'ചിത്തിരത്തോണി'- ധന്യാരാജ് എഴുതിയ കഥ

കോട്ടപ്പുറം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത് മടങ്ങിവരുന്ന വഴിയില്‍ ഞങ്ങള്‍ നാലുപേരും അവരവരുടെ ലോകത്തായിരുന്നു
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
Published on
Updated on

കോട്ടപ്പുറം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത് മടങ്ങിവരുന്ന വഴിയില്‍ ഞങ്ങള്‍ നാലുപേരും അവരവരുടെ ലോകത്തായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ അഞ്ചാമനായ രവി ഞങ്ങളില്‍നിന്നും അകന്ന് ഏറെ പിന്നിലായി നടക്കുന്നുണ്ട്. കുറേക്കാലമായി അവര്‍ വല്ലാത്തൊരകലം സൂക്ഷിക്കുന്നതിനാല്‍ എനിക്കതില്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. രവി ഈ പരിപാടിക്കെത്തിയതുതന്നെ അതിശയമെന്നേ പറയേണ്ടൂ. കോട്ടപ്പുറം എല്‍.പി. സ്‌കൂളിന്റെ പേരില്‍ തുടങ്ങിയ പ്രത്യേക വാട്ട്‌സാപ്പ് കൂട്ടായ്മയിലൂടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിനു ശ്രമം തുടങ്ങിയത് രമേശനാണ്. അവന്റെ ഉത്സാഹം കണ്ടപ്പോള്‍ ഞാനും രാജീവനും വിജയകൃഷ്ണനും ഒപ്പം കൂടി.

ഞങ്ങളുടെ കുഗ്രാമത്തിലെ ഒരേയൊരു സ്‌കൂളായിരുന്നു അത്. വാഹനസൗകര്യം തീരെക്കുറവായിരുന്നതിനാല്‍ സമീപവാസികളായ കുട്ടികള്‍ മാത്രമേ ഇവിടെ പഠിച്ചിരുന്നുള്ളൂ. ഇന്നു പരിപാടിക്കെത്തിയ പൂര്‍വ്വവിദ്യാര്‍ത്ഥികളൊക്കെ ഞങ്ങള്‍ക്ക് മുഖപരിചയമുള്ള നാട്ടുകാരായിരുന്നു. ഏറെക്കാലമായി വിദേശത്തുള്ള ചില ആണുങ്ങളും വിവാഹശേഷം വിദൂര സ്ഥലങ്ങളിലേക്ക് കുടിയേറിയ ചില പെണ്ണുങ്ങളും എത്തിയിരുന്നില്ല. പഠിപ്പിച്ച അദ്ധ്യാപകരില്‍ രണ്ടുപേര്‍ മാത്രമേ വന്നുചേര്‍ന്നുള്ളൂ. ഏറെപ്പേരെയും പ്രായം കീഴടക്കിയിരുന്നു. ഒരാളെ മരണവും.

കൂട്ടായ്മക്കെത്തിയ മുപ്പത്തിയെട്ട് സഹപാഠികളേയും അവരുടെ കുട്ടിരൂപത്തിലേക്കു മാറ്റി സങ്കല്പിക്കുക ദുഷ്‌ക്കരമായിരുന്നു. അതിന് ഒരു ഫേസ്ആപ്പ് തന്നെ വേണ്ടിവരുമെന്ന് പ്രസംഗത്തിനിടയില്‍ ഒരുവന്‍ സൂചിപ്പിച്ചു. ചിതലരിച്ച പഴയ ക്ലാസ്സ്‌ഫോട്ടോ പോലെ പഴയ മുഖങ്ങളും ഓര്‍മ്മയില്‍ മങ്ങിപ്പോയി. കാലമേറുന്തോറും തെളിഞ്ഞുവരുന്നത് മറക്കാനാഗ്രഹിക്കുന്ന ഓര്‍മ്മകള്‍ മാത്രമാണെന്ന് മടക്കയാത്രയില്‍ രമേശന്‍ അഭിപ്രായപ്പെട്ടു. മറക്കാന്‍ എത്രയൊക്കെ ശ്രമിച്ചാലും വീണ്ടും ഓര്‍മ്മിപ്പിക്കുന്ന ചിലരുണ്ടെന്ന് വിജയകൃഷ്ണന്‍ ദുസ്സൂചനകളോടെ പറഞ്ഞത് ഞാന്‍ ശരിവെച്ചു. അവനുദ്ദേശിച്ചത് രവിയെയാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി. രവിയുടെ അകല്‍ച്ച ഞങ്ങളെ എല്ലായ്പോഴും നോവിച്ചു. ചിലപ്പോഴെങ്കിലും അരിശം കൊള്ളിച്ചു.

പെട്ടെന്ന് ''പ്രമോദേ...'' എന്ന് എന്നെ ആരോ വിളിച്ചതായി തോന്നി. ഞാന്‍ സ്വയമറിയാതെ തിരിഞ്ഞുനോക്കി. രവി ഒരു യുവതിയുമായി സംസാരിച്ചുകൊണ്ടു പിന്നിലായി നടന്നു വരുന്നതു കണ്ടു. ഇന്നത്തെ പരിപാടിക്കെത്തിയ സ്ത്രീകളില്‍ ഒരാളാണ് അതെന്ന് ഞാനോര്‍മ്മിച്ചു. ഇതേതു പെണ്ണെന്ന് വിജയകൃഷ്ണന്‍ അമ്പരന്നു. സ്വതവേ അന്തര്‍മുഖനായ രവി ആരോടും-പ്രത്യേകിച്ച് സ്ത്രീകളോട്-അധികം സംസാരിക്കുക പതിവില്ല.

ഞങ്ങളുടെ പഴയ സഹപാഠികളില്‍ ആരാണ് മേല്‍പ്പറഞ്ഞ യുവതിയായി പരിണമിച്ചതെന്ന് ഞങ്ങള്‍ ആശയക്കുഴപ്പത്തിലായി.

''പഠിച്ചിരുന്ന കാലത്ത് രവി പെണ്‍പിള്ളേരുമായിട്ടൊന്നും മിണ്ടാറില്ലായിരുന്നല്ലോ.'' വഴിയുടെ ഒത്ത നടുക്കായി ഇരുപ്പുറപ്പിച്ച ഒരു തവളയെ ഓടിച്ചുവിടുന്നതിനിടയില്‍ വിജയകൃഷ്ണന്‍ പറഞ്ഞു. ''അതെയതെ.'' രാജന്‍ മുണ്ടുമടക്കിയുടുത്തുകൊണ്ടു പറഞ്ഞു. ''പെണ്‍കുട്ടികളില്‍ അവന് ആകെ അടുപ്പം ചിത്തിരയുമായിട്ടായിരുന്നു.''

അപ്രതീക്ഷിതമായി ചിത്തിരയുടെ പേര് ഉച്ചരിച്ചതു കേട്ടപ്പോള്‍ ഞങ്ങള്‍ നിശ്ശബ്ദരായി. അവന്‍ ആ പേര് പറയരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പാടവരമ്പും കടന്ന് ഞങ്ങളുടെ നടത്തം തോടിനു സമീപമെത്തിയിരുന്നു. കലങ്ങിമറിഞ്ഞ് ഒഴുകിയിരുന്ന ആഴമേറിയ തോട് ഇന്നു മെലിഞ്ഞ, ശാന്തരൂപിയായി മാറിയിരുന്നു. എങ്കിലും അതിന്റെ മണ്‍തിട്ടയിലെത്തിയപ്പോള്‍ വഴിമുട്ടിയതുപോലെ ഞങ്ങള്‍ നിന്നുപോയി.

തോടിന്റെയോരത്തുള്ള കാട്ടുചെടികളുടെ പല നിറത്തിലുള്ള പൂക്കള്‍ വെള്ളത്തിലൂടെ സാവധാനം ഒഴുകിവരുന്നതു കണ്ടു. നോക്കിനില്‍ക്കെ വാഴപ്പിണ്ടികള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു ചങ്ങാടം ഞങ്ങളുടെ മുന്‍പിലൂടെ ഒഴുകിവന്നു. ഓളങ്ങളില്‍ ചാഞ്ചാടുന്ന ഒരു കുട്ടവള്ളമാണ് പിന്നീടൊഴുകിയെത്തിയത്. നിറയെ പൂവുകളും കായകളും കൊണ്ടലങ്കരിച്ചത്. കുട്ടയുടെയകത്ത് വാശിക്കാരിയായ ചിത്തിരയെ ഇരുത്തിയിട്ടുണ്ടായിരുന്നു. ഞങ്ങളുടെ ചിത്തിരത്തോണിയെ. ഞാനൊന്നു നെടുവീര്‍പ്പിട്ടു. എന്തൊക്കെപ്പറഞ്ഞാലും ഇന്നത്തെ ദിവസം ഓര്‍മ്മകള്‍ക്കുകൂടി അവകാശപ്പെട്ടതാണ്.
നാലാംക്ലാസ്സുകാരായ ഞങ്ങള്‍ അഞ്ചു പേര്‍ക്കൊപ്പമാണ് ഒന്നാംക്ലാസ്സുകാരിയായ ചിത്തിര സ്‌കൂളില്‍ പോയിരുന്നത്. വഴിയില്‍ തോടും കുറ്റിക്കാടുകളും മറ്റുമുണ്ടെങ്കിലും ഞങ്ങളോടൊപ്പമുള്ള ചിത്തിരയുടെ യാത്ര സുരക്ഷിതമാണെന്ന് അവളുടെ അച്ഛനമ്മമാര്‍ കരുതിയിരിക്കണം. ചിത്തിരയുടെ കുടുംബം ഞങ്ങളുടെ നാട്ടിലെത്തിയിട്ട് അധികം വര്‍ഷങ്ങളായിരുന്നില്ല. അവര്‍ ആരോടും അധികം ഇടപഴകിയതുമില്ല. എന്നാല്‍, ഇതൊന്നും ചിത്തിരയുമായുള്ള ചങ്ങാത്തത്തിന് ഞങ്ങള്‍ക്ക് തടസ്സമായില്ല.

എല്ലാവരോടും പെട്ടെന്നിണങ്ങുന്ന സ്വഭാവമുള്ള ആ കൊച്ചുകുട്ടിയെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഏറെയിഷ്ടമായെങ്കിലും രവിക്കായിരുന്നു അവളോട് ഏറെ സ്‌നേഹം. ചിത്തിരയ്ക്കുള്ളത്ര ഉടുപ്പുകള്‍ ഞങ്ങളുടെ സ്‌കൂളിലെ മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടായിരുന്നില്ല. ചിത്തിരയോളം ഭംഗിയും വേറെയാര്‍ക്കുമില്ലായിരുന്നു. പല നിറങ്ങളിലുള്ള കുഞ്ഞു ഫ്രോക്കുമിട്ട് കുണുങ്ങിനടന്നിരുന്ന ചിത്തിര ഞങ്ങളുടെ വീട്ടിലെ പിടക്കോഴിയെ ഓര്‍മ്മിപ്പിച്ചു.

അയല്‍പക്കക്കാരായ ഞങ്ങള്‍ അവധി ദിവസങ്ങളില്‍ കളിക്കുന്ന കളികളിലെല്ലാം ചിത്തിരയായിരുന്നു സ്ഥിരമായി തോല്‍ക്കാറുണ്ടായിരുന്നത്. അവള്‍ വരുന്നതിനുമുന്‍പ് എല്ലാ കളികളിലും എനിക്കായിരുന്നു അവസാന സ്ഥാനം. പരാജയത്തിന്റെ ഭാരം ഒഴിവായിപ്പോയതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു. ഞങ്ങളുടെ കളികള്‍ മിക്കതും ഞങ്ങള്‍ തന്നെ രൂപപ്പെടുത്തിയതായിരുന്നു. ചിത്തിര വന്നതിനുശേഷമാണ് തോല്‍വികള്‍ തര്‍ക്കവിഷയമേ അല്ലാതായി മാറിയത്. ചില അവസരങ്ങളില്‍ അവളുടെ തോല്‍വി ഒഴിവാക്കാനായി രവി മനപ്പൂര്‍വ്വം തോറ്റുകൊടുത്തിരുന്നത് ഓര്‍മ്മയുണ്ട്. സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടയില്‍ ചിത്തിരയുടെ സ്‌കൂള്‍ബാഗും വാട്ടര്‍ബോട്ടിലും ചുമന്നിരുന്നത് രവിയായിരുന്നു. അതവന്‍ തന്റെ ചുമതലയായി കരുതി.

സ്‌കൂളിലേയ്ക്കു പോകുമ്പോള്‍ വഴിയോരത്തെ ചാമ്പയ്ക്കയും അത്തിപ്പഴവും പേരയ്ക്കയും ഞാവല്‍പ്പഴങ്ങളും പറിക്കുമ്പോഴൊക്കെ രവിയുടെ പങ്ക് ചിത്തിരയ്ക്കു കൂടിയുള്ളതായിരുന്നു. ഒഴിവു ദിവസങ്ങളില്‍ ഞങ്ങള്‍ 'കഞ്ഞിയും കറിയും' വച്ചു കളിക്കുമ്പോഴൊക്കെ ചിത്തിര, രവിയുടെ വീട്ടുകാരിയായെത്തിയിരുന്നുവെന്ന് ഞാന്‍ വര്‍ഷങ്ങള്‍ക്കുശേഷമാണ് ഓര്‍മ്മിച്ചെടുത്തത്. 'വീട്ടുകാരും  വിരുന്നുകാരും' കളിക്കുമ്പോഴും ചിത്തിരയ്ക്കായിരുന്നു രവിയുടെ ഭാര്യാവേഷം. മറ്റുള്ള ഒന്നാംക്ലാസ്സുകാരികളേക്കാള്‍ അഭിനയപാടവവും സാമര്‍ത്ഥ്യവും ചിത്തിരയ്ക്കുണ്ടായിരുന്നെങ്കിലും രവിയൊഴികെ മറ്റാരും അത് വകവെച്ചുകൊടുത്തില്ല.

വിജയകൃഷ്ണന്റെ അച്ഛന്‍ അന്ന് ഞങ്ങളുടെ വീടിനടുത്തായി ഒരു പലവ്യഞ്ജനക്കട നടത്തുകയായിരുന്നു. അവിടന്ന് ഉപേക്ഷിച്ച ഒരു പഴയ ത്രാസ് തപ്പിയെടുത്ത് ഞങ്ങള്‍ 'പലചരക്കു കട' കളിക്കുമ്പോള്‍ പലചരക്കു സാധനങ്ങളായി സങ്കല്‍പ്പിച്ച് ചെമ്പരത്തിപ്പൂവും മൊട്ടും കുനുകുനാ അരിഞ്ഞ് പഴയ പാത്രങ്ങളില്‍ നിറയ്ക്കുന്ന ചിത്തിര ഇപ്പോഴും എന്റെ കണ്‍മുന്നിലുണ്ട്. അന്ന് പലചരക്കു കടക്കാരന്റെ ഭാഗം സ്ഥിരമായി അഭിനയിച്ചിരുന്ന രവി മുതിര്‍ന്നപ്പോള്‍ ഒരു പലചരക്കു കടക്കാരനായി മാറി.

അവധി ദിവസങ്ങള്‍ മൊത്തമായി കളികള്‍ക്കുവേണ്ടി മാറ്റിവയ്ക്കുമായിരുന്നെങ്കിലും അന്ന് കുട്ടികളായ ഞങ്ങളുടെ മനസ്സിനെ കീഴടക്കിയ ഏറ്റവും വലിയ സ്വപ്നം ഒരു തോണി യാത്രയായിരുന്നു. ഞങ്ങളാരും തന്നെ തോണിയില്‍ യാത്ര ചെയ്യുകയോ ഒരു തോണിയില്‍ തൊടുകയോ പോലും ചെയ്തിരുന്നില്ല. തോണിയാത്ര ചെയ്തവരില്‍നിന്നും കിട്ടിയ അതിശയോക്തി നിറഞ്ഞ വര്‍ണ്ണനകള്‍ ഞങ്ങളെ വിഭ്രമിപ്പിച്ചു. നിലയില്ലാക്കയത്തിനു മീതെ ഓളങ്ങളില്‍ ചാഞ്ചാടി ഒഴുകിനീങ്ങുന്ന ഒരു തോണി ഞങ്ങളെ മോഹനിദ്രയിലാഴ്ത്തി. ആ യാത്ര സങ്കല്‍പ്പിച്ചപ്പോഴൊക്കെ ഭയവും ആവേശവും സമാസമം സമ്മേളിച്ച് എന്റെ തൊണ്ടയിലെ വെള്ളം വറ്റി. മുതിര്‍ന്നവരുടെ ജീവിതം കൂടുതല്‍ ദുര്‍വി.സിഘടങ്ങള്‍ നിറഞ്ഞതാണെന്ന് അറിയാമായിരുന്നെങ്കിലും ഒരു തോണിയാത്ര തരപ്പെടുത്താനായി വേണ്ടിവന്നാല്‍ പെട്ടെന്ന് മുതിര്‍ന്നവരാകാന്‍പോലും ഞങ്ങളൊരുക്കമായിരുന്നു.

അന്ന് ദൂരദര്‍ശനില്‍ അപൂര്‍വ്വമായി മാത്രം സംപ്രേഷണം ചെയ്തിരുന്ന മലയാള ചലച്ചിത്രഗാനങ്ങള്‍ കാണാന്‍ രമേശന്റെ വീട്ടിലാണ് ഞങ്ങള്‍ ഒത്തുകൂടാറുണ്ടായിരുന്നത്. നായകനും നായികയും തോണിയാത്ര ചെയ്യുന്ന പാട്ടുരംഗങ്ങള്‍ കണ്ണിമയ്ക്കാതെ നോക്കിനിന്ന് ഞങ്ങള്‍ ആവേശം കൊണ്ടു. നായകന്‍ ഒറ്റയ്ക്ക്, അനായാസമായി തോണി തുഴഞ്ഞുപോകുന്ന രംഗങ്ങളാണ് ഞങ്ങളെ ഏറെ അസൂയപ്പെടുത്തിയത്. ഏകാന്തതയിലാണ് അയാള്‍ക്ക് ഒരു തോണിയാത്രയുടെ മനോഹാരിത പൂര്‍ണ്ണമായും ആസ്വദിക്കാനാകുന്നതെന്നും പെണ്ണും പ്രണയവും അതിനു വിഘാതമാണെന്നും കുഞ്ഞുപ്രായത്തില്‍ ഞങ്ങള്‍ കരുതി. അതേസമയം തന്നെ നിറയെ പൂക്കള്‍ കൊണ്ടലങ്കരിച്ച തോണിയില്‍ നായികാനായകന്മാര്‍ പാട്ടുപാടി പ്രേമിക്കുന്ന രംഗവും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. രമേശന്റെ വീട്ടില്‍ വി.സി. ആറിലിട്ടു കണ്ടിരുന്ന സിനിമകളില്‍ തോണിയാത്ര വരുന്നതും കാത്ത് ഞങ്ങള്‍ അക്ഷമരായി.

''കടവത്തു തോണിയടുത്തപ്പോള്‍ പെണ്ണിന്റെ
കവിളത്തു മഴവില്ലിന്‍ നിഴലാട്ടം'' എന്ന പാട്ട് വിജയകൃഷ്ണനും
''കറുത്ത തോണിക്കാരാ... കടത്തു തോണിക്കാരാ...'' എന്ന പാട്ട് രാജീവനും പ്രിയങ്കരമായി.
രമേശന്‍ ''പുഴയോരത്തില്‍ പൂന്തോണിയെത്തീലാ'' എന്നു മൂളി നടന്നു.
''തങ്കത്തോണി തെന്മലയോരം കണ്ടേ...'' എന്ന പാട്ട് രവിയുടെ മനസ്സിലിടം നേടി. തോണിയും തോണിയാത്രയുമുള്ള എല്ലാ പാട്ടുകളും എനിക്കു പ്രിയപ്പെട്ടതായിരുന്നു.ഏതെന്ന ചോദ്യത്തിന് ഒരേയൊരുത്തരമേ ഉണ്ടായിരുന്നുള്ളൂ.

''ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍
എത്തിടാമോ പെണ്ണേ...'' ആയിരുന്നു അത്.

പാട്ടിന്റേയും വരികളുടേയും അര്‍ത്ഥമറിയാത്ത ചിത്തിര ആ പാട്ട് അവളെക്കുറിച്ചുള്ളതാണെന്നു ധരിച്ചു. ഞങ്ങളത് തിരുത്താന്‍ പോയില്ല. ഞങ്ങളുടെ അറിവില്‍ ചിത്തിര എന്നു പേരുള്ള മറ്റൊരു പെണ്‍കുട്ടി ഉണ്ടായിരുന്നതുമില്ല. സദാസമയവും 'ചിത്തിരത്തോണി' മൂളി നടന്നിരുന്ന അവളെ ഞങ്ങള്‍ 'ചിത്തിരത്തോണി' എന്നു വിളിച്ചുതുടങ്ങി.

ഒരു തോണിയാത്രയ്ക്കായുള്ള ഞങ്ങളുടെ അടങ്ങാത്ത ആഗ്രഹം ഒരു വാഴപ്പിണ്ടിച്ചങ്ങാടമുണ്ടാക്കുന്നതില്‍ കലാശിച്ചു. അതിനുവേണ്ടി വാഴപ്പിണ്ടികള്‍ ശ്രദ്ധയോടെ ചേര്‍ത്തുവെച്ച് കയറുകൊണ്ട് വരിഞ്ഞുകെട്ടിയുണ്ടാക്കിയ ചങ്ങാടം ഒരു മോഹസാഫല്യമായി. നീളമുള്ള ഒരു മടലായിരുന്നു പങ്കായം. വീടിനടുത്തുള്ള ആഴം കുറഞ്ഞ തോടുകളില്‍ ഞങ്ങള്‍ വാഴപ്പിണ്ടിച്ചങ്ങാടത്തില്‍ തുഴഞ്ഞുനീങ്ങി. വെള്ളം ഇരുവശത്തേയ്ക്കും വകഞ്ഞുമാറുമ്പോള്‍ പൊടിമീനുകള്‍ നീന്തലഭ്യസിക്കുന്നതു കാണാമായിരുന്നു. ഒരിക്കല്‍മാത്രം ഒരു നീര്‍ക്കോലി വെള്ളത്തില്‍നിന്നും പെട്ടെന്നു തലയുയര്‍ത്തി എന്നെ പേടിപ്പിച്ചു. അങ്ങനെ വാഴപ്പിണ്ടിച്ചങ്ങാടത്തിലൂടെ ജലസഞ്ചാരത്തിന്റെ അനുഭൂതികള്‍ ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു. എന്നിട്ടും ഞങ്ങളുടെ മനസ്സിന്റെ കടവത്ത് അലംകൃതമായ ഒരു തോണി എല്ലായ്പോഴും ഊഴം കാത്തു കിടന്നു; സിനിമകളില്‍ കാണുന്ന തരത്തിലുള്ളത്.

മറ്റെല്ലാ ഭ്രമങ്ങളും എന്നതുപോലെ ഞങ്ങളുടെ തോണിക്കമ്പവും അവസാനിച്ചത് പൊടുന്നനെയായിരുന്നു. മനസ്സിനെ അത്രമേല്‍ ഇളക്കിമറിച്ച ഒരു സ്വപ്നത്തിനും ഏറെനാള്‍ സ്വപ്നമായി തുടരാനാവില്ലായിരിക്കും. എന്നിരുന്നാലും അതൊരു ദുഃസ്വപ്നമായി പിന്തുടരാന്‍ ആരാണാഗ്രഹിക്കുക? നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ വിധി അങ്ങനെയായിരുന്നു.

പ്രത്യേകതകളൊന്നുമില്ലാത്ത സ്‌കൂള്‍ദിനങ്ങളിലൊന്നായിരുന്നു അത്. സ്‌കൂളിലേക്ക് ആഘോഷമായി തുടങ്ങിയ ഞങ്ങളുടെ യാത്ര തോടിന്റെ അടുത്തെത്തിയപ്പോള്‍ തപ്പിത്തടഞ്ഞു നിന്നു. കുറച്ചുനേരമായി പൊടിഞ്ഞുകൊണ്ടിരുന്ന മഴയെ അവഗണിച്ച് മുന്നോട്ടുള്ള സഞ്ചാരം അസാദ്ധ്യമാണെന്നു തോന്നി. മഴക്കാലമാണെങ്കിലും മഴയുടെ സൂചന തീരെയില്ലാത്ത തെളിഞ്ഞ ദിവസമായിരുന്നു. ചിത്തിര അവളുടെ സെന്റ് ജോര്‍ജ് കുടയുടെ മഴവില്ലഴക് കാട്ടി ഞങ്ങളെ ക്ഷണിച്ചെങ്കിലും അവളുടെ കുടയില്‍ ഇടം തേടുന്നത് കുറച്ചിലാണെന്നുതന്നെ ഞങ്ങള്‍ കരുതി. അവളെ അവഗണിച്ച് ഞങ്ങള്‍ തൊട്ടടുത്തുള്ള വീടിന്റെ ചായ്പിലേയ്ക്ക് ഓടിക്കയറി മഴ കുറയുന്നതു കാത്തുനിന്നു. കുറച്ചുസമയം സംശയിച്ചു നിന്നതിനുശേഷം ചിത്തിര ഞങ്ങളെ അനുഗമിച്ചു.

അനവസരത്തില്‍ കടന്നുവന്ന മഴയെ ശപിച്ചുകൊണ്ട് ഞങ്ങള്‍ ആ വീടിന്റെ പരിസരത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു. അവിടെ ആളനക്കമുള്ളതായി തോന്നിയില്ല. എന്തെങ്കിലും കുസൃതിത്തരങ്ങളൊളിപ്പിക്കാനുള്ള അവസരം കിട്ടുമോ എന്നതായിരുന്നു ആദ്യത്തെ ചിന്ത. അതിനിടയിലാണ് ചായ്പില്‍ ചരിച്ചുവെച്ചിരിക്കുന്ന വലിയൊരു കുട്ട രാജീവന്റെ കണ്ണില്‍പ്പെടുന്നത്.

''ഡാ... പ്രമോദേ... ഓ... കുട്ട... കുട്ടവള്ളം!''
രാജീവനും വിജയകൃഷ്ണനും ഒരുമിച്ചു വിളിച്ചുകൂകി. തലേദിവസം ടി.വിയില്‍ കണ്ട ഗാനരംഗത്തില്‍ പൂക്കള്‍ കൊണ്ടലങ്കരിച്ച ഒരു കുട്ടവള്ളത്തില്‍ നായകന്‍ നായികയെ ഒഴുക്കിവിടുന്ന രംഗം ഞങ്ങള്‍ക്കു മറക്കാന്‍ സമയമായിട്ടില്ലായിരുന്നു. മഴ തോര്‍ന്നു തിരികെപ്പോകുമ്പോള്‍ രമേശന്‍ ഒറ്റച്ചാട്ടത്തിന് കുട്ടയെടുത്തു തലയില്‍വെച്ചു നടന്നുതുടങ്ങി. ചിത്തിര 'ചിത്തിരത്തോണി' പാടി ചുവടുവെച്ചുകൊണ്ട് ഏറ്റവും മുന്നിലായി നടന്നു. പിന്നാലെ ആര്‍പ്പുവിളികളോടെ വരിവരിയായി മറ്റുള്ളവരും.

തോട്ടിന്‍കരയിലെത്തിയപ്പോള്‍ ഞങ്ങളുടെ ഘോഷയാത്ര പെട്ടെന്നു നിന്നു. തോടിനു കുറുകെ വീതികുറഞ്ഞ തടിപ്പാലമുണ്ടെങ്കിലും മഴക്കാലത്തു മാത്രമേ ഞങ്ങള്‍ അതില്‍ കയറാറുള്ളൂ. തോട്ടിലിറങ്ങിക്കയറി മറുകരയെത്തുന്നതായിരുന്നു രസം.

രമേശന്‍ തലയില്‍നിന്നും കുട്ടയിറക്കിവെച്ചു. തലേദിവസം നായകനൊഴുക്കിവിട്ട കുട്ടവള്ളം ഞങ്ങളുടെ കണ്‍മുന്നില്‍ ആടിയുലഞ്ഞു.

''കുട്ടവള്ളത്തില്‍ ആരെയിരുത്തും?'' രമേശന്‍ സംശയിച്ചു.
''ചിത്തിരത്തോണിയെ.'' ഞങ്ങള്‍ മൂവരും ഒരേസ്വരത്തില്‍ പറഞ്ഞു.
''ഏയ്, അതുവേണ്ട.'' രവി തടസ്സം പിടിച്ചു.
''വല്ല കുഴപ്പവും പറ്റിയാല്‍.''
''എനിക്ക് കുട്ടവള്ളത്തില്‍ പോണം.'' ചിത്തിര വാശിപിടിച്ചു. ഞങ്ങളുടെ വാഴപ്പിണ്ടിച്ചങ്ങാടത്തില്‍ കയറ്റാത്തതിന്റെ പിണക്കം അവള്‍ക്കുണ്ടായിരുന്നു. അതൊരു കൊടിയ അനീതിയാണെന്നുതന്നെ അവള്‍ കരുതി. ഞങ്ങള്‍ സംശയിച്ചു നിന്നപ്പോള്‍ ചിത്തിര മഴവില്‍ക്കുട വലിച്ചെറിഞ്ഞു പ്രതിഷേധിച്ചു. ആകാശത്തുനിന്നും പൊട്ടിവീണ മഴവില്‍ത്തുണ്ടുപോലെ തോട്ടിറമ്പത്തെ കാട്ടുചെടികള്‍ക്കിടയില്‍ അതു ശോഭിച്ചു.

പിന്നെ താമസമുണ്ടായില്ല. കാട്ടുചെടികളുടെ മഞ്ഞയും വയലറ്റും നിറമുള്ള പൂവുകളും കായകളും കൊണ്ട് ഞങ്ങള്‍ കുട്ട അലങ്കരിച്ചു. സ്‌കൂളിലെത്താനുള്ള സമയം വൈകിയിരുന്നു.

''പെട്ടെന്ന്...'' ഞാന്‍ തിടുക്കം കൂട്ടി. ഞങ്ങള്‍ ചിത്തിരയെ അനായാസം പൊക്കിയെടുത്ത് കുട്ടയിലിരുത്തി. നീണ്ടൊരു കമ്പെടുത്ത് രാജീവന്‍ അവളുടെ കയ്യില്‍ പിടിപ്പിച്ചു.

''തുഴഞ്ഞു മുന്‍പോട്ടു നീങ്ങണം. ഇന്നലെ സിനിമയില്‍ കണ്ടത് നിനക്കോര്‍മ്മയില്ലേ?'' ചിത്തിര ആവേശത്തോടെ തലയാട്ടി.

ആശങ്കാകുലനായി നിന്ന രവിയോട് തോട്ടിറമ്പത്ത് കുറച്ച് അകലെയായി നില്‍ക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിച്ചു. ചിത്തിര കുട്ടവള്ളവും തുഴഞ്ഞ് മുന്നോട്ടു നീങ്ങി അവിടെയെത്തുമ്പോള്‍ അവളേയും കുട്ടയേയും കരയ്‌ക്കെത്തിക്കാനുള്ള ചുമതലയായിരുന്നു അവന്.

''ചിത്തിരത്തോണിയില്‍ അക്കരപ്പോകാന്‍.'' ഞങ്ങള്‍ ഉറക്കെ പാടി.
''എത്തിടാമോ പെണ്ണേ'' ചിത്തിര പൂരിപ്പിച്ചു.

അവള്‍ കയ്യിലിരുന്ന കമ്പ് വെള്ളത്തിലേക്കു താഴ്ത്തി തുഴയാനാരംഭിച്ചു. തോടിനു പതിവിലുമധികം ഒഴുക്കുണ്ടെന്ന് എനിക്കു തോന്നി. കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്ത മഴ അതിന്റെ വീതി കൂട്ടിയിരുന്നു. അടുത്ത നിമിഷം കുട്ട മറിഞ്ഞ് ചിത്തിര വെള്ളത്തിലേയ്ക്കു തെറിച്ചു വീണു. അവള്‍ ഉറക്കെക്കരഞ്ഞു. ചിത്തിരയെ തോട്ടിറമ്പത്തേയ്ക്കു പിടിച്ചുകയറ്റാന്‍ തോട്ടിലേയ്ക്കിറങ്ങിയ രവിയുടെ കയ്യില്‍നിന്നും അവള്‍ തെറിച്ചുപോയി. കുട്ട ദൂരെയായി ഒഴുകിപ്പോകുന്നതു കാണാമായിരുന്നു. ഞങ്ങള്‍ സ്തംഭിച്ചുനില്‍ക്കവേ നീന്തല്‍ അറിയാത്ത രവി തോട്ടിലേക്കു കുതിച്ചു. ചിത്തിരയും രവിയും വെള്ളത്തില്‍ മുങ്ങിമറഞ്ഞപ്പോള്‍ ഞങ്ങള്‍ നാലുപേരും ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. പിന്നീട് നടന്നതൊന്നും എനിക്കോര്‍മ്മയില്ല. അടുത്ത വയലിറമ്പത്ത് കാലിമേച്ചു നടന്ന പയ്യന്‍ കരച്ചില്‍ കേട്ട് അവിടെയെത്തിയെന്നും ഓടിക്കൂടിയ ആളുകളുടെ ബഹളത്തിനിടയില്‍ അവന്‍ തോട്ടിലേക്കെടുത്തു ചാടി രവിയെ രക്ഷിച്ചെന്നും രണ്ടോ മൂന്നോ പേര്‍ തോട്ടിലിറങ്ങി തിരച്ചില്‍ നടത്തിയതിനുശേഷമാണ് ചിത്തിരയെ കരയ്‌ക്കെത്തിക്കാനായതെന്നും ഞങ്ങളറിഞ്ഞത് പിന്നീടാണ്. ഭയന്നുവിറച്ച ഞങ്ങള്‍ നാലുപേരും ഇതിനോടകം എങ്ങോട്ടെന്നില്ലാതെ ഓടിമറഞ്ഞിരുന്നു. രവിയെ പ്രഥമശുശ്രൂഷ നല്‍കി വിട്ടയച്ചെന്നും ചിത്തിരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമുള്ള വാര്‍ത്ത ഏറെ സമയത്തിനുശേഷം ഞങ്ങളെ തേടിയെത്തി.

എന്താണവിടെ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന ചോദ്യം ഉയര്‍ന്നുവരാതിരുന്നതിനാല്‍ ഞങ്ങളെ ആരും കുറ്റപ്പെടുത്തിയില്ല. എന്തുകൊണ്ടോ രവി ആരോടും ഒന്നും വെളിപ്പെടുത്തിയതുമില്ല. സ്‌കൂളിലേക്കുള്ള യാത്രാമദ്ധ്യേ തോട്ടിലിറങ്ങിയപ്പോള്‍ ചിത്തിര ഒഴുക്കില്‍പ്പെട്ടുപോയെന്നും രവി അവളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നുമാണ് ഞങ്ങളുടേയും ചിത്തിരയുടേയും വീട്ടുകാര്‍പോലും കരുതിയത്. വെളിപ്പെടാത്ത സത്യം വലിയൊരു രഹസ്യമായി ഞങ്ങളെ കുത്തിനോവിച്ചുകൊണ്ടിരുന്നു. ആശുപത്രിയിലായ ചിത്തിരയുടെ സ്ഥിതിയും ഞങ്ങളെ വേദനിപ്പിക്കുന്നതായിരുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് അവള്‍ക്കു ജീവന്‍ തിരിച്ചുകിട്ടിയതെന്ന് മുതിര്‍ന്നവര്‍ പരസ്പരം പറയുന്നതു കേട്ട് ഞങ്ങള്‍ നടുങ്ങി.

നീണ്ട ആശുപത്രിവാസം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ചിത്തിര ഞങ്ങള്‍ക്കപരിചിതയായ മറ്റൊരു കുട്ടിയായി മാറിക്കഴിഞ്ഞിരുന്നു. കളിചിരികളും സംസാരവുമില്ലാതെ അവള്‍ എപ്പോഴും മൗനത്തിലൊളിച്ചു. സ്‌കൂളിലേക്കു പോകാന്‍ ചിത്തിര കൂട്ടാക്കിയില്ല. ഞങ്ങളുടെ പേരു കേള്‍ക്കുമ്പോഴേ അവള്‍ പേടിച്ചു കരയാന്‍ തുടങ്ങി. ചിത്തിരയെ കാണാന്‍ മടിച്ച് ഞങ്ങളവളുടെ വീട്ടിലേക്കു പോയതേയില്ല. ഇടയ്ക്കിടെയുള്ള പനിയും ശ്വാസമുട്ടലും കാരണം അവള്‍ വീണ്ടും ആശുപത്രിയിലായെന്നറിഞ്ഞു. ഈ ദിവസങ്ങളിലാണ് രവി വീണ്ടും സ്‌കൂളിലേയ്ക്കു വരാന്‍ തുടങ്ങിയത്. ആ സംഭവത്തിനുശേഷം രവിയും മറ്റൊരാളായി മാറിക്കഴിഞ്ഞിരുന്നു. പിന്നീടവന്‍ ഞങ്ങള്‍ക്കു മുഖം തന്നതേയില്ല. ചിത്തിരയുടെ അസുഖത്തോടൊപ്പം രവിയുടെ ഭാവമാറ്റവും ഞങ്ങളെ തളര്‍ത്തി. അപ്പോഴും അവന്‍ ആരോടും ഒന്നും തുറന്നു പറയുകയുണ്ടായില്ല. താമസിയാതെ ചിത്തിരയുടെ കുടുംബം ഞങ്ങളുടെ നാട്ടില്‍നിന്നും താമസം മാറിപ്പോയി.

അതിനുശേഷം രവിയുടെ അകല്‍ച്ച പൂര്‍ണ്ണമായി. ഞങ്ങളോടൊപ്പം സ്‌കൂളിലേക്കുള്ള യാത്ര അവന്‍ അവസാനിപ്പിച്ചു. ഞങ്ങളേക്കാള്‍ വളരെ മുന്‍പേ സ്‌കൂളിലെത്തിയിട്ട് അവന്‍ കിണറ്റില്‍കരയിലോ നീണ്ട വരാന്തയിലോ ചെന്നിരിക്കാന്‍ തുടങ്ങി. നേര്‍ക്കുനേര്‍ കണ്ടുമുട്ടിയപ്പോഴൊക്കെ രവിയുടെ കണ്ണുകളിലെ വിദ്വേഷം ഞങ്ങളെ സ്തബ്ധരാക്കി. പഠനത്തില്‍ ഒന്നാമനായിരുന്ന രവി ആ വര്‍ഷം തോറ്റു; തുടര്‍ന്നുള്ള വര്‍ഷങ്ങളിലും. അവന്‍ ഒന്‍പതാംക്ലാസ്സില്‍ പഠിത്തം നിര്‍ത്തി.

പത്താംക്ലാസ്സ് കഴിഞ്ഞതിനുശേഷം ഇന്നാണ് ഞങ്ങള്‍ സ്‌കൂളിലേക്കുള്ള വഴിയിലൂടെ വീണ്ടും നടക്കുന്നത്. മനപ്പൂര്‍വ്വം മറന്നുകളഞ്ഞ വഴിയായിരുന്നു അത്. പതിറ്റാണ്ടുകള്‍ക്കുശേഷവും കാര്യമായ മാറ്റങ്ങളില്ലാത്ത വഴി ഒരുപക്ഷേ, ഇതുമാത്രമായിരിക്കണം. 'പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം' എന്ന ആശയത്തെപ്പറ്റി രമേശന്‍ പറഞ്ഞപ്പോള്‍ തുടക്കത്തില്‍ ഞാനും വിജയകൃഷ്ണനും വലിയ താല്പര്യം കാട്ടിയില്ല. കോളേജ് വിദ്യാര്‍ത്ഥികളുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമങ്ങള്‍ പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമൊക്കെ വാര്‍ത്തയാകുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.

''എന്തു കാര്യത്തിനാണിത് രമേശാ?'' ഞാന്‍ ചോദിച്ചു.

''എല്‍.പി. ക്ലാസ്സിലെ പഴയ കൂട്ടുകാരെ കണ്ടാല്‍ നമുക്കിപ്പോള്‍ തിരിച്ചറിയാന്‍പോലും പറ്റില്ലല്ലോ.''
''അതാണ് ഇതിന്റെ പ്രസക്തി.'' രമേശന്‍ വാദിച്ചു.

''നമ്മള്‍ ക്ഷണിച്ചാല്‍ ആരൊക്കെ കൂട്ടായ്മയിലേയ്ക്ക് എത്തുമെന്നറിയാമല്ലോ.''

രമേശന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം ഇതൊന്നുമല്ലെന്ന് ഉറപ്പായിരുന്നു. രവിയുടെ പ്രതികരണമറിയാനായിരിക്കുമെന്ന് ഞങ്ങള്‍ കരുതി. പക്ഷേ, കോട്ടപ്പുറം ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളില്‍ 1990-1991-ല്‍ പഠിച്ചിരുന്ന എല്ലാ ക്ലാസ്സുകളിലേയും വിദ്യാര്‍ത്ഥികളെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം എന്ന് വാട്ട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും അവന്‍ അറിയിപ്പു കൊടുത്തപ്പോള്‍ ഞങ്ങള്‍ക്ക് ചിലതൊക്കെ വ്യക്തമായി. എന്തിന് നാലു ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെ ആ പരിപാടിക്കു ക്ഷണിക്കുന്നു എന്ന് ചോദ്യം ഞങ്ങള്‍ വിഴുങ്ങി. എല്ലാക്കാലവും അപ്രായോഗികമായ ആശയങ്ങളുടെ വക്താവാണ് രമേശനെന്ന് എനിക്കറിയാമായിരുന്നല്ലോ. പക്ഷേ, അവന്റെ ശുഭാപ്തിവിശ്വാസം അചഞ്ചലമായിരുന്നു.

''വിദ്യാര്‍ത്ഥികളില്‍ മിക്കവരുടേയും ഫോണ്‍നമ്പര്‍ സംഘടിപ്പിക്കാന്‍ പറ്റി.'' കഴിഞ്ഞയാഴ്ച രമേശന്‍ പറഞ്ഞതോര്‍ത്തു.

''തീരെ കണ്ടുകിട്ടാത്ത ചിലരേയുള്ളൂ.''

ഈ പരിപാടി സംഘടിപ്പിക്കാന്‍ തുടക്കത്തില്‍ കാട്ടിയ ആവേശം അവനും നഷ്ടമായതായി തോന്നി. അവന്‍ തേടുന്നത് ചിത്തിരയെയാണോ എന്ന് ഞാന്‍ ചോദിച്ചില്ല.

ഇന്ന്, പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിനുശേഷം മടക്കയാത്രയില്‍ ഞങ്ങളോര്‍ത്തത് രവിയുടെ സാന്നിദ്ധ്യത്തെപ്പറ്റിയാണ്. ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് അവന്‍ പരിപാടിയില്‍ പങ്കെടുത്തു. ഇപ്പോള്‍ ഞങ്ങളുടെ പിറകിലായി ഒരു യുവതിയോടു സംസാരിച്ചുകൊണ്ട് ഉന്മേഷവാനായി നടന്നുവരുന്ന രവിയുടെ ദൃശ്യവും സവിശേഷതയുള്ളതുതന്നെ.

ജംഗ്ഷനില്‍ത്തന്നെയുള്ള അവന്റെ പലചരക്കു കടയില്‍ ചിന്താമഗ്‌നനായിരിക്കുന്ന രവിയെയാണ് മിക്ക ദിവസങ്ങളിലും ഞങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരാറുള്ളത്. പി.എസ്.സി. പരീക്ഷകളില്‍ തുടര്‍ച്ചയായി ഭാഗ്യം പരീക്ഷിച്ച് റാങ്ക് ലിസ്റ്റുകളില്‍ കയറിയും ഇറങ്ങിയും ഞങ്ങള്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ വിവിധ വകുപ്പുകളില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. വിജയകൃഷ്ണന്‍  ടാക്‌സ് കണ്‍സള്‍ട്ടന്റായി നഗരത്തില്‍ സ്വന്തം സ്ഥാപനം തുടങ്ങി.

ഞങ്ങളുടെ കൂട്ടത്തില്‍ ആദ്യം വിവാഹിതനായതും അവനാണ്.

''രവി എന്താ കല്യാണം കഴിക്കാത്തത്?'' വിജയകൃഷ്ണന്‍ ഇടയ്ക്കിടെ എന്നോടു ചോദിക്കും.
''എന്റെ വകയിലെ ഒരമ്മായി കഴിഞ്ഞ വര്‍ഷം രവിക്ക് ഒരു കല്യാണാലോചനയുമായി പോയിരുന്നു.'' രാജീവന്‍ പറഞ്ഞു.
''എന്നിട്ട്?'' മറ്റുള്ളവര്‍ ആകാംക്ഷാഭരിതരായി.
''എന്നിട്ടെന്താ? അവന്‍ അവരെ ഓടിച്ചുവിട്ടു.''
''അവന്‍ എന്തു പറഞ്ഞു?'' ഞാന്‍ ചോദിച്ചു.
''താല്പര്യമില്ലാത്ത കാര്യത്തിന് എന്തിനാ നിര്‍ബ്ബന്ധിക്കുന്നതെന്ന് അവന്‍ അമ്മായിയോടു ചോദിച്ചത്രേ.''
''അതൊരു ഒന്നൊന്നര ചോദ്യമായിപ്പോയല്ലോ?'' ഞാന്‍ പറഞ്ഞു.
''ആലോചനയും ഒന്നൊന്നര ആലോചനയായിരുന്നു.'' രാജീവന്‍ ഓര്‍മ്മിച്ചു.
''നല്ലൊരു പെണ്ണും നൂറു പവനും.''
''പത്തു പാസ്സാകാത്ത അവന് നൂറു പവനോ?'' രമേശന്‍ പരിഹസിച്ചു.
''പെണ്ണിനും പഠിപ്പു കുറവാ.'' രാജീവന്‍ വിശദീകരിച്ചു.
''ഈയിടെയായി രവിക്ക് കുറച്ചു പാര്‍ട്ടി പ്രവര്‍ത്തനമൊക്കെയുണ്ടെന്നു പറയുന്നതു കേട്ടു.'' കുറച്ചു സമയത്തിനുശേഷം വിജയകൃഷ്ണന്‍ പറഞ്ഞു.

''അതു വെറുതെയാ.'' ഞാന്‍ പറഞ്ഞു.
''ഒരു മിനിട്ടുപോലും കടയില്‍നിന്ന് പുറത്തിറങ്ങാത്തവന് എവിടെയാ പാര്‍ട്ടി?''
ആരും ഒന്നും മിണ്ടിയില്ല. ഞങ്ങള്‍ ഒരു വളവു തിരിഞ്ഞു നടന്നുനീങ്ങി.
''ഇന്ന് ചിത്തിര വന്നില്ല.'' രമേശന്‍ നിരാശയോടെ പറഞ്ഞു.
''അവളിപ്പോള്‍ എവിടെയാണെന്നാര്‍ക്കറിയാം?''
''സത്യം പറഞ്ഞാല്‍ അന്ന് കുട്ടികളായിരുന്ന നമ്മള്‍ ഒരു  വികൃതി കാട്ടുകയല്ലേ ചെയ്തുള്ളൂ. മനപ്പൂര്‍വ്വം ഒന്നും ചെയ്തില്ലല്ലോ?''
വിജയകൃഷ്ണന്‍ ന്യായീകരിക്കുന്ന മട്ടില്‍ പറഞ്ഞു.

''അതെ! എന്റെ മൂത്തമോന്‍ ഇപ്പോള്‍ നാലാംക്ലാസ്സിലാ പഠിക്കുന്നത്.'' രാജീവന്‍ പറഞ്ഞു.
''അവന്‍ കാണിക്കാത്ത കുരുത്തക്കേടുകളില്ല.''
'' 'ചിത്തിര' എന്ന പേരാണ് എല്ലാത്തിനും കാരണമായതെന്ന് എനിക്കു തോന്നാറുണ്ട്.'' രമേശന്‍ പറഞ്ഞു.
''ആ നിമിഷത്തിലേക്കെത്താന്‍ വേണ്ടിയാണോ അവള്‍ക്ക് ആ പേരിട്ടത്? അങ്ങനെയെങ്കില്‍ അവള്‍ ജനിച്ചപ്പോഴേ എഴുതിച്ചേര്‍ത്തതാകും ഇങ്ങനെയൊരു മുഹൂര്‍ത്തം.''
നടക്കുന്നതിനിടയില്‍ ഞങ്ങള്‍ നാലുപേരും രവിയേയും ഒപ്പമുള്ള യുവതിയേയും ഊഴമിട്ട് തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ അവള്‍ രവിയോടു യാത്ര പറഞ്ഞിട്ട് ഇടത്തോട്ടുള്ള റോഡിലൂടെ നടക്കുന്നതു കണ്ടു.

''ആ പെണ്ണിനെ മാത്രം പരിചയപ്പെടാന്‍ പറ്റിയില്ല.'' രാജീവന്‍ തിരിഞ്ഞുനോക്കിക്കൊണ്ടു പറഞ്ഞു.
''ഞാനും പരിചയപ്പെട്ടില്ല.'' വിജയകൃഷ്ണന്‍ പറഞ്ഞു.
''അവള്‍ പരിപാടി തുടങ്ങിയതിനുശേഷമാണെത്തിയത്. നമ്മുടെകൂടെ പഠിച്ച പെണ്‍പിള്ളേര്‍ക്കൊന്നും അവളെ അറിഞ്ഞുകൂടെന്നു പറഞ്ഞു.
''നമുക്കറിയാത്ത അവളെ രവിക്കെങ്ങനെ അറിയാം?''
ഞാന്‍ സംശയിച്ചു. ആരും മറുപടി പറഞ്ഞില്ല.
''ഡാ... പ്രമോദേ...'' പിന്നില്‍ നിന്നാരോ വിളിച്ചതുകേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. രവി ഞങ്ങളോട് നില്‍ക്കാന്‍ ആംഗ്യം കാണിച്ചിട്ട് ഓടിവരുന്നതു കണ്ടു. അവന്റെ മുഖത്തെ നിറഞ്ഞ ചിരി ഞങ്ങള്‍ വിസ്മയത്തോടെ കണ്ടു.
''ഇന്ന് ചിത്തിര വന്നിരുന്നു. നിങ്ങള്‍ കണ്ടോ?''
പതിറ്റാണ്ടുകള്‍ക്കുശേഷം രവി ഞങ്ങളോട് സംസാരിച്ചു.
ഞങ്ങള്‍ അവനെ വിശ്വാസം വരാതെ നോക്കി.
''ചിത്തിരയായിരുന്നോ നിന്റെ കൂടെയുണ്ടായിരുന്നത്?''
രാജീവന്‍ ചോദിച്ചു.
''അതെ.'' രവി പറഞ്ഞു.
''അവള്‍ കുടുംബസമേതം കാനഡയിലായിരുന്നു. കഴിഞ്ഞയാഴ്ചയാ നാട്ടിലെത്തിയത്. നിങ്ങളറിഞ്ഞോ അവള്‍ ഒരു എന്‍ജിനീയറായി.''

സന്തോഷവും അഭിമാനവും കൊണ്ട് രവിയുടെ ശബ്ദമിടറി. അവന്‍ ആഹ്ലാദത്തിന്റെ ആള്‍രൂപം പോലെ തോന്നിച്ചു. അപ്പോള്‍ വീശിയടിച്ച കാറ്റില്‍ അവന്റെ മെലിഞ്ഞ ശരീരം ആടിയുലഞ്ഞു. ഭാരം കുറഞ്ഞ ഒരു ബലൂണ്‍പോലെ രവി ആകാശത്തേയ്ക്ക് പൊങ്ങിപ്പോകുമെന്ന് ഞാന്‍ ഭയന്നു.

''നിങ്ങള്‍ ശ്രദ്ധിച്ചോ ചിത്തിരയ്ക്കിപ്പോഴും പഴയ മുഖച്ഛായ തന്നെ. അതേ ചിരിയും സംസാരവും. അവള്‍ നിങ്ങളെയൊക്കെ തിരക്കി.'' രവി സംസാരിച്ചുകൊണ്ടിരുന്നു.

കാലം ഒരു കുട്ടവള്ളത്തിലേറി കറങ്ങിത്തിരിഞ്ഞു വരുന്നതുപോലെ എനിക്കു തോന്നി. ചിത്തിരയുടെ സെന്റ് ജോര്‍ജ് കുടയിലെ മഴവില്ല് അപ്പോള്‍ മാനത്തു വിരിഞ്ഞു.

''ചിത്തിരയെ ഞങ്ങള്‍ക്കൊന്നു കാണാന്‍ പറ്റിയില്ലല്ലോ.'' ഞാന്‍ നഷ്ടബോധത്തോടെ പറഞ്ഞു.
''ചിത്തിര പോയിട്ടില്ല.'' രവി ഉത്സാഹത്തോടെ പറഞ്ഞു.

''അവള്‍ ഇന്നു വൈകിട്ട് നമ്മള്‍ എല്ലാവരേയും കണ്ട് യാത്ര പറഞ്ഞിട്ടേ തിരിച്ചുപോകൂ. അവളുടെ ഭര്‍ത്താവും കുട്ടികളും കൂടെ വന്നിട്ടുണ്ട്.''

ഞങ്ങള്‍ പണ്ടു പാടിയിരുന്ന പാട്ടുകളുടെ താളത്തില്‍ രവി നടന്നുനീങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.