'ചന്ദനം'- വി. സുരേഷ്‌കുമാര്‍ എഴുതിയ കഥ

ട്രെയിന്‍ ഒരു ഞരക്കത്തോടെ നീങ്ങാന്‍ തുടങ്ങിയതും വണ്ടിയില്‍നിന്നും ചാടിയിറങ്ങി...അമ്പുവേട്ടനെ കാണണം... അന്ത്യയാത്രയോടൊപ്പം കൂടെ പോകണം.
ചിത്രീകരണം: പാവേൽ
ചിത്രീകരണം: പാവേൽ

ഗിരീഷേ,
നിന്റെ അമ്പുവേട്ടന്‍ പോയി. തലയ്ക്കലെ പ്രകാശേട്ടന്റെ ഫോണ്‍ വരുമ്പോള്‍ ഞാന്‍ മംഗലാപുരത്തേക്കുള്ള തീവണ്ടിയില്‍ ഇരിക്കുകയായിരുന്നു.

ട്രെയിന്‍ ഒരു ഞരക്കത്തോടെ നീങ്ങാന്‍ തുടങ്ങിയതും വണ്ടിയില്‍നിന്നും ചാടിയിറങ്ങി...
അമ്പുവേട്ടനെ കാണണം... അന്ത്യയാത്രയോടൊപ്പം കൂടെ പോകണം.

അമ്പുവേട്ടന്റെ സന്തതസഹചാരി ആയ രാജീവേട്ടനെ ആരെങ്കിലും വിവരം അറിയിച്ചിട്ടുണ്ടാകുമോ...?
ഞാന്‍ സ്റ്റേഷനില്‍നിന്നും പുറത്തേക്കിറങ്ങി.

കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി നമ്മുടെ നാടും നഗരത്തിന്റേതിനു സമാനമായ ഒരു വളര്‍ച്ചയിലും സ്വഭാവത്തിലും എത്തിയെങ്കിലും അതിനു മുന്നേയുള്ള കുറെ വര്‍ഷങ്ങള്‍ പരസ്പര സഹകരണത്തിന്റേയും വിട്ടുവീഴ്ചകളുടേയും വീണ്ടെടുപ്പുകളുടേയും ഒരു കാലം ആയിരുന്നു... 

വായനശാല, റോഡ്, ശ്മശാനം, സ്‌കൂള്‍ ഇങ്ങനെയുള്ള പൊതുവായ കാര്യങ്ങളുടെ ഒത്തൊരുമിച്ചുള്ള നിര്‍മ്മാണങ്ങള്‍ നാട്ടിലെ പലതരം ജാതി മനുഷ്യരെ ഒന്നിച്ചു മുന്നോട്ട് കൊണ്ട് പോവുകയും മറ്റു പുറം നാട്ടുകാരോടൊപ്പം നമ്മളേയും കുറേയൊക്കെ മാനസികമായി ഉയരാനും സഹായിച്ചു.

ഈ ഉയര്‍ച്ച എന്നു പറയുന്നത് എല്ലാവര്‍ക്കും ഉയര്‍ന്ന തൊഴില്‍ ഉയര്‍ന്ന വരുമാനം എന്നൊന്നും അര്‍ത്ഥമില്ല. പരസ്പര സ്‌നേഹത്തോടേയും കരുതലോടേയും ജീവിക്കുക എന്നതാണ് ശരിക്കുമുള്ള ഒരു നാടിന്റെ ഉയര്‍ച്ച എന്നതിന്റെ അര്‍ത്ഥം...

രണ്ടു മാസം മുന്നേ കാണാന്‍ പോയപ്പോള്‍ കിടന്ന കിടപ്പില്‍നിന്നും എന്റെ കൈപിടിച്ച് അമ്പുവേട്ടന്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് ഓര്‍മ്മവന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് മലവെള്ളത്തില്‍ കിടന്നു ജീവനുവേണ്ടി കൈകാലിട്ടടിക്കുമ്പോള്‍ എന്നെ പിടിച്ചുകയറ്റിയ അതേ ചൂടും ശക്തിയും അമ്പുവേട്ടന്റെ കൈകള്‍ക്ക് ഇപ്പോഴും ഉള്ളതായി ഞാന്‍ അറിഞ്ഞു.

സ്‌കൂള്‍ വിട്ടുവരുമ്പോള്‍ തോട്ടില്‍ ഇറങ്ങി കാല് കഴുകിയതായിരുന്നു.

തൊട്ടു മുന്നേയും നല്ല മഴ പെയ്തതിനാല്‍ കണ്ടത്തില്‍ നിറയെ ചളി കൂടിയിരുന്നു.

കാല്‍ കഴുകി കയറാന്‍ നോക്കിയതും തോട്ടില്‍ ആനയുടെ ശക്തിയോടെ വെള്ളം നിറഞ്ഞു.

പണിയും കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന അമ്പുവേട്ടന്‍ കയ്യിലുള്ള നീളന്‍ കയര്‍ തെങ്ങിനു കെട്ടി തോട്ടിലേക്ക് ചാടി. എവിടേക്കോ ഒഴുകാന്‍ നിന്ന എന്നേയും ചുറ്റിപ്പിടിച്ചു കരയിലേക്കു കയറി

അതിനുശേഷം എവിടെക്കണ്ടാലും ഞാന്‍ അമ്പുവേട്ടനെ തൊഴുതു . പിന്നേയും കുറെ കഴിഞ്ഞാണ് അമ്പുവേട്ടന്റെ കഥകള്‍ അറിയുന്നത്

വളര്‍ന്നു വളര്‍ന്ന് ഇപ്പോള്‍ ആര്‍ക്കും ആരുടേയും സഹായം വേണ്ട എന്നു ഞാന്‍ അടക്കമുള്ള പുതുതലമുറയ്ക്ക് തോന്നുകയും വീണ്ടും നാട്ടുകാര്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് അവരുടെ കാര്യങ്ങളുമായി നടന്നു തുടങ്ങുകയും ചെയ്യുന്നത് അമ്പുവേട്ടന്‍ കിടപ്പിലും അറിയുന്നുണ്ടാകണം.

രാജ്യത്തിന്റെ ആയാലും നാടിന്റെ ആയാലും ചരിത്രം വായിച്ചുനോക്കുമ്പോള്‍ ഒന്നോ രണ്ടോ മനുഷ്യരുടെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും പിന്നാലെ ആണ് മാറ്റങ്ങള്‍ നാട്ടിലൊന്നാകെ ഉണ്ടായിട്ടുള്ളത്. ചിലപ്പോള്‍ ചിലയാളുകളുടെ ഒരേ ഒരു നല്ല പ്രവൃത്തിപോലും ആയിരകണക്കിനു മനുഷ്യരുടെ ജീവിതത്തേയും ചിന്തകളേയും വര്‍ഷങ്ങളോളം സ്വാധീനിച്ചതായും നമുക്കു കണ്ടെത്താവുന്നതാണ്.

പട്ടുവം എന്ന എന്റെ നാടിന്റെ ജീവിതത്തേയും ചരിത്രത്തേയും പുനര്‍നിര്‍മ്മിച്ച ഒരാളായിരുന്നു ഇപ്പോള്‍ മരിച്ചുപോയ അമ്പുവേട്ടന്‍.

പുറത്ത് ആരെങ്കിലും എന്തെങ്കിലും തരത്തില്‍ പറയുകയോ അറിയുകയോ ചെയ്യുന്ന ആരുമായിരിക്കില്ല അമ്പുവേട്ടന്‍...

പക്ഷേ, ഞങ്ങളുടെ നാടിനേയും തലമുറയേയും അമ്പുവേട്ടന്‍ മുന്നില്‍നിന്നും നയിച്ചു.

നാട്ടില്‍ വായനശാല ഉണ്ടാക്കാനും റോഡ് നിര്‍മ്മിക്കാനും ശ്മശാനം ഉണ്ടാക്കാനും എന്തിനും ഏതിനും അമ്പുവേട്ടന്‍ മുന്നില്‍നിന്നു.

മക്കളെ അതുവരേയും ആരും കേട്ടുകേള്‍വി പോലുമില്ലാത്ത കോഴ്സുകള്‍ക്ക് അവരുടെ സ്വന്തം താല്പര്യങ്ങള്‍ക്കു പഠിപ്പിച്ചു.

വെറും മരംവെട്ടുകാരനായ അമ്പുവേട്ടന്‍ മൂത്ത മോനെ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ മാത്രം ഉണ്ടായിരുന്ന ഫോറെസ്ട്രി മാനേജ്മെന്റിന് അയച്ചു. രണ്ടാമത്തെ മകനെ കംപ്യൂട്ടര്‍ എന്‍ജിനീയര്‍ ആക്കി, ഇളയവന്‍ ബിസിനസ് മാനേജ്മന്റ്. ഇതൊക്കെയും പത്തു മുപ്പത്തിയഞ്ചു കൊല്ലം മുന്‍പേയുള്ള ഒരു സാധാരണ നാട്ടിന്‍പുറത്തെ അതിസാധാരണക്കാരന്റെ കഥകള്‍ ആണ്.

ആ അമ്പുവേട്ടനാണ് മരണപ്പെട്ടത്.

ബസ് ഇറങ്ങി നടന്നു. അമ്പുവേട്ടന്റെ വീട്ടില്‍ എത്തുമ്പോഴേക്കും വീട് നിറയെ ആള്‍ക്കാര്‍ കൂടിയിരുന്നു.

ഈയിടെയായി കല്യാണവീടുകളിലും മരണവീടുകളിലും മാത്രം കണ്ടുവരുന്ന വെള്ളയും വെള്ളയും ധരിച്ച, കുളിച്ചു കുട്ടപ്പന്മാരായി നില്‍ക്കുന്ന ഒരു പുതിയ വിഭാഗം അമ്പുവേട്ടന്റെ വീട്ടിലും കണ്ടു.

സമുദായ നേതാവ്, കുടുംബ കാരണവര്‍ ഇങ്ങനെ ഒക്കെ ആയാണ് എല്ലാ വീട്ടിലും ഇവരുടെ നില്‍പ്പ് എന്ന് എനിക്ക് ഓര്‍മ്മവന്നു.

വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ യാതൊരു അവകാശവും കൊടുക്കാതെ മരിച്ചയാളുടെ മുകളില്‍ ഇവരുടെയൊരു ബലപ്രയോഗം ആണ് പിന്നീട് പൊതുവെ നടക്കാറുള്ളത്.

അവര്‍ രണ്ടുമൂന്നു പേര് ചേര്‍ന്ന് അമ്പുവേട്ടനെ ഇനി എന്തുചെയ്യണം എന്നുകൂടി ആലോചിക്കുമ്പോള്‍ ആയിരിക്കണം പ്രകാശേട്ടന്‍ എന്റെ അരികിലേക്ക് വന്നത്.

മൂന്ന് ആണ്‍മക്കളില്‍ ഫോറെസ്റ്റ് വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥന്‍ ആയ രഘുനന്ദന്‍ മാത്രം ആണ് കുറച്ചു വൈകിയിട്ട് ആണെങ്കിലും ഇന്ന് എത്തും എന്ന് അവസാനം നിവൃത്തിയില്ലാതെ അറിയിച്ചത്. 

ബാക്കി മക്കളില്‍ ഒരാള്‍ ദുബായിലും മറ്റേ ആള്‍ ഉസ്ബെക്കിസ്ഥാനിലോ മറ്റോ ആണല്ലോ.

പ്രകാശേട്ടന്‍ എന്റെ അരികില്‍നിന്നും ബാലഗോപാലന്‍ നായരോട് പറയുന്ന വാക്കുകളില്‍ ഞാനും ചെവി ചേര്‍ത്തു.

രഘുനന്ദന്‍ ഇന്ന് എത്താന്‍ പറ്റില്ല എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

നാളെ വൈകുന്നേരം ഞാന്‍ വരുന്നതുവരെയും അച്ഛന്റെ ബോഡി നഗരത്തിലെ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ കൊണ്ടുപോയി ഫ്രീസറില്‍ വെക്കുക; അതിന്റെ ചെലവ് എത്രയായാലും രഘുനന്ദന്‍ വഹിക്കുമത്രേ.
സമുദായ നേതാവും ഇതുവരെയും കണ്ടിട്ടില്ലാത്ത കാരണവന്മാരും അതാണ് നല്ലത് എന്ന് ഏറ്റു പിടിക്കുകയും ചെയ്തു.

ഞാന്‍ മരിച്ചാല്‍ ആരു വന്നാലും വന്നില്ലെങ്കിലും അതു മക്കളാണെങ്കില്‍പ്പോലും ശരീരം ചൂട് വിട്ടൊഴിയുന്നതിനു മുന്നേ അങ്ങ് എടുക്കണം. ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാള്‍ക്ക് പിന്നെയൊരു നാളെയില്ല...

അമ്പുവേട്ടന്റെ പോളിസി ആണിത്. ഇതിലൊന്നും ഒരു മാറ്റവും വരുത്താന്‍ നാട്ടുകാര്‍ വിട്ടില്ല; പിന്നെ രാജീവനും... പ്രകാശേട്ടന്‍ എന്റെ അരികിലേക്ക് വന്നു ചെവിയില്‍ പറഞ്ഞു: 

''അങ്ങനെ ഐസിലും ഒന്നും ഇട്ടു സൂക്ഷിക്കാനുള്ളതല്ല മരിച്ചവന്റെ ശരീരം അമ്പു ഏട്ടന്‍ മരിക്കുന്നതിനു മുന്നേ തന്നെ കാണാന്‍ വന്ന എല്ലാവരോടും ഉറപ്പിച്ചു പറഞ്ഞിരുന്നു.

ജോലിയും ജീവിതവും ഒക്കെയായി തിരക്കോടു തിരക്കില്‍ ആയിരുന്ന മക്കളുടെ കാര്യത്തില്‍ ജീവിച്ചിരിക്കുമ്പോഴേ അമ്പുവേട്ടനു സംശയം തോന്നിയിരിക്കണം അല്ലാതെ അങ്ങനെ കാണാന്‍ വരുന്നവരോട് പറയേണ്ട കാര്യമില്ലല്ലോ.''

ജീവിതത്തിലും മരണത്തിലും അമ്പുവേട്ടന് അമ്പുവേട്ടന്റേതായ പല നിയമങ്ങളും നിബന്ധനകളും ഉണ്ടായിരുന്നു.

അതൊക്കെ നാട്ടില്‍ തീരെ നില്‍ക്കാത്ത മക്കള്‍ക്ക് അല്ലല്ലോ നാട്ടുകാര്‍ക്കല്ലേ അറിയുക. അല്ലേലും കല്യാണത്തിലും മരണത്തിലും നാട്ടുകാരുടെ തീരുമാനം ആണ് തീരുമാനം -പ്രകാശേട്ടന്‍ ഉറപ്പിച്ചു പറഞ്ഞു. 

അങ്ങനെ കുറച്ചു സമയത്തിനു ശേഷം നില്‍ക്കക്കള്ളിയില്ലാതെ കാര്യങ്ങള്‍ തിരിഞ്ഞുമറിഞ്ഞു. രഘുനന്ദന്‍ തിരുവനന്തപുരത്തുനിന്നും നാലുമണിക്കുള്ള വിമാനത്തിനു വരുമെന്ന വിവരം ബന്ധുക്കളിലാരോ ബാലഗോപാലന്‍ നായരെ അറിയിച്ചു. നായരാണ് ആ വിവരം നാട്ടുകാരോടും സമുദായ പ്രമാണിമാരോടും പറഞ്ഞത്.

രഘുനന്ദന്‍ വൈകുന്നേരം ഏതു നേരത്തു വീട്ടില്‍ എത്തിയാലും കണ്ട ഉടനെ ബോഡി എടുക്കാന്‍ ഞങ്ങളൊരു തീരുമാനത്തിലെത്തി.

ചെറുപുഴയില്‍നിന്നും രാജീവന്‍ രാവിലെ വിവരം അറിഞ്ഞയുടനെ വന്നത് ഞങ്ങള്‍ക്കൊരു ധൈര്യം ആയി.
എന്നിട്ട് രാജീവേട്ടന്‍ എവിടെ... ഞാന്‍ ചോദിച്ചു.

അമ്പുവേട്ടനെ കണ്ടതും ശരീരം കെട്ടിപ്പിടിച്ചു രാജീവന്‍ കുറെ കരഞ്ഞു.

രാജീവന്‍ അങ്ങനെ കരഞ്ഞപ്പോള്‍ ആ മാന്യന്മാര്‍ വന്ന് അവനെ വിളിച്ചിറക്കി.

നീയെന്തിനാണ് ഇങ്ങനെ കരയുന്നത്, നിന്റെ അച്ഛനൊന്നും അല്ലല്ലോ ചത്തത് എന്ന് ആള്‍ക്കൂട്ടത്തില്‍നിന്നും അവര്‍ ഉച്ചത്തില്‍ ചോദിച്ചു.

പിന്നെ രാജീവന്‍ ദൂരെ മാറിനിന്നു.

ഓന് നല്ല പ്രയാസം ഉണ്ടാകും.

അമ്പുവേട്ടന്‍ മരിച്ച വിവരം അറിഞ്ഞപ്പോള്‍ അറിഞ്ഞയാള്‍ ആദ്യം ആ വാര്‍ത്ത വിളിച്ചറിയിച്ചതില്‍ ഒന്ന് രാജീവനെ ആണ്... രണ്ടുമൂന്ന് ദിവസങ്ങളായി ചെറുപുഴ പുളിങ്ങോം ഭാഗത്തുള്ള ഏതോ കൊല്ലിയില്‍ ആയതിനാല്‍ ദിവസവും നാട്ടിലേക്ക് വരാറില്ലായിരുന്നു.

ഞാന്‍ രണ്ടു ദിവസം മാറിനിക്കുമ്പോഴേക്കും എന്നോട് പറയാതെ പോയല്ലോ നിങ്ങള്... ഇതായിരുന്നു വന്നു കയറിയയുടനെ ഓന്റെ കരച്ചില്. 

എന്നിട്ട് നിലത്തു തളര്‍ന്നുറങ്ങുന്ന ദേവകിയേച്ചിയുടെ നെറ്റിയില്‍ തൊട്ട് പറഞ്ഞു: അമ്പുവേട്ടന്‍ പറഞ്ഞതിന് അപ്പുറം ഒന്നും നമുക്കു ചെയ്യാനില്ല അമ്മേ... ഞാന്‍ ഇനി ഇവിടുത്തന്നെ ഉണ്ടാകും അമ്മയെ നോക്കാന്‍... രാജീവേട്ടന്റെ കരച്ചിലും പറച്ചിലും പ്രകാശേട്ടന്‍ എനിക്കു നേരെ വീണ്ടും കാണിച്ചു.

അമ്പുവേട്ടന്‍ മരിക്കുന്നതിനു മുന്നേ എഴുതിവെച്ച ആഗ്രഹങ്ങള്‍ അടങ്ങിയ പേപ്പര്‍ രാജീവന്‍ തന്നെ പിടിച്ചുവലിക്കുന്നവരെ ഉയര്‍ത്തിക്കാണിച്ചു...

നിങ്ങളെ ആഗ്രഹം അല്ല; എന്റെ അമ്പുവേട്ടന്റെ ആഗ്രഹം ആണ് നടക്കേണ്ടത്; അത് ആര് തടഞ്ഞാലും ഞാന്‍ നടത്തും.

ഇതു പറഞ്ഞതും വേറെയും കുറെ ആണുങ്ങള്‍ വന്ന് ഓനെ പിടിച്ചുവലിച്ചു പുറത്തേയ്ക്ക് കൊണ്ടുപോയി.
കുറെനേരം ആ തെങ്ങിന്റെ ചോട്ടില്‍ ഇരുന്നു കരഞ്ഞു. പിന്നെ എങ്ങോട്ടോ എഴുന്നേറ്റ് പോയി.

ഞാന്‍ മരിച്ചാല്‍ എന്റെ ശരീരം നാട്ടില്‍ ഞാനായി ഉണ്ടാക്കിയ പൊതുശ്മശാനത്തില്‍ അടക്കിയാല്‍ മതിയെന്ന് അമ്പുവേട്ടന്റെ വലിയ ആഗ്രഹം ആയിരുന്നല്ലോ; അതായിരുന്നു പേപ്പറില്‍ എഴുതിവെച്ച പ്രധാന സംഗതി.
എല്ലാവര്‍ക്കും അവരവരുടെ ശ്മശാനങ്ങള്‍ ആയതോടെ നാട്ടിലൊരു പൊതുശ്മശാനം ഉള്ളതൊക്കെ ഇപ്പോള്‍ ഞാനടക്കം എല്ലാവരും മറന്നതായിരുന്നു.

പൊതുശ്മശാനം നാട്ടില്‍നിന്നും മാറി ദൂരെ കുന്നിനു മുകളില്‍ കാടിനു നടുവില്‍ ആണെന്ന് പ്രകാശേട്ടന്‍ പറയുമ്പോള്‍ എനിക്ക് ഓര്‍മ്മവന്നു.

ചുറ്റോടു ചുറ്റും ഗവണ്‍മെന്റ് ഭൂമി ആയതിനാലും കുറെ നാളുകള്‍ ആയി അങ്ങോട്ട് ആരും ശവവുമായി പോകാറില്ലാത്തതിനാലും അവിടുത്തെ കാടൊക്കെ ഇപ്പോള്‍ കൊടും കാട് ആയിട്ടുണ്ടാകും എന്നു ഞാന്‍ ഉറപ്പിച്ചു.

പത്തു മുപ്പത് കൊല്ലം മുന്‍പേ നാട്ടില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ എല്ലാവരും അവരവരുടെ വീട്ടുപറമ്പിലാണ് സംസ്‌കരിക്കാറ്.

എന്റെ അച്ചാച്ചനെയൊക്കെ അങ്ങനെ ചെയ്തതിന്റെ നേര്‍ത്ത ഓര്‍മ്മ ഇപ്പോഴും എനിക്ക് ഉണ്ട് -പ്രകാശേട്ടന്‍ പറഞ്ഞു.

നാട്ടില്‍ അടുപ്പിച്ചു അടുപ്പിച്ചു വീടും റോഡും ഒക്കെ വന്നതോടെ വീട്ടുവളപ്പിലെ ആ പരിപാടി എല്ലാവര്‍ക്കും അലോസരമായി തുടങ്ങി.

നമ്മുടെ നാട്ടിലും ഒരു പൊതുശ്മശാനം വേണം എന്നൊരു ആലോചന പല ഭാഗത്തുനിന്നും ഉണ്ടായി. എന്നാല്‍, അതിനുവേണ്ടി മാത്രം ആരും മുന്നിട്ട് ഇറങ്ങിയില്ല പകരം എല്ലാവരും അവരവരുടെ സമുദായ ശ്മശാനം ഉണ്ടാക്കാനുള്ള പരിപാടി തുടങ്ങി. 

എന്നാല്‍, അതില്‍നിന്നും മാറി പെട്ടെന്ന് ഇവിടെ അങ്ങനെ ഒന്ന് ഉണ്ടാക്കുന്നതിനു മുന്നില്‍ നിന്നത് ഇതേ അമ്പു ഏട്ടന്‍ ആയിരുന്നു.

പ്രകാശേട്ടന്‍ നാട്ടില്‍ പൊതുശ്മശാനം ഉണ്ടായ കഥ പറഞ്ഞുതുടങ്ങി:
അതിന്റെ പേരില്‍ പൊലീസ് കേസും കോടതി കയറലും ഒക്കെ ആയി അമ്പുവേട്ടന്‍ കുറെ അനുഭവിക്കേണ്ടിയും വന്നു. 

ഗവണ്‍മെന്റ് ഭൂമി കയ്യേറി എന്നതായിരുന്നു കുറ്റം.

വളച്ചുകെട്ടിയ കുറച്ചുസ്ഥലവും ഒരു ചാപ്പയും ആയിരുന്നു അന്ന് കണാരേട്ടന് ഉണ്ടായത്.

അമ്പുവേട്ടന്റെ കൂടെ മരം മുറിക്കാനും കാട് വെട്ടാനും കൂടാറുള്ള കണാരേട്ടന്‍ എവിടുന്നാണ് വന്നതെന്ന് ഇതുവരെയും ആര്‍ക്കും അറിയില്ല.

വരുമ്പോള്‍ കൂടെ ഒരു കൈക്കുഞ്ഞും ഉണ്ടായിരുന്നു.

പുറമ്പോക്ക് ഭൂമി വളച്ച് അതില്‍ ഒരു കൂരയും കെട്ടി കണാരനും മോനും താമസിച്ചു.

അതിനെല്ലാം ഒത്താശ ചെയ്തുകൊടുത്തത് അമ്പുവേട്ടനും. 

ജാതിയും മതവുമൊന്നും അമ്പുവേട്ടന്‍ അന്വേഷിച്ചില്ല എങ്കിലും നാട്ടുകാര് കണാരേട്ടന്റെ ശരീരത്തിന്റെ നിറം നോക്കി ഓന്റെ ജാതി ഇന്നതാണെന്ന് അങ്ങ് ഉറപ്പിച്ചു. 

കണാരേട്ടന്റെ പെട്ടെന്നുണ്ടായ മരണം ശരീരം എങ്ങനെ എവിടെ മറവ് ചെയ്യും എന്ന് ആകെ ചോദ്യമായി.

ജാതിന്റെ ഒരു കളി നാട്ടിലുള്ള ആള്‍ക്കാരെ വിട്ടുപോകാത്ത കാലം കൂടിയാണ് അന്ന് എന്ന് ഓര്‍മ്മവേണം.

അമ്പുവേട്ടന്‍ പല ആള്‍ക്കാരുടേയും കാല് പിടിച്ചു.

ആരും നമ്മുടെ സമുദായത്തില്‍ പറ്റില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു.

നേരത്തോട് നേരം ഒരു തീരുമാനവും ആകാതെ കണാരേട്ടന്റെ ബോഡി കിടന്നു വീര്‍ത്തു തുടങ്ങി.
ഇതെന്താണ് മറ്റുള്ളവരുടെ മണ്ണ് തന്നെ വേണം എന്നു നിര്‍ബ്ബന്ധം. ഇങ്ങനെയുള്ള ആള്‍ക്കാരെ ഒക്കെ അവരവരുടെ അടുക്കളയില്‍ ആഴത്തില്‍ കുഴിയെടുത്ത് അതില്‍ത്തന്നെ കുഴിച്ചിടല് അല്ലേ പതിവ്. ഇതും അങ്ങനെ ചെയ്യണം എന്ന് ആരോ അഭിപ്രായം പറഞ്ഞു.

ഒന്നര സെന്റ് സ്ഥലമൊക്കെ അതിനു ധാരാളം ആണ്.

അമ്പുവേട്ടന്‍ പിന്നെ ഒന്നും നോക്കിയില്ല; ആ പറഞ്ഞ ആളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി കണാരേട്ടനേയും എടുത്തു മുന്നോട്ട് നടന്നു.

നമ്മക്ക് ഭൂമിയുണ്ടാക്കാം. വരുന്നവര് എന്റെ കൂടെ വാ.

അമ്പുവേട്ടന്‍ ഇതും പറഞ്ഞു മുന്നില്‍ നടന്നു.

മൂന്നേ മൂന്നു ആളാണ് അന്ന് അമ്പുവേട്ടന്റെ കൂടെ കൂടിയത്. അതിലൊരുത്തന്‍ ആയിരുന്നു അന്ന് പത്താം ക്ലാസ്സില്‍ പഠിക്കുന്ന മീശപോലും കിളര്‍ക്കാത്ത ഈ രാജീവന്‍.

പിന്നെ ഒന്ന് എന്റെ അച്ഛന്‍ ആയിരുന്നു.

പ്രകാശേട്ടന് അതു പറയുമ്പോള്‍ ശരീരം വിറച്ചു.

രാജീവന്‍ അന്നു മുതല്‍ അമ്പുവേട്ടന്റെ വലം കൈ ആയി ജീവിതത്തിലും തൊഴിലിലും.

ഇതിനിടയില്‍ ഒരു മൂന്നുനാല് വര്‍ഷം വേറെ ഒരു കേസില്‍ കൂടി അമ്പുവേട്ടന്‍ ജയിലില്‍ കിടന്നു.

അതു കള്ളത്തടി മുറിച്ചുകടത്തിയ എന്തോ സംഗതി ആണെന്ന് ആള്‍ക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

അത് ആരെങ്കിലും പകപോക്കിയത് ആയിരിക്കണം -പ്രകാശേട്ടന്‍ പറഞ്ഞു.

പിന്നീട് ഉണ്ടായ പത്തിരുപത് വര്‍ഷങ്ങളില്‍ നാട്ടിലെ കുറെ പേരുടെ മരണങ്ങളും അടക്കിയത് കൊല്ലം മൊട്ടയിലെ ഗവണ്‍മെന്റ് ഭൂമിയില്‍ ആയിരുന്നു. നാട്ടിലെ ആരെ മരിച്ചാലും അടക്കം ചെയ്യുമ്പോള്‍ അതിന്റെ ആദ്യാവസാനം വരെയും രാജീവന്‍ ശ്മശാനത്തില്‍ ഉണ്ടാകും.

കുഴി കുഴിക്കാനും വിറക് കീറാനും കത്തിക്കാനും.

രാജീവന്‍ ഉണ്ടെങ്കില്‍ പിന്നെ ആര്‍ക്കും ഒരു ടെന്‍ഷനുമില്ല.

വൈകുന്നേരത്തോടെ രഘുനന്ദന്‍ വീട്ടില്‍ എത്തി.

അച്ഛനെ കോര്‍പ്പറേഷന്റെ വൈദ്യുതി ശ്മശാനത്തില്‍ അടക്കിയാല്‍ മതിയെന്ന് രഘുനന്ദന്‍ വന്നു കയറിയ ഉടനെ ഒരു അഭിപ്രായം പറഞ്ഞു.

നാട്ടുകാര്‍ പറ്റില്ല എന്ന് ഉറപ്പിച്ചു പറഞ്ഞു.

അമ്പുവേട്ടന്റെ ആഗ്രഹം അങ്ങനെയല്ലെന്നും ഒന്നുമില്ലാത്ത ഒരുകാലത്ത് അമ്പുവേട്ടന്‍ ജയിലില്‍ കിടന്നും സമരം ചെയ്തും നേടിയെടുത്ത ഇടത്തുതന്നെ അന്ത്യവിശ്രമം വേണം എന്നതാണ് അമ്പുവേട്ടന്റെ ആഗ്രഹം. നാട്ടുകാര് തറപ്പിച്ചു പറഞ്ഞു.

അമ്പുവേട്ടന്റെ ഭാര്യ ദേവകി എച്ചിയും ആ അഭിപ്രായത്തില്‍ നാട്ടുകാരോടൊപ്പം കൂടിയതോടെ സമുദായ കാരണവന്മാര്‍ വന്നപോലെ പോയിത്തുടങ്ങി.

ഇനി നിങ്ങളുടെ കാര്യം നിങ്ങള് തന്നെ നടത്തിക്കോ. നമ്മളെ ഒന്നിനും പ്രതീക്ഷിക്കേണ്ട എന്ന ഭീഷണിയും അവര്‍ പോകുന്നതിനു മുന്നേ മുഴക്കി.

രഘുനന്ദന്‍ അവസാനം വരെയും സമുദായ നേതാക്കളുടെ ഒപ്പം കൂടി അമ്മയുടെ മനസ്സ് മാറ്റാന്‍ നോക്കി.

''നിങ്ങള്‍ക്ക് എന്റെ മനസ്സ് മാറ്റാനായാലും മരിച്ചയാളുടെ മനസ്സ് മാറ്റാന്‍ പറ്റില്ലല്ലോ'' അമ്മ എല്ലാവരും കേള്‍ക്കെ പറഞ്ഞു.

ഇതിനിടയില്‍ നാട്ടുകാരില്‍ ആരോ നിങ്ങള് മക്കള് എപ്പോഴാണ് അമ്പുവേട്ടനെ കണ്ടത് എന്നും ചോദിച്ചു.

രഘുനന്ദന്‍ അവസാനം നാട്ടില്‍ വന്നത് രണ്ടു കൊല്ലം മുന്‍പായിരുന്നു. വിദേശത്തുള്ള മറ്റു മക്കള്‍ അഞ്ചു കൊല്ലത്തിനുള്ളില്‍ വന്നുപോയിട്ടുമില്ല.

കാണാനും വരാനുമുള്ളവര്‍ മുഴുവന്‍ വന്നതിനും കണ്ടതിനും ശേഷം അമ്പുവേട്ടന്റെ ബോഡി എടുക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ വീണ്ടും എല്ലാവരും രാജീവേട്ടനെ അന്വേഷിച്ചു. പല ഫോണുകളില്‍നിന്നും രാജീവേട്ടന്റെ ഫോണുകളിലേക്ക് വിളിച്ചു. ആര് വിളിച്ചപ്പോഴും ഫോണ്‍ സ്വിച്ച് ഓഫ്.

ഇവനിത് എവിടെ പോയി കിടക്കുകയാണ് എന്നു നാട്ടുകാര്‍ക്ക് ദേഷ്യം വന്നു തുടങ്ങി.

മക്കളെപ്പോലും അധികനേരം കാത്തുനില്‍ക്കരുത് എന്നു പറഞ്ഞ അമ്പുവേട്ടന്റെ ശരീരം ഇനി ആരുമല്ലാത്ത ഇവനുവേണ്ടി വെക്കുന്നതു ശരിയല്ല എന്നു നാട്ടുകാരില്‍ ചിലര്‍ക്കു തോന്നിത്തുടങ്ങിയതിനാല്‍ ഞങ്ങള്‍ അമ്പുവേട്ടനേയും എടുത്തു പുറത്തേക്കിറങ്ങി.

വീട്ടില്‍നിന്നും പുറപ്പെടുമ്പോള്‍ വലിയ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു.

കുറച്ചു ദൂരം നടന്നതിനു ശേഷം ഞാന്‍ വെറുതെ പിറകിലേക്ക് നോക്കി. രണ്ടോ മൂന്നോ തീവണ്ടി ഒരുമിച്ചു പോകുന്നത്രയും നീളം.

റോഡ് കഴിഞ്ഞ് ശ്മശാനത്തിലേക്കുള്ള കുന്നുകയറാന്‍ തുടങ്ങിയതും ആള്‍ക്കാരുടെ നീളം ഒന്നൊന്നായി കുറഞ്ഞുതുടങ്ങി.

ഇനി അങ്ങോട്ട് കുത്തനെയുള്ള കയറ്റം ആണ്.

മലയില്‍നിന്നും വെള്ളം കുത്തിയിറങ്ങിയ വഴിയിലൂടെ ഞങ്ങള്‍ ഇടറി ഇടറി നീങ്ങി.

കുന്നില്‍നിന്നും ദൂരേക്ക് പടിഞ്ഞാറേക്ക് നോക്കുമ്പോള്‍ സൂര്യന്‍ ഒരു വിലാപ യാത്രയിലെന്നപോലെ ഞങ്ങളെക്കാളും തളര്‍ന്ന് കടലിലേക്ക് വീണുതുടങ്ങിയിരുന്നു.

മുന്നില്‍നിന്ന് ഈ തണ്ട് പിടിക്കേണ്ട രാജീവേട്ടന്‍ പിറകില്‍നിന്നോ മറ്റോ ഓടി വരുന്നുണ്ടോയെന്നു ഞാന്‍ ഒരിക്കല്‍ക്കൂടി നോക്കി. 

തിരിഞ്ഞു നോക്കുമ്പോള്‍ പിന്നില്‍ തീരെ ആള്‍ക്കാര്‍ ഉണ്ടായില്ല.

തീവണ്ടിയുടെ ബോഗികള്‍ ഒക്കെ വേര്‍പെട്ട് എന്‍ജിന്‍ മാത്രം പോകുന്ന അവസ്ഥയില്‍ അമ്പുവേട്ടന്റെ ശരീരവും ചുമന്നു ഞാനും പ്രകാശേട്ടനും അടക്കമുള്ള അഞ്ചാറ് പേര്‍ മാത്രം.

ഉയരമുള്ള മരങ്ങളില്‍നിന്നും ഇരുട്ട് പാമ്പിന്‍ വള്ളികള്‍പോലെ താഴേക്ക് നൂഴ്ന്നിറങ്ങി തുടങ്ങിയിരുന്നു.
കൃത്യമായ വഴികള്‍ ഇല്ലാത്തതിനാല്‍ ഉരുളന്‍ കല്ലുകളിലും കുറ്റിച്ചെടികളിലും പിടിച്ചുപിടിച്ചു ഞങ്ങള്‍ അമ്പുവേട്ടനേയും കൊണ്ട് മുന്നോട്ട് കയറി.

എന്തോ ആദ്യം ചുമന്നു തുടങ്ങിയതിനെക്കാളും മുന്നോട്ട് പോകുന്തോറും അമ്പുവേട്ടന്റെ ഭാരം കുറഞ്ഞുവരുന്നതായി എനിക്കു തോന്നി.

രഘുനന്ദനും അടുത്ത ഒന്നുരണ്ടു ബന്ധുക്കളും രണ്ടടി നടക്കുമ്പോഴേക്കും അഞ്ചുമിനിട്ട് ശ്വാസം കഴിക്കാന്‍ കുന്നിനുമുകളിലെ മരങ്ങളില്‍ പിടിച്ചുനിന്നു.

പത്തു മിനുട്ട്‌കൊണ്ട് സംഗതി തീര്‍ത്തു തരുന്ന എന്തൊക്കെ പരിപാടികള്‍ ഉണ്ട്; അപ്പോഴാണ് ഇവിടെ കുന്നും മലയും കേറി ആന കൂടിയാല്‍ കാണാത്ത കൊടുംകാട്ടിലേക്ക് ഈ സന്ധ്യക്ക്.

നന്ദന്റെ കൂടെ വന്ന ബന്ധുക്കളില്‍ ആരോ കിതപ്പിനിടയിലും പിറുപിറുത്തു.

സമുദായ ആചാര്യന്മാര്‍ പറയുന്നതു കേള്‍ക്കാതെ എന്തൊക്കെ വിഡ്ഢിത്തം ആണ് ഇതൊക്കെ.

അവര്‍ ഒരു വലിയ പാറക്കല്ലിന്മേല്‍ ഇരുന്നു നായയെപ്പോലെ കിതയ്ക്കുന്നതു ഞാന്‍ കണ്ടു.

കുന്നിന്റെ നാലുഭാഗത്തുനിന്നും ഇപ്പോള്‍ ഇരുട്ടിനൊപ്പം പഞ്ഞിമിട്ടായി ഇളകി വരുന്നതുപോലെ കോടയും താഴ്ന്നുതുടങ്ങി. ചുറ്റോടു ചുറ്റും അതിന്റെ തണുത്ത കാറ്റും.

എല്ലാവരും കൂടി അമ്പുവേട്ടന്റെ ശരീരവും ചുമന്ന് സ്വര്‍ഗ്ഗത്തിലേക്ക് കയറുന്നതുപോലെയാണ് എനിക്ക് അപ്പോള്‍ തോന്നിയത്.

ഞങ്ങള്‍ അപ്പോഴേക്കും അമ്പുവേട്ടനേയും കൊണ്ട് കുന്നിന്റെ ഉച്ചിയില്‍ എത്തിയിരുന്നു.
ഇനി കാട്ടിലൂടെയുള്ള നടത്തം.

ഒന്നുരണ്ടു പേര്‍ക്ക് നേരത്തെ പോയി ശ്മശാനത്തിലെ കാടും പടലും നേരെയാക്കാമായിരുന്നു. കുറെ വര്‍ഷങ്ങള്‍ ആയി ആരും ഇങ്ങോട്ടു കയറാത്തതിനാല്‍ ശ്മശാനം എവിടെയാണെന്നുപോലും ആര്‍ക്കും വലിയ തീര്‍ച്ചയും ഉണ്ടായില്ല. 

ഇതൊക്കെ ചെയ്യേണ്ടിയിരുന്നതിനുകൂടിയാണ് എല്ലാവരും രാജീവനെ കാത്തിരിക്കുന്നത് -പ്രകാശേട്ടന്‍ കിതപ്പിനിടയിലും പറഞ്ഞു. 

റവന്യു വകുപ്പ് അവിടെ ഇവിടെ ഭൂമി അളന്നു മുറിച്ചതിന്റെ അടയാളം ആയി നാട്ടിയ വലിയ കരിങ്കല്ലുകള്‍ ഇരുട്ടില്‍ പാമ്പിന്‍തലപോലെ തെളിഞ്ഞു കണ്ടു.

വലിയ കൂറ്റന്‍ മരങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള ഏണിപോലെ ആകാശത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്നു. അതിന്റെ ഇടയിലായി ഇടത്തരം മരങ്ങളും കുറ്റികളും വള്ളികളും മുള്ളുകളും ഇഷ്ടം പോലെ നിറഞ്ഞതിനാല്‍ ഞങ്ങള്‍ക്കു നടത്തം കുറേക്കൂടി മെല്ലെയാക്കേണ്ടിവന്നു.

പത്തുമുപ്പത് കൊല്ലം മുന്നേ ആര്‍ക്കും വേണ്ടാത്ത ഒരു ശവവും ചുമന്നു കുന്നുകയറുമ്പോള്‍ അമ്പുവേട്ടന്‍ എന്തായിരിക്കും അനുഭവിച്ചിട്ടുണ്ടാവുക എന്നു ഞാന്‍ പെട്ടെന്ന് ഓര്‍ത്തു.

അന്ന് ഇതിനേക്കാള്‍ രാത്രി ആയിരുന്നു; പോരാത്തതിന് ഒരു അവസാനവും ഇല്ലാതെ പെയ്യുന്ന കര്‍ക്കിടമഴയും.

എന്റെ ഓര്‍മ്മയുടെ തുടര്‍ച്ചപോലെ പ്രകാശേട്ടന്‍ പറഞ്ഞുതുടങ്ങി.

ശവത്തെ മഴ കൊള്ളാതെ കിടത്തണം. അതിനുശേഷം കാട് വെട്ടിത്തെളിച്ചു കുഴികുഴിക്കണം മരം മുറിക്കണം,
പച്ചമരവും മഴയും ശവവും. ഒരുതരത്തിലും ചേര്‍ച്ചയില്ലാത്ത മൂന്നെണ്ണം.

രാജീവന്‍ ഓര്‍മ്മ വരുമ്പോഴൊക്കെ പറയും. ഞാന്‍ കണ്ട ഒരേ ഒരു ദൈവം അമ്പുവേട്ടനാണ് എന്ന്.
ദൈവത്തിന്റെയത്രയും ശക്തിയും സ്‌നേഹവും അമ്പുവേട്ടന് ഉണ്ടായതോണ്ടു മാത്രം ആണ് എന്റെ അച്ഛന്‍ ചീഞ്ഞുനാറാതെ മനുഷ്യനെപ്പോലെ മരിച്ചത്..!

എല്ലാം കഴിഞ്ഞു പുലര്‍ച്ചെ താഴേക്ക് കുന്നിറങ്ങുമ്പോഴേക്കും രാജീവന്‍ തളര്‍ന്നു ഉറങ്ങിപ്പോയിരുന്നു.
ക്ഷീണംകൊണ്ട് ഒരടിപോലും മുന്നോട്ട് നടക്കാന്‍ പറ്റാഞ്ഞിട്ടും അമ്പുവേട്ടന്‍ തളര്‍ന്നുവീണ രാജീവനേയും എടുത്തു കുന്നിറങ്ങി.

മുള്ളിലും തീയിലും ഉരഞ്ഞ അമ്പുവേട്ടന്റെ ശരീരത്തില്‍ മറ്റൊരു വലിയ തീപ്പൊള്ളല്‍പോലെ ഞാന്‍ പറ്റിക്കിടന്നു. രാജീവന്‍ അങ്ങനെയാണ് അന്നത്തെ സംഭവത്തെ പറഞ്ഞത്!

രഘുനന്ദനും അടുത്ത ബന്ധുക്കളും കുന്നിന്റെ പാതിയില്‍നിന്നും വീണ്ടും കിതച്ചും അണഞ്ഞും കയറ്റം കയറിത്തുടങ്ങി.

അമ്പുവേട്ടന് എത്ര വയസ്സ് ആയിട്ടുണ്ടാകും; എഴുപത്തിയഞ്ച് എന്നാണ് ചരമത്തില്‍ കൊടുക്കാന്‍ നോക്കുമ്പോള്‍ എല്ലാവരും കൂടി കണക്കുകൂട്ടി തീരുമാനിച്ചത്.

മൂന്ന് വര്‍ഷം മാത്രമേ ആയുള്ളൂ മൂപ്പര് പുറത്തൊക്കെ പോയുള്ള പണി നിര്‍ത്തിയിട്ട്. പൂര്‍ണ്ണമായും ഇങ്ങനെ കിടപ്പില്‍ ആയിട്ട് അഞ്ചാറ് മാസവും.

വീട്ടുവളപ്പില്‍ തന്നെയുള്ള പ്ലാവില്‍ കയറി ചക്ക പറിക്കുമ്പോള്‍ തലചുറ്റി താഴേക്ക് വീണതായിരുന്നു.

എവിടെ പണിക്കു പോയാലും നാട്ടിലുണ്ടെങ്കില്‍ ദിവസവും വൈകുന്നേരം ഒരു അര ലിറ്റര്‍ കള്ളുമായി രാജീവന്‍ അമ്പുവേട്ടന്റെ അരികില്‍ പോയിരുന്നു വര്‍ത്തമാനം പറയും.

അമ്പുവേട്ടനു സ്വന്തം മക്കളേക്കാള്‍ സ്‌നേഹം രാജീവനോടാണ്.

രാജീവനെ ഏതെങ്കിലും ദിവസം കണ്ടില്ലെങ്കില്‍ ദേവകി എച്ചിയെ വിട്ടു കാര്യങ്ങള്‍ അന്വേഷിപ്പിക്കും.
മരത്തിന്റെ പണി ആയതോണ്ട് എപ്പോഴും ആധിയാണ്. വീഴുകയോ പൊട്ടുകയോ ഉളുക്കുകയോ അങ്ങനെ എന്തും എപ്പോ വേണമെങ്കിലും സംഭവിക്കും.

മരത്തിന്റെ പണി എടുക്കുന്നവര്‍ക്ക് അല്ല ബേജാറ്, അവരെ കാണാതെ വീട്ടില്‍ കാത്തു നില്‍ക്കുന്നവര്‍ക്കാണ് എന്ന് ഇപ്പോഴാണ് എനിക്കു മനസ്സിലായത് ദേവകിയേ.

രാജീവനെ കാണാത്തപ്പോഴൊക്കെ അമ്പുവേട്ടന്‍ പിറുപിറുത്തു.

മുറി എങ്ങനെ മുറിച്ചാലും ഇങ്ങോട്ട് വീശുന്ന കാറ്റ് ഒന്ന് അങ്ങോട്ട് വീശിയാല്‍ മരം വീഴുന്നതിന്റെ കണക്ക് തെറ്റും. ചിലപ്പോള്‍ മുറിക്കുന്ന ആളുടെ പെരടിയിലേക്കും വീഴും.

കാട്ടിലൂടെ കുറച്ചുദൂരം നടന്നപ്പോള്‍ കിളച്ചു കോരി വൃത്തിയാക്കിയ മുറ്റംപോലുള്ള ഒരിടം ഞങ്ങള്‍ക്കു മുന്നില്‍ തെളിഞ്ഞു.

കാട് കയറി മൂടിയിരുന്ന ശ്മശാനം ഇപ്പോള്‍ ഒരു കാട്ടുദൈവത്തിന്റെ ആരൂഢ സ്ഥാനംപോലെ വൃത്തിയിലും വെടിപ്പിലും വെളിച്ചത്തിലും തിളങ്ങിനില്‍ക്കുന്നു.

ആരോ നേരത്തെ വന്ന് എല്ലാം വൃത്തിയാക്കിയിരിക്കുന്നു.

ശ്മശാനത്തിനു ചുറ്റും കാട്ടുമരത്തിന്റെ കാലുകള്‍ ഉറപ്പിച്ചു പച്ചപ്പനയോലകൊണ്ട് വലിയ മേല്‍ക്കൂര. 
ഞങ്ങളെ കണ്ടതും ഇരുട്ടില്‍നിന്നും മണ്ണും ചളിയും പുരണ്ട ശരീരത്തോടെ രാജീവേട്ടന്‍ ഓടിവന്നു.
രഘുനന്ദന്‍ വന്നിരുന്നു അല്ലേ. നന്നായി.

ഞാന്‍ നേരത്തെ വന്ന് എല്ലാം റെഡി ആക്കിയിട്ടുണ്ട്.

ചിലപ്പോള്‍ മഴ ഉണ്ടാകും, പടിഞ്ഞാറ് ഒന്ന് രണ്ടെണ്ണം ഉരുണ്ടുകൂടി കളിക്കുന്നുണ്ട്. നമുക്കിവിടെ രണ്ടുമൂന്ന് മണിക്കൂര്‍ സമയം വേണം. ഇടയില്‍ മഴ പെയ്താല്‍ എല്ലാം അലമ്പാകും. ഇതിപ്പോ ഇങ്ങനെ കെട്ടിയതുകൊണ്ട് ഒരു തുള്ളി ഉള്ളില്‍ വീഴില്ല.

അമ്പുവേട്ടന്റെ വലിയ ആഗ്രഹം ആയിരുന്നു മേല്‍ക്കൂര ഉള്ള ഒരു ചാവുപുര; അതിന്റെ ചുറ്റോടു ചുറ്റും കുറെ നല്ല മരങ്ങള്‍.

നാട്ടുകാര്‍ എല്ലാരും പണക്കാര്‍ ആയേപ്പിന്നെ ആര്‍ക്കും ഇതൊന്നും വേണ്ടാത്തതും ആയി. സ്വന്തം അച്ഛനേയും അമ്മയേയും അടക്കിയ മണ്ണാണ് ഇതെന്നുപോലും പലര്‍ക്കും ഓര്‍മ്മയും പോയി. പക്ഷേ, എനിക്കും അമ്പുവേട്ടനും ഒന്നും അങ്ങനെ എളുപ്പത്തില്‍ മറക്കാന്‍ കഴിയില്ലല്ലോ!

രാജീവേട്ടന്‍ വര്‍ത്തമാനം പറഞ്ഞുതുടങ്ങിയപ്പോള്‍ കള്ളിന്റേയും നാടന്‍ വാറ്റിയതിന്റേയും മണം നിറഞ്ഞു.
ഒപ്പം എന്താണെന്നും എവിടെനിന്നാണെന്നും തിരിച്ചറിയാത്ത മറ്റൊരു അസാധ്യമായ വശ്യഗന്ധവും.

ആരോ തൊട്ടുമുന്നേ കുളിച്ചിറങ്ങിയ കുളിമുറിയില്‍ നിന്നെന്നപോലെ ആ മണം എങ്ങോട്ടും പോകാതെ ശ്മശാനത്തിനു മുകളില്‍നിന്നും താഴേക്ക് ഉറ്റിവീണുകൊണ്ടിരിക്കുന്നതായി എനിക്ക് തോന്നി.

എല്ലാവരും ഒരുപോലെ മൂക്കുകൊണ്ട് ആ മണത്തിനായി പരതിയപ്പോള്‍ രാജീവേട്ടന്‍ ഞങ്ങളില്‍നിന്നും മെല്ലെ പിടിച്ച് അമ്പുവേട്ടനെ മണ്ണിലേക്ക് ഇറക്കി.

ആറടി നീളവും മൂന്നടിയിലേറെ ആഴവുമുള്ള കുഴിയിലേക്ക് മൂന്നു പാളികള്‍ ആയി രാജീവേട്ടന്‍ ചിരട്ടകള്‍ അടുക്കി.

ചിരട്ടകള്‍ തലങ്ങനേയും വിലങ്ങനേയും കിടന്നപ്പോള്‍ അതൊരു പുരാതനമായ നന്നങ്ങാടി പോലെ തോന്നി.
പിന്നീട് രാജീവേട്ടന്‍ മൃതശരീരത്തിനു കണക്കായി ആറുകണ്ണുകള്‍ അടയാളപ്പെടുത്തി.

ആ ആറു കണ്ണുകള്‍ക്ക് ഇടയിലായി റെയില്‍പ്പാളം പോലുള്ള മൂന്നു ഇരുമ്പുദണ്ഡുകള്‍ കിടത്തി വെച്ചു.
ആറടി നീളത്തില്‍ വലിയ വീതിയില്‍ പലകപോലെ മുറിച്ചെടുത്ത പച്ചമാവിന്റെ മൂന്നു നീളന്‍ കഷ്ണങ്ങള്‍ രാജീവേട്ടന്‍ കാട്ടില്‍നിന്നും ചുമന്നുകൊണ്ടു വന്നു.

അപ്പോഴേക്കും രഘുനന്ദനും കൂടെയുള്ള ആളും മരിച്ചയാളെക്കാളും ക്ഷീണത്തോടെ മുകളില്‍ എത്തി.

സമുദായത്തിലെ കാര്യങ്ങള്‍ അറിയുന്ന ആരും ഇല്ലാതെ...

കൂടെ വന്നയാള്‍ ഒച്ചയില്‍ പറഞ്ഞു.

ഈ പച്ചമാവിലൊക്കെ വെച്ച് എപ്പോ കത്തിത്തീരാനാണ്. ഇപ്പൊത്തന്നെ രാത്രിയായി.
രഘുനന്ദന്റെ കൂടെ വന്ന ആള്‍ വല്ലാതെ അസ്വസ്ഥനാകുന്നു.

പത്ത് എഴുപത്തിയഞ്ച് കൊല്ലം ഭൂമിയില്‍ ജീവിച്ചൊരാളുടെ ഈ അവസാനത്തെ ഒരു രണ്ടു മൂന്നു മണിക്കൂര്‍ ആണോ മാഷെ നിങ്ങളുടെ പ്രശ്‌നം.

രാജീവേട്ടന്‍ രഘുനന്ദന്റേയും ബന്ധുവിന്റേയും അരികിലേക്കു നീങ്ങി അവരുടെ മുഖത്തേക്ക് നോക്കി.
ഒരു കാര്യവും ഇല്ലാതെ ജാതിയും മതവും നോക്കാതെ ഈ മനുഷ്യന്‍ എനിക്കുവേണ്ടി ജയിലില്‍ കിടന്നിട്ടുണ്ട്. ഒന്നും രണ്ടും ദിവസം അല്ല മൂന്നു കൊല്ലം!

അച്ഛന്‍ ജയിലില്‍ കിടന്നതേ രഘുവിന് അറിയൂ; ചെയ്ത കുറ്റം എന്താണെന്നു അറിയില്ല.

അന്നുമുതല്‍ നിങ്ങള്‍ അച്ഛനോട് ഒന്നും ചോദിക്കാറും ഇല്ല, അമ്പുവേട്ടന്‍ നിങ്ങളോട് ഒന്നും പറയാറും ഇല്ല.

ഇരുപത് കൊല്ലം മുന്‍പ് നിന്റെ അച്ഛന്‍ ചെയ്ത തെറ്റ് എന്താണെന്നു ഇന്നെങ്കിലും നീ അറിയണം.

രാജീവേട്ടന്‍ എല്ലാരേയും നോക്കി.

രാജീവേട്ടന്‍ ഇപ്പോഴും നല്ല ഫിറ്റ് ആണെന്നു ഞാന്‍ ഉറപ്പിച്ചു. എന്നാല്‍, എപ്പോഴത്തേക്കാളും ബോധത്തിലും.
രാജീവേട്ടന്‍ അമ്പുവേട്ടന്റെ ശരീരത്തിലേക്ക് തലകുനിച്ചു കുത്തിയിരുന്നു.

അമ്പുവേട്ടന്റെ ഇതുവരെയുള്ള എല്ലാ നന്മകള്‍ക്കും നന്ദി പറയുന്നതുപോലെ ആയിരുന്നു ആ ഇരിപ്പ്.

അതെ ഇരിപ്പില്‍ രാജീവേട്ടന്‍ പറഞ്ഞുതുടങ്ങി:

അച്ഛന്‍ മരിച്ചതിനുശേഷം ഞാന്‍ പിന്നെ അമ്പുവേട്ടന്റെ കൂടെ ആയിരുന്നല്ലോ. അമ്പുവേട്ടന്‍ മരങ്ങള്‍ മുറിക്കാന്‍ പോകുന്ന പറമ്പിലും കാട്ടിലും എന്നെയും കൂടെ കൂട്ടി. 

അമ്പുവേട്ടന്‍ വലിയ വലിയ മരങ്ങള്‍ മുറിച്ചിടുന്നതിനിടയിലെ ചെറിയ കുറ്റിക്കാടുകളും മരങ്ങളും കത്തിയാള്‌കൊണ്ട് വയക്കി വൃത്തിയാക്കല് ആണ് എന്റെ പണി.

അമ്പുവേട്ടന്‍ ആണ് എന്നെ ഓരോ മരത്തിന്റേയും വേരും പേരും പഠിപ്പിക്കുന്നത്.

ഇത് പണിക്ക് കൂടിയ രണ്ടാമത്തേയോ മൂന്നാമത്തേയോ ദിവസത്തെ കാര്യം ആണ്.

ഇതിനിടയില്‍ എന്താണ് ഏതാണ് എന്നൊന്നും അറിയാതെ ഞാനൊരു മരത്തെ മുറിച്ചു കഷ്ണം ആക്കി വിറകിനുള്ള കൂട്ടത്തിലിട്ട്.

ആറടിപോലും വളര്‍ന്നിട്ടില്ലാത്ത ഒന്നിനും കൊള്ളാത്ത ഒരു വെറും കുറ്റിക്കമ്പ്.
 
വലിയ മരങ്ങള്‍ ഒഴിച്ചുള്ളതൊക്കെ വിറക് ആവശ്യത്തിനാണ് കൊണ്ട്‌പോകാറ്.

കമ്പും കുറ്റിയും ഒക്കെ നിറച്ച് ജീപ്പ് പോയി
വഴിയില്‍ വെച്ച് ഫോറെസ്റ്റ് ഉദ്യോഗസ്ഥര്‍ ജീപ്പ് തടഞ്ഞു.

വണ്ടിയും ഡ്രൈവറേയും ഒക്കെ അവര്‍ കസ്റ്റഡിയില്‍ എടുത്തു.

രാത്രിയോടെ ഞങ്ങള് താമസിക്കുന്ന ഷെഡ്ഡിലേക്ക് പൊലീസും ഫോറെസ്റ്റ് ഉദ്യോഗസ്ഥരും പരിവാരങ്ങളും വന്നു.

അമ്പുവേട്ടന്‍ ടൗണില്‍ സാധനങ്ങള്‍ മേടിക്കാന്‍ പോയ നേരം ആയിരുന്നു.

പൊലീസും ഫോറെസ്റ്റ് ഉദ്യോഗസ്ഥരും വലിയ ടോര്‍ച്ചോക്കെ തെളിച്ചു കാട് മുഴുവന്‍ അരിച്ചു പെറുക്കി.

ഞാന്‍ അറിയാതെ തറച്ചു മുറിച്ചുപോയ കുറ്റി അവര്‍ എത്രയോ നേരം എടുത്തു പരതി പിടിച്ചു.

പൊലീസ് എന്റെ വയസ്സ് ചോദിച്ചു.

അപ്പോഴേക്കും അമ്പുവേട്ടന്‍ മടങ്ങി എത്തി.

പൊലീസ് ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ ചെയ്ത കൃത്യം വായിച്ചു കേള്‍പ്പിച്ചു:

''ഒരു ചന്ദനമരമോ അല്ലെങ്കില്‍ ചന്ദനമരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളോ നീക്കം ചെയ്യുകയോ പിഴുതെടുക്കുകയോ അല്ലെങ്കില്‍ വെട്ടുകയോ ചെയ്യുന്ന ഏതെങ്കിലും വനവുമായി ബന്ധപ്പെട്ട കുറ്റത്തിന്റെ സംഗതിയില്‍ കുറ്റം ചെയ്ത ആളിനെ മൂന്നു വര്‍ഷത്തില്‍ കുറയാത്തതും എന്നാല്‍, ഏഴു വര്‍ഷം വരെയാകുന്നതുമായ കാലയളവിലേക്കുള്ള തടവും പതിനായിരം രൂപയില്‍ കുറയാത്തതും എന്നാല്‍, ഇരുപത്തിയ്യായിരം രൂപ വരെയാകുന്നതുമായ പിഴയും നല്‍കി ശിക്ഷിക്കപ്പെടേണ്ടതാണ്.''

ഇവിടുന്നു നിങ്ങള്‍ മുറിച്ചു കടത്താന്‍ നോക്കിയ ആ സാധനം, അതാണ് ചന്ദനം!

കുറ്റവും ശിക്ഷയും വായിച്ചു കേട്ടതും അമ്പുവേട്ടന്‍ ഉദ്യോഗസ്ഥരെ നോക്കി പറഞ്ഞു:

ഞാന്‍ പറഞ്ഞിട്ടാണ് അവന്‍ മുറിച്ചതും കടത്തിയതും.

എല്ലാ കുറ്റവും അമ്പുവേട്ടന്‍ ഒറ്റയ്ക്ക് ഏറ്റെടുത്തു.

അമ്പുവേട്ടനേയും കൊണ്ട് ജീപ്പ് പോയി.

നേരം പുലരുംവരെയും ഞാന്‍ ആ ചന്ദനക്കുറ്റിയുടെ അടുത്തിരുന്നു.

മനുഷ്യനെക്കാളും അനേകമടങ്ങ് വിലയുള്ള ചില മരങ്ങള്‍ ഭൂമിയില്‍ ഉണ്ടെന്നു ഞാന്‍ അന്നു തിരിച്ചറിഞ്ഞു. 
പിന്നീട് മൂന്നു വര്‍ഷം കഴിഞ്ഞാണ് അമ്പുവേട്ടന്‍ പുറത്തേക്ക് വരുന്നത്.

ഇനി ഈ ശ്മശാനത്തില്‍ ആരെയെങ്കിലും വെക്കണം എന്നൊന്നും ഞാനോ ഈ കൂടെയുള്ള നാട്ടുകാരോ വാശിപിടിക്കില്ല; ഇത് അമ്പുവേട്ടന്റെ ഭൂമിയാണ്; മരിച്ചുപോയ മനുഷ്യര്‍ക്കുവേണ്ടി അമ്പുവേട്ടന്‍ വെട്ടിപ്പിടിച്ചത്.
ഇവിടെ അമ്പുവേട്ടനെ കിടത്തിയില്ലെങ്കില്‍ എനിക്കോ നിങ്ങള്‍ക്കോ ഒരിക്കലും സ്വസ്ഥതയും കിട്ടില്ല.

രാജീവേട്ടന്‍ ഇതും പറഞ്ഞു പന്തംപോലെ കൂട്ടിക്കെട്ടിയ പനയോല കത്തിച്ചു. ശ്മശാനത്തിന്റെ ചുറ്റോടു ചുറ്റും വെളിച്ചം നിറഞ്ഞു. വെളിച്ചത്തോടൊപ്പം സുഗന്ധവും.

രാജീവേട്ടന്‍ അമ്പുവേട്ടന്റെ കാലിന്റേയും താടിയുടേയും കെട്ടഴിച്ചു കുഴിയിലേക്ക് എടുത്തു കിടത്തി.
മാവിന്റെ കഷ്ണങ്ങള്‍ അമ്പുവേട്ടന്റെ ശരീരത്തോട് ചേര്‍ത്തു.

മാവ് മറ്റു മരങ്ങള്‍പോലെയല്ല

കടുത്ത പശയുള്ള മരമാണ്. ചൂട് പിടിക്കുമ്പോള്‍ പശ ഇളകും.

ആ ഇളകിയ പശ ശരീരത്തിലേക്ക് ഉറ്റി തീയെ ആളാതേയും കെടാതേയും ദീര്‍ഘനേരം നിലനിര്‍ത്തും എല്ലിനെ അടക്കം അത് ഉരുക്കി വെണ്ണീര്‍ ആക്കും അതുകൊണ്ടാണ് പണ്ടുള്ളവര്‍ മാവിനെ മനുഷ്യനോടൊപ്പം ചേര്‍ത്തുവെക്കുന്നത്.

രാജീവേട്ടന്‍ രഘുനന്ദനെ നോക്കി.

നിങ്ങള് ഒരു കാര്യം ചെയ്‌തോ, ഇപ്പൊ തന്നെ ചടങ്ങ് തീര്‍ത്തു പോയ്ക്കോ.

ബോഡി കംപ്ലീറ്റ് ആയാലേ ഞാന്‍ ഇവിടുന്നു ഇറങ്ങൂ. അത്രയൊന്നും നിങ്ങള് നില്‍ക്കേണ്ട. അപ്പോഴേക്കും നേരം പുലരും. നിങ്ങള്‍ക്കൊക്കെ നാളെത്തന്നെ മടങ്ങേണ്ടതല്ലേ.

ഇതും പറഞ്ഞ് രാജീവേട്ടന്‍ വെള്ളം നിറച്ച ഒരു മണ്ണ്പാത്രം രഘുനന്ദന്റെ കയ്യിലേക്ക് കൊടുത്തു. ബാക്കി ബന്ധുക്കളെ പിന്നാലെ നിര്‍ത്തി; ശേഷം മണ്‍പാനിക്ക് കത്തികൊണ്ട് ഒരു മുട്ട് കൊടുത്തു.

ഇത് ഗംഗ ആണെന്നാണ് സങ്കല്പം.

ഗംഗ ഒരു നദിയാണ്; മീനുകള്‍ക്കും പാമ്പുകള്‍ക്കും മനുഷ്യര്‍ക്കും വേണ്ടി ഒഴുകുന്ന പുണ്യനദി.

ഈ ജലം അമ്പുവേട്ടന്റെ ശരീരത്തിലേക്ക് എല്ലാവരും തളിക്കണം. 

പാനിയില്‍നിന്നും മെല്ലെ വെള്ളം മണ്ണിലേക്ക് ഉറ്റിവീണു.

താഴേക്ക് തൂവുന്ന വെള്ളം പിന്നാലെ വരുന്നവരെക്കൊണ്ട് അമ്പുവേട്ടന്റെ ശരീരത്തിലേക്ക് ഒഴുക്കിവിട്ടു.

മൂന്നു പ്രാവശ്യം വലം വെക്കുമ്പോഴേക്കും പാനിയില്‍ മൂന്നു ദ്വാരം വീണു.

രാജീവേട്ടന്‍ രഘുനന്ദനെ തിരിഞ്ഞുനിര്‍ത്തി മണ്‍പാനി മരിച്ചയാളുടെ ശരീരവും കടത്തി പുറത്തേക്ക് എറിഞ്ഞു.

ശേഷം എല്ലാവരും അരിയെറിഞ്ഞു മാറിനിന്നു.

ജീവനോടെ ഉണ്ടെങ്കില്‍ മൂത്തമോനാണ് ശരീരം ദഹിപ്പിക്കേണ്ട ആദ്യ തീ കൊളുത്തേണ്ടുന്ന അധികാരം.
നിങ്ങള് വന്ന സ്ഥിതിക്ക് ആ ചടങ്ങു നിങ്ങള് തന്നെ നടത്തണം.

അതിനുമുന്നേ ഒരു കാര്യം കൂടി എനിക്ക് തീര്‍ക്കാനുണ്ട്.

രാജീവേട്ടന്‍ ഇതും പറഞ്ഞ് ശ്മശാനത്തിനപ്പുറം കൂട്ടിയിട്ട പനയോലയുടേയും മറ്റും കൂട്ടത്തിലേക്ക് ചാടിക്കടന്ന് അവിടെ നിറച്ച കാടും പടലും നീക്കി.

ശ്മശാനത്തിനു മുകളില്‍ അത്രയും നേരം ചുറ്റിപ്പറ്റി നിന്ന ആ മണം മുഴുവനും ഇപ്പോള്‍ മെല്ലെ പുറത്തേക്ക് വന്നു.

ഇരുട്ടില്‍നിന്നും സ്വര്‍ണ്ണംപോലെ തിളങ്ങുന്ന മരത്തിന്റെ വെളിച്ചവും.

അതെ, സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍പോലെ മുറിച്ചുകൂട്ടിയ അനേകം ചന്ദനമുട്ടികള്‍!

രാജീവേട്ടന്‍ ഭയങ്കര തിടുക്കത്തോടെ ആ ചന്ദനമുട്ടികള്‍ മുഴുവന്‍ അമ്പുവേട്ടന്റെ ശരീരത്തിലേക്ക് അടുക്കിനിറച്ചു.

എന്നിട്ട് എല്ലാവരേയും നോക്കി പറഞ്ഞു:

കുറെ നേരം ആ മണത്തിലങ്ങനെ അമ്പുവേട്ടന്‍ നീണ്ടുനിവര്‍ന്നു കിടക്കട്ടെ!

ഇരുപത് കൊല്ലം മുന്‍പ് ഈ മണത്തിന്റേയും മരത്തിന്റേയും പേരില്‍ അമ്പുവേട്ടന്‍ കുറെ വെറുപ്പും അപമാനവും ഏല്‍ക്കേണ്ടിവന്നിരുന്നു.

രാജീവേട്ടന്‍ രഘുനന്ദന്റെ അരികില്‍ വന്നു പറഞ്ഞു:

നീ ഡല്‍ഹിയില്‍ കോളേജില്‍ ചേരാന്‍ പോകുമ്പോള്‍ അമ്പുവേട്ടന്‍ ജയിലില്‍ ആയിരുന്നു.

എന്തുവന്നാലും മോന് കോളേജില്‍ ചേരാനുള്ള പൈസയും ടിക്കറ്റും നീ കൊണ്ട്‌കൊടുക്കണം എന്നു ജയിലില്‍ കാണുമ്പോഴൊക്കെ അമ്പുവേട്ടന്‍ എന്റെ കൈ പിടിച്ചു പറഞ്ഞു.

എനിക്ക് ആണെങ്കില്‍ ഒരു വഴിയും ഇല്ല...

അങ്ങനെയാണ് ഞാനിതു തുടങ്ങുന്നത്.

രാജീവേട്ടന്‍ ഇത്രയും പറഞ്ഞതും രഘുനന്ദന്റെ മുഖം രക്തചന്ദനംപോലെ ചുകന്നു. 

അമ്പുവേട്ടന്റെ ശരീരത്തിനു തീ പിടിപ്പിക്കാനുള്ള ഓലച്ചൂട്ട് രാജീവേട്ടന്‍ രഘുനന്ദന്റെ കയ്യിലേക്ക് കൊടുത്തു.
നീ അന്ന് ഡല്‍ഹിയിലേക്ക് പോകാന്‍ റയില്‍വേ സ്റ്റേഷനില്‍ ഞാന്‍ വരുന്നതും കാത്തു നില്‍ക്കയാണ്. നിനക്ക് പോകാനുള്ള ടിക്കറ്റും ചേരാനും താമസിക്കാനുള്ള പൈസയും ഒക്കെ എന്റെ കയ്യില്‍ ആണുള്ളത്.

ഞാന്‍ മംഗലാപുരത്തുനിന്നും വന്ന ട്രെയിനില്‍നിന്നും ഓടി ഇറങ്ങി.

അന്ന് ഞാന്‍ ഇപ്പോഴത്തെ നിന്നെക്കാളും വിയര്‍ക്കുകയും നനയുകയും ചെയ്തിരുന്നു.

വിയര്‍പ്പില്‍ കുതിര്‍ന്ന ടിക്കറ്റും ഒരു കെട്ടു പൈസയും ഞാന്‍ നിനക്ക് തരുമ്പോള്‍ നീ ചോദിച്ചു: ആകെയൊരു മണം ഉണ്ടല്ലോ രാജീവേട്ടനും പണത്തിനും.

ഞാന്‍ അപ്പോള്‍ മംഗലാപുരത്തെ റോഡ് സൈഡില്‍നിന്നും പത്തു രൂപക്ക് മേടിച്ച അത്തറ്കുപ്പി നിന്റെ കയ്യിലേക്ക് തന്നു പറഞ്ഞു:

ഓട്ടത്തിനിടയില്‍ ഇതിന്റെ മൂടി തുറന്നുപോയതിന്റെ ആണെന്ന്. 

അപ്പൊ അത്രയേയുള്ളൂ ഇതും. ഇതിപ്പോ മരിച്ചുപോയ എന്റെ അമ്പുവേട്ടന്റെ മണം.

നീ തീ തൊടുക; പോവുക; ബാക്കിയൊക്കെ ഞാന്‍ ചെയ്യും.

ഇനി ഇതിന്റെ പേരില്‍ ഒരു അഞ്ചു വര്‍ഷം എന്നെ ജയിലില്‍ കിടത്തണം എങ്കില്‍ അതിലും എനിക്ക് സന്തോഷം മാത്രം.

പെട്ടെന്ന് ആകാശം മുട്ടിയ മരങ്ങളില്‍നിന്നും ചുഴറ്റിവന്ന ഒരു കാറ്റില്‍ രഘുനന്ദന്റെ കയ്യിലെ ഓലച്ചൂട്ട് ആളിത്തുടങ്ങി.

രഘുനന്ദന്‍ തീപ്പൊള്ളല്‍ പേടിച്ച് ആ ഓലച്ചൂട്ട് താഴേക്ക് വലിച്ചെറിഞ്ഞു.

എന്നാല്‍, രാജീവേട്ടന്‍ നിലത്തേക്ക് വീഴുന്നതിനു മുന്നേയുള്ള നിമിഷങ്ങളില്‍ തീയേ ഒരു ചന്ദനക്കഷ്ണംപോലെ ഉള്ളം കയ്യില്‍ എടുത്ത് കുഞ്ഞമ്പു ഏട്ടന്റെ അരികിലേക്ക് നടന്നു. 

ശേഷം, മരങ്ങളില്‍നിന്നും വീണ്ടും വീണ്ടും കാറ്റ് വീശുകയും കാറ്റ് ചന്ദന മണങ്ങളോടൊപ്പം ചിതയ്ക്ക് ചുറ്റും നൃത്തം വെക്കുകയും ചെയ്യുന്നത് ഞങ്ങള്‍ കണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com