'അരയന്നം'- ഷനോജ് ആര്‍. ചന്ദ്രന്‍ എഴുതിയ കഥ

ധനുമാസത്തിലെ വെളുത്തവാവ്. ആറ്റിലെ നിലാവില്‍ മുഖം കാണാവുന്ന പാതിരാത്രി
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

മുട്ട 

നുമാസത്തിലെ വെളുത്തവാവ്. ആറ്റിലെ നിലാവില്‍ മുഖം കാണാവുന്ന പാതിരാത്രി. നീന്തുന്ന താറാവിന്‍ കൂട്ടത്തിനു നടുവില്‍ നാട്ടുകാര്‍ ഡെക്ക് എന്നു വിളിക്കുന്ന താറാവുകാരന്‍ ബേബിക്കൊപ്പം ആടിയുലയുന്ന കൊച്ചുവള്ളത്തില്‍ കാത്തിരിക്കുകയാണ് ബാര്‍ബര്‍ അഭിലാഷ്.

''കുര്യന്‍ പറഞ്ഞത് ശരിയാണ്'' -ബേബി പറഞ്ഞു. ''വശീകരണത്തിനു വെളുത്തവാവിന്റന്നത്തെ മുട്ട വേണം. ആഭിചാരത്തിന് നേരെ തിരിച്ചാ. കറുത്തവാവിലേതാ ബെസ്റ്റ്.''

''ഇതെങ്ങനെ ഡെക്കിനറിയാം?''

''ആരോടും പറയണ്ട'' -ഒന്നു വെട്ടിച്ച് വഴി തെറ്റാന്‍ പോയ രണ്ട് താറാവിനു നേരെ കഴുക്കോല്‍ ആഞ്ഞടിച്ച് വെള്ളം തെറിപ്പിച്ച് ഊഹോ എന്നു താറാവിന്‍ കൂട്ടത്തിനു മനസ്സിലാകുന്ന ഭാഷയില്‍ കൂവി ബേബി തുടര്‍ന്നു: ''കഴിഞ്ഞ പഞ്ചായത്തില്‍ പിള്ളസാറിനെ തോല്‍പ്പിക്കാന്‍ അലക്‌സാണ്ടറിനുവേണ്ടി കുര്യന്‍ മേടിച്ചതല്ലേ. മേടിച്ച് കൂടോത്രം നടത്തി ഒരു മാസം പൂജ. വോട്ടെണ്ണലിന്റന്ന് പെട്ടി പൊട്ടിക്കും മുന്‍പ് മുട്ട പൊട്ടിച്ചാല്‍ പിള്ളസാര്‍ തൂറിത്തോക്കുമെന്ന് കുര്യന്‍ കട്ടായം പറഞ്ഞു.''

''എന്നിട്ടെന്തായി'' -അഭിലാഷിന് ആകാംക്ഷ കൂടി.

''മുട്ട പൊട്ടിച്ച പാടെ വിവരമറിഞ്ഞു. ഉച്ച മുതല്‍ പിള്ളസാറിനു നിര്‍ത്താതെ മലശോധന. കൊണ്ടുപോയ കാറ് മുഴുവന്‍ നാറ്റിച്ച് രായ്ക്കുരാമാനം ആശുപത്രീലോട്ട്. എന്താകാനാ. പെട്ടി പൊട്ടിക്കും മുന്‍പ് പിള്ളസാര്‍ തൂറിച്ചത്തു.''

തണുപ്പുള്ള രാത്രിയാണ്. വേമ്പനാട്ട് കായലില്‍നിന്നേ യാത്ര തുടങ്ങിയ ഒരു കാറ്റ് അവര്‍ക്കു രോമാഞ്ചം നല്‍കി എടത്വായിലേക്കു പോയി. കൊച്ചുവള്ളത്തില്‍ കരുതിയ മണ്ണെണ്ണവിളക്കിന്റെ ചെറുതീയില്‍ വിരല്‍തൊട്ട് അഭിലാഷ് ഇത്തിരി ചൂട് അനുഭവിച്ചു. പമ്പയാറിലെ ഓളപ്പാത്തിയില്‍ കൊച്ചുവള്ളം വീഴാതെ നോക്കിക്കൊണ്ട് താറാവുകാരന്‍ ബേബി തുഞ്ചത്ത് കഴുക്കോലിന്റെ ബാലന്‍സില്‍ നിന്നു. എല്‍സമ്മ പാല്‍ ചുരത്തുന്നതുപോലെ നിലാവ് താഴേക്കു വീണു കൊണ്ടിരുന്നു.

''അതൊക്കെയിരിക്കട്ടെ, എല്‍സമ്മയെ പ്രേമിക്കാനോ അതോ ഡിങ്കോള്‍ഫിക്കോ'' -കുസൃതിയോടെ ബേബി ചോദിച്ചു.

''ഇതെന്തോന്നാ ഡെക്കേ.'' ജലത്തിലേക്കു നോക്കി സങ്കടത്തോടെ അഭിലാഷ് പറഞ്ഞു. ''എല്‍സമ്മയെ കല്യാണം കഴിക്കാനാ.''

''ചുമ്മാതല്ല കുര്യന്‍ വെളുത്തവാവിന്റന്ന് ഒഴുകുന്ന ശുദ്ധജലത്തില്‍ താറാവിടുന്ന മുട്ട വേണമെന്നു പറഞ്ഞത്.'' ഒന്നു നിലതെറ്റിയ വള്ളത്തെ ഒറ്റക്കാലിലും കഴുക്കോലിലും നേരെയാക്കി ബേബി തന്റെ അറിവ് പങ്കുവെച്ചു: ''ആ മുട്ട വിരിഞ്ഞാല്‍ എന്തോന്നാന്നറിയാവോ?''

''എന്തോന്നാ?''
''അരയന്നം.''

കുറച്ചുനേരം രസമുള്ള ഒരു കാറ്റിനു നടുവില്‍ രണ്ടുപേരും ഇരുന്നുപോയി.

''ഈ അരയന്നത്തിന് എങ്ങനാ തീറ്റ'' -തെല്ലുകഴിഞ്ഞ് അഭിലാഷ് ചോദിച്ചു.

''ഓ നല്ല വിലയാ. മങ്കൊമ്പില്‍ പോയി മേടിക്കണം. എന്താ മുട്ട വിരിയിക്കാന്‍ പോകുവാണോ?''
ബാലന്‍സ് തെറ്റാതെ ബേബി ചിരിച്ചു.

കാത്തിരിപ്പിനു നടുവില്‍ പുലര്‍ച്ചെ ഒരു വെളുത്ത ഹംസം കൂട്ടത്തെ വിട്ട് ആറ്റിനുമേലെ ജലത്തെ തൊട്ടും തൊടാതെയുമെന്നവണ്ണം പറന്നു മധ്യത്തിലേക്കു പോയി.

ഒരു മിന്നല്‍ ചിറക് വീശി പറക്കുന്നതുപോലെ.

''ഓ അവന്‍ പണി നടത്താന്‍ പോകുകയാണെന്നു തോന്നുന്നു കേട്ടോ'' -ഡെക്ക് ആവേശഭരിതനായി. അവിടേക്ക് അയാള്‍ കഴുക്കോല്‍ വീശി.

നിലാവിനു നടുവില്‍ ജലത്തില്‍ ആ താറാവ് മുട്ടയിട്ടു.

ജലത്തിലേക്കു മുങ്ങാംകുഴിയിട്ട് മുട്ട താഴേയ്ക്കു പോകുന്നത് കണ്ണാടിയില്‍ ദര്‍ശിക്കാമെന്നവണ്ണം അവര്‍ കണ്ടു.

നിലാവില്‍ കാണുന്ന കണ്ണാടിയില്‍ ആറിന്റെ അഗാധതയില്‍ പച്ചയും നീലയും ചെടികള്‍ക്കും പുറ്റുകള്‍ക്കും കക്കകള്‍ക്കും പാറകള്‍ക്കും നടുവില്‍ മുട്ട കാണാം. ആറ്റിലേക്കു ചാടി, വെള്ളം കേറി ശ്വാസം മുട്ടാതിരിക്കാന്‍ മൂക്ക് പൊത്തി ആഴത്തിലേക്കു മുങ്ങിയ ഡെക്ക് ബേബി ആദ്യശ്രമത്തില്‍ തന്നെ അതും കൊണ്ട് വള്ളത്തില്‍ കയറി. അഭിലാഷിന്റെ കയ്യില്‍ ഭദ്രമായി സാധനം കൊടുത്തു. കൈവെള്ളയിലെ ചൂടുള്ള മുട്ടയെ കുളിരുള്ള വിറയലോടെ അഭിലാഷ് കണ്ടു.

വെളുത്തവാവ് സ്ഫുടം ചെയ്‌തെടുത്തപോലെ ഒരു താറാംമുട്ട.

എല്‍സമ്മ 

ആറു മാസം മുന്‍പ്.

എല്‍സമ്മയെ ആദ്യം കണ്ട ദിവസം.

രാവിലെ നെടുമുടി പൊലീസ് സ്റ്റേഷനില്‍നിന്ന് രാജന്‍ പൊലീസ് വിളിച്ചു:
''എടാ നീ ഷോപ്പ് തുറക്കുന്നുണ്ടോ?''

''അയ്യോ. ഇല്ല സാറെ. തുറന്നിട്ട് ആറു മാസമായി.''

''എന്നിട്ട് നീ ഇടയ്ക്കിടെ തുറക്കുന്നുണ്ടെന്നൊരു പരാതിയുണ്ടല്ലോ.'' രാജന്‍ പൊലീസ് വിരട്ടുന്നത് പോലെ ചോദിച്ചു.

''അയ്യോ. വേണ്ടാതീനം പറയരുതേ സാറേ; മനുഷ്യനാകെ കുടല് കത്തി പൊകവരുന്ന സമയമാ.''

രാജന്‍ പൊലീസ് ചിരിച്ചു: ''ഓ, ഒന്നുമില്ലടാ'' -പിന്നെ അയാള്‍ വിളിച്ചതിന്റെ ഉദ്ദേശ്യം പറഞ്ഞു:

''ഇന്ന് ഒന്ന് തുറക്കണമെന്നു പറയാനാ വിളിച്ചത്. എസ്.ഐ സാറ് വരുന്നുണ്ട്. സാറിനും മോനും മുടി വെട്ടണം. സാറ് പത്തു മണിക്ക് വരും.''

വന്നപാടെ റേഷന്‍കടയ്ക്ക് മേലോട്ടുള്ള കമ്പിപ്പടിയിലെ പൊടിയും മാറാലയും തൂത്തുവാരി രണ്ടാം നിലയിലെ ഷോപ്പിന്റെ ഷട്ടര്‍ അഭിലാഷ് മേലോട്ട് നീക്കി. ആറ്റിലേക്ക് തുറക്കാവുന്ന ജനലിന്റെ പാളികള്‍ മലര്‍ക്കെയാക്കി അകത്തേയ്ക്ക് വെളിച്ചവും വായുവും കയറ്റി. മേശയും സ്ഫടികക്കണ്ണാടിയും തുടച്ചുമിനുക്കി; കസേരയില്‍ ബാര്‍ബര്‍ ഇരുന്നുനോക്കി. എല്ലാറ്റിലും ഒരു അപരിചിതത്വം ആ ബാര്‍ബര്‍ ഷോപ്പിന്റെ ഉടമസ്ഥനു തോന്നി. കസേരയില്‍ ഇരുന്ന് അഭിലാഷ് ഒന്നു മയങ്ങിയതേയുള്ളൂ. തെല്ലു കഴിഞ്ഞപ്പോള്‍ താഴെ എസ്.ഐ ളൂബിയുടെ ജീപ്പ് ഉരയുന്ന ശബ്ദം വന്നു. ഒന്നു ഗര്‍ജ്ജിച്ച് ജീപ്പ് പുറകോട്ട് നിരങ്ങി. പിന്നെ കൃത്യം റേഷന്‍കടയിലെ ചരക്കുചാക്കുകളെ തൊടാതെ വശത്തേയ്ക്കു കിതച്ചു. ഒന്നൂടെ റിവേഴ്സെടുത്ത് തെല്ല് സ്പീഡില്‍ അകത്തേയ്ക്കു കയറി. മുട്ടുമെന്നായപ്പോള്‍ പിന്നിലേയ്ക്ക് ഒന്നൂടെ പിന്മാറി തലവെട്ടിച്ച് അകത്തേയ്ക്കു വണ്ടി കയറ്റി. എസ്.ഐ ളൂബി വണ്ടി ഓഫ് ചെയ്തു. പിന്നെ മുകളിലേയ്ക്കു കയറി. അയാളുടെ ബൂട്ട്സുകള്‍ക്ക് പിന്നാലെ നാല് പാദങ്ങള്‍ കൂടി മുകളിലേയ്ക്ക് സഞ്ചരിക്കുന്നുണ്ട്.

മുറിക്കകത്തേയ്ക്ക് കയറിയ എസ്.ഐക്ക് പിന്നാലെ രണ്ട് കാലുകളുടെ പാദപതനമാണ് പക്ഷേ, മുറിയിലെത്തിയത്. ബാക്കി രണ്ട് കാലൊച്ചകള്‍ പടികള്‍ക്കു മുകളില്‍ ഷോപ്പിന്റെ വാതില്‍ക്കലെ ചെറു ഏരിയായില്‍ അവസാനിച്ചു. അവിടെ എല്‍സമ്മ നിന്നു.

എസ്.ഐയുടെ മുടി വെട്ടിത്തീരും വരെ എല്‍സമ്മ മനോരാജ്യം കണ്ട് ഇടയ്ക്ക് ഫേസ്ബുക്കിനും വാട്സാപ്പിനും സമയം കൊടുത്ത് പുറത്തെ മഴയത്തേയ്ക്ക് നോക്കി കോണിപ്പടിയില്‍ ചാരി നില്‍ക്കുകയായിരുന്നു. ളൂബിയുടെ ഇളയ അനുജത്തിയാണ് എല്‍സമ്മ. ഭാര്യ സെലീന ഡൈവോഴ്സ് ചെയ്തു പോയേപ്പിന്നെ കുട്ടീടെ കാര്യം എല്‍സമ്മയാണ് നോക്കുന്നത്.

എസ്.ഐയുടെ മുടി ഒരിട തെറ്റാത്ത ശ്രദ്ധയില്‍ ആ തലയില്‍ മാത്രം നോക്കി വെട്ടുമ്പോഴൊന്നും ബാര്‍ബര്‍ അഭിലാഷ് എല്‍സമ്മയെ കണ്ടതേയില്ല. മൗനവും ഭയവും കത്രികയുടെ ശബ്ദവും ഇടവിട്ട് വന്നും പോയുമിരുന്നു. ചുരിദാറിട്ട അലസയായ എല്‍സമ്മയുടെ മനോവിചാരം ആ സമയം മഴ തോര്‍ന്നിട്ടും തുള്ളി തുള്ളിയായി വീഴുന്ന ഒരു ജലത്തുള്ളിയെ നോക്കി വികസിച്ചു.

പിന്നെ അഭിലാഷ് കുട്ടിയെ കസേരയിലിരുത്തി മുടി വെട്ടിത്തുടങ്ങി.

അപ്പോള്‍ ശബ്ദം: ''വശം പറ്റെയാക്കി ഉച്ചിയിലെ ഉള്ള് കളയാതെ വെട്ടിയാല്‍ മതി. ഇപ്പോഴത്തെ പിള്ളാരുടെ സ്റ്റൈലില്ലേ, അതുപോലെ.''

കണ്ണാടിയില്‍ കാണാവുന്ന എല്‍സമ്മയുടെ പ്രതിബിംബം അഭിലാഷിനോട് പറഞ്ഞതാണ്. കോണിപ്പടിയില്‍ ചാരിനില്‍ക്കുന്ന എല്‍സമ്മയെ ചുമരിലെ സ്ഫടികക്കണ്ണാടിയിലൂടെ കാണാന്‍ കഴിയുമല്ലോ എന്ന് അപ്പോഴാണ് അഭിലാഷ് അത്ഭുതപ്പെട്ടത്. അവന്‍ തിരിഞ്ഞുനോക്കി. എസ്. ഐ ളൂബി അപ്പുറത്തെ കസേരയില്‍ മാസിക വായിച്ചിരിപ്പുണ്ട്. അവന്‍ പിന്നേം കണ്ണാടിയിലെ എല്‍സമ്മയെ നോക്കി. ആ അപരിചിതത്വങ്ങള്‍ക്കിടയില്‍ തീര്‍ത്തും പരിചിതയാണല്ലോ അവളെന്ന് അവനു തോന്നി.

അവനൊരു രസം അപ്പോള്‍ അനുഭവിച്ചു.

പരസ്പരം കണ്ണാടിയില്‍ കാണുന്നതിനാല്‍ എന്തെങ്കിലും പറയേണ്ടെന്നു വിചാരിച്ച് അവള്‍, കുട്ടീടെ മുടി കൊഴിയുന്നുണ്ട് എന്തേലും വഴിയുണ്ടോയെന്ന് അവനോട് ചോദിച്ചു.

അതിനൊക്കെ വഴിയുണ്ടെന്ന് അവന്‍ ശബ്ദിക്കാനാകാതെ തലയാട്ടി. അവളെ നോക്കിക്കൊണ്ട് ഇടയ്ക്ക് ഭയപ്പെട്ട് എസ്.ഐ ളൂബിയെ തിരിഞ്ഞുനോക്കിക്കൊണ്ട് അവന്‍ മുടിവെട്ടി.

കണ്ണാടിയില്‍ അവന്‍ നോക്കുമ്പോള്‍ അവളുടെ മനോവിചാരം മൊബൈലില്‍ എന്തോ കണ്ട് അതിശയിച്ചുകൊണ്ടിരിക്കുകയാണ്.

മൗനം, ഭയം. കത്രികയുടെ ശബ്ദം 

അങ്ങനെ പറഞ്ഞത് വെറുതെയല്ല. പിന്നെ രണ്ട് പ്രാവശ്യം കൂടിയാണ് ഈ സമയത്തിനകം എസ്.ഐ ളൂബിയും കുട്ടിയും ഏല്‍സമ്മയുടെ കൂടെ മുടിവെട്ടാന്‍ വന്നത്. രണ്ടാംവട്ടം വന്നപ്പോള്‍ കണ്ണാടിയില്‍ കാണാവുന്ന എല്‍സമ്മയെ നോക്കാതിരിക്കാനാണ് അഭിലാഷിനു തോന്നിയത്. എന്തുകൊണ്ടെന്നു ചോദിച്ചാല്‍ വെറുതെ അങ്ങനെയങ്ങ് തോന്നിയെന്നേയുള്ളൂ. കണ്ണാടിയിലെ എല്‍സമ്മയാകട്ടെ, തീര്‍ത്തും അപരിചിതയെപ്പോലെ മുഴുവന്‍ സമയവും മൊബൈലില്‍ നോക്കിക്കൊണ്ടിരിക്കുകയാണ് ചെയ്തത്. അതുകൊണ്ട് ആദ്യദിവസത്തെ തുടര്‍ച്ചയെന്നവണ്ണം സംഭവിക്കേണ്ടതൊന്നും രണ്ടാംപ്രാവശ്യത്തെ കൂടിക്കാഴ്ചയില്‍ സംഭവിച്ചില്ല. അതിനാല്‍ എന്തു കൊണ്ടെന്നറിയാത്ത ഒരു ദു:ഖത്തിലും നിരാശയിലും അഭിലാഷ് ആ മുടിവെട്ടിനുശേഷം വീണു പോയി.

''അപ്പോള്‍ നിനക്കൊരു ഉറപ്പില്ലല്ലേ.'' കുര്യന്‍ പക്കിയളിയന്റെ വീട്ടില്‍നിന്നും അഭിലാഷ് മേടിച്ചുകൊണ്ടുവന്ന വാറ്റ് ചാരായം ഒരിറുക്ക് തൊണ്ടേല്‍ പൊള്ളി ഒരു കിംഗ്സ് കത്തിച്ചു ചോദിച്ചു.

''ഒന്നുമങ്ങോട്ടു മനസ്സിലാകുന്നില്ല'' -അഭിലാഷ് പറഞ്ഞു. ഒരിറക്കൂടെ ലഹരിയിറക്കി കുര്യന്‍ ചിന്താമഗ്‌നനായി.

''അപ്പോള്‍ വശീകരണം തന്നെ നോക്കാം.'' കുര്യന്‍ തീര്‍പ്പ് കല്പിച്ചു.

''താറാംമുട്ടേല്‍ കൂടോത്രം.''

മൗനത്തിനും കത്രികയുടെ ശബ്ദത്തിനുമിടയിലെ ഭയം- പ്രദേശത്തെ മുടിനീട്ടി വളര്‍ത്തിയ ചെറുപ്പക്കാരെ കയറ്റിയ പൊലീസ് ബോട്ട് ഇടയ്ക്കിടെ നെടുമുടി പൊലീസ് സ്റ്റേഷനില്‍നിന്നു കറുക ജെട്ടിയിലെ പത്മാ സലൂണിലേയ്ക്കു പാഞ്ഞു. തകഴി ശിവശങ്കരപ്പിള്ളയും പൊന്‍കുന്നം വര്‍ക്കിയും ഐ.സി. ചാക്കോയും കാവാലം വിശ്വനാഥക്കുറുപ്പും വന്നും പോയുമിരുന്ന ചമ്പക്കുളം ബി.കെ.എം. പ്രസ്സിന്റെ മുകളിലായിരുന്നു അന്ന് പത്മാ സലൂണ്‍. നെടൂമുടിയില്‍നിന്ന് ചമ്പക്കുളം വരെ നീണ്ട പമ്പാ യാത്രയില്‍ മിന്നല്‍പ്പൊലീസ് ബോട്ടിലെ ശിംപ്ലന്മാരും ഹിപ്പികളും കാമുകന്മാരുമായ ചെറുപ്പക്കാര്‍ ചാണ്ടി തൊമ്മന്‍ പൊലീസിന്റേയും സംഘത്തിന്റേയും അടിയേറ്റ് അര്‍ദ്ധപ്രാണരായി. (ചാണ്ടിതൊമ്മന്‍ എന്നാല്‍ നമ്മുടെ എസ്.ഐ ളൂബിയുടെ വല്യപ്പച്ഛന്‍).

ബാര്‍ബര്‍ അഭിലാഷിന്റെ വല്യച്ഛന്‍, അതായത് അഭിലാഷിന്റെ പിതാവ് നാരായണന്റെ അച്ഛന്‍ ബാര്‍ബര്‍ അംബരനായിരുന്നു അന്ന് പത്മാ സലൂണ്‍ നടത്തിക്കൊണ്ടിരുന്നത്. കടലാവണക്കിന്‍ പത്തലുപോലെ കിളിരവും ആരോഗ്യവുമുള്ള ഒരുത്തനായിരുന്നു അംബരന്‍. ദൂരേന്ന് ബോട്ടിന്റ ശബ്ദം കേള്‍ക്കുമ്പോഴേ രണ്ടാംനിലയിലെ ജനല്‍ തുറന്ന് അംബരന്‍ ആറ്റിലേയ്ക്കു നോക്കും. മുടിവളര്‍ത്തിയ ചെറുപ്പക്കാരേയും കൊണ്ട് ദൂരേന്നു പാഞ്ഞുവരുന്ന ബോട്ടേല്‍ നോക്കി താന്‍ ചെയ്യാന്‍ പോകുന്ന സര്‍ഗ്ഗാത്മക വൃത്തിയെ ഓര്‍ത്ത് കോള്‍മയിര്‍ കൊള്ളും. ജെട്ടിയില്‍ ബോട്ട് അടുക്കുന്ന ശബ്ദം കേള്‍ക്കുമ്പോഴേ സര്‍വ്വ സന്നാഹങ്ങളും അടുപ്പിച്ച് ബാര്‍ബര്‍ റെഡിയായിരിക്കും.

മുടിക്കുത്തിനു പിടിച്ചായിരുന്നു ചാണ്ടിത്തൊമ്മന്‍ പൊലീസ് ഓരോ യുവാക്കളേയും കോണിപ്പടിയിലൂടെ മുകളിലേയ്ക്ക് നിരക്കി ബാര്‍ബര്‍ ഷോപ്പിനുള്ളിലേയ്ക്ക് വലിച്ചെറിയുക. ഷോപ്പിലെ സിംഹാസനത്തില്‍ തളര്‍ന്നു വന്നു വീഴുന്ന ചെറുപ്പക്കാരുടെ മുടിയറ്റത്തെ പൊടിയുന്ന ചോര നോക്കി വേരറ്റം പോലും ബാക്കിയില്ലാതെ വടിച്ചുകളയലായിരുന്നു ബാര്‍ബര്‍ അംബരന്റെ ജോലി.

''കാര്യമെന്തെന്നു ചോദിച്ചാല്‍ കാമുകന്മാരായിരുന്നു മുടി നീട്ടിവളര്‍ത്തിയ ആ ചെറുപ്പക്കാരിലധികവും.'' വാറ്റു ചാരായക്കുപ്പി മുക്കാലും തീര്‍ത്ത് ആടിത്തുടങ്ങിയ കുര്യനോട് അഭിലാഷ് പറഞ്ഞു. ''കാമുകിമാരുടെ പിതാക്കന്മാരും ഭര്‍ത്താക്കന്മാരും ആങ്ങളമാരും കൊടുത്ത കൊട്ടേഷന്‍. അക്കാലത്തെ രാഷ്ടീയത്തിന്റെ മറവില്‍ അതൊക്കെ അങ്ങ് തീര്‍ത്തു.''

''പിന്നെങ്ങനാ നിന്റെ അപ്പൂപ്പനും ചാണ്ടിത്തൊമ്മനും ഉടക്കുന്നത്.''

''അത് കോമഡിയാ.'' അഭിലാഷ് ചിരിച്ചു. ''ചാണ്ടിത്തൊമ്മന്റെ പെണ്ണുമ്പിള്ളയുമായി അപ്പൂപ്പന് ഗുലാന്‍. പ്രേമം മൂത്ത് ചാമ്പാന്‍ തുടങ്ങിയപ്പോഴാണ് ബാക്കിയുള്ളവരുടെ പ്രേമം നോക്കി നടക്കുന്ന എസ്.ഐ വിവരം അറിയുന്നത്.''

ആ ദിവസം:

പൊലീസുകാരുമായുള്ള നിരന്തര സമ്പര്‍ക്കം മൂലം ജോലിയെന്താണെന്ന് ആരു ചോദിച്ചാലും പൊലീസെന്നായിരുന്നു അന്ന് അംബരന്റെ വീമ്പിളക്കല്‍. എസ്.ഐ ചാണ്ടിത്തൊമ്മന്‍ ഷോപ്പിലെ കസേരയില്‍ വന്നിരുന്ന് എന്റെ താടിയൊന്ന് ചെരയ്ക്കടാ എന്നു പറഞ്ഞു. സോപ്പ് പതപ്പിച്ച് ക്ഷുരകക്കത്തി വാം അപ്പിനായി ധ്യാനപൂര്‍വ്വം ഒറ്റരോമത്തിന്റെ വേരറുത്തു.

''നീ ചെരവക്കാരനാണെന്ന് നിനക്കറിയാമോ. പൊലീസാണെന്നു കോള്‍മയിര്‍കൊണ്ട് നടക്കണ്ട കേട്ടോടാ നാറീ.''

ഞാനൊരു കോള്‍മയിരും കൊണ്ടു നടക്കുന്നില്ലടാ മയിരേ എന്ന് ബാര്‍ബര്‍ അംബരന്‍ മറുപടി പറഞ്ഞു.
അംബരന്റെ ചെപ്പയ്ക്കടിക്കാന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങിയതാ ചാണ്ടിത്തൊമ്മന്‍ എസ്.ഐ.

ഷേവ് ചെയ്തുകൊണ്ടിരുന്ന കത്തി ഏത്തപ്പഴം നുറുക്കുന്നപോലെ കഴുത്തിലേക്ക് ബാര്‍ബറങ്ങ് കേറ്റി.

''ചാണ്ടിത്തൊമ്മന്‍ കൊലക്കേസില്‍ അപ്പൂപ്പന്‍ രണ്ടുവര്‍ഷം ജയിലില്‍ കിടന്നു. ജോലിക്കിടേല്‍ അറിയാതെ പറ്റിയ അബദ്ധമെന്നു കണ്ട് ഒടുവില്‍ കോടതി വെറുതെ വിട്ടു.''

ഒരു കുപ്പിയുടെ മുഴുവന്‍ ലഹരിയും ആവി കണക്കെ പോയി പച്ചയായിപ്പോയ കുര്യന്‍, നീ പൂതച്ചുഴിയിലാണ് പെട്ടിരിക്കുന്നത് കേട്ടോ എന്ന് അഭിലാഷിനെ ഭയപ്പെടുത്തി ഓര്‍മ്മിപ്പിച്ചു.

''ഏതായാലും ആറ്റില്‍ നിലതെറ്റി വീണു. ഇനി മുങ്ങിക്കുളിച്ച് കേറിയാല്‍ മതി. വശീകരണമാണ് രക്ഷ.''

നീ ഡെക്കിന്റടുത്തൂന്ന് ഒരു താറാംമുട്ട സംഘടിപ്പിക്ക്- കുര്യന്‍ പറഞ്ഞു. വെളുത്തവാവിനു വെള്ളത്തില്‍ താറാവ് മുക്കിയിടുന്ന ലക്ഷണമൊത്ത മുട്ട.

''പിന്നെ മൂന്ന് മുടിയിഴ വേണം.''
''ആരുടെ?''
''എല്‍സമ്മേടെ.''
''അയ്യോ നടക്കുന്ന കാര്യം വല്ലോം പറ.''
''കാര്യം നടക്കണേ മതി. പിന്നെ നീ ഒരു ഫേക്ക് ഐഡിയുമുണ്ടാക്കണം.''
''അതെന്നാത്തിനാ.''
''അതൊക്കെ പിന്നെപ്പറയാം.''

എല്‍സമ്മേടെ മുടിയിഴ 

അതായത് എല്‍സമ്മയുടെ തലയോട്ടി വെളുത്തവാവ് ദിവസത്തെ താറാംമുട്ട. എല്‍സമ്മയുടെ മുടിയിഴകള്‍ മന്ത്രംചൊല്ലി മുട്ടയ്ക്ക് മേലെയുള്ള സുഷിരങ്ങളിലൂടെ അകത്ത് കടത്തി നട്ടുപിടിപ്പിക്കും. തലച്ചോറിനുള്ളില്‍ കാരമുള്ള് പോലെ പ്രേമവും കാമവും കനക്കുന്ന വിദ്യയാണ്. വെളുത്ത മുട്ട കറുത്ത മുടിയാല്‍ തിങ്ങി നിറകയാല്‍ ഭാരംകൊണ്ട് പെണ്ണിന്റെ തലയോട്ടിക്ക് നില്‍ക്കക്കള്ളിയില്ലാതെ വരും. തുമ്പി തുള്ളലിനു മുടി അഴിച്ചുലച്ച് തുള്ളുന്നവളെപ്പോലെ എല്‍സമ്മ വിവശയാകും. കാമവും പ്രേമവും തീര്‍ക്കാന്‍ നിന്നെത്തിരഞ്ഞ് എല്‍സമ്മ ബാര്‍ബര്‍ ഷോപ്പില്‍ വരും. പിന്നൊരു തിരിച്ചുപോക്കില്ല.

രാവിലെ സൈനേഷ് തെറുത്തുകൊടുത്ത ബീഡി രണ്ടു പുക വിട്ട പാടെ കുര്യന്‍ ആവേശഭരിതനായി പറഞ്ഞു.

തീരുമാനിച്ച മാതിരി ത്രിവേണി റിസോര്‍ട്ടിന്റെ മുന്നിലെ ചത്ത് രണ്ട് വര്‍ഷമായ ലൈന്‍ ബോട്ടിനകത്തുവെച്ചാണ് അഭിലാഷ് കുര്യനെ കണ്ടത്. ദൂരെ ഡെക്കിന്റെ താറാവിന്‍ കൂട്ടത്തെ കാണാം. പോളകള്‍ക്കിടയിലൂടെ താറാവുകള്‍ ത്രികോണം സൃഷ്ടിച്ച് വഴിയുണ്ടാക്കി കൂര്‍ത്ത് പോകുന്നു. പിന്നാലെ ഡെക്ക് ബേബി ഒറ്റക്കാലേല്‍നിന്ന് കഴുക്കോല്‍കൊണ്ട് ഊഹോയെന്ന് ജലത്തില്‍ തല്ലുന്നു. കൂട്ടം തെറ്റിപ്പോകുന്ന താറാവിനു കുറുകേ കഴുക്കോലെറിഞ്ഞ് കൂട്ടത്തിലേക്ക് മടക്കുന്ന ഡെക്ക് ബേബി നര്‍ത്തകനെപ്പോലെ കൊതുമ്പുവള്ളത്തില്‍ ഇടതുകാലില്‍ നിന്നുകൊണ്ട് വലതുകാലാല്‍ തുഴഞ്ഞ് ശീഘ്രമാകുന്നു.

അതു നോക്കി കുര്യന്‍ ചോദിച്ചു: ''നീ മുട്ട കൊണ്ടുവന്നോ?''

മടക്കിക്കുത്ത് അഴിച്ച് എളിയില്‍നിന്നു ശ്രദ്ധയോടെ അഭിലാഷ് മുട്ടയെടുത്തു. ഉരുണ്ട് പോകാത്തവണ്ണം ബോട്ടിന്റെ എഞ്ചിന്‍പെട്ടിയുടെ മേലെ വെച്ചു. കുര്യന്‍ സൂക്ഷ്മതയോടെ അതെടുത്ത് വീക്ഷിച്ചു.
''കഷ്ടപ്പെട്ടു കാണുമല്ലേ, വെളുപ്പാം കാലത്ത് ആറ്റില്‍പോയി താറാവിനെകൊണ്ട് മുട്ടയിടീക്കാന്‍.''

കുര്യന്‍ ചിരിച്ചു. ''താറാവിനൊപ്പം വാട്ടം പിടിച്ച് കുറച്ച് ഞങ്ങളും മുക്കി'' - അഭിലാഷും ചിരിച്ചു.
''ദേ എല്‍സമ്മേടെ മുടീം കൊണ്ടുവന്നിട്ടുണ്ട്.''

തെല്ലു സമയത്തിനു ശേഷം അഭിലാഷ് പറഞ്ഞു.

അത് കുര്യന് അതിശയമായി. അയാളുടെ ഫിറ്റ് ഒന്നൂടെ പോയി. ഇവനിനി മന്ത്രവാദിയാണോന്ന് ഒരു നിമിഷം കുര്യനു തോന്നിപ്പോയി.

പോക്കറ്റില്‍നിന്ന് ആലപ്പുഴ ഭീമാ ജ്യൂവലറിയുടെ കമ്മല്‍ഡപ്പിയില്‍ വര്‍ണ്ണക്കടലാസിനാല്‍ പൊതിഞ്ഞുകൊണ്ട് വന്ന മുടിയിഴകള്‍ അഭിലാഷ് വിറയലോടെ തുറന്നുവെച്ചു.

തുറന്നപാടെ എല്‍സമ്മയുടെ ഗന്ധം ബോട്ടിനകത്ത് പരക്കുന്നത് അഭിലാഷ് അനുഭവിച്ചു. അത്ഭുതം വിട്ടുമാറാതെ തീയില്‍ തൊടുന്നതുപോലെ കുര്യന്‍ മുടിയില്‍ സ്പര്‍ശിച്ചു.

മൂന്നാം പ്രാവശ്യം. മുടിവെട്ടാന്‍ എസ്.ഐ ളൂബിയും കുട്ടിയും എല്‍സമ്മയുടെ കൂടെ വന്നു.

പുറത്ത് വെയില്‍ നോക്കി കോണിമേലെയുള്ള ചെറു ഏരിയയില്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണ് എല്‍സമ്മ. അവളുടെ തല മുതല്‍ ചന്തി വരെ വാഴയിലകൊണ്ട് മറച്ചപോലെ കിടക്കുന്ന മുടി. എസ്.ഐ ളൂബിയുടെ മുടി വെട്ടിക്കഴിഞ്ഞ് ''ഇനി മോന്‍ കേറിയിരിക്ക്'' എന്ന് ഇത്തിരി ഉച്ചത്തില്‍ അഭിലാഷ് എല്‍സമ്മ കേള്‍ക്കാന്‍ പാകത്തില്‍ പറഞ്ഞു. അപ്പോള്‍ എല്‍സമ്മ തിരിഞ്ഞുനിന്നു. കണ്ണാടിയില്‍ ഇപ്പോള്‍ എല്‍സമ്മയെ കാണാം.

കുട്ടിയുടെ തലമുടിയിലേയ്ക്ക് വെള്ളം സ്പ്രേ ചെയ്ത് ഒന്നു ചീകി നോക്കി അഭിലാഷ് ആത്മഗതം വീശി: ''മുടി നന്നായി കൊഴിയുന്നുണ്ട് കേട്ടോ.''

''അതേന്നെ'' എല്‍സമ്മ തെല്ല് സങ്കടത്തോടെ പറഞ്ഞു: ''കുളിച്ച് തോര്‍ത്തുമ്പോള്‍ ഒരു പിടി മുടിയാ തോര്‍ത്തില്‍. മാറാന്‍ നിങ്ങള് ബാര്‍ബര്‍മാരുടെ കയ്യില്‍ എന്തേലും വഴിയുണ്ടോന്നെ.''

അഭിലാഷ് അതില്‍ക്കേറി പിടിച്ചു. അവന്‍ തിരിഞ്ഞുനോക്കി. എസ്.ഐ ളൂബി എന്തോ വായിച്ച് ഉറക്കം പിടിക്കാനുള്ള പ്ലാനാണ്.

അവന്‍ പദ്ധതി പറഞ്ഞു: ''വല്യച്ചന്‍ പറഞ്ഞു കേട്ടിട്ടുള്ളതാ. മുടി കൊഴിയുന്നവരുടെ മുടിത്തുമ്പില്‍, നന്നായി മുടിയുള്ളവരുടെ നാലഞ്ച് മുടിയിഴ കെട്ടിക്കൊടുത്താല്‍ മതി. കത്തിച്ച പൂത്തിരീന്ന് രണ്ടാമത്തെ പൂത്തിരി കത്തിപ്പിടിക്കുന്നപോലെ മുടിയങ്ങ് തഴച്ച് വളരും.''

പെട്ടെന്ന് പൂത്തിരി കത്തിയപോലെയായി ബാര്‍ബര്‍ ഷോപ്പിനകം.

എല്‍സമ്മ ചുവന്നു ചിരിച്ചു.

''എങ്കി എന്റെ രണ്ട് മൂന്ന് മുടി മുറിച്ച് മോന്റെ മുടീ കെട്ടിക്കൊടുത്താപ്പോരെ. നമുക്കൊന്ന് നോക്കാല്ലോ''- എല്‍സമ്മ മൃദുവായി പറഞ്ഞു.

ബാര്‍ബര്‍ ഷോപ്പിലെ ആണുങ്ങളിരിക്കുന്ന കസേരയില്‍ കണ്ണാടിയില്‍ നോക്കി എല്‍സമ്മ ഇരുന്നു. എല്‍സമ്മയുടെ പിന്നില്‍ കണ്ണാടി നോക്കി അഭിലാഷും.

കത്തിയ പൂത്തിരിയുടെ പ്രകാശം തീരും മുന്‍പ് അവളുടെ മുടിയിഴകള്‍ അഭിലാഷ് മുറിച്ചു. ളൂബി ഉണരും മുന്‍പ് കുട്ടിയുടെ മുടിത്തുമ്പില്‍ കെട്ടി.

അവശേഷിച്ച മുടിയിഴകള്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ് ഭീമാ ജ്യുവലറിയുടെ ഡെപ്പിക്കകത്താക്കി.

കൂടോത്രം 

ഒരു ഫേക്ക് ഫേസ്ബുക്ക് ഐ.ഡി തുടങ്ങണമെന്ന് കുര്യന്‍ അഭിലാഷിനോട് പറഞ്ഞിരുന്നല്ലോ. കൂടോത്രത്തിന്റെ പ്രധാന സാധനസാമഗ്രികള്‍ വിചാരിച്ച തടസ്സങ്ങളില്ലാതെ അനായാസം അടുപ്പിച്ച സ്ഥിതിക്ക് ഫേക്ക് ഐ.ഡി വേഗം നിര്‍മ്മിക്കാന്‍ കുര്യന്‍ പറഞ്ഞു.

അഭിലാഷിനെ ആവാഹിച്ച് ഒരു ചെറു വെള്ളിരൂപത്തില്‍ പ്രതിഷ്ഠിച്ച് ളൂബിയുടെ വീട്ടുമുറ്റത്ത് കുഴിച്ചിടുന്നതിനു പകരമായിരുന്നു അത്. ഒന്നര മണിക്കൂര്‍ അകലെ മിത്രക്കരിയില്‍ കുമരഞ്ചിറ  നടന്നുകേറി പതിനെണ്ണായിരം പാടത്തിന് ഏതാണ്ട് നടുവിലുള്ള എസ്.ഐ ളൂബിയുടെ പറമ്പില്‍ ചെന്ന് അഭിലാഷിന്റെ വെള്ളിരൂപം കുഴിച്ചിടുന്നതിനോളം സാഹസികത വേറെയില്ല.

''അത് റിസ്‌കാണ്. ളൂബി കണ്ടാല്‍ വെള്ളി ഡമ്മിക്ക് പകരം നിന്നെത്തന്നെ കുഴിച്ചിടും.''

നടുഭാഗം ചുണ്ടന്റെ കോതിലിരുന്ന് കുര്യന്‍ പറഞ്ഞു.

കുര്യനെ ശരിവെച്ച് ചുണ്ടനപ്പുറം തോട്ടരികിലെ ഇല്ലിക്കാടിനകത്ത് പുക വമിച്ചു തുടങ്ങിയ പ്രഷര്‍കുക്കറിലെ കോട ഗൗളി ചിലക്കുന്നതിനു പകരമെന്നവണ്ണം ഒന്നാം വിസിലടിച്ചു.

എല്‍സമ്മ വാതില്‍ തുറന്ന് മിറ്റത്തേക്കിറങ്ങുമ്പോഴൊക്കെ മണ്ണിന്റടിയില്‍ കിടക്കുന്ന അഭിലാഷിന്റെ ഹൃദയം ചവിട്ടിയാവും നടക്കുക. നിന്റെ പ്രേമ വിവശത, ഹൃദയമിടിപ്പ് അവളുടെ നടത്തം തെറ്റിക്കും.

''നിന്റെ ഡമ്മിക്ക് പകരമാണ് ഫേക്ക് ഐ.ഡി. സിനിമേലൊക്കെ ഹീറോയ്ക്ക് എടുക്കാന്‍ മേലാത്ത റിസ്‌ക്കൊക്കെ ഡ്യൂപ്പാ ചെയ്യുക. കോളിളക്കത്തിലെ ജയന്റെ അപകടമരണത്തിനു ശേഷം ജയനു പകരം സിനിമയില്‍ ഭീമന്‍ രഘു വന്നില്ലേ. നിന്റെ ഫേക്കിന് രഘു എന്നു പേരിട്ടാല്‍ മതി.''
കുര്യന്‍ തമാശ പറഞ്ഞു ചിരിച്ചു.

''സത്യത്തില്‍ ഫേക്ക് ഐ.ഡിയിലാണ് നമുക്കു കൃത്യം നമ്മളായി പെരുമാറാന്‍ കഴിയുക. ഒറിജിനലിനേക്കാള്‍ കൃത്യമായി നമ്മുടെ ഉള്ള് വെളിവാകുന്നത് ഫേക്ക് ഐഡിയിലല്ലേ. എന്തൊക്കെ കള്ളങ്ങള്‍ മറച്ചുപിടിച്ചാണ് ഒറിജിനലില്‍ നമ്മള്‍ വീര്‍പ്പുമുട്ടി കഴിയുന്നത്. ഫേക്കില്‍ നമുക്ക് ഉള്ളിലുള്ളതുപോലെ പെരുമാറാം.''

താന്‍ പറഞ്ഞ തത്ത്വചിന്ത കേട്ട് കുര്യനു തന്നെ അതിശയമായി. പിന്നെ അതിന്റെ ബാക്കി കുര്യന്‍ പറഞ്ഞു:
''ഒറിജിനല്‍ ഐ.ഡി നമ്മുടെ ശരീരമാണ്. ഫേക്ക് മനസ്സും.''

രഘു എന്ന ഐ.ഡിക്ക് ഭയം കൂടാതെ എല്‍സമ്മയുടെ കമന്റ് ബോക്‌സിലേക്കും ഇന്‍ബോക്‌സിലേക്കും കയറിപ്പറ്റാം. ആ എഫ്.ബി ഡമ്മി വഴി അഭിലാഷ് എന്ന ശരീരത്തിലേക്ക് എല്‍സമ്മ ഒടുവില്‍ വരും; കൂടോത്രത്തിന്റെ ബാക്കി പദ്ധതി കുര്യന്‍ വിശദീകരിക്കവേ പ്രഷര്‍ കുക്കര്‍ മൂന്നാമത്തേയും അവസാനത്തേയും വിസില്‍ മുഴക്കി.

അതുകൊള്ളാമെന്ന് അഭിലാഷിനും തോന്നി.

പക്ഷേ, മനസ്സിന്റെ അതിതീവ്ര അമാനുഷികശക്തി ഉദാഹരിക്കുന്ന ഈ കൂടോത്രത്തില്‍ത്തന്നെ ഒരു ശ്രദ്ധതെറ്റലില്‍ എല്ലാം തകിടം മറിക്കുന്ന അപകടവുമുണ്ടായിരുന്നു.

ശ്രദ്ധയാണ് പ്രധാനം.

ശ്രദ്ധയും അശ്രദ്ധയും 

രാത്രി ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് കുര്യന്‍ താറാവുമുട്ടയില്‍ കൂടോത്രം നടത്തി. മുട്ടയുടെ ശിരസില്‍ ഉച്ചിയില്‍ സൂചിയാലിട്ട ചെറു സുഷിരങ്ങളിലൂടെ മുടിച്ചുരുളുകള്‍ കടത്താന്‍ പാടുപെട്ടെങ്കിലും പരിശ്രമങ്ങള്‍ക്കൊടുവില്‍ മുട്ടയ്ക്കുള്ളിലെ തലച്ചോറില്‍ എല്‍സമ്മയുടെ ഉച്ചിയിലെ മുടി കുത്തനെ നിന്നു. ഷോപ്പിലെ കണ്ണാടിയിലെ ഇരുട്ടില്‍ എല്‍സമ്മ പുറം തിരിഞ്ഞു നില്‍ക്കുന്നതുപോലെ അഭിലാഷിനു തോന്നി. അവന് അസാധാരണവും മനുഷ്യ സാധ്യമല്ലാത്തതുമായ പ്രേമം തോന്നി.

രഘു എന്ന അവന്റെ ഫേസ്ബുക്ക് ഐ.ഡി എല്‍സമ്മയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. എല്‍സമ്മ ഉണരുമ്പോഴൊക്കെ അവളുടെ കാല്‍പ്പാദം രഘുവിന്റെ ഗുഡ് മോണിംഗില്‍ ചവിട്ടിയാണ് എഴുന്നേറ്റത്. എന്നാല്‍, ഇന്‍ബോക്‌സിലെ അവന്റെ അഭിവാദ്യങ്ങള്‍ക്കൊന്നും എല്‍സമ്മ മറുപടി നല്‍കിയില്ല. പക്ഷേ, താഴേയ്ക്ക് നിരങ്ങിവരുന്ന എല്‍സമ്മയുടെ മുഖം തന്റെ മെസ്സേജുകള്‍ അവള്‍ കാണുന്നുണ്ടെന്ന ആത്മവിശ്വാസത്തില്‍ അവനെ എത്തിച്ചു. അത് ഊര്‍ജ്ജമാക്കി അടുത്ത പടിയായി രഘു കുശലങ്ങളിലേക്കും തരളിതഭാഷണങ്ങളിലേക്കും കടന്നു. അവളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ തായങ്കരി ബോട്ട് ജെട്ടിയിലും കുട്ടപ്പന്‍ ഡോക്ടറുടെ ഹോമിയോ ആശുപത്രിയിലും ചമ്പക്കുളം ബസിലിക്ക പള്ളിയിലും അവളെ കണ്ടതും അപ്പോള്‍ അവള്‍ ധരിച്ചിരുന്ന ഡ്രസ്സ് എന്തായിരുന്നുവെന്നും കൃത്യമായി പറഞ്ഞ് അതിശയിപ്പിക്കാന്‍ നോക്കി. എന്നിട്ടും അവള്‍ അണ്‍ഫ്രണ്ട് ചെയ്യാതിരിക്കുന്നത് കൂടോത്രം ഫലിച്ചുതുടങ്ങുന്നതിന്റെ തെളിവാണെന്ന് ഒരു പൈന്റ് ജവാന്റെ ബലത്തില്‍ കുര്യന്‍ സമര്‍ത്ഥിച്ചു.

താറാംമുട്ടയില്‍ മുടിയുടെ ചെറുതരികള്‍ പൊടിച്ച് കൂടോത്രം തലയില്‍ പിടിച്ചുതുടങ്ങി- എല്‍സമ്മയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഫേസ്ബുക്കില്‍ അവളുടെ ഫോട്ടോകള്‍ക്ക് അംഗപ്രത്യംഗ വര്‍ണ്ണന കമന്റ് ചെയ്യാന്‍ തുടങ്ങിയതോടെയാണ് എസ്.ഐ ളൂബി, രഘു എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ശ്രദ്ധിച്ചുതുടങ്ങിയത്. അയാളുടെ അമ്മൂമ്മ അപ്പൂപ്പനെ വിട്ട് വേറൊരുത്തനുമായി അവിഹിതത്തില്‍ ഏര്‍പ്പെട്ട ഓര്‍മ്മ അയാളടക്കമുള്ള മാപ്പിളമഠം കുടുംബാംഗങ്ങള്‍ക്ക് മറക്കാനാകാത്ത അപമാനമായതിനാല്‍ ഇത്തരം കാര്യങ്ങളില്‍ അവര്‍ പിന്നീട് സവിശേഷ ശ്രദ്ധ പുലര്‍ത്തിയിരുന്നു.

ഒരു ദിവസം:

എല്‍സമ്മയുടെ പിന്‍കഴുത്തില്‍ മുടിക്കു താഴെ ഒളിച്ചു താമസിക്കുന്ന ഇളം പിങ്ക് നിറമുള്ള മറുകിനെക്കുറിച്ച് രഘു ഒരു കമന്റിട്ടു.

എല്‍സമ്മപോലും ഇന്നേവരെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്ത പിന്‍കഴുത്തിലെ ആ പിങ്ക് പാടിനെക്കുറിച്ചുള്ള കമന്റ് എല്‍സമ്മയെ അതിശയിപ്പിച്ചു. അവള്‍ പിറ്റേന്ന് പേന്‍ നോക്കാന്‍ വന്ന അയല്‍വക്കത്തെ തങ്കമണിയോട് എന്റെ പിടലിയുടെ പുറകില്‍ അടയാളങ്ങള്‍ വല്ലോമുണ്ടോ എന്നു നോക്കാവോ എന്നു വെറുതെയെന്നവണ്ണം സൂത്രത്തില്‍ ചോദിച്ചു. അവളുടെ പിന്‍മുടി പൂര്‍ണ്ണമായി മേലേയ്ക്ക് നീക്കി നോക്കിയ തങ്കമണി ശരിയാണല്ലോ, ഞാനിന്നേവരെ കണ്ടില്ലല്ലോ ഇതെന്ന് അതിശയം കൂറി മൊബൈല്‍ കൊണ്ട് അതിന്റെ ഫോട്ടോയെടുത്ത് എല്‍സമ്മയെ കാണിച്ചു.

പിന്‍കഴുത്തിലെ തന്റെ രഹസ്യ അടയാളം ആദ്യമായി കണ്ട എല്‍സമ്മ തന്റെ നഗ്‌നത ഏതോ പുരുഷനു മുന്നില്‍ വെളിവാക്കപ്പെട്ടെന്നവണ്ണം ലജ്ജാവിവശയായി.

അന്ന് എല്‍സമ്മ ഇന്‍ബോക്‌സില്‍ വന്നു ചോദിച്ചു:
''നിങ്ങളാരാ.''
''അതൊക്കെ വഴിയേ പറയാം''- അഭിലാഷ് പറഞ്ഞു

''ആ പിങ്ക് മറുകേല്‍ തൊട്ടപ്പോളുണ്ടായ പൊള്ളല്‍ എന്റെ വിരലേന്ന് ദേ ഇപ്പോഴും മാറിയിട്ടില്ല.''

മറുപടി കൊടുത്ത് അഭിലാഷ് മൊബൈലിനെ നോക്കി പൂത്തിരി കത്തിയ മുറിയിലിരുന്ന് ചിരിച്ചു. ആ ആത്മവിശ്വാസത്തില്‍ അയാള്‍ അവളുടെ ഫേസ്ബുക്കില്‍ പിന്നെയും ആ സൗന്ദര്യാരാധന കൈരളി നൃത്തം ചെയ്യും പോല്‍ ടൈപ്പ് ചെയ്തുകൊണ്ടിരുന്നു.

അന്ന് അവളുടെ രഹസ്യ അടയാളത്തെപ്പറ്റി പരസ്പരം സംസാരിച്ച ആ ദിവസം മുട്ടയുടെമേല്‍ എല്‍സമ്മയുടെ ഉച്ചി കാണായപോലെ അഭിലാഷിനു തോന്നി. മുടി രണ്ട് വശത്തേയ്ക്ക് ചീകുന്ന വകുപ്പ് ചെറുതായി തെളിഞ്ഞു കണ്ടു. എല്‍സമ്മയുടെ മുടിയുടെ മണം താറാംമുട്ടയുടെ ഉച്ചിയില്‍ അഭിലാഷ് ശ്വസിച്ചു. മുട്ടയുടെ ശിരസിനു താഴെ ഒരു പിങ്ക് അടയാളം അഭിലാഷ് കണ്ടുപിടിച്ചു.

കണ്ണാടിയില്‍ എല്‍സമ്മ നില്‍ക്കുന്നപോലെ അഭിലാഷിനു തോന്നി. അയാള്‍ അങ്ങോട്ടേക്ക് തിരിഞ്ഞ് വിചിത്രമായ ഒരു കാമനയാല്‍ തന്റെ ലിംഗം പിടിച്ചു. നരകംപോലത്തെ ഒരു സ്വര്‍ഗ്ഗത്തില്‍ അയാള്‍ കണ്ണാടിക്കുമേല്‍ രേതസ് ഒഴുക്കി.

അപ്പോള്‍ത്തന്നെ കുര്യന്‍ ഷോപ്പില്‍ അഭിലാഷിനെ തിരക്കിവന്ന് ഷട്ടറില്‍ ആഞ്ഞടിച്ചു:
ലഹരിയുടെ ഉച്ചസ്ഥായിയില്‍നിന്നു വിടുതല്‍ പ്രാപിച്ച് അഭിലാഷ് വാതില്‍ തുറന്നു.

''കോപ്പേ നീ ഇതെന്തോന്നാ കാണിച്ചെ.''

''എന്തോന്ന്'' -അഭിലാഷ് ചോദിച്ചു.

''നോക്കിയേടാ ഈ കമന്റൊക്കെ'' -കുര്യന്‍ ഭയപ്പാടോടെ ചൂടായി.

''അതിനെന്താ'' അഭിലാഷ് പിന്നെയും നിസ്സാരപുരുഷനായി കസേരയില്‍ ചെന്നിരുന്നു.

''അതിനെന്താണെന്നോ, കഴിവര്‍ടാമോനെ നിന്റെ ഒറിജിനല്‍ അക്കൗണ്ടില്‍നിന്നാ രണ്ടു മണിക്കൂറായുള്ള നിന്റെ കമന്റ് മുഴുവന്‍.''

ആ ദുരന്തം അലറിക്കൊണ്ട് കുര്യന്‍ വെളിപ്പെടുത്തി.

അയ്യോയെന്ന് അപ്പോള്‍ അഭിലാഷ് കുര്യന്റെ കയ്യില്‍നിന്നു മൊബൈല്‍ തട്ടിപ്പറിച്ചു.

എപ്പോഴോ തന്റെ കമന്റുകള്‍ രഘുവെന്ന അക്കൗണ്ടില്‍നിന്നു മാറി അഭിലാഷ് എന്നു പേരായ അക്കൗണ്ടില്‍നിന്നു ടൈപ്പ് ചെയ്യപ്പെട്ടത് കണ്ട് മോഹാലസ്യം വരുന്നതുപോലെയായി.

മൊബൈലില്‍ തൊട്ടു മുന്‍പ് വരെ താന്‍ ആസ്വദിച്ച് ശരീരത്തെ ഉണര്‍ത്തിയ അക്ഷരങ്ങള്‍ ചോര പുരണ്ടിരിക്കുന്നതു കണ്ടു.

''ആവേശംകൊണ്ട് തിരിഞ്ഞുപോയി!'' അവന്‍ വെപ്രാളപ്പെട്ടു പറഞ്ഞു. 

പ്രതികരണമില്ലാതെ നില്‍ക്കുകയാണ് കുര്യന്‍.

അഭിലാഷ് തലയ്ക്കാഞ്ഞടിച്ചു. അടിവയറ്റില്‍നിന്നു വന്ന ഭയാനക വേദനയാല്‍ നിലത്ത് കുനിഞ്ഞിരുന്നു.
''ഹോ! എന്റെ അശ്രദ്ധ!''

എസ്.ഐ ളൂബി 

പിറ്റേന്ന് എസ്.ഐ ളൂബി ഒറ്റയ്ക്കു മുടിവെട്ടാന്‍ വരികയാണ്. എല്ലാം കൃത്യം അതുപോലെ. താഴെ എസ്.ഐ ളൂബിയുടെ ജീപ്പ് ഉരയുന്ന ശബ്ദം വന്നു. ഒന്നു ഗര്‍ജ്ജിച്ച് ജീപ്പ് പുറകോട്ട് നിരങ്ങി. പിന്നെ കൃത്യം റേഷന്‍കടയിലെ ചരക്കുചാക്കുകളെ തൊടാതെ വശത്തേയ്ക്ക് കിതച്ചു. ഒന്നൂടെ റിവേഴ്സെടുത്ത് തെല്ല് സ്പീഡില്‍ അകത്തേയ്ക്ക് കയറി. മുട്ടുമെന്നായപ്പോള്‍ പിന്നിലേക്ക് ഒന്നൂടെ പിന്മാറി തല വെട്ടിച്ച് അകത്തേയ്ക്ക് വണ്ടി കയറ്റി. എസ്.ഐ ളൂബി വണ്ടി ഓഫ് ചെയ്തു.

പിന്നെ മുകളിലേയ്ക്ക് കയറി. അയാളുടെ ബൂട്സുകള്‍ മുകളിലേക്ക് വരികയാണ്.

അഭിലാഷിനെ നോക്കി എസ്.ഐ ചിരിച്ചു. പിന്നെ പിന്‍തിരിഞ്ഞു നടന്ന് ബാര്‍ബര്‍ ഷോപ്പിന്റെ ഷട്ടര്‍ ഇട്ടു. കണ്ണാടിയില്‍ പുറത്തെ കോണിപ്പടി ഏരിയായില്‍ നില്‍ക്കുന്ന എല്‍സമ്മയെ മറച്ച് ഷട്ടര്‍ വീണതുപോലെ അഭിലാഷിനു തോന്നി. മുറിയിലെ ഇരുട്ടില്‍ ഇപ്പോള്‍ ളൂബിയും അഭിലാഷും തനിച്ചായി.

''ഇരിക്ക് ളൂബിസാറേ മുടി വെട്ടാം'' -അഭിലാഷ് ആ പേടികളെ മയപ്പെടുത്തി.

ശരിയാണല്ലോ എന്നു പറഞ്ഞ് ളൂബി കസേരയില്‍ ഇരുന്നു; എന്നത്തേയുംപോലെ പക്ഷേ, തലമുടി വെട്ടാന്‍ തൊപ്പി മാറ്റിയില്ല.

അയാള്‍ അയാളുടെ പാന്റിന്റെ സിബ് താഴേക്കാക്കി. പിന്നെ പാന്റിന്റെ നിബ് വിടുവിച്ച്, ഇരുന്നുകൊണ്ട് തന്നെ പാന്റൂരി. അതിനുശേഷം മുഷിഞ്ഞ അടിവസ്ത്രവും ഊരിമാറ്റി. അരക്ക് കീഴേക്ക് അയാളുടെ നഗ്‌നത കണ്ണാടിയില്‍ വെളിപ്പെട്ടു.

പിന്നെ ളൂബി കനത്ത രോമം നിറഞ്ഞ തന്റെ ഗുഹ്യഭാഗം കാലകത്തി മേലേക്കുയര്‍ത്തിവെച്ചു.

''രണ്ട് ദിവസമായി ഇവിടെ നല്ല ചൊറിച്ചില്‍. നീയൊന്ന് ഷേവ് ചെയ്തു താ.''

വെറുപ്പും അപമാനവും ഭയവും സങ്കടവും സമാസമം നിറഞ്ഞുകവിഞ്ഞ അഭിലാഷിനു തലകറങ്ങുന്നതുപോലെ തോന്നി.

''ഷേവ് ചെയ്യടാ. സ്റ്റേഷനില്‍ ചെന്നിട്ട് പണീണ്ട്.'' ളൂബി ഇത്തിരി നീരസത്തോടെ എന്നാല്‍, ആജ്ഞാസ്വരത്തില്‍ പറഞ്ഞു.

അഭിലാഷ് അയാളുടെ മുന്നില്‍ കുനിഞ്ഞിരുന്നു. പിന്നെ ഷേവ് ചെയ്ത് തുടങ്ങി. ലിംഗത്തിന്റെ അതിരുകളില്‍നിന്നു ജോലി ആരംഭിച്ചു. അവന്‍ തന്റെ ഗുഹ്യഭാഗം വൃത്തിയോടെയാണോ വടിക്കുന്നതെന്നു കണ്ണാടിയില്‍ ശ്രദ്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ഇടയ്ക്ക് ദേഷ്യപ്പെട്ടും ഒന്നു മയങ്ങിയും എസ്.ഐ ളൂബി തന്റെ പ്രതികാരം ആഘോഷമാക്കി.

ഷേവ് ചെയ്യുന്ന കത്തി അവസാന മിനുക്കുപണികളില്‍ ഏര്‍പ്പെടുമ്പോള്‍ ളൂബിയുടെ ലിംഗത്തെ മുട്ടി.
വല്യച്ഛനെ മാതൃകയാക്കി, അവന്റെ സാമാനം കണ്ടിച്ചു കളഞ്ഞാലോയെന്ന് അഭിലാഷ് ഒന്ന് ആലോചിച്ചു.
മൂര്‍ച്ചയില്ലാത്ത മറുവശം കൊണ്ട് കണ്ടിക്കുന്നപോലെ ആക്ഷന്‍ കാണിച്ചിട്ട് അതു വേണ്ടെന്നു വെച്ചു.
കണ്ടിക്കുന്നവനല്ല കാമുകന്‍.

എസ്.ഐ പോയിക്കഴിഞ്ഞ് കണ്ണാടിക്കു പിറകിലെ കൂടോത്രമെടുത്ത് അഭിലാഷ് നോക്കി. താറാംമുട്ട മൂടി മുടി വളര്‍ന്നിരിക്കുന്നു. എല്‍സമ്മയുടെ മുടി മുഴുവന്‍ താറാംമുട്ടയിലായി ശരിക്കും. നിറയെ മുള്ളുള്ള ഒരു കൈതക്കാട്. ലൈറ്റ് ഒക്കെ ഓഫ് ചെയ്ത് മടിയില്‍ താറാംമുട്ടയും വെച്ച് കണ്ണാടിയിലേക്കു നോക്കി പുലര്‍ച്ചെ വരെ കാമുകന്‍ എല്‍സമ്മയെ ഓര്‍ത്ത് ആ ഇരിപ്പിരുന്നു. കറുത്തവാവ് പോലെ ഒരു ഇരിപ്പ്.

അരയന്നം 

രണ്ടു മാസം കഴിഞ്ഞു. എല്‍സമ്മയുടെ തല ശരിക്കും താറാംമുട്ട പോലെയായി. അവിടവിടെയായി കുറച്ച് മുടികള്‍.

അയര്‍ക്കുന്നം മേഴ്സി പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററില്‍ ബ്രെയ്ന്‍ ട്യൂമറിന്റെ ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുന്ന എല്‍സമ്മയെ കാണാന്‍ അഭിലാഷ് ഓട്ടോ പിടിച്ചു പോയി. വാതില്‍ക്കല്‍ നില്‍ക്കുന്ന എസ്.ഐ ളൂബി, അതിനെന്താ മുറിക്കകത്ത് കേറി കണ്ടോളാന്‍ അഭിലാഷിനോട് പറഞ്ഞു.

എല്‍സമ്മയുടെ അടുത്ത് കസേരയില്‍ അഭിലാഷ് ഇരുന്നു.

''കൂടോത്രം ഫലിച്ചു'' -എല്‍സമ്മ പറഞ്ഞു. ''പ്രേമത്തിന്റെ ആഭിചാരമാ തലയ്ക്കകത്ത്. ഭാരം കൊണ്ട് തല പൊക്കാനും ഉറങ്ങാനും മേല.''

അവന്റെ കണ്ണിലേയ്ക്ക് നോക്കി എല്‍സമ്മ തുടര്‍ന്നു: ''പ്രേമം തലച്ചോറീന്ന് ചെരണ്ടിക്കളഞ്ഞിട്ടും തീരുന്നില്ലത്രേ. പിന്നെയും നാമ്പിട്ടു. ചെറിയ വളര്‍ച്ച ഇന്നലേം കണ്ടുപിടിച്ചു. രണ്ടു ദിവസത്തിനകം വീണ്ടും ചെരണ്ടും.''
അഭിലാഷ് അവളുടെ കണ്ണിലൂടെ ശരീരത്തിനുള്ളിലേക്ക് നോക്കി ഇരുന്നു. അപ്പോള്‍ ഒരു സ്വാസ്ഥ്യം അനുഭവിച്ചു.

എല്‍സമ്മ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു: ''എവിടാ പാളിയത്. അന്ന് വെളുത്തവാവ് തന്നെയായിരുന്നില്ലേ.''
അഭിലാഷ് പറഞ്ഞു: ''ആയിരുന്നു. പക്ഷേ, മനസ്സില്‍ കറുത്തവാവായിരുന്നു. പ്രേമിക്കുമ്പോള്‍ അധീരനാകരുത്, മനസ്സ് കറുത്തിരിക്കും. അതാ പറ്റിയത്.''

അന്നു രാത്രി കൂട്ടം തെറ്റിയ ഒരു താറാവിനെ അന്വേഷിച്ച് പമ്പയാറിലൂടെ കൊച്ചുവള്ളത്തില്‍ പോകുകയായിരുന്നു ഡക്ക് ബേബി. കുട്ടനാട് മുഴുവന്‍ ഇരുട്ടാണ്.

രണ്ടാംനിലയിലെ അഭിലാഷിന്റെ ബാര്‍ബര്‍ ഷോപ്പില്‍ മാത്രം ലൈറ്റിട്ടിട്ടുണ്ട്. ആറ്റിലേക്ക് തുറക്കുന്ന ജനലരികിലിരിക്കുന്ന അഭിലാഷിനേയും നിഴല്‍പോലെ കാണാം. അകത്തൂന്ന് പുറത്തെ ആറ്റിലേക്ക് ഓളംവെട്ടുന്ന വെളിച്ചത്തില്‍ ഒരു താറാവ് നീന്തുന്നത് ബേബി കണ്ടു. തോട് പൊളിച്ച് കപ്പലണ്ടി താറാവിന് എറിഞ്ഞുകൊടുക്കുകയും കൊറിക്കുകയും ചെയ്യുകയാണ് അഭിലാഷ്.

അത് തന്റെ താറാവല്ലന്നു തോന്നിയതിനാല്‍ പോളേപ്പാടത്ത് ചിറയില്‍ വല്ലോം പെട്ടു കാണുമെന്നു വിചാരിച്ച് ഡക്ക് ബേബി അങ്ങോട്ടേക്ക് കൊതുമ്പു വള്ളം ശീഘ്രം വിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com