'റ'- സലീം ഷെരീഫ് എഴുതിയ കഥ

ആ മത്സ്യങ്ങള്‍ നീന്തുന്നില്ല! അവയ്ക്ക് ജീവനില്ല! അക്ഷമനായി വാച്ചില്‍ സമയം നോക്കുന്നതിനിടയ്ക്കാണ് അയാള്‍ക്ക് അക്കാര്യം മനസ്സിലായത്
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം - സചീന്ദ്രന്‍ കാറഡുക്ക

മത്സ്യങ്ങള്‍ നീന്തുന്നില്ല! അവയ്ക്ക് ജീവനില്ല! അക്ഷമനായി വാച്ചില്‍ സമയം നോക്കുന്നതിനിടയ്ക്കാണ് അയാള്‍ക്ക് അക്കാര്യം മനസ്സിലായത്. അതെന്തെങ്കിലും ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാകാനേ തരമൊള്ളൂ. വെള്ളത്തില്‍ അവയ്ക്ക് ജീവനുള്ളതുപോലെ. കുളത്തിന്റെ അടിത്തട്ടില്‍ ചുരുട്ടിയെറിഞ്ഞ കടലാസ് കഷണങ്ങളെപ്പോലെ വെള്ളാരം കല്ലുകള്‍. താനിരിക്കുന്ന റ പോലുള്ള ഇരിപ്പിടത്തിന് അഭിമുഖമായുള്ള ചെറിയ കുളത്തിലേക്ക് തവളയെപ്പോലെ നോക്കിയിരിക്കുകയായിരുന്നു അയാള്‍.

വിസിറ്റേഴ്‌സ് റൂമില്‍ മറ്റെങ്ങും കണ്ടിട്ടില്ലാത്ത മട്ടില്‍ വിചിത്രമാംവണ്ണം ഇങ്ങനെയൊരു കുളം നിര്‍മ്മിച്ചതെന്തിനാണ്? അയാള്‍ കയ്യെത്തിച്ച് നോക്കി. ഭാഗ്യം കട്ടിച്ചില്ലുകൊണ്ട് കുളത്തിന്റെ മേല്‍ഭാഗം മൂടിയിട്ടുണ്ട്. തൊട്ട് നോക്കിയാലേ ചില്ലുള്ള വിവരം മനസ്സിലാവൂ. അടച്ചുവച്ചത് നന്നായി. അല്ലെങ്കില്‍ തന്നെപ്പോലെ ആദ്യമായി ഇവിടെ വരുന്നവര്‍ തറയില്‍ ശ്രദ്ധിക്കാതെ നടന്നാല്‍ കാല്‍തെറ്റി കുളത്തിലേയ്ക്ക് വീണേനെ. അയാള്‍ക്ക് ആശ്വാസമായി. പല കാരണങ്ങള്‍ കൊണ്ടും ഇതൊരു സാധാരണ കുളമല്ലെന്ന് അയാള്‍ക്കു തോന്നി. വെള്ളമുള്ള കാരണത്താല്‍ വേണമെങ്കില്‍ ഇതില്‍ ജീവനുള്ള മീനുകളെ നിക്ഷേപിക്കാമായിരുന്നു. പക്ഷേ, ഇതിലെ മത്സ്യങ്ങള്‍ ഏതോ ലോഹങ്ങള്‍കൊണ്ട് നിര്‍മ്മിച്ചതാണ്. ഇതെന്തായാലും ഒരു അക്വേറിയമല്ല. അക്വേറിയങ്ങള്‍ ജീവനുള്ള ജലജീവികളെയാണ് പ്രദര്‍ശിപ്പിക്കാറ്. 

സാധാരണയായി വിസിറ്റേഴ്‌സ് റൂമില്‍ സ്വതവേ സന്ദര്‍ശകരുടെ സമയം കൊല്ലികളായ പുസ്തകങ്ങളോ ചിത്രങ്ങളോ ആണ് പ്രദര്‍ശിപ്പിക്കാറുള്ളത് എന്നയാള്‍ക്കറിയാം. അങ്ങനെയെങ്കില്‍ ഇതൊരു ശില്പമായിരിക്കാം. ജലത്തിന്റെ ശില്പം. ശില്പങ്ങളെപ്പോലെ ജീവന്റെ ബാധ്യത ഇതിനുമില്ല. ഇതും നിശ്ചലമാണ്. നിശ്ചലമായ ജലത്തെ കാണാന്‍ താഴോട്ട് നോക്കണമെന്ന പോലെ ഇതും നിലത്താണ് പണിതിട്ടുള്ളത്. ആളുകളുടെ ശില്പങ്ങള്‍ അവര്‍ മരിച്ചതിനാലോ അവര്‍ ജീവിച്ചിരിക്കെ ചെയ്ത നല്ലതെന്നു പറയപ്പെടുന്ന മഹനീയ കാര്യങ്ങളാലോ ജീവനുള്ളവരെക്കാള്‍ ഉയരത്തില്‍ സ്ഥാപിക്കുന്നു. ഒരു മാലാഖയുടെ ശില്പത്തെ ചിറകുകളോട് കൂടി ആകാശത്ത് സ്ഥാപിക്കുംപോലെയോ ഒരു പ്രാവിന്റെ ശില്പത്തെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സ്ഥാപിക്കുമ്പോലെയോ ഒരു മത്സ്യത്തിന്റെ ശില്പത്തെ വെറും നിലത്തോ ഉയരത്തോ സ്ഥാപിക്കാതെ ജലത്തില്‍ സ്ഥാപിക്കുമ്പോള്‍ അര്‍ത്ഥപൂര്‍ണ്ണമാകുന്നു.

അയാള്‍ വീണ്ടും വാച്ചിലേക്ക് നോക്കി. സമയം പന്ത്രണ്ട് കഴിഞ്ഞു. ഈ മുറിക്കുള്ളില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് കൃത്യം രണ്ട് മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ഇവിടെ ഇരിക്കാന്‍ പറഞ്ഞ് പോയിട്ട് ആ സ്ത്രീയെ പിന്നീടിങ്ങോട്ട് കണ്ടതേയില്ല. ഞാനീ മുറിയിലിരിക്കുന്നത് അവര്‍ മറന്നുപോയിക്കാണുമോ? രാവിലെ ഒന്നും കഴിച്ചിട്ടില്ല. നല്ല വിശപ്പ്. അയാള്‍ മുറിക്കു ചുറ്റും ഒന്നുകൂടി കണ്ണോടിച്ചു നോക്കി. വാന്‍ഗോഗിന്റെ സ്റ്റാറി നൈറ്റ് മറ്റൊരു ലോകത്തേക്ക് മലര്‍ത്തിയിട്ട ജനാലപോലെ ചുമരില്‍ തൂങ്ങുന്നു. അനാദികാലം മുതല്‍ ഒറ്റക്കാലില്‍ ചുറ്റി ക്ഷീണിച്ച ഘടികാരസൂചി പന്ത്രണ്ടിലെ ഒന്നിനും രണ്ടിനുമിടയിലെ കൃത്യതയില്‍ കയറി വിശ്രമിക്കുന്നു. വിശപ്പ് സഹിക്കാന്‍ കഴിയുന്നില്ല. അയാള്‍ രണ്ടും കല്പിച്ച് മുറിയുടെ പുറത്ത് കടന്നു. റെസ്റ്റോറന്റ് എന്നെഴുതിവച്ച പലക ചൂണ്ടിയ ഭാഗത്തേയ്ക്ക് നടന്നു. കഷ്ടിച്ച് രണ്ട് പേര്‍ക്ക് ഒരുമിച്ചു നടക്കാന്‍ പാകത്തിനുള്ള ഒരു ഇരുണ്ട കോറിഡോറിലൂടെയാണ് നടത്തം. മൂന്ന് സുഹൃത്തുക്കള്‍കൂടി ഈ കോറിഡോറിലൂടെ നടക്കുകയാണെങ്കില്‍ പിന്നില്‍ നടക്കുന്ന മൂന്നാമന്‍ താനായിരിക്കുമെന്ന് അയാള്‍ക്കു തോന്നി. 

ആ വഴി അവസാനിച്ചത് ഒരു വലിയ കുമിളപോലെ പണിത റെസ്റ്റോറന്റിലാണ്. സുതാര്യമായ ചില്ലുകൊണ്ട് പണിത മേല്‍ക്കൂര വഴി ആകാശം കാണാം. അതിലൂടെ കിനിഞ്ഞിറങ്ങുന്ന നട്ടവെയില്‍ ചൂടുപേക്ഷിച്ച് അവിടമാകെ പതറിനില്‍പ്പുണ്ട്.  റെസ്റ്റോറന്റില്‍ ചെറുതല്ലാത്ത തിരക്കുണ്ട്. കൗണ്ടറിന്റെ മുന്നിലെ ചെറിയ വരിയിലേക്കു ചേര്‍ന്ന് വരിയെ അയാള്‍ വിപുലപ്പെടുത്തി. ഭക്ഷണ സാധനങ്ങളുടെ വിലവിവരപ്പട്ടിക കൗണ്ടറിനു മുന്നിലെ വൈറ്റ് ബോര്‍ഡില്‍ ഒട്ടിച്ചിട്ടുണ്ട്. കേരള മീല്‍സ് എണ്‍പത് രൂപ എന്ന് കണ്ടതും അയാള്‍ പോക്കറ്റില്‍ തപ്പിനോക്കി.
 
''രാജേഷേ, എത്ര ദിവസന്ന് വെച്ചിട്ടാ ഇങ്ങനെയിരിക്കാ? ഇവിടെ പോയി നോക്ക്, ഇതാവുമ്പോ സംതിങ് റിലേറ്റഡ് ടു യുവര്‍ അംബിഷന്‍'' അഞ്ഞൂറ് രൂപയും റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡിന്റെ വാക്കന്‍സി ബ്രൗഷറും മുന്നിലേക്കിട്ട് ഗിരി പറഞ്ഞതയാള്‍ക്ക് ഓര്‍മ്മവന്നു. ബാംഗ്ലൂരിലേക്ക് വന്നിട്ടിപ്പോള്‍ മൂന്നു മാസമായി. അതിനും എത്രയോ മുന്‍പാണ് എഴുതാന്‍ വേണ്ടി കൊച്ചിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു പോയത്. ഇതുവരെ ഒരു തുണ്ട് കടലാസില്‍പ്പോലും ഒന്നുമെഴുതിക്കണ്ടിട്ടില്ലാത്ത ഒരാള്‍ പെട്ടെന്ന് എഴുതാന്‍ വേണ്ടി ജോലി രാജിവച്ച് നാട്ടിലേക്ക് പോകുകയാണെന്നു കേട്ടപ്പോള്‍ സുഹൃത്തുക്കളില്‍ ഒരുപാട് പേര്‍ തനിക്കു വട്ടാണെന്ന് പ്രചരിപ്പിച്ചിരുന്നു. വളരെ സ്വാഭാവികമായ ഒരു കാര്യമായിട്ടേ അയാള്‍ അതിനെ കണ്ടിരുന്നു. എല്ലാക്കാലത്തും എഴുതണമെന്ന മോഹവുമായി ജീവിച്ച ഒരുവനാണ് താന്‍ എന്ന സത്യം അവരെ ബോധ്യപ്പെടുത്താന്‍ അപ്പോള്‍ അയാള്‍ മുതിര്‍ന്നില്ല. പറയുന്നവര്‍ എന്തെങ്കിലും പറയട്ടെ; തന്റെ എഴുത്തുകുത്തുകള്‍ വന്നു തുടങ്ങുമ്പോള്‍ ആ അഭിപ്രായങ്ങളില്‍ മാറ്റമുണ്ടാവുമെന്ന് അയാള്‍ക്കറിയാമായിരുന്നു. 
പക്ഷേ, ഒരു വര്‍ഷത്തോളം വീട്ടിലെ അടഞ്ഞമുറിയില്‍ വിശാലമായ കടലാസിന്റെ വെണ്മയെ ധ്യാനിച്ച് കഴിഞ്ഞുകൂടുമ്പോഴും എന്ത് എഴുതണം എങ്ങനെ എഴുതണം എന്തിനുവേണ്ടി എഴുതണം എന്നതിനെക്കുറിച്ച് അയാള്‍ക്ക് കൃത്യമായ ധാരണ കിട്ടുകയുണ്ടായില്ല. അയാള്‍ നിരന്തരം എഴുത്തുമേശയ്ക്ക് അഭിമുഖമായിരുന്ന് കടലാസിന്റെ വെണ്മയില്‍ അസ്വസ്ഥനായി.

കുറേ ദിവസങ്ങളോളം ഒന്നുമെഴുതാന്‍ കഴിയാത്തതിന്റെ തുടര്‍ച്ചയുടെ ഒടുവില്‍ അയാളുടെ ചെവിക്കുള്ളില്‍ ഒരു കൂവല്‍ കേട്ടുതുടങ്ങി. പുറത്തുനിന്നാവുമെന്നു കരുതി ആദ്യമാദ്യം അയാള്‍ അതത്ര കാര്യമാക്കിയില്ല. പിന്നെപ്പിന്നെ താന്‍ ഉറങ്ങുന്ന സമയമൊഴിച്ചുള്ള എല്ലാ ഉണര്‍വ്വിലും അങ്ങനെയൊരു ശബ്ദം തന്നെ ചുറ്റിപ്പറ്റി നില്‍പ്പുണ്ടെന്ന് അയാള്‍ക്കു മനസ്സിലായി. ആ ശബ്ദം ഇടയ്ക്ക് വളര്‍ന്ന് ഒരു കുറുക്കന്‍ ഓരിയിടുന്ന ശബ്ദമായി മാറി. കയ്യില്‍ കുത്തിപ്പിടിച്ചിരുന്ന പേനക്കുള്ളില്‍നിന്ന് ഒരു അട്ട ഇഴഞ്ഞുവന്ന് കടലാസ് വെണ്മയിലൂടെ തലങ്ങും വിലങ്ങും നടന്ന് തുടങ്ങി. അയാള്‍ ശബ്ദം കേള്‍ക്കാതിരിക്കാന്‍ കാതുകള്‍ പൊത്തി. അട്ടയെ കാണാതിരിക്കാന്‍ കണ്ണുകളും. 

തനിക്കുണ്ടാകുന്ന വിചിത്രമായ ഈ അനുഭവം ഗിരിയെ അറിയിച്ചപ്പോള്‍ അവനാണ് ബാംഗ്ലൂരിലേക്ക് വരാന്‍ നിര്‍ബ്ബന്ധിച്ചത്. വീട്ടില്‍നിന്ന് ഒന്നു മാറിനിന്നാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ ശരിയാവുമെന്ന് അയാള്‍ക്കും തോന്നി. ബാംഗ്ലൂരില്‍ ഗിരിയുടെ ഫ്‌ലാറ്റില്‍വച്ചും എഴുതാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. എന്ത് എങ്ങനെ എന്തിനുവേണ്ടിയെന്ന ചോദ്യം അയാളെ കൂടുതല്‍ കുഴക്കി. അവസാനം അയാള്‍ ഗിരിയോട് തന്റെ പ്രതിസന്ധി പങ്കുവച്ചു. 
''ഹ ഹ, എഴുതും മുന്നേ റൈറ്റേഴ്‌സ് ബ്ലോക്കോ?'' അട്ടഹാസത്തോടെ വായിച്ചുകൊണ്ടിരുന്ന പുസ്തകം കമിഴ്ത്തിവച്ച് കണ്ണ് തുടച്ച് ഗിരി പറഞ്ഞു. 

''നീ അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ മുന്നിലെ ജോണ്‍ ബര്‍ഗറുടെ വാക്കുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?'' ഇതുപോലെ ഇതൊന്നു മാത്രമേ കാണൂ എന്ന മട്ടില്‍ ഇനിമേലിലുണ്ടാവില്ല ഒരു കഥപറച്ചിലും ''അപ്പൊ രാജേഷേ അതാണ് കാര്യം നീ ചുമ്മാ അങ്ങ് എഴുത് അല്ലാതെ ഇതിലിപ്പോ എന്ത് കാര്യാ?'' ഗിരി പറഞ്ഞുതീര്‍ത്തു. 
''അതല്ലഡാ, എഴുതാനിരിക്കുമ്പോള്‍...'' അയാള്‍ സംശയത്തോടെ മുഴുമിപ്പിക്കാതെ നിര്‍ത്തി. 

''ഒരെന്നാലും ഇല്ല, ഇനി എന്തിനാ എഴുതുന്നേന്ന് ചോദിച്ചാല്‍, ഞാനീ പുസ്തകങ്ങളൊക്കെ വായിക്കുന്നത് എന്തിനാ? ഒരു ശീലം, എഴുത്ത് ആ ശീലത്തെ പൂരിപ്പിക്കുക മാത്രമല്ലേ ചെയ്യുന്നുള്ളൂ; അതിനുവേണ്ടി അങ്ങെഴുതണം.''
പിന്നില്‍നിന്ന് ഒരു പെണ്‍കുട്ടി തോണ്ടി വിളിച്ചപ്പോഴാണ് താന്‍ നിന്നിരുന്ന വരിയില്‍ തനിക്കും കൗണ്ടറിനുമിടയിലെ വിടവ് അയാള്‍ ശ്രദ്ധിച്ചത്. കൗണ്ടറിലെ തടിയന്‍ കുലുങ്ങിച്ചിരിച്ചു കൊണ്ട് തനിക്കു നേരെ കൈവീശി കോപ്രായം കാണിക്കുന്നത് കണ്ട് പുറകിലാകെ ചിരി പടര്‍ന്നു. തെല്ലൊരു പരിഹാസഭീതിയോടെ വേഗം കേരള മീല്‍സ് ഓര്‍ഡര്‍ ചെയ്ത്, ഭക്ഷണം വാങ്ങി, ഒരൊഴിഞ്ഞ മേശയില്‍ ഇടം പിടിച്ചു. തന്നെ നോക്കി ആരെങ്കിലും ചിരിക്കുന്നുണ്ടോ എന്ന് അയാള്‍ കണ്ണുയര്‍ത്തി നോക്കി. രണ്ട് പേര്‍ തന്നെ നോക്കി ചിരിച്ച് കടന്നുപോകുന്നത് കണ്ട് അയാള്‍ വേഗം കണ്ണുകള്‍ താഴ്ത്തി. അവരെന്തിനാണ് ചിരിക്കുന്നത്? ആ തടിയന്റെ കോപ്രായം കണ്ടിട്ടാണോ? അയാള്‍ മെല്ലെ ഒന്നുകൂടി കണ്ണുയര്‍ത്തി നോക്കി. വേറെ രണ്ട് പേര്‍ കൂടി തന്നെ നോക്കി ചിരിക്കുന്നത് കണ്ട് അയാള്‍ കഴിയുന്നതും തല താഴ്ത്തി ഭക്ഷണത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. 

ഒരു ടര്‍ക്കിഷ് സംഗീതം റെസ്റ്റോറന്റിനെ പൊതിഞ്ഞുനില്‍പ്പുണ്ട്. സംസാരിക്കാന്‍ ഒരാളുണ്ടായിരുന്നെങ്കില്‍ ജാള്യത മറന്ന് ഭക്ഷണം കഴിക്കാമായിരുന്നു. ഗിരി പറഞ്ഞപോലെ വെറും ശീലങ്ങള്‍കൊണ്ടാവുമോ ചോറ്റുപാത്രങ്ങള്‍ വട്ടത്തില്‍ത്തന്നെ മനുഷ്യര്‍ നിലനിര്‍ത്തുന്നത്?
''എസ്‌ക്യൂസ്മീ, ഷാല്‍ ഐ സിറ്റ് ഹിയര്‍?'' തല ഉയര്‍ത്തി നോക്കുമ്പോള്‍ ചോദ്യഭാവത്തില്‍ രണ്ട് മുലകള്‍ തന്നെ കണ്ണുരുട്ടി നോക്കുന്നത് കണ്ട് പേടിച്ചെങ്കിലും തപ്പിത്തടഞ്ഞ് തന്നെ വരിയില്‍ തോണ്ടി വിളിച്ച പെണ്‍കുട്ടിയെ അയാള്‍ തിരിച്ചറിഞ്ഞു. 

''എസ് പ്ലീസ്''' തന്റെ ഉള്ളിലെ ജാള്യത മറച്ചുവെച്ചുകൊണ്ട് അയാള്‍ പറഞ്ഞു.
''ആര്‍ യൂ എ മല്ലു?'' അവള്‍ വാങ്ങിയ പുലാവ് മേശയില്‍ വെച്ചുകൊണ്ട് ചോദിച്ചു. 
''എസ്! ഹൗ ഡു യു നോ?'' അയാള്‍ സംശയത്തോടെ ചോദിച്ചു. 
''ഈ മട്ടയരി മറ്റാരും കഴിക്കാറില്ല'' അവള്‍ ചിരിച്ചുകൊണ്ട് മലയാളത്തില്‍ പറഞ്ഞു. 
''ഹോ! നിങ്ങളും മലയാളി ആണല്ലേ?'' അയാള്‍ക്ക് അതിശയമായി. 

''എങ്ങനെ മനസ്സിലായി എന്ന് ഞാന്‍ ചോദിക്കുന്നില്ല'' അവള്‍ ചിരിച്ചു. അയാളും. 
അയാളുടെ ജാള്യതയ്ക്ക് അയവ് വന്നു. അവള്‍ പേര് പറഞ്ഞു. സൂര്യ ദിനകരന്‍. കൊള്ളാം! ഒറ്റ പേരില്‍ രണ്ട് സൂര്യന്മാര്‍. ഒരു ആണ്‍സൂര്യനും ഒരു പെണ്‍സൂര്യനും. നല്ല ഭംഗിയുള്ള മുഖം. ഇളം നിറം. കാതില്‍ സൂര്യന്റെ രൂപമുള്ള കമ്മല്‍. അതില്‍നിന്നും തൂവലുകള്‍ തൂങ്ങിക്കിടക്കുന്നു. അവ ടര്‍ക്കിഷ് സംഗീതത്തോടൊപ്പം നൃത്തംവെയ്ക്കുന്നു. കഴുത്തില്‍ ചുമന്ന പാട്. ആരെങ്കിലും കഴുത്തിനു പിടിച്ച് ഞെരിച്ചതാവുമോ? വല്ല അലര്‍ജിയുമായിരിക്കും. മറ്റെവിടെയോ കണ്ടിട്ടുള്ളപോലെ. ഒരുപക്ഷേ, തനിക്കു തോന്നുന്നതായിരിക്കും. 

''എന്താ ആലോചിക്കുന്നത്?'' അവള്‍ ചോദിച്ചു. 
''ഏയ് ഒന്നുമില്ല. അല്ല... ഉണ്ട്. ഞാനിപ്പോഴാ ഓര്‍ക്കുന്നത് നിങ്ങളല്ലേ എന്നോട് വിസിറ്റേഴ്‌സ് റൂമില്‍ ഇരിക്കാന്‍ പറഞ്ഞിട്ട് പോയത്?'' അയാള്‍ ചോദിച്ചു.
''അതേ, ഞാനിവിടെ ഹ്യൂമന്‍ റിസോഴ്സില്‍ ജോലി ചെയ്യുന്നു.'' വളഞ്ഞ കുപ്പായ കൈകള്‍ ഇളക്കിക്കൊണ്ട് അവള്‍ പറഞ്ഞു.

''ശരി പോട്ടെ, പിന്നെക്കാണാം''  അവള്‍ എഴുന്നേറ്റു. അപ്പോഴാണ് അവള്‍ ഭക്ഷണം കഴിച്ച് കഴിഞ്ഞ വിവരം അയാള്‍ ശ്രദ്ധിക്കുന്നത്. അവള്‍ പോകുന്നതു നോക്കിക്കൊണ്ട് അയാള്‍ ഭക്ഷണം കഴിക്കല്‍ തുടര്‍ന്നു. 
നാട്ടില്‍ എവിടെയാണെന്നു ചോദിക്കാമായിരുന്നു. നല്ല മുഖപരിചയം. വയനാട്ടില്‍ തന്റെ വീട്ട് പരിസരത്തെവിടെയോ വച്ച്  കണ്ടിട്ടുള്ളതുപോലെ. കഷ്ടം, ഇന്റര്‍വ്യൂന്റെ കാര്യമെങ്കിലും ചോദിക്കാമായിരുന്നു. കുറഞ്ഞത് റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡിനെക്കുറിച്ച് എന്തെങ്കിലും ചോദിച്ച് മനസ്സിലാക്കമായിരുന്നു. ഇന്റര്‍വ്യൂ ചെയ്യാന്‍ ഇനി എത്ര നേരം എടുക്കുമെന്നെങ്കിലും അറിയാമായിരുന്നു. കണ്ടില്ലേ ഇതാണ് നിന്റെ പ്രശ്‌നം ആവശ്യമുള്ളതൊന്നും ആലോചിക്കില്ല. ആവശ്യമില്ലാത്തത് ആലോചിക്കുന്നതിന് ഒരു തടസവും ഇല്ല. അയാള്‍ സ്വയം പഴിച്ച്, ഉണ്ട് തീര്‍ത്ത്, പ്ലേറ്റ് കഴുകുന്നവരെ ഏല്പിച്ച് കുമിളയുടെ പുറത്തു കടന്നു. കോറിഡോറിലൂടെ ചൂണ്ടുപലകയ്ക്ക് എതിര്‍വശമായി നടന്ന് വിസിറ്റേഴ്‌സ് റൂമിലേയ്ക്ക് ചെന്നു. 

ഈ വലിയ മുറിയില്‍ ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന ഒരേയൊരു കസേര മാത്രമേ ഉള്ളൂ എന്നയാള്‍ ശ്രദ്ധിച്ചു. ലോഹമീനുകളില്‍നിന്നും ഒരു കുമിള പൊന്തിവന്ന് പൊട്ടി. ഘടികാരത്തിലെ ഒറ്റക്കാല്‍ സൂചി സമയം ഒന്നരയെന്ന് അറിയിപ്പ് കാട്ടി.  ഇരിപ്പിടത്തില്‍ ഒരു വെള്ളക്കടലാസ് വച്ചിരിക്കുന്നത് അയാള്‍ കണ്ടു. ഇതാരാണ് താനറിയാതെ ഇവിടെ കൊണ്ടു വന്ന് വച്ചത്?!
''റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡിനെക്കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുക...''
അയാള്‍ കടലാസ് തിരിച്ചും മറിച്ചും നോക്കി. ഹൊ! സമാധാനം. ഞാനിവിടെയുള്ള കാര്യം അവര്‍ക്കോര്‍മ്മയുണ്ട്. ഒരുപക്ഷേ, സൂര്യ കൊണ്ടുവന്ന് വച്ചതാവും. അവളെ പരിചയപ്പെടാന്‍ കഴിഞ്ഞത് നന്നായി. പക്ഷേ, എന്തെഴുതും? റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡിനെക്കുറിച്ച് തനിക്കൊരു ചുക്കും അറിയില്ല. ഗിരി ബ്രൗഷര്‍ തരുമ്പോള്‍ത്തന്നെ ഒന്നന്വേഷിക്കണമായിരുന്നു. ഓഫീസിലേക്ക് കയറിയതും സുരക്ഷാകാരണങ്ങളാല്‍ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചത് അയാള്‍ക്കോര്‍മ്മ വന്നു. ഇനി ബ്രൗസിംഗ് സാധ്യമല്ല. തനിക്ക് ഒന്നുമറിയാത്ത റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡിനെക്കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ താന്‍ എന്തെഴുതും? എന്തിനു വേണ്ടിയെന്നതിന് ഇപ്പോള്‍ കൃത്യമായ ഒരു ഉത്തരമുണ്ട്. ഇവരുടെ ജോലിക്കുവേണ്ടി. പക്ഷേ, എങ്ങനെ? എന്തെഴുതും? മാസങ്ങളോളം അടച്ചിട്ട മുറികളില്‍ കടലാസിന്റെ വെണ്മയെ ധ്യാനിച്ചിരിക്കുന്നതിന്റെ തുടര്‍ച്ച അയാള്‍ക്ക് അനുഭവപ്പെട്ടു. പെട്ടെന്ന് പേനയില്‍നിന്ന് ഇറങ്ങി വന്ന അട്ടയെ അയാള്‍ കടലാസില്‍ കുത്തിത്തിരിച്ച് കയറ്റി. ആലോചിക്ക്, ആലോചിക്ക്, എന്തെഴുതും, എങ്ങനെയെഴുതുമെന്ന് ആലോചിക്ക്. അയാള്‍ സ്വയം പറഞ്ഞു. 

അയാള്‍ കടലാസില്‍ നോക്കി. ''റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡിനെക്കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുക...'' ഈ --- ലാണോ എഴുതേണ്ടത്? അതോ അതിനു താഴെയുള്ള ശൂന്യമായ പേജിലോ? ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ എന്നതുകൊണ്ട് അവര്‍ എന്താവും ഉദ്ദേശിച്ചിട്ടുണ്ടാവുക? എന്തായാലും ഒരു വലിയ പ്രബന്ധമല്ല. ഏറ്റവും ചുരുങ്ങിയ എന്നാല്‍ വിസ്തരിച്ചല്ലാത്ത എന്തോ ഒന്ന്. പക്ഷേ, എന്ത്? എങ്ങനെ? ആ ചോദ്യം അയാളെ കുഴക്കി. റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡ്, റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡ്.

റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡ് തന്നെ സംബന്ധിച്ചിടത്തോളം എന്താണെന്ന് അയാള്‍ ആലോചിക്കാന്‍ ശ്രമിച്ചു. ഗിരി തന്ന ബ്രൗഷറിലെ ഒരു കമ്പനിയുടെ പേര് മാത്രം. അതിനപ്പുറം മറ്റൊന്നുമല്ല. അയാള്‍ അവിടേക്ക് എത്തിപ്പെട്ടത് മുതലുള്ള കാര്യങ്ങളെ ഓര്‍ത്തെടുക്കാന്‍ തീരുമാനിച്ചു. 

ഗിരിയുടെ ഫ്‌ലാറ്റില്‍നിന്ന് കൃത്യം ഒന്‍പതു മണിക്ക് പുറപ്പെട്ടു. ബാംഗ്ലൂരില്‍ വന്നിട്ട് ആദ്യമായാണ് വെളിയിലേക്കിറങ്ങിയത്. തെരുവില്‍നിന്ന് ഒരു ഓട്ടോ പിടിച്ചു. എത്തേണ്ടിടം പറഞ്ഞപ്പോള്‍ മുതല്‍ ഓട്ടോക്കാരന്റെ മുഖത്ത് റെസ്റ്റോറന്റില്‍ കണ്ടവരുടെ അതേ ചിരിയുണ്ടായിരുന്നതായി അയാള്‍ ഓര്‍ത്തെടുത്തു. മനുഷ്യസഹജമായ ഒന്നെന്നേ അപ്പോള്‍ അയാള്‍ക്ക് അതേക്കുറിച്ച് തോന്നിയിരുന്നു. പക്ഷേ, ഇപ്പോള്‍ ഈ രണ്ട് ചിരികളും കൂട്ടി വായിക്കുമ്പോള്‍ തനിക്കു ചുറ്റുമുള്ള ലോകം തനിക്കെതിരെ എന്തോ ഗൂഢമായ പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണോ എന്ന സംശയം അയാളില്‍ ഉടലെടുത്തു.
തനിക്ക് എപ്പോഴുമുള്ള ചില സംശയങ്ങളില്‍ ഒന്നു മാത്രമാണിതെന്ന തിരിച്ചറിവോടെ അയാള്‍ റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡിലേക്ക് വന്നത് മുതലുള്ള കാര്യങ്ങള്‍ വീണ്ടും ആലോചിച്ചു തുടങ്ങി. ഫ്‌ലാറ്റില്‍നിന്നു കൃത്യം അരമണിക്കൂര്‍കൊണ്ട് റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡിന്റെ റ പോലുള്ള ആര്‍ച്ചിനു തൊട്ടു മുന്നിലായി അയാള്‍ ഓട്ടോ ഇറങ്ങി. സെക്യൂരിറ്റി എന്‍ട്രന്‍സില്‍ വാക്കന്‍സി ബ്രൗഷര്‍ കാണിച്ച് വിസിറ്റേഴ്‌സ് ഐഡി വാങ്ങി ഗേറ്റിനുള്ളിലേക്കു കടന്നു. അപ്പോഴാണ് തൊട്ട് മുന്നില്‍ നന്നായി പരിപാലിക്കുന്ന ഒരു വലിയ പുല്‍മേടാണെന്നത് അയാള്‍ ശ്രദ്ധിച്ചത്. ആ കുന്നിനു ചുറ്റും വട്ടത്തില്‍ ടാറിട്ട റോഡുണ്ടായിരുന്നു. ആ കുന്നിന്റെ പിന്നിലായിരിക്കാം ഓഫീസ് എന്ന നിഗമനത്തില്‍, 'നടക്കാന്‍' എന്നെഴുതിവച്ച പലകയ്ക്കു പിന്നിലായി കുന്നിനു കുറുകെ അര്‍ദ്ധവൃത്താകൃതിയില്‍ ചെതുക്കിയ പടികളോടുകൂടിയ നടപ്പാത കയറി. ഓരോ പടികളും അയാള്‍ എണ്ണിത്തുടങ്ങി.

എപ്പോള്‍ മുതലാണ് പടികള്‍ എണ്ണുന്ന സ്വഭാവം തന്നെ പിടികൂടിയതെന്ന് അയാള്‍ക്ക് ഓര്‍മ്മയില്ല. വയനാട്ടിലെ വീട്ടിലേക്ക് കൃത്യം പതിനേഴ് പടികള്‍ കയറി വേണം ചെല്ലാന്‍. സ്‌കൂളിലേത് ഏഴ് പടിയായിരുന്നു. കൊച്ചിയിലെ പഴയ മൂന്നാം നിലയിലെ ഓഫീസിലേക്ക് ലിഫ്റ്റ് ഉണ്ടായിരുന്നിട്ടും സ്റ്റെപ്പിറങ്ങി മാത്രമാണ് അയാള്‍ നടന്നിരുന്നത്. അവിടെ തൊണ്ണൂറ്റിയാറ് പടികളുണ്ടായിരുന്നു. കൃത്യം അഞ്ഞൂറ്റിപ്പത്ത് പടികള്‍ കയറി അയാള്‍ കുന്നിനു മുകളിലെത്തി. കുന്നിനു മുകളില്‍ വലിയൊരു മരം ഉണ്ടായിരുന്നു. അയാള്‍ കുറച്ചു നേരം ആ മരത്തിന്റെ തണലില്‍നിന്നു കിതപ്പാറ്റി. കാഴ്ചയില്‍ ഇത്ര വലിയ കുന്നാണ് അതെന്ന് കയറിത്തുടങ്ങുമ്പോള്‍ അയാള്‍ക്കു മനസ്സിലായിരുന്നില്ല. അവിടെനിന്ന് നോക്കുമ്പോള്‍ താന്‍ കമിഴ്ത്തിവച്ച ഒരു 'റ'ക്ക് മുകളിലാണ് നില്‍ക്കുന്നത് എന്നയാള്‍ക്കു തോന്നി. ആ കുന്നില്‍ അവിടവിടായുള്ള കുറ്റിച്ചെടികള്‍ താന്‍ കിതപ്പാറ്റുന്ന മരത്തെപ്പോലെ ഒറ്റക്കാലില്‍ നിര്‍ത്തിയ 'റ'കളെപ്പോലെയാണെന്ന് അയാള്‍ കണ്ടെത്തി. അവിടെനിന്നും അഞ്ഞൂറ്റിപ്പത്ത് പടികള്‍ ഇറങ്ങി ഓഫീസ് കെട്ടിടത്തിന്റെ മുന്നിലെത്തി.

അവിടെ നിരനിരയായി സൈക്കിള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് അയാള്‍ കണ്ടു. ഒരു കാറോ ബൈക്കോ എങ്ങുമില്ല. താന്‍ കുന്നിറങ്ങി പത്തമ്പത് കൊല്ലം പിന്നിലേക്ക് പ്രവേശിച്ചതായിരിക്കുമോ എന്നയാള്‍ സംശയിച്ചു. സൈക്കിളിന്റെ മഡ്ഗാഡുകള്‍ റ പോലെ. അതിലെ ചക്രങ്ങളും രണ്ട് 'റ'കള്‍ കൂട്ടിയോജിപ്പിച്ചുണ്ടാക്കിയ വട്ടം പോലെ. പഴമയാര്‍ന്ന കൂര്‍മ്പനയറ്റ ടര്‍ക്കിഷ് മിനാരങ്ങളുടെ മകുടം പോലെയാണ് ഈ ഓഫീസ് കെട്ടിടം എന്നയാള്‍ ഓര്‍ത്തെടുത്തു. കുമിളപോലുള്ള റസ്റ്റോറന്റും മുന്നിലെ കുളത്തിന്റെ രൂപവും 'റ' പോലെയാണെന്നയാള്‍ മനസ്സിലാക്കി. റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡിലെ 'റ'ക്ക് മലയാളാക്ഷരം 'റ'യുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നയാള്‍ ആലോചിച്ചു. 

ഏത് കുഞ്ഞിനും നിഷ്പ്രയാസം വരച്ചെടുക്കാനാവുന്ന പരിപൂര്‍ണ്ണവും മനോഹരവുമായ ഒറ്റയക്ഷരമാണ് 'റ'. റാസ് എന്നാല്‍ 'റ'യുടെ എന്നര്‍ത്ഥം. റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡ് മിക്കവാറും കുട്ടികള്‍ക്കു കഥപറയാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു സ്ഥാപനമായിരിക്കണം. അല്ലെങ്കില്‍ ഇത്ര ലളിതസുന്ദരമായ പേര് തിരഞ്ഞെടുക്കുമായിരുന്നോ? 'അ'യില്‍ തുടങ്ങി 'ഹ' 'ള' 'ഴ' 'റ'യില്‍ അവസാനിക്കുന്ന മലയാള ഭാഷ  തിരിച്ചും മറിച്ചും കോണിച്ചും വക്രീകരിച്ചുമിട്ടിരിക്കുന്ന അനേകം 'റ'കളുടെ കൂമ്പാരമാണെന്ന് അയാള്‍ക്കു തോന്നി.

'റ' പൂര്‍ണ്ണമല്ലാത്തൊരു പൂജ്യമാണ്. തന്റെ പേരിന്റെ ആദ്യാക്ഷരത്തില്‍ എത്ര 'റ' ഉണ്ടെന്നയാള്‍ ശൂന്യതയില്‍ വരച്ചുനോക്കി. ആദ്യം 'റ' വരച്ചു. പിന്നീട് മറ്റൊരു കുഞ്ഞ് 'റ'യെ വലിയ 'റ'ക്കിടയില്‍ തിരിച്ചു കിടത്തി കൂട്ടിയോജിപ്പിച്ചു. രണ്ട് 'റ'കളോട് കൂടി രാജേഷിന്റെ 'ര' പൂര്‍ണ്ണമാകുന്നു. സൂര്യയുടെ 'സ'യില്‍ എത്ര 'റ'യുണ്ട്? ആദ്യം രണ്ട് 'റ'കള്‍ പിന്നീട് മലര്‍ത്തിയിട്ട ഒരു 'റ'. മൊത്തം മൂന്ന് 'റ'. കള്ളി! അവള്‍ക്കൊരു 'റ' തന്നെക്കാള്‍ കൂടുതലാണ്. ഒരെല്ല് കുറവും. അവളുടെ കാതിലെ സൂര്യഗോളം തിരിച്ചും മറിച്ചുമിട്ട രണ്ട് 'റ'കള്‍. അതില്‍നിന്നും പുറത്തേക്കു വരുന്ന വെളിച്ചത്തിന്റെ 'റ' അലകള്‍. 
ലോഹമീനിന്റെ കുമിള ജലോപരിതലത്തില്‍ 'റ' പോലെ നിന്നു പൊട്ടി. അവയില്‍നിന്നും എണ്ണമറ്റ 'റ' അലകള്‍ കുളത്തിന്റെ ഭിത്തിയില്‍ അലതല്ലി. എത്ര നല്ലൊരക്ഷരമാണ് 'റ'. കമിഴ്ത്തിവച്ച കൊട്ടപോലെ. അല്ലെങ്കിലൊരു കുന്നുപോലെ. മലയാളത്തിലെ അക്ഷരങ്ങളെല്ലാം 'അ'ക്കും 'റ'ക്കുമിടയില്‍ അടുക്കിവച്ചിരിക്കുന്നു. ആ അര്‍ത്ഥത്തില്‍ എത്ര കൃത്യമായ വാക്കാണ് 'അറ'. പൂജ്യം ഒന്ന് എന്നെഴുതുമ്പോള്‍ ഒന്നിന് അര്‍ത്ഥപൂര്‍ണ്ണത ലഭിക്കും പോലെ 'റ'കള്‍കൊണ്ട് മലയാള അക്ഷരങ്ങള്‍ പൂര്‍ണ്ണമാകുന്നു. അതിനാല്‍ തീര്‍ച്ചയായും റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡിനു 'റ'യുമായി ബന്ധമുണ്ട്. 
അയാള്‍ വാന്‍ഗോഗിന്റെ സ്റ്റാറി നൈറ്റിലേക്കു നോക്കി. പട്ടണത്തിനു മീതെ കലുഷമായ ഒരു ജലാശയത്തെ ആകാശത്തേക്കു മാറ്റി വരഞ്ഞതാവാം വാന്‍ഗോഗ് എന്നയാള്‍ക്കു തോന്നി. ചുറ്റും പൊട്ടുപൊടിയായി ചുഴിയില്‍പ്പെട്ട് മിന്നിമറിയുന്ന നക്ഷത്രഗോചരങ്ങള്‍. അവയ്ക്കു ചുറ്റും 'റ' അലകള്‍. ഗിരി പറഞ്ഞതുപോലെ മനുഷ്യന്റെ ശീലം കൊണ്ടാവണം ക്യാന്‍വാസുകള്‍ ചതുര നിര്‍മ്മിതമായി ഇന്നും നിലനില്‍ക്കുന്നത് എന്ന് സ്റ്റാറിനൈറ്റിലേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ക്കു തോന്നി. കലുഷമായ കടലിന്റെ കാഴ്ച 'റ' പോലെയാണ്. ഒരു ആകാശത്തിന്റെ കാഴ്ചയും 'റ' തന്നെ. എന്നിട്ടും എന്തുകൊണ്ടാവും ഒരു ക്യാന്‍വാസ് ചതുരത്തിലായത്?
റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡ് ഒരു 'റ'യാണ് എന്നയാള്‍ തീരുമാനിച്ചു. അനാദികാലം മുതല്‍ അതിശയങ്ങള്‍ മൂടിവച്ച കുന്ന്. അക്ഷരങ്ങള്‍ അടുക്കിവച്ച കൊട്ട. കടലാസിലെ ''റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡിനെക്കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുക---'' ലെ---ല്‍ അയാള്‍ 'റ' എന്നെഴുതിവച്ചു. ഒറ്റക്കാല്‍ ഘടികാരത്തില്‍ സമയം നാല്. ഗിരി ഓഫീസ് കഴിഞ്ഞ് ഫ്‌ലാറ്റില്‍ എത്തിക്കാണണം. ഈ ഇന്റര്‍വ്യൂ എപ്പോള്‍ തീരുമോ എന്തോ. അയാള്‍ക്കൊരു ചായ കുടിക്കാന്‍ തോന്നി. കുമിളയിലേക്ക് പോകണോ? വേണ്ട. ആ തടിയന്റെ അപഹാസ്യമായ ചിരി കാണാന്‍ വയ്യ. ഇവിടെത്തന്നെ ഇരിക്കാം. മുറിക്കുള്ളില്‍ നല്ല തണുപ്പായിരുന്നു. മിനുസമാര്‍ന്ന ഇരിപ്പിടത്തിലെ പഞ്ഞികള്‍ക്ക് നല്ല പതുപതുപ്പായിരുന്നു. ക്ഷീണം, അയാള്‍ കണ്ണുകളടച്ചു.

ഒരു പുഴു റ അലകളോടെ ഇഴഞ്ഞുവന്നു പെട്ടെന്ന് പത്തിവിടര്‍ത്തിതന്നെ കൊത്താനായുന്ന സ്വപ്നം കണ്ടയാള്‍ ഞെട്ടിയുണര്‍ന്നു. ഒറ്റക്കാലിലോടുന്ന സമയം ആറരയെന്ന് കണ്ടയാള്‍ ചുറ്റിലും നോക്കി. ഇതുവരെ ആരും വന്നില്ലേ? ഞാനിവിടെയുള്ള വിവരം അവര്‍ മറന്നു പോയിക്കാണുമോ? അയാള്‍ക്ക് സംശയമായി. 'റ' എന്നെഴുതിയ കടലാസ് അവിടെയെങ്ങും കാണാനില്ല. അവരതു കൊണ്ടുപോയിക്കാണണം. അതുകൊണ്ടുപോകുമ്പോള്‍ അവര്‍ക്ക് തന്നെയൊന്ന് ഉണര്‍ത്താമായിരുന്നു. അവര്‍ക്ക് തന്റെ 'റ' വിചാരം ഇഷ്ടമായിക്കാണുമോ? ഇഷ്ടമായിക്കാണില്ല. അല്ലെങ്കില്‍ത്തന്നെ റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡിനെക്കുറിച്ച് എഴുതാന്‍ പറഞ്ഞപ്പോള്‍ വെറും 'റ' എന്നെഴുതിവച്ചാല്‍ അവര്‍ക്കെന്ത് മനസ്സിലാകാനാണ്? ഏയ് അതിനു പിന്നില്‍ കൃത്യമായ യുക്തിയില്ലേ. അവര്‍ക്ക് മനസ്സിലാകുമോ എന്നത് ഒരെഴുത്തുകാരന്‍ ആലോചിക്കേണ്ട കാര്യമുണ്ടോ? ചോദിച്ചാല്‍ അങ്ങ് വിവരിച്ചു കൊടുക്കണം. അത്രതന്നെ. 

അല്ലെങ്കില്‍ത്തന്നെ ഈ അവര്‍ ആരാണ്? സൂര്യ ഒഴികെ മറ്റാരെയാണ് ഇവിടെ തനിക്കറിയാവുന്നത്? ഇനി സൂര്യയായിരിക്കുമോ കടലാസ് കൊണ്ടുപോയത്? താനപ്പോള്‍ വാ തുറന്ന് കൂര്‍ക്കം വലിച്ച് ഉറങ്ങുകയായിരുന്നോ? വാ തുറന്ന് സ്വതവേ താനുറങ്ങാറുള്ള ഭീകരമായ ദൃശ്യം അയാള്‍ക്ക് ഓര്‍മ്മവന്നു. അവളാണ് ആ കടലാസ് എടുക്കാന്‍ വന്നതെങ്കില്‍ നിശ്ചയമായും അവളത് കണ്ടിരിക്കും. എങ്കില്‍ എല്ലാം തുലഞ്ഞു. ഇനി അവളുടെ മുഖത്തെങ്ങനെ നോക്കും?
അല്ലെങ്കിലൊരുപക്ഷേ, ഇതെല്ലാം തനിക്ക് തോന്നിയതാണെങ്കിലോ എന്ന ചിന്ത അയാളെയാകെ അലോസരപ്പെടുത്തി. അങ്ങനെയൊരു കടലാസേ ഇതുവരെ കിട്ടിയിട്ടില്ലെങ്കിലോ? തന്നെ മുറിക്കുള്ളില്‍ ആരോ അടച്ചിട്ടിരിക്കുകയാണെങ്കിലോ?  പെട്ടെന്ന് മുറിയുടെ വിശാലതയില്‍ത്തന്നെ വീക്ഷിക്കുന്ന താന്‍ ശ്രദ്ധിക്കാത്ത ഒരു കണ്ണുണ്ടോ എന്നയാള്‍ക്ക് സംശയമായി. അയാള്‍ മുറിക്കു ചുറ്റും നോക്കി. 

അതാ അവിടെ ഒന്നുണ്ട്! തന്റെ 'റ' പോലുള്ള ഇരിപ്പിടത്തിലേക്ക് നോക്കിക്കൊണ്ട് ഒരു സീസീടിവി യുടെ കണ്ണ് ചുമരിന്റെ മൂലയില്‍ പതുങ്ങിയിരിക്കുന്നത് അയാള്‍ കണ്ടുപിടിച്ചു. അതിന്റെ പിന്നില്‍ത്തന്നെ കളിയാക്കി ചിരിച്ചുകൊണ്ടിരിക്കുന്ന അനേകം പേര്‍ അവിടെയുണ്ടാവുമെന്നയാള്‍ക്കു തോന്നി. സീ സീ എന്ന് പറഞ്ഞ് സീ സീ ടിവി ദൃശ്യങ്ങള്‍ കൊണ്ടെത്തിക്കുന്ന മുറിയില്‍ സൂര്യയും കൂട്ടരും തന്നെ നോക്കി തന്റെ പരിഭ്രമം നോക്കി ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന ദൃശ്യം അയാള്‍ സങ്കല്പിച്ചു നോക്കി.

അയാള്‍ക്ക് അവിടെനിന്ന് ഇറങ്ങിയോടാന്‍ തോന്നി. അയാള്‍ സീ സീ ടിവിയുടെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. സീ ചെരിച്ച് വച്ചാല്‍ റായാകുമല്ലോ എന്നയാള്‍ ഓര്‍ത്തു. സീ സീ ടിവി താന്‍ നടക്കുന്നിടത്തേക്ക് കഴുത്ത് തിരിക്കുന്നുണ്ടോ എന്ന് ഇടങ്കണ്ണിട്ട് അയാള്‍ നോക്കി. അത് ചെറുതായൊന്ന് തിരിഞ്ഞപോലെ അയാള്‍ക്ക് തോന്നി. താമസംവിനാ അയാള്‍ വാതിലിനരികെ ചെന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചു. പുറത്തുനിന്ന് ആരോ കുറ്റിയിട്ടപോലെ. അയാളില്‍ ഉള്‍ക്കിടിലമായ ഭയം നിറഞ്ഞു. അയാള്‍ ഒന്നുകൂടി ശ്രമിച്ചു. വാതില്‍ തുറന്നുകിട്ടി. ആശ്വാസമായി. പുറത്ത് ആരെയും കാണാനില്ല. 
അയാള്‍ മുറിക്കു വെളിയില്‍ കടന്നു. ഓഫീസിന്റെ പ്രവേശനദ്വാരത്തേക്കോടി. 'റ' പോലുള്ള കെട്ടിടത്തില്‍നിന്നു പുറന്തള്ളപ്പെട്ട ബീജത്തെപ്പോലെ അയാള്‍ വെളിയിലെത്തി. അപകടകരമായ ഒരു തോന്നലില്‍നിന്ന് രക്ഷപ്പെട്ടയാളെപ്പോലെ അയാള്‍ ചുറ്റിലും നോക്കി. 

ഇല്ല! ഒറ്റ സൈക്കിള് പോലും അവിടെയില്ല. ഇനി സൈക്കിള്‍ കണ്ടത് ഒരു തോന്നല്‍ മാത്രമാണോ? അല്ല, താന്‍ കണ്ടതാണെന്ന് അയാള്‍ തന്നോടുതന്നെ ഉറപ്പിച്ചു പറഞ്ഞു. അവിടെ ഉണ്ടായിരുന്ന എല്ലാവരും തന്നെ തനിച്ചാക്കി പോയതാണെന്നു മനസ്സിലായപ്പോള്‍ അയാള്‍ക്കു കൂടുതല്‍ സങ്കടമായി. എത്ര ഇന്റര്‍വ്യൂകളില്‍ താന്‍ പങ്കെടുത്തിരിക്കുന്നു. എവിടെയും താന്‍ മാത്രമായി ഉപേക്ഷിക്കപ്പെട്ടിട്ടില്ല. ആരും തന്നെ മറന്നുപോയിട്ടുമില്ല. സൂര്യപോലും തന്നെ മറന്നു. അവള്‍ക്കെങ്കിലും എന്നെ ഒന്ന് ഓര്‍ക്കാമായിരുന്നു. അയാള്‍ 'റ' പോലുള്ള കുന്നിന്റെ പടവുകള്‍ എണ്ണാന്‍ തുടങ്ങി. 
കുന്നിന്റെ അറ്റത്ത് ആ വലിയ മരത്തിനു ചുവടെയായി നടപ്പാതയ്ക്കു കുറുകെ ആള്‍ വലിപ്പമുള്ള ഒരു വലിയ കൂട് അയാളുടെ ശ്രദ്ധയില്‍പ്പെട്ടു. പോകുമ്പോള്‍ അതിവിടെ തന്നെയുണ്ടായിരുന്നോ? അയാള്‍ കൂടിനടുത്തേക്ക് ചെന്നു. അയ്യോ! സൂര്യ! ഇവള്‍ക്കിതെന്തു പറ്റി. ആരാണിവളെ കൂട്ടിലടച്ചത്. അവളുടെ വസ്ത്രങ്ങള്‍ പിന്നിപ്പറിഞ്ഞിരുന്നു. അവളുടെ കാതിലെ സൂര്യനെവിടെ. അവളുടെ നീണ്ട മനോഹരമായ ചുണ്ടില്‍നിന്നും 'റ' കൊണ്ട് കിഴി കെട്ടിയപോലെ രക്തത്തുള്ളികള്‍ തൂങ്ങിക്കിടക്കുന്നു. അവളുടെ കഴുത്തിലെ പാടുകള്‍ റെസ്റ്റോറന്റില്‍ വച്ച് കണ്ടതിനെക്കാള്‍ ചുമന്നിരിക്കുന്നു. 

''സൂര്യാ... സൂര്യ...'' അയാള്‍ അഴികള്‍ക്കിടയിലൂടെ കയ്യിട്ട് തട്ടിവിളിച്ചു. അവളനങ്ങിയില്ല. അവളുടെ സ്വബോധം നശിച്ചിരിക്കുന്നു. ആരാണിവളെ അപായപ്പെടുത്തിയത്? കൂട്ടിലടച്ചിടാന്‍ മാത്രം ഇവളെന്ത് തെറ്റ് ചെയ്തു? 
അപ്പോഴാണയാള്‍ കൂടിനു മുകളിലായി മരത്തിലൂടെ ഒരു വലിയ പാറ കെട്ടിത്തൂക്കിയിരിക്കുന്നത് കണ്ടത്. അതിന്റെ ചരടുകള്‍ പൊട്ടിത്തുടങ്ങിയിട്ടുണ്ട്. കയറ് പൊട്ടിയാല്‍ കൂടു തകര്‍ന്ന് അവള്‍ ചമ്മന്തിയാവും. എന്തു ചെയ്യും? പൊലീസിനെ വിളിച്ചാലോ? പക്ഷേ, മൊബൈല്‍ ഫോണ്‍ അത് ഓഫീസിലല്ലേ. അതെടുക്കാനും മറന്നു. അല്ലെങ്കില്‍ത്തന്നെ പൊലീസിനെ വിളിച്ചിട്ട് കാര്യമൊന്നുമില്ല. അപ്പോഴേക്ക് കയറ് പൊട്ടി പാറവീണ് അവള്‍ മരിക്കും. എന്തുചെയ്യും? അയാള്‍ ആലോചിച്ചു. 
അതെന്താണ് ശബ്ദം? സംശയത്തോടെ അയാള്‍ കാത് കൂര്‍പ്പിച്ചു. ഒരു കുറുക്കന്റെ കൂവലല്ലേ അത്? അയാള്‍ കാതു പൊത്തി താഴെയിരുന്നു. നിന്റെ വട്ടിന് ഒട്ടും സമയമില്ല. അയാള്‍ സ്വയം പഴിച്ച് എന്തു ചെയ്യുമെന്നാലോചിച്ചു. ആദ്യം അയാള്‍ കൂടനക്കി പാറയുടെ ചുവട്ടില്‍നിന്നും കൂട് മാറ്റാനുള്ള ശ്രമം നടത്തി. കൂടനങ്ങിയില്ല. പിന്നീട് അയാള്‍ കൂടിന്റെ പൂട്ട് പൊളിച്ച് അവളെ പുറത്തു കടത്താന്‍ പാകത്തിന് വലിപ്പമുള്ള ഒരു കല്ല് തിരഞ്ഞു. 

കൂടിനു ചുവടെ അപ്പോഴാണയാള്‍ പൂജ്യം ഒന്ന് എന്ന് ഒറ്റ സെക്കന്റിനെ കുറിക്കുന്ന ചുമന്ന ഒരു ഇലക്ട്രോണിക് സ്‌ക്രീനും അതില്‍ കുത്തിവച്ചിരിക്കുന്ന താക്കോലും ശ്രദ്ധിച്ചത്. സിനിമയിലേതു പോലെ ഈ ഇലക്ട്രോണിക് ഉപകരണം ഒരു ബോംബാണെങ്കിലോ. ആ താക്കോല്‍ എടുക്കുന്നതോടെ പൊട്ടിത്തെറിച്ച് ഞാനും സൂര്യയും മരിച്ചുപോകും. ഒരുപക്ഷേ, അവിടെ താക്കോല്‍ വച്ചിരിക്കുന്നതുതന്നെ താക്കോലിന്റെ പ്രലോഭനത്താല്‍ അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നവരെക്കൂടി കൊല്ലാനായിരിക്കുമോ? ഒരു ക്ലീന്‍ ട്രാപ്പ്. സാക്ഷികള്‍ പോലുമില്ലാത്ത ഒരു കൊലപാതകം. പക്ഷേ, എന്തിന്. അതും ഒരു മൊട്ടക്കുന്നില്‍? ഒരു ഓഫീസ് പരിസരത്ത്! ഇപ്പോഴും തന്റെ ജീവന്‍ അപകടത്തിലല്ല എന്ന ആശ്വാസത്തില്‍ ഇവിടനിന്നും ഓടി രക്ഷപ്പെടാം എന്നയാള്‍ക്കു തോന്നി. അവളായി അവളുടെ പാടായി. നമുക്കെന്തിന് പൊല്ലാപ്പ്. പക്ഷേ, പറ്റില്ല. സൂര്യയെ രക്ഷിക്കണം. ഈ അപകടത്തില്‍നിന്ന് അവളെ രക്ഷിക്കാന്‍ മറ്റാരുമില്ല. കയറിന്റെ ചരട് ഒന്നുകൂടി മുറുകി. ഇനി ഏതു നിമിഷവും കയര്‍ പിഞ്ഞിപ്പൊട്ടാം. ഒരു കാറ്റ് കൂടിനെ അവഗണിച്ച് അവര്‍ക്കിടയിലൂടെ കുന്നിറങ്ങിപ്പോയി. 

ഇനി ഇതൊരു കുടുക്കാണെങ്കിലോ? പക്ഷേ, എന്തിന്? റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡിനു താനുമായി എന്ത് പകയാണുള്ളത്? അയാള്‍ താക്കോല്‍ എടുക്കാന്‍ തീരുമാനിച്ചു. കടലാസിന്റെ വെണ്മയുടെ വെളുപ്പ് അയാളുടെ കണ്ണിലാകെ പടര്‍ന്നു. അനേകം കൂവലുകള്‍ അയാളുടെ തലച്ചോറിനെ കുത്തിനോവിച്ചു. ഒന്നുമെഴുതാതെ തന്റെ അന്ത്യം ഇതാ ഇവിടെ സംഭവിക്കാന്‍ പോവുകയാണെന്ന നിരാശ അയാളുടെ ഉള്ളില്‍ നിറഞ്ഞു. അയാള്‍ താക്കോല്‍ വലിച്ചൂരാന്‍ ശ്രമിച്ചു. കിട്ടുന്നില്ല. അത് തിരിക്കണം. അയാള്‍ ഒരു വലിയ നിശ്വാസത്തോടെ കണ്ണുകള്‍ പൂട്ടി താക്കോല്‍ തിരിച്ചു. പാറയുടെ 'റ' പിളര്‍ന്നു. കൂട് തുറന്ന് നാനായിരം വര്‍ണ്ണക്കടലാസുകള്‍ അതില്‍ നിന്നും ഉതിര്‍ന്നു. സൂര്യ പുറത്തേക്കു വന്നു. എന്താണ് സംഭവിച്ചതെന്നു മനസ്സിലാകാതെ നിന്ന രാജേഷിന്റെ കയ്യില്‍ സൂര്യ ഒരു കടലാസ് കൂട് കൈമാറി. 

''യൂ ആര്‍ അപ്പോയിന്റഡ്'' അവള്‍ പറഞ്ഞു. ഹൃദയമിടിപ്പ് താഴാതെ അയാള്‍ സൂര്യയെ മിഴിച്ചു നോക്കി. 
''സീ രാജേഷ്, നിങ്ങളുടെ 'റ' വിചാരം ഞങ്ങള്‍ക്കിഷ്ടമായി. ഞങ്ങളുടെ ക്ലയന്റുകളെല്ലാം--- സോറി നമ്മുടെ ക്ലയന്റുകളെല്ലാം മരണം കാത്ത് കിടക്കുന്ന വൃദ്ധരായ കുട്ടികളാണ്. അവരുടെ മരണത്തെ നീട്ടിവെയ്ക്കുകയാണ് നമ്മുടെ ലക്ഷ്യം. അതിനുവേണ്ടിയാണ് ഈ സ്ഥാപനം കഥകള്‍ പറയുന്നത്. നിങ്ങളെ കണ്ടെത്തിയതു മുതല്‍ കുറച്ചു കാലമായി നിങ്ങള്‍ ഞങ്ങളുടെ നിരീക്ഷണത്തിലായിരുന്നു. നിങ്ങളെപ്പോലെ എഴുതാന്‍ കഥകളില്ലാത്ത ഒരാളെയാണ് കമ്പനിക്ക് ആവശ്യം. ഈ ദിവസം റിക്രൂട്ട്മെന്റിന്റെ അവസാനത്തെ പ്രോസസ് ആണ്. കമ്പനിയെ സംബന്ധിച്ചിടത്തോളം എംപ്ലോയിക്ക് കഥ നല്‍കുകയെന്നതും കമ്പനിയുടെ ബാധ്യതയാണ്. അതിലും നിങ്ങള്‍ വിജയിച്ചിരിക്കുന്നു. നിങ്ങള്‍ ഒരു അസ്സറ്റായിരിക്കുമെന്ന് കമ്പനിക്കു പൂര്‍ണ്ണ ബോധ്യമായി. എനിവേ കണ്‍ഗ്രാറ്റ്‌സ്.''
രാജേഷിന് ഒന്നും മനസ്സിലായില്ല. അവന്‍ എന്‍വലപ്പ് വാങ്ങി അവിടെനിന്നും വേഗം കുന്നിറങ്ങാന്‍ തുടങ്ങി. പടികളിലേക്ക് പുല്ലുകള്‍ റ വണ്ണം തൂങ്ങിക്കിടന്നു. വിചിത്രമായ ഒരു പകലിന്റെ നേരിയ ചുമപ്പ് ആകാശത്ത് പതറിനിന്നു. സൂര്യ പറഞ്ഞതില്‍ ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്നയാള്‍ ഓര്‍ത്തു. അവര്‍ തിരഞ്ഞെടുത്തത് മുതല്‍ കുറച്ചു കാലമായി താനവരുടെ നിരീക്ഷണത്തിലായിരുന്നു എന്നു പറഞ്ഞത് അയാള്‍ക്കു വ്യക്തമായില്ല. ഗിരി പറഞ്ഞതനുസരിച്ച് താനാണ് റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡിലേക്കു പോയത്; പക്ഷേ, അവര്‍ പറയുന്നത് പ്രകാരം തന്നെ അങ്ങോട്ട് നയിക്കപ്പെടുകയായിരുന്നു എന്നാണ്. തന്റെ മുന്നിലെ യാഥാര്‍ത്ഥ്യത്തെ ചില വാക്കുകള്‍കൊണ്ട് നിരാകരിക്കുന്ന സംസാരമായിരുന്നു സൂര്യയുടേത് എന്നയാള്‍ ഓര്‍ത്തു.

കാത്തുനിന്ന് മുഖം കൂര്‍ത്തുപോയൊരു ഓട്ടോ നിരത്തില്‍ നില്‍പ്പുണ്ടായിരുന്നു. ഡ്രൈവറോട് ഗിരിയുടെ ഫ്‌ലാറ്റിന്റെ പേര് പറഞ്ഞപ്പോള്‍ ഡ്രൈവര്‍ വണ്ടിയെടുക്കാതെ തലയാട്ടിക്കൊണ്ട് ഓട്ടോയില്‍നിന്നും പുറത്തേക്കിറങ്ങി. അയാള്‍ എതിര്‍വശത്തേക്ക് കൈ ചൂണ്ടിക്കാണിച്ചു. അപ്പോഴാണ് ഗിരിയുടെ ഫ്‌ലാറ്റും റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡും ഒരു കുന്നിന്റെ ഇരുകരകള്‍ പങ്കു വെയ്ക്കുന്ന കെട്ടിടങ്ങളാണെന്ന് രാജേഷിനു മനസ്സിലായത്. രാവിലെതന്നെ വഞ്ചിച്ച ഓട്ടോക്കാരന്റെ കണ്ണിലെ ചിരിയില്‍ പേന കൊണ്ട് റ എന്ന് വരയാന്‍ രാജേഷിനു തോന്നി. 

ജലാശയങ്ങള്‍ കരകളില്‍നിന്ന് ആഴങ്ങളെ ഒളിപ്പിക്കുന്നുവെങ്കില്‍, ഒരു കുന്ന് ആകാശത്തിന്റെ ആഴങ്ങളിലേക്ക് വളര്‍ന്ന് കരകളെ പരസ്പരം പതുക്കിവെയ്ക്കുന്നു എന്നയാള്‍ക്കു തോന്നി. ഫ്‌ലാറ്റിന്റെ മുന്നിലെത്തിയപ്പോള്‍ റാസ് സ്റ്റോറി ടെല്ലിങ് ലിമിറ്റഡിന്റെ മുന്നിലേക്കെത്തിയ അതേ പ്രതീതി അയാള്‍ക്കനുഭവപ്പെട്ടു. അവിടെയുണ്ടായിരുന്ന അതേ സൈക്കിളുകള്‍ നിരനിരയായി അവിടെയിരിക്കുന്നതു കണ്ട്, വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന ദൃശ്യത്തിന്റെ മടുപ്പില്‍ അയാള്‍ക്കു ഭയം തോന്നി. നാലാം നിലയിലെ ഗിരിയുടെ ഫ്‌ലാറ്റിലേക്ക് അയാള്‍ ഓടിക്കയറി. 

ഫ്‌ലാറ്റില്‍ ഗിരിയുണ്ടായിരുന്നു. തന്നെ കണ്ടതും വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍നിന്നും മുഖമുയര്‍ത്തി ഗൂഢമായി ഗിരി പുഞ്ചിരിച്ചു.

സൂര്യ തന്ന എന്‍വലപ്പ് ഗിരിയുടെ മടിയിലേക്കിട്ട് മുറിക്കുള്ളിലേക്കു പോയി അയാള്‍ കതകടച്ചു. മുറിക്കുള്ളില്‍ തുടങ്ങി മുറിക്കുള്ളിലൊടുങ്ങും മനുഷ്യ വ്യഥയുടെ മടുപ്പാല്‍ അതുവരെ തുറന്ന് നോക്കിയിട്ടില്ലാതിരുന്ന ജനാല തുറന്ന് അയാള്‍ പുറത്തേക്കു നോക്കി. എന്നിട്ട് എഴുത്തുമേശയുടെ മുന്നിലിരുന്ന് ജനലിലൂടെ കാണാവുന്ന ആ കുന്നിനെ കണ്ടുകൊണ്ടായാള്‍ പേന തുറന്നു. പേനയില്‍നിന്നും ഇറങ്ങിവന്ന അട്ട കടലാസില്‍ 'റ' വണ്ണം പുളഞ്ഞുനീങ്ങി..!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com