'മരണച്ചിട്ടി'- പ്രദീപ് എം. നായര്‍ എഴുതിയ കഥ

കോടിപതി എന്ന തലക്കെട്ടോടെ, കോട്ടും ടൈയുമൊക്കെയിട്ട ചിലരുടെ ഫോട്ടോ പത്രങ്ങളില്‍ വരാറുള്ളത് കുട്ടിക്കാലം മുതല്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

കോടിപതി എന്ന തലക്കെട്ടോടെ, കോട്ടും ടൈയുമൊക്കെയിട്ട ചിലരുടെ ഫോട്ടോ പത്രങ്ങളില്‍ വരാറുള്ളത് കുട്ടിക്കാലം മുതല്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു. കോടിയിലധികം പണം കയ്യില്‍ വരുമ്പോള്‍ ആളുകള്‍ പരസ്യം ചെയ്യുന്നതാവും എന്നായിരുന്നു എന്റെ ധാരണ. അവരെല്ലാം ഇന്‍ഷുറന്‍സ് ഏജന്റുമാരാണെന്നും കോടീശ്വരനും പരസ്യത്തില്‍ പറയുന്ന കോടിപതിയും രണ്ടാണെന്നും പിന്നീട് ഏറെക്കാലം കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്. ആ മനസ്സിലാക്കലിനൊപ്പം അത്തരമൊരു പരസ്യത്തില്‍ എന്റെ ഫോട്ടോയും അച്ചടിച്ചുവരണമെന്ന ആഗ്രഹം ഉള്ളില്‍ കയറിക്കൂടി. അങ്ങനെയാണ് പഠനം തീരുന്നതിനു മുന്‍പുതന്നെ ഇന്‍ഷുറന്‍സ് ഏജന്റ് എന്ന തൊഴില്‍ ഞാന്‍ സ്വീകരിച്ചത്.

വലിയ ഉത്സാഹത്തിലായിരുന്നു ഞാന്‍. ഈ ഉത്സാഹം ഏജന്റുമാരിലെല്ലാം തുടക്കത്തില്‍ കാണാറുണ്ടെന്നും പോകെപ്പോകെ അതങ്ങു തണുക്കുമെന്നുമായിരുന്നു ഡവലപ്മെന്റ് ഓഫീസര്‍ ശ്രീകുമാര്‍ സാറിന്റെ നിരീക്ഷണം. ആ നിരീക്ഷണം എല്ലായ്പോഴും ശരിയായിക്കൊള്ളണമന്നില്ലെന്ന് സാറിനെ ബോധിപ്പിക്കണം. കോടിപതിമാരുടെ ക്ലബ്ബിലേയ്ക്കുള്ള എന്റെ പ്രവേശമായിരിക്കും ആ ബോധ്യത്തിനു ഞാനിടുന്ന അടിവര. ഞാനൊരു അംഗീകൃത ഏജന്റായി പ്രവര്‍ത്തനം തുടങ്ങി. 

പരിചയക്കാരും ബന്ധുക്കളുമൊക്കെ ആവുംവിധം പോളിസികളെടുത്തു സഹായിച്ചു. അതുകൊണ്ട് എന്താവാന്‍. കനപ്പെട്ട വല്ലതും നടന്നാലേ കാര്യമുള്ളൂ. അങ്ങനെയൊരു അന്വേഷണത്തിലാണ് ശാന്തിപ്രഭ എന്ന പേര് ഞാന്‍ ആദ്യമായി കേട്ടത്. കൂടെ പഠിക്കുന്ന രമേഷാണ്, അവരുടെ നാടായ കാട്ടാങ്കുന്നില്‍ ഇങ്ങനെയൊരാളുണ്ട് എന്ന് വിവരം തന്നത്.

''ശാന്തിപ്രഭയോ, അങ്ങനെയൊരു പേര് വേറെങ്ങും കേട്ടിട്ടില്ലല്ലോ.''
''ആളും അങ്ങനെ തന്നാ. വേറെങ്ങും കണ്ടിട്ടും ഉണ്ടാവില്ല. ഒന്നും രണ്ടുമല്ല, നാലു കല്യാണമാ കഴിച്ചിട്ടുള്ളത്. വേണമെങ്കില്‍ ഇനി ഒന്നൂടെ പോകും. അതാ മൊതല്.''
രണ്ടാമതൊരു കല്യാണത്തില്‍ അസ്വാഭാവികതയൊന്നുമില്ല. മൂന്നാം കല്യാണം അപൂര്‍വ്വമായി സംഭവിക്കാം. എന്നാല്‍, പെണ്ണുങ്ങളെക്കുറിച്ചു സംസാരിക്കുമ്പോള്‍, ആണുങ്ങളില്‍ അവര്‍ പോലും അറിയാതെ വെളിപ്പെടുന്ന പരദൂഷണ മനസ്സിന്റെ ഉല്പന്നമാവണം നാലാമത്തെ കല്യാണം എന്ന് ഞാന്‍ ഊഹിച്ചു. പക്ഷേ, വളം ഡിപ്പോയിലെ അഗസ്തിയും അതുതന്നെ പറഞ്ഞപ്പോള്‍ ഞാനെന്റെ അവിശ്വാസം പിന്‍വലിച്ചു. അഗസ്തി തുടങ്ങിയത് കാട്ടാങ്കുന്നിന്റെ പുരാവൃത്തത്തില്‍നിന്നായിരുന്നു.

''കട്ട കുന്ന് ലോപിച്ചാണ് കാട്ടാങ്കുന്നായത്. ഇല്ലത്തുവകയായിരുന്നു കുന്നും അതിനു ചുറ്റും കിടക്കുന്ന പുരയിടവും. വല്യ വക്കീല്‍, അതായത് ശാന്തിപ്രഭയുടെ ഭര്‍ത്താവിന്റെ അപ്പൂപ്പനാണ്, നെറികെട്ട വ്യവഹാരബുദ്ധിയുടെ ബലത്തില്‍ ഒറ്റരാത്രികൊണ്ട് കുന്ന് പേരിക്കൂട്ടിയത്. കട്ടതു പോലൊരു കളി. പിന്നെ വക്കീലായി നാട്ടിലെ പ്രമാണി. ഇല്ലം മുടിഞ്ഞു. വക്കീലിന്റെ മക്കളെല്ലാം അയാളെപ്പോലെതന്നെ കറുത്ത കോട്ടിട്ട് പേരു കേട്ടു. ചെറുമകന്‍ അനിരുദ്ധനെ പഠിക്കാന്‍ വിട്ടത് കല്‍ക്കട്ട ലോ കോളേജിലായിരുന്നു. അവിടെ വച്ചായിരുന്നു അയാള്‍ ശാന്തിപ്രഭയെ പ്രേമിച്ചു കല്യാണം കഴിച്ചത്. തീ പോലൊരു പെണ്ണ്. വെളിയിലെവിടെയോ ആണ് വളര്‍ന്നതെങ്കിലും മലയാളി തന്നെയാണ് ആള്. പക്ഷേ, പറഞ്ഞിട്ടെന്താ, സര്‍പ്പദോഷോം കൊണ്ടാരുന്നു ആ പെമ്പ്രന്നോരുടെ വരവ്. പിന്നെയങ്ങോട്ട് ആ തറവാട്ടില്‍, ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ, പത്തോ പതിനഞ്ചോ വര്‍ഷം കൊണ്ടല്ലേ എല്ലാരും ടാറ്റാ പറഞ്ഞത്.''

ട്രെയിനിംഗ് പിരീഡില്‍ ചില പ്രീമിയം ക്ലയന്റ്സിനെ കാണാന്‍ പോകുമ്പോള്‍ ഡവലപ്മെന്റ് ഓഫീസറും കൂടെ വരും. ഹാന്‍ഡ് ഹോള്‍ഡിംഗ് എന്നാണിതിന്റെ കോര്‍പ്പറേറ്റ് ഭാഷ. അതിനു മുന്‍പ് ക്ലയന്റിന്റെ പശ്ചാത്തലം പഠിച്ച് കുറിപ്പു തയ്യാറാക്കണമെന്ന് ശ്രീകുമാര്‍ സാര്‍ പറഞ്ഞിട്ടുണ്ട്. ആ കുറിപ്പ് സാറിനും കൊടുക്കണം. ആവശ്യമുള്ള വിവരങ്ങളെല്ലാം ചോദിച്ചു മസ്സിലാക്കിക്കൊള്ളൂ എന്നു പറഞ്ഞ് രമേഷാണ് എന്നെ വാര്‍ഡ് മെമ്പര്‍ അഗസ്തിയുടെ വളം ഡിപ്പോയിലെ എല്ലുപൊടിച്ചാക്കിന്റെ നടുക്കു കൊണ്ടിരുത്തിയത്. അഗസ്തിയുടെ വാക്കുകളില്‍ ശാന്തിപ്രഭയുടെ കുടുംബചരിത്രം ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. 

''കല്യാണം കഴിഞ്ഞു രണ്ടു വര്‍ഷമായപ്പോള്‍ ശാന്തിപ്രഭ തറവാടു വക സ്‌കൂളില്‍ പഠിപ്പിക്കാന്‍ കയറി. അന്നു മുതല്‍ നാട്ടിലെല്ലാവര്‍ക്കും അവര്‍ ടീച്ചറാണ്. കഴിഞ്ഞ വര്‍ഷമാണ്  റിട്ടയറായത്. ടീച്ചര്‍ വന്നുകയറി എട്ടോ പത്തോ വര്‍ഷത്തിനെടെ വല്യ വക്കീലും ഭാര്യയും മരിച്ചു. അധികം താമസമില്ലാതെ ടീച്ചറുടെ ഭര്‍ത്താവ് അനിരുദ്ധനും. അതില്‍പ്പിന്നെ കുടുംബസ്വത്തിന്റെ ഏക അവകാശി ടീച്ചര്‍ മാത്രമായി. ചെറുപ്പമല്ലേ, മക്കളുമില്ല, അങ്ങനെ സ്‌കൂളിലെ മറ്റൊരു അദ്ധ്യാപകന്‍ രണ്ടാം ഭര്‍ത്താവായി. നാട്ടിലുള്ള ഭാര്യയേം മക്കളേം ഉപേക്ഷിച്ചാണ് അയാള്‍ കാട്ടാങ്കുന്നില്‍ പൊറുതി തൊടങ്ങിയതെന്ന് അന്നൊരു ശ്രുതിയുണ്ടാരുന്നു. അമ്മാതിരിയല്ലാരുന്നോ അവരുടെ അന്നത്തെ അഴക്. ആരു കണ്ടാലും ഇരുന്നു തൊഴും. ഇന്നുമതിനൊരുടവില്ല. ഒരു നാലഞ്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ രണ്ടാം ഭര്‍ത്താവും എന്തോ സൂക്കേട് പിടിച്ചു മരിച്ചു. അതോടെയാണ് ടീച്ചര്‍ക്ക് ഇങ്ങനെയൊരു ദോഷം 'സര്‍പ്പദോഷം' ഉണ്ടെന്ന് നാട്ടിലൊക്കെ പറച്ചിലാകുന്നത്. അതോടെ അവര്‍ നാട്ടുകാരില്‍നിന്നൊക്കെ അകന്നു. കാറോടിച്ചു സ്‌കൂളില്‍ പോകും, തിരിച്ചുവരും. ഒരു കല്യാണത്തിനോ മരിച്ചടക്കിനോ സംബന്ധിക്കില്ല. ഒള്ളേയ്ക്കും ഒടുക്കം വന്ന രണ്ടു ഭര്‍ത്താക്കന്മാരെപ്പറ്റി ആര്‍ക്കുമൊന്നുമറിയില്ല. അവരിലൊരാള്‍ മരിച്ചു. മറ്റേയാള്‍ പുറപ്പെട്ടു പോയെന്നാണ് കേള്‍ക്കുന്നത്. ഇതില്‍ ആരുടെയാണെന്ന് അറിയില്ല, ഒരു മകളുണ്ട്. അവള്‍ വിദേശത്തെവിടെയോ പഠിക്കുന്നു. അറിയാവുന്നതൊക്കെ കേട്ടും പറഞ്ഞും കേട്ടത് പറഞ്ഞതിനോടു കൊരുത്തും നാട്ടുകാര്‍ കഥയുണ്ടാക്കിക്കൊണ്ടിരുന്നു. കൊട്ടാരം പോലുള്ള വീട്ടില്‍ ഒറ്റയ്ക്കുള്ള താമസം, സര്‍പ്പസൗന്ദര്യം, ഇതിനൊക്കെ പുറമേ നാലു പുരുഷന്മാരും കഴിഞ്ഞ് ഇനിയൊന്നിനെ തേടിക്കൊണ്ടിരിക്കുന്നു എന്ന കിംവദന്തി. കഥകള്‍ വളര്‍ന്നതനുസരിച്ച് അവര്‍ പുറംലോകവുമായി അകന്നു. വീട്ടിലേയും പറമ്പിലേയും കാര്യങ്ങളെല്ലാം നോക്കി നടത്തുന്നത് മോനി എന്ന സ്ത്രീയാണ്. കല്യാണം കഴിച്ചുവന്ന കാലത്ത് ശാന്തിപ്രഭ എവിടുന്നോ കൂട്ടിക്കൊണ്ടു വന്നതാണ്. അവള്‍ക്കും നാട്ടുകാരുമായി സമ്പര്‍ക്കമില്ല.''
അഗസ്തി പറഞ്ഞതെല്ലാം കേട്ടെഴുതിയെടുത്ത് ഞാന്‍ ശ്രീകുമാര്‍ സാറിനു മെയില്‍ ചെയ്തു. ആളെപ്പറ്റി പഠിച്ചിട്ട് സാര്‍ സ്ട്രാറ്റജി തയ്യാറാക്കും. എങ്ങനെയാണ് പുറംലോകവുമായി അധികം ബന്ധങ്ങളൊന്നുമില്ലാത്തൊരാളെ പോളിസിയുടെ പകിട്ടില്‍ മയക്കി വരുതിയിലാക്കുന്നതെന്ന് അദ്ദേഹം എനിക്ക് കാട്ടിത്തരും.

മെയില്‍ കിട്ടിയ പാടേ ശ്രീകുമാര്‍ സാര്‍ വിളിച്ചു. വെച്ചു താമസിപ്പിക്കേണ്ട, ഇന്നുതന്നെ പോയി കണ്ടേക്കാമെന്നു പറഞ്ഞു. കോളേജില്‍നിന്നിറങ്ങി ഓഫീസില്‍ ചെന്നു. അവിടെനിന്ന് സാറിന്റെ കാറിലാണ് പോയത്. മുക്കാല്‍ മണിക്കൂറോളം യാത്രയുണ്ട്. ഇത്തരം യാത്രകളിലാണ്, സാര്‍ തന്റെ അനുഭവങ്ങളില്‍നിന്നും മനനം ചെയ്‌തെടുത്ത മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ഉപദേശിക്കുക. ശരീര ഭാഷയില്‍നിന്ന് ആളുകളുടെ മനോനില ഊഹിച്ചെടുക്കുന്നതെങ്ങനെ എന്ന വിഷയമായിരുന്നു കാറില്‍ കയറിയപ്പോള്‍ മുതലുള്ള സംസാരം. കൃഷ്ണമണികള്‍ ഇടത്തു കണ്‍കോണിന്റെ മേലേയ്ക്കുയര്‍ന്നാല്‍ അയാളെന്തോ ആലോചിച്ചെടുക്കുകയാണെന്നും വലത്തു കണ്‍കോണിന്റെ കീഴേയ്ക്കു താഴ്ന്നാല്‍ താന്‍ പറഞ്ഞതിനെ സംശയിക്കുകയാണെന്നും അനുമാനിക്കാം. അതുപോലെ ക്ലോസ്ഡ് പേഴ്സണല്‍ ഡിസ്റ്റന്‍സ്, ക്ലോസ്ഡ് സോഷ്യല്‍ ഡിസ്റ്റന്‍സ്, സോഷ്യല്‍ ഡിസ്റ്റന്‍സ് എന്നിങ്ങനെ ആശയവിനിമയത്തിനിടയില്‍ ആളുകള്‍ സ്വീകരിക്കുന്ന നിലയും നിലപാടുകളും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഉദാഹരണസഹിതം പറഞ്ഞുതന്നു. സംസാരത്തിനിടയില്‍ കൈകള്‍ ഉപയോഗിക്കുന്ന രീതി പഠിച്ച് ആളെ അളക്കുന്നതെങ്ങനെയെന്ന് പറഞ്ഞുതുടങ്ങിയപ്പോളേയ്ക്കും സ്ഥലമെത്തി. അഗസ്തി പറഞ്ഞ അടയാളങ്ങള്‍ നോക്കി ഞങ്ങള്‍ വീടു കണ്ടുപിടിച്ചു. 

വീട്ടിലേയ്ക്കുള്ള പ്രൈവറ്റ് റോഡ് തുടങ്ങുന്നിടത്തെ കൂറ്റന്‍ ഗേറ്റ് അകത്തുനിന്നു പൂട്ടിയിരുന്നു. മരങ്ങളും ചെടികളുമെല്ലാം ഇടതൂര്‍ന്നു നില്‍ക്കുന്നതിനാല്‍ വഴിയില്‍നിന്നു നോക്കിയാല്‍ വീടു കാണില്ല. നേരം ആറരയേ ആയിട്ടുണ്ടായിരുന്നുള്ളൂ. പക്ഷേ, ഗേറ്റിനകത്തെ പുരയിടം ഇരുട്ടുമൂടിയ മറ്റൊരു ടൈം സോണ്‍പോലെ തോന്നിച്ചു. പകല്‍ എപ്പോഴെങ്കിലും വരാമെന്നു പറഞ്ഞ് സാര്‍ വണ്ടി തിരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനിറങ്ങിച്ചെന്ന് ഗേറ്റ് ഒന്നുകൂടി പരിശോധിച്ചു. അപ്പോളാണതില്‍ ക്വാര്‍ട്ടര്‍ ഗേറ്റ് തുറന്നു കിടക്കുന്നതായി കണ്ടത്. പിന്നെ കാര്‍ ഗേറ്റിനോടു ചേര്‍ത്തൊതുക്കിയിട്ട് ഞങ്ങള്‍ ക്വാര്‍ട്ടര്‍ ഗേറ്റ് നൂണ്ടുകടന്ന് നടക്കാന്‍ തുടങ്ങി.

തെറിച്ച തലയുമായി കൊമ്പുരുമ്മി നില്‍ക്കുന്ന മരങ്ങള്‍ക്ക് ഇടയിലൂടെ നെടുനീളത്തിലൊരു ടാര്‍ റോഡ്. തോന്നിയപടി വളരുന്ന കാടും പടപ്പുമെന്ന് വെളിയില്‍നിന്നു നോക്കുന്നവര്‍ക്കു തോന്നും. പക്ഷേ, അകത്തു കയറുമ്പോള്‍, കൃത്യതയോടെ പരിപാലിക്കുന്ന ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെത്തിയ പ്രതീതി. നട്ടുപിടിപ്പിച്ച മാതിരി നിരയൊപ്പിച്ചു നില്‍ക്കുന്ന വൃക്ഷങ്ങളുടെ ചോട് ചെത്തി വെടിപ്പാക്കിയിട്ടിരിക്കുന്നു. വഴിയരികിലുള്ള കുറ്റിച്ചെടികള്‍ എല്ലാം തന്നെ വെട്ടിയൊതുക്കിയിട്ടുണ്ട്. മരങ്ങള്‍ക്കിടയിലൂടെ ഒറ്റയടിപ്പാതകള്‍ കാണാം. അവയുടെ അറ്റങ്ങള്‍ ഇരുട്ടില്‍ പരസ്പരം തൊട്ടുകിടന്നു. പാതിവഴി പിന്നിട്ടപ്പോള്‍ വീടു കണ്ടു. കനത്ത തൂണുകളും രണ്ടാം നിലയുടെ മുകളില്‍നിന്നു തുടങ്ങി ഇറയം വരെ ചെരിഞ്ഞിറങ്ങുന്ന മേല്‍ക്കൂരയും ആളുയരമാര്‍ന്ന ജനാലകളും ഒക്കെയായി ഒരു കൂറ്റന്‍ ബംഗ്ലാവ്. 

വഴിനിരപ്പില്‍നിന്നും അല്പം ഉയര്‍ന്നാണ് ബംഗ്ലാവിന്റെ നില. ഞങ്ങള്‍ മുറ്റത്തേയ്ക്കു കയറി. പല വര്‍ണ്ണത്തിലുള്ള ഇലച്ചെടികളും പൂക്കളും തഴച്ചുമുറ്റി നില്‍ക്കുന്നു. ഉയരം കുറഞ്ഞ മരങ്ങള്‍ക്കു കീഴെ സിമന്റില്‍ വാര്‍ത്ത ഇരിപ്പിടങ്ങള്‍. ചരല്‍ വിരിച്ച മുറ്റം കടന്നാല്‍ പോര്‍ച്ച്. പിന്നെ നെടുനീളന്‍ വരാന്ത. വരാന്തയില്‍ നാലഞ്ചു ചൂരല്‍ കസേരകളും കാലുയരം കൂടിയൊരു മരക്കസേരയും. പുറത്തെങ്ങും ആരേയും കാണുന്നില്ല. വെന്റിലേറ്ററിലൂടെ അരിച്ചുവരുന്ന വെളിച്ചവും ടെലിവിഷന്റെ ശബ്ദവും അകത്താളുണ്ടാവുമെന്ന സൂചന നല്‍കി. പോര്‍ച്ചിലേയും വരാന്തയിലേയും വിളക്കുകള്‍ തെളിച്ചിട്ടില്ല. അന്തിവെട്ടം തീര്‍ത്തും താണിട്ടില്ലാത്തതിനാല്‍ കോളിംഗ് ബെല്‍ തപ്പിപ്പിടിച്ച് വിരലമര്‍ത്തി. ബെല്ല് മുഴങ്ങിയതിനു പിന്നാലെ അകത്തെ ടെലിവിഷന്റെ ശബ്ദം നിലച്ചു. പെട്ടെന്നു ചൂഴ്ന്ന നിശ്ശബ്ദതയില്‍ തെല്ലൊരു അസ്വാഭാവികത തോന്നിയതിനാല്‍ ഞാന്‍ ശ്രീകുമാര്‍ സാറിനെ നോക്കി. ഇതിലൊക്കെ എന്താണിത്ര അസ്വാഭാവികത എന്ന മട്ടായിരുന്നു സാറിന്റെ മുഖത്ത്. ബെല്ലു കേട്ടതിനുശേഷം ഒരാള്‍ക്ക് നടന്നെത്തി വാതില്‍ തുറക്കുവാനുള്ള സമയം ഞാന്‍ കണക്കുകൂട്ടി. അനക്കമൊന്നുമില്ലെന്നു കണ്ട് രണ്ടാമതൊന്നു കൂടി ബെല്ലമര്‍ത്തി. ആ ബെല്ല് മുഴങ്ങിയതും വാതില്‍ തുറന്നതും ഒരുമിച്ചായിരുന്നു.

കറുത്തു മെലിഞ്ഞ്, അലകുപോലെ ഉറച്ച ശരീരമുള്ള ഒരു യുവതിയാണ് വാതില്‍ തുറന്നത്. വരാന്തയിലേയ്ക്ക് ഇറങ്ങിനിന്ന അവര്‍, സാരിത്തലപ്പ് എടുത്തു കുത്തിയിരിക്കുന്ന രീതിക്ക് ഒരു മലയാളിത്തമില്ലായിരുന്നു. അഗസ്തി പറഞ്ഞ മോനി ഇതായിരിക്കുമെന്ന് ഞാന്‍ ഊഹിച്ചു. വാതിലിനു പുറം തിരിഞ്ഞു നില്‍ക്കുന്ന മോനിയുടെ മുഖം വ്യക്തമല്ല. 

''ആരാണ്?''
''ഞങ്ങളൊരു ഇന്‍ഷ്വറന്‍സിന്റെ കാര്യം സംസാരിക്കാന്‍ വന്നതാ. ശാന്തിപ്രഭ മാഡമില്ലേ?''
മോനി കുറച്ചുകൂടി അടുത്തേയ്ക്കു വന്നു. ഇപ്പോള്‍ മുഖം വ്യക്തമാണ്. വലിഞ്ഞുമുറുകിയ മുഖ പേശികളും കുറുകിയ കണ്ണുകളും.
''ത്രിസന്ധ്യ കഴിഞ്ഞാല്‍ അമ്മ വിസിറ്റേഴ്സിനെ കാണുന്ന പതിവില്ല. നാളെ വരൂ.''
പലതരം സ്ട്രാറ്റജികളും ബോഡി ലാംഗ്വേജ് പഠനവും കഴിഞ്ഞെത്തിയിട്ട് ആളെ നേരിട്ടൊന്നു കാണാതെ പോകുന്നതെങ്ങനെയെന്ന ചിന്തയില്‍ ഞാന്‍ ഒരു പടി കൂടി മുകളിലേയ്ക്ക് കയറി.

''ഒന്നു രണ്ടു കാര്യങ്ങള്‍ ചോദിക്കണം. പോളിസിയുടെ ഡീറ്റെയില്‍സ് കൊടുക്കണം. അധികം സമയമെടുക്കില്ല.''
''നാളെ വരാന്‍ പറഞ്ഞല്ലോ, ഇന്നിനി കാണാനൊക്കില്ല.''
മോനി തിരിച്ചു നടന്ന് വാതിലടച്ചു.

ഞാനും ശ്രീകുമാര്‍ സാറും മുഖത്തോടു മുഖം നോക്കി. ആളെ കാണാന്‍പോലും കഴിയാതെ വന്നത് എന്റെ പിടിപ്പുകേടുകൊണ്ടാണെന്നു സാര്‍ കരുതുമോ എന്നതായിരുന്നു എന്റെ മനസ്സില്‍. പക്ഷേ, ശ്രീകുമാര്‍ സാറിന്റെ മുഖം കണ്ടിട്ട് അങ്ങനെയൊരു വിചാരമുള്ളതായി തോന്നിയില്ല. ഇത്തരം തിരസ്‌കാരങ്ങള്‍ ക്ലയന്റ് ഡീലിംഗിന്റ ഭാഗമാണെന്നും നാളെത്തന്നെ മീറ്റിംഗ് നടക്കുമെന്നുമായിരുന്നു സാറിന്റെ പരിചയസമ്പന്നതയുടെ നിഗമനം. താന്‍ സ്റ്റോയിസിസം പ്രാക്ടീസ് ചെയ്യുന്ന ആളായതിനാല്‍ ഇത്തരം ഇച്ഛാഭംഗങ്ങളൊന്നും തന്നെ ബാധിക്കില്ലെന്നു പറഞ്ഞാണ് സാര്‍ വണ്ടിയെടുത്തത്. മീറ്റിംഗുകള്‍ക്കിറങ്ങും മുന്‍പ് സ്റ്റോയിക് ഫിലോസഫര്‍ സെനേകയുടെ നെഗറ്റീവ് വിഷ്വലൈസേഷന്‍ എന്ന വിചാരധാര പ്രാക്ടീസ് ചെയ്യുന്നതിന്റെ ഗുണങ്ങളെപ്പറ്റിയായിരുന്നു മടക്കയാത്രയില്‍ കാറില്‍ നടന്ന സംഭാഷണം.

പിറ്റേന്ന് രാവിലെ ഞങ്ങള്‍ ചെല്ലുമ്പോള്‍ ഗേറ്റ് തുറന്നുകിടന്നിരുന്നു. തോട്ടത്തിലും പറമ്പിലും പണിക്കാരുണ്ട്. അവരില്‍ പുരുഷന്മാരായിട്ട് ആരും തന്നെയില്ലെന്നു ഞാന്‍ ശ്രദ്ധിച്ചു. വണ്ടി മുറ്റത്തെത്തിയപ്പോള്‍ പണിക്കാര്‍ക്കിടയില്‍നിന്ന മോനി അടുത്തുവന്നു. കയറിയിരിക്ക്, ഞാന്‍ അമ്മയെ വിളിക്കാം എന്നുപറഞ്ഞ് അവര്‍ വീടിനു പിന്നിലേയ്ക്കു പോയി. ഞങ്ങള്‍ വരാന്തയിലെ ചൂരല്‍ക്കസേരകളിലിരുന്നു. പറമ്പില്‍ പണിക്കാര്‍ തമ്മില്‍ സംസാരിക്കുന്നതിന്റേയും അകത്തേയ്ക്കു പോയ മോനി ആരെയോ ഉച്ചത്തില്‍ ശകാരിക്കുന്നതിന്റേയുമെല്ലാം ശബ്ദരേഖയുള്ളതു കൊണ്ടാവണം, ഇന്നലെ ത്രിസന്ധ്യയ്ക്കവിടെ നിന്നപ്പോള്‍ തോന്നിയ നിഗൂഢമായ ഏകാന്തതയും വിഷാദാത്മകതയുമൊന്നും അപ്പോള്‍ തോന്നിയില്ല. ഞാന്‍ ശ്രീകുമാര്‍ സാറിനെ നോക്കി. ക്ലയന്റിനെ വീഴ്ത്തുന്നതില്‍ എന്നോടു പറയാത്ത അവസാനത്തെ അടവായിരിക്കണം, സാര്‍ മനസ്സിലെന്തോ ഉരുക്കഴിച്ചുകൊണ്ട് കണ്ണടച്ചിരിക്കുന്നു. തിരികെപ്പോകും വഴിക്ക് ആ വിദ്യയും പറഞ്ഞുതരുമെന്ന് അറിയാമായിരുന്നതുകൊണ്ട് ഞാന്‍ അപ്പോഴൊന്നും ചോദിച്ചില്ല. വെറുതെ ചുമരിലേയ്ക്കു നോക്കി. മരിച്ചുപോയ ഭര്‍ത്താക്കന്മാരുടെ ഫോട്ടോ ഫ്രെയിം ചെയ്ത് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നു നമ്പരിട്ട് തൂക്കിയിട്ടുണ്ടാവുമെന്ന പ്രതീക്ഷ തെറ്റി. ഭിത്തിയില്‍ നിറയെ പെയിന്റിംഗുകള്‍ മാത്രം. അതിലൊന്ന് മുടിയിഴകള്‍ക്കു പകരം കരിനാഗങ്ങളുമായിരിക്കുന്ന ഒരു ഗ്രീക്ക് സുന്ദരി. ഞാന്‍ ആ ചിത്രത്തിലേയ്ക്കുതന്നെ നോക്കിയിരുന്നപ്പോള്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. ശ്രീകുമാര്‍ സാര്‍ കണ്ണു തുറന്നു. 

വാതില്‍ തുറന്നത് മോനിയായിരുന്നു. അവര്‍ വരാന്തയിലേയ്ക്കിറങ്ങി ഒന്നും പറയാതെ ഞങ്ങളെ നോക്കിനിന്നു. ഇന്നെന്താണു തടസ്സം, കാണാനൊക്കില്ലേ എന്നു ഞാന്‍ ചോദിക്കാനാഞ്ഞതാണ്. അപ്പോഴേയ്ക്കും പശയിട്ട കോടിമുണ്ടുരയുന്നതിന്റേയും കൈവളകള്‍ കിലുങ്ങുന്നതിന്റേയും ശബ്ദം കേട്ട് ഞാന്‍ വാതില്‍ക്കലേയ്ക്ക് നോക്കി. കേട്ടുകേള്‍വിയില്‍ വരച്ച രൂപത്തെക്കാളും ശാന്തവും പ്രഭാമയവുമായ എഴുന്നള്ളത്ത്. നേരിയ കസവുകരയുള്ള മുണ്ടും നേര്യതും. ഇരുകൈകളിലും കഴുത്തിലും കട്ടി ഉരുപ്പടികള്‍. തിളങ്ങിക്കത്തുന്നൊരു മൂക്കുത്തി. മുടിയില്‍ നരവീണിട്ടില്ലാത്തതാണോ കറുപ്പിച്ചതാണോ എന്നറിയില്ല, അത് അഴിച്ചു വിതിര്‍ത്തിയിട്ടിരിക്കുന്നു. ഞങ്ങളിരുവരും ഉപചാരപൂര്‍വ്വം ഇരിപ്പിടത്തില്‍ നിന്നെണീറ്റപ്പോള്‍ അവര്‍ ഇരിക്കാന്‍ ആംഗ്യം കാണിച്ചു. തന്റെ വസ്ത്രധാരണത്തിലോ ഞങ്ങളവിടെ ചെന്നതിലോ ഒന്നും യാതൊരു അസാധാരണത്വവുമില്ലെന്ന മട്ടില്‍ അവര്‍ ഞങ്ങള്‍ക്കെതിര്‍വശത്ത് ഉയരം കൂടിയൊരു മരക്കസേരയില്‍ ഇരുന്നു. മോനി ഒരു അംഗരക്ഷകയെപ്പോലെ കസേരയ്ക്കു പിന്നില്‍ വന്നു നിലയുറപ്പിച്ചു. ക്ലാസ്സില്‍ വന്നിരുന്ന പാടേ കുട്ടികളെ നോക്കി ഒരു ചോദ്യം ചോദിക്കുന്ന ടീച്ചറുടെ ലാഘവത്തില്‍ ശാന്തിപ്രഭ ഞങ്ങള്‍ക്കിടയിലെ മൗനം മുറിച്ചു.
''എന്‍സ്യൂറര്‍ എന്ന വാക്കിന്റെ അര്‍ത്ഥമറിയാമോ?''

ചോദ്യത്തിനുത്തരം ഞാനല്ല, അവിടുന്നാണ് പറയേണ്ടതെന്ന മട്ടില്‍ ഞാന്‍ ശ്രീകുമാര്‍ സാറിനെ നോക്കി. ഇന്‍ഷുറന്‍സ് ഒരു മണ്ടന്‍ കളിയാണ്, എനിക്ക് ആവശ്യത്തിലധികം പോളിസികളുണ്ട് എന്നിങ്ങനെയുള്ള പതിവു വാചകങ്ങളില്‍നിന്ന് സംഭാഷണം തുടങ്ങാന്‍ സ്ട്രാറ്റജി തയ്യാറാക്കി വന്ന സാര്‍ ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല. എന്നാപ്പിന്നെ ഉത്തരം ഗൂഗിള്‍ ചെയ്തു കണ്ടുപിടിക്കാമെന്നു കരുതി ഞാന്‍ ഫോണെടുത്തപ്പോള്‍ റേഞ്ചുമില്ല. 

''ഉത്തരം ഞാന്‍ തന്നെ പറയാം. വിവാഹ വാഗ്ദാനമെന്നര്‍ത്ഥം വരുന്ന പഴയൊരു ഫ്രെഞ്ച് വേഡാണത്. ഇന്‍ഷുറന്‍സ് എന്ന വാക്കിന്റെ എറ്റിമോളജി അന്വേഷിച്ചു പോയാല്‍ നിങ്ങള്‍ക്കതു കിട്ടും. ഇന്‍ഷുറന്‍സിന്റെ കാര്യത്തിനു വന്നതാണെന്ന് നിങ്ങളിന്നലെ പറഞ്ഞപ്പോള്‍ ഞാനാദ്യമോര്‍ത്തത് ആ അര്‍ത്ഥമാണ്. പക്ഷേ, ഇവിടിപ്പോ വിവാഹ വാഗ്ദാനമേറ്റുവാങ്ങാന്‍ ഞങ്ങള്‍ രണ്ടാളുമേയുള്ളൂ. ഞങ്ങള്‍ക്കാണെങ്കിലതിന്റെ പ്രായവും കഴിഞ്ഞു.''

ശാന്തിപ്രഭ ടീച്ചര്‍ ചിരിച്ചുകൊണ്ട് മോനിയെ നോക്കി. അവരതു ശരിവച്ചു നിന്നതല്ലാതെ ചിരിച്ചില്ല. എനിക്കും ശ്രീകുമാര്‍ സാറിനും അതിലത്ര ഫലിതം രുചിക്കാഞ്ഞതിനാല്‍ ഞങ്ങളിരുവരും ഔപചാരികമായൊരു പുഞ്ചിരിയില്‍ അതാസ്വദിച്ചെന്നു വരുത്തി. കുരുങ്ങിക്കിടക്കുന്നൊരു കയറിന്റെ അറ്റം കണ്ടുപിടിച്ച് അതഴിക്കാന്‍ നോക്കുന്നതുപോലെ ശാന്തി പ്രഭ ടീച്ചറെ കയ്യിലെടുക്കാന്‍ സമര്‍ത്ഥമായൊരു തുടക്കത്തിനായി ശ്രീകുമാര്‍ സാര്‍ ഉള്ളാലേ പരതി പാടുപെടുന്നത് ഞാനറിഞ്ഞു. അപ്പോഴേയ്ക്കും വന്നു അടുത്ത കുരുക്ക്.
''മരണച്ചിട്ടിയെന്നു കേട്ടിട്ടുണ്ടോ?''

ഞങ്ങള്‍ രണ്ടാളും ഇല്ലെന്നു തലയാട്ടി. ശാന്തിപ്രഭയുടെ മുഖത്ത് കളിയില്‍ ജയിച്ചു മുന്നേറുന്നതിന്റെ ചിരിയാണ്.
''നാട്ടുമ്പുറങ്ങളിലൊക്കെ ലൈഫ് ഇന്‍ഷുറന്‍സിന് ആദ്യകാലങ്ങളില്‍ പറഞ്ഞിരുന്ന പേരാണ്. ആലോചിക്കുമ്പോള്‍ അതു ശരിയാണെന്നു തോന്നും, അല്ലേ. ഇന്‍ഷുറന്‍സ് എജന്റ് വരുമ്പൊ, മരണച്ചിട്ടീടെ പിരിവുകാരന്‍ വരുന്നെന്ന് അന്നൊക്കെ ആളുകള്‍ പറയുമായിരുന്നു.''
കുരുക്കഴിക്കാന്‍ പോയി കയ്യും കൂടി കുരുങ്ങിയ അവസ്ഥയിലായി ശ്രീകുമാര്‍ സാര്‍. ഞാന്‍ അവസരത്തിനൊത്തുയര്‍ന്നു. ടീച്ചറുടെ വാചകമടി മാത്രം കേട്ടാല്‍ പോരല്ലോ. മരണച്ചിട്ടിയുടെ കാര്യം പറഞ്ഞുനിര്‍ത്തിയ പഴുതില്‍ കയറി ഞാന്‍ കമ്പനിയുടെ പേരും സ്വന്തം പേരും പറഞ്ഞിട്ട് ശ്രീകുമാര്‍ സാറിനെ പരിചയപ്പെടുത്തി. താമസിയാതെ ഞങ്ങള്‍ വന്ന കാര്യത്തിലേയ്ക്കു കടന്നു.

റിട്ടയര്‍മെന്റിനുശേഷം വിശ്രമജീവിതം നയിക്കുന്നവര്‍ക്കുള്ള ഇമ്മീഡിയറ്റ് ആനുവിറ്റി പ്ലാനെക്കുറിച്ചായിരുന്നു ഞങ്ങള്‍ക്കു പറയാനുണ്ടായിരുന്നത്. ഒരു വലിയ തുക ഒറ്റയടിക്ക് ഇന്‍ഷുറന്‍സില്‍ നിക്ഷേപിക്കുമ്പോള്‍ പലിശ മാസാമാസം പെന്‍ഷന്‍പോലെ കയ്യിലെത്തുന്നു. ബാഗില്‍നിന്ന് ഒരു സ്‌ക്രിബ്ലിംഗ് പാഡെടുത്ത് ശ്രീകുമാര്‍ സാര്‍ കണക്കുകള്‍ വ്യക്തമായെഴുതി ടീച്ചര്‍ക്കു നീട്ടി. കണക്കുകളും ഗ്രാഫുകളും കുത്തിവരഞ്ഞ പേപ്പറിലേയ്ക്കു വിരല്‍ചൂണ്ടി സാര്‍ വിശദീകരിച്ചു: ''ബാങ്ക് പലിശയാണെങ്കില്‍ ടി.ഡി.എസ് പിടിക്കും. ആനുവിറ്റി പ്ലാനില്‍ മുഴുവന്‍ തുകയും കയ്യില്‍ കിട്ടും. അതാണ് പ്രധാന വ്യത്യാസം.''
ടീച്ചര്‍ വിശദീകരണക്കുറിപ്പ് തിരികെ നല്‍കി. 

''ലുക് മിസ്റ്റര്‍ ശ്രീകുമാര്‍, ടി.ഡി.എസ് പിടിച്ചില്ലെങ്കിലും പെന്‍ഷന്‍ അപ്ഫ്രണ്ട് ടാക്സെബിളാണ്. ആനുവല്‍ റിട്ടേണ്‍ കൊടുക്കുമ്പൊ എനിക്കത് ഒളിച്ചുവക്കാനാവില്ലല്ലോ. അക്കാര്യം നിങ്ങക്കറിയാമെങ്കിലും ക്ലയന്റ്സിനോടത് പറയാറില്ല, അല്ലേ.''

മാറിയ കാലത്തിന്റെ ഇന്‍വെസ്റ്റുമെന്റ് രീതികള്‍ എങ്ങനെയായിരിക്കണമെന്ന് തുടര്‍ന്നങ്ങോട്ടു ശാന്തിപ്രഭ ടീച്ചര്‍ ശ്രീകുമാര്‍ സാറിനു ക്ലാസ്സെടുത്തു. ബ്രസീലിന്റേയും വിയറ്റ്നാമിന്റേയും ഗവണ്‍മെന്റ് ബോണ്ടുകളെപ്പറ്റിയും ക്രിപ്റ്റോ കറന്‍സിയെപ്പറ്റിയും പറഞ്ഞു. ആദ്യമൊക്കെ അദ്ദേഹം ടീച്ചറുടെ വാദങ്ങളെ ഖണ്ഡിക്കാനായി ചില പോയിന്റുകള്‍ ഉയര്‍ത്തിയെങ്കിലും വിഷയത്തിലുള്ള ടീച്ചറുടെ പാണ്ഡിത്യം അവയുടെയൊക്കെ മുനയൊടിച്ചു. പിന്നെയങ്ങോട്ട് ശ്രീകുമാര്‍ സാര്‍ ടീച്ചറോട് സംശയം ചോദിക്കാനും ടീച്ചര്‍ പറയുന്നതിനു തലയാട്ടാനും തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോയതായി ഞാനുറപ്പിച്ചു. സാര്‍ എന്നെയൊന്നു നോക്കിയിരുന്നെങ്കില്‍, ഇനി നേരംകളയാതെ ഇറങ്ങിയേക്കാമെന്ന് ആംഗ്യഭാഷയില്‍ പറയണമെന്ന് ഞാന്‍ മനസ്സിലുറപ്പിച്ചു. അപ്പോളാണെന്റെ ഫോണടിച്ചത്. ഞാന്‍ ഫോണെടുത്തു. റേഞ്ച് കുറവാണ്. ശ്രീകുമാര്‍ സാറിന്റേയും ടീച്ചറുടേയും ഇടയിലിരുന്ന് വിയര്‍ത്ത എനിക്ക് ഫോണ്‍ കോള്‍ ഒരുപായമായി തോന്നി. ഇരുവരോടും ഒരു നിമിഷമെന്നു വിരല്‍ നീട്ടി കാണിച്ചിട്ട് ഫോണുമായി പുറത്തിറങ്ങി. റേഞ്ച് പിടിച്ച് മുറ്റത്തിന്റെ ഒരു കോണിലേയ്ക്ക് ഒതുങ്ങിനിന്നു. 

അപ്പന്റെ വകയിലൊരു ബന്ധുവാണ് വിളിക്കുന്നത്. ഗള്‍ഫ് മതിയാക്കി നാട്ടില്‍ വന്നിട്ട് അധികമായിട്ടില്ല. ഒരു പോളിസി തടയുന്ന കേസാണ്. അകത്ത് ശാന്തിപ്രഭയുടെ വക ശ്രീകുമാരവധം അരങ്ങേറുന്നിടത്ത് ഇരിക്കുന്നതിനെക്കാള്‍ നല്ലത് പുതിയ ഒരു പോളിസിയൊപ്പിക്കാനുള്ള വഴി നോക്കുകയാണെന്ന നിഗമനത്തില്‍ വിശേഷങ്ങള്‍ ചോദിച്ചു.

സംസാരിച്ചുകൊണ്ടിരുന്ന നേരമെല്ലാം എന്റെ നോട്ടം മുറ്റത്തിനു താഴെ കല്‍ത്തറയില്‍ വളര്‍ന്നു പൂവിട്ടു നില്‍ക്കുന്ന ഒരു ചെടിയിലേയ്ക്കായിരുന്നു. വേനപ്പച്ചയുടെ പ്രകൃതമാണ്. പൂക്കളും ഏതാണ്ട് അതേപോലെ തന്നെ. പക്ഷേ, ഇലകള്‍ക്ക് വലുപ്പക്കുറവും തണ്ടുകള്‍ക്ക് നീളക്കൂടുതലുമുണ്ട്. പോളിസിക്കാര്യം ഏതാണ്ട് പറഞ്ഞുറപ്പിച്ചിട്ട് ഞാന്‍ കുത്തുകല്ലിറങ്ങി ചെടിക്കരികില്‍ ചെന്നു. അബദ്ധത്തില്‍ വളര്‍ന്ന കാട്ടുചെടിയൊന്നുമല്ലെന്ന് ചുവട്ടിലെ നനവു കണ്ടപ്പോള്‍ മനസ്സിലായി. ചെടിയുടെ ഫോട്ടോ എടുക്കാനായി ഫോണെടുത്തപ്പോള്‍ പിന്നില്‍ ശബ്ദം കേട്ടു.

''ദാ, ചായയെടുത്തു വച്ചിരിക്കുന്നു.''
തിരിഞ്ഞു നോക്കിയപ്പോള്‍ മോനിയാണ്. 
''ഇതേതു ചെടിയാണ്. പേരറിയാമോ?''
''ഏതാണെന്നും എന്താണെന്നുമൊക്കെ അമ്മയ്‌ക്കേ അറിയൂ. പിന്നെ മുറ്റത്തെ പൂക്കളുടേയും ചെടികളുടേയുമൊന്നും ഫോട്ടോയെടുക്കാന്‍ പാടില്ല. അമ്മയ്ക്ക് അതിഷ്ടമല്ല.''
ഞാന്‍ ഫോണ്‍ പോക്കറ്റിലിട്ട് മോനിയോടൊപ്പം അകത്തേയ്ക്കു നടന്നു. നടക്കുന്നതിനിടയ്ക്ക് ഞാന്‍ രണ്ടുവട്ടം ആ ചെടിയിലേയ്ക്ക് തിരിഞ്ഞുനോക്കി. എനിക്കറിയാം ഇതിന്റെ പേര്; പക്ഷേ, ഓര്‍മ്മ കിട്ടുന്നില്ല.
ഞാന്‍ ചെല്ലുമ്പോള്‍ ശ്രീകുമാര്‍ സാര്‍ തന്ത്രങ്ങളെല്ലാം പിഴച്ചതിന്റെ നിരാശയില്‍ ചൂടു ചായ ഊതിയൂതി കുടിക്കുന്നു. ചര്‍ച്ചയ്ക്കിടയില്‍ സാര്‍ നല്‍കിയതാവണം, പോളിസി വിവരങ്ങളടങ്ങിയ ഒരു പാംഫ്ലറ്റ് ടീച്ചര്‍ അലക്ഷ്യമായി മറിച്ചുനോക്കുന്നുണ്ട്. എന്നെ കണ്ടപ്പോള്‍ തലയുയര്‍ത്തി നോക്കി.

''റേഞ്ച് കുറവാണിവിടെ. ഞാന്‍ ലാന്‍ഡ് ഫോണേ ഉപയോഗിക്കൂ. ചായ കുടിക്ക്.''
ഞാന്‍ ചായയെടുത്തു ചുണ്ടോടു ചേര്‍ത്തു. ചായ ഒരിറക്കു കുടിച്ചപ്പോളാണ് കപ്പിന്റെ ആകൃതി ശ്രദ്ധിച്ചത്. അതൊരു കോപ്പയെ ഓര്‍മ്മിപ്പിച്ചു. അതിനു പിന്നാലെ അത്ര നേരവും ആലോചിച്ചു കൊണ്ടിരുന്ന പേരും മനസ്സിലേയ്ക്കു വന്നു.
ഹെംലോക്ക്. 
അതെ, ഹെംലോക്ക് എന്നാണാ ചെടിയുടെ പേര്.
''അതു ഹെംലോക്കല്ലേ. മുറ്റത്തിനു താഴെ തറകെട്ടി നിര്‍ത്തിയ ചെടി.''
ഞാന്‍ ചോദിച്ചു തീര്‍ന്നില്ല, അതിനു മുന്‍പ് ടീച്ചര്‍ വായിച്ചുകൊണ്ടിരുന്ന പാംഫ്ലറ്റില്‍നിന്നു മുഖമുയര്‍ത്തി. അതുവരെ കണ്ട ശാന്തത മാഞ്ഞ് രൗദ്രം തിളങ്ങുന്ന കണ്ണുകള്‍. ആ നോട്ടം തറഞ്ഞതിന്റെ വിറയലില്‍ എനിക്കു തൊണ്ടക്കുഴിയില്‍ ചായ വിക്കി. ഞാന്‍ ചായക്കോപ്പ താഴെ വച്ച് നാലഞ്ചു ചുമച്ചു. എന്റേയും കണ്ണുകള്‍ ചുവന്നു.

''ഹെംലോക്കോ, അതെന്താ.''
മാറിയ മുഖഭാവം കുറച്ചൊന്നു വരുതിയിലാക്കി ടീച്ചര്‍ ചോദിച്ചു. എങ്കിലുമവരുടെ ശ്വാസോച്ഛ്വാസത്തിന്റെ ക്രമം തെറ്റിയിരുന്നത് ഞാന്‍ ശ്രദ്ധിച്ചു.
''അതു വിഷച്ചെടിയാ. വേരും തണ്ടും പൂവും പൂമ്പൊടിയുമെല്ലാം വിഷം. സോക്രട്ടീസിന്റെ വധശിക്ഷ നടപ്പാക്കിയത് ഹെംലോക്കു കൊടുത്താ. ചായയില്‍ നീരു പിഴിഞ്ഞൊഴിച്ച്. ഇതുപോലൊരു കോപ്പയില്‍.''
ഞാന്‍ ചായക്കോപ്പ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് കാര്യം വിശദീകരിച്ചു.

ഹെംലോക്കെന്ന പേര് കേട്ടപ്പോള്‍ മുതല്‍ ശാന്തിപ്രഭ ടീച്ചറുടെ കൃഷ്ണമണികള്‍ വലത്ത് കീഴ്കോണില്‍ കിടന്നുരുളുന്നത് ഞാന്‍ ശ്രദ്ധിച്ചു. സ്ട്രാറ്റജി മുഴുവന്‍ പിഴച്ചതിന്റെ മനസ്താപം കൊണ്ടാവണം ശ്രീകുമാര്‍ സാര്‍ വിഷയത്തില്‍ ഇടപെടാതെ വെറുതേ സംസാരം കേട്ടിരുന്നതേയുള്ളു. രണ്ടുപേര്‍ ഒരു വിഷച്ചെടിയെപ്പറ്റി സംസാരിക്കുന്നു. അതില്‍ ശ്രദ്ധിക്കാനെന്തിരിക്കുന്നു. അതേ ഭാവം മുഖത്തു വരുത്തിയായിരുന്നു ടീച്ചറുടെ മറുപടിയും.

''വല്ല കാട്ടുചെടിയുമാകും. ചിലതെല്ലാം ഒരുപോലിരിക്കും. നിങ്ങളാ ചെടി നേരിട്ടു കണ്ടിട്ടുണ്ടോ?''
''അതുകൊണ്ടല്ലേ ഞാനത് അത്ര ഉറപ്പിച്ചു പറഞ്ഞെ. കോളേജിലൊരു ബൊട്ടാണിക്കല്‍ എക്‌സിബിഷനില്‍ കണ്ടതാ. എന്റെ ഫോണിലതിന്റെ ഫോട്ടോ കിടപ്പുണ്ട്. ആ ചെടിയുടെ ഒരില മതി ആളെക്കൊല്ലാനെന്നാണ് ഡെമോണ്‍സ്ട്രേഷനു നിന്ന പ്രൊഫസര്‍ പറഞ്ഞത്.''
ശാന്തിപ്രഭ കസേരയില്‍ നിന്നെണീറ്റു. അവരുടെ മൂക്കുത്തിയുടെ തിളക്കം കെട്ടതു ഞാന്‍ ശ്രദ്ധിച്ചു.

''യവനരുടെ വിത്തൊക്കെ ഇവിടെങ്ങനാ മുളയ്ക്കുന്നെ. ഇയാളെയാരോ പറഞ്ഞു കളിപ്പിച്ചതാവും. ഏതായാലും ചായ കുടിച്ചിട്ടേ പോകാവൂ.''
ടീച്ചര്‍ അകത്തേയ്ക്കു പോകാനെണീറ്റു. ഞാന്‍ ശ്രീകുമാര്‍ സാറിനെ നോക്കി. സാര്‍ ചായ തീര്‍ത്ത് കപ്പ് മോനിക്കു കൈമാറി. 

വാതിലിനടുത്തെത്തിയിട്ട് എന്തോ പറയാനാഞ്ഞ് ശാന്തിപ്രഭ എന്നെയൊന്നു തിരിഞ്ഞുനോക്കി. പിന്നെയത് വേണ്ടെന്നു വച്ച് അവര്‍ അകത്തു മറഞ്ഞു. മോനി ഞാന്‍ ചായ തീര്‍ക്കുമ്പോള്‍ കോപ്പ വാങ്ങാന്‍ എന്റെയടുത്തേയ്ക്ക് നീങ്ങിനിന്നു. ശ്രീകുമാര്‍ സാര്‍ ബാഗെടുത്ത് എണീക്കുന്നതു കണ്ട് ഞാന്‍ പാതിയാക്കിയ ചായക്കോപ്പ മോനിക്കു നീട്ടി സാറിനോടൊപ്പമെണീറ്റ് പുറത്തേയ്ക്കു നടന്നു. എവിടെയാണാ ചെടിയെന്ന് സാറു ചോദിക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ, സാര്‍ നേരേ ചെന്ന് വണ്ടി സ്റ്റാര്‍ട്ടു ചെയ്തിട്ട് എന്നോടു കയറാന്‍ പറഞ്ഞു. കാര്യം നടക്കാഞ്ഞതിന്റേയും സാറിന്റെ വിലയേറിയ സമയം നഷ്ടപ്പെടുത്തിയതിന്റേയും മനസ്താപത്തില്‍ ഞാന്‍ വണ്ടിയിലിരുന്നു. വേറേ ചില ക്ലയന്റ്സിന്റെ ഡീറ്റെയില്‍സൊക്കെ ഞാന്‍ പറഞ്ഞുനോക്കിയെങ്കിലും മടക്കയാത്രയില്‍ സാര്‍ വിശേഷിച്ചൊന്നും സംസാരിച്ചില്ല.

പിറ്റേന്നു ഞാന്‍ ക്ലാസ്സിലിരിക്കുമ്പോള്‍ ശ്രീകുമാര്‍ സാര്‍ വിളിച്ചു. ക്ലാസ്സു കഴിഞ്ഞിറങ്ങി തിരിച്ചു വിളിച്ചപ്പോള്‍ എത്രയും പെട്ടെന്ന് ഓഫീസിലേയ്ക്ക് ചെല്ലാന്‍ പറഞ്ഞു. അവിടെച്ചെല്ലുമ്പോള്‍ സാര്‍ വലിയ സന്തോഷത്തിലാണ്. 

''ചിലപ്പോഴങ്ങനെയാണ്. നമ്മള്‍ തളര്‍ന്നുപോകാം. പരാജയപ്പെട്ടെന്നു കരുതി തല കുനിഞ്ഞേക്കാം. എങ്കിലും പ്രതീക്ഷ കൈവിടരുത്. അതുകൊണ്ടാണ് ഞാന്‍ ഇന്നലെയവിടുന്ന് പോരാനിറങ്ങിയപ്പോള്‍ ഒരു വിസിറ്റിംഗ് കാര്‍ഡെടുത്ത് ടീപ്പോയില്‍ വച്ചത്.''

ശ്രീകുമാര്‍ സാര്‍ പോസിറ്റീവ് തിങ്കിങ്ങിന്റെ ഫിലോസഫി ചേര്‍ത്ത് കഥ മുഴുവന്‍ പറഞ്ഞു. രാവിലെ കാര്‍ഡിലെ നമ്പര്‍ നോക്കി ശാന്തിപ്രഭ ടീച്ചര്‍ വിളിച്ചു. കുറച്ചുകഴിഞ്ഞ് നേരിട്ട് ഓഫീസിലേയ്‌ക്കെത്തി. പറഞ്ഞതിലധികം തുകയ്ക്ക് പോളിസിയുമെടുത്തു. ഇന്നലത്തെ തന്റെ പെര്‍ഫോര്‍മന്‍സ് പ്രത്യക്ഷത്തില്‍ ഫലിച്ചില്ലെങ്കിലും അതിന്റെ പൊരുള്‍ അവര്‍ക്കു പിടികിട്ടിയല്ലോ എന്ന സന്തോഷത്തിലായിരുന്നു ശ്രീകുമാര്‍ സാര്‍.
എനിക്കും സന്തോഷമായി. ചെറിയ തുകയുടെ പോളിസിയല്ലല്ലോ ഞാന്‍ സംഘടിപ്പിച്ചത്. കോടിപതിയെന്ന തലക്കെട്ടും കോട്ടിട്ട ഫോട്ടോയും മനസ്സില്‍ മിന്നി. ശ്രീകുമാര്‍ സാര്‍ പേപ്പേഴ്സെല്ലാം ഒരു കവറിലാക്കി എന്റെ കയ്യില്‍ തന്നു.

''ഇത് അവരുടെ വീട്ടില്‍ കൊണ്ടു കൊടുക്കണം. ഒട്ടിനിന്നോ, ഇനിയവരുടെ മകള്‍ നാട്ടില്‍ വരുമ്പോള്‍ അവളെക്കൊണ്ടുമെടുപ്പിക്കണം കനത്തിലൊരെണ്ണം.''

ഇപ്പോള്‍ തിരിച്ചാല്‍ ബസ് കയറി അവിടെ ചെല്ലുമ്പോള്‍ നേരം ഇരുട്ടും. ത്രിസന്ധ്യ കഴിഞ്ഞാല്‍ ടീച്ചര്‍ സന്ദര്‍ശകര്‍ക്ക് സമയം കൊടുക്കില്ലെന്ന് ഓര്‍മ്മിപ്പിച്ചപ്പോള്‍ ശ്രീകുമാര്‍ സാര്‍ കാറിന്റെ ചാവി തന്നു. ടീച്ചറുമായി വാക്കില്‍ തോറ്റെങ്കിലും കാര്യം നേടിയതിന്റ ആവേശത്തില്‍ ഞാന്‍ വണ്ടിയെടുത്തു. ട്രാഫിക് ബ്ലോക്കില്‍ ഇഴഞ്ഞ് ടൗണ്‍ കടന്നപ്പോള്‍ത്തന്നെ വെയിലു താണിരുന്നു. രേഖകള്‍ ഇന്നുതന്നെ കൈമാറണമെന്നു പറഞ്ഞാല്‍ പിന്നെ ഒഴികഴിവൊന്നും പാടില്ല. ഇതു പോലെയുള്ള ക്ലയന്റ്സിന്റെ കാര്യത്തില്‍ ചെറിയൊരു വിട്ടുവീഴ്ചപോലും ഉണ്ടാവരുത് എന്ന ശ്രീകുമാര്‍ സാറിന്റെ ഉപദേശമോര്‍ത്തപ്പോള്‍ വണ്ടിക്കു വേഗത കൂടി. ഒന്നുറങ്ങിയെണീറ്റപ്പോഴേയ്ക്കും മനം മാറ്റം വരാന്‍ തക്കവണ്ണം എന്ത് സ്ട്രാറ്റജിയാണ് സാര്‍ ഇന്നലെ ടീച്ചറില്‍ പ്രയോഗിച്ചതെന്നും ഫോണ്‍ വന്നപ്പോള്‍ മുറ്റത്തിറങ്ങി പോകാതിരുന്നെങ്കില്‍ അക്കാര്യം മനസ്സിലാക്കാമായിരുന്നു എന്നും വിചാരിച്ചുകൊണ്ടിരുന്നപ്പോള്‍ സ്ഥലമെത്തി. വണ്ടിയൊതുക്കിയിട്ട് ക്വാര്‍ട്ടര്‍ ഗേറ്റ് തുറന്നു. ടീച്ചറെ കാണാന്‍ പറ്റിയില്ലെങ്കില്‍ വേണ്ട. കവര്‍ മോനിയുടെ കയ്യിലാണെങ്കിലും കൊടുക്കാമല്ലോ എന്നോര്‍ത്ത് അകത്തേയ്ക്കു നടന്നു. വഴിക്ക് ഇരുവശങ്ങളിലുമുള്ള തൊടിയിലെ മരങ്ങള്‍ക്കിടയില്‍ ഇരുട്ട് വീണിട്ടുണ്ടെങ്കിലും വീടും വീട്ടുമുറ്റത്തെ ചരല്‍വിരിപ്പും ചാഞ്ഞ വെട്ടത്തില്‍ തിളങ്ങിക്കിടന്നു. ഞാന്‍ വരാന്തയിലേയ്ക്ക് കയറി. കഴിഞ്ഞ ദിവസത്തേതുപോലെ ഇന്ന് അകത്തെ മുറിയില്‍ ടെലിവിഷന്‍ ഓണാക്കിയിട്ടില്ല. ഞാന്‍ ബെല്ലമര്‍ത്തി. 

വാതിലു തുറക്കുന്നതും നോക്കി കുറച്ചു നേരം നിന്നപ്പോള്‍ മുഖത്തേയ്ക്ക് പുകയടിക്കുന്നു. തിരിഞ്ഞപ്പോള്‍ പറമ്പില്‍നിന്നാണ് പുക വരുന്നത്. പെട്ടെന്നാണ് ഞാന്‍ ഹെംലോക്കിന്റെ കാര്യമോര്‍ത്തത്. സാധിക്കുമെങ്കില്‍ ടീച്ചര്‍ കാണാതെ ഒരു പടം പകര്‍ത്താമെന്നു കരുതി ഫോണ്‍ പോക്കറ്റില്‍നിന്നെടുത്ത് മുറ്റത്തിനരികിലേയ്ക്കു നടന്നു. കുത്തുകല്ലിനടുത്തെത്തി താഴേയ്ക്കു നോക്കിയപ്പോള്‍ അവിടെ നിറയെ ചാരവും അതിനിടയില്‍ തിളങ്ങുന്ന ചില കനലുകളും മാത്രം. ഹെംലോക്ക് വളര്‍ന്നു നിന്ന തറ ചാരത്തിനിടയില്‍ വ്യക്തമായി കാണാം. ആ ചെടിയും അതു നിന്ന പ്രദേശവും ഊടുപാടില്ലാതെ കരിച്ചുകളഞ്ഞിരിക്കുന്നു. കഷ്ടമായിപ്പോയി! അരുതെന്നു മോനി പറഞ്ഞെങ്കിലും അവരുടെ കണ്ണുവെട്ടിച്ച് ഇന്നലെത്തന്നെ ഒരു ഫോട്ടോ എടുക്കേണ്ടതായിരുന്നുവെന്നോര്‍ത്തു. അപ്പോള്‍ വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് കനല്‍ക്കട്ടകളില്‍ നിന്നു കണ്ണെടുത്ത് ഞാന്‍ തിരിഞ്ഞുനോക്കി. സന്ദര്‍ശകര്‍ക്കുള്ള സമയം കഴിഞ്ഞതിനാല്‍ മോനിയായിരിക്കും ഇറങ്ങിവരികയെന്നു പ്രതീക്ഷിച്ച ഞാന്‍, ശാന്തിപ്രഭ ടീച്ചറെ കണ്ടപ്പോള്‍ അമ്പരന്നു. ടീച്ചര്‍ വരാന്തയില്‍നിന്ന് എന്നെ നോക്കി. നിറഞ്ഞ പുഞ്ചിരിയോടെ വിലാസവതിയായ ഒരു മധ്യവയസ്‌ക. ഞാന്‍ മുറ്റം മുറിച്ചു നടന്ന് ടീച്ചറുടെ അടുത്തെത്തി കവര്‍ കൈമാറി.

''ശ്രീകുമാര്‍ സാര്‍ തന്നതാണ്. രേഖകളെല്ലാമുണ്ട്. ബാക്കിയൊക്കെ പോസ്റ്റില്‍ ഇവിടെത്തും.''
ശാന്തിപ്രഭ ടീച്ചര്‍ കവര്‍ വാങ്ങി തുറന്നു നോക്കി. തൃപ്തികരമെന്ന മട്ടില്‍ പേപ്പറുകളെല്ലാം അതിലേയ്ക്കു തന്നെ തിരികെയിട്ട് എന്നെ നോക്കി.
''അവിടെപ്പോയി എന്തു നോക്കിയതാണ്?''
''ഇന്നലെക്കണ്ട ചെടി നോക്കിയതാ. ഹെംലോക്ക്. അതു കരിഞ്ഞുപോയല്ലോ.''
''ഹെംലോക്കോ, ഞാനറിയാത്ത ഒരു ചെടി ഈ പുരയിടത്തിലില്ലല്ലോ.''
ചിരിച്ചുകൊണ്ടാണ് ടീച്ചര്‍ പറഞ്ഞത്. ഞാനവരുടെ മുഖത്തേയ്ക്കു നോക്കി. കൃഷ്ണമണികള്‍ അനക്കമറ്റപോലെ തറഞ്ഞിരിക്കുന്നു. ഞങ്ങള്‍ക്കിടയിലൂടെ പുകയുടെ ഒരു നേര്‍ത്ത രേഖ കടന്നു പോയി. 

''പിന്നെ എന്താ പറഞ്ഞത് ഇന്നലെക്കണ്ടെന്നോ. അതെങ്ങനാ, നിങ്ങള്‍ വന്നത് മിനിഞ്ഞാന്ന് ത്രിസന്ധ്യ കഴിഞ്ഞപ്പോളല്ലേ. അന്നു പറഞ്ഞേറ്റ പടി ഞാനിന്ന് നിങ്ങടെ ഓഫീസിലെത്തി. പോളിസിയുടെ പണം കൊടുത്തു. അല്ലാതെ ഇന്നലെയിവിടെ ആരും തന്നെ വന്നിട്ടില്ല.''
ഇന്നലെ വന്നുവെന്നുതന്നെ വേണമെങ്കില്‍ തര്‍ക്കിക്കാം. ഫോണില്‍ നോക്കിയാല്‍ അതിനുള്ള രേഖകളുമുണ്ടാക്കാം. പക്ഷേ, തലേന്നു നടന്നതൊന്നും ഓര്‍ക്കുന്നില്ലെന്ന മട്ടിലുള്ള അവരുടെ നില്‍പ്പും മുഖഭാവവും കണ്ടു ഭയന്നിട്ടാവണം ഞാനതിനൊന്നും മുതിര്‍ന്നില്ല. 
''പിന്നെ അവിടെങ്ങനെ വല്ലതും വളരും. പറമ്പില്‍ പൊഴിയുന്ന മടലും കൊതുമ്പുമെല്ലാം അവിടെയിട്ടല്ലേ എന്നും കത്തിക്കുന്നത്. ഇയാള് പലയിടത്ത് പോകുന്നതല്ലേ, വേറെവിടെയെങ്കിലും കണ്ടതിന്റെ ഓര്‍മ്മയാകും. ഏതായാലും കയറിയിരിക്കൂ. ചായ കുടിക്കാം.''
അവര്‍ പടിക്കെട്ടു കയറി വരാന്തയിലെ മരക്കസേരയിലിരുന്നു. ഞാന്‍ അവിടെത്തന്നെ നിന്നു.
''മോനീ അതിങ്ങെടുത്തേയ്ക്കൂ.''

അവര്‍ അകത്തേയ്ക്കു നോക്കി പറഞ്ഞു. വിളി കേള്‍ക്കാന്‍ കാത്തുനിന്ന മട്ടില്‍ മോനി ഒരു ട്രേയില്‍ ചായക്കോപ്പയുമായി വന്നു. 
ഞാന്‍ ചുറ്റും നോക്കി. വീടും ചുറ്റുമതിലും കഴിഞ്ഞാല്‍ വിജനമായ പുരയിടം. നോക്കിനില്‍ക്കെ പെരുകിവരുന്ന മരങ്ങള്‍ക്കിടയിലെ കറുപ്പ്. നിശ്വാസത്തില്‍ വിഷസസ്യം കരിഞ്ഞുവമിക്കുന്ന പുക. കോപ്പയില്‍ ചായ.

ഞാന്‍ തിരിഞ്ഞു നടന്നു. എന്റെ നെഞ്ച് പടപടാ മിടിക്കുന്നുണ്ടായിരുന്നു. പാതി വഴിയെത്തി ഞാന്‍ തിരിഞ്ഞുനോക്കി. ഇരുട്ടുവീണ മുറ്റത്ത് രണ്ടു രൂപങ്ങള്‍ എന്നെ നോക്കിനില്‍ക്കുന്നത് അവ്യക്തമായി കാണാം. അതിലൊന്നിന്റെ മുഖത്തു നിന്നൊരു തിളക്കം എയ്തുവിട്ടതുപോലെ എന്റെ കണ്ണില്‍ തറയുന്നതും നാഗദോഷം തീണ്ടി മരിച്ച ആത്മാക്കള്‍ മണ്ണില്‍നിന്നുയിര്‍ത്ത് മരങ്ങള്‍ക്കു മറഞ്ഞ് എന്നെ നോക്കുന്നതും ഞാനറിഞ്ഞു. ആഞ്ഞു നടന്നിട്ടും ഗേറ്റിലേയ്ക്കുള്ള ദൂരം കൂടുന്നതല്ലാതെ കുറയുന്നില്ല എന്നു ഞാന്‍ ഞെട്ടലോടെയോര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com