'സര്‍വ്വ മനുഷ്യരുടേയും രക്ഷയ്ക്കുവേണ്ടിയുള്ള കൃപ'- ജിസ ജോസ് എഴുതിയ കഥ

ആ പെണ്ണുങ്ങള്‍ ചിലപ്പോള്‍ എന്തെങ്കിലും പച്ചത്തെറി പറഞ്ഞ് അയാളുടെ നോട്ടം വിലക്കും
'സര്‍വ്വ മനുഷ്യരുടേയും രക്ഷയ്ക്കുവേണ്ടിയുള്ള കൃപ'- ജിസ ജോസ് എഴുതിയ കഥ

പോകുന്നേടത്തെല്ലാം, തരം കിട്ടുന്നേടത്തെല്ലാം വിത്തു വിതച്ചിരുന്നു അയാള്‍. പക്ഷേ, ഒന്നും മുളച്ചില്ല. ഇത്തവണ, ഇത്തവണ. അയാള്‍ വിചാരിക്കും. വായനശാലയുടെ വരാന്തയില്‍ ചുമ്മാതിരിക്കുമ്പോഴോ, മലഞ്ചരക്കുകടയിലേക്ക് സൈക്കിള്‍ ചവിട്ടുമ്പോഴോ ഒക്കെ  കുഞ്ഞിനെയുമെടുത്ത് ഏതെങ്കിലും സ്ത്രീ പോകുന്നതു കണ്ടാല്‍  അയാള്‍ എത്തിയെത്തി നോക്കും. ആ പെണ്ണുങ്ങള്‍ ചിലപ്പോള്‍ എന്തെങ്കിലും പച്ചത്തെറി പറഞ്ഞ് അയാളുടെ നോട്ടം വിലക്കും. അല്ലെങ്കില്‍ ഒന്നുകൂടെ കുഞ്ഞിനെ ചേര്‍ത്തമര്‍ത്തി മാറുമറച്ച് ഭീതിയോടെ നോട്ടത്തില്‍ നിന്നകലും. രാത്രി, ഇരുട്ടില്‍ മുഖം പോലും  കാണാതെ വിതച്ച വിത്തുകള്‍ മുളച്ചാല്‍ത്തന്നെ  എങ്ങനെ തിരിച്ചറിയുമെന്നൊന്നും അയാള്‍ക്കറിയില്ലായിരുന്നു. വിചിത്രമെന്നോണം ഒരു സ്ത്രീ   പൂര്‍ണ്ണ ഗര്‍ഭിണിയായി തന്റെ വീട്ടുമുറ്റത്ത് വന്ന് ബഹളം വെയ്ക്കുന്നതായിരുന്നു അയാളതുവരെ കണ്ടതില്‍ വെച്ചേറ്റവും പ്രിയപ്പെട്ട സ്വപ്നം. അതാവട്ടെ, മിക്ക രാത്രികളിലും  ആവര്‍ത്തിച്ചു കാണുകയും ചെയ്തു.  അവള്‍ക്ക് ലക്ഷംവീട് കോളനിയിലേക്കുള്ള ഇടവഴിയില്‍ താമസിക്കുന്ന നാട്ടിലെ പഴയ വേശ്യയുടെ മുഖമായിരുന്നു പലപ്പോഴും. പക്ഷേ സ്വപ്നത്തില്‍ അവള്‍ക്ക് കുറെയൊക്കെ ചെറുപ്പമായിരുന്നു. അവള്‍ വരുമ്പോള്‍, എന്തേലും തീരുമാനമാകുന്ന വരെ മുറ്റത്തു കുത്തിയിരിക്കുമെന്നൊക്കെ ഭീഷണി മുഴക്കുമ്പോള്‍ അയാള്‍ക്ക് സന്തോഷംകൊണ്ട് രോമങ്ങളെഴുന്നു നില്‍ക്കും. അയാള്‍ അകത്തേക്കു പാളിനോക്കും. അവള്‍ കാണണം, വീട്ടിലെ സ്ത്രീ. അവള്‍ക്കു നോവണം. പക്ഷേ,  അയാളുടെയാ സ്വപ്നത്തില്‍ അവള്‍ മാത്രം ഒരിക്കലും കേറിവരില്ല. വാതില്‍മറവിലോ അടുക്കളവരാന്തയിലോ നിന്നൊരെത്തിനോട്ടമായിപ്പോലും. അവളുടെ സാന്നിദ്ധ്യമില്ലാത്തതുകൊണ്ട് തന്റെയാ സ്വപ്നം വെറുതെയായെന്ന് അയാള്‍ നിരാശപ്പെടും. അവളാണ് കാണേണ്ടത്, അറിയേണ്ടത്. അവള്‍ക്കാണ്  നോവേണ്ടത്.  അത്തരമൊരാശ  എന്തിനെന്ന്  അയാള്‍ക്കുതന്നെയറിയില്ലായിരുന്നു.

ചിത്രീകരണം- ചന്‍സ്
ചിത്രീകരണം- ചന്‍സ്

എനിക്കവളെ തൊടാനറപ്പാ. അവളോടുള്ള അനീതികളെ അയാളെപ്പോഴും സ്വയം ന്യായീകരിച്ചതങ്ങനെയായിരുന്നു.  രാത്രി വൈകുവോളം പണിതീരാതെ, പന്നിക്ക് വെള്ളം വെക്കണം, പശൂന് പുല്ലു വലിച്ചിടണമെന്ന്  അവളങ്ങുമിങ്ങും നടക്കും. മഞ്ഞള്‍ക്കറയും കരിയും പുരണ്ട ചട്ടേം മുണ്ടും. 

 അമ്പത്തിമൂന്നുമണി ജപത്തിനിടയില്‍ അവളോടി വന്നൊന്നു മുട്ടുകുത്തും. പത്തു നന്മനിറഞ്ഞ മറിയമേ നേര്‍ത്ത കിതപ്പോടെ ചൊല്ലിത്തീര്‍ത്ത് പിന്നെയുമെഴുന്നേറ്റോടും. അരി തെളച്ചുകാണും, അരപ്പ് കല്ലേലാ, മീന്‍ വെള്ളത്തിക്കെടക്കുന്നു. ഉറക്കം തൂങ്ങിയിരിക്കുന്ന അമ്മച്ചി, ദൈവവിചാരം വേണെടി, ചുമ്മാതല്ല പേറും പെറുപ്പും ഒന്നുമില്ലാണ്ടായേ എന്നു പ്രാര്‍ത്ഥനയ്ക്കിടയില്‍ പ്രാകും. ദൈവവിചാരം പുഴുങ്ങിത്തന്നാ മതിയോ അത്താഴത്തിനെന്ന് അവളു മനസ്സിലേലും തറുതല പറഞ്ഞുകാണും. അടുക്കളക്കാത്ത് അവളെന്നതൊക്കെയാ കാട്ടുന്നേന്ന് ആര്‍ക്കുമറിയില്ല. ഊണുമുറിയിലിട്ട പലതരം കറകള്‍ പുരണ്ട മേശയിലേക്ക് അവള്‍ കിളിവാതിലിലൂടെ ഓരോന്നു നീട്ടിവെക്കും. മേശക്കടുത്ത് വന്നുനിന്ന് വിളമ്പിത്തരും.  അവള്‍ വന്ന കാലത്ത് അയാള്‍ അടുക്കളയില്‍ ചുറ്റിപ്പറ്റി നടക്കുമായിരുന്നു. അവളെയങ്ങനെ പുറകിലൂടെ ചെന്ന് തോണ്ടാനും പിടിക്കാനുമൊക്കെ സുഖം തോന്നിയിരുന്നു. അന്നേരമൊക്കെ അമ്മച്ചി കേറിവന്ന് അവളെ പ്രാകുകേം ചെയ്തിരുന്നു.
''എന്നതാടീ  വാവടുത്ത പശൂനെപ്പോലെ മദിക്കുന്നേ?''

അയാള്‍ ഒന്നും മിണ്ടാതെ വലിഞ്ഞുകളയും. അവളു പിന്നേം വഴക്കു കേട്ടു കാണും. പിന്നെപ്പിന്നെ അയാളടുക്കളയില്‍ വരുമ്പോഴേ അവള്‍ പേടിച്ച് പിന്‍വരാന്തയിലേക്ക് എന്തേലുമെടുക്കാനെന്ന ഭാവത്തില്‍ ഇറങ്ങിപ്പോവാന്‍ തുടങ്ങി.
കിണറ്റുവക്കില്‍നിന്ന് കുളിച്ചു കേറുമ്പോള്‍ ചിലപ്പോഴൊക്കെ അവളെ നേര്‍ക്കുനേരെ കാണും.  വഴിയൊഴിഞ്ഞു തരുമ്പോള്‍ അവളെ നോക്കാതിരിക്കാന്‍ അയാള്‍ തോര്‍ത്തുകൊണ്ട് തലയും മുഖവും പിന്നെയും പിന്നെയും  അമര്‍ത്തിത്തോര്‍ത്തും. അവള്‍ അപ്പന്‍ പിടിച്ചോണ്ടു വന്ന മീന്‍ അലക്കു കല്ലേലൊരച്ച് ചെതുമ്പലു കളയാനുള്ള പോക്കായിരിക്കും. വെട്ടിയെടുക്കാന്‍ പാടുള്ള, മുള്ളു കുത്തിക്കയറുന്ന മീന്‍. പെണ്ണുങ്ങളുടെ കടവിനു മേലെയുള്ള പാറപ്പുറത്ത് കുത്തിയിരുന്നു ചൂണ്ടയിട്ടു പിടിച്ചോണ്ടു വരുന്നത്. 
കെളവന്മാര്‍ക്ക് ഇവിടെത്തന്നെയിരുന്ന് മീന്‍ പിടിക്കണമാരിക്കും - പണി കയറി കുളിക്കാനിറങ്ങിയ ഏതേലും പെണ്ണ് ഉറക്കെപ്പറയുന്നു. 
''പിടിച്ചോട്ടെടീ, ഇനി അതൊക്കെയല്ലേ അവുത്തുങ്ങളെക്കൊണ്ട് പറ്റത്തൊള്ളു.''
വേറൊരുത്തി സഹതപിക്കും. കൂട്ടച്ചിരി ഉയരും. അവളുമാരെന്നാത്തിനാ ഇത്രേം ചിരിക്കുന്നേ? പല്ലില്ലാത്ത മോണയില്‍ പുകയിലച്ചണ്ടിയമര്‍ത്തി ആരേലും സംശയിക്കും. അതിനെടേല്‍ ചൂണ്ടയില്‍ കനത്തൊരു കൊത്ത്. ഒരു പ്രാണപ്പിടച്ചില്‍. പെണ്ണുങ്ങളുടെമേല്‍ ഇരുട്ടു വന്നുവീഴുന്നു, ഉടല്‍വടിവുകള്‍ തെളിയാതാവും. തോര്‍ത്തിന്റെ വെണ്മ മാത്രം. 

''ഞാനങ്ങു പോട്ടെ.''
മീന്‍ കിട്ടിയയാള്‍ എണീക്കുന്നു.
''അല്ലേലും  ഇനി എന്നാത്തിനാ ഇരിക്കുന്നേ, ഇരുട്ടായില്ലേ, നാളെയാട്ടെ.''
എല്ലാവരും എണീറ്റു പിന്നാലെ പോകും. കടവില്‍നിന്ന് പെണ്ണുങ്ങള്‍ കേറിവരുന്ന വഴിയും വയസ്സന്മാരുടെ വഴിയും താഴെ ഒന്നാവും. രണ്ടു കൂട്ടരും രണ്ടു തരം വര്‍ത്തമാനങ്ങള്‍ പറയുന്നു. അതിനെടേല്‍ ഒരുത്തി ചോദിക്കും: 
''എന്നാ മീനാ കിട്ടിയേ?''
ആറ്റുവാളയെന്നോ മഞ്ഞക്കൂരിയെന്നോ മറുപടി.
''ആഹാ, കോളടിച്ചല്ലോ, കേട്ടോടി മത്തായിച്ചേട്ടനിന്ന് അത്താഴത്തിന് ആറ്റുവാള വറുത്തതും തല മുളകിട്ടതുമായിരിക്കും, പാവം തെറുതിച്ചേട്ടത്തിക്ക് കിടക്കപ്പൊറുതി കൊടുത്തേച്ചാല്‍ മതിയാരുന്നു.''
പെണ്ണുങ്ങള്‍ ഒരു നാണവുമില്ലാതെ തരിപ്പിക്കുന്ന വര്‍ത്തമാനം പറയുന്നു. ആരുടേം മുഖം മനസ്സിലാവില്ല. മേത്തുനിന്ന് കുളിസോപ്പിന്റെ, കയ്യില്‍ കോര്‍ത്തിട്ട തുണികളില്‍നിന്ന് ബാര്‍സോപ്പിന്റെ നനഞ്ഞ മണം. മൂക്കുവിടര്‍ത്തിയാ ഈറന്‍മണം ആവോളം നുകര്‍ന്നുള്ള ഇത്തിരി ദൂരനടത്തം. പെണ്ണുങ്ങളും വയസ്സന്മാരും പല പല വീടുകളിലേക്ക്  കൊത്തുകല്ലുകള്‍ കേറി മറയുന്നു. 
പിന്നാമ്പുറത്ത് ചെന്ന് അപ്പന്‍ വിളിച്ചു പറയും:

''കൊച്ചേ മീനൊണ്ട്, പൂച്ചേം പട്ടീം വന്നു തട്ടാണ്ടു നോക്കിക്കോണം''
വേദപുസ്തകത്തിലു പറേന്ന കണക്കിന് ഈശോയെപ്പോലെ  ആയകാലത്ത് മനുഷ്യനെ പിടിക്കാനൊക്കെ പോയി, കുറെക്കാലം ജയിലിലും കെടന്നു തിരിച്ചുവന്ന അപ്പനിപ്പോള്‍ വൈകുന്നേരത്തെ ആ മീന്‍പിടുത്തമാണ് ഒരേയൊരാനന്ദം.
അവള്‍ ഉള്ളില്‍ പ്രാകുന്നുണ്ടാകും. ഇന്നും കെളവനു മീന്‍ കിട്ടി. എന്നും കിട്ടുന്നു. എന്റെ കയ്യു കുത്തിക്കീറാനായിട്ട്.
എന്നാലും ചിരിച്ചോണ്ടുവന്ന് വാങ്ങിച്ച്  ചട്ടീലിട്ട്  വല്യ പലകകൊണ്ടു മൂടുന്നു. ഇനിയതു വെട്ടിമുറിച്ച് കറിയാക്കണം, വറുക്കണം. അതിനുള്ള ഓട്ടത്തിനിടയിലാവണം അയാളവളെ കാണുന്നത്.
എല്ലാം കഴിഞ്ഞ് അവള്‍ അത്താഴം വിളമ്പിത്തരാനടുത്തു വന്നാല്‍ വിയര്‍പ്പു മണക്കും.
''നീ കുളിച്ചില്ലേടി?''
അയാള്‍ മൂക്കു ചുളിക്കുന്നതു കണ്ട് അമ്മ കൊന്തയുമുരുട്ടിക്കൊണ്ട് ചോദിക്കുന്നു. 
''ഇതൂടെ കഴിയട്ടേമ്മേ.''

അവളുടെ മെലിഞ്ഞ ശബ്ദം. എല്ലാരും ഉണ്ടെണീറ്റാല്‍ ബാക്കിവന്നത് പശൂനും പന്നിക്കും മനുഷ്യനുമൊക്കെ വേര്‍തിരിച്ച്  ഒഴിവാക്കി പാത്രം മെഴുക്കണം, അടുക്കള അടിച്ചുവാരണം. എല്ലാം കഴിഞ്ഞ് ഐസുപോലത്തെ വെള്ളത്തില്‍ കുളിച്ച് ചട്ടേം മുണ്ടും മാറ്റി അവളു മുറീക്കേറുന്നതിനു മുന്നേ അയാളുറക്കം പിടിക്കും. നനഞ്ഞ മുടി പിടിച്ചു നെറുകയിലേക്ക് കെട്ടി അവളടുത്തു വന്നു കിടക്കും. കനത്ത മുടിക്കെട്ടില്‍നിന്ന് കനപ്പു മണം പൊങ്ങും. അതഴിച്ചിട്ട് ഒണക്ക് - അയാള്‍ക്ക് പറയാന്‍ തോന്നിയാലും മിണ്ടില്ല. ഉറക്കത്തിനിടയില്‍ ചട്ടക്കകത്തെ മുലകള്‍ മേലു തട്ടും, കൈകളോ കാലുകളോ പരസ്പരം തൊടും. അപ്പോഴൊക്കെ അയാള്‍ക്കൊപ്പം അയാളുടെ ശരീരവുമുണരും. പിന്നെയും വലിയും. തനിക്കു മക്കളുണ്ടാവില്ലായിരിക്കുമെന്ന ചിന്ത അയാളെ ഭയപ്പെടുത്തി, അവളുടടുത്ത് ഇനിയൊരു പരീക്ഷണം നടത്താന്‍പോലും പേടിച്ചു.
രാവിലെ അവളു നേരത്തെ എണീറ്റു പൊയ്ക്കൊള്ളും. പശൂനെ കറക്കണം. പാലു പല പാത്രങ്ങളില്‍ അളവൊപ്പിച്ച് നിറയ്ക്കണം. വെള്ളനിറം മാറാത്ത കാപ്പി കുടിച്ചിട്ട് അയാളും പറമ്പിലെ പണിക്കിറങ്ങുന്നു. വൈകുന്നേരം തോട്ടിലു പോയൊന്നു മുങ്ങിയേച്ച് ഉടുപ്പും മാറ്റി സൈക്കിളുമുരുട്ടി അയാളു പുറത്തിറങ്ങും.  വെളക്കെടുപ്പ്, പെരുന്നാളുകള്‍, ഉത്സവങ്ങള്‍, തമുക്കു നേര്‍ച്ച, പിണ്ടിപ്പെരുന്നാള്, അത്താഴമൂട്ട്... അയാള്‍ എത്രയെത്ര ദൂരമാണു സൈക്കിള്‍ ചവിട്ടുക.

പള്ളിപ്പറമ്പിലോ അമ്പലമുറ്റത്തോ സെറ്റുകൂടി തോന്ന്യാസങ്ങള്‍ പറഞ്ഞു നില്‍ക്കുന്നതിനിടയില്‍ അയാള്‍ ആരുമറിയാതെ ഇരുട്ടിലേക്കു നൂഴും. ഉരുണ്ട പെണ്‍കയ്യിലെ വളകള്‍  ദേഹത്തു പോറലേല്പിക്കും. ശ്വാസത്തിന് റോജാ പാക്കിന്റെ നനുത്ത എരിവ്. ചുണ്ടുകള്‍ക്ക് മഞ്ഞിന്റെ തണുപ്പ്. ഒച്ചകള്‍ക്കും വെളിച്ചങ്ങള്‍ക്കുമകലെയല്ലാതെ, ആരെങ്കിലും വരുമെന്നും കണ്ടുപിടിക്കുമെന്നുമുള്ള ഭീതിയോടെ അയാളവളെ മരവിച്ച ഉമ്മകള്‍ കൊണ്ടുണര്‍ത്താന്‍ നോക്കും. ആരാണിവള്‍? കൈവിരലുകള്‍കൊണ്ട് മുഖത്തിന്റെ വടിവുകള്‍ അളക്കാന്‍ നോക്കുന്നു. വിരല്‍, നീളമുള്ള മൂക്കിലെ  മൂക്കുത്തിയരികുകളില്‍ തടയുന്നുണ്ടോ? തടിച്ച ചുണ്ടുകള്‍, ചതുരമുഖം.  വിളക്കുമെടുത്തു തൂണിനടുത്തു നിന്നിരുന്ന ആ പെണ്ണായിരിക്കുമോ? അയാളുടെ വിരലുകള്‍ അവള്‍ ദേഷ്യത്തോടെ പിടിച്ചുമാറ്റും.

''വേഗം. ആരേലും വരുന്നേനു മുന്നേ വേഗം തീര്‍ക്ക്.''
അയാള്‍  തണുത്തുറഞ്ഞു പോകും. ഒന്നും തീരില്ല. ക്ഷമ നശിച്ച് എണീറ്റു പോകുമ്പോള്‍ അവള്‍ അയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ കയ്യിടുന്നു. അയാള്‍ നിശ്ചലനായി നോക്കിയിരിക്കും. പിന്നെ കൂടെ വന്നവരോടൊന്നും പറയാതെ തിരികെ സൈക്കിള്‍ ആഞ്ഞു ചവിട്ടും. ചിലപ്പോള്‍ കണ്ണു നിറഞ്ഞിട്ട് കാഴ്ച മങ്ങും, ഒറ്റക്കൈകൊണ്ട് ഹാന്‍ഡില്‍ പിടിച്ച് പുറങ്കൈകൊണ്ട് കണ്ണുനീര്‍ തുടച്ചു തെറിപ്പിക്കും. റബ്ബര്‍ മരങ്ങളും രാത്രിയും ചേര്‍ത്തുണ്ടാക്കിയ  കനത്ത ഇരുട്ടില്‍ വഴി ചേറുപിടിച്ച പോലെ കുഴയുന്നു. എത്ര ചവിട്ടിയാലും മുന്നോട്ടു നീങ്ങാത്തപോലെ. ഒരിക്കലും വീട്ടിലെത്തണ്ടായിരുന്നു, അയാള്‍ക്ക് കൊതി തോന്നും. 

എതിരെനിന്നു വരുന്ന ഏതെങ്കിലും വെളിച്ചം അയാളെ ചീത്ത പറയുന്നു. ചിലപ്പോള്‍ ചെവി പൊട്ടിക്കുന്ന തെറി. റോഡിന്റെ നടുക്കായിരുന്നു താനെന്നു ഞെട്ടലോടെ തിരിച്ചറിഞ്ഞ് അയാള്‍ വഴിയരികിലേക്കൊതുങ്ങി മുന്നോട്ടുനീങ്ങാത്ത  സൈക്കിള്‍ പിന്നെയും ചവിട്ടും. 
അത്തരം രാത്രികളിലും വരാന്തയിലൊരു മങ്ങിയ വെളിച്ചം അയാളുടെ വരവു കാത്തു കെടാതിരിക്കുന്നുണ്ട്. നടുമുറിയിലേക്ക് കേറാനുള്ള വാതില്‍ തഴുതിട്ടിട്ടുണ്ടാവില്ല, അമര്‍ത്തിച്ചാരിയിട്ടേയുള്ളു. പക്ഷേ, മുറിക്കകത്ത് ചെല്ലുമ്പോള്‍ അവളുടെ ഉറങ്ങാത്ത കണ്ണുകള്‍ അയാളെ ഭയപ്പെടുത്തും. അതുകൊണ്ടയാള്‍ അകത്തു കേറുന്നില്ല. ഊണുമേശയിലെ തണുത്തുറഞ്ഞ അത്താഴത്തെയും ചൂടുള്ള പാതിക്കിടക്കയെയും മറന്ന് അയാള്‍ ചായിപ്പിലെ പത്തായപ്പുറത്ത് ഉടുമുണ്ടു പുതച്ചു കിടക്കുന്നു. രാവിലെ അപ്പനുമമ്മയുമുണരും മുന്‍പ്, പക്ഷേ, അവളെണീറ്റു പോയിക്കഴിഞ്ഞ് അകത്തു കയറണം. എന്നിട്ടും  ഉടഞ്ഞ ഉടുപ്പുകളുമായി പതുങ്ങിച്ചെല്ലുമ്പോള്‍ പരസ്പരം കൂട്ടിയിടിക്കുന്നത്ര അടുത്ത് അവളെ കണ്ടുപോവുന്നു. അയാളുടെ വെപ്രാളം അവളെ അമ്പരപ്പിക്കും. അയാളൊന്നും പറയാതെ മെത്തയില്‍ കമിഴ്ന്നു കിടക്കുന്നു. അവളുടെ ചൂട്, മുടിക്കെട്ടിലെ കനച്ച എണ്ണയുടെ മണം, അയാള്‍ക്കു പൊള്ളും. ഇടങ്കണ്ണിട്ട് അവള്‍ പോയില്ലേയെന്ന് അയാള്‍ നോക്കുന്നത് അവള്‍ സഹതാപത്തോടെ കണ്ടുനില്‍ക്കുന്നു.

ഉത്സവങ്ങളും പെരുന്നാളുമില്ലാത്ത ഒരു രാത്രി അത്താഴം വിളമ്പാന്‍ അവളെ കണ്ടില്ല. അമ്മ വിളമ്പിയ ആറ്റുവാളക്കറിക്ക് ഉളുമ്പു ചുവച്ചു. എരീം പുളീം പിടിച്ചിട്ടില്ലെന്ന് അയാള്‍ മുഖം ചുളിച്ചപ്പോള്‍ അമ്മ പറഞ്ഞു:
''അവളു കെടപ്പാ. ഞാനൊറ്റക്കെന്നാ ചെയ്യാനാ? അങ്ങേരിന്നും പിടിച്ചോണ്ടു വന്നേക്കുന്നു ആറ്റുവാളയെ.''
അയാള്‍ക്കൊന്നും മനസ്സിലായില്ല. അവള്‍ക്കെന്താണു പറ്റിയത്? അമ്മയോട് പക്ഷേ, ചോദിക്കാന്‍ മടിച്ചു. അടുത്തിരുന്ന് അമ്മ പിന്നെയും പതം പറയാന്‍ തുടങ്ങി.
''ഇങ്ങനായാല്‍ ഇവിടുത്തെ കാര്യങ്ങളു മൊത്തം അവതാളത്തിലാവത്തില്ലേ ?
അല്ലേലും ഒന്നാം മാസം തൊട്ടേ കേറിക്കിടന്നാല്‍ പേറു കുഴങ്ങും, മേലിളകി പണിയെടുത്തോണ്ടിരുന്നാല്  ശറോന്ന് കാര്യം കഴിയും, എന്റെ അമ്മായമ്മ ഒരു നേരം അടങ്ങിയിരിക്കാന്‍ സമ്മതിക്കുകേലാരുന്നു. ഇങ്ങേരാന്നേ നാടു നന്നാക്കി നടക്കുവല്ലേ.
 എന്തോരം കഷ്ടപ്പെട്ടേക്കുന്നു ഞാന്‍. പക്ഷേ, അതിന്റെ കൊണം  ഈറ്റുമുറീലറിഞ്ഞു.''
അയാള്‍ക്ക് എന്നിട്ടും ഒന്നും പിടികിട്ടിയില്ല.

''എന്നതാടാ കണ്ണു മിഴിക്കുന്നേ? നാളെയാ കോന്നക്കണിയാന്റടുത്തു ചെല്ല്. അങ്ങേരുടെ വില്വാദിക്കഷായമങ്ങു ചെന്നാ മതി പിടിച്ചുകെട്ടിയപോലെ ശര്‍ദ്ദി നിക്കും. നീ വയറ്റിലൊള്ളപ്പം എന്നാ ഏനക്കേടാരുന്നു എനിക്ക്,  അന്നും കോന്നക്കണിയാര് ടെ  വില്വാദിയാ കുടിച്ചേ.''
അയാള്‍ അമ്പരന്നു. ചോറ് പാത്രത്തില്‍ കല്ലിച്ചു കിടന്നു. വിളറിയ മീന്‍കറി ചോറിനു മീതെ  പിന്നെയും വിളറി. അയാള്‍ക്ക് ഛര്‍ദ്ദിക്കണമെന്നു തോന്നി, വായില്‍ പിത്തരസമൂറിക്കൂടി. അപ്പന്റെ കഞ്ഞിപ്പാത്രവുമായി അടുക്കളയില്‍നിന്നു വന്ന അമ്മ പരിഹസിച്ചു:
''ഇപ്പം നെനക്കാണോ അവക്കാണോ കെര്‍പ്പം?''

അയാള്‍ കണ്ണിലും ഉപ്പുരസമറിഞ്ഞു. ഒന്നും പറയാതെ എണീറ്റുപോയി കിണറ്റിനരികില്‍ച്ചെന്ന് കൈകഴുകി. ഇനി എങ്ങോട്ടു പോകണമെന്നറിയാതെ പകച്ചു. മുറിയിലേക്കു പോകാന്‍ അയാള്‍ക്കു പേടിയായി. അവളോടെന്താണു ചോദിക്കേണ്ടത്? അതാരുടേതാണെന്നോ? ചരിഞ്ഞുകിടക്കുന്ന അവളുടെ മുടിക്കെട്ടില്‍ പിടിച്ചുലച്ച് നിലത്തു തള്ളിയിട്ടു ചവിട്ടണം. ആരുടേതാണാ വിത്ത്? എന്റേതല്ല, പിന്നെ ആരുടേതാണ്? അപ്പനുമമ്മയും കേക്കട്ടെ. എല്ലാരുമറിയട്ടെ. എനിക്കവളെ വേണ്ട. കട്ടുതിന്നുന്നവള്‍. കട്ടുതിന്നു വയറു വീര്‍പ്പിച്ചവള്‍. അയാള്‍ ഞെട്ടിത്തരിച്ചു. തനിക്കതു പറയാനാവില്ല, ഒന്നുമാരുമറിയാതിരിക്കട്ടെ. പക്ഷേ, അതാരുടേതെന്നു തനിക്കറിയണം.  
പറമ്പിലെമ്പാടും നക്ഷത്രങ്ങള്‍പോലെ മിന്നാമിനുങ്ങുകള്‍ തിളങ്ങി. അവള്‍ എന്തായിരിക്കും മറുപടി പറയുക? തന്റെ മുഖത്തവള്‍ ഇനിയെങ്ങനെ നോക്കും? എത്രയോ കാലമായി തങ്ങള്‍ പരസ്പരം മുഖത്തു നോക്കാറില്ലെന്നത് അയാളപ്പോഴോര്‍ത്തേയില്ല. കിണറ്റുവക്കില്‍ പിടിച്ച് അയാള്‍ താഴത്തേക്കു നോക്കി. ഒരു പാതിച്ചന്ദ്രന്‍ കിണറ്റിനകത്തു മങ്ങിക്കിടന്നു. അയാള്‍ക്ക് അവളെ കൊല്ലണമെന്നു തോന്നി, അത്രയും തന്നെ സ്വയം ചാവണമെന്നും.

അയാള്‍ പുറത്തുള്ളതറിയാതെ വാതിലടഞ്ഞു. വിളക്കുകള്‍ കെട്ടു... ആ രാത്രി മുഴുവന്‍ കിണറുപടി ചാരി മഞ്ഞിലും കാറ്റിലും അയാള്‍ മരവിച്ചു നിന്നു. ആ നില്‍പ്പിലയാള്‍ പൂര്‍ണ്ണ ഗര്‍ഭിണിയായി തന്റെ വീട്ടിലെത്തുന്ന സ്ത്രീയെ പിന്നെയും സ്വപ്നം കണ്ടു. ഇത്തവണ ആ പെണ്ണിന് അവളുടെ ഛായയായിരുന്നു. അവള്‍ ഇടങ്കൈകൊണ്ട് വലിയ വയറും താങ്ങി മറുകൈ കൊണ്ട് സ്വന്തം തലയ്ക്കടിച്ച് അയാള്‍ക്കു നേരെ എന്തെല്ലാമോ ആക്രോശിച്ചു, ശപിച്ചു.
അയാള്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്നാശ്വസിച്ചു,
ചുമ്മാ, അതൊന്നും ആയിരിക്കില്ല. അവളെങ്ങനെ ഗര്‍ഭിണിയാവാനാണ്? അമ്മ തെറ്റിദ്ധരിച്ചതാണ്. വെറും ദഹനക്കേട്. പുഴമീനിന്റെ തല കറിവെച്ചത് വലിച്ചു വാരിത്തിന്നു കാണും.

പക്ഷേ, പുലര്‍ച്ചെ വാതില്‍ തുറന്ന് അവള്‍ കിണറുവക്കിനടുത്തേക്കുതന്നെ ഓടിവന്നു, വാഴക്കൂട്ടത്തിനരികില്‍ കുത്തിയിരുന്ന് ഉറക്കെ ഓക്കാനിച്ചു.  വെള്ളം കോരി മുഖവും വായും കഴുകി. തളര്‍ന്നൊരു മാത്ര നിന്നിട്ട് തൊഴുത്തിലേക്ക് തിരിഞ്ഞു നടന്നു.  അവള്‍ തൊട്ടടുത്ത് കിണറിന്റെ തൂണുമറക്കപ്പുറത്തു നിന്ന അയാളെ കണ്ടതേയില്ല. അയാള്‍ തളര്‍ച്ചയോടെ വീട്ടിലേക്കു കേറിച്ചെന്നു. പാതിയുറങ്ങിക്കിടക്കുന്ന ഒരുപാതി മാത്രം ഉണര്‍ന്ന വീട്. അവള്‍ പുറത്താണ്. അടുക്കളവാതില്‍ അമര്‍ത്തിയടച്ച് അവളെ എന്നേക്കുമായി പുറത്താക്കാന്‍ അയാള്‍ കൊതിച്ചു. പക്ഷേ, ഒന്നുമുണ്ടായില്ല. അവള്‍ പാലും കറന്ന് കേറിവന്നു. അടുക്കളയിലതു മൂടിവെച്ച് ഇടനാഴിയിലിട്ട പലകക്കട്ടിലില്‍ ചരിഞ്ഞുകിടന്നു. അമ്മ പ്രാകിക്കൊണ്ടു പാലളന്നു പല പാത്രങ്ങളിലാക്കി, വാട്ടവെള്ളം പോലത്തെ കാപ്പിയിട്ട് അയാള്‍ക്കും അപ്പനും കൊടുത്തു. ഒണക്കുകപ്പ തെകത്തി വെള്ളമൂറ്റിയേച്ച് അരക്കാനൊന്നും എനിക്കു പറ്റുകേലെന്ന് നടു തിരുമ്മി അവര്‍ക്കു വിളമ്പി. മേലെ ചിരവിയ തേങ്ങ വിതറി. വെളുത്ത കപ്പയ്ക്കുമേലെ അതിലും വെളുത്ത തേങ്ങാപ്പീര. അയാള്‍ക്കവളുടെ വിളറിയ മുഖമോര്‍മ്മ വന്നു. പാദത്തിനടിയില്‍നിന്നൊരു വിറയല്‍ അയാളെയാകെയുലച്ചു.
''തിന്നിട്ടു പോടാ, എന്നിട്ട് പോയി കഷായോം വാങ്ങിച്ചോണ്ടു വാ.''

അയാള്‍ അതു മുഴുവന്‍ ഒന്നും മിണ്ടാതെ തിന്നു തീര്‍ത്തു. അമ്മ പലതവണ ഓര്‍മ്മിപ്പിച്ചിട്ടും പക്ഷേ, ഒരിക്കലും കണിയാരുടടുത്ത് കഷായത്തിനു പോയില്ല. അവള്‍ ആദ്യത്തെ അവശതകള്‍ക്കുശേഷം പിന്നെ എണീക്കുകയും വീട്ടിലെ ജോലികള്‍ അമാന്തത്തിലെങ്കിലും ചെയ്തു തീര്‍ക്കുകയും ചെയ്തു. അവളുടെ വയര്‍ ഉന്തിവരുന്നത് അയാളെ മാത്രം അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു. ഇന്നു ഞാനതു ചോദിക്കും, ഓരോ തവണയും അവളെ കാണുമ്പോഴൊക്കെ അയാളുറപ്പിച്ചു. പക്ഷേ, കുരുമുളകും അടയ്ക്കയുമൊക്കെ കെട്ടിവെയ്ക്കുന്ന പുറം മുറിയിലേക്ക് കിടപ്പുമാറ്റിയതുകൊണ്ട് അവളെ വീട്ടിലാരുമറിയാതെ ചോദ്യം ചെയ്യുക പ്രയാസമായിരുന്നു.
ആ മുറി അവളെക്കൊണ്ടു വൃത്തിയാക്കിക്കുമ്പോള്‍ അമ്മ അയാള്‍ കൂടി കേക്കാന്‍ വേണ്ടി ഉറക്കെപ്പറഞ്ഞു:
''ഇച്ചിരെ ആശയടക്കവൊക്കെ വേണ്ട കാലവാ. മുട്ടിപ്പായി പ്രാര്‍ത്ഥിച്ചിട്ടു കര്‍ത്താവു തന്നതാ, ശേലുകേടു കാട്ടി കലക്കിക്കളയരുത്.''
കുരുമുളകു ചാക്കുകള്‍ കട്ടിലിനടിയിലേക്ക് തള്ളിനീക്കുന്നതിനിടയില്‍ പണിക്കാരിപ്പെണ്ണ് ഉറക്കെച്ചിരിച്ചു.
അതിനുശേഷം അവളുടെ  മുറിയിലേക്ക് പോകുന്നത് ഓര്‍ക്കാന്‍ കൂടി വയ്യായിരുന്നു.  ദിവസം ചെല്ലുംതോറും അവളൊരു വലിയ വയറു മാത്രമാവുന്നത് അയാള്‍ കണ്ടു. അവളെക്കുറിച്ചെന്തെങ്കിലുമോര്‍ക്കുമ്പോഴൊക്കെ അസാധാരണമായുന്തിയ ആ വയറുമാത്രം മുഴച്ചു വരാന്‍ തുടങ്ങി. അവളുടെ മുഖം പിന്നെയുമയാള്‍ മറന്നു.  

പ്രസവത്തിനവള്‍ സ്വന്തം വീട്ടിലേക്കു പോകുമല്ലോ, അവിടെച്ചെന്ന് ആ വീട്ടുകാരുടെ മുന്നില്‍ വെച്ച് അവളുടെ കള്ളത്തരം പൊളിക്കാമെന്നയാളുറപ്പിച്ചു. പിന്നെ ഒരിക്കലുമവളെ തിരിച്ചുവിളിക്കയുമില്ല. ആ പിശാചിന്റെ സന്തതിയുമൊത്ത് എന്നേയ്ക്കുമായി അവളവിടെ കഴിയട്ടെ. പക്ഷേ, ആ വീട്ടില്‍  പെറ്റമ്മയില്ലാത്തതുകൊണ്ട് അവളെ പേറിനു വിടുന്ന കാര്യം തീരുമാനമാകാതെ നീണ്ടു.  ഒടുവില്‍ നാത്തൂന്‍ പോരും സഹിച്ച് അവളവിടെക്കെടന്നു പെറണ്ടെന്നു അമ്മ തീര്‍പ്പു കല്പിച്ചു. വിളിക്കാന്‍ വന്ന ആങ്ങളേം നാത്തൂനും മുഖം കറുപ്പിച്ച് ഇറങ്ങിപ്പോയി. അയാള്‍ അവരുടെ പുറകേ ചെന്നു, ഇപ്പഴെങ്കിലും പറയണം, ഇവരെങ്കിലും അറിയണം. നിരത്തു വക്കില്‍നിന്ന് അളിയന്‍, തിരക്കിട്ടു നടന്നതുകൊണ്ട് വല്ലാതെ കിതയ്ക്കുന്ന അയാളുടെ കയ്യില്‍പ്പിടിച്ചു പറഞ്ഞു:
''ഞങ്ങക്കു നല്ല മനസ്താപമൊണ്ടളിയാ, എന്നാലും ഒരു കണക്കിനു തെറുതിച്ചേടത്തി പറഞ്ഞതാ കാര്യം. ഇവളങ്ങു വന്നാലു് ആരാ അവടെ കാര്യം നോക്കാന് ?  അവിടെ ഇഞ്ചി നടുന്ന സമയോം. ഞങ്ങളു പൊരേം അടച്ച് രാവിലെ ഇറങ്ങിയാ സന്ധ്യക്കു വെളക്കു കത്തിക്കണ സമയത്താ തിരിച്ചു കേറുന്നേ. കഞ്ഞീം കറീമൊക്കെ പറമ്പിലു തന്നെ വെച്ചൊണ്ടാക്കി കഴിക്കലാ, അതിന്റെടേലു ഇവളങ്ങു വന്നാ കുഴങ്ങും,  ഇവിടാകുമ്പം അമ്മായച്ചനും  അമ്മായമ്മേം മാപ്പിളേം ഒണ്ടല്ലോ നോക്കാന്. പേറ്റയിച്ചേച്ചാല്‍ മതി. ഇല്യോടി റാഹേലേ.''
കുടചൂടി നിന്ന റാഹേല്‍ കനത്തില്‍ ചിരിച്ചെന്നു വരുത്തി.

കുടയും ചൂടിത്തന്നെ  അവര്‍ അപ്പോള്‍ വന്ന ബസിന്റെ വാതില്‍ക്കലേക്ക് ഉരുണ്ടുപോവുകയും കുട മടക്കാനും ചെറുതാക്കാനുമാവാത്ത ബദ്ധപ്പാടു നിറഞ്ഞ ചില നിമിഷങ്ങള്‍ക്കുശേഷം ബസിനുള്ളില്‍ പ്രത്യക്ഷരാവുകയും ചെയ്തു. അയാള്‍ പിന്നാലെ ചെന്നതോ പറയാന്‍ ശ്രമിച്ചതോ ഒന്നുമറിയാതെ അവരയാളെക്കടന്ന് വളരെ വേഗം മറഞ്ഞു. 
തിരിച്ചുവന്ന് വീട്ടിലെ അരപ്ലേസില്‍ തലയും കുമ്പിട്ടിരിക്കുമ്പോള്‍ അമ്മ അയാള്‍ക്കു മുന്നില്‍ എന്തെല്ലാമോ പലഹാരങ്ങള്‍ നിരത്തി. കറുത്തത്, ചുവന്നത്, മിനുസമുളളത്, പരുപരുത്തത്. അയാള്‍ ഒന്നും തൊട്ടുപോലും നോക്കിയില്ല. 
''തിന്നെടാ. പെമ്പിളവീട്ടീന്നു കെട്ടിച്ചുമന്നു കൊണ്ടുവന്നതാ, ഒമ്പതാം മാസവാ, ഒമ്പതു കൂട്ടം പലഹാരം വേണം, കൊണ്ടുവന്നത് ഏഴ്. അതും  എങ്ങാണ്ടു കടേന്ന് മേടിച്ചോണ്ടു വന്നത്.  അവലോസുണ്ട കടിച്ചാ പൊട്ടത്തില്ല , ചീപ്പപ്പം കനച്ചത്, വട്ടേപ്പത്തിനു മധുരോമില്ല.''
അയാള്‍ മിണ്ടാതിരുന്നപ്പോള്‍ അമ്മ പിന്നെയും പറയാന്‍ തുടങ്ങി.

''പണ്ട് എന്നെ പേറിനു വിളിക്കാന്‍ എന്റെ വീട്ടുകാര് ഒരു വണ്ടി നെറച്ചും പലഹാരോമായിട്ടാ വന്നത്. വീട്ടിലൊണ്ടാക്കിയത്. തിന്നിട്ടും തിന്നിട്ടും തീരാതെ  ഭരണീലും നെലവറേലും സൂക്ഷിച്ചിട്ടും തീരാതെ പിന്നെ അയലോക്കത്തൊക്കെ കൊടുത്തുവിടുവാരുന്നു. ഓര്‍മ്മയില്ലേ മനുഷ്യാ.''
അപ്പന്‍ ഉറക്കെച്ചിരിച്ച് അതൊക്കെ ശരിവെച്ചുകൊണ്ട്. 

''ഇച്ചിരെ അലുവ താടീ''യെന്ന് അമ്മയുടെ കനിവിനു കാത്തു. പ്രമേഹം വന്നതിനുശേഷം അപ്പനു മധുരമൊന്നും കിട്ടുന്നില്ലായിരുന്നു. അലുവയുടെ നെയ്മണമുള്ള മധുരത്തിനു വേണ്ടി അങ്ങേരെന്തും സമ്മതിക്കുമെന്നയാള്‍ക്കു തോന്നി. ആ സമയത്തൊന്നും താനാ നാട്ടില്‍പ്പോലും ഇല്ലായിരുന്നുവെന്ന് അപ്പന്‍ മറന്നു. എത്രയോ നൂറ്റാണ്ടുകളായി താനീ വരാന്തയിലെ ചാരുകസേരയില്‍ കിടക്കുകയായിരുന്നു, ജീവിതത്തിലാകെ പുറത്തിറങ്ങിയത് സന്ധ്യകളിലെ  മീന്‍പിടുത്തത്തിനു മാത്രം. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി കിട്ടാത്ത ഇത്തിരി മധുരവും. 

അപ്പന്റെ ഭാവം അയാളെ മടുപ്പിച്ചു. അപ്പനെപ്പോലാവാതിരിക്കാന്‍ എത്ര കെട്ടിപ്പൊതിഞ്ഞായിരുന്നു അമ്മ തന്നെ വളര്‍ത്തിയത്. അത്രത്തോളം അയാള്‍ അപ്പനെപ്പോലാകണമെന്ന് അന്നൊക്കെ കൊതിച്ചിരുന്നു. അയാള്‍ക്ക് നാലഞ്ചു വയസ്സാകുമ്പഴാണ് അപ്പന്‍ പുറംകറക്കങ്ങളൊക്കെ വെടിഞ്ഞ് മുടിയനായ പുത്രനെപ്പോലെ വീട്ടിലേക്ക് തിരിച്ചു വന്നത്. ഏറ്റവും കൊഴുത്ത കാളയെക്കൊന്ന് സദ്യയൊന്നുമൊരുക്കിയില്ല ആരും. വല്യപ്പന്‍ തൊട്ടതിനും പിടിച്ചതിനും  കയ്യോങ്ങിയും ഒച്ചത്തില്‍ വഴക്കുപറഞ്ഞും അപ്പനെ മെരുക്കിക്കൊണ്ടിരുന്നു. വല്യമ്മയും അമ്മയും കണ്ണീരുകൊണ്ടുമതു ചെയ്തിരിക്കണം. അയാള്‍ മാത്രം കണ്ടു, വെറുതെയിരിക്കുമ്പോഴും  ആളിക്കത്തുന്ന ഒരു തീ. അപ്പനെ ചേര്‍ന്നിരിക്കുമ്പോള്‍ അയാള്‍ക്കു മാത്രം പൊള്ളി. കൂനിപ്പിടിച്ച്  ആര്‍ത്തിയോടെ പലഹാരപ്പാത്രങ്ങളിലേക്ക് നോക്കിയിരിക്കുന്ന ഈ അപ്പനായിരുന്നില്ല  അത്.
എണ്ണ കിനിയുന്ന പലഹാരങ്ങളുടെ മണത്തെയും തോല്‍പ്പിച്ച് പരന്ന ഏതോ ജീര്‍ണ്ണഗന്ധം സഹിക്കാതായപ്പോള്‍ അയാള്‍ മിണ്ടാതെ എഴുന്നേറ്റു തോട്ടുവക്കിലോട്ടു പോയി. വെള്ളത്തില്‍ ഇരുട്ടു കലങ്ങുന്നതുവരെ അയാള്‍ വെറുതെ അതിലേക്കു നോക്കിയിരുന്നു.
മീന്‍പിടുത്തക്കാരാരും അന്നു വന്നില്ല, താഴെ കടവില്‍ പെണ്ണുങ്ങള്‍ കുളിച്ചുമാറുന്നത് അയാളൊരു ചിതറിയ ചിത്രം പോലെ കണ്ടു.
അധികം കാലം കഴിയും മുമ്പ് അവളുടെ കുഞ്ഞിനെയും കയ്യിലെടുത്ത്  പള്ളിയിലേക്ക് മാമോദീസയ്ക്കു പോവുന്ന ചെറുസംഘത്തെ അയാള്‍ക്ക് അനുഗമിക്കേണ്ടി വന്നു.  അച്ചന്‍ ആ കുഞ്ഞിന് പേരുവിളിക്കുമ്പോള്‍ അയാള്‍ അടിതൊട്ടു വിറയലാര്‍ന്നു. അതെന്റെ അപ്പന്റെ പേരാണ്, അവനെ അതു വിളിക്കരുത്. അയാള്‍ ഒച്ചയില്ലാതെ തടയാന്‍ ശ്രമിച്ചു. ആരുമതറിഞ്ഞില്ല. തിരിച്ചിറങ്ങുമ്പോള്‍ ആ ഏഴു ദിവസക്കാരനെ കയ്യില്‍ വിടര്‍ത്തിപ്പിടിച്ച് തലതൊട്ടമ്മയായതിന്റെ കനത്തോടെ  റാഹേല്‍ അയാളോടു പറഞ്ഞു:
''നോക്കിയാട്ടെ, അളിയന്റെ മുറിച്ച മുറിയാ. പത്തു മാസം ചുമന്നോണ്ടു നടന്ന ഞങ്ങള്‍ടെ പെണ്ണിന്റേത് ഒന്നും കൊച്ചിനു കിട്ടിയിട്ടില്ല. അപ്പന്‍ വീട്ടുകാര്ടെ മാത്രം ഛായ.''
അയാളതിനെ നോക്കിയതുപോലുമില്ല. കണ്ണു വിടരാതെ ചുളിഞ്ഞ തൊലിയുമായി സദാ കീറി വിളിക്കുന്ന അതൊരു കുരങ്ങന്‍  കുഞ്ഞിനെപ്പോലെയാണെന്ന്  അയാള്‍ക്ക് തോന്നി. അയാളുടെ അവഗണന കണ്ടാവണം അവളുടെ ആങ്ങള  കുറച്ചൊരു വാശിയോടെ ഒരാവശ്യവുമില്ലാതെ  അതു തന്നെ ആവര്‍ത്തിച്ചു.  

അയാള്‍ അവര്‍ക്കു മുമ്പില്‍ക്കടന്നു വലിഞ്ഞു നടന്നു.  പിന്നില്‍ കുഞ്ഞിനെയും അയാളെയും താരതമ്യപ്പെടുത്തുന്ന വര്‍ത്തമാനങ്ങള്‍ പിന്നെയും കേട്ടു. വീട്ടുമുറ്റത്തെ പന്തലില്‍ അപ്പത്തിനും  ഇറച്ചിക്കറിക്കും മുന്നിലിരുന്ന് അവളുടെ  ബന്ധുക്കള്‍ പിന്നെയുമതു അയവിറക്കി. അയാളുടെ അപ്പനുമമ്മയും ഒട്ടൊരഹന്തയോടെ തലകുലുക്കി.  അയാള്‍ക്കു ഭ്രാന്തുപിടിക്കുന്നതുപോലെ തോന്നി. ആരും കാണാതെ തോട്ടിലേക്കുള്ള കൊള്ളിറങ്ങുമ്പോള്‍ അമ്മയുടെ കനത്ത ഒച്ചയുടെ തോട്ടി അയാളെ കൊളുത്തിവലിച്ചു.
''എങ്ങോട്ടാടാ? നെന്റെ കൊച്ചിന്റെ മാമോദീസയാ കഴിഞ്ഞേ, വീടു നെറച്ച് ബന്ധുക്കാരാ. എനീം നാടുതെണ്ടലു നിര്‍ത്തിക്കോ., കൊറച്ചു കാര്യഗൗരവം കാണിക്കണ്ട പ്രായവായി, ഇങ്ങു കേറി വാ.''
അയാള്‍ ലജ്ജിതനായി തിരിച്ചു കേറിവന്നു. ആദ്യം കണ്ട മേശയ്ക്കു മുന്നില്‍ തലകുനിച്ചിരുന്നതും അയാളുടെ മുന്നില്‍ വിളമ്പുകാരന്‍ ഒരു പാത്രം കൊണ്ടുവെച്ചു.  അപ്പത്തിന്റെ വെളുവെളുത്ത തൊങ്ങലുകള്‍, കനച്ച ചോരയുടെ കരിഞ്ചുവപ്പു നിറത്തിലുള്ള കറിയുടെ നനവില്‍ കുതിര്‍ന്നു.
''തിന്നെടാ.''

ആ ഇളംശബ്ദം അന്നേരം പല കൈമാറി  അപ്പന്റെ കയ്യിലേക്കു വന്ന കുഞ്ഞിന്റേതാണെന്നു അയാള്‍ക്കു പെട്ടെന്നു തോന്നി. രോമങ്ങളെഴുന്നു നിന്നു. ഭീതിയോടെ അയാള്‍ പാത്രത്തിലേക്കു തല കുമ്പിട്ടു അതു മുഴുവന്‍ തിന്നുതീര്‍ത്തു. വായില്‍ ചോര കയ്ച്ചു.
ആ കുഞ്ഞ് അവളുടെ ഒക്കത്തുനിന്നിറങ്ങി നിലത്തു കിടന്നും നീന്തിയും വലുതാവാന്‍ തുടങ്ങി. ഇഴഞ്ഞുവന്ന് അയാളുടെ കാലില്‍ പിടിച്ചുതൂങ്ങി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. അയാള്‍ക്ക് കാലു കുടഞ്ഞ് അതിനെ തെറിപ്പിച്ചു കളയാന്‍ കാലു തരിക്കും. കാലിലേക്കു ചുരുണ്ടുകയറിയ തേരട്ടയെയെന്നോണം. പക്ഷേ, അപ്പോഴൊക്കെ അമ്മ കുനിഞ്ഞവനെയെടുത്ത് കൊഞ്ചിക്കുകയും അയാളെ ചൂണ്ടി  അപ്പാ അപ്പാ എന്നു വിളിക്കാനവനെ നിര്‍ബന്ധിക്കുകയും ചെയ്തു. എളുപ്പത്തില്‍ പറയാന്‍ പറ്റുന്ന വാക്കുകളായതുകൊണ്ടാവും അവന്‍ അമ്മയെന്നു വിളിച്ചുതുടങ്ങും മുമ്പേ അപ്പായെന്നു പറയാന്‍ തുടങ്ങി. വീട്ടിനുള്ളിലിരിക്കുമ്പോഴൊക്കെ പാല്‍പ്പതയുള്ള അപ്പാന്നുള്ള വിളി അയാളെ തേടിവന്നു. ദേഹം മുഴുവന്‍ മുലപ്പാല്‍ പുരണ്ടതുപോലെ അയാള്‍ക്കറച്ചു.

''അവനു കൊച്ചിനെയെടുക്കാനൊക്കെ അപ്പടി പേടിയാ'' എന്നു അയല്‍ക്കാരുടെയോ ബന്ധുക്കാരുടെയോ മുന്നില്‍ അമ്മ പറയുകയും അയാളുടെ മടിയിലേക്കതിനെ വെച്ചു കൊടുക്കുകയും ചെയ്യുമ്പോള്‍ അയാളുടെ കൈത്തണ്ട നിസ്സഹായതയോടെ കുഞ്ഞിനെ ചുറ്റിവളയുന്നു. ആ കൈ കുഞ്ഞിക്കഴുത്തിലേക്ക് കേറ്റി അമര്‍ത്തിച്ചുറ്റാന്‍ അയാള്‍ക്ക് വെമ്പലുണ്ടാകും. ''ജോസപ്പൂട്ടി ചെറുപ്പത്തിലിരുന്നപോലെത്തന്നെ, ഇതു കാണുമ്പം അതാ ഓര്‍മ്മ, നെറോം കണ്ണും നെറ്റീമൊക്കെ അതുതന്നെ.'' ഏതെങ്കിലുമൊരു ബന്ധുക്കാരി സ്ത്രീ തൊണ്ട വിറച്ചുകൊണ്ടു പറയും. 
കാലമെത്ര പെട്ടെന്നാ ഓടിപ്പോകുന്നേന്നു വേറൊരമ്മാമ്മ കണ്ണു തുടയ്ക്കും. അവരുടെ വര്‍ത്തമാനപ്പെരുക്കത്തില്‍ അയാളും മടിയിലിരിക്കുന്ന കുഞ്ഞും അപ്രസക്തരാവും. അതിനെ താഴെ വെയ്ക്കണോ എഴുന്നേറ്റു പോണോ എന്നൊന്നുമറിയാതെ അയാളമ്പരന്നിരിക്കുന്നു. കുഞ്ഞിനെ ചുറ്റിയ കൈ അയയ്ക്കാനാവാതെ, കൂടുതല്‍ മുറുക്കാനുമാവാതെ. കുറച്ച് നേരത്തിനുശേഷം അത് അയാളുടെ മടിയില്‍ ഉറപ്പായും മൂത്രമൊഴിക്കും, ഇളംചൂടുള്ള പാല്‍മണമുള്ള മൂത്രം. അവര്‍ക്ക് കാപ്പിയും പലഹാരങ്ങളും വിളമ്പാന്‍ വന്ന അവള്‍ അയാളുടെ അസ്വസ്ഥത കണ്ട് വേഗം വന്ന് കുഞ്ഞിനെ എടുക്കുന്നു. അവള്‍ പേറു കഴിഞ്ഞ് ഒന്നു നന്നായിട്ടൊണ്ട്. ചേര്‍ന്നുനിന്ന് കുഞ്ഞിനെ വാങ്ങുമ്പോള്‍ കൈകളില്‍ മുലകള്‍ മുട്ടും. അവളെയിപ്പോള്‍ വിയര്‍പ്പു മണമല്ല, കനപ്പു മണവുമല്ല. പാലിന്റെ നനുനനുത്ത മണം. അയാള്‍ക്കു വല്ലാതാവും. മൂത്രം നനഞ്ഞ ഉടുമുണ്ടുമായി അയാള്‍ കുളിപ്പുരയിലേക്കു  പോകും. ഏറെ നേരം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോഴാണ് മൂത്രം കഴുകിക്കളയാന്‍ മറന്നുവെന്നോര്‍ക്കുക.

കുരിശുവരക്കാനിരിക്കുമ്പോഴൊക്കെ ആ കുഞ്ഞ് അയാളുടെ മടിത്തട്ടിലേക്കു നുഴഞ്ഞുകയറി. മുട്ടുങ്കാലില്‍നിന്ന് അതിനെ ഒഴിവാക്കാന്‍ നോക്കുമ്പോള്‍ ദേഹത്തു ചാരിയിരുന്നു. പ്രാര്‍ത്ഥന വേഗത്തില്‍ തീര്‍ത്ത്  സ്തുതി ചൊല്ലി അയാള്‍  കിണറ്റിന്‍കരയിലേക്ക് ഊളിയിട്ടു പോകും. ആ ഇരുട്ടത്തിരുന്ന് അടുക്കളയിലും അടുക്കളക്കോലായയിലും അവളുടെ ചലനങ്ങളറിഞ്ഞു. അവളെ ഞാന്‍ കൊല്ലും, ആ ജാരസന്തതിയേയും. അയാള്‍ പല്ലിറുമ്മി .
കുഞ്ഞുണ്ടായതിനുശേഷം അയാള്‍ പഴയ ഉത്സവയാത്രകളുടെ സംഘങ്ങളില്‍നിന്നു സ്വയം ബഹിഷ്‌കൃതനായിരുന്നു. പിന്നീടൊരിക്കലും ആ തേവിടിശ്ശി നിറവയറുമായി അയാളുടെ സ്വപ്നത്തില്‍  കേറിവന്നതുമില്ല. പകരം അവള്‍ വന്നു. മുലപ്പാലിറ്റു വീഴുന്ന വലിയ മുലകള്‍ തുറന്നു വെച്ച് അയാള്‍ക്കരികിലിരുന്നു. മുഖത്തിറ്റു വീഴുന്ന പാല്‍ത്തുള്ളികളുടെ നനവില്‍ അയാള്‍ ഞെട്ടിയുണര്‍ന്നു. ഇരുട്ടില്‍ നാവുനീട്ടി നുണച്ചപ്പോളറിഞ്ഞ ഉപ്പു ചുവയുള്ള പാല്‍മധുരം, കണ്ടതു സ്വപ്നമല്ലെന്നയാളെ വളരെ നേരത്തേക്കു ഭ്രമിപ്പിച്ചു. അവളെ കൊല്ലണം. അയാള്‍ കണ്‍പീലികള്‍ അമര്‍ത്തിയടച്ചും തുറന്നും നീര്‍ത്തുള്ളികള്‍ ചിതറിത്തെറിപ്പിച്ചു.

ഉപേക്ഷിക്കപ്പെട്ടവന്റെ ഒടുക്കത്തെ  വെപ്രാളം പോലെ അയാള്‍ക്കു നെഞ്ചു വിലങ്ങി. വെള്ളത്തിനായി തൊണ്ട വരണ്ടു. ഈ രാത്രി പുറംമുറിയിലെ പലകക്കട്ടിലില്‍ താന്‍ മരിച്ചു പോവുമെന്നയാള്‍ക്കു തോന്നി.  മുറിയുടെ മൂലകളില്‍ ഉണക്കാനുള്ള കുരുമുളകും ഇഞ്ചിയും മഞ്ഞളുമൊക്കെ പറിച്ചു കൂട്ടിയിട്ടുണ്ട്. എരിവുമണമുള്ള മുറിയില്‍ അയാള്‍ മരിച്ചുകിടന്നാല്‍ ആരും പെട്ടെന്നറിയുകപോലുമില്ല. ചീഞ്ഞഴുകിയാലും മണം പുറത്തേക്കു വരികയില്ല. പണ്ടുപണ്ട് കുട്ടിക്കാലത്ത് അപ്പന്‍ പറഞ്ഞുകൊടുത്ത ഒരു കഥ അയാള്‍ക്കു തികട്ടിവരും. പെസഹായ്ക്കു അപ്പം മുറിക്കാനുള്ള കാത്തിരിപ്പിലായിരുന്നു അവര്‍. പാനപ്പുസ്തകവും മടിയില്‍ വിടര്‍ത്തിപ്പിടിച്ച് അപ്പനിരിക്കുമ്പോള്‍ അടുത്തുവെച്ചിരുന്ന കുരുമുളകു ചാക്കിന്മേല്‍ കുളിച്ച് ഉടുപ്പുമാറ്റി അയാളും വന്നിരുന്നു.  പേരപ്പന്മാരും ചിറ്റപ്പന്മാരുമൊക്കെ വന്നാലേ അപ്പം മുറിക്കൂ. കളിക്കാന്‍ പോകരുത്, സങ്കടപ്പെടണ്ട ദിവസമാണ്. അയാള്‍ ഇരിക്കപ്പൊറുതിയില്ലാതെ പുളയുമ്പോള്‍ അപ്പനയാള്‍ക്ക് വിചിത്രമായൊരു കഥ പറഞ്ഞുകൊടുത്തു. കുരുമുളകിന്റെ പ്രലോഭനത്തില്‍ കാടുകയറിയൊരു ലന്തക്കാരന്റെ കഥ. കിട്ടുന്നിടത്തെന്നെല്ലാം അയാളു കുരുമുളകു ശേഖരിച്ചു. കപ്പലില്‍ കേറ്റിവിടാന്‍ തോന്നാതെ എല്ലാം വലിയൊരു മുറിയില്‍ നിരത്തിയിട്ടു. മുറിയുടെ ജനല്‍പ്പൊക്കം, കട്ടിളപ്പൊക്കം കറുകറുത്ത കുരുമുളകു മണികള്‍ ഉരുണ്ടുപൊങ്ങി. വാതില്‍ തുറക്കാന്‍ പറ്റാത്തതുകൊണ്ട് മുകളിലെ ഓടുപൊളിച്ചാണ് പിന്നെപ്പിന്നെ  മുളക് താഴേയ്ക്കു ചൊരിഞ്ഞത്. കൊട്ടയും  തലയില്‍വെച്ച് ഏണി കയറി അയാളുടെ പണിക്കാരന്‍ മുളക് താഴേക്കു കമിഴ്ത്തുമ്പോള്‍  കമിഴ്ന്നുകിടന്ന് ആ ഇത്തിരിച്ചതുരത്തിലൂടെ അയാള്‍ തന്റെ സമ്പാദ്യം വളരുന്നതു കണ്ടു. അതിന്റെ സുഗന്ധം നുകര്‍ന്നു.

ഒടുവിലൊരു ദിവസം കഴുക്കോലൊടിഞ്ഞ് കുറച്ച് ഓടും അയാളും പണിക്കാരനുമൊന്നിച്ച് ആ കൂമ്പാരത്തിനുള്ളിലേക്കാഴ്ന്നു. ആരുമറിഞ്ഞില്ല. ചവിട്ടിക്കാലുറപ്പിക്കാനും കേറിവരാനും പ്രാണഭയത്തോടെ പിടഞ്ഞ അവരെ പിന്നെയും പിന്നെയും ആ ഉരുളന്‍ മണികള്‍ ഉരുട്ടിയിട്ടു. ഒടുവില്‍ പണിക്കാരന്റെ ദേഹത്തു കാലുകള്‍  ചവിട്ടിയുറപ്പിച്ച് എങ്ങനെയൊക്കെയോ  ലന്തക്കാരന്‍ മേലെ കയറിപ്പറ്റി. അയാള്‍ ആരോടുമൊന്നും മിണ്ടിയില്ല. പാവം  പണിക്കാരന്‍ എന്നേയ്ക്കുമായി കുരുമുളകിന്റെ ശവക്കുഴിയില്‍ അടക്കം ചെയ്യപ്പെട്ടു. കഴുക്കോലുകള്‍ മാറ്റിയിട്ടു. പിന്നെയും വേറൊരു പണിക്കാരന്‍ മുളകുകൊട്ടകള്‍ ചുമന്ന് പുരപ്പുറത്തു കേറി. ഒടുവില്‍ മുറി നിറഞ്ഞപ്പോള്‍ നിവൃത്തിയില്ലാതെ  കുരുമുളകു കപ്പലില്‍ കയറ്റിവിടേണ്ടിവന്നു.   മുളകിനടിയില്‍ക്കിടന്ന് ദ്രവിച്ച പണിക്കാരന്റെ ദേഹവും പൊടിഞ്ഞുപൊടിഞ്ഞ് കപ്പല്‍ കേറിപ്പോയി. 
''അറിയാവോ ചത്തിട്ടും ചീഞ്ഞിട്ടും ഒരിത്തിരി നാറ്റോം പുറത്താരുമറിഞ്ഞില്ല. അതാ കുരുമുളകിന്റെ ഗൊണം.''
അപ്പന്‍ വൈരാഗ്യത്തോടെ  മന്ത്രിച്ചു. 

കുരുമുളകു ചാക്കിനു മുകളിലിരുന്ന  അയാള്‍ക്കു പൊള്ളി. ഞെട്ടിപ്പിടഞ്ഞെണീറ്റ് അയാള്‍ അപ്പനോടു ചേര്‍ന്നുനിന്നു. 
''അതുക്കൂട്ടൊരു ലന്തക്കാരനാ ഈ പുസ്തകോം എഴുതിയേ. ദുഷ്ടന്മാര്. നമ്മളെ കൊന്നിട്ടും ചവിട്ടിത്താഴ്ത്തീട്ടുമാ അവന്മാര്.''
അപ്പന്‍ കയ്യിലിരുന്ന പുസ്തകം അമര്‍ത്തി ഞെരിച്ചു. പഴകി മഞ്ഞനിറം പുരണ്ട അതിന്റെ  അരികുകള്‍ പൊടിഞ്ഞു.
വല്യപ്പന്‍ അടുത്തുവന്ന് അപ്പനോട് പൊട്ടിത്തെറിച്ചു:
''എന്നാടാ പെസഹാത്തിരുന്നാളായിട്ട് ഒരു കന്നം തിരിവ്. പിന്നേം തൊടങ്ങിയോ നിന്റെ എളക്കം? മര്യാദയ്ക്കിരുന്ന് പാന വായിക്ക്.''
അയാള്‍ ഒന്നുകൂടി പേടിച്ചു വിളറി. 

അപ്പനും അന്നു ചെറുതായിരുന്നല്ലോ. അങ്ങേരും പേടിച്ചിട്ടാവണം പുസ്തകം നിവര്‍ത്തി കരളുരുകുന്ന ഒച്ചയില്‍ പാടാന്‍ തുടങ്ങി.
അടുക്കളയില്‍നിന്ന് തേങ്ങപ്പാലില്‍ ശര്‍ക്കരപ്പാനി കുറുകിവീഴുന്ന നറുമണം ആ പാട്ടിന്റെ സങ്കടത്തെയൊട്ടാകെ വന്നു മൂടിപ്പൊതിഞ്ഞു. നാവില്‍ വെള്ളമൂറിയെങ്കിലും അയാള്‍ ചാക്കിനു മുകളിലിരിക്കാന്‍ ഭയന്ന് അപ്പനെ തൊട്ടുനിന്നു. 
പള്ളീലച്ചന്‍ പറഞ്ഞ ഏതോ സമരത്തിനു പോകാത്തതുകൊണ്ടായിരുന്നു  വല്യപ്പന്‍ അപ്പനോട് പിണക്കത്തിലായത്. സൊത്തൊന്നും കൊടുക്കത്തില്ലെന്നും വീട്ടില്‍ കേറ്റത്തില്ലെന്നും വാശിപിടിച്ചു. അമ്മയേയും അന്നു കുഞ്ഞായിരുന്ന അയാളേയും കാണാന്‍ പോലും കഴിയാതെ  ഹൈറേഞ്ചിലൊള്ള പേരപ്പന്റെ വീട്ടിലു താമസമായി.  അതിനെടേല്‍ ഹൈറേഞ്ചിലെ പള്ളീലച്ചന്‍ പോവരുതെന്നു പറഞ്ഞ ഏതോ സമരത്തിനു പോയി, നിരാഹാരവും ജയിലില്‍ക്കിടപ്പുമൊക്കെയായി പിന്നേം വര്‍ഷങ്ങള്‍. അഞ്ചാറു കൊല്ലം കഴിഞ്ഞ് നല്ല കുഞ്ഞാടായി  അപ്പന്‍ തിരിച്ചു വന്നിട്ട് ആദ്യത്തെ പെസഹയായിരുന്നു അത്. 

അപ്പന്‍ പറഞ്ഞതുകൊണ്ടുമാത്രം 
ലന്തക്കാരനെഴുതിയ പാട്ടുപുസ്തകം അയാളെ വെറുപ്പിച്ചു. കുരുമുളകുമണികള്‍ക്കിടയിലടക്കം  ചെയ്യപ്പെട്ട  ഒരു പാവം അന്തിപ്പട്ടിണിക്കാരന്റെ താടിയും നീളന്‍ മുടിയുമുള്ള രൂപം അയാളതില്‍ കണ്ടു. അത് പാട്ടെഴുതിയ ആളുടെ പടമാണെന്നും അങ്ങേര് ലന്തക്കാരനൊന്നുമല്ലെന്നും  അറിഞ്ഞു കഴിഞ്ഞിട്ടും അയാള്‍ക്കാ പുസ്തകവും അതിലെ പാട്ടും പേടിയായിരുന്നു. 
അതെത്ര കാലം മുമ്പായിരുന്നു. അന്ന് അപ്പനാ കഥ പറഞ്ഞതെന്തിനാണെന്നയാള്‍ പിന്നെ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്. ഒരു രാത്രി താന്‍  ഇവിടെക്കിടന്നു മരിക്കുമെന്നും  ആരുമറിയാതെ പൊടിഞ്ഞുതിര്‍ന്ന് കാണാതാവുമെന്നും  മുന്‍കൂട്ടിയറിഞ്ഞിട്ടാവുമോ  അപ്പനന്നതു പറഞ്ഞത്? 
പക്ഷേ, മരിച്ചത് അവളായിരുന്നു. ഒരു സന്ധ്യയ്ക്ക് അടുക്കളപ്പടിയിലിരുന്ന് കുഞ്ഞിന് പാലു കൊടുക്കുന്നതിനിടെ പെട്ടെന്നങ്ങു മറിഞ്ഞുവീണ് അവള്‍ മരിച്ചു. കണ്ണുകള്‍ മിഴിച്ച് വായ അല്പം തുറന്ന് പാതിചരിഞ്ഞ ആ കിടപ്പിലും അവള്‍ കുഞ്ഞിനെ മുറുകെപ്പിടിച്ചിരുന്നു. അമ്മ  നിലവിളിച്ചു കൊണ്ടോടിവന്നു മുഖത്ത് വെള്ളം തളിച്ചു. വണ്ടി വിളിക്കെടായെന്ന് അപ്പനൊച്ചയിട്ടു. ഒരു കാര്യവുമില്ലെന്ന്  അവളുടെ കൈത്തണ്ടയില്‍ മുറുകെ തൊട്ട് അയാള്‍ പ്രഖ്യാപിച്ചത് ആരും ശ്രദ്ധിച്ചതുപോലുമില്ല. വിചിത്രമെന്നോണം എത്ര കാലങ്ങള്‍ക്കുശേഷമാണു താനവളെ തൊടുന്നതെന്നാണയാളപ്പോഴോര്‍ത്തത്. അവളെ ഒരിക്കലും തൊട്ടുണര്‍ത്താന്‍ തനിക്കു കഴിഞ്ഞിട്ടില്ലല്ലോയെന്ന് അയാളപ്പോള്‍ ലജ്ജിക്കുകയും ചെയ്തു. ആരോ കൊണ്ടുവന്ന ജീപ്പില്‍ ആരൊക്കെയോ എടുത്തുകയറ്റിയ അവള്‍ക്കൊപ്പം അയാളുമിരുന്നു. അവളുടെ മുഖം നീലിച്ചിരുന്നു. നോക്കിയിരിക്കുമ്പോള്‍  ചുണ്ടുകള്‍ വിളറുന്നതും പിന്നെ കരുവാളിക്കുന്നതുമയാള്‍ കണ്ടു. അവള്‍ ഉണരേണ്ടത് മറ്റാരേക്കാളും തന്റെ ആവശ്യമാണെന്നയാളോര്‍ത്തു.

അവളതു പറഞ്ഞിട്ടില്ല. അയാളെ അപ്പനെന്നു വിളിക്കുന്ന ആ സര്‍പ്പസന്തതി ആരുടെ വിത്താണെന്നവള്‍ മിണ്ടിയിട്ടില്ല. അയാള്‍ക്കതു ചോദിക്കാനുള്ള ഒരവസരംപോലും ഇതുവരെ കിട്ടിയിട്ടില്ല. അവള്‍ക്കു ചുറ്റും ആ വീടിനു ചുറ്റും ഒരു  കുറുക്കനെപ്പോലെ കറങ്ങിത്തിരിഞ്ഞത് അത്തരമൊരവസരത്തിനായിരുന്നു. അതാരെന്നറിയണം. പക്ഷേ, അവളൊന്നും പറയാതെ സുഖമായങ്ങു പോവാന്‍ നോക്കുകയാണ്. അയാള്‍ അവളുടെ തണുത്ത കവിളുകളില്‍ കൈപ്പത്തികളമര്‍ത്തി ചൂടുപകരാന്‍ ശ്രമിച്ചു. അവളെ വിളിച്ചുണര്‍ത്താനെന്നോണം.  അടുത്തിരുന്നയാള്‍ അയാളെ തടഞ്ഞ് തന്നോട് ചായ്ച്ചിരുത്തി. മരിച്ചുകഴിഞ്ഞ അവളെ വിളിച്ചുണര്‍ത്താനുള്ള അയാളുടെ പാഴ്ശ്രമത്തെക്കുറിച്ച്, ആ സ്‌നേഹത്തെക്കുറിച്ച്  അവരിനിയെത്ര കാലം  പറഞ്ഞു നടക്കും.
ആശുപത്രിയില്‍നിന്നു തിരിച്ചവള്‍ ആംബുലന്‍സിലാണു വന്നത്. അയാളതിനകത്തു കയറിയില്ല. കൂടെ വന്നവര്‍ കയറ്റിയില്ല. അയാള്‍ ദു:ഖംകൊണ്ട്  നിയന്ത്രണം വിട്ട് എന്തെങ്കിലുമൊക്കെ കടുങ്കൈ ചെയ്യുമെന്നവര്‍ ഭയന്നു. മറ്റേതോ വണ്ടിയില്‍ മറ്റാര്‍ക്കൊക്കെയോ ഒപ്പം അയാളെത്തുമ്പോഴേയ്ക്ക് മുറ്റത്തു പെട്ടെന്നൊരുക്കിയ പന്തലില്‍ അവളെ  കിടത്തിക്കഴിഞ്ഞിരുന്നു. അവളുടെ കുഞ്ഞ് ആരുടെയോ കൈകളില്‍ അസാധാരണമാംവിധം നിശ്ശബ്ദനായിരുന്നു. 

അടക്കംപറച്ചിലുകളുടെ മാത്രം മരണവീട്. അടക്കിയ ശബ്ദത്തിലുള്ള  കുശലങ്ങള്‍, എന്താ പറ്റിയത്, എങ്ങനാ എന്നൊക്കെ ഉദ്വേഗം നിറഞ്ഞ അന്വേഷണങ്ങള്‍, രാവിലേം കൂടി കണ്ടതാണല്ലോ, എന്നാ ചൊറുചൊറുക്കാരുന്നു എന്ന സങ്കടങ്ങള്‍, ഇനിയാ കൊച്ചിനെയാരു നോക്കുമെന്ന വേവലാതികള്‍, കൊച്ചിന് അപ്പനും അപ്പന്‍ വീട്ടുകാരുമൊണ്ടല്ലോയെന്ന ഉറപ്പുകള്‍.
അയാള്‍ എല്ലാം കേട്ടു. ഒന്നും കേള്‍ക്കാതെ അവളുടെ തലയ്ക്കരികിലിരുന്നു.  ഇതുവരെ അവളു തന്നോടു ചെയ്തതൊന്നുമായിരുന്നില്ല ചതി. ഒന്നും പറയാതെ, ചോദിക്കാനൊരവസരം പോലുമുണ്ടാക്കാതെ, എണ്ണിയെണ്ണി പകരം വീട്ടാനിട തരാതെ ഇങ്ങനെ മിണ്ടാതെ പോയത്. ഇതാണവളുടെ ഏറ്റവും ക്രൂരമായ ചതി.

അയാള്‍ക്കവളുടെ പൂക്കിരീടമണിഞ്ഞ തലപിടിച്ചു കുലുക്കണമെന്നും അവളെ കുത്തിയെഴുന്നേല്‍പ്പിക്കണമെന്നും തോന്നി. അവള്‍ ചത്തുകിടക്കുന്നത് അഭിനയമാണ്. അവള്‍ പറയും. ചോദിക്കണ്ടപോലെ ചോദിച്ചാല്‍ അവളല്ല, അവളുടെ ചത്തുപോയ തന്തപോലും പറയും. അയാളുടെ കൈകള്‍ അവളുടെ മുഖത്തേക്കു നീണ്ടത് ആരോ പിടിച്ചുവെച്ചു. 
''സഹിക്കെടാ മോനേ, കര്‍ത്താവവളെയങ്ങു നേരത്തെ വിളിച്ചെന്ന് കരുത്.''
അരമുള്ളൊരു വയസ്സന്‍ ശബ്ദം അയാളുടെ ചെവിയില്‍ മന്ത്രിച്ചു.  കരച്ചിലും നെഞ്ചത്തടിയുമായി അവളുടെ വീട്ടുകാര്‍ വന്നപ്പോള്‍ അടക്കം പറച്ചിലുകളുടെ മരണവീട് പെട്ടെന്നു ഉയര്‍ന്ന ശബ്ദത്തില്‍ തുറന്നുവെച്ചൊരു ഉച്ചഭാഷിണിയായി.  അതിനും ശേഷം  പ്രാര്‍ത്ഥനകള്‍ക്കും കുറേയേറെ എണ്ണിപ്പറച്ചിലുകള്‍ക്കും അന്ത്യചുംബനങ്ങള്‍ക്കുമൊടുവില്‍ നേര്‍ത്തൊരു വിലാപഗാനത്തിനൊപ്പം  അവള്‍ സെമിത്തേരിയിലേക്കു പോയി.

തിരിച്ചുവന്ന്  സന്ധ്യ തീരുന്ന ആ സമയത്ത് അരപ്ലേസിലിരുന്ന് കട്ടന്‍കാപ്പി ചൂടാറ്റി കുടിക്കുന്ന ആങ്ങളയോട് ആ കൊച്ചിനെ കൂട്ടിക്കൊണ്ടു പോകണമെന്നു പറയാനയാള്‍  തീരുമാനിച്ചു. അതിവിടെ വളരേണ്ടതല്ല. അതിനെയിവിടെ വളര്‍ത്താനും പറ്റില്ല.  കാപ്പി കുടിച്ചു തീരട്ടെ. ഉള്ളൊക്കെ ഒന്നു ചൂടുപിടിക്കട്ടെ, എന്നിട്ടു പറയാം. അയാള്‍ കാത്തിരുന്നു. കൊച്ചിനേയും കൊണ്ടു വരാന്തയിലേക്ക് വന്ന അമ്മ, റാഹേല്‍ രണ്ടു കയ്യും നീട്ടിച്ചെന്നത് കാണാത്തപോലെ  അതിനെ അപ്പന്റെ മടിയിലേക്കു കിടത്തി. അതുറങ്ങിപ്പോയിരുന്നു. പരിചയമില്ലാത്ത കൈകളുടെ മുറുക്കവും മയമില്ലായ്മയും അതിനെ ക്ഷീണിപ്പിച്ചിരുന്നു. അവരോരോരുത്തരും അവളെക്കുറിച്ചെന്തൊക്കെയോ പറഞ്ഞ് തെല്ലൊരു കുറ്റബോധത്തോടെയാവണം, കയ്യിലെ കട്ടന്‍ കാപ്പിപോലെ ആറിത്തണുത്തുപോയ ദു:ഖത്തെ ഊതിത്തെളിയിക്കാന്‍ തുടങ്ങി. 
പക്ഷേ, അയാളൊന്നു മൂത്രമൊഴിക്കാന്‍ പോയി പറയേണ്ടതൊക്കെ മനസ്സില്‍ ഒന്നുകൂടി അടുക്കിപ്പെറുക്കി തിരിച്ചുവന്നപ്പോഴേക്കും വരാന്തയിലെ സംസാരങ്ങള്‍ തീര്‍ത്തും കെട്ടു കഴിഞ്ഞിരുന്നു. കണ്ടതും അയാളുടെ കയ്യില്‍ പിടിച്ച് ആങ്ങള പറഞ്ഞു: 
''ഞങ്ങക്ക് നല്ല മനസ്താപമൊണ്ടളിയാ. ഒറ്റപ്പെങ്ങളാ പോയേ. അവടെ കൊച്ചിനെ കൊണ്ടോണവെന്ന് ഞങ്ങള്‍ക്കാശയൊണ്ട്. പക്ഷേ, അതൊരു ദുരാശയാന്നറിയാം. അവനിവിടെ വളരേണ്ടോനല്ലേ, അളിയനെക്കാണാണ്ടവനും അവനെക്കാണാണ്ടളിയനും ഇരിക്കാമ്പറ്റത്തില്ലെന്നു ചേട്ടത്തി പറഞ്ഞു. ഞങ്ങളായിട്ട് കൂടുതല്‍ വെഷമമുണ്ടാക്കത്തില്ല. അല്യോടി റാഹേലേ? വല്ലപ്പോഴും വന്നു കണ്ടോളാം. അത്രേം മതി.''
പിന്നെയും പതംപറച്ചിലുകളുണ്ടായി. ഒടുവില്‍  ആ വലിയ സംഘം രാത്രിയില്‍ യാത്രയില്ല എന്ന യാത്രാമൊഴിയും പറഞ്ഞ്  പല പല വണ്ടികളിലേക്കു കയറി ഇരപ്പിച്ചു പോയി. ഇഞ്ചിക്കൃഷി വലിയ ലാഭമായിരുന്നിരിക്കണം. ആങ്ങളയുടെ മഹീന്ദ്ര പുതിയതായിരുന്നു. അവരുടെ പോക്ക്  അയാള്‍ സ്തബ്ധനായി നോക്കിനിന്നു.

സന്ധ്യാസമയത്ത് അതും തീണ്ടാരിയായിരിക്കുമ്പോള്‍ പടിഞ്ഞാറേക്കാവിനടുത്തു കൂടി നടന്നതാണവളുടെ മരണത്തിനു കാരണമെന്നൊരു വര്‍ത്തമാനത്തുണ്ട് അടുത്തൊരു ദിവസം  വീട്ടിനുള്ളില്‍ രഹസ്യമായി പരന്നത് ചക്കമുളഞ്ഞിപോലെ അയാളിലൊട്ടിപ്പിടിച്ചു. 
''മാടനടിച്ചുവീഴ്ത്തിയതാ, ആ സമയത്തങ്ങനെ അതിലേ നടക്കാന്‍ പാടുവോ.''
ചക്ക വെട്ടിയൊരുക്കുന്നതിനിടയില്‍ പണിക്കാരിപ്പെണ്ണുങ്ങള്‍ പരസ്പരം പറയുന്നതയാള്‍ യാദൃച്ഛികമായി കേള്‍ക്കുകയായിരുന്നു. അയാളുടെ ചെവികള്‍ മാത്രമല്ല,  ശരീരം മുഴുവന്‍ എടുത്തു പിടിച്ചു. പടിഞ്ഞാറേക്കാവ്! അയാള്‍ക്കു കിട്ടുന്ന ആദ്യത്തെ തെളിവ്. അവളെന്തിനായിരിക്കും  അതുവഴി പോയത് ?കാവിനപ്പുറത്ത് നായന്മാരുടെ വീടുകളാണ്. അവിടൊക്കെയും ആണുങ്ങളുണ്ട്. അതില്‍ ഏതാണ് അവളുടെ രഹസ്യക്കാരന്‍? അയാള്‍ പുകഞ്ഞു. ഈ കൊച്ചിന് അതില്‍ ആരുടെ മുഖച്ഛായയാണ്?

കാവിനകത്ത് മരങ്ങളുടെയും വള്ളികളുടെയും മറവിടങ്ങളിഷ്ടം പോലെ. തൂങ്ങിക്കിടക്കുന്ന വള്ളികളും ചില്ലകളും വിരിച്ചിടുന്ന പച്ചത്തിരശ്ശീലയുടെ ഒളിവില്‍ എന്തു ചെയ്താലും ആരറിയാനാണ്? എത്ര വട്ടം കൂട്ടുകാരോടൊപ്പം അതിനകത്തു കയറിയിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ബീഡി വലിക്കാന്‍, പിന്നെ ഓരോ പ്രായത്തിലും ഓരോരോ വേണ്ടാതീനങ്ങള്‍ക്ക്. പിന്നെയൊരിക്കല്‍ നിങ്ങളു ക്രിസ്ത്യാനികള് ഇതിനാത്തുകേറാതിരിക്കുന്നതാ നല്ലത്, ഒന്നുമല്ലേലും ഇതൊരു കാവല്ലേയെന്ന് ഏറ്റവുമടുത്ത കൂട്ടുകാരന്‍ പറയുന്നതുവരെ അയാളവിടെ പോയിട്ടുണ്ട്. അതു പറയുമ്പോള്‍ അവന്റെ മുന്നില്‍ അയാള്‍ വാങ്ങിക്കൊണ്ടു വന്ന ഹവാന ക്ലബ്ബിന്റെ പകുതിയൊഴിഞ്ഞ കുപ്പിയും  മുഴുവന്‍ തീര്‍ന്ന ഇറച്ചിപ്പെരളന്‍ പൊതിഞ്ഞ വാടിയ  ഇലയുമുണ്ടായിരുന്നു. അവളു പെരട്ടിയത്. ഇല വാട്ടി പൊതിഞ്ഞുകെട്ടിയതും അവളായിരിക്കും. കുറച്ച് പൊതിഞ്ഞെടുക്കണമെന്ന് അയാള്‍ അകത്തേക്ക് ഉറക്കെ വിളിച്ചു പറഞ്ഞതേയുള്ളു. എന്നാ രുചിയാടാ എന്നാവര്‍ത്തിച്ചുകൊണ്ട് ഇറച്ചി പെട്ടെന്നവരെല്ലാം തീര്‍ത്തെടുത്തു. 

പിന്നെ തൊട്ടുകൂട്ടാന്‍ വേറൊന്നുമില്ലാതായതിന്റെ കലിപ്പിലിരിക്കുന്ന സമയത്താണ് അവനങ്ങനെ പറഞ്ഞത്. ആദ്യം അയാള്‍ ചിരിച്ചതേയുള്ളു. പക്ഷേ, കൂടെയിരുന്ന വേറെ ചിലരതു ശരിവെച്ചു. അതുകൂടി കേട്ടതോടെ അയാള്‍ ഞെട്ടിയെഴുന്നേറ്റ് പുറത്തേക്കു നടക്കുകയും പിന്നെ തിരിച്ചുവന്ന് ഹവാനക്ലബ്ബെടുത്ത്   നെഞ്ചോടു ചേര്‍ത്ത് കാവിറങ്ങുകയും ചെയ്തു.  അതായിരുന്നു അവസാനം.  അയാളുടെ കൂട്ടുകാര്‍ അന്തംവിട്ടു നോക്കിനിന്നു. അയാള്‍ ആ പാതിതമാശയ്ക്കും പാതി കാര്യത്തിനും  പിന്നാലെ ഇറങ്ങിപ്പോയതായിരുന്നില്ല അവരെ അമ്പരപ്പിച്ചത്. ആ കുപ്പിയുടെ നഷ്ടം അതവരൊട്ടും  പ്രതീക്ഷിച്ചതായിരുന്നില്ല. അയാളാകട്ടെ, അപമാനം കൊണ്ടു തിളച്ചുപൊങ്ങി  കുപ്പി വീട്ടിലേക്കുള്ള വഴിയേ ഓലിയിലേക്കു വലിച്ചെറിഞ്ഞു. കല്ലില്‍ തട്ടിയതു പൊട്ടിച്ചിതറുന്ന ഒച്ചയയാള്‍  വ്യക്തമായി കേട്ടു. അതൊരു തമാശ അല്ലാരുന്നോടാ എന്നൊക്കെ പിന്നെയുമവരുടെ സൗഹൃദം വന്നു തോളില്‍ കയ്യിട്ടെങ്കിലും അയാളതൊക്കെ തട്ടിത്തെറിപ്പിച്ചതേയുള്ളു.
ഇപ്പോള്‍ അവള്‍ അവിടെ പോയിരിക്കുന്നു. 

അയാള്‍  അമ്മയെ  അന്വേഷിച്ചു. വീട്ടില്‍ നിറച്ചു പെണ്ണുങ്ങളാണ്. അവളുടെ വീട്ടില്‍നിന്നു വന്നതടക്കം കുറേയെണ്ണം അടുക്കളയിലും അകംമുറിയിലും പുറംതിണ്ണയിലുമൊക്കെ പുളച്ചു നടക്കുന്നു. പെണ്ണുടലിന്റെ വിയര്‍പ്പു മണം എപ്പോഴും അവളെയോര്‍മ്മിപ്പിച്ചു.  ഇവറ്റകളൊക്കെ പോയിക്കിട്ടണമെങ്കില്‍ ചാവിന്റെ ഏഴെങ്കിലും കഴിയണം. അകത്തെ മുറിയില്‍ കുഴമ്പിട്ടു തിരുമ്മിക്കൊണ്ടിരിക്കുന്ന അമ്മ അയാളെ കണ്ടതും കൂടുതല്‍ അവശത നടിച്ചു. അയാളതു ശ്രദ്ധിച്ചതേയില്ല.
''അവളെന്നാത്തിനാ പടിഞ്ഞാറേക്കാവിന്റതിലേ പോയത്?''
അയാളുടെ ശബ്ദം കനത്തു.

അമ്മയത്  മനസ്സിലാക്കിയില്ല. അവര്‍ ഉദാസീനമായി പറഞ്ഞു:
''അവളെടക്കാ വഴി  പോകുവല്ലോ. നിനക്കറിയാന്‍ മേലേ? കോന്നക്കണിയാര്ടടുത്തു പോകാനെളുപ്പവഴി അതല്ലേ, അന്നാണേ അവക്കു ഇടത്തേ മുലേല് വേദന, കല്ലിപ്പ്. പാലുകെട്ടീതാന്നല്ലേ ഞാനും കരുതുന്നേ. അതാ കണിയാന്റടുത്തു പോയേ. 
വെക്കം പോയേച്ചും വരാമെന്നെറങ്ങീതാ അവള്. കൊച്ചിനേം എന്റെ കയ്യേലോട്ടു തന്നു, നോക്കണേ അമ്മേ, അടങ്ങിയിരിക്കത്തില്ല എന്നൊരു പറച്ചിലും. നീയെന്നാടീ പതിവില്ലാത്തൊരു വര്‍ത്താനമെന്ന് ഞാനങ്ങു ദേഷ്യപ്പെടുകേം ചെയ്തു. എനിക്കെന്നാ കൊച്ചിനെ നോക്കാനറിയത്തില്ലേ, ആദ്യവൊന്നുമല്ലല്ലോ അവളു കണിയാന്റടുത്തു പോണത്. ഞാഞ്ചുമ്മാ പറഞ്ഞതാന്റെ അമ്മേ എന്നും പറഞ്ഞോണ്ട് അവളങ്ങു പോയി.
തിരിച്ചു വരാന്‍ സന്ധ്യയാകുവേം ചെയ്തു. ഉഴിച്ചിലോ പിഴിച്ചിലോ ഏതാണ്ടൊക്കെ ചെയ്തെന്ന്. എനിക്കുള്ള ധന്വന്തരം കൊഴമ്പും തന്നേച്ച് അവളു കൊച്ചിനേം എടുത്തോണ്ട് അടുക്കളത്തിണ്ണേലോട്ടു പോയതാ, പിന്നെന്നതാ കാണുന്നേ , എന്റീശോയേ...''
അമ്മ നനയാത്ത കണ്ണുകള്‍ തുടച്ചുകൊണ്ട് പിന്നെയും പറഞ്ഞുതുടങ്ങി.
''കൊഴമ്പു തീര്‍ന്നു. അവളാ കണിയാന്റടുത്തൂന്ന് എപ്പഴും മേടിച്ചോണ്ടു വന്നോണ്ടിരുന്നെ. നിന്നോടു പറഞ്ഞിട്ടെന്നാ കാര്യം, കേട്ട മട്ടു കാണിക്കത്തില്ലല്ലോ.'''
അപ്പോഴേക്ക് മുറിവാതില്‍ക്കല്‍ ഒന്നും രണ്ടുമായി പെണ്ണുങ്ങള്‍ വന്നെത്തി നോക്കാന്‍ തുടങ്ങി. അതിലൊരുത്തിയുടെ കയ്യില്‍ ആ കൊച്ചിരുന്ന് അപ്പാ എന്നയാളെ വിളിച്ചു.  അതിനെയൊന്നു നോക്കുക പോലും ചെയ്യാതെ തലകുനിച്ചയാള്‍ പുറത്തേക്കിറങ്ങി.
''അവനപ്പടീം സങ്കടവാ, കൊച്ചിനെ നോക്കുമ്പത്തേനും  അവക്കടെ മൊഖമാ ഓര്‍മ്മവരുന്നേ, പിന്നെങ്ങനാ അതിനെ എടുക്കാനും കൊഞ്ചിക്കാനുമൊക്കെ പറ്റുന്നേ.''

അമ്മയുടെ വാക്കുകള്‍ അയാള്‍ കേട്ടു. പെണ്ണുങ്ങളുടെ സഹതാപസീല്‍ക്കാരങ്ങളും, തിരിഞ്ഞു നിന്ന് ആ കൊച്ചിനെ വലിച്ചു പറിച്ചെടുത്ത് മുറ്റത്തേക്കെറിയണമെന്ന തോന്നല്‍ അയാളടക്കിപ്പിടിച്ചു. അയാളറിയാത്ത അവളുടെ സഞ്ചാരങ്ങള്‍. കാവിന്റെ ഇരുട്ടുമൂല പറ്റിയുള്ള അവളുടെ രഹസ്യയാത്രകള്‍. ആരാണവളെ കാവിനുള്ളിലേക്ക് വിളിക്കുമായിരുന്നത്?  ആര്‍ക്കൊപ്പമായിരുന്നു അവളുടെ അവിഹിതം? അത് ഒരാളായിരുന്നോ? അവളുടെ കാമക്കൂത്ത് ആര്‍ക്കൊക്കെയൊപ്പമായിരുന്നു. അയാള്‍ പുകഞ്ഞുരുകി. താനതൊന്നും ഇനി അറിയില്ല. അതിലൊരുത്തന്‍ നേരിട്ടു വന്നു പറഞ്ഞാലല്ലാതെ. അല്ലെങ്കില്‍ അവളുടെ കുഞ്ഞിന്റെ മുഖത്ത് ആ  മറ്റൊരാളുടെ അടയാളങ്ങള്‍ തെളിഞ്ഞു തെളിഞ്ഞു വരണം. പക്ഷേ, ഗതികേടെന്നോണം ആ കുഞ്ഞ് ഓരോ നോട്ടത്തിലും അയാളേയും അയാളുടെ ബന്ധുക്കളേയുമോര്‍മ്മിപ്പിച്ചു.
ഏഴിന്റന്ന് എല്ലാവര്‍ക്കുമൊപ്പം അയാള്‍ക്കും പള്ളിയില്‍ പോകേണ്ടിവന്നു. തലേന്ന് ഓര്‍ക്കാപ്പുറത്തെത്തിയ മഴ നനച്ചിട്ട വഴികളിലൂടെ നിശ്ശബ്ദം നടന്നുനീങ്ങുമ്പോള്‍ അയാള്‍ക്ക് മാമോദീസയ്ക്കായുള്ള യാത്ര ഓര്‍മ്മവന്നു. കഷ്ടിച്ച് പത്തുപതിനെട്ടു മാസം മുന്‍പ്. അന്ന് ഉള്ളിലാളിക്കത്തിയ തീ ഒട്ടും കെട്ടിട്ടില്ലല്ലോയെന്ന് അയാള്‍ പല്ലു ഞെരിച്ചു. മുന്നില്‍ നടന്ന റാഹേലിന്റെ ചുമലിലൂടെ തലപൊക്കി കുഞ്ഞ് അയാളെ അപ്പാ എന്നു വിളിച്ചു. ഞെളിഞ്ഞും പുളഞ്ഞും അത് റാഹേലിന്റെ ഒക്കത്തുനിന്ന് അയാളുടെ കൈകളിലേക്കു ചാടാന്‍ വെപ്രാളപ്പെട്ടു. റാഹേലതിനെ പിന്നെയും ഞെക്കിപ്പിടിച്ചു. ആ കുഞ്ഞുമുഖത്ത് അയാള്‍ തന്നെത്തന്നെ കണ്ടു. തന്റെ ശരിക്കു വിടരാത്തതെന്ന് തോന്നിപ്പിക്കുന്ന ചെറിയ കണ്ണുകള്‍, നീണ്ട മൂക്ക്, നേര്‍ത്ത ചുണ്ടുകള്‍. അയാളുടെ രോമങ്ങളെഴുന്നു നിന്നു. അടിവയറ്റില്‍ നിന്നൊരു കാളല്‍ ഉയര്‍ന്നുപൊങ്ങി. ആ നടത്തത്തിലുടനീളം അയാളതിനെത്തന്നെ തുറിച്ചുനോക്കി. നിഷ്ഫലമായ കുതറലുകള്‍ക്കും വിതുമ്പലുകള്‍ക്കുംശേഷം അതു തളര്‍ന്ന് റാഹേലിന്റെ തോളത്ത് തലചായ്ച്ചു കിടക്കുകയും പക്ഷേ, കൂടെക്കൂടെ തലപൊക്കി അയാളെത്തന്നെ നോക്കുകയും ചെയ്തു. എപ്പോഴൊക്കെ കണ്ണില്‍ നിന്നു മാഞ്ഞോ അപ്പോഴൊക്കെ വേവലാതിയോടെ ആ ചെറിയ ആള്‍ക്കൂട്ടത്തില്‍ രണ്ടു കുഞ്ഞിക്കണ്ണുകള്‍ അയാളെ തിരയുകയും കണ്ടുപിടിക്കുമ്പോള്‍ ആശ്വസിക്കുകയും  ചെയ്തു.

ഏഴുദിവസങ്ങള്‍ അതിനെ ഒരുപാടു മാറ്റിയതായി അയാള്‍ക്കു തോന്നി. പല കൈകള്‍ മാറി മാറി അവനെയെടുത്തുകാണും, ഓമനിച്ചുകാണും. പക്ഷേ, അതൊന്നും അവളുടെ സ്പര്‍ശമല്ല, ഒരിക്കലും ആവുകയുമില്ല. മുലപ്പാല്‍ മധുരം വറ്റിയ ആ ചുണ്ടുകള്‍ തെല്ലു കരുവാളിച്ചിരുന്നു. കണ്ണുകളില്‍ പ്രായത്തിനു ചേരാത്തവിധം വിഷാദം കട്ടപിടിച്ചു കിടന്നു. മുഖം വാടിയും തളര്‍ന്നും. അമ്മയില്ലാത്ത കുട്ടി. അയാള്‍ക്ക് അന്നാദ്യമായി അതിനോടു സഹതാപം തോന്നി. ഇനിയവന്‍ കൊള്ളാന്‍ പോകുന്ന വെയിലുകളോര്‍ത്തപ്പോള്‍ അയാളുടെ കണ്ണുകളറിയാതെ നിറഞ്ഞു. അവനു വേണ്ടി നോവാന്‍, അവനെക്കുറിച്ചു മാത്രമോര്‍ക്കാന്‍ ഈ ഭൂമിയിലിനി ആരുമില്ല. ആരോ അയാളുടെ കൈപിടിച്ചമര്‍ത്തി ആശ്വസിപ്പിച്ചു.

''കരയാതെ, കരയാതെ, നീയിങ്ങനെ തളര്‍ന്നുപോയാലോ? കര്‍ത്താവിന്റെ ഇഷ്ടമേ നടക്കൂ. തടയാന്‍ നമ്മളാര്.''
അയാളുടെ കണ്ണുകള്‍ കൂടുതല്‍ നിറയുകയും നീര്‍ക്കാഴ്ചയില്‍ കുഞ്ഞിന്റെ മുഖം അവ്യക്തമാവുകയും ചെയ്തു.
അവളുടെ കുഴിമാടത്തിനു മുകളിലെ വാടിയ പൂക്കള്‍  മഴയില്‍ നനഞ്ഞും ചീഞ്ഞും കിടന്നു. കല്‍പ്പലകകള്‍ക്കും ശവകുടീരങ്ങള്‍ക്കും മുകളില്‍ ചവിട്ടി ആ ചെറിയ സംഘം അതിനുചുറ്റും തിക്കിത്തിരക്കിനിന്നു. അവയ്ക്കു കീഴിലുറങ്ങുന്നവര്‍ക്ക് നൊന്തിട്ടുണ്ടാവും. മെഴുകുതിരികള്‍ കത്തിച്ചതൊക്കെയും ഈറന്‍ കാറ്റില്‍ അണഞ്ഞുകൊണ്ടിരുന്നു. കുന്തിരിക്കവും റീഹയും പുകച്ച പാത്രം ആട്ടിക്കൊണ്ട് അച്ചന്‍ തിടുക്കത്തില്‍ പ്രാര്‍ത്ഥനയാരംഭിച്ചു. തലേന്നത്തെ വേനല്‍മഴയുടെ ബാക്കി പകലേ ചെയ്യാന്‍ തുടങ്ങുമെന്നപോലെ ആകാശം കനക്കുന്നുണ്ടായിരുന്നു. മഴയ്ക്കു മുന്‍പ് എല്ലാം തീര്‍ക്കണം. 
ഒപ്പീസിനൊപ്പം ഏഴു ദിവസമായി മറഞ്ഞുകിടന്നിരുന്ന സങ്കടത്തിന്റെ ഉറവുകളും മെല്ലെ മെല്ലെ പൊട്ടിയൊഴുകിത്തുടങ്ങി. നിശ്വാസങ്ങളും വിതുമ്പിക്കരച്ചിലുകളും. ഏങ്ങലടികള്‍ക്കൊപ്പം അസ്വസ്ഥനായ കുഞ്ഞിന്റെ കരച്ചിലും ഉയര്‍ന്നുപൊങ്ങി. അച്ചന്‍ അസ്വസ്ഥതയോടെ തിരിഞ്ഞു നോക്കി.
''ഇത്രേം ചെറിയ കൊച്ചിനെ സെമിത്തേരിയിലേക്ക് കൊണ്ടുവരണാരുന്നോ.''
ആരോ ചോദിച്ചു.
''അതിന്റെ പെറ്റ തള്ളയല്യോ, അവനെക്കൊണ്ടു വരാതെങ്ങനാ'' എന്നു വേറോരോ  മറുപടി പറഞ്ഞു. 
''വകതിരിവു വരാത്ത കൊച്ചിനാ പെറ്റ തള്ളേടെ ഒപ്പീസും പ്രാര്‍ത്ഥനേമൊക്കെ മനസ്സിലാവാന്‍ പോകുന്നേ? അതിനെ ചുമ്മാ കരയിക്കാന്‍ വേണ്ടീട്ട്.''

പിന്നെയുമാരോ  ഒച്ചതാഴ്ത്തി പറയുന്നു. 
 തോളത്തമര്‍ത്തിപ്പിടിച്ചും പുറത്തു തട്ടിയുമൊക്കെ കരച്ചില്‍ മാറ്റാന്‍ ശ്രമിച്ചു നടക്കാതായപ്പോള്‍ റാഹേല്‍ ഇളിഭ്യതയോടെ കുഞ്ഞിനെ  മറ്റാര്‍ക്കോ കൈമാറി. അവര്‍ വേറൊരാള്‍ക്ക്. ഒടുവിലത് പിന്‍നിരയില്‍ ഇമ്മാനുവല്‍ തെക്കേടത്ത് എന്നെഴുതിയ കല്ലറയില്‍ ചാരിനിന്നു കരയാന്‍ ശ്രമിച്ചുകൊണ്ടിരുന്ന അയാളുടെ അമ്മയുടെ കയ്യിലെത്തി. പക്ഷേ, കരച്ചില്‍ നിലച്ചില്ല. പല തവണ അച്ചന്‍ അസ്വസ്ഥതയോടെ തല തിരിച്ചതോടെ കുഞ്ഞിനെയെടുത്ത്  അമ്മ അയാളെത്തിരഞ്ഞു. കണ്ടുപിടിക്കുകയും അങ്ങോട്ടു വരികയും ചെയ്തു. 
''എന്നാ കരച്ചിലാ. സ്ഥലകാലബോധമില്ലാത്ത കൊച്ച്, തള്ളേപ്പോലെ തന്നെ. പുറത്തേക്കെങ്ങാന്‍ കൊണ്ടു പോ.''
അമ്മ പല്ലിറുമ്മുന്നത് അയാള്‍ മാത്രം കേട്ടു. അയാള്‍ക്കതിനെ കൈ നീട്ടി വാങ്ങാതെ തരമില്ലായിരുന്നു.
''ചാകുന്നോര്‍ക്കങ്ങു സുഖമായിട്ടു ചത്താല്‍ മതി. ബാക്കീള്ളോരാ...''

അമ്മ പിറുപിറുത്തുകൊണ്ട് മുന്‍നിരയിലേക്കു പോയി. അയാള്‍ മിഴിച്ചു നോക്കിനിന്നു. ഒന്നര വയസ്സുപോലുമാവാത്ത കൊച്ചിന്റെ സ്ഥലകാലബോധമില്ലായ്മയെക്കുറിച്ചുള്ള പരാമര്‍ശം അയാളെ അത്രക്കും  അമ്പരപ്പിച്ചിരുന്നു. 
 പ്രാര്‍ത്ഥനകള്‍ പിന്നെയും മുറുകി. കുഞ്ഞ് ആശ്വാസത്തോടെ അയാളുടെ തോളിലേക്ക് മുഖം ചേര്‍ത്തു. കുഞ്ഞിനെ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. അതിന്റെ ശ്വാസത്തിനും തീച്ചൂട്. അറിയാതെ കൈകളതിന്റെ പുറത്ത് താളംപിടിച്ചു തുടങ്ങി. കുഴിമാടത്തിനു ചുറ്റും കൂടിനിന്ന് പ്രാര്‍ത്ഥിക്കുന്നവരുടെ വലയത്തിനു പുറത്തായിക്കഴിഞ്ഞിരുന്നു അവര്‍. 

മഴ പെയ്യുമ്പോള്‍ വയലുകളില്‍ വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നു എന്ന വരി അച്ചന്‍ പാടിക്കൊടുക്കുമ്പോള്‍ത്തന്നെ കനത്തൊരു മഴത്തുള്ളി നെറുകയില്‍ വീണു ചിതറി. കാഹളനാദം കേള്‍ക്കുമ്പോള്‍ മൃതരില്‍ ജീവനുദിക്കുന്നു എന്ന അടുത്ത വരിയില്‍ അയാള്‍ക്കു രോമങ്ങളെഴുന്നു. മരിച്ചവള്‍ ജീവിച്ചു വരുന്നത് അയാളെ ഭയപ്പെടുത്തി. അവള്‍ പറയുന്നതിനി കേള്‍ക്കണ്ട. മഴ തുള്ളിയിടാന്‍ തുടങ്ങിയതോടെ പുറകില്‍ പാട്ടും പ്രാര്‍ത്ഥനയും വേഗത്തിലായി. അയാള്‍ പനിച്ചു പൊള്ളുന്ന കുഞ്ഞിനെയുംകൊണ്ട് നനയാത്തിടം തേടി ഓടി. ചെന്നു കയറിയത് പള്ളിക്കകത്തായിരുന്നു. ഒച്ചയനക്കങ്ങളില്ലാതെ, ആളൊഴിഞ്ഞ പള്ളിയകമങ്ങനെ  തണുത്തുറഞ്ഞു കിടക്കുന്നു. അപ്പനില്ലാത്തൊരു കുഞ്ഞ് കുരിശില്‍ക്കിടന്ന് അവരെ നോക്കി അലിവോടെ ചിരിക്കുന്നപോലെ അയാള്‍ക്കു തോന്നി. നേരിയ ഒരു കുറുകലോടെ തന്നെ അള്ളിപ്പിടിക്കുന്ന കുഞ്ഞിനെ ഒന്നുകൂടെ ചേര്‍ത്തണച്ച് അയാളൊരു മരബഞ്ചിലേക്കിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com