'പുഷ്പകവിമാനം*'- ജിസ ജോസ് എഴുതിയ കഥ

ദൂരദര്‍ശനില് പ്രാദേശികഭാഷാ സിനിമകളു കാണിക്കുന്ന സമയമായിരുന്നു അത്. ഞങ്ങള് അന്നൊക്കെ മലയാളോം തമിഴും മാത്രമല്ല, തെലുങ്കും കന്നടേമൊക്കെ വരുന്നതു കാത്തിരിക്കും
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

89-ലായിരുന്നു ഞങ്ങള്‍ പുഷ്പകവിമാനം ന്നുള്ള സിനിമ കണ്ടത്. ഒരു ഞായറാഴ്ച ഉച്ചയ്ക്ക്. ദൂരദര്‍ശനില് പ്രാദേശികഭാഷാ സിനിമകളു കാണിക്കുന്ന സമയമായിരുന്നു അത്. ഞങ്ങള് അന്നൊക്കെ മലയാളോം തമിഴും മാത്രമല്ല, തെലുങ്കും കന്നടേമൊക്കെ വരുന്നതു കാത്തിരിക്കും. അതാകുമ്പോ എന്തേലുമൊക്കെ മനസ്സിലാകും. പിന്നെ അഭിനയിക്കുന്നോരെയൊക്കെ നല്ല പരിചയോം തോന്നും. പക്ഷേ, ഭാഷ അറിയില്ലേലും ഒന്നും മനസ്സിലാവില്ലേലും ഞങ്ങള് ആസാമീസും ബംഗാളീമൊക്കെ കുത്തിയിരുന്നു കാണുമായിരുന്നു. കുഴപ്പം എന്താന്നു വെച്ചാല്‍ അറിയാത്ത ഒരാള്‍ക്കൂട്ടത്തിനിടേല്‍ പെട്ടെന്നു ചെന്നു കുടുങ്ങിയപോലത്തെ തോന്നലാണന്നേരം. ആകെ ഒരു വീര്‍പ്പുമുട്ടല്. പിന്നെ എന്തായാലും സിനിമയല്ലേ, വേറൊന്നും കാണാനില്ലാത്തതോണ്ട് വെറുതെയങ്ങു കണ്ടിരിക്കും. അങ്ങനൊരു ദിവസമാണ് പുഷ്പകവിമാനം വന്നത്. പിറ്റേന്നു ഞങ്ങള്‍ക്കു അരക്കൊല്ല പരീക്ഷ തുടങ്ങാണ്. പക്ഷേ, ഞാനും ചിത്രയും ടി.വിക്കു മുന്നില്‍ പതുങ്ങി വന്നിരുന്നു. ഞായറാഴ്ച ഒരിക്കലും അമ്മ വീട്ടിലു കാണില്ല. സെന്റ് തെരേസാസിലെ മോണിക്കടീച്ചറുടെ വീട്ടില്‍ വൈകുന്നേരം വരെ പണിയുള്ള ദിവസമാണ്.

ടി.വി ചിത്തപ്പന്റേയാണ്. മൂപ്പര്‍ക്ക് ഞങ്ങള് പഠിച്ചാലും പഠിച്ചില്ലേലും ഒന്നുമില്ല. ചിത്തിക്ക് എപ്പഴും അവര്‌ടെ ടി.വീടെ മുന്നില്‍ വന്നിരിക്കുന്നത് ഇഷ്ടപ്പെടുന്നൊന്നുമുണ്ടാവില്ല. ചിത്തപ്പനില്ലെങ്കില്‍, ഞങ്ങളു എന്തേലും പരിപാടി രസായിട്ടു കണ്ടോണ്ടിരിക്കുമ്പോ ടി.വി ഓഫു ചെയ്യുന്ന വിദ്യയൊക്കെ ചിത്തി കാണിക്കും. അല്ലെങ്കില്‍ എന്തെങ്കിലും പണിയും തന്ന് ഞങ്ങളെ എഴുന്നേല്പിച്ചു വിടാന്‍ നോക്കും. അന്നു സിനിമ കാണാന്‍ അടുത്ത വീട്ടിന്നൊക്കെ ഒരുപാടു പേരുണ്ടായിരുന്നു. ആ ദിക്കിലെ കൊള്ളാവുന്ന വീടുകളില്‍പോലും ടി.വിയില്ല. പക്ഷേ, ഞങ്ങടെ ചിത്തപ്പന് സ്വന്തമായൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വിയുണ്ട്. എറണാകുളത്തെ പണി വിട്ടു വന്നപ്പോള്‍ കൊണ്ടുവന്നതാണ്. ജോലി ചെയ്തിരുന്നിടത്തെ സാറു കൊടുത്തതാണത്രേ ആ പഴയ ടി.വി. പുഷ്പകവിമാനം ഏതു ഭാഷയാണെന്നൊന്നും അന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. അതില് ഭാഷയില്ലായിരുന്നുവെന്നുപോലും പിന്നെയാണ് തിരിച്ചറിഞ്ഞത്. ഓര്‍ത്തിരിക്കുന്നത് ഒറ്റക്കാര്യമാണ്. അതിലെ വില്ലന്‍ സ്വപ്‌നം മയങ്ങുന്ന കണ്ണുകളുള്ള ഒരാളായിരുന്നു. കണ്ട സ്വപ്‌നങ്ങളുടെ ഭാരം കൊണ്ടാവും ആ വലിയ കണ്ണുകള്‍ അല്പം തൂങ്ങിയതുമായിരുന്നു. അയാളുടെ കയ്യിലെപ്പോഴും ഒരു ഫ്‌ലാസ്‌ക്കുണ്ട്; അതിനകത്ത് ഐസ് കൊണ്ടുണ്ടാക്കിയ കത്തിയും. ശരിക്കും പറഞ്ഞാല്‍ കത്തിയല്ല, കുത്തുവാള്‍. പക്ഷേ, പാവം മനുഷ്യന്‍, കൊല്ലണ്ടയാള്‍ക്കു നേരെ എപ്പോ ഉന്നംവെച്ചാലും എന്തേലും തടസ്സം വന്ന് അത് എറിയാന്‍ പറ്റാതെ പോകും. ഫ്‌ലാസ്‌കില്‍നിന്നു പുറത്തെടുത്തതുകൊണ്ട് കത്തി അലിഞ്ഞും പോകും. എനിക്കും ചിത്രക്കും അന്നയാളോട് എത്ര പാവം തോന്നി. ഓരോ തവണ അയാള്‍ പരാജയപ്പെടുമ്പോഴും ഞങ്ങള്‍ക്ക് കരച്ചില്‍ വന്നു. പക്ഷേ, ആ കത്തി! അതു ഞങ്ങളെ കൊതിപ്പിച്ചു. അത്തരമൊന്നു വേണം. അത്രേം തണുത്തത്. അത്രേം വെളുത്തത്. അലിഞ്ഞലിഞ്ഞില്ലാതാവുന്നത്. അതിനുശേഷം എത്രയോ കാലം ഐസുകട്ട കാണുമ്പോഴൊക്കെ ഞങ്ങളതില്‍നിന്നൊരു കത്തി കൊത്തിയെടുക്കുന്നതിനെപ്പറ്റിയാണ് ആലോചിച്ചത്
ഞങ്ങളാ സിനിമയുടെ കാര്യം ഓര്‍ത്തിരിക്കാന്‍ വേറൊരു കാരണം കൂടിയുണ്ടായിരുന്നു. അന്നു രാത്രിയാണ് അപ്പയുടെ ശവം കൊണ്ടുവന്നത്. അപ്പ രണ്ടാഴ്ചയായി കോയമ്പത്തൂര് ആശുപത്രിയിലായിരുന്നു. ഹൈവേയിലു വണ്ടിയിടിച്ചിട്ടിട്ടു കൊണ്ടുപോയതാണ്. അമ്മയും അവിടെയായിരുന്നു. അന്നു പുലര്‍ച്ചക്കത്തെ വണ്ടിക്കു വന്ന് മോണിക്കടീച്ചറുടെ വീട്ടില്‍ പണിക്കുപോയി. കാശു വേണം. പോരാത്തേന് കൃത്യമായിട്ടു ചെല്ലാതിരുന്നാല്‍ ടീച്ചറ് ഇനി വരണ്ടാന്നു പറയും. ചിത്തി ആ പണിയിലു കണ്ണു വെച്ചിട്ടുമൊണ്ട്. അമ്മ അപ്പയെ ഒറ്റയ്ക്കവിടെയിട്ടേച്ചു വന്നു. മണിമാമനോട് രാവിലെത്തന്നെ ആശുപത്രിയില്‍ ചെല്ലാന്‍ ഏല്പിച്ചിട്ടുണ്ടല്ലോന്ന് സ്വയം സമാധാനിച്ചു.

ഒരു ദിവസം ഞങ്ങളെല്ലാം വണ്ടി കേറി അപ്പയെ കാണാന്‍ പോയിരുന്നു. ആശുപത്രിയില്‍ വലിയ തിരക്ക്. അപ്പയെ കാണാനൊന്നും പറ്റിയില്ല. അമ്മ ഞങ്ങളെ ചേര്‍ത്തുപിടിച്ചു കരഞ്ഞു കാണും. മാമിമാരൊക്കെ അമ്മയെ ആശ്വസിപ്പിക്കുകയോ കൂടെ കരയുകയോ ചെയ്തിട്ടുണ്ടാവും. അതൊന്നും പക്ഷേ, എന്റെ മനസ്സിലില്ല, ആ യാത്രയുടെ രസമല്ലാതെ. വണ്ടി കേറുന്നതെപ്പോഴും ആഘോഷമാണ്. അതും കോയമ്പത്തൂര് വരെയൊക്കെ പോയിട്ടുള്ളത് ആകെ രണ്ടോ മൂന്നോ തവണ മാത്രം. ഒരിക്കല്‍ എല്ലാരും കൂടി കോവിലില്‍ പോയത്. പിന്നെ പെരിയമ്മയുടെ സ്റ്റീല്‍ പാത്രച്ചിട്ടി വട്ടമെത്തിയപ്പോ ഒരിക്കെ. പാത്രങ്ങളു തൂക്കിപ്പിടിക്കാന്‍ കൈസഹായം വേണ്ടതോണ്ട് ഞങ്ങളേം കൊണ്ടുപോയതായിരുന്നു. വിചാരിച്ചത്രേം പാത്രങ്ങളു കിട്ടിയില്ല; സ്റ്റീലിനു വിലക്കൂടുതലായിരുന്നു. പെരിയമ്മക്ക് ഭയങ്കര ദേഷ്യം വന്നു കാണും. ഒരു തുള്ളി വെള്ളംപോലും വാങ്ങിത്തന്നില്ല, പാത്രക്കടത്തെരുവില്‍നിന്ന് സഞ്ചിയും തൂക്കി നട്ടുച്ചവെയിലത്ത് സ്‌റ്റേഷന്‍ വരെ വലിഞ്ഞു നടക്കേണ്ടിവന്നു. ചിത്ര രണ്ടു കയ്യിലും ഓരോ സ്റ്റീല്‍ കുടം തൂക്കിപ്പിടിച്ചിട്ടായിരുന്നു നടന്നത്. പക്ഷേ, തീവണ്ടിയിലു കേറീട്ട് സഞ്ചിയില്‍നിന്ന് ചെറിയൊരു സ്റ്റീല്‍ ഡവറ എടുത്തു തന്നതോടെ അതുവരെ പെരിയമ്മ കാട്ടിയ എല്ലാ അനീതികളും ഞങ്ങള്‍ പൊറുത്തു. എന്തോമനത്തമായിരുന്നു ആ കുഞ്ഞിപ്പാത്രത്തിന്. അമ്മയും പാത്രച്ചിട്ടിക്കു ചേരും. ഞങ്ങള് ഓരോരോ സ്വപ്‌നങ്ങളും കാണും. ചോറുണ്ണാന്‍ കുഴിയുള്ള പ്ലേറ്റ്, പാലൊഴിച്ചു വെക്കാന്‍ കുഞ്ഞിമൊന്ത, സ്റ്റീലിന്റെ കുത്തുവിളക്ക്... പക്ഷേ, കഷ്ടിച്ച് ഒന്നോ രണ്ടോ തവണ കഴിഞ്ഞാല്‍ അടക്കാന്‍ കാശില്ലാതെ അമ്മയുടെ ചിട്ടി മുടങ്ങിപ്പോവും. പിന്നെ അതുകൂടി പെരിയമ്മ ഏറ്റെടുക്കും. അമ്മയ്ക്ക് പാത്രമല്ല, അടച്ച കാശു തിരിച്ചു കിട്ടുന്നതാണപ്പോള്‍ പ്രധാനം. അമ്മയുടെ മാത്രമല്ല, ചിത്തിയുടെ മുടങ്ങിപ്പോവുന്ന ചിട്ടിയും പെരിയമ്മ എടുക്കും. ഇപ്പോത്തന്നെ ചെറിയൊരു സ്റ്റീല്‍പാത്രക്കടയില്‍ കേറുന്ന പോലുണ്ട് പെരിയമ്മയുടെ വീട്ടില്‍ച്ചെന്നാല്‍.

അന്ന് അപ്പയെ കാണാന്‍ പോയിട്ട് വരുമ്പോള്‍ മാമന്‍ ശരവണഭവനീന്ന് കാപ്പീം ബജീം വാങ്ങിത്തന്നു. പിന്നെ മാമി സെല്‍വന്‍ സ്‌റ്റോറില്‍ സാരി വാങ്ങാന്‍ കേറി. ഞങ്ങള് അവിടുത്തെ ഭംഗിയുള്ള ഉടുപ്പുകളൊക്കെ തൊട്ടും പിടിച്ചും നോക്കിനിന്നു. ഫ്രില്ലും തൊങ്ങലുമുള്ള ആ ഉടുപ്പുകള്‍ വാങ്ങിത്തരാന്‍ ഞങ്ങള്‍ക്കാരുമില്ല. ഒരാഴ്ചയ്ക്കുള്ളില്‍ എന്നേക്കുമായി അപ്പയില്ലാതാവാന്‍ പോകുന്ന ഞങ്ങള്‍, ആശുപത്രിയില്‍നിന്നു സുഖമായി തിരിച്ചുവരുമ്പോള്‍ അപ്പ അത്തരം ഉടുപ്പുകള്‍ വാങ്ങിക്കൊണ്ടുവരുമെന്നു ചുമ്മാ സങ്കല്പിച്ചു. അവിടുന്നു സ്‌റ്റേഷനിലേക്കു ഈ തെരുവു വഴിയേ വരാന്‍ പറ്റൂ. എത്ര വലിയ കടയാണ്! അപ്പ കാണാതിരിക്കില്ല, വാങ്ങാതെയുമിരിക്കില്ല. കയ്യില്‍ നിറയെ സോപ്പുപതയെടുത്ത് വെയിലത്തേക്ക് ഊതിപ്പറത്തുമ്പോഴുണ്ടാകുന്ന, ഉള്ളില്‍ മഴവില്ലു മയങ്ങിക്കിടക്കുന്ന കുമിളകള്‍പോലത്തെ ആ സ്വപ്‌നങ്ങള്‍ ഞങ്ങളെ സന്തോഷിപ്പിച്ചു. അന്നത്തെ യാത്രയിലുടനീളം ഞങ്ങള്‍ക്ക് പ്രത്യേക പരിഗണന കിട്ടിയിരുന്നു. അതിന്റെ രുചി ഞങ്ങളുടെ പിന്നെയുള്ള എത്രയോ ദിവസങ്ങള്‍ക്കു മധുരം പകര്‍ന്നു.

പുഷ്പകവിമാനം കണ്ടന്നു രാത്രി ഞങ്ങള്‍ രണ്ടാളും മുറ്റത്തിരുന്ന് ഇറയത്തുനിന്നു വാര്‍ന്നുവീഴുന്ന വെളിച്ചത്തില്‍ കണക്കുബുക്കും നിവര്‍ത്തിവെച്ച് ആ ഐസുകത്തിയെക്കുറിച്ചുതന്നെ ശബ്ദം താഴ്ത്തി ചര്‍ച്ച ചെയ്യുകയായിരുന്നു. സ്‌കൂളിനു മുന്നിലെ ഐസുകാരന്റെ മുന്നില്‍ ഞങ്ങള്‍ കൊതിയോടെ നോക്കിനിന്നിട്ടുണ്ട്. അയാളുടെ കയ്യില്‍നിന്ന് ഐസു കിട്ടുമോ, കിട്ടിയാല്‍ത്തന്നെ ഫ്‌ലാസ്‌ക് എവിടുന്നു കിട്ടാനാണെന്നൊക്കെ ഞങ്ങള്‍ ആലോചിച്ചു. ബുക്ക് മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായിരുന്നു. നിറയെ ചുവപ്പുവെട്ടുകളും. അതിലേക്ക് ഞങ്ങള്‍ നോക്കിയതേയില്ല. നോക്കിയിട്ടും കാര്യമില്ല. എനിക്ക് ഒന്നും മനസ്സിലാവില്ല. ചിത്ര എന്നേക്കാള്‍ ഭേദമാണെന്നേയുള്ളു. പക്ഷേ, അവള്‍ക്കും കണക്കറിയില്ല. ഞങ്ങള്‍ ഐസുകട്ടകളെക്കുറിച്ചുതന്നെയോര്‍ത്തു. അതില്‍നിന്നു കത്തി ചെത്തിയെടുക്കണം. മുറിവുണ്ടാക്കാതെ ധമനിയിലേക്കു നേരെ കുത്തിക്കയറുന്ന തണുത്തൊരു കത്തി. തണുതണുത്തൊരു മരണം. ആ കത്തികൊണ്ട് ആരെക്കൊന്നാലും ഞങ്ങള്‍ക്കെതിരെ ഒരു തെളിവും അവശേഷിക്കില്ല. അത് അലിഞ്ഞലിഞ്ഞു തീര്‍ന്നിട്ടുണ്ടാവുമല്ലോ.

അമ്മയന്നേരം പണി തീര്‍ത്ത് കേറിവന്നു. ഒരാഴ്ച ചെല്ലാത്തതുകൊണ്ട് മോണിക്കടീച്ചര്‍ ഇരട്ടി പണിയെടുപ്പിച്ചുകാണും. ഞങ്ങള്‍ നിശ്ശബ്ദരായി ബുക്കിലേക്കു കുനിഞ്ഞു. 'നല്ലാ പഠിക്ക്' അലസമായി പറഞ്ഞുകൊണ്ട് അമ്മ കടന്നുപോകുമ്പോള്‍ കെട്ട വിയര്‍പ്പുമണം ഞങ്ങളെ പൊതിഞ്ഞു.

ആ സമയത്താണ് ആംബുലന്‍സ് വന്നത്. വല്ലാത്ത ഒച്ചയും വെളിച്ചവുമായി. അകത്തെ കട്ടിലില്‍ കിടന്ന് ടി.വി കാണുകയായിരുന്ന ചിത്തപ്പന്‍ ചാടിയെണീറ്റു പുറത്തുവന്നു. കട്ടിലിനു താഴെ നിലത്തിരുന്നു പുളിങ്ങ തൊണ്ടുകളയുന്ന ചിത്തിയും ഓടിയിറങ്ങി വന്നു. അമ്മയെ മാത്രം കണ്ടില്ല. പൈപ്പിന്‍ ചോട്ടിലായിരിക്കും. ആംബുലന്‍സില്‍നിന്നാദ്യം മണിമാമനെ താങ്ങിയിറക്കി. അങ്ങേര് കുടിച്ചു ബോധംകെട്ടിരുന്നു. ഡ്രൈവര്‍ വല്ലാതെ ദേഷ്യം പിടിച്ച് തമിഴില്‍ നിര്‍ത്താതെ ചീത്തപറഞ്ഞു. വഴിതെറ്റി കുറെ കറങ്ങിത്തിരിയേണ്ടിവന്നതിന്റെ അരിശം അയാളുടെ വാക്കുകളില്‍ തിളച്ചുപൊന്തി. വഴി കാണിച്ചുകൊടുക്കേണ്ട മണിമാമന്‍ ലക്കില്ലാതെ എല്ലാ ഊടുവഴികളും തെറ്റിച്ചുകൊണ്ടേയിരുന്നത്രേ. 

അപ്പയുടെ ശവം പുറത്തിറക്കി മുറ്റത്തു വെച്ചിട്ട് ഡ്രൈവറും സഹായിയും ഒരു നിമിഷം നിശ്ചലരായി നിന്നു. കണക്കു പരീക്ഷയ്ക്കു മാത്രമല്ല, ആ ആഴ്ചയിലെ ഒരു പരീക്ഷയ്ക്കും പോവാതെ രക്ഷപ്പെടാമല്ലോ എന്നായിരുന്നു ഞാന്‍ പെട്ടെന്നോര്‍ത്തത്. ചിത്രയും അതു തന്നെയാണോര്‍ത്തതെന്ന് പിന്നീടെന്നോടു പറഞ്ഞു. 
ചിത്തപ്പനും ചിത്തിയും ഞങ്ങളും എന്താണിനിയെന്നറിയാതെ തറഞ്ഞുനിന്നു, ചിത്തപ്പന്റെ പഴയ ടി.വി ചിലപ്പോ സ്ട്രക്കായി ചിത്രങ്ങള്‍ നിശ്ചലമായിപ്പോകുന്നതുപോലെയായിരുന്നു ആ നിമിഷങ്ങള്‍. പക്ഷേ, പെട്ടെന്ന് ആര്‍ത്തലച്ചൊരു നിലവിളിയായി അമ്മ പൈപ്പിന്‍ ചോട്ടില്‍ നിന്നോടിവന്ന് അപ്പയ്ക്കുമേല്‍ വീണു. എല്ലാം പിന്നെയും ചലിക്കാന്‍ തുടങ്ങി. കുറെ തട്ടുകേം മുട്ടുകേം ചെയ്യുമ്പോള്‍ ടി.വിക്കകത്തെ ചിത്രങ്ങള്‍ അനങ്ങാന്‍ തുടങ്ങുന്നതുപോലെ തന്നെ.

ചാവാന്‍ കിടന്ന കണവനെ ഒറ്റയ്ക്കിട്ടേച്ചു പോയ ഗട്ടിക്കാരിയെന്നു ഡ്രൈവര്‍ ഉച്ചത്തില്‍ അമ്മയോടു കലമ്പി. മണിമാമന്‍ ഉച്ചകഴിഞ്ഞിട്ടാണത്രേ ആശുപത്രിയിലെത്തിയത്. അതും കുടിച്ചു വെളിവില്ലാതെ. അതിനുമെത്രയോ മുന്‍പ്, മിക്കവാറും അമ്മ ഇറങ്ങിയ ഉടനെത്തന്നെ ആയിരിക്കണം, അപ്പ മരിച്ചുകഴിഞ്ഞിരുന്നു. അന്ന് എല്ലാവര്‍ക്കും മുന്നില്‍ കുറ്റവാളിയായി അമ്മ തലകുനിച്ചു നിന്നപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും പിന്നെയും ഐസുകത്തിയെക്കുറിച്ചോര്‍ത്തിട്ടുണ്ടാവും. അമ്മയെ ചീത്ത വിളിച്ചോണ്ടിരിക്കുന്ന ഈ ഡ്രൈവറെ, ആടിയാടി ഇപ്പോ വീഴുമെന്ന മട്ടില്‍ നില്‍ക്കുന്ന മണിമാമനെ, ഒരു വികാരവുമില്ലാതെ തുറിച്ചുനോക്കുന്ന ചിത്തപ്പനെ, ചിത്തിയെ, എല്ലാവരേയും ആ കത്തികൊണ്ടെറിയണം. ഉടമ്പില് കുത്തിത്തറയ്ക്കുന്നത് അറിയുകപോലുമില്ല. ഒന്നിനു പിറകെ ഒന്നായി എല്ലാം വീണു ചാവട്ടെ.

ആ രാത്രിയിലെ ദൃശ്യങ്ങളെല്ലാം ഞങ്ങള്‍ക്കൊരു സിനിമ പോലാണ് തോന്നിയത്. ചില സിനിമകളങ്ങനാണ്, നമ്മള്‍ സിനിമയ്ക്കകത്തു ജീവിക്കുകയാണോ പുറത്തുള്ള കാഴ്ചക്കാരാണോ എന്നു സംശയാവും. വെറും കാഴ്ചക്കാര്‍ക്ക് സിനിമക്കകത്തെ കാര്യങ്ങള്‍ കണ്ട് കരയുകേം ചിരിക്കുകേം ഒന്നും വേണമെന്നില്ല, സ്‌ക്രീനിലേക്ക് വെറുതെ നോക്കി കണ്ടിരുന്ന് തീരുമ്പോ എണീറ്റു പോയാല്‍ മതി. ഞങ്ങളും അതുപോലെ നോക്കിനിന്നു. അമ്മ എപ്പഴോ തല പൊക്കി നോക്കുകയും ഞങ്ങളുടെ നിശ്ചലത കണ്ട് ഞങ്ങളെക്കൂടി കരച്ചിലിലേക്ക് വലിച്ചിടുകയും ചെയ്തു. തന്തയില്ലാത്ത കൊഴന്തകളായിട്ടേനെ, ആര് പഠിക്കവെക്കും, ആര് കല്യാണം പണ്ണിവെക്കും എന്നൊക്കെയായിരുന്നിരിക്കണം അമ്മ എണ്ണിപ്പറഞ്ഞുകൊണ്ടിരുന്നത്. അപ്പ ജീവിച്ചിരുന്നാലും ഇതൊന്നും ചെയ്യാന്‍ പോണില്ലെന്നു അമ്മ മറന്നുപോയോ? കാല്‍ക്കാശിന്റെ ഗുണമില്ലാത്ത പുരുഷനെന്ന് അമ്മയെത്ര പ്രാകിയിരുന്നു. 

ഞങ്ങളും കരഞ്ഞു. കരയാന്‍ പറയുമ്പോള്‍ത്തന്നെ കരച്ചില്‍ വരുന്നത് കുട്ടിക്കാലത്തിന്റെ മാത്രം പ്രത്യേകതയാണ്. ഞങ്ങളുടെ നിര്‍ത്താത്ത കരച്ചിലിനിടയ്ക്ക് വേറെയും രംഗങ്ങള്‍ മാറിവന്നു. ആംബുലന്‍സുകാരനു കാശു കൊടുക്കേണ്ടിയിരുന്നു. അടുത്ത വീടുകളില്‍നിന്ന് ആളുകള്‍ വന്നു കൂടുന്നുണ്ട്. അമ്മയെ ചീത്ത പറയുന്നതു നിര്‍ത്തി ആ ഡ്രൈവര്‍ കാശിന്റെ കണക്കു പറയാന്‍ തുടങ്ങി. അമ്മ കൂടുതലുച്ചത്തില്‍ കരഞ്ഞു. ഒപ്പം ഞങ്ങളും. മണിമാമനും ചിത്തപ്പനും ഉദാസീനയായി നിന്ന ചിത്തിയുമെല്ലാം കരച്ചില്‍ തുടങ്ങി. ആ കൂട്ടക്കരച്ചിലില്‍ അച്ഛന്റെ പിണം കൂടുതല്‍ക്കൂടുതല്‍ മരവിച്ച് തണുത്ത വെറും നിലത്ത് വെള്ളപുതച്ചു കിടന്നു. അത്രയും പേരുടെ കരച്ചില്‍ താങ്ങാന്‍ അതിനു കെല്പുണ്ടാവില്ലെന്നു ഞങ്ങള്‍ക്കു തോന്നി. 

എനിക്കും ചിത്രക്കും ആ കിടപ്പു കണ്ട് ദേഷ്യവും വരുന്നുണ്ടായിരുന്നു. ഒന്നുമറിയാതെ സുഖമായി കിടക്കുന്നു. എപ്പോഴും ഇങ്ങനെയാണ്. എന്തു പ്രശ്‌നം വരുമ്പോഴും മറ്റുള്ളവരുടെ തലയ്ക്കു മീതെ തീയെരിയുമ്പോഴും അപ്പ ഒന്നുമറിയാത്ത മട്ടില്‍ മരവിച്ചിരിക്കും. അന്നുമങ്ങനെയായിരുന്നു. വെളുപ്പിനെ വീട്ടില്‍ വലിയ വഴക്കു നടന്നു. അതുകേട്ടാണ് ഞങ്ങളുണര്‍ന്നത്. രാവിലെ പുതുശ്ശേരീല് കോണ്‍ക്രീറ്റു പണിക്കു പോകാനൊരുങ്ങുന്നതിനിടയില്‍ അമ്മയും ചിത്തിയും തമ്മില്‍ നടന്ന ശണ്ട എപ്പഴത്തേയും പോലെ ആളിപ്പടര്‍ന്ന് വീടിനെ മുഴുവനുണര്‍ത്തി. ചിത്തപ്പന്‍ അപ്പയേയും അമ്മയേയും ചീത്ത വിളിച്ചു. അമ്മ അപ്പയെ തല്ലാന്‍ കയ്യോങ്ങി. വാ നിറയെ തെറി പറഞ്ഞു. അപ്പ ഒരക്ഷരം പറയാതെ ഇറങ്ങിപ്പോയി. അതോടെ വീട് പെട്ടെന്നു കെട്ടടങ്ങി. ചിത്തപ്പന്‍ പിന്നെയും കൂര്‍ക്കം വലിച്ചുറങ്ങി. ആ പഴുതില്‍ ഒന്നൂടെ മൂടിപ്പുതച്ചു കിടക്കാന്‍ ശ്രമിച്ച ഞങ്ങളെ പക്ഷേ, അമ്മ കുത്തിയെണീപ്പിച്ചു. പ്ലാസ്റ്റിക് കുടങ്ങളുമായി തണുപ്പത്ത് ഞങ്ങള്‍ പൈപ്പിന്‍ ചോട്ടില് ചെന്നു ക്യൂ നിന്നു. മാര്‍കഴി മാസം. പുഴയില്‍ കുളിക്കാന്‍ പോയ പെണ്ണുങ്ങള്‍ തിരിച്ചുവരുന്നുണ്ട്. അവരിലാരോ ആണ് അപ്പയെ വണ്ടിയിടിച്ചിട്ട കാര്യം പറഞ്ഞത്. ഞങ്ങള്‍ കുടമവിടെയിട്ട് വീട്ടിലേക്കോടി. അങ്ങനെയായിരുന്നു ഞങ്ങള്‍ കണ്ട സിനിമകളിലെ പെണ്ണുങ്ങളൊക്കെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യാറ്. വെള്ളവും കുടവുമില്ലാതെ വന്നതിന് ചിത്തി തെറി പറഞ്ഞു. അവരുടെ കത്തുന്ന മുഖം കണ്ടപ്പോള്‍ ഒന്നും മിണ്ടാതെ ഞങ്ങള്‍ തിരിച്ചുപോയി. രണ്ടു കുടം വെള്ളത്തേക്കാള്‍ വലുതൊന്നുമല്ല അപ്പയെ വണ്ടിയിടിച്ചത്. അതുണ്ടെങ്കിലേ അടുപ്പു കത്തൂ. ഞങ്ങള്‍ക്ക് ഇഡ്ഡലീം പൊടീം കിട്ടൂ. അപ്പയെ ആരേലും ആശുപത്രീലാക്കിക്കൊള്ളും; പക്ഷേ, വെള്ളം ഞങ്ങളു തന്നെ പിടിച്ചുകൊണ്ടു പോണം. പൈപ്പിന്‍ചോട്ടില്‍ ഏറ്റവും അവസാനത്തെ ആളുകളായി രണ്ടാമതും ഞങ്ങള്‍ ക്യൂ നിന്നു. ഇഡ്ഡലി കിട്ടാന്‍ വൈകി, അതുകൊണ്ട് സ്‌കൂളിലെത്താനും വൈകി. അതിന് എച്ച്.എമ്മിന്റെ കയ്യില്‍നിന്നടിയും വാങ്ങിച്ചു. അപ്പോഴേക്കും പക്ഷേ, ഞങ്ങള്‍ വണ്ടിയിടിച്ചിട്ട അപ്പയെക്കുറിച്ചു മറന്നുപോയിരുന്നു. പിന്നെ അന്നുച്ചയ്ക്കാണതോര്‍ത്തത്. ഉപ്പുമാവു തിന്നാനിരിക്കുമ്പോള്‍ ഞാനും ചിത്രയും അടുത്തിരുന്ന കുട്ടികളോട് അപ്പയെ വണ്ടിയിടിച്ചിട്ട കഥ പറഞ്ഞതും അവരൊക്കെ സഹതാപത്തോടെ ഞങ്ങളെ നോക്കിയതും ഞാനോര്‍ക്കുന്നുണ്ട്. അവരിലാരോ പറഞ്ഞിട്ടാവണം, ഉച്ചക്കല്‍ത്തെ ക്ലാസ്സില്‍ കുഞ്ഞിലക്ഷ്മി ടീച്ചര്‍ ഞങ്ങളെ പിച്ചിപ്പറിക്കാഞ്ഞത്. ഞങ്ങള്‍ ഇംഗ്ലീഷ് കോപ്പി എഴുതിയിരുന്നില്ല, ചിത്രക്ക് കോപ്പി ബുക്ക് തന്നെയില്ലായിരുന്നു. വണ്ടിയിടിച്ചിടുന്ന ഒരപ്പയുണ്ടാവുന്നതു അന്തസ്സാണെന്നു ഞങ്ങള്‍ക്കപ്പോ തോന്നി. 

ആ രാത്രി അങ്ങനൊന്നും അവസാനിച്ചില്ല. അതു തീരാത്തൊരു സിനിമപോലെ നീണ്ടുനീണ്ടു പോയി. ഇടയ്ക്കിടെ പരസ്യങ്ങളുടെ ബ്രേക്ക് വന്നു. ആംബുലന്‍സുകാരന്റെ കണക്കുപറച്ചില്‍ കേട്ട് അടുത്ത വീട്ടിലെ ചെന്നിയപ്പന്‍ സ്വൈര്യം കെടുത്തിയപ്പോള്‍ കരച്ചില്‍ നിര്‍ത്തി ചിത്തപ്പന്‍ ചിത്തിയെ അകത്തേയ്ക്കു വിളിച്ചു. ചിത്തി അതു കാണാത്തപോലെ കൂടുതലുച്ചത്തില്‍ കരഞ്ഞു. പക്ഷേ, അവര്‍ക്കവസാനം എണീറ്റു പോകേണ്ടിവന്നു. ഞാനും ചിത്രയും കണ്ണീര്‍പ്പാളികള്‍ക്കിടയിലൂടെ പരസ്പരം നോക്കി. ഞങ്ങളിതും പറഞ്ഞ് പിന്നെ ഒരുപാടു ചിരിക്കും. ഇപ്പോ ചിത്തീടെ രഹസ്യ സമ്പാദ്യങ്ങളെല്ലാം പുറത്തുവരും. അതും ചിത്തപ്പന്റെ കയ്യിലുള്ളതും അടുത്ത വീട്ടുകാരു സഹായിച്ചതുമെല്ലാം ചേര്‍ത്ത് ആംബുലന്‍സുകാരനെ പറഞ്ഞുവിടും. ആ നേരമൊന്നും അമ്മ തലയുയര്‍ത്തുകപോലുമില്ല. വെളിച്ചം ചീറ്റിത്തെറിപ്പിച്ച് ആംബുലന്‍സ് പാഞ്ഞു പോവുന്നതോടെ എല്ലാം കുറച്ചിട നിശ്ശബ്ദമാവും. പിന്നെ നാലു ദിക്കില്‍നിന്നും ബന്ധുക്കളൊക്കെ നടന്നുമോടിയും വന്നു മുറ്റത്ത് പാതിയിരുട്ടില്‍ കിടക്കുന്ന പിണം കണ്ടു നെഞ്ചത്തടിച്ചു കരയും. ഇതൊക്കെത്തന്നെ അന്നും സംഭവിച്ചു. അതിനിടയില്‍ ചിത്തപ്പന്‍ കരച്ചില്‍ നിര്‍ത്തി ബീഡി വലിക്കാന്‍ തുടങ്ങി. ചിത്തി തലയ്ക്കടിച്ചു കൂടുതലുറക്കെ കരയാനും തുടങ്ങി. ഒളിപ്പിച്ചുവെച്ച സമ്പാദ്യങ്ങള്‍ നഷ്ടപ്പെട്ടതിന്റെ വേദനയായിരുന്നു അതെന്ന് ഞങ്ങള്‍ക്കു മാത്രം മനസ്സിലായി. ദീപാവലിക്കു വാങ്ങേണ്ട ചേല, മാറ്റി വാങ്ങാനുള്ള മൂക്കുത്തി... ഒക്കെ പിണം വിഴുങ്ങി.
ചാവറിഞ്ഞു വന്നവര്‍ കുറച്ചു നിമിഷങ്ങള്‍ നിലവിളിച്ചിട്ട് ശാന്തരായി ഇറയത്തു കുത്തിയിരുന്നു പിറുപിറുത്തു തുടങ്ങി. ആണുങ്ങള്‍ മുറ്റത്തിന്റെ മൂലകളില്‍ കൂടിനിന്നു ബീഡി വലിച്ചുകൊണ്ട് വര്‍ത്തമാനം പറഞ്ഞു. ഒരു മുറുക്കവുമില്ലാതെ ഇഴഞ്ഞു പോകുന്നൊരു സിനിമപോലെ ഇതേ രംഗങ്ങള്‍ ഇടവേളകളിട്ട് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഞങ്ങളപ്പോള്‍ ഉച്ചക്കു കണ്ട പുഷ്പകവിമാനത്തെപ്പറ്റിയോര്‍ത്തു. അതില് സംഭാഷണങ്ങളേയില്ലായിരുന്നു. ഇവിടേം അങ്ങനായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഓരോരുത്തര്‍ വരുമ്പോഴും അവര്‍ക്കൊപ്പം എണ്ണിപ്പറഞ്ഞ് അലറിക്കരയണ്ടായിരുന്നു, വെറുതെ സങ്കടം ഭാവിച്ച് നോക്കിയിരുന്നാല്‍ മതി. അതില് കണ്ട മരണരംഗമൊക്കെ എന്തു തമാശയായിരുന്നു.

ഞങ്ങള്‍ക്ക് ഉച്ചത്തില്‍ കരഞ്ഞുകരഞ്ഞ് തൊണ്ടയടഞ്ഞു. മൂത്രമൊഴിക്കാന്‍ മുട്ടി. പക്ഷേ, എണീക്കാന്‍ അമ്മ സമ്മതിച്ചില്ല. മൂത്രമൊഴിക്കണമെന്നു പറഞ്ഞപ്പോ കൈത്തണ്ടയില്‍ നഖങ്ങളാഴ്ത്തി അവിടെത്തന്നെയിരുത്തി. മഞ്ഞുവീഴുന്ന ആ രാത്രിയില്‍ മുറ്റത്ത് പാതിയിരുട്ടില്‍ കിടക്കുന്ന ശവം, മൂത്രമൊഴിക്കാന്‍ മുട്ടി, വിശന്നു തളര്‍ന്നും ഉറക്കം വന്നുതൂങ്ങിയും ചാവിനു കൂട്ടിരിപ്പ്. സ്വന്തം അപ്പയുടേതായാലും അതു സഹിച്ചിരിക്കാന്‍ പ്രയാസമാണ്. വെളുപ്പിനെപ്പോഴോ അപ്പയെ ചുടുകാട്ടിലേക്കു കൊണ്ടുപോയതോടെ ആ സിനിമ അവസാനിച്ചു. മഹാലക്ഷ്മി കൊട്ടകയില്‍ സിനിമ തീര്‍ന്ന് ചുവപ്പുനിറമുള്ള കര്‍ട്ടന്‍ സ്‌ക്രീനിലേക്കു കൊഴിഞ്ഞു വീഴുന്ന കാഴ്ചയാണ് ഞാനോര്‍മ്മിച്ചത്. സിനിമയ്ക്കു മുന്‍പ് അതു ചുരുണ്ടുകേറുന്നതും അവസാനം വിടര്‍ന്നു താഴുന്നതും കാണാന്‍ എനിക്കും ചിത്രയ്ക്കും എത്ര ഇഷ്ടമായിരുന്നു. മുഴുവന്‍ വീണു കഴിയുമ്പോള്‍ ഒരേകാന്തതയുണ്ട്. അതുവരെ ഒച്ചവെച്ചിരുന്ന പാടുകയും ആടുകയുമൊക്കെ ചെയ്തിരുന്ന ഒരു ലോകം തിരശ്ശീലയ്ക്കു മറവിലാവുകയാണ്. പിന്നെ ഒന്നുമില്ല. 

ഞങ്ങള്‍ ഓടിപ്പോയി പിന്നാമ്പുറത്തെ ഇരുട്ടില്‍ മൂത്രമൊഴിക്കാനിരുന്നു. അമ്മയും പിന്നാലെ വന്ന് കുന്തിച്ചിരുന്നു. എത്ര നേരമായിരിക്കും അന്ന് ഞങ്ങള്‍ അങ്ങനെയിരുന്നു മൂത്രമൊഴിച്ചത്. ഒരിക്കലും ആ പ്രവാഹം തീരില്ലെന്നു തോന്നി, ഉണങ്ങിയ മണ്ണിലേക്ക് മൂത്രം വീഴുന്നതിന്റെ വെപ്രാളപ്പെട്ട ഒച്ച, ആ മൂത്രച്ചൂര് അടക്കം ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്. 

പിന്നെ ആശ്വാസത്തോടെ ഞങ്ങള് മുറിക്കകത്ത് കേറി ഒന്നു ചുരുണ്ടുകിടക്കാന്‍ നോക്കി. അതു നടന്നില്ല, ഞങ്ങളേം കുത്തിപ്പൊക്കി അമ്മ, ചിത്തി, മാമിമാര്, പെരിയമ്മ എല്ലാരും കൂടെ വലിയൊരു സംഘമായി ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞ് പുഴയിലേക്കു പോയി, മുങ്ങിക്കുളിച്ച് ഈറനോടെ തിരിച്ചുവന്നു. ഹൈവേ മുറിച്ചുകടക്കുമ്പോള്‍ ഞാനും ചിത്രയും അപ്പയെക്കുറിച്ചോര്‍ത്തു. ഇവിടെവിടെയോ വെച്ചായിരുന്നു അപ്പയെ വണ്ടിയിടിച്ചത്. ചിത്ര എന്റെ കൈകളിലമര്‍ത്തിപ്പിടിച്ചു. ഞങ്ങള്‍ തണുത്തുവിറയ്ക്കുന്നുണ്ടായിരുന്നു, മാര്‍കഴിയിലെ പുലര്‍നേരം, ഉടുത്തിരിക്കുന്നതാണെങ്കില്‍ നനഞ്ഞ പാവാടയും ഷര്‍ട്ടും.

വഴിയരികില്‍നിന്നു വാരിയെടുത്ത ചാണകം ചിത്തി വെള്ളത്തില്‍ കലക്കി എല്ലാടത്തും തളിച്ചു. അമ്മ മുറിക്കകത്തു കൂനിപ്പിടിച്ചിരുന്നതേയുള്ളൂ. പിന്നെയും എന്തെല്ലാമോ ചടങ്ങുകളുണ്ടായിരുന്നു. ആ ആഴ്ച സ്‌കൂളില്‍ പോകണ്ട എന്നതു മാത്രമായിരുന്നു ഞങ്ങള്‍ക്കു പ്രധാനം. അപ്പോഴേക്ക് എല്ലാ പരീക്ഷകളും കഴിയും; ക്രിസ്മസ് പൂട്ടലിന് സ്‌കൂളടക്കും. തുറന്നുചെന്നാല്‍ ഉത്തരപേപ്പറുകളിലെ പൂജ്യങ്ങള്‍ കാട്ടി ഞങ്ങളെയാര്‍ക്കും പരിഹസിക്കാനാവില്ല. പിച്ചിപ്പറിക്കാനുമാവില്ല. കുഞ്ഞിലക്ഷ്മി ടീച്ചര്‍ എന്നെയും ചിത്രയേയും സഹതാപത്തോടെ നോക്കുകപോലും ചെയ്യും. വണ്ടിയിടിച്ചു ചത്തുപോയ അപ്പ വലിയൊരന്തസ്സാണെന്നു ഞങ്ങള്‍ പിന്നെയുമറിയും. 

മൂന്നാലു ദിവസങ്ങള്‍ കൊണ്ട് എല്ലാം പഴയതുപടിയായി. ടി.വി സദാ സമയവും ശബ്ദിച്ചു തുടങ്ങി, ചിത്തപ്പന്‍ അതിനു മുന്നില്‍ പ്രതിഷ്ഠയാവുകയും ചെയ്തു. അമ്മ കോണ്‍ക്രീറ്റു പണിക്കും ഞായറാഴ്ചകളില്‍ മോണിക്കടീച്ചറുടെ വീട്ടുപണിക്കും പോയി. ഞങ്ങള്‍ പുളിങ്കുരു ചുട്ടു തിന്നു; പച്ചപ്പുളിങ്ങയും ഇലന്തപ്പഴവും തെരഞ്ഞ് പിന്നിലെ കാട്ടിലൂടെ നടന്നു. അരിനെല്ലിക്കയുണ്ടെന്നു കേട്ട് ഡാമിനടുത്തുവരെ നടന്നുപോയി; അവിടുത്തെ കുട്ടികളോട് തല്ലുകൂടി. പെരിയമ്മ സഹായത്തിനു വിളിക്കുമ്പോള്‍ ചെന്ന് അടിച്ചുവാരിയും പിച്ചളപ്പാത്രങ്ങള്‍ സബീനയും പുളിയുമിട്ട് മിനുക്കിയും കൊടുത്തു. കരിക്കലങ്ങള്‍ ചാരമിട്ട് വാശിയോടെ തേച്ചുമെഴുക്കാനും ഞങ്ങള്‍ക്കിഷ്ടമായിരുന്നു. തിന്ന തീ മുഴുവന്‍ അതിന്റെ പുറത്ത് കറുപ്പു നിറത്തില്‍ പടര്‍ന്നിട്ടുണ്ടാവും. തേച്ചുരയ്ക്കുന്നതോടെ കറുപ്പിനടിയില്‍നിന്നു വെള്ളിനിറം തെളിഞ്ഞു തെളിഞ്ഞു വരും. അതിനനുസരിച്ച് പെരിയമ്മയുടെ മുഖവും തെളിയും അടുക്കളയിലിരുത്തി എന്തേലും തിന്നാന്‍ തരും. നോക്കുന്നേടത്തൊക്കെ സ്റ്റീല്‍പാത്രങ്ങള്‍ വെട്ടിത്തിളങ്ങിയിരിക്കുന്ന പെരിയമ്മയുടെ അടുക്കള ഞങ്ങള്‍ക്കിഷ്ടമായിരുന്നു. അവിടെ എപ്പോഴും പലഹാരങ്ങളുണ്ട്. അങ്ങോട്ടു കിട്ടുന്ന ഏതു ക്ഷണവും വിരുന്നാണ്. നടുവൊടിക്കുന്ന പണികളെക്കുറിച്ചു ഞങ്ങള്‍ മറക്കും. ഔദാര്യത്തോടെ വെച്ചുനീട്ടുന്ന പൊടിഞ്ഞ ചുറ്റുമുറുക്ക്, രണ്ടാളും പകുത്തു തിന്നോ എന്നു പറഞ്ഞുതരുന്ന ഒറ്റ മൈസൂര്‍പാക്ക്. അതിന്റെ രുചിയില്‍ ആ വീട്ടിലെ ഇടുങ്ങിയ ഇടങ്ങളില്‍നിന്നു കൈനീട്ടി മുലകളില്‍ ഞെരടുന്ന പെരിയപ്പയെപ്പോലും ഞങ്ങള്‍ മറന്നുകളയും. എനിക്ക് മുലകളേ ഉണ്ടായിരുന്നില്ല; ഇല്ലാത്തതിനെ ഞെക്കിയും ഞെരടിയും പുറത്തു കൊണ്ടുവരാന്‍ നോക്കുമ്പോള്‍ പ്രാണവേദനയാണ്. ചിത്രയ്ക്ക് എന്നേക്കാള്‍ മുഴുപ്പുണ്ട്. അവള്‍ കൈകൊണ്ട് അരിശത്തോടെ ഷര്‍ട്ടിനു മേലെ തട്ടി പെരിയപ്പയുടെ സ്പര്‍ശങ്ങളെ കുടഞ്ഞുകളയും. തിരിച്ചു പോരുമ്പോള്‍ പല്ലിറുമ്മും. ഒരു കത്തി കിട്ടിയിരുന്നെങ്കില്‍ ആ നായിന്റെ കയ്യ് ഞാന്‍... ഞങ്ങള്‍ ഒരു രഹസ്യത്തിന്റെ സൂക്ഷിപ്പിനെന്നോണം കൈകള്‍ കോര്‍ക്കും; അര്‍ത്ഥഗര്‍ഭമായി പരസ്പരം നോക്കും. ഒരു ഐസുകത്തി ഞങ്ങളുടെയുള്ളില്‍ അതിന്റെ മൃദുവായ മുനയാഴ്ത്തുന്നപോലെ തോന്നും. ഞങ്ങള്‍ കുളിര്‍ന്നും ഇക്കിളിപ്പെട്ടും ചിരിച്ചു പോവും. അങ്ങനെയൊരു കത്തിയാണ് വേണ്ടത്. തെളിവുകളുണ്ടാവരുത്. 

കുറച്ചു നാളുകള്‍ക്കുള്ളില്‍ ചിത്തപ്പന്റെ ടി.വി ആരോ എടുത്തുകൊണ്ടുപോയി. ആ വട്ടിപ്പലിശക്കാരനെ ദിവസങ്ങളോളം ചിത്തി ശപിച്ചുകൊണ്ടിരുന്നു. ഞങ്ങള്‍ക്കായിരുന്നു ഏറ്റവും വലിയ ഷോക്ക്. ആനന്ദങ്ങളെല്ലാം ഒറ്റയടിക്ക് അവസാനിച്ചതുപോലായി. അതു തിരിച്ചു കൊണ്ടുവരുമെന്ന് ആദ്യമൊക്കെ ഞങ്ങള്‍ക്കു പ്രതീക്ഷയുണ്ടായിരുന്നു. അപ്പോഴേക്കും ടി.വിയില്‍ 'രാത്തിരി നേരം റെയിലടി ഓരം' എന്നു എസ്.പി.ബി. കുസൃതി തുളുമ്പുന്ന ഒച്ചയില്‍ പാടുന്ന ഒളിയും ഒലിയും ഒക്കെ കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ഞായറാഴ്ച വൈകുന്നേരങ്ങളില്‍ തമിഴ് സിനിമയും വരുന്നുണ്ട്. എല്ലാം ഒന്നിച്ചു തീര്‍ന്നു. ചിത്തപ്പന്‍ ടി.വിയില്ലാതായിട്ടും അതവിടെത്തന്നെ ഉള്ളതുപോലെ കട്ടിലിലെ അലസമായ കിടപ്പു തുടര്‍ന്നു. പണികേറി വരുന്ന അമ്മയും ചിത്തിയുമുണ്ടാക്കുന്ന വഴക്കുകളില്‍ വീട് ബഹളം നിറഞ്ഞൊരു സീരിയല്‍ പോലാവാന്‍ തുടങ്ങി. രാത്രി വൈകും വരെ ഒച്ചവെച്ചുകൊണ്ടിരുന്ന വീട് തുറന്നുവെച്ച ടി.വിയാണെന്നു ഞങ്ങള്‍ പിറുപിറുത്തു. വിരസമായ പരിപാടികള്‍ മാത്രം പുറത്തുവിടുന്ന തല്ലിപ്പൊളി ടി.വി. അടുത്ത ചില വീടുകളിലൊക്കെ കളര്‍ ടി.വി വന്നുകഴിഞ്ഞിരുന്നു. ഞായറാഴ്ചകളില്‍ ഞങ്ങളവിടൊക്കെ ചുറ്റിത്തിരിയും. അടച്ചിട്ട വാതിലിനു പുറത്തേക്ക് ഇഴഞ്ഞുവരുന്ന കമലഹാസന്റെ, രജനീകാന്തിന്റെ, കാര്‍ത്തിക്കിന്റെ ഡയലോഗൊക്കെ പിടിച്ചെടുക്കാന്‍ നോക്കും. വളയോശൈ കലപിലയെന്നു പാട്ടിന്റെ തുണ്ടുകള്‍ പുറത്തുവരുമ്പോള്‍ ഞാനും ചിത്രയും ഞങ്ങളുടെ കൈത്തണ്ടകളിലെ ഇല്ലാവളകള്‍ കിലുക്കാന്‍ ശ്രമിക്കും. എന്തു ഭംഗിയാണ് അമലയെ കാണാന്‍! പുഷ്പകവിമാനത്തിലും അവളായിരുന്നു നായിക.

പിന്നെയുള്ള വര്‍ഷങ്ങളില്‍ ഞാന്‍ ആ സിനിമയെക്കുറിച്ചും ഐസു കൊണ്ടുള്ള കത്തിയെക്കുറിച്ചുമൊക്കെ തീര്‍ത്തും മറന്നുപോയേനെ. അഞ്ചെട്ടു വര്‍ഷം കഴിഞ്ഞ് ചിത്ര റെയില്‍പാളത്തില്‍ ചത്തു ചിതറിക്കിടന്നതിന്റെ തലേന്നാണ് 
പിന്നെയതെന്റെ ഓര്‍മ്മയില്‍ കേറി വന്നത്. അവളാ ചെയ്തതൊരു വല്ലാത്ത ചതിയായിരുന്നു. ഞാനവളോടു എന്നേക്കുമായി പിണങ്ങി. എന്നെക്കാള്‍ ഒന്നുരണ്ടു വയസ്സു മുതിര്‍ന്നതായിട്ടും ഞങ്ങള്‍ എപ്പോഴും ഒന്നിച്ചായിരുന്നു. ഒരുമിച്ചാണ് സ്‌കൂളില്‍ ചേര്‍ത്തത്. ഒരേ ക്ലാസ്സില്‍ തോറ്റു, ഒന്നിച്ചു പാസ്സായി. അവസാനം അവള്‍ ഒറ്റയ്ക്കു പോയിരിക്കുന്നു. അതും ഒരു വാക്കുപോലും പറയാതെ. തലേന്നു രാത്രിയും ഞങ്ങളൊന്നിച്ചുറങ്ങിയതാണ്. അവള്‍ കയ്യ് എന്റെ മേലേക്കിട്ട് എന്നെ പൊതിഞ്ഞു പിടിച്ചിരുന്നു; എപ്പഴത്തേയുംപോലെ. അവളുടെ കനത്ത ജടപിടിച്ച മുടി അന്നു വൈകുന്നേരം പുഴയില്‍ പോയി സോപ്പുപൊടിയിട്ട് ഒലുമ്പിക്കഴുകി വൃത്തിയാക്കിയിരുന്നു. മുടി വിടര്‍ത്തിയിട്ട അവളെക്കണ്ട് എനിക്ക് യക്ഷിയെപ്പോലെ തോന്നി. അവളുടെ മുടിയില്‍ സോപ്പുപൊടിയുടെ സുഖകരമായ മണമുണ്ടായിരുന്നു. വാഷിങ്പൗഡര്‍ നിര്‍മ്മാ എന്നു പാടിക്കൊണ്ട് ഞാനതില്‍ മൂക്കു മുട്ടിച്ചു കിടന്നു. ഞങ്ങള്‍ രണ്ടാളും പഴയ ടി.വിക്കാലമോര്‍ത്തു. സ്വാഭാവികമായും ആ കത്തിയെക്കുറിച്ചും. 
'എടീ ആ കത്തി, നമ്മക്കതുണ്ടാക്കണം. തൊടാന്‍ വരുന്നവന്മാരുടെ നെഞ്ചത്തേക്ക്.'
ഞാന്‍ ചിത്രയുടെ മുടിയില്‍ മൂക്കുരച്ചുകൊണ്ടു പറഞ്ഞു. 
'നെഞ്ചത്തേക്കല്ല, അവന്മാരുടെ മറ്റേടത്തേക്ക്.' 
അവള്‍ അരിശത്തോടെ പറഞ്ഞു. 

ഐസിന്റെ കഠാരകൊണ്ട് അറുത്താലതു മുറിയുമോ എന്നു ഞാന്‍ സംശയിച്ചു. പെരിയപ്പയുടെ വാര്‍ദ്ധക്യം ബാധിച്ചു തളര്‍ന്ന പരുക്കന്‍ വിരലുകളെ ഞങ്ങള്‍ക്ക് ഒരുകാലത്തും ഭയമില്ലായിരുന്നു; അറപ്പല്ലാതെ. പക്ഷേ, ശരിക്കും ഞങ്ങളിപ്പോള്‍ പലരേയും ഭയപ്പെടാനുണ്ട്. ചിത്തിയും അമ്മയും പണിക്കുപോയിക്കഴിഞ്ഞാല്‍ ചിത്തപ്പനെ തേടി വരുന്നവര്‍ക്ക് വേണ്ടതെന്താണെന്നു ഞങ്ങള്‍ക്കു മനസ്സിലാവുന്നുണ്ട്. സ്‌കൂളില്‍ പോകാനിഷ്ടമില്ലാഞ്ഞിട്ടും ഞങ്ങള്‍ക്കിപ്പോ സ്‌കൂളും പരീക്ഷകള്‍ പോലും ആശ്വാസമാണ്. കത്തി അത്യാവശ്യമാണ്. അതുണ്ടാക്കല്‍ ഇനിയത്ര പ്രയാസമായിരിക്കില്ല. പെരിയമ്മയ്ക്കിപ്പോ ഒരു സെക്കന്റാന്റ് ഫ്രിഡ്ജുണ്ട്. ഐസുകട്ടയൊന്നും വേണ്ട. കത്തീടെ ഒറയ്ക്കാത്ത് വെള്ളമൊഴിച്ച് ഫ്രീസറില്‍ വെച്ചാ മതി. 

'നമ്മക്ക് ഒണ്ടാക്കാന്‍ നോക്കാം, കുത്തുവാളിന്റെ ഉറ കിട്ടുമാരിക്കും. പെരിയമ്മേടടുത്ത് ഫ്‌ലാസ്‌ക്കുമുണ്ടല്ലോ, അതവരു കാണാതെടുക്കണം. ഉരുകിപ്പോവാണ്ടിരിക്കാന്‍ അതിലു സൂക്ഷിച്ചു വെക്കാം. അതുണ്ടാക്കിയാ നമ്മളാരെയാ ആദ്യം?'
ഉറക്കമിഴയുന്ന ഒച്ചയില്‍ ഞാനിങ്ങനെ പറഞ്ഞു. അതായിരുന്നു ഞാനവളോട് അവസാനം പറഞ്ഞതും. അതു പറഞ്ഞുതീരുമ്പഴേക്ക് ഞാനുറങ്ങിപ്പോയിരുന്നു. അവളതിനെന്തെങ്കിലും മറുപടി പറഞ്ഞോ എന്നുപോലും ഞാനറിഞ്ഞില്ല. അങ്ങനെ രഹസ്യമായ വേട്ടയാടല്‍ കരാറിലൊപ്പു വെച്ചതിന്റെ പിറ്റേന്നാണവള്‍ ചത്തത്. രാവിലെ റെയിലിനരികില്‍ വെളിക്കിരിക്കാന്‍ പോയ ചിത്തിയാണ് കണ്ടത്. അവളുടെ പാവാട കണ്ട് അടുത്തുചെന്ന ചിത്തി നിലവിളിച്ചുകൊണ്ട് തിരിച്ചോടി ഞങ്ങളെയെല്ലാമുണര്‍ത്തി. 

ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ ഏതോ കമ്പനിയുടെ ഉദ്ഘാടനത്തിന് മന്ത്രിമാരൊക്കെ വന്ന ദിവസമായിരുന്നു അത്. അതുകൊണ്ട് പൊലീസുകാരു വരാന്‍ ഉച്ചകഴിഞ്ഞു. ഗ്യാസുള്ള ഏതാണ്ടു സര്‍ബത്തിന്റെ കമ്പനിയാണെന്നും സോഡയെക്കാള്‍ രുചിയാണെന്നും അവിടെച്ചെല്ലുന്നോര്‍ക്കെല്ലാം കുപ്പീലു നെറച്ച മുന്തിരിനിറമുള്ള സര്‍ബത്തു കിട്ടുമെന്നും എത്ര ദെവസായി ഞങ്ങളു കേക്കുന്നുണ്ടായിരുന്നു. അതിനു പോകാന്‍ ഞങ്ങളു കാത്തിരിക്കേമായിരുന്നു. എന്നിട്ടാണവള്‍ ഇങ്ങനെ ഒന്നും മിണ്ടാതെ പൊയ്ക്കളഞ്ഞത്. 

വാരിക്കൂട്ടി വെച്ച അവളുടെ ദേഹത്ത് ഐസുകട്ടകള്‍ കോരിയിട്ട്, കാക്കേം നായും തൊടാതിരിക്കാന്‍ പൊലീസുകാരു വരുന്നതുവരെ ചെന്നിയപ്പനും ചിത്തപ്പനും റെയിലോരത്ത് കാവലിരുന്നു. 

ആശുപത്രിയില്‍നിന്ന് അവളെ വാരിക്കെട്ടി ചുടുകാട്ടിലേക്കാണത്രേ കൊണ്ടുപോയത്. നെഞ്ചത്തടിച്ചു കരഞ്ഞുകൊണ്ടിരുന്ന അമ്മയോ ചിത്തിയോ അറിഞ്ഞതുപോലുമില്ല. എല്ലാം കഴിഞ്ഞ് ആടിയാടി വന്ന ചിത്തപ്പന്‍ ഒഴിച്ചുകൊടുത്ത ചാരായം മടമടാന്നു കുടിച്ച് അമ്മ തലയ്ക്കടിച്ചു പിന്നെയും കരഞ്ഞു. ചിത്തപ്പന്റെ മുഖത്തു കാറിത്തുപ്പി, പയ്യാരം പറഞ്ഞുകൊണ്ട് വെറും നിലത്തു വീണു, പിന്നെ അവിടെത്തന്നെ കിടന്നുറങ്ങി. ഞാന്‍ മാത്രം വരണ്ട കണ്ണുകളുമായി ഇരുട്ടിലേക്കു തുറിച്ചുനോക്കിയിരുന്നു. ട്രെയിന്‍ പോവുന്ന ഒച്ച എന്നെ ഭയപ്പെടുത്തി. ചിത്ര, ചിത്രയെന്നാണതിന്റെ താളമെന്ന് അന്നാദ്യമായെനിക്കു തോന്നി. ഇന്നലെ ഈ സമയത്ത് ഞാനവളുടെ നിര്‍മ്മാ മണമുള്ള മുടി വാസനിച്ച് അവള്‍ക്കരുകില്‍ കിടക്കുകയായിരുന്നു. എന്നെയവള്‍ പൊതിഞ്ഞുപിടിച്ചിരുന്നു. 

എനിക്കു സഹിക്കാനായില്ല, ഞാന്‍ അന്നത്തെ ദിവസം ആദ്യമായി അലറിക്കരഞ്ഞു. മുടി വലിച്ചുപറിച്ചു, നെഞ്ചത്തു തല്ലി. ഒരു കത്തി, ഞാന്‍ ഹൃദയത്തിലിറക്കിവെച്ച കരിങ്കല്ലിന്റെ ഭാരത്തില്‍ ശ്വാസംമുട്ടിപ്പിടഞ്ഞുകൊണ്ട് കത്തിക്കുവേണ്ടി കരഞ്ഞു. 

പിറ്റേന്ന് പൊലീസുകാരു വന്നപ്പോള്‍ അമ്മയെന്നോട് ഇലന്തമരങ്ങള്‍ തിങ്ങിനില്‍ക്കുന്ന പുറകിലെ കാട്ടിലൊളിക്കാന്‍ പറഞ്ഞു. ഞാനവിടേക്കോടി. ഇലന്തപ്പഴങ്ങള്‍ ചുറ്റും ചിതറിക്കിടന്നിരുന്നു. ഒരു മരത്തിന്റെ താണ കൊമ്പില്‍ കേറിയിരുന്ന് ഞാന്‍ കൈനീട്ടി പൊട്ടിക്കാവുന്നത്രയും കായകള്‍ വായില്‍ കുത്തിനിറച്ചു തിന്നു. പുളിച്ചു പുളിച്ചു നാവും മോണയും പൊട്ടി. ചവര്‍പ്പുകൊണ്ട് ഓക്കാനം വന്നു. ചിത്രയില്ലാതെ ഒറ്റയ്ക്കു ജീവിക്കാന്‍ ഞാന്‍ പഠിച്ചു തുടങ്ങിയതങ്ങനെയായിരുന്നു; ആകെ പുളിച്ചും കയ്ച്ചും.

പിന്നൊരു മൂന്നാലുവര്‍ഷം കഴിഞ്ഞ് അട്ടപ്പള്ളത്തെ ജയശ്രീ ഐസ് വര്‍ക്‌സില്‍ ഞാന്‍ പണിക്കു പോകാന്‍ തുടങ്ങി. സ്‌കൂളില്‍ പോക്കെല്ലാം ചിത്ര പോയതിനൊപ്പം അവസാനിച്ചിരുന്നു. കുറെ നാള് വീട്ടുപണിക്കൊക്കെ പോയതിനുശേഷം, ചിത്തിയാണ് എനിക്കവിടെ പണിയാക്കിത്തന്നത്. ആഴ്ചയ്ക്കു ശമ്പളം കിട്ടും. ചിത്തപ്പനപ്പോഴേക്ക് കരളുരോഗം വന്ന് അവശനായിരുന്നു. മരുന്നിനു തന്നെ കാശു നിറയെ വേണം. ദാവണിപ്രായം കഴിഞ്ഞെങ്കിലും അതുതന്നെ ചുറ്റി പ്ലാസ്റ്റിക് കൊട്ടയില്‍ ഉച്ചയ്ക്കത്തെ ശാപ്പാടുമായി ബസു കേറി ഞാന്‍ അട്ടപ്പള്ളത്തേക്കു പോയി. ചുവപ്പും വെള്ളയും നിറമുള്ള പ്ലാസ്റ്റിക് വയറുകള്‍കൊണ്ട് ആ കൊട്ട നെയ്തതു ചിത്രയായിരുന്നു. ഇറയത്തിരുന്ന് അതു കെട്ടിക്കൊണ്ടിരിക്കുമ്പോള്‍ അവളെ ചിത്തപ്പന്‍ അകത്തേക്കു വിളിച്ചതും പാതി നെയ്ത കൊട്ട എന്റെ മടീലിട്ട് അവള്‍ പോയതും അവള്‍ കെട്ടിയതിന്റെ ബാക്കി കെട്ടാന്‍ നോക്കിയതും ഇട്ട കെട്ടുകളൊക്കെ തെറ്റിയതും ഞാനോര്‍ക്കുന്നുണ്ട്. ചിത്തപ്പന്റെ ചങ്ങാതി അകത്തുണ്ടായിരുന്നു. കുറച്ചു നേരത്തിനുശേഷം അയാള്‍ക്കു പിറകെ ചിത്രയും ഇറങ്ങി വന്നു. അവളെന്നോട് നെയ്ത്ത് തെറ്റിച്ചതിനു കലമ്പി. പിന്നെ ഞാനിട്ട തെറ്റായ കെട്ടുകളൊക്കെ അഴിച്ചു ശരിയാക്കാന്‍ തുടങ്ങി. കുനിഞ്ഞിരുന്നു നെയ്യുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി, കണ്ണീര് പൂ പോലെ വിടര്‍ത്തിക്കെട്ടിയ പ്ലാസ്റ്റിക് കൊട്ടകള്‍ക്കുള്ളില്‍ വീണു. ആ കൊട്ട നെഞ്ചോടു ചേര്‍ത്തുപിടിക്കുമ്പോഴൊക്കെ ഇപ്പോഴും ഞാനവളുടെ കണ്ണീരിന്റെ ചൂടറിഞ്ഞു.

റോഡ് സൈഡിലെ തുരുമ്പിച്ച ഗേറ്റു കടന്ന് കുറച്ചുദൂരം നടന്നു ചെല്ലേണ്ട പഴകിയ കെട്ടിടത്തിലായിരുന്നു ജയശ്രീ ഐസ് വര്‍ക്‌സ്. ഞാനടക്കം മൂന്നു പേരെ അതിനകത്ത് പണിക്കുണ്ടായിരുന്നുള്ളൂ. ഫ്രീസിങ്ങ് യൂണിറ്റൊക്കെ ചെറുതാണ്. ചെറിയ അളവില്‍ ഐസ് ബ്ലോക്കുകളുണ്ടാക്കി സമീപ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന ഫാക്ടറിയായിരുന്നു അത്. ഐസ് ബാറുകള്‍ ഗുഡ്‌സോട്ടോയില്‍ കയറ്റി പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോവും. അതു മുരുകന്റെ വേലയാണ്. അയാളെ പകല്‍നേരം എപ്പഴെങ്കിലുമൊക്കെയേ അവിടെ കാണാറുള്ളു.

മുരുകന്‍ കൊണ്ടുപോയതിനുശേഷം ബാക്കിയാവുന്ന ഐസ് കട്ടകള്‍ പ്രാകൃതമായി ഉടച്ചെടുക്കുന്ന പണിയായിരുന്നു എനിക്ക്. എപ്പഴും നനവും തണുപ്പുമുള്ളതുകൊണ്ട് വഴുക്കുന്ന വെറും നിലത്തിട്ട ഐസു കട്ടകളില്‍ ചുറ്റിക കൊണ്ടടിച്ചു പൊട്ടിക്കുക. ആ ചെറിയ കഷണങ്ങള്‍ തെര്‍മല്‍ പെട്ടികളില്‍ വാരിയിടുക. അത് അടുത്തുള്ള കടകളിലേക്കും മീന്‍ ചന്തയിലേക്കുമൊക്കെ പോകും. ഇത്തരം ഐസുകഷണങ്ങളിട്ട സര്‍ബത്തിനുവേണ്ടി ഞാനും ചിത്രയും പണ്ട് ചിത്തിയുടെ കുങ്കുമപ്പെട്ടിയില്‍നിന്ന് ചില്ലറ മോഷ്ടിക്കുമായിരുന്നു. ഒരു ഗ്ലാസു വാങ്ങിച്ച് ഞങ്ങളതു പകുത്തു കുടിക്കും. കാശു പോയേന് ചിത്തിയുടെ ശാപവും ചീത്തയും കേള്‍ക്കാത്ത ഭാവത്തിലിരിക്കും. ചിത്തപ്പനാണോ ഞങ്ങളാണോ അതെടുത്തതെന്ന് അവര്‍ക്കൊരിക്കലും പിടികിട്ടില്ലായിരുന്നു. പക്ഷേ, അതൊക്കെയും ആ സിനിമ കാണുന്നതിനു മുന്‍പാണ്. അതിനുശേഷം ഐസു കാണുമ്പോഴൊക്കെ ഞങ്ങളാ കത്തിയെക്കുറിച്ചേ ഓര്‍ത്തിട്ടുള്ളൂ. 

വൃത്തികെട്ട നിലത്തു തുരുമ്പുപിടിച്ച ചുറ്റികകൊണ്ടു പൊട്ടിച്ചിടുന്ന ഐസുകഷണങ്ങള്‍. അതുണ്ടാക്കുന്ന വെള്ളമോ, തുറന്നു കിടക്കുന്ന, ചപ്പും ചവറുമടിഞ്ഞ കുളത്തില്‍നിന്ന് തുരുമ്പിച്ച പൈപ്പുകളിലൂടെ ഒഴുകിവരുന്നത്. എന്നിട്ടും അതിനെന്തൊരു വെണ്മയാണ്. ഞാന്‍ പൊട്ടിച്ചിടുന്ന ഐസുചില്ലുകള്‍ വാരിയെടുത്ത് മുഖത്തു ചേര്‍ക്കാന്‍ എനിക്കു തോന്നും. അത്രയും ഓമനത്തമുള്ള കുഞ്ഞിച്ചീളുകള്‍.

അമോണിയയെന്നും മീതൈല്‍ ക്ലോറൈഡെന്നുമൊക്കെ എനിക്കു മനസ്സിലാവാത്ത പേരുകള്‍ ജയശ്രീ വര്‍ക്‌സിലെ മേസ്തിരി പറയും. അയാളു സ്വയം പറയുന്നത് വര്‍ക്‌സ് മാനേജര്‍ എന്നാണ്. വെറും വെള്ളമല്ല, ഇങ്ങനെ വെണ്മയോടെ ഉറയുന്നതത്രേ. അയാളെന്നോട് കയ്യുറകളിട്ട് ജോലി ചെയ്യാനാവശ്യപ്പെട്ടു. ഇല്ലേല്‍ കൈ മരവിച്ചുപോകും. ആദ്യത്തെ ദിവസങ്ങളില്‍ ഞാനങ്ങനെ ചെയ്തു നോക്കി. അയാള്‍ തന്ന കട്ടിയുള്ള റബ്ബര്‍ക്കയ്യുറകള്‍ക്കകത്ത് എന്റെ കൈകള്‍ വേറാരുടേയോ കൈകള്‍പോലെ എനിക്കപരിചിതമായി തോന്നി. വഴങ്ങിത്തരാതേയും മെരുങ്ങാതേയും എന്റെ വിരലുകള്‍ തീര്‍ത്തും എന്റേതല്ലാതായിത്തീര്‍ന്നപ്പോള്‍ ഞാനതൂരിക്കളഞ്ഞു. വെറും കയ്യുറകള്‍കൊണ്ട് ജോലി ചെയ്യുമ്പോള്‍ വിരലുകള്‍ ആദ്യമൊക്കെ പുകഞ്ഞിരുന്നു. കൈത്തലം വിണ്ടുപൊട്ടും. തീയില്‍ത്തട്ടി കൈ പൊള്ളുമ്പോഴൊക്കെ ഞങ്ങള്‍ പെരിയമ്മയുടെ വീട്ടില്‍നിന്ന് ഐസു വാങ്ങി പൊത്തലാണ് പതിവ്. ഐസുകൊണ്ടു പൊള്ളുമ്പോഴോ? പൊട്ടിച്ചിട്ട ഐസുകട്ടകളുടെ ആ ചെറുകൂമ്പാരത്തിനടുത്തിരുന്നു ഞാനതോര്‍ത്തു ചിരിച്ചുപോയി. 

മുരുകന്‍ പൊയ്ക്കഴിഞ്ഞാല്‍ വാതില്‍ അകത്തുനിന്നു ചാരി മേസ്തിരി, കുനിഞ്ഞിരുന്നു ഐസു പൊട്ടിക്കുന്ന എന്റെ പുറകില്‍ വന്നു ചേര്‍ന്നുനില്‍ക്കും. വല്ലാതെ തൊട്ടും ഉരുമ്മിയുമുള്ള ആ നില്പിനോടുള്ള എന്റെ പ്രതിഷേധങ്ങളെ അയാളതിവേഗം നിശ്ശബ്ദമാക്കുകയും ചെയ്തു. വേലയും കൂലിയുമായിരുന്നു എനിക്കക്കാലത്ത് ഏറ്റവും പ്രധാനം. വീട്ടില്‍ച്ചെന്നിരുന്ന് ഒരുപാടാള്‍ക്കാരുടെ തീറ്റപ്പണ്ടമാവുന്നതിലും പിന്നെ റെയില്‍പാളത്തില്‍ ചിതറിത്തെറിക്കുന്നതിലും ഭേദമിതാണെന്നും ഞാന്‍ വിചാരിച്ചു. അയാളെന്നെ ആ തണുത്ത നിലത്തേക്ക് മലര്‍ത്തിക്കിടത്തും. എന്റെ പാവാട അയാള്‍ തെറുത്തുകയറ്റുമ്പോള്‍ മഹാലക്ഷ്മി കൊട്ടകയിലെ കര്‍ട്ടനുയരുന്നത് ഞാനോര്‍ക്കും. കാണാനിരിക്കുന്നത് വൃത്തികെട്ട ഏതോ പടമാണല്ലോയെന്ന ചിന്തയില്‍ വായില്‍ കയ്പുറയും. 

എന്റെ പുറം ഞാന്‍ തന്നെ പൊട്ടിച്ചിട്ട ഐസുകട്ടകളില്‍ തട്ടി കോച്ചിവലിക്കാന്‍ തുടങ്ങും. കാശു തരാമെന്നോ, നീ അഴകാരുക്കെന്നോ എന്താണയാള്‍ പൊള്ളുന്ന ചുണ്ടുകള്‍ ചെവിയോടടുപ്പിച്ചു പറയുന്നതെന്ന് എനിക്ക് മനസ്സിലാവാറേയില്ല. മനസ്സിലായിട്ടു ആവശ്യവുമില്ല. കാര്യം നടക്കാന്‍ വേണ്ടി അന്നന്നേരം ആണുങ്ങള്‍ പറയുന്ന പുന്നാരങ്ങള്‍. അതിനത്രയേ ഉറപ്പുള്ളൂ. പെട്ടെന്നു ചീറ്റിത്തളര്‍ന്നുപോകുന്ന അവന്മാരുടെ അവയവത്തെപ്പോലെ ദുര്‍ബ്ബലം.

ആ കിടപ്പില്‍ മരവിച്ചും വേദനിച്ചും കിടന്ന് ഞാനപ്പോഴൊക്കെ ചിത്രയെ ഓര്‍ത്തു. അങ്ങനൊരിക്കല്‍ എന്റെ ദേഹത്തേക്കിറങ്ങിവരുന്ന അയാളോട് ഞാന്‍ ഐസുകൊണ്ടൊരു കത്തി ഉണ്ടാക്കുന്നതിനെപ്പറ്റി ചോദിച്ചു. 
അയാള്‍ പുഷ്പകവിമാനം കണ്ടിട്ടുണ്ടാവില്ല. ഉണ്ടെങ്കില്‍ത്തന്നെ അയാളതോര്‍ത്തിരിക്കുകയുമില്ല. എന്തിനോര്‍ക്കണം? അതൊക്കെ ജീവിതത്തിലുടനീളം ഓര്‍ക്കണ്ടത് എന്നേം ചിത്രേം പോലുള്ളവരല്ലേ? ഇടയ്ക്കുവെച്ച് ജീവിതം സ്വയം നിര്‍ത്തിപ്പോകുന്ന നിമിഷം വരെ ഞങ്ങളതോര്‍ക്കും. 

'എന്നമ്മാ? കത്തിയാ? ഐസു കൊണ്ടെപ്പടി? എതുക്ക്?'
മേസ്തിരി തമിഴും മലയാളവും കലര്‍ത്തിയ ഭാഷയില്‍ അതിശയത്തോടെ എന്നോടു ചോദിച്ചു. ഞാന്‍ മറുപടി പറയാതെ കണ്ണുകള്‍ ഇറുകെപ്പൂട്ടി. പിന്നെ അയാളെണീറ്റു പോയതിനുശേഷം ഉടലാകെ മഞ്ഞില്‍ പുതഞ്ഞതുപോലെ ഞാന്‍ എണീറ്റിരുന്ന് വിറച്ചുകൊണ്ട് ഐസു കല്ലുകളുടയ്ക്കും.

എന്നും വൈകുന്നേരം കമ്പനിയില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ എന്റെ കൈകള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കപ്പെട്ടവയെന്നപോലെ മരവിച്ചും ചുളിഞ്ഞുമിരിക്കും. എന്റെ കാലുകള്‍ കോച്ചിവലിക്കും. കുറെ ദൂരം നടന്നു ചോര ചൂടുപിടിച്ചാലേ എനിക്ക് ശരീരം ഇഷ്ടംപോലെ ചലിപ്പിക്കാനാവൂ. അതു വരെയും ഞാനൊരു ശവം എണീറ്റു നടക്കുന്നപോലെ ആടിയാടി നടക്കുകയാണെന്ന് എനിക്കു തോന്നും. എന്റെ കൈകളും കാലുകളുമൊക്കെ എവിടെയോ ചിതറിക്കിടക്കുകയാണ്. അവയ്ക്കു മീതെ ഐസു കട്ടകളിട്ടിട്ടുണ്ട്. അഴുകാതിരിക്കാന്‍, മണക്കാതിരിക്കാന്‍. എന്റെ ഹൃദയം ഉരുകിയൊലിച്ച് അകമാകെ പൊള്ളും. ചിത്ര ഉണ്ടായിരുന്നെങ്കില്‍, ഞങ്ങളൊന്നിച്ച് ഇവിടെ പണിക്കു വന്നേനെ. ഞങ്ങളാ കത്തി ഉണ്ടാക്കിയേനെ. തൊട്ടുരുമ്മി നിന്ന് നിലത്തേക്കു തള്ളിയിടുന്ന ആ മേസ്തിരിയില്‍ത്തന്നെ ആദ്യം പരീക്ഷിച്ചേനെ. പിന്നെ ചിത്തപ്പന്‍, അയാള്‍ടെ ചങ്ങാതിമാര്‍, വേറെയുമെത്രയോ ആളുകള്‍.

ഈ ലോകം ഒറ്റയ്ക്കു ജീവിക്കാന്‍ കൊള്ളില്ലെന്ന് എനിക്കു തോന്നിക്കൊണ്ടേയിരുന്നു. ചിത്ര, ചിത്ര എന്നു ഞാന്‍ നിശ്ശബ്ദമായി നിലവിളിക്കും. അട്ടപ്പള്ളത്തുനിന്ന് ആ സന്ധ്യകളില്‍ ഞാന്‍ വീടു വരെ വലിഞ്ഞു നടക്കും. തണുപ്പു മണക്കുന്ന മരവിച്ച എന്റെ ശരീരവുമായി ബസില്‍ കേറാന്‍ പറ്റില്ല. ഒരവയവവും വഴങ്ങിത്തരില്ല. പൈപ്പിന്‍ ചോട്ടില്‍ച്ചെന്ന് കയ്യും കാലും മുഖവും കഴുകി, കിട്ടുന്നതെന്തെങ്കിലും തിന്ന് ഞാനുറക്കത്തിലേക്കു വീഴും. ആഴ്ചാവസാനം കിട്ടുന്ന കൂലി ചിത്തിയോ അമ്മയോ പിടിച്ചുപറിക്കുന്നതുപോലെ കൈപ്പറ്റും. ചിലപ്പോളതില്‍ പൈസ കൂടുതലുണ്ടാവാറുണ്ട്. തരുമ്പോള്‍ രണ്ടു വേലയ്ക്കും കൂലി എന്നയാള്‍ പറഞ്ഞിട്ടുമുണ്ട്.
ഐസു കമ്പനിയിലെ പണി എന്തു സുഖമാണെന്നും എ.സിയിലിരിക്കുന്ന പോലാണെന്നും കത്തിരിവെയിലത്ത് റോഡുപണിക്കു പോകുന്ന ചിത്തി കുത്തുവാക്കു പറയും. ഉദ്യോഗക്കാരിയെന്നു പരിഹസിക്കും. വെടിച്ച വിരലുകള്‍കൊണ്ട് മീന്‍കുഴമ്പ് ഒഴിച്ച ചോറുവാരിത്തിന്നാന്‍പോലും പറ്റാതെ കഷ്ടപ്പെടുമ്പോഴായിരിക്കും അത്. ഞാന്‍ നിറഞ്ഞ കണ്ണുകളുയര്‍ത്താതെ തലയാട്ടും. അവിടെ ജോലി ഉണ്ടാക്കിത്തന്നതിന്റെ കൂറു കാട്ടണമെന്നു ചിത്തി പറയുമ്പോള്‍ ഞാന്‍ ഇല്ലാത്ത വാലാട്ടാന്‍ ശ്രമിക്കുന്നതുപോലെ നടിക്കും. 

വര്‍ഷങ്ങള്‍ക്കിടയില്‍ ജയശ്രീ ഐസ് വര്‍ക്‌സ് പിന്നെയും പഴകി. ഉപകരണങ്ങള്‍ കൂടുതല്‍ തുരുമ്പെടുത്തു. പൈപ്പു പൊട്ടിയതുകൊണ്ട് പലപ്പോഴും വെള്ളം കോരിക്കൊണ്ടുവന്ന് ടാങ്കിലൊഴിക്കേണ്ടിവന്നു. മുരുകന്‍ തീര്‍ത്തും വരാതായി. ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത മുതലാളി, കമ്പനി ഒഴിവാക്കിയപ്പോള്‍ മേസ്തിരി അത് വാടകക്കെടുത്തു. ഇനി തന്നെ മേസ്തിരിയെന്നു വിളിക്കരുതെന്നും സാറേ എന്നു വിളിക്കണമെന്നും അയാളാവശ്യപ്പെട്ടു. 
ഞാനാണിനി നിന്റെ മുതലാളിയെന്ന് അഹന്തയോടെ പറഞ്ഞു. 

എനിക്കതില്‍ പ്രത്യേകതയൊന്നും തോന്നിയില്ല; ആഴ്ചയ്ക്കു മുടങ്ങാതെ കൂലി കിട്ടുന്നതല്ലാതെ മറ്റൊന്നും എന്നെ സംബന്ധിച്ചു പ്രധാനവുമായിരുന്നില്ല. ഇപ്പോള്‍ വെള്ളത്തിനു പുറമേ ഐസ് ട്രേയില്‍ ചേര്‍ക്കുന്ന സാധനങ്ങളെപ്പറ്റിയൊക്കെ എനിക്കറിയാം. അയാളില്ലെങ്കിലും കൂളിങ് പാനല്‍ ഓണാക്കാനും ഐസുണ്ടാക്കാനും എനിക്കു പറ്റും. ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ഒരു ദിവസം ഞാനാ കത്തി ഉണ്ടാക്കുമെന്നും എനിക്കു തോന്നുന്നുണ്ട്. കത്തിയല്ല, കഠാര. കുത്തിത്തറയ്ക്കണം. ഏറ്റവും അത്യാവശ്യമുണ്ടായിരുന്നപ്പോഴൊന്നും ഞങ്ങള്‍ക്കത് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ചിത്ര എന്നേക്കുമായി പോയ്‌പ്പോവുകയും ചെയ്തു. ഇനിയിപ്പോള്‍ അതില്ലെങ്കിലും സാരമില്ലെന്നായപ്പോഴാണ്. എനിക്ക് കരച്ചിലും ചിരിയും വന്നു.

'ഐസു പോട്ടു വെച്ചിരുന്താല്‍ എല്ലാമേ ഫ്രഷായിരിക്കും. ആനാല്‍ നീ മട്ടും റൊമ്പ ഒടഞ്ചു പോയിട്ടിയേ.'
മുതലാളിയായ സന്തോഷത്തില്‍ എന്നെ ഐസ്ചില്ലുകള്‍ക്കു മേലെ വീഴ്ത്തിയിട്ട് അയാളതു സ്ഥിരമായി പറഞ്ഞ് ഉറക്കെച്ചിരിക്കാന്‍ തുടങ്ങിയതും അക്കാലത്താണ്. 

ചത്തവയാണ് ഐസിട്ടു വെച്ചാല്‍ അഴുകാതിരിക്കുകയെന്നും ജീവനുള്ളവയ്ക്കു മേലെ ഐസു വിതറിയാല്‍ അതു ചീഞ്ഞുപോകുകയേയുള്ളൂവെന്നും ഞാന്‍ പല്ലിറുമ്മിക്കൊണ്ടു പറഞ്ഞത് അയാള്‍ക്കു മനസ്സിലായിക്കാണില്ല.

കമ്പ്രസ്സറിനു കേടുവന്ന് അഞ്ചാറു ദിവസത്തേക്കു പണിയുണ്ടാവില്ല എന്നയാള്‍ വിളിച്ചു പറഞ്ഞിട്ടും മൂന്നാമത്തെ ദിവസം വീട്ടിലിരിക്കാന്‍ വയ്യാതെ ഞാന്‍ ചോറിന്‍കൊട്ടയുമെടുത്ത് അട്ടപ്പള്ളത്തേക്കു പോയതായിരുന്നു അന്ന്. ചിത്തപ്പന്‍ ചത്തുപോയെങ്കിലും അയാളുടെ ചങ്ങാതിമാര്‍ വീട്ടില്‍ വരുന്നുണ്ട്. റാക്കും അച്ചാറും കരളു വരട്ടിയതുമൊക്കെ തുറന്നുവെച്ച് അവര്‍ ആഘോഷിക്കുന്നുണ്ട്. ചിത്തിയും അമ്മയും അവര്‍ക്കൊപ്പം കൂടും. അതില്‍ ചിലവര് തൊട്ടുകൂട്ടാന്‍ കൊള്ളുമോയെന്ന് ഇപ്പോഴും എന്നെ ചുഴിഞ്ഞുനോക്കുകയും തണ്ണിയെന്നും പാത്രമെന്നുമൊക്കെ പറഞ്ഞ് അടുത്തേക്കു വിളിക്കുകയും ചെയ്യുന്നുണ്ട്. ഇതിലാരൊക്കെയാണെന്റെ ചിത്രയെ എന്നോര്‍ത്തു ഞാന്‍ വെട്ടിത്തിളയ്ക്കും. എത്ര പൊട്ടത്തരമായിരുന്നു ഞങ്ങളുടേത്! ആ ഐസുകത്തിക്കു പകരം ശരിക്കുമൊരു കത്തി ആയിരുന്നെങ്കില്‍! അതെളുപ്പമായിരുന്നു. പക്ഷേ, ഞങ്ങള്‍ക്കങ്ങനെയൊരു ചിന്തപോലുമുണ്ടായില്ല. പകരം ഒരിക്കലും ഉണ്ടാക്കാന്‍ പറ്റാത്ത ഐസുകത്തിയെക്കുറിച്ചു സ്വപ്‌നം കണ്ടു. സങ്കല്പത്തിലെ ആയുധം കൊണ്ട് യഥാര്‍ത്ഥത്തിലുള്ള ശത്രുക്കളെ ഇല്ലാതാക്കാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ ഓര്‍ത്തതേയില്ല. എനിക്ക് ആ സിനിമയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോള്‍ കലിവരും. അതൊരിക്കലും കാണേണ്ടിയിരുന്നില്ല. എങ്കില്‍ ചിലപ്പോള്‍ ചിത്ര എന്റെ കൂടെ ഉണ്ടായേനെ. ബസിലെ കമ്പിയില്‍ തൂങ്ങിക്കിടന്ന് ഞാനതു തന്നെ ആലോചിച്ചു പല്ലിറുമ്മി.

കമ്പനി തുറന്നതുകണ്ട് എനിക്കാശ്വാസം തോന്നി. പണിയുണ്ടാവും. ആഴ്ചാവസാനം കൂലി കിട്ടും. എല്ലാറ്റിലും പ്രധാനം പകല് വീട്ടിലിരിക്കണ്ട എന്നതാണ്. പക്ഷേ, ഫ്രീസറിന്റെ ഇരമ്പുന്ന ഒച്ച കേള്‍ക്കുന്നില്ല. ചാരിയിട്ട വാതില്‍ തള്ളിത്തുറന്ന് അകത്ത് കേറി നോക്കി. മേസ്തിരി മേശയ്ക്കരികിലുണ്ട്. അയാള്‍ എന്നെക്കണ്ട് അമ്പരന്നു. വിളിക്കാതെ വന്നതെന്തിനെന്നു കയര്‍ത്തു. മിണ്ടാതെ നിന്നപ്പോള്‍, വരവും ചെലവും ഒത്തുപോകാത്തതുകൊണ്ട് ഉല്പാദനം കൊറച്ചുവെന്നും ഒറ്റ ഷിഫ്റ്റില്‍ മൂന്ന് മണിക്കൂര്‍ മാത്രമേ ഫ്രീസിങ് യൂണിറ്റ് വര്‍ക്കു ചെയ്യുന്നുള്ളുവെന്നും അയാള് പറഞ്ഞു. ഇനി എനിക്കിവിടെ വേലയില്ലെന്ന് അയാളു പറയാതെ പറയുകയാണ്. ഐസ് ബ്ലോക്ക് കൊണ്ടുപോവാന്‍ വണ്ടിയൊന്നും വരുന്നില്ല. ഉള്ളത് ഉടച്ച് അടുത്തുള്ള സ്ഥലങ്ങളില്‍ കൊടുക്കുകയാണ്. അതിന് ഒരു മുഴുവന്‍ സമയ പണിക്കാരിയെ വേണ്ട. ഒരു പെണ്‍കൊളന്ത വന്നിട്ടുണ്ട്. ശാപ്പാടും വല്ലതും ചില്ലറയും മതി. നന്നായി വേലയെടുക്കും. 

അയാള്‍ പറയുന്നതിനിടയില്‍ ഞാന്‍ അകത്തേക്കു കയറി. ചെമ്പന്‍ തലമുടി രണ്ടു ഭാഗം മെടഞ്ഞ് മടക്കി റിബ്ബണ്‍കൊണ്ട് പൂ പോലെ വിടര്‍ത്തിക്കെട്ടിയ ഒരു പെങ്കുട്ടി പുറം തിരിഞ്ഞിരുന്ന് ഐസു കട്ടയില്‍ ചുറ്റിക കൊണ്ടടിക്കുന്നു. അവളുടെ അയഞ്ഞ ഷര്‍ട്ടില്‍ നിറയെ എനിക്കറിയാത്ത ഭാഷയിലുള്ള എഴുത്തുകള്‍. പെട്ടെന്നെനിക്കത് ചിത്രയാണെന്നു തോന്നിപ്പോയി. ചിത്രയും ഇതുപോലെ മുടി മെടഞ്ഞ് റിബ്ബണ്‍കൊണ്ട് പൂ കെട്ടുമായിരുന്നു. അവളുടെ ഷര്‍ട്ടും അയഞ്ഞതായിരുന്നു. മേസ്തിരി എനിക്കു പിറകില്‍ വന്ന് തൊട്ടുരുമ്മി നിന്നു. 
'പാര്, നല്ലാ വേലപണ്ണറ കൊളന്തൈ! എതൈ കേട്ടാലും അപ്പടിയേ പണ്ണിത്തരും!'
അയാള്‍ അര്‍ത്ഥം വെച്ചു പറഞ്ഞു. ചുണ്ടുകളും കണ്ണുകളും നനവു പുരണ്ടു. 

'ചിത്രാ.'
ഞാന്‍ ഉറക്കെ വിളിച്ചപ്പോള്‍ ആ പെണ്‍കുട്ടി ഞെട്ടിത്തിരിഞ്ഞു. എന്നെക്കണ്ട് അവളുടെ ആഴമുള്ള കണ്ണുകളില്‍ അമ്പരപ്പിനൊപ്പം മറ്റെന്തോ കൂടി തിരയിളകി. അതെനിക്കു മാത്രം മനസ്സിലായി. ഞാനവള്‍ക്കരികില്‍ ചെന്ന് കൈ നീട്ടി അവളെ എഴുന്നേല്പിച്ചു. തണുതണുത്ത വിരലുകള്‍, അതിനെക്കാള്‍ തണുത്ത ഉടല്‍. അവളെ ചേര്‍ത്തുപിടിച്ച് ഞാന്‍ മേസ്തിരിക്കു നേരെ തിരിഞ്ഞു. 

'വേല മുടിക്ക്. ഇതെന്ന വിളയാട്ടാ?'
അയാള്‍ ദുര്‍ബ്ബലമായ ശബ്ദത്തില്‍ അവളോടു കയര്‍ത്തു. ഞാന്‍ കുനിഞ്ഞ് നിലത്തേക്കു നോക്കി. അവള്‍ ഉടച്ചിട്ട കട്ടകളില്‍നിന്നു നീളത്തിലുള്ള ഒരു ചില്ല് കയ്യിലെടുത്തു. കത്തിയുടെ അറ്റംപോലെ മൂര്‍ച്ചയുണ്ട്. പക്ഷേ, അതെന്റെ കയ്യിലിരുന്ന് അലിഞ്ഞലിഞ്ഞു അതിവേഗം ഉരുകിപ്പോവുകയാണ്. ഞാനതു അയാള്‍ക്കു നേരെ ചൂണ്ടി.

'എന്ന ഇത്? നീ എന്ന പണ്ണറത്? ഭയപ്പെടുത്തറയാ? ചിന്നപ്പുള്ള മാതിരി വിളയാട്ടാ? അവളെ വിട്. അവള്‍ക്ക് വേല മുടിക്കണം. നീ ഇങ്കേന്ത് പോ, ഇനിമേല്‍ ഉനക്കിങ്കെ വേല കെടയാത്.'
പതറിയ ശബ്ദത്തില്‍ പറഞ്ഞുകൊണ്ടിരിക്കുന്ന അയാള്‍ക്കു നേരെ അലിഞ്ഞുപോകുന്ന ആ കത്തി ചൂണ്ടിക്കാണ്ടു ഞാന്‍ അവളുടെ കൈകള്‍ മുറുകെപ്പിടിച്ച് പുറത്തേക്കു നടന്നു. അയാള്‍ അമ്പരന്നു നോക്കിനില്‍ക്കുന്നു. വാതില്‍ പുറത്തുനിന്നു വലിച്ചടച്ച് അവളെ പിടിച്ച് വലിച്ച് ഞാന്‍ അതിവേഗം നടന്നു. റോഡു കടന്ന്, കനാലു കടന്ന് റെയിലിലേക്കു കയറി. മെല്ലെ അവളുടെ അമ്പരപ്പു കുറഞ്ഞുവന്നു. ഇതെന്തോ കളിയാണെന്ന് അവള്‍ക്കു തോന്നുന്നുണ്ടാവുമോന്ന് ഞാനാലോചിക്കുമ്പോള്‍ അവള്‍ അടഞ്ഞ ശബ്ദത്തില്‍ പറഞ്ഞു:

'ഏന്‍ പേര് ചിത്രാ അല്ലൈ.'
'തെരിയും.'
ഞാന്‍ ചിരിച്ചുകൊണ്ട് അവളുടെ കയ്യിലമര്‍ത്തി. അവളും മങ്ങലോടെ ചിരിച്ചു. പിന്നെ ആ തീവെയിലത്ത് റെയില്‍പ്പാളത്തിലൂടെ കൈ കോര്‍ത്തു നടക്കുമ്പോള്‍ ഞാന്‍ ചോദിച്ചു:
'നീ പുഷ്പകവിമാനം ന്നുള്ള സിനിമ പാത്തിറുക്കാ?'
അവള്‍ തല വിലങ്ങനെയാട്ടി ചോദിച്ചു:
 'മലയാളപ്പടമാ?'
അതിനു ഭാഷയില്ലെന്നു പറയാതെ ഞാനെന്റെ വലം കൈ നിവര്‍ത്തി നോക്കി. ആ ഐസു കത്തി! ഇത്തിരി നനവു മാത്രം കൈകളില്‍ ബാക്കിയുണ്ട്. 


(*പുഷ്പകവിമാനം ശിങ്കീതം ശ്രീനിവാസറാവു സംവിധാനം ചെയ്ത് 1987ല്‍ പുറത്തിറങ്ങിയ സംഭാഷണങ്ങളില്ലാത്ത സിനിമ.)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com