ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക 
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക 

'തടാകം'- വിവേക് ചന്ദ്രന്‍ എഴുതിയ കഥ

ഞങ്ങളുടെ മകന്‍ സാവിയോ ഒരു വര്‍ഷം മുന്‍പ് ഈ കടയുടെ ഷട്ടര്‍ക്കൊളുത്തില്‍ കൊരുത്തിട്ട ചാരനിറമുള്ള ഒരു പഴയ ക്രിസ്തുമസ് നക്ഷത്രം ഇപ്പോഴും അവിടെക്കിടന്ന് കാറ്റത്ത് ആടിക്കൊണ്ടിരിക്കുന്നുണ്ട്

1
ടാകം തെക്കന്‍ ഗോവയിലെ ഒരു പഴയ തുറമുഖപട്ടണമാണ്. അവിടെ ഇപ്പോഴും പോര്‍ച്ചുഗീസ് ഭാഷയില്‍ കുര്‍ബ്ബാന നടക്കുന്ന അപൂര്‍വ്വം പള്ളികളിലൊന്നാണ് റൊസരി മാതാവിന്റെ ചാപ്പല്‍. ആ ചാപ്പലിന്റെ നെറുകയിലെ കുഞ്ഞുമാലാഖയുടെ ഇടതുചിറകിന്റെ നിഴല്‍ പ്രഭാതത്തില്‍ നിരത്തിലൂടെ നീണ്ടുവന്ന് തൊടുന്നിടത്താണ് 'മറീനേഴ്സ് ഷോപ്പ്' എന്ന് പേരുള്ള ഞങ്ങളുടെ കട. മീന്‍ചൂണ്ടകളും കൊളുത്തുകളും ടൈവനും ടാക്കിളും മറ്റും കിട്ടുന്ന കടകള്‍ കടലോരത്തേക്ക് ഇറങ്ങിയാല്‍ ധാരാളം കാണാമെങ്കിലും ഇവിടെ നഗരത്തിലുള്ളവര്‍ക്ക് ഞങ്ങളെ, എന്നെയും ഭാര്യ മരിയാനയേയും കടന്നുപോയാല്‍ പിന്നെ മറ്റൊന്നില്ല. അതുകൊണ്ടുതന്നെ ഉല്ലാസത്തിനായി ചൂണ്ടയിടാന്‍ നഗരത്തിലെത്തുന്ന, വിലപേശാന്‍ മിനക്കെടാത്ത വിനോദസഞ്ചാരികളാണ് ഞങ്ങളുടെ സന്ദര്‍ശകരിലധികവും.

ഞങ്ങളുടെ മകന്‍ സാവിയോ ഒരു വര്‍ഷം മുന്‍പ് ഈ കടയുടെ ഷട്ടര്‍ക്കൊളുത്തില്‍ കൊരുത്തിട്ട ചാരനിറമുള്ള ഒരു പഴയ ക്രിസ്തുമസ് നക്ഷത്രം ഇപ്പോഴും അവിടെക്കിടന്ന് കാറ്റത്ത് ആടിക്കൊണ്ടിരിക്കുന്നുണ്ട്. കപ്പല്‍ പൊളിക്കുന്ന മാസങ്ങളില്‍ അന്തരീക്ഷത്തിലൂടെ അരിച്ചെത്തുന്ന തുരുമ്പിന്റെ തരികളേയും ഇടയ്ക്ക് പൊട്ടുന്ന പരുത്തിക്കായകളില്‍നിന്നും പാറിവരുന്ന പഞ്ഞിനാരുകളേയും ആ നക്ഷത്രം അതിന്റെ നീളമുള്ള ഇതളുകളിലെ ചെറിയ ദ്വാരങ്ങളിലൂടെ ശ്വസിച്ചെടുത്തുകൊണ്ടിരുന്നു. 

വരണ്ട ശ്വാസനാളവുമായാണ് ഞങ്ങളുടെ മകന്‍ സാവിയോ ജനിക്കുന്നത്. ഒരു നാല് വയസ്സുവരെയൊക്കെ മറ്റെല്ലാ കുട്ടികളേയും പോലെതന്നെയായിരുന്നു സാവിയോ. എങ്കിലും മര്‍മ്മഗോവ പോര്‍ട്ട്ട്രസ്റ്റില്‍ സ്ഥിരജോലിയുണ്ടായിരുന്ന മരിയാന, തുറമുഖത്ത് അഴുകാനിട്ട കപ്പലുകള്‍ പൊളിക്കാനായി കരയ്ക്ക് കയറ്റിത്തുടങ്ങുന്ന മാസങ്ങളില്‍ ഉച്ചതിരിയുമ്പോഴേ ഓഫീസില്‍നിന്നുമിറങ്ങുമായിരുന്നു. എന്നിട്ട് ചിക്കാലിമിലുള്ള സാവിയോയുടെ ഡേകെയറുവരെ ബസില്‍ ചെന്ന് അവിടനിന്നും വശം കെട്ടിയടച്ച ഓട്ടോറിക്ഷയില്‍ അവനെ വിളിച്ചുകൊണ്ടു പോരും. ഞാനാ നേരംകൊണ്ട് കടയ്ക്ക് ഷട്ടറിട്ട് നേരെ വീട്ടിലെത്തി നിരത്തിലേക്ക് തുറക്കുന്ന ജനാലകളൊക്കെ കാറ്റു കടക്കാത്തവിധം കടലാസു ചേര്‍ത്ത് ഭദ്രമായി കുറ്റിയിട്ടുവെയ്ക്കും. എന്നിട്ട് സാവിയോ പെരുമാറുന്ന മുറിയിലെ ഓരോ സാധനവും ശ്രദ്ധയോടെ എടുത്ത് പൊടിതട്ടിവെയ്ക്കും. തിരിച്ചെത്തിയാല്‍ അവന് കളിക്കാന്‍ പായവിരിക്കുന്ന കിടപ്പുമുറിയിലെ നിലം ഒരുവട്ടം വെള്ളംനനച്ച് തുടച്ചുകഴിയുമ്പോഴേക്കും അവരെത്തും. 

ആ മാസങ്ങളില്‍ സാവിയോയ്ക്ക് വീട്ടിലിരുന്ന് കളിക്കാനായി ഞങ്ങള്‍ വിലകൂടിയ ധാരാളം കളിക്കോപ്പുകള്‍ വാങ്ങിച്ചുകൂട്ടി, വീടിനകത്ത് പ്രാണവായു നിറയാന്‍ മുറികളുടെ മൂലകളില്‍ ചെടികള്‍ വളര്‍ത്തി. എന്നിട്ടും ഒരു ദിവസം സൂര്യനസ്തമിച്ച് കഴിഞ്ഞപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞുവന്നു. അണച്ചുകൊണ്ട് പതിയെ അവന്‍ പൂമുഖത്തെ ജനലിന്റെ അരികിലെത്തി നിരത്തിലേക്ക് തുറക്കുന്ന പാളി വലിച്ചുതുറന്ന് അഴിയില്‍ തൂങ്ങി പുറത്തുവീശുന്ന തണുത്ത കാറ്റ് കൊതിയോടെ വലിച്ചെടുക്കാന്‍ ശ്രമിച്ചു. അന്നേരം അവന്റെ ഇളംകഴുത്തില്‍ കടുംപച്ച നിറമുള്ള ഞരമ്പുചില്ലകള്‍ തെളിഞ്ഞുവന്നു അത് ജീവവായു തേടി ആര്‍ത്തിയോടെ ജനലിനപ്പുറത്തെ ഇരുട്ടിലേക്ക് നീണ്ടുപോയി. ഞാനവനെ പേടിയോടെ കോരിയെടുത്തു, അവന്റെ മുഖമാകെ ചുവന്നിരുന്നു. മരിയാന അവനെ രാത്രിമുഴുവന്‍ മടിയില്‍ കിടത്തി നെഞ്ചിലുഴിഞ്ഞുകൊണ്ടിരുന്നു. 

''നീറുന്നു മമ്മാ.'' 
ഓരോ തവണ ശ്വാസമെടുക്കുമ്പോഴും ശ്വാസനാളത്തിലെ പൊള്ളല്‍ സഹിക്കാതെ അവന്‍ മരിയാനയുടെ കയ്യില്‍ അമര്‍ത്തിപ്പിടിച്ചു. അവന്റെ ഓമനത്തമുള്ള ഇളം കറുപ്പ് കൃഷ്ണമണികളുടെ നിറം മങ്ങിവന്നു. അവന്‍ സ്‌കൂളില്‍നിന്നും പഠിച്ച പോര്‍ച്ചുഗീസിലേയും കൊങ്കണിയിലേയും അക്ഷരങ്ങള്‍ ഓരോന്നായി മരിയാനയോട് പറയാന്‍ തുടങ്ങി, ഓര്‍മ്മയുള്ളതൊക്കെ പോകുന്നതിനു മുന്‍പ് ഞങ്ങള്‍ക്കു പകര്‍ന്നുതരാന്‍ അവന്‍ ശ്രമിക്കുകയായിരുന്നു. പൊടുന്നനെ ബാഗിലിരിക്കുന്ന, പിറ്റേന്നത്തേയ്ക്ക് ചായമടിക്കാനുള്ള ശലഭത്തിന്റെ ചിത്രത്തിനെക്കുറിച്ച് അവന് ഓര്‍മ്മവന്നു. 

''മമ്മ ചെയ്തുവെക്വോ?''
അവന്‍ കുഞ്ഞിക്കണ്ണുകള്‍കൊണ്ട് മരിയാനയെ സ്‌നേഹത്തോടെ നോക്കി. നേരം പുലര്‍ന്നു വന്നു, പതിയെ ചോരനിറമുള്ള മിന്നലുകള്‍ പായുന്ന അവന്റെ കണ്ണിന്റെയാകാശത്തില്‍ ഇളംകറുപ്പ് നിറമുള്ള കൃഷ്ണമണികള്‍ അലിഞ്ഞലിഞ്ഞില്ലാതായി. 

അവന്‍ പോയതോടെ ഞങ്ങള്‍ രണ്ടാള്‍ക്കും ഒന്നും ചെയ്യാനില്ലാതായി. ഇപ്പോള്‍ ഓഫീസില്‍നിന്നും തിരിച്ചെത്തിയാല്‍ മരിയാന വേദപുസ്തകവുമായി ചാപ്പലിനു പിന്നിലെ ശവക്കോട്ടയിലേക്ക് പടികയറിപ്പോകും. അവിടെ നീളന്‍ പുല്ലുകള്‍ മൂടിയ കുഞ്ഞു കല്ലറയിലാണ് സാവിയോ കിടക്കുന്നത്. വെയിലാറി അവള്‍ ഇറങ്ങിവന്നാല്‍ ഞാന്‍ തിരക്കുള്ള നിരത്തിലേക്കിറങ്ങും. ആളുകളും വാഹനങ്ങളും നിറഞ്ഞ ഇടറോഡുകള്‍ വിട്ട്, കെട്ടിടങ്ങളുടെ ഇഴഞ്ഞുതുടങ്ങുന്ന നിഴലുകള്‍ വിട്ട് കടലിനു സമാന്തരമായി പോകുന്ന പാതയിലൂടെ പതിയെ നടക്കും. ആകാശം അപ്പോഴേക്കും ദ്രവിച്ചുതുടങ്ങിയിരിക്കും. സെന്റ് ജസിന്തോ ദ്വീപിലേയ്ക്കുള്ള പാലത്തിലേക്ക് നടന്നുകയറുമ്പോഴേ ചെളികയറിയ വെള്ളത്തില്‍ ഡീക്കമ്മിഷന്‍ ചെയ്ത പഴയ കപ്പലുകള്‍ പെയിന്റടര്‍ന്ന് ബെയറിങ്ങുകള്‍ ഇളകി നിശ്ചലമായി കിടക്കുന്നതു കാണാം. ലോഹക്കറവീണ മേഘങ്ങള്‍ക്കു താഴെ ആഴിയില്‍ നശിക്കാനിട്ട ആ പഴയ കപ്പലുകള്‍ ആഴത്തിലേക്ക് പുതഞ്ഞിറങ്ങിപ്പോകുന്നത് നോക്കിയിരിക്കുമ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞുപോകും. ആ നേരം തണുത്ത കടല്‍ക്കാറ്റു വീശിത്തുടങ്ങും. ദ്വീപിലെ പള്ളിയില്‍നിന്നും പ്രാര്‍ത്ഥന കേട്ടുതുടങ്ങിയാല്‍ എഴുന്നേറ്റ് തുരുമ്പിച്ച വഴിവെളിച്ചത്തിലൂടെ തിരിച്ചുനടക്കും. ആ നേരത്തും സെന്റ് ജസിന്തോ പള്ളിക്കു പിന്നിലെ ചതുപ്പില്‍നിന്നും സോക്കര്‍ കളിക്കുന്ന കുട്ടികളുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കും.

തിരിച്ചെത്തുമ്പോഴേക്കും മരിയാന കട ഷട്ടറിട്ടു പൂട്ടിയിരിക്കും. കടയുടെ ചുവരിനോട് ചേര്‍ന്നുള്ള അരവാതില്‍ തുറന്ന് വീട്ടിലേക്ക് കയറുമ്പോഴേക്കും തീന്മേശയില്‍ എല്ലിന്റെ വെണ്മയുള്ള മൂന്ന് പോര്‍സിലിന്‍ ബൗളുകളിലായി മരിയാന സൂപ്പ് പകര്‍ന്നുവെച്ചിരിക്കും. കഴിക്കുന്നതിനിടയില്‍ തടയുന്ന ഇറച്ചിക്കണങ്ങളും ചെമ്മീന്‍പരിപ്പും കോരിയെടുത്ത് ബൗളിന്റെ ഭിത്തിയോട് ചേര്‍ത്തു പിടിച്ച് വറ്റിച്ച് അവള്‍ മൂന്നാമത്തെ ബൗളിലേക്ക് സ്‌നേഹത്തോടെ പകരും. ഒടുക്കം കാലിയായ രണ്ട് ബൗളുകളും നിറഞ്ഞിരിക്കുന്ന മൂന്നാമത്തെ ബൗളും അവള്‍ കഴുകാന്‍ അകത്തേക്ക് എടുത്തു കൊണ്ടുപോകും.
നിലത്തു വിരിച്ചു കിടന്നാല്‍ മരിയാന ചെരിഞ്ഞ് എന്നെ സൂക്ഷിച്ചു നോക്കിക്കിടക്കും. പിന്നെ ''ഇന്ന് അസ്തമയം കണ്ട് കരഞ്ഞതെന്തിനാ''ണെന്ന് ചോദിച്ച് എന്റെ മുഖം നെഞ്ചില്‍ ചേര്‍ത്തു പിടിക്കും. എത്ര അനക്കമില്ലതെയാണ് ഓരോ ദിവസവും കടന്നുപോകുന്നത് എന്നോര്‍ത്ത് രാത്രി മുഴുവന്‍ ഞങ്ങള്‍ പരസ്പരം നോക്കി കണ്ണുതുറന്ന് കിടക്കും. 

2
മെയ് പകുതിക്കു വെച്ചാണ് മഴ തുടങ്ങുന്നത്. പകല്‍ ചെറിയ തുള്ളികളായി ചാറിനില്‍ക്കുന്ന മഴ രാത്രിയില്‍ ഇടമുറിയാതെ പെയ്തുകൊണ്ടിരുന്നു. പോര്‍ട്ട്ട്രസ്റ്റിലെ റെയിലുകളില്‍ വെള്ളം കയറിയതോടെ മരിയാനയുടെ ഓഫീസടച്ചു. താഴ്ത്തിയിട്ട ഷട്ടറിന്റെ വിടവിലൂടെ തണുത്ത തുള്ളികള്‍ ഇഴുകി അകത്തേക്കു വീഴുന്നതും നോക്കി ഞാനും മരിയാനയും കടമുറിയിലിരുന്ന് പകല്‍നേരം തള്ളിനീക്കി. രാത്രിയില്‍ കടയുടെ ചുവരിനോട് ചേര്‍ന്ന് കലങ്ങിയ വെള്ളം കുത്തിയൊലിച്ചിറങ്ങുന്നത് ചെവിയോര്‍ത്ത് ഞങ്ങള്‍ കിടന്നു.

കുഞ്ഞു സാവിയോയുടെ ഓര്‍മ്മദിവസത്തിന്റെയന്ന് വീട്ടില്‍ വൈദ്യുതി മുറിഞ്ഞു. വെളിച്ചമില്ലാത്ത കടമുറിയിലിരുന്ന് ഞങ്ങള്‍ പകല്‍ മുഴുവന്‍ മെഴുകുതിരി കൊളുത്തി പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ക്കു ചുറ്റുമുള്ള നിരത്തിലാകെ വെള്ളം കയറിക്കൊണ്ടിരുന്നു. വെള്ളത്തിലേക്ക് പുതഞ്ഞിറങ്ങിക്കൊണ്ടിരിക്കുന്ന, മേല്‍ക്കൂരയില്‍ ചാരനിറമുള്ള ക്രിസ്തുമസ് നക്ഷത്രം തൂക്കിയിട്ട, ഒരു പഴയ കപ്പലാണ് ഈ കടമുറിയെന്ന് ഞാന്‍ വെറുതെ സങ്കല്പിച്ചു. അന്ന് രാത്രിയില്‍ ഞങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം ഇണചേര്‍ന്നു, പിന്നെ ഒരുപാട് നേരം കെട്ടിപ്പിടിച്ചു കിടന്നു കരഞ്ഞു. 
''ക്ലിന്റ്, മഴ മാറിയാല്‍ നീ പതിവുപോലെ ദ്വീപിലേക്ക് നടന്നു തുടങ്ങണം.'' മരിയാന എന്നെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ചുക്കൊണ്ട് പറഞ്ഞു.

''എന്നിട്ടൊരു വൈകുന്നേരം നീ നടന്ന് തിരിച്ചെത്തുമ്പോള്‍ നമുക്കുള്ള സൂപ്പില്‍ ഞാന്‍ വിഷം കലര്‍ത്തട്ടെ?'' 
എന്റെ കണ്ണുനിറഞ്ഞു, പൊടുന്നനെ എന്നെ നെഞ്ചില്‍ ചേര്‍ത്തുപിടിച്ച അവളുടെ കൈകള്‍ അയഞ്ഞു. ഞാനവളെ വേര്‍പെട്ട് കണ്ണടച്ചു കിടന്നു. മഴ തോര്‍ന്ന ഒരു വൈകുന്നേരം വളരെ യാദൃച്ഛികമായി ഞങ്ങള്‍ രണ്ടുപേരും മരിച്ചുപോകുന്നത് സങ്കല്പിച്ചുകൊണ്ടാണ് അന്ന് ഞാന്‍ ഉറങ്ങിപ്പോയത്. പിന്നെ വന്ന ദിവസങ്ങളില്‍ പകലും ഞങ്ങള്‍ ആലസ്യത്തോടെ പരസ്പരം രുചിച്ചുകൊണ്ട് കിടന്നുതുടങ്ങി. വിശക്കുമ്പോള്‍ ഞങ്ങള്‍ വസ്ത്രം ധരിച്ച് മഴച്ചാറല്‍ നനഞ്ഞ് നിരത്തു മുറിച്ചുകടന്ന് ഓടുമേഞ്ഞ പഴയ പീടികയില്‍നിന്നും പോര്‍ക്ക് റാഷെഡോയുടെ ചാറില്‍ കുതിര്‍ന്ന ബണ്ണ് കഴിച്ചു, പനിനീര്‍മണമുള്ള ചായ കുടിച്ചു.

പതിയെ മഴ കുറഞ്ഞുവന്നു. മരിയാന ഓഫീസ് തുറന്നിട്ടും അവധിയില്‍ത്തന്നെ തുടര്‍ന്നു. വെള്ളമിറങ്ങി വീട്ടില്‍ വൈദ്യുതി തിരിച്ചുവന്ന ദിവസം ഞങ്ങള്‍ അരവാതില്‍ തുറന്ന് കടയില്‍ കയറി നോക്കി. അവിടെ സാവിയോയുടെ ചിത്രത്തിനടുത്തുള്ള മെഴുകുതിരി ഉരുകിയൊലിച്ച് അണഞ്ഞുപോയിരുന്നു. ഈര്‍പ്പമുള്ള ഉപ്പുകാറ്റ് തട്ടി റാക്കില്‍ സൂക്ഷിച്ചിരുന്ന മീന്‍ചൂണ്ടകളും കൊളുത്തുകളും തുരുമ്പെടുത്തിരുന്നു. ചുവരിലെ ഈര്‍പ്പമിറങ്ങി കടയുടെ മുന്‍വശത്ത് തൂക്കിയിട്ടിരുന്ന ചില്ലലമാരയുടെ മരഫ്രെയിം ദ്രവിച്ചുതുടങ്ങിയിരുന്നു. പുഴമീനുകളെ തെറ്റിയെടുക്കുന്ന പലതരം സ്പിയര്‍ഗണ്ണുകള്‍ സൂക്ഷിച്ച ചില്ലലമാരയായിരുന്നു അത്. ഇവിടങ്ങളിലെ മരയ്ക്കാന്മാര്‍ സ്പിയര്‍ഗണ്ണിന് യന്ത്രചാട്ടുളി എന്നാണ് പറയുക. മരിയാന ആ ചില്ലലമാര തുറന്ന് അതില്‍നിന്നും കാഴ്ചയ്ക്ക് കൗതുകം തോന്നിക്കുന്ന ഹാന്‍ഡ് പിസ്റ്റള്‍ സ്പിയര്‍ഗണ്‍ പുറത്തെടുത്തു. കൈത്തോക്കിന്റെ ആകൃതിയിലുള്ള അതിന്റെ അഗ്രത്തിലെ പുറത്തേക്ക് തെറിക്കാന്‍ വെമ്പിനില്‍ക്കുന്ന ശരത്തില്‍ അവള്‍ അത്ഭുതത്തോടെ തൊട്ടു.

''മോളെ.'' 
ഞാന്‍ ചിരിച്ചുകൊണ്ട് ഒതുക്കത്തിലാ സ്പിയര്‍ഗണ്‍ അവളുടെ കയ്യില്‍നിന്നും വാങ്ങി അലമാരയില്‍ തിരിച്ചുവെച്ചു. പിന്നെ ഞങ്ങളാ അലമാര ആണിയില്‍നിന്നുമിറക്കി തറയില്‍ കിടത്തിവെച്ചു. പിന്നെ ഒന്നും ചെയ്യാന്‍ തോന്നിയില്ല, കടയടച്ച് ഞങ്ങള്‍ പതിവുപോലെ മുറിയില്‍ വന്നു കിടന്നു. 
വൈദ്യുതി വന്നതോടെ മുറിയിലെ കിടക്കയ്ക്കരികില്‍ വെച്ച ടി.വി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. അതില്‍നിന്നും നഗരത്തില്‍ വെള്ളം കയറിയതിന്റെ വാര്‍ത്തകള്‍ മുറിയിലേക്ക് ഇറങ്ങിവന്നു. മരിയാന അന്നേരം തന്നെ എഴുന്നേറ്റുപോയി ടിവിയുടെ പാനലില്‍ തൊട്ട് ചാനലുമാറ്റിത്തുടങ്ങി. പല ഭാഷകളിലുള്ള വാര്‍ത്തകള്‍ക്കിടയില്‍ ഏതോ ഫുട്‌ബോള്‍ കളിയുടെ രംഗം മിന്നിവന്നപ്പോള്‍ ഞാനവളോട് നിര്‍ത്താന്‍ പറഞ്ഞു. ബ്രസീലും ഫ്രാന്‍സും തമ്മില്‍ നടക്കുന്ന മത്സരത്തിന്റെ സംപ്രേഷണമായിരുന്നു അത്. ഞാനും മരിയാനയും ഗാലറിയിലെ ആരവങ്ങള്‍ കേട്ടുകൊണ്ട് മുറിയിലെ തണുത്ത മൂലയില്‍ ഭിത്തിയോട് ചേര്‍ന്നിരുന്ന് രതിയിലേര്‍പ്പെട്ടു. 

ബ്രസീലിന്റെ ലെഫ്റ്റ് ബാക്ക് റോബര്‍ട്ടോ കാര്‍ലോസ് ഗോള്‍പോസ്റ്റിന് എത്രയോ ദൂരെനിന്നും കിക്ക് എടുക്കാന്‍ തയ്യാറെടുത്തപ്പോള്‍ പൊടുന്നനെയുള്ള തോന്നലില്‍ ഞാനവളുടെ ചുണ്ടില്‍നിന്നും ചുണ്ട് വേര്‍പെടുത്തി ആകാംക്ഷയോടെ സ്‌ക്രീനിലേക്ക് നോക്കി. അവളും അന്നേരം തിരിഞ്ഞ് ടി.വി ശ്രദ്ധിച്ചുതുടങ്ങി. കാര്‍ലോസ് തൊടുത്ത കിക്ക് തെന്നി മൈതാനത്തിനു വെളിയിലേക്കു പാറിപ്പോയി എന്നുതന്നെയാണ് ആദ്യം കരുതിയത്. എന്നാല്‍, പൊടുന്നനെ അത് അന്തരീക്ഷത്തില്‍ തുള്ളിക്കൊണ്ട് അകത്തേക്കു പാറിവന്ന്, കാവല്‍നിന്ന ഫ്രാന്‍സിന്റെ നീലപ്പടയാളികളുടെ തലകള്‍ക്കു മുകളിലൂടെ, ഗോള്‍വലയില്‍ ചെന്ന് തങ്ങിക്കിടന്നു. ഗോള്‍! ഒരു നിമിഷം ഗാലറി നിശ്ചലമായി. ഗാലറിയിലിരുന്ന മനുഷ്യരത്രയും കണ്ണുതിരുമ്മിക്കൊണ്ട് ആകാശത്തേക്ക് കയ്യുയര്‍ത്തി നിന്ന കാര്‍ലോസിനെ അവിശ്വാസത്തോടെ നോക്കി. ഒരറ്റത്തുനിന്നും കിരുകിരുപ്പായി തുടങ്ങിയ കയ്യടികള്‍ നൊടിനേരംകൊണ്ട് വലിയൊരു ആരവമായി മാറി. കമന്ററി ബോക്‌സിനരികില്‍ കോട്ടു ധരിച്ചിരുന്ന മുതിര്‍ന്ന കളിക്കാരെല്ലാം ഇരിപ്പിടങ്ങളില്‍നിന്നും എഴുന്നേറ്റുനിന്നു തങ്ങള്‍ കടന്നുപോയ ആഭ്യന്തര ഫുട്‌ബോളിലെ ഏറ്റവും അവിശ്വസനീയമായ നിമിഷത്തോടുള്ള ആദരവ് അറിയിക്കാന്‍ തലകുനിച്ചു നിന്നു. മരിയാന എന്റെ അരക്കെട്ടില്‍ നിന്നുമിറങ്ങി സ്‌ക്രീനിലേക്കു നോക്കി തരിച്ചിരുന്നു. അന്നേരം ഇളവെയില്‍ ജനലിലൂടെ ഞങ്ങളുടെ കിടക്കയ്ക്കരികില്‍ വന്ന് എന്നെ നടക്കാന്‍ ക്ഷണിച്ചു.
''മരിയാ, നിനക്ക് പള്ളിയില്‍ പോകണ്ടേ ?''

അവളപ്പോഴും സ്‌ക്രീനില്‍ നോക്കി മറന്നുപോയതെന്തോ തീവ്രമായി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു; പിന്നെ പൊടുന്നനെ എന്റെ മുഖത്തേക്കു നോക്കി. ഞാന്‍ ചോദിച്ചത് അവള്‍ക്ക് കിട്ടിയിരുന്നില്ല. കാര്‍ലോസിന്റെ കാലില്‍നിന്നും ഉതിര്‍ന്ന് അന്തരീക്ഷത്തില്‍ 'റ' വരച്ച ആ പന്ത് വന്ന് തൊട്ടത് അവളെയായിരുന്നു എന്നെനിക്കപ്പോള്‍ തോന്നി. ആകാവുന്നത്ര സ്‌നേഹത്തോടെ ഞാനവളെ ചേര്‍ത്തുപിടിച്ചു. 

കളിയവസാനിച്ചതും ഗാലറിയില്‍നിന്നും വളണ്ടിയര്‍മാര്‍ ഇറങ്ങിവന്നു. അവര്‍ മൈതാനമൊഴിച്ച് ചടങ്ങിനുള്ള താല്‍ക്കാലിക വേദി നിര്‍മ്മിച്ചുതുടങ്ങി. ചടങ്ങ് തുടങ്ങുന്നതു വരെയുള്ള നേരം പൂരിപ്പിക്കാനാവണം, ബോക്‌സിലിരുന്ന് കളി വിശകലനം ചെയ്തുകൊണ്ടിരുന്ന യുവാവായ ജേര്‍ണലിസ്റ്റിലേക്ക് ക്യാമറ തിരിഞ്ഞു. അയാള്‍ക്കരികില്‍ അന്നേരം വൃദ്ധനായ ഒരു അദ്ധ്യാപകന്‍ ഇരിപ്പുണ്ടായിരുന്നു. ഞാന്‍ ടി.വി കെടുത്താനായി എഴുന്നേറ്റപ്പോള്‍ അവള്‍ ''ഒരു നിമിഷ''മെന്ന് കൈ കാണിച്ചു. 

''സര്‍, കാര്‍ലോസ് ഇപ്പോഴെടുത്ത കിക്ക് കണ്ടിരുന്നോ?'' യുവാവ് ബഹുമാനത്തോടെ മൈക്ക് അദ്ധ്യാപകനു കൈമാറി.
''ഉവ്വ്, ഞാന്‍ ഗാലറിയില്‍ ഉണ്ടായിരുന്നു.'' അദ്ധ്യാപകന്‍ ആവേശത്തോടെ പറഞ്ഞു. 
''എന്ത് തോന്നുന്നു, അത് യാദൃച്ഛികമായി ഗോള്‍പോസ്റ്റില്‍ ചെന്ന് കുടുങ്ങിയതായിരിക്കുമോ?''
പൊടുന്നനെ അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങി, ''ഹാ! അത് നിങ്ങള്‍ക്ക് ഫിസിക്‌സ് അറിയാത്തതുകൊണ്ട് തോന്നുന്നതാണ്.''
''എന്ന് പറയുമ്പോള്‍?''
''ഇതിന് മാഗ്നസ്-ഇഫക്റ്റ് എന്ന് പറയും. പന്തിന്റെ ഒരു വശത്ത് കിക്ക് ചെയ്ത് അന്തരീക്ഷത്തിലിട്ട് കറക്കുന്ന ഒരു പരിപാടിയാണിത്. കണക്കുകൂട്ടല്‍ കൃത്യമായാല്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നത്ര വ്യാസത്തില്‍ പന്ത് പാറിച്ചെന്ന് വീഴും.''
''ശരി! റോബര്‍ട്ടോ കാര്‍ലോസ് ഇപ്പോഴടിച്ച പന്ത് അന്തരീക്ഷത്തില്‍ ഏതാണ്ടൊരു പാതി വൃത്തം വരച്ചിട്ടാണ് ഗോള്‍പോസ്റ്റില്‍ എത്തുന്നത്. ഞാനീ ഫ്രീക്കിക്കിന്റെ മറ്റൊരു സാധ്യതയാണ് ആലോചിക്കുന്നത്. ഒരുപക്ഷേ, കുറച്ചുകൂടി ശക്തിയിലാണ് കാര്‍ലോസ് അടിച്ചിരുന്നത് എങ്കില്‍ ആ പന്ത് അന്തരീക്ഷത്തില്‍ ഒരു മുഴുവന്‍ വൃത്തം വരച്ച് അയാള്‍ നില്‍ക്കുന്നിടത്തുതന്നെ തിരിച്ചുചെന്ന് വീഴുമോ?''
''ഒരു ബൂംറാങ്ങ് പോലെ, അല്ലേ?'' അദ്ധ്യാപകന്‍ ചിരിച്ചു.
''ശരിയാണ്, ഒരു ബൂംറാങ്ങ് പോലെ.''
''വീഴും! അതിനിപ്പോഴാ പന്ത് കറങ്ങിയതിലും പതിനഞ്ചിരട്ടി വേഗതയിലെങ്കിലും നമുക്കതിനെ കറക്കാന്‍ സാധിക്കണം. ഇപ്പോള്‍ നമ്മുടെ കാര്‍ലോസിന് അഞ്ചര അടി ഉയരവും അറുപത്തിയെട്ട് കിലോ തൂക്കവുമാണുള്ളത് എന്ന് കരുതുക, എങ്കില്‍ നമ്മളീ പറഞ്ഞ വേഗത്തില്‍ പന്ത് കറക്കാന്‍ അയാള്‍ ഒരു വെടിയുണ്ടയുടെ വേഗത്തിലെങ്കിലും ഓടി വന്നിട്ടുവേണം ഫ്രീക്കിക്കെടുക്കാന്‍!''
''എന്ന് പറയുമ്പോള്‍ ഒരിക്കലും സാധിക്കില്ല എന്നല്ലേ?''
''ഒരിക്കലും സാധിക്കില്ല! താനെടുക്കുന്ന കിക്ക് അന്തരീക്ഷത്തില്‍ ഒരു പൂര്‍ണ്ണവൃത്തം വരച്ച് ഒടുക്കം സ്വന്തം കാല്‍ക്കല്‍ തന്നെ തിരിച്ചെത്തിക്കാന്‍ ഒരു സാമാന്യ മനുഷ്യന് സാധിക്കില്ല.''
മരിയാനയുടെ കണ്ണുകള്‍ പൊടുന്നനെ നിറഞ്ഞുവന്നു. ഞാന്‍ പെട്ടെന്നുള്ള തോന്നലില്‍ ഇരുന്നിടത്തുനിന്നും കയ്യെത്തിച്ച് ടിവിയുടെ കേബിള്‍ വലിച്ചിട്ടു, സ്‌ക്രീന്‍ ഒന്ന് മിന്നി കെട്ടുപോയി. അവള്‍ കിടക്കയില്‍ മുഖം ചുവരിനോട് ചേര്‍ത്ത് കണ്ണടച്ച് കിടന്നു.

''ഒന്നുമില്ല, നീയൊന്ന് നടന്നിട്ട് വാ. എനിക്കിത്തിരിനേരം തനിച്ച് കിടക്കണം.''
എന്താണ് പൊടുന്നനെ സംഭവിച്ചത് എന്നെനിക്കു മനസ്സിലായിരുന്നില്ല. ഞാനവളുടെ ചുമലില്‍ സ്‌നേഹത്തോടെ തൊട്ടു, അവള്‍ തിരിഞ്ഞുകിടന്ന് കലങ്ങിയ കണ്ണുകള്‍കൊണ്ട് ചിരിച്ചു, ''ചെല്ല്''
കിടക്കയ്ക്കരികില്‍ ചുരുട്ടിയിട്ട വസ്ത്രങ്ങളെടുത്ത് കുടഞ്ഞ് ധരിച്ച് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ''ആ ഷെല്‍ഫില്‍നിന്നും നമ്മുടെ വെഡ്ഡിങ്ങ് ആല്‍ബം ഒന്നെടുത്തുതരുമോ?'' എന്നവള്‍ ചോദിച്ചു.
ഞാന്‍ നിവര്‍ന്നുനിന്ന് മുകളിലെ തട്ടില്‍നിന്നും ആല്‍ബം കയ്യെത്തിച്ചെടുത്തു. അവള്‍ ആല്‍ബം തുറന്ന് ആദ്യത്തെ ചിത്രത്തിലെ റൊസരി മാതാവിന്റെ ചാപ്പലിനു മുന്നില്‍വെച്ച് ആ മെലിഞ്ഞ പെണ്‍കുട്ടിയുടെ കയ്യില്‍ പിടിച്ചുനില്‍ക്കുന്ന യുവാവിന്റെ മുഖത്ത് മെല്ലെ വിരല്‍തൊട്ടു. 
''സാവിയോ'' അവള്‍ സ്‌നേഹത്തോടെ വിളിച്ചു. ആ ചിത്രം നോക്കിയിരിക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ വെയിലത്ത് തിളങ്ങി, എന്റെയും കണ്ണ് നിറഞ്ഞുവന്നു.

പിന്നെയവള്‍ എന്റെ നെറ്റിയില്‍ വീണുകിടക്കുന്ന മുടിയില്‍ വിരലോടിച്ചുകൊണ്ടിരുന്നു, ''സാവിയോയ്ക്ക് നിന്റെ നല്ല ഛായയുണ്ടായിരുന്നു, അല്ലേ?'' ഈ കഴിഞ്ഞൊരു വര്‍ഷത്തിനിടയ്ക്ക് ആദ്യമായാണ് അവള്‍ സാവിയോയുടെ പേര് പറയുന്നത് എന്നപ്പോള്‍ ഞാനോര്‍ത്തു. 
''നീയെളുപ്പം പോയിട്ട് വാ, എനിക്ക് തനിച്ചിവിടെ ഒരുപാടൊന്നും വയ്യാ.''

ഞാന്‍ പതിയെ നിരത്തിലേക്കിറങ്ങി. മഴയുടെ മണമുള്ള തെളിഞ്ഞ വെയിലില്‍ ഞാന്‍ ദ്വീപ് വരെ നടന്നു. അവളിലേക്ക് മടങ്ങാനുള്ള തിടുക്കം കൊണ്ടാവണം, അസ്തമയം കാണാതെ തിരിച്ചുനടന്നു. തിരികെയെത്തുമ്പോള്‍ കടയുടെ ഷട്ടര്‍ പാതി വീണിരുന്നു. ഷട്ടര്‍വിടവിലൂടെ ഊര്‍ന്നു കയറിയപ്പോള്‍ ഇരുട്ടായിരുന്നു അകത്ത്. അന്നേരം എനിക്ക് പരിചയമില്ലാത്ത ഒരു തണുപ്പ് മുഖത്തൂടെ ഇഴുകി അകന്നുപോയി. അടുത്ത നിമിഷം നിലത്തിറക്കിവെച്ച ചുവരലമാരയുടെ തുറന്നിട്ട കതക് കാറ്റത്ത് എന്റെ തുടയില്‍ വന്നിടിച്ചു. പൊടുന്നനെ നിരത്തിലെ വഴിവിളക്കുകള്‍ തെളിഞ്ഞു. ഷട്ടര്‍വിടവിലൂടെ വിഷാദച്ഛായയുള്ള നേര്‍ത്ത വെളിച്ചം മുറിയിലേക്ക് ഇരച്ചുവന്നു. മുറിയുടെ മൂലയില്‍, തളംകെട്ടിയ ചോരയുടെ തണുപ്പില്‍ മരിയാന കിടന്നു. അവള്‍ ഇടതുകയ്യില്‍ ആ ഹാന്‍ഡ് പിസ്റ്റള്‍ സ്പിയര്‍ഗണ്‍ മുറുക്കിപ്പിടിച്ചിരുന്നു. അതിന്റെ തുമ്പില്‍നിന്നും നീണ്ടുപോകുന്ന ടാഗിനറ്റത്തെ ശരം അവളുടെ വലതുനെഞ്ചിലേക്ക് തുളഞ്ഞുകയറിയിരുന്നു. ഞാന്‍ നിലത്ത് കാലുകുത്തിയിരുന്ന് അവളുടെ കണ്ണിലേക്ക് കൗതുകത്തോടെ നോക്കി, തുരുമ്പ് കയറിയതു പോലെ ചോരനൂലുകള്‍ അവളുടെ കണ്ണിലാകെ കെട്ടുപിണഞ്ഞുകിടപ്പുണ്ടായിരുന്നു. 

3
തുറമുഖത്തെ സര്‍ക്കാര്‍ ജീവനക്കാരും കപ്പലിലെ ജോലിക്കാരും ഇടത്തരം കച്ചവടക്കാരും അടങ്ങുന്നതാണ് ഞങ്ങളുടെ അയല്‍പക്കം. നിശ്ചലമായ തടാകത്തില്‍ വീണ കല്ലുപോലെ മരിയാനയുടെ മരണം അവര്‍ക്കിടയില്‍ വല്ലാത്തൊരു അശാന്തി നിറച്ചു. മരിയാനയുടേത് അപകടമരണമാണ് എന്ന് കരുതാനായിരുന്നു എനിക്കിഷ്ടം. അറിഞ്ഞും കേട്ടും അന്വേഷിച്ച് വന്നവര്‍ക്കും അങ്ങനെ വിശ്വസിക്കാനേ തരമുണ്ടായിരുന്നുള്ളൂ. മറിച്ച് തോന്നാന്‍ ആരുടെ പക്കലും വേറെ തെളിവുകളൊന്നും ഉണ്ടായിരുന്നില്ലലോ. അവള്‍ മരിക്കുന്നതിനു തൊട്ടുമുന്‍പ് മറിച്ചുനോക്കിയ ആല്‍ബം കുത്തഴിഞ്ഞ് കിടപ്പുമുറിയില്‍ കിടന്നിരുന്നു. ആത്മഹത്യാക്കുറിപ്പിനു വേണ്ടി പൊലീസുകാര്‍ പലവട്ടം അത് മറിച്ചുനോക്കി. അവള്‍ എനിക്കുവേണ്ടി എഴുതിയ ഒരു വരിയെങ്കിലും ഈ വീട്ടില്‍ കാണും എന്നെനിക്ക് ഉറപ്പായിരുന്നു. എന്നാല്‍, അത് ഒരിക്കലും ആരും കണ്ടെടുക്കരുതേ എന്നു ഞാന്‍ മനസ്സറിഞ്ഞ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. നേരുപറഞ്ഞാല്‍ മരിയാനയുടെ അസാന്നിധ്യം എന്നെ നൊമ്പരപ്പെടുത്തുമ്പോഴും അവളുടെ മരണത്തില്‍ എനിക്ക് തെല്ലും ജിജ്ഞാസ തോന്നിയിരുന്നില്ല. മറിച്ച് തന്റെ ജീവനോളം വിലയുള്ള ഒരു രഹസ്യവുമായാണ് അവള്‍ ഇത്രയും വര്‍ഷങ്ങള്‍ എന്റെ കൂടെ ജീവിച്ചുപുലര്‍ന്നത് എന്നറിയുന്നതായിരുന്നു എനിക്ക് കൂടുതല്‍ വിഷമം. അവളെക്കുറിച്ച് ഞാന്‍ വിശ്വസിച്ചു പോന്നതും മനസ്സിലാക്കിവെച്ചതും ഒക്കെ തെറ്റാണെന്നു വന്നാലുള്ള അവസ്ഥ എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.

എങ്കിലും തനിച്ചായിത്തുടങ്ങിയ ദിവസങ്ങളില്‍ പലപ്പോഴായി ഞാന്‍ മരിയാനയുടെ നെഞ്ചിലേക്ക് തുളഞ്ഞുകയറിയ ആ യന്ത്രചാട്ടുളിയെക്കുറിച്ച് ചിന്തിച്ചുതുടങ്ങി. ഇടത്തരം പുഴമീനുകളെ തെറ്റിയെടുക്കാന്‍ പാകത്തിലുള്ള ഒരു ഉപകരണമായിരുന്നു അത്. എത്രയോ വര്‍ഷങ്ങളായി അത് കടയുടെ മുന്നിലെ ചില്ലുകൂടില്‍ തൂങ്ങിക്കിടന്നിരുന്നു. ''ഉള്‍ക്കടലിലേക്ക് ഊളിയിട്ടിറങ്ങി മീനുകളെ തെറ്റിയെടുക്കുന്ന പതിവൊന്നും നമ്മുടെ തീരത്ത് പതിവില്ല, പിന്നെയിത് ആര്‍ക്കുവേണ്ടിയാണ് സൂക്ഷിച്ചിരുന്നത്?'' എന്നൊരു ചോദ്യം മരിയാനയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ എനിക്ക് നേരിടേണ്ടിവരും എന്നുറപ്പായിരുന്നു. നേരുപറഞ്ഞാല്‍ വെല്‍സാവോ മുതല്‍ കോള്‍വ വരെ നീണ്ടുകിടക്കുന്ന തീരദേശബെല്‍ട്ടില്‍ പുലരുന്ന വലയെറിയുന്ന മരയ്ക്കാന്മാര്‍ക്കും വിനോദത്തിനായി ചൂണ്ടയിടാന്‍ വന്നിറങ്ങുന്ന സഞ്ചാരികള്‍ക്കും ഈ യന്ത്രച്ചാട്ടുളിയുടെ പ്രവര്‍ത്തനം അത്രയെളുപ്പം വഴങ്ങുന്നതല്ല. അപ്പോള്‍പ്പിന്നെ എന്തിനായിരിക്കും ഇത് വരുത്തി സൂക്ഷിച്ചിരുന്നത് എന്ന് ഓര്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് ഒരു രാത്രി ഉറങ്ങാന്‍ കിടന്ന ഞാന്‍ പുലര്‍കാലത്ത് പച്ച കക്കിരിക്കായുടെ മണം ശ്വസിച്ചാണ് കണ്ണ് തുറന്നത്. പൊടുന്നനെ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിയാനയോടൊത്ത് താലോളിമ്മിലുള്ള സന്താനപ്പള്ളിയിലെ ഫീസ്റ്റിനു പോയ ദിവസം എനിക്കോര്‍മ്മ വന്നു. ഇപ്പോഴോര്‍ക്കുമ്പോള്‍, അതായിരുന്നു തുടക്കം!  

4
ഞങ്ങളുടെ മിന്നുകെട്ടിനു ശേഷമുള്ള വിരുന്നൊക്കെ ഒതുങ്ങിയതിനു പിന്നാലെ വന്ന ഫീസ്റ്റായിരുന്നു താലോളിമ്മിലുള്ള സന്താനപ്പള്ളിയിലേത്. നോമ്പെടുക്കാതെ ഫീസ്റ്റിനു കൂടാന്‍ മരിയാനയ്ക്ക് മടിയുണ്ടായിരുന്നെങ്കിലും ഒരുമിച്ചിരുന്ന് യാത്ര ചെയ്യാം എന്നുള്ളത് അന്നേരം വലിയ കാര്യമായിരുന്നു. ഉച്ചയോടെ കദമ്പയില്‍നിന്നും ത്രൂബസ് കിട്ടിയതുകൊണ്ട് സൂചിവെയില്‍ വീണുതുടങ്ങുമ്പോഴേക്കും ഞങ്ങള്‍ താലോളിമ്മിലെ പള്ളിസ്റ്റോപ്പില്‍ വണ്ടിയിറങ്ങി. ഞങ്ങളെത്തുമ്പോള്‍ സന്താനപ്പള്ളി നില്‍ക്കുന്ന കുന്നിന്‍പുറമാകെ വിശ്വാസികളെക്കൊണ്ട് നിറഞ്ഞിരുന്നു. പള്ളിയിലേക്ക് കയറിപ്പോകുന്ന കാല്‍വരിക്കിരുവശവും വലിയ വട്ടിയില്‍ പച്ച കക്കിരിക്കായും തുവരപ്പരിപ്പും പൊരിയും നിറച്ച് വിശ്വാസികളെ കൈകൊട്ടി വിളിച്ചുകൊണ്ട് മച്ചുവ സ്ത്രീകള്‍ ഇരിപ്പുണ്ടായിരുന്നു. കുഞ്ഞുണ്ടാവാത്ത ദമ്പതികള്‍ ഒരുമിച്ചു വന്ന് ഫീസ്റ്റിന്റെയന്ന് പച്ച കക്കിരിക്കാ നേര്‍ച്ചവെച്ച് പ്രാര്‍ത്ഥിച്ചാല്‍ അടുത്ത ഫീസ്റ്റിനുമുന്‍പ് കുഞ്ഞ് ജനിക്കും എന്നൊരു വിശ്വാസം ഈ തീരത്തുണ്ട്, അതിന്റെയൊരു തിരക്കാണീ കാണുന്നത്. ഞങ്ങള്‍ ഒതുക്കത്തില്‍ വരിയിലേക്ക് കയറിനിന്നു.

''നമ്മളും നേര്‍ച്ചയിടുന്നുണ്ടോ?''
''മരിയ ക്ഷീണിച്ചോ?''
''അതിന്റെയല്ല'' എന്നുംപറഞ്ഞ് അവള്‍ ഞങ്ങള്‍ നില്‍ക്കുന്നിടത്തുനിന്നും കീഴെയുള്ള തൊണ്ടിലോട്ട് കണ്ണുകാണിച്ചു. നോക്കുമ്പോള്‍ നേരാണ്, ഒന്‍പതുനാള്‍ നൊവേന കഴിഞ്ഞ് മെഴുകുതിരിയും കക്കിരിക്കായും മരത്തവിയും കൂടകളില്‍ തുവരപ്പരിപ്പുമായി നേര്‍ച്ചയിടാന്‍ പള്ളിയിലേക്ക് അരിച്ചരിച്ചുപോകുന്ന വിശ്വാസികളുടെ വരിയുടെ തുമ്പ് കാലില്‍ തുറമണല് പറ്റാതിരിക്കാന്‍ വിരിച്ച നടവഴി വരെ എത്തിയിരിക്കുന്നു.

''ഇതിങ്ങനെ നിന്നാല്‍ രാത്രിയിലും നമ്മള്‍ പള്ളിയില്‍ കേറില്ല.''
''പിന്നല്ലാതെ, കുഞ്ഞുണ്ടാവാന്‍ ഇവിടെയിങ്ങനെ മുഷിഞ്ഞു നില്‍ക്കുന്നതിലും എളുപ്പമുള്ള വഴി വേറെയുണ്ട്, ബാ ഞാന്‍ പറഞ്ഞുതരാം.'' അവള്‍ സ്വകാര്യമായി ചെവിയില്‍ പറഞ്ഞു. ഞാനന്നേരം പരിസരം മറന്ന് ഉറക്കെ ചിരിച്ചുപോയി. പൊടുന്നനെ വരിയില്‍ ഞങ്ങള്‍ക്കു മുന്നില്‍ നിന്ന മധ്യവയസ്‌കരായ ദമ്പതികള്‍ വല്ലാത്തൊരു ദൈന്യതയോടെ തലതിരിച്ച് ഞങ്ങളെ നോക്കി. വരിയില്‍ അടുത്ത് നില്‍ക്കുന്ന വിയര്‍പ്പ് പൊടിഞ്ഞ മുഖങ്ങളൊക്കെ ഞങ്ങളെയിപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട്, എനിക്കേതാണ്ടൊരു ഭയം തോന്നിത്തുടങ്ങി. 

''സെന്ഹോര, തൊമായ് പെപ്പിനോ, 
ദായ് മേ മെനിനോ'' 1

കക്കിരിക്കാ കുഞ്ഞിനെപ്പോലെ നെഞ്ചില്‍ ചേര്‍ത്തുപിടിച്ച് ഞങ്ങള്‍ക്കരികില്‍ നിന്ന മെലിഞ്ഞ സ്ത്രീ കരഞ്ഞുകൊണ്ട് കൈകൂപ്പി മനസ്സുരുകി ആ വരിതന്നെ ആവര്‍ത്തിച്ച് ചൊല്ലിക്കൊണ്ടിരുന്നു. ഞാനേതാണ്ട് പോലെയായി. ഇന്നീ കുന്നിന്‍പുറത്ത് കൂടിയ മനുഷ്യരില്‍ സന്തോഷത്തോടെ ചിരിക്കാന്‍ കഴിയുന്നവര്‍ ഒരുപക്ഷേ, ഞങ്ങള്‍ രണ്ടുപേരും മാത്രമായിരിക്കും എന്നെനിക്കപ്പോള്‍ തോന്നി. മരിയാന എന്റെ ചുമലില്‍ തൊട്ടു, ''പോകാം''. അവളുടെ കണ്ണ് നിറഞ്ഞിരുന്നു.
ഞങ്ങള്‍ വരിയില്‍നിന്നും അടര്‍ന്ന് തിരക്കു കുറഞ്ഞ പടിക്കെട്ടിലൂടെ ഇറങ്ങി താഴെയുള്ള കടല്‍ത്തീരത്തെത്തി. ട്രോളിംഗ് തുടങ്ങിയതില്‍പ്പിന്നെ പതിവുള്ള മരയ്ക്കാന്മാരുടെ തര്‍ക്കങ്ങള്‍ അകലെയുള്ള പഴയ ബസിലിക്കയുടെ മുറ്റത്തുവെച്ച് തീര്‍പ്പാക്കുന്നതിന്റെ ബഹളം പടിയിറങ്ങുമ്പോഴേ കേള്‍ക്കാമായിരുന്നു. ബസിലിക്കയുടെ വളപ്പില്‍നിന്നും സ്വല്പം മാറി സിമന്റുകൊണ്ട് നിര്‍മ്മിച്ച പായല് കയറിയ ഒരു പഴയ തിരുരൂപം തീരത്തേക്ക് നിഴല്‍ പൊഴിച്ചുകൊണ്ട് നിന്നു. അതിനു താഴെയുള്ള പാറക്കെട്ടിലിരുന്ന് കൂറ്റന്‍ ശരീരമുള്ള ഒരു വൃദ്ധന്‍ ചൂണ്ടയിട്ടുകൊണ്ടിരുന്നു. അയാള്‍ ധരിച്ചിരുന്ന കാപ്പിക്കുരുനിറമുള്ള അയഞ്ഞ ളോഹയിലേക്കാണ് ആദ്യം എന്റെ ശ്രദ്ധ പോയത്. അഴിച്ചിട്ട കടുംചുവപ്പ് നിറമുള്ള അയാളുടെ ചുരുണ്ട മുടിയും താടിയും തണുത്ത കടല്‍ക്കാറ്റ് പിന്നിലേക്ക് വലിച്ചുനീട്ടിക്കൊണ്ടിരുന്നു. അയാളെ തൊട്ടുകൊണ്ട് കുറച്ച് കുട്ടികള്‍ കാല്‍മുട്ടില്‍ കൈതാങ്ങി ചൂണ്ടക്കൊളുത്തിലേക്ക് ഏകാഗ്രതയോടെ നോക്കിക്കൊണ്ട് നിന്നു. മരിയാന കൗതുകത്തോടെ എന്റെ കൈ വിടുവിച്ച് അയാളിരിക്കുന്നതിനു തൊട്ടുള്ള പാറയിലേക്ക് കയറിയിരുന്നു. പിന്നെ കാറ്റത്ത് വലിയ ശബ്ദത്തോടെ പിടഞ്ഞുക്കൊണ്ടിരുന്ന, അയാള്‍ക്കരികില്‍ വെച്ച ചൂണ്ടയില്‍ കോര്‍ക്കാനുള്ള ചെമ്മീന്‍ തുണ്ടുകള്‍ നിറച്ച പോളിത്തീന്‍ കൂട്, അവളെടുത്തു പിടിച്ചു. അന്നേരം അയാള്‍ തല ഉയര്‍ത്തി മരിയാനയെ നോക്കി സ്‌നേഹത്തോടെ പുഞ്ചിരിച്ചു, പിന്നെ അകലെ നില്‍ക്കുന്ന എന്നെ നോക്കി ചിരിച്ചുകൊണ്ട് കയ്യുയര്‍ത്തിക്കാണിച്ചു. അയാള്‍ കയ്യിലിരുന്ന ചൂണ്ട അനക്കാതെ മരിയാനയ്ക്ക് നീട്ടി. അവളത് താല്പര്യത്തോടെ മേടിച്ചുപിടിച്ചു. ചൂണ്ട പൂര്‍ണ്ണമായും അവളുടെ കയ്യിലായി എന്നു തോന്നിയപ്പോള്‍ അയാള്‍ എഴുന്നേറ്റ് ളോഹ വിടര്‍ത്തിക്കുടഞ്ഞ് എന്റെയരികിലേക്കു നടന്നുവന്നു. 

''ഞാന്‍ യാരോണ്‍''
കൈനീട്ടിക്കൊണ്ട് അദ്ദേഹം പുഞ്ചിരിച്ചു. വെയില്‍തട്ടി ഇളം ചുവപ്പായ അദ്ദേഹത്തിന്റെ മുഖത്തുനിന്നും തൊലി അടര്‍ന്നുതുടങ്ങിയിരുന്നു.  
''ഹലോ ഫാദര്‍'', ഞാന്‍ കൈകൊടുത്തു.
''പേര് വിളിക്കാം. പാദ്രി2 ആയിട്ടില്ല, മൂന്ന് വര്‍ഷമായി പ്രീസ്റ്റ്ഹുഡിന് ശ്രമിക്കുന്നു.'' പോര്‍ച്ചുഗീസ് സ്വാധീനമുള്ള കൊങ്കണിയിലാണ് അദ്ദേഹം സംസാരിച്ചിരുന്നത്. എന്റെ മുഖത്തെ അമ്പരപ്പ് ശ്രദ്ധിച്ചിട്ടാവണം അദ്ദേഹം തുടര്‍ന്നു: ''അതിനങ്ങനെ പ്രായം ഒരു വിഷയമല്ല. ശരി, എനിക്ക് സാറിനെ നല്ല പരിചയം തോന്നുന്നുണ്ട്.''   
''ഞാന്‍ ക്ലിന്റ്. തടാകം ടൗണില്‍ എനിക്കൊരു കടയുണ്ട്, മറീനേഴ്സ് ഷോപ്പ്.''
അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞു, ''അത് പറയൂ, ചൂണ്ടയും കൊളുത്തും മറ്റും തപ്പിയെടുക്കാന്‍ ഞാനീ മക്കളേയും കൊണ്ട് ഒന്നുരണ്ടുവട്ടം അവിടെ വന്നിട്ടുണ്ട്.'' 

എനിക്ക് പക്ഷേ, ഇങ്ങനെയൊരാളെ കണ്ടതായി ഓര്‍മ്മയുണ്ടായിരുന്നില്ല. 
''ക്ലിന്റ്, നിങ്ങള്‍ സ്പിയര്‍ഗണ്ണുകള്‍ വില്‍ക്കാറുണ്ടോ?''
''ഒരു കൗതുകത്തിന് ഹാര്‍പ്പൂണ്‍ വാങ്ങുന്നവരുണ്ട്, പക്ഷേ, സ്പിയര്‍ഗണ്ണുകള്‍ വിറ്റുപോവില്ല. ആഴക്കടലിലേക്ക് ഊളിയിട്ടുപോയി മീനുകളെ തെറ്റിയെടുക്കുന്ന പതിവൊന്നും ഇവിടെ തുടങ്ങിയിട്ടില്ല.''
''എന്നെ വിശ്വസിക്കണം ക്ലിന്റ്, ഉള്‍ക്കടലിലേക്കിറങ്ങി മീന്‍പെറുക്കുന്ന ഒരു വെസ്സലില്‍ ഇരുപത്തിയാറ് വര്‍ഷം ജോലി ചെയ്ത പരിചയത്തില്‍നിന്നും പറയുകയാണ്, അടിത്തട്ടിലേക്ക് ഊളിയിട്ടുപോയി മീനിനെ വേട്ടയാടുന്നതിലും വലിയ സന്തോഷമൊന്നും ഒരു സാധാരണ മനുഷ്യനു കിട്ടാനില്ല, ഇറ്റ്സ് പ്യൂര്‍ ബ്ലിസ്!'' അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ഉന്മാദം തെളിഞ്ഞുവന്നു, അത് മറയ്ക്കാനദ്ദേഹം പൊടുന്നനെ കടലിലേക്കു നോക്കി തലതാഴ്ത്തി. കുരിശുവെച്ച മിനാരങ്ങളുമായി ഞങ്ങള്‍ക്കു പിന്നില്‍ നില്‍ക്കുന്ന ബസിലിക്ക നങ്കൂരമിട്ടു കിതയ്ക്കുന്ന പഴയ കപ്പലാണെന്ന് ഒരു നിമിഷം എനിക്കു തോന്നിപ്പോയി. വീശുന്ന കാറ്റില്‍ ഇളകുന്ന കാപ്പിക്കുരുനിറമുള്ള അയഞ്ഞ ളോഹ ധരിച്ച് തലതാഴ്ത്തി നില്‍ക്കുന്ന ഈ കൂറ്റന്‍ മനുഷ്യന്‍ കപ്പലിന്റെ ആകാശം താങ്ങിനിര്‍ത്തുന്ന പാമരം ആണെന്നും.

''കപ്പലില്‍ തിരിച്ചു കയറണമെന്ന് ഇപ്പോള്‍ തോന്നാറുണ്ടോ?''
''എന്നും തോന്നാറുണ്ട്, പക്ഷേ, ഞാന്‍ മറ്റൊരു കടലില്‍ ഇറങ്ങിപ്പോയി. ദിവസം എട്ട് മണിക്കൂര്‍ പഠനം, ബാക്കിയുള്ള സമയം ഞാനീ മക്കള്‍ക്ക് വേദപുസ്തകം വായിച്ചുകൊടുക്കും, പിന്നെ അവര്‍ക്കിനിയങ്ങോട്ട് ഉതകുന്നതുപോലെ ചൂണ്ട കൊരുക്കാനോ വല നെയ്യാനോ ഒക്കെ പറഞ്ഞുകൊടുക്കും. ഇപ്പോള്‍ ഇതാണെന്റെ കടല്‍.''

അന്നേരം അകലെ മച്ചുവക്കുടിലുകള്‍ക്കപ്പുറത്തുനിന്നും പതിയെ തൂവാനം ഞങ്ങള്‍ക്കരികിലേക്ക് തുള്ളിക്കാലടികള്‍ വെച്ച് നടന്നുവന്നു. മഴയുതിര്‍ന്നതോടെ തുറയില്‍ ഞങ്ങള്‍ക്ക് ചുറ്റുമുള്ള ആള്‍ക്കൂട്ടം തിടുക്കത്തില്‍ പിരിഞ്ഞുതുടങ്ങി. മരിയാന ചൂണ്ട പാറക്കെട്ടില്‍ വെച്ച് ''നമുക്ക് പോകാ''മെന്ന് കൈകാണിച്ചു. തിടുക്കത്തില്‍ ഞങ്ങള്‍ അവള്‍ക്കരികിലേക്ക് നടന്നു.
അദ്ദേഹം എന്തോ ഓര്‍ത്തതുപോലെ പൊടുന്നനെ നടത്തം നിര്‍ത്തി. 

''എനിക്കൊരു സ്പിയര്‍ഗണ്‍ വരുത്തിച്ച് തരുമോ ക്ലിന്റ്?'' 
ളോഹയുടെ പോക്കറ്റില്‍നിന്നും പിഞ്ഞിയ ഒരു കാറ്റലോഗ് എടുത്ത് തുറന്ന് അതിലുള്ള ചില മോഡലുകളിലൂടെ വിരലോടിച്ചുകൊണ്ട് അദ്ദേഹമെന്നെ ദയനീയമായി നോക്കി. അന്നേരം നക്ഷത്രപ്പൊട്ടുകള്‍പോലെ മഴത്തുള്ളികള്‍ അദ്ദേഹത്തിന്റെ കടുംചുവപ്പ് താടിയില്‍ പറ്റിപ്പിടിച്ചുനിന്നിരുന്നു.

''ഉപയോഗിച്ചത് ആണെങ്കില്‍ അത്രയും നന്നായി. എന്റെ മക്കളെ തെറ്റാന്‍ പഠിപ്പിക്കണം, വലിയ പൈസയൊന്നും തരാന്‍ ഞങ്ങളുടെ കയ്യിലുണ്ടാവില്ല.''
''ശരി, ഒന്നന്വേഷിക്കട്ടെ.''
സ്‌നേഹത്തോടെ ഞാനദ്ദേഹത്തിന്റെ കയ്യില്‍ തൊട്ട് യാത്ര പറഞ്ഞു. പിന്നെ അകലെ വെള്ളിമണലില്‍ പന്തുകളിക്കുന്ന പിള്ളേരേയും അവര്‍ക്കു പിന്നിലെ വെയില്‍വറ്റിയ ആകാശത്തേയും അതില്‍ രൂപപ്പെടുന്ന മഴവില്ലിനേയും നോക്കിക്കൊണ്ട് മരിയാനയുടെ കൈപിടിച്ച് തിരിച്ചുനടന്നു. പടികള്‍ കയറി സ്റ്റോപ്പിലെത്തുമ്പോള്‍ തടാകത്തേക്കു പോകുന്ന ബസ് നിര്‍ത്തിയിട്ടിരുന്നു. പള്ളിയില്‍ കാഴ്ച പിരിഞ്ഞതിന്റെ തിരക്കുണ്ടായിരുന്നുവെങ്കിലും ഒഴിഞ്ഞ സീറ്റ് കണ്ടപ്പോള്‍ കയറി. ഇരുന്നതും മരിയാന തളര്‍ച്ചയോടെ മടിയില്‍ തലവെച്ച് കിടന്നു, എനിക്കും ക്ഷീണംകൊണ്ട് കണ്ണടഞ്ഞുപോകുന്നുണ്ടായിരുന്നു. പൊടുന്നനെ ജനലിന്റെ റെയിലില്‍ ആരോ തട്ടുന്ന ശബ്ദം കേട്ടു.
''സര്‍''
ഞാന്‍ തലയുയര്‍ത്തി നോക്കുമ്പോള്‍ കാണുന്നത് ബസിന്റെ ടയറില്‍ ചവുട്ടി ഒരുകൈകൊണ്ട് കമ്പിയില്‍ തൂങ്ങിനില്‍ക്കുന്ന ഒരു കൊച്ചു പയ്യനെയാണ്.

''യാരോണ്‍ പാപ്പ തരാന്‍ പറഞ്ഞു'' അവന്‍ കയ്യിലുള്ള പ്ലാസ്റ്റിക്ക് കൂട് എന്നെ ഏല്പിച്ചു. അതില്‍ വാല് തെന്നിച്ചുകൊണ്ട് നീന്തുന്ന ഒരു നീല മത്സ്യം ഉണ്ടായിരുന്നു.
''ഫൈറ്ററാണ്, വീട്ടിലെത്തിയതും വെള്ളം മാറ്റണം.''

പയ്യന്‍ ''എന്നാല്‍ ശരി''യെന്ന് കൈകാണിച്ചിട്ട് കമ്പിയില്‍നിന്നും കൈവിട്ട് താഴെയിറങ്ങി തിരിച്ചു നടന്നുപോയി. കൂടില്‍നിന്നിറ്റുന്ന വെള്ളം മടിയില്‍ കിടക്കുന്ന മരിയാനയുടെ മുഖത്ത് വീഴാതിരിക്കാന്‍ ഞാന്‍ മാറ്റിപ്പിടിച്ചു. ബസ് നീങ്ങിത്തുടങ്ങിയപ്പോള്‍ അകലെ ബസിലിക്കയുടെ മിനാരങ്ങള്‍ തെളിഞ്ഞുകണ്ടു. ആ നേരത്തും ഇളം ചാരനിറമുള്ള പ്രാവുകള്‍ ബസിലിക്കയുടെ വഴുക്കുന്ന മേല്‍ക്കൂരയില്‍ ചുമ്മായിരുന്ന് മഴ നനയുന്നുണ്ടായിരുന്നു. ആ വളപ്പില്‍ കൈവിടര്‍ത്തി കുരിശില്‍ തറഞ്ഞുകിടക്കുന്ന ശകലം ഉയര്‍ന്ന മൂക്കും മലച്ച ചുണ്ടുകളും കുഴിഞ്ഞ കണ്‍തടങ്ങളുമുള്ള നനഞ്ഞുകുതിര്‍ന്ന യേശുദേവന്റെയാ തിരുരൂപത്തിന് യാരോണ്‍ പാപ്പയുടെ മുഖവുമായി വളരെയടുത്ത സാമ്യമുണ്ടായിരുന്നു.


പിന്നെവന്ന സീസണില്‍ ഒരു റൈഫിള്‍ സ്പിയര്‍ഗണ്ണിന്റെ ബേസിക്ക് മോഡലിന് ഓര്‍ഡര്‍ കൊടുത്തുവെങ്കിലും മൂന്നോ നാലോ ലോഡുകള്‍ക്കു ശേഷമാണ് അത് ഡെലിവറി ചെയ്യുന്നത്. അതിനിടയ്ക്ക് പലവട്ടം യാരോണ്‍ പാപ്പ കടയില്‍ വന്നന്വേഷിച്ചിട്ടുപോയി. 
''ഉപ്പുവെള്ളം തട്ടിയാല്‍ പൊടിഞ്ഞുപോകുന്ന മരമുണ്ട്, ഇതതില്‍ പെടില്ല.''

പാപ്പ കൂടുതുറന്ന് പുറത്തെടുത്ത ആ പുതിയ റൈഫിള്‍ സ്പിയര്‍ഗണ്ണിന്റെ മരപ്പാത്തിയില്‍ കൗതുകത്തോടെ കവിള്‍ ചേര്‍ത്തുവെച്ചുകൊണ്ട് പറഞ്ഞു. പിന്നെ എന്റെ കണ്ണില്‍ നോക്കി ചിരിച്ചുകൊണ്ട് കടയില്‍നിന്നിറങ്ങി. പാതയോരത്ത് മുനിസിപ്പാലിറ്റിക്കാര്‍ കഴിഞ്ഞ വര്‍ഷകാലത്ത് വെട്ടിയെടുത്ത കാശുമരത്തിന്റെ മഴകുടിച്ച് വെണ്ണപോലെയായ കുറ്റിയിലേക്ക് അദ്ദേഹം ഒരു കണ്ണടച്ച് ഉന്നംപിടിച്ചു. ട്രിഗര്‍ അമര്‍ത്തിയപ്പോള്‍ പൊടുന്നനെയാ യന്ത്രച്ചാട്ടുളിയില്‍നിന്നും ലോഹത്തിന്റെ അമ്പ് മൂളിക്കൊണ്ട് തടിയിലേക്ക് തുളഞ്ഞുകയറി, ബാരല്‍ പിടിച്ച അദ്ദേഹത്തിന്റെ കൈ ഉരുക്കുപോലെ ഉറച്ചുനിന്നു. തടിയില്‍നിന്നും ശരം ഊരിയെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പാപ്പ പറഞ്ഞു: ''ക്ലിന്റ്, വേഗം എനിക്കൊരു ഓട്ടോ വിളിച്ചു തരൂ.''

യന്ത്രച്ചാട്ടുളിയുമായി ഓട്ടോയ്ക്കകത്തേക്ക് ചുരുങ്ങിക്കയറുമ്പോള്‍ പാപ്പ എന്റെ കയ്യില്‍ സ്‌നേഹത്തോടെ തൊട്ടു. അതില്‍ക്കൂടുതലൊന്നും തരാന്‍ പാപ്പയുടെ കയ്യിലുണ്ടാവില്ലെന്ന് എനിക്കും അറിയാമായിരുന്നു. എന്നാല്‍, അടുത്ത കുറച്ചു മാസങ്ങളില്‍ പാപ്പ പറഞ്ഞറിഞ്ഞ് ആഴക്കടലില്‍ ഊളിയിട്ടിറങ്ങി തെറ്റുന്ന ചില നാവികര്‍ കടയില്‍ വന്നു. ഞാനവര്‍ക്ക് കാറ്റലോഗ് നോക്കി വിലകൂടിയ ചില പീസുകള്‍ വരുത്തിച്ചുകൊടുത്തു. പിന്നെ കപ്പലുകള്‍ ചരക്കിറക്കാന്‍ വാര്‍ഫില്‍ കയറിയാല്‍ പതിവായി ചിലരൊക്കെ സ്പിയര്‍ഗണ്‍ അന്വേഷിച്ച് തടാകത്തേക്കു വന്നുതുടങ്ങി. പതിയെ അതില്‍നിന്ന് തരക്കേടില്ലാത്തൊരു സാമ്പത്തിക ലാഭം എനിക്കുണ്ടായിവന്നു. 

പാപ്പ പിന്നെ ചിലപ്പോഴൊക്കെ കടയില്‍ വന്ന് മരിയാനയുമായി പോര്‍ച്ചുഗീസില്‍ സംസാരിച്ചു കൊണ്ടിരുന്നു, എനിക്കുംകൂടി സമയമുള്ള വൈകുന്നേരങ്ങളില്‍ ചെറുപ്പകാലത്തെ യാത്രകളില്‍ കടന്നുപോയ തുറമുഖങ്ങളെക്കുറിച്ച് പറഞ്ഞു.
 
''എന്റെ മക്കളിന്ന് തെറ്റാനിറങ്ങുന്നു, ഒഴിവുണ്ടെങ്കില്‍ രണ്ടുപേരും വരണം.''
അന്നുച്ചയ്ക്ക് ഞങ്ങള്‍ കടയടച്ച് പാപ്പയുടെ കൂടെ ബോട്ടില്‍ കയറി. കടല്‍ക്കാറ്റുതട്ടി അദ്ദേഹത്തിന്റെ ളോഹയുടെ ഇഴകള്‍ വിടര്‍ന്നുപാറിക്കൊണ്ടിരുന്നു. കടലിന്റെ പച്ചമണം മൂക്കില്‍ കിട്ടിയപ്പോള്‍ അദ്ദേഹം സ്വയം മറന്ന് ഉന്മാദത്തോടെ ഉറക്കെ അലറി. പതിയെ കര കാഴ്ചയില്‍ നിന്നും മറഞ്ഞു. അദ്ദേഹം പരിശീലിപ്പിച്ച കുഞ്ഞുങ്ങള്‍ ഓരോരുത്തരായി ഞാന്‍ കൊടുത്ത സ്പിയര്‍ഗണ്ണുമായി വെള്ളത്തിലേക്ക് ഊളിയിട്ടിറങ്ങിപ്പോയി. അന്ന് പാപ്പ ഞങ്ങള്‍ക്കു തെറ്റിയെടുത്ത ശെവ്തോ എന്ന ചുവന്ന തൊലിയുള്ള മത്സ്യത്തിന്റെ ഇറച്ചി കടലില്‍വെച്ചുതന്നെ പാകം ചെയ്തുതന്നു. 
ഒരു വര്‍ഷത്തിനുശേഷം സെമിനാരിയിലെ പഠിത്തം പാതിവഴിയിലുപേക്ഷിച്ച് അദ്ദേഹം പോര്‍ച്ചുഗലിലേക്ക് തിരിച്ചുപോയപ്പോള്‍ നേരുപറഞ്ഞാല്‍ ഞങ്ങള്‍ക്കു പൊടുന്നനെയൊരു ശൂന്യത അനുഭവപ്പെട്ടു. അതിനുശേഷം പല പോര്‍ട്ടുകളില്‍നിന്നായി അദ്ദേഹം തെറ്റിയെടുത്ത മത്സ്യങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റുകാര്‍ഡുകളായി ഞങ്ങള്‍ക്ക് അയച്ചുതന്നുകൊണ്ടിരുന്നു. ഒരിക്കല്‍ അദ്ദേഹം പോസ്റ്റ്കാര്‍ഡിന്റെ പിന്നിലെഴുതി, ''എന്റെ കുഞ്ഞ് നിങ്ങളെ കാണാന്‍ വരുന്നുണ്ട്, അവന്റെ കൂടെനിന്ന് ഒരു ഫോട്ടോ എടുത്ത് സൂക്ഷിക്കുമോ?''

6
പിന്നെയും മാസങ്ങള്‍ കഴിഞ്ഞു. മഴ തുടങ്ങിയതോടെ കടയിലേക്ക് ആരും വരാതെയായി. മരിയാന സാവിയോയെ ഗര്‍ഭമായിരിക്കുന്ന കാലമാണ്. ഞാന്‍ കടയുടെ മുന്നിലെ ചുവരില്‍ ഒരു വലിയ മരഫ്രെയിം നിര്‍മ്മിക്കാന്‍ കരാറുകൊടുത്തു. അതില്‍ ചില്ലുകൂടുകളുണ്ടാക്കി കടയില്‍ ചെലവാകാതെയിരിക്കുന്ന യന്ത്രചാട്ടുളികള്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു ഉദ്ദേശ്യം. വ്യാക്കൂളിന്റെ ദുരിതങ്ങള്‍ക്കിടയില്‍ മരപ്പൊടിയും തടി മെഴുകുന്നതിന്റെ ശബ്ദവും മരിയാനയെ ഭ്രാന്തുപിടിപ്പിച്ചു. അതിനിടയ്‌ക്കെപ്പോഴോ ആണ് ഗോവ ലിബറേഷന്‍ ഡേയുടെ ഭാഗമായിട്ട് നഗരത്തില്‍ 'കൊളോണിയസ് ഡെ പോര്‍ച്ചുഗല്‍' എന്ന പേരില്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. ഒരു കാലത്ത് പോര്‍ച്ചുഗല്‍ സ്റ്റെയിറ്റിന്റെ കോളനികളായിരുന്നു ബ്രസീലും അങ്കോളയും മൊസാമ്പിക്കും അടക്കമുള്ള രാജ്യങ്ങളുടെ ടീമുകള്‍ ഗോവയുടെ ആഭ്യന്തര ടീമുമായി നടത്തുന്ന സൗഹൃദ ഫുട്ബോള്‍ മത്സരങ്ങളാണ് കൊളോണിയസ് ഡെ പോര്‍ച്ചുഗല്‍. അതില്‍ പങ്കെടുക്കാനായിട്ട് മുന്‍പ് സാല്‍ഗോക്കറിനുവേണ്ടി കളിച്ചിരുന്ന മരിയാനയുടെ സഹോദരന്‍ ഫെലിക്‌സ് ഞങ്ങള്‍ക്കൊപ്പം വന്ന് താമസിച്ചുതുടങ്ങി.

മഴതോര്‍ന്ന ഒരു വൈകുന്നേരം ഇളംപച്ച ഫുട്ബോള്‍ ജേഴ്സിയണിഞ്ഞ ഈസ ഷോപ്പിന്റെ മുന്നില്‍ ഓട്ടോയില്‍ വന്നിറങ്ങിയപ്പോള്‍ ഞാനാദ്യം കരുതിയത് ഫെലിക്‌സിനെ അന്വേഷിച്ചുവന്ന സുഹൃത്തുക്കള്‍ ആരെങ്കിലുമായിരിക്കും എന്നാണ്. അയാള്‍ കടയുടെ ബോര്‍ഡിനു മുന്നില്‍ സംശയിച്ചു നിന്നപ്പോള്‍ ഞാന്‍ കൈകാട്ടി അകത്തേക്ക് ക്ഷണിച്ചു. 
''ഫെലിക്‌സ് അകത്തുണ്ട്, ചെന്നോളൂ.''

അയാള്‍ വിശ്വാസം വരാത്തതുപോലെ എന്നെ തുറിച്ചുനോക്കി, പിന്നെ കീശയില്‍ സൂക്ഷിച്ച പോസ്റ്റ്കാര്‍ഡ് എടുത്ത് എന്റെ കയ്യിലേക്ക് തന്നു. അതൊരു വിദേശ നഗരത്തിന്റെ ചിത്രമുള്ള വിന്റേജ് പോസ്റ്റ്കാര്‍ഡായിരുന്നു. അതിന്റെ മറുപുറത്ത് പേനകൊണ്ട് വരച്ചിട്ട ഭംഗിയുള്ള ഒരു കൊളാഷുണ്ടായിരുന്നു. താലോളിമ്മിലുള്ള പള്ളിയുടെ മിനാരവും തീരത്തേക്ക് നിഴല്‍ പൊഴിച്ചുനില്‍ക്കുന്ന തിരുരൂപവും അക്വേറിയം നിറയെ നീന്തിക്കളിക്കുന്ന മത്സ്യങ്ങളും യന്ത്രച്ചാട്ടുളി പിടിച്ചുനില്‍ക്കുന്ന കുറെ കുട്ടികളും സൂര്യാസ്തമയവും മരിയാനയുടെ ചിരിച്ച മുഖവും പിന്നെ 'മറീനേഴ്സ് ഷോപ്പ്' എന്ന ബോര്‍ഡും അതില്‍ തെളിഞ്ഞു കണ്ടു. 

ഞാനയാളെ സൂക്ഷിച്ചു നോക്കി. കാഴ്ചയ്ക്ക് ഇരുപത്തഞ്ച് വയസ്സ് തോന്നിക്കും. ഇരുണ്ട നിറം, ഉറച്ച കൂറ്റന്‍ ശരീരം, ചുരുണ്ട മുടിയില്‍ മുത്തുകള്‍ കോര്‍ത്ത് വിടര്‍ത്തിയിട്ടിരിക്കുന്നു, ചുരുണ്ട താടിരോമങ്ങള്‍ അവിടവിടെയായി രൂപപ്പെട്ടു വരുന്നതേയുള്ളൂ. 

അയാള്‍ പോസ്റ്റ്കാര്‍ഡ് തിരിച്ചുമേടിച്ച് കീശയില്‍ വെച്ചിട്ട് നേര്‍ത്ത ശബ്ദത്തില്‍ പറഞ്ഞു: ''നാവികന്‍ യാരോണ്‍ അയച്ചുതന്നതാണ്.'' ഓരോ വാക്കും ശ്രദ്ധിച്ച് പെറുക്കിയെടുത്ത് വികലമായാണ് അയാള്‍ പോര്‍ച്ചുഗീസ് സംസാരിക്കുന്നത്. 

അന്നേരം കര്‍ട്ടന്റെ ഇഴവിടര്‍ത്തി പുറത്തേക്കിറങ്ങിവന്ന മരിയാന പോര്‍ച്ചുഗീസില്‍ത്തന്നെ മറുപടി പറഞ്ഞു: ''എന്റെ കുഞ്ഞ് വരുമെന്നാണ് യാരോണ്‍ പാപ്പ ഞങ്ങള്‍ക്ക് എഴുതിയിരുന്നത്.''
''അതെ, അദ്ദേഹം എന്റെ അച്ഛനാണ്.''
വിശ്വാസം വരാത്തതുപോലെ ഒരുനിമിഷം മരിയാന അവനെ തറപ്പിച്ചു നോക്കി. 
''പാപ്പ പോര്‍ച്ചുഗലില്‍ സുഖമായിരിക്കുന്നോ?'' ഞാനവനെ ഇരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ചോദിച്ചു. 
''നേരുപറഞ്ഞാല്‍ എനിക്കറിയില്ല. ഞാനും മമ്മയും ആഫ്രിക്കന്‍ വന്‍കരയിലുള്ള മൊസാമ്പിക്കിലാണ് താമസം.''
''ഇവിടെ 'കൊളോണിയസ് ഡെ പോര്‍ച്ചുഗല്‍' കാണാന്‍ വന്നതാണോ?''
''അതില്‍ കളിക്കുന്നുണ്ട്. മൊസാമ്പിക്കിനുവേണ്ടി.''

ശബ്ദം കേട്ട് പുറത്തേക്കിറങ്ങിവന്ന ഫെലിക്‌സ് ഈസയെ കണ്ടപ്പോള്‍ പരിചയഭാവത്തില്‍ ചിരിച്ച് കൈകൊടുത്തു. അവര്‍ പരിശീലനത്തിനിടയ്ക്ക് മൈതാനത്ത് വെച്ച് പരസ്പരം കണ്ടിട്ടുണ്ട്. ഇവിടെ എവിടെയാണ് തങ്ങുന്നത് എന്ന് ഫെലിക്‌സ് ആംഗ്യം കാണിച്ച് ചോദിച്ചപ്പോള്‍ ഈസ വാസ്‌ക്കോയിലുള്ള ഏതോ ഹോസ്റ്റലിന്റെ പേര് പറഞ്ഞു.  

''ക്ലിന്റ്, നമ്മളീ നാനൂറ്റി അന്‍പത് വര്‍ഷം പോര്‍ച്ചുഗീസ് കോളനിയായിരുന്നിട്ടും പോര്‍ച്ചുഗീസ് ഭാഷ പഠിക്കാത്തവരൊക്കെ ഇവിടുണ്ടല്ലോ എന്നോര്‍ക്കുമ്പോഴാ.'' മരിയാന ഫെലിക്‌സിനെ കളിയാക്കി. 

''അതെന്നും ഉണ്ടായിരുന്നു മരിയാ, ലിബറേഷനു മുന്‍പ് ക്ലിന്റിന്റെ ചെറിയച്ഛന്‍ പത്രം തുടങ്ങുമ്പോള്‍ അത് കൊങ്കണിയില്‍ ആയിരുന്നില്ലേ? ഈ പട്ടണത്തില്‍ത്തന്നെ പത്തുമുപ്പത് വീടുകളില്‍ ദിവസവും ആ പത്രം ചെന്നിരുന്നു.''

മരിയാന തലയാട്ടിക്കൊണ്ട് ഈസയുടെ നേരെ തിരിഞ്ഞിരുന്ന് പോര്‍ച്ചുഗീസില്‍ തുടര്‍ന്നു: ''ഈസയ്ക്ക് അറിയുമോ, ആയിരത്തിത്തൊള്ളായിരത്തി അറുപത്തിയൊന്നില്‍ ലിബറേഷന്‍ കിട്ടുന്നതുവരെ ഇന്ത്യയിലെ ഒരു ദിനപ്പത്രവും നമുക്കിവിടെ കിട്ടില്ലായിരുന്നു. കരയില്‍നിന്നും വേര്‍പെട്ട് നിശ്ചലമായൊരു കപ്പലുപോലെ ഒറ്റപ്പെട്ടുപോയ ഒരു സ്ഥലമായിരുന്നു ഇത്.''
''പോര്‍ച്ചുഗലില്‍നിന്നും ലിബറേഷന്‍ കിട്ടാന്‍ വലിയ യുദ്ധം വേണ്ടിവന്നിരിക്കുമല്ലോ, അവരൊന്നും അങ്ങനെ വെറുതെ വിട്ടുതരില്ല.''

''ഒന്നുമുണ്ടായില്ല, അതല്ലേ രസം! ഈ തെരുവില്‍ നാല് കടകള്‍ക്കപ്പുറത്താണ് ഇലക്ട്രോണിക്‌സ് ഷോപ്പ് നടത്തുന്ന ക്ലിന്റിന്റെ ചെറിയച്ഛന്‍. കക്ഷിയുടെ കയ്യില്‍ ആ കാലത്തൊരു വയര്‍ലസ് സെറ്റ് ഉണ്ടായിരുന്നു. അന്ന് ലിബറേഷന്‍ മൂവ്മെന്റിലുള്ള ചിലരുടെയൊക്കെ സഹായത്തോടെ അദ്ദേഹം അതൊരു ട്രാന്‍സ്മിറ്ററായി രൂപാന്തരപ്പെടുത്തി. എന്നിട്ട് ഒരു ട്രക്കില്‍ കയറ്റി ആ റേഡിയോ ട്രാന്‍സ്മിറ്റര്‍ കുര്‍ദിയിലെ വനത്തില്‍ കൊണ്ടുചെന്നെത്തിച്ചു. പോര്‍ച്ചുഗീസ് പട്ടാളത്തിന്റെ കണ്ണില്‍ പെടാതെ പിന്നീട് ഏതാണ്ട് ആറു കൊല്ലത്തോളം അദ്ദേഹം അവിടെനിന്നും ഗോവയിലെ ജനങ്ങളുമായി റേഡിയോയിലൂടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. കൊങ്കണിയില്‍!'' അത് പറയുമ്പോള്‍ കുസൃതിയോടെ അവള്‍ ഫെലിക്‌സിനെ നോക്കി. ''ഒടുക്കം ഇന്ത്യന്‍ പട്ടാളം ഗോവയെ മോചിപ്പിക്കാന്‍ അതിര്‍ത്തി കടന്നുവന്നപ്പോള്‍ അതും നമ്മളറിയുന്നത് ഈ റേഡിയോസെറ്റ് വഴിയാണ്. മാര്‍ച്ച് ചെയ്തു വരുന്ന സൈനികരെ വരവേല്‍ക്കാന്‍ ഓരോ ഗലിയിലും ജനം തടിച്ചുകൂടി കാത്തുനിന്നു. അതുകൊണ്ടാവണം, ഒന്ന് പ്രതിരോധിക്കാന്‍ പോലും ശ്രമിക്കാതെ പോര്‍ച്ചുഗീസ് കപ്പലുകള്‍ ഗോവയുടെ തുറമുഖത്തുനിന്നും അകന്നുപോയത്.''

ഈസ വലിയ അത്ഭുതത്തോടെ മരിയാനയെ നോക്കി, ''ഗോവയുടെ അത്രതന്നെ വലിപ്പമില്ല ഞാന്‍ ജീവിക്കുന്ന മപുട്ടൊ എന്ന തുറമുഖനഗരത്തിന്. എന്റെ കുട്ടിക്കാലത്ത് അവിടെ പോര്‍ച്ചുഗീസ് പട്ടാളം പതിവായി പെരുമാറുന്ന ഇടങ്ങളിലൊക്കെ ലാന്‍ഡ് മൈനിനു കുഴിയെടുക്കാന്‍ ഞാന്‍ പോയിട്ടുണ്ട്, ആ പ്രായത്തിലെ എല്ലാ കുട്ടികളും അന്നതൊക്കെ ചെയ്തിട്ടുണ്ടാവും. പോര്‍ച്ചുഗീസുകാര്‍ ഭരണം ഉപേക്ഷിച്ച് രാജ്യം വിട്ടപ്പോള്‍ ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ തുടങ്ങി. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി എന്റെ രാജ്യം കലാപത്തിലാണ്. സ്‌കൂളിലൊക്കെ എന്റെ കൂടെ പഠിച്ചിരുന്ന മിക്കവരും ഇന്നില്ല.'' നെഞ്ചില്‍ പറ്റിക്കിടന്ന ജേഴ്സി നുള്ളിയെടുത്ത് അതിലെ രാജ്യത്തിന്റെ മുദ്ര ഉയര്‍ത്തി കാണിച്ചിട്ടയാള്‍ പറഞ്ഞു: ''ഈ അഗ47 തോക്ക് ഞങ്ങളുടെ കൊടിയില്‍ വന്നുകയറുന്നത് അങ്ങനെയാണ്.''  

അന്നേരം വാതില്‍ക്കല്‍ ഒരു ഡെലിവറി വാന്‍ വന്നുനിന്നു. ഞാന്‍ ഈസയോട് ക്ഷമ ചോദിച്ചുകൊണ്ട് മുറിയില്‍നിന്നിറങ്ങി. ഒറ്റക്കൈകൊണ്ട് തെറ്റാവുന്ന, കാഴ്ചയ്ക്ക് നല്ല ഒതുക്കമുള്ള, ഒരു ഹാന്‍ഡ് പിസ്റ്റള്‍ സ്പിയര്‍ഗണ്ണാണ് വന്നിരിക്കുന്നത്. ഞാന്‍ തിടുക്കത്തില്‍ പായ്ക്കറ്റ് ഒപ്പിട്ടുമേടിച്ച് അതുമായി തിരിച്ചുചെന്നു, അപ്പോഴും ഈസ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

''മമ്മ കുറച്ചു വര്‍ഷങ്ങളായി വീടിനടുത്തുള്ള ഒരു അസൈലത്തിലാണ്, ക്രോണിക് ഡിപ്രഷന്‍. സൗകര്യങ്ങള്‍ കുറവാണ്, എനിക്കത്രയേ സാധിക്കുന്നുള്ളൂ. ഫൈനല്‍ കളിക്കുന്ന ടീമില്‍ കയറിയാല്‍ ഒരുപക്ഷേ, മമ്മയുടെ ചികിത്സ സ്റ്റേറ്റ് നോക്കിക്കോളും.'' അവന്റെ മുഖത്ത് പ്രതീക്ഷയുള്ള ഒരു ചിരി തെളിഞ്ഞു, ആ ചിരി പതിയെ ഞങ്ങളിലേക്കും പകര്‍ന്നു.

''യാരോണ്‍ പാപ്പയുമായി ഇപ്പോള്‍ ?''
''പത്ത് വര്‍ഷമായി കണ്ടിട്ട്. ഭരണം മാറിയതില്‍പ്പിന്നെ പപ്പായിയ്ക്ക് ഞങ്ങളുടെ തീരത്ത് ഇറങ്ങാനാവില്ല. സാധിക്കുന്ന കാലത്ത് ഞങ്ങളെ നന്നായി നോക്കിയിട്ടുണ്ട്. കലാപം വന്ന് കലങ്ങുന്നതിനു മുന്‍പ് നേര്‍ത്ത ഇളംപച്ച നിറമായിരുന്നു മപുട്ടൊയിലെ കടലിന്. ആ കാലത്തൊക്കെ കപ്പല്‍ ഞങ്ങളുടെ പോര്‍ട്ടിലടുത്താല്‍ പപ്പായി നേരെ വീട്ടില്‍ വരില്ല, കപ്പലില്‍നിന്ന് വഞ്ചിയിറക്കി വാരിക്കുന്തവുമായി ഉള്‍ക്കടലിലേക്ക് തെറ്റാനിറങ്ങും. വെളുപ്പാന്‍ കാലത്ത് ഞാനും മമ്മയും കടപ്പുറത്തൂടെ വെറുതെ മുഷിഞ്ഞു നടക്കുമ്പോള്‍ കാണാം കുന്തംതറച്ച് ചൊരിമണലില്‍ വന്നടിഞ്ഞു കിടക്കുന്ന കൂറ്റന്‍ സ്രാവിനെ. അന്നേരം പ്രതീക്ഷയോടെ കടലിലേക്ക് നോക്കുമ്പോള്‍ അകലെ വഞ്ചിയിലിരുന്ന് പപ്പായി ചിരിച്ചുകൊണ്ട് കയ്യുയര്‍ത്തിക്കാണിക്കും. വലിയ സ്‌നേഹമായിരുന്നു. ഇപ്പോള്‍ വന്നുവന്ന് കത്തുകള്‍ കൂടി കുറഞ്ഞു, വയ്യാതെയായിട്ടുണ്ടാവും. ഇവിടേക്ക് വരുന്ന ടീമില്‍ സെലക്ഷന്‍ കിട്ടിയപ്പോള്‍ പപ്പായിയെ ഒരിക്കല്‍ക്കൂടി നേരിട്ട് കാണാന്‍ പറ്റുമെന്നുതന്നെയാണ് കരുതിയത്, പപ്പായി ഗോവയിലുണ്ട് എന്നാണ് അപ്പോഴും എന്റെയൊരു ധാരണ. അന്നേരമാണ് ഈ പോസ്റ്റ്കാര്‍ഡ് വരുന്നത്.''
ഈസ കണ്ണുനിറഞ്ഞുകൊണ്ട് നിഷ്‌കളങ്കമായി ചിരിച്ചു, ഫെലിക്‌സ് അയാളെ ചേര്‍ത്തുപിടിച്ചു.
''ചെല്ലട്ടെ, നാളെ കഴിഞ്ഞ് ഗോവയ്‌ക്കെതിരെയാണ് ആദ്യത്തെ കളി. എനിക്കിവിടെ ക്ഷണിക്കാന്‍ വേറെ ആരുമില്ല.''
''ഞങ്ങള്‍ വരും ഈസ'' മരിയാനയാണ് പറഞ്ഞത്.

7
വൈകുന്നേരത്തോടെ സ്റ്റേഡിയത്തിലെത്തുമ്പോള്‍ ഗോവയുടെ ചുവന്ന ജേഴ്സിയണിഞ്ഞവരെ മാത്രമേ എവിടെയും കാണാമായിരുന്നുള്ളൂ. ഗാലറിയില്‍ തീരെ ആളില്ലാത്ത ഒരിടം നോക്കി ഞാന്‍ മരിയാനയെ ഇരുത്തി. അകലെ തിരക്കിനിടയില്‍ ഫെലിക്‌സിന്റെ തല ഉയര്‍ന്നുകണ്ടു. കയ്യുയര്‍ത്തി കാണിച്ചപ്പോള്‍ അവന്‍ ചിരിച്ചുകൊണ്ട് അടുത്തേക്ക് ഓടിവന്നു.
''മൊസാമ്പിക്കിനുവേണ്ടി ചിയര്‍ ചെയ്യുന്നത് ഒരു മയത്തിലൊക്കെ മതി.''
മരിയാന ചിരിച്ചു: ''ഈസയിന്ന് കളിക്കുന്നില്ലേ?''
''ഏതാണ്ട് വിഷയമുണ്ട്, ഉച്ച മുതല്‍ ഒന്നിനേയും മുറിക്ക് പുറത്ത് കണ്ടിട്ടില്ല.''
പൊടുന്നനെ അകലെനിന്നും വിസിലടി കേട്ടു. ഫെലിക്‌സ് തിടുക്കത്തില്‍ യാത്രപറഞ്ഞ് മൈതാനത്തിലേക്ക് തിരിച്ചുപോയി. അന്നേരം അകലെനിന്നും ഈസ കിതച്ചുകൊണ്ട് ഓടി വരുന്നത് കണ്ടു.
''നിങ്ങളെ നോക്കി വരികയായിരുന്നു.''
അവന്‍ കയ്യില്‍ കരുതിയ ഉയരം കുറഞ്ഞ സ്റ്റൂളെടുത്ത് മരിയാനയ്ക്ക് കാലുവിരിച്ചിരിക്കാന്‍ പാകത്തിന് തറയില്‍വെച്ചുകൊടുത്തു.

''കണ്ടത് ഭാഗ്യമായി, ഇന്ന് രാത്രി ഞങ്ങള്‍ തിരിച്ചുപോവുകയാണ്.''
''എന്തേ?'' മരിയാന വയറുതാങ്ങിക്കൊണ്ട് എഴുന്നേറ്റു.
''വാര്‍ത്ത കണ്ടില്ലേ? ഞങ്ങളുടെ രാഷ്ട്രപതി സമോര മാഷലിന്റെ വിമാനം ഇന്നലെ സൗത്താഫ്രിക്കയ്ക്ക് മുകളില്‍ വെച്ച് അപ്രത്യക്ഷമായി. രാജ്യത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കുകയാണ്, അതിര്‍ത്തി കടന്നുപോയവരൊക്കെ നാളെ രാത്രിക്കുള്ളില്‍ തിരിച്ചെത്തണം!'' 
മരിയാന കണ്ണുകളടച്ച് അവന്റെ കയ്യില്‍ മുറുകെപിടിച്ചു. അവന്‍ ചിരിച്ചു, പിന്നെ ഇരുട്ട് വീണുകിടക്കുന്ന മൈതാനത്തിലേക്ക് നോക്കിനിന്നു. പതിയെ അവന്റെ കണ്ണുകള്‍ നിറഞ്ഞുവന്നു, ''മനുഷ്യരും വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന ഇടുങ്ങിയ ഇടവഴികളില്‍ കളിച്ചാണ് ഞങ്ങള്‍ക്കൊക്കെ ശീലം. ഇതുപോലെ തുറസ്സായൊരു മൈതാനം ഞങ്ങളില്‍ പലരും ജീവിതത്തില്‍ ആദ്യമായി കാണുന്നത് കഴിഞ്ഞ വര്‍ഷം ഫെഡറേഷന്‍ നടത്തിയ സെലക്ഷന്‍ ക്യാമ്പിലാണ്.''
പൊടുന്നനെ സ്റ്റേഡിയത്തിലെ വിളക്കുകള്‍ ഓരോന്നായി മിന്നിത്തുടങ്ങി.  
''സമയമായി, ചെല്ലട്ടെ.''
അവനെന്നെ ചേര്‍ത്തുപിടിച്ചു, പിന്നെ മൈതാനത്തിന്റെ അതിര്‍ത്തിയിലിട്ട റോപ്പിനോട് ചേര്‍ന്നു നടന്നുപോയി. 

ഗ്രീന്റൂമില്‍നിന്നും ഗോവയുടെ താരങ്ങള്‍ ഇറങ്ങിവന്നുതുടങ്ങി. ആരാധകര്‍ ഓരോരുത്തരേയും പേര് വിളിച്ച് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഗോള്‍ക്കീപ്പറുടെ വേഷം ധരിച്ച ഈസയാണ് മുന്നില്‍ നടന്നത്, അവനു പിന്നിലായി മൊസാമ്പിക്കിന്റെ കൂറ്റന്‍ ശരീരവും ഇരുണ്ടനിറവുമുള്ള കളിക്കാര്‍ ഇറങ്ങിവന്നു. സ്റ്റേഡിയം പൊടുന്നനെ നിശ്ശബ്ദമായി. അവര്‍ കയ്യുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ചിലയിടങ്ങളില്‍നിന്നും കൂവലുകള്‍ ഉയര്‍ന്നു. ഈസ കാണുന്നുണ്ടെന്ന തോന്നലില്‍ മരിയാന ആവേശത്തോടെ ആവുന്നത്ര ഉറക്കെ അവന്റെ പേര് വിളിച്ചു. 

കളി തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ ഇരുന്നിടത്തെ കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നതിന്റെ കാരണം പിടികിട്ടുന്നത്. ഇവിടെയിരുന്നാല്‍ ഒരു പൊട്ടുപോലെ അകലെ നടക്കുന്ന കളിയുടെ അനക്കം അറിയാമെന്നേയുള്ളൂ. മരിയാന ആയിരുപ്പില്‍ കുറച്ചുനേരം ഉറങ്ങിയെന്നു തോന്നുന്നു. 

ആദ്യപകുതിയിലെ കളി പൂര്‍ണ്ണമായും മൊസാമ്പിക്കിന്റെ ഗോള്‍പോസ്റ്റിനരികിലായിരുന്നു. എങ്കിലും ഒരു ഗോളുണ്ടായില്ല. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെ ഞങ്ങളിരുന്നിടത്തെ ഫ്‌ലഡ്ലൈറ്റ് കെട്ടുപോയി. അതോടെ അല്പമെന്തെങ്കിലും കണ്ടിരുന്നതുകൂടി അവസാനിച്ചു. ഈസ പോസ്റ്റില്‍ നിറഞ്ഞുനിന്ന് ശ്രദ്ധയോടെ പാസുകള്‍ നല്‍കി പതിയെ കളി തിരിച്ചുപിടിച്ചു തുടങ്ങിയിരുന്നു. അതിനിടയിലാണ് എണ്‍പത്തിയഞ്ചാം മിനിറ്റില്‍ അവര്‍ക്കൊരു ഫ്രീക്കിക്ക് കിട്ടുന്നത്. അതെടുക്കാന്‍ മൈതാനത്തിന്റെ അതിരില്‍നിന്നും ഈസ ഓടിക്കിതച്ചുവന്നു. കിക്കെടുക്കുന്നതിനു മുന്‍പ് കളിയായി ഗാലറിയില്‍ നോക്കി അവന്‍ അനുവാദം ചോദിച്ചു. പൊടുന്നനെ ആളുകള്‍ക്കിടയില്‍നിന്നും വലിയ ആരവമുയര്‍ന്നു. അതിനവന്‍ തലകുനിച്ച് കൃതാര്‍ത്ഥതയോടെ ചിരിച്ചു. പതിയെ അവന്റേതെന്നു തോന്നിച്ച ഒരു ദിവസം രൂപപ്പെടുകയായിരുന്നു. അവന്‍ ഓടിവന്ന് ശ്രദ്ധയോടെ പന്തില്‍ കാലുതൊട്ടു. മിഡ്ഫീല്‍ഡില്‍ നിന്നും പുറത്തേക്ക് ഓടിത്തുടങ്ങിയ റെബെലോയെ ലക്ഷ്യംവെച്ചാവണം അവനാ കിക്ക് തൊടുത്തത് എന്നു തോന്നുന്നു. റെബെലോയ്ക്ക് കാലില്‍ കിട്ടിയിരുന്നെങ്കില്‍ ഒരു മിനിറ്റുകൊണ്ടത് പോസ്റ്റില്‍ ഫിനിഷ് ചെയ്യുമായിരുന്നു. എന്നാല്‍, ഈസയുടെ കാല്‍ത്തുമ്പിലുരഞ്ഞ പന്ത് ഒരു നിമിഷത്തേക്ക് മൈതാനത്തില്‍നിന്നും അപ്രത്യക്ഷമായി! അടുത്ത നിമിഷം ആ പന്ത് ഈസയുടെ മുന്നിലെ പുല്‍ത്തകിടിയില്‍ വീണ് അലക്ഷ്യമായി കറങ്ങിക്കൊണ്ടിരിക്കുന്നു. അവനാ നിമിഷം പതറിപ്പോയിരിക്കണം. ആ നേരംകൊണ്ട് ഗോവയുടെ നാരായണ്‍ സലാസ്‌കര്‍ പതിയെ നടന്നുവന്ന് പന്ത് മൊസാമ്പിക്കിന്റെ പോസ്റ്റിലേക്ക് തട്ടിയിട്ടിട്ടു പോയി. എനിക്ക് കണ്ണ് കടയുന്നതുപോലെ തോന്നി. ഞാന്‍ താഴത്തെ വരിയിലിരുന്ന മരിയാനയെ നോക്കി, അവള്‍ കണ്ണടച്ച് മുഖംപൊത്തി കരയുകയായിരുന്നു.

''മോളെ, സാരമില്ല'' ഞാനവളെ തൊട്ടു. അവളെന്റെ കൈപിടിച്ച് സ്റ്റൂളിനുമുകളില്‍ വെച്ച ഇടതുകാലിന്റെ മടമ്പില്‍ തൊടുവിച്ചു: ''ഇവിടെ വേദനിക്കുന്നു.'' അവളുടെ കാലിന്റെ മടമ്പുയര്‍ത്തി വെളിച്ചത്തിലേക്ക് പിടിച്ച് നോക്കിയിട്ടും അവിടെ വിശേഷിച്ചൊന്നും കണ്ടില്ല. 
''ഇങ്ങനെ ഒറ്റയിരിപ്പ് ഇരുന്നതിന്റെയാവും'' ഞാനവളുടെ കവിളില്‍ തൊട്ടു, ''വാ, കളി കഴിഞ്ഞാല്‍ പിന്നെ തിരക്കാവും. അതിനുമുന്‍പ് നമുക്കിറങ്ങാം.''
അവള്‍ വേദന സഹിച്ച് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു, കാലുവിറക്കുന്നുവെന്ന് തോന്നിയപ്പോള്‍ കണ്ണടച്ചുകൊണ്ടു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ഞങ്ങള്‍ 'എക്‌സിറ്റ്' എന്നെഴുതിയ ചുവന്നവെളിച്ചം നോക്കി സാവധാനം പടികള്‍ കയറി. 


സ്റ്റേഡിയത്തിന്റെ വെളിച്ചങ്ങള്‍ ഓരോന്നായി ചിമ്മിത്തുടങ്ങി. വെളുത്ത ചായമടിച്ച ഫെഡറേഷന്റെ കെട്ടിടം കടന്നുപോകുമ്പോള്‍ സീറ്റ്ബെല്‍റ്റ് അഴിച്ച് വയറുതാങ്ങി മുന്നോട്ടാഞ്ഞ് മരിയാന എന്റെ ചെവിയില്‍ പറഞ്ഞു: ''എന്നാലും ഒരു നിമിഷത്തേക്ക് ആ പന്ത് എവിടെയാവും പോയത് ?''
ഞാനവളെ സൂക്ഷിച്ചു നോക്കി, ആ തണുപ്പിലും അവളുടെ മുഖത്ത് വിയര്‍പ്പുതുള്ളികള്‍ തെളിഞ്ഞു വരുന്നുണ്ടായിരുന്നു. ഈസയടിച്ച പന്ത് ഒരു നിമിഷം കാഴ്ചയില്‍നിന്നും നഷ്ടപ്പെട്ടു എന്നെനിക്കും തോന്നിയിരുന്നു, ഒരുപക്ഷേ, ആ നേരത്ത് എന്റെ നോട്ടം പാളിയതാകാം. ഏതായാലും ഈയൊരു അവസ്ഥയില്‍ അവളെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കേണ്ട എന്നു തോന്നി, ''എവിടെയും പോയില്ല മരിയാ, നിനക്ക് തോന്നിയതാവും.'' 
''ഹേയ് അതല്ല! ഈസയുടെ തൊട്ട് നിന്ന കളിക്കാര്‍ അവനാ കിക്കെടുത്തതും ചുറ്റുമുള്ള ആകാശത്തേക്ക് നോക്കി അതിശയിച്ച് നിന്നിരുന്നു.''
''ആ ഇരുട്ടില്‍ അത്രയ്‌ക്കൊക്കെ നീ കാണുന്നുണ്ടായിരുന്നോ?''
എനിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു. അവള്‍ കണ്ണുനിറച്ചുകൊണ്ട് പാലത്തിന്റെ നിഴല്‍ വീണുകിടന്ന ഇരുണ്ട വഴിയോരത്തേക്ക് നോക്കിയിരുന്നു. 

അന്ന് രാത്രി മരിയാനയ്ക്ക് വേദന തുടങ്ങി. ലേബര്‍ റൂമിലേക്ക് കയറാനുള്ള വസ്ത്രം ധരിച്ച് ആശുപത്രിമുറിയില്‍ കാത്തിരിക്കുമ്പോള്‍ അവള്‍ എന്റെ കയ്യില്‍ തൊട്ടു, 
''ഞാന്‍ പറഞ്ഞോട്ടെ?''
നേരം തെറ്റി ഉറങ്ങിയതുകൊണ്ടാവണം, അവളുടെ കണ്ണുകള്‍ ചീര്‍ത്തുവന്നിരുന്നു. ഞാനവളുടെ നെറ്റിയില്‍ സ്‌നേഹത്തോടെ തലോടി.

''ഇന്നലെ വീട്ടില്‍ വന്നപ്പോള്‍ ഈസ പറയുകയായിരുന്നു, ഈയിടെ കിക്കെടുക്കുമ്പോള്‍ കാലിന്റെ തുമ്പുകൊണ്ട് പന്തിന്റെ അരികില്‍ ശക്തമായി ഉരസും; പന്ത് അന്നേരംതന്നെ വേഗത്തില്‍ കറങ്ങി ആകാശത്തു കയറും; പിന്നെയത് എവിടെയാ ചെന്നുവീഴുന്നേന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ലാന്ന്.''
ഞരമ്പുകള്‍ തെളിഞ്ഞു തുടങ്ങിയ അവളുടെ വയറില്‍ ഞാന്‍ സ്‌നേഹത്തോടെ കൈവെച്ചു. 
''മരിയാ, നിനക്ക് പേടിയുണ്ടോ?''
അവളെന്റെ കണ്ണിലേക്ക് നോക്കി: ''ഇപ്പോഴില്ല'', പിന്നെ ഗൗരവത്തില്‍ തുടര്‍ന്നു: ''ഒരുപക്ഷെ, ഇന്ന് കളിക്കിടയില്‍ പറ്റിയതും അതുതന്നെയാവും. ഈസ അടിച്ച പന്ത് അന്തരീക്ഷത്തിലൂടെ തെന്നിത്തെന്നി മൈതാനം കറങ്ങിവന്ന് അവന്റെ മുന്നില്‍ ചെന്നു വീണതാവും.''
അത് പറഞ്ഞുകഴിഞ്ഞപ്പോള്‍ മരിയാനയുടെ മുഖത്ത് വലിയൊരു ഭാരം ഇറങ്ങിയതിന്റെ ആശ്വാസമുണ്ടായിരുന്നു. അവളെന്നെ സമാധാനത്തോടെ നോക്കി. മരിയാനയ്ക്ക് ഈസയാ കിക്ക് കാലില്‍ നേരെ കൊള്ളിക്കാതെ നഷ്ടപ്പെടുത്തിക്കളഞ്ഞതാണ് എന്നൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലായിരിക്കും. തന്റെ ഏറ്റവുമടുത്ത ആള്‍ക്കുപോലും നിസ്സാരമെന്നു തോന്നാവുന്ന ചില വിശ്വാസങ്ങളില്‍ മുറുകെപിടിച്ചാണ് പലപ്പോഴും മനുഷ്യര്‍ ജീവിച്ചുപോകുന്നത്. എനിക്കവളോട് പാവം തോന്നി, ഞാന്‍ വാത്സല്യത്തോടെ അവളുടെ നെറ്റിയില്‍ ചുണ്ടുചേര്‍ത്തു.  


ഞായറാഴ്ചയാണ്, കാലത്തുതന്നെ സെമിത്തേരിപ്പറമ്പിലേക്ക് കയറി കല്ലറകള്‍ക്കിടയില്‍ നീളന്‍പുല്ലുകള്‍ മൂടിയ സിമന്റുപടവിലിരുന്ന് സാവിയോയ്ക്കും മരിയാനയ്ക്കും ഒരു കഥ വായിച്ചു കൊടുത്തു. പിന്നെ കുറച്ചുനേരം ചാപ്പലില്‍ പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ മുന്നിലെ ഷട്ടര്‍ക്കൊളുത്തില്‍ കിടന്നാടിയിരുന്ന ചാരനിറമുള്ള ആ പഴയ ക്രിസ്തുമസ് നക്ഷത്രം അതിന്റെ ചിറകുകളിലടിഞ്ഞ തുരുമ്പ് തരികളുടെ ഭാരം താങ്ങാനാവാതെ നിലത്തുവീണ് ചിതറിക്കിടക്കുന്നത് കണ്ടു. തളംകെട്ടിയ കടുംചോര നിറമുള്ള തുരുമ്പ് തരികള്‍ക്കിടയില്‍ ചിന്നിയ നെഞ്ചിന്‍കൂടുമായി കിടന്ന നക്ഷത്രം കണ്ടപ്പോള്‍ എനിക്ക് മരിയാന മരിച്ചുപോയ ആ വൈകുന്നേരം ഓര്‍മ്മവന്നു.  

പനിക്കുന്നുണ്ടെന്നു തോന്നി. കിടന്നപ്പോള്‍ കുറച്ചുനേരം അറിയാതെ മയങ്ങിപ്പോയി. പിന്നീടെപ്പോഴോ ഉണര്‍ന്നപ്പോള്‍ പൊടുന്നനെ സാവിയോ മരിയാനയെ ചായമടിക്കാന്‍ ഏല്പിച്ചുപോയ ആ ശലഭത്തിന്റെ ചിത്രത്തിനെക്കുറിച്ച് ഓര്‍മ്മവന്നു. മരിയാന പോകുന്നതിനു മുന്‍പ് അത് ചെയ്തുവെക്കാന്‍ വിട്ടുപോയിരുന്നു എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, സാവിയോയുടെ പിഞ്ഞിത്തുടങ്ങിയ ബാഗ് തുറന്നപ്പോള്‍ ഇളം ചാരനിറമുള്ള ചിറകുകള്‍ വിരിച്ചുനില്‍ക്കുന്ന ശലഭത്തിന്റെ ചിത്രമാണ് ഞാന്‍ കണ്ടത്. ആ ചിത്രത്തിന്റെ മറുവശത്ത് അതേ പെന്‍സിലുകൊണ്ട് മരിയാന എനിക്കുവേണ്ടി എഴുതിയിട്ട വരികളും ഉണ്ടായിരുന്നു.   

''ക്ലിന്റ്,
ഞാന്‍ നിനക്ക് എന്നെങ്കിലും ഒരു കത്തെഴുതും എന്നൊരിക്കലും കരുതിയതല്ല. തിരക്കുപിടിച്ചാണ് ഇതെഴുതുന്നത്. നീ മടങ്ങിയെത്തുന്നതിനു മുന്‍പ് എല്ലാം തീരണമല്ലോ.

നീ നടക്കാന്‍ പോയതിനുശേഷം ആ ഇടതുകാലിന്റെ മടമ്പിലുള്ള വേദന തിരിച്ചുവന്നു, ഇപ്പോഴിതാ ഈസ എന്നോട് സംസാരിച്ചുകൊണ്ടിരിക്കുന്നു. ഇത്തവണ ഞാന്‍ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല ക്ലിന്റ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കളി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആ സ്റ്റേഡിയത്തില്‍ വെച്ചാണ് ഈസ ഇതുപോലെ എന്നോട് ആദ്യമായി സംസാരിച്ചു തുടങ്ങുന്നത്. എന്നാലും ഞാന്‍ കിക്ക് ചെയ്ത പന്ത് ഒരു നിമിഷത്തേക്ക് എവിടെയാവും അപ്രത്യക്ഷമായത്? എന്നവനെന്നോട് ചോദിച്ചു. ഞാനത് വീട്ടിലേക്ക് തിരിച്ചുപോരുന്ന വണ്ടിയില്‍വെച്ച് നിന്നോട് ചോദിച്ചത് ഓര്‍ക്കുന്നുണ്ടോ. അതിനു നീ പറഞ്ഞ മറുപടി കേട്ട് ഈസ നിരാശയോടെ കാറിന്റെ ജനലിലൂടെ പുറത്തുനോക്കിയിരുന്നു. 

പിന്നെ വണ്ടി ആശുപത്രിയില്‍ എത്തുന്നതുവരെ തന്റെ കാലില്‍ തട്ടി പറന്നുപോയ പന്ത് അടുത്ത നിമിഷം നേരെ മുന്നില്‍ തിരിച്ചുവന്നു വീണപ്പോള്‍ ഉണ്ടായ നടുക്കത്തെപ്പറ്റി അവനെന്നോട് പറഞ്ഞുകൊണ്ടിരുന്നു. ലേബര്‍ മുറിയിലേക്ക് പോകാന്‍ സ്ട്രെച്ചറിന് കാത്തിരിക്കുമ്പോഴാണ് അവന്‍ ആ ചോദ്യത്തിന്റെ ഉത്തരം എനിക്ക് പറഞ്ഞുതരുന്നത്. ഓര്‍ക്കുന്നുണ്ടോ, ഞാനത് പറഞ്ഞപ്പോള്‍ നീയെന്നെ ചേര്‍ത്തുപിടിച്ചു, നെറ്റിയില്‍ ഉമ്മവച്ചു. എനിക്കത് മതിയായിരുന്നു ക്ലിന്റ്, ഞാനങ്ങനെ ജീവിച്ചുപോയേനെ. പതിയെ പതിയെ ഈസ എന്നോട് മിണ്ടാതെയായി, അവന്‍ ചോദിച്ച ചോദ്യം തന്നെ ഞാന്‍ മറന്നുപോയി. 

ഇനി ഇന്ന് വൈകുന്നേരം നടന്നത് പറയാം: ഒരു സാധാരണ മനുഷ്യന്‍ കിക്ക് ചെയ്യുന്ന പന്ത് ഒരു കാരണവശാലും അന്തരീക്ഷത്തില്‍ കറങ്ങി അയാളുടെതന്നെ കാല്‍ക്കല്‍ വന്നു വീഴുകയില്ല എന്നു ടിവിയില്‍നിന്നും കേട്ടപ്പോള്‍ പെട്ടെന്ന് ഞാന്‍ ഈസയെ ഓര്‍ത്തുപോയി. അത്രയും നാളുകൊണ്ട് അന്നത്തേയാ സംഭവത്തിനെക്കുറിച്ച് അവന്‍ മനസ്സിലാക്കിവെച്ചതൊക്കെ തെറ്റായിരുന്നു എന്നോര്‍ത്തപ്പോള്‍ എനിക്കവനോട് പാവം തോന്നി. മഞ്ഞുമൂടിയ തടാകത്തിന്റെ പ്രതലം പോലെ നിശ്ചലമായിക്കിടന്ന മനസ്സ് പതിയെ ഓളംവെട്ടിത്തുടങ്ങിയിരുന്നു. പൊടുന്നനെ എന്റെ ഇടതുകാലിന്റെ മടമ്പ് വേദനിച്ചു തുടങ്ങി. അന്ന് ഈസയുടെ മത്സരം കണ്ടുകൊണ്ടിരുന്നപ്പോള്‍ സ്റ്റേഡിയത്തില്‍വെച്ചാണ് അങ്ങനെയൊരു വേദന എനിക്ക് ആദ്യമായി ഉണ്ടാവുന്നത്. അന്നേരം ഞാന്‍ പാതിമയക്കത്തിലായിരുന്നു, ഗര്‍ഭകാല മരുന്നുകള്‍ മനുഷ്യനെ വല്ലാതെ നശിപ്പിച്ചുകളയും. പക്ഷേ, ഇപ്പോഴെനിക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുണ്ട്, ഈസയുടെ കാലില്‍നിന്നും പുറപ്പെട്ട് അകലെയൊരു മെഴുകുപാടപോലെ ഇളകിക്കൊണ്ടിരുന്ന പന്ത് പൊടുന്നനെ എന്റെയടുത്തേക്ക് പാറിവന്നത്, ഒരു നൊടിയില്‍ അതെന്റെ ഇടതുകാലിന്റെ മടമ്പില്‍ തട്ടി ദിശമാറി തിരിച്ചുപോയത്. മൈതാനത്തെ ചളിയില്‍ കുതിര്‍ന്ന ആ പന്തിന്റെ റബ്ബര്‍മണംപോലും ഇപ്പോഴെനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയും!

ആഹ്, ഞാനെന്തൊക്കെയോ എഴുതിപ്പോകുന്നു ക്ലിന്റ്, എന്റെ ചിന്തകള്‍ പാളിത്തുടങ്ങിയിരിക്കുന്നു. തുറമുഖത്തെ ജോലിക്കിടയില്‍ ഞാന്‍ കണ്ടിട്ടുണ്ട്, പ്രവര്‍ത്തനം നിലച്ച് നിശ്ചലമായ കപ്പല്‍ പൊളിക്കുന്നതിനു മുന്‍പ് കടലിലിറക്കി അതിന്റെ അപ്പോഴും പുത്തനായിരിക്കുന്ന ഭാഗത്തൊക്കെ കത്തികൊണ്ട് വെറുതെ വരഞ്ഞിടുന്നത്. നമ്മളതിശയിച്ചു പോകും, ഒരു ദിവസംകൊണ്ട് ആ കീറലുകള്‍ക്കു ചുറ്റും തുരുമ്പിന്റെ ഭൂഖണ്ഡങ്ങള്‍ രൂപപ്പെടും. പിന്നെ പൊടുന്നനെയൊരു ദിവസം നോക്കുമ്പോള്‍ ആ കപ്പല്‍ മുഴുവനായും തുരുമ്പെടുത്ത് ദ്രവിച്ചു കഴിഞ്ഞിരിക്കും. തുരുമ്പുകയറാന്‍ പാകത്തില്‍ എന്റെ ചിന്തകളെ ആദ്യമായി വരഞ്ഞിട്ടുപോയ സംഭവം എന്താകും എന്നോര്‍ക്കുകയാണ് ഇപ്പോള്‍. എനിക്ക് ശരിക്ക് ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല ക്ലിന്റ്. എങ്കിലും റോബര്‍ട്ടോ കാര്‍ലോസ് ഇന്നിങ്ങനെയൊരു ഗോള്‍ നേടിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഞാന്‍ കുറച്ചുകാലം കൂടി ജീവിച്ചിരുന്നേനെ!

കുന്തംതറച്ച് ചൊരിമണലില്‍ വന്നടിഞ്ഞുകിടക്കുന്ന കൂറ്റന്‍ സ്രാവിനെ കാണുമ്പോഴാണ് ബാല്യത്തില്‍ താനേറ്റവും സന്തോഷിച്ചിട്ടുള്ളത് എന്ന് ഈസ എന്റെ ചെവിക്കരികില്‍ ഇരുന്നു പറയുന്നു. എനിക്കീ നിമിഷം അവനതുപോലെ ചിരിച്ചുകാണാന്‍ കൊതിതോന്നുന്നു ക്ലിന്റ്. ഉള്‍ക്കടലില്‍നിന്നും തെറ്റിയെടുത്ത ഒരു കൂറ്റന്‍ മത്സ്യമായി ഞാന്‍ നെഞ്ചില്‍ കുന്തം തറഞ്ഞ് ചോരവാര്‍ന്നു കിടക്കുന്നത് ഇപ്പോള്‍ സ്വപ്നം കാണുന്നു.   

ആ അതുപോട്ടെ, ഇനി ഞാന്‍ ഒരിക്കലും നിന്നോട് നേരിട്ട് പറയാനിടയില്ലാത്ത ഒരു കാര്യം പറയട്ടെ: നിന്നെ ചാരിനിന്നാണ് ഞാനിത്രയും കാലം ജീവിച്ചുപോന്നത്. മറ്റൊന്നിനേയും മറ്റാരേയും ഞാന്‍ ഇത്രയും തീവ്രമായി സ്‌നേഹിച്ചിട്ടില്ല. നിന്നോടിത് പറയുമ്പോള്‍ എനിക്കൊരു പ്രതീക്ഷയൊക്കെ തോന്നുന്നു ക്ലിന്റ്, ചിലപ്പോള്‍ ഈ കത്തെഴുതി കഴിയുന്നതോടെ മരിക്കാനുള്ള തോന്നല്‍ അവസാനിക്കുമെന്നും നീ നടത്തം കഴിഞ്ഞുവരുന്നതും കാത്ത് ഞാന്‍ വീണ്ടും നമ്മുടെ കിടക്കയില്‍ത്തന്നെ വന്ന് കിടക്കുമെന്നും ഇപ്പോള്‍ തോന്നുന്നുണ്ട്.
അതെ, അങ്ങനെയേ ഉണ്ടാവൂ.

കത്ത് മടക്കിവെച്ചു. നെഞ്ച് വല്ലാതെ മിടിക്കുന്നുണ്ട്, കണ്ണ് കടയുന്നു. മുഖത്തെ രോമങ്ങളില്‍ തങ്ങിനില്‍ക്കുന്ന കണ്ണീര്‍ തുടയ്ക്കാന്‍ തോന്നിയില്ല. ആ കത്ത് ചെറിയ കഷണങ്ങളായി കീറി കൈക്കുമ്പിളില്‍ നിറച്ച് നിരത്തിലേക്ക് തുറക്കുന്ന ജനലിനരികിലേക്ക് പിടിച്ചു. അകത്തേക്ക് വീശുന്ന തണുത്ത കാറ്റില്‍ ലയിച്ച് ആ കടലാസുകഷണങ്ങള്‍ മുറിയിലാകെ പരന്നു. പതിയെ അവയ്ക്ക് ജീവന്‍ വെച്ചു. ഞങ്ങളുടെ കിടപ്പുമുറിയില്‍ ചാരനിറമുള്ള ചിത്രശലഭങ്ങള്‍ ചിറകടിച്ചു പാറിത്തുടങ്ങി. 
---
1 മാതാവേ, ഈ കക്കരിക്കാ സ്വീകരിക്കുമോ, എനിക്കൊരു പൊന്നു മോളെ തരുമോ!
2 പാതിരി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ