'ക്രാ'- സുനു എ.വി എഴുതിയ കഥ

പലചരക്കു സാധനങ്ങളുടേയും ഒരു കുപ്പി റമ്മിന്റേയും അരികത്ത് അനങ്ങാതെ കിടന്നിരുന്ന പത്രം കാറ്റടിച്ച് നിവര്‍ന്നപ്പോള്‍ തുഴച്ചില്‍ നിര്‍ത്തി പങ്കായം തോണിയില്‍ ഒതുക്കിവച്ച് പൊന്നായി എഴുന്നേറ്റു
'ക്രാ'- സുനു എ.വി എഴുതിയ കഥ

1

ലചരക്കു സാധനങ്ങളുടേയും ഒരു കുപ്പി റമ്മിന്റേയും അരികത്ത് അനങ്ങാതെ കിടന്നിരുന്ന പത്രം കാറ്റടിച്ച് നിവര്‍ന്നപ്പോള്‍ തുഴച്ചില്‍ നിര്‍ത്തി പങ്കായം തോണിയില്‍ ഒതുക്കിവച്ച് പൊന്നായി എഴുന്നേറ്റു. ഒരക്ഷരംപോലും വായിക്കാനറിയില്ലെങ്കിലും പത്രത്തില്‍ ചുളിവോ നനവോ കണ്ടാല്‍ അവറാച്ചന്‍, അതായത് തന്റെ അപ്പന്‍ മുറ്റത്ത് പൊറ്റകെട്ടിക്കിടക്കുന്ന കാക്കക്കാഷ്ഠം വാരി മുഖത്തെറിയുമെന്ന് ഉറപ്പാണ്! ഫോട്ടോയും തലക്കെട്ടിന്റെ കനവും കളറും നോക്കി ലോക കാര്യങ്ങള്‍ വിലയിരുത്തി നെടുവീര്‍പ്പിടുന്ന അപ്പനെയോര്‍ത്ത് ചിരിച്ചുകൊണ്ട് അയാള്‍ പത്രം മടക്കിയ ശേഷം കുപ്പി അതിന്റെ മുകളില്‍ വച്ചു.
പട്ടാളത്തോക്കുകള്‍ക്കിടയിലൂടെ ഒരുകൂട്ടം ആളുകള്‍ വീട്ടുസാധനങ്ങളും കുട്ടികളേയും വാരിക്കെട്ടി നടന്നുനീങ്ങുന്ന ഫോട്ടോയാണ് ഒന്നാംപേജില്‍ നിറഞ്ഞുനില്‍ക്കുന്നത്. തടിച്ച് ചുവന്ന അക്ഷരത്തിലാണ് തലക്കെട്ട്. നല്ല വലിപ്പവുമുണ്ട്. അപ്പന്‍ എങ്ങനെയായിരിക്കും ഈ വാര്‍ത്തയെ മനസ്സിലാക്കിയെടുക്കുക? സര്‍ക്കാര് മുതല് കട്ടവരെ പട്ടാളം കെട്ടുകെട്ടിച്ചുവെന്നോ തീവ്രവാദികളെ പട്ടാളം നാടുകടത്തിയെന്നോ ആയിരിക്കും... പൊന്നായി തുഴച്ചില്‍ തുടര്‍ന്നു.

അയാളുടെ ഇടത്തേ ചെവിയിലുരുമ്മിക്കൊണ്ട് തുരുത്ത് ലക്ഷ്യമാക്കി ഒരു കാക്ക പറന്നു പോയി. ഇരുട്ട് വീണുതുടങ്ങി. പങ്കായത്തില്‍ കുരുങ്ങിയ പായല്‍ വലിച്ചെടുത്ത് കായലിലേക്കെറിഞ്ഞ ശേഷം പൊന്നായി തുരുത്തിലേക്ക് നോക്കി. ഓരോ തവണ തുഴയുമ്പോഴും കാക്കളുടെ മണം അടുത്തുവരുന്നതായി അയാള്‍ക്കു തോന്നി.
വീടെത്താറായി...

2.
ആഴത്തില്‍ നാട്ടിയ മരക്കുറ്റിയിന്മേല്‍ തോണി കെട്ടിയ ശേഷം കുപ്പി അരയില്‍ തിരുകി സഞ്ചിയുമായി വഴിയിലേക്ക് ചാടിയിറങ്ങിയപ്പോള്‍ 'പൊന്നായിയേ...' എന്നു പതിഞ്ഞ സ്വരത്തില്‍ വിളിച്ച് അപ്പന്‍ മുന്നറിയിപ്പ് നല്‍കി. ഒരു തോര്‍ത്ത് മാത്രമുടുത്ത് മണ്‍വെട്ടിയും കയ്യിലേന്തി വീടിനു മുന്നിലെ പുളിമരച്ചോട്ടില്‍ നില്‍ക്കുകയാണ് അപ്പന്‍. ചെറിയൊരു കുഴിയും വെട്ടിയിട്ടുണ്ട്. സംഗതി അതുതന്നെ. മരണം! അയാള്‍ തലതാഴ്ത്തിക്കൊണ്ട് ചവിട്ടുന്ന മണ്ണ് പോലുമറിയാത്ത ചുവടുകള്‍വച്ച് അപ്പനരികിലേക്ക് നടന്നു. പരിധിവിട്ട് വളര്‍ന്ന പുളിമരത്തിന്റെ ചില്ലകളില്‍ എണ്ണിയാലൊടുങ്ങാത്തത്രയും കാക്കകള്‍ നിശ്ശബ്ദരായി ഇരിക്കുന്നുണ്ട്. തലവെട്ടിച്ചും ചരിഞ്ഞും അവര്‍ നോക്കുന്നത് താഴെ കുഴിയില്‍ മരണാനന്തര ബഹുമതികളോടെ അപ്പന്‍ കിടത്തിയിരിക്കുന്ന വയസ്സന്‍ കാക്കയുടെ ജഡത്തിലേക്കാണ്. അനാവശ്യമായ ചലനമോ ശബ്ദമോ എന്തിന്, ഒരു ശ്വാസംപോലും ഈ സമയം അവരെ അസ്വസ്ഥരാക്കും. 'ക്രാ ക്രാ' എന്നു വലിയ വായില്‍ കരഞ്ഞുകൊണ്ട് കൂട്ടമായി പറന്നുയരും. കൂട്ടത്തില്‍ മെയ് വഴക്കം കൂടിയ ഏതെങ്കിലുമൊരുത്തന്‍/ഒരുത്തി ചിലപ്പോള്‍ താഴ്ന്ന് പറന്നു തലയ്ക്കിട്ട് ഒരെണ്ണം തരാനും സാധ്യതയുണ്ട്. പൊന്നായി അപ്പനരികില്‍ അനങ്ങാതെ നിന്നു.

മനുഷ്യരുടേതിനേക്കാള്‍ ആദരവ് കാക്കകളുടെ ശവത്തോട് കാട്ടണമെന്ന് അപ്പന്‍ എപ്പോഴും പറയുന്ന കാര്യമാണ്. അല്ലാത്ത പക്ഷം കാക്കത്തുരുത്തില്‍ വാഴാനൊക്കില്ല. ഇവിടുത്തെ മണ്ണ് കനിയുകയുമില്ല. നിലത്തു കുത്തിയിരുന്ന് അങ്ങേയറ്റം ശ്രദ്ധയോടെ കുഴിയിലേക്ക് മണ്ണുവാരിയിടുന്ന അപ്പന്റെ മുതുകത്തു വീണ ചൂടുള്ള കാക്കക്കാഷ്ഠം പൊന്നായി തുടച്ചുകളഞ്ഞു. മണ്ണിനകത്തു പുതയാന്‍ കൂട്ടാക്കാതെ പുറത്തേക്ക് തള്ളിനിന്ന വാലിന്റെ ഭാഗത്തു കുറച്ചധികം മണ്ണ് വാരിയിട്ട് അപ്പന്‍ എഴുന്നേറ്റതും ഒരാവര്‍ത്തി കാക്കകള്‍ ചിറകടിച്ചുയര്‍ന്നു. ചടങ്ങ് പൂര്‍ത്തിയായി...

പൊന്നായിയുടെ അരയില്‍ അമര്‍ത്തിയൊന്ന് തൊട്ട് കുപ്പിയുണ്ടെന്ന് ഉറപ്പാക്കിയശേഷം മണ്‍വെട്ടിയിലെ ചളി ചുരണ്ടിക്കളഞ്ഞുകൊണ്ട് അപ്പന്‍ ചോദിച്ചു: 'എന്നതാടാ നേരം വൈകിയേ?'
'ഓ ഒന്നൂല്ല, ഒരു സിനിമയ്ക്ക് കേറി...' വാഴക്കുലയും തേങ്ങയും വിറ്റ കാശ് എണ്ണി നല്‍കിക്കൊണ്ട് പൊന്നായി അപ്പന്റെ മുഖത്തു നോക്കാതെ മറുപടി പറഞ്ഞു. ഒറ്റയ്ക്ക് ഒരുപാട് ദൂരം തുഴയാനുള്ള കരുത്ത് നഷ്ടപ്പെട്ടതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ കാക്കത്തുരുത്ത് വിട്ട് വെളിയില്‍ പോകാറില്ലെങ്കിലും, മകന്‍ പറഞ്ഞത് കള്ളമാണെന്നും ഇന്നേരമത്രയും ടൗണിലെ അനസൂയ ലോഡ്ജില്‍ നാല് വയസ്സുള്ള കൊച്ചിന്റെ തള്ളയായ സിസിലിയുടെ കൂടെ കെട്ടിമറിയുകയായിരുന്നെന്നും അപ്പനു മനസ്സിലായിട്ടുണ്ടാകും. ഒറ്റയേറിനു കായലിന്റെ അങ്ങേയറ്റം തൊടുന്ന ഫോറിന്‍ ചൂണ്ട സ്വന്തമായുള്ള ശ്രീവത്സന്‍ സാര്‍ മൂന്നു മാസം മുന്‍പ് സിസിലിയോടൊത്ത് തന്നെ ലോഡ്ജില്‍ കണ്ട കാര്യം പൊന്നായി ഒരിക്കല്‍ക്കൂടി ഓര്‍ത്തു. ചൂണ്ടയുമായി തുരുത്ത് വഴി വരുമ്പോഴൊക്കെയും അപ്പന്‍ നല്ല നേന്ത്രക്കുലകള്‍ വെട്ടി അദ്ദേഹത്തിന്റെ തോണിയില്‍ വച്ചുകൊടുക്കാറുണ്ട്. മക്കളുടെ അവിഹിതം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന ചിന്താഗതിക്കാരന്‍ തന്നെയാണ് ശ്രീവത്സന്‍ സാറെന്നു പിന്നീട് കണ്ടപ്പോഴൊക്കെയും ആ മുഖത്തു തെളിഞ്ഞ അര്‍ത്ഥംവെച്ചുള്ള ചിരി വ്യക്തമാക്കിയതുമാണ്. പക്ഷേ, അപ്പന്‍ തന്നോടിതുവരെ ഇക്കാര്യം ചോദിച്ചിട്ടില്ല. ഇനി ഇന്നെങ്ങാനും ചോദിച്ചാല്‍ എന്തു മറുപടി പറയുമെന്ന് ആലോചിച്ചുകൊണ്ട് പൊന്നായി കുളിമുറിയിലേയ്ക്കു നടന്നുപോകുന്ന അപ്പനെ നോക്കിനിന്നു. പതിവുപോലെ അപ്പന്റെ രഹസ്യഭാഗങ്ങള്‍ കാണുവാനായി മൂന്നാല് കാക്കകള്‍ മേല്‍ക്കൂരയില്ലാത്ത കുളിമുറിയുടെ മുകളില്‍ ഇരിപ്പുറപ്പിച്ചു.

3.
മേശ പൊക്കി മുറ്റത്ത് വച്ച് മദ്യക്കുപ്പിയും ഗ്ലാസ്സുകളും കുരുമുളകിട്ട കായല്‍മീന്‍ കറിയും മുകളില്‍ നിരത്തി പൊന്നായി അപ്പനെ പരതി. തലയിലൊരു കെട്ടുംകെട്ടി നിലാവില്‍ കുളിച്ചുനില്‍ക്കുന്ന വാഴത്തോപ്പിലേക്ക് അഭിമാനത്തോടെ നോക്കിനില്‍ക്കുകയാണ് അപ്പന്‍. പതിവുള്ളതു തന്നെ.
സെക്കന്റുകളുടെ വ്യത്യാസത്തില്‍ രണ്ടു പെഗ്ഗ് ഠപ്പേന്ന് അടിച്ചശേഷം തലയിലെ കെട്ടഴിച്ച് ചിറി തുവര്‍ത്തി അപ്പന്‍ പറഞ്ഞു: 'പൊന്നായിയേ... നിന്റമ്മച്ചിക്ക് കാക്കകളെ അറപ്പായിരുന്നെടാ! അതിങ്ങള് തൂറിനിറയ്ക്കുന്നതൊന്നുവായിരുന്നില്ല പ്രശ്‌നം, അവള്‍ക്ക് കറുപ്പ് നെറം പിടിക്കുകേല. കാക്കേടെ കറുപ്പ് തീരെ പിടിക്കുകേലാ! ഒടുക്കം പെറ്റ കൊച്ചും കൂടി കറുപ്പായപ്പോ ഏതോ വെളുമ്പന്‍ ചൂണ്ടക്കാരന്റൊപ്പം അവളങ്ങു പോയി...'

വല്ലാതെ ഉള്ളുപിടയുമ്പോഴാണ് അപ്പന്‍ അമ്മച്ചിയെക്കുറിച്ചു സംസാരിക്കാറ്. അവരെ കണ്ട ഓര്‍മ്മയില്ല. കയ്യിലിരുന്ന ഗ്ലാസ്സ് അപ്പനെ അനുകരിച്ചുകൊണ്ട് ഒറ്റവലിക്കു കാലിയാക്കിയശേഷം പൊന്നായി കായലിലേക്ക് നീണ്ടുകിടക്കുന്ന വഴിയിലേക്ക് നോക്കി. വെളുത്തുതടിച്ചൊരു സ്ത്രീ തന്നെ കാത്തുനില്‍ക്കുന്ന തോണിയിലേക്ക് കാക്കകളെ ആട്ടിപ്പായിച്ചുകൊണ്ട് ഓടിപ്പോകുന്നതായി അയാള്‍ക്കു തോന്നി.
കൂലി വേണമെങ്കീ പെമ്പ്രന്നോത്തിയെ കൂടെക്കിടത്താന്‍ വിടണമെന്നു പറഞ്ഞ ജന്മിയെ ഇരുട്ടടിയടിച്ച്, രായ്ക്കുരാമാനം ഗര്‍ഭിണിയായ തന്റെ പെണ്ണിനേയും ചുമലിലിട്ട് നീന്തിയാണ് അപ്പന്റപ്പന്‍ കാക്കത്തുരുത്തില്‍ കാലുകുത്തിയതെന്ന് പൊന്നായി കേട്ടിട്ടുണ്ട്. അപ്പന്‍ വെള്ളമടിച്ചു പറയാറുള്ള കഥയാണ്, അല്പം എരിവും പുളിയും സ്വന്തം വകയായി ചേര്‍ത്തിരിക്കാനും സാധ്യതയുണ്ട്. പക്ഷേ, സംഗതി സിനിമാക്കഥപോലെ രസമുള്ളതാണ്.

'അന്ന് എന്റപ്പനും അമ്മച്ചീം കാക്കകള് മാത്രമുള്ള ഈ തുരുത്തീക്കിടന്നു കാക്കത്തീട്ടത്തീ മുങ്ങിച്ചാകുമെന്ന് കരുതിയവമ്മാര് ആരായി? ഹി... ഹി... ദേ ഈ മീന്‍ മുള്ള് കണ്ടാ, ഇതീ മണ്ണിലിട്ടാ പെടക്കണ മീന്‍ കായ്ക്കുന്ന മരം വരെ മുളച്ചുപൊന്തും! എന്റപ്പനും എനിക്കും ഇപ്പോ നെനക്കുമല്ലാതെ വേറൊരു നാറിക്കും ഈ മണ്ണിന്റെ വെല അറിയുകേല!'

വലിയൊരു മീന്‍കഷണം വായിലിട്ട് അതിന്റെ മാംസം മുഴുവന്‍ ചവച്ചിറക്കിയശേഷം മുള്ള് മണ്ണിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അവറാച്ചന്‍ പറഞ്ഞു.
അത് ശരിവച്ചുകൊണ്ട് ഒരു കാക്ക നീട്ടിയൊന്നു കരഞ്ഞു. കുപ്പി പകുതിയായി. അവറാച്ചനിപ്പോള്‍ കാക്കക്കാഷ്ഠത്തിന്റെ ചൂരും ഗുണവുമുള്ള തന്റെ പ്രിയപ്പെട്ട മണ്ണ് ഒരുപിടി വാരി താലോലിക്കുകയാണ്. അതീന്നൊരു കാക്കത്തൂവല്‍ പാറി നിറച്ചുവച്ച ഗ്ലാസ്സില്‍ വീണപ്പോള്‍ പൊന്നായി അപ്പനെ സ്‌നേഹത്തോടെ ശകാരിച്ചു.

'കഞ്ഞിയേല് കാക്കത്തൂവലോ കാട്ടമോ വീണാ കലമെടുത്ത് കായലിലെറിയാത്തവളാ അവളെങ്കീ കൂട്ടിവന്നേരെ പൊന്നായി... ഒരു കൊച്ചുള്ളതൊന്നും അപ്പന് പ്രശ്‌നവല്ലാ...'
അപ്പന്‍ പറഞ്ഞുനിര്‍ത്തിയതും പൊന്നായിയുടെ നാവ് വാക്കുകള്‍ പരതി അല്പനേരം വായയ്ക്കുള്ളില്‍ കിടന്നു ചക്രശ്വാസം വലിച്ചു. ആഴ്ചയിലൊരിക്കല്‍ സാധനങ്ങള്‍ വില്‍ക്കാന്‍ ചന്തയ്ക്ക് പോകുമ്പോള്‍ മാത്രം പാങ്ങിനു കിട്ടുന്ന സിസിലിയെ ഇനിയെന്നും കിട്ടുമല്ലോ എന്നോര്‍ത്ത് അയാളുടെ വായ മലര്‍ക്കെ തുറന്നു. അനിവാര്യമായൊരു നാണം മുഖത്തു വരുത്തിച്ച് പൊന്നായി മാറിനിന്നൊരു ബീഡി കത്തിച്ചു. അതുനോക്കി ചിരിച്ചുകൊണ്ട് അവറാച്ചന്‍ അവശേഷിക്കുന്ന മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ചുതീര്‍ത്തു. പുളിമരത്തിന്റെ ഏറ്റവും താഴ്ന്ന ചില്ലയിലിരുന്ന രണ്ടു കാക്കകള്‍ ആദ്യം അപ്പനേയും മോനേയും നോക്കി. പിന്നെ അന്യോന്യം നോക്കി.

4.
സിസിലിയും കൊച്ചും വന്ന ദിവസംതന്നെ അവറാച്ചന്‍ തന്റെ രാത്രിയുറക്കം വാഴത്തോട്ടത്തിനരികെ അടുത്തിടെ കെട്ടിയുയര്‍ത്തിയ ഏറുമാടത്തിലേക്ക് മാറ്റി. വാതിലില്ലാത്ത, കിടപ്പുമുറിയും അടുക്കളയും ഒന്നുതന്നെയായ വീട്ടില്‍ എത്ര ഒതുങ്ങിക്കിടന്നാലും മകന്റേയും മരുമകളുടേയും കിതപ്പ് കേള്‍ക്കേണ്ടിവരുമെന്നതിനാലാണ് അയാള്‍ അങ്ങനെ തീരുമാനിച്ചത്. അപ്പന്റെ അവസരോചിതമായ ഇടപെടല്‍ പൊന്നായിയെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. സിസിലിയുടെ ചെക്കനാണെങ്കില്‍ മൂക്കറ്റം തിന്നാന്‍ കൊടുത്താല്‍ നട്ടുച്ചവരെ കിടന്നുറങ്ങിക്കോളും. തന്റെ ഔദ്യോഗിക ആദ്യരാത്രി കേമമായിത്തന്നെ പൊന്നായി ആഘോഷിച്ചു. ഇടയില്‍ ഒന്നുരണ്ടു പ്രാവശ്യം സിസിലി പറഞ്ഞത് രസം മുറിയാതിരിക്കാന്‍ വേണ്ടി അയാള്‍ കേള്‍ക്കാത്തപോലെ ഭാവിച്ചു.
'ഉടനെ വാതില് കൂട്ടണം, എങ്ങാനും അപ്പന്‍ കേറിവന്നാലോ...!'

സ്ഥിരമായി പുറത്തെ തണുപ്പില്‍ കിടന്നതിന്റെ പരിണതഫലമായി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അവറാച്ചന് ശ്വാസംമുട്ട് തുടങ്ങി. ഇങ്ങനെ തുടര്‍ന്നാല്‍ അപ്പന്‍ തട്ടിപ്പോകുമെന്നു മനസ്സിലാക്കിയ പൊന്നായി ഒരു ചായ്പ്പ് എത്രയും പെട്ടെന്നു തട്ടിക്കൂട്ടണമെന്നു തീരുമാനിച്ച് ഉറക്കമുണര്‍ന്നപ്പോഴാണ് സിസിലിയുടെ പേടിച്ചരണ്ട കരച്ചില്‍ കേള്‍ക്കുന്നത്. അഴിഞ്ഞുപോയ ഉടുമുണ്ട് തപ്പിയെടുത്തു അരയില്‍ച്ചുറ്റി മുറ്റത്തിറങ്ങിയപ്പോള്‍ കുളിമുറിയില്‍നിന്നും ഓടിവരുന്ന സിസിലിയെയാണ് അയാള്‍ കണ്ടത്. നേരാംവണ്ണം തുണിപോലുമില്ല. തൊട്ടുപിന്നാലെ നാക്കുവടിക്കാനായി പറിച്ചെടുത്ത പച്ചീര്‍ക്കില്‍ ചെവിയില്‍ തിരുകിക്കൊണ്ട് വെപ്രാളത്തോടെ അപ്പനും! പൊന്നായിയുടെ രക്തത്തിനു ചൂടേറാന്‍ തുടങ്ങി. അതിലേക്ക് കനല്‍ കോരിയൊഴിച്ചുകൊണ്ട് അയാളുടെ നെഞ്ചില്‍ മുഖം പൂഴ്ത്തി ഏങ്ങലോടെ സിസിലി പറഞ്ഞു:
'ഞാന്‍ കുളിക്കുമ്പോ അത്... അത് വന്നെന്നെ...'

സിസിലിക്ക് മുഴുമിപ്പിക്കാനായില്ല. അതിനുമുന്നേ പൊന്നായി അപ്പനു നേരെ കുതിച്ചു. കനം കൂടിവന്ന വലംകൈ ഓങ്ങിയതും പിറകില്‍നിന്നും സിസിലിയുടെ ശബ്ദം: 'അയ്യോ അങ്ങേരല്ല, ആ കാക്കയാ!'
കുളിമുറിയുടെ മുകളിലിരിക്കുന്ന നന്നേ മെലിഞ്ഞൊരു കാക്കയുടെ നേര്‍ക്ക് സിസിലി വിരല്‍ ചൂണ്ടിയതും ഉയര്‍ത്തിയ കയ്യിലേക്കുള്ള രക്തയോട്ടം ഒരു നിമിഷംകൊണ്ട് നിലച്ച്, അത് മരവിച്ചുപോയപോലെ പൊന്നായിക്ക് തോന്നി. അപ്പന്‍ ഒന്നും മിണ്ടിയില്ല. ചെവിക്കിടയില്‍ തിരുകിയ പച്ചീര്‍ക്കിലെടുത്ത്, വികൃതശബ്ദത്തിന്റെ അകമ്പടിയോടെ നാക്കുവടിച്ച ശേഷം നീട്ടിയൊന്നു തുപ്പി അപ്പന്‍ അകത്തേക്ക് നടന്നു; ചിരിച്ചുകൊണ്ട്.

മെലിയന്‍ കാക്ക തന്നെ കളിയാക്കിച്ചിരിക്കുന്നുണ്ട്. അവന്‍ മാത്രമല്ല, മുറ്റത്തും പുളിമരത്തിലുമെല്ലാം നിറഞ്ഞിരിക്കുന്ന മറ്റു കാക്കകളും കളിയാക്കുന്നുണ്ട്. പൊന്നായി പല്ലിറുമ്മി.
'കാക്ക നിന്റെ എന്തോ നോക്കിയെന്നാടി?'
'ദേ കൊച്ചനേ, ഒന്നും രണ്ടുവല്ല എന്നെക്കാള്‍ 12 വയസ്സു കൊറവാ നെനക്ക്. കൂടെ കെടക്കുന്നൂന്ന് കരുതി എടീ പോടീ വിളിച്ച് ചാടിക്കടിക്കാന്‍ വന്നാലുണ്ടല്ലോ!'

ഭര്‍ത്താവിന്റെ അധികാരം പൊന്നായി ആദ്യമായി കാണിച്ച നിമിഷത്തില്‍ത്തന്നെ അതിന്റെ മുനയൊടിച്ചുകൊണ്ട് സിസിലി ചവിട്ടിക്കുലുക്കി അകത്തേക്ക് പോയതും അയാള്‍ സകല നിയന്ത്രണവും വിട്ട് ഇട്ടിരിക്കുന്ന ഷര്‍ട്ട് വലിച്ചുകീറി.
ഉറപ്പാണ്, മരണം വരെ അപ്പനിത് മറക്കില്ല. പൊറുക്കുകയുമില്ല. പൊന്നായി മണ്ണിലിരുന്നു.
അന്നു രാത്രി കിടക്കുമ്പോള്‍, രാവിലെ പറഞ്ഞതിന്റെ പ്രായശ്ചിത്തമെന്നോണം പൊന്നായിയെ പ്രണയപൂര്‍വ്വം 'ചേട്ടായെന്ന്' സംബോധന ചെയ്തുകൊണ്ട് സിസിലി തന്റെ കാക്കപ്പേടിയുടെ കാരണം പറഞ്ഞു:
'അതിങ്ങനെ തലവെട്ടിച്ച് വെള്ളമിറക്കിക്കൊണ്ട് നോക്കിയപ്പോ എനിക്കെന്തോ ഓക്കാനം വന്നു! ചേട്ടന്റെ അപ്പനായിരുന്നെങ്കില്‍പ്പോലും ഞാനിത്ര ഒച്ചവെക്കത്തില്ലായിരുന്നു. മാനുഷമ്മാര് അല്ലാതെ മറ്റൊരു ജീവി ആദ്യായിട്ടാ എന്നെ തുണിയില്ലാണ്ട് കാണണേ, അറിയാവോ ചേട്ടന്...'

ആദ്യം പിണങ്ങി നിന്നെങ്കിലും സിസിലിയുടെ മുലയുടെ ഭാരം തന്റെ നെഞ്ചിലേക്കമര്‍ന്ന നിമിഷത്തില്‍ പൊന്നായി ഗൗരവം വെടിഞ്ഞു. ഭാര്യയ്ക്ക് മാപ്പ് കൊടുത്തു. ഇണക്കങ്ങളും പിണക്കങ്ങളും കൊച്ചുകൊച്ചു തെറ്റുകളുമെല്ലാം നിറയുമ്പോഴാണ് ദാമ്പത്യം പൂര്‍ണ്ണമാകുന്നതെന്ന് എവിടെനിന്നോ പൊന്നായി കേട്ടിട്ടുണ്ട്. എന്നാല്‍, അന്നേരം പുറത്തെ ഏറുമാടത്തില്‍നിന്നും ഉച്ചത്തില്‍ ആവര്‍ത്തിച്ചുയര്‍ന്ന അപ്പന്റെ ചുമ സിസിലിയുടെ വസ്ത്രങ്ങള്‍ അഴിച്ചെറിയുന്ന തിരക്കില്‍ അയാള്‍ കേട്ടതുമില്ല...

അപ്പനെ അടക്കം ചെയ്തന്നു പുലര്‍ച്ചെ വരെ കാക്കകള്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു. ഉറക്കത്തിനു ഭംഗം വന്നതിന്റെ ദേഷ്യത്തില്‍ സിസിലി കാക്കകളെ തെറിയഭിഷേകം ചെയ്തുകൊണ്ടിരുന്നപ്പോള്‍ തനിക്ക് ഉറക്കം വരുന്നുണ്ടല്ലോയെന്നോര്‍ത്ത് പൊന്നായി അത്ഭുതപ്പെട്ടു. ഉടന്‍തന്നെ അയാള്‍ക്കതിന്റെ കാരണവും പിടികിട്ടി. അപ്പനെപ്പോലാണ് താന്‍... 'അതുങ്ങടെ കരച്ചില് ഇടക്കിടക്ക് കേട്ടില്ലെങ്കീ തൊണ്ടക്കുഴിയേല് കല്ല് കുടുങ്ങിയതുപോലാ!' എന്ന് അപ്പന്‍ സ്ഥിരമായി പറയാറുള്ളത് അയാള്‍ക്കോര്‍മ്മ വന്നു. ഏറ്റവും പ്രിയപ്പെട്ട പാട്ടും കേട്ട് കിടക്കുന്ന നേരത്തുപോലും കാക്കകള് കൂട്ടത്തോടെ കരഞ്ഞാല്‍ അപ്പന്‍ അപ്പോള്‍ത്തന്നെ പാട്ട് നിര്‍ത്തിക്കളയും! എന്നിട്ട് താളത്തില്‍ തലയാട്ടും...

തലയിണയുടെ അടിയില്‍ വച്ചിരുന്ന പെന്‍ടോര്‍ച്ച് തപ്പിയെടുത്ത്, അതിന്മേല്‍ കൈപ്പത്തി ചേര്‍ത്തശേഷം പൊന്നായി സ്വിച്ച് അമര്‍ത്തി. അന്നേരം തെളിഞ്ഞ ചോരനിറമുള്ള വെളിച്ചം നോക്കി അയാള്‍ ചിരിച്ചു.
അതേ ചോര...
കാക്ക കരച്ചിലിനൊത്ത് താളത്തില്‍ തലയാട്ടിക്കൊണ്ട് അയാള്‍ ഉറക്കത്തിലേക്ക് വീണു.

5.
അനസൂയ ലോഡ്ജിനരികിലുള്ള റെയില്‍പ്പാളം മുറിച്ചുകടന്നാല്‍ കാണുന്ന ഇരുപത്തിരണ്ടു വീടുകളിലൊന്നാണ് ബ്രോക്കര്‍ വസന്തന്‍ പൊന്നായിക്ക് സംഘടിപ്പിച്ചുകൊടുത്തത്. സിസിലി മുന്‍പ് താമസിച്ചിരുന്നതും ഈ ഭാഗത്തുതന്നെയാണ്. ഒരേ വലുപ്പത്തിലുള്ള വീടുകള്‍ കണ്ടപ്പോള്‍ സോപ്പുപെട്ടികള്‍ നിരത്തിവച്ചതുപോലെ അയാള്‍ക്കു തോന്നി. സാധനങ്ങള്‍ പുതിയ വീട്ടിലിറക്കി, ഒക്കത്തുനിന്നും മോനെ പറിച്ചെറിഞ്ഞശേഷം സിസിലി വെറും നിലത്തു കിടന്നു. തറയുടെ സിമന്റടര്‍ന്ന ഭാഗത്തു വിരലിട്ട് മണ്ണ് തോണ്ടുകയാണ് കുട്ടി. ചുവന്ന മഷിപ്പേനകൊണ്ട് കുത്തിവരച്ചപോലെ അവന്റെ മുഖത്ത് നേര്‍ത്ത ചോര വരകള്‍ കാണാം. നെറ്റിയിലൊരു കെട്ടും അതിനകത്തു നാല് തുന്നലുകളും കൂടിയുണ്ട്. കുരുത്തംകെട്ട ചെക്കന്‍. എല്ലാത്തിനും കാരണക്കാരന്‍! അയാള്‍ ദേഷ്യത്തോടെ കുട്ടിയെ നോക്കിക്കൊണ്ട് കസേരയിലിരുന്നു. ഇന്നലെ നടന്ന സംഭവം വീണ്ടും അയാളുടെ മനസ്സില്‍ തെളിഞ്ഞു...

കായല്‍ക്കരയിലിരുന്ന് ചൂണ്ടയിടുമ്പോഴാണ് കാക്കകളുടെ ഉച്ചത്തിലുള്ള ബഹളം കേള്‍ക്കുന്നത്. ചൂണ്ടപ്പിടി ചളിയില്‍ കുത്തിത്താഴ്ത്തി ഓടിച്ചെന്നപ്പോള്‍ കണ്ട കാഴ്ച! കുട്ടിയതാ മുറ്റത്തിരുന്നു ചത്ത കാക്കക്കുഞ്ഞിന്റെ കഴുത്തില്‍ കുത്തിപ്പിടിച്ച് തൂവലുകള്‍ പറിച്ചുകളിക്കുന്നു! പകനിറഞ്ഞ ശരീരഭാഷയോടെ, ഒരേ ലക്ഷ്യത്തോടെ കാക്കപ്പട ചുറ്റും തക്കംപാര്‍ത്തിരിക്കുകയാണ്! ഇതൊന്നുമറിയാതെ ആവുന്നത്ര തൂവലുകള്‍ പറിച്ചെടുത്തശേഷം കാക്കക്കുഞ്ഞിന്റെ കൊക്ക് പിളര്‍ത്തി അകം പരിശോധിക്കുകയാണ് ചെക്കന്‍. തനിക്കോ അലക്കാനുള്ള വസ്ത്രങ്ങളുമായി അന്നേരം മുറ്റത്തേക്കു വന്ന സിസിലിക്കോ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുന്നേതന്നെ കാക്കകള്‍ അവനെ പൊതിഞ്ഞു. മുഖത്തു മാന്തേറ്റ ചെക്കന്‍ കരഞ്ഞുകൊണ്ട് ഓടാന്‍ ശ്രമിച്ചപ്പോഴേക്കും തട്ടിവീണ് തലപൊട്ടുകയും മകന്റെ വെളുത്ത കുപ്പായത്തില്‍ ചുവന്ന പുള്ളികള്‍ തെളിഞ്ഞതു കണ്ട് സിസിലിയുടെ ബോധം മറയുകയും ചെയ്തു.

ഒടുക്കം ആശുപത്രി വരാന്തയില്‍ വച്ച് തുന്നിക്കെട്ടിയ മകന്റെ തലയില്‍ തൊട്ട് സിസിലി സത്യം ചെയ്യുകയായിരുന്നു.

'എന്റെ കൊച്ചിനെ കൊല്ലാന്‍ നോക്കിയ ആ കൂത്തിച്ചി കാക്കകളുടെ ഇടയിലേക്ക് ഇനി ഞാനില്ല. നിങ്ങളെന്തോ ചെയ്യ്...'

അന്നേരം ആശുപത്രി വരാന്തയിലുണ്ടായിരുന്ന സകലരും, ഒടിഞ്ഞുതൂങ്ങിയ കയ്യുമായി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് പോവുകയായിരുന്ന കൊമ്പന്‍മീശക്കാരനുള്‍പ്പടെ സിസിലിയുടെ ശപഥത്തിന്റെ മുഴക്കം കേട്ട് ഒരു നിമിഷം തിരിഞ്ഞുനോക്കിയ രംഗം കൂടി ഓര്‍ത്തെടുത്തുകൊണ്ട് പൊന്നായി കസേരയില്‍ നിന്നെഴുന്നേറ്റ് പുതിയ വീടിന്റെ മുറ്റത്തേയ്ക്കിറങ്ങി. ഹൈവേയിലൂടെ ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങളുടെ ഇരമ്പല്‍ കേള്‍ക്കാം. അടുത്തുള്ള ഫാക്ടറിയില്‍ നിന്നുയരുന്ന പുകയുടെ മേലെ പരുന്തുകള്‍ വട്ടമിട്ട് പറക്കുന്നുണ്ട്. ലോകത്തുള്ള സകലമാന ജീവികളും ഉന്നംവയ്ക്കുന്നത് തന്നെയാണെന്ന ഭാവത്തോടെ ഒരു കാക്ക തിടുക്കത്തില്‍ അയാളുടെ മുന്നിലൂടെ പറന്നു. ഇത്രയും നേരത്തിനിടെ കണ്ട ഒരേയൊരു കാക്ക! അതാണെങ്കില്‍ കരഞ്ഞതുമില്ല...

അന്നുരാത്രി പൊന്നായി അളവില്‍ കൂടുതല്‍ മദ്യപിച്ചു. നന്നായി ഭക്ഷണം കഴിച്ചു. സിസിലി അയാളെ പതിവില്‍ കൂടുതല്‍ സ്‌നേഹിക്കുകയും ചെയ്തു. പക്ഷേ, കൂര്‍ത്ത മുള്ള് നിറഞ്ഞ കിടക്ക വിരിച്ചിട്ടാല്‍പോലും മലര്‍ന്നടിച്ചു വീഴാന്‍ തോന്നിപ്പിക്കുന്നത്ര ക്ഷീണമുണ്ടായിട്ടും ഉറങ്ങാന്‍ മാത്രം അയാള്‍ക്ക് കഴിഞ്ഞില്ല. രാവിലെ നേരത്തേയെഴുന്നേറ്റ് സിസിലിയുടെ പരിചയക്കാരന്റെ ഹോട്ടലില്‍ പരിചയമില്ലാത്ത പണിക്കു പോകാനുള്ളതാണ്. ഉറങ്ങിയേ മതിയാവൂ. കണ്ണുകള്‍ എത്ര ഇറുക്കിയടച്ചാലും അത് താനേ തുറന്നുവരുംപോലെ പൊന്നായിക്കു തോന്നി. സിസിലിയും മോനുമാകട്ടെ, ഫാനിന്റെ ഇടവിട്ടുള്ള കരകരാ ശബ്ദവും മുറിക്കുള്ളില്‍ തങ്ങിനില്‍ക്കുന്ന പെയിന്റിന്റെ പുതുമണവും ആസ്വദിച്ച് സുഖമായുറങ്ങുകയാണ്. ജനാലയില്‍ക്കൂടി അരിച്ചെത്തുന്ന തെരുവ് വിളക്കിന്റെ മഞ്ഞവെളിച്ചം ഇരുവരുടേയും മുഖത്ത് നിഴല്‍ച്ചിത്രങ്ങള്‍ വരയ്ക്കുന്നുണ്ട്.

പെട്ടെന്ന് ഒരു ജീപ്പ് വീടിനോട് തൊട്ടുരുമ്മിയിരിക്കുന്ന റോഡില്‍ സഡന്‍ ബ്രേക്കിടുന്ന ശബ്ദം പൊന്നായി കേട്ടു. ഒപ്പം കുതിരക്കുളമ്പടിപോലുള്ള ബൂട്ട്‌സുകളുടെ മുഴക്കവും സ്ത്രീയോ പുരുഷനോ എന്ന് എളുപ്പത്തില്‍ തിട്ടപ്പെടുത്താന്‍ കഴിയാത്ത, ഉച്ചത്തിലുള്ളൊരു കരച്ചിലും ഉയര്‍ന്നു. ആരെയോ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയാണെന്ന് അയാള്‍ക്കു മനസ്സിലായി.
'സിസിലിയേ, ഇവിടെ കള്ളന്മാരുണ്ടോ?' വെപ്രാളത്തോടെ ചാടിയെഴുന്നേറ്റ പൊന്നായി ഭാര്യയെ കുലുക്കിവിളിച്ചുകൊണ്ട് ചോദിച്ചു.

'കള്ളന്മാരൂണ്ട് അവരെ പിടിക്കാന്‍ പൊലീസൂണ്ട്... അതാ ഇപ്പൊ കേട്ടേ...'
ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുന്ന ഒരു കണ്ണ് സിസിലിയുടെ ശരീരത്തിലെവിടെയോ ഉണ്ടെന്ന് പൊന്നായിക്ക് തോന്നി. അയാള്‍ കിതപ്പോടെ വീണ്ടും വീണ്ടും അവളെ പിടിച്ചുകുലുക്കി. ചെവി തുളയ്ക്കാന്‍ കെല്‍പ്പുള്ളൊരു തെറി നേര്‍ത്ത സ്വരത്തില്‍ പറഞ്ഞുകൊണ്ട് സിസിലി ഉറക്കച്ചവോടെ എഴുന്നേറ്റു. അഴിഞ്ഞുപോയ മുടി കെട്ടിക്കൊണ്ട് പൊന്നായിയെ നോക്കി. ഇപ്പോള്‍ പെറ്റിട്ട ചോരക്കുഞ്ഞിന്റെ പകപ്പ് തന്റെ ഭര്‍ത്താവിന്റെ മുഖത്ത് നിറയുന്നത് സിസിലി കണ്ടു.
'ഈ കള്ളന്മാരെന്നു പറഞ്ഞാ? എങ്ങനെയുള്ളവന്മാര്?'
'പൊലീസു പിടിക്കുന്നവമ്മാര്...'
'എന്നുവച്ചാ?'
'കാണുമ്പോ പെശക് തോന്നുന്നവമ്മാര്. ഇന്നാട്ടുകാരല്ലാന്ന് തോന്നുന്നവമ്മാര്. അവരെയൊക്കെ പൊക്കാന്‍ പൊലീസിനുണ്ടോ പാട്! നിങ്ങള് നട്ടപ്പാതിരക്ക് ചെവി തിന്നാണ്ട് കിടന്നേ...'

ആവുന്നത്ര പുച്ഛം മുഖത്തുവരുത്തിച്ചു സിസിലി ചരിഞ്ഞുകിടന്നു. ഭാര്യയുടെ ഉത്തരംകൊണ്ട് തൃപ്തനാകാതെ, കിടക്കയില്‍ നിന്നെഴുന്നേറ്റ് കിതപ്പാറുംവരെ വെള്ളം കുടിച്ച ശേഷം ഒരു ബീഡി വായിലേക്കെറിഞ്ഞ് പൊന്നായി തീപ്പെട്ടിക്കായി പരതി. അന്നേരം വീട്ടുസാധനങ്ങള്‍ പൊതിഞ്ഞൊരു പത്രക്കടലാസ് അയാളുടെ കൈയില്‍ തടഞ്ഞു. അതില്‍ ആ പഴയ ഫോട്ടോ... നീട്ടിപ്പിടിച്ച പട്ടാളത്തോക്കുകള്‍ക്കിടയില്‍ക്കൂടി നിര്‍വ്വികാരരായി, അനുസരണയോടെ ഉള്ളതെല്ലാം വാരിക്കെട്ടി കുറച്ചുപേര്‍ നടന്നുപോകുന്നു!

വരുംദിവസങ്ങളില്‍ എന്നെങ്കിലും ഉറക്കം തന്റെ കണ്‍പോളകളെ തൊടുകയാണെങ്കില്‍, അന്ന് കാണുവാന്‍ പോകുന്ന പേടിപ്പെടുത്തുന്ന സ്വപ്നത്തെക്കുറിച്ച് വ്യക്തമായ ധാരണ പൊന്നായിക്കപ്പോള്‍ ഉണ്ടായി...
'പൊന്നായിയേ... തൊണ്ടക്കുഴിയേല് കല്ല് കുരുങ്ങീതുപോലെ തോന്നണുണ്ടോടാ?'
അപ്പനാണ്. ജനാലയ്ക്ക് വെളിയില്‍ കള്ളച്ചിരിയോടെ നില്‍ക്കുകയാണ്. കൂട്ടിന് കാക്കകളും. അപ്പന്റെ തലയില്‍ ഒരെണ്ണം, ചുമലില്‍ രണ്ടെണ്ണം. ഒറ്റക്കുതിപ്പിന് വാതില്‍ തുറന്ന് പുറത്തിറങ്ങിയ പൊന്നായി അപ്പനെ ഗൗനിക്കാതെ കൊതിയോടെ ആദ്യം കാക്കകളെ നോക്കി. തെല്ലൊന്ന് മടിച്ചെങ്കിലും അപ്പന്‍ തലയും ചുമലുമിളക്കി സ്‌നേഹപൂര്‍വ്വം നിര്‍ബ്ബന്ധിച്ചപ്പോള്‍ കാക്കകള്‍ പൊന്നായിക്ക് മാത്രം കേള്‍ക്കാന്‍ പാകത്തില്‍, ഈണത്തില്‍ കരഞ്ഞു. അയാളുടെ തൊണ്ടയില്‍ കുരുങ്ങിയ കല്ല് അലിയിച്ചു.

കായല്‍ വരെ അപ്പനും കാക്കകളും പൊന്നായിയെ അനുഗമിച്ചിരുന്നു. അരയില്‍ കെട്ടിയ കറുത്തചരടുള്‍പ്പെടെ സര്‍വ്വവും അഴിച്ച് കരയില്‍വെച്ച് അയാള്‍ കാക്കത്തുരുത്ത് ലക്ഷ്യമാക്കി ആവേശത്തോടെ നീന്തി. ഒന്നിച്ചുള്ള നടത്തത്തിനിടെ അപ്പന്‍ ധാരാളം സംസാരിച്ചിരുന്നത് പൊന്നായി ഓര്‍ത്തു. മണ്ണിനെക്കുറിച്ച്, ആകാശത്തെക്കുറിച്ച്, കടലിനെക്കുറിച്ച്, ഏറ്റവും വലിയ ജീവിയായിട്ടുകൂടി കടല്‍വിട്ട് കരയില്‍ വന്നപ്പോള്‍ ശ്വാസം മുട്ടി ചത്തുപോയൊരു തിമിംഗലത്തെക്കുറിച്ച്. അങ്ങനെ അങ്ങനെ അപ്പന്‍ ധാരാളം സംസാരിച്ചിരുന്നു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com