'മടക്കം'- കരുണാകരന്‍ എഴുതിയ കഥ

നെഞ്ചിലേക്ക് പടരുന്ന തണുപ്പ് തൊട്ടുകൊണ്ടാണ് ഞാന്‍ ഉണര്‍ന്നത്. അവള്‍ എന്റെ തൊട്ടരികില്‍ കിടക്കുകയായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ അവളതാ, അതുപോലെ മറ്റാരെയോ പോലെ മാറിക്കഴിഞ്ഞിരുന്നു
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

നെഞ്ചിലേക്ക് പടരുന്ന തണുപ്പ് തൊട്ടുകൊണ്ടാണ് ഞാന്‍ ഉണര്‍ന്നത്. അവള്‍ എന്റെ തൊട്ടരികില്‍ കിടക്കുകയായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ അവളതാ, അതുപോലെ മറ്റാരെയോ പോലെ മാറിക്കഴിഞ്ഞിരുന്നു. രഘു പറഞ്ഞു. വീണ്ടും ഒന്നുകൂടി കിടപ്പുമുറിയിലേക്ക് നോക്കാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചു.
 
എനിക്കറിയില്ല, ഇങ്ങനെ ആര്‍ക്കെങ്കിലും സംഭവിക്കുമോ, കഥയിലല്ലാതെ? 
പേടിയും സങ്കടവും രഘുവിന്റെ വാക്കുകള്‍ ചിതറിച്ചു. 
ഇരിപ്പുമുറിയില്‍ സോഫയില്‍ രഘുവിന്റെ അരികില്‍ രാമു ഇരുന്നു. നമുക്ക് എന്തെങ്കിലും ഒരു വഴി കണ്ടുപിടിക്കാം. രാമു അവനെ സമാധാനിപ്പിച്ചു. അങ്ങനെ രാമു പറയുന്നത്, ഒരുപക്ഷേ, പത്താമത്തെ പ്രാവശ്യമാകും. 

കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്ന ഭാമയെ കാണാന്‍ രാമു വീണ്ടും ഒരിക്കല്‍ക്കൂടി ചെന്നു. ഇപ്പോഴും വാതില്‍ക്കലേക്ക് നോക്കി അവള്‍ ചെരിഞ്ഞു കിടക്കുകയാണ്, ചാരനിറമുള്ള ഒരു പ്രതിമയായിത്തന്നെ. 
അല്ലെങ്കില്‍ സ്വന്തം ജീവനെ മുഴുവനായും ഒരു കല്ലില്‍ നിക്ഷേപിച്ചപോലെയായിരുന്നു ഭാമ കിടന്നിരുന്നത്. അവളുടെ അടഞ്ഞ കണ്ണുകള്‍ മെല്ലെ ഇളകുന്നുവെന്ന് ഇപ്പോഴും രാമുവിനു തോന്നി. മുഴുവനായും കല്ലായി മാറിയിട്ടും അവള്‍ ശ്വസിക്കുന്നുവെന്നും തോന്നി. ഇപ്പോഴും അവളുടെ മൂക്കിനു താഴെ തന്റെ കൈപ്പടം വെയ്ക്കാന്‍ രാമു ആഗ്രഹിച്ചു. പകരം അവളുടെ അരികില്‍ ചെന്ന് അവളെ പുതപ്പിച്ചിരുന്ന ക്വില്‍ട്ട് ഒന്നുകൂടി കാലിനു താഴേക്ക് നിവര്‍ത്തിയിട്ടു. 

നമുക്ക് എന്തെങ്കിലും ഒരു വഴി കണ്ടുപിടിക്കാം. രഘുവിനോട് പറഞ്ഞതുപോലെ ഭാമയോടും ഇപ്പോള്‍ രാമു പറഞ്ഞു. 

എന്നാല്‍, ഒരു വഴിയും അവന് തോന്നുന്നുണ്ടായിരുന്നില്ല. അല്ലെങ്കില്‍, ജീവനുള്ള ഒരാള്‍ കല്ലാവുക എന്നത് ഒരു കുറ്റകൃത്യം വെളിവാക്കപ്പെടുന്നപോലെയായിരുന്നു. ഒരുപക്ഷേ, ഇഷ്ടമില്ലാത്ത ഒരു സ്പര്‍ശത്തില്‍നിന്നോ, ഒരുപക്ഷേ, തൊട്ടു മുന്‍പ് കഴിച്ച ഭക്ഷണത്തില്‍നിന്നോ കിട്ടിയ ശാപദംശനംപോലെയാണ് ഈ രൂപമാറ്റം, രാമു വിചാരിച്ചു. അതുമല്ലെങ്കില്‍ മരിക്കാനുള്ള അവളുടെ കഠിനമായ ഇച്ഛ - രാമു അവളുടെ കണ്ണുകളിലേക്ക് ഒന്നുകൂടി നോക്കി. വീണ്ടും രഘുവിന്റെ അരികില്‍ ചെന്നിരുന്നു.

പുലര്‍ച്ചെ ആറുമണിയോടെ രഘു മൊബൈലില്‍ വിളിക്കുമ്പോള്‍ രാമു പതിവുള്ള രാവിലത്തെ നടത്തത്തിനായി അവരുടെ ഹൗസിംഗ് കോംപ്ലക്‌സിന്റെ പുറത്തേക്ക് നടക്കുകയായിരുന്നു. നീ നടക്കാനിറങ്ങിയോ, രഘു അവനോടു ചോദിച്ചു. 

രഘുവും അതേ സമയത്താണ് ഇറങ്ങുക. ചിലപ്പോള്‍ ഗേറ്റില്‍ രഘു അവനെ കാത്തു നില്‍ക്കുന്നുണ്ടാകും. ചിലപ്പോള്‍ പാര്‍ക്കിലെ പ്രഭാതസവാരിക്കാര്‍ക്കിടയില്‍ അവര്‍ കണ്ടുമുട്ടും. ചിലപ്പോള്‍ ഈ ഊഴം തെറ്റും. രാമുവാകും അവനെ കാത്തുനില്‍ക്കുക. 

ഈ ആശയക്കുഴപ്പം അവരെ പ്രസവിക്കുമ്പോഴും ഉണ്ടായിരുന്നു എന്നാണ് രഘു ഒരിക്കല്‍ രാമുവിനോട് പറഞ്ഞത്. നീയായിരുന്നു ആദ്യം പുറപ്പെടേണ്ടിയിരുന്നത്. നിന്റെ പിറകെയായിരുന്നു ഞാന്‍ വരേണ്ടിയിരുന്നത്. പക്ഷേ, നിനക്ക് ഒരു ധൃതിയും ഉണ്ടായിരുന്നില്ല. എനിക്ക് കളയാന്‍ സമയവും. 
രഘുവും രാമുവും പക്ഷേ, ഒരേ ഛായയുള്ള ഇരട്ടകളൊന്നുമായിരുന്നില്ല. രഘുവിന് ഇരുണ്ട നിറമായിരുന്നു. രാമുവിനു വെളുത്ത നിറമായിരുന്നു. 

ശരിക്കും നിങ്ങളുടെ രണ്ടുപേരുടെയും ഇരട്ട സഹോദരന്മാര്‍ വേറെ എവിടെയോ ആണ്. ഒരിക്കല്‍ ഭാമ അവരോടു പറഞ്ഞു. ഇടക്കുവെച്ച് ഒരു പരിചയവുമില്ലാത്ത രണ്ടു അമ്മമാര്‍ നിങ്ങള്‍ കുട്ടികളെ വെച്ച് മാറിയെന്നു തീര്‍ച്ചയാണ്. 
അവള്‍ അവരെ നോക്കി കളിയാക്കി. 

അതേ കെട്ടിടത്തിലെ ഒന്‍പതാമത്തെ നിലയിലായിരുന്നു രഘുവിന്റെ ഫ്‌ലാറ്റ്. രാമു മൂന്നാമത്തേതിലും. രണ്ടു പേരും തനിച്ചുമായിരുന്നു താമസിച്ചിരുന്നത്. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ നേവിയില്‍ ചേര്‍ന്ന് മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ സ്വയം വിരമിക്കുകയായിരുന്നു രണ്ടുപേരും. പിന്നീട് അവര്‍ നഗരത്തില്‍ത്തന്നെ രണ്ടുതരം വ്യാപാരികളായി. രഘുവിന് കാറുകളുടെ സ്‌പെയര്‍പാര്‍ട്ട്സ് വ്യാപാരമായിരുന്നു. രാമുവിന് കരകൗശലവസ്തുക്കളുടെ വ്യാപാരമായിരുന്നു. അപ്പോഴും ആഗ്രഹങ്ങളിലോ സ്വപ്നങ്ങളിലോ അവര്‍ വേര്‍പെടാതേയും ഇരുന്നു.

വാതില്‍ തുറന്ന രഘുവിന്റെ മുഖം കണ്ട് രാമു പരിഭ്രമിച്ചു. എന്തെങ്കിലും പറയുന്നതിനു പകരം കിടപ്പുമുറിയിലേക്ക് രഘു ചൂണ്ടിക്കാണിച്ചു. 

അവസാനമായി നീ അവളെ ജീവനോടെ കണ്ടതെപ്പോഴാണ്? രാമു അവനോട് ചോദിച്ചു. ഇപ്പോള്‍ മരണം എന്ന വാക്കും താന്‍ ഉച്ചരിച്ചു എന്ന് രാമുവിനു തോന്നി. 
രഘു തലകുനിച്ചു. 

തന്റെ കണ്ണുകളിലേക്ക് നോക്കുന്ന ഭാമയെ രഘു ഒരിക്കല്‍ക്കൂടി കണ്ടു. പാതി തുറന്ന അവളുടെ ചുണ്ടുകള്‍ കണ്ടു. അവളുടെ കഴുത്തിലെ വിയര്‍പ്പുതുള്ളികള്‍ തങ്ങിനില്‍ക്കുന്ന ഇളം നീല ഞരമ്പുകള്‍ കണ്ടു.
രഘു മുഖം പൊത്തി പതുക്കെ കരയാന്‍ തുടങ്ങി. 

ആ രാത്രി രഘുവിന്റെ അരികില്‍ കുറച്ചു നേരം കൂടി ഭാമ ഉറക്കം കാത്തുകിടന്നു. ഒന്‍പതാമത്തെ നിലയിലേക്ക് എത്തുന്ന ഏതെങ്കിലുമൊരു ഒച്ചയാകും ഇപ്പോള്‍ തനിക്ക് കൂട്ടിരിക്കുക എന്നു കാതോര്‍ത്തുകൊണ്ട്. വളരെ ദൂരെ,  അകന്നുപോകുന്ന സബര്‍ബന്‍ ട്രെയിനിന്റെ ഒച്ചയ്ക്ക് ഒപ്പം ഒരു നിലവിളികൂടി ഓടിപ്പോകുന്നു എന്നു സങ്കല്പിച്ചുകൊണ്ട്. എന്നാല്‍, അതേ വേഗതയില്‍ തിരിച്ചു വന്ന നിശ്ശബ്ദതയിലേക്ക് ഭാമ എഴുന്നേറ്റു. ചെരിഞ്ഞു കിടന്നുറങ്ങുന്ന രഘുവിനെ നോക്കി. ഇരിപ്പു മുറിയില്‍ വന്ന് ബാല്‍ക്കണിയിലേയ്ക്കുള്ള വാതില്‍ തുറന്നു. ബാല്‍ക്കണിയില്‍, കാറ്റില്‍, പതുക്കെയാടുന്ന കിളിക്കൂടിനു മുമ്പില്‍ ചെന്നു നിന്നു. 

ആറു കിളികളായിരുന്നു കൂട്ടില്‍. ഇപ്പോള്‍ കിളികളിലൊന്നു മാത്രം, കൂട്ടത്തില്‍നിന്നു മാറി, കൂടിന്റെ ഏറ്റവും മുകളിലത്തെ കമ്പിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഭാമ അതിനെ കാണാന്‍ മുഖം ഉയര്‍ത്തി. 
എന്തേ നീ മാത്രം ഒറ്റയ്ക്ക് ഇരിക്കുന്നു. നിനക്ക് ഉറങ്ങണ്ടേ? ഭാമ കിളിയോടു ചോദിച്ചു. 
കിളി അവളെ നോക്കി. തല താഴ്ത്തി. 
ഇല്ല, ഉറങ്ങിയില്ല, കിളി പറഞ്ഞു. 

ഭാമ നിന്നിടത്തേയ്ക്ക് കിളി രണ്ടുമൂന്നടി വെച്ചു. അവളെ നോക്കി. 
കിളിയുടെ കണ്ണുകള്‍ രണ്ടു തുള്ളി കണ്ണീര്‍ക്കണങ്ങള്‍പോലെ തിളങ്ങി. ഭാമ ചൂണ്ടുവിരല്‍ നീട്ടി അതിന്റെ ചെറിയ ഉടലില്‍ പതുക്കെ തടവി. 

എന്തുപറ്റി നിനക്ക്? ഭാമ കിളിയോട് ചോദിച്ചു. ഇത്രയും വൈകിയിട്ടും നീ ഇങ്ങനെ ഉറങ്ങാതെ ഇരിക്കുന്നത് എന്തേ?
ഉറങ്ങിയാല്‍ ഞാന്‍ സ്വപ്നം കാണും. കിളി അവളെ നോക്കാതെ പറഞ്ഞു. 
ഭാമ ഇപ്പോള്‍ മറ്റു വിരലുകള്‍ കൂടി കിളിയുടെ നേരെ നിവര്‍ത്തിപിടിച്ചു. കിളി അവളുടെ വിരലുകള്‍ക്കരികിലേക്ക് ചെറുതായി പറന്നു. ഒപ്പം ഒരു കുഞ്ഞു ചുഴലികൂടി ഭാമയുടെ കൈപ്പടത്തിലേക്ക് പറന്നുവന്നു. അവള്‍ കിളിയുടെ നെറുകില്‍ തൊട്ടു... 
എന്ത് സ്വപ്നമാണ് നീ കാണുക? ഭാമ കിളിയോട് ചോദിച്ചു.

ഉറക്കത്തില്‍ ഞാന്‍ കല്ലാവുന്ന സ്വപ്നം. കിളി പറഞ്ഞു. അതിന്റെ ഉടല്‍ ചെറുതായി വിറച്ചു. 
ഭാമ ഒരു നിമിഷം കിളിയെത്തന്നെ നോക്കിനിന്നു. അതിന്റെ കണ്ണുകള്‍ രണ്ട് പളുങ്കുമണികള്‍പോലെ ഉറയ്ക്കുകയാണ് എന്നു തോന്നി, ഭാമ കൂടിന്റെ വാതില്‍ തുറന്നു. കിളിയെ കൈകൊണ്ട് എടുത്തു. കൂടിന്റെ വാതിലടച്ചു. 

എനിക്കും ഉറക്കം വരുന്നില്ല. ഭാമ പറഞ്ഞു. നമുക്ക് രണ്ടുപേര്‍ക്കും അവിടെ സിറ്റിംഗ് റൂമില്‍ ഇരിക്കാം. ഇന്നു നമ്മള്‍ രണ്ടുപേരും ഉറങ്ങുന്നില്ല. 

രാത്രി വളരെ വൈകി, ആരുമറിയാതെ, എവിടെയെങ്കിലും കൊണ്ടുപോയി ഇടുക. വേറെ ഒന്നും എനിക്ക് തോന്നുന്നില്ല. രാമു പറഞ്ഞു. അല്ലെങ്കില്‍ കടലില്‍ കൊണ്ടുപോയി ഒഴുക്കിവിടുക.  
രഘു അപ്പോഴും മുഖം പൊത്തി ഇരിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി അവരെ രണ്ടുപേരെയും ഭാമ സന്ദര്‍ശിക്കുന്നുണ്ടായിരുന്നു. രാമുവാണ് അവളെ ആദ്യം പരിചയപ്പെടുന്നത്. അന്ന് അവള്‍ അവന്റെ കടയില്‍ ഒരു ഗിഫ്റ്റ് വാങ്ങാനാണ് എത്തിയത്. കിടക്കുന്ന ബുദ്ധന്റെ ഒരു ചെറിയ പ്രതിമയായിരുന്നു അവള്‍ തിരഞ്ഞെടുത്തത്. മരത്തില്‍ പണിചെയ്ത ഒരു ചെറിയ ശില്പമായിരുന്നു അത്. ശില്പവുമായി അവള്‍ രാമുവിന്റെ അരികില്‍ വന്നു. 

രാമു അവളെ അപ്പോഴാണ് ശ്രദ്ധിക്കുന്നത്. കടയില്‍ വേറെയും രണ്ടോ മൂന്നോ പേര് ഉണ്ടായിരുന്നു. 
ഈ ബുദ്ധന് നിങ്ങള്‍ വലിയ വില ഇട്ടിരിക്കുന്നു. പക്ഷേ, എനിക്ക് ഇയാളെ ഉപേക്ഷിക്കാനും വയ്യ. അവള്‍ രാമുവിനോട് പറഞ്ഞു. അവളുടെ തിളങ്ങുന്ന കണ്ണുകള്‍ കടയിലെ വെളിച്ചത്തില്‍ ചെറുതായി തുളുമ്പുന്നപോലെ രാമുവിനു തോന്നി. 

പിന്നെ? രാമു അവളെ നോക്കി ചിരിച്ചു. 

ബുദ്ധനുമായി ഞാന്‍ താങ്കളുടെ വീട്ടില്‍ വരാം. ഭാമ അവനെ നോക്കി ചിരിച്ചു. അല്പം വലുപ്പമുള്ള അവളുടെ വായ ഒന്നുകൂടി വിടര്‍ന്നു. സമ്മതമാണോ, ഇല്ലെങ്കില്‍ എനിക്ക് ഇയാളെ ഇവിടെത്തന്നെ ഉപേക്ഷിക്കേണ്ടിവരും. അവള്‍ ശില്പം അവളുടെ മാറില്‍ ചേര്‍ത്തുപിടിച്ചു. പിന്നെ രാമുവിന് നേരെ നീട്ടി.
ചിലപ്പോള്‍ രണ്ടു ദിവസം, ചിലപ്പോള്‍ മൂന്നോ നാലോ ദിവസം ഭാമ അവരുടെ കൂടെ മാറിമാറി അന്തിയുറങ്ങി. ചിലപ്പോള്‍ രഘുവോ, ചിലപ്പോള്‍ രാമുവോ അവളെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. ചിലപ്പോള്‍ അവരിലാരെങ്കിലും ഒരാള്‍ അവളെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി വിട്ടു.

ആരെങ്കിലും അവളെ അന്വേഷിച്ചു വന്നാലോ? രഘു ചോദിച്ചു. അവളുടെ നാട്ടില്‍നിന്നും ആരെങ്കിലും വന്നാലോ? ഇനി പൊലീസ് അന്വേഷിച്ചു വന്നാലോ?
ഒരു നിമിഷം അവര്‍ രണ്ടു പേരും നിശ്ശബ്ദരായി. 

അവളുടെ നാട് എവിടെയാണ് എന്നു നിനക്കറിയുമോ? രാമു ചോദിച്ചു. എനിക്കറിയില്ല. 
ഒരു ഗാര്‍മെന്റ് കമ്പനിയില്‍ ജോലിചെയ്യുന്നു എന്ന് അവള്‍ ഒരിക്കല്‍ പറഞ്ഞത് രാമു ഓര്‍മ്മിച്ചു. ആ ദിവസം ധരിച്ചിരുന്ന അവളുടെ മേലുടുപ്പിന്റെ ഭംഗിയെപ്പറ്റി പറഞ്ഞപ്പോള്‍. ഇത് ഞങ്ങളുടെ കമ്പനിയില്‍ തയ്ക്കുന്നതാണ്. അവള്‍ ചിരിച്ചു. ഇളംമഞ്ഞയില്‍ വെളുത്ത ചെറിയ പൂക്കള്‍ പ്രിന്റ് ചെയ്ത മേലുടുപ്പ് അവള്‍ക്ക് നന്നായി ചേരുന്നുണ്ടായിരുന്നു. അവളുടെ ഉടലില്‍  രാമു മൃദുവായി തലോടി. ഈ വേഷത്തില്‍ നീ എന്തുമാത്രം സുന്ദരിയാണ് എന്ന് അറിയുമോ? രാമു അവളുടെ ചുണ്ടില്‍ ഉമ്മവെച്ചുകൊണ്ട് പറഞ്ഞു. 
ഒരുപക്ഷേ, രഘുവും ഇതുതന്നെ നിന്നോടു പറയും. രാമു പറഞ്ഞു. 

അവിടേക്ക് ഞാന്‍ വേറെ വേഷം ധരിച്ചു പോവും - ഭാമ ചിരിച്ചുകൊണ്ട് പറഞ്ഞു. ഒരുപക്ഷേ, ഒരു വസ്ത്രവും ധരിക്കാതെ.

എന്നാലിപ്പോള്‍, ആരെങ്കിലും അവളെ അന്വേഷിച്ചു വരുമെന്നുതന്നെ രഘു ഭയന്നു. ഒരുപക്ഷേ, ഇപ്പോള്‍ത്തന്നെ ആരെങ്കിലും ഈ ഫ്‌ലാറ്റിന്റെ വാതില്‍ക്കല്‍ കാത്തു നില്‍ക്കുന്നുണ്ടാവും. 
ഇന്നേക്ക് മൂന്നു ദിവസമായി അവള്‍ ഇവിടെ വന്നിട്ട്. രഘു രാമുവിനെ ഓര്‍മ്മിപ്പിക്കുന്നപോലെ പറഞ്ഞു. നാല്, രാമു അവനെ തിരുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീ അവളെ സ്റ്റേഷനില്‍ നിന്നും കൂട്ടിക്കൊണ്ടുവന്നത്. 

വീണ്ടും അവര്‍ രണ്ടുപേരും നിശ്ശബ്ദരായി.. .
അന്നു രാത്രി വളരെ വൈകി ഭാമയുമായി നഗരത്തിന്റെ പടിഞ്ഞാറെ അതിര്‍ത്തിയിലുള്ള കടല്‍ക്കരയില്‍ രഘുവും രാമുവും എത്തി. കാറിന്റെ പിന്‍സീറ്റില്‍, സീറ്റിനും സീറ്റിനു താഴെയുമായി, ചെരിച്ചു കിടത്തിയിരുന്ന  ഭാമയെ രണ്ടു പേരുംകൂടി പുറത്തേയ്ക്ക് എടുത്തു. ഒരു സമയം അവളുടെ കാലുകള്‍ കാറിന്റെ തുറന്നുവെച്ച ഡോറില്‍ ചെറുതായി തട്ടി. ഇപ്പോള്‍ അവള്‍ ഉണരുമെന്നോ ജീവനിലേക്ക് വരുമെന്നോ അവര്‍ രണ്ടുപേരും വിചാരിച്ചു. രണ്ടുപേരും തങ്ങളുടെ കൈകളില്‍ അപ്പോഴും ഉറങ്ങിക്കിടക്കുന്ന ഭാമയെ നോക്കി. ഭാമ, പക്ഷേ, കല്ലായിത്തന്നെ, അവരുടെ കൈകളില്‍, അതേ നിശ്ചയത്തിലെന്നപോലെ കിടന്നു. 

ഇപ്പോള്‍, കടല്‍തീരത്ത്, ഒന്നിനു പിറകെ ഒന്ന് എന്നപോലെ അവരെ വന്നുതൊടുന്ന തിരമാലകള്‍ക്ക് ഒപ്പം നില്‍ക്കുമ്പോഴും ഏതു നിമിഷവും അവളുടെ ജീവനിലേയ്ക്കും ഉടലിലേയ്ക്കും ഭാമ തിരിച്ചുവരുമെന്ന് രഘുവും രാമുവും ഒരുപോലെ പ്രതീക്ഷിച്ചു. അല്ലെങ്കില്‍ കടലില്‍ മുങ്ങുമ്പോഴാകും അവള്‍ തിരിച്ചുവരിക.  എന്നാല്‍, 
മൂന്നാമത്തെ തിരവന്നു തൊട്ടതും ഭാമ അവരുടെ രണ്ടുപേരുടേയും കാലുകള്‍ക്കരികില്‍നിന്നും കടലിലേക്ക് മാറി കിടന്നു... 
അഞ്ചാമത്തെ തിര കുറേക്കൂടി ദൂരത്തേക്ക് അവളേയും കൂട്ടി പോകുമ്പോള്‍ കരയില്‍ അപ്പോഴും അവളെത്തന്നെ നോക്കിനില്‍ക്കുന്ന രണ്ടു പുരുഷന്മാരേയും ഭാമ കണ്ണുകളടച്ചുകൊണ്ടുതന്നെ കണ്ടു. 
ഏഴാമത്തെ തിരമാലയില്‍ ഭാമ അവളെ കാണാതാക്കുകയും ചെയ്തു. 

കടലിനടിയിലേക്ക് തലകീഴായി നീന്തുന്ന ഭാമയ്ക്ക് ചുറ്റും മീനുകള്‍ വട്ടം ഇടുന്നതും മീനുകള്‍ അവള്‍ക്കൊപ്പം നീന്തുന്നതും ഒരിക്കല്‍ താന്‍ സ്വപ്നമായി കാണുമെന്ന് രാമു വിചാരിച്ചു. 
ഒരുപക്ഷേ, രഘുവും അതേ സ്വപനം അതേ ദിവസം കാണുമെന്നും വിചാരിച്ചു.
രാമു രഘുവിനെ നോക്കി. 

രഘു, തിരിച്ച് കാറിനരികിലേക്ക് നടക്കുകയായിരുന്നു. 

മൂന്നു ദിവസം കഴിഞ്ഞ് കിടപ്പുമുറിയിലെ കട്ടിലിനടിയില്‍നിന്നും കിട്ടിയ കിളിയുടെ കല്‍രൂപം കണ്ട് രഘു, ആരുടെയോ കഥയിലൊ ആരുടെയോ ആശയിലോ വീണ്ടും വന്നുപെട്ടപോലെ, ഒരു നിമിഷം അമ്പരന്നു. പിന്നെ, കിളിയുടെ കല്‍രൂപവുമായി, ബാല്‍ക്കണിയിലെ കിളിക്കൂടിനരികിലേക്ക് ചെന്നു. അപ്പോഴാണ് കിളികളുടെ എണ്ണം ആറില്‍നിന്നും അഞ്ചായി മാറി യിരിക്കുന്നത് അവന്‍ ശ്രദ്ധിച്ചത്. അവിടെ വരുമ്പോള്‍ കിളികളുമായി വര്‍ത്തമാനം പറയുന്ന ഭാമയെ രഘു എന്നേയ്ക്കുമായി നഷ്ടപ്പെട്ടപോലെ ഓര്‍ത്തു, പിന്നെ ഒട്ടും കനമില്ലാത്ത ആ ചെറിയ കല്‍രൂപം കൂട് തുറന്ന് പതുക്കെ ഉള്ളിലേക്ക് വെച്ചു. 
പിറകെ, വെള്ളത്തിനടിയിലെന്നപോലെ അവന് ശ്വാസം മുട്ടാനും തുടങ്ങി...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com