ജില്ലാ ജനറലാശുപത്രിയിലെ പഴയ ഗൈനക്കോളജി വാര്‍ഡിനപ്പുറം കാശിത്തുമ്പയും കമ്യൂണിസ്റ്റ് പച്ചയും തഴച്ച കുറ്റിക്കാടാണ്. വലിച്ചെറിഞ്ഞ ചാപിള്ളപോലെ അഴുകിത്തുടങ്ങിയ തേക്കിലകള്‍... അറുത്തുമാറ്റിയ പുക്കിള്‍ക്കൊടിപോലെ കെട്ടുപിണഞ്ഞ വേരുകള്‍... അവയ്ക്കിടയിലൂടെ അരിച്ചിഴയുന്ന ഒച്ചുകള്‍... പലതരം പ്രാണികള്‍... ആരോ ഉപേക്ഷിച്ചുപോയ നീലക്കോപ്പയ്ക്കുള്ളില്‍ നിറഞ്ഞ മഴവെള്ളത്തില്‍ നീന്തിത്തുടിക്കുന്നുണ്ട് കൂത്താടികള്‍. മഴച്ചാലുകള്‍ ചുവരുകളില്‍ ചിത്രപ്പണികള്‍ ചെയ്ത കെട്ടിടത്തിനുള്ളില്‍ തുരുമ്പിച്ച സ്ട്രെച്ചറുകളും കേടുവന്ന ശസ്ത്രക്രിയാ ഉപകരണങ്ങളും കൂട്ടിയിട്ടിരിക്കുകയാണ്. മൃതിയോളം ചെന്നുമടങ്ങും തരത്തില്‍ പിറവിയിലേക്ക് പെണ്ണുടലുകള്‍ നടത്തിയ അസംഖ്യം യാത്രകളുടെ അലര്‍ച്ചകളെ പുറം ലോകത്തേക്കു കടത്തിവിടാതിരിക്കാന്‍ പാകത്തില്‍ കൊട്ടിയടയ്ക്കപ്പെട്ട ജനല്‍പ്പാളികളില്‍ ചില്ലുകള്‍ അടര്‍ന്നിട്ടുണ്ട്. അതിലൊന്നിലൂടെ പുറത്തേക്ക് തള്ളിനില്‍പ്പുണ്ട് ദ്രവിച്ചടര്‍ന്ന സ്ട്രെച്ചറിന്റെ പിടികളിലൊന്ന്. ചുവരുകളിലൂടെ പടര്‍ന്നുകയറി മേല്‍ക്കൂരമൂടിയ വള്ളിച്ചെടിയില്‍ മരണവിഷാദിയായ വയലറ്റ് പൂക്കള്‍. പേറ്റില്ലത്തിലേക്ക് രംഗബോധമില്ലാതെ കടന്നുചെന്ന നിഷ്ഠുരനായ കോമാളിയെപ്പോലെ അവ വാശിയോടെ വിരിഞ്ഞുവിടര്‍ന്നു. വാര്‍ഡിന്റെ ഇടതു വശത്തുകൂടിയുള്ള വഴി മോര്‍ച്ചറിയിലേക്കുള്ളതാണ്. ജനനത്തില്‍നിന്നും മരണത്തിലേക്കുള്ള ദൂരംപോലെ പായല്‍പ്പച്ച നിറഞ്ഞ വഴുക്കന്‍ വഴി.
രണ്ടു കൂറ്റന്‍ നാട്ടുമാവുകള്‍ക്കിടയിലെ ഒറ്റനിലക്കെട്ടിടമാണ് മോര്‍ച്ചറി. ഇളവെയില്‍ ചൂടേറ്റ് ഓടിന്‍പാളികളില്‍നിന്നു തലേന്നത്തെ മഴ ആത്മാക്കളുടെ നിശ്വാസംപോലെ ആകാശത്തേക്ക് ഉയരുന്നുണ്ട്. ജനല്‍പ്പാളികളില്‍ ഏതോ പ്രേതഭവനത്തിന്റെ നിഗൂഢതപോലെ ഈര്‍പ്പം തിരശ്ശീല തീര്‍ത്തു. അന്നത്തെ ദിവസം മൂന്നു പോസ്റ്റ്മോര്‍ട്ടങ്ങളാണ് അവിടെ നടക്കേണ്ടത്. മോര്‍ച്ചറിയിലെ ശീതീകരണ അറയ്ക്കുള്ളില്‍ എട്ട് ശവശരീരങ്ങള്‍. അതിലേഴും പുരുഷന്മാരാണ്. ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത മൂന്നുപേര്‍. തലേദിവസം രാത്രിയില്‍ ബൈക്കപകടത്തില്‍ മരിച്ച ഇരുപതു വയസ്സുകാരന്‍. ആത്മഹത്യ ചെയ്ത രണ്ട് വൃദ്ധന്മാര്‍. ബാറിനുള്ളിലുണ്ടായ അടിപിടിയില്‍ മരിച്ച മധ്യവയസ്‌കന്‍. എട്ടാമത്തെയാള്‍ പെണ്ണ്... നിത... മുപ്പത്തിരണ്ട് വയസ്സ്... ആദ്യത്തെ പോസ്റ്റ്മോര്‍ട്ടം അവളുടേതാണ്.
മോര്‍ച്ചറിക്കു മുന്നില്‍ കാത്തിരിപ്പുകാര്‍ക്കായി നിരത്തിയിട്ട കസേരയില്‍ മൂന്നു ചെറുപ്പക്കാര്‍. അവരിലൊന്ന് നിതയുടെ സഹോദരന്‍ ജിതിനാണ്. കണ്ണുകളില്‍ ഊറിയ ഓര്‍മ്മകളെ അയാള്‍ ഇളംനീല കര്‍ച്ചീഫില്‍ ഇടയ്ക്കിടെ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍. മനുവും ജോഷിയും... ബന്ധുക്കളാണ്. മോര്‍ച്ചറിക്കു മുന്നില്‍ മൂവരും ഇതാദ്യമാണ്. ജിതിന്റെ ചുമലിലൊന്നു തട്ടി മനു അവിടെനിന്നെഴുന്നേറ്റു. വാട്സാപ്പിലെ ഫാമിലി ഗ്രൂപ്പില്‍ നിതയുടെ ചിത്രങ്ങള്‍ക്കു താഴെ അനുശോചനങ്ങള്‍.
ഹൈസ്‌കൂള്‍ ക്ലാസ്സ് വരെ നിതയും മനുവും സഹപാഠികളായിരുന്നു. സ്‌കൂള്‍ ഗ്രൂപ്പുകളിലും വിവരം എത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും പറയാന്‍ അവളെപ്പറ്റി എന്തെങ്കിലുമൊക്കെ ഓര്‍മ്മകളുണ്ട്. അവയിലൂടെ ഒന്ന് കണ്ണോടിച്ച് മനു ഫോണ്‍ പോക്കറ്റില്‍ തിരുകി. തിരികെ ജിതിനരികില്‍ വന്നിരിക്കുമ്പോള്‍ മനുവിനു തല വേദനിച്ചുതുടങ്ങി. സ്‌കൂളിലേക്കുള്ള ഇടവഴികള്‍ മനുവിന് ഓര്‍മ്മവന്നു. പരസ്പരം വിളിച്ചിരുന്ന ഇരട്ടപ്പേരുകള്‍... കാണുമ്പോഴുള്ള പതിവു കളിയാക്കലുകള്‍... നിരതെറ്റിയ പല്ലുകള്‍ പുറത്തുകാട്ടി നിത ചിരിക്കാറുള്ളത്... ഇഷ്ടപ്പെട്ടൊരാളെ ജീവിതത്തിലേക്ക് കൂട്ടാനുറപ്പിച്ചപ്പോള്‍ അത് ആദ്യം പങ്കുവെച്ചതും നിതയോടായിരുന്നു. വല്ലപ്പോഴും വാട്സാപ്പില്‍ ഫോര്‍വേഡ് ചെയ്യാറുള്ള അവളുടെ കുത്തിക്കുറിക്കലുകള്‍ക്ക് കുടുംബാംഗങ്ങളും സഹപാഠികളും അംഗങ്ങളായുള്ള ഗ്രൂപ്പുകളില്‍ കണക്കില്ലാതെ എറിഞ്ഞുകൊടുത്ത തമാശകള്‍... പിന്നീട് നേരില്‍ കാണുമ്പോഴൊക്കെ അതിനുള്ള പ്രതികാരമെന്നപോലെ അവളിടിച്ച ഇടികള്‍... കൈവിട്ടുപോയ കുട്ടിക്കാലം ജീവിതത്തിലുടനീളം നീട്ടിത്തരുന്ന ചിലരുണ്ട്. അങ്ങനെയൊരാളായിരുന്നു നിത എന്ന് അയാള്‍ക്കു തോന്നി. അവള്‍ മരിച്ചു എന്നറിഞ്ഞ നിമിഷത്തില്‍ കനപ്പെട്ടൊരു ചില്ല അടര്‍ന്നുവീണ മരംപോലെ ശൂന്യത മനുവിനെ വന്നു പൊതിഞ്ഞു. പെട്ടെന്ന് മുതിര്‍ന്നുപോയ ഒരു കുട്ടിയുടെ അങ്കലാപ്പോടെ മനു ഓര്‍മ്മകളോട് യുദ്ധം ചെയ്തു. ചിന്തകളില്‍നിന്നു പുറത്തേക്കു കടക്കാനെന്നപോലെ അവന്‍ വീണ്ടും എഴുന്നേറ്റു. മോര്‍ച്ചറി മുറ്റത്ത് പാര്‍ക്ക് ചെയ്ത കാറില്‍ കയറി സ്റ്റിയറിങ്ങില്‍ മുഖമമര്‍ത്തി മനു കരഞ്ഞു.
പഴയ പ്രസവവാര്‍ഡിന്റെ വഴുക്കന്‍ നടപ്പാതയിലൂടെ ഒരാള്‍ മോര്‍ച്ചറിയിലേയ്ക്കു വന്നു. ആശുപത്രി ജീവനക്കാരന്റെ യൂണിഫോം. കാത്തിരിപ്പു കസേരകളിലെ ആളുകളെ തീരെയും ശ്രദ്ധിക്കാതെ അയാള്‍ വരാന്തയിലേയ്ക്കു കയറി. പൊഴിഞ്ഞുവീണ കരിയിലകളില്‍ പതിഞ്ഞ അയാളുടെ കാലടി ശബ്ദം കേട്ട് മനു പുറത്തേയ്ക്കിറങ്ങി. അയാള്‍ കയ്യിലെ പ്ലാസ്റ്റിക് കവര്‍ തുറന്നു താക്കോല്‍ക്കൂട്ടം പുറത്തെടുത്തു. അയാളുടെ വിരിഞ്ഞ ചുമലുകളിലൊന്നില്‍ സാമാന്യം വലിപ്പമുള്ള ഒരു മുഴ തെറിച്ചുനിന്നു. നീലച്ചായം പൂശിയ പ്രധാന വാതില്‍ തുറക്കാന്‍ താക്കോല്‍ തിരുകുന്നതിനിടെ അയാള്‍ വാതില്‍പ്പടിയിലേയ്ക്കു ഇടതുകാല്‍ പതിയെ വീശി. അയാളുടെ മുഖത്ത് തെളിഞ്ഞ ഇളം ചിരി മനുവിനെ അസ്വസ്ഥനാക്കി. വാതില്‍പ്പടിയിലിരുന്ന ഓന്ത് ജിതിന്റെ കാലുകള്‍ക്കിടയിലൂടെ കാത്തിരിപ്പുനിരയിലെ കസേരകള്‍ കടന്ന് കമ്യൂണിസ്റ്റു പടര്‍പ്പുകളിലേയ്ക്ക് പാഞ്ഞു.
ഫോറന്‍സിക് സര്‍ജന്റെ സഹായിയാണ് പ്രസന്നന്‍. കഴിഞ്ഞ പതിന്നാല് കൊല്ലമായി അയാളിവിടെ ജോലി ചെയ്യുന്നു. മരണത്തിലേക്ക് മടങ്ങിയവരുടെ രഹസ്യങ്ങള്‍ ചികഞ്ഞെടുക്കുന്നതിനു വല്ലാത്തൊരു ലഹരിയുണ്ടെന്നാണ് അയാള്‍ പറയുന്നത്. ചില കേസുകളില്‍ അയാള്‍ സാങ്കല്പികമായി കാരണങ്ങള്‍ കണ്ടെത്തും. അതാണ് അയാളുടെ ജീവിതത്തിന്റെ രസം. മരണത്തിന്റെ രസതന്ത്രം ചികഞ്ഞെടുക്കാനുള്ള വിരുത് ഡോക്ടര്‍മാരുടെ പക്കലുണ്ട്. വിഷബാധയും രക്തസ്രാവവും പ്രഹരവുമൊക്കെയാവും അവര്‍ കണ്ടെത്തുന്ന കാരണങ്ങള്‍. എന്നാല്‍, ആ രാസ സാധ്യതകള്‍ക്കപ്പുറം ഓരോ ശരീരവും ആത്മാവിലേക്കു തുറക്കുന്ന ചെറിയ വാതിലുകളുണ്ട്. സമര്‍ത്ഥനായ ഒരു നിരൂപകന്റെ കണിശതയോടെ ആ വാതിലിലൂടെ കുറച്ചുദൂരം നടന്നാല്‍ കഥപോലെ ചിലതു തെളിയും. ആ കഥകളിലാണ് പ്രസന്നന്റെ കണ്ണ്.
ഏഴെട്ടു വര്‍ഷം മുന്‍പ് ഓട്ടോപ്സി ടേബിളിലെത്തിയ പതിനെട്ടുകാരനിലൂടെയാണ് പ്രസന്നന്‍ ആ യാത്രയുടെ രസമറിഞ്ഞു തുടങ്ങിയത്. കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്ത പയ്യന്‍. ടി.വി കാണാന്‍ സമ്മതിക്കാത്തതിനു ചെയ്ത കടുംകൈ. അവനെ ഡിസക്ഷന്‍ ടേബിളില്‍ മലര്‍ത്തിക്കിടത്തിയപ്പോള്‍ അയാളവന്റെ ഇടതു നെഞ്ചിനു മുകളിലായി ഒരു നേര്‍ത്ത പാട് കണ്ടു. അടുത്തുകൂടിയ ഒരു കുഞ്ഞുമുറിവിന്റെ ഓര്‍മ്മപോലൊരു നേര്‍രേഖ. അതായിരുന്നു അവനിലേക്കുള്ള വാതില്‍. സങ്കല്പത്തിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി അയാളവന്റെ മരണത്തിനു പിന്നില്‍ അതിതീവ്രമായ ഒരു പ്രണയത്തിന്റെ സാന്നിധ്യം കണ്ടെത്തി.
പെട്ടെന്നുണ്ടാകുന്ന പ്രകോപനങ്ങളല്ല ആത്മഹത്യകളുടെ കാരണമെന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു. അതിദൃഢമായ ഒരു ഭൂതകാല അനുഭവത്തിന്റെ ബാധയേറ്റാണ് ആത്മഹത്യകളുണ്ടാകുന്നതെന്ന് അയാള്‍ വിശ്വസിച്ചു. പിന്നീടിങ്ങോട്ട് എത്രയെത്ര ശരീരങ്ങള്‍. വെറുമൊരു മോര്‍ച്ചറി അസിസ്റ്റന്റില്‍നിന്നു പ്രഗത്ഭനായ കുറ്റാന്വേഷകനിലേക്കു സ്വയം പാകപ്പെടാന്‍ വിധി പലരിലൂടെ സാധ്യമാക്കിയ ആത്മഹത്യകള്‍. തന്റെ രഹസ്യാന്വേഷണ ജീവിതം പ്രസന്നനെ രസംപിടിപ്പിച്ചു. ആത്മഹത്യ ചെയ്ത ശരീരങ്ങള്‍ എത്തപ്പെടാത്ത മോര്‍ച്ചറി ദിവസങ്ങള്‍ സ്‌നേഹരഹിതമായ ആണ്‍പെണ്‍ ബന്ധങ്ങള്‍പോലെ അയാളില്‍ മടുപ്പ് നിറച്ചു. ശവശരീരങ്ങളുടെ ഉപാസകനായിരുന്നു പ്രസന്നന്‍. അഴുകിയും ദ്രവിച്ചും എത്തുന്ന ശവങ്ങളില്‍ പോലും അയാള്‍ ഏറെ നേരം കണ്ണുനട്ടു നില്‍ക്കും. ആത്മഹത്യകളോളം അയാളെ തൃപ്തിപ്പെടുത്തുന്ന മറ്റൊന്നും ലോകത്ത് ഉണ്ടായിരുന്നില്ല.
ശീതീകരണ അറയിലെ ആദ്യത്തെ ഊഴക്കാരിയെ ഡിസക്ഷന്‍ ഹാളിലേക്കെത്തിക്കാന്‍ പ്രസന്നന്‍ തയ്യാറായി. ആദ്യത്തെ കാഴ്ചയില്‍ത്തന്നെ അതൊരു ആത്മഹത്യയാണെന്ന വിശ്വാസത്തിലേക്ക് അയാള്‍ എത്തിച്ചേര്‍ന്നു. ചെറുപ്പക്കാരുടെ ആത്മഹത്യയില്‍ അയാളിലെ കുറ്റാന്വേഷകനെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങള്‍ ഏറെയാണ്. ആത്മഹത്യകള്‍ തികച്ചും കാല്പനികമായ ഒരേര്‍പ്പാടാണ്. ചെറുപ്പം അതിനു മാറ്റുകൂട്ടും. മരിച്ചത് പെണ്ണാണെങ്കില്‍ കാരണങ്ങളിലേക്കു കടക്കാന്‍ ഒരല്പം ആവേശം അധികം കിട്ടും. തന്നിലെ കുറ്റാന്വേഷകനെ തൃപ്തനാക്കാന്‍ പറ്റിയ ഒത്തൊരു കേസ് കൈവന്നതില്‍ യുക്തിവാദിയായ പ്രസന്നന്‍ ശവത്തിനു നന്ദി പറഞ്ഞു. ജീവനൊടുക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രായത്തില്‍ കാല്പനിക സത്തയ്ക്കു കോട്ടം വരാത്ത തരത്തില്‍ ജലസമാധി പ്രാപിച്ച തരുണീ നിനക്കു സ്വസ്തി. നാസ്തികന്റെ പുച്ഛത്തോടെ അയാളാ സ്ട്രെച്ചര്‍ ശീതീകരണ അറയില്‍നിന്നു പുറത്തേയ്ക്കു വലിച്ചു. ഇന്‍ക്വസ്റ്റ് റൂമിന്റെ ഇടനാഴിയിലൂടെ ഡിസക്ഷന്‍ റൂമിലേക്ക് അതു നീക്കി. ഒഴിഞ്ഞ ഓട്ടോപ്സി ടേബിളിനു ചുറ്റും എല്ലാം സജ്ജമാണ്. കത്തികള്‍, ബ്ലേഡുകള്‍, ഉളികള്‍, ചുറ്റികകള്‍, ഫോര്‍സെപ്സുകള്‍ എന്നിങ്ങനെ മരണത്തിന്റെ വിഷാദനിഗൂഢ രഹസ്യങ്ങളിലേക്ക് ഊളിയിടുന്ന ഉപകരണങ്ങള്‍. ഒരേസമയം അതൊരു കുറ്റാന്വേഷകന്റെ ആയുധങ്ങള്‍ കൂടിയാണ്. ഫോറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ ഹാരിസ് എത്തും വരെ ആ ശരീരം പ്രസന്നന്റെ പഠനവസ്തുവാണ്.
പ്രസന്നന്‍ നിതയുടെ ശരീരം ഓട്ടോപ്സി ടേബിളിലേക്ക് കയറ്റിക്കിടത്തി. നിയോണ്‍ വെളിച്ചത്തില്‍ അവള്‍ ഒരു എണ്ണച്ചായാ ചിത്രം പോലെ തോന്നിച്ചു. പ്രസന്നന്‍ അവളുടെ കടുംനീലക്കുപ്പായത്തിന്റെ കുടുക്കുകള്‍ ഒന്നൊന്നായി അഴിച്ചു. അടിവസ്ത്രങ്ങള്‍ ഊരിമാറ്റി. മരണത്തിന്റെ വെളുപ്പു പടര്‍ന്ന ശരീരം. വെള്ളത്തില്‍നിന്നു കരയിലേക്കിട്ട ഒരു മീനിന്റെ ജലരാശി.
അയാളവളിലേക്ക് നോട്ടം ഉറപ്പിച്ചു. ഇറുകിയടയാത്ത കണ്ണുകള്‍ക്കുള്ളില്‍നിന്നു പുറത്തേയ്ക്ക് തള്ളിനില്‍ക്കുന്ന കൃഷ്ണമണികള്‍. അവയ്ക്കു ലംബമായി നെറ്റിയില്‍ രണ്ട് കറുത്ത കുത്തുകള്‍. ഇരുമുലകളുടെ വശങ്ങളില്‍ നിരതെറ്റാതെ അവയുടെ ആവര്‍ത്തനങ്ങള്‍. പുക്കിളിന്റെ ഇരുവശങ്ങളിലേയും രണ്ടു തവിട്ടുപുള്ളികള്‍. പുക്കിള്‍ച്ചുഴിക്കു താഴെ ഉന്മാദമര്‍മ്മത്തിന്റെ കാവല്‍ക്കാരായി പിന്നെയും രണ്ടു മറുകുകള്‍. അയാള്‍ ഫോര്‍സെപ്സിന്റെ അരികുകൊണ്ട് ആ അടയാളങ്ങളെ ചേര്‍ത്തു വരച്ചുനോക്കി. എട്ടു മൂലകളുള്ള ആ തുരുത്തിനുള്ളില്‍ ഒളിച്ചുകിടപ്പുണ്ട് അയാള്‍ക്കു കണ്ടെത്തേണ്ട മരണരഹസ്യം. ആ മാന്ത്രികവാതിലിലൂടെ അയാളിലെ കുറ്റാന്വേഷകന്‍ ഒരു രഹസ്യ സഞ്ചാരം നടത്തി.
അതിനിടെ ഡോ. ഹാരിസ് എത്തി. പിള്ളേച്ചന്റെ കൃത്യനിഷ്ഠ ഇന്നും തെറ്റിയില്ലല്ലോ. ചതുരക്കണ്ണടയ്ക്കിടയിലൂടെ പ്രസന്നനെ നോക്കി അയാള്‍ നേര്‍ത്ത ചിരിയോടെ പറഞ്ഞു. പ്രസന്നന് ഈര്‍ഷ്യ തോന്നി. കുറ്റാന്വേഷകന് അവശ്യം വേണ്ട സാവകാശം തനിക്ക് നിഷേധിക്കപ്പെട്ടിരുന്നു. അപൂര്‍ണ്ണമായ ഒരു ധ്യാനത്തില്‍നിന്നുണര്‍ന്നപോലെ അയാള്‍ക്ക് അലോസരം തോന്നി. ഡോക്ടറിന്നിത്തിരി നേരത്തെയാണല്ലോ... അയാള്‍ കത്തി കയ്യിലെടുത്തു. വെള്ളത്തില്‍ വീണ കേസാണല്ലേ... വീണതല്ല, ചാടിയതാണെന്ന് ഡോക്ടറെ തിരുത്തണമെന്ന് പ്രസന്നനു തോന്നി. പക്ഷേ, കുറ്റാന്വേഷകന്‍ മനസ്സാക്ഷിയോടുപോലും രഹസ്യങ്ങള്‍ കൈമാറാന്‍ പാടില്ല എന്ന സ്വകാര്യ നിയമസംഹിത പ്രസന്നന്റെ മനസ്സ് പെട്ടെന്നുതന്നെ ഓര്‍ത്തെടുത്തു. ഇനി കാര്യങ്ങള്‍ ഡോക്ടറുടെ കയ്യിലാണ്. ശരീരത്തിനുള്ളിലെ നാനാജാതി ലവണങ്ങളിലേക്ക് അയാളൊരു നാവികനെപ്പോലെ കടക്കും. കുറ്റാന്വേഷകനായ പ്രസന്നന് മോര്‍ച്ചറി അസിസ്റ്റന്റായി ചുവടുമാറേണ്ടിവരും.
സിസക്ഷന്‍ കത്തി നിതയുടെ കീഴ്ത്താടിയില്‍നിന്നു താഴേയ്ക്കു പാഞ്ഞു. ഡോ. ഹാരിസ് നിതയുടെ ഉള്ളിലേക്കിറങ്ങി. ലാബിലേക്കുള്ള സാമ്പിളുകള്‍ എടുത്ത ശേഷം സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കി മുറിച്ചെടുത്ത അവയവങ്ങളെ തിരികെ ഉടലിനുള്ളിട്ട് തുന്നിച്ചേര്‍ത്തു.
ഇന്‍ക്വസ്റ്റ് റൂമിന്റെ ഇടനാഴിയിലൂടെ നിത പുറത്തേക്കു കടന്നു. ആംബുലന്‍സ് തയ്യാറാണ്. ജിതിന്‍ സ്ട്രെച്ചറിനരികിലേക്ക് ചെന്നു. അയാളവളുടെ കവിളില്‍ തൊട്ടു. ആംബുലന്‍സിനുള്ളില്‍ നിതയെ കിടത്തിയ സീറ്റിനെതിര്‍വശത്ത് ജിതിനും മനുവുമിരുന്നു. രണ്ടുമൂന്ന് കാറുകളിലായി സുഹൃത്തുകളും ബന്ധുക്കളുമായ കുറച്ചുപേര്‍കൂടി മോര്‍ച്ചറി മുറ്റത്ത് എത്തിയിരുന്നു. വെളുത്ത തുണിയില്‍ പൊതിഞ്ഞുകെട്ടിയ അവളുടെ ശരീരത്തിലേയ്ക്ക് നോക്കവേ ജിതിന്‍ വിങ്ങിത്തുടങ്ങി. മനു അയാളുടെ പുറത്തേക്കു മുഖം ചേര്‍ത്തു. തലേരാത്രിയില്‍ പെയ്ത മഴയുടെ ശേഷിപ്പുകളായിരുന്നു റോഡില്‍.
കാംബോജി എന്നു പേരിട്ട പുതിയ വീടിന്റെ ഉമ്മറത്തുകൂടി ജിതിനും മനുവും കുറച്ചു ചെറുപ്പക്കാരും ചേര്‍ന്ന് നിതയുടെ ശരീരം അകത്തെ ഹാളിലേക്ക് ഇറക്കിക്കിടത്തി. അവശയായിരുന്നു അവളുടെ അമ്മ. രണ്ടു സ്ത്രീകള്‍ ചേര്‍ന്നു താങ്ങി അവരെ മകളുടെ ശരീരത്തിനരികിലിരുത്തി. അവളുടെ മാറിലേക്ക് തലവെച്ച് അമ്മ ഇരുകൈകള്‍കൊണ്ടും അവളെ പൊതിഞ്ഞുകിടന്നു. പിന്നിലെ പറമ്പില്‍ ഒരുക്കങ്ങള്‍ നടക്കുകയാണ്. പറമ്പിന്റെ അതിരിലുള്ള കുളക്കരയിലായിരുന്നു നിതയുടെ അച്ഛന്‍. തലേദിവസം സന്ധ്യയ്ക്ക് അതേ കുളത്തില്‍നിന്ന് അയാളും കൂടി ചേര്‍ന്നാണ് നിതയെ കരയിലേക്ക് എടുത്തു കിടത്തിയത്.
താലൂക്കോഫീസിലെ അയാളുടെ പഴയ സഹപ്രവര്‍ത്തകന്‍ ഗോവിന്ദന്‍ അങ്ങോട്ടു ചെന്നു. രഘൂ, വാ... മോളെ കൊണ്ടുവന്നിട്ടുണ്ട്. ഇവിടെ ഇരുന്നാലെങ്ങനെയാ... വാടോ... ഞാന്‍ വരാം... ഇപ്പോള്‍ വരാം... അയാള്‍ കണ്ണടയൂരി കണ്ണുതുടച്ചു. ഗോവിന്ദന്‍ കാറ്റാടിമരത്തിന്റെ തണലില്‍ അയാളെ കാത്തുനിന്നു. ഗോവിന്ദനു മൂന്നുകൊല്ലം മുന്‍പ് അപകടത്തില്‍ മരിച്ച മകനെ ഓര്‍മ്മവന്നു. അയാള്‍ ചെന്നു കൂട്ടുകാരനെ കെട്ടിപ്പിടിച്ചു. അയാള്‍ ഉറക്കെ കരയാന്‍ തുടങ്ങി. ഗോവിന്ദന്റെ കൈ പിടിച്ച് രഘു അകത്തേക്ക് ചെന്നു. ഒന്നു കുനിഞ്ഞ് അവളുടെ മുഖത്തേക്കൊന്നു നോക്കി കൈകള്‍കൊണ്ടു മുഖം മറച്ച് അയാള്‍ നിലത്തിരുന്നു.
ബോഡി കൊണ്ടുവന്നതറിഞ്ഞ് മരണവീട്ടിലേക്ക് ആളുകള്‍ വന്നുകൊണ്ടിരുന്നു. ആളെപ്പോഴെത്തും... കൂട്ടത്തിലൊരാള്‍ മനുവിനോട് ചോദിച്ചു. എയര്‍പോര്‍ട്ടില്‍നിന്നു തിരിച്ചിട്ടുണ്ട്.
അയാളോട് വിവരം പറഞ്ഞോ.
ഇല്ല... പക്ഷേ, അറിഞ്ഞിട്ടുണ്ടാകും.
ശരിക്കും ഇതിപ്പോ എന്താ പറ്റിയത്? അകന്ന ബന്ധുകൂടിയായ ആ മനുഷ്യന്റെ തുടര്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നില്‍ക്കാതെ മനു അവിടെനിന്നു മാറി. ആ സംസാരത്തിലേക്ക് ഒന്നുരണ്ടാളുകള്‍ കൂടി ചേര്‍ന്നു. ഇവിടെ ഒറ്റയ്ക്കായതുകൊണ്ട് നിത മിക്കപ്പോഴും തറവാട്ടിലായിരിക്കും. ഓഫീസില്‍നിന്നു വന്നാല്‍ മീനിനു തീറ്റ കൊടുക്കാന്‍ വരും. ഇന്നലെ വൈകിട്ടും ഇവിടെ കണ്ടു. മതിലിനടുത്ത് വന്ന് ഗിരിജയോട് സംസാരിച്ചിട്ടാണ് കുളത്തിനടുത്തേക്ക് പോയത്. പിന്നെ ഞങ്ങളാരും ശ്രദ്ധിച്ചില്ല. ഇരുട്ടിയിട്ടും കാണാഞ്ഞപ്പോള്‍ രഘുസാറ് ചെന്നു നോക്കുമ്പോള്‍ കുളത്തില്‍ മലര്‍ന്നിട്ടുണ്ട്. നീന്തലറിയില്ലായിരുന്നു. വഴുക്കി വീണതാകാനേ വഴിയുള്ളൂ. നിതയെപ്പോലൊരാള്‍ അല്ലാതെ മണ്ടത്തരമൊന്നും കാണിക്കില്ല. എന്തായാലും വിശ്വസിക്കാന്‍ പറ്റുന്നില്ല...
***
മരണവീട് നിശ്ശബ്ദമായിരുന്നു. എയര്‍പോര്‍ട്ടില്‍നിന്നുള്ള ടാക്‌സി പന്ത്രണ്ടു മണിക്കെത്തി. ആനന്ദ് കാറില്‍നിന്നിറങ്ങുമ്പോള്‍ ജിതിനും മനുവും ഗേറ്റിനടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. മൂന്നുമാസത്തെ ഇടവേളകളില്‍ നാട്ടിലെത്താറുള്ളപ്പോള്‍ ചെയ്യാറുള്ളതുപോലെ അയാള്‍ ജിതിന്റെ കയ്യില്‍ മുറുകെ പിടിച്ചു. ആനന്ദേ, എടാ അവള്... എന്താണ് പറയേണ്ടതെന്നറിയാതെ ജിതിന്‍ ആനന്ദിന്റെ കൈ തന്റെ നെഞ്ചില്‍ അമര്‍ത്തി വിതുമ്പിത്തുടങ്ങി. ഞാനറിഞ്ഞെടാ... ഫ്‌ലൈറ്റ് കയറുമ്പോള്‍ത്തന്നെ അറിയാമായിരുന്നു അവള്‍ പോയെന്ന്... പുറകില്‍ തൂക്കിയ ചെറിയ ബാഗ് മനുവിന്റെ കയ്യില്‍ കൊടുത്ത് ആരെയും ശ്രദ്ധിക്കാതെ അയാള്‍ അകത്തേക്കു കയറി. നിലത്തു കിടത്തിയ നിതയുടെ ശരീരത്തിലേക്ക് ഒന്നു നോക്കി അയാള്‍ പതിയെ അമ്മയുടെ ചുമലില്‍ തൊട്ടു. അവര്‍ മുഖമുയര്‍ത്തി. മോനേ... എന്റെ മോള് പോയി... അവരുടെ കരച്ചില്‍ ഉച്ചത്തിലായി. അമ്മയെ ഒരു കൈകൊണ്ട് ചേര്‍ത്തുപിടിച്ച് ആനന്ദ് കുറച്ചു നേരം അവര്‍ക്കരികിലായി ഇരുന്നു.
അയാള്‍ അവള്‍ക്കരികിലേക്ക് മുഖം താഴ്ത്തി... നിതാ... അയാളവളുടെ ചെവിയില്‍ മെല്ലെ വിളിച്ചു നോക്കി... വിരലുകള്‍കൊണ്ട് അയാളവളുടെ കണ്ണുകളില്‍ മൂക്കില്‍, ചുണ്ടില്‍, ഒന്നു തൊട്ടു. അങ്ങനെ ചെയ്യാറുള്ളപ്പോഴൊക്കെ അവളയാളുടെ ചൂണ്ടുവിരലില്‍ ചുറ്റിപ്പിടിക്കാറുള്ളത് അയാളോര്‍ത്തു. ഒരു മുറിക്കുള്ളില്‍ അയാളും അവളും മാത്രമായതുപോലെ ആനന്ദിനു തോന്നി. അയാള്‍ അവളുടെ നെറ്റിയില്‍ കൈവെച്ചു. അമ്മ കരയാതിരിക്ക്... ഞാനിപ്പോ വരാം... ആനന്ദ് മുറ്റത്തേക്കിറങ്ങി. ജിത്തൂ, ക്രിമേഷന്‍ എപ്പോഴാ... അയാള്‍ ചോദിച്ചു... അയാളുടെ പെരുമാറ്റത്തിലെ നിസ്സംഗതയില്‍ തിങ്ങിനിന്ന സങ്കടത്തിന്റെ ആഴം മറ്റാരേക്കാളും നന്നായി ജിതിന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നു.
മൂന്നരയ്ക്ക്. അവരിരുവരും ആ കുളക്കരയിലേക്ക് നടന്നു. ജിതിന്‍ തലതാഴ്ത്തി കൈകള്‍കൊണ്ട് മുഖം പൊത്തി. നശിച്ച കുളം... അവളുടെ വാശിയല്ലായിരുന്നോ... വേണ്ടെന്ന് നമ്മളെത്ര പറഞ്ഞതാ... ഇതിനായിരുന്നോ അവള് വാശിപിടിച്ചത്... അച്ഛന്‍ ചെന്നു നോക്കുമ്പോഴേക്ക്... ജിതിന്‍ അയാളുടെ ചുമലിലേക്ക് വീണു. വലതുകൈകൊണ്ട് ആനന്ദ് ജിതിന്റെ പുറത്തു തട്ടി. കരയാതെ ജിത്തൂ...
കുളത്തിനോടു ചേര്‍ന്ന് ഒഴിഞ്ഞ പറമ്പില്‍ അവരൊന്നിച്ചു നട്ട ചെടികള്‍, മരങ്ങള്‍... അവയ്‌ക്കോരോന്നിനും നിതയിട്ട പേരുകള്‍ അയാള്‍ ഓര്‍ത്തെടുത്തു. അലര്‍മേല്‍ വള്ളിയെന്നവള്‍ വിളിച്ച ചെമ്പരത്തി, പറമ്പു വാങ്ങുമ്പോള്‍ത്തന്നെ അവിടെ ഉണ്ടായിരുന്ന അനാദിമത്തായിയെന്ന പൂവരശ്, വികാര ദുര്‍ഭൂതന്‍ എന്ന കുഞ്ഞന്‍ നെല്ലി... വടക്കേ അതിരിലെ പഞ്ഞിമരത്തിന്റെ പേര് അയാള്‍ മറന്നു... പേരിടാന്‍ മിടുക്കി അവളായിരുന്നു... മനുഷ്യര്‍ക്കും മരങ്ങള്‍ക്കും... ആ പേരുകളിലായിരുന്നു പിന്നീടാ മരങ്ങളും മനുഷ്യരും അവര്‍ക്കിടയില്‍ വിളിക്കപ്പെട്ടിരുന്നത്. കര്‍ക്കശക്കാരിയായ ടീച്ചറെപ്പോലെ ഇടയ്ക്കവളോരോന്നിന്റെ പേരുകള്‍ ചോദിക്കും. മറന്നാല്‍ പിന്നെ ആ ദിവസം പോക്കാണ്. വിലപ്പെട്ടതെന്തോ മറന്നുകളഞ്ഞതുപോലെ കുറ്റപ്പെടുത്തും. ആ പഞ്ഞിമരത്തിന്റെ പേരു മറന്ന പേരില്‍ ഇപ്പോള്‍ കിട്ടേണ്ട വഴക്ക്. ഇരച്ചാര്‍ത്തു പെയ്യുന്ന മഴപോലെ ഓര്‍മ്മകള്‍ ഇരമ്പി. അയാള്‍ക്ക് ഇടറിത്തുടങ്ങി. ആ പേര് അയാള്‍ക്കു തികട്ടി. അവരൊന്നിച്ച് ആ കുളക്കരയില്‍ ഇരുന്ന ഉച്ചനേരത്താണ്. മൂത്തുവിളഞ്ഞു പിളര്‍ന്ന ഒരു മുഴുത്ത പഞ്ഞിക്കായ ആ പടവില്‍ വന്നുവീണത്. അതിന്റെ നരച്ച പഞ്ഞി തെറുത്ത് ആ നിമിഷത്തില്‍ നിത മരത്തിന്റെ പേര് തിരുത്തി. സ്വപ്നേഷു വല്യപ്പന്‍... പഞ്ഞിമരത്തിന്റെ പേര് തിരികെ കിട്ടിയപ്പോള്‍ അയാള്‍ക്കവളുടെ ചിരി ഓര്‍മ്മവന്നു. ആനന്ദ് കുളത്തിലേക്ക് നോക്കി. നീന്തല്‍ പഠിക്കണം. നമുക്കൊന്നിച്ചു നീന്തണം... വീടു പണിയുമ്പോള്‍ പറമ്പില്‍ കുളം വേണമെന്ന് അവള്‍ക്കായിരുന്നു നിര്‍ബ്ബന്ധം.
പടവിലിരുന്നപ്പോള്‍ സങ്കടത്തിരകള്‍ വന്നയാളെ പൊതിഞ്ഞു. മുട്ടില്‍ മുഖമമര്‍ത്തി അയാള്‍ ഒച്ചയില്ലാതെ കരഞ്ഞു. ജിത്തൂ, എനിക്ക് ഞങ്ങളുടെ മുറിയിലേക്കൊന്നു പോണം. ജിതിനൊപ്പം അയാളാ ബെഡ്റൂമിലേക്ക് കടന്നു. അലമാര തുറന്ന് മുകളിലെ തട്ടില്‍നിന്ന് ആനന്ദ് ഒരു കവര്‍ വലിച്ചെടുത്തു. കഴിഞ്ഞ തവണ വന്നപ്പോള്‍ ഇതില്‍ അവളുടെ തുണികള്‍ അടുക്കിവച്ചത് ഞാനാണ്. തുണികളിങ്ങനെ കുത്തിനിറയ്ക്കുന്നതിന് ഞങ്ങളെന്നും അടിയായിരുന്നു. കവറില്‍നിന്ന് വാടാമല്ലി നിറമുള്ള പട്ടുസാരി ആനന്ദ് പുറത്തെടുത്തു. ജിത്തൂ, അവളെ ഇതു പുതപ്പിക്കണം. എനിക്കു മുന്‍പേ അവള്‍ മരിച്ചാല്‍ ഇതുടുപ്പിക്കണമെന്ന് വാക്ക് വാങ്ങിയിരുന്നു പണ്ടൊരിക്കല്‍. പൈങ്കിളി ഡയലോഗെന്നു പറഞ്ഞ് ഞാനന്ന് അവളെ കുറെ കളിയാക്കി. ഒരാഗ്രഹവും അവള്‍ നടത്താതെ വിടാറില്ല. ഇതും അങ്ങനെയാകട്ടെ. ജിതിനും ആനന്ദും താഴേക്ക് കോണിയിറങ്ങി. അവളെ പുണര്‍ന്ന അമ്മയുടെ കൈ വേര്‍പെടുത്തി ജിതിന്‍ അമ്മയെ ചേര്‍ത്തുപിടിച്ചു. വയലറ്റ് സാരി പുതപ്പിച്ച് ആനന്ദ് നിതയെ ഒന്നുകൂടി നോക്കി. ആ മന്ത്രകോടിയില്‍ അവളെ ആദ്യം കണ്ട ദിവസം അയാള്‍ക്ക് ഓര്‍മ്മവന്നു.
ജിത്തുവും ആനന്ദും ചേര്‍ന്നാണ് കര്‍മ്മങ്ങള്‍ ചെയ്തത്. അടുക്കിയ മാവിന്‍ വിറകുകള്‍ക്കു മുകളിലേക്ക് മന്ത്രകോടി പുതപ്പിച്ച് നിതയെ എടുത്തു കയറ്റുമ്പോള്‍ ആനന്ദ് കരഞ്ഞില്ല. അയാളവളുടെ ചുവന്ന പൊട്ടണിഞ്ഞ നെറ്റിയിലേക്ക് അമര്‍ത്തി ചുംബിച്ചു... നിതാ... നീ പോയി വാ... നമുക്ക് കണ്ടു തീര്‍ക്കാന്‍ ഒരുപാട് കാഴ്ചകള്‍ ബാക്കിയില്ലേ... രാത്രികളെ പകലുകളാക്കി നമുക്ക് യാത്ര പോകേണ്ടേ... നിതാ നീ വേഗം വാ... അയാള്‍ മനസ്സില്‍ പറഞ്ഞു കൊണ്ടിരുന്നു. ചിതയ്ക്കു തീ കൊടുത്തത് ആനന്ദാണ്. ചിത എരിഞ്ഞ പറമ്പില്‍നിന്ന് ആളുകളൊഴിഞ്ഞു...
***
ആറുമാസക്കാരിയുടെ കുഞ്ഞിക്കാലുകള്‍ തൊട്ടിലിനു പുറത്തേക്കു തള്ളിനിന്നു. തൊട്ടിലിനരികിലേക്ക് കസേര വലിച്ചിട്ട് വരുണ്‍ കൊലുസിന്റെ മണികളെണ്ണിത്തുടങ്ങി. അതിനിടെ അവളൊന്നിളകി... അയാളൊരു താരാട്ട് മൂളി. ഹാളിലിരുന്ന് അയാളുടെ ഫോണ്‍ ശബ്ദിച്ചു. അയാളുടെ ഭാര്യ അതുമായി മുറിയിലേക്ക് വരുന്നതിനിടെ കോള്‍ നിന്നു. ചത്താലും സ്വസ്ഥത തരില്ല... അവള്‍ ഉറക്കെ പറയുന്നുണ്ട്... എന്തുകാര്യത്തിനാണ് കുടുംബത്തോടെ ഇവരിങ്ങനെ പിന്നാലെ കൂടിയിരിക്കുന്നത്... അയാള്‍ കേള്‍ക്കാന്‍ വേണ്ടിത്തന്നെ അവര്‍ ശബ്ദമുയര്‍ത്തി. ആരാ? വരുണ്‍ ചോദിച്ചു... ആ പതിവ് വില്‍കളുടെ ബാക്കിയാ... നിങ്ങളുടെ അഷ്ടമൂര്‍ത്തിയുടെ കെട്ട്യോന്‍... അവള് ചത്തിട്ടും അയാളു കിടന്ന് നിങ്ങളെ വിളിക്കുന്നതെന്തിനാ... ദേ, എന്തെങ്കിലും പൊല്ലാപ്പാണെങ്കില്‍ മറച്ചുവെക്കാതെ എന്നോടു പറഞ്ഞോ... ആണൊരുത്തന്റെ പേരുമിട്ട് രാവും പകലും അവളോട് മിണ്ടലും പറച്ചിലും... വഴക്കും പിണക്കവുമില്ലാത്ത ഒരു ദിവസമെങ്കിലും ഉണ്ടായിട്ടുണ്ടോ... നിറവയറില്‍പ്പോലും എന്റെ കാര്യം നോക്കാതെ അവളുടെ പിറകെ... എന്നിട്ടിപ്പോ എന്തായി... പെണ്ണ് കുളത്തില്‍ അടിഞ്ഞു. വട്ടല്ലായിരുന്നോ അവള്‍ക്കും നിങ്ങള്‍ക്കും. അതിന്റെ കേസെടുത്ത് തലയില്‍ വെച്ചാല്‍ ഒന്നോര്‍ത്തോ, ഒന്നുമറിയാത്ത ഒരു കുഞ്ഞുണ്ട് നമുക്കിടയില്‍... തൊട്ടിലിലെ കുഞ്ഞുശരീരം ഒന്നിളകി. ഇന്ദൂ, നീ മിണ്ടാതിരിക്ക്... ഞാന്‍ മോളെ ഒന്നുറക്കട്ടെ... എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം. ഇതും പറഞ്ഞ് നീ ഇനി എന്റെ മുന്നില്‍ വന്നു നില്‍ക്കണ്ട. വരുണ്‍ സ്വരം കടുപ്പിച്ചു.
എട്ടാം നാള്‍ അതേ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോള്‍ വരുണിന് ഉടല്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഓര്‍മ്മകളുടെ അടിമയായ ഏക ജീവി മനുഷ്യനാണെന്ന തിരിച്ചറിവോടെ അയാള്‍ കോളിങ്ബെല്ലില്‍ അമര്‍ത്തി... ആനന്ദാണ് വാതില്‍ തുറന്നത്... ഒന്നിരിക്ക് ഞാനിപ്പോ വരാം. വരാന്തയിലെ ചാരുപടിയിലേക്ക് ചൂണ്ടി ഇരിക്കാന്‍ ആംഗ്യം കാട്ടി ആനന്ദ് അകത്തേക്കു പോയി. ഉടന്‍ തന്നെ അയാള്‍ തിരികെ വന്നു. വാ നമുക്ക് ആ കുളക്കരയില്‍ പോയിരിക്കാം... ഏതോ കുറ്റകൃത്യത്തിന്റെ തെളിവെടുപ്പിനായുള്ള യാത്രപോലെയാണ് വരുണിനു തോന്നിയത്. അയാള്‍ക്ക് മകളെ ഓര്‍മ്മവന്നു. ഇറങ്ങാന്‍ നേരം ഇങ്ങോട്ടാണെന്നു പറഞ്ഞപ്പോള്‍ മുഖം ഒന്നു കടുത്തെങ്കിലും ഇന്ദു ചോദിച്ചതാണ് കൂടെ വരണോ എന്ന്. ആനന്ദിനെപ്പോലെ അവള്‍ക്കും കാര്യങ്ങളറിയാം. അവള്‍ കൂടെയുണ്ടെങ്കില്‍ ഇപ്പോള്‍ അതിത്തിരി ധൈര്യം ആയേനേ... ഇനി വിളിച്ചുവരുത്തി ഒരു വിചാരണ നടത്താനാണോ ആനന്ദ് ഉദ്ദേശിക്കുന്നത്? വരുണിന്റെ മനസ്സ് കലങ്ങിമറിഞ്ഞു.
പറമ്പിന്റെ ഒരു കോണില്‍ മണ്‍കൂന... അതിനുള്ളില്‍ അടക്കം ചെയ്തത് തന്റെ കൂടി ഓര്‍മ്മകളാണെന്ന തോന്നലോടെ വരുണ്‍ തലതാഴ്ത്തി നടന്നു. മറക്കാനാകാത്ത ഒരു സ്വപ്നം പോലെ ആ വീടും പറമ്പും അയാളെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. മുഖത്തെ ആന്തല്‍ പുറത്തു കാണിക്കാതിരിക്കാന്‍ അയാളാവതും ശ്രമിച്ചു. അവരിരുവരും കുളപ്പടവില്‍ ഇരുന്നു. സംസാരിച്ചുതുടങ്ങിയത് ആനന്ദാണ്. വരുണ്‍... ഇഷ്ടമുള്ളതൊന്നും പങ്കുവെക്കാന്‍ തക്ക മനസ്സുള്ള ആളായിരുന്നില്ല ഞാന്‍. പക്ഷേ, പങ്കുവെക്കാന്‍ നമ്മള്‍ തയ്യാറായാല്‍ അത്രത്തോളം പ്രിയപ്പെട്ട മറ്റൊന്നും നമുക്കില്ലെന്നു വേണം മനസ്സിലാക്കാന്‍. നിത എനിക്ക് അങ്ങനെയായിരുന്നു. ഞാനും അവളും മാത്രമുള്ള ലോകത്തേക്ക് നിങ്ങളെ അവള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ ഞാനവളെ തിരുത്തിയില്ല. കാരണം ഞാനവളില്‍ അവശേഷിപ്പിച്ച അപൂര്‍ണ്ണതകളെ നിങ്ങള്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് എനിക്കു തോന്നി. നാട് വിട്ട് എങ്ങും പോകാന്‍ അവളൊരിക്കലും ഒരുക്കമായിരുന്നില്ല. ജോലി മതിയാക്കി അവള്‍ക്കൊപ്പം ഇവിടെക്കൂടാന്‍ അവള്‍ വാശിപിടിച്ചുകൊണ്ടേയിരുന്നു. അവളുടെ ആ വാശിക്ക് ഞാന്‍ വഴങ്ങാനിരുന്ന നേരത്താണ് അവളുടെ സംസാരത്തില്‍ നിങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടത്. പിന്നെപ്പിന്നെ അവളെന്നോട് ആവശ്യങ്ങള്‍ പറയാതെയായി.
ചെറിയ കാര്യം മതിയായിരുന്നു അവള്‍ക്കു പിണങ്ങാന്‍. അവളേക്കാളേറെ മറ്റാരേയും സ്‌നേഹിക്കരുതെന്ന വാശിയായിരുന്നു. അവളോട് ചിരിക്കുന്ന ചിരി, അവളോടുള്ള കരുതല്‍ അതൊന്നും മറ്റാരുമായും പങ്കുവെക്കരുതെന്ന കടുംപിടുത്തം. ആ വലിഞ്ഞുമുറുക്കലുകള്‍ ഞാന്‍ ആസ്വദിച്ചു. പതിയെപ്പതിയെ അവളുടെ വാശികള്‍പോലെ ആ വരിച്ചിലും അയഞ്ഞു. അതിന്റെ കാരണം അവളെന്നോട് മറച്ചുവച്ചിരുന്നില്ല.
എന്നോടുള്ള വാശികളില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാവാതെ ഇടതടവില്ലാതെ പിണങ്ങിക്കൂടിയ കാലത്ത് അവള്‍ ആത്മഹത്യ ചെയ്ത എഴുത്തുകാരികളേയും കഥാപാത്രങ്ങളേയും പറ്റി പറഞ്ഞു കൊണ്ടിരുന്നു. എമിലി ഡിക്കിന്‍സണ്‍, സില്‍വിയ പ്ലാത്, വെര്‍ജീനിയ വൂള്‍ഫ്... എനിക്കറിയാത്ത പല പേരുകള്‍... നിങ്ങള്‍ക്കറിയാമല്ലോ... നിങ്ങളെപ്പോലെയല്ല ഞാന്‍... സാഹിത്യം എന്റെ വിഷയവുമല്ല... ഒടുവില്‍ അവള്‍ പരിചയപ്പെടുത്തിയത് ഒരു കഥാപാത്രത്തെയായിരുന്നു. ഷേക്സ്പിയറിന്റെ ഒഫീലിയ... ഒരു കുളത്തില്‍ മരിച്ചുകിടന്ന ദുരന്ത നായിക. എല്ലാവരും സ്‌നേഹത്തിന്റെ പേരില്‍ മരിച്ചവര്‍... നിത കഥാപാത്രങ്ങളേയോ എഴുത്തുകാരേയോ അനുകരിക്കുമെന്ന് എനിക്ക് പേടി തോന്നിയിരുന്നു. പ്രണയത്താല്‍ ജീവനൊടുക്കുക അവശേഷിക്കുന്ന ആള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനമാണെന്നാണ് അവള്‍ പറയുക. സങ്കല്പത്തില്‍ അവളെപ്പോഴും പ്രണയനഷ്ടത്തിന് അടിമപ്പെട്ടു. തോറ്റു കൊടുക്കുകയാണ് അവളെ മരിക്കാതെ നിലനിര്‍ത്താനുള്ള ഒരേയൊരു വഴി എന്ന് എനിക്കറിയാമായിരുന്നു. എന്റെ തോല്‍വികള്‍ ഒരുപക്ഷേ, അവളെ മടുപ്പിച്ചിട്ടുണ്ടാകാം. അവള്‍ക്ക് വേണ്ടത് വാശിയായിരുന്നു. അതിനെ കെടുത്താനാണ് ഞാന്‍ ശ്രമിച്ചതത്രയും. ജീവിതാവസാനം വരെ അവളെ എനിക്ക് വേണമായിരുന്നു.
സ്‌നേഹത്താല്‍, അതിന്റെ തിരസ്‌കാരങ്ങളാല്‍ ജീവനൊടുക്കാന്‍ തോന്നുന്നതരം കിറുക്കായിരുന്നു അവള്‍ക്ക്. നഷ്ടപ്പെട്ടാല്‍ ഏറ്റവും വേദനിപ്പിക്കുന്ന നിക്ഷേപം പ്രണയമാണെന്ന് അവളൊരിക്കല്‍ പറഞ്ഞു. ആ നഷ്ടം മരണത്തിലൂടെ മാത്രം നികത്താനാകൂവെന്നും അവള്‍ പറഞ്ഞു. അവള്‍ മരിക്കാന്‍ ഒരേയൊരു കാരണമേ ഞാന്‍ കാണുന്നുള്ളൂ. അതൊരിക്കലും വെറുപ്പല്ല... സ്‌നേഹം മാത്രമാണെന്നും അതില്‍നിന്നുണ്ടാകുന്ന സ്വാര്‍ത്ഥതയാണെന്നും എനിക്കറിയാം. പക്ഷേ, ആ സ്‌നേഹത്തിനു മറ്റൊരവകാശിയെ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ആ ഉറപ്പ് നിലനിര്‍ത്താന്‍ നിങ്ങളെന്നെ സഹായിക്കണം. അതിനു പകരം നിങ്ങള്‍ക്കു ഞാനൊരു സമ്മാനം തരാം. ആനന്ദ് പോക്കറ്റില്‍നിന്നൊരു ചെറിയ പൊതി പുറത്തെടുത്തു. എന്നോട് അവള്‍ എന്തെങ്കിലും ഒളിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവ് ഇതില്‍ അവളെനിക്കായി മാറ്റിവച്ചിട്ടുണ്ടാകാം. നിങ്ങള്‍ ആ രഹസ്യത്തിന്റെ കാവല്‍ക്കാരനാകണം. ആനന്ദ് ആ പൊതി വരുണിന്റെ പോക്കറ്റില്‍ തിരുകി. ഹൃദയത്തിനുമേല്‍ അന്നോളം വന്നുപതിക്കാത്ത ഒരു ഭാരം വരുണറിഞ്ഞു.
പാര്‍ക്ക് സ്ട്രീറ്റ് ബാറിലെ കോക്ക്ടെയില്‍ ചെയറില്‍ ഓര്‍ഡര്‍ ചെയ്ത വിസ്‌കി കാത്തിരിക്കുമ്പോള്‍ വരുണിന്റെ വലതു കൈയില്‍ നിതയുടെ മൊബൈല്‍ ഉണ്ടായിരുന്നു. പാറ്റേണ്‍ ലോക്ക് ചെയ്ത ഫോണിന്റെ സ്‌ക്രീനില്‍ വിരലമര്‍ത്തുമ്പോള്‍ പിന്നിലെ സംസാരത്തിലേക്ക് അയാള്‍ ചെവി ചേര്‍ത്തു. സ്വയമ്പനൊരു പെണ്ണ്. മുപ്പത്തിരണ്ട് വയസ്സ്. കുളത്തില്‍ മരിച്ചു കിടന്നതാ... ചാടിയതാണോ വീണതാണോ വല്ലവനും കൊണ്ട് തള്ളിയതാണോ എന്നൊന്നും അറിയില്ല. പതിന്നാല് കൊല്ലമായി ഞാനിങ്ങനെ ശവങ്ങള് മുറിക്കുന്നു. പക്ഷേ, ആ പെണ്ണിന്റെ ശരീരം മറക്കാന്‍ പറ്റുന്നില്ലെടോ... ഡബിള്‍ ലാര്‍ജ് റമ്മിന്റെ അവസാനത്തെ തുടം മോന്തി പ്രസന്നന്‍ ചിറി തുടച്ചു.
മുഖത്തും മുലയിലും നാഭിയിലുമൊക്കെയായി ലക്ഷണമൊത്ത എട്ട് മറുകുകള്‍... എട്ടും ചേര്‍ത്തു വരച്ചാല്‍... എട്ടുവശങ്ങളുള്ള ആ രൂപത്തിന്റെ പേര് എന്നതാടോ... ഈ പിള്ളേര് പള്ളിക്കൂടത്തില്‍ പഠിക്കുന്നൊരു പേരില്ലേ... ചതുരവും സമചതുരവും പോലെ... ങാ അതുതന്നെ അഷ്ടഭുജം... കണക്ക് തെറ്റാത്തൊരു അഷ്ടഭുജം... ചാടിയതാണെങ്കില്‍ അതെന്തിനായിരിക്കും. ആലോചിച്ചിട്ട് എത്തുംപിടിയും കിട്ടുന്നില്ലെടോ... പതിന്നാല് കൊല്ലത്തിനിടയില്‍ ഞാനിങ്ങനെ കുഴങ്ങിപ്പോകുന്നത് ആദ്യമായിട്ടാടോ... ദേ ഈ കള്ളുകുപ്പിയുടെ പുറത്തുമുണ്ട് അവളുടെ ശരീരത്തിലേതുപോലൊരു അടയാളം... എന്താ അതിന്റെ പേര്... ങാ... അഷ്ടഭുജം അതുതന്നെ.... മറ മൂടിയ മരണരഹസ്യത്തിലേക്ക് പ്രസന്നന്‍ ഒഴുകിത്തുടങ്ങിയപ്പോള്‍ പെരുവിരല്‍കൊണ്ട് വരുണ്‍ നിതയുടെ സ്‌ക്രീന്‍ ലോക്ക് തുറന്നു. ആ രഹസ്യചിഹ്നം അയാള്‍ക്കു മനപ്പാഠമായിരുന്നു. അളവുതെറ്റാത്ത അഷ്ടഭുജം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക