'ഗുപ്ത സാമ്രാജ്യം'-  ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍ എഴുതിയ കഥ

വിവാഹം കഴിഞ്ഞതിന്റെ ആദ്യകാലങ്ങളില്‍ ഞാന്‍ പറയുന്ന കഥകള്‍ കേള്‍ക്കാന്‍ ഭാര്യയ്ക്കു വളരെ താല്പര്യമായിരുന്നു. എന്റെ സുഹൃദ്‌വലയത്തിലുണ്ടായിട്ടുള്ള രസകരമായ സംഭവങ്ങളായിരുന്നു പലതും
'ഗുപ്ത സാമ്രാജ്യം'-  ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍ എഴുതിയ കഥ

വിവാഹം കഴിഞ്ഞതിന്റെ ആദ്യകാലങ്ങളില്‍ ഞാന്‍ പറയുന്ന കഥകള്‍ കേള്‍ക്കാന്‍ ഭാര്യയ്ക്കു വളരെ താല്പര്യമായിരുന്നു. എന്റെ സുഹൃദ്‌വലയത്തിലുണ്ടായിട്ടുള്ള രസകരമായ സംഭവങ്ങളായിരുന്നു പലതും. അത്യാവശ്യം എരിവും പുളിയുമുള്ള സംഗതികളായതിനാല്‍ അവയിലെ വ്യക്തികളുടെ പേരുകള്‍ മറച്ചുവയ്ക്കാനും ദേശവും കാലവും അവള്‍ക്ക് തീര്‍ത്തും അപരിചിതമായ മറ്റൊരു ചുറ്റുപാടില്‍ അവരോധിച്ച് സംഭവങ്ങളെ പരമാവധി വ്യത്യസ്തമായി വിവരിക്കുവാനും ശ്രമിച്ചിരുന്നു. ശങ്കരന്‍കുട്ടിക്ക് പെണ്ണുവേണം, ആദിതാളം, മദാലസ, രതിമന്മഥന്‍ തുടങ്ങിയ ചിത്രങ്ങളിലെ നായകന്മാരായിരുന്നു എന്റെ കൗമാരകാല സുഹൃത്തുക്കള്‍. സ്വാഭാവികമായും മനസ്സിലും ഉടലിലും വല്ലാത്ത തൃഷ്ണ പേറുന്നവരായിരുന്നു അവര്‍. അവര്‍ക്കൊപ്പമായിരുന്നു മാനസിക സഞ്ചാരമെങ്കിലും ഉള്ളുരുക്കങ്ങളെ ഏകാന്തതകളില്‍ സ്വയം ഉടലില്‍നിന്നും കടഞ്ഞുകളഞ്ഞ് ഞാന്‍ സന്മാര്‍ഗ്ഗത്തില്‍ ജീവിച്ചു. വാക്കിലും നോക്കിലും വശ്യമായ ഒരുതരം വിശുദ്ധി, പാടുപെട്ടാണെങ്കിലും നിലനിര്‍ത്തുവാനും സാധിച്ചു. ചങ്ങാതിമാരായ പൊന്നനും സതീശനും നന്ദനും ഗിരീഷ് കുമാറും എന്നെ വെടിഞ്ഞ് അപ്‌സരാ ടാക്കീസിലെ ഇരുട്ടിലേക്കിറങ്ങിപ്പോയി. അവര്‍ക്കു മുന്നില്‍ മെലിഞ്ഞു ദുര്‍ബ്ബലമായ ശരീരങ്ങള്‍ അപകര്‍ഷതയോടെ മുന്നോട്ടാഞ്ഞ് ക്യൂ നിന്നു. അവരുടെ കണ്ണുകള്‍ ഉന്മാദികളുടേതുപോലെ അനന്തതയിലേക്കു വല്ലാതെ വിടര്‍ന്നും അവയില്‍ പെട്ടെന്നു പൊലിഞ്ഞുപോയേക്കാവുന്ന ഒരു തിളക്കം തെളിഞ്ഞും നിന്നു. ഹതാശരും മിക്കവാറും നിശ്ശബ്ദരുമായിരുന്നു അവര്‍. അപ്‌സരാ ടാക്കീസിലെ ഇരുട്ടില്‍ രതിദേവതമാരായ നായികമാരുടെ പൊക്കിള്‍ച്ചുഴികളില്‍ വീണ് എന്റെ ചങ്ങാതിമാര്‍ ശ്വാസംകിട്ടാതെ സുഖകരമായി പിടയ്ക്കുമ്പോള്‍, പരിസരത്തെ ഇരുട്ടുനിറഞ്ഞ ഇടവഴികളില്‍ ഞാന്‍ എന്നെ അസ്വസ്ഥനായി അലയാന്‍ വിട്ടു. സ്വന്തം കാല്‍ച്ചുവട്ടിലേക്കു മാത്രം വെളിച്ചം വീഴ്ത്തി വഴിവിളക്കുകള്‍ ശിരസ്സുകുനിച്ചു നിന്നു. ഇടത്തൊണ്ടുകളുടെ ഇരുവശങ്ങളിലും കാട്ടുകല്ലു പാകിക്കെട്ടിയ കയ്യാലയിലെ പടര്‍പ്പുകള്‍ക്കിടയില്‍ പാമ്പുകളിഴഞ്ഞു. ഇരുട്ടില്‍ പെരുച്ചാഴിയോ കീരിയോ കാട്ടുമുയലോ ചവറ്റിലകള്‍ക്കുമേല്‍ നീളത്തില്‍ ഒച്ചവരച്ചു. കൊയ്‌തൊഴിഞ്ഞ പാടത്തെ നനഞ്ഞ പുല്ലിന്റെ തണുപ്പ് കാലില്‍ തറച്ചുകയറി. തവളകള്‍ ആര്‍പ്പുവിളിച്ചു. അപ്പോഴൊന്നും വീട്ടിലേക്കു പോകാന്‍ മനസ്സുണ്ടാവാറില്ല. തിരികെവന്ന് മണിയപ്പന്റെ തട്ടുകടയിലെ ഇഡ്ഡലിയും ചമ്മന്തിയും ഓംലറ്റും കഴിച്ചുകൊണ്ട്, അപ്‌സരാ ടാക്കീസില്‍നിന്നു പതിഞ്ഞുകേള്‍ക്കുന്ന സീല്‍ക്കാരങ്ങളില്‍ മൂര്‍ച്ഛിച്ചിരുന്നു.
 
ഫസ്റ്റ്‌ഷോ കഴിഞ്ഞാല്‍, പുറത്തേയ്ക്കുള്ള ലൈറ്റുകളണച്ച്, പ്രേക്ഷകര്‍ക്കുവേണ്ടിയൊരുക്കുന്ന ഇരുട്ടിന്റെ വഴിയിലൂടെ ചങ്ങാതിമാര്‍ ഇറങ്ങിവന്നു. വല്ലാത്തൊരു തെളിമയും ശുദ്ധിയും തലയ്ക്കു ചുറ്റും ദിവ്യപ്രകാശവും അവരില്‍ അനുഭവപ്പെട്ടു. ഒരു പരമാനന്ദത്തില്‍ മുഴുകി നിശ്ശബ്ദരായി നീങ്ങുന്ന ചങ്ങാതിമാരെ അനുഗമിക്കും. പലപ്പോഴും എത്തിച്ചേരുക പെണ്ണുങ്ങളുടെ കുളിക്കടവിലാണ്. പകല്‍ മുഴുവന്‍ വിലാസവതികള്‍ മുങ്ങിക്കുളിച്ച കുളിക്കടവ് ഇരുട്ടും നിലാവും വീണുകുതിര്‍ന്നു വിജനമായി കിടക്കുന്നതു കാണുമ്പോള്‍ സതീശനു കുളിരുകോരും. സോപ്പിന്റേയും പെണ്ണുങ്ങളുടേയും മണം തളംകെട്ടി നില്‍ക്കുന്ന നീളന്‍ കല്‍പ്പടവില്‍ അവന്‍ പതിവുപോലെ കിടന്നുരുണ്ടു. പുഴയുടെ അക്കരെ ഇഞ്ചക്കാട്ടില്‍ ഇരുട്ട് കട്ടകുത്തിനിന്നു. 
'അവന് അവന്റെ അമ്മാവന്റെ സ്വഭാവം തന്നെയാ' നന്ദന്‍ പറഞ്ഞതു കേട്ടു ഞങ്ങള്‍ ചിരിച്ചു.

ഭാര്യയോടു പറഞ്ഞ കഥയില്‍ സതീശനു മറ്റൊരു പേരായിരുന്നു. അവന്‍ മറ്റൊരു നാട്ടുകാരനുമായിരുന്നു.
'എന്താ അമ്മാമന്റെ കഥ?' ഭാര്യയുടെ കണ്ണിലെ കുസൃതിത്തിളക്കം എന്നെ കഥ പറയാന്‍ ഉത്സാഹിയാക്കി.

ഒരുപാടു കന്യകമാരുടേയും വിധവകളുടേയും വീട്ടമ്മമാരുടേയും ജാരനായിരുന്നു അവന്റെ അമ്മാവന്‍. കഥയില്‍ കക്ഷിക്കു ഗോപി എന്നു പേരു നല്‍കി. കഥയിലും ജീവിതത്തിലും മൂപ്പര്‍ക്ക് അടിവസ്ത്രം ധരിക്കുവാന്‍ ഒരിക്കലും ഭാഗ്യമുണ്ടായില്ല. ഉദ്ധരിച്ച ഒരു ലിംഗമായിരുന്നു അയാള്‍. നാട്ടിലെ യുവാക്കളെല്ലാം മോഹിക്കുന്ന അയ്യരുമഠത്തിലെ അമ്മാളുവും ചോദിയ്ക്കലെ ചിത്തിരയും വിഷംതീണ്ടി മരിച്ച കുഞ്ഞൂട്ടന്റെ ഭാര്യ മീനാക്ഷിയും അര്‍ദ്ധരാത്രിയുടെ പിന്‍വാതില്‍ ഗോപിയമ്മാവനുവേണ്ടി തുറന്നുവച്ചു. ഇരുട്ടിന്റെ രഹസ്യപാതകള്‍ ഗോപിയമ്മാവനെ അവരിലേക്കെത്തിച്ചു. രതിയുടെ നാട്ടറിവുകളും ഒറ്റമൂലികളും സിദ്ധിവരുത്തിയ ഗൂഢമന്ത്രങ്ങളുംകൊണ്ട് ഗോപിയമ്മാവന്‍ അവരിലെല്ലാം ആവേശിച്ചു.

ഓം കാമദേവായ വിദ്മഹേ
പുഷ്പബാണായ ധീ മഹീ
തന്നോ അനംഗ പ്രചോദയാത്.

രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായിരുന്നു ഗോപിയമ്മാവന്‍. ഓരോ വേഴ്ചയുടേയും രഹസ്യത്തിന്റെ താക്കോല്‍ ആ രാത്രിയുടെ തന്നെ അഗാധതയിലേക്കെറിഞ്ഞിട്ടാവും മടക്കം. അതുകൊണ്ട് അദ്ദേഹം പെണ്ണുങ്ങളുടെ മനസ്സില്‍ വിശ്വാസത്തിന്റെ ആള്‍രൂപമായി. ആനന്ദമായിരുന്നു അദ്ദേഹത്തിന്റെ മതം.

'എല്ലാ പെണ്ണുങ്ങടേം മനസ്സില്‍ അങ്ങനെയൊരു ഗോപിയമ്മാവനുണ്ടാവും.'
ഭാര്യയുടെ വാക്കുകള്‍ കേട്ടു ചോദ്യഭാവത്തില്‍ നോക്കിയെങ്കിലും അവള്‍ വിശദീകരണത്തിനൊന്നും മുതിര്‍ന്നില്ല. നഗരത്തില്‍ ജനിച്ചുവളര്‍ന്ന അവളോട് അങ്ങനെയൊരു ഗോപിയമ്മാവന്‍ നിന്റെ സങ്കല്പത്തിലുമുണ്ടോയെന്നു തിരക്കി അല്പനാകുവാന്‍ മനസ്സുവന്നില്ല.

ഞങ്ങളുടെ വിവാഹരാത്രി ഓര്‍മ്മവന്നു. മൂന്നരദശാബ്ദത്തിന്റെ ജീവിതപരിചയമുണ്ടായിട്ടും അച്ഛനമ്മമാരുടെ കണ്ണുകള്‍ക്കു കുറുകെകടന്ന് ആ ദിവസം ബെഡ്‌റൂമിലേക്കു പോകുവാന്‍ ജാള്യതയുണ്ടായിരുന്നു. ഉടലുകള്‍ തമ്മിലുള്ള അകലം ഞങ്ങള്‍ക്കിടയില്‍ അനന്തതയിലേക്കു നീണ്ടുകിടക്കുന്നതുപോലെ തോന്നി. പതിയെ, വളരെ പതിയെ അവളെ ഒന്നുതൊട്ടു. കഥകളില്‍ വായിച്ചിട്ടുള്ള പെണ്ണുങ്ങളെപ്പോലെ അവളൊന്നു പുളഞ്ഞു. അവളുടെ ചുണ്ടില്‍ ഞാനൊന്നു പൊള്ളി. ലജ്ജയുടെ മേല്‍വസ്ത്രം ഉരിഞ്ഞുമാറ്റിയെങ്കിലും അവളുടെ ഉടലിന്റെ അതിരുകള്‍ ഭേദിച്ചു ചെല്ലുവാന്‍ എനിക്കായില്ല.
രാവിലെ കുളിച്ചു വസ്ത്രം മാറി വന്നപ്പോള്‍ അവള്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ടായിരുന്നു. ചരല്‍വിരിച്ച മുറ്റത്തേയ്ക്കു പടര്‍ന്ന ചെത്തിയുടേയും ചെമ്പരത്തിയുടേയും തണലില്‍ ഒറ്റയ്ക്കു നില്‍ക്കുന്ന അവളുടെ അടുത്തേക്കു ചെന്നു. മറ്റാരേക്കാളും അടുത്തറിയുന്ന മന്ദഹാസത്തോടെ അവള്‍ എന്നെ നോക്കി.

'നീയിപ്പോഴും കന്യകനാണല്ലേ?'
പ്രശംസയാണോ പരിഹാസമാണോ എന്നു മനസ്സിലാക്കുവാനായില്ല. എനിക്കു മുന്നേ വിവാഹം കഴിഞ്ഞവരായിരുന്നു അടുത്ത ചങ്ങാതിമാരെല്ലാം. വിവാഹം തീരുമാനിക്കപ്പെട്ട കാലത്ത് നന്ദന്‍ വളരെ അന്തര്‍മുഖനും ഉത്സാഹരഹിതനുമായിത്തീര്‍ന്നു. രാവേറെ ചെല്ലുവോളം പലപ്പോഴും ഗിരീഷ് കുമാറും ഞാനും അതിന്റെ കാരണം ചികഞ്ഞിരുന്നു. നന്ദന് തരക്കേടില്ലാത്ത ജോലിയുണ്ട്. ബാങ്ക് ബാധ്യതകളില്ല. കുടുംബസ്വത്തുണ്ട്. അപ്പോള്‍ പ്രശ്‌നം സാമ്പത്തികമല്ല. കോളേജില്‍ പഠിക്കുന്ന കാലത്ത് ചെറിയ പ്രേമമുണ്ടായിരുന്നു. നല്ല നെയ്മുറ്റിയ പെണ്ണായിരുന്നു. അയഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചുവന്ന് അവള്‍ അവനോടൊപ്പം നഗരത്തിലെ സിനിമാക്കൊട്ടകയില്‍ ഏറ്റവും പിന്നിലെ സീറ്റിലിരുന്നു. സിനിമ തീരുവോളം അവളുടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ എന്തൊക്കെയോ തിരഞ്ഞ് അവന്റെ വിരലുകള്‍ അലഞ്ഞു. കൈകളുടെ അലച്ചിലിനപ്പുറം കാര്യങ്ങളെങ്ങുമെത്തിയില്ല. സിനിമ കണ്ടു മടുത്തപ്പോള്‍, രണ്ടുനേരം ജിമ്മില്‍പോയി പേശികള്‍ ബലപ്പെടുത്തിയ ഒരു മാര്‍വാടിപ്പയ്യനെ കെട്ടി അവള്‍ അവളുടെ പാട്ടിനുപോയി. തന്റെ വിരലുകളുടെ അദൃശ്യമായ അടയാളങ്ങള്‍ക്കു മുകളില്‍ മാര്‍വാടിപ്പയ്യന്റെ ചുണ്ടുകള്‍ മുദ്രവയ്ക്കുന്ന രാത്രിയില്‍ നന്ദന്‍ വാവിട്ടു നിലവിളിച്ചു. ഇപ്പോഴും നന്ദന്‍ ആ ഓര്‍മ്മകളില്‍നിന്നും മുക്തനായിട്ടില്ല എന്ന എന്റെ കാല്പനികമായ വാദത്തെ ഗിരീഷ് കുമാര്‍ പൂര്‍ണ്ണമായും ഖണ്ഡിച്ചു.

'അവന് കാര്യത്തോട് അടുക്കുമ്പോഴുള്ള ഒരുതരം ഫോബിയായാ. പള്ളിക്കൂടത്തിപ്പോയി പഠിക്കാവുന്ന പണിയൊന്നുമല്ലല്ലൊ ഇത്.'
അമ്പത്തിയൊന്നാമത്തെ പെണ്ണുമായി ഇണചേര്‍ന്നതിന്റെ സന്തോഷം നഗരത്തിലെ മുന്തിയ ഹോട്ടലില്‍നിന്നു ചങ്ങാതിമാര്‍ക്കു ബിരിയാണി മേടിച്ചു നല്‍കി പങ്കുവച്ചവന്റെ ശബ്ദമാണത്. മുറ്റിനില്‍ക്കുന്ന പൗരുഷമോ രൂപഭംഗിയോ ആകാരത്തികവോ ഇല്ലെങ്കിലും സതീശനെപ്പോലെ കരഞ്ഞുതീര്‍ക്കുന്നതായിരുന്നില്ല ഗിരീഷ് കുമാറിന്റെ രതിജീവിതം. പുറമെ ശാന്തമെങ്കിലും അതു വളരെ ആഴമേറിയതും ഗാഢവുമായിരുന്നു. സിനിമാക്കാര്‍ക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരെ നല്‍കുന്ന ഏജന്‍സിയിലെ ജോലിയില്‍നിന്നു കാര്യമായ വരുമാനമില്ലെങ്കിലും സംതൃപ്തനായിരുന്നു. ഞാന്‍ ഉറക്കമിളച്ചിരുന്ന് എഴുതിയുണ്ടാക്കുന്ന പണം  ചോദിച്ചു വാങ്ങിക്കൊണ്ടു പോകുന്നത് എന്തെങ്കിലും അത്യാവശ്യത്തിനാണെന്ന് ആദ്യമൊക്കെ കരുതി. ഏതെങ്കിലും പെണ്ണിന് ഗിഫ്റ്റ് വാങ്ങുന്നതിനും ഏതെങ്കിലും പെണ്ണുമായി കുത്തിമറിയുന്നതിനുള്ള മുറിവാടകയ്ക്കും എവിടെയെങ്കിലും മുളപ്പിച്ച ഗര്‍ഭം കലക്കുന്നതിനുമൊക്കെ വേണ്ടിയാണെന്നു പടിപടിയായി മനസ്സിലായി.

'നന്ദനെ നമുക്ക് എഴുത്തിനിരുത്താം. വേണെങ്കി നിങ്ങളും പോരെ. ആളൊന്നിനയ്യായിരം'
പൊന്നനും നന്ദനും സതീശനും ഗിരീഷ് കുമാറിനൊപ്പം നഗരത്തിലേക്കു തീവണ്ടി കയറി. പിറ്റേന്നു മടങ്ങിയെത്തിയ പൊന്നനും സതീശനും രണ്ടാഴ്ച ഗിരീഷ് കുമാറിനോടു മിണ്ടിയില്ല. ഊഴംവച്ച് നാലായി മുറിച്ച രാത്രിയുടെ ആദ്യത്തെ മൂന്നുപങ്കും കയ്യില്‍നിന്നു കാലണ ചെലവാക്കാതെ ഗിരീഷ് കുമാര്‍ സ്വന്തമാക്കി. ശേഷിച്ച സമയം പിന്നെയും മൂന്നായി മുറിച്ചു മൂന്നാള്‍ക്കുമായി നല്‍കി. നന്ദനു പരാതിയില്ലായിരുന്നു. അവന്‍ കൂടുതല്‍ പ്രസന്നനും ഉത്സാഹിയുമായി. മുന്‍പെങ്ങും കാണാത്ത ആത്മവിശ്വാസത്തോടെ കല്യാണമണ്ഡപത്തിലിരുന്നു. കെട്ടുകഴിഞ്ഞതിന്റെ കൃത്യം ഒന്‍പതാം മാസം ഒന്‍പതാം ദിവസം അവന്റെ ഭാര്യ പ്രസവിച്ചു.

കഥാപാത്രങ്ങളേയും അവരുടെ പശ്ചാത്തലവും മാറ്റിയാണ് ഈ കഥയും ഭാര്യയോട് പറഞ്ഞത്. അവളതു നന്നായി ആസ്വദിച്ചെന്നു തോന്നി.

'എന്തെല്ലാം രസമുള്ള കഥകളാണ് നിനക്കു ചുറ്റുമുള്ളത്. ഇതൊക്കെ എഴുതിക്കൂടേ? നീ വല്യ എഴുത്തുകാരനാണെന്നാണല്ലോ ആലോചന കൊണ്ടുവന്നപ്പം ജലമോഹനമാമ പറഞ്ഞിട്ടൊള്ളത്.'
ഗിരീഷ് കുമാറിന്റെ അകന്ന ബന്ധുവാണ് അവളുടെ വകയിലമ്മാവന്‍ ജലമോഹനന്‍. അച്ഛന്റേയും അമ്മയുടേയും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട്, രാത്രി വെളിച്ചത്തില്‍ ഉലഞ്ഞു നീങ്ങുന്ന ഒരു കപ്പലിന്റെ മരബഞ്ചിലായിരുന്നു അയാളെ പ്രസവിച്ചിട്ടതെന്നു കേട്ടിട്ടുണ്ട്. ഉപ്പുകാറ്റിന്റെ ചെടിപ്പിലേക്കു തൊണ്ടകീറിയ കുഞ്ഞിന്റെ കാതില്‍ അവന്റെ അച്ഛന്‍ മന്ത്രിച്ചു: ജലമോഹനന്‍. വാക്കിലും പ്രവൃത്തിയിലും അയാളൊരു വ്യാക്ഷേപകമായിരുന്നു.

'ചെക്കന്‍ വലിയ എഴുത്തുകാരനാണ്...'
മൂന്നാംക്ലാസ്സില്‍ പഠിത്തം നിര്‍ത്തി പൊന്നുപണിക്കിറങ്ങിയ ശിവരാമന്മാരാണ് എന്നെ എഴുത്തുപണിയിലേക്കു വലിച്ചിട്ടത്. ഇരട്ടകളാണ് ശിവനും രാമനും. വെളുത്തുതുടുത്ത സിമ്പളന്മാര്‍. ഗണപതിക്കോവിലിലെ പൂജാരിക്കൊരു മകളുണ്ടായിരുന്നു. ശിവനോടവള്‍ക്ക് എല്ലില്‍പ്പിടിച്ച പ്രേമം; രാമനോടും. ശിവരാമന്മാര്‍ക്ക് അവള്‍ പ്രണയം നിറഞ്ഞ കത്തുകൊടുത്തു. മറുപടി നല്‍കണം. ശിവരാമന്മാര്‍ ഓരോരുത്തരായി എന്നെ തേടിവന്നു. ഞാന്‍ എഴുതി. അതിനുവേണ്ടി ആരുമറിയാതെ ഉരുകി. പലപ്പോഴും അരക്കെട്ടിലെ പുലിമുട്ടു തകരുമെന്നു തോന്നി. വികാരങ്ങളെ മുഴുവന്‍ അക്ഷരങ്ങളില്‍ ഊറ്റിവച്ചു. ഒരുതരം ആത്മബലിയായിരുന്നു. കുറച്ചുകാലത്തിനുശേഷം ശിവരാമന്മാര്‍ ഒരേ വഴിയില്‍ കണ്ടുമുട്ടി. കനലില്‍വീണ പൊന്നുപോലെ മുഖാമുഖം പൊള്ളിനിന്നു. ആ പൊള്ളല്‍ സഹിക്കവയ്യാതെ ശിവന്‍, പുഴയിലെ കയത്തില്‍ മുങ്ങിത്തണുത്തു ചുടലയിലേക്കു പോയി.

'ശിവാ... ശിവാ...'
തെക്കേപ്പറമ്പിലെ പുകയടങ്ങും മുന്‍പേ രാമന്‍ വീടുവിട്ടിറങ്ങി. അവന്‍ പോയവഴിയില്‍ ചവറ്റിലകള്‍ വീണുനിറഞ്ഞു. ഉമ്മവും പാടത്താളിയും കിളിര്‍ത്തു. ശിവനും രാമനും കണ്ടുമുട്ടുമെന്നും താക്കോല്‍പ്പഴുതിലൂടെ അവര്‍ എന്നെ തേടിവരുമെന്നും ഞാന്‍ ഭയന്നു.

ബെഡ്‌റൂമിലെത്തിയപ്പോഴും ആ ചിന്ത അലട്ടിക്കൊണ്ടിരുന്നു. ഇരുട്ടിലേക്കു കണ്ണുതുറന്നു ഭാര്യയും എന്തോ ചിന്തയിലായിരുന്നു. സൂചിയില്‍ നൂലുകോര്‍ക്കുന്നതുപോലെ അത്ര എളുപ്പമല്ല കിടപ്പറയിലെ കാര്യങ്ങളെന്ന് വര്‍ഷങ്ങള്‍കൊണ്ടു ബോധ്യമായി. പതിവുപോലെ പൂര്‍ണ്ണതയിലെത്താത്ത ഒരു കൂടിച്ചേരലിനുശേഷം ഭിത്തിയിലേക്കു മുഖംചേര്‍ത്തു ചെരിഞ്ഞുകിടന്ന അവളുടെ നഗ്‌നതയിലേക്ക് ജനാലച്ചില്ലിലൂടെ നിലാവു വാര്‍ന്നുവീണു. പറയാനാവാത്ത വേദനയോടെ പുതപ്പുകൊണ്ടു ഞാനതു മൂടി. നിലാവാണോ കണ്ണീരാണോ അവളുടെ കവിളില്‍ തിളങ്ങുന്നതെന്നു മനസ്സിലായില്ല. ഏറെ നേരം കഴിഞ്ഞപ്പോള്‍ നിദ്രയുടെ സ്പര്‍ശമുള്ള ശ്വാസഗതി അവളില്‍നിന്നു കേട്ടുതുടങ്ങി. അതിനൊരു വിതുമ്പലിന്റെ താളമാണെന്നു തോന്നി.
പതിയെ എഴുന്നേറ്റുചെന്ന്, വാതിലിനു സാക്ഷയിട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. തുറക്കാനാവാത്തവിധം വാതില്‍ക്കലേക്കു കട്ടില്‍ വലിച്ചിട്ടിട്ടുമുണ്ടായിരുന്നു. ഉറക്കത്തില്‍ ആക്രോശിച്ചുകൊണ്ടു ചാടി എഴുന്നേല്‍ക്കുന്ന ഒരു സ്വഭാവം അവള്‍ കാണിച്ചുതുടങ്ങിയിരുന്നു. അപ്പോള്‍ എന്നെയോ എന്റെ ശബ്ദമോ പെട്ടെന്നൊന്നും തിരിച്ചറിയാറില്ല.

'ഇന്നലെ രാത്രി എന്തുപറ്റി? ആരെയാണ് ചീത്തവിളിച്ചത്?'
'നിനക്കു വട്ടാണ്... ഉറക്കത്തില്‍ ചീത്തവിളിക്കാന്‍ എനിക്കെന്താ ഭ്രാന്തുണ്ടോ?' റാക്കില്‍ അടുക്കിവച്ചിരിക്കുന്ന പുസ്തകങ്ങളില്‍ അവള്‍ വിരലുകളോടിച്ചു. പിന്നെ അവള്‍ പലപ്പോഴും കാണാറുള്ള ഒരു സ്വപ്‌നത്തെക്കുറിച്ചു പറഞ്ഞു:
'സത്യം പറയാമല്ലൊ. അതു കാണുമ്പോള്‍ വല്ലാതെ ശ്വാസംമുട്ടാറുണ്ട്. എന്താവും പിന്നേംപിന്നേം അങ്ങനെയൊരു സ്വപ്‌നം...?'
'ഓരോരോ ആശങ്കകളാണല്ലോ പേടിസ്വപ്‌നമാകുന്നത്. ചിലപ്പം ഞാന്‍ മരിച്ചുപോയാപ്പിന്നെ നീ എന്തുചെയ്യുമെന്ന പേടിയാരിക്കും.'
'എനിക്കങ്ങനത്തെ പേടിയൊന്നുമില്ല. പേടിക്കേണ്ടതു നീയാണ് ...'
'എന്തിന്?'
'നീ വെറും ഗോസ്റ്റ്‌റൈറ്ററല്ലേ? മറ്റുള്ളവരുടെ പേരില്‍ കഥകളും നോവലുകളും ആത്മകഥകളുമെഴുതിയെഴുതി... നിന്റേതായി ഒന്നും ശേഷിക്കുന്നില്ലല്ലോ... ഒന്നും.'
അവസാനത്തെ വാക്ക് ആഴക്കിണറ്റിലേക്കെന്നപോലെ ഉള്ളിലേയ്ക്കു മുഴക്കത്തോടെ പതിച്ചു.
എഴുതിക്കൊണ്ടിരുന്ന പേപ്പര്‍ മടക്കിവച്ച് എഴുന്നേറ്റു. ചാറ്റമഴയത്ത് വിഷാദത്തോടെ നില്‍ക്കുന്ന പേരറിയുന്നതും അറിയാത്തതുമായ മരങ്ങള്‍. അതിനപ്പുറം തെക്കേപറമ്പിന്റെ മൂലയില്‍ വേരുകള്‍ പടര്‍ന്ന കിഴവന്‍ തെങ്ങ്. കുട്ടിക്കാലത്തെ ഏകാന്തതകള്‍ ഏറെയും ചെലവഴിച്ചിട്ടുള്ളത് അതിന്റെ ചുവട്ടിലാണ്.

'നാളിതുവരെ ഒരു കായപോലും ഒണ്ടായിട്ടില്ല. നിങ്ങക്കീ പണ്ടാരമങ്ങ് വെട്ടിക്കളഞ്ഞുകൂടേ?'
അമ്മ എത്ര തവണ പറഞ്ഞിട്ടും മുത്തച്ചഛന്റെ ചുടലയില്‍വച്ച ആ തെങ്ങ് വെട്ടാന്‍ അച്ഛന്‍ ഒരുക്കമായിരുന്നില്ല. അമ്മയെ വിവാഹം കഴിച്ചുകൊണ്ടുവരുന്നതിനു മുന്‍പേ മരിച്ചുപോയ മുത്തച്ഛനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. കനത്ത ശബ്ദവും വിരിഞ്ഞ മാറിടവുമുള്ള ആജാനബാഹു. നെഞ്ചിലും ചുമലിലും കൈത്തണ്ടയിലും സമൃദ്ധമായ രോമങ്ങള്‍. ആവശ്യത്തിലേറെ സ്വത്തും പണവും.
'തമ്പ്രാ...' ജാതിയില്‍ താഴ്ന്നവര്‍ ഓച്ഛാനിച്ചു.

തല്ലും തര്‍ക്കവുമുളളിടത്ത് തീര്‍ച്ചയും തീരുമാനവും മുത്തച്ഛന്റേതായിരുന്നു. മുത്തശ്ശിയും മക്കളും അഭിമാനിച്ചു. പെട്ടെന്നു പുരയ്ക്കുമേലേ വെള്ളിടിവെട്ടി. പായും തലയിണയും മുറ്റത്തെ കിളിഞ്ഞിലില്‍ ഉണക്കാനിട്ടിരുന്ന മൂന്നു കൗപീനവുമെടുത്തുകൊണ്ട് മുത്തച്ഛന്‍ വീടുവിട്ടിറങ്ങി. പുഴക്കരെ താമസിക്കുന്ന അവിവാഹിതനായ ഗോവിന്ദശ്ശാര്‍ എന്ന ചങ്ങാതിയോടൊപ്പം അയാളുടെ കൊച്ചുവീട്ടില്‍ താമസമാക്കി. വീട്ടുപണിക്കാര്‍ വരവുംപോക്കും തോന്നുംപടിയായി. തൊഴുത്തില്‍ പശുക്കള്‍ വിശന്നുകരഞ്ഞു. കുടിയാന്മാര്‍ കൂലിക്കു കയര്‍ത്തു. ചോദിക്കാതെതന്നെ അവര്‍ തേങ്ങയും ചക്കയും വാഴക്കുലയും കൊണ്ടുപോയി. യൗവ്വനം വിട്ടുമാറാത്ത മുത്തശ്ശിയുടെ മൂടുംമുലയും നോക്കി പലരും അര്‍ത്ഥം വച്ചു ചിരിച്ചു. ചെറുമരെ കിട്ടാതെ പാടത്തെ കതിരുകള്‍ കരിഞ്ഞുകൊഴിഞ്ഞു. കണ്ണീരുവാര്‍ത്തുകൊണ്ട് മുത്തശ്ശി ഭര്‍ത്താവിനെ തേടിയിറങ്ങി.

ഗോവിന്ദശ്ശാരുടെ അടുക്കളപ്പൊറത്ത് അരകല്ലില്‍ ചമ്മന്തി അരയ്ക്കുകയായിരുന്നു മുത്തച്ഛന്‍ അപ്പോള്‍. ചാഞ്ഞുവീണ വെയിലില്‍ മുത്തച്ഛന്റെ കഷണ്ടിത്തല തിളങ്ങി. ഗുഹ്യഭാഗത്തെപ്പോലെ, നഗ്‌നമായ നെഞ്ചിലും കൈത്തണ്ടയിലും രോമങ്ങള്‍ കൂടുതല്‍ വളര്‍ന്നു വിയര്‍പ്പില്‍ കുഴഞ്ഞുകിടന്നു.

'പോ... പോ...' കാക്കയെ ആട്ടുന്നതുപോലെ മുത്തച്ഛന്‍ മുത്തശ്ശിയുടെ നേരെ കൈവീശി.
വിശറി വീശി ചാരുകസാരയില്‍ ചാഞ്ഞുകിടന്ന ഗോവിന്ദശ്ശാര്‍ ഭിത്തിയില്‍ കൈകുത്തി എഴുന്നേറ്റുനിന്നു ചിരിച്ചപ്പോള്‍ അയാളുടെ ഒറ്റമുണ്ടഴിഞ്ഞുവീണു. മുറുക്കിച്ചുമപ്പിച്ച ചുണ്ടുകളുടെ കോണില്‍ രണ്ടു ദംഷ്ട്രകള്‍ ഇറങ്ങിവന്നു.
വീശിയടിച്ച കാറ്റില്‍ ചുടലത്തെങ്ങിന്റെ ഓലകള്‍ ഉലഞ്ഞു.

'എന്താ ഞാന്‍ പറഞ്ഞതു വിഷമമായോ?'
കയ്യിലെ ഇലക്കീറില്‍ പൂവും പ്രസാദവുമായി ഭാര്യ.
'അമ്പലത്തില്‍ പോകുന്നുണ്ടെന്നു പറഞ്ഞെങ്കില്‍ ഞാനും വരായിരുന്നു...'
അവളുടെ പിന്നാലെ വീട്ടിലേക്കു നടന്നു.

'അതിനു നീയെങ്ങനെ അമ്പലത്തില്‍ കയറും? നീ പ്രേതമല്ലേ... ഗോസ്റ്റ്!'
'കളിയാക്കണ്ട. മനസ്സിലൊരു കഥയുണ്ട്. അതെഴുതി നിന്റെ കയ്യില്‍ തരും. വായിച്ചിട്ടു പറയണം, ഞാന്‍ ഗോസ്റ്റാണോ ഗോഡാണോയെന്ന്.'
ഞാന്‍ എഴുത്തുമുറിയിലേക്കും വസ്ത്രം മാറി അവള്‍ അടുക്കളയിലേക്കും പോയി. ഇടയ്ക്കു ചായയുമായി വന്നപ്പോള്‍ പറഞ്ഞു:
'ജലമോഹനമാമന്‍ വിളിച്ചിരുന്നു...'
'ഓഹോ! ആളിപ്പം നാട്ടിലുണ്ടോ?'
ജലരാശിയില്‍ പിറന്ന ആ വകയിലമ്മാവന്‍ ഊരുതെണ്ടിയായിരുന്നു. ഒരു പെണ്ണിലും ദിക്കിലും ഉറച്ചുനിന്നില്ല. ധനികനെങ്കിലും സമുദ്രംപോലെ ചഞ്ചലമായിരുന്നു മനസ്സ്.

'നഗരത്തില്‍ നല്ലൊരു സ്ഥാപനത്തില്‍ വേക്കന്‍സിയുണ്ട്. മാമന്റെ പരിചയക്കാരിയാണ് എംഡി. അപേക്ഷ അയക്കാന്‍ പറഞ്ഞു.'
ഒരവസരം വന്നതു മാമന്‍ വെറുതെ പറഞ്ഞതാവും. വീടുവിട്ടു നിന്നൊരു ജോലിയെപ്പറ്റി നാളിതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. അവളുടെ അഭാവം സങ്കല്പിക്കാനേ സാധിച്ചിരുന്നില്ല.

'നീ പോയാലെങ്ങനെയാ... നമ്മുടെ ജീവിതം?'
'ജീവിതം...!' അത് അവളുടെ ശബ്ദമല്ലെന്നു തോന്നി. 
ഇമചിമ്മാത്ത നോട്ടത്തിനു മുന്നില്‍ എന്റെ ദൃഷ്ടികള്‍ പതറി. വാതിലിലെ തിരശ്ശീല തിടുക്കത്തില്‍ വകഞ്ഞുമാറ്റപ്പെട്ടു. 
മുറിയില്‍ ഞാന്‍ തനിച്ചായി.

ലോകകാര്യങ്ങളും പഴങ്കഥകളും പറഞ്ഞു പലപ്പോഴും രസിപ്പിച്ചിട്ടുള്ള ജലമോഹനന്‍ നിമിഷനേരംകൊണ്ട് എന്റെ പ്രതിയോഗിയായി. അയാള്‍ ഒരിക്കല്‍ പറഞ്ഞ കഥയിലെ നായകന്‍ എന്റെ ഭാര്യയുടെ ഏതോ കാരണവരായിരുന്നു. കടല്‍ത്തീരത്തെ ബംഗ്ലാവില്‍ അയാള്‍ സായിപ്പിന്റെ വിശ്വസ്തനായി കഴിഞ്ഞുകൂടി. സായിപ്പിനൊപ്പം നടന്ന് മുതലയേയും ചീങ്കണ്ണിയേയും വേട്ടയാടി. ഉടുമ്പിനേയും മരപ്പട്ടിയേയും കെണിവച്ചു പിടിച്ചു. കിട്ടുന്നിടത്തുവച്ചുതന്നെ ഇഞ്ചിയും വെളുത്തുള്ളിയും കുരുമുളകും ചേര്‍ത്തു വേവിച്ചു പാകപ്പെടുത്തി. പറങ്കികള്‍ വാറ്റുന്ന വീര്യം കൂടിയ ചാരായത്തിന്റെ അകമ്പടിയോടെ ഭുജിച്ചു. കുടിച്ചു ലക്കുകെട്ട സായിപ്പിനെ രാത്രിയില്‍ കുതിരപ്പുറത്തു കയറ്റി ബംഗ്ലാവിലെത്തിച്ചു. 

സായിപ്പിന്റെ കിടപ്പറവാതില്‍ക്കല്‍ സ്വര്‍ണ്ണമുടിയുള്ള സുന്ദരിയായ മദാമ്മ സില്‍ക്കു കുപ്പായത്തില്‍ തുളുമ്പിനിന്നു. 
വെയിലു മൂത്തപ്പോള്‍ ലഹരിയുടെ കെട്ടഴിഞ്ഞു കണ്ണുതുറന്ന സായിപ്പ്, അബോധത്തില്‍ പലപ്പോഴും കാണാറുള്ള മായക്കാഴ്ചകള്‍ അന്നും കണ്ടതോര്‍ത്തു കുലുങ്ങിച്ചിരിച്ചു. അതില്‍ അയാളുടെ കിടപ്പുമുറി ഒരു നീലത്തടാകമായിരുന്നു. അവിടെ നീന്തിനടക്കുന്ന മുതലയായിരുന്നു അയാളുടെ ഭാര്യ. കാരണവരുടെ മുഖമുള്ള കറുത്ത കുരങ്ങന്‍ മുതലപ്പുറത്തിരുന്നു പല്ലിളിച്ചു. അവിടെ ഇരുന്നും കിടന്നും ഓരോരോ അഭ്യാസങ്ങള്‍ കാണിച്ചു. അവര്‍ വെള്ളത്തില്‍ കെട്ടിമറിഞ്ഞു. 
തീരത്തുനിന്നുമൊരു അത്തിമരം തടാകത്തിലേയ്ക്കു ചാഞ്ഞുനിന്നു.

നദിക്കരയില്‍ കാറ്റുകൊണ്ടിരുന്നപ്പോള്‍ കാരണവരെ നോക്കി സായിപ്പു കളിയാക്കി ചിരിച്ചു. ഡേര്‍ട്ടിമങ്കി... എന്നു പുറത്തുതട്ടി. കറുത്ത് ബലിഷ്ഠമായ തന്റെ പേശികളില്‍ മനോഹരമായ സ്വര്‍ണ്ണമുടി ചിതറിവീഴുന്നതുപോലെയൊരു സുഖം ആ വാക്കുകള്‍ കാരണവര്‍ക്കു നല്‍കി. ഇന്നൊരു മുഴുത്ത മത്സ്യത്തെ പിടിച്ചു സായിപ്പിനു വറുത്തു കൊടുക്കണമെന്നു നിശ്ചയിച്ചു. മുണ്ടഴിച്ചു കരയില്‍ വച്ചിട്ടു പുഴയിലേക്കു കൂപ്പുകുത്തി. ചൂണ്ടലും വാളും മുപ്പല്ലിയുമെടുത്ത് സായിപ്പ് തീരത്തുകൂടി നടന്നു. 
കലങ്ങിയ പുഴയില്‍നിന്നു കൊക്കില്‍ പിടക്കുന്ന മീനുമായി ഒരു പൊന്മാന്‍ പറന്നുപൊങ്ങി. 

പടവുകള്‍ ഇടിഞ്ഞ കടവിന്റെയപ്പുറം പായലിനിടയില്‍ കുമിളകള്‍ പൊന്തി. കലക്കവെള്ളത്തില്‍ നൊടിനേരം ഒരു മനഞ്ഞിലിന്റെ പുളപ്പു കണ്ടു. പൊത്തില്‍ പതിയിരിക്കുന്ന അവനെ പിടികൂടുക മെനക്കേടാണ്. ഒത്തുകിട്ടിയ തക്കത്തിനു വെള്ളത്തിലാഞ്ഞുവെട്ടി. കലക്കവെള്ളം ഭേദിച്ചുകൊണ്ടു നിലവിളിയോടെ കാരണവര്‍ ഉയര്‍ന്നുവന്നു. പകുതിയിലേറെ നഷ്ടപ്പെട്ട ലിംഗത്തിന്റെ ശേഷിപ്പില്‍നിന്നും ആദിമ വികാരങ്ങളെല്ലാം രക്തമായി വാര്‍ന്നൊലിക്കുന്ന വേദനയില്‍ കാരണവര്‍ കല്‍പ്പടവില്‍ കിടന്നുപുളഞ്ഞു.

'ഒന്നെങ്കി ഇതൊരു കെട്ടുകഥയാണ്. അല്ലെങ്കില്‍ മാമനിതു ഭാവനകൊണ്ടു പൊലിപ്പിച്ചതാണ്.' റസ്‌റ്റോറന്റില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ കൊടുത്തിട്ടിരിക്കുമ്പോള്‍ ഭാര്യ വാദിച്ചു.
'തര്‍ക്കത്തിനൊന്നും ഞാനില്ല. അയാള്‍ പറഞ്ഞ കഥയോര്‍ത്തപ്പോള്‍ രസംതോന്നി. നിന്നോടു ചോദിച്ചു. അത്രേയുള്ളൂ.'
കുറച്ചു ദിവസമായി അവള്‍ അധികം സംസാരിച്ചിരുന്നില്ല. ചിരിക്കുന്നുണ്ടായിരുന്നില്ല. ഓരോ ദിവസവും കൂടുതല്‍ അപരിചിതയാകുന്നതുപോലെ തോന്നി. എല്ലാത്തിനും ഒരയവു കിട്ടട്ടെയെന്നു കരുതിയാണ് ഔട്ടിങ്ങിനിറങ്ങിയത്. ആദ്യമൊന്നും വലിയ ഉത്സാഹമുണ്ടായിരുന്നില്ല.

'ജലമോഹനന്‍ പറഞ്ഞകാര്യം പ്രൊസീഡു ചെയ്‌തോളൂ...'
അവിശ്വാസത്തോടെ എന്റെ മുഖത്തേക്കു നോക്കി. കണ്ണിലും കവിളിലും പ്രകാശം തെളിഞ്ഞു. ചലനങ്ങള്‍ കുറച്ചുകൂടി ചടുലമായി.

'എന്തോ നല്ലതുവരാന്‍ പോകുവാണെന്നു തോന്നിയിരുന്നു...'
കഴിഞ്ഞ ദിവസങ്ങളില്‍ കണ്ട ഒരു സ്വപ്‌നത്തെക്കുറിച്ച് അവള്‍ പറഞ്ഞു:
'ബെഡ്‌റൂമില്‍ ഒരു സിംഹം. സത്യം പറഞ്ഞാല്‍ നടുക്കം കൊണ്ട് ആദ്യമൊന്നും ശ്വാസമെടുക്കാന്‍ പോലുമായില്ല. ചോര മുഴുക്കെ തണുത്തു മരവിച്ചു കട്ടയായി. സൂചിപോലെ രോമങ്ങള്‍ എഴുന്നു. ഒച്ചയിടാന്‍ നോക്കിയിട്ട് തൊണ്ടേലൊരു കല്ലിരിക്കുന്നപോലെ. ചുറ്റും നോക്കിയിട്ട് നിന്റെ പൊടിപോലുമില്ല. ഹല്ല, നിന്നെ എനിക്ക് ഓര്‍മ്മവന്നതേയില്ല. കുറേനാള്‍ ഇതുതന്നെയായിരുന്നു കാഴ്ച. പിന്നെയെപ്പോഴോ ഒരു സ്വപ്‌നത്തില്‍ സിംഹം കൂടുതല്‍ അടുത്തേക്കു വന്നു. ഒരു പൂച്ചയെപ്പോലെ അതെന്റെ കണങ്കാലില്‍ നക്കുവാന്‍ തുടങ്ങി. ആദ്യത്തെ ദിവസമേ ഈ പേടിയൊക്കെ തോന്നിയൊള്ളൂ. പിന്നെയതൊരു സുഖമായി. ആ സ്വപ്‌നത്തിനു വേണ്ടിയാ ഞാനിപ്പം ഉറങ്ങുന്നതുതന്നെ...'
ജോലി ഉറപ്പായിരുന്നെങ്കിലും റസ്യൂമും ആപ്ലിക്കേഷനും തയ്യാറാക്കാന്‍ രാത്രിയില്‍ അവള്‍ ഏറെ നേരം ഉറക്കമിളച്ചു. യോഗ്യതയ്ക്കുള്ള രേഖകളുമായി ഹാജരായിക്കൊള്ളാന്‍ അടുത്ത ദിവസംതന്നെ അറിയിപ്പു കിട്ടി. 
ഹോസ്റ്റല്‍ ജീവിതത്തിന്റെ വിരസതയെക്കുറിച്ചും ഏകാന്തതയുടെ അസഹനീയതയെപ്പറ്റിയും ഞാന്‍ വെറുതെ ആവര്‍ത്തിച്ചു.

'തല്‍ക്കാലം ഞാന്‍ മാമന്റെ വീട്ടില്‍ തങ്ങാം. അതുകഴിഞ്ഞ് നല്ലൊരു ഹോസ്റ്റല്‍ കണ്ടുപിടിക്കാം.'
ജലമോഹനനും പുതിയ ഭാര്യയും സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചു. അവളവിടെ എത്രകാലം വേണമെങ്കിലും സുരക്ഷിതയും സന്തോഷവതിയുമായിരിക്കുമെന്ന് ഉറപ്പുതന്നു. ഞാന്‍ അയാളോട് ഏറെക്കാലമായി വളരെ അടുത്ത ബന്ധമുള്ളതുപോലെ പെരുമാറുകയും അപ്പോഴത്തെ ദാമ്പത്യത്തിന് ആശംസകള്‍ നേരുകയും ചെയ്തു. തന്നെക്കാള്‍ സ്വല്പം മുതിര്‍ന്ന അമ്മാവിയോടു നേരമ്പോക്കുകള്‍ പറയുകയും അവിടുത്തെ കാര്യങ്ങള്‍ ഏറ്റെടുത്തു നടത്തുകയും ചെയ്യുന്നതു കണ്ടപ്പോള്‍ ചിരകാലമായി ഭാര്യ അവിടെയാണ് താമസിച്ചിരുന്നതെന്നു തോന്നി.
ഗേറ്റിനരികില്‍ വന്ന് അവളെന്നെ കെട്ടിപ്പിടിച്ചു യാത്രയാക്കി. 

ജോലിയില്‍ പ്രവേശിച്ചതിനെപ്പറ്റിയും സഹപ്രവര്‍ത്തകരുടെ പെരുമാറ്റത്തെപ്പറ്റിയും ഫോണിലൂടെ പറഞ്ഞു. അവളോടു കൂടുതല്‍ നേരം സംസാരിക്കുവാന്‍ വില കൂടിയ ബ്ലൂടൂത്ത് വാങ്ങി. ദിവസവും പലവട്ടം അവളുടെ ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിച്ചു. അവള്‍ക്കു തിരക്കു വര്‍ദ്ധിച്ചു. സംസാരം ഒന്നിടവിട്ട ദിവസങ്ങളിലായി. ആഴ്ചയിലൊന്നായി. വിളിച്ചാല്‍ വിളിച്ചെന്നായി. വിളിക്കാതെയായി. ഒരു ദിവസം പലതവണ ശ്രമിച്ചിട്ടും അങ്ങനെയൊരു നമ്പര്‍ നിലവിലില്ലെന്ന അറിയിപ്പു കിട്ടി. വല്ലാത്ത ഉല്‍ക്കണ്ഠ തോന്നി. ഒന്നും എഴുതുവാന്‍ സാധിക്കുന്നില്ല. കുറച്ചു ദിവസം വിളി പ്രതീക്ഷിച്ചു കാത്തിരുന്നു. ജലമോഹനന്‍ താമസിച്ചിരുന്ന വസതിയിലെത്തി അന്വേഷിക്കുവാന്‍ തീരുമാനിച്ചു.
'ജലമോഹനനോ? അങ്ങനെ പേരുള്ള ഒരാളെപ്പറ്റി കേട്ടിട്ടുപോലുമില്ല. താങ്കളേയും ഞാന്‍ കണ്ടിട്ടില്ല.' വാതില്‍ തുറന്ന സ്ത്രീ പറഞ്ഞു. 

ശ്രമിച്ചു നോക്കിയിട്ടു ജലമോഹനന്റെ ഭാര്യയുടെ മുഖം ഓര്‍മ്മിച്ചെടുക്കാനായില്ല. അതവര്‍ തന്നെയെന്നു ഞാന്‍ ഉറച്ചു വിശ്വസിച്ചു.
'അയാളോടു നിങ്ങള്‍ക്കു ശത്രുതയുണ്ടാവും. അയാളെപ്പറ്റി എനിക്കറിയുകയും വേണ്ട. എന്റെ ഭാര്യ എവിടെയാണെന്നു പറഞ്ഞാ മാത്രം മതി.'
'മിസ്റ്റര്‍, എന്ത് അസംബന്ധമാണ് താങ്കള്‍ പറയുന്നത്. ഞാനൊരു വിധവയാണ്. ശല്യംചെയ്യാതെ പോകൂ... കുറച്ചു സ്വസ്ഥത തരൂ...'
ജലമോഹനന്റെ പേരുപോലും കേള്‍ക്കാനിഷ്ടപ്പെടാത്ത ഒരുവളായി ഞാനവരെ സങ്കല്പിച്ചു.
വാതില്‍ വലിച്ചടയ്ക്കപ്പെട്ടു. 
എന്തുചെയ്യണമെന്നറിയാതെ കുറച്ചുനേരം അവിടെത്തന്നെ നിന്നു. 

നഗരത്തിലെ ഓരോ ഫ്‌ലാറ്റിലും കയറിയിറങ്ങി അന്വേഷിച്ചാലോ? പ്രായോഗികമല്ല, എങ്കിലും ശ്രമിച്ചുനോക്കാം. ഇനി ആ സ്ത്രീ പറഞ്ഞതുപോലെയാണെങ്കില്‍, ഞാന്‍ വിവാഹം കഴിച്ചു എന്നതും എനിക്കൊരു ഭാര്യയുണ്ടായിരുന്നു എന്നതും തോന്നലാണോ? മൊബൈല്‍ ഫോണിന്റെ ലോക്കുമാറ്റി. ഈ ചിരിച്ചുകൊണ്ടു നില്‍ക്കുന്നത് എന്റെ ഭാര്യതന്നെയല്ലേ? അതോ മറ്റാരുടെയെങ്കിലുമാണോ?
അടുത്തുള്ള എട്ടുപത്തു ഫ്‌ലാറ്റുകളില്‍ കയറിയിറങ്ങി ഫോട്ടോ കാണിച്ചു. അങ്ങനെയൊരാള്‍ അവിടെയില്ലെന്ന് എല്ലായിടത്തേയും കാവല്‍ക്കാര്‍ ഉറപ്പിച്ചു പറഞ്ഞു.

'ആ വഞ്ചിക്കാരനോടു ചോദിക്കൂ. കുറച്ചു പോയാല്‍ ഒരു ദ്വീപുണ്ട്. അവിടെയാണെങ്കിലോ?'
കുഴിഞ്ഞ കണ്ണുകള്‍. പ്രാകൃതമായി വളര്‍ന്ന മുടിയും താടിയും. കറപിടിച്ച പല്ലുകള്‍. ആഴങ്ങളില്‍നിന്നുമുള്ള ശബ്ദം. മരിച്ചവരുടെ മണമുള്ള ഒരു കിഴവന്‍. അയാള്‍ കായല്‍ക്കരയിലൂടെ ആടിയാടി നടന്നകന്നു.
'ഉവ്വ്, ഞാന്‍ കണ്ടിട്ടുണ്ടെന്നു തോന്നുന്നു. അങ്ങോട്ട് ഈ ഒരൊറ്റ വഞ്ചിയേയുള്ളൂ. ഒരുപക്ഷേ, അവര്‍ ഇതില്‍ കയറിയിട്ടുണ്ടാവണം.' വഞ്ചിക്കാരന്‍ ഓര്‍മ്മിക്കാന്‍ ശ്രമിച്ചു.

അനേകം നിലകളുള്ള ഒരു മന്ദിരം കാടിനു നടുവില്‍ ആകാശത്തേക്കു തറഞ്ഞുനിന്നു. 
കാവല്‍ക്കാരന്റെ ഇരിപ്പിടത്തില്‍ ഒരു മനുഷ്യനാണോ മൃഗമാണോയെന്നു മനസ്സിലായില്ല. അടുത്തുചെന്നപ്പോള്‍ ആ രൂപം ഒന്നുമുരണ്ടു. എന്തെങ്കിലും ചോദിക്കുന്നതിനുമുന്‍പേ മുകളിലേക്കു കൈ ചൂണ്ടി. ഏറ്റവും മുകളിലെ നിലയിലേക്കു പോകുവാനാണ് നിര്‍ദ്ദേശമെന്നു തോന്നി. 

അവിടെ മാത്രമേ ആള്‍ത്താമസമുള്ളോ? 
സംശയിച്ചു നിന്നപ്പോള്‍ ലിഫ്റ്റിലേക്കു ചൂണ്ടി ആ രൂപം വീണ്ടും മുരണ്ടു.
ലിഫ്റ്റ് മുകളിലേക്കു നീങ്ങിത്തുടങ്ങി. ഒന്ന്... രണ്ട്... മൂന്ന്... പത്ത്... ഇരുപത്തിയൊന്‍പത്... നൂറ്... ഏറെ നേരത്തിനുശേഷം ആ യാത്ര നിലച്ചു.

തുറന്ന വാതിലിലൂടെ ഇടനാഴിയിലേക്കിറങ്ങി. എങ്ങും ഇരുട്ട്. ഗുണിതചിഹ്നം പോലെയും അധികചിഹ്നം പോലെയും കിടക്കുന്ന വഴികള്‍. ഇടത്തോട്ടും വലത്തോട്ടും പിരിവുകള്‍. അവിടെയൊരു വാതില്‍പ്പാളിയുടെ വിടവിലൂടെ ഒലിച്ചിറങ്ങുന്ന വെളിച്ചം. പതിയെ മുന്നോട്ടു ചെന്ന് വിടവിലൂടെ അകത്തേക്കു നോക്കി. നടുങ്ങിപ്പോയി. ആരോ അമര്‍ത്തിപ്പിടിച്ചതുപോലെ ഒരു നിലവിളി തൊണ്ടയില്‍ കുരുങ്ങി. കണ്ണില്‍ വെളിച്ചം കെട്ടുപോകുന്നു. കാലുകള്‍ കുഴയുന്നു. രക്ഷപ്പെട്ടാല്‍ മതി. എങ്ങനെ? ലിഫ്റ്റിന്റെ വാതില്‍ തേടി തപ്പിത്തടഞ്ഞു തലങ്ങും വിലങ്ങും നടന്നു. ഒരുവിധത്തില്‍ കയറിപ്പറ്റി. അകത്തു വെളിച്ചമില്ല. എവിടെയോ പിടിച്ചമര്‍ത്തിയതും അതു താഴോട്ടു നീങ്ങുവാന്‍ തുടങ്ങി. മുറിയിലെ നേര്‍ത്ത വെളിച്ചത്തില്‍ ഒരു സിംഹം. പതിയെ കറങ്ങുന്ന പങ്കയുടെ കാറ്റില്‍ ഉലയുന്ന ചെമ്പന്‍സട. ചുവന്ന നാക്കു നീട്ടി സിംഹം അരുമയോടെ നക്കുകയാണ്... എന്റെ ഭാര്യയുടെ തുടയില്‍. 

ഇരുട്ട്... ഇരുട്ട്... കാലങ്ങളായി ഞാന്‍ താഴോട്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരിക്കലും അവസാനിക്കാത്ത ഇരുട്ട് എന്നെ ചൂഴ്ന്നുനില്‍ക്കുകയാണ്. കായല്‍ക്കരയില്‍ കണ്ട കിഴവന്റെ മണം അപ്പോള്‍ അനുഭവപ്പെട്ടു.
ഇരുട്ടില്‍നിന്നും എന്നെ വേര്‍തിരിച്ചെടുക്കാനാവാതെ ഞാന്‍ കുഴഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com