'ലിലിത്ത്'- ആരതി അശോക് എഴുതിയ കഥ

ക്രൂശിതരൂപത്തിലാണവളുടെ കണ്ണുകള്‍.കഴുത്തൊടിഞ്ഞതുപോലെ തൂങ്ങുന്നു. മുഖം കുനിച്ചാണിരിക്കുന്നത്. കണ്ണുകള്‍ മാത്രം വലിച്ചുകൂട്ടി ക്രൂശിതരൂപത്തിലേക്ക് അവള്‍ നോക്കിക്കൊണ്ടിരുന്നു
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

ക്രൂശിതരൂപത്തിലാണവളുടെ കണ്ണുകള്‍.
കഴുത്തൊടിഞ്ഞതുപോലെ തൂങ്ങുന്നു. മുഖം കുനിച്ചാണിരിക്കുന്നത്. കണ്ണുകള്‍ മാത്രം വലിച്ചുകൂട്ടി ക്രൂശിതരൂപത്തിലേക്ക് അവള്‍ നോക്കിക്കൊണ്ടിരുന്നു.

ഉച്ച ഭക്ഷണത്തിനുശേഷം മെസ്സില്‍നിന്നും ഇറങ്ങി, ക്ലാസ്സുമുറികളുള്ള കെട്ടിടങ്ങള്‍ വലയം വച്ചു ഞാന്‍ പള്ളിയിലേക്കു കയറിയതായിരുന്നു. പുറത്തേ ചൂട് വകവെയ്ക്കാതെ പള്ളിയില്‍ ഒരു നേരിയ തണുപ്പുണ്ട്. മാര്‍ബിള്‍ തറയില്‍ കാലുകള്‍ വച്ചപ്പോള്‍ ഞാന്‍ ഒരു നിമിഷം അനങ്ങാതെ അവിടെ തന്നെ നിന്നുപോയി. പള്ളിയില്‍ ആരും ഇല്ല. ശനിയാഴ്ച ആയതുകൊണ്ട് മിക്ക കുട്ടികളും വീട്ടില്‍ പോയിരുന്നു. മാത്രവുമല്ല, എല്ലാവരും ചോറുണ്ടു കഴിഞ്ഞിരിക്കില്ല.

ഉച്ചയ്ക്ക് മണി മുഴങ്ങുമ്പോള്‍ എല്ലാവരും ഊണിനായി വരിവരിയായി നടന്നു മെസ്സില്‍ നിരത്തി വച്ച പ്ലേറ്റുകളില്‍ ഏതെങ്കിലുമൊന്നിന്റെ മുന്നില്‍ ചെന്നിരിക്കും. ഉപ്പേരിയും പപ്പടവും അച്ചാറുമുണ്ടാകും. ചോറും കറിയും രണ്ടു പാത്രങ്ങളില്‍ ആയി മുന്നിലും. ഇഷ്ടമുള്ളത്ര ചോറ് എടുക്കാം. മറ്റൊന്നും കൂടുതല്‍ തരില്ല. ചപ്പാത്തി ഉണ്ടാക്കുവാന്‍ ആഴ്ചയില്‍ രണ്ടു ദിവസം ഒരു സ്ത്രീ വരും. വൈകുന്നേരം ദിവസവും ഒരു മാമി വടയും ബോണ്ടയും ജിലേബിയും വില്‍ക്കാന്‍ വരും. ഊണ് കഴിഞ്ഞപ്പോള്‍ ശാലിനി തലവേദനിക്കുന്നു എന്ന് പറഞ്ഞു മുറിയിലേക്ക് പോയി. എനിക്ക് പുറത്തേക്കിറങ്ങാന്‍ തോന്നി.

മെസ്സില്‍നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ വെയില്‍ തിളച്ചുകിടക്കുന്നു. സിമന്റുകൊണ്ട് കെട്ടിയുണ്ടാക്കിയ ഇരിപ്പിടങ്ങളില്‍ ചിലതില്‍ ഒന്നോ രണ്ടോ പെണ്‍കുട്ടികളിരുന്നു സംസാരിക്കുന്നുണ്ടായിരുന്നു. ഞാന്‍ ആരെയും ശ്രദ്ധിക്കാതെ മുന്നിലേക്ക് നടന്നു. വലിയ പുളിമരം വെയിലിനെ പുതഞ്ഞുനില്‍ക്കുന്ന വഴിയും കടന്ന്, ഓഫീസിനു മുന്നിലേക്ക് കടന്നപ്പോള്‍ ശീതളിനെ കാണാന്‍ വന്ന അമ്മയേയും അച്ഛനേയും കണ്ടു. അവള്‍ അവിടേക്ക് വിളിച്ചപ്പോ മെല്ലെ അവരുടെ അടുത്തേക്ക് ചെന്നു. 'മോള്‍ ഇവളുടെ ക്ലാസ്സിലാണോ?'
'അല്ല, ഞാന്‍ കെമിസ്ട്രി ആണ്. അടുത്ത മുറിയാ. എം.ഫില്‍ തന്നെയാ.'
'വീട്ടില്‍ പോയില്ലേ?'
'മെനഞ്ഞാന്നു പോയി വന്നേ ഉള്ളൂ. ഈ ആഴ്ച പോയില്ല. ലാബ് എക്‌സാം ഉണ്ട്, അതോണ്ട്...' ശരി എന്നു പറഞ്ഞ് അവിടെനിന്നും നടന്നു. ഇപ്പോള്‍ തണലാണ്. പുളിമരത്തിനുശേഷം പിന്നെ മരങ്ങളുടെ നീണ്ട ഒരു നിര. അതിനൊടുവില് പള്ളി. പള്ളിക്കപ്പുറം കന്യാസ്ത്രീകളുടെ മഠം.

എന്റെ കണ്ണുകള്‍ക്ക് നല്ല കനം തോന്നി. ഉച്ചവെയിലില്‍ അത് പുളിച്ചുതേട്ടി. ചില രാത്രികളിലെ ഉറക്കം ചതുപ്പില്‍ ആഴുന്നതുപോലെയാണ്. എഴുന്നേല്‍ക്കാന്‍ നോക്കുന്തോറും കണ്ണുകള്‍ വല്ലാതെ അടഞ്ഞുപോകും. ഇടുപ്പിനു ചുറ്റും പതയുന്ന ഇരുട്ടിന്റെ വേരുകള്‍. എനിക്കുയരണം എന്നപ്പോള്‍ തോന്നും. ആവില്ല. ശ്രമിക്കുംതോറും ഞാന്‍ വീണുപോകും. പിന്നെ ഒഴുകുന്ന സമയത്തില്‍ നിവരാനാവാതെ, മയങ്ങി തളര്‍ന്നുപോകും. ഇന്നലെ അങ്ങനെ ഒരു രാത്രിയായിരുന്നു. രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ണുകള്‍ ചുവന്നിരിക്കുന്നത് കണ്ട് ശാലിനി ചോദിച്ചു: 'ഉറക്കം ശരിയായില്ലേ?' ഇല്ല എന്ന് തലയാട്ടി. അവളുടെ കണ്ണുകളും ചുവന്നിരുന്നു. എന്താണെന്ന് ചോദിക്കാന്‍ തോന്നിയില്ല. ഉച്ചയ്ക്ക് പള്ളിയുടെ തണുപ്പില്‍ പോയിരിക്കണമെന്നു വല്ലാതെ തോന്നി. അതാണ് വന്നത്. നീലയും ചുവപ്പും വരഞ്ഞ ചില്ലുകളില്‍നിന്നും നിറമുള്ള വെളിച്ചങ്ങള്‍ പള്ളി നിറയെയൊഴുകി. എനിക്ക് അവിടെ ഇരുന്ന് ഉറങ്ങാന്‍ തോന്നി. കുറച്ചു മുന്നിലേക്കു നടക്കാം എന്നു കരുതി, അപ്പോളാണവളെ കണ്ടത്.
അവള്‍ക്കു ചുറ്റും ഉണ്ടക്കണ്ണന്‍ മൂങ്ങകള്‍ വട്ടമിട്ടു പറക്കുന്നു. അല്ല, എനിക്കു തോന്നിയതാവും. പക്ഷേ, എന്താണത്? ചാരനിറമുള്ള തൂവലുകളുടെ ഒഴുക്ക്. മൂളല്‍. എനിക്കു തലകറങ്ങുന്നപോലെ. ഛെ! മര്യാദക്ക് ഉറക്കം കിട്ടാത്തതുകൊണ്ടാണ്. നാശം.

ആരാണിരിക്കുന്നത്? മെസ്സില്‍നിന്നും ഒരുപക്ഷേ, ആദ്യം പുറത്തിറങ്ങിയത് ഞാനും ശാലിനിയുമാവും. ഇങ്ങോട്ട് വരുമ്പോള്‍ മുന്നില്‍ ആരുമുണ്ടായിരുന്നുമില്ല. പിന്നെ ഇതാരാണ്? ഈ കുട്ടി ഭക്ഷണം കഴിക്കാതെ വന്നതാവുമോ? മുഖത്തിന്റെ പാതി മാത്രമാണ് കാണുന്നത്. നല്ല തളര്‍ച്ചയുണ്ട്. ശരീരം കുഴഞ്ഞപോലെയാണ് ഇരിക്കുന്നത്. ഇവിടുന്നു നോക്കുമ്പോള്‍ ചെറുതായി വിളറിയ മട്ടുണ്ട്. അതിനുമപ്പുറം അവള്‍ ക്രൂശിതരൂപത്തെ കാണുന്നുണ്ട്. അവളെ കണ്ടാല്‍ അറിയാം. 

അവളുടെ കണ്ണുകളില്‍ ആ ചോര ഉറ്റുന്നു. ഞാന്‍ പെട്ടെന്ന് മുഖം കുടഞ്ഞു നടക്കാന്‍ ശ്രമിച്ചു. ആവുന്നില്ല. ക്രൂശിത രൂപത്തില്‍ നോക്കുന്ന അവളുടെ ഉള്ളിലെ ചിന്തകള്‍ എനിക്ക് വായിക്കാനാവുന്നപോലെ. ഇപ്പോള്‍ അവള്‍ കൈകള്‍ നീട്ടുമെന്നും കുരിശില്‍ തൂങ്ങിയാടുന്ന ആ രൂപത്തിനടുത്തേക്കു നടന്നു ചോരയൊലിക്കുന്ന ആ മുഖം കൈകളില്‍ എടുക്കുമെന്നും എനിക്ക് തോന്നി. അവള്‍ക്ക് ആണികള്‍ ഓരോന്നായി വലിച്ചൂരണമെന്നുണ്ട്. അവളുടെ കൈകള്‍ക്കുള്ളില്‍ ഒരു തരിപ്പ് പടരുന്നപോലെ. ആവുന്നില്ല. മുള്‍ക്കിരീടത്തെ തൊടണമെന്നുണ്ട്. ആവുന്നില്ല. അവനോട് ഒന്ന് കണ്ണുയര്‍ത്താന്‍ പറയണമെന്നുണ്ട്. ആവുന്നില്ല.
ആവുന്നില്ല... ആവുന്നില്ല... ആവുന്നില്ല.

ചില സമയങ്ങള്‍ കാബേജുപോലെയാണ്. വിടരാതെ, വിരിയാതെ തമ്മില്‍ ഒട്ടിപ്പിടിച്ച് കല്ലു പോലെയിരിക്കും. അതിന്റെ ഇതളുകള്‍ ഓരോന്നായി അടര്‍ത്തിമാറ്റിയാല്‍, ഓരോ ഇതളും വേര്‍പെട്ട് ഇതിനു മുന്നേ ഒട്ടിച്ചേര്‍ന്നിരുന്നിട്ടില്ലാത്തപോലെ അകന്നിരിക്കും. ഞാന്‍ എന്റെ വിരലുകള്‍ അടര്‍ത്തിനോക്കി. തൂണിനപ്പുറത്തുനിന്നു വീണ്ടും ഞാന്‍ അവളെ ശ്രദ്ധിച്ചു. 
ഇപ്പോളവള്‍ മുഖം കൈകളില്‍ താങ്ങി ഏങ്ങിക്കരയുകയാണ്. എനിക്ക് ഈ കുട്ടിയെ അറിയാം. ഞാന്‍ കണ്ടിട്ടുണ്ടല്ലോ... പേര്, പേര് ലിലിത്ത്. അതെ, ഓര്‍മ്മയുണ്ട്. 

എങ്ങനെയാണ് പെട്ടെന്ന് മനസ്സിലാവാതായത്? ഹോസ്റ്റലില്‍ രണ്ടു വേറെ വേറെ നിലകളില്‍ ആയതുകൊണ്ട് കുറേ കാലമായി പരസ്പരം കണ്ടിട്ടില്ല. പോരാതെ ഇവള്‍ ഹിസ്റ്ററി വിഭാഗം ആണ്. അത് ഞങ്ങളുടെ ബ്ലോക്ക് അല്ല. മണിമുട്ടുന്ന സമയത്ത് പലപ്പോഴും മെസ്സില്‍ എത്താന്‍ ആവാറില്ല. ലാബില്‍നിന്നു ഓടിക്കിതച്ചു എത്തുമ്പോഴേക്കും കറിപ്പാത്രത്തിന്നടിയില്‍ ഇത്തിരിയെന്തെങ്കിലും ബാക്കിയുണ്ടായാലായി. ഭക്ഷണം കഴിച്ചെന്നു വരുത്തി എണീറ്റ് പോകുമ്പോള്‍ ഒരിക്കല്‍ ഈ കുട്ടി മെസ്സിനു തൊട്ടുപുറത്തു നില്‍ക്കുന്നു. മുഖം നിറയെ കുസൃതിച്ചിരിയാണ്. അടുത്ത് തലകുനിച്ചു നില്‍ക്കുന്ന പെണ്‍കുട്ടിയെ അപ്പോള്‍ ആണ് ശ്രദ്ധിച്ചത്. 'എന്താടോ? റാഗിംഗ് ആണോ? പൊല്ലപ്പൊന്നും ഉണ്ടാക്കല്ലേ.' 'അയ്യോ ചേച്ചി, ഞാനോ? ഞാന്‍ അങ്ങനെ ഒന്നും ചെയ്യൂല്ലാന്നു ങ്ങക്ക് അറിയൂല്ലേ?' അവള്‍ വിടര്‍ന്നു ചിരിച്ചു. ഞാന്‍ കടന്നുപോയതും ലിലിത്ത് ആ കുട്ടിയോട് എന്തോ പറയുന്നതും അവള്‍ മെല്ലെ ചിരിക്കുന്നതും ഞാന്‍ ഒരു മിന്നായംപോലെ കണ്ടു.

അതിനും രണ്ടു ദിവസം മുന്നേ അവളെ കണ്ടതോര്‍ത്തു. അന്നുമിതേ പെണ്‍കുട്ടി ആയിരുന്നു കൂടെ. അവര്‍ ഓഡിറ്റോറിയത്തിനു മുന്നിലുള്ള പടിയിലിരിക്കുകയായിരുന്നു. ദൂരെനിന്നാണ് ഇവരെ രണ്ടു പേരെയും അന്ന് കണ്ടത്. പക്ഷേ, കൂടെയുള്ളത് ഈ കുട്ടി തന്നെയായിരുന്നു. മുടി മുറിച്ചു തോളറ്റം വരെ ആക്കിയതുകൊണ്ട് പെട്ടെന്ന് തിരിച്ചറിയാം.

ആദ്യമായി ലിലിത്തിനെ കാണുമ്പോള്‍ കുട്ടികളുടെ കൂട്ടത്തിനു നടുവില്‍നിന്നു പാട്ട് പാടുകയാണ്. മുന്നില്‍ കൊട്ടനിറച്ചും പലഹാരങ്ങളുമായി മാമി. അവരുടെ മരുമകന്‍ തൊട്ടടുത്തിരിപ്പുണ്ട്. അയാള്‍ക്കൊരു കണ്ണില്ല. രാവിലെ അയാള്‍ സാധങ്ങളുമായി അടുക്കളപ്പുറത്ത് നില്‍ക്കുന്നത് കാണാം. അതിലൂടെ പോകുന്ന എല്ലാവരേയും നോക്കി വല്ലാത്ത ഒരു ഇളിയും. പെണ്‍കുട്ടികള്‍ ആരെങ്കിലും അതിനോട് തൊട്ടുള്ള കുളിമുറിയുടെ പടവുകള്‍ കയറുന്നത് കണ്ടാല്‍ അയാളുടനെ താഴെ പോയി നില്‍ക്കും. അയാള്‍ക്ക് ബുദ്ധി വളര്‍ന്നിട്ടില്ലെന്നാണ് മാമി പറയുന്നത്. എല്ലിച്ച ശരീരത്തില്‍ രണ്ടു കണ്ണുകള്‍ മാത്രം. കുട്ടികള്‍ പാവാട ഒതുക്കിപ്പിടിച്ച് അയാളെ ആട്ടും. അപ്പോളൊരു വിഡ്ഢിച്ചിരി ചിരിച്ച് അയാള്‍ മാറിനില്‍ക്കും. 
'ഇതാരാ?' ഞാന്‍ പാട്ട് ശ്രദ്ധിച്ചുകൊണ്ട് ശാലിനിയോട് ചോദിച്ചു. ഒരിമ്പമൊക്കെ ഉണ്ട്. 

'നിനക്കറീല്ലേ? അന്ന് ഇലക്ഷന് നിന്നു തോറ്റ കുട്ടി? ആഹ്, മറന്നു. നീ ഇവിടെ ഇല്ലാത്ത സമയം ആണ്, പനിയായിട്ട്... ഓര്‍മ്മ ഉണ്ടോ? ഞാന്‍ നിന്നെ വിളിച്ചു പറഞ്ഞില്ലേ... ഇവിടെ കുറച്ചുപേര്‍ ചേര്‍ന്ന് ചെറിയ ഒരു ഉപരോധമൊക്കെ നടത്തീന്ന്? ഇവിടെ രാഷ്ട്രീയം ഒന്നും അനുവദിക്കില്ലല്ലോ? കുറച്ചുപേര്‍ ചേര്‍ന്ന് പ്രിന്‍സിപ്പലിനെ മുറിയില്‍ പൂട്ടിയിട്ടു പുറത്തുനിന്നു രണ്ടു മുദ്രാവാക്യം ഒക്കെ വിളിച്ചു. ക്ലാസ്സില്‍നിന്ന് ഇറങ്ങാത്ത എല്ലാ എണ്ണവും കൂടി കാഴ്ച കാണാന്‍ ഓടി വരുന്നത് കാണണ്ടതായിരുന്നു... ഹ ഹ... ടീച്ചര്‍മാരും ഒക്കെ വായും പൊളിച്ചുനിന്നു. ഇവിടെ ആദ്യായിട്ടാ അങ്ങനെ ഒക്കെ... എല്ലാരും കൂടെ ഏക ആണ്‍ത്തരി പോളിനെ വിളിച്ചു വന്നപ്പോ ഈ കുട്ടി വാതിലിനു നേരെ കടന്നുനിന്നു. അയാള്‍ ഒരു നാണം കുണുങ്ങി അല്ലേ? അയാള്‍ ശബ്ദം താഴ്ത്തി ഒന്ന് തുറന്നോട്ടെ എന്ന് ചോദിച്ചു... ഈ കുട്ടി ചിരിച്ചിട്ട് എന്ത് എന്ന്... മലയാളത്തിലെ അനിത ടീച്ചര്‍ തലയില്‍ കൈവച്ചു ദൈവമേ എന്ന് വിളിച്ചു... എനിക്കു ശരിക്കും ചിരി വന്നു. പിന്നെ നമ്മളെന്തേലും ശബ്ദം ണ്ടാക്കിയ അടുത്ത മിനിറ്റ് പണിഷ്‌മെന്റ് അല്ലേ... ഞാന്‍ അറ്റത്ത് മിണ്ടാതെ നിന്നു. ഈ കുട്ടിക്ക് ഒരു കൂസലും ഇല്ല. ഇതിനു മുന്നേ നമ്മള് ചില നാടകത്തിലൊക്കെ കണ്ടിട്ടുണ്ട്, നിനക്ക് ഓര്‍മ്മ ഇല്ലേ? കഴിഞ്ഞ കൊല്ലം ആര്‍ട്‌സ് ഫെസ്റ്റിനു നല്ല നടിക്കുള്ള സമ്മാനം കിട്ടിയില്ലേ? മലയാളം നാടകം?' എന്റെ തലയ്ക്കു കിഴുക്കിയിട്ടു അവള്‍ തുടര്‍ന്നു.

'നിന്റെ ഒരു ഓര്‍മ്മ... കഷ്ടം തന്നെ... ഈ കുട്ടി ദാവീദ് ആയിരുന്നു. ബെത്സാബി ആയി ഒന്നാംവര്‍ഷത്തിലെ പ്രിയ... ഓര്‍മ്മ ഇല്ലേ?' 
എനിക്ക് ഓര്‍മ്മ വന്നില്ല. നാടകം കാണാന്‍ ശാലിനിയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി അവിടെ എത്തിയതും എന്തേലും പറഞ്ഞു ഞാന്‍ മുങ്ങിയിട്ടുണ്ടാവും, തീര്‍ച്ച. ഹോസ്റ്റലിലെ മുറിയും ക്ലാസ്സുമുറിയും ലാബും വീടും ചുറ്റും ഉള്ള ചില പരിചിത മുഖങ്ങളും. അതിനപ്പുറം ഞാന്‍ ഒന്നും അറിയാറില്ല. 

'നീ പോയെ...' ഞാന്‍ ശാലിനിയെ തള്ളിക്കൊണ്ട് പറഞ്ഞു. 'എന്നിട്ടെന്തായി? അന്നിവിടെ സംഘടന ഉണ്ടാക്കാന്‍ സമ്മതിച്ചോ?'
ശാലിനി കണ്ണുരുട്ടി, 'ഉണ്ടെങ്കില്‍ നീ ഇപ്പോളും കാണില്ലേ? ചുറ്റുമൊന്നു നോക്കിയേ? വല്ല ചുമരിലും എന്തെങ്കിലും മുദ്രാവാക്യം കാണാന്‍ ണ്ടോ? എവിടേലും ഒരു പതാക ണ്ടോ?' ഒന്നുമില്ലെന്നറിഞ്ഞിട്ടും ഞാന്‍ വെറുതെ ചുറ്റും കണ്ണോടിച്ചു.

കാലിത്തൊഴുത്തുപോലെ നിരയായുള്ള കെട്ടിടങ്ങള്‍. അരികില്‍ വെട്ടിയൊതുക്കിയ പുല്‍ത്തകിടുകള്‍. ആര്‍ക്കും കടക്കാന്‍ അനുവാദമില്ലാത്ത പൂന്തോട്ടം. ചുമരുകളുടെ കണ്ണ് പിളര്‍ക്കുന്ന വെണ്മ. ക്ലാസ്സ്മുറികളില്‍നിന്നും ഒരിക്കലും പുറത്തുവരാത്ത ശബ്ദത്തിന്റെ മുഴക്കങ്ങള്‍. ഞാന്‍ പാട്ട് പാടുന്ന കുട്ടിയെ സാകൂതം നോക്കി.
'ലിലിത്ത്' ശാലിനി പറഞ്ഞു. 

'ഏ?'
'ലിലിത്ത്. അതാണ് പേര്. ലില്ലിപ്പൂവ് പോലെ ഉള്ള പേരാണല്ലോ എന്ന് ചോദിച്ചപ്പോ അവള് ചിരിച്ചുകൊണ്ട് പോയ് അര്‍ത്ഥം തിരയാന്‍ പറഞ്ഞു. എവിടെ, ബൈബിളിലോ? എന്ന് ചോദിച്ചപ്പോ, അതില്‍നിന്നൊക്കെ പറഞ്ഞുവിട്ടതാ എന്നു പറഞ്ഞു. പിന്നെയാ ഞാന്‍ റോസറ്റി വരച്ച ചിത്രം ഒക്കെ കണ്ടത്.' 
അവള്‍ടെ ഒരു റോസറ്റി എന്ന് മനസ്സില്‍ പിറുപിറുത്തുകൊണ്ട് ഞാന്‍ ആ കുട്ടിയെ വീണ്ടും നോക്കി. ഇപ്പോളവള്‍ പാടിത്തീര്‍ന്നു വിജയിയെപ്പോലെ മാമിയുടെ മുന്നില്‍ കൈ നീട്ടി നില്‍ക്കുകയാണ്. മാമി അവളുടെ കയ്യില്‍ ഒരു ജിലേബി വച്ചു നീട്ടിയതും അവള്‍ കുനിഞ്ഞ് മാമിക്കൊരുമ്മ കൊടുത്തു. ചുറ്റുമുള്ള എല്ലാവരും കയ്യടിച്ചു ചെറിയ ഒച്ചയില്‍ ആര്‍ത്തു. 

അവള്‍ പോകുന്ന വഴി ശാലിനിയെ നോക്കി ചിരിച്ചു. 'ചേച്ചി, വേണോ?' 'ഏയ്, ഞങ്ങള് വാങ്ങാന്‍ നിക്കാ. തിരക്കൊന്നു കഴിയട്ടെ. ഇവിടെ എന്തായിരുന്നു ബഹളം?' 
'പാടിക്കൊടുത്താ അവര്‍ ഒരു ജിലേബി വെറുതെ തരും.'
'അത് നല്ല കാര്യായി' ശാലിനി പറഞ്ഞു.

അവള്‍ പോയതും ശാലിനി, ഇപ്പൊ വാങ്ങി വരേ എന്ന് പറഞ്ഞു മുന്നോട്ടു പോയി. ഞാന്‍ തിരിഞ്ഞു മെല്ലെ നടന്നു. ഓഡിറ്റോറിയത്തിന്റെ പടവുകളില്‍ ലിലിത്തും മറ്റൊരു കുട്ടിയും ഇരിക്കുന്നത് എനിക്ക് കാണാം. ലിലിത്ത് കൈകളിലേക്ക് ഒലിച്ചിറങ്ങിയ ജിലേബിച്ചാറു നക്കുന്നു. അടുത്തിരിക്കുന്ന കുട്ടി അവളെ നോക്കി മെല്ലെ ചിരിക്കുന്നുണ്ടെന്ന് എനിക്കു തോന്നി. ലിലിത്ത് ജിലേബി ആ കുട്ടിക്കു നേരെ നീട്ടിയത് ആ കുട്ടി വേണ്ട എന്ന് തലയാട്ടി. ലിലിത്ത് നിര്‍ബ്ബന്ധിച്ചു. അപ്പോഴേക്കും ശാലിനി ഞങ്ങളുടെ പൊതിയുമായി വന്നു.
'നമുക്കാവഴി പോകാം?' ഞാന്‍ ശാലിനിയോട് ചോദിച്ചു.

'അതു ചുറ്റലല്ലേ? നിനക്ക് വേറെ പണി ഇല്ല.'
'വാ, നമുക്ക് ആ വഴി തന്നെ പോകാന്നേ', ഞാന്‍ ശാലിനിയെ കൂട്ടി ഓഡിറ്റോറിയം വഴി നടന്നു. 
താഴത്തെ പടിയിലിരിക്കുന്ന കുട്ടി അവിടുന്ന് എഴുന്നേറ്റു പോകുന്നതും ലിലിത്ത് ജിലേബി കയ്യില്‍ പിടിച്ചിരിക്കുന്നതും കണ്ടു 'ആഹാ, ഇതിനിയും കഴിച്ചു കഴിഞ്ഞില്ലേ?' ശാലിനി ചോദിച്ചു.
ലിലിത്തിന്റെ നോട്ടം പിന്തുടര്‍ന്ന്, 'അതെന്താ? ഫ്രണ്ട് പിണങ്ങിപ്പോയോ? അതാ കുട്ടിയല്ലേ? ബെത്സാബി?'
'ഉം' ലിലിത്ത് മൂളി.

'എന്താ അവളുടെ പേര്? ഇനി നിന്റെ പേര് പോലെ ഏടാകൂടം പിടിച്ച പേരാണോ... ഹ ഹ'
'എന്റെ പേരിനെന്താ ഒരു കുഴപ്പം? പറഞ്ഞേ...' ലിലിത്ത് കണ്ണ് നിറയെ ചിരിച്ചുകൊണ്ട് ശബ്ദത്തില്‍ ഗൗരവം വരുത്തി.' 'ലിലിത്ത് വിപ്ലവങ്ങളുടെ രാജകുമാരിയാണ്. നിങ്ങക്കറീല്ലേ?' അവള്‍ ഒന്ന് നിര്‍ത്തി.
'നിന്റെ നാടകം ഒന്നുമിവിടെ വേണ്ട, കേട്ടോ മോളെ?' ശാലിനി അവളുടെ കവിളില്‍ നുള്ളി. 'ആ കുട്ടീടെ പേര് പറഞ്ഞ് ഇവിടുന്നു സ്ഥലം കാലിയാക്കാന്‍ നോക്ക്.'
'അത് പ്രിയ.'
'നിന്റെ ഡിപ്പാര്‍ട്ട്‌മെന്റാ?'
'അല്ല.' ലിലിത്ത് പിന്നെ ഒന്നും മിണ്ടാതെ അവിടുന്ന് എഴുന്നേറ്റു.
അതെ. ഇതാ കുട്ടി തന്നെയാണ്. എന്തു പറ്റി?

വെയിലിന്റെ ചീളുകള്‍ ചുവപ്പും നീലയുമായി ഞങ്ങള്‍ക്കു ചുറ്റും ഒഴുകി. ഇപ്പോള്‍ ക്രൂശിത രൂപത്തിലും അത് തെന്നിനീങ്ങി. 'ലിലിത്ത്', ഞാന്‍ വെളിച്ചത്തെ മുറിവേല്‍പ്പിക്കാതെ വിളിച്ചു. അവള്‍ കേട്ടില്ല എന്നു തോന്നുന്നു. വീണ്ടും അവള്‍ക്കരികിലേക്ക് നടക്കുവാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് രാത്രിയായതുപോലെ തോന്നി. ഓരോ വട്ട്. ഒരാള്‍ മുന്നിലിരുന്നു കരയുന്നു. ഒന്നടുത്തേക്ക് നടക്കാന്‍ നോക്കുമ്പോള്‍ തോന്നുന്ന ഓരോ കാര്യങ്ങള്‍. 

ലിലിത്ത്. നിന്റെ ചിത്രമല്ലേ ആരോ വരച്ചു എന്നവള്‍ പറഞ്ഞത്? ആരാണത്? റോസറ്റി. നീ നോക്ക്. ഇങ്ങോട്ട് നോക്ക്. ഞാന്‍ ഉണ്ടിവിടെ. പുറത്തു നല്ല വെയിലാണ്. പക്ഷേ, ഇവിടം നല്ല തണുപ്പല്ലേ? നീ അറിയുന്നില്ലേ? ഞാന്‍ വിളിക്കുന്നത് നീ കേള്‍ക്കുന്നില്ലേ? എനിക്കനങ്ങാന്‍ ആവുന്നില്ല ലിലിത്ത്. നീ ഒന്ന് തിരിഞ്ഞു നോക്ക്. 
എന്റെ ചിന്തകളെ മുറിച്ചുകൊണ്ട് അള്‍ത്താരയുടെ ഇടതു വശത്തുള്ള വാതില്‍ തുറന്നു സിസ്റ്റര്‍ വെറോണ പള്ളിയുടെ ഉള്ളിലേക്ക് വന്നു. 'ലിലിത്ത്, മദര്‍ വിളിക്കുന്നു.' പെട്ടെന്ന് ഇരുളും മൂളലും ഒക്കെ നിലച്ചപോലെ. ലിലിത്ത് ഇരിക്കുന്ന ഇടത്തുനിന്നു ഞെട്ടി എഴുന്നേറ്റു. 

'നീ കരയുകയായിരുന്നോ?' സിസ്റ്റര്‍ ചോദിച്ചു. അവള്‍ കരഞ്ഞത് സിസ്റ്റര്‍ അറിഞ്ഞോ?
'ഓരോന്ന് ഒപ്പിക്കുന്നതിനു മുന്നേ ആലോചിക്കണം.' സിസ്റ്ററുടെ ശബ്ദത്തിനു നല്ല കനം. 
ലിലിത്ത് മെല്ലെ അവളുടെ തല ഉയര്‍ത്തിപ്പിടിച്ചു. എന്നിട്ടു സിസ്റ്ററുടെ മുഖത്തേക്ക് നോക്കി. 'എന്തൊപ്പിക്കാന്‍?'
സിസ്റ്ററുടെ മുഖത്ത് ദേഷ്യം മിന്നിമറിഞ്ഞു.

'ഓഹ്, ഒന്നുമില്ല. താന്‍ ഒന്നും ചെയ്തില്ലല്ലോ അല്ലേ? നല്ല ബോധ്യം ഉണ്ടല്ലോ?'
'ഇല്ല. ഞാന്‍ ഒന്നും ചെയ്തില്ല. ഇനി ചെയ്താലും അത് കുറ്റമൊന്നുമല്ല', അത് പറയുമ്പോള്‍ അവളുടെ ശബ്ദത്തിനു നല്ല ഉറപ്പുണ്ടായിരുന്നു. ഇത്ര നേരം കരഞ്ഞിരുന്നത് ഈ കുട്ടിയാണോ? എന്തൊരു മാറ്റം. 
സിസ്റ്ററുടെ മുഖം പുച്ഛം കൊണ്ട് കോടി. 'പേര് കണ്ടില്ലേ? ഒരു പേര്.'
'സിസ്റ്ററെ' ലിലിത്ത് ഒച്ച ഉയര്‍ത്താതെ വിളിച്ചു. 'എന്റെ പേരിന് ഒരു കുഴപ്പവും ഇല്ല. എന്റെ അപ്പനിട്ട പേരാണത്.'
'എന്നിട്ട്, വിപ്ലവം ഒക്കെ പറഞ്ഞ അപ്പനെവിടെ? ചത്തുപോയില്ലേ? ആ അമ്മയെ ഇട്ടു കഷ്ടപ്പെടുത്താനായിട്ട്.' 
ലിലിത്തിന്റെ ശരീരത്തില്‍നിന്നു വേദനയുടെ ഒരു ചീള് പുറത്തേക്കു തള്ളുന്നത് ഞാനറിഞ്ഞു. കുറിക്കുകൊണ്ട ഒരു വരി പറഞ്ഞതിന്റെ സന്തോഷത്തില്‍ ഒരു നിമിഷം സിസ്റ്ററുടെ മുഖം തെളിഞ്ഞു. 

'വിപ്ലവം ഒക്കെ പറയാന്‍ കൊള്ളാം. ജീവിക്കാനൊക്കൂല്ല. ആദ്യായിട്ട് ജനിച്ച കുഞ്ഞിനിടുന്ന പേരാണോ അയാളിട്ടു വച്ചിരിക്കുന്നെ? സാത്താന്റെ പേര്. ഛെ.' 
'സിസ്റ്ററെ, ലിലിത്ത് മോശക്കാരിയൊന്നുവല്ല.' ലിലിത്ത് പറഞ്ഞു. ഇപ്പോള്‍ വേദനയ്ക്ക് പകരമുയിര്‍പ്പിന്റെ സ്വരമായിരുന്നു ഞാന്‍ കേട്ടത്. 'ആദത്തിന്റെ അടുക്കല്‍ കീഴ്‌പെട്ടു നിന്നു കൊടുക്കാനാവണ്ട് പറന്നുപോയ ധീരയാണ്. എന്റെ അപ്പന് നല്ല ബോധമുണ്ടായിട്ടുതന്നെ ഇട്ട പേരാ.'
'അയ്യോ! പള്ളിക്കുള്ളിലിരുന്ന് ദൈവദോഷം പറയുന്നോ. അയ്യോ, എനിക്കു കൂടി കോപം വരുത്തിവെക്കുമല്ലോ കര്‍ത്താവേ' അവര്‍ക്കിപ്പോ ശരിക്കും പേടിയുള്ളപോലെ തോന്നി. 'നിന്നെപ്പോലുള്ളവരോട് സംസാരിക്കരുത്. അതാണ് ചെയ്യേണ്ടിയിരുന്നത്. നിന്റെ പേര് കേട്ടപ്പോഴേ ഇവിടെ സീറ്റ് തരണോ വേണ്ടയോ എന്നൊക്കെ എല്ലാരും ഓര്‍ത്തിരുന്നു. പിന്നെ മാര്‍ക്കുണ്ടല്ലോ, പഠിച്ചോട്ടെ എന്നൊക്കെ ദയവു വിചാരിച്ചു. ആ അമ്മച്ചി വന്നു മദറിനോട് കരഞ്ഞു പറഞ്ഞതും കൂടെ കൊണ്ടാ. അല്ലേല്‍ നീയൊക്കെ വീട്ടിലിരുന്നേനെ. നടക്ക്, നടക്ക്... മദര്‍ കാക്കുന്നു. നിന്റെ തള്ളയും. കുറേ നേരം ആയി വന്നിട്ട്. വേഗം നട.' ഇത് പറഞ്ഞ് സിസ്റ്റര്‍ വെട്ടിത്തിരിഞ്ഞു നടന്നു. 

പിന്നില്‍ നടക്കുന്നതിനു മുന്നേ ഒരു നിമിഷം വീണ്ടും കുരിശിലെ രൂപത്തിലേക്ക് അവള്‍ നോക്കുന്നത് ഞാന്‍ കണ്ടു. സിസ്റ്റര്‍ വാതില്‍ കടന്നുപോയിരുന്നു. 'ലിലിത്ത്', ഞാന്‍ പെട്ടെന്ന് വിളിച്ചു. എന്നെ അവള്‍ അവിടെ പ്രതീക്ഷിച്ചില്ല. ആദ്യം ഒന്ന് പകച്ചുനോക്കിയെങ്കിലും പെട്ടെന്നെന്നെ തിരിച്ചറിഞ്ഞു.
'ചേച്യെ, ഞാന്‍... എനിക്കൊരു ഉപകാരം ചെയ്യോ? പ്ലീസ്... പ്ലീസ്... ചേച്ചി... ഇത്... ഇതൊന്നു പ്രിയക്ക് കൊടുക്കോ? ഒന്ന് കൊടുക്ക്വോ? പ്ലീസ്...' കയ്യിലുള്ള കടലാസ് തരാന്‍ നില്‍ക്കാതെ വലിച്ചെറിഞ്ഞ് അവള്‍ വാതില്‍ കടന്നുപോയി.

അവള്‍ തിരക്കിട്ട് എന്തിനാണ് പോയത് എന്നെനിക്കു മനസ്സിലായില്ല. സിസ്റ്റര്‍ വെറോണയുടെ മുഖത്ത് എന്തിനായിരുന്നു ഇത്ര ദേഷ്യം? അവള്‍ എറിഞ്ഞ കടലാസ് നിലത്തു കിടക്കുന്നു. ഞാനത് കുനിഞ്ഞെടുത്ത് പുറത്തേക്ക് നടന്നു.

ഞാന്‍ മുറിക്കുള്ളില്‍ തിരിച്ചെത്തിയപ്പോള്‍ ശാലിനി കണ്ണടച്ച് കിടക്കുകയാണ്. എന്റെ കയ്യിലുള്ള കത്ത് ഞാന്‍ ചുരുട്ടിപ്പിടിച്ചു. മുകളിലുള്ള നിലയിലേക്ക് കയറാന്‍ അനുവാദമില്ല. പ്രിയയുടെ മുറി ഏതാണെന്നും എനിക്കറിയില്ല. ശാലിനിയെ ഉണര്‍ത്തിയാലോ? വേണ്ട. എണീക്കട്ടെ. മുകളിലേക്ക് ഒന്ന് കയറി നോക്കിയാലോ? ഉച്ചയ്ക്ക് രണ്ടാംനിലയുടെ ചാര്‍ജ് ഉള്ള ചേച്ചി ചിലപ്പോള് ഉറങ്ങുകയായിരിക്കും. 
ഞാന്‍ മെല്ലെ വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. രണ്ടാം നിലയിലേക്ക് ഇതുവരെ കയറിയിട്ടില്ല. ഒരു മുറിയില്‍നിന്നും മറ്റു മുറിയിലേക്ക് പോകുവാന്‍ ആര്‍ക്കും അനുവാദമില്ല. ഒരു മുറിയില്‍ മൂന്നോ അല്ലെങ്കില്‍ അഞ്ചോ കുട്ടികള്‍ ആണുള്ളത്. ഡിഗ്രി ആണെങ്കില്‍ എണ്ണം കൂടാം. ഒരാള്‍ക്കു കഷ്ടിച്ച് കിടക്കാവുന്ന കട്ടില്‍. ഒരു മേശയും കസേരയും. അത് മുറിയില്‍ കൊള്ളുന്നില്ലെങ്കില്‍ മുറിക്കു തൊട്ടു പുറത്തുള്ള ഇടനാഴിയില്‍ ഇടണം. പേരെഴുതി ഒട്ടിച്ചുവെക്കണം. കോഴ്‌സ് കഴിഞ്ഞു പോകുമ്പോള്‍ തിരികെ കൊടുക്കേണ്ടതാണ്. ഇതേ ഇടനാഴി തന്നെയാവും മുകളിലും.
ഒരേ മുറികളും ജനാലകളും. പുറത്ത് ഒരേ ആകാശം.

ഞാന്‍ മെല്ലെ മുകള്‍നിലയിലേക്കു കയറി. കരുതിയപോലെ തന്നെ ഒഴിഞ്ഞ ഇടനാഴി എന്റെ മുന്നില്‍ നിവര്‍ന്നു കിടന്നു. ഓരോ വാതിലിനു മുകളിലും അഴികള്‍ പിടിപ്പിച്ചിട്ടുണ്ട്. ആര്‍ക്കും ഒരു രഹസ്യവുമില്ല. എപ്പോള്‍ വേണമെങ്കിലും ചേച്ചിമാര്‍ക്ക് എത്തിനോക്കാം. എല്ലാവരും സ്വന്തം കിടക്കയില്‍ ഇല്ലേ എന്നുറപ്പു വരുത്താം.
മണി മുട്ടുമ്പോള്‍ പഠിക്കാന്‍ ഇരിക്കണം. പുസ്തകത്തിനു മുന്നില്‍നിന്നു എഴുന്നേല്‍ക്കാന്‍ മറ്റൊരു മണി. കുളിക്കുവാന്‍ ഒരു മണി. ഓരോരുത്തര്‍ക്കും സമയം നിശ്ചയിച്ചിട്ടുണ്ട്. പതിനഞ്ചു മിനിറ്റ്. അതില്‍ കുറവ് നേരം എടുക്കാം. കൂടുതലാവരുത്. രാത്രി ഭക്ഷണത്തിനു മുന്നേ പ്രാര്‍ത്ഥനയ്ക്കുള്ള മണി മുട്ടും. എല്ലാവരും മുറിക്കു പുറത്തിറങ്ങി വരി നില്‍ക്കണം. സ്പീക്കറില്‍ കൂടി വരുന്ന പാട്ടിനൊപ്പം പാടണം. അപ്പോഴേക്കും വാര്‍ഡന്‍ മുറിയിലെത്തിയിരിക്കും. അവരുടെ മുറിക്കു ഇരുവശവുമാണ് കുട്ടികളുടെ മുറികള്‍. നടുവില്‍ നിന്നാല്‍ അവര്‍ക്ക് രണ്ടറ്റവും കാണാം. മുഖത്തേക്കു നോക്കിയാല്‍ എല്ലാം അറിയാം. കുറ്റം ചെയ്യാന്‍ സാധ്യതയുള്ളവര്‍ക്ക് അവരുടെ പ്രത്യേക കരുതലുണ്ടാവും. 

ഞാനൊന്നും അവരുടെ ശ്രദ്ധയില്‍പ്പോലും പെട്ടിട്ടുണ്ടാവില്ല. വല്ലപ്പോഴും മാത്രം അവരെ കടന്നുപോകുമ്പോള്‍ ഒന്ന് വിഷ് ചെയ്യും അപ്പോളവര്‍ മുഖം ഉയര്‍ത്തി ഒന്ന് ചിരിക്കും. അത്രതന്നെ. ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന മീറ്റിങ്ങിനിടയില്‍ ചിലരെ പേര് വിളിച്ചു എഴുന്നേറ്റു നിര്‍ത്തിപ്പിക്കും. 
പെട്ടെന്നാണ് ആ നിലയിലെ ചേച്ചി വന്നത് 'എന്താ?' എന്ന് ചോദിച്ചത്.
'ഒരു കുട്ടിയെ കാണാന്‍...'
'ആരെ?'
'പ്രിയ'
'ഒരു നിലയില്‍ന്നു അടുത്തതിലേക്ക് കയറരുത് എന്നറീല്ലേ? ഇന്റര്‍വല്‍ സമയത്ത് പുറത്തുവരുമ്പോ കാണാട്ടാ. ഇപ്പൊ ചെല്ല്' ഞാന്‍ തലയാട്ടി താഴേക്കിറങ്ങി. പുറത്തുള്ള ഒരു കസേരയില്‍ ചാരി ഇരുന്നു. 

എന്റെ കയ്യില്‍ ഇപ്പോഴുമാ കത്ത് ചുരുട്ടിപ്പിടിച്ചപോലെ ഇരിക്കുന്നു. തുറന്നു നോക്കാന്‍ തോന്നി. പിന്നെ അടുത്ത നിമിഷം വേണ്ട എന്ന് വച്ചു. ആ കുട്ടി ഇപ്പോള്‍ എവിടെ ആയിരിക്കും? എന്തിനാണവളെ കൊണ്ടുപോകാന്‍ വന്നത്?
തിരിച്ചു മുറിയിലേക്ക് നടക്കുമ്പോള്‍ ശാലിനി എഴുന്നേറ്റിട്ടുണ്ട്. പുറത്തേക്കു നോക്കി കിടക്കുകയാണ്. ഞാന്‍ ഉള്ളിലേക്ക് വന്നത് അറിഞ്ഞിട്ടില്ല. ഞാന്‍ എന്റെ കട്ടിലിലിരുന്നു. എനിക്ക് എന്തോ, ഒന്നും പറയാനോ അവളെ വിളിക്കാനോ തോന്നിയില്ല. മുറിയില്‍ ഞാന്‍ കയറിയപ്പോള്‍ വാതില്‍ നേരിയ ഒരു ശബ്ദം ഉണ്ടാക്കിയിരുന്നു. എന്നിട്ടും അവള്‍ ഒന്നും അറിഞ്ഞില്ല. അവളെ സൂക്ഷിച്ചു നോക്കിയപ്പോഴാണ് അവള്‍ കരയുകയാണെന്നു മനസ്സിലായത്. മുഖം അനങ്ങുന്നില്ല. പക്ഷേ, കണ്ണിന്റെ കോണിലൂടെ ഒരു ചാല്‍ ഒലിച്ചിറങ്ങി തലയിണ നനഞ്ഞിരിക്കുന്നു. 

'ശാലിനി', ഞാന്‍ തെല്ലുച്ചത്തില്‍ വിളിച്ചു. 
അവള്‍ ഞെട്ടി എന്നെ നോക്കി. 'ആഹ്, വന്നോ? എന്താ വൈകിയേ?'
മുഖത്തെ വല്ലായ്മ മറച്ചുവെക്കാന്‍ നോക്കിക്കൊണ്ടവള്‍ പറഞ്ഞു. എന്നിട്ട് ഒന്നും പറയാതെ പുറത്തേക്കു പോയി. 

എന്തൊക്കെയാണ് ഒരു ദിവസംകൊണ്ട് സംഭവിക്കുന്നത്? എല്ലാവര്ക്കും എന്തായി? 
പനി പിടിച്ചു കിടപ്പിലായതില്‍ പിന്നെ ഞാന്‍ മിക്കവാറും വീട്ടില്‍നിന്നാണ് വന്നിരുന്നത്. ഇടയ്ക്കിടെ മുറിയില്‍ നിന്നാലായി. ശാലിനിയും ഞാനും ഒരു മുറിയിലാണ്. എം.ഫില്‍കാര്‍ക്ക് രണ്ടു പേര്‍ക്കു കൂടി ഒരു മുറിയാണ്.

തിരിച്ചു വന്നു തോര്‍ത്തെടുത്ത് മുഖം തുടച്ചുകൊണ്ടവള്‍ എന്നെ നോക്കി. 'കുറേ നേരം ആയല്ലോ പോയിട്ട്? അവിടെ ഇരുന്ന് ഉറങ്ങിയോ?' ഉത്തരത്തിനു കാത്തുനില്‍ക്കാതെ അവള്‍ അവളുടെ മേശക്കരികില്‍ പോയി ചില പുസ്തകങ്ങള്‍ മറിച്ചുനോക്കി.

കോളേജിലെ കാര്യങ്ങള്‍ ഒക്കെ അറിയാനുള്ള എന്റെ കണ്ണിയാണവള്‍. എനിക്ക് സ്വതവേ ആരോടും മിണ്ടാനോ സംസാരിക്കാനോ ഇഷ്ടമല്ല. ചെറിയ ലോകത്തില്‍ ചെറിയ ജീവിതം എങ്ങനേലും തള്ളിനീക്കണം എന്നൊക്കെ ആണ് ചിന്ത. ചെറിയ ലോകമെന്നു പറയുമ്പോഴും ഞാന്‍ ആഗ്രഹിക്കാതെ എന്നിലേക്ക് കടന്നുവരുന്ന ലോകങ്ങളെ ഒരുതരം നിസ്സഹായതയോടെ അല്ലാതെ കാണാനാവില്ല. ചുരുങ്ങിയ മനുഷ്യരോട് സംസാരിച്ചാല്‍, അധികം കാര്യങ്ങള്‍ അന്വേഷിക്കാതിരുന്നാല്‍ ഞാന്‍ രക്ഷപ്പെടും എന്ന് കരുതും. എന്നാലും, ജനല്‍ തുറന്നൊരു കാറ്റു മെല്ലെ വരും, എത്ര വേണ്ട എന്നുവച്ചാലും ഒരു സൂര്യകിരണം പിന്നെയും മുഖത്തേക്കു ഏന്തി നോക്കും, ഒരു പൂവിന്റെ ഇതള്‍ കാല്‍ക്കല്‍ വീഴും, ഒരു മേഘം പെയ്‌തൊഴിയുന്ന ശബ്ദം കാതില്‍ വീഴും. ഞാനറിയാതെ പോകരുത് എന്ന് കരുതുന്ന വഴികളിലൂടെയൊക്കെ നടക്കും. മുഖത്തേക്കു വീഴുന്ന ഒരു മഴത്തുള്ളി ഉറക്കത്തില്‍ നിന്നുണര്‍ത്തുമ്പോഴേക്കും പലപ്പോഴും പൊള്ളലേറ്റിട്ടുണ്ടാവും.
 
എങ്ങനെ കരുതലോടെ ജീവിച്ചാലും ജീവിക്കാനാവാതെ എന്നെ കാലം എന്നും പറ്റിച്ചുകൊണ്ടേയിരുന്നു.
ഞാന്‍ ശാലിനിയെത്തന്നെ നോക്കുകയായിരുന്നു. മുഖം വല്ലാതിരിക്കുന്നു. മനസ്സിലുള്ളത് കനത്ത എന്തോ ഒരു ചിന്തയാണെന്നു കണ്ടാല്‍ അറിയാം. ചോദിക്കണോ? എന്റെ കയ്യിലുള്ള കത്തിനെപ്പറ്റി പറയണോ? ശാലിനിക്ക് ഒരുപക്ഷേ, നല്ലവണ്ണം പ്രിയയെ അറിയുമോ? അന്ന് പരിചയപ്പെടുത്തിയതില്‍പ്പിന്നെ ഞാന്‍ മുറിയില്‍ അധികം കാലം നിന്നില്ലല്ലോ? അപ്പോള്‍ ഇവര്‍ തമ്മില്‍ പരിചയപ്പെട്ടിരിക്കുമോ?
'ഒരു മുറി വേണം. സ്വന്തായിട്ട്' ശാലിനി ഏതോ ചിന്തയുടെ മുറിവില്‍നിന്നു പറഞ്ഞു, വിളറിക്കൊണ്ട് ചിരിച്ചു എന്നു വരുത്തി. 'നിനക്ക് തോന്നാറില്ലേ? അതിനു നിനക്ക് വീട്ടില്‍ സ്വന്തം മുറിയുണ്ടല്ലോ അല്ലേ?' എന്നെ നോക്കിക്കൊണ്ട് അവള്‍ തുടര്‍ന്നു. 
അവളുടെ കണ്ണുകള്‍ കലങ്ങിത്തന്നെ ഇരുന്നു.

'എനിക്കെപ്പോഴും തോന്നും. എന്തെങ്കിലും ഒന്ന് ആലോചിച്ചിരിക്കാന്‍, ഒന്ന് ശ്വാസം വിടാന്‍ ഒരു മുറി വേണമെന്ന്. നമുക്ക് ഇടക്കൊന്നു ഒറ്റക്കിരിക്കണം എന്ന് തോന്നിയാല് എന്ത് ചെയ്യും? എല്ലാവര്‍ക്കും അവര് ആലോചിക്കുന്നത് തന്നെ നമ്മളും ചിന്തിക്കണം എന്നാണ്. ഒരൂസം എന്റെ അനിയന്‍ ചോദിക്ക്യ, എന്തിനാ ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നെ എന്ന്. ഞങ്ങളാരും ഇങ്ങനെ ആലോചിക്കുന്നില്ലല്ലോ. നിനക്കിവിടെ എന്ത് കുറവാ ഉള്ളത്? തുണിയില്ലേ? തിന്നാനില്ലേ, എന്നൊക്കെ. എന്ത് പറയാനാ, ഒന്നും പറഞ്ഞില്ല.' ഒരു നിമിഷം അവള്‍ വെയിലിനു നേരെ കണ്ണടച്ചു. 'നിനക്ക് പിന്നെ ഇങ്ങനെ ഒന്നും ഇല്ലല്ലോ. നിന്റെ അമ്മ നിന്നെ എന്തും ചെയ്യാന്‍ സമ്മതിക്കില്ലെ? നിനക്കാണെങ്കി വേറെ ഒന്നും വേണ്ടല്ലോ? ഇവിടെ ആയാലും വീട്ടിലായാലും ഒക്കെ നിനക്ക് സമാധാനം അല്ലേ?'
ഞാന്‍ ഒന്നും പറഞ്ഞില്ല. ഇപ്പൊ ഓര്‍ത്തതേ ഉണ്ടായിരുന്നുള്ളല്ലോ. ഉള്ളില്‍ ചെറിയ ഒരു ചിരി പൊട്ടിയെങ്കിലും ഞാന്‍ ഒന്നും മിണ്ടാതിരുന്നു. ഒരേസമയം ഒരു മനുഷ്യന് സംഘര്‍ഷവും സങ്കടവും ചിരിയുമൊക്കെ വരുന്നത് എന്തൊരു വിചിത്രമാണ്.

കുറേ കാലമായി ഒരു മുറിയില്‍ താമസിച്ചിട്ടും അവള്‍ക്കെന്നെക്കുറിച്ചോ എനിക്കവളെക്കുറിച്ചോ കാര്യമായൊന്നും അറിയില്ലെന്നത് ഞാന്‍ ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു. അവളുടെ വീടെവിടെയാണെന്നും വീട്ടിലാരൊക്കെയുണ്ടെന്നും ഒക്കെ അറിയാം. അവള്‍ വായിക്കുന്ന പുസ്തകങ്ങള്‍ അറിയാം. അവള്‍ക്കു ചിത്രം വരയ്ക്കാനും ഒരുപാട് സംസാരിക്കാനും ഇഷ്ടമാണെന്നും. ചുറ്റും നടക്കുന്ന കാര്യങ്ങളൊക്കെ പറഞ്ഞുതരും, ഓരോ ഡിപ്പാര്‍ട്ട്‌മെന്റിലും സുഹൃത്തുക്കളുണ്ട്. എല്ലാവരുടേയും കാര്യങ്ങള്‍ പറയും. പരിപാടികള്‍ ഉണ്ടെങ്കില്‍ എന്നെയും വലിച്ചുകൊണ്ട് പോകും. എനിക്കാണേല്‍ നാടകം കാണാനൊന്നും ഒരു താല്പര്യവുമില്ല. എന്നാലും വിടില്ല. പോയെ പറ്റൂ... എന്റെ കലാബോധം ഒറ്റക്കിരുന്നു കേള്‍ക്കുന്ന പതിഞ്ഞ ചില പാട്ടുകളില്‍ ഒതുങ്ങി. അവിടെ പരിപാടിക്ക് എത്തിയാല്‍പ്പിന്നെ അവള്‍ മറ്റാരോടേലും സംസാരിക്കുകയോ പരിപാടി കാണുകയോ ചെയ്യുമ്പോള്‍ അതിനിടയില്‍ ഞാന്‍ എങ്ങനേയും മെല്ലെ മുങ്ങും. എനിക്ക് എന്റെ മുറിയിലെത്തിയാലെ ഒരുവിധം സമാധാനമാവൂ. 

എന്നിട്ടും, ഞാന്‍ എത്ര ഒതുങ്ങിയിട്ടും വിചിത്രമായൊരു വിധിയാണെന്റേത്. ആഗ്രഹിക്കാതേയും എല്ലാം കയറി വരും. 

ശാലിനി കയ്യിലിട്ടു തിരിച്ചുകൊണ്ടിരുന്ന പുസ്തകം മേശമേല്‍ വച്ച് എന്നെ നോക്കി. 'പള്ളിയില്‍ എന്ത് ചെയ്തു? സ്ഥിരം പരിപാടി ആയിരുന്നോ? ഉറങ്ങിയോ?' ഈ വട്ടം അവളുടെ മുഖത്ത് ചെറിയൊരു ചിരി വന്നു. എന്നാലും അവളുടെ ഉള്ളിലുള്ള സംഘര്‍ഷം തീരെ കുറഞ്ഞില്ല എന്നു തോന്നി.
'ഒന്നും ചെയ്തില്ല', ഞാന്‍ മെല്ലെ പറഞ്ഞു. 'എനിക്ക് ഉറങ്ങണം എന്നൊക്കെ തോന്നിയിരുന്നു. പക്ഷേ, പറ്റിയില്ല.' 
'അതെന്താ? അവിടെ വേറെ ആരേലും ഉണ്ടായിരുന്നോ?' ഞാന്‍ ഒന്നും പറഞ്ഞില്ല. എന്റെ കയ്യിലുള്ള കടലാസ് നനഞ്ഞുകുതിര്‍ന്നിരുന്നു. അതിലുള്ള അക്ഷരങ്ങളൊക്കെ ഒലിച്ചു പോയിരിക്കുമോ എന്നോര്‍ത്തുകൊണ്ട് ഞാന്‍ ഒരു ദീര്‍ഘനിശ്വാസം എടുത്തു.

'എന്താണ്?' ഈ വട്ടം ശാലിനി ചോദിച്ചപ്പോള്‍ അവളുടെ ശബ്ദത്തിലെ വിറയല്‍ എനിക്ക് മനസ്സിലായി.
'ഇരിക്കാന്‍ പറ്റിയില്ല. അവിടെ 
ആ കുട്ടിയുണ്ടായിരുന്നു.'
'ആര്?' അവളുടെ ശബ്ദം തണുത്തു. 
'ലിലിത്ത്.' 
'അവള്‍, അവളവിടെ ഉണ്ടായിരുന്നോ? എന്തിന്? എന്ത്...?' ശാലിനിയുടെ ശബ്ദത്തില്‍ രാത്രിയിലെ തുടിപ്പ്. ചാരനിറമുള്ള ചിറകുകളുടെ ഒഴുക്ക്. 'അവളവിടെ ഉണ്ടോ... എനിക്ക്, എനിക്ക് പോകണം...' ശാലിനി പെട്ടെന്ന് വാതിലിനടുത്തേക്കു നീങ്ങി.

'ശാലിനി അവിടെ നിക്ക്. എങ്ങോട്ടാ തിരക്കിട്ട്?'
'അവളവിടെ...' ശാലിനി പറഞ്ഞു നിര്‍ത്തി. 'എനിക്കൊന്നു കാണണം.'
'ആ കുട്ടി പോയെന്നു തോന്നുന്നു. അമ്മ വന്നു എന്ന് പറഞ്ഞ് മദര്‍ കാണാന്‍ വിളിച്ചിരുന്നു.'
'ഓഹ്', ശാലിനിയുടെ മുഖം തകര്‍ന്നൊഴുകി. 
അത് കണ്ടെനിക്കു ഭയം തോന്നി. 

'ശാലിനി, എന്താണ്? എന്തുപറ്റി? വാ ഇവിടെ ഇരിക്ക്... പറയ്... എന്ത് പറ്റി... ഇങ്ങനെ കരയാതെ... ഇവിടെ ഇരിക്ക്...' ശാലിനി ഞാന്‍ ചൂണ്ടിയ സ്ഥലത്തിരുന്നു. 
ഏങ്ങിക്കരഞ്ഞുകൊണ്ട് അവള്‍ മുഖം കൈകളില്‍ താങ്ങി.

'ഞാന്‍ കാരണമാണ്. ഞാനാണ് ആ കുട്ടിയെ ഇവിടുന്നു പറഞ്ഞുവിടാന്‍ കാരണം.' അവള്‍ പുലമ്പി.
ഞാന്‍ അവളുടെ ചുമലുകള്‍ തലോടിക്കൊണ്ട് അടുത്തിരുന്നു. കരഞ്ഞു തീര്‍ക്കട്ടെ. എന്തെല്ലാമോ ഞാന്‍ അറിയാതെ എനിക്ക് മുന്നിലൂടെ നടന്നിട്ടുണ്ട്. പറയാനുള്ളതും അറിയാനുള്ളതും ഒക്കെ നമ്മളിലേക്ക് എത്തിച്ചേരും. ആധി പിടിച്ചോ തിരക്ക് കൂട്ടിയോ ഒന്നും ഒരു കാര്യവുമില്ല.
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ശാലിനി മുഖമമര്‍ത്തിത്തുടച്ചു. 'എന്താണ് പറ്റിയത് ശാലിനി? ആ കുട്ട്യേ എന്തിനാ അമ്മ കൂട്ടിക്കൊണ്ടു പോയത്? സിസ്റ്റര്‍ വെറോണ വല്ലാതെ ചീത്ത പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല.'
കുറച്ചുനേരം മിണ്ടാതിരുന്ന് ശാലിനി ശ്വാസം വലിച്ചു വിട്ടു. അവള്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. ഞാനിരുന്ന ഇടത്തില്‍ നിന്ന് മെല്ലെ എഴുന്നേറ്റു മുന്നിലുള്ള കുപ്പിയിലെ വെള്ളമവള്‍ക്കു നീട്ടി. എന്റെ കയ്യില്‍നിന്നുമത് പിടിച്ചുവാങ്ങി അവള്‍ ദാഹമേറിയപോലെ മുഴുവനും കുടിച്ചുതീര്‍ത്തു. ശാലിനിയോട് കത്തിന്റെ കാര്യം പറയാം എന്ന് വിചാരിക്കുമ്പോള്‍ ആണ് അവള്‍ സംസാരിച്ചു തുടങ്ങുന്നത്. ശബ്ദം നേര്‍ത്തതിനാല്‍ കേള്‍ക്കാന്‍ നല്ല ബുദ്ധിമുട്ട് തോന്നി. എന്നാലും ഞാന്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. 

'എപ്പോഴാ എല്ലാം മാറിയതെന്നൊന്നും എനിക്കറിയില്ല. പേരിനെപ്പറ്റി പറഞ്ഞാണ് ഞങ്ങള് സംസാരിക്കാന്‍ തുടങ്ങിയത്. ലിലിത്ത്ന്നു പേരുള്ള ഒരു കഥാപാത്രമുണ്ടെന്നു എനിക്കറിയില്ലായിരുന്നു.'
അവള്‍ നിര്‍ത്തി. 'ആദമിനെ അനുസരിക്കാന്‍ വയ്യാത്തോണ്ടു പറന്നുപോയ ആദ്യ ഭാര്യ. പിന്നെ വിഷയം എന്റെ ഡിസര്‍ട്ടേഷന്‍ ആക്കിയപ്പോളാ അതിനെപ്പറ്റി കൂടുതല്‍ വായിച്ചേ..ആ പേരിലെ മിത്ത് ഒക്കെ...' 
എനിക്ക് താല്പര്യമില്ലാത്ത വിഷയം ആണെന്നവള്‍ക്കറിയാം. അതിന്റെ സങ്കോചം ശബ്ദത്തില്‍ പതിഞ്ഞുകിടന്നു.

'ഞാന്‍ ഉദ്ദേശിച്ചത്... അങ്ങനെയാണ് കൂടുതല്‍ സംസാരിച്ചേ... എനിക്കാണ് എന്തോ ഒരു അടുപ്പം തോന്നിയത്... ആ കുട്ടീല് ഞാന്‍ അന്വേഷിച്ച ഒരു സമാധാനം ഉണ്ടെന്നൊക്കെ തോന്നിയത്. അതങ്ങനെ ഒക്കെ പറയുമ്പോ ചേച്ചിക്കു എഴുത്തിന്റെ അസുഖം നല്ലോണം ണ്ടല്ലേ എന്നൊക്കെ പറഞ്ഞ് അവളതു കളിയാക്കും.' ഓര്‍മ്മയുടെ ഒരു ശ്വാസം. 

'അവള്‍ക്കും അവളുടെ ആ പേര് ഒരു കൗതുകം ആയിരുന്നു. അപ്പനിട്ട പേരാണ്. അപ്പനിതൊക്കെ അറിയുമായിരുന്നോ എന്നൊക്കെ ചോദിച്ചുകൊണ്ടിരിക്കും. അപ്പനാ പേരിട്ടപ്പോ എതിര്‍പ്പൊക്കെ ഉണ്ടായിരുന്നത്രേ. അപ്പനതൊന്നും ഒരു കൂസലും ഉണ്ടായിരുന്നില്ല, അപ്പന് നല്ല ധൈര്യാരുന്നു എന്നൊക്കെ പറയും. അവക്ക് അപ്പന്‍ മരിച്ചതില്‍ നല്ല സങ്കടം ഉണ്ടായിരുന്നു. സാരല്ല, അമ്മച്ചിയില്ലേ, നിനക്കും അനിയനും വേണ്ടി അവരല്ലേ കഷ്ടപ്പെടുന്നെ എന്നൊക്കെ ഞാന്‍ പറഞ്ഞു സമാധാനിപ്പിക്കും...' ഒരേങ്ങല്‍ അവളുടെ ഉള്ളില്‍ തടഞ്ഞുനിന്നു.
'എന്നിട്ട് ഞാന്‍... ഞാന്‍ കാരണം തന്നെ... അവള്... അവക്ക് വിഷമം ആയല്ലോ...' ഒരു നിമിഷം നിര്‍ത്തി അവള്‍ തുടര്‍ന്നു: 'ആരും കാണാണ്ട് ഈ മുറീലേക്ക് വരുന്നതൊക്കെ നല്ല രസം ആയിരുന്നു. നമ്മളെ അങ്ങോട്ടും ഇങ്ങോട്ടും നോക്കാനൊന്നും വിടൂല്ലല്ലോ...' അവളൊന്നു നിര്‍ത്തി. 

അവളുടെ മുഖത്ത് ഒരരുവി പതുങ്ങി ഇരുന്നു. വിരലുകള്‍ പിണച്ചും അഴിച്ചും കൈകള്‍ തെരുത്തുകൊണ്ടേയിരുന്നു. 'ഞങ്ങളൊരുമിച്ചു ഇരിക്കുന്നതൊക്കെ ഇവിടെ പ്രശ്‌നായിരുന്നു. ഒരൂസം നല്ല മഴ പെയ്യുമ്പോ ഞങ്ങള്‍ ലൈബ്രറീടെ സ്‌റ്റെപ്പില്‍ ഇരുന്നു സംസാരിക്ക്യാരുന്നു. വെറോണ സിസ്റ്റര്‍ എന്തെ ഇവിടെ മഴേത്ത്ന്നു ചോദിച്ച് വല്ലാണ്ട് ചീത്ത പറഞ്ഞു. അപ്പളാണ് ആരേലും ഞങ്ങളെക്കുറിച്ച് അറിയുന്നുണ്ടെന്ന തോന്നലൊക്കെണ്ടായത്. എനിക്ക് പേടിയാരുന്നു. അവള്‍ക്ക് വല്ലാത്ത ധൈര്യവും. ഓരിപ്പോ നമ്മളെ എന്താചെയ്യന്നൊക്കെ ചോദിക്കും... ചിരിപ്പിക്കും.' അവള്‍ ഒന്ന് നിര്‍ത്തി.

'എനിക്ക് അവള് വല്ലാത്ത ധൈര്യാരുന്നു. അവസാനം ഒരിടം കിട്ടിയതൊക്കെപ്പോലെ.' അവള്‍ കുറച്ചുനേരം മുന്നിലേക്ക് നോക്കിയിരുന്നു. 

അരുവി ഇപ്പോള്‍ നിറഞ്ഞൊഴുകി. 'മെനഞ്ഞാന്നു നീ വീട്ടില്‍ പോയപ്പോ അവിളിവിടെ വന്നിരുന്നു. വന്നപ്പോ ആരും കണ്ടിരുന്നില്ല. പക്ഷേ, പിന്നെ പെട്ടെന്ന്, സിസ്റ്ററ് വന്നു വാതിലിനു മുട്ടി. ഞാന്‍ പേടിച്ചുപോയി.'  അവളുടെ കണ്ണുകള്‍ നിശ്ചലമായി. 

'എപ്പോഴാ?' അവള്‍ എന്നെ നോക്കി. എന്റെ ശബ്ദത്തില്‍ സങ്കോചം ഉണ്ടായിരുന്നോ? ഞാന്‍ എന്താണോര്‍ക്കുന്നത്? 
'രാത്രി വാതിലില്‍ ചെറിയ മുട്ട് കേട്ടു തുറന്നു നോക്ക്യപ്പോ അവള്. ഒറക്കം വന്നില്ല... മ്മക്ക് സംസാരിക്ക എന്ന് പറഞ്ഞു വന്നു. ആദ്യായിട്ടാ ഇവിടെ ആ സമയത്ത് വന്നത്...' അവളൊന്നു നിര്‍ത്തി. എന്നിട്ട് എന്റെ കണ്ണുകളിലേക്കു നോക്കി. 

'നിനക്ക് ഞാനീ പറയുന്നത് പിടിക്കുന്നുണ്ടോ എന്നെനിക്ക് അറീല്ല. എനിക്ക്... അവളെനിക്ക്... എല്ലാമായിരുന്നു. തണലും ഒളിവിലിരിക്കാന്‍ ഒരിടവും. ഞങ്ങക്ക് രണ്ടു പേര്‍ക്കും ഞങ്ങള്‍ പറയുന്നതൊക്കെ മനസ്സിലായിരുന്നു, ചിരിക്കാന്‍ ആവുമായിരുന്നു... എപ്പളും കാണണമെന്നൊന്നും ഇല്ലായിരുന്നു. അടുത്തല്ലാത്തപ്പോഴൊക്കെ അടുത്തായിരുന്നു. അത്രന്നെ...' ഒന്ന് നിര്‍ത്തി, 'പ്രിയയ്ക്ക് എല്ലാം അറിയാ.'
അവളില്‍നിന്നൊരു ശ്വാസം പൊള്ളിയടര്‍ന്നു വീണു. ഞാന്‍ ചോദിക്കാനാഞ്ഞ ചോദ്യത്തിന്റെ ഉത്തരം അവള്‍ സ്വയം പറഞ്ഞു. 

'എനിക്ക് താക്കീതു മാത്രേ ഉള്ളൂ. നമുക്കിനി എക്‌സാം മാത്രല്ലേ... അവള്‍ക്കിനി ഡിഗ്രി തീര്‍ക്കാനാവോ... ഇനി എന്താവാ... കാണാനാവ്വോ... ഇനി പറ്റുവോ സംസാരിക്കാന്‍... ഇനി... ഇനി എന്നാ...' മുഴുപ്പിക്കാതെ അവള്‍ കയ്യുയര്‍ത്തി കണ്ണീര്‍ തുടച്ചപ്പോ, അവളുടെ കയ്യില്‍ ഞാന്‍ ആ കടലാസ് തിരുകി പുറത്തേക്കു നടന്നു... 
കാറ്റിനു ശബ്ദമുണ്ട്. അത് ഇലകളുടെ നിറങ്ങളൊലിച്ച് പോകുന്നപോലെയാണ്. ആകാശത്തില്‍നിന്നും ഊര്‍ന്നുവീണ് പിന്നെ തെങ്ങോലകള്‍ക്കിടയിലും മാന്തളിരിനിടയിലും കയറിയിറങ്ങി വെയിലിന്റേയും ഉപ്പിന്റേയും പച്ചയുടേയും ചുവപ്പിന്റേയും മുറിവുകള്‍ ഏറ്റുവാങ്ങി, പിന്നെയും പിന്നെയും പൂത്തുലയുന്നതുപോലെ. 
മുറിയില്‍ അന്ന് രാത്രി കൂമന്‍ ചിറകുകള്‍ വിരിയിച്ച് അവള്‍ വരുമെന്നെനിക്കു തോന്നി ലിലിത്ത്. അവളുടെ കണ്‍കോണുകളില്‍ ചിരിക്കൊപ്പം ഒരു തരി കനലും കൂടി എനിക്കപ്പോ കാണാനാവും. അതിനോടൊപ്പം കടലിനടിയിലെ കരിനീലക്കറുപ്പിന്റെ ഒരു തുണ്ടും നിര്‍ത്താതെ മിന്നുന്ന മിന്നല്‍ നക്ഷത്രങ്ങളും. 

*****************

* ലിലിത്ത്: 7 മുതല്‍ 10 വരെയുള്ള നൂറ്റാണ്ടുകള്‍ക്കിടയില്‍ എഴുതപ്പെട്ട 'ബെന്‍ സിറായുടെ അക്ഷരമാല' എന്ന യഹൂദ രചന (78: ലിലിത്ത്) ലിലിത്തിനെ, ഹവ്വായ്ക്കും മുന്‍പ് ആദത്തിനൊപ്പം കളിമണ്ണില്‍ മെനഞ്ഞ് ദൈവം സൃഷ്ടിച്ച ലോകത്തെ ആദ്യത്തെ പെണ്ണായി ചിത്രീകരിക്കുന്നു. ആദത്തിന്റെ സമസൃഷ്ടിയായി സ്വയം കരുതുകമൂലം അയാള്‍ക്കു കീഴ്‌പെട്ടു ജീവിക്കാന്‍ വിസമ്മതിച്ച് ലിലിത്ത് അപ്രാപ്യമായ നാമം ഉച്ചരിക്കുകയും പറുദീസ വിട്ട് വായുവിലേക്ക് പറക്കുകയും ചെയ്തു എന്നു പറയപ്പെടുന്നു. യഹൂദ പുരാവൃത്തങ്ങളിലെ ഒരു ദുര്‍ദേവതയാണ് ലിലിത്ത്. ജെയിംസ് ജോയ്‌സിന്റെ യുലിസസ്സില്‍ 'ലിലിത്, ഗര്‍ഭച്ഛിദ്രത്തിന്റെ രക്ഷാധികാരി...' (പതിനാലാം അധ്യായംഓക്‌സിന്‍ ഓഫ് ദി സണ്‍) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂത പശ്ചാത്തലത്തില്‍ ലിലിത്ത് ആദ്യം കാണപ്പെടുന്നത് പൊതുവര്‍ഷം 56 നൂറ്റാണ്ടുകളില്‍ പൂര്‍ത്തിയായ ബാബിലോണിയന്‍ താല്‍മുദിലാണ്. ലിലിത്തിന്റെ പരാമര്‍ശമുള്ള ലഭ്യമായ രേഖകളില്‍ ഏറ്റവും പഴക്കമുള്ളത്, ബി.സി. രണ്ടായിരത്തിനടുത്തെഴുതപ്പെട്ട 'ഗില്‍ഗാമെഷും ഹുലുപ്പുമരവും' എന്ന സുമേറിയന്‍ ഇതിഹാസകാവ്യമാണ്. 'ലിലിത്' എന്ന വാക്കിന്റെ ഹീബ്രൂ പരിഭാഷ 'മൂങ്ങ' എന്നാണ്. ആധുനിക കാലത്തെ സ്ത്രീപക്ഷ വായനകള്‍, അംഗീകാരത്തിനും സമത്വത്തിനും വേണ്ടിയുള്ള സ്ത്രീസമരങ്ങളുടെ പ്രതീകമായി ലിലിത്തിനെ കാണുന്നു. (കടപ്പാട്: വിക്കിപീഡിയ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com