'തെറി'- ഗ്രേസി എഴുതിയ കഥ 

അവളുടെ ഇടതൂര്‍ന്ന മുടിയുടെ ഒരു പാതി വെള്ളവിരിപ്പില്‍ കരിമ്പായല്‍ പോലെ പതഞ്ഞും  മറുപാതി പുറംവഴി പരന്നൊഴുകി നിലത്തുവീണും ചിത്രത്തിന് അതിശയകരമായ ഒരു യാഥാര്‍ത്ഥ്യ പ്രതീതി പകര്‍ന്നു
'തെറി'- ഗ്രേസി എഴുതിയ കഥ 

മുതുപാതിരയ്ക്കാണ് കരള്‍ പിളര്‍ക്കുന്ന ഒരു കരച്ചില്‍ കേട്ടത്. അന്നേരം വെള്ളവിരിച്ച കട്ടിലിന്റെ തലയ്ക്കല്‍ മുഖം താങ്ങിയിരുന്ന് അന്നംകുട്ടിച്ചേടത്തി ശൂന്യമായ ജീവിതത്തെ അടഞ്ഞ കണ്ണുകള്‍കൊണ്ട് അടിമുടി നോക്കുകയായിരുന്നു. അന്നംകുട്ടിച്ചേടത്തിയുടെ മരുമകളാകട്ടെ, ആരോ വരച്ച് അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു ചിത്രംപോലെ കട്ടിലിന്റെ കാല്‍ക്കല്‍ കുമ്പിട്ടിരിക്കുകയും. അവളുടെ ഇടതൂര്‍ന്ന മുടിയുടെ ഒരു പാതി വെള്ളവിരിപ്പില്‍ കരിമ്പായല്‍ പോലെ പതഞ്ഞും  മറുപാതി പുറംവഴി പരന്നൊഴുകി നിലത്തുവീണും ചിത്രത്തിന് അതിശയകരമായ ഒരു യാഥാര്‍ത്ഥ്യ പ്രതീതി പകര്‍ന്നു. ഒച്ചകേട്ട് ഞെട്ടി മുഖമുയര്‍ത്തിയ രണ്ട് പേരും പിടഞ്ഞെഴുന്നേറ്റ് വേവലാതിയോടെ തുണിത്തൊട്ടിലിന്റെ അതിര് വകഞ്ഞ് അകത്തേയ്ക്കു നോക്കി. രണ്ട് തലകളും കൂട്ടിയിടിച്ചത് അവരറിഞ്ഞതേയില്ല. ഉറങ്ങുന്ന കുഞ്ഞിന്റെ മുഖം എപ്പോഴത്തെക്കാളും ശാന്തമാണെന്ന് കണ്ട് നെടുവീര്‍പ്പോടെ മുഖമുയര്‍ത്തി ഞൊടിനേരത്തേയ്ക്ക് അപരിചിതരെപ്പോലെ അവര്‍ പരസ്പരം നോക്കി. 

പിന്നെ പതുക്കെ അന്നംകുട്ടിച്ചേടത്തി മുന്നിലും മരുമകള്‍ പിന്നിലുമായി പീലിച്ചേട്ടന്റെ മുറിയിലേക്ക് നടന്നു. പീലിച്ചേട്ടന്‍ പതിവില്ലാത്തവിധം കിടക്കയില്‍ കുന്തിച്ചിരുന്ന്, മുകളിലേക്ക് നോക്കി നെഞ്ച് തടവി നിലവിളിച്ചു:
''എന്റെ കുഞ്ഞ് മണ്ണിന്റടീല് ഒറ്റയ്ക്കായിപ്പോയല്ലോ കര്‍ത്താവേ!''

പീലിച്ചേട്ടന്റെ ശബ്ദത്തിനുമേല്‍ രണ്ട് നിഴലുകള്‍ ഒന്നായമര്‍ന്നതറിഞ്ഞ് അയാള്‍ തിരിഞ്ഞു നോക്കി. അന്നംകുട്ടിച്ചേടത്തിയുടെ പിന്നില്‍ നില്‍ക്കുന്ന മരുമകളെ നരച്ച കണ്ണുകള്‍ തിരഞ്ഞുപിടിച്ചപ്പോള്‍ പീലിച്ചേട്ടന്‍ വിളിച്ചുകൂവി: 
''നീയല്ലേടീ പൊലയാടിമോളേ എപ്പഴും അവന്റെയൊപ്പമൊണ്ടാകൂന്ന് പള്ളീലച്ചന്റെ മുമ്പിലുവെച്ച് വാക്കൊറപ്പിച്ചത്?''
അന്നംകുട്ടിച്ചേടത്തി അഴിഞ്ഞുകിടന്ന മുടി ഉച്ചിയില്‍ വാരിക്കെട്ടി മുന്നോട്ട് നീങ്ങിനിന്ന് വിരല്‍ചൂണ്ടി.
''അവള് ഒരൊറപ്പും കൊടുത്തിട്ടില്ല. ഒറപ്പൊക്കേം അവനാ കൊടുത്തത്! ഇനി അവളേക്കൂടി കുഴീലേയ്ക്ക് കെട്ടിയെടുത്താല് ആ തൊട്ടിലീക്കെടക്കണ കൊച്ചിനെ ഇയാള് മൊലകൊടുത്ത് വളത്തുവോ?''

അന്നംകുട്ടിച്ചേടത്തിയുടെ ചോദ്യം പാടേ അവഗണിച്ച് പീലിച്ചേട്ടന്‍ പിന്നേയും മുകളിലേയ്ക്ക് നോക്കി നിലവിളിക്കാന്‍ തുടങ്ങി.
''നിങ്ങക്ക് അത്ര ദണ്ണണ്ടങ്കീച്ചെന്ന് കൂട്ട്‌കെടക്ക്!'' എന്ന് കോടിത്തുണി കീറുന്നത്ര കര്‍ക്കശമായ ശബ്ദത്തില്‍ പീലിച്ചേട്ടനോട് പറഞ്ഞ് അന്നംകുട്ടിച്ചേടത്തി പിന്‍തിരിഞ്ഞു. മരുമകളെ ഉന്തിത്തള്ളി മുന്‍പേ നടത്തി പഴയപടി വെള്ളവിരിച്ച കട്ടിലിന്റെ തലയ്ക്കല്‍ വന്നിരുന്നു. മരുമകള്‍ വാടിക്കുഴഞ്ഞ് ചുമര്‍ചാരി നിന്നതേയുള്ളു. അവളുടെ കഴുത്ത് ക്രൂശിതന്റേതുപോലെ വലത്തേ ചുമലിലേയ്ക്ക് ചാഞ്ഞും കണ്ണുകള്‍ അടഞ്ഞും കിടന്നു. ആകാശം പിളര്‍ന്ന് പകല്‍വെളിച്ചം ഭൂമിയിലേയ്ക്ക് പതിച്ചപ്പോഴും അവരിരുവരും അതേ നിലയില്‍ത്തന്നെ കാണപ്പെട്ടു. 

അന്നംകുട്ടിച്ചേടത്തിയാണ് അടുക്കളയില്‍ ചെന്ന് കട്ടന്‍കാപ്പി കൂട്ടിയത്. മൂന്നു ഗ്ലാസ്സില്‍ പകര്‍ന്ന് ഒന്നെടുത്ത് ചുമര്‍ചാരി മിക്കവാറും വിറങ്ങലിച്ചുപോയ മരുമകളുടെ കൈയില്‍ പിടിപ്പിച്ച് തലയിലൊന്ന് തലോടി. പിന്നെ അടുക്കളയിലേയ്ക്ക് മടങ്ങി ഒരു ഗ്ലാസ്സിലെ ചൂടുകാപ്പികൊണ്ട് സ്വന്തം ശരീരത്തില്‍ വെക്കകയറ്റി. ശേഷിച്ച ഗ്ലാസ്സിലെ കാപ്പിയുമായി പീലിച്ചേട്ടന്റെ മുറിയിലേക്ക് നടന്നു. പീലിച്ചേട്ടന്‍ അപ്പോഴും കിടക്കയില്‍ കുന്തിയിരുന്ന് മുഖം മുകളിലേയ്ക്കുയര്‍ത്തി മൂര്‍ച്ചകൂട്ടുകയായിരുന്നു. അന്നംകുട്ടിച്ചേടത്തിയുടെ ഉറക്കച്ചടവുള്ള ഉടലിന്റെ മണം തിരിച്ചറിഞ്ഞ് പൂര്‍വ്വാധികം ഊക്കോടെ അയാള്‍ മുമ്പ് പറഞ്ഞതൊക്കെയും ആവര്‍ത്തിച്ചു.  കാപ്പിഗ്ലാസ്സ് ഇടതുകൈയിലേയ്ക്ക് മാറ്റി അവര്‍ കിടക്കയിലിരുന്ന് അയാളുടെ പുറം തടവി. 
''ഇനിയിങ്ങനെ ഇരുന്നിട്ടെന്താ കാര്യം? അവനേതായാലും നമുക്കൊരു പൊടിപ്പിനെ തന്നേച്ചും അല്ലേ പോയത്? നമുക്കിനി അതിനെ നോക്കി വളത്തണ്ടേ? പീലിച്ചേട്ടന്‍ മുഖം കൂടുതല്‍ കൂര്‍പ്പിച്ചു. 

''അതൊരു പെണ്ണല്ലേടീ? അതെങ്ങനേന്ന് നമ്മടെ പൊടിപ്പാവണത്?'' 
അന്നംകുട്ടിച്ചേടത്തി കിടക്കയില്‍നിന്ന് പൊട്ടിത്തെറിച്ചെഴുന്നേറ്റു. 
''ഫ! പെണ്ണങ്ങളില്ലെങ്കീപ്പിന്നെ ഈ പൂലോകമൊണ്ടോടോ?''
ഭാര്യയുടെ പുലയാട്ട് കേട്ട് ചുരുണ്ടുപോയ പീലിച്ചേട്ടന്‍ പെട്ടെന്നുതന്നെ നിവര്‍ന്ന് പുതിയ പുതിയ തെറിവാക്കുകള്‍ കണ്ടെടുത്ത് കാണാമറയത്ത് നില്‍ക്കുന്ന മരുമകളെ ലാക്കാക്കി എറിയാന്‍ തുടങ്ങി. പാതിയിലേറെയും തുളുമ്പിയൊഴിഞ്ഞ ഗ്ലാസ്സിലേയ്ക്ക് കലിയടങ്ങാതെ അന്നംകുട്ടിച്ചേടത്തി കുറേ നേരം തുറിച്ചുനോക്കി നിന്നു. പിന്നേയും പുകഞ്ഞ് മുറിക്കു പുറത്തുകടന്നു. മരുമകളുടെ വിളര്‍ത്ത മുഖത്തെ ശൂന്യമായ കണ്ണുകളിലും കൈയില്‍പിടിപ്പിച്ച  കാപ്പിഗ്ലാസ്സിലും നോക്കി അന്നംകുട്ടിച്ചേടത്തി ആശ്വസിപ്പിച്ചു. 
''നീയിതൊന്നും കൂട്ടാക്കണ്ട്‌റി കൊച്ചേ!''
ഗ്ലാസ്സില്‍ ബാക്കിയായ കട്ടന്‍കാപ്പി ഓര്‍ക്കാപ്പുറത്ത് വായിലേയ്ക്ക് കമിഴ്ത്തി ഒരു ശീലം കൊണ്ടെന്നപോലെ തോളിലെ തോര്‍ത്തെടുത്ത് മുഖം തുടച്ചു. 

''അങ്ങേരടെ കയ്യില് ഒരു വെടിക്കൊള്ള മര്‌ന്നേ ഒണ്ടാര്‍ന്നൊള്ളൂന്നാ തോന്നണെ. ഞാമ്പിന്നെ പെറ്റില്ലല്ലാ? അപ്പോ എന്നോളം സങ്കടം ആര്‍ക്കും ഒണ്ടാവൂല്ല!''
അന്നംകുട്ടിച്ചേടത്തിയുടെ ശബ്ദം ഇടറിപ്പോയി. അത് മറയ്ക്കാന്‍ അവര്‍ വെറുതേയൊന്ന് ചുമച്ചു. 
''ഇതൊക്കെ കേട്ട് അങ്ങേരോട് മോക്ക് വൈരമൊന്നും തോന്നല്ല്! തെറി കൊറേ പറഞ്ഞ് കഴീമ്പം വെഷമം അങ്ങെറങ്ങിപ്പോവും. തെറി ഒരു മര്ന്നാ കൊച്ചേ!''

അപ്പോഴേയ്ക്കും തൊട്ടിലില്‍ കിടന്ന് ചിണുങ്ങാന്‍ തുടങ്ങിയ കുഞ്ഞിനെ എടുത്ത് നെഞ്ചോട് ചേര്‍ത്തുപിടിച്ച് അന്നംകുട്ടിച്ചേടത്തി പറഞ്ഞു:
''നീയാ കാപ്പി മോന്തീട്ട് ഇതിന് മൊല കൊടുക്ക്. രാത്രീല് ഒരു തുള്ളി പാല് കുടിച്ചതല്ലല്ലാ!''
കഞ്ഞിക്ക് വെള്ളം അടുപ്പത്ത് വച്ച് അതില്‍ത്തന്നെ നോട്ടമൂന്നിനില്‍ക്കുന്ന അന്നംകുട്ടിച്ചേടത്തിയുടെ അടുത്ത് ചെന്ന് മരുമകള്‍ പറഞ്ഞു:
''നാല്‍പ്പത്തൊന്ന് തെകഞ്ഞാല് ഞാന്‍ വീട്ടിപ്പൊയ്‌ക്കോളാം അമ്മച്ചീ! 

തിളയ്ക്കാന്‍ തുടങ്ങിയ വെള്ളത്തില്‍നിന്ന് കണ്ണെടുക്കാതെ അന്നംകുട്ടിച്ചേടത്തി പറഞ്ഞു:
''നിന്റെ എളേത്തുങ്ങള് ആങ്ങളാര്ണ്ടല്ലൊ? ഇപ്പോ കെട്ടാത്തതുകൊണ്ട് കൊഴപ്പോല്ല. പക്ഷേല് അവര് പെണ്ണ്‌കെട്ടിക്കഴീമ്പം നീ അവരടെ എടേല് ഒരു മുള്ളാവും കൊച്ചേ. തന്നേമല്ല, ഇതല്ലേ നിന്റെ വീട്? ഇക്കണ്ട സൊത്തിന്റെയൊക്കെ അവകാശിയല്ലേ നിന്റെ കയ്യിലിരിക്കണത്!''
സ്വത്തിന്റെ കനം ഓര്‍ത്താവും മരുമകള്‍ ചുണ്ട് കോട്ടിയത് കണ്ടിട്ടും അന്നംകുട്ടിച്ചേടത്തി പതുപതുത്ത ശബ്ദത്തില്‍ തുടര്‍ന്നു:
''അങ്ങേര് പറയണ തെറിയേല് കൊറച്ചൊക്കെ നീയും പടിച്ചോ! രണ്ടെണ്ണം പറേമ്പം നിന്റെ നെഞ്ചിലിരിക്കണ കല്ലും ഉരുണ്ട് പോം.''
അമ്മായിയമ്മയുടെ ഉപദേശം കൂടുതല്‍ കേള്‍ക്കാന്‍ നില്‍ക്കാതെ മരുമകള്‍ പിന്തിരിഞ്ഞു. അടുക്കളപ്പടിയില്‍ കാലിന്റെ പുല്ലൂരി തട്ടി ശ്ശ്യോന്ന് എരിവാറ്റി നിന്ന മരുമകളുടെ അടുത്തുചെന്ന് അന്നംകുട്ടിച്ചേടത്തി പറഞ്ഞു: 
''ഇതൊരു പരൂക്ഷയാന്ന് കര്ത്  കൊച്ചേ. ഒരെണ്ണം പറഞ്ഞ് നോക്ക്. വേദന പമ്പകടക്കും!''
മരുമകള്‍ വായ് അമര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത് കണ്ട് അന്നംകുട്ടിച്ചേടത്തി തന്ത്രപരമായി പിന്മാറി. 

ചേന ചെത്തി നുറുക്കുമ്പോള്‍ അന്നംകുട്ടിച്ചേടത്തിയുടെ കയ്യ് ചൊറിഞ്ഞു. ആരും കേള്‍ക്കാതെ ഒരു തെറിവാക്കെടുത്ത് വീശി അന്നംകുട്ടിച്ചേടത്തി ചൊറിച്ചിലിനെ നേരിട്ടു. ചൊറിച്ചിലൊഴിഞ്ഞ് പോയപ്പോള്‍ ചേന അടുപ്പത്ത് കയറ്റി.
മുലകുടിച്ചുറങ്ങിയ കുഞ്ഞിനെ തുണിത്തൊട്ടിലില്‍ കിടത്തി നിവരുമ്പോള്‍ മരുമകളുടെ നെറ്റി കട്ടിലിന്റെ വിളുമ്പത്തിടിച്ച്  മുഖം ചുളിഞ്ഞു. നെറ്റി തടവുന്ന മരുമകളോട് അന്നംകുട്ടിച്ചേടത്തി മടിയേതുമില്ലാതെ പറഞ്ഞു: 
''കൊച്ചേ! ഒരെണ്ണമങ്ങാട്ട് പറഞ്ഞോളാ! അപ്പോ വെവരമറീം!''

മരുമകള്‍ ചുണ്ട് മുറുകെയടച്ച് നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. അന്നംകുട്ടിച്ചേടത്തി വീണ്ടും തന്ത്രപരമായി പിന്മാറി. 
പീലിച്ചേട്ടന്‍ മുകളിലേയ്ക്ക് കൂര്‍പ്പിച്ച് നിര്‍ത്തിയ മുഖം ഒരോ ദിവസം കഴിയുന്തോറും പടിക്കെട്ടിറങ്ങി താഴേയ്ക്ക് വന്നു. തെറിവാക്കുകളുടെ എണ്ണം ചുരുങ്ങുകയും മൂര്‍ച്ച കുറയുകയും ചെയ്തു. ഒടുവില്‍ മുഖം കാല്‍മുട്ടുകള്‍ക്കിടയില്‍ തിരുകി പീലിച്ചേട്ടന്‍ തീരെയും നിശ്ശബ്ദനായി. അതു കണ്ട് അന്നംകുട്ടിച്ചേടത്തി മരുമകളോട് പതുങ്ങിയ ഒച്ചയില്‍ ചോദിച്ചു: 
''ഇപ്പ ഞാമ്പറഞ്ഞത് ശര്യായില്ലേ? തന്തേടെ വെഷമം കൊറഞ്ഞത് കണ്ടാ?''
മരുമകള്‍ ഏതോ ആലോചനയില്‍ കുരുങ്ങി കുറേ നേരം നിന്നു. പിന്നെ ഒരു നെടുവീര്‍പ്പോടെ കുഞ്ഞിന്റെ മൂത്രത്തുണി ബക്കറ്റില്‍ നിറച്ച് അടുക്കള കുറുകെ കടന്ന് പുറത്തേയ്ക്ക് കാല് വച്ചു. കണക്കു കൂട്ടല്‍ ചെറുതായി പിഴച്ച് പുല്ലൂരി വീണ്ടും അടുക്കളയുടെ കട്ട്‌ളപ്പടിയിലിടിച്ചപ്പോള്‍ അയ്യോ! എന്നൊരു ഞരക്കം പുറപ്പെട്ടു. കൃത്യസമയത്ത് അന്നംകുട്ടിച്ചേടത്തി വീറോടെ മുന്നോട്ടുവന്ന് ഒച്ചപൊന്തിച്ചു: 
''ഇനീം നീ എന്താണ്ട്റീ നോക്കിനിക്കണേ? പരന്തീര്‍ന്ന ഒരെണ്ണങ്ങട്ട് പറേണണ്ടാ?''
അമ്മായിയമ്മയുടെ വാക്കുകളില്‍ പാറുന്ന തീപ്പൊരികണ്ട് മരുമകള്‍ വിക്കി. മ...മ...
അന്നംകുട്ടിച്ചേടത്തിയുടെ രണ്ട് കൈയിലേയും വിരലുകള്‍ തെരുതെരെ അകത്തേയ്ക്ക് ചാഞ്ഞും പുറത്തേയ്ക്ക് മലര്‍ന്നും തിടുക്കപ്പെട്ടു. 
''പോരട്ടേ! ആ! പോരട്ടേ!''

രണ്ടും കല്പിച്ച് മരുമകള്‍ തുടങ്ങിവച്ച തെറിവാക്ക് ഉറക്കെ തുമ്മി. അതുകേട്ട് അമ്മായിയമ്മ കൈകള്‍ കൂട്ടിത്തിരുമ്മി നിരാശയായി. 
''ഛേ! കളഞ്ഞല്ലോ! ചെല മര്ന്ന് തൊലിപ്പൊറത്ത് പൊരട്ടി ഇരുട്ടത്തിരുന്നാലേ ഫലോള്ളു. അതുപോലാ ഇതും. പല്ല് ഞെരിച്ച് ആരും കേക്കാതെ പറഞ്ഞ്‌നോക്ക്. അപ്പോ അറിയാം കാര്യം!''
മരുമകള്‍ പല്ല് ഞെരിച്ച് ഒരു തെറിവാക്ക് ഞെക്കി പുറത്തെടുത്തു. കാലിന്റെ പുല്ലൂരിയില്‍ കടിച്ച വേദന ചുറ്റഴിഞ്ഞ് പോകുന്നതറിഞ്ഞ് അവളുടെ ചുണ്ടില്‍ ചെറിയൊരു ചിരി പരന്നു. 
അന്നംകുട്ടിച്ചേടത്തി തല ഉയര്‍ത്തിപ്പിടിച്ച് മരുമകളോട് ചോദിച്ചു:
''ഇപ്പ എങ്ങന?''
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com