'ഗുഹ്യം'- ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട് എഴുതിയ കഥ

മറ്റൊരു സായാഹ്നത്തിലേയ്ക്ക് ചെമ്പന്‍കുന്നിലെ പുല്ലുകള്‍ ചോപ്പണിഞ്ഞു കിടന്നു
'ഗുഹ്യം'- ഉണ്ണിക്കൃഷ്ണന്‍ പൂഴിക്കാട് എഴുതിയ കഥ

മറ്റൊരു സായാഹ്നത്തിലേയ്ക്ക് ചെമ്പന്‍കുന്നിലെ പുല്ലുകള്‍ ചോപ്പണിഞ്ഞു കിടന്നു.
മുകളിലെത്തിയപ്പോള്‍ അനിലന്‍ വല്ലാതെ കിതച്ചു. അവന്റെ പിന്‍കഴുത്തിലെ മാംസക്കുന്നുകളില്‍നിന്നും വിയര്‍പ്പ് പൊടിഞ്ഞൊഴുകി പച്ച ടീഷര്‍ട്ടിനെ നനയിച്ചുകൊണ്ടിരുന്നു.
എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് അവന്‍ ഈ കുന്നിന്‍പുറം കാണുന്നത്. ഏറെ ആയാസപ്പെട്ട് കുന്ന് കയറിയപ്പോള്‍ ഞാന്‍ ആലോചിച്ചത് അതല്ല. കൗമാരത്തിന്റെ ആവേശദിനങ്ങളില്‍ ഞങ്ങള്‍ നിമിഷനേരംകൊണ്ട് ഈ നിമ്നോന്നതങ്ങളെ എങ്ങനെ കീഴടക്കിയെന്നാണ്.
കുന്നിന്റെ മേല്‍ത്തട്ടിന് വലിയ മാറ്റങ്ങളൊന്നുമില്ല. കിഴക്കേപ്പാറയില്‍ ഇരിപ്പുറപ്പിച്ച് അനിലന്‍ ചുറ്റും നോക്കി. അവന്റെ കണ്ണുകളിലേയ്ക്ക് പഴയ കൗമാരം ചേക്കേറുന്നത് ഞാന്‍ കണ്ടു.

കുന്നിന്റെ കിഴക്കേ ചരുവിലാണ് വയലിറമ്പത്ത് ഹൈസ്‌കൂള്‍. ഞങ്ങളുടെ പഴയ പള്ളിക്കൂടം. അതിന്റെ മുന്നിലെ പഴയ മണ്‍പാത വളര്‍ന്ന് ടാറണിഞ്ഞു കിടന്നു. അതിലൂടെ വാഹനങ്ങള്‍ നിരനിരയായി നീങ്ങുന്നുണ്ട്. കറുത്തപാതയുടെ ഇരുവശവുമുള്ള നികത്തിയ പാടങ്ങളില്‍ പുതിയ പുതിയ കെട്ടിടങ്ങള്‍ മുളച്ചുനിന്നു. 'ചുറ്റും വല്ലാതെ മാറി' -നിരാശയോടെ അനിലന്‍ പറഞ്ഞു. അതേ, അവന്റെ കാഴ്ചയില്‍ ഇതൊക്കെ വല്ലാത്തമാറ്റം തന്നെ. പടിഞ്ഞാറെ വയലിന്റെ നടുവിലുള്ള വയലിറത്തമ്മയുടെ കോവില്‍ പുതുക്കിപ്പണിതിട്ടുണ്ട്. തരിശായ വയലിന്റെ നടുവില്‍ അമ്പലത്തിന്റെ പഞ്ചലോഹധ്വജം ജ്രംഭിച്ചു നില്‍പ്പാണ്.
അനിലനെല്ലാം കൗതുകത്തോടെ കാണുകയാണ്.
കുന്നിന്റെ തെക്കേ ഭാഗത്തെ കരിമ്പാറ പൊടിച്ചുമാറ്റിയതും അവിടെ ഒരു ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നതും ഞാനിതുവരെ അവനോട് പറഞ്ഞിട്ടില്ല.

പണ്ട് സ്‌കൂളിന്റെ ഉച്ചനേരത്തെ മണിയൊച്ച മുഴങ്ങുമ്പോള്‍ ചോറുപൊതിയും എടുത്തുകൊണ്ട് ഞങ്ങള്‍ ഈ കരിമ്പാറയിലേയ്ക്ക് കുതിക്കുമായിരുന്നു. പാറയിലെ നീരുറവയില്‍ കൈകഴുകിയെന്ന് വരുത്തി വട്ടമിട്ടിരുന്ന് ചോറ് പകുത്തെടുത്ത്...
ആ നീരുറവകളെല്ലാം എന്നാണ് വറ്റിപ്പോയത്?
''പാറയെല്ലാം പൊട്ടിച്ചല്ലോ'' അനിലന്‍ വല്ലാത്ത സങ്കടത്തോടെ ചോദിച്ചു. ഇനി അവന്റെ ചോദ്യം രാജനെപ്പറ്റിയായിരിക്കുമെന്ന്  ഞാനൂഹിച്ചു.
കൗമാരകാമനകളുടെ കയങ്ങളിലേയ്ക്ക് ഒരു നിലയും കിട്ടാതെ ഞങ്ങള്‍ ഉഴറിയാഴുമ്പോള്‍ പുസ്തകക്കുരുക്കില്‍ ഞങ്ങളെ തൂക്കിയെടുത്തത് രാജനായിരുന്നല്ലോ. ഉടലുകളുടെ അദമ്യ പ്രലോഭനത്തില്‍ സ്വയം അസ്വസ്ഥരായ ഞങ്ങളുടെ ജൈവികാകാംക്ഷകളെ ഉണര്‍ത്തിയതും ഭ്രമിപ്പിച്ചതും ശമനമാര്‍ഗ്ഗം കാട്ടിത്തന്നതും അവനായിരുന്നല്ലോ.

ഈ കരിമ്പാറകളുടെ അകമിടുക്കുകളിലായിരുന്നു അവന്റെ ആ നിധിശേഖരം. ഒരു മാന്ത്രികന്റെ കൈവേഗത്താല്‍ ഓരോന്നായി വലിച്ചെടുക്കും. തൊണ്ട വരണ്ട്, അരുതായ്മകളുടെ ആദ്യയറിവുകളിലേയ്ക്കു ഞങ്ങള്‍ കാതുതുറന്നു കാത്തിരിക്കും. അവിഹിത പെരുമാറ്റങ്ങളാല്‍ പുറംചട്ടപോയ കൊച്ചുപുസ്തകങ്ങളുടെ അകപ്പൊരുളുകളിലേയ്ക്ക് നാടകീയമായി പ്രവേശിച്ചു ഞങ്ങളെ വിവശരാക്കും. പക്ഷേ, അവയൊന്നും ഞങ്ങളുടെ കൈകളില്‍ തരില്ല. തുപ്പല്‍ പുരണ്ട വിരലുകളാല്‍ അവന്‍ താളുകള്‍ മറിക്കുമ്പോള്‍ അപ്രാപ്യമായ ആ രുചികളില്‍ ഞങ്ങള്‍ തിളയ്ക്കും. ചിലപ്പോള്‍ ദൂരേനിന്നു നിറംമങ്ങിയ ആ ചിത്രങ്ങള്‍ കാണിച്ചുതരും. അതിചലനങ്ങളാല്‍ ഞങ്ങള്‍ നനയും. അങ്ങനെ ആ വായനയില്‍ ഞങ്ങള്‍ വിറയാര്‍ന്നിരിക്കുമ്പോള്‍, അതിന്റെ മാരകത്തുടര്‍ച്ച പകുതിയില്‍ മുറിച്ച് ഞങ്ങളെ തളര്‍ത്തും. പോക്കറ്റില്‍ ഞങ്ങള്‍ കരുതിവെച്ചു ചില്ലറകള്‍ക്കുവേണ്ടി അവന്‍ കൈനീട്ടും.
പത്താം ക്ലാസ്സിന്റെ തുടക്കത്തില്‍വെച്ച്, പള്ളിക്കൂട മൂപ്പനായ രാജന്‍ പഠിപ്പു നിര്‍ത്തുമ്പോള്‍ ഞങ്ങള്‍ക്കു നഷ്ടപ്പെട്ടത് പുത്തനറിവിന്റെ ചലനാഗ്‌നിയുടെ ഇന്ധനമായിരുന്നു. 

രാജന്‍ പഠിപ്പുമുടക്കി, നേരെ ചെന്നുകയറിയത് പാറക്കല്ലുമായി പായുന്ന തൊഴിലാളി എന്ന ലോറിയുടെ സൈഡ് സീറ്റിലേയ്ക്കാണ്. വൈകുന്നേരം ക്ഷീണിതരായി ഞങ്ങള്‍ സ്‌കൂളില്‍നിന്നും മടങ്ങുമ്പോള്‍ അവന്‍ തൊഴിലാളിയില്‍ കിളിയായി പറന്നു. ഒന്നുരണ്ടുവര്‍ഷങ്ങള്‍ക്കകം അവന്‍ ഇടത്തുനിന്നു വലത്തോട്ട് മാറിയിരുന്നു വളയം തിരിക്കാനും പഠിച്ചു. 
കൗമാരത്തിന്റെ ഇട്ടാവട്ടങ്ങളില്‍ കിടന്നു ഞങ്ങള്‍ ചവിട്ടിത്തേയ്ക്കുമ്പോള്‍ ആക്‌സിലേറ്ററില്‍ കാലമര്‍ത്തി അവന്‍, ഞങ്ങളുടെ കണ്‍മുന്നിലൂടെ ലോറി പായിച്ചു.
അനിലന്‍ ജോലിതേടി ചിറ്റപ്പനൊപ്പം ബോംബേയിലേയ്ക്കു നാടുവിടുമ്പോഴും രാജന്‍ സിഗരറ്റ് കടിച്ചുപിടിച്ച് ചെമ്മണ്‍പാതയിലൂടെ ലോറി പറത്തിവിട്ട് ഇളംമുറക്കാരുടെ ഹീറോയായി വാണു. 

രാജനിപ്പോള്‍ രാജന്‍ കോണ്‍ട്രാക്ടറായ കാര്യം അനിലന്‍ അറിഞ്ഞിട്ടില്ല. നാട്ടിലെ എണ്ണപ്പെട്ട പണക്കാരനാണവന്‍. കുന്നിന്‍ചെരുവിലെ പാറക്രഷറും അവന്റേതാണ്. പണ്ട് പാറകള്‍ക്കിടയില്‍നിന്നും കൊച്ചു പുസ്തകങ്ങളെ ആവാഹിച്ച് ഞങ്ങളെ അതിശയിപ്പിച്ചതുപോലെ ഇന്ന് അവന്‍ പാറകള്‍ക്കിടയില്‍നിന്നും കാശ് വാരിയെടുത്ത് നാട്ടുകാരെ മുഴുവന്‍ അമ്പരപ്പിക്കുകയാണ്.
ഇപ്പോഴും ആ പഴയ സൗഹൃദത്തിന്റെ ഒരു ചിരി രാജന്‍ കോണ്‍ട്രാക്ടറിലുണ്ട്. അതുകൊണ്ടു തന്നെയാണ് കുന്നിലെ ക്വാറി നാട്ടില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനെതിരെയുള്ള സമരത്തില്‍ പങ്കാളിയാകാന്‍ എന്നെ ക്ഷണിക്കാനെത്തിയ ചെറുപ്പക്കാരോട് ഒന്നിനും സമയമില്ലായെന്നു പറഞ്ഞ് ഞാന്‍ ഒഴിഞ്ഞത്.

അനിലന്‍ ഒരു സിഗററ്റെടുത്ത് കൊളുത്തി പുകയൂതി ഒന്ന് നേരെ നീട്ടിയപ്പോള്‍ ഞാന്‍ വാങ്ങി. വളരെക്കാലമായി ഈ ശീലം നിര്‍ത്തിയിട്ട്.
പണ്ട് എട്ടാം ക്ലാസ്സിന്റെ ഇടനേരങ്ങളില്‍ കുന്നിന്റെ പടിഞ്ഞാറുള്ള പറങ്കിമാവിന്റെ താഴ്ന്ന ചില്ലയില്‍ കാലാട്ടിയിരുന്ന് രാജനാണ് ഞങ്ങളെ ബീഡിവലിക്കാനും പഠിപ്പിച്ചത്. 25 പൈസയായിരുന്നു ഗുരുദക്ഷിണ. രണ്ടാമത്തെ ക്ലാസ്സ് തീരുംമുന്‍പേ, തോമാസാര്‍ ഒരു രൂപാ കൊടുത്ത് രാജനെ ബീഡിവാങ്ങാന്‍ വിടും. പരമുച്ചേട്ടന്‍ ബീഡിയെണ്ണിയെടുത്ത് അതു പൊതിയാനായി തിരിഞ്ഞ് കടലാസ് തപ്പുമ്പോഴേയ്ക്കും മുറത്തില്‍നിന്നും രണ്ടെണ്ണം രാജന്‍ എടുത്തുമാറ്റിയിരിക്കും. അതിലൊരെണ്ണം തരം കിട്ടുമ്പോള്‍ അവന്‍ വലിക്കും. നീക്കിയിരിപ്പ് ഞങ്ങളെപ്പോലെയുള്ള കന്നിക്കാര്‍ക്ക് വലിച്ചു പഠിക്കാനുള്ളതാണ്. ഞങ്ങള്‍ നല്‍കുന്ന കാലണകൊണ്ട് അവന്‍ ഗ്യാസ്മുട്ടായി വാങ്ങി ബീഡിമണം കളയും.
ആദ്യത്തെ ദിനം തന്നെ ഞാനും അനിലനും കത്തിച്ച ബീഡിക്കു മുന്നില്‍ അധൈര്യവാന്മാരായി. ബീഡി വലിക്കുന്നതാണ് ആണത്തത്തിന്റെ ലക്ഷണമെന്ന് ഉദാഹരണ സഹിതം രാജന്‍ ഉദ്ബോധിപ്പിച്ചു. ആദ്യത്തെ പുകയില്‍ ഞങ്ങള്‍ കണ്ണു ചുവന്നു വീണു. ഉള്ള് കലങ്ങി. പുക നെഞ്ചില്‍ കുടുങ്ങി. 

അനിലനിപ്പോള്‍ സിഗരറ്റിന്റെ പുക വൃത്താകൃതിയില്‍ ഊതിയൂതി പറപ്പിക്കുകയാണ്.
''ഇപ്പോഴും ചെയിനാണോ'' ഞാന്‍ ചോദിച്ചു.
''ഒരുപാട് കുറച്ചു. പണ്ടൊക്കെ ദിവസവും ഒന്നോ രണ്ടോ പായ്ക്കറ്റായിരുന്നു പതിവ്. ഇപ്പം ഒന്നോ രണ്ടോ എണ്ണം മാത്രം. പഴയ രസമൊന്നുമില്ലെങ്കിലും പുക ഊതിവിടുമ്പോള്‍ ഒരാശ്വാസം. അത്രതന്നെ.''

ഒരു നിമിഷത്തേയ്ക്ക് ഞങ്ങള്‍ക്കിടയില്‍ നിശ്ശബ്ദതയുടെ പുക കനത്തു. താഴെ റോഡിലൂടെ ഇതുവരെ നഗരത്തെ വളഞ്ഞതിന്റെ ആലസ്യത്തോടെ, പരിഷ്‌കാരത്തിന്റെ തോക്കിന്‍കുഴലില്‍ വീര്‍പ്പുമുട്ടുന്ന നാട്ടിന്‍പുറത്തേയ്ക്ക് ചെറുപ്പക്കാര്‍ അതിവേഗത്തില്‍ മടങ്ങുന്നുണ്ട്.
''ഇപ്പം ഇവിടെ സൈക്കിളുകാരൊന്നുമില്ലേ?'' അനിലന്‍ ചോദിച്ചു.
സൈക്കിളുണ്ട് മിക്ക വീടുകളിലും. വട്ടത്തില്‍ ചവിട്ടിയിട്ടും ദൂരത്തേയ്ക്ക് പോകാത്തവ. രാവിലത്തെ പത്രവായനയ്‌ക്കൊപ്പം ആ അനങ്ങാ സൈക്കിള്‍ ചവുട്ടിവിയര്‍ത്ത് ദുര്‍മേദസ് ഇറക്കി വിയര്‍ത്തുകുളിച്ച് കയറിയിടത്തുതന്നെ ഇറങ്ങി ആരോഗ്യം സംരക്ഷിക്കുന്നവര്‍. എന്നിട്ട് കുളിച്ച് ഒരുങ്ങി അര കിലോമീറ്റര്‍ ദൂരത്തേയ്ക്ക് ബൈക്കിലും കാറിലും കയറിപ്പായും.

''ദാമു മുതലാളി ഇപ്പോഴുണ്ടോ?'' അവന്റെ ചോദ്യത്തില്‍ പഴയ സൈക്കിള്‍ കാലത്തിന്റെ മണിയൊച്ച മുഴങ്ങി.
അക്കാലത്ത് ദാമു മുതലാളിയായിരുന്നു നാട്ടിലെ സൈക്കിളുകളുടെ ജന്മി. രാവിലെ അങ്ങേര്‍ കടയ്ക്കുമുന്നില്‍ പലതരത്തിലുള്ള സൈക്കിളുകള്‍ നിരത്തിവെയ്ക്കും. ഒരു വശത്ത് ആണിയിട്ടുറപ്പിച്ച പലകയില്‍ 'സൈക്കിള്‍ വാടകയ്ക്ക് കൊടുക്കപ്പെടും. മണിക്കൂറിന് ഒരു രൂപാ' എന്ന് ചുണ്ണാമ്പുകൊണ്ട് അവ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. നാട്ടിലെ ആണ്‍കുട്ടികളൊക്കെ ചവിട്ടിത്തെളിഞ്ഞത് ആ സൈക്കിളുകളിലാണ്. ഹാന്‍ഡില്‍ 'ന' പോലെ വളഞ്ഞ ബി.എസ്.എ സൈക്കിളുകളായിരുന്നു ജനപ്രിയന്‍. കൂടെ പഠിക്കുന്ന പെണ്‍കുട്ടികളുടെ വീടിനു മുന്നിലൂടെ ആ സൈക്കിളുകളില്‍ ബെല്ലുകള്‍ മുഴക്കി രസം പിടിച്ച് ഞങ്ങള്‍ പായുമായിരുന്നു. കുതിരപ്പുറത്തേറി യുദ്ധത്തിനു പോകുന്ന വീരരാജകുമാരന്മാരെപ്പോലെ  തന്നെ. ആ പാച്ചിലിനിടെ ചിലര്‍ കല്ലില്‍ തട്ടി മറിഞ്ഞുവീണു. കയ്യും കാലും ഒടിഞ്ഞു. മേലാകെ ഉരഞ്ഞു. പിള്ളേരുടെ മുറിവിനേക്കാള്‍ ദാമു മുതലാളിയെ സങ്കടപ്പെടുത്തിയത് സൈക്കിളുകളുടെ നിസ്സാര ക്ഷതങ്ങളായിരുന്നു. നോട്ടുകളായിരുന്നു പിഴ.
സൈക്കിളുകള്‍ ഓരോ വീട്ടിലും അവശ്യ വാഹനങ്ങളാകാന്‍ തുടങ്ങിയതോടെ ദാമു മുതലാളിയുടെ പ്രതാപകാലത്തിന് അസ്തമയമായി. എല്ലാ വീടുകള്‍ക്കു മുന്നിലും പുതുസൈക്കിളുകള്‍ മോടിയോടെ മേവുന്നത് കണ്ട് ദാമു മുതലാളി കുണ്ഠിതപ്പെട്ടു. പിന്നെ പെട്ടെന്നാണ് ദാമു മുതലാളി വൃദ്ധനായത്. പഴയ സൈക്കിളുകള്‍ കാലഹരണപ്പെട്ടു. തിമിരം ബാധിച്ച കണ്ണുകള്‍ക്ക് മുകളില്‍ നിര്‍ത്തിയ കൈപ്പടം വെച്ച് റോഡിലൂടെ പോകുന്നവരെയൊക്കെ ഒരു രൂപയുമായി വരുന്ന കുട്ടികളായി അയാള്‍ കണ്ടു. കാത്തിരുന്ന് കാത്തിരുന്ന് മുഷിഞ്ഞു. ഒരു രൂപ കൊടുത്ത് ചില കള്ളന്മാര്‍ സൈക്കിള്‍ വാടകയ്ക്ക് എടുത്ത് നഗരത്തിലേയ്ക്ക് ചവിട്ടി. നൂറിനും അന്‍പതിനും ആക്രിക്കാര്‍ക്ക് കച്ചവടം ചെയ്തു. ദാമു മുതലാളി അങ്ങനെ വെറും ദാമുവായി. കാലത്തിന്റെ ചക്രച്ചാലില്‍ പിന്നിലേയ്ക്ക് മറഞ്ഞ് കളമൊഴിഞ്ഞു.
അനിലന്‍ ഇപ്പോഴും മാറുന്ന ഗ്രാമത്തിനെക്കുറിച്ചോര്‍ത്ത്  ഇച്ഛാഭംഗത്തിലാണ്.

വഴിയില്‍വെച്ച് ഞങ്ങള്‍ തോമസാറിനെ കണ്ടിരുന്നു. വായനശാലയിലേയ്ക്കുള്ള വൈകുന്നേര നടത്തത്തിനിടയില്‍ കട്ടിക്കണ്ണടയിലൂടെയുള്ള സൂക്ഷ്മനോട്ടത്തില്‍ അദ്ദേഹം പഴയ ശിഷ്യരെ തിരിച്ചറിഞ്ഞു. വിശേഷങ്ങള്‍ തിരക്കി പിരിഞ്ഞു. പിന്നെ വഴിയിലൊക്കെ പഴയ പള്ളിക്കൂടക്കഥകള്‍ അനിലനില്‍നിന്ന് ഏറ്റുവാങ്ങി ഞാന്‍ ഗൃഹാതുരനായി. അവന്‍ പറഞ്ഞപ്പോഴാണ് ഞാനും ഒരു കാര്യം ഓര്‍ത്തത്. ഞങ്ങളുടെ കാലത്ത് ടീച്ചര്‍ വിളികള്‍ ഇല്ലായിരുന്നു. ആണ്‍പെണ്‍ ഭേദമില്ലാതെ അദ്ധ്യാപകരെയെല്ലാം സാര്‍ വിളിയില്‍ ഞങ്ങള്‍ സമത്വം നിര്‍മ്മിച്ചു. പഠിക്കാന്‍ പിള്ളേരില്ലാത്തതുകൊണ്ട് രണ്ടുതവണ സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ പഴയ കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ നിശ്ശബ്ദനായി.

കഴിഞ്ഞമാസം, ചെറുപ്പക്കാരനായ ഹെഡ്മാഷും വാര്‍ഡ് മെമ്പറും ഒന്നുരണ്ടാളുകളുംകൂടി കാണാന്‍ വന്നിരുന്നു. പൂര്‍വ്വവിദ്യാര്‍ത്ഥികളെയൊന്ന് സംഘടിപ്പിക്കണം. അവര്‍ പറഞ്ഞു. പട്ടണത്തില്‍നിന്നും എത്തുന്ന സ്‌കൂള്‍ ബസില്‍ കയറി ഇവിടുത്തെ കുട്ടികളൊക്കെ നാടുവിടുകയാണിപ്പോള്‍. നമ്മുടെ സ്‌കൂളില്‍ വല്ലാത്ത ഡിവിഷന്‍ ഫാള്‍. ഇങ്ങനെ പോയാല്‍ ഒന്നു രണ്ടു വര്‍ഷത്തിനകം സ്‌കൂള്‍ പൂട്ടേണ്ടിവരും. അവധിക്കാലത്ത് എല്ലാവരുംകൂടി ഒന്ന് പരിശ്രമിച്ചാല്‍ കുറേ കുട്ടികളെ കിട്ടും. ഗ്രേഡിങ് വന്നതോടെ സ്‌കൂളിന്റെ വിജയശതമാനം കൂടിയിട്ടുണ്ട്. ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെട്ടു. അടുത്താഴ്ചയില്‍ നാട്ടുകാരെ സംഘടിപ്പിച്ച് ഒരു പൊതുയോഗത്തിന് ആലോചനയുണ്ട്. അതിലേയ്ക്ക് എന്നെ ക്ഷണിക്കാനാണ് അവര്‍ വന്നത്. എത്താമെന്ന് സമ്മതിച്ചു. തീര്‍ച്ചയായും വരണമെന്ന് പറഞ്ഞിറങ്ങുമ്പോള്‍ ഹെഡ്മാഷിന്റെ തലയില്‍, നഗരത്തില്‍ പഠിക്കുന്ന ഇളയമകളുടെ കഴുകിയിട്ട യൂണിഫോമില്‍നിന്നും രണ്ടുതുള്ളി വെള്ളം വീണു.

നഗരജീവിതത്തിന്റെ സ്‌നേഹരാഹിത്യത്തെപ്പറ്റിയും യാന്ത്രികതയുടെ മടുപ്പവസ്ഥകളെക്കുറിച്ചും അനിലന്‍ വാചാലനാകുന്നത് ഞാന്‍ കേട്ടിരുന്നു. എല്ലാം ഒന്ന് ഒതുക്കിയിട്ട് ശിഷ്ടജീവിതം ഇവിടെവന്ന് സ്വസ്ഥമാക്കണമെന്ന് അവന്‍ പറഞ്ഞപ്പോള്‍ അവന്റെ കണ്ണിലെ തിളക്കം ഞാന്‍ കണ്ടു. അപ്പോഴേയ്ക്കും ഈ നാടും വലിയ നഗരമാകില്ലേയെന്ന് ഞാന്‍ സ്വയം ചോദിച്ചു.
വയലിറമ്പത്തമ്മയുടെ മുറ്റത്ത് പൊക്കത്തിലുയര്‍ത്തിയ ഉച്ചഭാഷിണികളില്‍നിന്നും ഭക്തിഗാനങ്ങള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുതുടങ്ങിയിരിക്കുന്നു. അതിലും വലിയ വാഹനയൊച്ചകള്‍ക്കിടയില്‍ അവ ചിതറിപ്പോയി.

അമ്പലത്തില്‍ ആദ്യം മൈക്കുസെറ്റ് സ്ഥാപിച്ചപ്പോള്‍ കുട്ടികളായ ഞങ്ങള്‍ക്ക് അതൊരു അദ്ഭുതക്കാഴ്ചയായിരുന്നു. പിഞ്ഞാണവട്ടമുള്ള റെക്കോഡുകളിലൂടെ സൂചി ഓടുന്ന കാഴ്ച കാണാന്‍ പതിവായി ആള്‍ക്കൂട്ടമുണ്ടായിരുന്നു. അന്നത്തെ അമ്പലക്കമ്മിറ്റിയില്‍ കമ്യൂണിസ്റ്റുകള്‍ക്കായിരുന്നു മേല്‍ക്കോയ്മ. ആദ്യത്തെ ഭക്തിഗാനങ്ങള്‍ക്കുശേഷം പിന്നെ കെ.പി.എ.സിയുടെ നാടകഗാനങ്ങളും ഇടും. കെ.എസ്. ജോര്‍ജിന്റെ ബലികുടീരങ്ങളേ കേട്ടുകൊണ്ട് ഭക്തര്‍ വയലിറത്തമ്മയുടെ ചെറിയ ശ്രീകോവിലിനു പ്രദക്ഷിണം ചെയ്തു. ഇപ്പോള്‍ അമ്പലക്കമ്മിറ്റി തെരഞ്ഞെടുപ്പില്‍ കനത്ത മത്സരമാണ്. വിശ്വാസികളായ കമ്യൂണിസ്റ്റ് പാനല്‍, പിന്നെ കോണ്‍ഗ്രസ്സ് പാനല്‍. അടുത്തിടെ അമ്പലമുറ്റത്ത് ആര്‍.എസ്.എസ്. ശാഖ തുടങ്ങിയതോടെ ബി.ജെ.പിക്കാര്‍ക്കും പാനലായി.
''നമ്മുടെ മാലിനി ഇപ്പോള്‍ എവിടെയാ?''

ആ ചോദ്യം ഞാന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. എനിക്കറിയാം അനിലന്‍ എവിടെയൊക്കെ പോയാലും ഒടുവില്‍ മാലിനിയില്‍ വന്നുനില്‍ക്കുമെന്ന്.

ചെമ്പന്‍കുന്നിന്റെ പടിഞ്ഞാറുവശത്തെ വയലിന്റെ അപ്പറവും ഇപ്പുറവുമായിരുന്നു എന്റേയും അനിലന്റേയും വീടുകള്‍. ആശാന്റെ എഴുത്തുകളരിയില്‍നിന്നും വിരല്‍ത്തുമ്പിലെ മണല്‍ കുടഞ്ഞെറിഞ്ഞ് നടയിറങ്ങി ഞങ്ങള്‍ ഒന്നാം ക്ലാസ്സില്‍ ചെന്നുകയറിയത് ഒരുമിച്ചായിരുന്നു. ആദ്യ ദിവസങ്ങളില്‍ത്തന്നെ ഞങ്ങള്‍ കൂട്ടുകാരായി. പിന്നെ നടവരമ്പിലൂടെ അനിലന്‍ എത്തുന്നതും കാത്ത് ഞാന്‍ വീട്ടുപടിക്കല്‍ നില്‍പ്പായി. ഒന്നിച്ചായി യാത്ര. ഒന്നിലും രണ്ടിലും ഞങ്ങള്‍ അടുത്തടുത്ത് ചമ്രം പടിഞ്ഞിരുന്നു. കല്ലു പെന്‍സിലുകള്‍ പങ്കുവെച്ചു. പള്ളിക്കൂടത്തിണ്ണയിലിരുന്ന് വട്ടയിലയിലെ ഉപ്പുമാവ് പകുത്തെടുത്തു. മൂന്നാം ക്ലാസ്സിലും ഒരേ ബെഞ്ചുകളിലിരിപ്പായി. അങ്ങനെ ആ കൂട്ടുകെട്ട് വൈകുന്നേരം ഇരുവരുടേയും വീട്ടുമുറ്റങ്ങളെ കളിക്കളമാക്കി. ആറാം ക്ലാസ്സിലേയ്ക്കുള്ള ഞങ്ങളുടെ കൈകോര്‍ത്ത നടത്തത്തിനു മുന്നിലേയ്ക്കാണ് ഒരുനാള്‍ മാലിനി വന്നുകയറിയത്. അതുവരെ ദൂരെയെവിടെയോയുള്ള സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന മാലിനി അച്ഛന്റെ സ്ഥലമാറ്റത്തെ തുടര്‍ന്ന് തറവാട്ടു വീട്ടിലേയ്ക്ക് മടങ്ങിവന്നതായിരുന്നു. അവള്‍ അങ്ങനെ ആറാം ക്ലാസ്സിലെ ഞങ്ങളുടെ സഹപാഠിയായി. പിന്നെപ്പിന്നെ അവള്‍ മുന്നില്‍ നടക്കാനായി മാത്രം ഞങ്ങള്‍ പതുക്കെ നടക്കാനും ശീലിച്ചു.

ക്ലാസ്സിലെ ഏറ്റവും മിടുക്കിയായിരുന്നു മാലിനി. ഞങ്ങള്‍ പിന്‍ബെഞ്ചിലെ ഉഴപ്പന്മാരും. അവളോടൊന്നു മിണ്ടുവാനായി മാത്രം ഞങ്ങള്‍ നോട്ടുബുക്കുകള്‍ ചോദിച്ചുവാങ്ങി. എന്നിട്ട് ആ വടിവൊത്ത അക്ഷരങ്ങളിലേയ്ക്ക് കണ്ണുംനട്ട് കിനാക്കള്‍ മാത്രം കണ്ടു.
ഞങ്ങള്‍ക്കിരുവര്‍ക്കും അവളോട് എന്തോ ഒരിഷ്ടമുണ്ടെന്നും മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ കണ്ടതിനുശേഷം അത് പ്രേമമാണെന്നും ഞങ്ങള്‍ തിരിച്ചറിഞ്ഞു.
കുന്നിന്റെ വടക്കേ ചരിവിലായിരുന്നു അന്ന് മാതാ തിയേറ്റര്‍. റിലീസായി ഒന്നുരണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മാതായില്‍ സിനിമകളെത്തുക. എന്നിട്ടും എല്ലാ ഞായറാഴ്ചയും മാതാ ഹൗസ് ഫുള്ളായി. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ ഏറ്റവും മുന്‍നിരയിലിരുന്നാണ് ഞങ്ങള്‍ കണ്ടത്. പിന്നിലേയ്ക്ക് നോക്കാന്‍ മടിയായിരുന്നു. അവിടെ മരക്കസേരകളില്‍ ഞങ്ങളുടെ ക്ലാസ്സിലെ പെണ്‍കുട്ടികള്‍ സകുടുംബം ആര്‍ഭാടത്തോടെയിരുന്ന് മോഹന്‍ലാലിനെ വെറുപ്പോടെ നോക്കുന്നുണ്ടായിരിക്കും.
പിന്നെയും എത്രയോ സിനിമകള്‍ക്ക് ഞങ്ങള്‍ മുന്നിലും പിന്നിലുമായി പ്രേക്ഷകരായി. ഇന്നും കുന്നിന്റെ ചെരുവില്‍ മാതയുടെ അവശിഷ്ടങ്ങളുണ്ട്. പഴയ ഏതോ സിനിമയുടെ സെറ്റ്പോലെ. 

പത്താം ക്ലാസ്സുവരെയും മാലിനി ഞങ്ങളുടെ ക്ലാസ്സിലായിരുന്നു. അതിനിടെ ആ മുന്‍ബെഞ്ചുകാരന്‍ വിനയന്റെ പേരുമായി കൂട്ടിച്ചേര്‍ത്ത് മാലിനിയുടെ പേര് ചിലരൊക്കെ കുശുകുശുക്കാന്‍ തുടങ്ങിയത് ഞങ്ങളും കേട്ടു. അങ്ങനെയൊന്നും ഉണ്ടാവില്ലായെന്ന് ആത്മാര്‍ത്ഥമായും ഞങ്ങള്‍ വിശ്വസിച്ചു. ഒരു ദിവസം ഹെഡ്മാസ്റ്ററുടെ മുറിക്കു മുന്നില്‍ വിനയന്‍ + മാലിനി എന്നെഴുതിവെച്ചത് അതിരാവിലെ ക്രിക്കറ്റ് കളിക്കാനായി സ്‌കൂളിലെത്തിയ ഞങ്ങളാണ് ആദ്യം കണ്ടത്. പച്ചിലത്തൂപ്പുകൊണ്ട് ഒരുപാട് പ്രയാസപ്പെട്ട് ഞങ്ങള്‍ അത് മായ്ചുകളഞ്ഞു. ഒക്കെ വിനയന്റെ കുശാഗ്രബുദ്ധിയില്‍നിന്നും ഉണ്ടായ അടവായിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അന്നാണ് പച്ചിലത്തൂപ്പ് ഭിത്തിയില്‍ ഉരച്ചപ്പോള്‍ കൈയ്ക്കുണ്ടായ നീറ്റല്‍ അനിലന്‍ ഓര്‍ത്തെടുത്ത് പല്ലു ഞെരിച്ചത്. അന്നുതന്നെ മറ്റൊരു സംഭവവുമുണ്ടായി. സ്‌കൂള്‍ മൈതാനത്ത് വെച്ചിരുന്ന വിനയന്റെ സൈക്കിളിന്റെ കാറ്റ് ആരോ ഊരിക്കളഞ്ഞു. ബെല്ലിന്റെ കപ്പ് ആരോ അഴിച്ചെടുത്തു. അതുകൊണ്ട് മാലിനിയുടെ പിന്നിലും മുന്നിലും സൈക്കിള്‍ ചവിട്ടി ബെല്ലടിച്ചു പോകാന്‍ വിനയന് അന്നായില്ല. 

പത്താം ക്ലാസ്സു കഴിഞ്ഞ് ഫസ്റ്റ് ക്ലാസ്സോടെ ദൂരെയുള്ള കോളേജിലേയ്ക്ക് പോകാനായി മാലിനി ബസിന്റെ മുന്‍വാതിലിലൂടെ കയറി. പിന്‍വാതിലിലൂടെ വിനയനും. ഇരുനൂറ്റിപത്തുകാരായ ഞങ്ങള്‍ക്ക് അങ്ങനെ പോകാന്‍ അവസരം ലഭിക്കാത്തതുകൊണ്ട് അമ്പലപ്പറമ്പിനടുത്തുള്ള ഓക്‌സ്ഫോര്‍ഡ് കോളേജില്‍ പ്രീഡിഗ്രിക്ക് പ്രൈവറ്റായി ഇരുന്നു. മനസ്സിലാകാത്ത ഭാഷയില്‍ സാറുമ്മാര്‍ വിജ്ഞാനം വിളമ്പുമ്പോള്‍ ഞങ്ങള്‍ മരയഴിയ്ക്കിടയിലൂടെ മാലിനി നേരത്തെ എത്തിയാലോയെന്ന സംശയത്തില്‍ റോഡിലേയ്ക്ക് കണ്‍പാര്‍ത്തു. കൂടെ പഠിച്ചിരുന്നവരില്‍ ചിലര്‍ കോളേജില്‍ ചേര്‍ന്നിരുന്നു. എല്ലാം പാവങ്ങള്‍. അവരുടെ വാക്കുകളിലൂടെ മാലിനി കോളേജിലെ വലിയ സുന്ദരിയൊന്നുമല്ലായെന്ന് അറിഞ്ഞപ്പോഴാണ് ഞങ്ങള്‍ക്കൊരു ആശ്വാസം തോന്നിയത്.
ഓക്‌സ്ഫോര്‍ഡിലെ പഠനത്തോടൊപ്പം വട്ടച്ചെലവിനുള്ള ചില്ലറയൊപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു ഞങ്ങള്‍. പാക്കരേട്ടനൊപ്പം കല്യാണവീടുകളിലും സഞ്ചയനത്തിനുമുള്ള പാചകപ്പണിയായിരുന്നു അതിലൊന്ന്. വെള്ളം കൊടുക്കുക, പ്രഥമനുശേഷമുള്ള നാരങ്ങ അച്ചാര്‍ വിളമ്പല്‍, കലവറക്കാവല്‍ തുടങ്ങിയ ചെറുകിടപ്പണികളാണ് കിട്ടുക. മൊത്തത്തിലൊരു അപ്രന്റീസ് പദവി. ശേഷം എല്ലാം ഒപ്പം നിന്ന് നോക്കീം കണ്ടും പഠിച്ചോണമെന്ന ഉപദേശവുമുണ്ട് ഉപദംശമായി.

ചില മാസങ്ങളില്‍ കല്യാണങ്ങള്‍ കുറയും. പിന്നെ ആശ്രയം ഗംഗാധരേട്ടനാണ്. വീടിന് വെള്ളയടിക്കുകയെന്നത് ചെറിയ, ആഡംബരമായി നാട് സ്വീകരിച്ച കാലമാണ്. അല്പംകൂടി കാശ് കൈവശമുണ്ടായാല്‍ മഞ്ഞസ്‌നോസം വാങ്ങി പൂശും. അങ്ങനെ ഗംഗാധരേട്ടന്‍ മൊത്തത്തില്‍ തിരക്കായി. ഞങ്ങള്‍ അതിലും സഹായികളാണ്. ചുവരുകളിലെ പായല്‍ കഴുകി വൃത്തിയാക്കല്‍, മുറിയിലെ സാധനസാമഗ്രികള്‍ മറ്റിടങ്ങളിലേയ്ക്ക് നീക്കുക, ബ്രഷ് എടുത്തുകൊടുക്കുക ഇതൊക്കെ തന്നെ ജോലികള്‍.
മാതയിലായിരുന്നു ഞങ്ങളുടെ പ്രീഡിഗ്രിക്കാലം കൂടുതല്‍ ഓടിയത്. അക്കൊല്ലവും പതിവുപോലെ ഓക്‌സ്ഫോര്‍ഡിലെ പ്രീഡിഗ്രി പരാജയശതമാനം തൊണ്ണൂറ്റിയെട്ടിലെത്തി. അതില്‍ ഞങ്ങളും ഉള്‍പ്പെട്ടു. പ്രിന്‍സിപ്പല്‍ അരവിന്ദന്‍ സാറ് അതിലൊട്ടും കുലുങ്ങിയില്ല. സാറ് ജയിച്ചവരുടെ ഫോട്ടോ വെച്ച് അക്കുറിയും നോട്ടീസിറക്കി. കോളേജുകളില്‍ അഡ്മിഷന്‍ കിട്ടാന്‍ മാര്‍ക്കില്ലാത്തവരുടെ വീടുകള്‍ പകലന്തിയോളം സന്ദര്‍ശിച്ച് ക്യാന്‍വാസിംഗ് കൊഴുപ്പിച്ചു. പണ്ട് പഠിച്ചവരില്‍ ഫീസ് കൊടുക്കാത്തവരെ തെരഞ്ഞുപിടിച്ച് അദ്ധ്യാപകവേഷം നല്‍കി കാശ് വസൂലാക്കുന്ന തന്ത്രവും അരവിന്ദന്‍ സാറിനുണ്ടായിരുന്നു.

ഞാനത് ഓര്‍ത്തു പറയുമ്പോള്‍ അനിലന്‍ ചിരിച്ചു. അപ്പോള്‍ ഓക്‌സ്ഫോര്‍ഡ് അക്കാദമിയില്‍ നിന്നും ഇറങ്ങിവന്നവനെപ്പോലെ അനിലന്‍ പ്രസാദവാനായിരുന്നു. അക്കാലത്തിന്റെ തമാശകളായിരുന്നു പിന്നെ ഒട്ടുനേരം ഞങ്ങളുടെ ഓര്‍മ്മകളില്‍. അനിലന്‍ ഇനി തിരിച്ച് മാലിനിയിലേയ്ക്ക് പോകരുതെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.
അനിലന്‍ ഗംഗാധരേട്ടനെപ്പറ്റിയാണ് പിന്നെ ചോദിച്ചത്. ഞങ്ങളുടെ പഴയകാലങ്ങളെ നിറം പിടിപ്പിച്ച ഗുരുവാണ്. ഇപ്പോള്‍ പെയിന്റിംഗ് പണിക്കൊന്നും ഇറങ്ങുന്നില്ല. ഇളയമകന്‍ സതീശന്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ക്ലാര്‍ക്കാണ്. പ്രായാധിക്യത്താല്‍ ക്ഷീണിതനാണെങ്കിലും ചുറ്റുമുള്ള വീടുകള്‍ പല വര്‍ണ്ണങ്ങളില്‍ തിളങ്ങിനില്‍ക്കുന്നത് കാണുമ്പോള്‍ ഗംഗാധരേട്ടനില്‍ ആവേശം നിറം പൂശും.
''മാലിനിയുടെ വീട്ടില്‍ നമ്മള്‍ പെയ്ന്റിംഗിനു പോയത് നീ ഓര്‍ക്കുന്നുണ്ടോ?'' അവസാനം അനിലന്‍ ആ ചോദ്യത്തിലെത്തി. ഞാനാകെ അന്ധാളിച്ചു.

ഗംഗാധരേട്ടനൊപ്പം ഞങ്ങള്‍ പെയിന്റിംഗ് പണിയുമായി നടന്ന കാലത്താണ് മാലിനിയുടെ ചേച്ചിയുടെ കല്യാണം. വീടിനെ ഭംഗിയാക്കുന്ന ജോലി ഗംഗാധരേട്ടനു തന്നെ കിട്ടി. മാലിനിയുടെ വീട്ടിലാണ് പണിയെന്നറിഞ്ഞപ്പോള്‍ ആവേശത്തോടെ ഞങ്ങളും ഒപ്പം കൂടി. വീടിനുള്ളിലെ സാധനസാമഗ്രികള്‍ ഭദ്രമായി പുറത്ത് എത്തിക്കുകയായിരുന്നു ആദ്യം ഏല്പിച്ച ജോലി. മാലിനിയുടെ മുറിയിലേയ്ക്ക് നെഞ്ചിടിപ്പോടെയാണ് ഞങ്ങള്‍ കയറിയത്. ഒരുപാട് കാലം ഞങ്ങളെ മോഹിപ്പിച്ച അവളുടെ മണം ഞങ്ങളെ ചുറ്റിവരിഞ്ഞു. അനിലന്‍ ഭ്രാന്തുപിടിച്ചതുപോലെ മുറിയിലാകെ ഓടിനടന്ന് മാലിനിയെ മണത്തു. അവളുടെ ബുക്കുകള്‍ ചുമ്മാതെയെടുത്ത് മറിച്ചുനോക്കി. ഉടയാടകള്‍ മണത്തുനോക്കി നേരം കളഞ്ഞു.

മുറിക്കുള്ളില്‍ കയറിയ ഞങ്ങളെ പുറത്തേയ്ക്ക് കാണാഞ്ഞപ്പോള്‍ ഗംഗാധരേട്ടന്‍ വിളിച്ചു ചോദിച്ചു. 
''എത്ര നേരമായെടാ, രണ്ടെണ്ണവും കൂടി എന്തെടുക്കുവാ.''
ഞങ്ങള്‍ പെട്ടെന്ന് അനുസരണയുള്ളവരായി. മുന്‍പൊരിക്കലും കാണിക്കാത്ത ശ്രദ്ധയോടെ, മുറിയിലെ സാധനസാമഗ്രികള്‍ എടുത്തു മാറ്റുമ്പോഴാണ് എവിടെനിന്നോ ഒരു കടലാസ് പൊതി താഴെ വീണത്. ഞാന്‍ അത് എടുക്കുന്നത് അനിലന്‍ കണ്ടു. അവനും ഓടിവന്നു. തുറന്നപ്പോള്‍ ഉമിക്കരിപോലെ നേര്‍ത്ത രോമങ്ങള്‍. എനിക്കൊന്നും മനസ്സിലായില്ല. അനിലന്‍ വിറയാര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു ''ടാ ഇത് മറ്റേതാ.''
അന്നു വൈകുന്നേരം ചെമ്പന്‍കുന്നിലെ പടിഞ്ഞാറെപ്പാറയില്‍ ഞങ്ങളിരുന്നു; വെളുത്ത പേപ്പറില്‍ തൂവിക്കിടക്കുന്ന ആ കറുത്ത നിധിയിലേയ്ക്ക് കണ്ണുംനട്ട് ഒരേ രോമാഞ്ചത്തോടെ ആ അസുലഭ സ്വത്തിന്റെ പങ്കുവെക്കലായിരുന്നു അന്നത്തെ ചര്‍ച്ചാവിഷയം. ഞങ്ങളിപ്പോള്‍ മാലിനിയെ സ്വന്തമാക്കിയിരിക്കുന്നു. ആര്‍ക്കാണ് യഥാര്‍ത്ഥത്തില്‍ അതിന്റെ ഉടമസ്ഥാവകാശം? ഒടുവില്‍ ഞങ്ങളൊരു തീരുമാനത്തിലെത്തി. ഇനി കറുത്ത മാലിനിയെ വീതിക്കേണ്ട. ഒരാഴ്ച ഞാന്‍ കാത്തുകൊള്ളാം. അടുത്താഴ്ച അനിലനും. ഉഭയസമ്മതപ്രകാരം എടുത്ത ആ തീരുമാനത്തില്‍ വളരെക്കാലം ഞങ്ങള്‍ മാലിനിയെ പങ്കിട്ടു. തലയിണയ്ക്കടിയിലെ മാലിനിയുടെ ഗന്ധം ഞങ്ങളെ പ്രലോഭിപ്പിച്ചു, വിഭ്രമിപ്പിച്ചു. രാവിന്റെ ഇരുണ്ട നേരത്ത് ഒരു പകര്‍ന്നാടലിന്റെ ആലസ്യത്തില്‍, സങ്കല്പത്തിലെ മാലിനി എന്നോടൊപ്പം കിടന്നു. മറു ആഴ്ചയില്‍ അനിലനൊപ്പവും.
അങ്ങനെയിരിക്കെയാണ് ബോംബെയിലുള്ള ചിറ്റപ്പന്റെ അടുത്തേയ്ക്ക് അനിലനെ കയറ്റുമതി ചെയ്യാന്‍ വീട്ടുകാര്‍ തീരുമാനിക്കുന്നത്. അങ്ങേലും ഇങ്ങേലും കയറി, വായും നോക്കി, നാടിനും വീടിനും ഗുണമില്ലാതെ നടക്കുന്ന ചെറുക്കന്മാരെയൊക്കെ വേലയും കൂലിയുമുള്ള ഇടത്തേയ്ക്ക് ബന്ധുമിത്രാദികളെല്ലാം ചേര്‍ന്ന് നാടുകടത്തുന്ന കാലം; തെണ്ടിത്തിരിഞ്ഞ് നടക്കാതെ, എവിടെയെങ്കിലും പോയി ഗതിപിടിക്കട്ടെയെന്ന് പ്രാര്‍ത്ഥനയോടെ.

പോകുന്നതിന്റെ തലേന്ന് ചെമ്പന്‍കുന്നിന്റെ മുകള്‍ത്തട്ടില്‍ ഇതേപോലെ ഞാനും അനിലനും നിശ്ശബ്ദരായി ഇരുന്നതാണ്. പത്തുപതിനഞ്ചു കൊല്ലത്തെ സ്‌നേഹബന്ധമാണ് അഴിഞ്ഞുലയാന്‍ പോകുന്നത്. എന്തു പറയണമെന്ന് തിട്ടമില്ലാതെ ഞങ്ങളങ്ങനെ കുറേ നേരം കളഞ്ഞു. ആണുങ്ങളായാല്‍ കരയരുതെന്ന് മനസ്സു പറയുന്നുണ്ടായിരുന്നു. പക്ഷേ, സഹിക്കാന്‍ ആകുമായിരുന്നില്ല ഇരുവര്‍ക്കും. ഒറ്റയ്ക്കാകുന്നതിന്റെ ദുഃഖം എനിക്ക്. ഒരു കൂട്ടുമില്ലാത്ത സ്ഥലത്തേയ്ക്ക് നാടുവിടും ഉപേക്ഷിച്ചു പോകുന്നതിന്റെ വേദന അനിലനും. കുറേ നേരം പഴയ തമാശകള്‍ പറഞ്ഞ് ഞങ്ങള്‍ ചിരിക്കാന്‍ ശ്രമിച്ചു.
പതിവിന് വിപരീതമായി ഏറെ ഇരുട്ടി, ടോര്‍ച്ചിന്റെ ചെറുവെട്ടത്തില്‍ കൈകോര്‍ത്ത് ചെമ്പന്‍ കുന്നിറങ്ങുമ്പോള്‍ ഒച്ച കുറച്ച് അനിലന്‍ ചോദിച്ചു: ''ടാ, മാലിനീടെ ശകലം എനിക്ക് തരാമോ?''
ഞാനൊന്ന് ഞെട്ടി. തരാമെന്നോ, തരില്ലെന്നോ പറഞ്ഞില്ല.
എല്ലാവരോടും യാത്ര ചോദിക്കാനായി അടുത്ത ദിവസം അനിലന്‍ വീട്ടിലെത്തി. എന്നോട് അവന്‍ കണ്ണുകൊണ്ട് ഇടയ്ക്കിടെ മറ്റേത് ആവശ്യപ്പെടുന്നുണ്ടായിരുന്നു. മാലിനിയെ എന്നേയ്ക്കുമായി വീതിക്കാന്‍ എനിക്ക് മനസ്സു വന്നില്ല. അവളെ ബോംബെയിലേയ്ക്ക് അയയ്ക്കുന്നതിനും ഒരു അനൗചിത്യമുണ്ട്. എന്റെ മാലിനി വേറെയേതോ നാട്ടില്‍... പക്ഷേ, ഈ അവസാന നിമിഷം അവനെ നിരാശപ്പെടുത്തുന്നതിലും  ഒരു നീതികേടുണ്ട്.

ഞാന്‍ പതുക്കെ ഒരു ബ്ലേയ്ഡെടുത്ത് ഓലമേഞ്ഞ കുളിമുറിയിലേയ്ക്ക് കയറി. പഴക്കം ചെന്ന് ആ ബ്ലേയ്ഡ് അടിവയറ്റില്‍ മുറിവുണ്ടാക്കി. കുളികഴിഞ്ഞ് ഭംഗിയായി മുറിച്ചെടുത്ത അടിരോമങ്ങള്‍ ഒരു കടലാസില്‍ പൊതിഞ്ഞ് അനിലനെ ഏല്പിച്ചപ്പോള്‍ അവന്റെ കണ്ണുകള്‍ തിളങ്ങി.
''മൊത്തം എനിക്കോ?''
സത്യത്തില്‍ അപ്പോഴാണ് ഞാനതിന്റെ അളവിന്റെ കാര്യം ഓര്‍ത്തത്.
''ഓ, നീയെടുത്തോ.''
ത്യാഗിയുടെ മട്ടില്‍ ഞാന്‍ നല്‍കിയ അപ്രതീക്ഷിത മറുപടിയില്‍ സംപ്രീതനായി, കിട്ടിയത് ലുങ്കിയുടെ മടിയില്‍ തിരുകി യാത്രപോലും പറയാതെ അനിലന്‍ ഇറങ്ങിപ്പോയതിപ്പോഴും എനിക്കോര്‍മ്മയുണ്ട്.
''ആ സാധനം എവിടെവെച്ചോ നഷ്ടപ്പെട്ടു.''
ഒരു കള്ളച്ചിരിയോടെ അനിലന്‍ പറഞ്ഞപ്പോള്‍ ഞാനും ഓര്‍ത്തത് എനിക്കത് എവിടെയാണ് നഷ്ടപ്പെട്ടതെന്നാണ്. ഇനിയും കയ്യെത്തി തൊടാനാവാത്ത ഭൂതകാലത്തിലെവിടെയോ അത് ഒളിഞ്ഞിരിപ്പുണ്ടാകും.
മുറിച്ചെടുത്ത ആ സത്യം അനിലനോടിപ്പോള്‍ തുറന്നു പറഞ്ഞാലോ? വേണ്ട, ചിലപ്പോള്‍  ഒരു കൈ അകലത്തില്‍ കിടക്കുന്ന പാറക്കല്ലെടുത്ത് അവന്‍ എന്നെ എറിഞ്ഞുകൊല്ലും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com