരുന്നു.

ചന്ദ്രന്റെ 'മ്യൂസിക്കല്‍ കണ്‍സേര്‍ട്ട്' കേള്‍ക്കാന്‍ മാസത്തില്‍ ഒന്നും രണ്ടും തവണ മുടിമുറിക്കുന്നവര്‍പോലും ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. മക്കളില്ലാത്ത സുഗന്ധി ടീച്ചര്‍ ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ എല്ലാ മലയാള മാസം ഒന്നാം തീയതിയും മുടിവെട്ടിക്കുന്നത് വൈധവ്യ ദുഃഖം സംഗീതത്തില്‍ അലിയിക്കാനാണെന്ന് നാട്ടുകവി സുധന്‍ പൂവരശുംമൂട് എന്ന സുധാകരന്‍ പറഞ്ഞു. 

പത്താംക്ലാസ്സ് പരീക്ഷ കഴിഞ്ഞു റിസള്‍ട്ടു കാത്തുനിന്ന 1985 കാലത്താണ് ആനന്ദ് ചന്ദ്രാകട്ടിംഗ് & ഷേവിംഗില്‍ മുടിവെട്ടിക്കാനല്ലാതെ ആദ്യം കയറിയത്. കസേരക്കാലില്‍ ഒരു കാല്‍ കയറ്റിവച്ചിരുന്ന ചന്ദ്രന്‍ തള്ളവിരലും ചൂണ്ടുവിരലും 'റ' വട്ടത്തില്‍ കോട്ടിപ്പിടിച്ചു മീശ തലോടി കണ്ണാടിയില്‍ നോക്കി ആനന്ദിന്റെ പ്രതിബിംബത്തോട് ചോദിച്ചു:
'എന്താ?'
ചന്ദ്രന്റെ പ്രതിബിംബത്തോട് ആനന്ദ് ഷോള്‍ഡര്‍ ഉയര്‍ത്തി അറച്ചറച്ച് പറഞ്ഞു:
'ചുമ്മാ.'
നെഞ്ചിലെ രോമം കാണുംവിധം കടും നിറം ഷര്‍ട്ടിന്റെ ബട്ടന്‍സഴിച്ചിട്ട, ചെവിയിലേക്ക് കോതിയിറക്കിയ ഇടതൂര്‍ന്ന മുടിയും കട്ടിപ്പുരികവും കട്ടിമീശയും നീളന്‍ കൃതാവും ഷേവ് ചെയ്തു മിനുക്കിയ കവിളും സിനിമാനടന്‍ ജോസിന്റെ ഛായയുമുള്ള ചന്ദ്രന്‍ ചെറുപ്പക്കാരുടെ ആരാധനാപാത്രമായിരുന്നു. പലരും ചന്ദ്രനാകാന്‍ അകമഴിഞ്ഞാഗ്രഹിച്ചു.

സിനിമാനടിമാരുടെ ചിത്രങ്ങള്‍ക്കിടയില്‍ നീല സ്ലീവ്‌ലെസ് ടീഷര്‍ട്ടും ബ്രൗണ്‍ മിനിസ്‌കര്‍ട്ടും ധരിച്ച് വിഷാദഭാവത്തോടെയിരുന്ന റാണിചന്ദ്രയുടെ ചിത്രത്തില്‍ നോക്കിനിന്ന ആനന്ദിനോട് ചന്ദ്രന്‍ പറഞ്ഞു: 'എടാ അവര് മരിച്ചിട്ട് വര്‍ഷങ്ങളായി. പ്ലെയിനപകടത്തില്‍ തള്ളേം മോളും ചാമ്പലായി. എഴുപത്തിയാറിലാ സംഭവം.'
രജനീകാന്തിനെപ്പോലെ സിഗരറ്റ് മുകളിലേക്കിട്ട് ചുണ്ടില്‍ കോര്‍ത്തെടുത്ത ചന്ദ്രന്‍ തീപ്പെട്ടിയില്‍ തിരിയുരച്ചു കത്തിച്ച് പുക ഉള്ളിലേക്കെടുത്തു. ഒരു നിമിഷം കഴിഞ്ഞു പുക വട്ടം കറക്കി ഒന്നിനു പിറകേ ഒന്നായി പുറത്തേക്കു വിട്ടു. അമിതാഭ് ബച്ചന്റെ ചിത്രത്തിനു സമീപത്തെ ചപ്പിയ മൂക്കുകാരന്റെ ഇടുങ്ങിയ കണ്ണുകളില്‍ ചൂണ്ടി ആനന്ദ് ചോദിച്ചു:
'ഇതാരാ ഈ നടന്‍?'
'അത് സിനിമാനടനല്ല; മാവോ സേതൂങ്. ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തെ ആക്രമണത്തിലൂടെ കീഴ്‌പെടുത്തുന്ന പ്രക്രിയയാണ് വിപ്ലവമെന്ന് ഇങ്ങേരാ പറഞ്ഞത്.' മുറിയിലാകെ ചെറിയ ഹെലികോപ്ടര്‍ പോലെ സിഗററ്റ് പുക വട്ടം കറങ്ങി. അന്നു മുതലാണ് ചന്ദ്രന്റെ ബാര്‍ബര്‍ ഷോപ്പില്‍ ആനന്ദ് മുടങ്ങാതെ പോകാന്‍ തുടങ്ങിയത്.

'നഗരൂരില്‍ പോറ്റീടെ തലവെട്ടിയതിനെക്കുറിച്ച് നന്ദിയോട്ടെ സഖാക്കള്‍ തലങ്ങും വിലങ്ങും ചോദിച്ചപ്പോള്‍ ഉത്തരംമുട്ടിയ വെള്ളത്തൂവല്‍ സ്റ്റീഫന്‍ പൊട്ടിക്കരയുന്നത് ഞാനീ കണ്ണുകൊണ്ട് കണ്ടതാ. സ്റ്റീഫന്റെ ശരീരത്തില് മുഴുവന്‍ മുറിവിന്റെ പാടാ, ഞാനങ്ങേരുടെ മുടിവെട്ടിയതല്ലേ, സദാനന്ദന്‍ സാറിന്റെ കളപ്പുരേല് വെച്ച്. കേരളാ പൊലീസ് അഞ്ച് ലക്ഷം രൂപ ഇനാം പറഞ്ഞരിക്കുന്ന തലയാ ഞാനിടത്തോട്ടും വലത്തോട്ടും പിടിച്ച് തിരിച്ചതും മുടിവെട്ടിയതും.'
ഒരു തുള്ളി ഷേവിംഗ് ക്രീം കിണ്ണത്തില്‍ ഇറ്റിച്ചിട്ട് ചന്ദ്രന്‍ ഓര്‍മ്മകള്‍ പതയ്ക്കാന്‍ തുടങ്ങി. പതച്ചു പതച്ചു വലിയൊരു വെള്ളമല തീര്‍ത്തു.
'നീയിരി ഷേവ് ചെയ്തു തരാം.'

'അയ്യോ... ഞാന്‍...'
'ഇരിയടാ; നിന്റെ ഫസ്റ്റ് ഷേവ് എന്റെ വക ഫ്രീ.'
ആനന്ദിന്റെ മുഖത്ത് കന്നിഷേവ് ചെയ്യുന്നതിനിടയില്‍ ചന്ദ്രന്‍ ചോദിച്ചു:
'എടാ ആനന്ദേ, നിന്റൂടെയൊരു രഹസ്യം പറഞ്ഞാ നീയാരോടെങ്കിലും പറയോ?'
വിശ്വാസവഞ്ചന കാണിക്കാനാകാത്തവിധം അയാളെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന താന്‍ ഒറ്റുകാരനാണോയെന്നു സംശയിച്ചതില്‍ ആനന്ദിനു വിഷമം തോന്നി.

'ചത്താലും ഞാനാരോടും പറയില്ല ചന്ദ്രേണ്ണാ. വേങ്കോല അമ്മച്ചിയാണേ സത്യം.'
'സഞ്ജയ് ഗാന്ധി മരിച്ചതെന്നാണെന്നു നിനക്കോര്‍മ്മയുണ്ടോ?'
തുടര്‍ന്ന് വാതിലിലേക്ക് തലനീട്ടി നോക്കുന്ന ഉച്ചവെയിലിനെ നോക്കി ചന്ദ്രന്‍ ശബ്ദം താഴ്ത്തിപ്പറഞ്ഞ രഹസ്യം കേട്ട് ആനന്ദ് കിടുങ്ങിപ്പോയി. ആ നടുക്കം ക്രമേണ ഭയമായി വളര്‍ന്നു. അവനെ അത് നിരന്തരം അസ്വസ്ഥപ്പെടുത്തി. നാശംപിടിച്ച സംശയങ്ങള്‍ ദുര്‍ഭൂതം പോലെ സദാ വളര്‍ന്നുകൊണ്ടിരുന്നു.

രണ്ട്
സ്വദേശാഭിമാനി വായനശാലയുടെ വാര്‍ഷികത്തിന് എല്ലാ വര്‍ഷവും ടി.എം. സൗന്ദരരാജന്റെ ഗാനങ്ങള്‍ ഹൈപ്പിച്ചില്‍ പാടുന്ന ചന്ദ്രന്‍ ലക്ഷണം തികഞ്ഞ നായകനായിരുന്നു. ആബേല്‍ സാറിന്റെ മകളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി തലയില്‍ ചൂടിയിരുന്ന പൂവെടുക്കുകയും കമന്റടിക്കുകയും ചെയ്ത അന്യദേശക്കാരായ രണ്ട് തടിമാടന്മാരായ യുവാക്കളുടെ മുന്നില്‍ മിന്നല്‍ പോലെ പ്രത്യക്ഷപ്പെട്ട ചന്ദ്രന്‍ അവരുമായി ഒറ്റയ്ക്ക് ഏറ്റുമുട്ടിയതും കാറ്റഴിച്ചുവിട്ട സ്‌കൂട്ടര്‍ ഉരുട്ടിപ്പിച്ചതും സംഘട്ടനത്തോടെയുള്ള സിനിമാ നായകന്റെ പ്രവേശനം പോലെ നാട്ടുകാര്‍ അഭിമാനത്തോടെ പറഞ്ഞു:

'പട്ടാളം ഇറങ്ങിയാലും ചന്ദ്രന്‍ ഒറ്റയ്ക്ക് മതി. രണ്ടെണ്ണത്തിനേയും ചമ്മന്തിയാക്കി. ആള് പഴയ വിപ്ലവകാരിയല്ലേ?'
നിറയെ പൂത്തുനിന്ന വാകമരച്ചുവട്ടില്‍ ആനന്ദ് കോളേജ് ബസ് കാത്തുനിന്നു. ചുണ്ടില്‍ എരിയുന്ന സിഗററ്റുമായി നടന്നുവന്ന ചന്ദ്രന്‍ ഒരു കഥാപാത്രമാണോ എന്ന് ആനന്ദ് ആദ്യമായി സംശയിച്ചു. ഒരു മനുഷ്യന് ആവശ്യം ഇല്ലാത്തതും കഥാപാത്രത്തിന് അനിവാര്യമായതുമായ രൂപവും സ്വഭാവവും സാഹചര്യത്തിനിണങ്ങാത്ത അറിവും മുപ്പത്തിയാറാം വയസ്സിലും അവിവാഹിതനായി ഒറ്റയ്‌ക്കൊരു വീട്ടില്‍ കഴിയുന്ന ജീവിതവും ഒരു മനുഷ്യനെന്തിനാണ്? എണ്ണതേച്ച് കൊഴുപ്പിച്ച മുടിയില്‍ കുരുവിക്കൂട് തീര്‍ത്ത കവി സുധന്‍ പൂവരശുംമൂട് വരാന്തയില്‍ കാത്തുനിന്നത് ശ്രദ്ധിക്കാതെ ചന്ദ്രന്‍ ബാര്‍ബര്‍ ഷോപ്പ് തുറന്ന് അകത്തേക്ക് കയറി. അനേകം നടീനടന്മാരും മാവോ സേതൂങും ബ്രൂസിലിയും മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് കേള്‍ക്കാന്‍ കാതു കൂര്‍പ്പിച്ചു.

ചന്ദ്രന്‍ സൃഷ്ടിച്ച ഇമേജിനേയും അയാളുടെ സംഗീതത്തേയും കുറിച്ച് മിക്ക രാത്രികളിലും പരേതരായ നടീനടന്മാര്‍ തമ്മില്‍ ചര്‍ച്ചയും വാക്കുതര്‍ക്കങ്ങളും ഉണ്ടാകും. ബ്രൂസിലിയാണ് സ്ഥിരം മോഡറേറ്റര്‍. ചര്‍ച്ച കൊടുമ്പിരിക്കൊള്ളവേ ഒരിക്കല്‍ റാണിചന്ദ്ര ജയനോട് പറഞ്ഞു:You act like someone else. Its dangerous. Better to be yourself . അതുകേട്ട ജയന്‍ മിമിക്രിക്കാരെ അനുകരിച്ച് നീട്ടിപ്പറഞ്ഞു: 'മേബീ, വി ആര്‍ പുവര്‍, കൂലീസ്, ട്രോളി പുള്ളേഴ്‌സ്. ബട്ട് വി ആര്‍ നോട്ട് ബഗേഴ്‌സ്.' മിമിക്രിക്കാര്‍ സൃഷ്ടിച്ച ജയനെ യഥാര്‍ത്ഥ ജയന്‍ അനുകരിച്ചതു കണ്ട് ബ്രൂസിലി ഉള്‍പ്പെടെ എല്ലാവരും കുടുകുടെ ചിരിച്ചു. ഒരാളിന്റെ തനിസ്വരൂപവും അയാള്‍ സൃഷ്ടിക്കുന്നതും മറ്റുള്ളവരാല്‍ സൃഷ്ടിക്കപ്പെടുന്നതുമായ സ്വരൂപവും തമ്മിലുള്ള പൊരുത്തക്കേടിനെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. സിനിമാതാരങ്ങളുടെ ഇമേജിനെക്കുറിച്ചായിരുന്നു ചര്‍ച്ചയിലധികവും പറഞ്ഞതെങ്കിലും പൂവരശുംമൂട്ടിലെ ശാര്‍ങ്ഗധരന്‍ സാര്‍ അവരുടെ സംഭാഷണത്തില്‍ കടന്നുവന്നു.

വെള്ളേം വെള്ളേം ധരിച്ച് നെറ്റിയില്‍ ഭസ്മം പൂശി സംസ്‌കൃതം ട്യൂഷന്‍ പഠിപ്പിക്കുകയും കര്‍ക്കിടകമാസം മുറതെറ്റാതെ രാമായണ പാരായണം നടത്തുകയും ചെയ്യുന്ന പരമസാത്വികനും ദുര്‍ബ്ബലഗാത്രനുമായ ശാര്‍ങ്ഗധരന്‍ സാറിനു ഔവാച്ചിയുടെ വീട്ടില്‍ വച്ച് വെളുപ്പാന്‍ കാലത്ത് നെഞ്ചുവേദന വന്നതും നാട്ടുകാരെല്ലാം ആ രഹസ്യബന്ധമറിഞ്ഞു ഞെട്ടിയതും അവര്‍ ചര്‍ച്ച ചെയ്തു. ഒരാള്‍ ഒരായുസ്സുകൊണ്ട് പടുത്തുയര്‍ത്തുന്ന ഇമേജ് ചിലപ്പോള്‍ ഒറ്റ ദിനംകൊണ്ട് ഛിന്നഭിന്നമാകും. ഹാര്‍ട്ട് അറ്റാക്കെന്ന് കരുതി ആളെക്കൂട്ടിയ ഔവാച്ചിയോട് ഡോക്ടര്‍ പറഞ്ഞു:
'പേടിക്കാനൊന്നുമില്ല; ഗ്യാസാ.' ബാബു നമ്പൂതിരി എന്നു വട്ടപ്പേരുള്ള ഔവാച്ചിയുടെ ശിങ്കിടി, നടരാജന്‍ വാപൊത്തി ചിരിച്ചിട്ട് ചോദിച്ചു: 'എന്റെ ഇച്ചേച്ചി, ഇച്ചിരി ഇഞ്ചിക്കഷായം കൊടുത്താപ്പോരായിരുന്നോ? വളിവിട്ടാത്തീരുന്ന പ്രശ്‌നത്തിന് ആളെക്കൂട്ടി ആ പാവത്തിനെ നാണം കെടുത്തീല്ലേ? ഇനിയെങ്ങനെ അങ്ങേര് ഈ നാട്ടീല് ജീവിക്കും.' 

ആ സംഭവത്തിനുശേഷം ശാര്‍ങ്ഗധരന്‍ സാറിനെ രാമായണ പാരായണത്തിനോ ട്യൂഷനെടുക്കാനോ ആരും വിളിച്ചിട്ടില്ല. ആരോടും പറയാതെ അയാള്‍ താമസം മാറിപ്പോയിട്ടും നാട്ടുകാര്‍ 'ഗ്യാസ്ട്രബിള്‍ കഥ' പറഞ്ഞ് ഊറിച്ചിരിച്ചു.

മൂന്ന്
പെട്ടെന്നൊരു ദിവസം ചന്ദ്രന്‍ രജിസ്റ്റര്‍ ഓഫീസില്‍ വച്ച് വിവാഹിതനായി. സുഗന്ധി ടീച്ചറുടെ വീട്ടില്‍ സഹായത്തിനു നിന്ന സ്ത്രീയുടെ വകേലെ ബന്ധുവായിരുന്നു വധു പ്രമീള. 28 വയസ്സും ഇരുനിറവും വലിയ കണ്ണുകളുമുള്ള അവള്‍ക്ക് നടി സൂര്യയുമായി പറയത്തക്ക രൂപ സാദൃശ്യമൊന്നുമില്ലെങ്കിലും നാട്ടുകാരങ്ങനെ ആരോപിച്ചു.

ഒരുപാട് ഭൂസ്വത്തുള്ള സുഗന്ധി ടീച്ചര്‍ അന്‍പത്തി നാലാമത്തെ വയസ്സിലാണ് വിധവയായത്. ടീച്ചറുടെ ഭര്‍ത്താവിന്റെ മുടിവെട്ടാനായി തൊഴില്‍ പഠിച്ചകാലം മുതലേ ചന്ദ്രന്‍ ആ വീട്ടില്‍ പോകുമായിരുന്നു. ടീച്ചര്‍ നിറച്ച് വിളമ്പിക്കൊടുത്ത ആഹാരം കഴിച്ചവരില്‍ മുന്‍പനായിരുന്നു ചന്ദ്രന്‍. ടീച്ചറോളം ആഢ്യത്വവും സൗന്ദര്യവും ഉള്ള മറ്റൊരാളേയും ആനന്ദ് മറ്റെവിടെയും കണ്ടിട്ടില്ല. ടീച്ചറെക്കുറിച്ചുള്ള രഹസ്യമാണ് ചന്ദ്രന്‍ ആനന്ദിനോടാദ്യം പറഞ്ഞത്.

1980 ജൂണ്‍ 23. സഞ്ജയ് ഗാന്ധി മരിച്ച ദിവസം രാത്രി ആ രഹസ്യത്തിന് ആസ്പദമായ സംഭവം നടന്നു. 1982. നെടുമങ്ങാട് റാണി തിയേറ്ററില്‍ 'യവനിക' സിനിമ കളിച്ച നാള്‍ രാത്രി, രണ്ടാം രഹസ്യം. 1984 നവംബര്‍ ഒന്ന് ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചതിന്റെ പിറ്റേ ദിവസം ഉച്ചകഴിഞ്ഞ സമയം. മൂന്നാം രഹസ്യം. 1985 മാര്‍ച്ച് മാസം രണ്ടാമത്തെ വെള്ളിയാഴ്ച, വേങ്കമല ദേവീ ക്ഷേത്രത്തില്‍, 'വരുവിന്‍ വേഗമീ കടത്തുവഞ്ചിയില്‍ ഇരവിലക്കരെ പോവാന്‍' എന്നു പാടി ഉല്ലസിച്ച് സാംബശിവന്‍ 'ആയിഷ'  കഥ പറഞ്ഞ നാള്‍ രാത്രി. നാലാം രഹസ്യം.

ചന്ദ്രന്റെ വിവാഹത്തിന് നാല് മാസം മുന്‍പ്, എപ്പോഴും ചിരിക്കുന്ന ഔവാച്ചി കരഞ്ഞുകൊണ്ടു വെളിപ്പെടുത്തിയ അതിരഹസ്യം സാംക്രമിക രോഗം പോലെ നാടു മുഴുവന്‍ പടര്‍ന്നു:
'ഈ മുപ്പത്തിയെട്ടു വയസ്സിനുള്ളില്‍ ആ നായിന്റെ മോന്‍, ബാര്‍ബര്‍ ചന്ദ്രനെപ്പോലെ ആരും എന്റെ നട്ടൊല്ലൊടിച്ചിട്ടില്ല. അവന്‍ മനുഷ്യനല്ല, മൃഗമാ, കാട്ടുപന്നി. അവനിനി എന്റെ വീട്ടി വന്നാ ആ നിമിഷം ഞാന്‍ കെട്ടിത്തൂങ്ങി ചാവും.'
പൂവരശുംമൂട് ചന്തകൂടിയ നേരത്തുയര്‍ന്ന ഔവാച്ചിയുടെ തേങ്ങിയ വാക്കുകള്‍ ചന്ദ്രന്റെ 'ഹീറോയിസം' വീണ്ടും വര്‍ദ്ധിപ്പിച്ചു.

നാല്
ചന്ദ്രന്‍ പറഞ്ഞ അതിരഹസ്യങ്ങളിലെ നാലു സ്ത്രീകളില്‍ സുഗന്ധി ടീച്ചറും റാഹേലും മരിച്ചു. മറ്റ് രണ്ടു പേരില്‍ ഒരാള്‍ വിദേശത്തും ഒരാള്‍ മറ്റേതോ ദേശത്തും കഴിയുന്നു.

പുറത്ത് പറയാനാകാത്ത രഹസ്യം ആനന്ദിന്റെ ഹൃദയത്തില്‍ ചിരങ്ങായി പഴുത്തു. എത്ര മറക്കാന്‍ ശ്രമിച്ചിട്ടും എരിഞ്ഞു നീറ്റല്‍ മുനകൂര്‍ത്ത ചോദ്യങ്ങളാവുകയും ചിലപ്പോള്‍ ദുശ്ശങ്കയായി സ്വയം രൂപാന്തരപ്പെട്ട് നെഞ്ചില്‍ ഉരുണ്ടുകൂടി ഹൃദയത്തെ പടപടാ മിടിപ്പിക്കുകയും ചെയ്യും.
ആരോടും പറയില്ലെന്ന വിശ്വാസത്തോടെ ഒരാള്‍ പറയുന്ന രഹസ്യം വെളിപ്പെടുത്തുന്നത് അധഃപതിച്ച മനുഷ്യരാണ്. അടച്ചുറപ്പിച്ച ആ രഹസ്യങ്ങള്‍ ആനന്ദിനെ യൗവ്വനാരംഭം മുതലേ അന്തര്‍മുഖനും എന്തിലും ഏതിലും സംശയം ഉള്ളവനുമാക്കി തീര്‍ത്തു.

പുതിയ തലമുറയ്ക്ക് ചന്ദ്രന്‍ ആന്റി ഹീറോയാണ്. വിവാഹം കഴിഞ്ഞു മൂന്നുമാസം തികയും മുന്‍പ് ഭാര്യയെ കൊന്നവന്‍ വില്ലന്റെ വെറുക്കപ്പെട്ട നിലത്തേക്ക് വലിച്ചെറിയപ്പെട്ടു. പിണങ്ങിപ്പോയ പ്രമീളയെ മൂന്നാം ദിവസം നിര്‍ബ്ബന്ധിച്ചു മടക്കികൊണ്ടു വന്നു കൊന്നതെന്തിനാണെന്ന് ഇന്നും ആര്‍ക്കും അറിയില്ല. 'ഇനി എനിക്കങ്ങേരോട് പൊറുക്കാന്‍ വയ്യ...' എന്നല്ലാതെ മറ്റൊന്നും ആരോടും പറയാതെ ചുരുണ്ടുകൂടിക്കിടന്ന പ്രമീളയോട് ഓരോന്നു പറഞ്ഞുപറഞ്ഞ് അനുനയിപ്പിച്ചുക്കൊണ്ടു വന്നാണ് കുത്തിക്കൊന്നത്. താനും ചന്ദ്രനും ഒരേ നഗരത്തിലാണ് ജീവിക്കുകയും അന്തിയുറങ്ങുകയും ചെയ്യുന്നതെന്ന വിഷാദസാന്ദ്രമായ യാഥാര്‍ത്ഥ്യം നിരന്തരമായി ഉറക്കം കെടുത്തിയപ്പോള്‍ ഒരിക്കല്‍ ആനന്ദ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോയി. കിളിവാതിലിന് എതിര്‍വശത്തുള്ള ജയിലിന്റെ റിസപ്ഷന്‍ ഓഫീസില്‍ ഇരുന്ന ആനന്ദിന്റെ അരികിലേക്ക് കൂടെ പഠിച്ച പൊലീസുകാരന്‍ ശിവപ്രസാദ് ചന്ദ്രനേയും കൂട്ടി വന്നു.

'നീയായിരുന്നോ?' എന്നു ചോദിച്ച് ചന്ദ്രന്‍ ചിരിച്ചു. അകത്തെ മുറിയില്‍ അവരിരുവരേയും ഇരുത്തി കതക് ചാരി ശിവപ്രസാദ് പോയി.
'എടേ, നിന്റെ മുടി നരച്ചല്ലോ? കണ്ണീക്കണ്ട ഡൈയൊക്കെ വാങ്ങിച്ചടിച്ചു കാണും, സര്‍ക്കാര്‍ ജോലി, ലോഡ്ജില്‍ താമസം കാര്യങ്ങളൊക്കെ ഞാനറിയുന്നുണ്ട്. നീയിപ്പോ നാട്ടിലേക്കൊന്നും പോകാറില്ല, അല്ലേ?' ചന്ദ്രന്‍ ചോദിച്ചു. അയാളെ കഷണ്ടി ബാധിച്ചിരുന്നു. നിറം മങ്ങിയിട്ടുണ്ട്. മുഖപേശികള്‍ക്ക് ഉറപ്പു കുറഞ്ഞതുപോലെ. 'നീ സ്വന്തമായിട്ടാ മീശവെട്ടുന്നത്? അതാ രണ്ടുവശോം രണ്ട് ലെവല്. മീശ കറക്ടായിട്ട് വെട്ടിയൊതുക്കി നിര്‍ത്തണം. എങ്കിലേ പൗരുഷം വരൂ. അതിന് പണിയറിയുന്ന ബാര്‍ബര്‍ തന്നെ കൈവയ്ക്കണം. നീ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും നോക്ക്, മീശയിലാ അവരുടെ പൗരുഷം. ഇന്ത്യേല് വേറെ ഒറ്റ നടന്മാരും ഇത്രേം പക്കയായിട്ട് മീശ വെട്ടിമിനുക്കി നിര്‍ത്തീട്ടില്ല.'
അത് പറഞ്ഞിട്ട് ചന്ദ്രന്‍ കാലിന്മേല്‍ കാല്‍ കയറ്റിവച്ച് ചിരിക്കുകയും തള്ളവിരലും ചൂണ്ടുവിരലും 'റ' വട്ടത്തില്‍ പിടിച്ച് മീശ തലോടി പഴയ ചന്ദ്രനെ അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. 
'ഇനി എത്രവര്‍ഷം കൂടെയുണ്ട്?' ആനന്ദ് ചോദിച്ചു.

'ഞാനതേക്കുറിച്ചൊന്നും ചിന്തിക്കാറേയില്ല. ഇതിനകത്ത് എനിക്കെല്ലാ സ്വാതന്ത്ര്യം ഉണ്ട്. വലിയ വലിയ ഓഫീസര്‍മാര്‍ക്കൊക്കെ ഞാനായിപ്പോ മുടിവെട്ടുന്നത്. ഡി.ജി.പി സാറ് എന്നെ വിളിക്കുന്നതെന്താന്നറിയോ? 'മിസ്റ്റര്‍ ചന്ദ്രന്‍.' നീയിവിടെ അന്വേഷിച്ച് നോക്ക്. എനിക്കിവിടെ രാജപദവിയാ. ചന്ദ്രന്‍ ഭായി എന്നാ എല്ലാരും എന്നെ വിളിക്കുന്നത്. ജയില്‍ ഒരു സ്വതന്ത്ര രാജ്യമാ. എല്ലാര്‍ക്കും ഒരേ വസ്ത്രം, ഒരേ ഭക്ഷണം, ഒരേ വേതനം. ജാതിയില്ല, മതമില്ല. ഇതാണ് യഥാര്‍ത്ഥ സോഷ്യലിസ്റ്റ് കണ്‍ട്രി.' നിലക്കണ്ണാടിയില്‍ സ്വന്തം പ്രതിബിംബത്തെ നോക്കും പോലെ തലതിരിച്ച് ചുവരില്‍ ഒന്ന് നോക്കിയിട്ട് ചന്ദ്രന്‍ തുടര്‍ന്നു:
'ഓഫീസര്‍മാരുടെ വീടുകളിലെല്ലാം എനിക്ക് ഫുള്‍ സ്വാതന്ത്ര്യമാ. എല്ലാവര്‍ക്കും ചന്ദ്രന്‍ ഭായി മതി.' അഭിമാനത്തോടെ ചിരിച്ചിട്ട് അയാള്‍ പുറത്തേക്ക് തലനീട്ടി നോക്കുകയും ഒപ്പം കസേര ആനന്ദിന്റെ അടുത്തേക്ക് അടുപ്പിക്കുകയും ചെയ്തിട്ട് അടക്കിയ ശബ്ദത്തില്‍ പറഞ്ഞു:
'ഞാനൊരു രഹസ്യം പറയാം. നീയാരോടും പറയരുത്.' ആനന്ദ് മറുപടിയൊന്നും പറഞ്ഞില്ല. 

'ഇ.എം.എസ് മരിച്ചതെന്നാണെന്ന് നിനക്കോര്‍മ്മയുണ്ടോ?'
'98 മാര്‍ച്ച് 19.' 
'അന്ന് ഉച്ചകഴിഞ്ഞു രണ്ട് രണ്ടരമണിയായിക്കാണും, ഐ.ജി സാറിന്റെ വീട്ടിലാ അന്നെനിക്ക് ജോലി, പുലി ഫിലിപ്പെന്നാ അങ്ങേരെ ഇവിടെയെല്ലാവരും വിളിക്കുന്നത്. സംഗതി ഇതു വല്ലതും അങ്ങേരറിഞ്ഞാല്‍ ചെവിക്ക് ചെവിയറിയാതെ എന്നെ കൊന്നു കെട്ടിത്തൂക്കും. അതാ സ്വഭാവം. ഞാനങ്ങേരുടെ വീട്ടില്‍ ചെന്ന സമയം പിള്ളാര് രണ്ടും അവിടെയില്ല. അങ്ങേരിവിടെ, അവിടെ മാഡം മാത്രം...'
രഹസ്യത്തിന്റെ പാതി പറഞ്ഞു നിര്‍ത്തി ചിരിച്ചിട്ട് ചന്ദ്രന്‍ ആനന്ദിനെ നോക്കി.

'നിങ്ങളീയൊരു വിഷയം വിട് ചന്ദ്രേണ്ണാ. നിങ്ങളെന്തിനാ സ്വന്തം ഭാര്യയെ കൊന്നത്? കൊല്ലാന്‍ മാത്രം ആ പാവം എന്തു തെറ്റാ ചെയ്തത്?' ആനന്ദ് ചോദിച്ചു. ഒറ്റയക്ഷരം മിണ്ടാതെ ചന്ദ്രന്‍ ജയിലിലേക്ക് നടന്നു. ചന്ദ്രന്‍ ഇരുന്നതിന്റെ പിന്നിലായി ജനാലയ്ക്കപ്പുറം, ഒരു നിഴല്‍ അനങ്ങുന്നത് ആനന്ദ് കണ്ടു. നടക്കുന്നതിനിടയില്‍ ചന്ദ്രന്‍ ഒരു നിമിഷം തിരിഞ്ഞു നോക്കി. അതായിരുന്നു അവരുടെ അവസാനത്തെ കൂടിക്കാഴ്ച.

അഞ്ച്
പിണങ്ങിപ്പോയ പ്രമീളയെ അനുനയിപ്പിച്ചു മടക്കിക്കൊണ്ടുവന്ന ചന്ദ്രന്‍ പുല്ലമ്പാറ ജംഗ്ഷനില്‍ ബസിറങ്ങി. ജബ്ബാര്‍ കാക്കയുടെ ചായക്കടയില്‍ കയറി വയറ് നിറച്ച് അവരിരുവരും ഒറട്ടിയും ഇറച്ചിയും കഴിച്ചു. ചായക്കടയുടെ എതിര്‍വശത്തുള്ള വാമദേവ പണിക്കരുടെ പലവ്യഞ്ജനക്കടയില്‍ നിന്നു വാസനസോപ്പും സാമ്പ്രാണിത്തിരീം ഒരാഴ്ചത്തേക്കുള്ള പലവ്യഞ്ജനവും വാങ്ങി ചന്ദ്രന്‍ മുന്നിലും പ്രമീള പിന്നിലുമായി നടന്നു. നടന്നുനടന്നവര്‍ കടലുകാണിക്കുന്നിലെ ആരുമില്ലാത്തിടത്തെത്തിയപ്പോള്‍ അരയില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് ചന്ദ്രന്‍ പ്രമീളയെ കുത്തി.

ബാബു നമ്പൂതിരി എന്നു വട്ടപ്പേരുള്ള നടരാജനാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന പ്രമീളയേയും കൊലക്കത്തിയുമായി അരികില്‍ പാറപോലെ ഇരിക്കുന്ന ചന്ദ്രനേയും ആദ്യം കണ്ടത്. അയാള്‍ അലറിവിളിച്ച് ആളെക്കൂട്ടി. ചുറ്റിലും കൂടിയ നാട്ടുകാര്‍ ഭയന്നു മാറിനിന്നു.

'കാട്ടുപന്നിയുടെ ആവതുള്ള നായിന്റെമോന്റൂടെ ആ പെണ്ണിന് കെടക്കാന്‍ പറ്റ്വോ? പാവം ഉയിരും കൊണ്ടോടിയതാ. കണ്ണീച്ചോരയില്ലാത്ത കാമഭ്രാന്തന്‍ അവളുടെ ജീവനെടുത്തു. പന്നി.' ആള്‍ക്കാര്‍ മുറുമുറുത്തു.

'പന്നി ചന്ദ്രന്‍.'
മറ്റെല്ലാ വിശേഷനാമങ്ങളും ആ പേരിലേക്ക് ഊറിക്കൂടി. ചന്ദ്രന്‍ സംശയാസ്പദമായി മറ്റെവിടെ നിന്നോ ആ നാട്ടിലേക്ക് വന്നതും അതിനു മുന്‍പ് നക്‌സലൈറ്റ് ആയിരുന്നതും വെള്ളത്തൂവല്‍ സ്റ്റീഫന്‍, വര്‍ക്കല വിജയന്‍ എന്നിവര്‍ നന്ദിയോട്ട് ഒളിവില്‍ കഴിഞ്ഞപ്പോള്‍ അവരുടെ മുടിവെട്ടി ഷേവ് ചെയ്തതും നാട്ടുകാര്‍ ഒന്നൊന്നായി ഓര്‍ത്തും മെനഞ്ഞും പൊലീസിനോട് പറഞ്ഞു. ഒരാളെ നായകനാക്കാനും വില്ലനാക്കാനും ഒരേ കാരണങ്ങള്‍ മതിയെന്ന് ആനന്ദിന് അന്നാണ് ബോധ്യപ്പെട്ടത്.

ആറ്
ചന്ദ്രന്‍ പറഞ്ഞ രഹസ്യങ്ങള്‍ ആനന്ദിന്റെ ഉള്ളില്‍ പൊട്ടിയൊലിച്ചു. നാടുമുഴുവന്‍ വണങ്ങിയ ആ സ്ത്രീകള്‍ക്ക് അങ്ങനെയൊരു രഹസ്യജീവിതം സാധ്യമാണോ? പുറത്തെല്ലാവരും കരുതുന്നതില്‍നിന്നു ഭിന്നമായ ഒരു അകം ജീവിതം ആ സ്ത്രീകളെ ആനന്ദിപ്പിച്ചിരിക്കുമോ? തുടര്‍ച്ചയായ രാത്രികളില്‍ ആനന്ദിന്റെ ഉറക്കം കെട്ടു. ആരെയും സ്‌നേഹിക്കാനും വിശ്വസിക്കാനുമാകാതെയുള്ള ആന്തലിനും എരിയുന്ന സംശയങ്ങള്‍ക്കുമൊടുവില്‍ ഒരു ത്രിസന്ധ്യാനേരത്ത് അയാള്‍ പൂവരശുംമൂടിലേക്ക് യാത്ര തിരിച്ചു. കേട്ടു കേട്ടു നെടുവീര്‍പ്പുതിര്‍ത്ത ഗാനം കാറിനുള്ളില്‍ വീണ്ടും ഉയര്‍ന്നു:

'മൃദുപദനൂപുരനാദമുറങ്ങീ
വിധുകിരണങ്ങള്‍ മയങ്ങീ
ഇതിലേയിതിലേയൊരുനാള്‍ നീ
വിടയോതിയ കഥ ഞാനോര്‍ക്കുന്നു
ഓര്‍മ്മകള്‍ കണ്ണീര്‍ വാര്‍ക്കുന്നു.'
ആനന്ദിന് പ്രമീളയെ ഓര്‍മ്മവന്നു. അച്ഛനില്ലാതെ വളര്‍ന്ന പ്രമീള കെട്ട് പ്രായം കഴിഞ്ഞ് നിന്നപ്പോഴാണ് പെണ്ണുങ്ങളുടെ നടുവൊടിക്കുന്ന ചന്ദ്രന്റെ വീരകഥയ്ക്ക് പിന്നാലെ അയാളുടെ കല്യാണാലോചനയും ചെന്നത്. മറുത്തൊരക്ഷരം പറയാതെ അവള്‍ സമ്മതം എന്നു ചിരിച്ചു. പ്രമീളയുടെ നാട്ടിലെ ആണുങ്ങളൊന്നടങ്കം നിരാശയോടെ പറഞ്ഞു: 'ആ ബാര്‍ബറുടെ ഭാഗ്യം.'
ഒരു വശം ചരിഞ്ഞു പാതിമുഖം മണ്ണില്‍ പുതച്ചുകിടന്ന പ്രമീളയുടെ ശവശരീരത്തിനരുകില്‍ പൊലീസെത്തും വരെയുള്ള ഒന്നൊന്നര മണിക്കൂര്‍ ചോരക്കത്തിയും പിടിച്ച് ചന്ദ്രന്‍ ഒറ്റയക്ഷരം മിണ്ടാതെയിരുന്നു. ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകം നടന്നതെങ്ങനെയെന്നു പൊലീസ് വള്ളിപുള്ളി വിടാതെ എഴുതിപിടിപ്പിച്ചു. 

വര്‍ഷം 1990. കൊല്ലം പോരുവഴി ദുര്യോധനക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ നിരവധി പേര്‍ മരിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പൂവരശുംമൂടിനെ നടുക്കിയ 'പ്രമീളാ കൊലപാതകം' നടന്നത്. ആനന്ദ് അന്ന് ഡിഗ്രി അവസാന വര്‍ഷം പഠിക്കുകയായിരുന്നു.
ത്രിസന്ധ്യയ്ക്കാരംഭിച്ച ആനന്ദിന്റെ യാത്ര ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൂടിക്കെട്ടിയ ആകാശത്തിനു താഴെയുള്ള പൂവരശുംമൂടെത്തി. പലതരം മരങ്ങളും കാട്ടുപൂക്കളും പാറക്കൂട്ടവും അതിനരികിലെ ഔവാച്ചിയുടെ ഒറ്റപ്പെട്ട വീടും ഏതോ ചകിതമായ കഥാപരിസരം പോലെ നിലകൊണ്ടു.
നരച്ചമുടി കോതിക്കെട്ടി മുറിച്ചുമാറ്റിയ ഒറ്റക്കാലില്‍ ഷീറ്റുമൂടി പഴയ ആ ചിരിയോടെ കട്ടിലില്‍ ചാരിയിരുന്ന ഔവാച്ചി ചോദിച്ചു:
'എന്താ മോനേ വിശേഷം?' കയ്യിലിരുന്ന ഓട്‌സ് പാക്കറ്റും ഓറഞ്ച് പൊതിയും ആനന്ദ് കിടക്കയില്‍ വച്ചു.

'ഒന്നുമില്ല, ഒന്നു കാണണമെന്നു തോന്നി. വന്നു.' പഴയ വശ്യത വീണ്ടെടുക്കാന്‍ ശ്രമിച്ച് ഔവാച്ചി ചിരിച്ചു.
പളുങ്കുപോലത്തെ രണ്ട് പെണ്‍മക്കളെ പ്രസവിച്ച ഔവാച്ചി, മക്കളില്ലാത്ത ആര്‍ക്കോ ആ ചോരക്കുഞ്ഞുങ്ങളെ നല്‍കിയത് പരസ്യമായ രഹസ്യമാണ്. ഈ ഏകാന്ത ജീവിതസന്ധ്യയില്‍ മക്കളെ ഓര്‍ക്കാതിരിക്കുമോ? പത്തറുപത് വയസ്സുവരെ ചെറുപ്പം ആഘോഷിച്ചിട്ട് പൊടുന്നനെ ഒറ്റക്കാല്‍ വാര്‍ദ്ധക്യത്തിലേക്കു ജീവിതം പതിച്ചെങ്കിലും എഴുപതു വയസ്സിന്റെ വാട്ടം ഔവാച്ചിയെ ബാധിച്ചിട്ടില്ല. 

സാമാന്യം വലിയൊരു അറ്റാച്ച്ട് കിടപ്പുമുറിയും ചെറിയൊരു സിറ്റൗട്ടും അടുക്കളയുമാണ് ഔവാച്ചിയുടെ വീട്. കിടപ്പുമുറിയില്‍ തന്നെയാണ് അതിഥികളെ സ്വീകരിച്ചിരുത്തുന്നത്. വിവിധതരം പ്ലാസ്റ്റിക് പൂക്കള്‍ മുറിയില്‍ പലയിടത്തായി വച്ചിട്ടുണ്ട്. മരുന്നിന്റേയും ലോഷന്റേയും മണത്തിനു മീതെ അത്തറിന്റെ ഗന്ധം മുറിയില്‍ പമ്മിക്കിടന്നു. മേശപ്പുറത്ത് എരിയുന്ന മെഴുകുതിരിയും കാണിക്കപ്പെട്ടിയും ഇരിപ്പുണ്ട്. ഔവാച്ചി ആരോടും പണം ചോദിച്ചു വാങ്ങാറില്ല. ഓരോരുത്തര്‍ക്ക് ഇഷ്ടമുള്ളത് കാണിക്കയിടാം. അതാണവിടെ പണ്ടേയുള്ള പതിവ്.

'ഔവാച്ചിക്ക് ചന്ദ്രനെ ഓര്‍മ്മയുണ്ടോ?' ആനന്ദിന്റെ ചോദ്യം കേട്ട് ചീവീടുകള്‍ നിലവിളിച്ചു. വയറില്‍ മുട്ടയുള്ള പല്ലി ചുവരിലിരുന്നു ചിലച്ചു. 
'ചന്ദ്രന്‍ ഔവാച്ചിയെ... ഞാനെങ്ങനെയാ ചോദിക്കേണ്ടത്?... നടുവൊടിയും വരെ... അയാള്‍ അത്രയ്ക്കും കരുത്തനായിരുന്നോ? ചന്ദ്രന് ഒരുപാടു സ്ത്രീകളുമായി രഹസ്യബന്ധം ഉണ്ടായിരുന്നോ?' ഔവാച്ചി ഓര്‍മ്മയില്‍ മുഴുകി ചെറുതായി ചിരിച്ചെന്നു വരുത്തി.

'അരികില്‍ വരുന്ന പുരുഷന്റെ രഹസ്യങ്ങളെല്ലാം ഒന്നൊഴിയാതെ കേള്‍ക്കുകയും ആശ്വസിപ്പിക്കുകയും രഹസ്യം രഹസ്യമായിത്തന്നെ സൂക്ഷിക്കുകയും ചെയ്യുന്നവളാ നല്ല വേശ്യ. ഈ പ്രായത്തിലും ഈ ഒറ്റക്കാലിയെത്തേടി തെന്നീം തെറിച്ചും ഓരോരുത്തര് വരണതും ആ വിശ്വാസം കൊണ്ടാ.' ചീവീടുകള്‍ നെടുവീര്‍പ്പിട്ടു. വീര്‍ത്തവയറുള്ള പല്ലി ഇരുളില്‍ ഒളിച്ചു.

'ചന്ദ്രന്‍ ഒരുപാട് രഹസ്യങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഈ നിമിഷം വരെ ആരോടും ഞാനത് പറഞ്ഞിട്ടില്ല. ഞാന്‍ പോയി കണ്ടതിന്റെയന്നു രാത്രിയിലാ അയാള്‍ ജയിലിലെ കക്കൂസിനുള്ളില്‍ തൂങ്ങിച്ചത്തത്. ചത്തതൊന്നുമല്ല...' ചന്ദ്രന്റെ ദുരൂഹമരണത്തെക്കുറിച്ച് ശിവപ്രസാദ് പറഞ്ഞ രഹസ്യം വെളിപ്പെടുത്താനാകാതെ ആയിത്തീരും. അതിലും തീരാത്തത് പറഞ്ഞാ തീരും. പറയണമെന്നാണിനിയും നിര്‍ബ്ബന്ധമെങ്കില് മോന്‍ പോയി കുറച്ച് ജിലേബി വാങ്ങി വാ. അതല്ല വീട്ടിപ്പോയാ മതിയെങ്കി, യാത്ര പറയാതെ പൊയ്‌ക്കോ.' അതു കേട്ടതും ആനന്ദ് പുറത്തേക്കിറങ്ങി വണ്ടിയുമെടുത്ത് പാഞ്ഞു.

ഒരു തുള്ളി മധുരം കഴിക്കരുതെന്നാണ് ബേസില്‍ ഡോക്ടര്‍ ഔവാച്ചിയോട് പറഞ്ഞത്. അതു കേള്‍ക്കാത്തതിന്റെ ശിക്ഷയാ മുറിക്കാല്‍. ഒരാള്‍ ഹൃദയത്തില്‍ അടവച്ചിരിക്കുന്ന രഹസ്യങ്ങള്‍ ഈയാം പാറ്റകളെപ്പോലെ ഒന്നൊന്നായി പുറത്തേക്ക് വിടര്‍ത്തുമ്പോള്‍ അയാളെ ചേര്‍ത്തിരുത്തി, പൊട്ടിച്ച ജിലേബി നല്‍കി തലോടിയും ഒപ്പം നുണഞ്ഞാശ്വസിപ്പിച്ചും ഔവാച്ചി ഇരിക്കും. കുന്നുകൂടിയ രഹസ്യങ്ങള്‍ പൊറുക്കാ വ്രണമായി പൊട്ടിയൊലിച്ചപ്പോഴാണ് ഒരു കാല്‍, മുട്ടിനു താഴെ വച്ച് മുറിച്ചത്. താങ്ങാനാവുതിനുമപ്പുറം രഹസ്യങ്ങള്‍ അവരുടെ തലയില്‍ ഇറക്കിവച്ചവര്‍ രണ്ടുകാലില്‍ നടക്കുമ്പോള്‍ ഔവാച്ചി രഹസ്യങ്ങളും ചുമന്ന് ഒറ്റക്കാലില്‍ ഞൊണ്ടുന്നു.

മുട്ടിനു മുകളിലേക്ക് നൈറ്റി ഉയര്‍ത്തിവച്ച് മുറിക്കാലില്‍ തലോടിയിരുന്ന ഔവാച്ചി ചന്ദ്രന്‍ അവസാനം വന്ന ദിവസം ഓര്‍ത്തു. ഇരുളിലിരുന്ന പല്ലി വാല്‍ മുറിച്ചു പിടഞ്ഞു.

പുലര്‍ച്ചെ ഔവാച്ചിയുടെ മുറിയില്‍നിന്നെഴുന്നേറ്റ് കിണറ്റിന്‍ കരയില്‍ പോയി ഉറക്കെ ഓക്കാനിച്ചു പല്ല് തേയ്ക്കുകയും ഇന്നലേയും താന്‍ ഔവാച്ചിയുമായാണ് കിടന്നതെന്ന് റബ്ബര്‍ ടാപ്പിംഗിന് പോകുന്നവര്‍ വഴി നാട്ടുകാരെ അറിയിക്കുകയും ചെയ്യുന്ന ചന്ദ്രനോട് ഒരിക്കല്‍ ഔവാച്ചി ചോദിച്ചു:
'എടാ, ചന്ദ്രാ, നീയീ മൂലയില്‍ ചുമ്മാ ചുരുണ്ടുകൂടി കെടക്കണതിന് എനിക്കെന്തിനാ കാണിക്കയിടുന്നത്?'
'ഇതൊക്കെയൊരു സന്തോഷമല്ലേ.'
'എനിക്കിത് സന്തോഷമല്ല ചന്ദ്രാ. ചുമ്മാ കിടന്നുറങ്ങാന്‍ നീയിനി ഇങ്ങോട്ട് വരണ്ട.'
കുറച്ച് നേരം നിശ്ശബ്ദനായിരുന്നിട്ട് തലകുനിച്ച് ചന്ദ്രന്‍ പുറത്തേക്ക് പോയി. മൂന്നാം ദിവസം അവസാനത്തെ അതിഥിയും പോയിക്കഴിഞ്ഞ പാതിരാത്രിയില്‍ അയാള്‍ കതകില്‍ തട്ടി വിളിച്ചു.

'ഔവാച്ചീ, ഞാനാ ചന്ദ്രന്‍.'
'എന്താ?'
'എനിക്കൊരു കാര്യം പറയാനുണ്ട്; കതക് തുറക്ക്.'
പലതവണ അപേക്ഷ ആവര്‍ത്തിച്ചു. സഹികെട്ട ഔവാച്ചി ദേഷ്യത്തോടെ കതക് തുറന്നു. മുറിയുടെ മൂലയില്‍ കാല്‍മുട്ടില്‍ തല പൂഴ്ത്തിയിരുന്ന ചന്ദ്രനോട് അവര്‍ ശബ്ദം ഉയര്‍ത്തിപ്പറഞ്ഞു:
'ചന്ദ്രാ നീ കാര്യം എന്താന്ന് വച്ചാ പറ, എനിക്കുറക്കം വരണ്.' ചുവന്നു കലങ്ങിയ കണ്ണു തുടച്ച് ചന്ദ്രന്‍ ചോദിച്ചു: 'എനിക്കൊരാണാവാന്‍ പറ്റാത്തോണ്ടാ പെണ്ണുകെട്ടാത്തതെന്നും ഇവിടെ വരണത് ആളു കാണിച്ച് ആളാവാനാണെന്നും ഓരോരുത്തര് അടക്കം പറയണ്. ഔവാച്ചി ആരോടെങ്കിലും പറഞ്ഞോ?'
'എന്ത്?'
'എന്നെക്കൊണ്ടൊന്നിനും പറ്റില്ലെന്ന്.'
'എന്റെ ചന്ദ്രാ, ചത്താലും ഞാനാരോടും ഒന്നും പറയില്ല. അങ്ങനെ നീ പേടിക്കേം വേണ്ട.'

ചന്ദ്രന്‍ വീണ്ടും മുട്ടില്‍ തലപൂഴ്ത്തിയിരുന്നു കരഞ്ഞു. അരയില്‍ ഒളിപ്പിച്ചിരുന്ന കത്തി അയാളുടെ വയറിലമര്‍ന്നു പതുങ്ങി.
'എടാ പോത്തേ, ഞാനന്നേ വരും കാര്യം പറഞ്ഞതല്ലേ? വെളുപ്പാന്‍ കാലത്തവന്റെ അമ്മേടെ ഒടുക്കത്തെ പല്ല് തേയ്പും കള്ളച്ചൊമയും. ഇനി മോങ്ങീട്ടെന്താ കാര്യം. ഒരു നക്‌സൈലേറ്റ്... ത്ഭൂ. എറച്ചി തിന്നണവന്‍ എല്ലുമാല കഴുത്തിലിട്ട് നടക്കൂല്ല ചന്ദ്രാ. നീപോ എനിക്കുറങ്ങണം.'
വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ചു തൊഴുകയ്യോടെ ചന്ദ്രന്‍ പറഞ്ഞു: 'ഔവാച്ചി എന്നെ കൈവിട്ടാ, ഞാന്‍ കെട്ടിത്തൂങ്ങി ചാകും. വേങ്കോല അമ്മച്ചിയാണേ സത്യം.' കുറച്ചു നേരം ഇരുവരും നിശ്ശബ്ദരായി. കരച്ചിലടക്കിയ ചന്ദ്രന്‍ പറഞ്ഞു: 'ഔവാച്ചി പറഞ്ഞാ എല്ലാരും വിശ്വസിക്കും.'
'എന്ത്?'
പുലരുമ്പോള്‍ പറയേണ്ട കഥയുടെ വാക്കും വരിയും ചന്ദ്രന്‍ ഔവാച്ചിയുടെ ചെവിയില്‍ പറഞ്ഞു.
'നായിന്റെ മോനേ, എഴിക്കടാ, നീയെന്തു നിരീച്ചെടാ കാവക്കാരാ. എന്റെ വീട്ടീന്ന് എറങ്ങീപ്പോടാ പട്ടീ.'
അവള്‍ അലറി എഴുന്നേറ്റു. ചന്ദ്രന്‍ അവരുടെ കാലില്‍ വീണ് വെളുക്കുവോളം ഏങ്ങിക്കരഞ്ഞു.

പിറ്റേ ദിവസം പൂവരശുംമൂട് ചന്ത കൂടി. പെണ്ണുങ്ങള്‍ കൂട്ടം കൂടി നിന്നിടത്ത് ഉറക്കച്ചടവോടെ എത്തിയ ഔവാച്ചി നിന്ന നില്‍പ്പില്‍ നെഞ്ചത്തടിച്ചു കരഞ്ഞിട്ട് വിങ്ങി വിങ്ങി പറഞ്ഞു: 'പറയണ്ടാ, പറയണ്ടാന്ന് വിചാരിച്ച് ഞാനിത്രയും കാലം ഒളിച്ചുവച്ചു. ഇനി വയ്യ, ഞാന്‍ ചത്തുപോവും. ഈ മുപ്പത്തിയെട്ട് വയസ്സിനുള്ളില്‍ ആ നായിന്റെ മോന്‍ ബാര്‍ബര്‍ ചന്ദ്രനെപ്പോലെയാരും എന്റെ നട്ടൊല്ലൊടിച്ചിട്ടില്ല. അവന്‍ മനുഷ്യനല്ല, മൃഗമാ, കാട്ടു പന്നി. അവനിനി എന്റെ വീട്ടില്‍ വന്നാ ആ നിമിഷം ഞാന്‍ കെട്ടിത്തൂങ്ങി ചാവും.'
പെണ്ണുങ്ങള്‍ മൂക്കത്ത് വിരല്‍ വച്ചു. ആണുങ്ങള്‍ അസൂയപ്പെട്ടു. ചന്ദ്രന്റെ പൗരുഷത്തെക്കുറിച്ച് സംശയം പറഞ്ഞവര്‍ നിശ്ശബ്ദരായി.
കവര്‍ നിറയെ തേനൂറുന്ന ജിലേബിയുമായി ആനന്ദ് മടങ്ങിവന്നപ്പോള്‍ മഴ നനഞ്ഞ ചീവീടുകള്‍ കരഞ്ഞു.

പൊട്ടിച്ച ജിലേബിയുടെ പകുതി ആനന്ദിന്റെ വായിലും പകുതി തന്റെ നാവിലും വച്ചിട്ട് ഔവാച്ചി ആനന്ദിനെ നെഞ്ചു ചേര്‍ത്തിരുത്തിയിട്ട് മെല്ലെ പറഞ്ഞു:
'എന്റെ പൊന്നുമോന്‍ പറ.' ആനന്ദിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കണ്ണീര്‍ തുടച്ചിട്ട് അവന്‍ ചോദിച്ചു:
'സഞ്ജയ് ഗാന്ധി മരിച്ചതെന്നാണെന്ന് ഓര്‍മ്മയുണ്ടോ?'
ഔവാച്ചി ഒരു ജിലേബി രണ്ടായി പൊട്ടിച്ചു. ചീവീടുകള്‍ ശബ്ദമടക്കി കാത് കൂര്‍പ്പിച്ചു.
'അന്ന് രാത്രി, ഒരു പത്ത് പത്തര മണിയായിക്കാണും.' ആനന്ദ് പറഞ്ഞു തുടങ്ങി. മഴ കനത്തു.

'റേഡിയോ വാര്‍ത്തയില്‍ എന്ത് പറഞ്ഞെന്നറിയാനായി ചന്ദ്രന്‍, സുഗന്ധി ടീച്ചറിന്റെ വീട്ടിപ്പോയി. സഞ്ജയ് ഗാന്ധി പ്ലയിനപകടത്തില്‍ മരിച്ചെന്നറിഞ്ഞതല്ലാതെ എങ്ങനെയാ എന്താന്നറിയാതെ കിടന്നാല്‍ ഉറക്കം വരാത്ത സ്വഭാവമല്ലേ ചന്ദ്രന്. കഷ്ടകാലത്തിനോ, നല്ല കാലത്തിനോ, ടീച്ചറിന്റെ ഭര്‍ത്താവ് അവിടെയില്ലായിരുന്നു. കൊല്ലത്ത് പോയതാ. പിറ്റേന്നേ വരുള്ളു. ടീച്ചറൊറ്റയ്ക്ക്.' നിരാശയോടെ മടങ്ങാന്‍ തുടങ്ങിയ ചന്ദ്രനോട് ടീച്ചര്‍ ചോദിച്ചു:
'നീയിങ്ങോട്ട് വരുന്നതാരെങ്കിലും കണ്ടോ?'
'ഇല്ല ടീച്ചറേ.'
'ആരോടെങ്കിലും പറഞ്ഞോ?'
'ഇല്ല.'
ചിരി അടക്കി ശബ്ദം താഴ്ത്തി ടീച്ചര്‍ ഈണത്തില്‍ ചോദിച്ചു:
'നീ പഴയ നക്‌സലൈറ്റല്ലേ? പിന്നെ നിനക്കെന്താ ചന്ദ്രാ ഇത്ര പേടി?'
'ആ ചിരിയുടേയും ചോദ്യത്തിന്റേയും അര്‍ത്ഥം ചന്ദ്രന് മനസ്സിലായി. അയാളൊരു ആണല്ലേ ഔവാച്ചി?'
ഔവാച്ചി ഒന്നു മൂളുക മാത്രം ചെയ്തു.

'പാതി പറഞ്ഞു നിര്‍ത്തീട്ട് മീശ തലോടി എന്നെ നോക്കി ഒരു കണ്ണടച്ച് ചന്ദ്രനൊരു ചിരി ചിരിച്ചു. ആ ചിരീല് എല്ലാം ഉണ്ടായിരുന്നു.'
നാല് സ്ത്രീകളെക്കുറിച്ച് ചന്ദ്രന്‍ പാതി പറഞ്ഞതും താന്‍ ഊഹിച്ചെടുത്തതുമായ രഹസ്യങ്ങള്‍ വെളിപ്പെടുത്തി കഴിഞ്ഞപ്പോള്‍ ആനന്ദിന്റെ ഹൃദയം പെയ്‌തൊഴിഞ്ഞു. ജിലേബി തീരുകയും കോഴികൂവുകയും ചീവീടുകള്‍ കരഞ്ഞുകരഞ്ഞു മരിക്കുകയും ചെയ്തു.
പുലര്‍ച്ചെ, യാത്ര പറഞ്ഞിറങ്ങാന്‍ നേരം ആനന്ദിനോട് ഔവാച്ചി ചോദിച്ചു:

'മോനെന്താ ഇതുവരേം കല്യാണം കഴിക്കാത്തത്?'
ആനന്ദ് മറുപടി പറഞ്ഞില്ല. അയാള്‍ പുലരിയിലേക്ക് ഇറങ്ങി. മുറ്റം നിറഞ്ഞു നിന്ന റോസാപ്പൂക്കളുടെ സുഗന്ധം അയാളെ തഴുകി. തുളസിത്തറയ്ക്ക് തെക്ക് വശത്ത് നിന്ന ബോഗണ്‍വില്ലയുടെ പൂക്കള്‍ വീണ വഴിയിലൂടെ റോഡിലേക്കിറങ്ങി. 
മുറിക്കാല് തലോടി ഒറ്റയ്ക്കിരുന്ന ഔവാച്ചിയുടെ മുറിയാക്കാലില്‍ ഒരു ചുണങ്ങുപൊട്ടി. ചുവരിലിരുന്ന പെണ്‍പല്ലി പ്രസവവേദനയോടെ പിടച്ചു. വയറിനുള്ളിലെ ജീവന്റെ തുടിപ്പില്‍ നിന്നു പൂര്‍വ്വജന്മസ്മൃതികള്‍• മെല്ലെ മായാന്‍ തുടങ്ങി. ഓര്‍മ്മകളുടെ അസ്വസ്ഥതയോടെ ഗര്‍ഭപാത്രത്തില്‍ കിടന്ന കുഞ്ഞ് കരണം മറിഞ്ഞു. ഓര്‍മ്മകളില്‍ ഒരെണ്ണം പല്ലിക്കുഞ്ഞിന്റെ ഹൃദയത്തെ പോറിമുറിച്ചു. ആ മുറിപ്പാടില്‍ മുന്‍ജന്മത്തിന്റെ അവസാന രംഗം അപ്പടി തെളിഞ്ഞു.

പിണങ്ങിക്കിടക്കുന്ന പ്രമീളയുടെ മുടി തഴുകി ചന്ദ്രന്‍ പറഞ്ഞു:
'പെണ്ണിന്റെ മുന്നില്‍ ഞാന്‍ വിറളിപൂണ്ട മൃഗമായിപ്പോകും. നിനക്കത് ഇഷ്ടമാകോയെന്നു ഭയന്നിട്ടാ ഞാനിതേവരെ...' അവള്‍ നെടുവീര്‍പ്പോടെ എഴുന്നേറ്റ് മുടികെട്ടിയിട്ട് പറഞ്ഞു.
'എനിക്കിഷ്ടാ...'
പിന്നെ അവര്‍ പരസ്പരം ഒന്നും പറയുകയോ ചോദിക്കുകയോ ചെയ്തില്ല. അവന്റെ മുന്നില്‍ വച്ച് അവള്‍ വസ്ത്രം മാറി യാത്രയ്‌ക്കൊരുങ്ങി.
'എനിക്കൊരുപാട് സ്ത്രീകളുമായി...' മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ അവള്‍ അവന്റെ വാപൊത്തിപ്പിടിച്ചു. 
നീലമഷിപ്പൂക്കള്‍ വിടര്‍ന്ന ആകാശത്തിനു താഴെ കടലുകാണിക്കുന്നു കണ്ണടച്ചു നിന്നു. പാതയുടെ ഇരുവശവും നിന്ന റബ്ബര്‍ മരങ്ങളുടെ ചില്ലകള്‍ പരസ്പരം പുണര്‍ന്നു. ഇരുള്‍ തുണ്ടുകള്‍ ചെമ്മണ്‍ പാതയില്‍ മലര്‍ന്നുകിടന്നു. ചന്ദ്രന്‍ മുന്നിലും പ്രമീള പിന്നിലുമായി നിശ്ശബ്ദരായി നടന്നു. പിണങ്ങിപ്പോയവളെ അനുനയിപ്പിച്ചു കൊണ്ടുവന്ന ചന്ദ്രന് വീടടുക്കുന്തോറും അങ്കലാപ്പ് കൂടി. നടന്ന് നടന്ന് കുന്നിന്‍ മുകളില്‍ എത്തിയപ്പോള്‍ അവരിരുവരും കിതപ്പോടെ പരസ്പരം നോക്കി. പാതയുടെ വശത്തുള്ള ഊടുവഴിയിലൂടെ നടന്ന പ്രമീളയുടെ പിന്നാലെ അവനും പാറക്കൂട്ടത്തിന് മുകളില്‍ എത്തി. ആകാശം ചെഞ്ചുവപ്പണിഞ്ഞു തുടുത്തു. കടലില്‍ താഴുന്ന സൂര്യശോഭയില്‍ പ്രമീളയുടെ മുഖം ചുവന്നു. നിത്യകല്യാണിപ്പൂക്കള്‍ നിറഞ്ഞ വയലറ്റ് താഴ്‌വാരം കടന്നുവന്ന പടിഞ്ഞാറന്‍ കാറ്റ് അവരെ തഴുകി.

ചന്ദ്രന്റെ മടിയില്‍ തലവച്ചു കിടന്ന പ്രമീളയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
'പ്രമീളേ...'
'ഉം.'
'നീയെന്തിനാ കരയുന്നത്?'
അവള്‍ മറുപടി പറഞ്ഞില്ല.
'നിനക്കറിയോ, മൂന്നു ദിവസമായി ഞാനുറങ്ങിയിട്ടില്ല, ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല. നീയില്ലാതെ എനിക്കിനി ജീവിക്കാന്‍ പറ്റില്ല...'
അവനും കരഞ്ഞു
'ലോകത്തൊരാളോടും പറയാത്ത രഹസ്യം ഞാന്‍ നിന്നോട് പറയാം. ചാവോളം നീയാരോടും പറയരുത്. നിനക്കെന്തു വേണം പറ, ഞാന്‍ തരാം. എന്റെ വീടും പറമ്പും തരാം. പക്ഷേ...'
'ഞാനാരോടും പറയില്ല ചന്ദ്രേണ്ണാ.' അവള്‍ അവന്റെ തലയില്‍ കൈവച്ചു സത്യം ചെയ്തു. അവന്‍ അവള്‍ക്ക് ആദ്യ ചുംബനം നല്‍കി. അവള്‍ കണ്ണടച്ചു. അവന്‍ അതിരഹസ്യം വെളിപ്പെടുത്തി.

രഹസ്യം കേട്ടു തളര്‍ന്ന പ്രമീള പിന്നിലും രഹസ്യം പറഞ്ഞു കരഞ്ഞ ചന്ദ്രന്‍ മുന്നിലുമായി കുന്നു കയറി. നടക്കുന്നതിനിടയില്‍ തേങ്ങലമര്‍ത്തി അവള്‍ ചോദിച്ചു:

'എനിക്കാ കത്തി തര്വോ?'
ചോദ്യം കേട്ട ചന്ദ്രന്‍ നടുങ്ങി. 
'നിനക്കെന്തിനാ...?'
'രഹസ്യം രഹസ്യമായിത്തന്നെ സൂക്ഷിക്കണ്ടേ? എന്തു ചോദിച്ചാലും തരുമെന്നു പറഞ്ഞിട്ടിപ്പോ...?' ഒരു നിമിഷം സംശയിച്ചിട്ട് അരയില്‍ രഹസ്യമായി ഒളിപ്പിച്ചിരുന്ന രാകി മിനുക്കിയ കത്തി ചന്ദ്രന്‍ അവള്‍ക്കു നല്‍കി. തനിക്ക് ആണാകാന്‍ കഴിയില്ലെന്ന ദുഃഖരഹസ്യം വെളിപ്പെടുത്തിയിട്ട് അവളൊരു ആശ്വാസവാക്കുപോലും പറഞ്ഞില്ലെന്നോര്‍ത്തപ്പോള്‍ അവന് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. അവന്‍ കാലുകള്‍ നീട്ടി നടന്നു. കുന്നിന്റെ നെറുകയില്‍ എത്തിയപ്പോള്‍ പിന്നില്‍ നിന്നുയര്‍ന്ന അലര്‍ച്ച കേട്ടവന്‍ ഞെട്ടിത്തിരിഞ്ഞു. പള്ളയിലേക്ക് കുത്തിയിറക്കിയ കത്തിയുമായി പ്രമീള നിലത്തുവീണു പിടയുന്നു. ചോര ചീറ്റിയൊഴുകി. ആകാശം ചുവന്നു. കാറ്റ് നിലവിളിച്ചു. ഓടിയടുത്ത ചന്ദ്രന്‍ കത്തി വലിച്ചൂരിയപ്പോള്‍ പ്രാണന്‍ പറന്നകന്നു.

മുട്ടപൊട്ടിച്ച് ഭൂമിയിലേക്ക് പിറവിയെടുത്ത ചോരക്കുഞ്ഞ് പിണ്ഡനന്ദിയോടെ കണ്‍ചിമ്മി. ഓര്‍മ്മകള്‍ മെല്ലെ മാഞ്ഞു. കാഴ്ചകള്‍ മെല്ലെ മെല്ലെ തെളിഞ്ഞു. കാരണമറിയാത്ത വിഷാദം ആ കുഞ്ഞു ജീവിതത്തിലും പറ്റിച്ചേര്‍ന്നു കിടന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com