'ഗുണ്ടുറാവു ശ്രീകാര്യം വഴി'- പി.കെ. സുധി എഴുതിയ കഥ

ഗുണ്ടുറാവു എന്ന പേരു കേള്‍ക്കുമ്പോള്‍ എനിക്കൊരു വക്കുചതഞ്ഞ വസിപ്പാത്രമാണ് ഓര്‍മ്മ വരുന്നത്
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

ഗുണ്ടുറാവു എന്ന പേരു കേള്‍ക്കുമ്പോള്‍ എനിക്കൊരു വക്കുചതഞ്ഞ വസിപ്പാത്രമാണ് ഓര്‍മ്മ വരുന്നത്. ചിത്രപ്പണികളുള്ള ചൈനീസ് പോര്‍സലൈന്‍ പാത്രം. പക്ഷേ, ഉടഞ്ഞവക്കുകളും കറകളും അപൂര്‍ണ്ണതയും അഭംഗികളുമായി നില്‍ക്കുന്നു. 

തിരുവനന്തപുരം, ശ്രീകാര്യം, ചെക്കാലമുക്ക് നിവാസിയായ ഗുണ്ടുറാവുവും ഞാനും തമ്മിലൊരു പതിനഞ്ച് ഇരുപത് വയസ്സെങ്കിലും പ്രായവ്യത്യാസമുണ്ട്. ഞാനയാളുമായി പരിചയപ്പെട്ടത് ചെക്കാലമുക്കില്‍ വച്ചാണ്. അന്നെനിക്കവിടെയായിരുന്നു ജോലി. ഗുണ്ടുറാവുവിനെ മിക്ക ദിവസങ്ങളിലും വഴിക്കു കാണും. ഞെളിഞ്ഞുനിന്ന് ആരോടെങ്കിലും ഗീര്‍വാണം മുഴക്കുന്ന ഒത്തൊരാള്‍ രൂപം. കക്ഷത്തിലെ കടലാസു ചുരുളുകളാണ് അയാളെ ശ്രദ്ധിക്കാന്‍ നിമിത്തമായത്.
ഒരു ദിവസം ഞങ്ങളങ്ങ് പരിചയമായി. ബസിറങ്ങി ഞാനോഫീസിലേയ്ക്ക് കയറുമ്പോഴായിരുന്നു ആ മഹത്‌സംഭവം.
വാട്ട്‌സ് യുവര്‍ സര്‍നൈം. 

അയാള്‍ എന്റെ ജാതിയറിയാനുള്ള വിദ്യയാണെടുത്തത്. ഞാനാ ചൂണ്ടയില്‍ കൊത്തിയില്ല. ചിരിച്ചതേയുള്ളു.
ഗുണ്ടുറാവു തോറ്റില്ല. ആദ്യമായിട്ടാണ് എന്നെ കാണുന്നതെങ്കിലും അയാളെന്റെ ജാതിയെ കുറിച്ച് പറഞ്ഞുതുടങ്ങി. ജാതി മണത്തുപിടിക്കുന്ന ഒരു വിദ്യ റാവുവിനു സ്വതസിദ്ധമായി ഉണ്ടായിരുന്നതായി എനിക്കു തോന്നി. 
എന്റെ ജാതിക്കാര്‍ കേരളത്തിലെ വന്‍വെളവന്‍ന്മാരാണ്. ആരോടും കൂടും. വിശിഷ്യ പണമുള്ളവരെ കണ്ടാല്‍ ഞങ്ങളെ കൂട്ടത്തിലെ പെണ്ണുങ്ങള്‍ വിടത്തില്ല. അങ്ങനെയൊക്കെ... റാവുവങ്ങ് തുടങ്ങി.
അയാള്‍ പതിവു വേഷത്തിലായിരുന്നു. സഫാരി സ്യൂട്ട്, മിനുക്കിയ ഷൂഷ്... ആകെപ്പാടെ ജന്റില്‍മേന്‍ ലുക്ക്. ഈ ഗുണ്ടിനെ അക്കൂട്ടത്തിലെ പെണ്ണുങ്ങളാരോ കബളിപ്പിച്ചു എന്നേ എനിക്കപ്പോള്‍ തോന്നിയുള്ളു. 
സാറിന്റെ നാട് നമ്മുടെയീ ചെക്കാലമുക്ക് തന്നെയോ? 
അയാളുടെ സ്ഥാവരജംഗമങ്ങളില്‍ എനിക്ക് സംശയമുണ്ടായിരുന്നു.

ഞാനൊരു ചൂണ്ടയിട്ടതാണ്. അച്ചോദ്യം; എന്റെയൊരു ടെക്‌നിക്കാണ്. ആ നിഷ്‌കളങ്ക സംശയത്തിലൂടെ ഒരുവിധം ആള്‍ക്കാരുടെ പൂര്‍വ്വാശ്രമ സംബന്ധിയായ വിവരങ്ങള്‍ ചുളുവില്‍ ഞാന്‍ ചോര്‍ത്തിയിരുന്നു. ഒറ്റച്ചോദ്യം; അതൊന്നു മാത്രം മതി. അടിയാധാരം വരെ നമുക്കു മുന്നില്‍ ആരും പറിച്ചിടും. നിസ്സാരമായി കേട്ടെടുക്കാം. 
ഗുണ്ടുറാവു പറഞ്ഞ വിവരങ്ങള്‍ എനിക്ക് ഓര്‍മ്മയുണ്ട്. 

സാരാഭായ് സാറ് നേരിട്ടാണ് റാവുവിന്റെ പിതാവിനെ റിക്രൂട്ട് ചെയ്തത്. ആദ്യത്തെ സൗണ്ടിംഗ് റോക്കറ്റ് തുമ്പയില്‍നിന്നും പറന്നതിനു തൊട്ടുപിന്നാലെ അപ്പയും പോയി. ഹീ വാസ് എ ഗ്രേറ്റ് മാന്‍. ചടങ്ങിന് സാരാഭായ് സാര്‍ വന്നിരുന്നു; എന്നെ കെട്ടിപ്പിടിച്ചു. തോളത്തു തട്ടി ആശ്വസിപ്പിച്ചു. 
റാവു സാറ് സ്വന്തം പിതാവിനെയാണോ അതോ സാരാഭായിയെ ആണോ മഹാനെന്ന് ഉദ്ദേശിച്ചത്? ആ തീരാസംശയം അന്നുമുതല്‍ എന്റെ മനസ്സിലുണ്ടായിരുന്നു. 

ഞങ്ങള്‍ നെല്ലൂരുകാരായിരുന്നു. അവിടെ ഏറെ പ്രോപ്പര്‍ട്ടിയൊക്കെയുണ്ട്. സെവന്റി വണ്ണിലെ വാറിനു മുന്‍പ് ഒരു പ്രവാഹമുണ്ടായിരുന്നല്ലോ. വാര്‍ കഴിഞ്ഞപ്പോള്‍ ഈസ്റ്റിലെ വരുത്തന്മാര്‍ ഞങ്ങളവിടെ ഇല്ലാത്ത സമയത്ത് അതെല്ലാം കയ്യേറി. ഞങ്ങളന്ന് ഇവിടെയായിരുന്നു. അപ്പയില്ലല്ലോ. എല്ലാം വെരി യങ്ങായ ഞാന്‍ വേണമായിരുന്നു നോക്കി നടത്താന്‍.

ഗുണ്ടുറാവു പറഞ്ഞ ഈ അഭയാര്‍ത്ഥികളെക്കുറിച്ച് അന്നു ഞാന്‍ കൂടുതല്‍ ഉല്‍ക്കണ്ഠപ്പെട്ടില്ല. ഒരു ജന്മിയുടെ ഒഴിഞ്ഞുകിടന്നിരുന്ന സ്ഥലം ആരോ കയ്യേറി കൃഷിചെയ്തു. രാജ്യത്തിലെ ഭക്ഷ്യക്ഷാമം അത്രയെങ്കിലും കുറയട്ടെ. അങ്ങനെയാണ് ഞാനന്നതിനെക്കുറിച്ചു കരുതിയത്. 
കുറെ കേസുകള്‍ നടക്കുന്നുണ്ട്. അതു ശരിയായാല്‍ അവന്മാരൊക്കെ ബംഗളത്തിനു പോകും. ഞാനീ ബ്ലഡി കേരളം വിടും.

വൈരാഗ്യത്താല്‍ ഗുണ്ടുറാവുവിന്റെ മുഖം ഗൗരവം കൊണ്ടു. കൊടും ശത്രു ഇതാ മുന്നില്‍ നില്‍ക്കുന്നതായി അയാളുടെ കണ്ണുകള്‍ പറഞ്ഞു. 

ഞാനതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. നമ്മുടെ നാടിനെ ചീത്തപറഞ്ഞു കേട്ടപ്പോള്‍ എന്റെ മനസ്സിലെ ചൈനീസ് വസി പൂര്‍ണ്ണമായും ഉടഞ്ഞുപോയെന്നു മാത്രം.

ഇയാള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും നല്ലൊരു ജോലി കണ്ടെത്താനും കഴിയാതെ പോയതിനു കാരണം ചിലപ്പോള്‍ ഈ കേസും കൂട്ടവുമായിരിക്കാം. ഞാനത് തിട്ടം വരുത്തിയില്ല. ചുഴിഞ്ഞു ചുഴിഞ്ഞു കാര്യങ്ങള്‍ തിരക്കുന്നതില്‍ ഞാനത്ര മുന്നോക്കക്കാരനായിരുന്നില്ല. കിട്ടുന്നത് കേള്‍ക്കുക. അതുമാത്രമാണ് എന്റെ ശീലം.

ഞാന്‍ പിന്നെ ചക്കാലമുക്ക് വിട്ടു. എങ്കിലും അയാളെന്റെ മനസ്സില്‍ ഇക്കണ്ട കാലമത്രയും നിറഞ്ഞുനിന്നു. അതിനു കാരണം മറ്റൊന്നുമല്ല. ഈ ഗുണ്ടുറാവു മലയാളത്തിലെ ഒരു പ്രശസ്തനായ കത്തെഴുത്തുകാരനായി മാറിയതായിരുന്നു. ഗുണ്ടുറാവു, സ്‌പേസ് നഗര്‍ 2, ചക്കാലമുക്ക്, ശ്രീകാര്യം വഴി എന്ന വിലാസത്തില്‍ അവസാനിക്കുന്ന കത്തുകള്‍. അവ മിക്ക പത്രമാസികകളിലും നിരന്തരം വരാറുണ്ട്. ഒഴുക്കുള്ള ഭാഷ. ഗൗരവമുള്ള വിഷയങ്ങള്‍.

ഞാന്‍ സ്ഥിരമായി കത്തെഴുതുന്നവരെ ശ്രദ്ധിക്കുന്ന ശീലക്കാരനായിരുന്നു. ചാപ്രയില്‍ കുട്ടപ്പന്‍, നഫീസ കുഞ്ഞപ്പ പന്താവുര്‍, ബാലകൃഷ്ണന്‍ കാവശ്ശേരി, സുഗതന്‍ പി. കരിമ്പ. ഇവരൊക്കെ അന്നത്തെ യുവവാണിയിലെ കെങ്കേമന്‍ പ്രതികരണക്കാരായിരുന്നു. ഞാനന്ന് ആകാശവാണിയുടെ യുവവാണി പരിപാടിയില്‍ സ്ഥിരമായി കഥകള്‍ വായിച്ചിരുന്നു. ഒരിക്കല്‍ റെക്കോഡിംഗിനു പോയപ്പോള്‍ 'നാരങ്ങാനത്തുനിന്നും ചാപ്രയില്‍ കുട്ടപ്പനെഴുതുന്നു.' അങ്ങനെയായിരുന്നു ആ വലിയ പുള്ളിയുടെ കത്തുകള്‍ തുടങ്ങിയിരുന്നത്. അതൊരെണ്ണം റേഡിയോക്കത്തു വായനച്ചേച്ചിയുടെ മേശപ്പുറത്തു കണ്ടു. ഞാനതെടുത്തു നൊക്കി. അതിശയം. അതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നത് എന്റെ കഥയെയായിരുന്നു. മഹാതിശയമായി അതെനിക്കു തോന്നി.
അതു പോട്ടെ!

അതോടെയാണ് ഞാന്‍ പത്രങ്ങളില്‍ കത്തെഴുത്തുകാരെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. വലിയ വലിയ ലോകകാര്യങ്ങളുടെ വൈവിദ്ധ്യ വീക്ഷണങ്ങള്‍ നിറഞ്ഞതാണ് അവരുടെയുള്ള്. ചിലതൊക്കെ നമ്മള്‍ സാധാരണ മനുഷ്യര്‍ക്ക് അപ്രാപ്യമായ ആലോചനകളാണ്. അങ്ങനെയാണ് ഗുണ്ടുറാവു, സ്‌പേസ് നഗര്‍ 2, ചെക്കാലമുക്ക്, ശ്രീകാര്യം വഴി എന്ന പേരും വിലാസവും മനസ്സില്‍ അച്ചിട്ടുപോയത്. 

ഇന്നിതിലൊക്കെ ഒരു പ്രാധാന്യവും ആരും കൊടുക്കുന്നില്ല. വികാരം കേറിയാല്‍ അപ്പോള്‍ ഒരു പോസ്റ്റിടുന്ന രീതിയിലാണ് കാര്യങ്ങള്‍. എത്ര വലിയ ചക്കയാണെങ്കിലും ഒടുവില്‍ കമന്റാളികള്‍ അതിനെ ചുക്കാക്കി ഉണക്കിച്ചുരുട്ടും. ഒരു പതിന്നാലു മണിക്കൂറൊന്നും കഴിയണ്ട. എഫ്.ബിയുടെ അടിത്തട്ടിലേയ്ക്ക് അതങ്ങ് പുതഞ്ഞുപോകും. അങ്ങനെയൊരു കുഴപ്പവുമുണ്ട്.

ഹു വാസ് ഗ്രേറ്റ്? റാവുവിന്റെ അപ്പയാണോ? അതോ ശരിക്കും റാവുവാണോ? അയാളെക്കുറിച്ച് എന്തു ചിന്തിച്ചാലും ആ ഒടുക്കത്തെ സംശയം എനിക്കുണ്ടായിക്കൊണ്ടിരുന്നു. അത് മറ്റൊരു കാര്യം.
അയാള്‍ പലവിധ വിഷയങ്ങളെക്കുറിച്ചും പത്രങ്ങളിലെഴുതി. കീഴ്‌ക്കെടയിലെ കുശുകുശുപ്പല്ല. തികച്ചും പണ്ഡിതോചിതമായിരുന്നു അതില്‍ പലതും. ഗുണ്ടുറാവു ശ്രീകാര്യം വഴിയുടെ ഏതു കത്തു വായിച്ചാലും എനിക്ക് അങ്ങനെ തോന്നിയിരുന്നു. 

ഈ കത്തെഴുത്തുകാരന്‍ മറ്റാരെങ്കിലുമാവാന്‍ ഒരു സാധ്യതയുമുണ്ടായിരുന്നില്ല. അത് ഞാനന്നു കണ്ട റാവു തന്നെയാണ്. സംശയം വേണ്ട. സ്‌നേഹിതന്‍ അന്നേയൊരു അക്ഷരസ്‌നേഹിയായിരുന്നു. അക്കാലത്ത് അയാളുടെ കയ്യിലെപ്പോഴും ചുരുട്ടിപ്പിടിച്ചിരുന്ന ഭാഷയിലേയും ഇംഗ്ലീഷിലേയും നിരവധി പത്രമാസികകള്‍ തന്നെ തെളിവ്. 

നിര്‍ഭയ കേസിലെ പ്രതികളെ വെറുതെ വിടണം. പണ്ട് കേസ് മൂത്തുവന്നപ്പോഴത്തെ ഗുണ്ടുറാവു ശ്രീകാര്യം വഴിയുടെ കത്ത് വായിച്ച് ഞാന്‍ മൂക്കത്ത് വിരല്‍വച്ചു.
ലഹരിപ്പുറത്ത് പ്രതികള്‍ക്കു പറ്റിയ കൈപ്പിഴ. ജനത്തിനുമേല്‍ കള്ളൊഴുക്കുന്ന ഉദ്യോഗസ്ഥര്‍ മുതല്‍ ഇതിനു ചട്ടവും പ്രമാണവും തീര്‍ക്കുന്ന രാഷ്ട്രത്തലവന്മാര്‍ വരെയുള്ളവരാണ് ഈ കേസില്‍ ശിക്ഷാര്‍ഹരെന്ന് അന്നത്തെയൊരു റാവുക്കത്ത് ബുദ്ധിജീവി ജാഡയില്‍ പറഞ്ഞു. വായിച്ച പാടേ ശരിയെന്നെനിക്കു തോന്നി. മറു കുറിപ്പുകളിലൂടെ ഗുണ്ടുറാവു ശ്രീകാര്യം വഴിയെ ജനം വെട്ടിനിരത്തി. അന്നേരത്ത് റാവുവിനു തെറ്റിയതായി എനിക്കു തോന്നിപ്പോയി. 

പിന്നയാളുടെ ഒരു മാസ്റ്റര്‍പീസ് പ്രതികരണമുണ്ടായിരുന്നു. രണ്ടായിരത്തി പതിന്നാലിലാവണം ഞാനത് വായിച്ചത്. അത് തിരുവനന്തപുരത്തു മാത്രം വ്യാപരിക്കുന്ന ഒരു അന്തിപ്പത്രത്തിലാണ് മഷിപുരണ്ടു വന്നത്. 
കാര്യമിതാണ്. പത്മനാഭസ്വാമി ക്ഷേത്രനിധിയിലെ നിധിക്കൂമ്പാരത്തിലെ ചില മ്യൂസിയം പീസുകള്‍ ഒഴിവാക്കി ബാക്കി രത്‌നങ്ങളും ആഭരണങ്ങളും അന്താരാഷ്ട്ര ലേലത്തിനു വയ്ക്കണം. ആ പണമുപയോഗിച്ച് തമിഴ്‌നാട്ടിലൊരു പതിനായിരം ഏക്കര്‍ മരുഭൂമി വാങ്ങി വനവല്‍ക്കരിക്കണം. (ആഗോളതാപനം കുറയും. താപനത്തിനു മരുന്ന് മരങ്ങള്‍). പിന്നെ ഭാരതം മുഖം തിരിച്ചു നില്‍ക്കുന്ന ക്ലോണിംഗ്, നാനോ ടെക്‌നോളജി അങ്ങനെ ന്യൂജന്‍ റിസര്‍ച്ചു ഏര്യകളില്‍ ആ പണം മുടക്കി അവിടെ വലിയൊരു ഗവേഷണ സ്ഥാപനം തുടങ്ങണം. ഓരോ കണ്ടുപിടുത്തത്തിനും പത്മനാഭസ്വാമിയുടെ പേരില്‍ പേറ്റന്റ് എടുക്കണം. അതേസമയം സ്വത്തിന്റെ യഥാര്‍ത്ഥ ഉടമകളായ പാവപ്പെട്ട തിരുവിതാംകൂര്‍കാര്‍ക്ക് ആ സത്ഫലങ്ങള്‍ സൗജന്യമായി നല്‍കുകയും വേണം. അങ്ങനെ പോയത്.. 

നാട്ടുപത്രത്തിലായതിനാല്‍ ആരുമത് അധികം കണ്ടില്ല. ഒരു കോലാഹലവുമുണ്ടായില്ല.
അതിശയമായിരുന്നു. പിറ്റേന്നു തന്നെ ഒരിംഗ്ലീഷ് ദേശീയ ദിനപ്പത്രത്തിന്റെ എഡിറ്റ്‌പേജ് ലേഖനമായി അതേ കാര്യം വിശാലമായി ഞാന്‍ വായിച്ചു. എഴുത്തുകാരന്‍ ഒരു ഗുപ്തയായിരുന്നു. ഗ്രേറ്റ് മേന്‍ തിങ്ക്...
അടുത്തയിടെ ഒരു ദിവസം ഒരു കാര്യവുമില്ലാതെ പബ്ലിക് ലൈബ്രറിയുടെ മുന്നില്‍ ഞാനേറെ നേരം നിന്നു. റിട്ടയര്‍ ചെയ്തശേഷം അങ്ങനെയൊക്കെയാണ് ഞാന്‍. 

ഇതാ പ്രത്യക്ഷനായി. ഞാന്‍ കണ്ടു. ഗുണ്ടുറാവു എന്നെയും. 
റാവുവിന് എന്നെ മനസ്സിലായി. എനിക്കത് അതിശയമായി തോന്നി.
എനിക്ക് നിങ്ങളേയും. 

ഞാനയാളുടെ കക്ഷത്തില്‍ ചുരുട്ടിയ പത്രമാസികകള്‍ കണ്ടു.
ചെക്കാലമുക്കില്‍ വച്ച് പത്തിരുപത്തിയഞ്ച് ആണ്ടുകള്‍ക്ക് മുന്‍പുള്ള ആ മുന്‍പരിചയക്കാര്യം ഞാന്‍ പറഞ്ഞില്ല. അയാളുമത് അന്നേരത്ത് സൂചിപ്പിച്ചില്ല.

ഞാന്‍ ഗുണ്ടുറാവു ശ്രീകാര്യം വഴിയുടെ കത്തിലെ അതേ ആശയം ലേഖനമായി വായിച്ചതിനെ കുറിച്ച് പറഞ്ഞു. ആളെയൊന്നു പൂശി സന്തോഷിപ്പിക്കാം. അത്രമാത്രമായിരുന്നു ഉദ്ദേശ്യം.
അതേറ്റു. അയാളുടെ മുഖം വല്ലാതെ വീര്‍ത്തു. 
ഞാനെത്രയോ കത്തുകളെഴുതി. രക്ഷപ്പെട്ടില്ല മാഷേ. എഴുത്തിന്റെ കാര്യത്തില്‍ ഞാനൊന്നുമായില്ല. ആദ്യപടിയില്‍ത്തന്നെയിപ്പോഴും നില്‍ക്കുന്നു. 

എങ്കിലും അയാള്‍ക്ക് താനിത്രയും കാലം ചെയ്ത പണി ഫലവത്തതായതായി തോന്നി.
ഇടക്കാലത്ത് ഞാന്‍ കുറിച്ചതൊക്കെ എഫ്.ബിയിലായിരുന്നു. പത്രങ്ങളില്‍ എന്റെ കത്തുകള്‍ വരാതായി. പത്രക്കാരെന്നെ സംഘടിതമായി തഴയുന്നോ? അങ്ങനെ തോന്നിപ്പോയ കാലത്തായിരുന്നു എഫ്.ബി പയറ്റ്. 
മാഷതൊന്നും കണ്ടിട്ടുണ്ടാവില്ല. നമ്മള്‍ ഫ്രണ്ട്‌സ് അല്ലല്ലോ? ആണോ? അല്ല.
റാവു തുടര്‍ന്നു:
ഞാന്‍ നോട്ട് നിരോധനത്തിനെക്കുറിച്ച് എഴുതിയത് മാഷ് കണ്ടുകാണില്ല. എഫ്.ബിയിലായിരുന്നു അത്. എന്റെ കട എല്ലാപേരും കൂട്ടി പൊങ്കാലയിട്ട് പൂട്ടിച്ചു മാഷേ!

ചെക്കാലമുക്കില്‍ ഫാദറായിട്ട് വാങ്ങിയ കുറെ സ്ഥലമുണ്ടായിരുന്നു. നമ്മുടെ ശ്രീകാര്യത്താണല്ലോ സിറ്റീലെ വന്‍വികസനങ്ങള്‍ നടക്കുന്നത്. ഇസ്രോ, ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം, കാര്യവട്ടം, പിന്നെ ടെക്‌നോപാര്‍ക്ക്. മലപ്പുറത്തൂന്നും കോഴിക്കോട്ടുന്നും കണ്ണൂരീന്നും കുറ്റീം പറിച്ചുവന്ന വിദ്വാന്മാര്‍ക്ക് ഞാന്‍ കുറെ സ്ഥലമൊക്കെ വിറ്റു. കഴിഞ്ഞ കുറേക്കാലമായി മിഡില്‍ഈസ്റ്റില്‍നിന്നും ഭാരതത്തിലേയ്ക്ക് കണ്ടയ്‌നറില്‍ പണം വന്നത് ഈ വിദ്വാന്മാര്‍ക്കാണല്ലോ. എല്ലാറ്റിനും പൊന്നുംവില കിട്ടി.

മൊബൈലില്‍ വര്‍ത്തമാനം പറയുന്ന തരത്തിലെ സംസാരരീതി. അതിനിടയിലും അയാള്‍ തനത് ഗുണ്ടുറാവു സ്‌റ്റൈലില്‍ പൂളുവയ്ക്കുന്നത് എന്റെ ശ്രദ്ധയില്‍ വന്നു. വീണ്ടും എന്റെയുള്ളില്‍ വസികള്‍ തകര്‍ന്നു. 
ബാക്കിയുള്ള ഇരുപത് സെന്റില്‍ ഞാനൊരു പച്ചക്കറി തോട്ടം പിടിപ്പിച്ചു. നാടന്‍ ജൈവ പച്ചക്കറി. അവനാണല്ലോ ഇക്കാലത്തെ താരം. കത്തിരക്കയും വഴുതനങ്ങയുമൊക്കെ ഗേറ്റിനു പുറത്ത് നിരത്തി വയ്ക്കും. ആര്‍ക്കും എടുത്തുപോകാം. താല്പര്യമുണ്ടെങ്കില്‍ മാത്രം അടുത്തുള്ള തട്ടത്തില്‍ കാശിടാം. അതിനു പ്രത്യേകിച്ച് കണക്കൊന്നുമില്ല. അതെനിക്കു നിര്‍ബ്ബന്ധമുള്ള കാര്യവുമായിരുന്നില്ല. മനുഷ്യരുടെ സ്വഭാവം പഠിക്കുക. അത്തരത്തിലൊരു ഉദ്ദേശ്യവും എനിക്കുണ്ടായിരുന്നതായി കൂട്ടിക്കോളു. 

ഫാദര്‍ പണിയിച്ച ഔട്ട്ഹൗസിന്റെ ടെറസ്സിലിരുന്ന് ഞാനൊളിച്ചു നോക്കും. ഇടംവലം നോക്കി കള്ളന്മാരുടെ മാതിരി പച്ചക്കറി സഞ്ചിയിലാക്കുന്നവരുണ്ട്. കാശിടില്ല. തട്ടത്തിലിരുന്ന നോട്ടിനെ ചീരപ്പിടിക്കൊപ്പം ചേര്‍ത്തെടുത്തവന്മാരുണ്ട്. ഒരു മുരിങ്ങയ്ക്ക് നാല്‍പ്പതു രൂപയുണ്ടായിരുന്ന കാലത്ത് നാലു മുരിങ്ങയ്ക്ക വച്ചിട്ട് എനിക്ക് കിട്ടിയത് മുപ്പത് ഉലുവയാണ്. ഒറ്റയടിക്ക് ഒന്നരക്കിലോ കോവയ്ക്ക വാരിയെടുത്ത കെളവനുണ്ട്. ഈ രാജ്യത്തിനെ വിലയ്‌ക്കെടുക്കാനുള്ള പെന്‍ഷനവനുണ്ട്. അവന്‍ അപ്പയുടെ കാലത്ത് ഇസ്‌റോയില്‍ ജോലിക്കു കയറിയവനാണ്. ബ്ലഡി മലയാളീസ്...
ഗുണ്ടുറാവു ശ്രീകാര്യം വഴിയുടെ മുഖം വലുതായി വന്നു. വെളുപ്പല്ലാത്തതിനാല്‍ അതു ചുവക്കുക അസാധ്യം.

നിങ്ങള് നാറികളാണ് മാഷേ! ആയിരത്തിയൊന്നു കത്ത് എഴുതിയപ്പോഴെങ്കിലും എന്നെക്കുറിച്ച് പത്രത്തിലൊരു റൈറ്റപ്പ് വരുമെന്നു കരുതിയത് വെറുതെയായി. ഈ ചാനലുകാരന്മാര്‍ എന്തോരം എന്റെ ചീരയും വെണ്ടക്കായയും കൊണ്ടുപോയി. 'ആര്‍ക്കുമെടുക്കാം റാവുവിന്റെ വെണ്ടക്കായ' അങ്ങനെയൊരു സ്‌റ്റോറി... ങേ. ഹേ...
ഞാനിപ്പോള്‍ ഒരു ചാനലില്‍ പണിയെടുക്കുന്നുണ്ട്. അത് റാവു മണത്തെടുത്തുവോ? എല്ലാം മണത്തുപിടിക്കുന്നവന്‍ ഗുണ്ടുറാവു. അങ്ങനെ തോന്നിപ്പോയി.

മാഷേ. എന്റെ കത്ത് ലേഖനമായി വന്ന വര്‍ഷമെങ്കിലും ഒന്നോര്‍ത്തു പറയൂ. നാളും തീയതിയുമൊന്നും വേണ്ട. ഇവിടെ പണ്ടമിരിപ്പുണ്ടല്ലോ. ഞാന്‍ കയറി തപ്പാം. 

ഈ നൈസാമിന്റെ ജുവല്‍ കളക്ഷന്റെ കാര്യമെങ്ങനെയായി? മലയാളികള്‍ മണ്ടന്മാരാണ്.

അയാള്‍ ലൈബ്രറിയെ നോക്കിയാണ് അതൊക്കെ പറഞ്ഞത്. അവിടത്തെ ന്യൂസ്‌പേപ്പര്‍ കളക്ഷനിലായിരുന്നു റാവുമനസ്സ്. എന്റെ കണ്ണ് ലൈബ്രറി മുറ്റത്ത് നിന്നിരുന്ന ഉള്ളൂര്‍സ്വാമിയുടെ വെങ്കലമുഖത്ത് വീണു.
അതിപ്പോള്‍ വര്‍ഷങ്ങള്‍ ആറേഴ് കഴിഞ്ഞില്ലേ. ഇനിയതിന്റെ ഡീറ്റയില്‍സ് എങ്ങനെ... നിങ്ങള്‍ പത്രത്തിന്റെ സൈറ്റിലൊന്നു കയറി നോക്കൂ. ഞാന്‍ നിസ്സഹായനായി. 

ആ നമ്പര്‍ തരൂ. ഞാനിടയ്ക്ക് വിളിക്കാം. മാഷക്ക് ഓര്‍മ്മ വരികയാണെങ്കില്‍? നെറ്റില്‍ കയറലൊക്കെ എനിക്കൊരുമാതിരിയാണ്.

അങ്ങനെയാണ് എന്റെ ഫോണ്‍ നമ്പര്‍ കൈവിട്ടുപോയത്.
ഹൈദ്രാബാദിലെ നൈസാമിന്റെ സ്വത്ത് സംബന്ധിച്ച കേസിലെ വിധി. എന്റെ ആയിരത്തിയെട്ടാമത്തെ കത്ത് വന്നിരിക്കുന്നു. നാഷണല്‍ ഡെയ്‌ലിയിലാണ്. നിങ്ങള്‍ തീരെ കാണാന്‍ സാധ്യതയില്ല. അതിനാല്‍ വിളിച്ചതാണ്. 

ഒരാഴ്ച കഴിഞ്ഞ് എന്റെ മൊബൈലില്‍ ഗുണ്ടുറാവു എത്തി.
പത്മനാഭസ്വാമിയുടെ നിധിയെക്കുറിച്ചുള്ള ലേഖനസംബന്ധിയായ ചിന്തകളാവും റാവുവിനെ വീണ്ടും ഉത്സാഹിതനാക്കിയത്. മരടിലെ ഫ്‌ലാറ്റ് പൊളിക്കല്‍, ജെ.എന്‍.യുവിലെ സമരം. ഗുണ്ടുറാവു ശ്രീകാര്യം വഴി വീണ്ടും കത്തിക്കയറിത്തുടങ്ങി.

അതെല്ലാം വിമതശബ്ദങ്ങള്‍ കൂടിയായിരുന്നു. ഗുണ്ടുറാവു കളം മാറ്റി ചവിട്ടുന്നുവോ? വേട്ടക്കരുടെ ഭാഗത്താണ് റാവുവിപ്പോഴെന്ന് എനിക്കു തോന്നി. എന്നോട് ചാനല്‍ചര്‍ച്ച ചാന്‍സ് വാങ്ങിപ്പിച്ചു കൊടുക്കണമെന്ന് പറയാതിരുന്നാല്‍ മാത്രം മതി.

ഓ, പെണ്ണും പെടക്കോഴീം. ഞാനിവിടുന്നുതന്നെ കെട്ടി. മക്കളും ആ വഴിക്കു പോയി. ഭാര്യയുടെ ബന്ധുവഴിയില്‍നിന്നുതന്നെ അവന്മാരും പെണ്ണെടുത്തു. ഇപ്പോ. അതുങ്ങളെല്ലാം ഒരു സെറ്റായി. എന്റപ്പ ചെക്കാലമുക്കില്‍ ഭൂമി വാങ്ങിച്ചത് ഭാര്യയുടെ ബന്ധുക്കളില്‍നിന്നായിരുന്നു. അന്ന് ഞാനവളെ കെട്ടിയിരുന്നില്ല. 

ഒരു ദിവസം വീട്ടുകാരെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം അങ്ങനെ പറഞ്ഞു. അതിനിടയിലും ഭൂമിയും ജാതിയും കടന്നുവന്നു. മലയാളികളെ തെറിപറയാന്‍ റാവു അന്നത്തെ ദിവസം മറന്നുപോയി.

ഇന്നു രാവിലെ ഗുണ്ടുറാവു, ശ്രീകാര്യം വഴി വേവലാതിയോടെ എന്നെ വിളിച്ചു. 
മാഷേ, 'പുരവേവുമ്പോള്‍ വാഴവെട്ടുന്നവര്‍.' ഞാനൊരു കത്തെഴുതി. ഈ രാജ്യത്തിലെ സര്‍വ്വ പത്രങ്ങള്‍ക്കും അയച്ചുകൊടുത്തു. ലെറ്റേഴ്‌സ് ടു എഡിറ്ററില്‍ ഒരുത്തന്മാരും പ്രസിദ്ധീകരിച്ചില്ല. എന്റെ ആയിരത്തി പന്ത്രണ്ടാമത്തെ കത്ത്. 

ലേഖനമാക്കി വികസിപ്പിക്കാന്‍ അതാരെങ്കിലും എടുത്തുമാറ്റിയതാവുമോ മാഷേ? അതാണെനിക്കു പേടി. ഇപ്പം പത്രങ്ങളിലൊക്കെ പലതരം കളികളാണ് നടക്കുന്നത്. ആ പഴയ സത്യസന്ധതയൊക്കെ പോയില്ലേ!
എന്താണതിലെ വിഷയം? എന്റെയുള്ള് ശരിയാണോ എന്നുറപ്പു വരുത്താന്‍ ഞാന്‍ ചോദിച്ചു.

പുതിയ നിയമം നടപ്പില്‍ വരുന്നേരത്ത് അവന്മാര്‍ക്ക് ഒന്നും തെളിയിക്കാന്‍ പറ്റില്ല. വെടികൊള്ളാണ്ടിരിക്കാന്‍ ഓടിപ്പോന്നവന്മാര്‍ക്ക് എന്തു തെളിവു കൊടുക്കാനുണ്ടാവും? അതൊക്കെ വച്ചുള്ള ഒരു കാച്ചായിരുന്നു.
അതേ. മറ്റൊന്നുമല്ല അതിന്റെ ഉള്ളിലിരിപ്പ്. 

നെല്ലൂരിലെ നമ്മുടെ നൂറ്റിപ്പന്ത്രണ്ട് ഏക്രയിലും അവന്മാരാണ്. അതൊക്കെയിപ്പോള്‍ പൊന്നുവിളയുന്ന നെല്‍പ്പാടങ്ങളാണ്.

ഒന്നെനിക്ക് തീര്‍ത്തും ഉറപ്പുണ്ട്. ഒരു തെളിവും വയ്ക്കാന്‍ കഴിയില്ല. കുട്ടിക്കാലത്ത് ഞാനും കുറെ കേസു നടത്തിയതാണ്. നാടുകടത്തലുണ്ടായാല്‍... ഞാനിവിടെനിന്നും പോകും. നെല്ലൂരിലെ ഭൂമി എനിക്ക് എടുക്കാമല്ലോ. ശിഷ്ടകാലമവിടെ... പഴയനിയമം കൊണ്ട് എനിക്കൊരു ഗതിയുണ്ടായില്ല. പുതിയതില്‍ ഞാന്‍ പച്ചപിടിക്കും.

മക്കളും ചെറുകുട്ടികളും ഭാര്യയുമൊന്നും നെല്ലൂരിലേയ്ക്കുണ്ടാവില്ല. ഇവിടത്തെ വരത്തന്‍ വിദ്വാന്മാര്‍ നാടുവിട്ടാല്‍ ചെക്കാലമുക്കിലെ പഴയ ആധാരങ്ങളെല്ലാം അവര്‍ക്ക് തിരികെ കിട്ടുമല്ലൊ. പിന്നെന്തിനവര് വരണം?
ഒറ്റയ്ക്കാണെങ്കിലും ഞാന്‍ പോയിരിക്കും. അവിടെച്ചെന്നു ഞാന്‍ രാജാവാകും.
എന്റെ മനസ്സിലുടയാന്‍ ഇനി വസികളില്ല. 

അതിനെന്താണു കുഴപ്പം? അതു നടപ്പിലാക്കുമ്പോള്‍ നോക്കിയാല്‍പ്പോരെ?
പുതിയ സംഹിതകളെക്കുറിച്ച് പരസ്യമായി അഭിപ്രായം പറയാത്ത എന്റെ മിത്രജനങ്ങളുടെ ഉള്ളിലിരിപ്പും ഇവ്വിധത്തിലാണല്ലോ. ഗുണ്ടുറാവു ശ്രീകാര്യം വഴിയുടെ വാക്കുകള്‍ അതോര്‍മ്മിപ്പിച്ചു.
ഹു ഈസ് ഗ്രേറ്റ്?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com