'വിശുദ്ധപാപങ്ങള്‍'- സജിനി എസ് എഴുതിയ കഥ

ഇത് പുഷ്പമറിയത്തില്‍നിന്ന് സിസ്റ്റര്‍ മേരിലില്ലിയിലേക്കും വീണ്ടും പുഷ്പമറിയത്തിലേക്കും പരിണാമം ചെയ്യപ്പെട്ട ഒരുവളുടെ ദിനസരിക്കുറിപ്പുകളാണ്
'വിശുദ്ധപാപങ്ങള്‍'- സജിനി എസ് എഴുതിയ കഥ

ത് പുഷ്പമറിയത്തില്‍നിന്ന് സിസ്റ്റര്‍ മേരിലില്ലിയിലേക്കും വീണ്ടും പുഷ്പമറിയത്തിലേക്കും പരിണാമം ചെയ്യപ്പെട്ട ഒരുവളുടെ ദിനസരിക്കുറിപ്പുകളാണ്. രേഖാചിത്രമായി വേണമെങ്കില്‍ ഇങ്ങനെയും അടയാളപ്പെടുത്താം.
പുഷ്പമറിയം -സിസ്റ്റര്‍ മേരിലില്ലി -പുഷ്പമറിയം.

ഇതില്‍ തീയതികളും ദിവസപ്പേരുകളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ജീവിതമെന്ന ഒരു കഥാശരീരത്തിന് അത്തരം ഭാരങ്ങളൊന്നും താങ്ങാനുള്ള കരുത്തില്ലായെന്ന് പുഷ്പമറിയം കൃത്യമായ അടിക്കുറിപ്പും ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.
ആദ്യപേജുകള്‍ ഞാന്‍ ശൂന്യമാക്കിയിടുന്നു എന്നും അത് അവസാനത്തില്‍ നിന്നായിരിക്കണം വായനക്കാര്‍ തുടങ്ങേണ്ടതെന്നും ഒരു ബോധ്യപ്പെടുത്തല്‍ കൂടിയുണ്ട്. ഇനി ഞാന്‍ ഉറങ്ങിയുണര്‍ന്ന് തുടങ്ങട്ടെ എന്ന തുടക്കത്തില്‍ പുഷ്പമറിയത്തിന്റെ ഓര്‍മ്മകള്‍ മേഘത്തില്‍നിന്ന് മഴപോലെ തുളുമ്പി ഒഴുകുന്നത് നമുക്ക് കാണാം. ഇനി കഥ പുഷ്പമറിയം തന്നെ പറയട്ടെ.

കര്‍ത്താവ് നീട്ടിവിളിച്ചിട്ടൊന്നുമല്ല ഞാന്‍ മണവാട്ടിയായി ചെന്നത്. അതങ്ങനെ സംഭവിച്ച് ഞാന്‍ സിസ്റ്റര്‍ മേരിലില്ലിയായി. ആരെയെങ്കിലുമൊക്കെ പ്രണയിക്കാതെ ഈ കടുത്ത ജീവിതത്തെ എങ്ങനെയാണ് അതിജീവിക്കാന്‍ കഴിയുക? ഞാനങ്ങനെ കര്‍ത്താവിന്റെ കാമുകിയായി.
കൊച്ചുന്നാളീ തൊട്ട് ദൈവവുമായി നിരന്തരമായ ഒരു ബന്ധമുണ്ടായിരുന്നു എനിക്ക്. സാധാരണയായി മിക്ക കുട്ടികള്‍ക്കുമുണ്ടായിരുന്നതുപോലെ ദൈവം തമ്പുരാന് എണ്ണയുമായി പോകുന്ന ആ പുഴുവിനെ കണ്ടതു മുതല്‍ എനിക്ക് ദൈവത്തിങ്കല്‍ സംശയമുണ്ടായിരുന്നു. അന്നൊക്കെ ഞാനതിന്റെ പിന്നാലെ കൊറെ ദൂരൊക്കെ പോകാറുമുണ്ട്. ദൈവമെവിടെയിരുന്നാണ് ഇങ്ങനെ പുഴുവിനൊക്കെ എണ്ണ കൊണ്ടുവരാന്‍ നിര്‍ദ്ദേശം കൊടുക്കണത് എന്നു കണ്ടുപിടിക്കണമല്ലോ. എന്റെ ഉദ്ദേശം മനസ്സിലാക്കീട്ടാണെന്ന് തോന്നണു ദൈവം എനിക്ക് പിടി തന്നിട്ടേയില്ല. പിന്നാലെ പോയാലും ആ ചുവപ്പുവരയന്‍ പുഴു എവിടേലുമങ്ങ് അപ്രത്യക്ഷമാകും. വളര്‍ന്നപ്പോള്‍ അത്തരം പുഴുവിനെയൊക്കെ മറന്നു. പുഴുചരിതം മനസ്സില് കിടന്ന് കിടന്ന് ജീവിതത്തിനൊപ്പം ചുരുണ്ടുപോയി. ദൈവം അപ്പോഴും അവിടൊക്കെത്തന്നെ ഉണ്ടായിരുന്നിരിക്കണം.

മരോട്ടിക്കൂട്ടത്തിലെ ഗീവര്‍ഗ്ഗീസ് അപ്പാപ്പന്റെ വീട്ടില് ദൈവവിളി വന്നൂന്നും അവടത്തെ അഞ്ചു പെമ്മക്കളില് മൂത്തവളായ അല്‍ഫോന്‍സ ഗീവര്‍ഗ്ഗീസ് മണവാട്ടിയാകാന്‍ പോകുന്നൂന്ന്മൊക്കെ കേട്ടപ്പഴ് മൊതല് എന്റെ അപ്പനും അമ്മച്ചിക്കും വാശിയായി. എന്നേം മണവാട്ടിയാക്കണംന്ന്. അല്ലേലും എന്റെ അപ്പനിച്ചിരി വാശി കൂടുതലാണ് കേട്ടോ. ഗീവര്‍ഗ്ഗീസ് എന്നല്ല ഇടവകേല് ആരെങ്കിലും എന്തേലും ചെയ്താല്‍ അതൊക്കെ അപ്പനും ചെയ്യണം. അപ്പന്റെ കുറ്റം പറയൂന്നൂന്നൊക്കെ ആളുകള് വിചാരിച്ചാലും പറയാതിരിക്കാന്‍ പറ്റൂല്ല. അപ്പന് പൈസാ പൈസാന്നൊള്ള ഒറ്റ വിചാരേ ഉള്ളൂ. പിന്നെ പൗശിന്യോം കൂശുമ്പും ഒത്തിരിയുണ്ട് ആ കഷണ്ടിത്തലേല്. ഞങ്ങടെ വീട്ടില് അഞ്ച് പെമ്മക്കള് ഒന്നുമില്ലായിരുന്നു. ആകപ്പാടെ ഞാന്‍ മാത്രം ഒരു പെണ്‍തരി. ബാക്കിയെല്ലാം ശങ്കരാടി ഒരു സിനിമേ പറയണപോലെ ഘടാഘടിയന്മാരായ എന്റെ ആങ്ങളമാര്‍.


അപ്പനിങ്ങനെ വീട്ടില് ആഗ്രഹം പറഞ്ഞപ്പം ഞാന്‍ ദൈവവുമായി ഒരു വാദപ്രതിവാദോക്കെ നടത്തിയിരുന്നു. പള്ളീടെ മോന്തായത്തില്‍ കൂട്ടത്തോടെ കുറുകി ഒച്ചവച്ചുകൊണ്ടിരുന്ന പ്രാവുകളത്രേം ഞങ്ങളുടെ സംഭാഷണം കേട്ടതാണ്. ഞാന്‍ സുന്ദരിയല്ലേ കര്‍ത്താവേന്നും എനിക്ക് വല്യ ഒര് നൃത്തക്കാരിയായാല്‍ മതീന്നുമൊക്കെ ഞാങ്കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഇത് സാധിച്ചുതന്ന് എന്നെ മണവാട്ടിയാക്കാനുള്ള ശ്രമോം ഉപേക്ഷിച്ചു വന്നാല്‍ ചെലങ്കയും കാലില്‍ക്കെട്ടി പള്ളിക്കകത്ത് യേശുചരിതം മുഴ്വന്‍ ആടിത്തീര്‍ക്കാമേ എന്നു ഞാന്‍ വാക്കു കൊടുത്തു. മാലാഖമാരും കൂടെ നൃത്തം ചെയ്യണതൊക്കെ ഞാന്‍ സങ്കല്പിച്ചും നോക്കി. എന്തായാലും കര്‍ത്താവ് എന്നെ തുണച്ചു. പിന്നെ വിളിച്ചിട്ടേയില്ല മണവാട്ടിയാകാന്‍. അപ്പനും അമ്മച്ചീംകൂടെ നീ കര്‍ത്താവായവന്റെ പ്രിയപ്പെട്ടവളായ മണവാട്ടി എന്നു പിന്നീട് എന്നെ നിര്‍ബ്ബന്ധിച്ച് വാഴ്ത്തി വിടുകയും ചെയ്തില്ല. എന്റെ വാശിക്കു മുന്നില്‍ അന്ന് അപ്പനങ്ങു തോറ്റു തന്നൂന്നാ അമ്മച്ചി പറേണെ. പിന്നെ കുറേക്കാലം കഴിഞ്ഞ് ഞാനങ്ങ് ചെന്നു. മേരിലില്ലി എന്നു നാമകരണപ്പെട്ട് സിസ്റ്ററായി അത്രതന്നെ. ആ കഥ പറയാനാണെങ്കി ഒത്തിരിയൊണ്ട് അത് പിന്നാലെ വരും.
ഇപ്പം ഞാന്‍ സിസ്റ്ററൊന്നും അല്ലാട്ടോ. അതും വിധി തന്നെ എന്നല്ലാതെ എന്തു പറയാന്‍. സിസ്റ്റര്‍ മേരിലില്ലിയില്‍നിന്ന് പഴയ പുഷ്പമറിയത്തിലേയ്ക്ക് ഞാന്‍ തിരികെ നടന്നു. അതും വല്യ ഒരു കഥയാ.
എന്തു പറയാനാ. സിനിമാകഥ പോലെയല്ല നമ്മടെയൊക്ക ജീവിതം.

ഇത്രേം നാള് അണിഞ്ഞോണ്ട് നടന്ന ആ സഭാവസ്ത്രം ഊരീപ്പം എന്റെ നെഴല് തന്നെ എന്നെ കുറ്റപ്പെടുത്തലോട് കുറ്റപ്പെടുത്തലാ. അപ്പഴ് എന്റെ ആത്മാവ് അങ്ങ് ഊരിപ്പോയെന്നാ തോന്നീത്. അപ്പോഴേക്കും കര്‍ത്താവ് തന്നെ ഒരജ്ഞാതനായി വന്ന് എന്റെ പാദങ്ങളായി കല്ലിലും മുള്ളിലും മുള്ളാണികളിലും കൊള്ളാതെ നടത്തിച്ചൂന്ന് പറഞ്ഞാമതി. ഓ എന്തൊര് ജീവിതാണ് കഴിഞ്ഞുപോയത്. മഠത്തിന് ചുറ്റും മതിലുകളോട് മതിലുകള്‍ അല്ലാരുന്നോ. ഇഷ്ടികേമ്മേല് പാപം പുണ്യം പാപം പുണ്യം എന്ന് ഏതോ ഒരു നിരാശാകാമുകിയായ സിസ്റ്ററ് തെരുതെരെ കോറിയിട്ടിരുന്നു. മഠത്തിന്റെ പറമ്പിലും കുരുകുരുങ്ങനെ നെല്ലിയിലകള്‍ വീണ് മയങ്ങിക്കിടക്കുന്ന മുറ്റത്തും പണ്ടുമുതല്‍ക്കേയുള്ള പുരാതനമായ സാത്താന്‍ മണങ്ങളങ്ങനെ കുലച്ചു നില്‍ക്കുവാരുന്നൂന്ന് ചെന്നവഴിയെ ഞാന്‍ കണ്ടുപിടിച്ചിരുന്നു.
മതിലുകളോട് മതിലുകളെന്നു പറഞ്ഞാല്‍ മനസ്സിനൊര് മതില്‍. ചിന്തയ്ക്കൊന്ന്. കാഴ്ചകള്‍ക്കു മറ്റൊരെണ്ണം.
അതൊക്കെ ഒരു കണക്കിന് ഓര്‍ക്കാതിരിക്കുവാ നല്ലത്. തലയ്ക്ക് പ്രാന്തുപിടിക്കും. ചിരീം കരച്ചിലും ഒപ്പം വരും-അപ്പോഴൊക്കെ ആത്മഗതത്തിന്റെ മരച്ചില്ലകളിലേക്ക് ഒരു പല്ലിയെപ്പോലെ അള്ളിക്കയറി ഇരുന്ന് ജീവിതമേ നീ സാത്താന്റെ വഴികളാകെ അടച്ചുവെക്കണമേ എന്നു പ്രാര്‍ത്ഥന ചൊല്ലിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കുശേഷം കണ്ടപ്പളും അപ്പനും അമ്മച്ചീമൊക്കെ സിസ്റ്ററേന്നും വിളിച്ച് കരയൂന്നെനിക്ക് ഉറപ്പാര്ന്നു. അവര്ടെ ആ പുറപ്പാടിനെ കൈത്തലം കൊണ്ട് തടഞ്ഞതും അമ്മച്ചി കെറുവിച്ചു. പള്ളിക്കാര്ടെ വെലക്കുകളും മറന്നേച്ചാ ഞാന്‍ വീട്ടില്‍ കയറിയേന്ന കാര്യം അപ്പനും അമ്മച്ചീം ഓര്‍ക്കാത്തതെന്തെന്ന് കരുതി ഞാന്‍ വെള്ളഷാള്‍ കൊണ്ട് മുഖം മറച്ചിരുന്നു. എന്ത് വിളിക്കണം എന്ന അമ്മച്ചീടെ മറുചോദ്യത്തിന് നിങ്ങടെയാ പഴേ പുഷ്പമറിയാന്ന് വിളിച്ചാ മതിയെന്നു പറഞ്ഞ് ഞാനവരെ കെട്ടിപ്പിടിച്ച് ചിരിക്ക്വേം കരയേം ഉമ്മവെക്ക്വേം ഒക്കെ ചെയ്തു. എന്തു ചെയ്യാനാ ഇത്തരം ചെല നിസ്സഹായതകളില്‍ ജീവിതമേ നീ നിന്റെ ഇഷ്ടംപോലെ ചെയ്‌തോ എന്നും പറഞ്ഞ് കയ്യും കെട്ടി മാറിനില്‍ക്കാതെന്തു ചെയ്യും നമ്മള്‍?

സഭാവസ്ത്രത്തിനു പകരം ഞാനണിഞ്ഞിരുന്ന ചുരിദാറിന്റെ മേലുടുപ്പില്‍ ഒത്തിരി വയലറ്റ് ചിത്രശലഭങ്ങളും ചുവപ്പന്‍ പ്രേമഹൃദയങ്ങളും മഞ്ഞപ്പൂക്കളും കണ്ട് അമ്മച്ചി എന്നെ മണത്ത് മണത്ത് ചേര്‍ത്തുപിടിച്ചതും മുളചീന്തുന്നതുപോലെ ഒറ്റക്കരച്ചില്‍.
എന്റെ കൊച്ചേ എന്ന് അമ്മച്ചി പിറുപിറുത്തുകൊണ്ടേയിരുന്നു.
കൊറേ ദെവസത്തേയ്ക്ക് ഞാമ്പിന്നെ പുറത്തേയ്ക്കൊന്നും ഇറങ്ങിയതേയില്ല. അന്നേവരെ പഠിച്ച പാപപ്പട്ടിക എണ്ണിയെണ്ണി ഓര്‍ത്തെടുത്തു. നെടുവീര്‍പ്പുകളുടെ അകമ്പടിയില്‍ ഓരോന്നായി പറഞ്ഞു.
ഞാന്‍ പുറം ജാതിക്കാരുടെ വിഗ്രഹ ബലികളെ ഭക്ഷിച്ചു.
ഞാന്‍ യഹൂദരോട് സംസര്‍ഗ്ഗം ചെയ്തു.
ഞാന്‍ ഇടത്തൂട്ടുകാരോട് സംസര്‍ഗ്ഗം ചെയ്തു.
ഞാന്‍ അവരെ സ്‌നേഹിച്ചു.

ഇതിലേതു പാപമാണ് പുഷ്പമേ നീ ചെയ്തതെന്ന് പള്ളീല് വെച്ച് അച്ചനും മനസ്സിലെ കുമ്പസാരക്കൂട്ടില്‍ വച്ച് കര്‍ത്താവും എന്നോടെപ്പഴൊക്കെയോ ചോദിച്ചിരുന്നു. രാത്രിയാകുമ്പോള്‍ മേരിലില്ലിയിലേക്കുള്ള പഴയ ആ പരിണാമ വഴികളിലൂടെ ഒരു പൂച്ചയെപ്പോലെ ഞാന്‍ എന്നെ നടത്തിച്ചു. ആ നേരം എന്റെ മനസ്സിലെന്തെന്ന് അമ്മച്ചിക്കറിയാം. വെറുതെ കെട്ടിപ്പിടിച്ചും ഉമ്മ വെച്ചും തേങ്ങാക്കൊത്തിട്ട് വറ്റിച്ച ചെമ്മീന്‍ കൂട്ടാന്‍ വിളമ്പിയും പിറ്റേന്ന് പുഴയ്ക്ക് അക്കരെയുള്ള പള്ളിവഴികളിലൂടെ നടത്തിച്ചും അമ്മച്ചി സ്‌നേഹിച്ചുകൊണ്ടേയിരുന്നു. എങ്ങോട്ടൊക്കെയോ കൈകള്‍ നീട്ടി നില്‍ക്കുന്നതുപോലെയുള്ള കുരിശും പള്ളിമതിലിനു താഴെയുള്ള ഒന്നും പറയേണ്ട എന്നു പറഞ്ഞ് ഒഴുകുന്ന പുഴയും എങ്ങോട്ടോ പുറപ്പെട്ടു പോകുന്ന കാറ്റും നോക്കി ഞാനപ്പോള്‍ എന്റെ ജോസഫിലേക്ക് പ്രവേശിക്കും-സെമിത്തേരിയിലെ കാറ്റാടി മരങ്ങളാകെ ഒന്നിച്ചിളകി വീശുമ്പോള്‍ ജോസഫിന്റെ ഓര്‍മ്മകള്‍ കാറ്റാടി മരങ്ങളുടെ പെരും ചൂളം പോലെ വന്നു നിറഞ്ഞ് എന്റെ ഹൃദയത്തെ കടപുഴക്കി എറിഞ്ഞു കളിക്കും. കുറെ കഴിയുമ്പോഴേക്കും ഞാനാകെ തളര്‍ന്നു കുഴഞ്ഞ് വീണുപോകും. എപ്പോഴോ പിച്ചവച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കും ജീവിതത്തിലേക്ക്. അത്തരമൊരു ഉയിര്‍ത്തെഴുന്നേല്‍പ്പിനൊടുവില്‍ ഞാന്‍ തീരുമാനിച്ചു ഇനി ഈ കഥയിലേക്ക് മേരിലില്ലി ഇല്ല. കഥ തീര്‍ത്തും പുഷ്പമറിയത്തിന്റേതാണ്. അവളാണ് കഥാപാത്രം.
നിന്റെ മുലഞെട്ടുകളില്‍നിന്ന് നീ ദയ ചൊരിഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ മരിച്ചുപോയേനെ എന്റെ പുഷ്പമറിയമേ എന്ന് ജോസഫ് പറഞ്ഞത് പകല്‍പോലും ഇരുണ്ട് നിന്ന ഒരു മഴക്കാല മദ്ധ്യാഹ്നത്തിലായിരുന്നു. ഓ, അന്നത്തെ ആ പൂക്കലും കായ്ക്കലും...  ഞങ്ങളപ്പോള്‍ ഏകാന്തതയില്‍ പൊട്ടിമുളച്ചു വന്ന രണ്ടു മരങ്ങളായി.
പ്രേമത്തിന്റെ അറ്റം കാമമാണെന്ന ചിന്ത തീക്കനലില്‍ നീറ്റിയെടുത്തു തന്ന ജോസഫ്.
ഇറച്ചിവെട്ടുകാരന്‍ ജോസഫ്.
കവിയായ ജോസഫ്.
കമ്യൂണിസ്റ്റായ ജോസഫ്.

ജോസഫിന്റെ വിശേഷണങ്ങളായിരുന്നു ഇതെല്ലാം. പോരെ പുകില്.
പള്ളിവക സുവനീറില്‍ ജോസഫ് പുഷ്പമറിയത്തെക്കുറിച്ച് ഒരു കവിതയെഴുതി, അതൊരു ബോദ്ധ്യപ്പെടുത്തലായിരുന്നു. ഇടവകക്കാര്‍ക്കുവേണ്ടിയുള്ള തുറന്നുവെയ്ക്കല്‍.
അവളാകട്ടെ, ഇടവകയില്‍നിന്ന് ആദ്യമായി നൃത്തമഭ്യസിക്കുവാന്‍ പോയ പെണ്ണ് .
പിന്നേം പുകില്-മോരും മുതിരയും പോലെ എന്ന് അസൂയ മൂത്ത കുരുത്തംകെട്ട ചില വിശ്വാസ കമ്മിറ്റിക്കാര്‍ പള്ളിമതിലില്‍ കരിക്കട്ടകൊണ്ട് എഴുതി പിടിപ്പിച്ചുവെങ്കിലും ജോസഫിന്റെ നെഞ്ചുവിരിച്ച നോട്ടത്തിനു മുന്‍പില്‍ അവരൊക്കെ പതറി.
ജോസഫ് പോത്തിനെ ചെറുകഷണങ്ങളാക്കി ചുവപ്പുചായം പുരട്ടിയ ചെറുചിത്രങ്ങള്‍പോലെ ഇറച്ചിത്തട്ടില്‍ നിരത്തിവെച്ചു. ചെഗുവരെയുടെ പടമുള്ള ചുവന്ന ടീഷര്‍ട്ടിനുള്ളിലെ ജോസഫിന്റെ നെഞ്ചകത്ത് രാവും പകലുമില്ലാതെ പുഷ്പയുടെ നൃത്തച്ചൊല്ലുകള്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.
പുഷ്പേടമ്മ മറിയക്കുട്ടിയും ജോസഫിന്റെ അമ്മ ത്രേസ്യയും ഒരേ പള്ളിക്കൂടത്തില്‍ ഒരേ ബഞ്ചിലിരുന്ന് കണക്കും മലയാളോമൊക്കെ പഠിച്ചിട്ടുണ്ടെന്ന് പുഷ്പക്കും ജോസഫിനും അറിയാമായിരുന്നു. അമ്മമാരുടെ ആ ബന്ധമായിരുന്നു അവരുടെ പ്രേമസഞ്ചാരത്തിനുള്ള പാലം.
എടീ ത്രേസ്യപ്പെണ്ണേ പുഷ്പക്കൊച്ച് വല്താവ്മ്പം നര്‍ത്തം ചെയ്യൂന്ന് എനിക്കറിയായിരുന്നെടീ. അവള് ഗെര്‍ഭത്തി കെടന്ന് പോലും താളം ചവുട്ട്വാല്ലാരുന്നോ.

മറിയക്കുട്ടി അഭിമാനത്തോടെ പറഞ്ഞത് പുഷ്പേം ജോസഫും ഒന്നിച്ചുനിന്ന്  കേട്ടിട്ടുണ്ട്.
ഇഞ്ചിത്തടത്തിലെ തളിരിലകളെ നോവാത്തവിധം തെരുപ്പിടിപ്പിച്ച് തണുത്ത നീര്‍ച്ചാലുകളില്‍ പാദങ്ങള്‍ പൂഴ്ത്തിവച്ച് ജോസഫും പുഷ്പമറിയവും ക്രിസ്തുദേവനെ സ്തുതിക്കുന്ന ഗീതങ്ങളുണ്ടാക്കി പാടി.
ക്രിസ്തുവിന്റേം നിന്റേം ചെഗുവരേടേം മുഖം ഒരുപോലാ ഇരിക്കണെ. അവള്‍ ചെഗുവരെയുടെ നക്ഷത്രക്കണ്ണുകളില്‍ തലോടിനിന്നു പറഞ്ഞു.
അല്ലേലും യേശൂം വിപ്ലവകാരിയല്ലാരുന്നോ. ജോസഫ് മുഷ്ടി ചുരുട്ടി മന്ത്രിച്ചു.
രാവിലെ നുറുക്കിക്കൂട്ടിയ ഇറച്ചിയുടെ ചോരമണം കളയാന്‍ ജോസഫ് വെളിച്ചെണ്ണയും നാരകയിലയും കൂട്ടിത്തിരുമ്മി കൈവള്ളയില്‍ തേച്ചുപിടിപ്പിച്ചിരുന്നു.     
അയാള്‍ പുഷ്പയുടെ ചെവികളിലും കഴുത്തിലും മാറിടത്തിലും കുന്തിരിക്കഗന്ധം തേടി മണത്തു. എല്ലാം കണ്ടെങ്കിലും കര്‍ത്താവ് ഒന്നും കാണാത്തപോലെ ചിരിച്ചുനിന്നു. പ്രിയേ ഞാനെന്റെ പ്രണയം നിനക്കുതരും എന്നാക്കെ പറയാനുള്ള സാഹിത്യവാസന ഉണ്ടായിട്ടും ഒന്നും മിണ്ടാതെ അയാള്‍ അവളുടെ നൃത്തച്ചുവടുകള്‍ വെയ്ക്കുന്ന പാദങ്ങളെ ചേര്‍ത്തു പൊതിഞ്ഞു പിടിച്ചു, പൂക്കളെ എന്നവണ്ണം.
മറിയക്കുട്ടിയും ത്രേസ്യയും ഉണക്കമീനും പച്ചക്കറികളും കൊടമ്പുളിയുണങ്ങിയതും വില്‍ക്കുന്ന പീടിക മുറികള്‍ക്കരികില്‍ ഒരു ഇറച്ചിക്കട തുടങ്ങണമെന്ന മോഹം അയാള്‍ അവളോടു പറഞ്ഞു.
കവിതേം കമ്യൂണിസോം കൊണ്ട് ജീവിക്കാമ്പറ്റൂലല്ലോ.

പുഷ്പമറിയം യാതൊന്നും കേള്‍ക്കുന്നേയില്ലായിരുന്നു. എങ്ങനെ കേള്‍ക്കും. അന്ന് ഡാന്‍സ് ക്ലാസ്സില്‍ ടീച്ചര്‍ പഠിപ്പിച്ച ചില ചൊല്ലുകളില്‍ മനസ്സ് താളമിട്ടു പറക്കുകയല്ലാരുന്നോ. അവള്‍ പാദസരങ്ങളണിയാത്ത പാദങ്ങള്‍കൊണ്ട് പളുങ്കു വെള്ളത്തുള്ളികളെ നൃത്തം ചെയ്യിച്ചു. ഉച്ചസ്ഥായിയിലെ ഒരു തക്കിട തകതിമിയുടെ താളത്തില്‍ ജോസഫിനെ മടിയില്‍ കിടത്തി വിരലുകളെ ഓമനിക്കുക മാത്രം ചെയ്തു. ഇഞ്ചിമുളപ്പുകളുടെ പച്ചപ്പുകള്‍ അവര്‍ക്കു ചുറ്റും രോമാഞ്ചമണിഞ്ഞതുപോലെ കൂമ്പിനിന്നു. പള്ളി സെമിത്തേരിയിലെ നീല വാകപ്പൂക്കളുടെ മെത്തമേല്‍ പുഷ്പ ജോസഫായും ജോസഫ് പുഷ്പയായും പരിണമിച്ചു. അവര്‍ക്ക് ചുറ്റും ആത്മാക്കള്‍ ഇണചേരുന്നതായി ജോസഫ് ചെവിയില്‍ പറഞ്ഞു.
അക്കൊല്ലത്തെ വല്യപള്ളീ പെരുന്നാളിനായിരുന്നു പുഷ്പമറിയത്തിന് തൃപ്പൂണിത്തുറ ഡാന്‍സ് സ്‌കൂളില്‍ ചേര്‍ന്നു നൃത്തം പഠിക്കുവാനുള്ള പ്രവേശന കാര്‍ഡുമായി പോസ്റ്റുപെണ്ണ് സത്യഭാമ വീട്ടിലെത്തിയത്. അവള്‍ സന്തോഷം കൊണ്ട് സത്യഭാമയുടെ വിയര്‍പ്പണിഞ്ഞ താടിയിലെ കറുത്ത പുള്ളിയില്‍ ചൂണ്ടുവിരല്‍ അമര്‍ത്തി സന്തോഷം പ്രകടിപ്പിച്ചു.

സത്യഭാമ കത്തുകളും മാസികകളുമൊക്കെ നിറഞ്ഞ തോള്‍സഞ്ചി അരപ്ലേസില്‍ വച്ച് നെറ്റിയും കഴുത്തും സാരിത്തുമ്പുകൊണ്ട് അമര്‍ത്തിത്തുടച്ച്, പുഷ്പമറിയം ഇഞ്ചിയും പച്ചമുളകും ചതച്ചിട്ട് ഉണ്ടാക്കിക്കൊടുത്ത മോരും വെള്ളം വലിച്ചുകുടിച്ച് അവളെ സാകൂതം നോക്കി.
വല്യ ഡാന്‍സ് കാരിയാക്മ്പം എന്നെയൊക്കെ ഓര്‍ത്തേച്ചാ മതി.
ആട്ടെ, ജോസഫ് സമ്മതിക്കുവോ. ജോസഫുമായുള്ള ബന്ധം അറിയാമെന്ന ഒരു ആഴച്ചിരിയോടെ സത്യഭാമ പുഷ്പയോട് ചോദിച്ചു. നെന്റെ ഇടവകക്കാര് സമ്മതിക്കുവോ.
എന്താ ഞങ്ങക്ക് നൃത്തം ചെയ്താല്, നിങ്ങക്കൊക്കെ ഒര് ചിന്തയൊണ്ട് ഞങ്ങക്കിതൊന്നും പറ്റൂല്ലന്ന്. അതങ്ങ് പള്ളീപ്പോയി പറഞ്ഞാമതി.
അതല്ല-സത്യഭാമ പരുങ്ങലോടെ പറഞ്ഞു.
എന്നാലും ജോസഫിന് ഇറച്ചിവെട്ടല്ലേ ജോലി. അതെങ്ങനെ ശര്യാകും.
ഒരെന്നാലുമില്ല.
ഇന്റെ സത്യാമേ അത് പുള്ളീടെ കാര്‍ന്നോമ്മാരായി കാലാകാലങ്ങളായി ചെയ്യണ. പണിയല്ലേ. സത്യാമക്കറിയോ. പുള്ളിക്കാരനാ മുന്‍പന്തീല് നിന്ന് ഡാന്‍സ് പഠിക്കണോന്നും പറഞ്ഞ് എന്റപ്പനോട് പോരാട്യെ.
അറിയ്വോ നിങ്ങക്ക്.
എന്തായാലും എനിക്ക് അറപ്പാ ജോസഫിനെ കാണമ്പം.
സത്യഭാമ വളച്ചുകെട്ടില്ലാതെ കാര്യം പറഞ്ഞു.

ഇന്നാളൊരിക്കെ ജോസഫിന്റെ അമ്മ ആ ത്രേസ്യ പെമ്പ്ളക്ക് നമ്മടെ സഹകരണ ബാങ്കീന്ന് വന്ന ഒര് കടലാസ് ജോസഫാ എന്റെ കയ്യീന്ന് ഒപ്പിട്ട് വാങ്ങ്യേ. അയാക്കടെ കയ്യുമ്മല് ചോര ഉണങ്ങിപ്പിടിച്ചിരിക്കണ കണ്ട് സത്യായ്ട്ടും ഞാമ്പേടിച്ചു.
ജന്ത്ക്കടെയായാലും മന്ഷമ്മാരെടെയായാലും ചോര ചോര തന്നേല്ലേ. വീട്ടിച്ചെന്ന് ചോറ് വെളമ്പി മുന്നി വെക്കുമ്പളും എനിക്ക് ജോസഫിന്റെ ചോരമണം ഓര്‍മ്മ വന്നിട്ട് ഞാന്‍ ഓക്കാനിച്ചു.
അങ്ങനെയുള്ളപ്പം നീ എങ്ങനെ കഴിയും അയാക്കടെ കൂടെ. അയ്യാക്കൊപ്പം കെടക്കാനുള്ളോളല്ലേ നീ പുഷ്പേ, പേടിയാകുല്ലേ നിനക്ക് പുഷ്പേ.
സത്യഭാമ പുഷ്പേടെ മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ മൂലയില്‍ ചാരിവച്ചിരുന്ന കാലന്‍ കുടയുമെടുത്ത് കക്ഷത്തില്‍ വെച്ച് സഞ്ചിയില്‍ മുറുകെപിടിച്ചു നടന്നു. മുറ്റത്തെ ചാമ്പത്തണലില്‍ നിരന്നു കിടന്ന ചോരനിറമുള്ള ചാമ്പങ്ങ പഴങ്ങള്‍ പെറുക്കി എടുത്താണ് നടപ്പ്.
അതെ ഞങ്ങടെ കാര്യം ഞങ്ങള് നോക്കിക്കോളാം. നിങ്ങള് ആവശ്യോല്ലാത്ത കാര്യങ്ങളിലൊന്നും തലയിടാന്‍ നിക്കണ്ടാട്ടോ. പോസ്റ്റാഫീസിലെ ജോലി മര്യാദക്കു ചെയ്താല്‍ മതി.
സത്യഭാമയെ രോഷത്തോടെ പറഞ്ഞുവിട്ട് പുഷ്പമറിയം വീട്ടിലെ യേശുവിന്റെ മുന്നില്‍ രണ്ടു മുട്ടന്‍ മെഴുകുതിരി കത്തിച്ച് ഉരുകലോടെ മുട്ടുകുത്തി. പൊള്ളിപ്പോയ
മനസ്സില് ജോസഫിന്റെ കവിത തണുത്ത തൈലമായി പരന്നൊഴുകി.

 പുഷ്പമറിയം ഒരു പ്രതിജ്ഞ എടുത്തിരുന്നു. ഇടവക പള്ളീല് തന്നെ, നൃത്തമാടി അരങ്ങേറ്റം കുറിക്കണം. ഒരിക്കല്‍ ശവക്കല്ലറകള്‍ക്കുള്ളിലെ മരണപ്പെട്ടവരെല്ലാം അവളെ ആത്മവിശ്വാസപ്പെടുത്തി കൈകള്‍ കൊട്ടുന്നത് അവള്‍ കേള്‍ക്കുകയും കൂടി ചെയ്തു. പേരറിയാ പൂക്കളും ഇലകളും പേറി കുഞ്ഞുചെടികള്‍ രോമാഞ്ചം കൊണ്ട് എഴുന്നേറ്റു നിന്നു.
അമ്മച്ചി കുറിച്ചിട്ടി പിടിച്ച് പുഷ്പമറിയത്തിന് അരങ്ങേറ്റത്തിനുള്ള സാധന സാമഗ്രികള്‍ ആവേശപൂര്‍വ്വം വാങ്ങിക്കൂട്ടി-എപ്പോഴും നൃത്തം ചെയ്യുന്ന ഒരു ജോടി ജിമുക്കയും നിറയെ വര്‍ണ്ണപ്പൊട്ടുകള്‍ പതിപ്പിച്ച മാലയും ജോസഫാണ് അവള്‍ക്ക് രഹസ്യമായി സമ്മാനിച്ചത്. അയാളുടെ ടീ ഷര്‍ട്ടിലെ ചെഗുവരെയുടെ തിളക്കമുള്ള കണ്ണുകളില്‍ അവളപ്പോള്‍ ഉമ്മവെച്ചു.
പുഷ്പയുടെ അരങ്ങേറ്റം ജോസഫിന്റെ ജീവിതത്തിന്റെ അരങ്ങിറക്കം കൂടിയാകുമെന്ന് ആരും കരുതിയില്ല. കര്‍ത്താവുപോലും അറിഞ്ഞുകാണില്ല ഒന്നും. നൃത്തത്തട്ടില്‍ അവള്‍ മഗ്ദ്ധലനയായിരുന്നു.

മെയ്വഴക്കങ്ങളില്‍, അരമണ്ഡലത്തില്‍ ജ്വലിച്ചുനിന്ന് അവള്‍ സ്റ്റേജിന് തൊട്ടടുത്ത് ചെഗുവരെയെ ചേര്‍ത്ത നെഞ്ചുമായി നിന്ന ജോസഫിനെ കണ്ടു. പച്ച ബള്‍ബുകളാല്‍ അലങ്കരിച്ച ഒരു മരത്തിനു കീഴില്‍ അയാള്‍ പച്ചയുടെ വേലിയേറ്റത്തിലൂടെ കണ്ണുകള്‍കൊണ്ട് പുഷ്പയിലേക്ക് തുഴഞ്ഞെത്തിയപ്പോഴായിരുന്നു അതു സംഭവിച്ചത്. ആള്‍ക്കൂട്ടത്തിലേക്ക് ജോസഫ് തെറിച്ചു വീണു.
കൊല്ലടാ ആ പന്നിയെ
ആ അഴിഞ്ഞാട്ടക്കാരീടെ ഒരു ആട്ടം.
എറച്ചിവെട്ടുകാരന്‍ എറിച്ചിവെട്ട്യാ മതി.
ഇവിടൊന്നും നെരങ്ങണ്ട... ഓ അവന്റെ മറ്റേടത്തെ അവളല്ലേ തട്ടില്. അവന്റെ ഒരു കാഴ്ച. ഒടുക്കത്തെ നോട്ടം കണ്ടില്ലേ.
പുഷ്പയുടെ ആട്ടം നിന്നുപോയി. സ്റ്റേജീന്ന് ഓടി ഇറങ്ങിയത് മാത്രേ അവള്‍ക്ക് ഓര്‍മ്മയുള്ളൂ. ചിലങ്ക മുത്തുകള്‍ പൊട്ടിയടര്‍ന്ന് പേടിയോടെ എങ്ങോട്ടൊക്കെയോ ഓടിപ്പോയി.
ബാക്കി കഥ ഇടവകേലും നാട്ടിലും ആരൊക്കെയോ പറഞ്ഞു നടന്നു.

അല്ലെങ്കില്‍ എന്തിനാണ് പറയുന്നത്. കഥയുടെ പരിണാമദശയിലെ ഏടുകള്‍ എല്ലാം ചിന്തിക്കാവുന്നതേയുള്ളൂ. ഇറച്ചിവെട്ടുകാരന്‍ ജോസഫ് രക്തവും മാംസവും മാത്രമായി ചിതറി. ചിലരുടെയൊക്കെ ഓര്‍മ്മകളില്‍ കുറച്ചുനാളൊക്കെ നീറിക്കിടന്നു.
അതിനുശേഷമാണ് പുഷ്പമറിയം കര്‍ത്താവ് ആഗ്രഹിക്കാതെയും വിളിക്കാതെയും പുള്ളിക്കാരന്റെ മണവാട്ടിയായത്. സിസ്റ്റര്‍ മേരിലില്ലിയായി മഠത്തിന്റെ പടികളിലേക്ക് ലക്ഷ്യം തെറ്റി നടന്നത്. ഇപ്പോള്‍ ഇതാ സഭാവസ്ത്രം ഊരി വീണ്ടും പുഷ്പമറിയവുമായി.
പള്ളിമണി കണ്ണുകള്‍ തുറന്നുപിടിച്ച് ശ്വാസംമുട്ടി കുഴയുന്നതു കണ്ട് പരേതരുടെ കൂട്ടപ്രാര്‍ത്ഥന ഇരുളില്‍നിന്ന് പൊന്തിവരുന്നുണ്ടോ എന്ന് ഇടവകയാകെ ചെവിയോര്‍ത്തു. പുഷ്പമറിയത്തിന്റെ ഡയറിത്താളുകള്‍ അക്ഷരങ്ങളെ പുണര്‍ന്ന് കെട്ടിമറിഞ്ഞു. പുഷ്പമറിയം എഴുതിക്കൊണ്ടേയിരിക്കുന്നു.
ഞങ്ങളുടെ വീടിന്റെ അറയ്ക്കുള്ളിലെ ചരിത്രമണം പുരണ്ട കറുത്ത ചട്ടയുള്ള ബൈബിളിനുള്ളില്‍ എന്നോട് മാത്രം മിണ്ടുന്ന ശബ്ദം ഉണ്ടായിരുന്നു. എന്നെ മാത്രം തൊട്ടുകരയുന്ന സെമിത്തേരിയിലെ കാറ്റുണ്ടായിരുന്നു. പള്ളിത്തണുപ്പില്‍ എനിക്കായി മാത്രം കാവല്‍ക്കാരനുണ്ടായിരുന്നു.
ഞാനിതാ നൃത്തം ചെയ്യാന്‍ പോകുന്നു. പള്ളിമുറ്റത്തല്ല.

തെരുവില്‍.
എനിക്കു മുന്‍പില്‍ പെട്ടെന്ന് മുളച്ചുപൊന്തിയ മരക്കുരിശിലേയ്ക്ക് ഒരു സുഗന്ധം ഇരച്ചുകയറി. ഞാന്‍ ആനാന്‍ വെള്ളത്തില്‍ മാമോദീസാപ്പെട്ടതുപോലെ ആകാശത്തേയ്ക്കു കണ്ണുകള്‍ മിഴിച്ചു. കാറ്റിലൂടെ വന്ന ജോസഫിന്റെ ചോരഗന്ധം പെട്ടെന്ന് സൗരഭ്യം ചൊരിഞ്ഞ് എന്നെ പൊതിഞ്ഞു വയ്ക്കുന്നു. എന്തോ മിണ്ടാനാഞ്ഞ് നിവര്‍ന്നുനോക്കി മരക്കുരിശിതാ വീണ്ടും മിണ്ടാതെ നില്‍ക്കുന്നു.
ഞാന്‍ കന്യാമറിയമായി.
എന്റെ പാപപ്പട്ടികകള്‍ എന്നെ വിശുദ്ധ മേലാപ്പു ചാര്‍ത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com