'അവസാനം'- സച്ചിദാനന്ദന്‍ എഴുതിയ കഥ

പ്രജകളായി കരുതപ്പെടാന്‍ ചില യോഗ്യതകള്‍ ആവശ്യമായിരുന്നു. പ്രജാപതിയുടെ സനാതന മതത്തില്‍പ്പെട്ടവരെ മാത്രമേ നാട്ടിലെ പ്രജകളായി കണക്കാക്കുകയുള്ളൂ എന്നതായിരുന്നു പ്രധാന വ്യവസ്ഥ
'അവസാനം'- സച്ചിദാനന്ദന്‍ എഴുതിയ കഥ

പുരാണങ്ങളില്‍ 'ഉന്മാദപുരി' എന്നു പ്രഖ്യാതമായ കിറുക്കംപുറത്തെ ആദിത്യപ്രജാപതിക്ക് തുലാമാസത്തിലെ ഒരു തണുത്ത പുലരിയില്‍ ഒരുള്‍വിളിയുണ്ടായി: തന്റെ പ്രജകള്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്റെ പ്രജകള്‍ തന്നെയാണെന്ന് എന്താണുറപ്പ്? അവര്‍ കലാപം സൃഷ്ടിക്കാനായി എവിടെനിന്നോ നുഴഞ്ഞുകയറി വന്നവരാണെങ്കിലോ? അവരില്‍ പല തരക്കാരും പല മതക്കാരുമുണ്ട്. പ്രജാപതി തന്റെ കാവിത്തലയില്‍ക്കെട്ട് എടുത്തണിഞ്ഞു. അതിലാണ് തന്റെ അധികാരം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം: ചിലരുടെ ജീവന്‍ തത്തയില്‍ എന്ന പോലെ. അത് അണിഞ്ഞയുടന്‍ അദ്ദേഹത്തിന്റെ ഭാവവും ശബ്ദവും മാറി. നെഞ്ച് ഒന്നുകൂടി വിരിഞ്ഞു. താടി വെള്ളിപോലെ തിളങ്ങി. തന്റെ പുതിയ ശബ്ദത്തില്‍ അദ്ദേഹം അലറി: ''ആരവിടെ?''

ആദിത്യ രാജാവിനു ചില സ്വഭാവവിശേഷങ്ങളുണ്ടായിരുന്നു. താന്‍ പറയുന്ന ഓരോ വാക്കും കല്പനയാണെന്നാണ് അദ്ദേഹം കരുതിയിരുന്നത്. കടത്തിണ്ണയില്‍ താന്‍ പരിശീലിച്ച തെരുവുപ്രസംഗം ഏതോ ദൈവത്തിന്റെ ഗിരിപ്രഭാഷണമോ ഗീതാപ്രഭാഷണമോ ആണെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. തന്റെ കല്പനകള്‍ അനുസരിക്കാത്തവരെ ഉന്മൂലനം ചെയ്യാന്‍ കല്ലുകളും കത്തികളും ലാത്തികളും പന്തങ്ങളും ആയുധമാക്കിയ അനുസരണയുള്ള ഒരു സേനയും അദ്ദേഹത്തിനുണ്ടായിരുന്നു. കണക്കെടുപ്പു നടത്താന്‍ പ്രജാപതി നിയോഗിച്ചത് തന്റെ ആ വിശ്വസ്ത സേനയെത്തന്നെയാണ്.

പശുവിന്റേയും കാളയുടേയും തോല്‍ നിരോധിച്ചിരുന്നതുകൊണ്ട് വാസ്തവത്തില്‍ അതു കയറ്റുമതിചെയ്യാന്‍ വേണ്ടിയായിരുന്നു രാജ്യത്തെ നിരോധനമെങ്കിലും ചെണ്ടകള്‍ കിട്ടാന്‍ പ്രയാസമായിരുന്നു. പ്രജാപതി ഭരണമേറ്റതില്‍പ്പിന്നെ ശത്രുക്കളായി കരുതിയവരെ തല്ലിക്കൊല്ലുന്നതു പതിവായിരുന്നതിനാല്‍ മനുഷ്യരുടെ തോല്‍ ധാരാളമായി ലഭിച്ചിരുന്നു. അതു കൊണ്ടുണ്ടാക്കിയ ചോരയുണങ്ങിയിട്ടില്ലാത്ത തപ്പുകള്‍ കൊട്ടിയാണ് സൈന്യം പുതിയ കണക്കെടുപ്പിന്റെ കാര്യം ജനങ്ങളെ അറിയിച്ചത്.

പരസ്യം കേള്‍ക്കേണ്ട താമസം, നാട്ടില്‍ പലതരം സംശയങ്ങളും വാഗ്വാദങ്ങളും പൊട്ടിപ്പുറപ്പെട്ടു. പ്രജകളായി കരുതപ്പെടാന്‍ ചില യോഗ്യതകള്‍ ആവശ്യമായിരുന്നു. പ്രജാപതിയുടെ സനാതന മതത്തില്‍പ്പെട്ടവരെ മാത്രമേ നാട്ടിലെ പ്രജകളായി കണക്കാക്കുകയുള്ളൂ എന്നതായിരുന്നു പ്രധാന വ്യവസ്ഥ. അതുതന്നെ ചിന്താക്കുഴപ്പത്തിനു വഴിവെച്ചു. ആരെല്ലാമാണ് ആ മതത്തില്‍ പെട്ടവര്‍? കിറുക്കംപുരിയിലെ സന്ന്യാസിമാര്‍ കൂട്ടംകൂടി തര്‍ക്കമായി. പൂണൂലണിഞ്ഞവര്‍ മാത്രമാണ്  ശരിക്കും സനാതനികള്‍ എന്നായി ചിലര്‍. കുടുമകൂടി വേണം എന്നു ചിലര്‍. മുന്‍കുടുമയോ പിന്‍കുടുമയോ എന്നായി ചിലര്‍ക്കു സംശയം. ക്ഷത്രിയരും പെടും എന്നു ചിലര്‍. ശൈവര്‍ എന്നു ചിലര്‍. വൈഷ്ണവര്‍ എന്നു ചിലര്‍. ശാക്തേയര്‍ എന്നും താന്ത്രിക്കുകള്‍ എന്നും ചിലര്‍. ഗീതയാണോ വേദങ്ങളാണോ (എങ്കില്‍ നാലില്‍ ഏതു വേദം എന്നും) ഉപനിഷത്തുകളാണോ (എങ്കില്‍ കേനമോ, കഠമോ, മുണ്‍ഡകമോ,തൈത്തരീയമോ, ബ്രഹദാരണ്യകമോ മറ്റെതെങ്കിലുമോ എന്നും) യോഗസൂത്രമാണോ രാമായണവും മഹാഭാരതവുമാണോ സനാതനികളുടെ പുണ്യഗ്രന്ഥം എന്നതിനെച്ചൊല്ലി ചര്‍ച്ചകള്‍ നടന്നു. പല ജാതിക്കാര്‍ക്കും തങ്ങള്‍ ഏതു മതക്കാരാണെന്നു വ്യക്തമായിരുന്നില്ല. വൈശ്യര്‍ക്കും ശൂദ്രര്‍ക്കും വേണ്ടി ചിലര്‍ വാദിച്ചെങ്കിലും ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി വാദിക്കാന്‍ ആരും ഉണ്ടായില്ല. തങ്ങള്‍ക്കു സ്വന്തം ദേവതകളും ആചാരങ്ങളും വിശ്വാസങ്ങളും ഉള്ളതിനാല്‍ തങ്ങള്‍ സനാതനികളാണെന്നു കരുതാന്‍ അവര്‍ക്കായില്ല; തന്നെയുമല്ല തങ്ങളെ എന്നും അകറ്റി നിര്‍ത്തുകയും ചവിട്ടിത്താഴ്ത്തുകയും ചെയ്തവര്‍ എങ്ങനെ തങ്ങളുടെ മതക്കാരാവും? അവരില്‍ പലരും ഭൂമിയില്‍ ജനിച്ചതിനുതന്നെ തെളിവൊന്നുമുണ്ടായിരുന്നില്ല. പല ഗോത്രങ്ങളും കാടുകളിലാണ് കഴിഞ്ഞിരുന്നതെന്നതിനാല്‍ അവര്‍ക്ക് നാടേ ഉണ്ടായിരുന്നില്ല.

ഇവരിലൊന്നുംപെടാത്ത വേറെയും കുറെ പേര്‍ ഉണ്ടായിരുന്നു. വേറെ നാടുകളില്‍നിന്നു പല കാരണങ്ങളാല്‍ പുറത്താക്കപ്പെട്ടവര്‍, വേല തേടിവന്ന് ഇവിടെ തലമുറകളായി കഴിഞ്ഞവര്‍, രണ്ടു മതങ്ങളില്‍പ്പെട്ടവര്‍ വിവാഹം കഴിച്ചുണ്ടായവര്‍, മതങ്ങളെ തള്ളിപ്പറഞ്ഞ, ചാര്‍വ്വാകരുടെ പിന്തുടര്‍ച്ചക്കാരായ യുക്തിവാദികള്‍, അച്ഛനും അമ്മയും ആരെന്നറിയാതെ അനാഥാലയങ്ങളില്‍ വളര്‍ന്നവര്‍, എവിടെനിന്നൊക്കെയോ കുട്ടിക്കാലത്തേ ലൈംഗികത്തൊഴിലാലയങ്ങളില്‍ എത്തിപ്പെട്ടവര്‍, കടത്തിണ്ണകളില്‍ ചാക്കു പുതച്ചു ഉറങ്ങുന്നവര്‍, വഴിവക്കിലെ ചെറിയ പെട്ടിക്കടക്കാര്‍, റിക്ഷക്കാര്‍, ഭിക്ഷക്കാര്‍, വണ്ടിയുന്തുന്നവര്‍, ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത കൃഷിപ്പണിക്കാര്‍... ഇങ്ങനെ കിറുക്കംപുറത്തുകാരാണെന്നതിനു വിശേഷിച്ചു തെളിവൊന്നുമില്ലാത്തവര്‍ അറിയിപ്പു കേട്ട് അമ്പരന്നു പരസ്പരം നോക്കി. ചിലര്‍ എങ്ങോട്ടെന്നില്ലാതെ ഓടിക്കൊണ്ടിരുന്നു. രാജഭാഷ അറിയാത്തവര്‍ ആ ഭാഷ പഠിക്കാന്‍ ശ്രമിച്ചെങ്കിലും അതിന്റെ വിചിത്രമായ വ്യാകരണം അവര്‍ക്കു വഴങ്ങിയില്ല, വിശേഷിച്ചും ലിംഗവും കാലവും.

പ്രജാപതി ആദ്യം മുതലേ ശത്രുക്കളായി പ്രഖ്യാപിച്ചിരുന്ന വിഭാഗത്തില്‍പ്പെട്ടവര്‍, അവരില്‍ തന്നെ പല ഉപവിഭാഗങ്ങളുമുണ്ടായിരുന്നു. പ്രാവുകള്‍ കൂടുകൂട്ടിയ മിനാരങ്ങള്‍ക്കടിയില്‍ ഒത്തുകൂടി എന്തു ചെയ്യണം എന്നു തല പുകഞ്ഞാലോചിച്ചു. ഉന്മാദപുരി രണ്ടു കുറി വിഭജിക്കപ്പെട്ടപ്പോഴും പുതിയ നാടുകളില്‍ പോകാതെ ഇവിടെത്തന്നെ കഴിയാന്‍ തീരുമാനിച്ച ഹതഭാഗ്യരായിരുന്നു അവര്‍. ഈ ദേശത്തിന്റെ പതാകയെ വന്ദിക്കുകയും ഇതിന്റെ ദേശീയഗാനം പാടുകയും ചെയ്തവര്‍. തലമുറകളായി ഈ നാട്ടില്‍ ജീവിച്ചു പണിയെടുത്ത് ഈ നാടിനെ സേവിച്ചവര്‍. വടക്കോട്ടു പോയാലും കിഴക്കോട്ടു പോയാലും തങ്ങള്‍ക്ക് അവിടെ അഭയം ലഭിക്കില്ലെന്നും ലഭിച്ചാല്‍ത്തന്നെ തങ്ങള്‍ക്ക് ഒരിക്കലും ആ നാട്ടുകാരാവാന്‍ കഴിയില്ലെന്നും അവര്‍ക്കറിയാമായിരുന്നു. ഇത്രകാലവും ഈ ദേശത്തെ മനുഷ്യരോടിണങ്ങി ജീവിച്ചവരായിരുന്നല്ലോ അവര്‍. നിസ്‌കരിച്ചും പ്രാര്‍ത്ഥിച്ചും പ്രാവുകളെ തീറ്റിയും അവര്‍ ഉള്ളിലെ നീറ്റലൊതുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

സംശയാലുക്കളെല്ലാം ഒടുവില്‍ തങ്ങള്‍ എന്നും കിറുക്കംപുറത്തുകാരായിരുന്നെന്നും ഇനിയും ആയിരിക്കുമെന്നും തെളിയിക്കുന്ന രേഖകള്‍ക്കുവേണ്ടിയുള്ള നെട്ടോട്ടമാരംഭിച്ചു. പക്ഷേ, പേര് സൂചിപ്പിക്കും പോലെ, ആ ദേശത്തെ ആപ്പീസുകളില്‍ രേഖകളൊന്നും കൃത്യമായി സൂക്ഷിക്കുന്ന ഒരേര്‍പ്പാടുമില്ലായിരുന്നു. വലിയൊരു വിഭാഗത്തിനു രേഖകള്‍ ഒന്നും ഇല്ലായിരുന്നുതാനും. മാതാപിതാക്കളുടേതുപോയിട്ട് തങ്ങളുടെ തന്നെ ജനനരേഖകള്‍ അവര്‍ക്കില്ലായിരുന്നു. എന്നാലും എന്തെങ്കിലും രേഖയ്ക്കായി അവര്‍ ഗ്രാമസഭകളേയും നഗരസഭകളേയും അവിടത്തെ പല പല ആപ്പീസുകളേയും സമീപിക്കാന്‍ തീരുമാനിച്ചു. അവരുടെ അപേക്ഷകളുടെ കൂറ്റന്‍ കെട്ടുകള്‍കൊണ്ട് ആപ്പീസുകള്‍ നിറഞ്ഞു. മേശകളിലും അലമാരകളിലും സ്ഥലം തീര്‍ന്നപ്പോള്‍ അപേക്ഷകള്‍ നിലത്തും വരാന്തയിലും കുന്നുകൂടാന്‍ തുടങ്ങി. അവയെ സര്‍വ്വഭക്ഷകരായ ചിതലുകളിലും എലികളിലുംനിന്നു കാക്കാന്‍ കൂടുതല്‍ ശിപായിമാരെ ആവശ്യമായി വന്നു. ഉദ്യോഗസ്ഥര്‍ക്ക് ഇരിക്കാന്‍ സ്ഥലമില്ലാതായി. ആ കടലാസ്സുകെട്ടുകള്‍ക്കിടയില്‍ ശ്വാസം മുട്ടി മരിക്കുക, അല്ലെങ്കില്‍ അവധിയെടുത്തോ രാജിവെച്ചോ സ്ഥലം വിടുക ഇതായിരുന്നു അവരുടെ മുന്‍പിലുള്ള മാര്‍ഗ്ഗങ്ങള്‍.

എന്നാല്‍, മാറി ചിന്തിച്ച ചില ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. അവര്‍ ഇത് ഒരവസരമായി കണ്ടു.  പെട്ടെന്ന് അതുവരെ അവിടെങ്ങും കണ്ടിട്ടില്ലാത്ത ചില കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ അപേക്ഷകരോട് അടക്കം പറഞ്ഞു: ''നിങ്ങള്‍ പ്രജാപതിയുടെ ശത്രുവംശത്തില്‍പ്പെട്ട ആളല്ലെങ്കില്‍ നിങ്ങളുടെ കാര്യം ഞാന്‍ സാധിച്ചുതരാം. എന്റെ ബന്ധുവായ ഒരു ഉദ്യോഗസ്ഥനുണ്ട്. അല്പം ചെലവ് വരുമെന്നു മാത്രം.'' കിട്ടുന്നതില്‍ പാതി ആപ്പീസുകളില്‍ അവശേഷിച്ച ഉദ്യോഗസ്ഥര്‍ക്കു കൊടുത്ത് അവര്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള ജനനരേഖകളും ഇല്ലാത്ത ഭൂമിയുടെ പ്രമാണങ്ങളും ഒപ്പും മുദ്രയും സഹിതം ഉണ്ടാക്കി പണം നല്‍കിയവര്‍ക്കിടയില്‍ വിതരണം ചെയ്തു. അതു കഴിഞ്ഞപ്പോള്‍ അവര്‍ പ്രജാപതി പുറത്താക്കാന്‍ തീരുമാനിച്ചവരോട് രഹസ്യം പറഞ്ഞു: ''നിങ്ങള്‍ക്ക് ഈ മതത്തില്‍ത്തന്നെ തുടരണം എന്ന് എന്താണിത്ര നിര്‍ബന്ധം? പേര് മാറ്റി പ്രജാപതിയുടെ മതത്തില്‍ ചേര്‍ന്നാല്‍ നിങ്ങള്‍ക്കും ഞങ്ങള്‍ രേഖകളുണ്ടാക്കിത്തരാം; അതും നിങ്ങള്‍ക്ക് ഇഷ്ടമുള്ള പേരില്‍.'' കുറെ പേര്‍ തങ്ങള്‍ വിശ്വസിച്ചുപോന്ന മതം വിട്ടു പോകാന്‍ തയ്യാറായില്ല; പക്ഷേ, കുറച്ചു പേര്‍ രാജമതത്തിലെ നല്ല നല്ല പേരുകള്‍ സ്വീകരിച്ചു ദേശപ്രജകളാകാന്‍ തന്നെ തീരുമാനിച്ചു.

അതിനിടെ ദേശാതിര്‍ത്തിയില്‍ തടവറകള്‍ പണിയുന്നു എന്ന വാര്‍ത്ത കൈക്കൂലിക്കു പണമില്ലാത്തവരേയും മതം മാറാന്‍ തയ്യാറാകാത്തവരേയും തങ്ങളുടെ മതം ഏതെന്നു തീര്‍ച്ചയില്ലാത്തവരേയും കാട്ടുതീപോലെ ഗ്രസിച്ചു. അവിടെ ഒരു നേരം ഗോതമ്പുകഞ്ഞി മാത്രമേ കിട്ടുകയുള്ളൂ എന്നും സൂര്യന്‍ ഉദിക്കുന്നതു മുതല്‍ അസ്തമിക്കുന്നതുവരെ പണിയെടുക്കേണ്ടി വരുമെന്നും വാര്‍ത്ത പരന്നു. ഭീതിയുടെ കൊടുംമഞ്ഞില്‍ ദേശം മരവിച്ചു.

ഇതൊന്നും അറിയാതെ നടന്ന ഒരു വിഭാഗവും ഉണ്ടായിരുന്നു: മാനസികാസ്വാസ്ഥ്യം ബാധിച്ചവര്‍. അവരുടെ ചിരി മാത്രം രാത്രിയുടെ ഘനമൗനത്തെ ഭേദിച്ച് ഇരുളില്‍ പടര്‍ന്നു കത്തി. ഉടുതുണി പറിച്ചു കൊടികളാക്കി പണ്ടെങ്ങോ പഠിച്ച 'സാരേ ജഹാം സേ അച്ഛാ' എന്ന പാട്ടും പാടി അവര്‍ ഘോഷയാത്രകള്‍ നടത്തി. ചിലര്‍ മരങ്ങള്‍ക്കു മുകളില്‍ കയറി കൊമ്പുകള്‍ മാറിമാറിയിരുന്ന്, അല്ലെങ്കില്‍ മതിലുകള്‍ക്കും പാലങ്ങള്‍ക്കും മുകളിലിരുന്ന്, അതുമല്ലെങ്കില്‍ ചവറ്റുകൂനകള്‍ക്കു മേലെനിന്ന്, 'ഇതാണ് ഞങ്ങളുടെ നാട്' എന്നു വിളിച്ചുകൂവി. വേറെ ചിലര്‍ 'ഗ', 'ച', 'പ', 'ര' 'ന' എന്നീ അക്ഷരങ്ങള്‍ മാത്രമുപയോഗിച്ച് ഒരു ഭാഷയുണ്ടാക്കി ഇതാണ് തങ്ങളുടെ രാഷ്ട്രഭാഷ എന്നു വിളിച്ചുപറഞ്ഞു, ആ ഭാഷയില്‍ അവര്‍ ഒരു ദേശീയഗാനം തന്നെ ഉണ്ടാക്കി പാടിനടന്നു.

ഒരു രാത്രി കിറുക്കാംപുറത്തെ കാവുകളിലും കോവിലുകളിലുമുള്ള ദേവതമാര്‍ തട്ടകത്തെ ഭഗവതിയുടെ നേതൃത്വത്തില്‍ യോഗം കൂടി: നമ്മള്‍ ജനനരേഖയ്ക്ക് എവിടെ പോകും? അവര്‍ക്കൊന്നും റേഷന്‍കാര്‍ഡുകള്‍പോലും ഇല്ലായിരുന്നു. വല്ലപ്പോഴും വഴിപാടായി കിട്ടുന്ന ചോറും പായസവും പഴവും ഭക്ഷിച്ചാണ് അവര്‍ കഴിഞ്ഞുകൂടിയിരുന്നത്. തങ്ങളുടെ മതം അവര്‍ക്കറിയില്ലായിരുന്നു. ദര്‍ഗകളില്‍നിന്നുള്ള പുണ്യാത്മാക്കളും  അവരുടെകൂടെ കൂടി. കുട്ടിച്ചാത്തന്‍ കരിംകുട്ടിയോടും മുത്തപ്പന്‍ ഭൈരവിക്കോലത്തോടും ആലിത്തെയ്യം ആരിയപ്പൂങ്കന്നിയോടും ഉതിരപാലന്‍ ഉയ്യിട്ടയോടും കരിയാത്തന്‍ കാട്ടുമടന്തയോടും തീച്ചാമുണ്ടി തൂവക്കാളിയോടും ആടിവേടന്‍ ആദിമൂലിയാടനോടും അണ്ണപ്പഞ്ചുരുളി അതിരാളന്‍ ഭഗവതിയോടും അണങ്ങുഭൂതം അയ്യപ്പന്‍ തെയ്യത്തോടും ഓണത്താര്‍ കതിവനൂര്‍ വീരനോടും 'റേഷന്‍ കാര്‍ഡ് ഉണ്ടോ?' എന്നു ചോദിക്കെത്തന്നെ മൊയ്നുദ്ദീന്‍ ചിഷ്തി മീരാ സാഹബ് ഔലിയായോടും രാം ദേവ് പീര്‍ റൌസാ ഷരീഫിനോടും, ഖ്വാജാ ബഖിബില്ലാ ഖാസി സഫര്‍ ഹുസൈനോടും 'ജനനത്തിയ്യതി ഓര്‍മ്മയുണ്ടോ' എന്നന്വേഷിച്ചു.

ഈ യോഗം നടന്നുകൊണ്ടിരിക്കെ വേറൊരു കൂട്ടര്‍ ഘോഷയാത്രയായി എത്തി. പല സിമിത്തേരികളിലും കല്ലറകളിലും നിന്ന് ഉയിര്‍ത്തുവന്ന പ്രേതങ്ങള്‍ ആയിരുന്നു അവര്‍. ''ഞങ്ങള്‍ എവിടെപ്പോകും?'' അവര്‍ ദേവതമാരോടും സൂഫി ഋഷിമാരോടും ചോദിച്ചു. പ്രേതങ്ങള്‍ ആയപ്പോഴേ അവര്‍ക്കു പേരുകള്‍ നഷ്ടപ്പെട്ടിരുന്നു. പ്രജാപതിയുടെ കണക്കെടുപ്പുകാര്‍ ശ്മശാനങ്ങളില്‍ എത്തുമെന്ന് അവര്‍ കരുതിയിരുന്നതേയില്ല. തങ്ങള്‍ ഏതെങ്കിലും നാട്ടിലെ പ്രജകളാണെന്നും അവര്‍ കരുതിയിരുന്നില്ല. ജാതി, മതം, ജനനത്തിയ്യതി, മരണത്തിയ്യതി ഇതെല്ലാം അവര്‍ മറന്നുപോയിരുന്നു. മരണ സര്‍ട്ടിഫിക്കറ്റുകളാണ് അവര്‍ക്കു വേണ്ടിയിരുന്നത്. അതിനു കൈക്കൂലി കൊടുക്കാന്‍ പണവുമില്ലാത്തതുകൊണ്ട് അവര്‍ ജിന്നുകള്‍ക്കൊപ്പം അദൃശ്യരായി തെരുവീഥികളില്‍ അലഞ്ഞുനടന്നു.

തടവറകള്‍ അതിവേഗം നിറഞ്ഞുകൊണ്ടിരുന്നു. അവയിലുള്ളവര്‍ക്കു പലവിധം ജോലികള്‍ നല്‍കപ്പെട്ടു. ചിലപ്പോള്‍ അവരെ പുറത്തു തുറമുഖങ്ങളിലും ഖനികളിലും എണ്ണക്കിണറുകളിലും കൊണ്ടുപോയി ജോലിയെടുപ്പിച്ചു. ഒന്നിനും കൂലിയില്ലായിരുന്നു. മുക്കാല്‍പട്ടിണി മൂലം അവര്‍ മെലിഞ്ഞു വന്നു, അവരേയും പ്രേതങ്ങളേയും കണ്ടാല്‍ തിരിച്ചറിയാതായി. തോലിന്നടിയില്‍ എല്ലുകളും തലയോട്ടികളും കാണാമെന്നായി. അവര്‍ മുതുകില്‍ ചൂടാക്കിയ ഇരുമ്പാണികള്‍കൊണ്ട്   പൊള്ളിച്ചു ചാപ്പകുത്തിയിരുന്ന നമ്പറുകള്‍ മാത്രം കൊണ്ട് അറിയപ്പെട്ടിരുന്നതിനാല്‍ ക്രമേണ സ്വന്തം പേരുകള്‍ മറന്നു. ജോലിസമയത്തൊഴികെ എപ്പോഴും കൈകാലുകളില്‍ ചങ്ങലകള്‍ ഇട്ടിരുന്നതുകൊണ്ട് അവിടങ്ങളില്‍ ചങ്ങലപ്പാടുകള്‍ ആഴത്തില്‍ പതിഞ്ഞു. ക്രമേണ അവ പൊറുക്കാത്ത വ്രണങ്ങളായി.

പഴയ തടവുകാര്‍ക്കു കഠിനമായ അദ്ധ്വാനം അസാധ്യമാകുന്നതിനനുസരിച്ചു പുതിയ തടവുകാര്‍ക്ക് അവരുടെ ജോലികള്‍ നല്‍കപ്പെട്ടു. ഇടയ്ക്കിടെ കൂട്ടം കൂട്ടമായി തങ്ങളുടെ സഹതടവുകാരെ പ്രജാപതിയുടെ കിങ്കരന്മാര്‍ പിടിച്ചുകൊണ്ടുപോകുന്നത് ബാക്കിയുള്ളവര്‍ കണ്ടു. എങ്ങോട്ടാണ് അവരെ കൊണ്ടുപോകുന്നതെന്ന്  അവര്‍ക്കറിയില്ലായിരുന്നു.

ഒരു ദിവസം തുകല്‍സഞ്ചികളും ചെരിപ്പുകളും ഉണ്ടാക്കാനായി വെളുപ്പും തവിട്ടും കറുപ്പുമായ ഉണങ്ങിയ തോല്‍ അവര്‍ക്കു നല്‍കപ്പെട്ടു, കൃത്രിമ മുടിയും ബ്രഷുകളും ഉണ്ടാക്കാന്‍ അതേ നിറങ്ങളിലുള്ള നീണ്ടതും കുറിയതുമായ മുടി നിറച്ച കൂടകളും. അതിര്‍ത്തിയില്‍നിന്നും വന്ന വണ്ടികളിലാണ് അവ കൊണ്ടുവരപ്പെട്ടത്.

ചില തുകലുകളില്‍ തങ്ങളുടെ മുതുകിലുള്ളപോലുള്ള അക്കങ്ങള്‍ കണ്ടപ്പോഴാണ് അവര്‍ ഞെട്ടലോടെ മനസ്സിലാക്കിയത്, അതു തങ്ങളോടൊപ്പം തടവറയില്‍ കഴിഞ്ഞിരുന്ന മനുഷ്യരുടേതാണെന്ന്. മുടിയും അവരുടേതു തന്നെ എന്നു മനസ്സിലാക്കാന്‍ അവര്‍ക്കു പ്രയാസമുണ്ടായില്ല. അതിര്‍ത്തിയില്‍നിന്നു മനുഷ്യര്‍ കരിയുന്ന മണം അവരുടെ മൂക്കുകളില്‍ തുളച്ചു കയറി. ഒരു പറ്റം കറുത്ത നായ്ക്കളുടെ നീണ്ട ഓരി ഫാക്ടറികളിലെ സൈറനുകള്‍പോലെ അന്തരീക്ഷത്തില്‍ മുഴങ്ങി. മുകളില്‍നിന്നു കഴുകന്മാര്‍ കൂട്ടത്തോടെ പറന്നിറങ്ങി. പ്രജാപതിയുടെ പതാക മാത്രം ദിവസവും കൂടുതല്‍ ഉയരത്തില്‍ പാറിപ്പറന്നുകൊണ്ടിരുന്നു. അതിന്റെ നിഴല്‍ ഭൂമിയിലെ പകലുകളെ രാത്രികളാക്കിക്കൊണ്ടിരുന്നു. ഇപ്പോള്‍ പെറ്റുവീണ ഒരു കുഞ്ഞിന്റെ മുഷ്ടി ചുരുട്ടിയുള്ള അലറിക്കരച്ചില്‍ മാത്രം ആ നിഴലിനെ ഭേദിച്ചു പറന്നുയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com