'ഉടലെഴുത്ത്'- സന്ധ്യ യു എഴുതിയ കഥ

അതിരഥന് എല്ലാം വിസ്മയമായിരുന്നു. ലൈംഗിക കാമനകള്‍ക്കായുള്ള കൃത്രിമ സ്ത്രീപുരുഷ ശരീരങ്ങള്‍. കാഴ്ചയില്‍ മനുഷ്യരെ തോല്‍പ്പിക്കുന്നവ
'ഉടലെഴുത്ത്'- സന്ധ്യ യു എഴുതിയ കഥ

തിരഥന് എല്ലാം വിസ്മയമായിരുന്നു. ലൈംഗിക കാമനകള്‍ക്കായുള്ള കൃത്രിമ സ്ത്രീപുരുഷ ശരീരങ്ങള്‍. കാഴ്ചയില്‍ മനുഷ്യരെ തോല്‍പ്പിക്കുന്നവ. സങ്കല്പപ്പങ്ങളെ അലോസരപ്പെടുത്തിക്കൊണ്ട് നവ വിജ്ഞാനങ്ങള്‍ സ്‌ക്രീനില്‍ വന്നുമായുന്നു. അതിരഥന്‍ അസ്വസ്ഥനായി. അരുതാത്തിടത്ത് എത്തിപ്പെട്ടു എന്ന ബോധം അയാളില്‍ ശക്തമാകാന്‍ തുടങ്ങി. കാഴ്ചക്കാരില്‍ പുതിയ ജോലിയുടെ ആഹ്ലാദത്തിനപ്പുറം ആശങ്ക കലര്‍ന്ന ഒരു ജിജ്ഞാസ ബാക്കിയാക്കി. പ്രൊജക്ടര്‍ അണഞ്ഞു. ഹാളില്‍ ലൈറ്റുകള്‍ തെളിഞ്ഞതും 'സിഡ്‌നി ആദം' എന്നു സ്വയം പരിചയപ്പെടുത്തി ഒരാള്‍ അവരെ അഭിസംബോധന ചെയ്യാന്‍ മുന്നോട്ടുവന്നു. അയാള്‍ ഹാളിലെ മുപ്പത് കലാകാരന്മാരേയും അവരുടെ പുതിയ തൊഴിലിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് സ്‌ക്രീനില്‍ കണ്ട കാഴ്ചകളുടെ വിവരണം നല്‍കി. 

'നിങ്ങള്‍ക്ക് കുറെ കാര്യങ്ങള്‍ മനസ്സിലായിക്കാണും എന്നു പ്രതീക്ഷിക്കുന്നു. നമ്മുടെ കമ്പനിയുടെ ഉല്പന്നം ലൈംഗികതയ്ക്കുവേണ്ടിയുള്ള കൃത്രിമ സ്ത്രീപുരുഷ ശരീരങ്ങള്‍ നിങ്ങളില്‍ എത്ര പേര്‍ക്ക് ഇതിനെക്കുറിച്ച് അറിവുണ്ടാകുമെന്നറിയില്ല. ഈ പ്രത്യേക സൃഷ്ടി ലോകത്തിന് ആദ്യം പരിചയപ്പെടുത്തിയത് ഞങ്ങളുടെ കമ്പനിയാണ്. ആറ് വര്‍ഷം മുന്‍പ് കമ്പനി തുടങ്ങുമ്പോള്‍ വലിയ ഉല്‍ക്കണ്ഠ ഉണ്ടായിരുന്നു. എന്നാല്‍, അവയ്‌ക്കൊന്നും സ്ഥാനമില്ലെന്നു തെളിയിച്ചുകൊണ്ട് ലോകം കൃത്രിമശരീരങ്ങളെ സ്വീകരിച്ചു. ആദ്യം പാവകളെപ്പോലെ ചലനമില്ലാത്ത ശരീരങ്ങളായിരുന്നു. പിന്നെ അത് പരിഷ്‌കരിച്ചാണ് നിങ്ങള്‍ കണ്ട ലൈംഗിക ഉത്തേജനങ്ങളുള്ള രൂപങ്ങളാക്കി മാറ്റിയത്. ഇന്ന് ഈ രംഗത്ത് ആറോ ഏഴോ കമ്പനികള്‍ കൂടിയുണ്ട്. അതുകൊണ്ട് ഉണ്ടാകുന്ന മത്സരം എത്രയാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം.

ഇനി നമ്മുടെ ഉപഭോക്താവിലേക്ക് വരാം. പൊതുവേ സ്ത്രീശരീരങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍, യുവത്വം തുളുമ്പുന്ന ശരീരമാണ് എല്ലാവര്‍ക്കും വേണ്ടത്. കൗമാരക്കാര്‍ മുതല്‍ മധ്യവയസ്‌കര്‍ വരെ നമ്മുടെ ഉപഭോക്താക്കളായിട്ടുണ്ട്. ബുക്ക് ചെയ്യല്‍, ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുക്കല്‍, ഡയറക്ട് ഷോപ്പിംഗ് തുടങ്ങി സൗകര്യങ്ങള്‍ അവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന് സ്വന്തം സങ്കല്പങ്ങള്‍ക്ക് അനുസരിച്ച് ആവശ്യപ്പെടാം. അല്ലാതെയുമാവാം. സങ്കല്പങ്ങള്‍ക്കനുസരിച്ചാകുമ്പോള്‍ നമ്മള്‍ അതനുസരിച്ചുതന്നെ നിര്‍മ്മിച്ചു കൊടുക്കണം. ചിലര്‍ക്ക് രൂപത്തില്‍, ചിലര്‍ക്ക് നിറത്തില്‍, മറ്റു ചിലര്‍ക്ക് ഗന്ധത്തില്‍. ഇങ്ങനെ സങ്കല്പങ്ങള്‍ അനേകമാണ്. എല്ലാം പരിഗണിക്കും. ഉപഭോക്താവിന്റെ സമ്പൂര്‍ണ്ണ തൃപ്തി അതാണ് കമ്പനിയുടെ ലക്ഷ്യം. ആറ് മാസം കഴിഞ്ഞാല്‍ ശരീരങ്ങള്‍ക്ക് സര്‍വ്വീസിങ് സേവനം നല്‍കുന്നു. ചെറിയ ചാര്‍ജുണ്ട്. പ്രധാനമായും ഉള്ളിലെ സ്രവങ്ങള്‍ നിറഞ്ഞ ബാഗുകള്‍ നീക്കം ചെയ്യലാണ്. പിന്നെ ചെറിയൊരു അലക്കല്‍, മിനുക്കുപണി. അവസാനം പ്രവര്‍ത്തനം നിരീക്ഷിച്ച് കാര്യക്ഷമത ഉറപ്പുവരുത്തുന്നു. ഇതാണ് സര്‍വ്വീസിങ്. ഉപയോഗിച്ച് കഴിഞ്ഞ ശരീരങ്ങള്‍ കമ്പനിതന്നെ തിരിച്ചെടുക്കും. അതിലെ അസംസ്‌കൃത വസ്തുക്കളുടെ വിലയും നല്‍കും. ഈ ശരീരങ്ങളെ പുനരുല്പാദന പ്രക്രിയയ്ക്ക് വിധേയമാക്കും.' ദീര്‍ഘമായ വിവരണത്തിനുശേഷം ആദം ശ്രോതാക്കള്‍ക്ക് സംശയങ്ങള്‍ ചോദിക്കാനുള്ള അവസരം നല്‍കി. 

ആരും ഒന്നും ചോദിച്ചില്ല. അവരുടെ ആശങ്ക ഭഞ്ജിക്കാന്‍ കഴിയാത്ത നിശ്ശബ്ദതയായി മാറിയിരുന്നു. ആദം അത് മനസ്സിലാക്കി. അയാള്‍ പറഞ്ഞു: 'വരാന്‍ പോകുന്ന സെഷനുകള്‍ നിങ്ങളുടെയെല്ലാം സംശയങ്ങള്‍ ദുരീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നന്ദി.' അയാള്‍ പോയി.

തുടര്‍ന്ന് നടന്നത് ഒരു ചായസല്‍ക്കാരമാണ്. പല രാജ്യങ്ങളില്‍നിന്നും കമ്പനി തെരഞ്ഞെടുത്ത 30 ആര്‍ട്ടിസ്റ്റുകള്‍ക്കുവേണ്ടി മാത്രം ഒരുക്കിയിട്ടുള്ളതായിരുന്നു അത്. പരസ്പരം പരിചയപ്പെടലും ചെറിയ നര്‍മ്മങ്ങളുമായി ആ കലാകാരന്മാര്‍ ചായസല്‍ക്കാരത്തെ ചലനമുള്ളതാക്കി. ഉള്ളിലെ സങ്കീര്‍ണ്ണതകള്‍ മറച്ചുപിടിച്ച് അതിരഥനും മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്നു. അഞ്ച് ഇന്ത്യാക്കാരില്‍ അയാള്‍ മാത്രമാണ് ഒരു കേരളീയന്‍. കഴിഞ്ഞ നിമിഷങ്ങളില്‍ കാഴ്ചയെ വിഭ്രമിപ്പിച്ച കൃത്രിമ മനുഷ്യശരീരങ്ങള്‍ അതിരഥന്റെ ചിന്തകളെ കടിഞ്ഞാണില്ലാതാക്കി. ജോലിയെക്കുറിച്ചുള്ള ആധിയായിരുന്നു കൂടുതല്‍ കാടുകയറിയത്. 
അടുത്ത സെഷനില്‍ ആദം വീണ്ടും എത്തി. ആര്‍ട്ടിസ്റ്റുകള്‍ക്ക് എന്താണ് ചെയ്യാനുള്ളത് എന്നതിന്റെ വിവരണവുമായാണ് അയാള്‍ ഇപ്രാവശ്യം വന്നത്. വരയില്‍ പ്രാവീണ്യമുള്ള കലാകാരന്മാര്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ സ്ത്രീപുരുഷ രൂപങ്ങള്‍ വരയ്ക്കുക. ശില്പനിര്‍മ്മാണത്തില്‍ അഭിരുചിയുള്ളവര്‍ അതനുസരിച്ചുള്ള മോള്‍ഡുകള്‍ തയ്യാറാക്കും.

അതിരഥന്റെ ഉള്ളുരുക്കത്തിന് ചെറിയൊരു ശമനം കിട്ടി. വരതന്നെയാണല്ലോ... അയാള്‍ ചിന്നിച്ചിതറിപ്പറക്കുന്ന ചിന്തകളെ കൂട്ടിലേക്ക് അണയ്ക്കാന്‍ ശ്രമിച്ചു. ആദമിനെ ശ്രദ്ധയോടെ കേട്ടിരുന്നു. 

'ഒരിക്കലും ഒരു രൂപത്തെപ്പോലെ മറ്റൊന്ന് ആവരുത്. മനുഷ്യരെപ്പോലെ എല്ലാ ശരീരങ്ങളും വ്യത്യസ്തമായിരിക്കണം. ആ വൈവിധ്യമാണ് ഉല്പന്നത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനം' ആദം ഓര്‍മ്മപ്പെടുത്തി. 

'കമ്പനി നിങ്ങള്‍ക്കുവേണ്ടി നിരവധി സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള മോഡലുകള്‍ നിശ്ചിത സീസണുകളിലെത്തും. അവരെ പുതിയ രൂപങ്ങളടെ സൃഷ്ടിക്ക് നിങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. കൂടാതെ സ്വയം നവീകരണത്തിനായി യാത്രകള്‍ ചെയ്യാം. അതിനുവേണ്ടി വര്‍ഷത്തിലൊരിക്കല്‍ മൂന്നുമാസത്തെ അവധിയുണ്ട്. ആ കാലയളവില്‍ ഇരട്ടി ശമ്പളം കമ്പനി നല്‍കും. ഇതൊക്കെ നിങ്ങളുടെ സൃഷ്ടികളുടെ നവീനത്വം ഉറപ്പാക്കാന്‍ നല്‍കുന്ന സഹായങ്ങളാണ്. ഇവയ്ക്കു പുറമെ ശമ്പളം, ആഢംബര വില്ല, വാഹനം എന്നിവയും ലഭിക്കും.' ആദം അറിയിച്ചു.

'പ്രൊമോഷന്‍ ഇല്ല, ഓരോ വര്‍ഷവും ശമ്പളം പുതുക്കും. കാര്യക്ഷമതയാണ് അതിന്റെ മാനദണ്ഡം' അയാള്‍ കൂട്ടിച്ചേര്‍ത്തു. 
രാത്രി മിഥുന വിളിച്ചപ്പോള്‍ അതിരഥന്‍ ജോലിയുടെ സ്വഭാവത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. മിഥുനയോടെന്നല്ല തന്നെ അറിയുന്ന ആരോടും അതു പറയാന്‍ അയാള്‍ക്ക് ധൈര്യമില്ല. ജോലിയെക്കുറിച്ചുള്ള ഭാര്യയുടെ ജിജ്ഞാസകളെ അതിരഥന്‍ ഒരു വാക്കില്‍ ഒതുക്കി. 'വര തന്നെ.' പിന്നെ ഭക്ഷണം, താമസം എന്നിവയെക്കുറിച്ചായി അവളുടെ അന്വേഷണം. ഒടുവില്‍ മാത്രം ആ ചോദ്യം വന്നു. 'അതീ. നീ സന്തോഷവാനാണോ?'
'മിഥുന... എന്റെ കൂട്ടേ... നീ അടുത്തുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിന്റെ തോളില്‍ മുഖം അമര്‍ത്തുവാന്‍ കൊതിക്കുന്നു. പൊട്ടിക്കരയാന്‍ വെമ്പുന്നു.' അതിരഥന്റെ ഹൃദയത്തില്‍ ആ നൊമ്പരം മുഴങ്ങി. അതിന്റെ പ്രതിധ്വനി ഒരു മൂളലായ് മാത്രം അവള്‍ കേട്ടു.
'ഉം.'

ആ രാത്രി അതിരഥന് ഉറങ്ങാനായില്ല. അയാള്‍ പലതും ആലോചിച്ചു കിടന്നു. 'അമേരിക്കയിലെ പ്രമുഖ ഡിസൈനിംഗ് സ്ഥാപനത്തിലേക്ക് ആര്‍ട്ടിസ്റ്റുമാരെ ആവശ്യമുണ്ട്' ഇതായിരുന്നു അതിരഥനെ ഇവിടെ എത്തിച്ച തൊഴിലവസര പരസ്യം. ജീവിതച്ചെലവുകള്‍ക്കിടയില്‍ നട്ടംതിരിയുന്ന കാലം. ഏതെങ്കിലുമൊരു പിടിവള്ളിക്കായി തപസിരുന്നു. പത്രപ്പരസ്യം കണ്ടതും അതിനു പുറകെ പാഞ്ഞു. ഫൈന്‍ ആര്‍ട്‌സ് കോളേജിലെ ബിരുദം തുണയായി. തെരഞ്ഞെടുക്കപ്പെട്ടു. മിഥുന, കുഞ്ഞുങ്ങള്‍, അതിരഥന്‍ എല്ലാവരും സന്തോഷിച്ചു. ഗുരുസ്ഥാനീയര്‍ അനുഗ്രഹിച്ചു. 'നന്നാവുമെടാ' ഇന്ന് രാവിലെ മുതല്‍ ആ മധുരമാണ്, അതിരഥന്റെ നാവില്‍ക്കിടന്ന് കയ്ക്കുന്നത്. അയാള്‍ അസ്വസ്ഥനായി. നാളെ മുതല്‍ ലോകത്തിന്റെ ഏറ്റവും പുതിയ ചതിയിലേക്ക് താനും സംഭാവന ചെയ്യാന്‍ തുടങ്ങുകയാണ്. ഉള്ളില്‍ ആരാധിച്ചു കൊണ്ടു നടക്കുന്ന കല മലീമസമാകാന്‍ പോകുകയാണെന്ന ബോധം അതിരഥന്റെ ഉള്ളഴല് കൂട്ടി. തനിക്കു ചുറ്റും ഭീതിദമായ ഒരന്തരീക്ഷം രൂപംകൊള്ളുന്നത് അയാള്‍ അറിഞ്ഞു. നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിലൂടെ കുറച്ചു സഞ്ചരിച്ചു. കടങ്ങള്‍, വാടകവീട്, കുഞ്ഞുങ്ങള്‍. പണമില്ലാതെ ഭ്രാന്തനെപ്പോലെ പരക്കംപാഞ്ഞ അവസരങ്ങള്‍. എല്ലാം പുറകിലുണ്ട്. 

രാവിലെ കമ്പനി വാഹനത്തില്‍ കയറുമ്പോള്‍ അതിരഥന്‍ എല്ലാം തീരുമാനിച്ചിരുന്നു. കുറച്ചുകാലം പിടിച്ചുനില്‍ക്കാം. ബാക്കിയെല്ലാം പിന്നെ.

രൂപങ്ങള്‍ വരച്ചുണ്ടാക്കുന്ന വിഭാഗത്തിലാണ് അതിരഥന്റെ ജോലി. 
നിറങ്ങള്‍, ക്യാന്‍വാസ്, ബ്രഷ് ഒന്നുമില്ല. കംപ്യൂട്ടര്‍ സ്‌ക്രീനും അതിലെ കുറെ ടൂള്‍സും മാത്രം. വരയ്‌ക്കേണ്ടത് മുന്‍ നിശ്ചയിക്കപ്പെട്ട രൂപങ്ങള്‍. പെയിന്റിംഗിന്റെ സുഖമൊന്നും അതിരഥന് കിട്ടിയില്ല. കംപ്യൂട്ടറില്‍ യാന്ത്രികമായി ഏതോ ജോലി ചെയ്യുന്നു. അത്രയും ബോധം മാത്രമേ അതിരഥന്‍ നിലനിര്‍ത്തിയുള്ളൂ.

ഓരോരുത്തര്‍ക്കും കമ്പനി നിശ്ചിത ടാര്‍ജറ്റുകള്‍ കൊടുത്തിരിക്കുന്നു. ഓരോ മാസവും അതു തികയ്ക്കണം. അതിനുവേണ്ടി കൃത്യമായി കണക്കുകൂട്ടിയാണ് എല്ലാവരും ജോലി ചെയ്തിരുന്നത്. ഒരു സെയില്‍സ് എക്‌സിക്യൂട്ടീവിന്റെ മനോനിലയോടെ അതിരഥനും ടാര്‍ജറ്റ് ലക്ഷ്യമാക്കി ജോലിചെയ്തു. 

കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ വൈവിധ്യം ഒരു വെല്ലുവിളിയായി. പലരേയും പോലെ അതിരഥനേയും പിടികൂടി. സാമ്യമുള്ള രൂപങ്ങളെ കംപ്യൂട്ടര്‍ റിജക്റ്റ് ചെയ്യും. മാനസിക പിരിമുറുക്കം കൂടി. 

ഓരോന്നും വ്യത്യസ്തമായിരിക്കണം. സ്ത്രീപുരുഷ രൂപങ്ങള്‍ മാറിമാറി വരച്ചാണ് പലപ്പോഴും അതിരഥന്‍ ആ പ്രതിസന്ധി മറികടന്നിരുന്നത്. 

പല ദിവസങ്ങളിലും മിഥുനയെ വിളിക്കാതെ കുഞ്ഞുങ്ങളുടെ വിശേഷങ്ങളറിയാതെ അതിരഥന്‍ ക്ഷീണിച്ച് ഉറങ്ങി. ഭാര്യയുടെ പരിഭവങ്ങള്‍ വാട്‌സാപ്പില്‍ നിറഞ്ഞു. അതിരഥന്‍ ശ്രദ്ധിച്ചിട്ടും പ്രതികരിച്ചില്ല. കുറെ ആയപ്പോള്‍ മിഥുന ആ പതിവ് ഉപേക്ഷിച്ചു. 

ഓരോ മാസത്തേയും ടാര്‍ജറ്റ് തികയ്ക്കുമ്പോള്‍ വല്ലാത്തൊരു ആശ്വാസമാണ്. ഇനി കുറച്ചുനാള്‍ ശ്വാസംമുട്ടലില്ലാതെ ജോലി ചെയ്യാം. പിന്നെ വീണ്ടും മാസാവസാനമാകുമ്പോള്‍ ടാര്‍ജറ്റ് തികയ്ക്കാനായി ഭ്രാന്തനെപ്പോലേ... ഇതായിരുന്നു അതിരഥന്റെ പതിവ്.

'ഓരോ ദിവസവും ഇത്രയെന്നുള്ള കണക്ക് വയ്ക്ക്. അപ്പോള്‍ ഈ പിടച്ചില്‍ ഒഴിവാക്കാം.' മാസാവസാനത്തെ അയാളുടെ അങ്കലാപ്പ് കണ്ട് സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചു.
 
അപ്പോള്‍ അത് ശരിയാണെന്ന് അതിരഥന് തോന്നും. എങ്കിലും അയാള്‍ പിന്നെയും പഴയ പടികള്‍തന്നെ കയറും. 
ആറ് മാസം കഴിഞ്ഞപ്പോള്‍ മോഡലുകളുടെ സീസണ്‍ വന്നു. ലജ്ജയില്ലാത്ത അവരുടെ നഗ്‌നതകള്‍ പകര്‍ത്തി കുറച്ചുകാലം സുഖമായി മുന്നോട്ടുപോയി. ആയിടയ്ക്ക് കമ്പനി ആര്‍ട്ടിസ്റ്റുകള്‍ക്കായി ഓരോ കൃത്രിമ ശരീരം കൂടി അനുവദിച്ചു. ആറ് മാസത്തിലൊരിക്കല്‍ അവ മാറ്റിയെടുക്കാം. താല്പര്യമുള്ളവര്‍ മാത്രം അത് സ്വീകരിച്ചാല്‍ മതി. അതിരഥന്‍ ആ വഴി മാറി നടന്നു.

അതിരഥന് ഒഴിവുദിനങ്ങളെ പേടിയാണ്. പാതിവഴിക്കായ സ്വപ്‌നങ്ങളും കുറ്റബോധവും ധര്‍മ്മസങ്കടവും ആശങ്കകളും എല്ലാം സംഘമായെത്തി ആക്രമിക്കും. രാത്രിയും പകലും അസ്വസ്ഥത മാത്രം. ഭക്ഷണത്തിനു പകരം മദ്യം. ആത്മസത്ത നശിച്ചവനെന്ന് സ്വയം പ്രഖ്യാപിച്ച് അലറിക്കരയും. പൊട്ടിച്ചിരിക്കും. 

ഇങ്ങനെ ഒഴിവുദിവസങ്ങളില്‍ അഴിഞ്ഞുലഞ്ഞ് ചിതറും അയാള്‍. ഒരിക്കല്‍ മദ്യപിച്ചു കുഴഞ്ഞ് സോഫയില്‍ ചുരുണ്ടുകൂടിക്കിടന്നു. ഉറക്കത്തില്‍ അതിരഥന്‍ ചായങ്ങളുടെ ഗന്ധം അറിഞ്ഞു. ക്യാന്‍വാസിന്റേയും ബ്രഷിന്റേയും സാന്നിധ്യം അനുഭവിച്ചു. ഉണര്‍ന്നപ്പോള്‍ ആദ്യം അയാള്‍ക്ക് മനസ്സിലൊരാനന്ദം ഉണ്ടായി. പിന്നെ അത് പതുക്കെ വ്യാധി പിടിപെട്ടവന്റെ അവശതയിലേക്കു പോയി. സോഫയില്‍നിന്ന് എഴുന്നേറ്റ വഴിയില്‍ ടീപ്പോയുടെ സ്റ്റീല്‍ ഫ്രെയിമില്‍ കൈത്തണ്ട ഉരസി. ടാബ്ലോയിഡ് പേപ്പര്‍ കീറി തുടച്ചു. രക്തം വീണ്ടും കിനിഞ്ഞു. അതിരഥന്‍ നോക്കിനിന്നു. കിനിഞ്ഞ് കൂടിയ രക്തം ചെറിയ തുള്ളിയായി മെല്ലെ ചാലിട്ടൊഴുകി. രക്തച്ചുവപ്പ് അതിരഥന് ഉത്സാഹമായി. അയാള്‍ ഒഴിഞ്ഞ ചായക്കപ്പ് കീറലിനു താഴെ പിടിച്ചു. അതിലേക്ക് ഒന്നുരണ്ട് തുള്ളികള്‍ വീണു. പിന്നെ ഉണ്ടായില്ല. അതിരഥന്‍ ഞെക്കിനോക്കി. ഫലമുണ്ടായില്ല. നിരാശനായി. രക്തച്ചുവപ്പ് അന്നുമുഴുവന്‍ അയാളുടെ മനസ്സില്‍ പറ്റിക്കിടന്നു. 

ആദ്യ ലീവില്‍ അതിരഥന്‍ നാട്ടിലേക്കുതന്നെ പോയി. നാടും നാട്ടുകാരും അയാള്‍ക്ക് അപരിചിതമായി തോന്നി. വീട്ടില്‍ത്തന്നെ ചടഞ്ഞുകൂടിയിരുന്നു. 

മിഥുന ഇടയ്ക്ക് ഓര്‍മ്മപ്പെടുത്തി: 'അതീ നീ ഒരുപാട് മാറി.'
സുഹൃത്തുക്കള്‍ ചിലര്‍ അതിരഥനെ തേടിവന്നു. അവരോടും അധികം സംസാരിക്കാതെ അയാള്‍ അകന്നുനിന്നു. വേണു പടിയിറങ്ങിയപ്പോള്‍ മാത്രം അതിരഥന്‍ പറഞ്ഞു:
'പോകുന്നതിനു മുന്‍പ് കാണാം.'
അവധിക്കാലം വീര്‍പ്പുമുട്ടലോടെയാണ് അതിരഥന്‍ കഴിച്ചുകൂട്ടിയത്. ഭര്‍ത്താവിന്റെ വിരസമായ ദിനങ്ങള്‍ കണ്ട് മിഥുന ഓര്‍മ്മപ്പെടുത്തി. 'അതീ നീ എന്തെങ്കിലും വരയ്ക്കാത്തതെന്താ' പുതിയ സ്റ്റീല്‍ അലമാര ചൂണ്ടിക്കാട്ടി അവള്‍ പറഞ്ഞു:
'അതില്‍ നിറയെ നിന്റെ സ്വപ്‌നങ്ങളാണ്. എല്ലാം ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്.' അവള്‍ താക്കോല്‍ തപ്പിയെടുത്ത് അലമാരയുടെ പൂട്ടില്‍ തിരുകി. 

മടങ്ങിപ്പോകുന്നതുവരെ ആ അലമാര അയാള്‍ തുറന്നില്ല. 
പോകുന്നതിനുമുന്‍പ് അതിരഥന്‍ വേണുവിനെ കണ്ടു. 
അമ്പലവഴിയിലെ കലുങ്കിലിരുന്ന് അവര്‍ സംസാരിച്ചു. 

അതിരഥന്‍ മനസ്സിലെ വിങ്ങലുകളെല്ലാം വേണുവിനോട് പറഞ്ഞു.

'നിന്റെ മാറ്റം പുതിയ സൗകര്യങ്ങള്‍ കൊണ്ടുണ്ടായതല്ലെന്ന് എനിക്ക് തോന്നിയിരുന്നു. നീ വിഷമിക്കരുത്. ഇതൊരു വലിയ കാര്യമായി കാണാതിരിക്കലാണ് ആദ്യം വേണ്ടത്. സാമ്പത്തികം ജീവിതത്തില്‍ വലിയ പ്രശ്‌നം തന്നെയാണ്. നിനക്കതറിയാം എന്നേക്കാള്‍ നന്നായി.' പ്രായോഗികത ചൂണ്ടിക്കാട്ടി അതിരഥനെ വേണു ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. 

അതിരഥന്റെ മനസ്സ് ഘനീഭവിക്കുന്നത് വേണു അടുത്തുനിന്നു കണ്ടു. അതിരഥന്‍ വേണുവിന്റെ ആശ്വസിപ്പിക്കലിനും അപ്പുറത്തെവിടെയോ നിന്നു. വേണു അതിരഥനെ തൊട്ടു. 

'നീ പതറരുത്. ഇത് ജീവിതമാണ്. പതറുന്നവരെ ഉള്‍ക്കൊള്ളാന്‍ ഒരു സമൂഹവുമില്ല. കലയും പ്രായോഗികതയും എല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. നിന്റെ ജോലി നീ ചെയ്യണം. പ്രതിഫലത്തിനുവേണ്ടി. അതോടൊപ്പം നിന്റെ ആത്മസത്തയേയും ഉള്‍ക്കൊള്ളണം. അതില്ലാതെ ഒരു കലാകാരനും ശ്വാസമുണ്ടാവില്ല.

നീ വരയ്ക്കണം. പുതിയ അനുഭവങ്ങളും സൗകര്യങ്ങളും അതിനുവേണ്ടിക്കൂടി ഉപയോഗിക്കണം. നിന്റെ ചില വര്‍ക്കുകള്‍ എന്റെ കുട്ടികള്‍ക്ക് ഇപ്പോഴും പാഠപുസ്തകങ്ങളാണ്. ആദ്യം ഇത്തിരി പച്ചപിടിക്കട്ടെ. നമുക്ക് അതും വേണമല്ലോ. പിന്നെ മതീന്ന് തോന്നുമ്പോ ഇങ്ങോട്ട് പോര്. എന്റെ സ്‌കൂളില്‍ ഒരധ്യാപകന്റെ ഒഴിവ് എപ്പോഴും ഉണ്ടാകും. 

വേണുവിന്റെ വാക്കുകള്‍ ഒരുണര്‍വ്വായി അതിരഥന്റെ ഉള്ളില്‍ കിടന്നു. കമ്പനിയുടെ ശാഖകള്‍ പല രാജ്യങ്ങളിലും തുറന്നു. ഉല്പാദന കേന്ദ്രത്തിന് മാറ്റമുണ്ടായില്ല. അതിനാല്‍ ജോലിഭാരം കൂടി. പുതിയ ശാഖകളുടെ പ്രവര്‍ത്തന മികവിനായി ഗവേഷകരെ നിയമിച്ചു. അവര്‍ വിവിധ രാജ്യങ്ങളിലെ സംസ്‌കാരത്തേയും മനുഷ്യരേയും അവരുടെ പ്രത്യേകതകളേയും കുറിച്ച് ആഴത്തില്‍ പഠിച്ചു. റിപ്പോര്‍ട്ട് തയ്യാറാക്കി. ആ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സ്ലൈഡുകളിലാക്കി പ്രൊജക്റ്ററുമായി 'സിഡ്‌നി ആദം' വീണ്ടും വന്നു. അയാള്‍ ആര്‍ട്ടിസ്റ്റുമാര്‍ക്ക് ക്ലാസ്സെടുത്തു. അങ്ങനെ കമ്പനി ഓരോ ചുവടുവയ്പും കരുതലോടെ മുന്നേറി.

എല്ലാ ഇടവേളകളിലും അതിരഥന് നാട്ടില്‍ എത്താനായില്ല. നിലനില്‍പ്പിന്റെ ഭാഗമായി കുറെ യാത്രകള്‍ ചെയ്തു. പുതിയതു മാത്രം വരച്ചു. കാലം അതിരഥനേയും വെറുതെ വിട്ടില്ല. അകറ്റി നിറുത്തലുകള്‍ കടന്ന് അതിരഥന്റെ രാത്രികളിലും കൃത്രിമ സ്ത്രീശരീരങ്ങളെത്തി. അയാള്‍ അവയില്‍ ഒലിച്ചിറങ്ങി. 

വേണുവിന്റെ വാക്കുകള്‍ എപ്പോഴും അതിരഥന്റെയുള്ളില്‍ വന്നലച്ചുകൊണ്ടിരുന്നു. അയാള്‍ അതിനെ നിഷ്‌ക്രിയമായി നേരിടുകയാണ് പതിവ്. ഒരു അവധിദിവസം വേണുവിന്റെ വാക്കുകള്‍ ഉള്‍വിളിപോലെ അതിരഥനെ സ്വാധീനിച്ചു. അയാള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുന്നില്ല. പുറത്തേക്കു പോയി. തിരികെ വരുമ്പോള്‍ ക്യാന്‍വാസ്, ചായങ്ങള്‍, ബ്രഷ് എല്ലാം കരുതിയിരുന്നു. 

മനസ്സിലെ പരുവപ്പെടുത്തലുകള്‍ കഴിഞ്ഞ് രാത്രി ഏറെ വൈകി അതിരഥന്‍ ക്യാന്‍വാസ് സെറ്റ് ചെയ്തു. ഒരു തുള്ളി ഉറങ്ങിയില്ല. വരച്ചു പൂര്‍ണ്ണമാക്കി. ദാരുണമായ യുദ്ധത്തിനൊടുവില്‍ മനം മടുത്ത് എല്ലാം പരിത്യജിച്ച് നഗ്‌നനായി അന്തര്‍ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്ക് ഓടിപ്പോകുന്ന സിദ്ധാര്‍ത്ഥന്‍. 

ആ ദിവസം അതിരഥന്‍ ഊര്‍ജ്ജസ്വലനായി ജോലിചെയ്തു. ഉന്മേഷവാനായി എല്ലാവരോടും ഇടപെട്ടു. മിഥുനയ്ക്ക് വാട്‌സാപ്പ് ചെയ്യണമെന്നും വേണുവിനെ വിളിക്കണമെന്നും അതിരഥനു തോന്നി. പിന്നെ വേണ്ടെന്നുവച്ചു. അടുത്ത ഒഴിവുകാലം വരെ കാത്തിരിക്കാന്‍ തീരുമാനിച്ചു. സിദ്ധാര്‍ത്ഥനെ അലമാരയില്‍ തൂക്കിയിട്ടു. വീണ്ടും വരയ്ക്കണമെന്ന് ഉള്ളില്‍ തോന്നി. ചില ശ്രമങ്ങള്‍ നടത്തി. ക്യാന്‍വാസിനു മുന്നില്‍ തികച്ചും ശൂന്യനായി അയാള്‍ നിന്നു. പിന്നെ എല്ലാം ഉപേക്ഷിച്ചു. 
പഴയതുപോലെ ടാര്‍ജറ്റ്, വൈവിധ്യം എന്നീ വെല്ലുവിളികളില്‍ കുരുങ്ങി ശ്വാസം മുട്ടി. 

ഈ ഒഴിവുകാലം നാട്ടിലേക്കെന്ന് ഉറപ്പിക്കാന്‍ പല കാരണങ്ങളുമുണ്ട്. ഒന്നാമത്തേത് വേണു ഒരുക്കിയിരിക്കുന്ന എക്‌സിബിഷന്‍. അതിരഥന്‍ ഉള്‍പ്പെടെയുള്ള അഞ്ച് കലാകാരന്മാരുടെ പെയിന്റിംഗുകളുടെ പ്രദര്‍ശനം. റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ മൂന്ന് ദിവസം. രണ്ടാമത്തേത് പുതിയ വീടിന്റെ പണിയുടെ തുടക്കം. അവധിക്കാലം അടുത്തുവരുന്തോറും അയാളുടെ മനസ്സ് മുഴുവന്‍ നാട്ടില്‍ ചെല്ലുമ്പോള്‍ അനുവിക്കാന്‍ പോകുന്ന നല്ല മുഹൂര്‍ത്തങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങളായിരുന്നു. 
പതിവുപോലെ ടാര്‍ജറ്റിന്റെ മേലുള്ള ആണിയടി അതിരഥന്‍ അവസാന ദിവസം വരെ നീട്ടി. ജോലിസമയം കഴിഞ്ഞിട്ടും അയാള്‍ക്ക് വില്ലയിലേക്ക് പോകാനായില്ല. ഒടുവിലത്തെ എണ്ണം തികയ്ക്കാനാവാതെ അതിരഥന്‍ വിഷമിച്ചു. നാളെ അവധി തുടങ്ങുകയാണ്. നാട്ടിലേക്കു പോകണം. ഉച്ചയ്ക്കാണ് ഫ്‌ലൈറ്റ്. 

വരച്ചുണ്ടാക്കുന്ന രൂപങ്ങള്‍ ഓരോന്നും കംപ്യൂട്ടര്‍ റിജക്ട് ചെയ്തുകൊണ്ടിരിന്നു. മണിക്കൂറുകള്‍ അനുഭവിച്ച വീര്‍പ്പുമുട്ടലുകള്‍ക്കൊടുവില്‍ അതിരഥന്‍ ടാര്‍ജറ്റ് പൂര്‍ത്തിയാക്കി. അവസാന സ്‌കെച്ച് ഫോര്‍വേഡ് ചെയ്യുമ്പോള്‍ അതിരഥന്റെ മനസ്സ് പിടഞ്ഞു. മിഥുന.

ആ രാത്രി അയാള്‍ ഉറങ്ങിയില്ല. പിറ്റേന്നു രാവിലെ കമ്പനിയിലെത്തി. ഇന്നലെ വരച്ച രൂപങ്ങളുടെ നിര്‍മ്മാണത്തെക്കുറിച്ച് തിരക്കി. കൃത്യമായി പത്ത് ദിവസം എടുക്കുമെന്ന് വിവരം കിട്ടി. മുന്‍കൂറായി ബുക്ക് ചെയ്യാനുള്ള സംവിധാനമില്ലാ എന്നും അതിരഥന്‍ മനസ്സിലാക്കി. അയാള്‍ വിമാനക്കമ്പനിക്കാരെ വിളിച്ച് ടിക്കറ്റ് നീട്ടി. പത്ത് ദിവസം ഭ്രാന്തനെപ്പോലെ ഫ്‌ലാറ്റിനുള്ളില്‍ ചുറ്റിത്തിരിഞ്ഞു. സ്വയം ശപിച്ചു. വീടുവയ്പിനുള്ള നല്ല ദിവസം കുറിച്ച് മിഥുന കാത്തിരുന്നു. കണക്കു കൂട്ടല്‍ തെറ്റിയപ്പോള്‍ അതിരഥനെ വിളിച്ചു. മദ്യത്തില്‍ വഴുതുന്ന നാവുകൊണ്ട് അയാള്‍ മറുപടി പറഞ്ഞു. 'വരും.'
പത്ത് ദിവസം എണ്ണിത്തീര്‍ത്ത് അയാള്‍ കമ്പനിയിലെത്തി. ബുക്കിംഗ് സെഷനില്‍ ചെന്നു. കൃത്രിമ ശരീരത്തിന്റെ സീരിയല്‍ നമ്പര്‍ പറഞ്ഞ് കൊടുത്തു. 'അത് ബുക്ക്ഡ് ആയല്ലോ സാര്‍' അതിരഥന്‍ മജ്ജയും മാംസവും ചോര്‍ന്ന് ഒരു ഒഴിഞ്ഞ കൂടുപോലെയായി. അയാള്‍ പത്ത് ദിവസത്തെ കണക്ക് ഓര്‍മ്മപ്പെടുത്തി. 

'സ്‌റ്റോക്ക് ഔട്ട് ആയപ്പോള്‍ കുറെ രൂപങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടി വന്നു. അതിലൊന്നാണ് സാര്‍ ആവശ്യപ്പെട്ടത്. അത് ഇന്നലെ ഓണ്‍ലൈനില്‍ വന്നപ്പോള്‍ത്തന്നെ ബുക്ക്ഡ് ആയി. രാവിലെ ഡെലിവറി ചെയ്യാന്‍ കൊണ്ടുപോവുകയും ചെയ്തു.' അവള്‍ വിശദീകരണം നല്‍കി. 

തിരികെ റൂമിലെത്തിയത് എങ്ങനെയെന്നുപോലും അതിരഥന് അറിയില്ല. തലയ്ക്കുള്ളില്‍ ഒരു പെരുപ്പുപോലെ എന്തോ... 
അയാള്‍ ബോധം മറയുന്നതുവരെ മദ്യപിച്ചു. കുറേ കരഞ്ഞു. പിന്നെ തളര്‍ന്നു കിടന്നു. അതിരഥന്റെ മുന്നില്‍ ദൂരെ ഒരു പുഴ തെളിഞ്ഞു. അയാള്‍ സൂക്ഷിച്ചുനോക്കി. 
പുഴ നനയുന്നു. 

അതിരുകള്‍ പുഴയിലേക്ക് അലിഞ്ഞു താഴുന്നു. 
പുഴ പുഴയല്ലാതാകുന്നു. 
ജലം. ജലം മാത്രമാകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com