'ആശ'- എം.എ. ബൈജു എഴുതിയ കഥ

അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ രാജഗോപാലന്‍ ചേട്ടന്‍ എന്നോട് ഇത് പറയുമ്പോള്‍ എനിക്ക് അത് മൂളികേള്‍ക്കാനേ നിവൃത്തിയുണ്ടായിരുന്നൊള്ളൂ
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
Published on
Updated on

''തിന്മ നിറഞ്ഞ രാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്‌കര്‍മ്മികളായ നേതാക്കള്‍, ദുര്‍മ്മാര്‍ഗ്ഗികളായ അവരുടെ അണികള്‍, നീതിയെ പരിത്യജിച്ച് സാധാരണക്കാരെ എന്നും നിന്ദിക്കുന്ന ഭരണാധികാരികള്‍. അവരുടെയൊക്കെ ഭരണത്തിനും അധികാരത്തിനുമിടയില്‍പ്പെട്ട് സാധാരണ ജനങ്ങളുടെ ഹൃദയം തളര്‍ന്നുപോയിരിക്കുന്നു. ഉള്ളങ്കാല്‍ മുതല്‍ ഉച്ചിവരെ ക്ഷതമേല്‍ക്കാത്ത ഒരിടവും ബാക്കിയില്ല. എവിടെയും ചതവുകളും രക്തമൊലിക്കുന്ന മുറിവുകളും മാത്രം. അവയെ കഴുകി വൃത്തിയാക്കി വച്ചുകെട്ടാനോ ആശ്വാസത്തിനു തൈലം പുരട്ടാനോ നീതിയുള്ള ഭരണാധിപനെ കാത്തിരിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?''

അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ രാജഗോപാലന്‍ ചേട്ടന്‍ എന്നോട് ഇത് പറയുമ്പോള്‍ എനിക്ക് അത് മൂളികേള്‍ക്കാനേ നിവൃത്തിയുണ്ടായിരുന്നൊള്ളൂ. എതിരഭിപ്രായം എന്തെങ്കിലും പറയുകയോ ഇഷ്ടക്കേടു കാട്ടുകയോ ചെയ്താല്‍ അതു പിന്നെ ജോലിയെക്കൂടി ബാധിക്കും. എഡിറ്റ് ചെയ്യാനും ട്രാന്‍സ്ലേഷനും മറ്റും വര്‍ത്തകള്‍ ഓരോ സബ് എഡിറ്റര്‍മാര്‍ക്കുമായി വീതിക്കുന്നത് അദ്ദേഹമാണ്. ജോലിയില്‍ ചില പരിഗണനകള്‍ എനിക്ക് അദ്ദേഹം നല്‍കാറുണ്ട്. ഓഫീസില്‍ ജോലിക്കായി വൈകിട്ട് നാലുമണിക്ക് കേറേണ്ടവര്‍, ആറിന് എത്തേണ്ടവര്‍, എട്ടിന് വരേണ്ടവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്. എട്ടിന് കേറുന്നവന്‍ ഒരു പത്രമോഫീസിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിന്റെ നൈറ്റ് വാച്ച്മാനാണ്. ലോകത്ത് എന്ത് നടന്നാലും അവന്‍ കണ്ടെത്തണം. വാര്‍ത്തയുടെ കാര്യത്തില്‍ എന്തെങ്കിലും മിസ്സിങ്ങ് പറ്റിയാല്‍ പിറ്റേന്നത്തെ പ്രഭാതം നാശോന്മുഖമായിരിക്കും. സര്‍ക്കുലേഷന്‍ ഏറ്റവും കൂടുതലുള്ള പത്രമാണ് താരതമ്യം ചെയ്യാനുള്ള മാതൃക. മിസ്സിങ്ങുകള്‍ ഡെസ്‌ക് മീറ്റിംഗില്‍ എണ്ണമിട്ട് നിരത്തും. ആദ്യമൊന്നും ഡെസ്‌ക്കിലെ നൈറ്റ് വാച്ച്മാനാകാനുള്ള പണി എനിക്കു കിട്ടിയിരുന്നില്ലെങ്കിലും അടുത്തിടെ ആ ജോലി സ്ഥിരമായി എന്നെ തേടിവരാന്‍ തുടങ്ങി. ഞാന്‍ വരുമ്പോഴത്തെ ആദ്യ നൈറ്റ് എഡിറ്റര്‍ രവി ആര്‍. റാം വിവാഹിതനായതോടെ ആ ജോലിയില്‍നിന്നും വിടുതല്‍ കിട്ടാന്‍ അയാള്‍ റിക്വസ്റ്റ് നല്‍കിയതാണ് എനിക്ക് വിനയായത്. കുറച്ചുനേരം കൂടി സംസാരിച്ചിരുന്നെങ്കിലും എഡിറ്റോറിയല്‍ മീറ്റിംഗിന് സമയമായതിനാല്‍ ഞങ്ങള്‍ വേഗം തിരികെ നടന്നു.

മീറ്റിംഗില്‍ എനിക്ക് കാര്യമായ റോളൊന്നുമില്ല. പതിവുപോലെ പത്രവിശകലനവും ഷെഡ്യൂള്‍ വായനയും മിസ്സിങ്ങുകളെക്കുറിച്ചുള്ള ചര്‍ച്ചയും കഴിഞ്ഞ് എല്ലാവരും ജോലിയിലേക്ക് തിടുക്കത്തില്‍ പിന്തിരിഞ്ഞു. ഇനി കുറച്ചുനേരം എന്നെ ആരും അന്വേഷിക്കില്ല. ഏകദേശം പത്തുമണിയോടെയാണ് എന്റെ ജോലി തുടങ്ങുന്നത്. കുറേനേരം ഓണ്‍ലൈന്‍ പത്രങ്ങളും സൈറ്റുകളും നോക്കിയിരുന്നെങ്കിലും ചിന്തകള്‍ അസ്വസ്ഥതപ്പെടുത്തിയപ്പോള്‍ ഞാന്‍ ഓഫീസില്‍നിന്നും പുറത്തിറങ്ങി. ചാനലുകളില്‍നിന്നും വിവിധങ്ങളായ ഭാഷകളിലുള്ള വാര്‍ത്തകളുടെ ശബ്ദം അവിടെ പാറിനടന്നു. 

റെയില്‍വേ സ്റ്റേഷനടുത്താണ് ഇനിയുള്ള തട്ടുകട. ബാക്കിയെല്ലാ തട്ടുകടകളും രാത്രി പത്തിന് അടയ്ക്കും. തട്ടുകടയില്‍ പതിവില്‍ കൂടുതല്‍ തിരക്ക്. എന്നെ കണ്ടപാടെ ദോശയും ചട്ണിയും രവിയേട്ടന്‍ പ്ലേറ്റിലാക്കി നീട്ടി. 
''ഇന്ന് എന്താ കുഞ്ഞേ പ്രധാന വാര്‍ത്ത?''
ഞാന്‍ പറഞ്ഞു:
''ഞെട്ടിക്കുന്ന വാര്‍ത്തകളൊന്നുംതന്നെയില്ല. നാളെ ബജറ്റ് അവതരണമല്ലേ. അതിന്റെ വിശകലനവും ഒരു മാസം കഴിഞ്ഞ് നടക്കാന്‍ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വിശേഷങ്ങളുമൊക്കെയുള്ളൂ.''
''ആ എന്ത് ബജറ്റ്? എന്ത് തെരഞ്ഞെടുപ്പ്? രാത്രിയും പകലും ഒരുപോലെ പണിതാല്‍ ജീവിക്കാം, അല്ലേ?''
എനിക്ക് തലയാട്ടുകയേ നിവൃത്തിയുണ്ടായുള്ളൂ. ചൂളം മുഴക്കി ഒരു ഗുഡ്സ് ട്രെയിന്‍ പാഞ്ഞു. ട്രെയിന്‍ വൈകിയതുകൊണ്ടാകും യാത്രക്കാര്‍ പിന്നെയും തട്ടുകടയില്‍ കട്ടന്‍ കുടിക്കാനും ഓംലെറ്റ് കഴിക്കാനുമെത്തി. ഞാന്‍ മൊബൈലില്‍ വാട്സ്അപ് തുറന്ന് ഓരോ ഗ്രൂപ്പുകളിലേയും പുതിയ വാര്‍ത്തകളും വിശേഷങ്ങളും നോക്കിയിരുന്നു. സ്റ്റേഷനില്‍ സ്റ്റോപ്പില്ലാത്ത ഏതോ യാത്രാ ട്രെയിന്‍ നിര്‍ത്തിയതറിഞ്ഞ് തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ തിടുക്കത്തില്‍ പണംകൊടുത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിപ്പോയപ്പോള്‍ ഞാനും രവിയേട്ടനും മാത്രമായി.
പെട്ടെന്നാണ് രവിയേട്ടന്‍ ചോദിച്ചത്:
''മോനെ നിനക്ക് എനിക്ക് ഒരു സഹായം ചെയ്യാന്‍ പറ്റുമോ?''
''സഹായമോ? കാര്യംപറ ചേട്ടാ.'' രവിയേട്ടന്‍ കടയുടെ വരാന്തയിലേക്കു കൈചൂണ്ടി.
''ദേ, അവിടെ ഒരാള്‍ കിടന്ന് ഉറങ്ങുന്നതു കണ്ടോ?''

2
ഇരുട്ടിന്റെ മറയില്‍ അയാളുടെ മുഖം വ്യക്തമല്ലായിരുന്നെങ്കിലും ഒരാള്‍ കിടന്നുറങ്ങുന്നത് ഞാന്‍ കണ്ടു. രവിയേട്ടന്‍ തുടര്‍ന്നു: ''അതാണ് ദുരൈസ്വാമി. തമിഴ്നാട്ടില്‍നിന്നും ചെരുപ്പ് തുന്നിയും കുട നന്നാക്കിയും ജീവിക്കാനാണ് ഇവിടെ എത്തിയത്. ഇവിടെ വന്നിട്ട് ഏകദേശം ആറു വര്‍ഷമെങ്കിലും ആയിട്ടുണ്ട്. കിടപ്പും ആ കടയ്ക്ക് മുന്നില്‍ത്തന്നെയാണ്.''
രവിയേട്ടന്‍ പറഞ്ഞുവരുന്നത് എന്തെന്ന് എനിക്ക് വ്യക്തമായില്ല. ആലോചിച്ചിരിക്കെ തട്ടുകടയുടെ സമീപം പെട്ടെന്ന് ഒരു ലോറി വന്നുനിന്നു. അതില്‍നിന്നും ഡ്രൈവറും കിളിയും ഇറങ്ങിവന്നു. അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ദോശയും ഓംലെറ്റുമുണ്ടാക്കുന്ന തിരക്കിലായി രവിയേട്ടന്‍. എന്റെ കണ്ണുകള്‍ ദുരൈസ്വാമിയുടെ നേര്‍ക്കായി. അപ്പോഴും ആ മനുഷ്യരൂപം അവിടെ മൂടിപ്പുതച്ചു കിടക്കുന്നുണ്ടായിരുന്നു. 

ലോറിക്കാര്‍ മടങ്ങിപ്പോയപ്പോള്‍ രവിയേട്ടന്‍ വീണ്ടും സംസാരം തുടര്‍ന്നു:
''ദുരൈസ്വാമിയും ഭാര്യയും മകളുമടങ്ങുന്നതായിരുന്നു ആ കുടുംബം. അതുങ്ങ്ള് ഒരുകണക്കിന് തട്ടീംമുട്ടീം ജീവിച്ചുവരുന്നതിനിടയിലാ ഭാര്യ ലക്ഷ്മിക്ക് കിഡ്നിക്ക് അസുഖം വന്നത്. കുറേ ചികിത്സ നടത്തി. തമിഴ്നാട്ടിലെ വീടും പറമ്പും വിറ്റു. ലക്ഷ്മി എന്നിട്ടും ചത്തു. പിന്നെ ദുരൈസ്വാമിക്ക് എല്ലാം മോളായിരുന്നു.''
ഞാന്‍ രവിയേട്ടന്‍ പറഞ്ഞുവരുന്നതിന്റെ പൊരുളറിഞ്ഞില്ലെങ്കിലും ആകാംക്ഷയോടെ കേട്ടിരുന്നു.

''ആറുമാസം മുന്‍പാണ് മോള് ആശ സ്‌കൂളില്‍ തലചുറ്റി വീണത്. ടെസ്റ്റുകള്‍ നടത്തിയപ്പോഴാണ് അറിയുന്നത് അതിനും അമ്മയുടെ അസുഖമാണെന്ന്. സ്‌കൂളുകാര് കുറച്ചൊക്കെ പിരിച്ചുകൊടുത്തു. അതൊന്നും ഒന്നിനും തികഞ്ഞില്ല. ആറു ലക്ഷം രൂപ വേണം. ദുരൈസ്വാമീടെ കയ്യില്‍ എവിടെന്ന് പണം. പലവഴി ആലോചിച്ചിട്ടും ഒരു മാര്‍ഗ്ഗവുമില്ല. പലരും ചെറിയ ചെറിയ സംഭാവനകളെല്ലാം നല്‍കിയെങ്കിലും ഒന്നും തികഞ്ഞിട്ടില്ല.''
ഇതെല്ലാം എന്നോട് പറയുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. ഞാനത് ആലോചിച്ചുകൊണ്ടിരിക്കുന്നതിനിടയിലും രവിയേട്ടന്‍ വാചാലനായി:
''അതേ പത്രത്തില്‍ മോന്‍ വിചാരിച്ചാല്‍ ഒരു വാര്‍ത്ത കൊടുക്കാന്‍ പറ്റുമോ? ചികിത്സാ സഹായം ആവശ്യമുണ്ടെന്നു പറഞ്ഞ്. ചെയ്യാന്‍ പറ്റിയാല്‍ അതൊരു നിരപരാധിയെ സഹായിക്കലാകും. മോന് പുണ്യംകിട്ടും.'' 
ഞാന്‍ രവിയേട്ടനെ മിഴിച്ചുനോക്കി. 

''പറ്റുമെങ്കില്‍ ഉടനെ വേണം. ഇനി കാത്തിരിക്കുന്നത് അപകടമാണ്.''
ഞാന്‍ പറഞ്ഞു:
''ഞാനൊന്ന് ഓഫീസില്‍ സംസാരിക്കട്ടെ. ഇതുവരെ നടന്ന കാര്യങ്ങളെല്ലാം ഒരു കടലാസില്‍ എഴുതി വാങ്ങിവച്ചേക്ക്. പിന്നെ കുട്ടിയുടെ ഒരു പടവും. നാളെ രാത്രി ഭക്ഷണം കഴിക്കാന്‍ വരുമ്പോള്‍ തന്നാല്‍ മതി.''
പിറ്റേന്ന്, പത്രപ്രവര്‍ത്തന ജോലിയുടെ നീണ്ട തിരക്കിനുശേഷം ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ രവിയേട്ടന്‍ എന്നെ കണ്ടപാടെ ഒരു കവര്‍ നീട്ടി.

''ദേ ഇതില്‍ ഇതുവരെ നടന്ന കാര്യവും ഡോക്ടറുടെ മരുന്നുചീട്ടും ഫോട്ടോയുമെല്ലാമുണ്ട്.''
ഞാനത് വാങ്ങി. അപ്പോഴും അല്പം മാറി ആ കടവരാന്തയ്ക്കു മുന്നില്‍ ദുരൈസ്വാമി കിടന്നുറങ്ങുന്നുണ്ടായിരുന്നു. തലേന്നു രാത്രിയിലെ ആവര്‍ത്തനമായിരുന്നു അവിടെ അരങ്ങേറിയ ഓരോ കാഴ്ചകളും. പതിവുപോലെ വൈകിയെത്തിയ ട്രെയിനും തിടുക്കപ്പെട്ട് റെയില്‍വേ സ്റ്റേഷനില്‍നിന്നും ഭക്ഷണം കഴിക്കാനെത്തുന്ന യാത്രികരും കഞ്ചാവ് വില്പനക്കാരന്‍ മുരുകനും ശരീരം വില്‍പ്പനക്കാരി സുധയും മാനസിക രോഗത്താല്‍ തെരുവിലൂടെ അലയുന്ന ചെറുപ്പക്കാരനും കൂട്ടംകൂടിനിന്ന് കുരയ്ക്കുന്ന തെരുവുപട്ടികളും ആ ഇരുളിന്റെ മറവില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ടായിരുന്നു.

ഞാന്‍ ദോശയും ചട്ണിയും കഴിച്ച് തിരികെ മടങ്ങി. ലോകത്തെ എല്ലാ വാര്‍ത്തകളും തിങ്ങിനിറഞ്ഞ 16 പേജ് പത്രം അപ്പോഴേക്കും അച്ചടിയന്ത്രത്തില്‍ ജീവന്റെ തുടിപ്പിനായുള്ള പോരാട്ടത്തിലായിരുന്നു. ഓഫീസിലെത്തി ഞാന്‍ കവര്‍ തുറന്നു. തമിഴ്നാട്ടുകാരനായ ദുരൈസ്വാമിക്ക് ഇത്ര വടിവൊത്ത അക്ഷരത്തില്‍ മലയാളത്തില്‍ എഴുതിക്കൊടുത്തത് ആരാകും? അത്ര മനോഹരമായ കൈപ്പട. അതിലെ ഓരോ വരിയിലബടെയും ഒരു കൊച്ചുകുട്ടി വളര്‍ന്നു വലുതായി മാറുന്നത് ഞാനറിഞ്ഞു. എന്റെ കണ്ണുനിറഞ്ഞു. നാളെത്തന്നെ ന്യൂസ് എഡിറ്ററോട് പറഞ്ഞ് വാര്‍ത്ത നല്‍കണമെന്ന് തീര്‍ച്ചപ്പെടുത്തി. കംപ്യൂട്ടറില്‍ ഞാന്‍ വാര്‍ത്ത അടിച്ചുകയറ്റി. സാധാരണ കൊടുക്കാറുള്ള ചികിത്സാ സഹായം തേടുന്നുവെന്ന തലക്കെട്ടിന് ആ വാര്‍ത്തയുടെ ഗാംഭീര്യം ഏറ്റുവാങ്ങാനുള്ള കരുത്തില്ലെന്നു തോന്നിയതിനാല്‍ പുതിയൊരു തലക്കെട്ടിനായി ഞാന്‍ ഏറെ ആലോചിച്ചു. ഒടുവില്‍ ഒരു തലക്കെട്ട് കിട്ടി. എന്റെ വിരലുകളത് ടൈപ്പ് ചെയ്തു.
''ആശയുണ്ട് ജീവിക്കാന്‍,
നിങ്ങള്‍ കനിഞ്ഞാല്‍...''
ഞാന്‍ ആ വാര്‍ത്തയില്‍ കുറേ നേരം കണ്ണോടിച്ചിരുന്നു.
പിറ്റേന്ന് വാര്‍ത്തയുമായി ഞാന്‍ അസിസ്റ്റന്റ് എഡിറ്റര്‍ രാജഗോപാലന്‍ ചേട്ടന്റെ അടുക്കലെത്തി. അദ്ദേഹമത് ഒന്നോടിച്ചു വായിച്ചു. 

''എന്താണ് ഈ വാര്‍ത്തയ്ക്ക് ഇത്ര പ്രത്യേകത?''
ഞാന്‍ നടന്ന കാര്യങ്ങള്‍ ഓരോന്നായി പറഞ്ഞു.
അദ്ദേഹമത് അവജ്ഞയോടെ കേട്ടു.

''നാടു മുഴുവനുമുള്ള ആളുകള്‍ പത്രത്തില്‍ വാര്‍ത്തയും പടവും വരുന്നത് ഇഷ്ടപ്പെടുന്നവരാണ്. ചിലര്‍ വാര്‍ത്ത സൃഷ്ടിക്കും. ചിലര്‍ സ്വയം വാര്‍ത്തയാകും. ആ അതുപോട്ടെ, നിനക്ക് ഇവരെ നേരിട്ട് പരിചയമൊന്നുമില്ലല്ലോ? അയാള് പറയുന്നതെല്ലാം സത്യമാവണമെന്നില്ല. നമ്മുടെ പത്രത്തില്‍ ആ വാര്‍ത്ത വന്നാല്‍ അത് തെളിവായി കാട്ടി അവര് മറ്റു പത്രത്തില്‍ അത് വരുത്തും. പിന്നെ നാടുനീളെ പിരിവും. പത്രത്തില്‍ വരുന്നതെല്ലാം സത്യമാണെന്ന് വിശ്വസിക്കുന്നവരെ കബളിപ്പിച്ച് പണം തട്ടുകയാണ് ലക്ഷ്യം. നിനക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ?''
ഞാന്‍ ഇടയ്ക്ക് കയറി. ''അയാള്‍ അപരിചിതനല്ല. പറഞ്ഞ കാര്യങ്ങളില്‍ വാസ്തവമുണ്ട്.''
''എന്ത് വാസ്തവം?''
വളരെ കാര്‍ക്കശ്യമുള്ളതായിരുന്നു രാജഗോപാലന്‍ ചേട്ടന്റെ ശബ്ദം. കുറച്ചുനേരം അദ്ദേഹം എന്നെത്തന്നെ നോക്കിയിരുന്നു. 
ഞാന്‍ പറഞ്ഞു: ''ദയവായി ഒന്ന് സഹായിക്കണം സാര്‍. പ്ലീസ്.''
എന്നിലെ സങ്കടം തിരിച്ചറിഞ്ഞതിലാകാം അദ്ദേഹം മുഖത്ത് ചെറിയ ചിരിവരുത്തി. 
''നീ പാവമായതുകൊണ്ട് മാത്രാ ഞാന്‍ ഇടപെടുന്നതെന്ന് ഓര്‍ത്തോ?''
എനിക്ക് സന്തോഷമായി.

അദ്ദേഹം തുടര്‍ന്നു: ''അയാളോട് ഒരു ജോയിന്റ് അക്കൗണ്ട് എടുത്തിട്ട് വരാന്‍ പറ. വാര്‍ഡ് മെമ്പറേയോ പള്ളീലച്ചനേയോ ചേര്‍ത്ത് അക്കൗണ്ട് എടുക്കട്ടെ. ഇത്തരം വാര്‍ത്തകള്‍ ഇപ്പോള്‍ പത്രത്തില്‍ കൊടുത്ത് അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ എനിക്ക് വയ്യ. ബജറ്റിന്റെ തിരക്കിലാണ് ഞാന്‍. ഇന്ന് നിനക്ക് യാതൊരു കഷ്ടപ്പാടുമില്ലാത്ത ദിവസമാണ്. പേജു മുഴുവന്‍ ബജറ്റാ. ഇനി ചേയ്ഞ്ച് ഒന്നും വരില്ല.''
അദ്ദേഹം അതും പറഞ്ഞ് കംപ്യൂട്ടറിലെ വാര്‍ത്താലോകത്തേക്ക് പിന്തിരിഞ്ഞപ്പോള്‍ ഞാന്‍ തിരികെ എന്റെ ഇരിപ്പിടത്തില്‍ വന്നിരുന്നു.

രാത്രി തട്ടുകടയിലെത്തി രവിയേട്ടനോട് കാര്യം പറഞ്ഞു. ഒരു തമിഴനുവേണ്ടി ഒരു വാര്‍ഡ് മെമ്പറും പള്ളീലച്ചനും ഈ കാര്യത്തിന് സമ്മതിക്കില്ലെന്ന് കേട്ടയുടനെ രവിയേട്ടന്‍ പറഞ്ഞു. അപ്പോള്‍ ആ കടവരാന്തയില്‍ നിര്‍ത്താതെ ദുരൈസ്വാമി ചുമയ്ക്കുന്നുണ്ടായിരുന്നു. രവിയേട്ടന്‍ എനിക്ക് മുന്നിലേക്ക് ദോശ പ്ലേറ്റ് നീട്ടുമ്പോള്‍ അയാളുടെ മുഖത്തെ പതിവില്ലാത്ത നീരസം ഞാന്‍ വായിച്ചെടുത്തു.

''ഇനി എന്തുണ്ട് വഴി?''
''മോന്‍ പറഞ്ഞാല്‍ ഈ നിബന്ധനയ്ക്ക് ഒരു ഇളവു വരുത്താന്‍ കഴിയില്ലേ?''
ഞാനും അതുതന്നെയായിരുന്നു ആലോചിച്ചത്. ഓഫീസിലെ തിരക്ക് അവസാനിച്ചിരുന്നു. ചിലര്‍ ജോലി കഴിഞ്ഞ് കംപ്യൂട്ടര്‍ ഓഫാക്കാതെ അശ്രദ്ധമായി മടങ്ങിപ്പോയത് ഞാന്‍ ചെന്ന് ഓഫാക്കി. കസേരയില്‍ തളര്‍ച്ചയോടെ ഇരുന്നു. പിറ്റേന്നും ഈ വാര്‍ത്തയുടെ കാര്യവുമായി ഞാന്‍ രാജഗോപാലന്‍ ചേട്ടന്റെ മുന്നിലെത്തി.
''നീ ഈ കാര്യം മറന്നില്ലെ. എടാ ജോയിന്റ് അക്കൗണ്ടില്ലാതെ കാര്യം നടക്കില്ല. നിനക്ക് ഇത്ര ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ നീ ഒരു കാര്യം ചെയ്യ്. നീയും അയാളും ചേര്‍ന്ന് ഒരു അക്കൗണ്ട് എടുക്ക്. എന്നിട്ട് വാര്‍ത്ത കൊടുക്കാം.''
ഞാന്‍ അല്പംനേരം ആലോചനയിലായി.

എന്റെ ആലോചന കണ്ട് അദ്ദേഹം പറഞ്ഞു:
''അതു പറഞ്ഞപ്പോള്‍ നിന്റെ ആവേശം പോയി അല്ലേ?''
എന്തോ ധൈര്യത്തില്‍ ഞാന്‍ പറഞ്ഞു:
''ബാങ്കിലെ കാര്യം ഒന്ന് ശരിയാക്കിത്തരുമോ?''
''അതിനെന്താ നമ്മുടെ അക്കൗണ്ട്സ് ഡിപ്പാര്‍ട്ട്മെന്റ് വഴി ശരിയാക്കാം. ഞാന്‍ പറയാം. ഒരു നല്ല കാര്യത്തിനല്ലേ.''
സന്തോഷത്തോടെയാണ് ഞാന്‍ തട്ടുകടയിലേക്ക് നടന്നത്. രവിയേട്ടനോട് കാര്യം പറഞ്ഞു. രവിയേട്ടന്‍ ദോശമാവ് മാറ്റിവച്ച് കട വരാന്തയിലേക്ക് ചെന്ന് ദുരൈസ്വാമിയെ ഉറക്കത്തില്‍നിന്ന് വിളിച്ചുണര്‍ത്തി കാര്യം പറഞ്ഞു. തിരിച്ചുവന്ന് രേഖകളും ഫോട്ടോയുമെല്ലാം അയാളുടെ പക്കലുണ്ടെന്നും നാളെ രാവിലെ പത്തുമണിക്ക് ബാങ്കില്‍ കാണാമെന്നും രവിയേട്ടന്‍ പറഞ്ഞു. നൈറ്റ് എഡിറ്ററുടെ ജോലി കാര്യമായുള്ള ദിവസമായിരുന്നു അന്ന്. രാത്രി ഇന്ത്യ-ഓസ്ട്രേലിയ ഡേ-നൈറ്റ് മാച്ചുണ്ട്. ഞാന്‍ ടിവിയില്‍ ശ്രദ്ധിച്ചിരുന്നു. ഏകദിനത്തിന്റെ അന്തിമഫലത്തെ മഴ തടസ്സപ്പെടുത്തി, പിന്നെയും കളി തുടരാന്‍ വൈകിയപ്പോള്‍ ഓഫീസില്‍ത്തന്നെ ടി.വിക്കു മുന്നില്‍ കാത്തിരിക്കേണ്ടിവന്നു. ക്രിക്കറ്റ് കളിയുടെ ചേഞ്ച് ഓരോ പത്രമോഫീസിലെ നൈറ്റ് എഡിറ്റര്‍ക്ക് കനത്ത വെല്ലുവിളിയാണ്. കളി തീരുന്നത് ഇന്ത്യയില്‍ പുലര്‍ച്ചേയാകും. അതുവരെ കാത്തിരിക്കണം. രാവിലെ ഉണര്‍ന്ന് പത്രം വായിക്കുന്ന വായനക്കാര്‍ ആദ്യം നോക്കുക സ്പോര്‍ട്സ് പേജിലേക്കാകും. അത് കൃത്യമായി വന്നില്ലെങ്കില്‍ ഡെസ്‌ക് മീറ്റിംഗില്‍ പഴി മുഴുവന്‍ കേള്‍ക്കേണ്ടിവരും. മഴ കളിമുടക്കി സമയം വൈകി എന്നതൊന്നും ന്യായീകരണമാകില്ല. പ്രസ്സ് നിര്‍ത്തിയിട്ടാലും വേണ്ടില്ല. സര്‍ക്കുലേഷന്റെ കാര്യത്തില്‍ എതിരാളിയായി മത്സരിക്കുന്ന പത്രത്തിലെങ്ങാനും ക്രിക്കറ്റ് കളിയുടെ ചേഞ്ച് വന്നാല്‍ വിശദീകരണം ആവശ്യപ്പെട്ടുള്ള കത്ത് വരെ ലഭിക്കും.

3
മണിക്കൂറുകള്‍ മുന്‍പ് എത്ര തിരക്കേറിയ ഓഫീസായിരുന്നു ഇത്. ഇപ്പോള്‍ അനാഥമായിരിക്കുന്നു. എങ്കിലും ശ്വസിക്കുന്ന വായുവില്‍പ്പോലും വാര്‍ത്തകളുടെ മണമുണ്ട്. ക്രൈം, ബിസിനസ്, ശാസ്ത്രം, ഗവേഷണം, കായികം, സിനിമ എന്നിങ്ങനെ വിഭാഗങ്ങളായി അത് നിരന്നുനില്‍ക്കുന്നു. സെക്യൂരിറ്റിക്കാരന്‍ ചുറ്റിലും മൂളിപ്പറന്ന് ചോര കുടിക്കുന്ന കൊതുകുകളെ ചൈനീസ് ബാറ്റുകൊണ്ട് ആട്ടിപ്പായിക്കുന്നു. നശിച്ച ആ ദിവസത്തെ ഞാന്‍ പ്രാകിക്കൊണ്ടിരുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ പെയ്യുന്ന മഴ കൊച്ചി നഗരത്തിലെ എന്റെ ഉറക്കമാണ് കളഞ്ഞത്. ടി.വിയില്‍ ഹൈലൈറ്റ്സ് വീണ്ടും വീണ്ടും കാട്ടുന്നു. ഞാന്‍ കളി വിവരങ്ങള്‍ ടൈപ്പ് ചെയ്ത്, നിലവിലെ സ്പോര്‍ട്സ് പേജിന്റെ ലേ-ഔട്ട് പൊളിച്ച് ഇന്ത്യ വിജയിക്കുമെന്ന പ്രതീക്ഷയില്‍ വാര്‍ത്ത അവിടെ ഫിറ്റ് ചെയ്തു. സമയം മൂന്നുമണി. ഇനി കളി തുടരാനിടയില്ലെന്ന് ആദ്യം കമന്റേറ്റര്‍ പറഞ്ഞതിനു പിന്നാലെ കളി ക്യാന്‍സല്‍ ചെയ്ത വിവരവുമെത്തി. ചെയ്ത ലേ ഔട്ട് പൊളിച്ചുമാറ്റി. 

മഴ കളിച്ചു, കളി മുടങ്ങിയെന്ന പലയാവര്‍ത്തി ആവര്‍ത്തിച്ച തലക്കെട്ടില്‍ വാര്‍ത്ത നല്‍കി. സിറ്റി പേജില്‍ സ്പോര്‍ട്സ് പേജ് എന്തായാലും ചേയ്ഞ്ച് ചെയ്ത് കയറ്റണമെന്ന നിര്‍ദ്ദേശം പ്രസ്സിലേക്ക് വിളിച്ചു നല്‍കി താമസസ്ഥലത്തേക്ക് നടന്നു. നഗരത്തിലെ സ്വന്തം പേരുപോലും മങ്ങിപ്പോയ ലോഡ്ജിലെ കുടുസുമുറിയില്‍ ഉറങ്ങാനായി കണ്ണുകളടയ്ക്കുമ്പോഴേക്കും പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിച്ച് പുലര്‍ച്ചേ ജോലിക്കു പോകാനുള്ളവര്‍ മുറികളില്‍ എഴുന്നേറ്റ് തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. അവരുടെ തട്ടും മുട്ടും പാട്ടും ഫോണ്‍വിളികളും ശല്യമായെത്തി. മണിക്കൂറുകള്‍ കടന്നുപോയെങ്കിലും ഉറങ്ങാനായില്ല. കൂടിക്കൂടിവരുന്ന ചൂടും കൊതുകുകളുടെ മൂളലും അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു.

എപ്പോഴോ ഉറങ്ങിപ്പോയി. കണ്ണുകള്‍ തുറക്കുമ്പോള്‍ ബാങ്കില്‍ ദുരൈസ്വാമിയോട് എത്തുമെന്നു പറഞ്ഞ സമയം കഴിഞ്ഞിരുന്നു. വേഗത്തില്‍ കുളിച്ച് വസ്ത്രം മാറി പുറത്തിറങ്ങി. ബാങ്കിലെത്തുമ്പോള്‍ അയാള്‍ അവിടെയുണ്ടായിരുന്നു. അവിടെ ബാങ്കിനു മുന്നിലായി വരാന്തയില്‍ തളര്‍ന്ന് എന്തോ ആലോചനയിലായിരുന്നു. അയാളെ ശരിക്കും അത്ര അടുത്തു കാണുന്നത് ആദ്യമായിട്ടായിരുന്നു. ഓഫീസില്‍നിന്ന് പരിചയപ്പെടുത്തിത്തന്ന ബാങ്ക് ക്ലര്‍ക്ക് ഉമേഷ് നായരെ കണ്ട് കാര്യം അവതരിപ്പിച്ച്, അയാള്‍ പറഞ്ഞിടത്തെല്ലാം ഒപ്പിട്ടുകൊടുത്തു. 

ആവശ്യത്തിന്റെ പ്രാധാന്യം ഓഫീസില്‍നിന്ന് വിളിച്ചുപറഞ്ഞതിനാല്‍ അവര്‍ നിബന്ധനകളില്‍ ഇളവ് വരുത്തി. എ.ടി.എം. കാര്‍ഡ് നാളെ ശരിയാക്കിത്തരാമെന്ന് അയാള്‍ പറഞ്ഞു. ഞാനും ദുരൈസ്വാമിയും പുറത്തേക്കിറങ്ങി. 
ഞാന്‍ ചോദിച്ചു: ''എങ്ങനെയുണ്ട് മകളുടെ അവസ്ഥ?''
അയാള്‍ കുറേ നേരം ആലോചനകളിലായി. സഹായത്തിനുവേണ്ടി വൃഥാ കാത്തിരുന്ന് മങ്ങിയ കണ്ണുകളോടെ അയാള്‍ എന്നെ നോക്കി.

''പണമില്ലാത്തതിനാല്‍ ഓപ്പറേഷന്‍ തീയതി നീണ്ടുപോവുകയാണ്. ഇനി വൈകാന്‍ പാടില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്.''
ഒന്നു നിശ്ശബ്ദനായശേഷം അയാള്‍ തുടര്‍ന്നു:
''മോള്‍ക്ക് എത്രയും വേഗം സ്‌കൂളില്‍ പോകണമെന്ന ഒറ്റ ആഗ്രഹമേയുള്ളൂ സാറെ. അവളുടെ കാര്യം ഒന്നു ശരിയായാല്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കും.'' സംസാരത്തിനിടയില്‍ അയാള്‍ നന്നായി കിതയ്ക്കുകയും ചുമയ്ക്കുകയും ചെയ്തു. കഴുത്തില്‍ നുകവുമായി കഠിനാദ്ധ്വാനം ചെയ്ത് തളര്‍ന്നവന്റെ ക്ഷീണത്തോടെ അയാള്‍ പിന്നെയും കിതച്ചു.
ഞാന്‍ ഒരു ചായയ്ക്ക് ക്ഷണിച്ചെങ്കിലും അയാള്‍ അത് നിരസിച്ച് വേഗത്തില്‍ നടന്നുപോയി. ഞാന്‍ വീണ്ടും ലോഡ്ജിലേക്ക് നടന്നു. ഉറക്കച്ചടവ് വിട്ടുമാറിയിരുന്നില്ല. കുറച്ചുനേരം കിടന്നത് മിച്ചം. നാലുമണി വരെ ഉറങ്ങിയും ഉണര്‍ന്നും ചെരിഞ്ഞും മറിഞ്ഞും കിടന്നു. കുറേനേരം വാട്ട്സ്അപ്പ് ഗ്രൂപ്പുകള്‍ പരിശോധിച്ചു. സ്‌കൂള്‍ പഠനകാലം തൊട്ടുള്ള ഗ്രൂപ്പുകളാണ് പലതും. ചിലരുടെ മെസ്സേജുകള്‍ക്ക് മറുപടി നല്‍കി. ഏഴുമണിയായതോടെ കുളിച്ച് വസ്ത്രം മാറി ഓഫീസിലേക്ക് നടന്നു. പതിവു ജോലികള്‍. രാത്രി ഭക്ഷണം കഴിക്കാനായി ചെന്നപ്പോള്‍ രവിയേട്ടന്‍ സന്തോഷവാനായിരുന്നു. എന്നാണ് വാര്‍ത്തവരുന്നതെന്നു ചോദിച്ചു. നാളെ കഴിഞ്ഞ് ഇറങ്ങുന്ന പത്രത്തില്‍ വാര്‍ത്ത വരുമെന്ന് ഞാന്‍ പറഞ്ഞു. ഓള്‍ എഡിഷനായി വാര്‍ത്ത നല്‍കാമെന്ന് ന്യൂസ് എഡിറ്റര്‍ സമ്മതം മൂളിയ കാര്യവും പറഞ്ഞു. അടഞ്ഞുകിടക്കുന്ന കടയുടെ വരാന്തയില്‍ അപ്പോഴും അയാള്‍ ചുരുണ്ടുകൂടി കിടക്കുന്നുണ്ടായിരുന്നു. അയാളില്‍ അവസാനമില്ലാത്ത ചുമ ഇടയ്ക്കിടെ ഉയര്‍ന്നുകേട്ടു. തിരികെ ഓഫീസിലെത്തി കംപ്യൂട്ടറില്‍ എന്റെ പേരുള്ള ഫോള്‍ഡറില്‍ മാറ്റിയിട്ടിരുന്ന വാര്‍ത്ത ഞാന്‍ ഒന്നുകൂടി വായിച്ചു.

''ആശയുണ്ട് ജീവിക്കാന്‍, നിങ്ങള്‍ കനിഞ്ഞാല്‍...''
വാര്‍ത്ത വായിച്ചു മുന്നേറുമ്പോള്‍ എന്റെ കണ്ണുനിറഞ്ഞു. വാക്കുകള്‍ക്ക് ഒന്നുകൂടി ഞാന്‍ ധ്വനിഭംഗി വരുത്തി. ഒരു കൊച്ചുപെണ്‍കുട്ടിയുടെ ജീവിത നിസ്സഹായാവസ്ഥയിലേക്ക് വായനക്കാരെ വലിച്ചടുപ്പിക്കാന്‍ പറ്റുന്ന ചില പൊടിക്കൈകള്‍ ഞാന്‍ വാര്‍ത്തയിലുടനീളം വാരിവിതറി. ഓരോ വാക്കുകളും വരികളും ഞാന്‍ മാറ്റിയെഴുതി. ബ്ലാങ്കായ ഒരു പേജെടുത്ത് ഞാന്‍ ആ വാര്‍ത്തയെ മനോഹരമായ ലേഔട്ടില്‍ വിന്യസിച്ചു, ഒരു ബോക്‌സ് വാര്‍ത്തയാക്കി. ഇനി നാളെ പേജ് ചെയ്യുന്നയാള്‍ക്ക് വെറുതേ എടുത്തുവച്ചാല്‍ മതി പേജിലേക്ക്. കാര്യമായ വാര്‍ത്തകളോ ബഹളങ്ങളോ ഇല്ലാത്ത ഒരു രാത്രിയായിരുന്നു അത്. ജോലികഴിഞ്ഞ് ലോഡ്ജിലേക്കു നടക്കുമ്പോള്‍ പത്രപ്രവര്‍ത്തനംകൊണ്ട് ഒരാളെയെങ്കിലും സഹായിക്കാന്‍ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയായിരുന്നു മനസ്സില്‍. മുറിയില്‍ കൊതുകുകള്‍ മത്സരിച്ചു പറന്നു. കൊതുകുതിരിയുടെ പതിവ് ഡോസൊന്നും അവര്‍ക്ക് ഏല്‍ക്കാതെയായിരിക്കുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നുള്ള മറ്റൊരു പകല്‍ കൂടി. എഴുന്നേറ്റ്, കുളിച്ച് വസ്ത്രം മാറി ബാങ്കിലേക്ക് നടന്നു. ഉമേഷ് നായര്‍ എന്നെ കണ്ട് ചിരിച്ചു, പിന്നെ എ.ടി.എം കാര്‍ഡ് തന്നു.

ജോലിക്ക് കയറാന്‍ ഇനി മണിക്കൂറുകളുണ്ട്. തിരികെ ലോഡ്ജിലേക്ക് പോകാന്‍ തോന്നിയില്ല. മറൈന്‍ഡ്രൈവില്‍ കുറേ അലഞ്ഞു. പിന്നെയും മണിക്കൂറുകള്‍ ബാക്കി. ഓഫീസിലേക്ക് നടന്നു. ഇരിപ്പിടത്തില്‍ ചെന്നിരുന്നു. അല്പം നേരത്തെ വന്നതു കണ്ട് പതിവായി കാണാത്ത പല മുഖങ്ങളേയും കണ്ടു. കംപ്യൂട്ടര്‍ ഓപ്പണ്‍ ചെയ്തു. ഫോള്‍ഡര്‍ തുറന്നു. വാര്‍ത്ത ഒന്നുകൂടി വായിച്ചു. ന്യൂസ് എഡിറ്ററോട് വാര്‍ത്തയെക്കുറിച്ച് സംസാരിച്ചു. രാജഗോപാലന്‍ ചേട്ടന്‍ ശിപാര്‍ശ ചെയ്തതുകൊണ്ട് അധികം സംസാരിക്കേണ്ടിവന്നില്ല. ഓള്‍ എഡിഷനായി വാര്‍ത്ത നല്‍കാന്‍ സെന്‍ട്രല്‍ ഡെസ്‌കിലേക്ക് ന്യൂസ് എഡിറ്റര്‍ വിളിച്ചു പറഞ്ഞു. രാത്രി തട്ടുകടയിലേക്ക് ചെന്നു. രവിയേട്ടനോട് കാര്യം പറഞ്ഞു. അപ്പോഴും അകലെ മാറി ദുരൈസ്വാമി കിടക്കുന്നുണ്ടായിരുന്നു. രാവിലെ ദുരൈസ്വാമിയോട് കാര്യം പറഞ്ഞോളാമെന്ന് രവിയേട്ടന്‍ പറഞ്ഞു. ചായയും ദോശയും കഴിച്ച് തിരികെ വന്നു. അപ്പോഴേക്കും പത്രം അച്ചടിച്ചുവന്നിരുന്നു. കളര്‍പ്പേജില്‍ത്തന്നെ വാര്‍ത്ത വന്നിട്ടുണ്ട്. നല്ല ഡിസ്പ്ലേയില്‍. 

4
കുറേ ആവര്‍ത്തി ഞാന്‍ ആ വാര്‍ത്ത വായിച്ചു. ആ പെണ്‍കുട്ടിയുടെ ജീവിത ദൈന്യത ആ വാര്‍ത്തയില്‍ മുഴുവന്‍ നിഴലിച്ചിരുന്നു. സമയം പോയതറിഞ്ഞില്ല. ജോലികഴിഞ്ഞ് മടങ്ങുമ്പോള്‍ വളരെ ക്ഷീണം തോന്നി. ഒരു ഓട്ടോറിക്ഷ ആ വഴി വന്നെങ്കിലെന്ന് ആശിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തെരുവില്‍ അന്തിയുറങ്ങിയിരുന്ന കുറേ ചാവാലിപ്പട്ടികള്‍ ഉറക്കെ കുരച്ച് പിന്നാലെ കൂടി. അവറ്റകളെ ഓടിക്കാന്‍ ഏറെ പാടുപെടേണ്ടിവന്നു. ലോഡ്ജിലെത്തിയതും ഉറങ്ങിപ്പോയി. 
ഫോണ്‍ ബെല്ലടി കേട്ടാണ് ഉണര്‍ന്നത്. 

മണിക്കൂറുകള്‍ കടന്നുപോയിട്ടുണ്ട്.
ഫോണ്‍ നിര്‍ത്താതെ ബെല്ലടിക്കുന്നു. മറുതലയ്ക്കല്‍ അമ്മാവനായിരുന്നു. അമ്മാവന്റെ വാക്കുകള്‍ എന്നെ ഞെട്ടിച്ചു.
''രാവിലെ പ്രഭാതസവാരിക്കിറങ്ങിയ അച്ഛനെ ഏതോ അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ചു. സീരിയസാണ്. വേഗം വരിക.''
വാക്കുകള്‍ തന്ന ഞെട്ടലില്‍ തളര്‍ന്നിരുന്നു. ന്യൂസ് എഡിറ്ററെ വിളിച്ച് കാര്യം പറഞ്ഞ് നേരെ റെയില്‍വേ സ്റ്റേഷനിലേക്ക്. കുതിച്ചെത്തിയ ട്രെയിനില്‍ കയറിപ്പറ്റാന്‍ കുറേ കഷ്ടപ്പെട്ടു. നാലു മണിക്കൂര്‍ എത്ര പെട്ടെന്നാണ് കടന്നുപോയത്. ട്രെയിനിറങ്ങി ഓട്ടോ പിടിച്ച് ആശുപത്രിയിലെത്തുമ്പോള്‍ ഐ.സി.യുവിനു മുന്നില്‍ തളര്‍ന്നു കിടക്കുന്ന അമ്മയെ കണ്ടു. അരികിലായി പെങ്ങള്‍. പിന്നെ കുറച്ച് അയല്‍ക്കാര്‍. ചുരുക്കം ചില ബന്ധുക്കള്‍. അമ്മാവന്‍ അരികിലേക്ക് വന്ന് ആശ്വസിപ്പിച്ചു. ഡോക്ടറെ റൂമില്‍ ചെന്നു കണ്ടു.

ഒന്നും പറയാറായിട്ടില്ല. രണ്ട് മേജര്‍ ഓപ്പറേഷനുകള്‍ നടത്തണം. തലയില്‍നിന്നും ഇന്റേണല്‍ ബ്ലീഡിങ്ങുണ്ട്. എല്ലാം കേട്ടുനിന്നു. കയ്യിലുള്ളത് ഏറിയാല്‍ നാലായിരം രൂപയാണ്. അമ്മയുടെ കഴുത്തില്‍ മാലയും കയ്യില്‍ രണ്ട് വളകളുമുണ്ട്. പെങ്ങള്‍ക്കും ഏറെക്കുറെ അത്രതന്നെ.
പണം വേണം. ഒരുപാട് പണം.

ആശ്വാസവചനങ്ങള്‍ ചൊരിഞ്ഞ് ബന്ധുക്കളും അയല്‍ക്കാരും പലവഴി മടങ്ങി. അമ്മാവന്‍ അരികിലേക്കു വന്നു.
''വല്ല കാര്യവുമുണ്ടോ അച്ഛന്. അതിരാവിലെ തന്നെ പ്രഭാതസവാരിയെന്നും പറഞ്ഞിറങ്ങാന്‍. ഇടിച്ച വാഹനം നിര്‍ത്താതെ പോയതാ പ്രശ്‌നമായത്. ഇനി എത്ര ലക്ഷംകൊണ്ട് തീരൂന്ന് ഒരു നിശ്ചയോമില്ല. എന്റെ കയ്യിലുള്ള പൈസ നുള്ളിപ്പെറുക്കി 50000 രൂപ കെട്ടിയിട്ടുണ്ട്. നിന്റെ കയ്യില്‍ വല്ലതുമുണ്ടോ?''
ഞാന്‍ മറുപടി പറയാതെ നിര്‍വ്വികാരനായി നിന്നു. എന്തോ പിറുപിറുത്ത് അമ്മാവന്‍ മടങ്ങിപ്പോയി. ആശുപത്രി ജനാലയിലൂടെ പുറത്തേക്ക് നോക്കിനിന്നു. തീപിടിച്ച മനസ്സുമായി നാലു ദിക്കുകളിലേക്കും ഓടിയലയുന്ന മനുഷ്യര്‍. ചിന്തകള്‍ക്ക് ഭംഗംവരുത്തി മൊബൈലില്‍ തുടരെ തുടരെ മെസ്സേജ് വരുന്ന ശബ്ദം. ഞാനത് ഓപ്പണ്‍ ചെയ്തു വായിച്ചു. അക്കൗണ്ടില്‍ പണം വരുന്നതിന്റെ മെസ്സേജാണ്. ആയിരവും രണ്ടായിരവും ആരോക്കെയോ അയച്ചിരിക്കുന്നു. അപ്പോഴാണ് ആശയുടെ ചികിത്സയ്ക്കായി കൊടുത്ത അക്കൗണ്ടില്‍ ഇ-മൊബൈല്‍ സൗകര്യത്തിനായി നല്‍കിയത് എന്റെ നമ്പറാണെന്ന് ഓര്‍ത്തത്. ഞാന്‍ പേഴ്സ് തുറന്നു. എ.ടി.എം കാര്‍ഡ് ഭദ്രമായിട്ടുണ്ട്. ഞാന്‍ ഐ.സി.യുവിന്റെ മുന്നിലിരുന്ന് കുറേ ആലോചിച്ചു. പിന്നെ നഗരത്തിലേക്കിറങ്ങി ഒരു പത്രം വാങ്ങി. ആ വാര്‍ത്ത മൊബൈലില്‍ ഫോട്ടോയെടുത്തു.
പിന്നെ വാട്സ്അപ്പിലെ ഞാന്‍ അംഗമായ ഓരോ ഗ്രൂപ്പുകളിലേക്കും അയച്ചു. അമേരിക്കയിലും ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും ഗള്‍ഫിലുമുള്ള കൂട്ടുകാര്‍ക്ക് അത് അയച്ചുകൊടുത്തു. വാട്സ്അപ്പ് വഴി അവരെയെല്ലാം വിളിച്ച് എന്തെങ്കിലും സഹായം ഉടന്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഏറ്റവും സത്യസന്ധനായിരുന്ന ഞാനെന്ന വിദ്യാര്‍ത്ഥിയുടെ വാക്കുകള്‍ കൂട്ടുകാരെല്ലാം വിലമതിച്ചു. മറ്റുള്ള ഗ്രൂപ്പുകളിലേക്ക് ആ വാര്‍ത്ത ഷെയര്‍ ചെയ്യാനും അവരോട് അഭ്യര്‍ത്ഥിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞതോടെ ഫലം കണ്ടുതുടങ്ങി. അക്കൗണ്ടിലേക്ക് വലിയ തുകകള്‍ വരാന്‍ തുടങ്ങി. മൊബൈലില്‍ മെസ്സേജ് വരുന്നതിന്റെ ശബ്ദത്തിന്റെ എണ്ണം വര്‍ദ്ധിച്ചു. എനിക്ക് ഒരിടത്തും ഇരിപ്പുറച്ചില്ല. 

എ.ടി.എം കൗണ്ടര്‍ അന്വേഷിച്ച് ഞാന്‍ പുറത്തിറങ്ങി. ആശുപത്രി കാന്റീനു മുന്നില്‍ കൗണ്ടര്‍ കണ്ടെത്തി. അവിടെ നീണ്ട തിരക്കായിരുന്നു. അക്ഷമനായി ക്യൂവില്‍ നിന്നു. എന്റെ ഊഴമായി. ആദ്യം ബാലന്‍സ് പരിശോധിച്ചു. തുകയുടെ വലുപ്പംകണ്ട് കണ്ണുതള്ളി. രണ്ട് തവണകളായി 25,000 രൂപ പിന്‍വലിച്ചു. തിരികെ ആശുപത്രിയിലേക്ക് വന്നു. കൂടുതല്‍ പേരുടെ പേഴ്സണല്‍ നമ്പറുകളുടെ വാട്സ്അപ്പിലേക്ക് ആ വാര്‍ത്തയുടെ കോപ്പി അയച്ചുകൊടുത്തു. പിന്നെയും പിന്നെയും പണം വന്നു. പഠനകാലത്ത് സത്യസന്ധനും മാന്യനുമായിരുന്നതിന്റെ ഗുണം ഇതാ അനുഭവത്തില്‍ വന്നിരിക്കുന്നു. 

5
ദിവസങ്ങള്‍ എന്തുവേഗമാണ് കടന്നുപോയത്? ഇനിയും ആശുപത്രിയില്‍ കിടത്തുന്നതില്‍ കാര്യമില്ലെന്നും ഡോക്ടര്‍ പറഞ്ഞതോടെ അച്ഛനെ വീട്ടിലേക്കു കൊണ്ടുവന്നു. അരയ്ക്ക് കീഴോട്ട് തളര്‍ന്നുപോയ അച്ഛന്‍ ഇനി എത്ര വര്‍ഷം ഇങ്ങനെ കിടക്കുമെന്നറിയില്ല. പിന്നെയും മൂന്നു ദിവസങ്ങള്‍ കഴിഞ്ഞാണ് ഓഫീസിലേക്ക് വന്നത്. എ.ടി.എമ്മില്‍നിന്നും പണമെടുത്ത് ചെലവ് കാര്യങ്ങള്‍ക്കായി വേണ്ട തുക അമ്മയെ ഏല്പിച്ചു.

പെട്ടെന്നാണ് ഞാന്‍ ദുരൈസ്വാമിയെ ഓര്‍ത്തത്. ഞാന്‍ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് എന്ന മറുപടിയാണ് കിട്ടിയത്. ഞാന്‍ പിന്നെയും ട്രൈ ചെയ്തു. ഒരു രക്ഷയുമില്ല. ട്രെയിന്‍ നഗരത്തിലേക്കു കുതിച്ചുപാഞ്ഞു. ഓഫീസിലെത്തുമ്പോള്‍ അച്ഛന്റെ വിശേഷം തിരക്കാന്‍ എല്ലാവരും ഒത്തുകൂടി. എല്ലാവരുടേയും മുഖത്ത് സഹതാപം. ഓഫീസിലെ എല്ലാവരുംകൂടി പിരിച്ച തുക ന്യൂസ് എഡിറ്റര്‍ കൈമാറി. രാത്രി രാജശേഖരന്‍ ചേട്ടനൊപ്പം ചായ കുടിക്കാനിറങ്ങി. ഒരു മുന്തിയ ഹോട്ടല്‍. ഗ്രില്‍ഡ് ചിക്കന്‍ ഹാഫും ചപ്പാത്തിയും അദ്ദേഹം ഓര്‍ഡര്‍ നല്‍കി. സത്യത്തില്‍ രവിയേട്ടന്റെ തട്ടുകടയിലേക്ക് പോകാന്‍ മനസ്സ് അനുവദിക്കാത്തതിനാല്‍ രാജശേഖരന്‍ ചേട്ടന്‍ വിളിച്ചപ്പോള്‍ ഞാന്‍ കൂടെ പോവുകയായിരുന്നു. പെട്ടെന്നാണ് രാജശേഖരന്‍ ചേട്ടന്‍ ചോദിച്ചത്:
''എന്തായി നിന്റെ ആ തമിഴത്തി പെണ്ണിന്റെ ഓപ്പറേഷന്‍.''
ഞാന്‍ ആ ചോദ്യം കേട്ട് ഞെട്ടിപ്പോയി. വെട്ടിവിയര്‍ത്തു.
''ഞാന്‍ ഫോണ്‍ വിളിച്ചിട്ട് അവരെ കിട്ടിയില്ല. ഒരുപാട് ശ്രമിച്ചു.''
''അക്കൗണ്ടില്‍ വമ്പന്‍ തുക വല്ലതും വന്നോ?''
ഞാന്‍ ഭയന്നിരുന്ന ആ ചോദ്യം എന്റെ ഹൃദയമിടിപ്പ് വേഗത്തിലാക്കി.

''ഇല്ല, ഏറിയാല്‍ ഒരു അയ്യായിരം.''
''അത്രയൊക്കെ വരികയുള്ളൂ. ഇന്നത്തെക്കാലത്ത് പത്രത്തില്‍ ചികിത്സാ സഹായം വേണമെന്ന വാര്‍ത്ത കണ്ടാല്‍ പതിനായിരങ്ങള്‍ സംഭാവന ചെയ്യാന്‍ ആരും തയ്യാറാകില്ല. പത്രവാര്‍ത്ത തെളിവായി കാട്ടി പണംപിരിക്കാന്‍ കഴിയുന്നവര്‍ക്കേ രക്ഷയുള്ളൂ. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് അന്നേ എനിക്ക് തോന്നിയിരുന്നു.''
ഞാന്‍ ഇടയ്ക്ക് കയറി: ''അവരെ എത്രയും വേഗം കണ്ടെത്തി ആ പണവും എ.ടി.എം കാര്‍ഡും കൊടുത്താലേ എനിക്ക് സമാധാനം കിട്ടൂ. നിങ്ങള്‍ പിരിച്ചുതന്ന ഈ പണവും കൂടി കൊടുക്കാനാ എന്റെ തീരുമാനം.''
രാജശേഖരന്‍ ചേട്ടന്‍ എന്നെ ആദരവോടെ നോക്കി. തിരികെ നടന്നു. ഓഫീസില്‍ വാര്‍ത്തകളുടെ ലോകം ഞങ്ങളെ കാത്തിരിക്കുകയായിരുന്നു. എനിക്ക് കസേരയില്‍ ഇരിപ്പുറച്ചില്ല. രാത്രി വൈകിയിട്ടും പതിവു ദോശ കഴിക്കാന്‍ ഞാന്‍ തട്ടുകടയിലേക്ക് പോയില്ല. രവിയേട്ടന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അനവധി ഉത്തരങ്ങള്‍ മെനയാനുള്ള ശക്തിയാര്‍ജ്ജിക്കേണ്ടത് അത്യാവശ്യമാണ്. മനസ്സാകെ സംഘര്‍ഷഭൂമിയായി. ദുരൈസ്വാമിയേയും മകള്‍ ആശയെക്കുറിച്ചുമുള്ള ചിന്തകളില്‍ ഞാന്‍ വെന്തുരുകി. മനസ്സിലെ നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായതോടെ രാത്രി ഓഫീസില്‍ ഇരിപ്പുറക്കാതെയായി ഞാന്‍ രവിയേട്ടന്റെ തട്ടുകടയിലേക്ക് നടന്നു. തട്ടുകടയില്‍ നല്ല തിരക്കുണ്ടായിരുന്നു. എന്നെ കണ്ടയുടനെ തട്ടുകടയില്‍നിന്നും രവിയേട്ടന്‍ ഓടിവന്നു.

''എവിടെയായിരുന്നെടാ ഇത്ര നാളും. നീ ഇന്നുവരും നാളെവരുമെന്നു കരുതി എത്ര ആഴ്ചകളാണ് കടന്നുപോയത്. എന്താ നീ ഒന്നും മിണ്ടാത്തെ?''
അച്ഛന് ആക്‌സിഡന്റ് പറ്റിയ കാര്യമെല്ലാം പറഞ്ഞപ്പോള്‍ രവിയേട്ടന്‍ സങ്കടത്തോടെ പറഞ്ഞു:
''കഷ്ടം അല്ലാതെ എന്തു പറയാന്‍?''
ഞാന്‍ ഉടനെ ചോദിച്ചു:
''ദുരൈസ്വാമി?'' അയാള്‍ ഇരിക്കാറുള്ള സ്ഥലത്തേക്ക് എന്റെ കണ്ണുകള്‍ പാഞ്ഞുപോയി. അവിടെ മറ്റൊരാള്‍ ഇരുന്ന് ഉറങ്ങുന്നുണ്ടായിരുന്നു.

രവിയേട്ടന്‍ എന്തോ ആലോചിച്ചു. പിന്നെ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു:
''ആ പത്രത്തില്‍ വാര്‍ത്ത വന്നതോടെ ദുരൈസ്വാമി വളരെ സന്തോഷത്തിലായിരുന്നു. ആളുകള് ഒരുപാടു പേര്‍ മകളെ സഹായിക്കാന്‍ മുന്നോട്ടു വരുമെന്നു് തന്നെ ആ പാവം വിശ്വസിച്ചു. അന്ന് വളരെ തിരക്കുള്ള ദിവസമായിരുന്നു. ചെരിപ്പും കുടയും ബാഗും നന്നാക്കാന്‍ ഒരുപാടു പേര്‍ ദുരൈസ്വാമിയെ തേടിവന്നു. വാര്‍ത്തയറിഞ്ഞ് ചിലരെല്ലാം ഒരു സഹായമാകട്ടെ എന്നു കരുതി വന്നവരുമുണ്ട്. ട്രെയിന്‍ വരുന്നതിനു മുന്‍പേ പോകാനായി ബാഗും സാധനങ്ങളുമെല്ലാം അടുക്കിവച്ചിരുന്നു അവന്‍. പെട്ടെന്നാണ് ട്രെയിന്‍ ഇറങ്ങി വന്ന ഒരാള്‍ യാത്രയ്ക്കിടയില്‍ എപ്പോഴോ കീറിപ്പോയ ഷൂവുമായി ഓടിക്കിതച്ച് വന്നത്.''
സംസാരത്തിന് ഒരു ഇടവേളയിട്ട് രവിയേട്ടന്‍ കാലിച്ചട്ടിയിലേക്ക് ദോശമാവൊഴിച്ചു.
പിന്നെ കഴുകിവയ്ക്കാനുള്ള പാത്രങ്ങള്‍ വൃത്തിയാക്കുന്നതിന്റെ തിരക്കിലായി അയാള്‍. 
ഞാന്‍ അസ്വസ്ഥതയോടെ വേഗം ചോദിച്ചു:
''എന്നിട്ട്?''
''എന്താകാനാ. അപ്പോഴേക്കും ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് ചൂളംവിളിച്ചെത്തി. ഷൂവിന്റെ നിറമുള്ള നൂല് നോക്കി കുറേ സമയം ദുരൈസ്വാമിക്ക് നഷ്ടമായിരുന്നു. അടക്കിവച്ച ബാഗ് വീണ്ടും തുറക്കേണ്ടിവന്നതോടെ പിന്നെയും സമയം പോയി.''
പിന്നെയും ഇടവേള. 

''എന്നിട്ട്?''
''തുന്നിക്കഴിഞ്ഞ് ഷൂ കൊടുത്ത്, ബാഗ് അടച്ച് ട്രെയിനില്‍ കയറാന്‍ ഓടിച്ചെന്നപ്പോഴേക്കും  ട്രെയിന്‍ പ്ലാറ്റ്ഫോം വിട്ടു. ദുരൈസ്വാമിക്ക് കയറാനായില്ല. പിന്നെ ഓടിക്കയറാനായി ശ്രമം. ആ ശ്രമം വിജയിച്ചില്ല. കാല്‍വഴുതി താഴേക്ക് വീണു.''
കേട്ടത് വിശ്വസിക്കാനായില്ല. എന്റെ കാതുകളില്‍ ഒരു കടലിരമ്പം. കണ്ണുകളില്‍ ഇരുട്ട്. ചൂളംവിളിച്ചു പായുന്ന ഒരു ട്രെയിനിന്റെ ഭീകരശബ്ദം കാതുകളില്‍ വന്നലച്ചു. 
ഞാന്‍ കുറേ നേരം നിശ്ശബ്ദനായി നിന്നു.

രവിയേട്ടന്റെ അടുത്ത ചോദ്യം:
''ആട്ടെ, ആ വാര്‍ത്ത കൊടുത്തിട്ട് വല്ല മെച്ചവുമുണ്ടായോ?''
ഞാന്‍ അല്പം ആലോചിച്ച ശേഷം പറഞ്ഞു: ''ഏകദേശം പതിനായിരത്തിനടുത്ത് രൂപ കിട്ടി.''
രവിയേട്ടന്‍ ഇടയ്ക്ക് കയറി: ''ദാ അത്രയേ കിട്ടിയുള്ളൂ. അപ്പോള്‍ പിന്നെ ആ വാര്‍ത്തകൊണ്ട് കാര്യമായ മെച്ചമൊന്നുമുണ്ടായില്ല അല്ലേ? ലക്ഷങ്ങള്‍ വേണ്ട ഓപ്പറേഷന് ഈ പതിനായിരം എന്താകാനാ?''
ഞാന്‍ മറുപടി പറഞ്ഞില്ല.

രവിയേട്ടന്‍ പറഞ്ഞു: ''ദുരൈസ്വാമിയുടെ വീട് എവിടെയാണെന്നോ ചികിത്സയില്‍ കിടക്കുന്ന ആശുപത്രിയേതെന്നോ എനിക്കറിയില്ല. കയ്യിലുണ്ടായിരുന്ന അവന്റെ നമ്പറിലേക്ക് വിളിച്ച് ഇടയ്ക്ക് നോക്കിയപ്പോള്‍ അത് വര്‍ക്ക് ചെയ്യുന്നില്ലെന്ന് മനസ്സിലായി.''
ഒന്നുനിര്‍ത്തി അയാള്‍ തുടര്‍ന്നു: ''ആ പണം ഇനി ആ അക്കൗണ്ടില്‍ത്തന്നെ കിടക്കട്ടെ. ഇതുപോലെ ഏതെങ്കിലും പാവങ്ങളെ ജീവിതത്തില്‍ കണ്ടുമുട്ടിയാല്‍ ഞാന്‍ നിന്റെ അരികിലേക്കു വിടാം.''
പാളത്തിലൂടെ അപ്പോള്‍ വേവലാതിപൂണ്ട് ഒരു ട്രെയിന്‍ പാഞ്ഞുപോകുന്നതിന്റെ ശബ്ദം അവിടെ മുഴങ്ങി. 
കസേരയില്‍ ഞാന്‍ തളര്‍ന്നിരുന്നു.

വാര്‍ത്തകളുടെ ലോകത്ത് എല്ലാവരും തിരക്കിലായിരുന്നു. കംപ്യൂട്ടറില്‍ ആശയെന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്ത് ഞാന്‍ ആ വാര്‍ത്തയും പടവും നോക്കിയിരുന്നു. കുറേനേരം അങ്ങനെ കടന്നുപോയി. കുറ്റബോധവും ഏകാന്തതയും എന്നെ പിടികൂടി.

ഓരോ വാര്‍ത്തകളും എഡിറ്റര്‍മാരുടെ കൈകളില്‍ സാഷ്ടാംഗം വീണ്, മനോഹര വാക്കുകളുടെ ചായം പൂശി, ആകര്‍ഷകമായ ലേഔട്ടുമായി കംപ്യൂട്ടറില്‍ വിന്യസിക്കപ്പെട്ടുകൊണ്ടിരുന്നു.

വാര്‍ത്തകളുടെ ആധിക്യംകൊണ്ട് തളര്‍ന്ന എഡിറ്റര്‍മാര്‍ മേലധികാരികളുടെമേല്‍ നീചമായ വാക്കുകള്‍ ചൊരിഞ്ഞ് ജോലി തുടര്‍ന്നു. 

ഞാന്‍ പതിയെ കണ്ണുകളടച്ചു.
കുറ്റബോധം എന്നെ വേട്ടയാടി. 

എന്റെ പതര്‍ച്ച ആരും അറിയാതിരിക്കാന്‍ അന്ന് വിവിധ ഫോള്‍ഡറുകളില്‍ വന്നുനിറഞ്ഞ് സൂര്യനു കീഴേയുള്ള എല്ലാ വാര്‍ത്തകളും വീക്ഷിച്ചു. മര്‍ദ്ദിതരുടേയും ഇരകളുടേയും ചൂഷണം ചെയ്യപ്പെട്ടവരുടേയും കണ്ണീര് അതിലെല്ലാം നിറഞ്ഞിരുന്നു. അവരെ ആശ്വസിപ്പിക്കാന്‍ ആരുമുണ്ടായില്ല. ശക്തി മര്‍ദ്ദകര്‍ക്കായിരുന്നു. എനിക്ക് എന്നോടുതന്നെ വെറുപ്പുതോന്നി.

കുറ്റബോധത്തിന്റെ പിടിയില്‍നിന്നും കുതറിമാറാന്‍ പറ്റാത്ത കുരുക്കിലായിരുന്നു ഞാന്‍. ഉമിനീര് ഇറക്കാന്‍പോലും തോന്നാതെ കംപ്യൂട്ടറിന് മുന്നില്‍നിന്നും എഴുന്നേറ്റ് ലക്ഷ്യമില്ലാതെ നടന്നു. ഹൃദയം വേദനകൊണ്ട് പിടഞ്ഞു. പരിഭ്രാന്തി എന്നെ ഗ്രസിച്ചു. ഭയവും വിറയലും എന്നെ പിടികൂടി. കുറേ ചാവാലിപ്പട്ടികള്‍ അപ്പോള്‍ ഓലിയിട്ടുകൊണ്ട് നിരത്തിലെങ്ങും ഇരതേടി നടക്കുന്നുണ്ടായിരുന്നു. അവ ആഹാരത്തിനുവേണ്ടി അവിടെയെങ്ങും ചുറ്റിത്തിരിഞ്ഞു. തൃപ്തിയാവോളം കിട്ടാത്തതിനാല്‍ മുറുമുറുക്കലോടെ അവ ഉച്ചത്തില്‍ കുരയ്ക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു.

റെയില്‍വേ സ്റ്റേഷനിലേക്കു നടന്നു. ട്രെയിന്‍ കുറച്ച് ലേറ്റായിരുന്നു. ടിക്കറ്റെടുത്ത് പ്ലാറ്റ്ഫോമിലെ സിമന്റ് ബെഞ്ചിലിരുന്ന് ട്രെയിനുകള്‍ കടന്നുപോകുന്നതും വരുന്നതും നോക്കിയിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ട്രെയിന്‍ അനൗണ്‍സ്മെന്റ് അവിടെ മുഴങ്ങി. ഏതോ മാളത്തില്‍നിന്ന് അത്ര നേരം ഒളിച്ചിരുന്ന മാതിരി പതുക്കെപ്പതുക്കെ ട്രെയിനെത്തി. 
സമുദ്രങ്ങളുടെ മുഴക്കത്തോടെയും തിരമാലകളുടെ അലര്‍ച്ചപോലെയും റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടേയും കച്ചവടക്കാരുടേയും ശബ്ദവും തിരക്കും മുഴങ്ങി. അവിടെവിടെയോ അലക്ഷ്യമായി നിന്ന യാത്രക്കാരെല്ലാം ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറാനായി ഈച്ചകളെപ്പോലെ പറന്നെത്തി.

ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോം. മൂന്നാമത്തെ ജനറല്‍ കംപാര്‍ട്ട്മെന്റ്. യാത്രക്കാരില്‍ ഒരാളായി ട്രെയിനില്‍ കയറിപ്പറ്റാനായി എന്റെ ശ്രമം. എന്റെ ശക്തിക്ക് അതീതമായ തിക്കും തിരക്കിലും ഞാന്‍ അകപ്പെട്ടു. ആ യാത്രക്കാര്‍ക്കൊപ്പം യുദ്ധംചെയ്യാന്‍ എന്റെ കൈകളും പടപൊരുതാന്‍ കാലുകള്‍ക്കും കഴിയാതെയായി. ചുറ്റും കാഴ്ചകള്‍ അവ്യക്തമായി. പെരുവള്ളംപോലെ ചുറ്റിലും മനുഷ്യരുടെ ഉടലുകളാണ്. ദുര്‍ബ്ബലരായ ചിലരില്‍നിന്നും ദീനരോദനം മുഴങ്ങി. വീഴുന്നവരെ താങ്ങാനും നിലംപറ്റിയവരെ എഴുന്നേല്‍പ്പിക്കാനും ആരുമുണ്ടായില്ല. മാഞ്ഞുപോകുന്ന നിഴല്‍പോലെ എല്ലാം അപ്രത്യക്ഷമാവുകയാണോ? സര്‍വ്വശക്തിയും സംഭരിച്ച് എഴുന്നേല്‍ക്കാന്‍ ഞാന്‍ വീണ്ടും വിഫലശ്രമം നടത്തി. പോകാന്‍ സമയമായെന്നറിയിച്ച് ട്രെയിനില്‍നിന്നും ഉറക്കെ ചൂളംവിളികളുയര്‍ന്നു അപ്പോള്‍. എന്റെ ദേഹത്ത് ചവുട്ടി കുറേ മനുഷ്യശരീരങ്ങള്‍ ട്രെയിനിലേക്ക് കുതിച്ചുപാഞ്ഞു.

ആശയെന്ന പെണ്‍കുട്ടിയുടെ മുഖം മനസ്സിലേക്ക് കടന്നുവന്നപ്പോള്‍ സര്‍വ്വശക്തിയും സംഭരിച്ച് ആ ട്രെയിനിനു പിറകേ പാഞ്ഞു. കയ്യെത്തുംദൂരത്ത് ട്രെയിനുണ്ട്. ഒരടിപോലും മുന്നോട്ടോ പിന്നോട്ടോ നീങ്ങാനാകാതെ വാതില്‍പടിയില്‍ അള്ളിപ്പിടിച്ചു കിടന്നവര്‍ അസ്വസ്ഥതയോടെ എന്നെ നോക്കി എന്തോ പിറുപിറുക്കുന്നുണ്ട്. വാതില്‍ പടിയില്‍ ഒരു കാലെങ്കിലും ചവിട്ടാനുള്ള സ്ഥലം പ്രതീക്ഷിച്ച് ഞാന്‍ മുന്നോട്ട് കുതിച്ചുചാടി. ജീവിക്കാന്‍ ആശയില്ലാത്തവന്‍ നടത്തുന്ന കാര്യഗൗരവമില്ലാത്ത ഒരു സാഹസിക പ്രവര്‍ത്തനമായാണ് പലരും ആ കാഴ്ചയെ കണ്ടത്. ഈ സമയം പ്ലാറ്റ്ഫോമിലെ യാത്രക്കാരില്‍ ചിലരെല്ലാം ആകാംക്ഷാഭരിതമായ കണ്ണുകളോടെ അടുത്ത നിമിഷം സംഭവിച്ചേക്കാവുന്ന ദുരിതത്തിനു സാക്ഷ്യംവഹിക്കാനാകാതെ കണ്ണുകളടച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.