'ഏലി ഏലിലമ്മ ശബക്താനി*'- സലിന്‍ മാങ്കുഴി എഴുതിയ കഥ

അച്ചന്‍ ഈണത്തില്‍ ഗാനം ആലപിച്ചു. കുമ്പ്രിയക്കാരും ചുറ്റും നിന്നവരും ഒപ്പം പാടി
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

ച്ചന്‍ ഈണത്തില്‍ ഗാനം ആലപിച്ചു. കുമ്പ്രിയക്കാരും ചുറ്റും നിന്നവരും ഒപ്പം പാടി. 
''വരുവിന്‍ ധന്യവിശുദ്ധന്മാരേ
രക്ഷണമിയാള്‍ക്കു നല്‍കാന്‍
വരുവിന്‍ വാനവ വൃന്ദമിയാളെ
എതിരേല്‍ക്കാനതിമോദം''

നാലുപാടും നിന്നവരും ജനാല വഴി പുറത്തേയ്ക്ക് നോക്കി അകത്തുനിന്നവരും അന്നേരം മരിച്ചു കിടന്നവനെക്കുറിച്ചുള്ള ഓര്‍മ്മകളിലേയ്ക്ക് സഞ്ചാരം ആരംഭിച്ചു. മറ്റുള്ളവരുടെ ഓര്‍മ്മകളിലാണ് എല്ലാ മനുഷ്യരും ജീവിക്കുന്നതെന്ന പ്രാണസഞ്ചാരത്തോടെ മരിച്ചു കിടന്നവനും ഓര്‍മ്മകളില്‍ അലഞ്ഞു.
 
സ്റ്റേജിന്റെ ഒത്തനടുക്ക് തലയുയര്‍ത്തി നിന്ന സിസി ജാക്വിലിനേയും അരികില്‍ തല കുമ്പിട്ടു പ്രണയം ചൂടിനിന്ന ബോണി ഫേസിനേയും കാണികള്‍ക്കാദ്യം തിരിച്ചറിയാനായില്ല. നാടകം രണ്ടാം രംഗത്തിലേക്ക് കയറുന്നതിനിടയിലാണ് കുട്ടികള്‍ സംഗതി അറിഞ്ഞത്. പെണ്ണ് ആണ്‍വേഷവും ആണ് പെണ്‍വേഷവും കെട്ടി അരങ്ങിലെത്തുമെന്ന് അവരാരും പ്രതീക്ഷിച്ചതല്ലല്ലോ. നൃത്തച്ചുവടുകളും സംഗീതവും പ്രണയത്തില്‍ സങ്കലിതമാകുന്ന ശുഭപര്യവസായിയായ നാടകം തീര്‍ന്നപ്പോള്‍ കാഴ്ചക്കാര്‍ നിര്‍ത്താതെ കയ്യടിക്കുകയും ഒന്നാം സമ്മാനം കിട്ടുമെന്ന് ഉറപ്പിക്കുകയും ചെയ്തു. ഉറപ്പിച്ചത് ശരിയായി. പക്ഷേ, മികച്ച നടിയും നടനും ആരെന്നു തീരുമാനിക്കാന്‍ ചെറിയ തര്‍ക്കവും സംശയവും ഉടലെടുത്തു. ഒടുവില്‍ വിധി വന്നു. മികച്ച നടന്‍ സിസി ജാക്വിലിന്‍. മികച്ച നടി ബോണി ഫേസ്. വേഷമഴിക്കാതെ നിന്ന സിസിയും ബോണിയും ആരും കാണാതെ കെട്ടിപ്പിടിച്ചു. 

ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നീ നാലു രംഗങ്ങളാണ് ആ അരമണിക്കൂര്‍ നാടകത്തിലുണ്ടായിരുന്നത്. വാര്‍ദ്ധക്യത്തിലെത്തിയ രണ്ടു പേര്‍, പിന്നിട്ട ജീവിതവഴിയിലേക്ക് തിരിച്ചു നടക്കുന്നതാണ് പ്രമേയം. ജീവിതം മനോഹരമാക്കേണ്ടതെങ്ങനെയെന്നു വാര്‍ദ്ധക്യത്തിലെത്തിയപ്പോഴാണ് അവര്‍ പഠിച്ചത്. കഴിഞ്ഞ കാലത്തെ പുനര്‍നിര്‍മ്മിക്കുകയും പിഴവുകള്‍ തിരുത്തി അവര്‍ ജീവിതത്തെ വീണ്ടെടുക്കുകയും ചെയ്യുന്നു. നാടകത്തിന്റെ അവസാന രംഗത്തില്‍ നൃത്തച്ചുവടുകളിലൂടെ ഇരുവരും ഏകതാഭാവത്തിലെത്തുകയും ഒറ്റമരമായി പൂക്കുകയും ചെയ്യുന്നു. സ്ത്രീ ചെറുപ്പം കഴിഞ്ഞാല്‍ ബാല്യത്തിലേക്ക് മടങ്ങിപ്പോകുമെന്നും പുരുഷനു മാത്രമേ വാര്‍ദ്ധക്യം ഉണ്ടാകൂവെന്നും കാണികള്‍ മനസ്സിലാക്കി. ലൈറ്റുകള്‍ അണഞ്ഞു. കര്‍ട്ടന്‍ വീണു. കാഴ്ചയില്‍ ലയിച്ചിരുന്ന കാണികള്‍ ദീര്‍ഘനിശ്വാസം ഉതിര്‍ത്തു. നീണ്ട കരഘോഷം കേട്ട വിധികര്‍ത്താക്കള്‍ പരസ്പരം നോക്കി. 

അവസാന റിഹേഴ്സല്‍ വരെ അവള്‍ക്ക് പെണ്ണിന്റേയും അവന് ആണിന്റേയും വേഷം തന്നെയായിരുന്നു. ആദ്യം മേക്കപ്പിടാന്‍ ഊഴം കിട്ടിയ സിസി മുടി ഒതുക്കിക്കെട്ടി, നെഞ്ചു വരിഞ്ഞൊതുക്കി, മീശയും നീളന്‍ താടിയും വച്ച് ആണ്‍വേഷമണിഞ്ഞു. തലയുയര്‍ത്തി, കൈ ആഞ്ഞുവീശി, നെഞ്ചുവിരിച്ചു പുറത്തേയ്ക്കു നടന്നപ്പോള്‍ ബോണിയെ ഞെട്ടിക്കണമെന്നേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. നടത്തയും ഭാവവും നോട്ടവുമൊക്കെ അവളുടെ തലതൊട്ടപ്പന്‍ ജെര്‍മിയാസിനെ അനുകരിച്ചായിരുന്നു. 

സ്‌കൂള്‍ വരാന്തയില്‍ മേക്കപ്പണിയാന്‍ ഊഴം കാത്തിരുന്ന ബോണിയുടെ അരികില്‍ സിസി എത്തി. അവളെ കണ്ട് അവന്‍ ചാടിയെഴുന്നേറ്റു. 
''ഡീ'' -അവന്‍ വിളിച്ചു. 
''ഡീ... യല്ല ഡാ...'' -ജെര്‍മിയാസിനെ അനുകരിച്ച് അവള്‍ ചിരിച്ചു. 
അവന്റെ വേഷം അവള്‍ കൈക്കലാക്കിയതും അവളുടെ വേഷം അവന്റെ ബാഗില്‍ തിരുകിയതും അപ്പോഴാണ് ബോണി അറിഞ്ഞത്. 
''നിനക്കെന്താടീ വട്ടായോ? കളിക്കാതെ വെക്കം പോയി വേഷമഴിക്ക്'' -അവന്‍ പറഞ്ഞു. 
ചിരിച്ചിട്ട് അവള്‍ ബാഗില്‍ കയ്യിട്ട് ഒരു ഷേവിംഗ് സെറ്റെടുത്ത് അവനു നീട്ടി. അതു വാങ്ങാതെ മിഴിച്ചുനിന്ന അവനേയും പിടിച്ചുവലിച്ചുകൊണ്ടു പോയി തൂണിന്റെ മറവില്‍ നിര്‍ത്തിയിട്ട് അവന്റെ പഴുതാര മീശ അവള്‍ വടിച്ചു. 

''ഡയലോഗ് തെറ്റിപ്പോകുമോയെന്നാ പേടി'' -പെണ്‍വേഷം കെട്ടി വന്ന ബോണി പറഞ്ഞു. 
''തെറ്റിയാ തെറ്റിയപോലെ. നീ ധൈര്യമായിരിക്കടീ. ഞാനല്ലേ നായകന്‍. നിന്റെ തെറ്റ് പുറത്തറിയാത്ത കാര്യം ഞാനേറ്റു.'' അവളുടെ ഉറപ്പില്‍ ബോണിയുടെ എല്ലാ ഭയവും മാറി. 

ബോണിയുടെ ശരീരത്തിന്റെ ഗന്ധം സിസിയുടെ തലച്ചോറിനെ ഉണര്‍ത്തി. അതുവരെ അവള്‍ കണ്ടതും കേട്ടതുമായ ദൃശ്യങ്ങളും ശബ്ദങ്ങളും നേര്‍ത്തു ലയിച്ചു. തലച്ചോറിലേക്ക് ഇരച്ചുകയറിയ കാമം അവളെ കീഴ്പെടുത്തി. ബോണിയുടെ ചുണ്ടിലും കവിളിലും മാറിലും അവളുടെ കണ്ണുകള്‍ വേട്ടയ്ക്കിറങ്ങി. 
''ഡീ'' -അവള്‍ വിളിച്ചു. 

നാടകം കഴിഞ്ഞു വേഷമഴിക്കാതെ ഊടുവഴിയിലൂടെ വീട്ടിലേക്ക് നടക്കുന്നതിനിടയില്‍ സിസി ബോണിയെ ചുംബിക്കുകയും അവനേയും കൊണ്ട് വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലേയ്ക്ക് ഊര്‍ന്നു കയറുകയും ചെയ്തു. 
''ഡീ...'' -അവള്‍ അവനെ അടിമുടി നോക്കി വിളിച്ചു. 

''ഡാ...'' -പ്രണയത്താല്‍ ചിലമ്പിയ സ്വരത്തില്‍ അവന്‍ വിളി കേട്ടു. അവര്‍ പരസ്പരം പുണര്‍ന്നപ്പോള്‍ വള്ളിപ്പടര്‍പ്പുകള്‍ നിശ്വാസമടക്കി താഴ്ന്നു നിന്നു. അവന്‍ കണ്ണടച്ചു. അവള്‍ അവനെ കീഴ്മേല്‍ മറിച്ചു. 
''ഈ പെണ്ണിനിതെന്തിന്റെ തിളപ്പാ'' ഉലഞ്ഞ ആണ്‍വേഷത്തോടെ വീട്ടിലെത്തിയ സിസിയോടു അമ്മ മേരി ചോദിച്ചു. 
അകത്തെ മുറിയില്‍ മദ്യമയക്കത്തോടെ കിടന്ന അപ്പനെ സിസി കുലുക്കി വിളിച്ചുണര്‍ത്തി. ഞെട്ടിയുണര്‍ന്ന അപ്പന്‍ അത്ഭുതപ്പെട്ടു. 
''എന്റെ മാതാവേ, ഇതാരാ കര്‍ത്താവോ?''
''അതേ പാപ്പച്ചാ'' -ആണ്‍ശബ്ദത്തില്‍ സിസി പറഞ്ഞു. തല വെട്ടിച്ചുനോക്കിയ പാപ്പച്ചന്‍ കര്‍ത്താവിന്റെ തിരുരൂപം കണ്ടു കുരിശു വരച്ചിട്ടു പറഞ്ഞു: 

''ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ.''
''ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ.''
''കര്‍ത്താവെന്താ ഒരു മുന്നറിയിപ്പില്ലാതെ?''
''മുന്നറിയിപ്പില്ലാതെ വരുന്നവനല്ലേ പാപ്പച്ചാ കര്‍ത്താവ്.''
''ഓ... അതു ശരിയാ'' -പാപ്പച്ചന്‍ വാ പൊത്തി പറഞ്ഞു. 
''പാപ്പച്ചാ.''
''എന്തോ.''
''കുടിച്ചു കുന്തം മറിഞ്ഞിങ്ങനെ നടന്നാല്‍ നിന്നെ ഞാനുടനേയങ്ങ് കൊണ്ടുപോകും.''
''അതൊക്കെ കര്‍ത്താവിന്റെ ഇഷ്ടം. ഇതെന്റെയിഷ്ടം.''
''പാപ്പച്ചാ...'' -സിസി ശബ്ദം കടുപ്പിച്ചു. 

''കുടി നിര്‍ത്തണോന്നു മാത്രം പറയല്ലേ പൊന്നു കര്‍ത്താവേ'' -പാപ്പച്ചന്‍ വിനീതനായി. 
''അതെന്താ?''
''ഈ കരേലിനിയത് പറയാന്‍ കര്‍ത്താവു മാത്രമേ ബാക്കിയുള്ളൂ. സ്വര്‍ഗ്ഗത്തില്‍ വന്നാല്‍ ഞാന്‍ ഒരു തുള്ളി തൊടില്ല. ബോധത്തോടെയെനിക്കീ ഭൂമിയില്‍ ജീവിക്കാന്‍ കഴിയില്ലെന്നറിയുന്ന ആള് തന്നെ ഇങ്ങനെ പറഞ്ഞാല്‍... സത്യമായിട്ടും കരച്ചില് വരണ് കര്‍ത്താവേ...''
സിസി മറുപടി പറഞ്ഞില്ല. പാപ്പച്ചന്‍ കട്ടിലിലേക്ക് മറിഞ്ഞു. 

''അങ്ങേരീ ജന്മം കുടി നിര്‍ത്തില്ല.'' അടുക്കളയില്‍നിന്ന മേരി വിളിച്ചുപറഞ്ഞു. 

കുടി നിര്‍ത്തിയാല്‍, കട്ടിലില്‍ കിടന്ന ഞാനെങ്ങനാടീ മേരീ തറേല്‍ വീണതെന്നു പുലര്‍ച്ചെ അപ്പന്‍ ചോദിക്കുമ്പോള്‍, കട്ടിലില്‍ കിടന്നുരുണ്ടാല്‍ തറേലല്ലാതെ ആകാശത്ത് വീഴോ എന്നു മറു ചോദ്യം ചോദിക്കാന്‍ പറ്റോ? രാത്രീല് മാതാവെന്നെ മെല്ലെ എടുത്ത് താഴെ കിടത്തിയതാന്ന് അപ്പന്‍ പറയുമ്പോള്‍, പിന്നേ മാതാവിനു നിങ്ങളെ കട്ടിലീന്നെടുത്തു താഴെ കിടത്തുകയല്ലേ പണിയെന്നു ചോദിച്ചു വായടപ്പിക്കാന്‍ പറ്റോ?
സിസിയുടെ മനസ്സില്‍ ഒന്നിനു പിറകേ ഒന്നായി ചോദ്യങ്ങള്‍ വന്നെങ്കിലും ഒന്നുപോലും ചോദിച്ചില്ല. അരണ്ട വെളിച്ചത്തില്‍ അമ്മയും തലതൊട്ടപ്പനും ഒരുമിച്ചു കട്ടിലില്‍ കിടക്കുന്നതു നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ മുതല്‍ താന്‍ കാണുന്നു. ഭര്‍ത്താവിനെ തറയില്‍ കിടത്തിയിട്ടു രഹസ്യക്കാരനുമായി കട്ടിലില്‍ കിടന്നുള്ള അമ്മയുടെ പ്രണയം തന്റെ മുറിയിലെ ജനാല പഴുതിലൂടെ അവള്‍ എത്രയോ കാലമായി ശ്വാസമടക്കിനിന്നു കാണുന്നു. മാതാവിന്റെ ചിത്രത്തിനു മുന്നില്‍ മേരി മെഴുകുതിരി കത്തിക്കുമ്പോള്‍ ജെര്‍മിയാസ് പാപ്പച്ചനെ പൂ പോലെയെടുത്ത് നിലത്തു കിടത്തും. പുലരും മുന്‍പ് മെഴുകുതിരി ഉരുകിത്തീരും. 

ജെര്‍മിയാസ് വന്നുപോകുന്നതിന്റെ അടുത്ത ദിവസം മേരിയുടെ മുഖം മാതാവിന്റെ മുഖം പോലെ ദീപ്തമാകും. 

ആണ്‍വേഷമഴിച്ചതു മുതല്‍ സിസിയെ വീണ്ടും വിഷാദം വിഴുങ്ങി. ഉറങ്ങാന്‍ കിടന്നപ്പോള്‍ അതു വര്‍ദ്ധിച്ചു. ബോണിയെക്കുറിച്ചോര്‍ത്തപ്പോള്‍ അവളുടെ അടിവയറിനു താഴെ ചെറുതായി നീറി. പുരുഷന്റെ തട്ടും തലോടലും മുന്‍പും അവള്‍ അറിഞ്ഞിട്ടുണ്ട്. അറിയാത്ത പ്രായത്തിലും അറിയുന്ന പ്രായത്തിലും മുഖത്തും മാറിലും ചന്തിയിലുമൊക്കെ പിടിച്ചു വേദനിപ്പിച്ചവരോടെല്ലാം അവള്‍ക്ക് വെറുപ്പായിരുന്നു. തലതൊട്ടപ്പന്‍ അമ്മയെ തലോടുന്നതുപോലെയാരും അവളെ തലോടുകയോ ചുംബിക്കുകയോ ചെയ്തിട്ടില്ല. 

സെബസ്റ്റ്യാനോസ് പള്ളിയിലെ പാദുകാവല്‍ പെരുന്നാളിന് 'മിശിഹാചരിത്രം' നാടകം കണ്ടു കൊണ്ടിരിക്കുന്നതിനിടയില്‍ മൂത്രമൊഴിക്കാന്‍ പോയ അവളെ ഇരുളിന്റെ മറവില്‍ വച്ചു പിന്നിലൂടെ വന്നു ഗിലാറിയോസ് വാ പൊത്തി പിടിച്ചതും ''എടീ ഞാനാ'' എന്നു പറഞ്ഞ് ഉമ്മ വച്ചതുമാണ് എടുത്തുപറയത്തക്ക അവളുടെ ആദ്യ പുരുഷസംഗമം. അന്നവള്‍ ഒന്‍പതാം ക്ലാസ്സിലാണ്. ''എടാ ഞാന്‍ പെടുത്തുതീര്‍ന്നില്ല'' ഗിലാറിയോസിനോട് അവള്‍ പറഞ്ഞു. അവനത് കേട്ടില്ല. അവനവളെ വലിച്ചു നിലത്തിട്ടു. അവളാ കിടപ്പില്‍ കിടന്നു മൂത്രമൊഴിച്ചു. വെപ്രാളത്തില്‍ അവനെന്തൊക്കെയോ കാട്ടിക്കൂട്ടി. 
''ശ്ശെ, പാവാടയാകെ നനഞ്ഞു. വിട്'', അവനെ തള്ളിമാറ്റി അവള്‍ ചാടി എഴുന്നേറ്റു. 

''എടീ നീ പെടുക്കാന്‍ പോയതോ തൂറാന്‍ പോയതോ?'' തിരിച്ചു ചെന്നപ്പോള്‍ മേരി ചോദിച്ചു. സിസി മറുപടി പറഞ്ഞില്ല. മഗ്ദലനമറിയത്തിന്റെ വേഷം കെട്ടി നാടകം കളിക്കുന്ന ജെര്‍മിയാസിനെ ഉറ്റുനോക്കിയിരിക്കുകയായിരുന്നു മേരി. സിസി ചുറ്റിലും കണ്ണോടിച്ചു. ആള്‍ക്കാര്‍ക്കിടയില്‍ മിഴിച്ച കണ്ണുമായി ഗിലാറിയോസ് നില്‍ക്കുന്നു. തോറ്റു തോറ്റു പഠിക്കുകയും സ്‌കൂളിലെ എല്ലാ സമരങ്ങള്‍ക്കും അടിപിടികള്‍ക്കും മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നവന്‍ ഒരവസരം കിട്ടിയതു കളഞ്ഞുകുളിച്ചു. കഷ്ടം. ഇവനെയൊക്കെ എന്തിനു കൊള്ളാം. ഒരു വാക്ക് നേരത്തേ പറഞ്ഞിരുന്നെങ്കില്‍, ഒന്നു മൂത്രമൊഴിച്ചു തീര്‍ക്കാനെങ്കിലും പന്നീടെ മോന്‍ സമ്മതിച്ചിരുന്നെങ്കില്‍. ഇവനൊക്കെ പെണ്ണിന്റെ മനസ്സ് എന്നാണാവോ മനസ്സിലാക്കുന്നത്. മരത്തലയന്‍. 

ഗിലാറിയോസ് അവളെ നോക്കിയപ്പോള്‍ അവള്‍ ദേഷ്യത്തോടെ മുഖം വെട്ടിത്തിരിച്ചു. തുടകള്‍ തമ്മിലൊട്ടിയപ്പോള്‍ അവള്‍ക്ക് അവനോടുള്ള ദേഷ്യം പുച്ഛമായി മാറി. ഇവനൊക്കെ തലതൊട്ടപ്പനെ കണ്ടു പഠിക്കണം. അമ്മയെ എത്രമാത്രം ലാളിക്കുകയും ഉമ്മവയ്ക്കുകയും ചെയ്തിട്ടാ... ഇതാദ്യമേ... പൊട്ടന്‍, ഊള. മുന്നിലൂടെ തൂറുന്ന ജന്തു. 

ഓര്‍മ്മകളില്‍ മുഴുകി ഉറങ്ങാതെ കിടന്ന സിസിക്ക് ബോണിയോട് ഭയങ്കര പ്രേമം തോന്നി. തലതൊട്ടപ്പന്‍ അമ്മയെ പ്രണയിച്ചതുപോലെയാണ് അവള്‍ ഒട്ടും തിടുക്കമില്ലാതെ ബോണിയെ പ്രണയിച്ചത്. സിസിക്ക് അമ്മയോട് അസൂയ തോന്നി. അവള്‍ക്ക് വീണ്ടും ആണ്‍വേഷം കെട്ടണമെന്നും ബോണിയെ പെണ്‍വേഷം കെട്ടിക്കണമെന്നും തോന്നി. മേരിയുടെ മുറിയില്‍നിന്നു ജനാലപ്പഴുതിലൂടെ തെറിച്ചുവീണ മെഴുകുതിരി വെട്ടവും അടക്കിയ സ്വരവും ഉറങ്ങിത്തുടങ്ങിയ സിസിയെ വിളിച്ചുണര്‍ത്തി. 

''എടീ മേരീ പാപ്പച്ചന്‍ ഇനി അധികകാലോന്നും കാണില്ല. അതിനു മുന്‍പ് സിസിയെ കെട്ടിച്ചു വിടണം.''
''കുമ്പാരി നല്ലൊരു പയ്യനെ കണ്ടുപിടിക്ക്'', ജെര്‍മിയാസിന്റെ ദേഹത്തൊട്ടിക്കിടന്ന മേരി പറഞ്ഞു. നിലത്തു കിടന്ന പാപ്പച്ചന്‍ വലിയ ശബ്ദത്തില്‍ കൂര്‍ക്കംവലിച്ചുറങ്ങി. 

''തണ്ടും തടീമുള്ള ഒരുത്തന്‍ മതി. എങ്ങനേങ്കിലും ജീവിച്ചോളും. വേലേം കൂലീന്നൊക്കെ പറഞ്ഞു പോയതിന്റെ...'' പറഞ്ഞത് മേരി പൂര്‍ത്തിയാക്കിയില്ല. ജെര്‍മിയാസ് നിശബ്ദനായി. മേരിയെ ആദ്യം വിവാഹമാലോചിച്ചു ചെന്നത് തണ്ടും തടിയുമുള്ള ജെര്‍മിയാസ് ആയിരുന്നു. വേലേം കൂലിയുമില്ലാത്തവന്റെ കൂടെ പെണ്ണിനെ അയയ്ക്കില്ലെന്നു മേരിയുടെ അപ്പന്‍ തീര്‍ത്തു പറഞ്ഞു. മേരിക്കന്ന് പ്രായം പതിനാറാ. ജെര്‍മിയാസ് കെഞ്ചി അപേക്ഷിച്ചിട്ടും മേരീടപ്പന്‍ തരിമ്പും അലിഞ്ഞില്ല. 

''പോയി മേലനങ്ങി നാലു കാശൊണ്ടാക്കീട്ട് വാടാ. അപ്പോ പെണ്ണ് തരാം. വേലേം കൂലീമില്ലാത്തോന്‍ പൗഡറും പൂശി ഇളിച്ചോണ്ടു വന്നിരിക്കണ്.''
ജെര്‍മിയാസ് നിരാശയോടെ മടങ്ങി. 
''അതിനു മാത്രമെന്തു കോപ്പാടാ കൂവേ ആ നരിന്ത് പെണ്ണിനുള്ളത്. പോയി പണി നോക്കാന്‍ പറ.'' ജെര്‍മിയാസിന്റെ കൂട്ടുകാരന്‍ പാപ്പച്ചന്‍ പറഞ്ഞു.

''നീയടുത്തൊന്നും അവളെ നേരേ ചൊവ്വേ കാണാത്തോണ്ടാ. നരിന്തൊന്നുമല്ല. തടിച്ചുകൊഴുത്തതാടാ. കണ്ടതൊന്നും മനസ്സീന്നു പോണില്ല'' -ജെര്‍മിയാസ് കരഞ്ഞു. പാപ്പച്ചന്‍ ഒരു ഗ്ലാസ്സ് ചാരായം കൂടി അവന് ഒഴിച്ചുകൊടുത്തു. അവനത് ഒറ്റപ്പിടിപ്പീരിന് കുടിച്ചു. ''എടാ, അപ്പന്‍ ചത്താ ഇറച്ചിക്കട ഏറ്റെടുത്തു നടത്തേണ്ടത് ആരാ? നീ നോക്കിക്കോ അന്ന് ആഴ്ചയില്‍ ഒരു പന്നിക്കു പകരം രണ്ടും മൂന്നും ഞാന്‍ വെട്ടും. കൈനിറച്ച് കാശുമുണ്ടാക്കും. പൗലോയുടെ പന്നിയിറച്ചിക്കടയായിരിക്കില്ല ജെര്‍മിയാസിന്റെ പന്നിയിറച്ചിക്കട.'' 
''അതിന് ഉരുക്ക് കണക്കിരിക്കണ നിന്റെ അപ്പന്‍ ചാവണ്ടേടാ.''
അതു കേട്ട് ജര്‍മിയാസ് നിശബ്ദനായി. 

പന്നിയുടെ മൂച്ചും ബലവുമുള്ള അപ്പന്‍ ഉടനേയൊന്നും ചാവില്ലെന്ന നിരാശ അന്നു രാത്രി ജെര്‍മിയാസിന്റെ ഉറക്കം കെടുത്തി. മേരിയെ മറക്കാന്‍ കഴിയാതെ അവന്‍ നനഞ്ഞൊട്ടി കിടന്നു. 

പിറ്റേന്ന് ഉച്ചകഴിഞ്ഞ് ജെര്‍മിയാസ് പാപ്പച്ചനേയും വിളിച്ച് ഊടുവഴി ചാടി കൈത കൂട്ടത്തിനുള്ളില്‍ കണ്ണും മിഴിച്ച് ആറ്റുകടവിലേക്ക് നോക്കിയിരുന്നപ്പോള്‍ ഒരു കെട്ടു തുണിയുമായി മേരി കടവില്‍ വന്നു. തുണി കഴുകി വിരിച്ചിട്ട് അവള്‍ കുളിക്കാനാരംഭിച്ചപ്പോള്‍ ജെര്‍മിയാസ് പറഞ്ഞതും പറയാത്തതും പാപ്പച്ചന്‍ ഒളിച്ചുകണ്ട് കണ്ണുതള്ളി. 

അന്നു രാത്രി ബോധം മറയും വരെ പാപ്പച്ചനും ജെര്‍മിയാസും കുടിച്ചു. 

പിറ്റേന്നു നേരം വെളുത്തപ്പോള്‍ കുളിച്ചു പൗഡറും സെന്റും പൂശി നിറയെ മഞ്ഞപ്പൂക്കളുള്ള ഷര്‍ട്ടും വെള്ളമുണ്ടും അണിഞ്ഞ് പാപ്പച്ചന്‍ അപ്പന്‍ പത്രോസിനെ വിളിച്ചെഴുന്നേല്‍പ്പിച്ചിട്ടു പറഞ്ഞു:
''അപ്പച്ചാ ഒരുടുപ്പെടുത്തിട്ടോണ്ടു വാ, ഒരിടം വരെ പോകാനാ.''
''എവിടേടാ കൂവേ'' -താല്പര്യമില്ലാതെ പത്രോസ് ചോദിച്ചു. 
''ഒരു പെണ്ണു ചോദിക്കാനാ.''
''ആര്‍ക്കാടാ പെണ്ണ്?''
''അപ്പന്. കോണാത്തിലെയൊരു ചോദ്യം; അപ്പച്ചനാണെന്നൊന്നും ഞാന്‍ നോക്കില്ല.''
''ഓ, പിന്നേ അപ്പച്ചന്‍. നീ ഒറ്റയ്ക്ക് തിന്നും കുടിച്ചും നടക്കുമ്പോഴൊന്നും ഒണ്ടാക്കിയ തന്തയെ ഓര്‍ത്തില്ലല്ലോ. ഇപ്പോ ഇല്ലാത്ത ഒരപ്പന്‍ സ്‌നേഹം'' പത്രോസ് പറഞ്ഞു. പാപ്പച്ചനു ദേഷ്യം വന്നു. 

''ഓ, അപ്പന്‍ ചത്തവന്മാര്‍ക്കും പെണ്ണു കിട്ടും. രണ്ടാംവയസ്സില്‍ എന്റെ അമ്മച്ചി മാത്രമല്ല, അപ്പനും ചത്തെന്നു ഞാന്‍ പറഞ്ഞോളാം. പോയി പണി നോക്കപ്പച്ചാ'' അവന്‍ ദേഷ്യത്തോടെ മുറ്റത്ത് തുപ്പിയിട്ടു പുറത്തേക്ക് നടന്നു. 

''എടാ പാപ്പാ, നില്ലടാ'' ചാടിയെഴുന്നേറ്റ പത്രോസ് പിന്നാലെ വിളിച്ചു. പാപ്പച്ചന്‍ നിന്നു. 
''നിന്റെയൊരു ഉടുപ്പും മുണ്ടുമിങ്ങെട്.'' പത്രോസ് കൈകൊണ്ട് മുടി ഒതുക്കിയിട്ട് പറഞ്ഞു. 
കറുപ്പില്‍ ചുവന്ന പൂക്കളുള്ള ഉടുപ്പും വെള്ളമുണ്ടും ധരിച്ച പത്രോസ് യാത്രയ്‌ക്കൊരുങ്ങി. 
''പച്ചക്കെങ്ങനാടാ മോനേ പോണത്? നമുക്ക് രണ്ട് പൊടി അടിച്ചിട്ട് പോകാം.''
''പൊടി, അയ്യോ! പാവം. കുടിച്ചോണ്ട് അലമ്പുണ്ടാക്കരുത്.''
''എടാ നിന്റെയൊരു കാര്യത്തിനു വന്നിട്ടു ഞാനലമ്പുണ്ടാക്കോ? പത്രോ തന്തയില്ലായ്ക കാണിക്കില്ല. ചത്തുകുത്തി പോണതിനെക്കാളും ഒരു തരിപ്പോടെ പോകാമെന്നു വച്ചാ.''
''പണ്ടാരമടങ്ങാന്‍ വാ'' -പാപ്പച്ചന്‍ വിളിച്ചു. 

അപ്പനും മോനും ഷാപ്പീന്നിറങ്ങിയപ്പോള്‍ വെയിലുറച്ചിരുന്നു. പത്രോസിന്റെ കാലുകള്‍ നിലത്തുറയ്ക്കാതെ ആടി. പാപ്പച്ചന്‍ കാലുറപ്പിച്ചു നടന്നു. 
''നിന്റെ പ്രായത്തില്‍ പത്രോ രാജാവാടാ, രാജാവ്. ഇരുപത്തിയാറാമത്തെ വയസ്സില്‍ നീയീ പടം വരച്ചുണ്ടാക്കുന്ന നാലു പൂട പോലെയല്ല. അമ്മാനമാടിക്കളിക്കാനുള്ള പണമാ ഈ കയ്യിലൂടെ ഒഴുകിപ്പോയത്...'' പത്രോസ് പറഞ്ഞുതീരും മുന്‍പ് മുന്നില്‍ ഒരു ലോറി വന്നുനിന്നു. 
''എടാ പാപ്പച്ചാ എങ്ങോട്ടാ?'' ലോറിക്കാരന്‍ ചോദിച്ചു. 

അപ്പനും മോനും ലോറിയില്‍ കയറി. ലോറിയുടെ പിന്നില്‍ പാപ്പച്ചന്‍ വരച്ച മാതാവിന്റെ ചിത്രത്തിനു മുന്നില്‍ മെഴുകുതിരി കത്തിച്ചു മുട്ടുകുത്തി പ്രാര്‍ത്ഥിച്ചിട്ടേ രാവിലെ വണ്ടി എടുക്കൂവെന്നു യാത്രയ്ക്കിടയില്‍ ലോറിക്കാരന്‍ പറഞ്ഞു. 

''ജീവനുള്ള മാതാവിനെയാടാ നീ വരച്ചത്. അതീപ്പിന്നെയാ ഞാന്‍ വെളക്കം പിടിച്ചത്. കടം കേറി കയറെടുക്കാന്‍ നിന്ന എന്നെ മാതാവ് കരകേറ്റിയെടാ'' -ലോറിക്കാരന്‍ പറഞ്ഞു. പാപ്പച്ചനു സന്തോഷമായി. 

വേലേം കൂലിയുമുള്ള പാപ്പച്ചനെ മേരീടപ്പന്‍ മാത്തച്ചനു ബോധിച്ചു. അയാള്‍ മൂന്നു ഗ്ലാസ്സില്‍ ചാരായം നിറച്ചൊഴിച്ചു. പ്ലാസ്റ്റിക് കവറിലിട്ട് ഷര്‍ട്ടിനകത്ത് ഉടയാതെ സൂക്ഷിച്ചിരുന്ന മാതാവിന്റെ ജീവനുള്ള ചിത്രമെടുത്ത് പാപ്പച്ചന്‍ മേരിക്ക് സമ്മാനിച്ചു. മേരിയുടെ കയ്യില്‍നിന്നും ചിത്രം അവളുടെ അമ്മയും അനുജത്തിമാരും കൈമാറി കൈമാറി നോക്കി. എല്ലാവര്‍ക്കും പാപ്പച്ചനെ ഇഷ്ടമായി. 
''എനിക്കു തന്നതാ'' -സ്ലേറ്റിന്റെ വലിപ്പമുള്ള ചിത്രം തിരിച്ചു വാങ്ങി മേരി പറഞ്ഞു. 

''ഹോ! പെണ്ണിന്റെയൊരിളക്കം കണ്ടില്ലേ. അവനിനീം നിനക്ക് പടം വരച്ചു തരുമെടീ. അതിങ്ങ് താ'' മേരീടമ്മ ചോദിച്ചു. മേരിയത് ആര്‍ക്കും കൊടുത്തില്ല. 

കല്യാണം കഴിഞ്ഞു പോയപ്പോഴും ആഴ്ച ഒന്നു കഴിയും മുന്‍പ് വാടകവീട്ടിലേക്ക് താമസം മാറിയപ്പോഴും മാതാവിനെ പ്ലാസ്റ്റിക്ക് കൂടിലിട്ട് മേരി ഒപ്പം കൊണ്ടുപോയി. പാപ്പച്ചന്‍ ആ ചിത്രമവള്‍ക്ക് ചില്ലിട്ടു നല്‍കി. രാത്രി പാപ്പച്ചന്‍ വരാന്‍ വൈകുമ്പോള്‍ അവള്‍ മാതാവിന്റെ മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു. പാതിരാത്രി കുടിച്ചു കുന്തം മറിഞ്ഞുവരുന്ന പാപ്പച്ചന്‍ ബോധമില്ലാതെ ഉറങ്ങുമ്പോള്‍ മാതാവ് മേരിയെ ആശ്വസിപ്പിച്ചു. 

കല്യാണം കഴിഞ്ഞു മൂന്നുമാസം തികയും മുന്‍പ്, ഒരു പാതിരാത്രി കുടിച്ചു ബോധംമറഞ്ഞ പാപ്പച്ചനേയും സൈക്കിളില്‍ ഇരുത്തിക്കൊണ്ടു വന്ന ജെര്‍മിയാസ് അവനെ കട്ടിലില്‍ കൊണ്ടുപോയി കിടത്തിയിട്ട് മേരിയോട് ദുഃഖത്തോടെ പറഞ്ഞു:
''എന്നെ ചതിച്ചിട്ടാടീ മേരീ ഇവന്‍ നിന്നെ കെട്ടിയത്. ഞാനെത്രമാത്രം നിന്നെ മോഹിച്ചതാണെന്നറിയോ. ഈ നായിന്റെ മോനെ കൈതക്കാട്ടില്‍ കൊണ്ടുപോയതും നിന്നെ നേരെ ചൊവ്വേ കാണിച്ചുകൊടുത്തതും ഞാനാ. അപ്പനെ കൊന്നിട്ടാണെങ്കിലും കശാപ്പ് കട ഏറ്റെടുത്തിട്ടു നിന്നെ കെട്ടണമെന്നു ഞാനുറപ്പിച്ചതായിരുന്നു. അതിനിടേലാ ഈ കഴുവേറി...'' മേരി ദീര്‍ഘനിശ്വാസത്തോടെ ജെര്‍മിയാസിനെ നോക്കി. 

''മേരീ, നീ മാതാവിന്റെ മുന്നിലൊരു മെഴുകുതിരി കത്തിച്ചുവച്ചേ. നിന്നെ ഞാനൊന്നു കൊതി തീരെ കണ്ടോട്ടെ'' -ജെര്‍മിയാസ് പറഞ്ഞു. അല്പം പോലും ആലോചിക്കാതെ അവള്‍ മെഴുകുതിരി കത്തിച്ചു. അരണ്ട വെളിച്ചത്തില്‍ അവന്‍ അവളെ കണ്ണുചിമ്മാതെ നോക്കി. അവന്റെ കണ്ണിലൂടെ അന്നേരം കണ്ണീരൊലിച്ചിറങ്ങി. കണ്ണീര് തുടയ്ക്കാതെ അവന്‍, ബോധമില്ലാതെയുറങ്ങിയ പാപ്പച്ചനെ പൂ പോലെയെടുത്തു നിലത്തു കിടത്തി. ജെര്‍മിയാസും മേരിയും കട്ടിലില്‍ കിടന്നു. 

കോഴി കൂവും മുന്‍പ് മേരിയോട് യാത്ര പറഞ്ഞിറങ്ങിയ ജെര്‍മിയാസ് തന്റെ വീട്ടിലെ കൂട്ട നിലവിളിയിലേക്കാണ് ചെന്നു കയറിയത്. 
''എടാ മോനേ അപ്പന്‍ പോയെടാ. ജെര്‍മി എവിടേടീന്നു നെഞ്ചു തടവിക്കൊണ്ടിരുന്നപ്പോഴും ചോദിച്ചതാടാ.'' ജെര്‍മിയാസിന്റെ അമ്മ കണ്ണാക്ക് വിളിച്ചു. 

മരിച്ചുകിടക്കുന്ന അപ്പനെ കണ്ടിട്ടും വിശ്വാസം വരാതെ ജെര്‍മിയാസ് നിന്നു. 
''ചൂരത്തലേം കപ്പേം തിന്നിട്ട് ഒറങ്ങാന്‍ കെടന്നതാ. വെളുപ്പിനെണീച്ചിട്ടു നെഞ്ചു തടവിത്താടീയെന്നു പറഞ്ഞ് എന്നെ വിളിച്ചെണീപ്പിച്ചെടാ മോനേ. നെഞ്ചേല് ചൂടു വച്ചു തടവീട്ട് ഞാനൊരു വെറും ചായ അനത്താന്‍ പോയതാ. ചായേംകൊണ്ടു വന്നപ്പോള്‍ വെട്ടിയിട്ടപോലെ കെടക്കുന്നു. അനക്കോം ഇല്ല ആവീം ഇല്ല.''
നേരം വെളുത്തപ്പോള്‍ ആളും നിലവിളിയും വര്‍ദ്ധിച്ചു. ജെര്‍മിയാസിന്റെ മനസ്സില്‍ തലേ രാത്രിയും മേരിയുടെ മണവും നിറഞ്ഞുനിന്നു. മൂന്നു മാസം മുന്‍പായിരുന്നു അപ്പന്‍ മരിച്ചിരുന്നെങ്കില്‍ അമ്മയുടേയും സഹോദരിമാരുടേയും മധ്യത്തിരുന്നു മേരിയും കണ്ണാക്ക് വിളിച്ചിരുന്നേനേയെന്നു ചിന്തിച്ചപ്പോള്‍ ജെര്‍മിയാസിനു കടുത്ത നിരാശയും അപ്പനോട് ദേഷ്യവും തോന്നി. 

ജെര്‍മിയാസ് അപ്പന്റെ പന്നിയിറച്ചിക്കട ഏറ്റെടുത്തു. മേരിയെക്കാളും സൗന്ദര്യവും ചെറുപ്പവുമുള്ള എല്‍സയെ അവന്‍ വിവാഹം കഴിച്ചു. ഭര്‍ത്താവുപേക്ഷിച്ചു പോയ എല്‍സയുടെ ചേച്ചി മറിയത്തെക്കൂടി അവന്‍ ഏറ്റെടുത്തു. എന്നിരുന്നാലും ജെര്‍മിയാസിന്റെ പാതി ജീവന്‍ മേരിക്കൊപ്പം തന്നെയായിരുന്നു. കല്യാണം കഴിഞ്ഞു നാലാംദിവസം പാതിരാത്രിക്ക് അവന്‍ അവളെ തേടിപ്പോയി. 

''ഒരു കാര്യം പറയട്ടേ'', ജെര്‍മിയാസിനെ കെട്ടിപ്പിടിച്ചു കിടന്ന മേരി കൊഞ്ചി. 
''എന്താടീ?'' അവന്‍ ചോദിച്ചു. 

അവള്‍ അവന്റെ ഇടത്തേ കൈ പിടിച്ചു അവളുടെ ഇളം ചൂടുള്ള അടിവയറില്‍ വച്ചു. 
''എന്താ?'' അവന്‍ ചോദിച്ചു. 

''ഹൊ! ഒന്നും അറിയാത്തൊരാള്'' അവള്‍ അവന്റെ കവിളില്‍ നുള്ളി. 

''അപ്പാന്നു വിളിപ്പിച്ചോട്ടെ?'' അടിവയറില്‍ വച്ച അവന്റെ കയ്യില്‍ അമര്‍ത്തിയിട്ട് അവള്‍ തുള്ളിച്ചാടുന്ന മനസ്സോടെ ചോദിച്ചു. അവന്‍ മറുപടിയൊന്നും പറഞ്ഞില്ല. 

പിറ്റേന്നു രാവിലെ വീടിന്റെ പിന്നാമ്പുറത്തു വില്ലുപോലെ വളഞ്ഞുനിന്നു മഞ്ഞനിറത്തില്‍ ചര്‍ദ്ദിച്ചപ്പോള്‍ മുതുക് തടവി തരാനും വായും മുഖവും കഴുകാന്‍ ഇത്തിരി വെള്ളമെടുത്ത് നീട്ടാനും ജെര്‍മിയാസ് അടുത്തുണ്ടായിരുന്നെങ്കിലെന്നു മേരി ആഗ്രഹിച്ചു. 

''എടാ പാപ്പച്ചാ, കൊച്ചു പെണ്ണാണെങ്കില്‍ ഞാനൊരുഗ്രന്‍ പേര് കണ്ടുവച്ചിട്ടുണ്ട്. പറയട്ടെ?''
പൂര്‍ണ്ണ ഗര്‍ഭിണിയായ മേരിയേയും കൊണ്ട് പാപ്പച്ചന്‍ ആശുപത്രിയില്‍ പോയപ്പോള്‍ വഴിയില്‍ നിന്ന ജെര്‍മിയാസ് ചോദിച്ചു: 
''എന്താദ്?'' -താല്പര്യമില്ലാതെ പാപ്പച്ചന്‍ ചോദിച്ചു. 

''സിസി ജാക്വിലിന്‍'' -ജെര്‍മിയാസ് പറഞ്ഞു. 
''ഹാ! നല്ല പേര്'' -മേരി പറഞ്ഞു. 

''എടാ, കൂവേ; എന്റെ കൊച്ച് ആണായിരിക്കും. അവനുള്ള പേര് ഞാന്‍ കണ്ടുവച്ചിട്ടുണ്ട്. കേക്കണോ നിനക്ക്?''
''ആണാണെങ്കി പാപ്പച്ചായന്‍ പേരിടും പെണ്ണാണെങ്കില്‍ ജെര്‍മിച്ചായന്‍ പേരിടും.'' മേരി ഇടയ്ക്ക് കയറി പറഞ്ഞു. 
ജെര്‍മിയാസ് മേരിയെ നോക്കി. അവളുടെ വിളറിയ മുഖവും കണ്ണുകള്‍ക്കു താഴെ പടര്‍ന്ന നീരും മേല്‍ച്ചുണ്ടിനുമേല്‍ പൊടിഞ്ഞ വിയര്‍പ്പും കണ്ട് ജെര്‍മിയാസിനു പാവം തോന്നി. 

മകനിടാന്‍ മനസ്സില്‍ കരുതിയ പേരും അവന്‍ തന്നെക്കാളും വലിയ ചിത്രകാരനാകണമെന്ന ആഗ്രഹവും പാപ്പച്ചന്‍ ഉള്ളിലടക്കി. 
സിസി ജാക്വിലിന്‍ എന്ന പേര് മനസ്സില്‍ ആവര്‍ത്തിച്ചു പറഞ്ഞു പ്രാര്‍ത്ഥിച്ച മേരി ഡോക്ടറെ കാണാന്‍ വാടിക്കുഴഞ്ഞ് ക്യൂ നിന്നു. ആണായാലും പെണ്ണായാലും ജ്ഞാനസ്‌നാനത്തിനു കൊച്ചിന്റെ തലതൊട്ടനുഗ്രഹിക്കുന്നത് ജെര്‍മിയാസായിരിക്കുമെന്നവള്‍ ഉറപ്പിച്ചു. 

ക്ലാസ്സിലിരുന്ന സിസി അടിവയറില്‍ കയ്യമര്‍ത്തി വേദനയോടെ കരഞ്ഞു. 
''എന്താടീ?'' അടുത്തിരുന്ന പുഷ്പറാണി ചോദിച്ചു. 

''വയറു വേദന'' -സിസി പറഞ്ഞു. 

''ടീച്ചറേ സിസിക്ക് വയറുവേദനേന്ന്.'' പുഷ്പറാണി പറഞ്ഞു.
 
''യുവജന ഹൃദയം സ്വതന്ത്രമാണവരുടെ
കാമ്യപരിഗ്രഹേച്ഛയാല്‍'' എന്ന വരിയുടെ അര്‍ത്ഥം വിശദമാക്കി നിന്ന ടീച്ചര്‍ ചോദിച്ചു:
''തുണി വച്ചിട്ടുണ്ടോ?''
''ഇല്ല'' സിസി പറഞ്ഞു. 

''ഓടി വീട്ടിപ്പോ'' -ടീച്ചര്‍ പറഞ്ഞു.
 
ബോണിയന്നു സ്‌കൂളില്‍ വന്നിട്ടില്ലെന്നും അവന്റെ അപ്പനും അമ്മയും കളക്ടറേറ്റിനു മുന്നില്‍ സമരത്തിനു പോയതിനാല്‍ അനിയത്തിയെ നോക്കാന്‍ വീട്ടിലിരിക്കുകയാണെന്നും അവള്‍ക്കറിയാമായിരുന്നു. നമ്മുടെ സഭേടെ ശക്തി കാണിച്ചുകൊടുക്കണമെന്നും എല്ലാവര്‍ക്കും ഒരു ദിവസത്തെ ശമ്പളവും ഉച്ചയൂണും നല്‍കുമെന്നും പള്ളീല് വച്ച് അച്ചന്‍ പറഞ്ഞപ്പോഴേ സിസി ഉറപ്പിച്ചതാ രണ്ടാമത്തെ പീരിഡിലെ വയറുവേദനയും ഇടവഴിയിലൂടെയുള്ള ഈ ഓട്ടവും. അവള്‍ വിയര്‍ത്തുകുളിച്ച് ബോണിയുടെ വീട്ടിലെത്തി. 

''ഡീ'' ബോണി അതിശയിച്ചു. അവള്‍ കിതപ്പോടെ ചിരിച്ചു. 
''നീയിങ്ങോട്ടു വരുന്നത് ആരെങ്കിലും കണ്ടോ?''
''ആ...'' അവള്‍ അറിയില്ലെന്നു കൈമലര്‍ത്തി. നിലത്തിഴഞ്ഞു കളിക്കുന്ന ബോണിയുടെ അനുജത്തി മോണിക്ക അവളെ തലയുയര്‍ത്തി നോക്കി. 
ബോണിയുടെ നേരെ ഇളയ രണ്ട് അനുജത്തിമാരും അപ്പനോടും അമ്മയോടുമൊപ്പം സമരത്തിനു പോയി. കുട്ടികള്‍ക്ക് ശമ്പളമില്ല. ഉച്ചയൂണുമാത്രം. 

മോണിക്കയെ എടുത്ത് ഒരുമ്മ കൊടുത്തിട്ട് സിസി അവളെ തൊട്ടിലില്‍ കിടത്തി. അയയില്‍ നിന്നു ബോണിയുടെ അമ്മയുടെ നൈലോണ്‍ സാരിയും ബ്ലൗസുമെടുത്ത് അവള്‍ ബോണിയെ അണിയിച്ചു. കണ്ണെഴുതി പൊട്ടു തൊടീച്ചു. 

''ഡീ'' -അവള്‍ വിളിച്ചു. ആ വിളി കേട്ടപ്പോള്‍ അതുവരെയറിയാത്ത നിര്‍വൃതി അവനെ വന്നു മൂടി. അവള്‍ കതകടച്ചു. 
ചിണുങ്ങി കരഞ്ഞ കുഞ്ഞ് എപ്പോഴോ വിരലുകുടിച്ചുറങ്ങി. 

തളര്‍ന്നുകിടന്ന അവനെ ഒട്ടിക്കിടന്ന അവള്‍ ചോദിച്ചു: 
''എടീ നമുക്കൊളിച്ചോടിയാലോ?''
മേരിയുടെ ഒന്നേകാല്‍ പവനുള്ള മാലയും ഒരു സാരിയും ബ്ലൗസും കട്ടെടുത്ത് സിസി ബോണിയേയും കൂട്ടി ആരുമറിയാതെ വെളുപ്പിനുള്ള ബസില്‍ കയറി വേളാങ്കണ്ണിക്കു പോയി. 

ഒളിച്ചോടിയതിന്റെ മൂന്നാം ദിവസം വൃത്തിയില്ലാത്ത ലോഡ്ജിലെ കുടുസ്സുമുറിയില്‍ വച്ചു സിസി ബോണിയുടെ മീശയും താടിയും കയ്യിലേയും നെഞ്ചിലേയും രോമവും ഷേവ് ചെയ്ത് പുതിയ അടിപ്പാവാടയും ബ്രായും ബ്ലൗസും സാരിയും ഉടുപ്പിച്ചു. നീട്ടിവളര്‍ത്തിയ അവന്റെ മുടിയില്‍ ഇളകാത്തവിധം തിരുപ്പന്‍ കെട്ടിയുറപ്പിച്ചു. ചുണ്ടില്‍ ചായം തേച്ചു. ക്ഷീണിച്ചു വാടിയ അവന്റെ കണ്ണില്‍ കരിയെഴുതി. 

അവള്‍ അവന്റെ കഴുത്തിലും അവന്‍ അവളുടെ കഴുത്തിലും വെള്ളമുത്തുള്ള കുരിശുമാലയിട്ടു പ്രാര്‍ത്ഥിച്ചു. 

പകല്‍ ചാഞ്ഞ സമയത്ത് അവര്‍ കടല്‍ക്കരയിലേക്കു നടന്നു. കടലിലേക്കു താഴുന്ന സൂര്യനെ നോക്കിയിരുന്ന അവര്‍ ഒരിക്കലും പിരിയില്ലെന്ന് മാതാവിനെ സാക്ഷിനിര്‍ത്തി സത്യം ചെയ്തു. സിസിയുടെ തോളില്‍ ചാരി ബോണി കണ്ണടച്ചിരുന്നു. 

വെയില്‍ മാഞ്ഞതും ഇരുള്‍ വന്നതും അവര്‍ അറിഞ്ഞില്ല. 

പിന്നിലൂടെ വന്ന ജെര്‍മിയാസ് ബോണിയെ ആഞ്ഞു ചവിട്ടി. 

''നായിന്റെ മോനേ'' -ചവിട്ടിയതിനൊപ്പം ജെര്‍മിയാസ് വിളിച്ചു. ബോണി കടല്‍ത്തീരത്ത് തെറിച്ചുവീണു. സിസി ഞെട്ടിപ്പോയി. 
''നീ എന്തു കണ്ടിട്ടാടീ...?'' ജെര്‍മിയാസ് അലറി. 

നനഞ്ഞ മണലില്‍ മുഖമിടിച്ചു വീണ ബോണി ചാടിപ്പിടഞ്ഞെഴുന്നേറ്റപ്പോള്‍ ജെര്‍മിയാസ് ഒരു തടിക്കഷണവുമെടുത്ത് പുളിച്ച തെറിയും വിളിച്ച് അവനു നേരെ ചെന്നു. സാരിയും ഉയര്‍ത്തിപ്പിടിച്ചു ബോണി തീരം വഴി ഓടി. പിന്നാലെ ഓടിയ ജെര്‍മിയാസ് തടിക്കഷണം കടലിലേക്കെറിഞ്ഞിട്ടു മടങ്ങിവന്ന് സിസിയേയും കയ്യില്‍ പിടിച്ചു ബസ് സ്റ്റാന്റിലേക്ക് നടന്നു. 

''ഓടാതെ നെഞ്ചുവിരിച്ചു നിന്ന് നിന്നെ കെട്ടുമെന്നവന്‍ പറഞ്ഞിരുന്നെങ്കി ഞാന്‍ മുന്നില്‍നിന്ന് കെട്ടു നടത്തി തന്നേനേ. മീശേം വടിച്ചു, സാരീം ഉടുത്തു മൂലോം കുലുക്കിയവന്‍ ഓടിയ ഓട്ടം നീയും കണ്ടതല്ലേ. പെണ്ണാളന്‍... ശ്ശെ...'' ബസിലിരുന്ന ജെര്‍മിയാസ് ബോണിയെ ചീത്ത പറഞ്ഞു കൊണ്ടേയിരുന്നു. സിസി പുറത്തേയ്ക്ക് നോക്കി മിണ്ടാതെയിരുന്നു. അടുത്ത ദിവസം വെളുപ്പിന് സിസിയും ബോണിയും എടത്വാ പള്ളിയില്‍ പോകാനിരുന്നതാണ്. പള്ളിയില്‍ പ്രാര്‍ത്ഥിച്ചിട്ടു കുട്ടനാട്ടിലുള്ള സിസിയുടെ അമ്മയുടെ അനുജത്തി ക്രിസ്തു മേരിയുടെ വീട്ടില്‍ അവര്‍ അഭയം പ്രാപിച്ചേനേ. 

താറാവു വില്‍പ്പനക്കാരനായ അന്യജാതിക്കാരനോടൊപ്പം ഒളിച്ചോടി ജീവിക്കുന്ന ക്രിസ്തു മേരിയുടെ വിലാസം കര്‍ത്താവിന്റെ ചിത്രത്തിനു പിറകിലെഴുതി സിസി സൂക്ഷിച്ചു വച്ചിട്ടുണ്ടായിരുന്നു. 

പെണ്‍വേഷം കെട്ടി ബസ് സ്റ്റാന്റിലെ സ്ത്രീകളുടെ മൂത്രപ്പുരയില്‍ കയറിയ ബോണിയെ യാത്രക്കാര്‍ പിടികൂടി പൊതിരെ തല്ലിയിട്ടു പൊലീസില്‍ ഏല്പിച്ചതും കോടതി മൂന്നു മാസത്തെ തടവിനു ശിക്ഷിച്ചതുമൊന്നും വീട്ടില്‍ തിരിച്ചെത്തിയ സിസിയോ നാട്ടുകാരോ വീട്ടുകാരോ അറിഞ്ഞില്ല. 
ശിക്ഷ കഴിഞ്ഞിറങ്ങിയ ബോണിക്ക് എവിടേയ്ക്ക് പോകണമെന്നു നിശ്ചയമുണ്ടായിരുന്നില്ല. മൂന്നു മാസം കൊണ്ടവന്‍ തടിച്ചുകൊഴുത്തു. ആഹാരത്തിന്റെ പങ്ക് തടവുകാര്‍ അവനു നല്‍കുകയും സ്‌നേഹത്തോടെ അവനെ എടീ എന്നു വിളിക്കുകയും ചെയ്തു. പതിനെട്ടു വയസ്സു തികഞ്ഞെന്നു പൊലീസുകാര്‍ എഴുതിപിടിപ്പിച്ചതും കോടതിയില്‍ താനത് സമ്മതിച്ചതും നന്നായെന്നു സ്‌നേഹം ഏറ്റുവാങ്ങി കിടന്ന എല്ലാ രാത്രികളിലും ബോണിക്കു തോന്നി. 

കറങ്ങിത്തിരിഞ്ഞ ബോണി ഒരു സന്ധ്യാനേരത്ത് ചാറ്റല്‍മഴയും നനഞ്ഞ് ജെര്‍മിയാസിന്റെ കടയുടെ മുന്നില്‍ ചെന്നു നിന്നു. 

''എടാ പന്നീ, നീയിപ്പോഴും ജീവനോടെയുണ്ടോ?'' ജെര്‍മിയാസ് ദേഷ്യത്തോടെ ചോദിച്ചു. 

''എവിടെയായിരുന്നടാ ചെകുത്താനേ നീയിതുവരെ. നിന്നെ ഞാന്‍ കൊന്നു കടലില്‍ താഴ്ത്തിയെന്നാ ഇവിടെയോരോ തന്തയില്ലാത്തവന്മാര്‍ മുറുമുറുക്കുന്നത്.'' ബോണി മറുപടിയൊന്നും പറഞ്ഞില്ല. 

''ആ പെണ്ണിനെ കൊണ്ടുപോയി ബേഷാ പരിപാടി നടത്തീട്ടു ഓടിയ സമയത്ത് നിന്നെയെന്റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ പന്നീടെ മോനേ, കൊന്നു ഞാന്‍ കടലില്‍ തള്ളിയേനേ.''
ബോണി തല കുമ്പിട്ടു നിന്നു. 

''നീയൊറ്റയൊരുത്തന്‍ കാണിച്ച കന്നം തിരിവ് കാരണം നിന്ന നിപ്പില്‍ എന്റെ കീശേന്ന് കീറിയ കാശെത്രയെന്നറിയാമോടാ? പെണ്ണിനെ പൊന്നും പണ്ടോമിട്ടു വീട്ടീന്നിറക്കിവിടാന്‍ പാപ്പച്ചനെക്കൊണ്ടൊക്കോ.'' ജെര്‍മിയാസ് പറഞ്ഞതു കേട്ടു ബോണി അമ്പരന്നു. 

''ഒരു ചെറുക്കനെ വല്ല വിധേനേയും ഒപ്പിച്ചു പിടിച്ചപിടിയാലെ കെട്ടു നടത്തി. വച്ചോണ്ടിരിക്കാന്‍ പറ്റ്വോ? നീയവളെ അടിച്ചു നിറച്ചാണോ വിട്ടതെന്നാര്‍ക്കറിയാം. രണ്ടാം കെട്ടാണെന്നേയുള്ളൂ, കൊഴപ്പോന്നുമില്ല. ബോട്ടുപണിക്കാരനാ. ആദ്യം കെട്ടിയ പെണ്ണിന് കൊച്ചുങ്ങളുണ്ടാകാത്തതുകൊണ്ടാ അവനവളെ കളഞ്ഞത്.'' ജെര്‍മിയാസ് പറഞ്ഞതു കേട്ട് ബോണിയുടെ ഹൃദയം നുറുങ്ങി. ഇനിയെന്തെന്ന ചിന്ത അവന്റെ തലച്ചോറില്‍ ഉരുണ്ടുമറിഞ്ഞു. കഴുത്തില്‍ കിടന്ന വെള്ളമുത്തുള്ള കുരിശുമാലയില്‍ പിടിച്ചുനിന്ന് അവന്‍ വിങ്ങലടക്കി. 

''എനിക്കിവിടെയെന്തെങ്കിലും... ജോലി...'' ബോണി വിക്കി വിക്കി ചോദിച്ചു. പന്നികള്‍ അമറി. 

പന്നിയുടെ എല്ലും കുടലും കുത്തിനിറച്ച വീപ്പയില്‍നിന്നു കയ്യിട്ടെടുത്ത കുടല്‍മാല ജെര്‍മിയാസ് ബോണിക്ക് നേരെ എറിഞ്ഞു. 
''പന്നി, എന്റെ കണ്ണുവെട്ടത്ത് കണ്ടുപോകരുത്. പോടാ'' -ജെര്‍മിയാസ് വെട്ടുകത്തി കയ്യിലെടുത്ത് ചാടിയിറങ്ങി. അവന്‍ കല്ലുപോലെ നിന്നു. 
''ഓടടാ...'' വെട്ടുകത്തി ഓങ്ങിക്കൊണ്ട് ജെര്‍മിയാസ് പറഞ്ഞു. ബോണി ഒന്നനങ്ങുകപോലും ചെയ്തില്ല. അന്നു മുതലാണ് പന്നിയിറച്ചിക്കടയില്‍ ബോണി ജോലിക്കാരനായത്. പന്നിയെ കൊല്ലുമ്പോള്‍ തെറിക്കുന്ന ചോരത്തുള്ളി പതിഞ്ഞ കടയുടെ പിന്നിലെ കരിങ്കല്‍ ചുവരുള്ള ചായ്പില്‍ അവന്‍ അന്തിയുറങ്ങി. 

കട വൃത്തിയാക്കാനും ഇറച്ചിവെട്ടാനും പന്നിയുടെ തോലുരിയാനും ബോണി വേഗം പഠിച്ചു. വലിയ ഇരുമ്പുകൂടംകൊണ്ട് ജെര്‍മിയാസ് പന്നിയുടെ തലയ്ക്കടിച്ചു കൊല്ലുമ്പോള്‍ ബോണി കണ്ണടയ്ക്കാതെ നോക്കിനിന്നു. 

തലയ്ക്ക് മുകളില്‍ കൂടം ഉയര്‍ത്തിപ്പിടിച്ച് ഇടത്തേക്കാല്‍ മുന്നോട്ടുവച്ച് ശ്വാസം ഉള്ളിലേക്കെടുത്ത് ബോണി മസ്തകം നോക്കി ആഞ്ഞടിക്കുമ്പോള്‍ പന്നി അമറലോടെ മൂക്കിടിച്ചു വീഴും. മര്‍മ്മം തെറ്റാതെ ബോണി അടിക്കുമ്പോള്‍ ജെര്‍മിയാസ് നോക്കിനില്‍ക്കും. ജെര്‍മിയാസും അപ്പന്‍ പൗലോയും തെറിപ്പിച്ച ചോരയ്ക്കു മുകളില്‍ ബോണി കരിങ്കല്‍ ചുവരില്‍ ചുവന്ന പൂക്കള്‍ വിരിയിച്ചു. 

''നീയെന്തിനാടാ പന്നീ അന്ന് കടപ്രം വഴി ഓടിയത്. നിന്നൂടായിരുന്നോ? എങ്കിലിങ്ങനെ മൂഞ്ചിത്തൊലിഞ്ഞ് ചായ്പില്‍ ഒറ്റയ്ക്ക് കിടക്കേണ്ടിവരുമായിരുന്നോ?'' ജെര്‍മിയാസ് പശ്ചാത്താപത്തോടെ ചോദിച്ചു. 

സിസിയെക്കുറിച്ചുള്ള ഓര്‍മ്മ കൂടുമ്പോള്‍ ബോണി രാത്രി ആരും കാണാതെ പെണ്‍വേഷം കെട്ടും. കണ്‍മഷിയും പൊട്ടും കുപ്പിവളയും ബ്രായും ബ്ലൗസും സാരിയും വെള്ളമുത്തുള്ള കുരിശുമാലയും അണിഞ്ഞു ചായ്പില്‍ ഒറ്റയ്ക്കിരുന്നു കരയും. വേഷം കെട്ടുമ്പോള്‍ മാത്രം തെളിയുന്ന ശബ്ദങ്ങള്‍ക്കായി അവന്‍ ചെവി കൂര്‍പ്പിക്കും. പക്ഷികളുടേയും മൃഗങ്ങളുടേയും മനുഷ്യരുടേയും ഒരുപാടു ശബ്ദങ്ങള്‍ കാറ്റിലൂടെ പറന്നുവരുന്നത് അവന്‍ കേള്‍ക്കും. അകലെയെവിടെയോ വിശന്നു കരയുന്ന കുഞ്ഞിന്റെ ശബ്ദവും മുലക്കണ്ണിലേക്ക് വായമര്‍ത്തുമ്പോഴുള്ള നേര്‍ത്ത മൂളലും കേള്‍ക്കുമ്പോള്‍ അവനില്‍ വാത്സല്യം നിറയും. നെഞ്ചു വിങ്ങും. കണ്ണീര്‍ നനവുള്ള കുഞ്ഞിന്റെ മുഖം ഉണ്ണിയേശുവിന്റെ മുഖമായി അവനില്‍ നിറയും. സിസിയെ കാണണമെന്ന തോന്നല്‍ അവനെ വരിഞ്ഞുമുറുക്കുമ്പോള്‍ കരച്ചില്‍ ഏങ്ങലായി മാറും. എന്നെങ്കിലുമൊരിക്കല്‍ ബോട്ടുപണിക്കാരന്‍ മരിയദാസനെ ഉപേക്ഷിച്ചു മകനേയും കൊണ്ട് സിസി തന്നെത്തേടി വരുന്നതും അന്ന് അവരേയും കൂട്ടി എടത്വാ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുന്നതും അവന്‍ സ്വപ്‌നം കണ്ടു. 

പിന്നെയൊരിക്കലും ബോണി സിസിയെ മുഖാമുഖം കണ്ടിട്ടേയില്ല. ജെര്‍മിയാസില്ലാത്ത തക്കം നോക്കി അവള്‍ പലതവണ ബോണിയെ അന്വേഷിച്ച് ഇറച്ചിക്കടയില്‍ ചെന്നു. അവളെ അകലേന്നു കാണുമ്പോഴേ അവന്‍ ചായ്പിന്റെ പിന്നിലൂടെ വേലി ചാടി ഓടും. കാത്തുനിന്നു മടുത്ത് അവള്‍ മടങ്ങുമ്പോള്‍ വള്ളിപ്പടര്‍പ്പുകള്‍ക്കകത്ത് ഒളിച്ചിരുന്ന് അവന്‍ അവളെ നോക്കും. കര്‍ത്താവ് നമ്മളെ വേര്‍പിരിച്ചു കളഞ്ഞല്ലോ സിസീ എന്നു ശബ്ദമടക്കി വിലപിക്കും. 

ഏങ്ങലടിച്ചു കരഞ്ഞിട്ടും തീരാത്ത സങ്കടത്തോടെ ഒരു പാതിരാത്രിയില്‍ പെണ്‍വേഷം കെട്ടിയ ബോണി ചായ്പില്‍നിന്നിറങ്ങി ആരും കാണാതെ ഊടുവഴിയിലൂടെ നടന്നു സ്‌കൂളിലെത്തി. ജനാല വഴി അകത്തുകടന്ന് അവരുടെ പഴയ ക്ലാസ്സില്‍ ഇരുന്നു. ബഞ്ചുകള്‍ ചേര്‍ത്തുകെട്ടി സ്റ്റേജ് ഉണ്ടാക്കിയ പഴയ സ്ഥലത്തു ചെന്നുനിന്ന് അവന്‍ പഴയ നാടകത്തിലെ ഡയലോഗുകള്‍ പറഞ്ഞു: 
''സ്ത്രീയുടെ ശ്രദ്ധയും നിരീക്ഷണവും ക്ഷമയും വാത്സല്യവും അനുകമ്പയും പ്രണയവും നീ ഊഹിക്കുന്നതിനെക്കാളും കൂടുതലാണ് കൂട്ടുകാരാ. ഒരു സ്ത്രീയായി ഈ പ്രപഞ്ചത്തിനെ നോക്കൂ. പുരുഷന്‍ കാണുന്ന നരച്ച പ്രപഞ്ചമല്ല, സ്ത്രീ കാണുന്ന നിറവും നിറയെ ശബ്ദങ്ങളുമുള്ള പ്രപഞ്ചം.'' പ്ലസ്ടുക്കാരന്‍ ബോണി മനസ്സറിഞ്ഞു ഡയലോഗ് പറഞ്ഞിട്ടു ചുറ്റിലും കണ്ണോടിച്ചപ്പോള്‍ അവന്റെ കണ്ണും കാതും തുറന്നു. സ്ത്രീയുടെ മനസ്സിലേക്കവന്‍ ആ നിമിഷമാണ് ഒഴുകിവീണത്. 

അന്നവള്‍ തന്നെ വേഷം കെട്ടിച്ചില്ലായിരുന്നെങ്കില്‍ ഒന്നും കാണാതേയും കേള്‍ക്കാതേയും അനുഭവിക്കാതേയും കേവലം ഒരു പുരുഷനായി താന്‍ ജീവിച്ചു മരിച്ചേനേയെന്ന് ബോണി ചിന്തിച്ചു. 

ഒറ്റയ്ക്ക് നാടകം കളിച്ച ബോണി വെളുക്കും മുന്‍പ് ചായ്പില്‍ തിരിച്ചെത്തി. വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നൊരു ശബ്ദം ഉയര്‍ന്നു:
''എടാ.''
ബോണി തിരിഞ്ഞു നോക്കി. 

''കോലോം കെട്ടി നീ എവിടെ തെണ്ടാന്‍ പോയതാടാ?'' ജെര്‍മിയാസ് അടുത്തേക്കു ചെന്നു. ബോണി മറുപടി പറഞ്ഞില്ല. ബോണിയുടെ മുഖത്തും ശരീരത്തിലും ജെര്‍മിയാസ് മുകളിലോട്ടും താഴോട്ടും ടോര്‍ച്ചടിച്ചു നോക്കി. കഴുത്തില്‍ കിടന്ന വെള്ളമുത്തുകളുള്ള കുരിശുമാലയിലും കുപ്പിവളകളിലും പ്രകാശം പ്രതിഫലിച്ചു. 
''കൊള്ളാമല്ലോടാ'' -ജെര്‍മിയാസ് പറഞ്ഞു. 
പെണ്ണിന്റെയെന്നപോലെ ആണിന്റേയും മനസ്സും ചിന്തയും ആഗ്രഹവും എന്താണെന്നു ബോണിക്ക് നന്നായി അറിയാമായിരുന്നു. ജെര്‍മിയാസിന്റെ മനസ്സില്‍ അന്നേരം ഉണ്ടായ ആഗ്രഹമെന്താണെന്ന് അവനു മനസ്സിലായി. 

''നായ്ക്കോലം കെട്ടിയാല്‍ കുരയ്ക്കണം. ബാ'' -ജെര്‍മിയാസ് ചായ്പിലേക്ക് കയറി. ബോണി അനുസരിച്ചു. ജെര്‍മിയാസ് ചായ്പിന്റെ വാതിലടച്ചു. 
പിറ്റേന്നു രാവിലെ കടയിലിരുന്ന ജെര്‍മിയാസ് ചിന്തിച്ചത് പലര്‍ക്കും താന്‍ സ്‌നേഹം പകര്‍ന്നിട്ടുണ്ടെങ്കിലും ഇത്രമേല്‍ സ്‌നേഹം തനിക്കുമേല്‍ ആരും ചൊരിഞ്ഞിട്ടില്ലെന്നാണ്. 
ഇങ്ങനെ സ്‌നേഹിക്കാന്‍ നീയെങ്ങനെ പഠിച്ചെടായെന്ന് ബോണിയോടു ചോദിക്കാന്‍ പല തവണ തോന്നിയെങ്കിലും ജെര്‍മിയാസ് ചോദിച്ചില്ല. 
തൊലിയുരിച്ച പന്നിയെ കമ്പിക്കൊളുത്തില്‍ തൂക്കിയ ശേഷം പിന്‍തിരിഞ്ഞ ബോണിയോട് ജെര്‍മിയാസ് ചോദിച്ചു:
''എടാ ബോണീ, നമ്മളീ ചെയ്യുന്നത് പാപമല്ലേ?''
ബോണി മനസ്സിലാവാതെ മിഴിച്ചുനോക്കി. 

''ഈ മിണ്ടാപ്രാണികളെയിങ്ങനെ തലയ്ക്കടിച്ചു കൊല്ലുന്ന പാപം നമ്മളെവിടെക്കൊണ്ടു തീര്‍ക്കുമെടാ.''
ജെര്‍മിയാസത് ചോദിച്ചിട്ട് ദീര്‍ഘനിശ്വാസത്തോടെ അകലേയ്ക്ക് നോക്കി. ബോണി മറുപടിയൊന്നും പറഞ്ഞില്ല. 
ബസിറങ്ങുമ്പോഴും സിസിക്ക് പൂര്‍ണ്ണവിവരം അറിയില്ലായിരുന്നു. അവള്‍ വേഗം നടന്നു. 
''സിസീ'' -പിന്നില്‍നിന്ന് ആരോ വിളിച്ചു. 

''നില്ല്, ഞാനും അങ്ങോട്ടാ, നീ ഒറ്റയ്‌ക്കേ ഉള്ളോ?''
ഭര്‍ത്താവും മകനും കൂടി ബോട്ടിന്റെ സാധനം വാങ്ങാന്‍ ഇന്നലെ കോയമ്പത്തൂര്‍ക്ക് പോയെന്ന് പറയാന്‍ തുടങ്ങിയെങ്കിലും ആളെ മനസ്സിലാവാതെ സിസി നോക്കി. 
''എടീ ഞാനാ, നിന്റൂടെ പഠിച്ച പുഷ്പറാണി. മുടീം കൊഴിഞ്ഞ് എല്ലും തോലുമായ എന്നെ എനിക്ക് തന്നെ മനസ്സിലാവണില്ല. പിന്നെയാ മറ്റുള്ളവര്‍ക്ക്.'' പുഷ്പറാണി ഉറക്കെ ചിരിച്ചു. സിസിയുടെ മനസ്സ് മിന്നല്‍പോലെ പത്തൊന്‍പത് വര്‍ഷം പിന്നിലേയ്ക്ക് പാഞ്ഞ്. പ്ലസ് ടു ക്ലാസ്സിലിരുന്നു. 
''എത്ര കാലമായെടീ നിന്നെ കണ്ടിട്ട്. നിന്റെ അപ്പന്‍ മരിച്ചേന്റന്നാ നമ്മള് ഒടുക്കം കണ്ടത്. അതിപ്പോ വര്‍ഷമെത്രയായി'' -പുഷ്പറാണി പറഞ്ഞു. 
നീണ്ട മുടിയും കൊഴുത്ത ശരീരവും ഉള്ള, എപ്പോഴും ചിരിക്കുന്ന പുഷ്പറാണിയെ സിസി ഓര്‍ത്തു. 

''എടീ നിന്റെ കെട്ടിയോന്‍ ആദ്യം കെട്ടിയ കുഞ്ഞുമോളെ നീ കണ്ടിട്ടില്ലല്ലോ? നീ രണ്ടാമത് പെറ്റോന്ന് കാണുമ്പോഴൊക്കെ അവര് ചോദിക്കും. അവരെ രണ്ടാമത് കെട്ടിയത് എന്റെ വകേലൊരു കൊച്ചപ്പനാ. അവര്‍ക്ക് മൂന്നു മക്കളാ. രണ്ടാണും ഒരു പെണ്ണും'' -പുഷ്പറാണി പറഞ്ഞു. 
പിന്നെയും എന്തോ പറയാന്‍ തുടങ്ങിയ അവളോട് സിസി ചോദിച്ചു:
''ഇതെങ്ങനാടീ പന്നി കുത്തിയത്?''
''ഒന്നും പറയണ്ടെന്റെ സിസീ. വെളുപ്പിന് പന്നിയെ കൊല്ലാനായി കൂടം കൊണ്ടു തലയ്ക്കടിച്ചതാ. ഉന്നം തെറ്റി. കെട്ടുപൊട്ടിച്ചു പാഞ്ഞ പന്നി ആളേയും കുത്തിക്കോരിയെടുത്തു കരിങ്കല്‍ ചുമരില്‍ ഇടിച്ചു ചേര്‍ത്തു. അടിവയറിനു താഴേക്ക് കലങ്ങിപ്പോയെന്നാ കേട്ടത്.''
തൊണ്ടയോളം വന്നു പിടഞ്ഞ കരച്ചില്‍ സിസി അമര്‍ത്തി. പിന്നെയും പുഷ്പറാണി എന്തൊക്കെയോ പറയുകയും ചോദിക്കുകയും ചെയ്‌തെങ്കിലും സിസി ഒന്നും കേള്‍ക്കാതെ വേഗം നടന്നു. 

മരണവീട്ടില്‍ ഇരുപതോ ഇരുപത്തിയഞ്ചോ ആള്‍ക്കാരേയുണ്ടായിരുന്നുള്ളൂ. സിസി അകത്തേയ്ക്ക് കയറി. സിസിയെ കണ്ടതും ബോണിയുടെ ഇളയ അനുജത്തി മോണിക്ക പേരിനു വേണ്ടി കണ്ണാക്കു വിളിച്ചു കരഞ്ഞു. മരിച്ചുകിടന്ന ബോണിയെ സിസി കണ്ണെടുക്കാതെ നോക്കി നിന്നു. 
പോസ്റ്റുമോര്‍ട്ടം നടത്തിയതുകൊണ്ടു മൃതശരീരം കുളിപ്പിക്കണമോയെന്ന് ചിലര്‍ സംശയം പറയുന്നത് കേട്ടപ്പോള്‍ സിസി ഉറക്കെ പറഞ്ഞു: 
''കുളിപ്പിച്ച് ഒരുക്കി കെടത്തണം.''
''അങ്ങനെ പറ മക്കളേ, പെണ്ണും പെടക്കോഴിയുമില്ലാതെ പന്നിക്കുഴീലെന്റെ മോന്‍ ജീവിച്ചെങ്കിലും അന്ത്യയാത്രയ്ക്ക് അണിഞ്ഞൊരുങ്ങിത്തന്നെ കെടക്കണം.'' മൃതദേഹത്തിന്റെ അരികില്‍ ഒരു തുള്ളി കണ്ണീര്‍ പൊഴിക്കാതെയിരുന്ന ബോണിയുടെ അമ്മ പറഞ്ഞു. 
മൃതദേഹം കുളിപ്പിക്കണമെന്നു പറഞ്ഞപ്പോള്‍ എല്ലാവരും ഒഴിഞ്ഞുമാറി. 

''ആരെങ്കിലും ബോഡിയെടുത്ത് പുറത്തു കെടത്തിത്തന്നാ മതി. ഞാന്‍ കുളിപ്പിക്കാം.'' സിസി ഉറപ്പോടെ പറഞ്ഞു. 

പഴയസാരി കൊണ്ടു കെട്ടിയ മറയ്ക്കുള്ളിലെ മേശയില്‍ കിടന്ന ബോണിയുടെ തുന്നിക്കെട്ടിയ ശരീരത്തില്‍ ഇളം ചൂടുവെള്ളം തുണിയില്‍ മുക്കി സിസി മെല്ലെ തുടച്ചു. അങ്ങും ഇങ്ങും നിന്നു ചില ആണുങ്ങള്‍ തല എത്തിച്ചു നോക്കി. 

കുളിപ്പിച്ചു കഴിഞ്ഞപ്പോള്‍ സിസി പുഷ്പറാണിയുടെ അരികില്‍ ചെന്നു ചെവിയില്‍ എന്തോ പറയുന്നത് എത്തിവലിഞ്ഞു നോക്കിയവര്‍ കണ്ടു. 
മൃതദേഹം ഒരുക്കി കഴിഞ്ഞപ്പോള്‍ സിസി കല്പിച്ചു: 
''ആരെങ്കിലും മൂന്നാല് പേര് വന്ന് ബോഡിയെടുത്ത് അകത്ത് കിടത്ത്.''
ബോഡി എടുത്തവരും അകത്ത് കിടത്തിയപ്പോള്‍ ചുറ്റിലും ഇരുന്നവരും മുഖം ചുളിച്ചു. മുറുമുറുപ്പുകള്‍ ഉയര്‍ന്നു. 

''മറ്റേടത്തെ പണി കാണിച്ചിട്ട് ഏതവളായാലും വന്ന ചേലില്‍ ഇവിടെന്ന് തിരിച്ചുപോകില്ല.'' കൂട്ടത്തില്‍ നിന്ന ഗിലാറിയോസ് പറഞ്ഞു. 

''നീയല്ല നിന്റെ തന്ത തോമ ശവക്കുഴീന്നെണീറ്റ് വന്നാലും സിസി വന്നെങ്കില്‍ വന്ന ചേലില്‍ തന്നെ തിരിച്ചുപോകും. അതു തടയാനുള്ള ചങ്കുറപ്പ് കുരിശടീലെ ആണുങ്ങള്‍ക്കില്ലെടാ ഗിലാറീ. അതുകൊണ്ട് അത് നീ വിട്.'' കൂടി നിന്നവര്‍ നിശബ്ദരായി. 

''ഇഷ്ടമുള്ളതുപോലെ ജീവിക്കാന്‍ നീയൊന്നും ഒരുകാലത്തും ഈ ചത്തു കിടക്കുന്നവനെ സമ്മതിച്ചില്ല. മരിച്ചാലെങ്കിലും അവന്‍ അവന്റെ ഇഷ്ടത്തിനു ജീവിക്കട്ടെ. അതു തടയാന്‍ തണ്ടിനു ബലമുള്ളവന്മാരുണ്ടെങ്കില്‍ വാടാ.'' സിസി തലയുയര്‍ത്തി നിന്നു പറഞ്ഞു. ബോണിയുടെ അമ്മ അന്നേരം വലിയ വായില്‍ കരഞ്ഞു. ഒറ്റനിമിഷംകൊണ്ട് ആ വീട് നിലവിളികളാല്‍ അനുഗ്രഹിക്കപ്പെട്ട മരണവീടായി മാറി. പുറത്തുനിന്നവരുടേയും അകത്തുനിന്നവരുടേയും കണ്ണുകളില്‍ കണ്ണീര്‍ പൊടിഞ്ഞു. 

വാലിട്ടു കണ്ണെഴുതി പൊട്ടു തൊട്ടു ചുണ്ടില്‍ ചുവന്ന ചായം തേച്ചു മാലയും വളയുമണിഞ്ഞു പുതിയ സാരിയും ബ്ലൗസുമിട്ടു സംതൃപ്തിയോടെ ബോണി പെട്ടിക്കുള്ളില്‍ മരിച്ചുകിടന്നു. 

എത്ര ശ്രമിച്ചിട്ടും സിസിക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. എത്രയോ തവണ ബോണിയെ കാണാനും എല്ലാം ഉപേക്ഷിച്ച് ഒപ്പം വരട്ടേയെന്നു ചോദിക്കാനും സിസി പോയതാണ്. ഒരു തവണപോലും ബോണിയെ കാണാനായില്ല. 

അച്ചന്‍ കുമ്പ്രിയക്കാരുമായി വന്നപ്പോള്‍ നാലുപാടും നിന്നു കുറച്ചുപേര്‍ കൂടെ വന്നു. തൊട്ടടുത്തുള്ള മരത്തണലില്‍ ഒറ്റയ്ക്കിരുന്ന് ജെര്‍മിയാസ് വേദന താങ്ങാനാവാതെ കരഞ്ഞു. 

അച്ചന്‍ ഗാനത്തിന്റെ അവസാനവരി ഈണത്തില്‍ പാടി:
''നാഥാ നിത്യമാം വിശ്രാന്തി
കല്പിച്ചരുളണമേ
നാഥാ നിത്യവെളിച്ചമിയാളില്‍
ശോഭിതമാക്കണമേ
ശോഭിതമാക്കണമേ''
സിസിയും ബോണിയും സ്‌കൂളില്‍ പോയി വന്ന വഴിയിലൂടെ വിലാപയാത്ര മെല്ലെ നീങ്ങി. പാതയോരത്തെ വള്ളിപ്പടര്‍പ്പുകള്‍ക്കിടയില്‍നിന്നുയര്‍ന്ന ചിലമ്പിച്ച വിളി പിന്നില്‍ നടന്ന സിസി മാത്രം കേട്ടു. 

''ഡാ.''
അവളുടെ നടത്തയുടെ വേഗം കുറഞ്ഞു. 
''ഡീ.''
തൊണ്ടയില്‍ കുരുങ്ങിയ കരച്ചിലിനെ വകഞ്ഞുമാറ്റി സിസി മറുവിളി വിളിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല.
------------------------------------------------------------

* യേശു കുരിശില്‍ കിടന്നപ്പോള്‍ പറഞ്ഞ വാക്യം: ''എന്റെ ദൈവമേ എന്റെ ദൈവമേ എന്തിന് നിയെന്നെ ഉപേക്ഷിച്ചു.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com