'ഒടുവിലത്തെ സന്ദര്‍ശക'- സി.വി. ബാലകൃഷ്ണന്‍ എഴുതിയ കഥ

തന്റെ ഒടുവിലത്തെ സന്ദര്‍ശക സബ്രീനയായിരിക്കണമെന്ന് അത്രമേല്‍ ആഗ്രഹിച്ചിരുന്നതുകൊണ്ട് അവള്‍ അടുത്തെത്തിയപ്പോള്‍ രോഗിയുടെ പരിക്ഷീണമായ മുഖത്ത് ഒരു തെളിച്ചമുണ്ടായി
ചിത്രീകരണം - ചന്‍സ്
ചിത്രീകരണം - ചന്‍സ്

ന്റെ ഒടുവിലത്തെ സന്ദര്‍ശക സബ്രീനയായിരിക്കണമെന്ന് അത്രമേല്‍ ആഗ്രഹിച്ചിരുന്നതുകൊണ്ട് അവള്‍ അടുത്തെത്തിയപ്പോള്‍ രോഗിയുടെ പരിക്ഷീണമായ മുഖത്ത് ഒരു തെളിച്ചമുണ്ടായി. ''നീ വന്നുവല്ലോ,'' അയാള്‍ നന്നേ ദുര്‍ബ്ബലമായ സ്വരത്തില്‍ പറഞ്ഞു. 
കിടക്കയ്ക്കരികിലുള്ള കസേരയിലിരുന്ന് സബ്രീന അയാളുടെ വലതു കൈത്തലം തന്റെ കൈവെള്ളയോടു ചേര്‍ത്തു. 

''യാത്ര ബുദ്ധിമുട്ടായോ?'' അയാള്‍ ചോദിച്ചു. 
''അതാലോചിച്ച് വിഷമിക്കേണ്ട,'' സബ്രീന പറഞ്ഞു. 
രാവിലെ പുറപ്പെട്ടതാണ്. പല പാതകളിലൂടെ ദൂരം താണ്ടി പൈന്‍മരങ്ങള്‍ക്കിടയിലെ പഴയ ബംഗ്ലാവിലെത്തുമ്പോള്‍ സായാഹ്നമായി. മണ്ണില്‍ നിഴലുകള്‍ നീണ്ടുകിടന്നു. കാറിന്റെ ശബ്ദം കേട്ട് വന്നെത്തിയ പരിചാരികയെ, മുന്‍പു കണ്ടിട്ടില്ലെങ്കിലും തിരിച്ചറിഞ്ഞു. ജാനെറ്റ്. ഒട്ടു കാര്‍ക്കശ്യക്കാരിയെന്നു തോന്നിക്കുന്ന മുഖം. 
''ജാനെറ്റല്ലേ?''
''എങ്ങനെ മനസ്സിലായി? നമ്മള്‍ കണ്ടിട്ടില്ലല്ലോ ഇതിനു മുന്‍പ്.''
ഇല്ല. പക്ഷേ, പറഞ്ഞുകേട്ടിട്ടുണ്ട്.''

ജാനെറ്റിന്റെ മുഖത്തെ ഭാവം അപ്പോഴും മാറിയില്ല. ഫോണ്‍ സംഭാഷണങ്ങളിലെ പരാമര്‍ശം ഏതുവിധത്തിലായാലും അതു തന്നെ ബാധിക്കുന്ന കാര്യമല്ലെന്നതുപോലുള്ള ഒരുവക നിസ്സംഗതയോടെ ജാനെറ്റ് താഴേയ്ക്കിറങ്ങി. 
''മുറി ഒരുക്കിയിട്ടുണ്ട്.''
''പോളിനെ ആദ്യം കാണട്ടെ.''
''ഒരുപാട് യാത്ര ചെയ്തതല്ലേ?''
''സാരമില്ല. ബാഗുകളെടുത്ത് മുറിയില്‍ കൊണ്ടുപോയി വെച്ചോളൂ. പിറകിലെ സീറ്റിലുണ്ട്.'' ജാനെറ്റിന്റെ പ്രതികരണത്തിനു കാക്കാതെ സബ്രീന വരാന്തയിലേയ്ക്കു കയറി ഇടതുവശത്തേയ്ക്കു നടന്നു. ഏതു മുറിയിലാണ് താന്‍ കിടക്കുന്നതെന്ന് പോള്‍ അറിയിച്ചിരുന്നു. എപ്പോഴത്തെയും മുറി. അതിന്നകമേ പോളിനെക്കൂടാതെ, എത്രയോ ആണ്ടുകളിലെ ഓര്‍മ്മകളും സ്വപ്നങ്ങളും വിഭ്രാന്തികളും. പൈന്‍മരങ്ങളേയും പുല്‍പ്പരപ്പുകളേയും കാട്ടുചെടികളേയും അവയ്‌ക്കെല്ലാം മീതെയുള്ള നിത്യവിസ്മയമായ ആകാശത്തേയും കാട്ടിത്തരുന്ന ചില്ലുജാലകങ്ങള്‍, ഇളംനിറങ്ങളിലുള്ള തിരശ്ശീലകളോടെ. ഏറെ അകലെയല്ലാതെ ഒരു നദി; ആരവങ്ങളില്ലാതെ. അതിന്റെ തീരങ്ങളിലാകെ മിനുമിനുത്ത ഉരുളന്‍ കല്ലുകള്‍. 

പാതി ചാരിയ വാതില്‍ പതുക്കെ തുറന്ന് സബ്രീന അകത്തു കടന്നതും മുറിയുടെ ഒരു പാര്‍ശ്വത്തിലായുള്ള വലിയ കട്ടിലിലെ കിടക്കയില്‍ നെഞ്ചുവരെ പുതപ്പ് വലിച്ചിട്ട് ഉറക്കത്തിലെന്നപോലെ കിടക്കുകയായിരുന്ന പോള്‍ കണ്ണു രണ്ടും മിഴിച്ചു. ആ കണ്ണുകളില്‍ സബ്രീനയുടെ പ്രതിച്ഛായയായി. അവള്‍ കട്ടിലിനടുത്തെത്തി. ''നീ വന്നുവല്ലോ,'' അയാള്‍ ക്ഷീണിച്ച ശബ്ദത്തില്‍ ഉരുവിട്ടു. 

അവര്‍ പരസ്പരം കണ്ടിട്ട് ആണ്ടുകളേറെയായി. ഋതുക്കളെത്രയോ കടന്നുപോയി. ശിശിരത്തില്‍ ഇലകള്‍ കൊഴിച്ച വൃക്ഷങ്ങള്‍ എത്രയോ തവണ വീണ്ടും തളിര്‍ത്തു. വര്‍ഷയാം ഋതു പലവട്ടം വന്നു. 
''ജാനെറ്റ് മുറി കാട്ടിത്തന്നുവോ?'' പോള്‍ ആരാഞ്ഞു. 
''ഞാന്‍ മുറിയിലേയ്ക്കു പോയില്ല.'' സബ്രീന പറഞ്ഞു. 
പോള്‍ കട്ടില്‍ത്തലയ്ക്കലുള്ള ഒരു സ്വിച്ചില്‍ വിരലമര്‍ത്തി. അധികം വൈകാതെ ജാനെറ്റ് വന്നു ചേര്‍ന്നു. 
''പോയ്ക്കോളൂ. പിന്നീട് വന്നാല്‍ മതി. ഞാന്‍ ഈ കിടക്കവിട്ട് എങ്ങും പോകില്ല.'' പോള്‍ വിളറിയ ചിരിയോടെ പറഞ്ഞു. 

നെഞ്ചിലെന്തോ കൊളുത്തിവലിക്കുന്നതുപോലെ സബ്രീനയ്ക്കു തോന്നി. അവള്‍ പോളിന്റെ കൈ തന്റെ കയ്യില്‍നിന്നും വേര്‍പെടുത്തി എഴുന്നേറ്റ് ഒന്നും പറയാതെ ജാനെറ്റിനെ പിന്തുടര്‍ന്നു. 
കിടപ്പുമുറിയില്‍ വീണ്ടും ഒറ്റയ്ക്കായി കണ്ണടച്ചപ്പോള്‍ പോളിന്റെ ഓര്‍മ്മയില്‍ പൊടിമഞ്ഞ് ഉതിരുന്ന ഒരു കുന്നിന്‍പുറവും മരങ്ങള്‍ക്കിടയിലൂടെ മഞ്ഞേറ്റുകൊണ്ടുള്ള തന്റെ കാല്‍വെയ്പുകളുമായി. എങ്ങും ധവളിമയായിരുന്നു. ശൈത്യത്തിലെ തെളിച്ചം. മരങ്ങള്‍ കുളിര്‍ന്നു വിറച്ച് നിന്നു. പോള്‍ തന്റെ രോമക്കുപ്പായത്തിന്റെ കീശകളില്‍ കൈകള്‍ തിരുകി ധൃതിപ്പെടാതെ നടന്നു. ഉടുപ്പിലേയ്ക്കും കഴുത്തില്‍ ചുറ്റിയ കമ്പിളി ആവരണത്തിലേയ്ക്കും മുടിയിലേയ്ക്കും മഞ്ഞുതിര്‍ന്നു. വഴിയുടെ അറ്റത്ത് പഴയതും ജീര്‍ണിച്ച് തുടങ്ങിയതുമായ ഒരു മാളിക. അതിന്റെ വാതില്‍ തുറന്നുകിടക്കുകയായിരുന്നു, ആരുടേയോ വരവ് പ്രതീക്ഷിച്ചെന്നപോലെ. ആയതിനാല്‍ വാതില്‍മണി മുഴക്കാതെ പോളിന് അകത്തുകടക്കാനായി. അകവും തണുത്തിട്ടായിരുന്നു. ശിശിരം, ഒരുപക്ഷേ, അവിടത്തെ പാര്‍പ്പുകാരനാണ്.
''സബ്രീനാ,'' പോള്‍ ഇരുണ്ടൊരു ഇടനാഴിയില്‍നിന്ന് വിളിച്ചു. 
അതെങ്ങുമെത്തിയില്ല. 

ശിരസ്സില്‍ പൊടിപോലെയമര്‍ന്ന മഞ്ഞുതരികള്‍ അവന്‍ തട്ടിക്കളഞ്ഞു. ഇടനാഴിയിലൂടെ എങ്ങോട്ടെന്നില്ലാതെ അവന്‍ നടന്നു. അതിന്നകത്ത് തണുപ്പും വിറങ്ങലിപ്പുമായിരുന്നു. ജീവചൈതന്യത്തിന്റെ ഒരംശംപോലും എവിടെയും പ്രകടമായില്ല. മരിച്ചിട്ടും അടയാത്ത ശൂന്യദൃഷ്ടികള്‍ക്കിടയിലൂടെയെന്നോണം അവന്‍ കടന്നുപോയി; തേളയിടിപ്പോടുകൂടി വേഗത്തില്‍ ശ്വാസോച്ഛ്വാസം ചെയ്തുകൊണ്ട്. 
''ഒരു കപ്പ് ചൂടുള്ള കൂണ്‍സൂപ്പ് കൊണ്ടുവരട്ടെ?'' 
''നന്ദി, ജാനെറ്റ്. ഇപ്പോള്‍ എനിയ്ക്കാവശ്യം ഒരു കുളിയാണ്.''
''കുളിമുറിയില്‍ എല്ലാം ഒരുക്കിയിട്ടുണ്ട്. അതിനു മുന്‍പ് ക്ഷീണം മാറ്റാനായി ചോക്ലേറ്റ് ചേര്‍ത്ത പാലായാലോ?''
''വേണമെന്നില്ല.''
''എങ്കില്‍ കുളിച്ചുവരുമ്പോഴേയ്ക്കും വെണ്ണ പുരട്ടിയ റൊട്ടിയെടുക്കാം. പൊരിച്ച പന്നിയിറച്ചിയുണ്ട്. വെള്ള പോംഫ്രെറ്റും. അതിന്റെ കൂടെ കഴിക്കാന്‍ ചുവന്ന വീഞ്ഞായാലോ? ഇവിടത്തെ വീഞ്ഞ് ഒന്നാന്തരമാണ്.''
''പക്ഷേ, ജാനെറ്റ്, പോള്‍ മരിക്കാന്‍ പോവുകയാണ്.''

പൊടുന്നനെ, അപ്രതീക്ഷിതമായി, രണ്ടു കൈകള്‍ പോളിനെ ഒരു മുറിയിലേയ്ക്കു പിടിച്ചുവലിച്ചു. അകത്തേയ്ക്കു കടന്നതും പിറകില്‍ വാതില്‍, വലിയ മുഴക്കം കേള്‍പ്പിക്കാതെ, അടഞ്ഞു. 
''നീ വല്ലാതെ തണുത്തിരിക്കയാണല്ലോ. കുറച്ചുനേരം തീ കായാം.'' സബ്രീന പോളിന്റെ കൈ പിടിച്ച് മുറിയുടെ ഒരരികിലായുള്ള തീത്തിണ്ണയുടെ നേര്‍ക്കു നടന്നു. 

ഉണങ്ങിയ പൈന്‍മരച്ചില്ലകള്‍ കത്തിയുണ്ടായ ചുവന്ന കനലുകളില്‍നിന്നും തീനാളങ്ങള്‍ പൊങ്ങി. പോള്‍ തീ കായാനുള്ള സ്ഥലത്തിരുന്ന് സബ്രീനയെ നോക്കി. അവര്‍ ഇരുവരുടേയും കവിളുകളില്‍ കൗമാരത്തിന്റെ തുടുപ്പ്. പോള്‍ തന്റെ വലതു കൈത്തലം സബ്രീനയുടെ ഇടതു കവിള്‍ത്തടത്തില്‍ ചേര്‍ത്തു. അവന്റെ കൈത്തലമെന്നപോലെ അവളുടെ കവിള്‍ത്തടവും അങ്ങേയറ്റം മൃദുതയാര്‍ന്നതായിരുന്നു. 

സബ്രീന ഉടയാടകളില്ലാതെ ഷവറിനു കീഴെ നിന്നു. അവളുടെ അനാവൃത മേനിയിലേയ്ക്കു ജലധാര. മന്ദോഷ്ണമായ ഒരു പ്രവാഹത്തിന്റെ അനുസ്യൂതി. അതില്‍ അവള്‍ കുതിര്‍ന്നു. 

പോള്‍ ചുംബിക്കാനായി മുഖം സബ്രീനയുടെ മുഖത്തോടടുപ്പിച്ചപ്പോള്‍ അവള്‍ അവനെ വിലക്കാതെ തന്റെ ചുണ്ടുകള്‍ വിടര്‍ത്തി. പതുക്കെ തുടങ്ങിയ ചുംബനക്രിയ നേരം ചെല്ലുന്തോറും തീക്ഷ്ണമായി. പരസ്പരം അലിയിച്ചെടുക്കാനുദ്ദേശിച്ചെന്നമട്ടില്‍ അവരത് തീക്ഷ്ണതയോടെ തുടര്‍ന്നു. ഇരുവരുടേയും ഉമിനീര് കലര്‍ന്ന് ഒന്നായി. നാവുകള്‍ കെട്ടുപിണഞ്ഞു. ഓരോ നാഡിയും അനിയന്ത്രിതമായി ത്രസിച്ചു. പോളിന്റെ കൈ സബ്രീനയുടെ മാറിടം തിരക്കിച്ചെന്നു. മേലുടുപ്പിന്റെ ചരട് വേര്‍പെടുത്തിയതോടെ മാറിടം വെളിവായി. അത് പതുപതുത്തതാണെന്ന് പോളിന്റെ വിരലുകള്‍ അറിഞ്ഞു. അവ എഴുന്നുനിന്ന ഓരോ മുലക്കണ്ണിലും ഉരുമ്മി. സബ്രീനയുടെ ചുണ്ടുകള്‍ക്കിടയില്‍നിന്നും ഒരു സീല്‍കൃതി പുറത്തുകടന്നു!
തീ എരിയുകയായിരുന്നു. പോളും സബ്രീനയും തങ്ങളെ പാടെ വിവസ്ത്രീകരിച്ചിരുന്നു. തീനാളങ്ങളേറ്റ് ഉടലുകള്‍ തിളങ്ങി. 

''നിനക്ക് നോവുമോ?'' പോള്‍ സബ്രീനയുടെ ഉടലിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ തുടങ്ങും മുന്‍പ് ചോദിച്ചു. 
അങ്ങനെ സംഭവിക്കുമ്പോള്‍ നൊമ്പലിക്കുമോയെന്ന്, അതു തന്നെ സംബന്ധിച്ച് അസഹ്യമാകുമോയെന്നും സബ്രീനയ്ക്കറിയില്ലായിരുന്നു. പിയാനോ ക്ലാസ്സില്‍ ഒപ്പമുള്ള റോസിറ്റ പറഞ്ഞത് ആദ്യാനുഭവത്തില്‍ ഏതൊരു പെണ്‍കുട്ടിയും  നൊമ്പരം കഴിക്കണമെന്നത്രെ. പോളിനെ പ്രതി സബ്രീന അതിനു സന്നദ്ധയായിരുന്നു. തന്റെ നഗ്‌നമായ ശരീരത്തിനുമീതെ അധീരനായി നിലകൊള്ളുന്ന പോളിന്റെ മുതുകില്‍ കൈകളമര്‍ത്തി അവള്‍ ചാരുസ്മിതത്തോടെ പറഞ്ഞു: ''പേടിക്കേണ്ട, പോള്‍.''
അക്കാലത്ത് എല്ലാ വൈകുന്നേരങ്ങളിലും, എതിരെ നിന്നും വീശിയെത്തുന്ന കാറ്റുകളെ പകുത്തുകൊണ്ട്, സൈക്കിള്‍ ചവിട്ടി പിയാനോ ക്ലാസ്സിനു പോകുമായിരുന്നു സബ്രീന. തഴച്ചുവളര്‍ന്ന ഇളംപച്ച പുല്‍ത്തകിടികള്‍ക്കിടയിലൂടെ, ഒഴുകുമ്പോള്‍ തീരെ ഒച്ച കേള്‍പ്പിക്കാത്ത ഒരു നദിയുടെ ഓരത്തൂടെ, ഉദ്യാനങ്ങള്‍ക്കരികിലൂടെയുള്ള യാത്രയില്‍ മറ്റൊരു സൈക്കിളിലായി റോസിറ്റ. അകലെനിന്ന് കാണുന്നവര്‍ക്ക് അവര്‍ രണ്ടു ചിത്രശലഭങ്ങളില്‍ക്കവിഞ്ഞ മറ്റൊന്നും ആയേക്കില്ല. 

'സബ്രീനാ, നീയിന്ന് പതിവിലേറെ ആഹ്ലാദത്തിലാണല്ലോ.''
''എന്റെ മനസ്സ് നിറഞ്ഞുകവിയുകയാണ് പെണ്ണേ.''
''അതിനുമാത്രം എന്തുണ്ടായെന്നു പറ.''
''അതൊരു രഹസ്യമാണ്.''
''നിന്നോട്ടു പറയാത്തതായി എന്തെങ്കിലും രഹസ്യം എനിക്കുണ്ടോ? ഫ്രോക്ക് ഉയര്‍ത്തിക്കാട്ടി കിഴവന്‍ ഗ്രിഗറിയെ കൊതിപ്പിച്ചതുപോലും ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ? ഇന്നേവരെ എന്നെ ആരൊക്കെ ഉമ്മവെച്ചിട്ടുണ്ടെന്നും ആരെയൊക്കെ ഞാന്‍ തൊട്ടും തടവിയും അറിഞ്ഞിട്ടുണ്ടെന്നും നീ താല്പര്യത്തോടെ കേട്ടിട്ടുള്ളതല്ലേ? എന്നിട്ടാണ് ഈ ഒളിച്ചുകളി. അതും എന്റെയടുത്ത്. നീ എന്നെ പറയാറുള്ളത് ബെസ്റ്റ് ഫ്രന്‍ഡ് എന്നല്ലേ. വേണ്ട. ബാക്കിയെല്ലാറ്റിന്റേയും കൂടെ നിന്റെ രഹസ്യവും ഉടുപ്പിനുള്ളില് ഒതുക്കിവെച്ചോളൂ. ഞാന്‍ പോവുകാ.''

റോസിറ്റ അതിവേഗത്തില്‍ സൈക്കിളോടിച്ചു നീങ്ങി. സബ്രീന ഒപ്പമെത്താന്‍ തന്റെ സൈക്കിളിന്റെ വേഗം കൂട്ടിയില്ല. എന്തെന്നാല്‍ അടുത്ത വളവില്‍ തന്നെ പിടികൂടാനായി അവള്‍ പതുങ്ങിനില്‍പ്പുണ്ടാകുമെന്ന് സബ്രീനയ്ക്കു തീര്‍ച്ചയുണ്ടായിരുന്നു. ഒട്ടൊരു നിഗൂഢതയോടെ, എങ്കിലും ഉല്ലാസപൂര്‍വ്വം, തന്നോടുതന്നെ ചിരിതൂകിക്കൊണ്ട് സബ്രീന സൈക്കിള്‍ മുന്നോട്ടു നീക്കി. കാറ്റില്‍ മുടി പാറിക്കളിച്ചു. 

കുളിസാമഗ്രികള്‍ അടുക്കിയ വലുതല്ലാത്ത ഭിത്തിയലമാരയ്ക്കരികിലുള്ള കണ്ണാടിയുടെ പ്രതലത്തെയാകെ മൂടിയ ആവി സബ്രീന പതുക്കെ തുടച്ചുനീക്കിയപ്പോള്‍, ആവിയുടെ ശകലങ്ങള്‍ക്കിടയിലായി അവള്‍ക്കു തന്റെ പ്രതിച്ഛായ തെളിഞ്ഞുകിട്ടി. അതിലേയ്ക്കു ദൃഷ്ടി പതിപ്പിച്ച് അവള്‍ അനങ്ങാതെ നിന്നു. പെട്ടെന്ന്, ഏതോ മാന്ത്രികതയില്‍, കണ്ണാടിയിലെ പ്രതിബിംബം മാറി. അത് എത്രയോ വര്‍ഷങ്ങള്‍ക്കപ്പുറം താഴ്വാരത്തെ പാതയിലൂടെ സ്വയം ചിരിച്ചുകൊണ്ട് സൈക്കിളോടിക്കുകയായിരുന്ന കൗമാരക്കാരിയുടേതായി. റോസിറ്റാ, ഞാന്‍ പറയാം. എന്റെ പൊന്നു റോസിറ്റാ, ഞാന്‍ എല്ലാം പറയാം. 

കണ്ണാടിയിലെ കൗമാരക്കാരി വെളിയിലുള്ള സ്ത്രീയെ നോക്കി. പാടലവര്‍ണ്ണമായ അധരങ്ങളില്‍ ചിരി. പക്ഷേ, വെളിയിലെ സ്ത്രീയുടെ കണ്ണുകളില്‍ നീരു നിറയുകയാണ്. കാഴ്ച മങ്ങുകയാണ്. ലോകം ഇരുളുകയാണ്. 
സബ്രീന മുറിയിലേയ്ക്കു വന്നത് കാലൊച്ച കേള്‍പ്പിക്കാതെയാണെങ്കിലും അവള്‍ വന്നയുടനെ കിടക്കയില്‍ പോള്‍ കണ്ണു തുറന്നു. അതിനു മുന്‍പായി വന്ന ജാനെറ്റ് പോളിനെ കണ്ടത് ഉറങ്ങുന്നതായാണ്. മുറിയിലെ വിളക്കുകള്‍ തെളിയിക്കുക മാത്രം നിര്‍വ്വഹിച്ച്, അത്താഴക്കാര്യം ഉന്നയിക്കാതെ, അവള്‍ വിനയാന്വിതയായി മടങ്ങിപ്പോയി. പോള്‍ പക്ഷേ, ഉറങ്ങുകയായിരുന്നില്ല. ഓരോന്നോര്‍ത്തുകൊണ്ട് വെറുതെ കണ്ണടച്ച് കിടക്കുകയായിരുന്നു. സബ്രീന കടന്നുവന്നതും അവളുടെ അതീവ ഹൃദ്യമായ ഗന്ധമറിഞ്ഞു. ഏതോ വിദൂരകാലത്തിലേയ്ക്ക് അതു പോളിനെ കൊണ്ടുപോയി. ഭൂര്‍ജതരുക്കളില്‍നിന്നും സൂചിയിലമരങ്ങളില്‍നിന്നും പൈനുകളില്‍നിന്നും ഇലകള്‍ കൊഴിഞ്ഞു. 

ഇലകളില്‍ ചവിട്ടി നടക്കവെ പോള്‍ സബ്രീനയോട് ചോദിച്ചു: 
''എന്റേതായിരിക്കില്ലേ നീ, എന്നും?''
സബ്രീന അവന്റെ വലതുകൈയുയര്‍ത്തി അതിനുമേല്‍ ചുണ്ടുകളമര്‍ത്തി. ശിശിരകാല വൃക്ഷങ്ങള്‍ കണ്ടുനിന്നു. 

സബ്രീന, വര്‍ഷങ്ങള്‍ക്കുശേഷം, കിടക്കയ്ക്കരികിലിരുന്ന് പോളിന്റെ വലതു കരമുയര്‍ത്തി അതിനുപുറമേ ചുംബിച്ചു. തന്റെ ക്ഷീണിച്ച ഞരമ്പുകളിലാകെ എന്തോ പിടഞ്ഞുണര്‍ന്നതായി പോള്‍ അറിഞ്ഞു. 
''നിന്നെ ഒരിക്കല്‍ക്കൂടി കണ്ടല്ലോ. ഇനി എനിക്ക് ഈ ലോകത്തുനിന്നും സന്തോഷത്തോടെ പോകാവുന്നതാണ്.''
''പോള്‍ നീ മരിക്കേണ്ടവനല്ല.''
''എനിക്കിപ്പോള്‍ നിന്റെ കൂടെ നൃത്തം ചെയ്താല്‍ കൊള്ളാമെന്നുണ്ട്. ഒരു വോള്‍ട്‌സ്.''
''കിടക്കയില്‍നിന്ന് അനങ്ങാന്‍ പറ്റാത്ത ഈയവസ്ഥയിലോ, പോള്‍?''
''ശരീരം വേറെ, മനസ്സു വേറെ. മനസ്സുകൊണ്ട് എനിക്കിപ്പോഴും ബാള്‍റൂമില്‍ നിന്നെ ചേര്‍ത്തുപിടിച്ച് സംഗീതത്തിനൊത്ത് ചുവടുവെയ്ക്കാനാവും; ഒന്നാന്തരമായിത്തന്നെ.''
''എങ്കില്‍ ഞാനെന്തിനു മടിക്കണം? വോള്‍ട്‌സ് തുടങ്ങാം.''

അവരിപ്പോള്‍ ഒരു ബാള്‍റൂമിലായി. വൃത്തശൃംഖലാ നൃത്തത്തിന്റെ അകമ്പടി സംഗീതമുയര്‍ന്നു. വിസ്താരമേറിയ ബാള്‍റൂമിനെയാകെ പ്രകാശപൂര്‍ണ്ണമാക്കുന്ന ബഹുശിഖരദീപത്തിനു ചുവട്ടില്‍നിന്ന് പോള്‍ സബ്രീനയുടെ അരക്കെട്ടില്‍ കൈകള്‍ ചേര്‍ത്തു. കാണികളായി അവിടെ ആരുമുണ്ടായിരുന്നില്ല. പരസ്പരം കണ്ണുകളില്‍ നോക്കിക്കൊണ്ട്, പോളും സബ്രീനയും വോള്‍ട്‌സ് തുടങ്ങി. 
പിറ്റേന്നു രാവിലെ സബ്രീന സെമിത്തേരിയിലേയ്ക്കു പോയില്ല. മുറിയില്‍ തനിയെ കണ്ണടച്ചിരുന്ന് അവള്‍ പോളുമൊത്തുള്ള വോള്‍ട്‌സ് തുടര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com