'ധൈര്യമുള്ള ഒരു സ്ത്രീ'- വേണു ബാലകൃഷ്ണന്‍ എഴുതിയ കഥ

വാങ്ങാന്‍ വന്ന സ്ഥലം നോക്കി രാമചന്ദ്രന്‍ നിന്നു. വൈകരുതെന്ന് ഉടമസ്ഥന്‍ പ്രത്യേകം പറഞ്ഞതുകൊണ്ട് പറഞ്ഞ സമയത്തുതന്നെ അയാള്‍ എത്തി. ഒരു ഇടപാടാകുമ്പോള്‍ വാക്കാണ് പ്രധാനം
വേണു ബാലകൃഷ്ണന്‍
വേണു ബാലകൃഷ്ണന്‍

വാങ്ങാന്‍ വന്ന സ്ഥലം നോക്കി രാമചന്ദ്രന്‍ നിന്നു. വൈകരുതെന്ന് ഉടമസ്ഥന്‍ പ്രത്യേകം പറഞ്ഞതുകൊണ്ട് പറഞ്ഞ സമയത്തുതന്നെ അയാള്‍ എത്തി. ഒരു ഇടപാടാകുമ്പോള്‍ വാക്കാണ് പ്രധാനം. വിശ്വാസം പോകാന്‍ മനുഷ്യര്‍ക്ക് അധികം നേരം വേണ്ടല്ലോ. എന്നിട്ടിപ്പോള്‍ വരാന്‍ പറഞ്ഞയാളെ കാണാനില്ല.

കുറച്ചുകൂടി കാക്കാമെന്ന് കരുതി അയാള്‍ അവിടെ നിന്നു. ആ ഭാഗത്തേയ്‌ക്കൊന്നും അയാള്‍ വന്നിട്ടില്ല. ആകെ ഒറ്റപ്പെട്ടു കിടക്കുന്ന ഒരിടം.

കുറച്ചുനാളായി ഇത്തിരി മണ്ണിനുവേണ്ടിയുള്ള അയാളുടെ അന്വേഷണം തുടങ്ങിയിട്ട്. പലയിടങ്ങളും പോയിക്കണ്ടു. ഒന്നും പിടിച്ചില്ല.

എന്നാലും ഭൂമിയന്വേഷിച്ചുള്ള നടത്തം രാമചന്ദ്രനെ രസം കൊള്ളിക്കുന്നുണ്ട്. നടന്നുനടന്ന് സ്വന്തം മണ്ണിലെത്തിച്ചേരും എന്ന വിചാരം ഏതു മനുഷ്യനാണ് ആനന്ദം പകരാത്തത്.

വയസ് അന്‍പതോട് അടുക്കുന്നു. കല്യാണവും നടന്നിട്ടില്ല.
ജീവിതം അയാളുടെ കാര്യത്തില്‍ വലിയ താല്പര്യമെടുത്തില്ലെന്നു തോന്നുന്നു. ഈ ലോകത്ത് എങ്ങനെയെങ്കിലും അങ്ങു കഴിഞ്ഞോളൂ എന്നു പറയും മട്ടിലായിരുന്നു അയാളുടെ കാര്യങ്ങള്‍.

ജീവികളില്‍ത്തന്നെ ഒച്ചിന് ഒട്ടും വേഗതയില്ലല്ലോ. പുലി പായുമ്പോള്‍ വ്രണം വലുതാകുന്നപോലെയല്ലേ ഒച്ചിന്റെ പോക്ക്. നോക്കുമ്പോള്‍ രണ്ടും ജീവിതം തന്നെ. പക്ഷേ, പറഞ്ഞിട്ടെന്താ.

ഇതുവരെ വച്ച എല്ലാ ചുവടുകളും അളന്നെടുത്ത് കൂട്ടിനോക്കിയിട്ടും സ്വന്തമെന്ന് പറയാവുന്ന ഒരിടത്തും അയാള്‍ എത്തിച്ചേര്‍ന്നില്ല. നടക്കുംതോറും നാലുപാടും അകന്നുപോകുന്ന ഒരിടമാണ് അയാള്‍ക്ക് ഭൂമി.
അങ്ങനെയിരിക്കെയാണ് ഈ സ്ഥലത്തിന്റെ ഉടമയെ രാമചന്ദ്രന്‍ യാദൃച്ഛികമായി പരിചയപ്പെടുന്നത്.
ഒന്നോര്‍ത്താല്‍ ഭൂമിയിലെ എല്ലാ ബന്ധങ്ങളും യാദൃച്ഛികമാണ്. സഹവസിക്കാനുള്ള പ്രേരണകൊണ്ട് മനുഷ്യന്‍ അതറിയുന്നില്ലെന്നേയുള്ളൂ.

ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

രാമചന്ദ്രന്റെ ഫോണിലേയ്ക്ക് അപ്പോള്‍ ഉടമസ്ഥന്റെ  വിളി വന്നു. നിങ്ങളിത് എവിടാ എന്ന് ഒച്ച ഉയര്‍ത്തി ചോദിക്കാന്‍ തുനിഞ്ഞതാണ്. മറുതലയ്ക്കല്‍ അപ്പോള്‍ അയാളുടെ വെപ്രാളത്തോടെയുള്ള ശബ്ദം. സാറേ എന്റെ ഭാര്യയ്ക്ക് ചെറിയൊരു വയ്യായ്ക. അവളേയും കൊണ്ട് ആശുപത്രിയില്‍ വന്നിരിക്കുകയാണ്. ഡോക്ടര്‍ എത്തേണ്ട താമസം ഞാന്‍ ഓടിവരാം. അത്രയും അയാള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു. ബുദ്ധിമുട്ടില്ലെങ്കില്‍ കുറച്ചുകൂടി കാത്തുനില്‍ക്കാമോ എന്ന് ഒടുവിലൊരു അഭ്യര്‍ത്ഥനയും.

ശരിയെന്ന് രാമചന്ദ്രന്‍ മറുപടി നല്‍കി. ഓഫീസില്ലാത്ത ദിവസമായതുകൊണ്ട് അയാള്‍ക്കും തിരക്കില്ല.
പറമ്പിന്റെ ഗേറ്റ് വലിയൊരു താഴിട്ട് പൂട്ടിയിരിക്കുന്നു. അല്ലെങ്കില്‍ അകമൊക്കെ ഒന്നു കാണാമായിരുന്നു. സമയവും പോയേനേ. അയാള്‍ പൂട്ട് വെറുതെ ഒന്നു താഴ്ത്തി നോക്കി. ആ പറമ്പിനെപ്പറ്റി ഒന്നും മിണ്ടരുതെന്ന് പറഞ്ഞേല്പിച്ചപോലെ അത് തുറക്കാന്‍ കൂട്ടാക്കാതെ കിടക്കുന്നു.

ആരാ എന്ന് അപ്പോള്‍ പിന്നില്‍നിന്ന് ഒരു ചോദ്യം. സംശയിച്ച് നോക്കിയപ്പോള്‍ ആഗതന്‍ പറഞ്ഞു:
പറമ്പില്‍ ഒരു കണ്ണു വേണേയെന്ന് പിള്ളച്ചേട്ടന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. പറഞ്ഞാ മതി കരുണനെ കണ്ടെന്ന്.
പുറംനാട്ടുകാരന് വിശ്വാസം വരാന്‍ അയാള്‍ പറഞ്ഞു.

എന്നിട്ട് ശബ്ദത്തില്‍ ആധികാരികത വരുത്തി അന്വേഷിച്ചു. വാങ്ങാനുദ്ദേശിച്ചു വന്നതാണോ.
കാഴ്ചയില്‍ തന്നോളം തന്നെ പ്രായമുള്ള ആ മനുഷ്യനോട് രാമചന്ദ്രന്‍ അതേ എന്നു പറഞ്ഞു.
ഈ ഭാഗത്ത് നല്ല മണ്ണാ. എന്റെ അച്ഛനും ഇവിടെ വന്നു പൊറുതി തൊടങ്ങിയ ആളാ. പത്തറുപതു കൊല്ലം മുന്‍പ്. ആഗതന്‍ വിശദമായിത്തന്നെ പറയാന്‍ ഒരുങ്ങുകയാണെന്നു തോന്നി.

അപ്പോള്‍ കുറച്ചു പണിക്കാര്‍ ആ വഴി വന്നു. അവരോടു നടന്നോളാന്‍ പറഞ്ഞിട്ട് കരുണന്‍ സംഭാഷണം തുടര്‍ന്നു:
തോട്ടത്തിലെ പണിക്കാരാ. കുറച്ചങ്ങോട്ടു മാറി എനിക്കും സ്ഥലമുണ്ട്. അടുത്ത നിമിഷം പറഞ്ഞതിലെ അബദ്ധമോര്‍ത്ത് അയാള്‍ ചെറുതായൊന്നു ചിരിച്ചു. അയ്യോ വില്‍ക്കാന്‍ ഉദ്ദേശിച്ചല്ല പറഞ്ഞത്.

രാമചന്ദ്രന്‍ ആ ഫലിതം പ്രോത്സാഹിപ്പിച്ചില്ല. മിസ്റ്റര്‍ പിള്ളയ്ക്ക് വീട്ടില്‍ എന്തോ അത്യാവശ്യം. വൈകില്ലെന്നു പറയാന്‍ ഇപ്പൊ വിളിച്ചിരുന്നു. രാമചന്ദ്രന്റെ മറുപടി സംസാരം നീട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നു തോന്നിക്കും മട്ടിലായിരുന്നു.

ആഗതന് അതു മനസ്സിലായി. അയാള്‍ ഏതാനും ചുവടു നടന്ന ശേഷം തിരിഞ്ഞ് രാമചന്ദ്രനെ നോക്കി പറഞ്ഞു: ഇവിടെ അടുത്ത് എന്റെ വീടു മാത്രമേ ഉള്ളൂ. ഇങ്ങോട്ടു വരുമ്പോള്‍ കണ്ടു കാണുമല്ലോ.

രാമചന്ദ്രന്‍ കണ്ടെന്ന മട്ടില്‍ തലയാട്ടി. സത്യത്തില്‍ അയാള്‍ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല.
കുറച്ചു കഴിയുമ്പൊ നല്ല ചൂടാകും. അപ്പൊ ഇത്തിരി വെള്ളം കുടിക്കണമെന്നോ മറ്റോ തോന്നിയാല്‍ അങ്ങോട്ടു പൊയ്‌ക്കോളൂ.

അങ്ങനെ പറഞ്ഞിട്ട് അയാള്‍ പണിക്കാര്‍ നടന്നുപോയ വളവു കടന്ന് മരങ്ങള്‍ക്കിടയില്‍ മറഞ്ഞു. അപ്പോള്‍ പണിക്കാര്‍ മറ്റൊരു തിരിവില്‍ പ്രത്യക്ഷപ്പെട്ടു. കുറച്ചു കഴിഞ്ഞാല്‍ അയാളും അവിടെയെത്തും. പിന്നെ അവരെല്ലാവരും മറഞ്ഞുപോകും. അങ്ങനെ സമയം നീങ്ങുന്നത് മനുഷ്യരിലൂടെയാണെന്ന് രാമചന്ദ്രനു തോന്നി.

വെയില് വന്നു. നല്ല ചൂടുള്ള വെയില്‍. ഇത്രയും മരങ്ങള്‍ തിങ്ങി നിന്നിട്ടും അതെല്ലായിടവും പരന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പൊള്ളുന്ന വെയിലായി. അവിടെയുള്ള നില്‍പ്പ് രാമചന്ദ്രന് ഒട്ടും സുഖകരമായി തോന്നിയില്ല. അയാള്‍ക്ക് വിയര്‍പ്പും ദാഹവും ഏറിവന്നു.

പറമ്പിന്റെ ഉടമസ്ഥനെ വിളിച്ച് എന്തായെന്ന് അന്വേഷിച്ചാലോ എന്ന് രാമചന്ദ്രന്‍ ആലോചിച്ചു. അടുത്ത നിമിഷം വേണ്ടെന്നു വച്ചു. ആശുപത്രിയില്‍ നില്‍ക്കുന്ന ഒരാളിനെ വിളിച്ചു  തിരക്കു കൂട്ടുന്നത് മനുഷ്യത്വമല്ല. അയാളുടെ ഭാര്യയ്ക്ക് വയ്യാതിരിക്കുമ്പോള്‍ തനിക്ക് ഇവിടുത്തെ ചൂട് സഹിക്കാന്‍ വയ്യെന്ന് ന്യായം പറയാന്‍ പറ്റില്ലല്ലോ. വേറൊരു ദിവസം വരാം എന്നു പറഞ്ഞൊഴിയുന്നതും ശരിയല്ല. പറ്റില്ലെങ്കില്‍ അയാള്‍ തന്നെ വിളിച്ചു പറയട്ടെ. അതാണ് മര്യാദ.

അങ്ങനെ ചിന്തിച്ച് വന്ന വഴിയിലൂടെ രാമചന്ദ്രന്‍ കുറച്ചുദൂരം നടന്നു. അപ്പോള്‍ മരങ്ങള്‍ക്കിടയില്‍ നീലച്ചായം പൂശിയ ഒരു വീടു കാണായി. അവിടെക്കയറി ഇത്തിരി വെള്ളം കുടിച്ചാലോ എന്ന് അയാള്‍ ആലോചിച്ചു. വീട്ടുകാരന്‍ അനുവാദം തന്നതല്ലേ.

അയാള്‍ നടന്ന് വീടിന്റെ ഗേറ്റിനു മുന്നിലെത്തി. പൂമുഖത്ത് ആരെങ്കിലും ഉണ്ടോ എന്നു നോക്കി. ആരുമില്ല.
വെയിലിന്റെ പുതുമുണ്ടുപോലുള്ള മണവും ഇലകളുടെ നേര്‍ത്ത അനക്കവും മാത്രമാണ് എല്ലായിടത്തും. മനുഷ്യരും മൃഗങ്ങളും ഒന്നിച്ച് ഇല്ലാതായപോലെ.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ ആ വീട്ടില്‍നിന്ന് ഇറങ്ങിവന്നു.
നാല്‍പ്പത്തഞ്ചിനടുത്ത് പ്രായം. കാഴ്ചയില്‍ പ്രൗഢ.
ആരാ. അവള്‍ ചോദിച്ചു.

അയാള്‍ മിണ്ടാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ അവള്‍ തുടര്‍ന്നു:
ഇവിടുത്തെയാള്‍ തോട്ടത്തില്‍ പോയിരിക്കുവാ. ഉച്ചയാവും വരാന്‍.
ആഗതനെ വേഗം പിരിച്ചയക്കാനുള്ള തിടുക്കമുണ്ട് ആ വാക്കുകളില്‍.
ഞാന്‍ കണ്ടിരുന്നു. അയാള്‍ മറുപടി പറഞ്ഞു.
ആരെ.
വീട്ടുകാരനെ. ഞാന്‍ ആ സ്ഥലം നോക്കാന്‍ വന്നതാ. രാമചന്ദ്രന്‍ കുറച്ചകലേയ്ക്കു വിരല്‍ ചൂണ്ടിപ്പറഞ്ഞു.
ഞങ്ങള്‍ അതൊന്നും കൊടുക്കാനിട്ടിരിക്കുവല്ല.
നിങ്ങളുടെയല്ല.
പിന്നെയാരുടെ, പിള്ളച്ചേട്ടന്റേയോ?
അതെ.
ഓ. എന്നിട്ട് പിള്ളച്ചേട്ടന്‍ എവിടെ?
അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് എന്തോ വയ്യായ്ക. ആശുപത്രിയില്‍ കൊണ്ടുപോയിരിക്കുവാ. എന്നോട്ട് കുറച്ചുനേരം കൂടി നില്‍ക്കാമോ എന്നു ചോദിച്ചു.
അയാള്‍ അതുവരെ നടന്നതെല്ലാം ചുരുക്കിപ്പറഞ്ഞു.
എന്നിട്ട് ഞങ്ങടിങ്ങോട്ടു വന്നോളാന്‍ പറഞ്ഞോ പിള്ളച്ചേട്ടന്‍.
ഇല്ല.

ആ മറുപടി കേട്ടപ്പോള്‍ വീട്ടുകാരിയുടെ ഭാവം മാറി. പിന്നെന്തിനാണ് വന്നതെന്ന മട്ടില്‍ അവള്‍ അയാളെ നോക്കി.
ഇവിടുത്തെയാള്‍ തന്നെയാ പറഞ്ഞെ. വെള്ളം വല്ലതും വേണമെങ്കില്‍ ഇവിടെ വന്നു ചോദിച്ചാല്‍ മതിയെന്ന്. പറഞ്ഞപ്പൊ ഇത്രയ്ക്ക് ചൂടുണ്ടാകുമെന്ന് കരുതിയില്ല.

അയാള്‍ തളര്‍ച്ചയാറ്റുന്ന മട്ടില്‍ കൈലേസുകൊണ്ട് മുഖവും കഴുത്തും തുടച്ച് തന്റെ ഉദ്ദേശ്യം എന്താണെന്ന് ഒന്നുകൂടി വ്യക്തമാക്കി.
എന്തൊരു ചൂട്.
വെള്ളം വേണോ.
വേണം.
കയറി ഇരിക്കൂ.

അങ്ങനെ പറഞ്ഞിട്ട് അവള്‍ അകത്തേയ്ക്ക് പോയി. അയാള്‍ ഉമ്മറത്തെ കസേരയില്‍ കയറി ഇരുന്നു.
ഇത്തിരി ആശ്വാസം തോന്നിയപ്പോള്‍ പുരുഷസഹജമായ വിചാരങ്ങളിലേയ്ക്ക് അയാളുടെ മനസ്സ് കടന്നു. ഈ സ്ത്രീ ഇവിടെ ഒറ്റയ്ക്കാണോ. വീട്ടിനുള്ളില്‍ ആരുടേയും ഒച്ചയും അനക്കവും കേള്‍ക്കുന്നില്ല. ഒരുപക്ഷേ, തനിച്ചായതുകൊണ്ടാകാം അവരുടെ മുഖത്ത് സംഭ്രമം. അയാള്‍ നിരൂപിച്ചു.

അടുത്ത നിമിഷം അയാളുടെ ചിന്ത മറ്റൊരു വഴിക്കു തിരിഞ്ഞു. ചൂടുണ്ടെന്നത് ശരിയാണെങ്കിലും സഹിക്കാന്‍ പറ്റാത്തത്ര പാരവശ്യമില്ല. വെള്ളം കിട്ടിയാല്‍ കൊള്ളാമെന്നല്ലാതെ തൊണ്ട വരണ്ടിട്ടൊന്നുമില്ല. പിന്നെന്തിനാണ് ഒരു പരിചയവുമില്ലാത്ത ഒരു വീട്ടിലേയ്ക്കുള്ള തന്റെ വരവും അവിടെയുള്ള ഈ ഇരിപ്പും.

അടുത്തെങ്ങും ആരുമില്ലെന്നും സ്വന്തം വീട്ടിലേയ്ക്ക് കയറിച്ചെന്നോളൂ എന്നും ഒരു വീട്ടുകാരന്‍ തന്നെ പറഞ്ഞതിലെ ആകര്‍ഷകത്വം അയാളെ അവിടെ എത്തിച്ചതാണോ. എങ്കില്‍ അതെന്തൊരു മോശമാണ്. അങ്ങനെ തെറ്റായ ഒരു ഉദ്ദേശ്യത്തോടെയാണോ താന്‍ അവിടെയിരിക്കുന്നതെന്ന് അയാള്‍ക്ക് സംശയമായി.

ഒന്നും ചെയ്യേണ്ട. ഇത്തരം ആലോചനകള്‍കൊണ്ടുതന്നെ ഒരു പുരുഷന് സ്ത്രീയെ തീരാത്ത അനിശ്ചിതത്വത്തിലേയ്ക്ക് തള്ളിവിടാനാകും.

അകത്തേയ്ക്ക് വെള്ളമെടുക്കാന്‍ പോയ ആ വീട്ടുകാരിയുടെ അവസ്ഥ ഇപ്പോള്‍ എന്തായിരിക്കും? ഭര്‍ത്താവാണ് ഒരു അപരിചിതന് അവിടെ വന്നിരുന്നോളൂ എന്ന അനുവാദം നല്‍കിയിരിക്കുന്നത്. അല്ലെങ്കില്‍ ആ കയറിവന്നയാള്‍ അങ്ങനെയാണ് അവളോടു പറഞ്ഞിരിക്കുന്നത്.

സത്യമെന്താണെന്ന് ഭര്‍ത്താവിനെ വിളിച്ചു ചോദിക്കാന്‍ അവള്‍ക്ക് ഒരു മാര്‍ഗ്ഗവുമില്ല. വാതില്‍ക്കല്‍ വന്നിരിക്കുന്ന അപരിചിതനെ വെട്ടിച്ച് പുറത്തിറങ്ങാനുമാകില്ല.

അങ്ങനെ പറമ്പുകാണലും അതിന്റെ കച്ചവടവുമൊക്കെ നടക്കേണ്ട ഒരിടം പൂര്‍ണ്ണമായും അതല്ലാതായി മാറുകയാണ്. അവിടെ അപരിചിതനായ ഒരു പുരുഷനും അയാള്‍ക്കു മുന്നില്‍ അകപ്പെട്ടുപോയ ഒരു സ്ത്രീയും മാത്രമാകുന്നു.

ഉള്ള ഇരുട്ടിനേക്കാള്‍ കൂടുതല്‍ ഇല്ലാത്ത ഇരുട്ടാണ് ഇപ്പോള്‍ അവള്‍ക്കു ചുറ്റും. ആ ഇരുട്ടില്‍ നില്‍ക്കുമ്പോള്‍ പിള്ളച്ചേട്ടന്‍ വന്നിരുന്നെങ്കില്‍ എന്ന് അവള്‍ ആഗ്രഹിച്ചു. എന്നാല്‍, അങ്ങനൊരാളെ ഓര്‍ത്തെടുക്കാന്‍പ്പോലും അവള്‍ക്കു കഴിയുന്നില്ല.
ഭാര്യയുടെ അസുഖം എന്തെന്നറിയാതെ വെപ്രാളപ്പെട്ടു നില്‍ക്കുന്ന അയാള്‍ അവളുടെ ഓര്‍മ്മയില്‍ എന്തിനു വരണം. അയാളുടെ മനസ്സിലപ്പോള്‍ താന്‍ കാത്തുനിര്‍ത്തിയിരിക്കുന്ന ഇടപാടുകാരന്‍ പോലും ഉണ്ടാകണമെന്നില്ല. ഒറ്റപ്പെട്ട ഒരിടത്ത് ഒരു പുരുഷനെ എത്തിച്ചതോടെ അവര്‍ തമ്മിലുള്ള ഇടപാട് അവസാനിച്ചിരിക്കുന്നു.
അവള്‍ ഒന്നു നടുങ്ങി.

പറമ്പുകളും തോട്ടങ്ങളും അവിടവിടെ മാത്രം ക്ഷീണിച്ച വീടുകളുമുള്ള ആ പ്രദേശത്ത് ആളുകളുടെ പോക്കുവരവുകള്‍ തീരെ കുറവാണ്. പിള്ളച്ചേട്ടനെപ്പോലും കണ്ട കാലം മറന്നു. പിന്നെയാണ് പുറത്തു നിന്നാരെങ്കിലും വരാന്‍. ആ ഭാഗത്ത് പത്തുമുപ്പത് കൊല്ലമായിക്കാണും എന്തെങ്കിലും ഒരിടപാട് നടന്നിട്ട്. അവിടെയാണ് പുതുതായി എന്തിന്റേയോ തുടക്കമിടാനെന്ന മട്ടില്‍ ഒരാള്‍ വന്നിരിക്കുന്നത്.

രാമചന്ദ്രന്‍ ഒന്ന് മുരടനക്കി. വെള്ളം കൊണ്ടുവരാന്‍ പോയ ആള്‍ എവിടെ എന്നാണോ അതിന്റെ അര്‍ത്ഥം. സ്ത്രീക്കും പുരുഷനുമിടയില്‍ എന്തും സംഭവിക്കാമെന്ന സാഹചര്യം വന്നാല്‍ ആദ്യം പിന്‍വാങ്ങുക ഭാഷയായിരിക്കും. ഒന്നും പറയാതെ തന്നെ അവള്‍ക്കും അവനും പിന്നെ എല്ലാം മനസ്സിലാകും.

അവള്‍ അകത്തേയ്ക്കു പോയിട്ട് അധികനേരമായില്ലെന്നും അയാള്‍ക്ക് അങ്ങനെ തോന്നരുതേയെന്നും അവള്‍ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. അക്ഷമനായ പുരുഷനെ ആര്‍ക്കും നിയന്ത്രിക്കാനാവില്ലല്ലോ.

പുറത്തപ്പോള്‍ കസേര നീങ്ങിയപോലത്തെ ശബ്ദം. തോന്നിയതാണോ. അതോ ഇനി അയാളെങ്ങാനും അകത്തേയ്ക്കു വരാന്‍ എഴുന്നേറ്റതോ.

അവള്‍ ഗ്ലാസ്സ് എടുക്കുകയോ കൂജയില്‍നിന്നു വെള്ളം പകരുകയോ ഒന്നും ചെയ്തിട്ടില്ല. അനങ്ങാന്‍ കഴിഞ്ഞിട്ടു വേണ്ടേ. അവിടെയുള്ള എല്ലാം അയാളുടെ നിയന്ത്രണത്തിലായതുപോലെ.

ഇനിയും വൈകിയാല്‍ അയാള്‍ തന്നെത്തേടി അകത്തേയ്ക്കു വരുമെന്ന് അവള്‍ ഉറപ്പിച്ചു. ഇങ്ങനെ മറഞ്ഞുനില്‍ക്കുന്നത് ഒട്ടും സുരക്ഷിതമല്ല. വെള്ളവുമായി എത്രയും വേഗം പുറത്തേയ്ക്ക് ചെല്ലുന്നതാണ് ബുദ്ധി.

അവള്‍ കൂജയില്‍നിന്നു ഗ്ലാസ്സിലേയ്ക്കു വെള്ളം പകര്‍ന്ന ശേഷം വാതില്‍ക്കലേയ്ക്ക് നടന്നു.

പത്തിരുപത്തഞ്ചു കൊല്ലമായിക്കാണും അവള്‍ ആ ഭര്‍ത്തൃഭവനത്തില്‍ പാര്‍പ്പുറപ്പിച്ചിട്ട്. അയല്‍പക്കമെന്നു പറയാന്‍ തൊട്ടടുത്തെങ്ങും ആരുമില്ലെന്നറിഞ്ഞിട്ടുതന്നെയാണ് അവള്‍ അവിടെ വന്നത്. എന്നിട്ടും തനിച്ചാണെന്ന തോന്നല്‍ അവള്‍ക്കൊരിക്കലും ഉണ്ടായിട്ടില്ല. അതിനൊരു കാരണമുണ്ട്.

വൈക്കത്തമ്പലത്തിനടുത്തായിരുന്നു അവളുടെ വീട്. അഷ്ടമി ഉത്സവം നടക്കുന്നതിനിടെയാണ് കരുണനെ അവളാദ്യമായി കാണുന്നത്. കൂട്ടുകാര്‍ക്കൊപ്പം ചടുലമായി നടന്നുപോകുന്ന ഒരു യുവാവ്. ഒരു നോട്ടമേ കണ്ടുള്ളൂ. വിശേഷിച്ച് ഒന്നും തോന്നിയതുമില്ല. പിറ്റേന്നുണരുമ്പോള്‍ മനസ്സിന് ഒരു ഭാരം.

വൈക്കത്തപ്പനേയും ഉദയനാപുരത്തു സുബ്രഹ്മണ്യനേയും എഴുന്നള്ളിച്ചുള്ള ആനകള്‍ മനസ്സില്ലാ മനസ്സോടെ യാത്ര ചോദിക്കുന്നതു കണ്ട് പുലര്‍ച്ചേ വന്നു കിടക്കുന്ന വൈക്കംകാര്‍ക്കെല്ലാം പതിവുള്ളതാണത്. അതാകുമെന്നാണ് അവളും കരുതിയത്.

പിറ്റേന്നത്തെ ആറാട്ടിനും മുക്കുടി നിവേദ്യത്തിനും അയാളെ കണ്ടില്ല. പേരും പെരുമയുമുള്ള അഷ്ടമി വിളക്കുമാത്രം കാണാന്‍ പുറമേനിന്നു വരുന്നവര്‍ അങ്ങനെയാണ്. അവര്‍ ആറാട്ടിന്റന്നുകൂടി തങ്ങാറോ അടുത്ത അഷ്ടമിക്ക് വരാറോയില്ല. ഉത്സവങ്ങള്‍ക്കൊപ്പം അങ്ങനെ വേറെ ചിലതുകൂടി നഷ്ടപ്പെടാനുണ്ടെന്ന് അവള്‍ക്കു തോന്നി.

വൈക്കത്തഷ്ടമി വീണ്ടുമെത്തി. പുരുഷാരം അവിടെ തിങ്ങിക്കൂടി. ആള്‍ത്തിരക്കിലേയ്ക്ക് പെരുംതൃക്കോവിലപ്പന്റെ തിടമ്പെഴുന്നള്ളിപ്പ് വന്നു.

തെക്കേ മുറ്റത്ത് ഭഗവാന്‍ എഴുന്നള്ളി നിന്നപ്പോള്‍ പ്രദക്ഷിണവഴിയാകെ ദീപപ്രഭ. ഏഴു പ്രദക്ഷിണമുള്ളതില്‍ ഓരോന്നിനും ഓരോ വാദ്യവിശേഷം. പിന്നെ ഉദയനാപുരത്തെ വരവും പ്രതീക്ഷിച്ച് പെരുംതൃക്കോവിലപ്പന്റെ നില്‍പ്പ്.
അപ്പോഴതാ എഴുന്നെള്ളിപ്പെത്തുന്ന വീഥിയില്‍ ചടുലമായുള്ള ഒരു നടപ്പ് കണ്ണില്‍പ്പെടുന്നു. ഇത്തവണ കൂട്ടുകാരില്ല. ഒറ്റയ്ക്കാണ് വരവ്. എന്തോ ഉറപ്പിക്കാനെന്ന മട്ടില്‍.

അടുത്ത അഷ്ടമിക്കു മുന്‍പ് കരുണന്‍ വന്നു വിളിച്ചു. അവള്‍ ഇറങ്ങിപ്പോന്നു. അതു പിന്നീട് വലിയ കലഹമായി.
സത്യാഗ്രഹം നടന്ന സ്ഥലമാണെന്നൊക്കെ പറഞ്ഞിട്ടെന്താ, അവളുടെ വീട്ടുകാര്‍ കരുണനെപ്പറ്റി അന്വേഷിച്ചപ്പോള്‍ ഒത്തുപോകാന്‍ പറ്റാത്ത ബന്ധം. കരുണന്റെ അച്ഛന്‍ അയാളുടെ അമ്മയെ ഉപേക്ഷിച്ച് എവിടെയോ പൊയ്ക്കളഞ്ഞതാണ്. കുറച്ചുകാലം മുന്‍പ് ആ സ്ത്രീയും മരിച്ചു. അങ്ങനെ കരുണനിപ്പോള്‍ ആരുമില്ല.

അതിനേക്കാള്‍ വിചിത്രം കരുണന്റെ അച്ഛനെപ്പറ്റി ആ വീട്ടുകാര്‍ക്കു കിട്ടിയ വിവരമായിരുന്നു. അയാളും സ്‌നേഹിച്ചു വിവാഹം കഴിച്ചയാളാണ്. പക്ഷേ, ഭാര്യയെ ഭയങ്കര സംശയം. അതുകൊണ്ട് ഉള്ളതെല്ലാം വിറ്റിട്ട് അധികമാരും ചെന്നുപറ്റാത്ത ഏതോ ഒരിടം തേടിപ്പിടിച്ചു. അവിടെ ഭൂമിക്ക് തീരെ വിലക്കുറവായതുകൊണ്ട് ഏക്കറുകണക്കിനു കിട്ടി.
മണ്ണ് വെറുതേയിടാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അയാള്‍ അവിടെ കൃഷി തുടങ്ങി. അതോടെ അയാളുടെ രോഗവും തിരികെ വന്നു. പണിക്കാരെ മുഴുവന്‍ സംശയം. കുറച്ചുനാള്‍ കഴിഞ്ഞപ്പൊ എല്ലാവരേയും പറഞ്ഞുവിട്ടു. ഒരു ദിവസം അയാളും അങ്ങിറങ്ങിപ്പോയി.

ഒളിച്ചോടി വിവാഹം രജിസ്റ്റര്‍ ചെയ്ത ദിവസം കരുണനും അവളും തങ്ങിയത് ഒരു ലോഡ്ജിലാണ്. അവിടെയിരുന്ന് കരുണന്‍ അയാളുടെ കഥ പറഞ്ഞു. എല്ലാം കേട്ടശേഷം നമുക്ക് ആ വീട്ടിലേയ്ക്കു തന്നെ പോകാമെന്നു പറഞ്ഞത് അവള്‍ തന്നെയാണ്. അതു വേണോയെന്ന് കരുണന്‍ ചോദിച്ചു. ഭാര്യയെ സംശയിക്കുന്ന ഒരു ഭര്‍ത്താവ് അയാളുടെ മനോനില കൊണ്ടു പണിത വീടാണത്.

നിന്റെ പെരുംതൃക്കോവിലപ്പനെപ്പോലെ അവിടെ എന്റച്ഛനെങ്ങാനും എന്നെയും കാത്തുനില്‍ക്കുന്നുണ്ടെങ്കിലോ. കരുണന്‍ പ്രവചനം പോലെ പറഞ്ഞു.

അതുകേട്ട് അവള്‍ ചിരിക്കുക മാത്രം ചെയ്തു.

അവള്‍ ആവശ്യപ്പെട്ടപോലെ ആ വീടു തുറന്ന് അവര്‍ അവിടെ താമസം തുടങ്ങി. വൈക്കത്തുനിന്നു വഴിതെറ്റിപ്പോലും അവിടേയ്ക്ക് ആരും വന്നില്ല. അതായിരുന്നു അവള്‍ക്കു വേണ്ടിയിരുന്നത്.

കരുണന്‍ തോട്ടത്തിലേയ്ക്കു പോയാല്‍പ്പിന്നെ അവള്‍ ഒറ്റയ്ക്കാണ്. ഒന്നുറക്കെ വര്‍ത്തമാനം പറയാന്‍ പോലും അവിടെ ആരുമില്ല. എന്നിട്ടും വൈക്കത്തപ്പന്റെ അടുക്കളപ്പുറത്തെ വീടാണെന്ന മട്ടില്‍ അവള്‍ അവിടെ തിരക്കിട്ടു പണികളുമായി കഴിഞ്ഞു.

നടയടച്ചപോലുള്ള ചില രാത്രികളില്‍ കരുണന്‍ അവളുടെ ശിരസുഴിഞ്ഞുകൊണ്ട് നീ ഇവിടെ ഒറ്റയ്ക്കായല്ലേയെന്നു ചോദിക്കും. മക്കള്‍ പിറക്കുന്നില്ലല്ലോ എന്ന ആധിയായിരുന്നു അയാളുടെ ചോദ്യത്തില്‍. അപ്പോള്‍ ഉത്സവപ്പറമ്പില്‍ വച്ചു കണ്ടുമുട്ടിയ മനുഷ്യര്‍ എങ്ങനെ ഒറ്റയ്ക്കാകുമെന്ന് അവള്‍ അയാളെ സമാധാനിപ്പിക്കും.

അങ്ങനെ ഭര്‍ത്താവിനേക്കാള്‍ ധൈര്യപൂര്‍വ്വം ജീവിച്ച സ്ത്രീയാണ് കൈകള്‍ വിറയ്ക്കുന്നില്ലെന്ന് ഒരു നൂറു വട്ടം ഉറപ്പു വരുത്തി ഇപ്പോള്‍ ആ വീടിന്റെ ഉമ്മറത്തേയ്ക്ക് നടക്കുന്നത്.

അവളെ കണ്ടപാടേ രാമചന്ദ്രന്‍ എഴുന്നേറ്റു. ഗ്ലാസ്സ് കൈമാറുമ്പോള്‍ അയാളുടെ കൈകള്‍ തന്നെ തൊടാതിരിക്കാന്‍ ആ വീട്ടമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാല്‍, അയാളുടെ ചലനങ്ങളില്‍ ഒരു അസ്വാഭാവികതയും അവള്‍ക്ക് തോന്നിയില്ല. അകത്തിരുന്ന് അവള്‍ സങ്കല്പിച്ചു കൂട്ടിയ ആളേ അല്ല അയാളെന്ന് ആ അപരിചിതന്റെ ഓരോ പ്രവൃത്തിയും വിളിച്ചുപറഞ്ഞു. അതോടെ അവളുടെ പിരിമുറുക്കം ഒരല്പം അയഞ്ഞു.

രണ്ടോ മൂന്നോ ഇറക്കില്‍ അയാള്‍ ഗ്ലാസ്സ് കാലിയാക്കി. അയാളുടെ ദാഹം മാറിയില്ലെന്നു തോന്നുന്നു. അവള്‍ വേഗം അകത്തുപോയി ഒരു മൊന്ത നിറച്ച് വെള്ളമെടുത്തുകൊണ്ടുവന്നു.

ആ വീട്ടുകാരി വീണ്ടും വെള്ളം പകരുമ്പോള്‍ ചുവരിലെ ഒരു വലിയ ഫോട്ടോയിലാണ് രാമചന്ദ്രന്റെ ദൃഷ്ടി പതിഞ്ഞുനിന്നത്. ആനകളെ വരെ ചിതലു തിന്നുന്ന വളരെ പഴയൊരു ഫോട്ടോയായിരുന്നു അത്.
ഇത് വൈക്കത്തമ്പലമല്ലേ?
അയാളുടെ ചോദ്യം കേട്ട് അവളും അത്ഭുതപ്പെട്ടു.
അതെ. എങ്ങനെ മനസ്സിലായി.

അയാള്‍ ഗ്ലാസ്സ് തിണ്ണയില്‍ വെച്ചിട്ട് ആ ഫോട്ടോയുടെ അടുത്തേയ്ക്കു നീങ്ങി.
വൈക്കത്തുകാരോടാണോ മനസ്സിലായോന്ന് ചോദിക്കുന്നെ?
ഫോട്ടോയില്‍നിന്ന് കണ്ണെടുക്കാതെയാണ് അയാളതു പറഞ്ഞത്.
ഇതെന്താണെന്നറിയുമോ?
അയാള്‍ അവള്‍ക്കറിയില്ലെന്ന ഉറപ്പോടെ ചോദിച്ചു.

അവള്‍ കൈകളില്‍ കൂട്ടിപ്പിടിച്ചിരുന്ന മൊന്ത വെറുതേ തിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
ഉത്തരം അറിയാത്ത ഒരാള്‍ക്ക് അതു പറഞ്ഞുകൊടുക്കുന്ന ആത്മവിശ്വാസത്തോടെ അയാള്‍ തുടര്‍ന്നു.
വലിയ കാണിക്ക കഴിഞ്ഞ് ഉദയനാപുരത്തപ്പന്റെ ഹൃദയസ്പൃക്കായ വിടവാങ്ങലാണ് നടക്കുന്നത്. അകമ്പടിയായി ആ സമയത്ത് വാദ്യങ്ങളൊന്നും ഉണ്ടാകാറില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ ശോകമൂകമായിരിക്കും.
അയാള്‍ പ്രാര്‍ത്ഥിക്കുന്ന മട്ടിലാണ് അതെല്ലാം ഉരുവിട്ടത്. അവളോടു പറയുന്നതിനേക്കാള്‍ രസം അയാളോടു തന്നെ മന്ത്രിക്കുന്നതാണെന്ന ഒരാനന്ദം ആ വാക്കുകളിലുണ്ടായിരുന്നു.

ഉമ്മറത്തെ അലങ്കരിക്കുന്ന ഒരു ഫോട്ടോ എന്നതിനപ്പുറം അതിന്റെ മഹത്വം അറിയാത്ത ആ വീട്ടമ്മയുടെ മുഖത്തുനോക്കി അതെല്ലാം എന്തിനു പറയണമെന്ന് അയാള്‍ വിചാരിച്ചു കാണണം.

അഷ്ടമി വിളക്കിന്റെ അവസാനം ശിവപെരുമാള്‍ ശ്രീകോവിലിലേയ്ക്കും മകന്‍ ഉദയനാപുരത്തേയ്ക്കും എഴുന്നള്ളുന്നു. ജഗദീശ്വരനായിട്ടുപോലും പുത്രനായ സുബ്രഹ്മണ്യനെയോര്‍ത്ത് ദുഃഖിതനായാണ് ശിവന്റെ മടക്കം.
അവളുടെ വിവരണം കേട്ട് അയാളൊന്നു ഞെട്ടി.

അടുത്ത നിമിഷം അയാളെ അതിലേറെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ പൊട്ടിച്ചിരിച്ചു. വരിഞ്ഞുമുറുകിയ മുഖഭാവവുമായി ഇതുവരെ തന്റെ മുന്നില്‍ നിന്ന സ്ത്രീ തന്നെയാണോ അതെന്ന് അയാള്‍ അത്ഭുതപ്പെട്ടു.
വിശ്വാസം വരാനെന്നോണം വൈക്കത്തെ ഉത്സവപ്പറമ്പില്‍ വച്ചു കണ്ടമട്ടില്‍ അയാള്‍ ചോദിച്ചു?
അപ്പോള്‍ നമ്മള്‍ നാട്ടുകാരാണല്ലേ?
അവള്‍ മറുപടി പറയാഞ്ഞപ്പോള്‍ അയാള്‍ സംശയം തീര്‍ക്കാന്‍ ചോദിച്ചു.
ഞാന്‍ ഉദയനാപുരത്താ. നിങ്ങളോ?
വലിയൊരു രഹസ്യം വെളിപ്പെടുത്തും മട്ടില്‍ അവള്‍ പറഞ്ഞു:
ഈശോപറമ്പത്ത്.

അയാളുടെ നെഞ്ചില്‍ ഒരു കതിന പൊട്ടി.
ഏത്... വലിയ കാണിക്ക അര്‍പ്പിക്കാന്‍ അവകാശം കല്പിച്ച് അനുവദിച്ചിട്ടുള്ള... അയാള്‍ മുഴുമിപ്പിക്കും മുന്‍പുതന്നെ അവള്‍ കയറിപ്പറഞ്ഞു:
അതെ.
ശ്ശൊ. എന്നിട്ട് നിങ്ങള്‍... ഇങ്ങനൊരു ചുറ്റുപാടില്‍...
അവളുടെ ജീവിതത്തില്‍ എന്തോ അത്യാഹിതം സംഭവിച്ചപോലെയാണ് അയാള്‍ പറഞ്ഞത്.
എന്താ ഈ ചുറ്റുപാടിനൊരു കുഴപ്പം?
അയാള്‍ പൂരിപ്പിക്കാതെ വിട്ടത് എന്താണെന്നറിയാന്‍ അവള്‍ ചോദിച്ചു.

അതിനയാള്‍ ഉത്തരം പറഞ്ഞില്ലെങ്കില്‍ ആ കുടുംബിനിയെ അവമതിക്കും പോലെയാകും.
അല്ല... നിങ്ങളൊക്കെ എത്ര വലിയ സ്ഥിതിയില്‍ കഴിയേണ്ടവരാ. എന്തായാലും ഇങ്ങനെയൊരു ചുറ്റുപാടില്‍ വന്നു കിടക്കേണ്ടതല്ല.

വൈക്കത്തപ്പനെ വണങ്ങുന്ന അതേ ആദരവ് അപ്പോള്‍ അയാളുടെ നോട്ടത്തിലുണ്ടായിരുന്നു.
ഇറങ്ങിപ്പോന്ന വലിയ വീട്ടിലേയ്ക്ക് അവളെ തിരികെക്കൊണ്ടുപോയി ഏല്പിക്കാന്‍ അയാള്‍ക്കെന്തോ ചുമതലയുള്ളപോലെ.

അപ്പൊ നിങ്ങളോ? നിങ്ങളെങ്ങനാ ഇവിടെത്തിയെ?

ആഹാ. ഇപ്പൊ ചോദ്യമൊക്കെ തന്നോടായല്ലോ എന്ന് രാമചന്ദ്രനു തോന്നി.
ഈശാപറമ്പത്തുകാരെപ്പോലെയാണോ ഞങ്ങള്. ഞങ്ങളൊക്കെ എവിടെക്കഴിഞ്ഞാലെന്താ? പോരാത്തതിന് ഞാനൊരു ഒറ്റാംതടിയും.

പക്ഷേ, ഉദയനാപുരത്തപ്പന് രണ്ടാണല്ലോ ഭാര്യമാര്‍.

അവള്‍ അതുപറഞ്ഞ പാടേ അവര്‍ രണ്ടുപേരും പൊട്ടിച്ചിരിച്ചു. ഐതിഹ്യത്തിലെ ഏതോ ദുര്‍വ്വിധിയില്‍പ്പെട്ട രണ്ടുപേരെ പോലെയായിരുന്നു അവരപ്പോള്‍.

കഥ പറച്ചിലും കളിയാക്കലുമൊക്കെയായി അവര്‍ എത്ര പെട്ടെന്നാണ് കൂട്ടുകാരായത്. ഇങ്ങനെ പോയാല്‍ കരുണന്‍ വരുംവരെ അവര്‍ ഓരോ വിശേഷം പറഞ്ഞിരിക്കും. അതിനിടയ്‌ക്കെപ്പോഴെങ്കിലും അവള്‍ അവളുടെ ജീവിതവും ഒന്നു തിരിഞ്ഞുനോക്കിയെന്നു വരും.

രാജാക്കന്മാരുടെ കാലത്തു പണികഴിപ്പിച്ച പലതരം തുരങ്കങ്ങളും ജലപാതകളും കാലാന്തരത്തില്‍ അടഞ്ഞുപോയിട്ടുണ്ടല്ലോ. അതുപോലെ വൈക്കത്തേയ്ക്കുള്ള തന്റെ വഴിയും അടഞ്ഞുപോയതെങ്ങനെയെന്ന് അയാളോടു ചിലപ്പോള്‍ അവള്‍ പറഞ്ഞെന്നിരിക്കും.

ഈശാപറമ്പത്ത് കാരണവരെ ആക്ഷേപിച്ച് അയയ്ക്കാറുള്ള അഷ്ടമിനാളിലെ ചടങ്ങ് പ്രസിദ്ധമാണ്. വൈക്കത്തപ്പന്റെ തിരുമുന്‍പില്‍ പ്രഭുത്വം കാണിച്ചുവന്നതിന്റെ പാപം ഇല്ലാതാകാനെന്നാണ് അതിന്റെ സങ്കല്പം. എന്നാലും കരുണനോടൊപ്പം ഓടിപ്പോന്നശേഷമുള്ള അഷ്ടമിയില്‍ താന്‍ സമ്മാനിച്ച ആക്ഷേപത്തോളം അതുവരില്ലെന്ന് അവള്‍ ഒരാളലോടെ ഓര്‍ത്തു. ആ മാനക്ഷതി താങ്ങാന്‍ ത്രാണിയില്ലാതെയാണ് അച്ഛന്‍ വിഷ്ണുലോകം പൂകിയത്.

എന്നെങ്കിലും അതെല്ലാം ഒന്നേറ്റു പറഞ്ഞ് മനസ്സിന്റെ ഭാരം കുറയ്ക്കാന്‍ അവള്‍ എത്ര കാലമായി ആഗ്രഹിക്കുന്നു. പുരാണത്തിന്റെ കെട്ടുപാടുകളറിയാത്ത കരുണനോട് അതു പറഞ്ഞിട്ടു കാര്യമില്ലെന്ന് അവള്‍ക്കറിയാം. ഒടുക്കം തന്റെ പ്രാര്‍ത്ഥന കേട്ടിട്ടെന്നോണം പെരുംതൃക്കോവിലപ്പന്‍ തന്നെ പറഞ്ഞയച്ചയാളാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് അവള്‍ക്കു തോന്നി.

അയാള്‍ അപ്പോഴേയ്ക്കും ഇറങ്ങാനുള്ള വട്ടംകൂട്ടി തുടങ്ങിയിരുന്നു. ഇനി ഉടമസ്ഥനെ കാത്തുനിന്നിട്ട് കാര്യമില്ലെന്ന് അവളോടു പറഞ്ഞശേഷം അയാള്‍ ഒരല്പം സങ്കോചത്തോടെ ഇവിടുത്തെ ബാത്ത്‌റൂം ഒന്നുപയോഗിച്ചോട്ടേ എന്നു ചോദിച്ചു.

എന്തു പറയണമെന്ന് അവള്‍ ഒരു നിമിഷം ശങ്കിച്ചു. വീട്ടിനകത്തും പുറത്തും സൗകര്യമുണ്ട്. 

നാട്ടുകാരനൊക്കെയാണെങ്കിലും തല്‍ക്കാലം വീട്ടിനുള്ളിലേയ്ക്കു കയറ്റേണ്ടെന്ന് അവള്‍ നിശ്ചയിച്ചു. ദാ തെക്കു വശത്തേയ്ക്ക് പൊയ്‌ക്കോളൂവെന്ന് വിരല്‍ ചൂണ്ടി അവള്‍ അയാള്‍ക്ക് വഴി കാട്ടിക്കൊടുത്തു. അയാള്‍ അങ്ങോട്ടു പോയി.
അടുത്ത നിമിഷം അസ്വാഭാവികമായ എന്തോ ഒന്നു കണ്ടിട്ടെന്നപോലെ അയാള്‍ തിരികെ വന്നു. എന്നിട്ട് ഞാനിറങ്ങട്ടേയെന്നു മാത്രം പറഞ്ഞ് ധൃതിയില്‍ ഗേറ്റ് കടന്നുപോയി. അതുവരെ അവളോടു തോന്നിയ പരിചയം പോലും അയാളുടെ മുഖത്തപ്പോള്‍ ഉണ്ടായിരുന്നില്ല. അവിടെക്കണ്ട എന്തോ ഒന്ന് മറച്ചുവയ്ക്കാനുള്ള ശ്രമം അയാളുടെ എല്ലാ ചെയ്തികളിലും ഉണ്ടായിരുന്നു.

അവള്‍ക്കാകെ സംശയമായി. കുളിമുറിക്കകത്ത് വല്ല പാമ്പോ പഴുതാരയോ കിടക്കുന്നതുകണ്ട് അയാള്‍ പേടിച്ചതാകുമോ? അങ്ങനെയെങ്കില്‍ ഇത്രനേരം സ്‌നേഹിതനെപ്പോലെ പെരുമാറിയ ആ നാട്ടുകാരന്‍ അതു തന്നോട് പറയുകയല്ലേ വേണ്ടത്.

സംശയം തീര്‍ക്കാന്‍ അവള്‍ തെക്കുവശത്തെ കുളിമുറിയുടെ ഭാഗത്തേയ്ക്ക് നടന്നു. കരുണന്റെ അച്ഛന്റെ കാലത്ത് കെട്ടിയ കുളിമുറിയാണത്. ഭാര്യയുടെ രഹസ്യക്കാരനെ കയ്യോടെ പിടികൂടാമെന്നു വിചാരിച്ച് അയാള്‍ ഒരുപാട് രാവും പകലും അവിടെ പതുങ്ങിയിരുന്നിട്ടുണ്ട്. അതിപ്പോള്‍ ആരും ഉപയോഗിക്കാറില്ല.

കുളിമുറിയുടെ അടുത്തു ചെന്നപ്പോള്‍ അതിനകത്ത് ആരോ ഉള്ളതുപോലെ അവള്‍ക്കു തോന്നി. അതൊരു മനുഷ്യന്‍ തന്നെയാകണമെന്നില്ല. ആ വീട്ടില്‍ എന്തു നടക്കുമെന്നറിയാനുള്ള ആരുടെയോ ആകാംക്ഷ അതില്‍ നിറഞ്ഞുനില്‍ക്കുന്നതുമാകാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com