'കറുപ്പ'- മേഘ മല്‍ഹാര്‍ എഴുതിയ കഥ

നിരന്തരമായി പെയ്യുന്ന മഴയിലേക്കാണ് ഞാന്‍ മാര്‍ത്തയുടെ കൂടെ ഇറങ്ങുന്നത്. എനിക്ക് തീരെ മനസ്സുണ്ടായിരുന്നില്ല. മറ്റാരുടേയും നിയന്ത്രണമില്ലാതെ എഴുതുവാനും വായിക്കുവാനും ആഗ്രഹിച്ചുവോ?
'കറുപ്പ'- മേഘ മല്‍ഹാര്‍ എഴുതിയ കഥ

I am accused of tending to the past
as if I made it,
As if I sculpted it,
With my own hands, I did not.
     - lucille clifton

I
നിരന്തരമായി പെയ്യുന്ന മഴയിലേക്കാണ് ഞാന്‍ മാര്‍ത്തയുടെ കൂടെ ഇറങ്ങുന്നത്. എനിക്ക് തീരെ മനസ്സുണ്ടായിരുന്നില്ല. മറ്റാരുടേയും നിയന്ത്രണമില്ലാതെ എഴുതുവാനും വായിക്കുവാനും ആഗ്രഹിച്ചുവോ? അറിഞ്ഞുകൂടാ... അല്ലെങ്കില്‍ മണിക്കൂറുകളോളം കട്ടിലില്‍ കിടന്ന് ആലോചിക്കുവാനാണോ കരുതിയിരുന്നത്!
മറ്റു ചില നിമിഷങ്ങളെപ്പോലെ ഈ നിമിഷത്തിലും ഞാന്‍ എന്തിനാണ് ഇങ്ങനെ നിശ്ശബ്ദമായി നടക്കുന്നതെന്ന് എനിക്ക് മനസ്സിലായതുമില്ല. മാര്‍ത്ത നിരന്തരം എന്നോട് മാത്രമായി സംസാരിക്കുന്നുണ്ടായിരുന്നു. തലയനക്കങ്ങളിലൂടെയും കൈചലനങ്ങളിലൂടെയും ഞാന്‍ അവളോട് പ്രതികരിക്കുവാന്‍ ശ്രമിച്ചു. എനിക്ക് ഇഷ്ടമല്ലാത്ത എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്. അതെന്താണെന്നു മാത്രം മനസ്സിലാകുന്നുമില്ല. 

''കുട്ടീ... ആവശ്യമുള്ള വസ്ത്രങ്ങളെല്ലാം എടുത്തുവെയ്ക്കൂ. പെട്ടെന്ന് ഉണങ്ങിയെടുക്കാവുന്നത് നോക്കി എടുക്കണം. അടിയുടുപ്പുകള്‍ കൂടുതല്‍ എടുത്തോ. പുറത്ത് അയയില്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങളെല്ലാം ഉള്ളില്‍ വിരിച്ചിടൂ... പിന്നേയ്, ആ ജനാലക്കയ്യില്‍ വെച്ചിരിക്കുന്ന പുസ്തകങ്ങളെല്ലാം അലമാരയില്‍ വെച്ചോളൂ... ട്ടോ.''
''ഉം...'' ഞാന്‍ തലക്കനത്തോടെ മൂളി. മാര്‍ത്ത ധൃതിയില്‍ അവരുടെ വസ്ത്രങ്ങളെല്ലാം അടുക്കിപ്പെറുക്കി ട്രാവല്‍ ബാഗില്‍ നൂര്‍ത്തിവെയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ എന്റെ കട്ടിലിലിരുന്ന് തണുപ്പന്‍ മട്ടില്‍ കുറേനേരം അവളെ മാത്രം നോക്കിനിന്നു. അവളുടെ സ്ലീവ്ലെസ് കയ്യുള്ള കുട്ടിയുടുപ്പുകള്‍, പലനിറത്തിലുള്ള ജീന്‍സ്പാന്റുകള്‍, ട്രൗസേഴ്‌സ്, ജെം സ്യൂട്ട്, പിന്നെ എനിക്ക് മനസ്സിലാകാത്ത മറ്റെന്തൊക്കെയോ ഉടുപ്പുകള്‍... എല്ലാം ധൃതിയില്‍ ഞെരുങ്ങിയമരുന്നു.

ഞാന്‍ മുന്‍പത്തേതിനേക്കാള്‍ കൂടുതല്‍ നിര്‍വ്വികാരയായി തീര്‍ന്നിരുന്നു. വളരെ നിശ്ചലമായി പുസ്തകങ്ങളേയും വസ്ത്രങ്ങളേയും കുറേനേരം നോക്കിനിന്നു. 

കറുപ്പ എന്നു പേരുള്ള ആ ഇരുനില കെട്ടിടത്തിന്റെ മുകളിലെ ചെരിഞ്ഞ മുറിയില്‍നിന്നു വളരെ നിസ്സഹായയായി എനിക്കിറങ്ങേണ്ടിവന്നു. സത്യത്തില്‍ എനിക്ക് ആ മുറിയും ഇഷ്ടമല്ലായിരുന്നു. ലോകത്തുള്ള ഒരു സ്ഥലവും ഇഷ്ടപ്പെടാന്‍ കഴിയാത്തതെന്ത്? ഞാന്‍ വെറുതെ ആലോചിച്ചു.

മാര്‍ത്തയെ ആദ്യമായി കാണുന്നത് മുഖര്‍ജി മാസ്റ്ററിനെ കാണാന്‍ വന്ന ദിവസമാണ്. മാസ്റ്ററിനേയും ആദ്യമായി കാണുന്നത് ആ ദിവസം തന്നെയായിരുന്നു. വല്ലാതെ വെയില്‍ കുമിഞ്ഞിരുന്ന ഒരു ദിവസമായിരുന്നു അത്. ഒറ്റയ്ക്ക് വീട്ടില്‍നിന്നിറങ്ങി ഒരു പകല്‍ മുഴുവനും തീവണ്ടിയില്‍ ചതഞ്ഞിരുന്നു വെയില്‍ കാഞ്ഞ്, വൈകുന്നേരമടുക്കാറാകുമ്പോഴാണ് നഗരത്തിലെത്തുന്നത്. വഴിയരികില്‍ കറുപ്പ് നിറത്തിലുള്ള ടീ ഷര്‍ട്ടും ലുങ്കിയുമുടുത്ത്, മാസ്റ്റര്‍ എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ പരസ്പരം കൈവീശി കാണിച്ചു. ഞാനന്ന് പെറോട്ടിന്‍ ബ്ലോക്ക് പ്രിന്റ് ഉള്ള വളരെ ചെറിയ ഒരു കുര്‍ത്തിയും കറുപ്പ് നിറത്തിലുള്ള പലാസോ പാന്റുമാണ് ഉടുത്തിരുന്നത്. മുടി മൂര്‍ദ്ധാവില്‍ കെട്ടിവെച്ചിട്ടുണ്ടായിരുന്നു. അദ്ദേഹത്തിനരികിലേക്ക് അല്പം ആശങ്കയോടെയും നിറഞ്ഞ സ്‌നേഹത്തോടെയും സാവധാനത്തില്‍ നടന്നെത്തി. അദ്ദേഹം എന്നെപ്പറ്റി, എന്റെ രൂപത്തെപ്പറ്റി എന്തായിരിക്കും മനസ്സില്‍ സങ്കല്പിച്ചിട്ടുണ്ടാകുക! അറിഞ്ഞുകൂട.

''ആ മോളെ... യാത്ര ഒക്കെ സുഖമായിരുന്നോ?
എന്തെങ്കിലും കഴിച്ചോ...?'' വളരെ നേരിയ ശബ്ദത്തില്‍ അദ്ദേഹമെന്നോട് സംസാരിച്ചു കൊണ്ടിരുന്നു. ഇവിടെ അടുത്തുതന്നെയാണ് മാര്‍ത്ത താമസിക്കുന്നത്, വരൂ... നമുക്ക് അങ്ങോട്ട് പോകാം.

ഞാന്‍ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് വളരെ പതിയെ നോക്കി. ഞങ്ങള്‍ക്കിടയില്‍ ആദ്യമായി കാണുന്നതിന്റെ ഒരു പതര്‍ച്ചയുണ്ടായിരുന്നു. കൂടുതലൊന്നും ഞങ്ങള്‍ സംസാരിച്ചില്ല. മാസ്റ്റര്‍ എന്നെയും കൂട്ടി നേരെ നടന്നു. അദ്ദേഹത്തിന്റെ കൂടെ അന്നു നടന്നപ്പോള്‍, ചെറിയ കുഞ്ഞുങ്ങളെപ്പോലെ അപ്പാ... അപ്പാ... എന്നു വിളിച്ചുകൊണ്ട് കരയുവാനാണ് എനിക്ക് തോന്നിയത്.

മാര്‍ത്ത നേരിയ കറുപ്പ് കര സാരിയുടുത്തു കോണിപ്പടികളിലൂടെ ഇറങ്ങിവരുന്നതാണ് അവളെപ്പറ്റി ഓര്‍മ്മിക്കാവുന്ന എന്റെ ആദ്യത്തെ കാഴ്ച. അവള്‍ക്ക് മംഗോളിയന്‍ സ്ത്രീകളുടേത് പോലുള്ള മുഖമായിരുന്നു. അന്നു കാണുമ്പോള്‍ നെറ്റിയില്‍ വളരെ ചെറിയ ചുവന്ന പൊട്ടും കാതില്‍ ജര്‍മന്‍ സില്‍വര്‍ കൊണ്ടുണ്ടാക്കിയപോലത്തെ വലിയ റിങ്ങുമണിഞ്ഞിരുന്നു. അവരെനിക്ക് ഉറപ്പോടുകൂടിയ ഷേക് ഹാന്‍ഡ് തന്നു. പിന്നെ അല്പസമയത്തേക്ക് നീളുന്ന ആലിംഗനവും. മാസ്റ്റര്‍ അവരുടെ കൈകളില്‍ എന്നെയേല്പിക്കുന്നതായി തോന്നിയെന്ന് പിന്നീടൊരിക്കല്‍ കാപ്പി കുടിച്ചിരിക്കുമ്പോഴോ മറ്റോ അവരെന്നോട് പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. 

കറുപ്പ എന്ന ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ മുറിയിലാണ് മാര്‍ത്ത താമസിക്കുന്നത്. ആ വീടിന്റെ മുറ്റത്ത് ഒരരികിലായി ഇളംപുല്ലുകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്; കുറച്ചു പൂച്ചട്ടികളും. അതിനിടയിലൂടെ നടന്നുവേണം വീടിന്റെ ഒരു വശത്തുള്ള കോണിപ്പടിയിലൂടെ മുകളിലേക്ക് കയറുവാന്‍. തുണികള്‍ ഒക്കെ ആറിയിടുവാന്‍ ഒരുക്കിയിരിക്കുന്ന ചെറിയൊരു ബാല്‍ക്കണിയിലേക്കാണ് ആദ്യം കയറിച്ചെല്ലുന്നത്. പിന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു മുറി. രണ്ട് സിംഗിള്‍ കോട്ട് കട്ടിലുകള്‍ വശങ്ങളിലായി ചേര്‍ത്തിട്ടിട്ടുണ്ട്. ഒരുവശത്ത് നിരക്കനെ നാലഞ്ച് ജനാലകള്‍. ആ മുറിക്ക് ചേരാത്തവിധത്തില്‍ പഴകിയ ഡിസൈനിലുള്ള കര്‍ട്ടനും ജനാലവാതിലുകളെ മൂടിക്കിടക്കുന്നുണ്ട്. ഒരരികില്‍ വെളുത്ത നിറത്തില്‍ പഴയൊരു അലമാര വെച്ചിട്ടുണ്ട്. മുറി മുഴുവനും വെറുതെ ഒന്ന് കണ്ണോടിച്ചതിനുശേഷം കട്ടിലില്‍ ഞാന്‍ തളര്‍ന്നിരുന്നു. മാര്‍ത്ത അപ്പോള്‍ മാസ്റ്റര്‍ജിയുടെ അടുത്തേക്ക് പോകുവാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുകയായിരുന്നു. കാലും മുഖവും കഴുകി ഞാനും അവളുടെ കൂടെ നടന്നു. 

കറുപ്പയില്‍നിന്ന് രണ്ട് മൂന്ന് വാര അകന്നാണ് മുഖര്‍ജി മാസ്റ്ററുടെ വീട്. മജന്ത നിറത്തിലുള്ള ഒരു ഇരുനില കെട്ടിടം. മാസ്റ്റര്‍ താമസിക്കുന്നത് രണ്ടാമത്തെ നിലയിലാണ്. ഞങ്ങള്‍ കോണിപ്പടികള്‍ കയറിച്ചെല്ലുമ്പോള്‍ സ്വീകരണമുറിയിലെ ഒരു കോണില്‍നിന്ന് ദ്വിജാവന്ദി രാഗത്തില്‍ ഉസ്താദ് ബിസ്മില്ലാഖാന്റെ ഷഹനായി മെല്ലെനെ പതയുന്ന ജലംപോലെ ഒഴുകുന്നുണ്ടായിരുന്നു. ആ മുറിയില്‍ വളരെ നേര്‍പ്പിച്ചെടുത്തതുപോലെയുള്ള ചുകപ്പ് നിറം, ശരറാന്തല്‍ വിളക്ക്, ചുവരില്‍ മാതംഗി ദേവിയുടെ മ്യൂറല്‍ ചിത്രം, പിന്നെ പലയിടങ്ങളിലായി മാസ്റ്റര്‍ജി വരച്ച അബ്‌സ്ട്രാക്ടുകള്‍.

ആ വീട്ടില്‍ വളരെക്കുറച്ച് ഫര്‍ണിച്ചറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വീകരണമുറിയില്‍ രണ്ട് മൂന്ന് ചൂരല്‍ക്കസേരകള്‍, മുറിയുടെ ഒരു മൂലയില്‍ പുസ്തകങ്ങള്‍ അടുക്കിവെച്ചിരിക്കുന്ന ഒരു അലമാര. നിലത്ത് പേര്‍ഷ്യന്‍ ചിത്രകലകള്‍ തുന്നിപ്പിടിപ്പിച്ചിട്ടുള്ള പരവതാനി. മാസ്റ്ററിനു പരവതാനി വലിയ ഇഷ്ടമാണെന്നു തോന്നുന്നു. പരവതാനികള്‍ നെയ്ത്ത് നാടോടികളുടെ കലയാണത്രേ. ബദവികളും ബര്‍ബരികളും മംഗോളികളും തുര്‍ക്കികളും ഓരോ സ്ഥലങ്ങളിലായി വൃത്താകൃതിയിലുള്ള തമ്പ് കെട്ടി പാര്‍ക്കുമ്പോള്‍ അതിനെ അലങ്കരിക്കുവാന്‍ വേണ്ടിയിട്ടാണത്രേ ആദ്യമായി കെട്ടുകള്‍ ഉള്ള പരവതാനികള്‍ നിര്‍മ്മിക്കപ്പെടുന്നത്. മാസ്റ്ററിന്റെ മുറിയിലെ പരവതാനികളെ സൂക്ഷ്മതയോടെ ആസ്വദിക്കുമ്പോള്‍, അത് മധ്യേഷ്യയിലെ തുര്‍ക്കുമാനി പരവതാനികളോട് സമാനതയുള്ളതായി എനിക്കു തോന്നി. പല സമയങ്ങളിലായി അന്തരീക്ഷത്തില്‍നിന്ന് വീണിരിക്കാവുന്ന പൊടിപടലങ്ങള്‍ അതിന്റെ ചിത്രത്തുന്നലുകളെ മങ്ങിപ്പിച്ചിട്ടുണ്ട്. മാസ്റ്ററിന്റെ ഓര്‍മ്മകളെപ്പറ്റിയാണ് ഞാനപ്പോള്‍ ചിന്തിച്ചത്. അദ്ദേഹത്തിന്റെ മുടി ഏറെക്കുറേ നരച്ചിരിക്കുന്നു. കൃഷ്ണമണിക്ക് ചുറ്റും വെളുത്ത പാട രൂപപ്പെട്ടിട്ടുണ്ട്. തൊലി, എല്ലുകളെ വെളിപ്പെടുത്തിക്കൊണ്ട് തൂങ്ങിനില്‍ക്കുന്നു. 

വേറെയൊന്നും ചെയ്യാനില്ലാത്തതിനാല്‍ സ്വീകരണമുറിയില്‍ കുറച്ചുനേരം ചമ്രംപടിഞ്ഞിരുന്നു. അപ്പോഴേക്കും ദ്വിജാവന്ദിയില്‍നിന്ന് ദേശ് രാഗത്തിലേക്ക് സംഗീതം മാറിയൊഴുകിയിരുന്നു. പരസ്പരബന്ധമില്ലാതെ വാന്‍ഗോഗിന്റെ പെയ്ന്റിങ്ങുകളെപ്പറ്റിയാണ് എനിക്ക് ഓര്‍മ്മവന്നത്. ഉരുളക്കിഴങ്ങ് തിന്നുന്ന മനുഷ്യന്മാര്‍.... വളരെ വശ്യമാര്‍ന്നതും തെളിഞ്ഞതുമായ പീതനിറം മുറി മുഴുവനായി വ്യാപിക്കുന്നതായി അതിനുശേഷം അനുഭവപ്പെട്ടു. 

മാര്‍ത്തയുടെ കൂടെ വൈകുന്നേരം നഗരത്തിലൂടെ നടക്കുവാന്‍ എനിക്ക് ഇഷ്ടമാണ്. അത്തരം ദിവസങ്ങളിലെല്ലാം വളരെ വൈകിയാണ് ഞങ്ങള്‍ മുറിയിലേക്ക് തിരിച്ചെത്തുക. നഗരത്തില്‍ പല വഴികളിലൂടെയും ഞങ്ങള്‍ വണ്ടിയോടിക്കും. ഞങ്ങളുടെ വൈകുന്നേരം മിക്കപ്പോഴും കമീല പാര്‍ക്കിലും വയലറ്റ് ബാര്‍ എന്നു പേരുള്ള കോഫീ ഷോപ്പിലുമായിരിക്കും. മാര്‍ത്ത കോളേജില്‍ നിന്നിറങ്ങി മെട്രോ സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ എന്നെ വിളിക്കും; മാസ്റ്റര്‍ജിയുടെ അടുത്തല്ലെങ്കില്‍, വൈകുന്നേരം പുറത്തേക്ക് നടക്കാനിറങ്ങുക എന്നുള്ളത് മാത്രമാണ് എന്റെ ഒരേയൊരു ഓപ്ഷന്‍. അത്തരം വൈകുന്നേരങ്ങളില്‍ മങ്ങിയ ഇളംനിറങ്ങളിലുള്ള ഷര്‍ട്ടുകള്‍ ഇന്‍ ചെയ്തിടാനാണ് ഞാന്‍ പലപ്പോഴും ഇഷ്ടപ്പെട്ടിരുന്നത്. ചുണ്ടില്‍ ബ്രൗണ്‍ നിറമുള്ള ലിപ്സ്റ്റിക് പുരട്ടും, പിന്നെ വളരെ ചെറുതായി കണ്ണില്‍ കാജല്‍ വരയ്ക്കും. മുഖത്ത് ഒന്നും പുരട്ടാതെ വെറുതെ ഇടുകയാണ് ചെയ്യുക. ചിലപ്പോള്‍ വായിച്ചേക്കാവുന്ന ഒരു നോവലും പിന്നെ എപ്പോഴും കൊണ്ട് നടക്കുന്ന ഡയറിയും ബാഗിലെടുത്തിട്ട് നേരെ കമീല പാര്‍ക്കിലേക്കാണ് നടക്കുന്നത്. നഗരത്തിലെ പല തിരക്കുകളില്‍നിന്നും ഉള്‍വലിഞ്ഞുകൊണ്ട് ആളുകള്‍ക്ക് ഇത്തിരിനേരം വിശ്രമിക്കാനും കരിങ്കല്‍ ബെഞ്ചിലിരുന്നു വര്‍ത്തമാനം പറയുവാനും പ്രണയിക്കുവാനും വൈകുന്നേരങ്ങളില്‍ ചെസ്സ് കളിക്കുവാനും കുട്ടികള്‍ക്ക് ഊഞ്ഞാലാടുവാനും കഴിയുന്നത് ആകെ കൂടി കമീല പാര്‍ക്കില്‍ മാത്രമാണ്. പാര്‍ക്കില്‍ മിക്കപ്പോഴും വൈകുന്നേരങ്ങളില്‍ പരിപാടികള്‍ ഉണ്ടാകും. പരിപാടികള്‍ ഇല്ലെങ്കിലും ആളുകള്‍ ഒരേ ദിശയിലേക്ക് കസേരയിട്ട് ഇരിക്കും; മുന്‍പില്‍ എന്തോ ഒന്നു കാണുന്നതുപോലെ...

ഒരിക്കല്‍ കാപ്പി കുടിച്ചിട്ട് ഞാനും മാര്‍ത്തയും പാര്‍ക്കിലൂടെ വെറുതെ നടക്കുവാന്‍ കയറി. അന്ന് മാസ്റ്റര്‍ജിയുടെ അടുത്ത് ക്ലാസ്സുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കു മുന്നില്‍ വൈകുന്നേരം ധാരാളമായുണ്ടായിരുന്നു. ആളുകള്‍ ചുവന്ന നിറത്തിലുള്ള കസേരകള്‍ നിരക്കനെയിട്ട് നേര്‍ക്കു നേര്‍ നോക്കാതെ, ഒരേ ദിശയില്‍ മാത്രം നോക്കി ഇരിക്കുന്നുണ്ടായിരുന്നു. അതു കണ്ട്, മാര്‍ത്ത എന്നോട് അസ്വസ്ഥതയോടെ പറഞ്ഞു: എന്താണ് ഈ ആളുകള്‍ ഇങ്ങനെ ഇരിക്കുന്നത്? റോഡിലേക്കു മാത്രം തുറക്കുന്ന വാതിലുകള്‍ ഉള്ള വീട് കണക്കെ. അവള്‍ പറഞ്ഞത് ശരിയാണ്. ആളുകളെല്ലാം ഒരേ രീതിയില്‍ ഭക്ഷണം കഴിക്കുന്നു, എല്ലായ്പോഴും ഒരേ രുചി, ഒരേ പോലെയുള്ള വസ്ത്രങ്ങള്‍, ഒരേ മാതിരിയുള്ള വീടുകള്‍, ഒരേ ദിശയിലേക്കുള്ള നടത്തങ്ങള്‍. ഞങ്ങള്‍ കുറച്ചുനേരം നിശബ്ദരായി ഒരേ കാര്യത്തെപ്പറ്റി ചിന്തിച്ചുകൊണ്ട് നടന്നു. പിന്നെ ഒരു കരിങ്കല്‍ ബെഞ്ച് കണ്ടുപിടിച്ചിട്ട് രണ്ട് പേരും രണ്ട് ദിശയില്‍ രണ്ട് രീതിയില്‍ തിരിഞ്ഞിരുന്നുകൊണ്ട് പരസ്പരബന്ധമില്ലാത്ത കാര്യങ്ങളെപ്പറ്റി സംസാരിച്ചു. ഞങ്ങള്‍ കാലുകള്‍ കയറ്റിവെയ്ക്കുകയും മലര്‍ന്നു കിടക്കുകയും ചെയ്തു. ആ വൈകുന്നേരം പാര്‍ക്കിന്റെ മധ്യഭാഗത്തുള്ള കുളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്തൂപത്തിനു മുകളിലായി വലിയ ഒരു മരത്തവള മണിക്കൂറുകളോളം വെയില്‍ കായുന്നതു കണ്ടു. അനേകം മണിക്കൂറുകള്‍ അനങ്ങാതെയുള്ള നിലനില്‍പ്പ്, പുറത്തേക്ക് ഉന്തിനില്‍ക്കുന്ന കണ്ണുകളുടെ ഇടയ്ക്കിടെയുള്ള ചിമ്മല്‍, ഒഴുകുന്ന ചിന്തകള്‍. ഞാന്‍ തവളയെ മാത്രം കുറേനേരം നോക്കിയിരുന്നു. അതിനരികില്‍ വലുതും ചെറുതുമായ കല്ലുകള്‍, ആരോക്കെയോ എറിഞ്ഞത്. ഞാന്‍ നോക്കിനില്‍ക്കെ രണ്ട് കുട്ടികള്‍ അമ്മയുടെ കൂടെ കുളത്തിലെ വെള്ളം ചീറ്റുന്നതു കാണാന്‍ അത്ഭുതത്തോടെ ഓടിവരുന്നുണ്ടായിരുന്നു. കുട്ടികളില്‍ ഒരാള്‍ കൃത്യമായി അവന്റെ സ്വഭാവം പുറത്തെടുത്തു. വളരെ ഉത്സാഹത്തില്‍, മറ്റൊരാളെ ഉപദ്രവിക്കുന്നതിലുള്ള അതിഭീകരമായ താല്പര്യത്താല്‍ ആ കുട്ടി നിരന്തരം കല്ലുകള്‍ എറിഞ്ഞുകൊണ്ടേയിരുന്നു. എനിക്കപ്പോള്‍ തോന്നി, ലോകം ഏറ്റവും ദുഷിച്ച മാതൃകകളിലാണ് ജീവിക്കുന്നത് എന്ന്, ഒരിക്കലും അംഗീകരിക്കാനാകാത്ത തിരഞ്ഞെടുപ്പുകള്‍, നിര്‍മ്മാണങ്ങള്‍, പിന്നെ പൊളിച്ചെടുക്കലുകളും. ഞങ്ങള്‍ രണ്ട് പേരും, അതില്‍ കൂടുതല്‍ സമയം അത്തരമൊരിടത്തില്‍ നിലനില്‍ക്കാന്‍ കഴിയാത്തതിനാല്‍ വളരെ പെട്ടെന്നുതന്നെ തിരിഞ്ഞുനടന്നു.

മാര്‍ത്തയെ ഞാന്‍ സ്‌നേഹിക്കുകയും നിരസിക്കുകയും അവള്‍ പറയുന്ന കഥകളില്‍ ജീവിക്കുകയും ഒരു ദിവസത്തിലെ പകുതിമുക്കാല്‍ സമയം മിണ്ടാതിരിക്കുകയും ചിലപ്പോള്‍ അവളില്‍നിന്ന് അകന്നുപോകാന്‍ വെമ്പുകയും അങ്ങനെ പലതരത്തില്‍ മാര്‍ത്തയെ ഞാന്‍ എന്നോടുതന്നെ ബന്ധപ്പെടുത്തി. അവര്‍, എന്നെക്കാള്‍ പത്തിരുപത് വയസിനു മുതിര്‍ന്ന സ്ത്രീയാണ്. എന്നെ അത്രയ്ക്കധികം അത്ഭുതപ്പെടുത്തുന്ന, ഒരുപക്ഷേ, എനിക്കു വേണമെന്നു തോന്നിയിരുന്ന അങ്ങനത്തെ മനോഹരമായ മനുഷ്യബന്ധങ്ങളാണ് മാര്‍ത്തയ്ക്കുള്ളത്. ഞാന്‍ താമസിക്കുന്ന ഈ നഗരത്തെ പലവിധത്തില്‍ പരിചയപ്പെടുത്തി തരുവാന്‍ അവര്‍ക്കല്ലാതെ നിലവില്‍ മറ്റാര്‍ക്കും സാധിക്കുമായിരുന്നില്ല. കാരണം, എനിക്ക് ആളുകളുമായുള്ള ബന്ധം എല്ലാക്കാലത്തും വളരെ പരിമിതമാണ്. എനിക്ക് ആരെയും സഹിക്കുവാന്‍ കഴിയില്ല; സഹിക്കാന്‍ കഴിയാത്തത് പ്രകടിപ്പിക്കുവാനും. എന്റെ ഡയറിക്കുള്ളില്‍ ലോകം മുന്‍പേയോ പിന്‍പേയോ വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യുകയല്ലാതെ, ഒരിക്കലും അത് നിലനില്‍പ്പിനൊപ്പം നടന്നിട്ടേയില്ലെന്നു തോന്നുന്നു. അനന്തരം ഞാനെന്നെ തിരസ്‌കരിക്കുകയും നിഷേധിക്കുകയും ചില ദിവസങ്ങളില്‍ ആകപ്പാടെ സ്വയം മറന്നുപോകുകയും ചെയ്യും. പിന്നെ മറ്റുചില കാര്യങ്ങളെപ്പറ്റി മണിക്കൂറുകളോളം ആലോചിക്കുകയും.

നാം കാണുന്ന ആദ്യത്തെ കാഴ്ചയിലല്ലാത്ത മറ്റെന്തോ ആയി വികസിക്കുകയാണ് ആളുകള്‍. വികസിക്കുമ്പോള്‍ ചിലയിടങ്ങളില്‍ ചിലര്‍ നമ്മെ അത്ഭുതപ്പെടുത്തിക്കളയും, ചിലര്‍ പിന്നീടൊരിക്കല്‍പ്പോലും അവരെ കാണാന്‍ കഴിയാത്തവിധത്തില്‍ നമ്മുടെ കാഴ്ച മങ്ങിപ്പിച്ചുകളയും. അതിനാല്‍ ഞാന്‍ മുഖര്‍ജി മാസ്റ്ററിനേയും മാര്‍ത്തയേയും കണ്ടുമുട്ടേണ്ടത് അനിവാര്യമായ കാര്യങ്ങളില്‍ ഒന്നായിരുന്നു. തികഞ്ഞ അപര്യാപ്തതയോടെ ഞാന്‍ ജീവിച്ചിരുന്ന അത്രയും വര്‍ഷങ്ങള്‍ മറ്റെവിടെയോ മറഞ്ഞുപോയതുപോലെയാണ് എനിക്കിപ്പോള്‍ അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് ഒന്നും തന്നെ ഓര്‍മ്മയില്ല, എന്നെ സംബന്ധിക്കുന്ന അടയാളങ്ങള്‍, ഓര്‍മ്മകള്‍, ആളുകള്‍ എല്ലാം തന്നെ മറ്റേതോ ഒരുകാലത്തില്‍ ഞാന്‍ അനുഭവിച്ചതായി എനിക്കു തോന്നുന്നു. അല്ലാത്തപക്ഷം എവിടേക്കോ നിരന്തരം ചലിക്കുവാന്‍ ആഗ്രഹിക്കുന്ന ജിപ്സിയുടെ രൂപാന്തരണം തന്നെയാണ് ഞാന്‍.

''എടോ... കുട്ടീ... ആര്‍ യൂ ഹൈ! മാര്‍ത്തയുടെ എപ്പോഴുമുള്ള ചോദ്യമാണിത്. അപ്പോള്‍ ഞങ്ങളുടെ മുറിയിലേക്കുള്ള വഴിയില്‍, ഒരു വെളുത്ത പൂച്ച മതിലിനപ്പുറത്തുള്ള വാഴത്തോട്ടത്തിലേക്ക് എപ്പോഴും വരാറുള്ള പെരുച്ചാഴിയെ കാത്ത് മുരളുന്നുണ്ടാകും. കാറ്റ് നേര്‍മ്മയോടെ ജനാലക്കള്ളിയിലൂടെ മുറിക്കുള്ളിലേക്ക് കടന്നുവരുന്നുണ്ടാകും.

മാര്‍ത്തയെ പരിചയപ്പെട്ട ആദ്യനാളുകളില്‍ ഞങ്ങള്‍ പരസ്പരം വളരെ സാധാരണക്കാരായ അപരിചിതര്‍ മാത്രമായിരുന്നു. വളരെ ഔപചാരിക സംസാരങ്ങള്‍, ഭക്ഷണം കഴിപ്പ്, ഒരേ മുറിയില്‍ താമസിക്കുന്നതിനാല്‍ ഒരുമിച്ചുള്ള ക്ലാസ്സിലേക്ക് പോകല്‍ - അത്രമാത്രം. പിന്നീടുള്ള ദിവസങ്ങളില്‍ എന്നെ ദുഃഖമെന്നൊരു അസുഖം പിടിപെടുകയും അത് മാര്‍ത്തയില്‍നിന്നു മറച്ചു പിടിക്കുകയും തലവഴി പുതപ്പ് മൂടി നേരത്തെ കിടന്നുകൊണ്ട് തലയണ നനച്ച് രക്ഷപ്പെടുകയും ചെയ്യാമെന്നു വിചാരിക്കുകയും ചെയ്യുമ്പോള്‍ ഒരിക്കല്‍ രാത്രിഭക്ഷണത്തിനു മുന്‍പ് ബാല്‍ക്കണിയില്‍ വെച്ച് ഞാന്‍ കരഞ്ഞുകുതിര്‍ന്നത് അവള്‍ കണ്ടുപിടിച്ചു. എന്റെയരികില്‍ വന്ന് അവരെന്നെ കെട്ടിപ്പിടിച്ചു, നെറുകയില്‍ തലോടി, പിന്നെയുമെന്തൊക്കെയോ പറഞ്ഞു. അവരുടെ സ്പര്‍ശനത്തിനു സുരക്ഷിതത്വം തോന്നിപ്പിക്കുന്ന മൃദുലതയായിരുന്നു. ഫസ്റ്റ് ഫ്‌ലോറിലുള്ള ഭക്ഷണമുറിയില്‍ വെച്ച് അവരെന്നോട് കൂടുതല്‍ സംസാരിക്കുവാന്‍ ശ്രമിച്ചു. എനിക്കൊരിക്കലും ചോദിച്ചതുകൊണ്ട് മാത്രം ഒന്നും തന്നെ പറയുവാന്‍ കഴിയുകയില്ലായിരുന്നു. വളരെ അപൂര്‍വ്വമായി മാത്രമേ ഞാന്‍ എന്തെങ്കിലുമൊക്കെ തുറന്നുപറഞ്ഞിരുന്നുള്ളൂ. അപ്പോള്‍ മാര്‍ത്ത എന്നെ പരിഗണിച്ചതില്‍ അത്യന്തമായി എനിക്കവരോട് സ്‌നേഹം തോന്നി.

രണ്ടാമത്തെ തവണ നാട്ടിലേക്ക് തിരിച്ചുപോകുമ്പോള്‍ മാര്‍ത്ത മുറിയിലുണ്ടായിരുന്നില്ല. അവര്‍ ബാംഗ്ലൂര്‍ക്ക് പോയിരിക്കുകയായിരുന്നു. 'കറുപ്പ'യില്‍നിന്നു ഞാനിറങ്ങുമ്പോള്‍ മുകള്‍വശത്തെ ഞങ്ങളുടെ മുറി ഉണക്കിലപോലെ ആകാശത്തിനും ഭൂമിക്കുമിടയില്‍ തൂങ്ങിക്കിടക്കുന്നതായി എനിക്കു തോന്നി.

രാത്രി ഏകദേശമൊരു എട്ടേമുക്കാലിനോടടുത്തപ്പോഴാണ് എന്നെ പിക് ചെയ്യാന്‍ ഊബര്‍ വരുന്നത്. കഷണ്ടിത്തലയുള്ള ഒരു വൃദ്ധന്‍ കാറിനുള്ളില്‍ ഒന്നും മിണ്ടാതെയിരിക്കുന്നു.

ഞങ്ങള്‍ രണ്ട് മനുഷ്യര്‍, ഞാന്‍ അയാളെക്കുറിച്ചോ അയാള്‍ എന്നെക്കുറിച്ചോ യാതൊന്നും തന്നെ ചോദിക്കുകയോ പറയുകയോ ചെയ്തില്ല. പുറകില്‍ അങ്ങനെ ഒരു യാത്രക്കാരി ഉണ്ടെന്ന് സൗത്ത് റെയില്‍വേ സ്റ്റേഷന്റെ മുന്‍വശത്ത് എത്തുന്നതുവരെ അയാളറിഞ്ഞിട്ടുണ്ടാകില്ല എന്നുറപ്പാണ്.

ഇരുട്ടില്‍ പിന്നെയും ഇരുട്ട് പടരുന്നതുപോലെ, രാത്രി വളരെ നീണ്ടതായി തോന്നിപ്പിച്ചു. മഴവെള്ളം വളരെ ചെറിയ ചുകന്ന ചാലുകളായി കാഴ്ചയില്‍ നിറഞ്ഞു. ചില്ലിനപ്പുറത്തു കറുപ്പും ചുകപ്പും നിറത്താല്‍ നഗരം മറ്റൊരു അവസ്ഥയിലിലേക്ക് മാറുന്നുണ്ടായിരുന്നു. 

കുറച്ചുനേരം ഞാന്‍ പ്ലാറ്റ്ഫോമിലൂടെ വെറുതെ നടന്നുകൊണ്ട് എവിടെയിരിക്കണമെന്നു തീര്‍ച്ചപ്പെടുത്തി. നഗരങ്ങളെ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്ന കാഴ്ചയിടങ്ങള്‍, വളരെ പതിഞ്ഞ രീതിയില്‍ ആളുകള്‍ പല ദിശകളിലേക്കായി സഞ്ചരിക്കുന്നത്, വെറുതെയിരിക്കുന്നത്, സിഗരറ്റ് വലിക്കുന്നത് എല്ലാം വളരെ സ്വാഭാവികം. ഞാന്‍ മണിക്കൂറുകളോളം ഒരു കാഴ്ച ബംഗ്ലാവിലെന്നപോലെ സ്റ്റേഷനിലിരുന്നു. ബോധം നശിച്ചവളെപ്പോലെ ഒരു പുസ്തകം തിന്നു തീര്‍ത്തു. 

എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലായതുമില്ല. എനിക്കുള്ള വണ്ടി ഏത് സമയത്താണ്? പല വണ്ടികളും പല സമയത്തായി പോയിക്കൊണ്ടിരുന്നു. എല്ലാ പാളങ്ങളിലും വണ്ടികള്‍ നിറഞ്ഞിരിക്കുന്നു. ആളുകള്‍ പല വണ്ടികളിലായി ചാടിക്കയറുന്നു. സമയം ഒരു മണിയോടടുത്തിരിക്കുകയാണ്. ഒരു നഗരത്തിന്റേയും കരയില്‍ അടുക്കുവാന്‍ കഴിയാത്തതു പോലെ ഒരു വണ്ടിയിലും ഞാന്‍ കയറിയില്ല. അത്തരമൊരവസ്ഥയില്‍ ഗ്രീക്ക് കവി കവാഫിയുടെ നഗരം എന്ന കവിത എന്റെ ചുണ്ടില്‍ പെരുത്തു.

നീ പറയുന്നു: ഞാന്‍ മറ്റൊരു രാജ്യത്തേക്ക് പോകും, മറ്റൊരു തീരത്തേക്ക് പോകും.

ഇതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊരു നഗരം കണ്ടുപിടിക്കും.
എന്റെ ഏതൊരു ശ്രമവും നശിക്കാന്‍ വിധിക്കപ്പെട്ടതാണ്;
എന്റെ ഹൃദയം ഒരു മൃതശരീരംപോലെ കുഴിച്ചുമൂടപ്പെട്ടതും.
എത്ര നാള്‍ എന്റെ മനസ്സിവിടെ ദ്രവിച്ചുകൊണ്ടിരിക്കും?
എങ്ങോട്ട് തിരഞ്ഞാലും നോട്ടമെവിടെ പായിച്ചാലും
ഇവിടെ എന്റെ ജീവിതത്തിന്റെ കറുത്ത ജീര്‍ണ്ണത മാത്രം.
എത്ര വര്‍ഷങ്ങളിവിടെ ചെലവഴിച്ചു, ജീവിതം നശിപ്പിച്ചും ധൂര്‍ത്തടിച്ചും''

നീ പുതിയൊരു രാജ്യവും കണ്ടെത്തില്ല, മറ്റൊരു തീരവും കാണില്ല.
ഈ നഗരം നിന്നെ പിന്തുടരും. ഇതേ തെരുവുകളില്‍ത്തന്നെ നീ അലഞ്ഞുനടക്കും.
ഇവിടെത്തന്നെ നീ വൃദ്ധനാകും, ഇതേ വീടുകളില്‍ത്തന്നെ നിന്റെ മുടിനരയ്ക്കും.
എപ്പോഴും നീ ഇതേ നഗരത്തില്‍ത്തന്നെ എത്തിച്ചേരും.
മറ്റൊരു നഗരത്തിനായുള്ള പ്രതീക്ഷ വേണ്ട,
നിനക്ക് പോകാനായി ഒരു കപ്പലോ വഴിയോ ഇല്ല. 
നീയത് ലോകത്തെല്ലായിടത്തും നശിപ്പിച്ചിരിക്കുന്നു.

Il 
എല്ലാ വണ്ടികളും പോയിക്കഴിഞ്ഞു. ഇനി വെളുപ്പിന് ഏഴ് മണിക്കാണെന്നാണ് എന്‍ക്വയറിയില്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്. ഈ രാത്രി മുഴുവനും ഒറ്റയ്ക്ക് എന്താണ് ചെയ്യുക എന്നോര്‍ത്ത് ഒരു നിമിഷം ഞാന്‍ പിടഞ്ഞു. ഏതോ കയത്തില്‍ പെട്ടെന്ന് ഒറ്റപ്പെട്ടതുപോലെ എനിക്ക് സങ്കടവും അതേസമയം അങ്ങനെ സംഭവിച്ചതില്‍ അത്ഭുതവും തോന്നി. മൊബൈല്‍ ഫോണില്‍ ചാര്‍ജ് തീര്‍ന്നിരുന്നു. ചുറ്റിലും അസ്വാഭാവികമായതും തലചുറ്റിക്കുന്നതുമായ എന്തൊക്കെയോ സംഭവിക്കുന്നതുപോലെ ഞാന്‍ സ്വയം വിശ്വസിക്കുകയും അതിനെത്തുടര്‍ന്ന് മറ്റെന്തൊക്കെയോ മനസ്സില്‍ നിര്‍മ്മിക്കുകയും ചെയ്തു. സ്റ്റേഷന്‍ ഒരു തീപ്പെട്ടിക്കൂട് പോലെ ചുരുങ്ങി. ചെറുതായിട്ട് പെയ്യുന്ന മഴയെ നോക്കുകയല്ലാതെ മറ്റൊരു നിവൃത്തിയില്ലായിരുന്നു. പ്ലാറ്റ്ഫോമിന്റെ തറയിലും ഒന്നിനോടൊന്ന് ചേര്‍ത്തുവെച്ചിരിക്കുന്ന കസേരകളിലും ഇരുന്നും കിടന്നുമുറങ്ങുന്ന ആളുകള്‍ക്കിടയില്‍ ഞാനുമിരുന്നു. കുറേ സ്ത്രീകള്‍, പല ദേശത്തുനിന്ന് വരുന്നവര്‍, പല നിറ മാംസങ്ങളുള്ളവര്‍. ചിലര്‍ ഉറങ്ങുന്നു, ചിലര്‍ ആലോചിക്കുന്നു, ചിലര്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നു; ഞാന്‍ അനേകം മനുഷ്യര്‍ക്കിടയിലിരുന്നുകൊണ്ട് ഉറങ്ങാന്‍ ശ്രമിച്ചു.

രാവിലെ എഴുന്നേറ്റ് കാസര്‍കോട്ടേക്ക് ഒരു ടിക്കറ്റെടുത്തു. പിന്നെ ഒരു ചായയും ബിസ്‌കറ്റും വാങ്ങി. എത്ര നേരമായുള്ള കാത്തിരിപ്പാണിത്. ഏഴര മണിയായപ്പോള്‍ തീവണ്ടിയുടെ മുഖം ദൂരെ പ്രത്യക്ഷപ്പെട്ടു. അപരിഷ്‌കൃതമായ ഏതോ കാലത്തിന്റെ ഭാരം തൂവിക്കൊണ്ട് വളരെ നീണ്ടൊരു ഉടല്‍ ക്രമേണ മുഴുവനായും തെളിഞ്ഞുവന്നു. ലേഡീസ് കംപാര്‍ട്ട്മെന്റില്‍ കയറി. നിറയെ സ്ത്രീകള്‍, സ്ത്രീകളുടെ ഒരു വലിയ കൂട്ടം.

തീവണ്ടി ചലിച്ചുതുടങ്ങിയപ്പോള്‍ വേര്‍പെട്ട് തുടങ്ങിയ പ്ലാറ്റ്ഫോമിലേക്ക് ഞാന്‍ വെറുതെ നോക്കി. ഇന്നലെ രാത്രിയില്‍ കണ്ട കാവിവസ്ത്രം ധരിച്ച ഭ്രാന്തനായ വൃദ്ധന്‍ പത്തിരിക്കഷണം കടിച്ചുതിന്നുകൊണ്ട് ഒരു മൂലയിലിരിക്കുന്നു. ഞാന്‍ അയാളില്‍നിന്നു വളരെ പെട്ടെന്ന് മുഖം തിരിച്ചു.

കാസര്‍കോട്ടെത്തുമ്പോള്‍ രാത്രിയായിരുന്നു. തീവണ്ടിയും റെയില്‍വേ സ്റ്റേഷനുകളും എന്തോ തേടിയുള്ള ഒറ്റ യാത്രകളും എന്നില്‍ കൂടുതല്‍ ഏകാന്തത നിറച്ചു. അതില്‍നിന്ന് എപ്പോഴും അഗാധമായ ദുഃഖം ഘനീഭവിച്ചുകൊണ്ടിരുന്നു.

വീട്ടിലേക്കുള്ള ചെരിഞ്ഞ പാതയിലൂടെ നടക്കുമ്പോള്‍ ഒരു വെളുത്ത പൂച്ച കുറുകെ ചാടി. അബ്ബ വേദനകൊണ്ട് പിടയുന്നത് ദൂരെനിന്നുതന്നെ കേള്‍ക്കാമായിരുന്നു. അബ്ബയ്ക്ക് ഭ്രാന്താണ്. ഭ്രാന്ത് വരുമ്പോള്‍ അബ്ബ, ചുമരില്‍ തലയിട്ടടിക്കും, പിന്നെ കയ്യിലും കാലിലുമെല്ലാം കടിച്ചുമുറിക്കും, കിട്ടിയാല്‍ അത്തയുടെ കയ്യിലും കഴുത്തിലുമെല്ലാം കടിക്കും. അല്പം കുറയുമ്പോള്‍ ഒരു കുഞ്ഞിനെപ്പോലെ കരയുവാന്‍ തുടങ്ങും. പിന്നെ കരഞ്ഞു കരഞ്ഞുറങ്ങും. അബ്ബ പാവമാണ്, ഭ്രാന്ത് വന്നുകഴിഞ്ഞാല്‍ എന്തു ചെയ്യാന്‍ പറ്റും?
അത്ത എല്ലാം സഹിക്കും, വീട്ടില്‍ത്തന്നെ ചെറിയ തുന്നല്‍ജോലികളും അടുത്ത വീടുകളില്‍ ജോലിക്കും പോകും. അബ്ബയെ പുറത്തെങ്ങും വിടില്ല. ആളുകള്‍ക്കെല്ലാം ഞങ്ങളോട് സഹതാപമാണ്. അത്തയ്ക്ക് ഒരു സഹായമാകുമല്ലോ എന്നു കരുതി ഞാന്‍ നാട്ടില്‍ത്തന്നെ എന്തെങ്കിലും ജോലി നോക്കുവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഈ നരകത്തില്‍നിന്നു നീ എങ്കിലും രക്ഷപ്പെടൂ എന്നു പറഞ്ഞ് അത്ത എന്നെ ഉന്തിപ്പായിച്ചതാണ്. എനിക്ക് ഇവിടെത്തന്നെ നില്‍ക്കാനായിരുന്നു ഇഷ്ടം. ഇവിടെക്കിടന്ന് നശിക്കാനാണ് വിധിയെങ്കില്‍ അങ്ങനെയും.

'99-ല്‍ അബ്ബ ബെള്ത്തങ്ങാടിയിലേക്ക് പണിക്ക് വന്നതായിരുന്നു. എനിക്കപ്പോള്‍ നാലോ അഞ്ചോ വയസ്സ് പ്രായമേ ഉണ്ടായിരുന്നുള്ളൂ. അത്ത ഞങ്ങളുടെ വീട്ടില്‍ പണിക്കു നിര്‍ത്താന്‍ അച്ഛന്‍ ഗുണ്ടല്‍പേട്ടില്‍നിന്നു കൊണ്ടുവന്ന പെണ്‍കുട്ടിയായിരുന്നു. നാലഞ്ചേക്കറോളം വരുന്ന വലിയ തോട്ടം. കുറേ കവുങ്ങും തെങ്ങും പിന്നെ നടുവില്‍ ഒരു പതിനാറ് കെട്ടും. അമ്മ എന്നെ പ്രസവിച്ചപ്പോള്‍ത്തന്നെ മരിച്ചുപോയിരുന്നു. എന്നെ നോക്കാനും വീട്ടുജോലികളെല്ലാം ചെയ്യാനുമാണ് അത്ത ഞങ്ങളുടെ വീട്ടിലെത്തിയത്. അബ്ബയെപ്പോലെ അത്തയും ഒരു പാവമായിരുന്നു. ഒന്നും മിണ്ടുകയില്ല, എല്ലാം സഹിക്കും. അച്ഛന്റെ എല്ലാ ദേഷ്യങ്ങളും അവരുടെ മേലിലാണ് തീര്‍ക്കുക; പകല്‍ മുഴുവനും വീട്ട് ജോലി ചെയ്യണം; രാത്രിയില്‍ അച്ഛന്‍ പറയുന്നതുപോലെയും. അച്ഛനു പല സ്ഥലങ്ങളിലായി ധാരാളം ഭൂമിയുണ്ടായിരുന്നു; അതേപോലെ രഹസ്യബന്ധങ്ങളും. 

ഒരിക്കല്‍ കാസര്‍കോടിനു പോയി തിരിച്ചുവരുമ്പോഴാണ് അബ്ബായേയും കൂട്ടി അച്ഛന്‍ വീട്ടിലേക്ക് വരുന്നത്. അബ്ബ കോറത്തുണിയുടെ ഒരു മേല്‍ക്കുപ്പായവും കമ്പായവുമായിരുന്നു അന്ന് ഉടുത്തിരുന്നത്. കാലില്‍ ഒരു വള്ളിച്ചെരുപ്പ്. പിന്നെ ചെമ്പിച്ച താടിയുമുണ്ടായിരുന്നു. അബ്ബയെ വീട്ടില്‍ കൊണ്ടുവന്നിട്ട് മൂന്നാല് ദിവസം കഴിയുമ്പോള്‍ എന്നോടും അത്തയോടും പറയാതെ അച്ഛന്‍ എങ്ങോട്ടോ പോയി. കച്ചവടവുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിലേക്ക് പോയെന്നാണ് അബ്ബ പറഞ്ഞത്, രണ്ട് മാസം കഴിയുമ്പോള്‍ തിരിച്ചുവരുമെന്നും. 

പിന്നീടുള്ള ദിവസങ്ങളെല്ലാം തന്നെ വലിയ സമാധാനമുണ്ടായിരുന്നു. അത്ത കൂടുതല്‍ സന്തോഷവതിയായി കാണപ്പെട്ടു. അബ്ബ തോട്ടത്തിലെ ഏറുമാടത്തില്‍ത്തന്നെയാണ് താമസിച്ചിരുന്നത്. വീടിനകത്തേക്ക് ഒരിക്കലും കയറിയിരുന്നില്ല. ഭക്ഷണം കഴിക്കുവാന്‍ പുറത്ത് വന്നിരിക്കും, പാത്രങ്ങള്‍ കഴുകിവെച്ചിട്ട് അല്പം വെള്ളവും കുടിച്ച് തിരിച്ചുപോകും. അദ്ദേഹം വളരെ ശാന്തനായ മനുഷ്യനായിരുന്നു. ഞങ്ങളേയും തോട്ടത്തിലെ സകല മരങ്ങളേയും ഒരു പോലെ പരിപാലിച്ചു. 

ആഴ്ചയില്‍ രണ്ട് ദിവസം ഞങ്ങളുടെ വീട്ടിലേക്ക് എന്നെ പഠിപ്പിക്കുവാനായി തെരേസ എന്നൊരു സിസ്റ്റര്‍ വരുമായിരുന്നു. ഉയര്‍ന്ന് മെലിഞ്ഞ് ഇരുനിറമുള്ള സ്ത്രീയാണവര്‍. അവരുടെ മുഖത്ത് ഏതോ ഒരു പേടിസ്വപ്നം കണ്ടെഴുന്നേറ്റതിന്റെ ഞെട്ടല്‍ സദാ സമയവും നിഴലിച്ചിരുന്നു. പഠിപ്പിക്കുമ്പോള്‍ ഒരു പ്രാര്‍ത്ഥനയെന്നോണമാണ് ഒരോ വാക്കുകളും അവരുച്ചരിച്ചിരുന്നത്. പതിഞ്ഞ താളത്തില്‍ ദീര്‍ഘനേരം അവരെനിക്ക് പദ്യങ്ങള്‍ ചൊല്ലി കേള്‍പ്പിച്ചു. തിരിച്ചു പോകുമ്പോള്‍ അവരുടേതായ ഒരടയാളവും എന്നില്‍ ബാക്കിവെച്ചിരുന്നില്ല, എന്നാല്‍, പിറ്റേ ദിവസം വാരന്തയിലിരുന്ന് അവരെ കാത്തിരിക്കുവാനുള്ള പ്രേരണ ഉളവാക്കുകയും ചെയ്തിരുന്നു. 

ഞാനോ അത്തയോ ഒരിക്കലും പുറത്തേക്ക് പോയില്ല. അരിയും സാധനങ്ങളും മറ്റും വാങ്ങുവാനായി അബ്ബ പുറത്തുപോയി വരും. പുറംലോകം എന്റെ ചിന്തകളില്‍നിന്നും ഭാവനകളില്‍നിന്നും വേറിട്ടുനില്‍ക്കുന്ന മറ്റേതോ ഒരു സങ്കല്പനമായിട്ടാണ് അപ്പോഴെല്ലാം ഞാന്‍ മനസ്സിലാക്കിയിരുന്നത്. അബ്ബയും അത്തയും തെരേസ സിസ്റ്ററുമെല്ലാം ആ ലോകത്തിലേക്കുള്ള എന്റെ വാതില്‍പ്പടികളായിരുന്നു. അച്ഛനെ ഞാന്‍ മനപ്പൂര്‍വ്വം മറക്കുകയായിരുന്നു. അതിനുവേണ്ടി ഞാന്‍ അബ്ബയെ കൂടുതല്‍ സ്‌നേഹിച്ചു.
കുറേ മരങ്ങളും പക്ഷികളും അടഞ്ഞുകിടക്കുന്ന ധാരാളം മുറികളുമുള്ള ഒരിടത്ത് ഞാന്‍ എന്നില്‍നിന്ന്, ലോകത്തില്‍നിന്ന് വേറിട്ടു നില്‍ക്കുന്ന അപരസാന്നിദ്ധ്യംപോലെ വളര്‍ന്നുകൊണ്ടിരുന്നു. 

അബ്ബ, എനിക്ക് ധാരാളം കഥകള്‍ പറഞ്ഞുതന്നു. കാസര്‍കോട്ടുള്ള മാപ്പിളമാരുടെ കച്ചവടക്കഥകളാണ് അക്കൂട്ടത്തില്‍ കൂടുതലുണ്ടായിരുന്നത്; പിന്നെ അബ്ബ അലഞ്ഞു നടന്നിരുന്ന ഒരോ സ്ഥലങ്ങളെപ്പറ്റിയും കണ്ട ആളുകളെപ്പറ്റിയും പറഞ്ഞുതന്നു. ഞാന്‍ ജിജ്ഞാസയോടെ കണ്ണുകളില്‍ പ്രകാശം നിറച്ച് എല്ലാം കേട്ടുകൊണ്ടിരുന്നു. അബ്ബയുടെ സുഹൃത്തുക്കളായ ഖാദറിനേയും മമ്മദിനേയും സുബൈദയേയും ഞാന്‍ ഇടയ്ക്കിടെ ഓര്‍ത്തു. അബ്ബ അവരുമായി പങ്കിട്ട നിമിഷങ്ങളെല്ലാം അതേമാതിരി ഞാന്‍ അനുഭവിക്കുന്നതായറിഞ്ഞു. എനിക്കു പരിചിതമല്ലാത്ത ഒരുകാലത്തെ കഥകളിലൂടെ ഞാനറിഞ്ഞുകൊണ്ടിരുന്നു. അബ്ബയുടെ അടുത്തല്ലാത്ത സമയത്ത് അത്തയുടെ പുറകില്‍ തൂങ്ങിക്കൊണ്ട് ഞാന്‍ കഥകള്‍ ചോദിച്ചുകൊണ്ടിരുന്നു. പ്രധാനമായും എനിക്കപ്പോള്‍ ഓര്‍മ്മകളായിരുന്നു ആവശ്യം. മറ്റൊരാള്‍ എന്നോട് പറയുന്ന ഓര്‍മ്മകളിലെ കാഴ്ചകള്‍ എന്നെ അഗാധമായി സ്പര്‍ശിച്ചു. ഞാനതില്‍ വളരെയധികം ആനന്ദിച്ചു; കഥകള്‍ ലഭിക്കാത്ത ദിവസങ്ങളിലെല്ലാം വളരെയധികം വെപ്രാളപ്പെട്ടുകൊണ്ടിരുന്നു; അക്ഷമയായി.

എന്തെങ്കിലും പറയൂ അബ്ബാ...
എന്തെങ്കിലും പറയൂ അത്തെ...
ഞാന്‍ ചിണുങ്ങിക്കൊണ്ടിരുന്നു. അച്ഛനെന്താണ് ഇതുവരെയും വരാത്തതെന്ന് ഒരിക്കലും ചോദിച്ചില്ല. അവരാരും എന്നോട് അതിനെപ്പറ്റി പറഞ്ഞതുമില്ല. അന്വേഷിക്കുവാന്‍ ഞങ്ങള്‍ക്കാര്‍ക്കും മറ്റൊരു മാര്‍ഗ്ഗവുമുണ്ടായിരുന്നില്ല.

ഒരു ദിവസം അബ്ബ പുറത്തുപോയി വന്നതിനുശേഷം ഞങ്ങളോട് ഒരുങ്ങുവാന്‍ പറഞ്ഞു. അച്ഛന്‍ എന്നേയും അത്തയേയും കൂട്ടി കാസര്‍കോടിന് പോകാന്‍ പറഞ്ഞുവെന്നാണ് അബ്ബ പറഞ്ഞത്.
എന്തിനാണത്?
അച്ഛന്‍ അവിടേക്ക് വരുമോ?

ഞാന്‍ നെറ്റിചുളിച്ചു. അബ്ബയുടെ മുഖത്ത് പറയാനാകാത്ത ഒരു ക്രൂര രഹസ്യം തങ്ങിനില്‍ക്കുന്നതുപോലെയാണ് ആ സന്ദര്‍ഭത്തെ ഞാന്‍ മനസ്സിലാക്കിയത്. അത്ത ഒന്നും മിണ്ടാതെ സാധനങ്ങള്‍ അടുക്കിവെച്ചുകൊണ്ടിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഞാനും.

അപ്പോഴെനിക്ക് പന്ത്രണ്ട് വയസ്സ് പ്രായവും പ്രായത്തില്‍ കവിഞ്ഞ പക്വതയുമുണ്ടായിരുന്നു. അബ്ബയുടെ മുഖത്തേക്ക് വീണ്ടും നോക്കിയപ്പോള്‍ പിന്നീടൊന്നും ചോദിക്കുവാന്‍ തോന്നിയതുമില്ല.
ഞങ്ങള്‍ മൂന്നുപേരും വളരെയധികം നിശ്ശബ്ദരായിരുന്നു. കഠിനമായ എന്തോ ഒന്നിനെ നേരിടാനെന്നപോലെ അബ്ബായും അത്തയും ഞാനും വീടിറങ്ങി. എന്റെ കണ്ണുകളില്‍ വെളിപ്പെട്ടുകൊണ്ടിരുന്ന ഭയത്തെ ഞാന്‍ അമര്‍ത്തിവെച്ചു. അപ്പോള്‍ എനിക്കനുഭവപ്പെട്ടുകൊണ്ടിരുന്ന അരക്ഷിതബോധത്തെ എങ്ങനെ പ്രകടിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു, അത് അബ്ബയേയും അത്തയേയും അറിയിക്കാതെ എത്രമാത്രം അടക്കിപ്പിടിച്ചുവെന്നും.

തികച്ചും അന്യമായിനിന്ന ലോകത്തെ ഏറ്റവുമടുത്ത് യാതൊരു മുന്നൊരുക്കവുമില്ലാതെ അനുഭവിച്ചു തുടങ്ങുന്നത് ഞെട്ടലോടെ ഞാനറിഞ്ഞു. കുറേ മനുഷ്യന്മാര്‍, പൊടിയും പുകയും പാറുന്ന അന്തരീക്ഷം; ധാരാളം വാഹനങ്ങള്‍, വലിയ കെട്ടിടങ്ങള്‍, കറുപ്പും വെളുപ്പും ഇരുണ്ട നിറത്തിലുമായി പലതരം മാംസങ്ങളുള്ള മനുഷ്യര്‍, പലതരം ഗന്ധങ്ങള്‍. ഞങ്ങള്‍ വയലറ്റും ചുവപ്പും നിറമുള്ള ബസില്‍ കയറി. മംഗലാപുരത്തേക്ക് പോകുന്ന ബസാണെന്നാണ് അബ്ബ പറഞ്ഞത്. കാക്കിയുടുപ്പിട്ട കണ്ടക്ടര്‍ ടിക്കറ്റെടുത്തു. ഞാനും അത്തയും ഒരു സീറ്റിലാണിരുന്നത്. അബ്ബ ഞങ്ങള്‍ക്കെതിരെയുള്ള സീറ്റിലുമിരുന്നു. ഞാന്‍ ഇടയ്ക്കിടെ അത്തയെ തൊട്ടുകൊണ്ടിരുന്നു. എന്റെ വിചാരം ഞങ്ങള്‍ മൂന്നുപേരും മൂന്നായി ഇളകിപ്പോകുമെന്നും ലോകത്തിന്റെ വലിയൊരു ചതുപ്പില്‍ ആണ്ടുപോകുമെന്നായിരുന്നു. 

കുറേ വെയിലും കാറ്റുമേറ്റതിനാല്‍ ഞാന്‍ പെട്ടെന്നു ക്ഷീണിച്ചു. മംഗലാപുരത്തെത്തിയപ്പോള്‍ നന്നായി ഉറങ്ങിക്കൊണ്ടിരുന്ന എന്നെ അത്ത കുലുക്കിയെഴുന്നേല്‍പ്പിച്ചു. മംഗലാപുരം കുറേയധികം വലിയൊരു പട്ടണമായിരുന്നു. കുറേയധികം വലിയ കെട്ടിടങ്ങള്‍, ഹോട്ടലുകള്‍, വലിയ ബസ് സ്റ്റാന്റ്.

അബ്ബ ഒരു തട്ടുകടയിലേക്ക് ഞങ്ങളെ കൊണ്ടുപോയി. ചായയും ഊത്തപ്പവും വാങ്ങിത്തന്നു. ഞങ്ങള്‍ക്ക് ചുറ്റിലും വലിയ വേഗതയില്‍ നിരന്തരമായി കാലം ചലിച്ചുകൊണ്ടിരിക്കെ, അങ്ങനെയൊരു കാലത്തില്‍നിന്നു വേറിട്ടുനില്‍ക്കുന്ന മൂന്ന് ബിന്ദുക്കളെപ്പോലെ നിശ്ചലരായി ഞങ്ങള്‍...
മംഗലാപുരത്തുനിന്ന് മറ്റൊരു ബസില്‍ കാസറകോഡിനു പോകണമെന്നാണ് അബ്ബ പറഞ്ഞത്. കാസറകോട്ടേക്ക് ഇനിയും ഒരു ഒന്നര മണിക്കൂര്‍ വേണം. ഞാനും അത്തയും അബ്ബയെ അനുഗമിച്ചുകൊണ്ടിരുന്നു. 

കാസറകോടെത്തുമ്പോള്‍ വൈകുന്നേരമായി. ബസിറങ്ങിയിട്ട് ഇനിയും ഒരു മണിക്കൂര്‍ സഞ്ചരിക്കാനുണ്ടെന്നാണ് അബ്ബ പറഞ്ഞത്. ഞാനും അത്തയും ഭൂമിയോടൊട്ടാനിരിക്കുന്ന ഉണങ്ങിയ പാറപ്പൂക്കള്‍ക്ക് സമാനമായി മാറിയിരുന്നു. ഞങ്ങളെ കൊണ്ടുപോകാനായി അബ്ബയുടെ കൂട്ടുകാരന്‍ മമ്മദ് ഒരു ജീപ്പുമായി വന്നു. അബ്ബ മമ്മദ്ക്കായുടെ കൂടെ മുന്‍വശത്തും ഞാനും അത്തയും പുറകിലുമാണിരുന്നത്. മമ്മദിന് കൊപ്ര കച്ചവടമാണെന്ന് അബ്ബ പറഞ്ഞത് ഞാന്‍ ഓര്‍ത്തെടുത്തു. ജീപ്പിന്റെ അകവശത്ത് ആട്ടിയ വെളിച്ചെണ്ണയുടേയും കൊപ്രത്തുണ്ടിന്റേയും മണമായിരുന്നു. അബ്ബയും മമ്മദ്ക്കായും എന്തൊക്കെയോ വര്‍ത്തമാനങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. ഞാനും അത്തയും ഒന്നും മിണ്ടിയില്ല. ഞാന്‍ പുറത്തെ ഇരുട്ടിലേക്ക് നോക്കി, അത്ത കണ്ണടച്ചിരിക്കുകയായിരുന്നു. കുറേനേരം കഴിഞ്ഞപ്പോള്‍ സ്ഥലമെത്തിയെന്ന് അബ്ബ പറഞ്ഞു. ഞാന്‍ അത്തയെ വിളിച്ചുണര്‍ത്തി. ഞങ്ങള്‍ക്ക് പരസ്പരം ഒന്നും സംസാരിക്കുവാനുള്ള നിവൃത്തിയില്ലായിരുന്നു. ഒരു കണ്ടത്തിന്റെ വരമ്പിലൂടെയാണ് അബ്ബയും മമ്മദ്ക്കയും നടന്നുകൊണ്ടിരുന്നത്. കുറച്ച് ദൂരം നടന്നപ്പോള്‍ ഓട്‌മേഞ്ഞ ഒരു വീട്ടിലേക്കെത്തി. 
ഞാന്‍ ഇറങ്ങട്ടെ, പോയിട്ട് നാളെ വരാം. 

കയ്യില്‍ കരുതിയ ഭക്ഷണപ്പൊതികള്‍ അബ്ബയെ ഏല്പിച്ചുകൊണ്ട് മമ്മദ്ക്ക തിരിച്ചുപോയി. ഞങ്ങള്‍ വീണ്ടും ലോകത്തിന്റെ എതിര്‍ദിശയിലെവിടെയോ നിശ്ചലമായ ജീവബിന്ദുക്കളായി. 

രണ്ട് മൂന്ന് ചെറിയ മുറികള്‍, പിന്നെയൊരു അടുക്കള, അതിനോട് ചേര്‍ന്ന് ഒരു കുളിമുറി. അത്ത എല്ലാം അടുക്കിവെയ്ക്കുകയും വൃത്തിയാക്കുകയും ചെയ്തു. ഒരു മുറിയില്‍ പുല്‍പ്പായ വിരിച്ച് അത്തയും ഞാനുമുറങ്ങി. മറ്റൊരു മുറിയില്‍ അബ്ബയും.

പുറത്തുനിന്ന് ചെറുജീവികളുടെ ശബ്ദം എല്ലാ മൗനത്തേയും വകഞ്ഞുകൊണ്ട് മുറ്റിനിന്നു. മുറിയില്‍ തങ്ങിനിന്ന ഇരുട്ടും അതിലേക്ക് ലയിക്കുന്ന ഷഡ്പദങ്ങളുടെ ശബ്ദവും. ഒരിക്കലും പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പദപ്രശ്‌നംപോലെ തികഞ്ഞ സങ്കീര്‍ണ്ണത സൃഷ്ടിച്ചുകൊണ്ട്...
അബ്ബ വീടിനടുത്തുള്ള കണ്ടത്തില്‍ പണിക്കു പോയി തുടങ്ങി, അത്ത അയല്‍വീടുകളില്‍ ചെറിയ ജോലികള്‍ക്കും. അബ്ബ, ബെള്ത്തങ്ങാടിയില്‍ പോയപ്പോള്‍ കല്യാണം കഴിച്ച സ്ത്രീയായും അവരുടെ മകളുമായിട്ടാണ് എന്നെയും അത്തയേയും അവതരിപ്പിച്ചത്. ഞാന്‍ മിക്കപ്പോഴും മുറിയില്‍ത്തന്നെയിരുന്നു; അബ്ബ എനിക്ക് ചില പുസ്തകങ്ങള്‍ വരുത്തിച്ചു തന്നു. ഞാനും എന്തെങ്കിലും പണിക്ക് പോകട്ടെയെന്ന് ഇടയ്ക്ക് അബ്ബയോടും അത്തയോടും ചോദിക്കുമെങ്കിലും അവരതിന് ഒരുതരത്തിലും അനുവദിച്ചില്ല. ഞങ്ങള്‍ മൂന്നുപേര്‍ക്കുമിടയില്‍ ഒരു മറപോലെ അച്ഛന്റെ സാന്നിദ്ധ്യം ഉണ്ടാകുന്നത് കഠിനമായി നിഷേധിക്കുമെങ്കില്‍ക്കൂടിയും 
ബെള്ത്തങ്ങാടിയിലുള്ള ഞങ്ങളുടെ വീട്ടിലേക്ക് എപ്പോഴാണ് തിരിച്ചുപോവുകയെന്ന് അബ്ബയോട് ഇടയ്ക്കെങ്കിലും ചോദിക്കുവാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്തോ ഒരു പേടിസ്വപ്നംപോലെ അബ്ബ ഉള്‍ക്കിടിലത്തോടെ ഞെട്ടുകയും ഇടറുകയും ചെയ്യുന്നത് കണ്ട് പിന്നീടൊരിക്കലും ആ ചോദ്യം ആവര്‍ത്തിക്കാതിരിക്കാനും ഒരു രഹസ്യമെന്നപോലെ മനസ്സിനുള്ളില്‍ത്തന്നെ മൂടാനും ഞാന്‍ പണിപ്പെട്ടു.
എന്റെ സംസാരം വളരെ കുറഞ്ഞിരുന്നു. ഞാന്‍ കൂടുതലായും പുസ്തകം വായനയിലും ചിത്രരചനയിലും ഏര്‍പ്പെട്ടുകൊണ്ടിരുന്നു. രണ്ട് മൂന്നു വര്‍ഷങ്ങള്‍ അങ്ങനെ മാത്രം കഴിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അബ്ബയ്ക്ക് ചെറിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. വെറുതെ ചിരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയായിരുന്നു ആദ്യമുണ്ടായിരുന്നത്. പിന്നെ ചെറുതായി പിറുപിറുത്തുകൊണ്ടിരിക്കും. അത്തയാണ്, അബ്ബയില്‍ വന്ന മാറ്റങ്ങളെ ആദ്യം കണ്ടെത്തിയത്. ഞാനും പിന്നീട് ശ്രദ്ധിച്ചു. മമ്മദ്ക്ക ഒരു ദിവസം വീട്ടിലേക്ക് വന്ന് ഇതിനെപ്പറ്റി എന്നോടും അത്തയോടും രഹസ്യമായി സംസാരിച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവം എനിക്ക് കൂടുതല്‍ മനസ്സിലാകുന്നത്.

നമ്മളിനി എന്തുചെയ്യും ? ഞാന്‍ മമ്മദ്ക്കയോട് ചോദിച്ചു. 

ടൗണിലുള്ള ഏതെങ്കിലും ആശുപത്രിയില്‍ നല്ലൊരു ഡോക്ടറെ കണ്ടുപിടിക്കാമെന്നു പറഞ്ഞ് മമ്മദ്ക്ക സമാധാനപ്പെടുത്തി. അതിനൊക്കെ വലിയ ചിലവ് വരില്ലേയെന്നോര്‍ത്ത് ഞാനും അത്തയും കൂടുതല്‍ ആശങ്കപ്പെട്ടു. ഞങ്ങളുടെ വീട് കൂടുതല്‍ കരുവാളിച്ചതായും ചതുപ്പില്‍ ആഴ്ന്നു പോകുന്നതായും ഞാനറിഞ്ഞുകൊണ്ടിരുന്നു.

അബ്ബ വരുന്നതും കാത്ത് ഞാന്‍ വരാന്തയില്‍ത്തന്നെയിരുന്നു. ചേരുംതോറും വിപരീത ധ്രുവങ്ങളിലേക്ക് വേര്‍പെടുന്ന കാന്തികരേഖകള്‍പോലെ ഞങ്ങളുടെ ജീവിതം മാറിപ്പോകുന്നത് ദൂരെനിന്നു വരുന്ന അബ്ബയുടെ ചലനങ്ങളില്‍നിന്നു വ്യക്തമായിരുന്നു. നേരിട്ടു കണ്ടതും മനസ്സില്‍ സൂക്ഷിച്ചുകൊണ്ടിരുന്നതുമായ ഏതോ ഒരു ക്രൂരമായ രഹസ്യം അബ്ബയുടെ ശരീരത്തില്‍ ദിവസം പ്രതി വെളിപ്പെടുന്നതായിട്ടാണ് ഞാന്‍ പിന്നീടതിനെ തിരിച്ചറിഞ്ഞുകൊണ്ടിരുന്നത്. ഞങ്ങള്‍ രണ്ട് സ്ത്രീകള്‍ ഇതിനെ എങ്ങനെയാണ് നേരിടുവാന്‍ പോകുകയെന്ന് ഞാനും അത്തയും പരസ്പരം മുഖത്തോട് മുഖം നോക്കി ചോദിച്ചു. അബ്ബ ഞങ്ങളില്‍നിന്നു വളരെ അകന്ന് അപരിചിതനായ ഒരു മനുഷ്യനായി തീരുകയായിരുന്നു. തികച്ചും പ്രാകൃതനായ ഒരു ജീവി അബ്ബയെ മുഴുവനായും നശിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്തുകൊണ്ടിരുന്നു. 

മമ്മദ്ക്കയുടെ സഹായത്താല്‍ പ്രസ്സിലും പുസ്തകശാലയിലുമായി ഞാന്‍ ജോലി ചെയ്യുവാന്‍ തുടങ്ങി. അത്ത പൂര്‍ണ്ണമായും അബ്ബയെ നോക്കുവാനായി വീട്ടില്‍ത്തന്നെ നിന്നു. അവര്‍ കാണാന്‍ കഴിയാത്തവിധത്തില്‍ മെലിഞ്ഞുണങ്ങിയ കരിയിലപോലെ പരിണമിക്കപ്പെട്ടിരുന്നു. 

ആയിടയ്ക്കാണ് അല്പം കൂടി ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന ജോലി മമ്മദ്ക്ക എനിക്ക് തരപ്പെടുത്തി തരുന്നത്. എറണാകുളത്തുള്ള ഒരു മാസ്റ്റര്‍ജിയുടെ വീട്ടില്‍ അദ്ദേഹം വരയ്ക്കുന്ന ചിത്രങ്ങളേയും അതിനോടനുബന്ധിച്ച് നടക്കുന്ന ക്ലാസ്സുകളിലും സെമിനാറുകളേയും അസിസ്റ്റ് ചെയ്യുവാനുള്ള ഒരു ജോലി. പോകണോ വേണ്ടയോ എന്നു ഞാന്‍ പല തവണ ആലോചിച്ചു. മമ്മദ്ക്കായും അത്തയും എന്നെ കൂടുതല്‍ നിര്‍ബ്ബന്ധിച്ചുകൊണ്ടിരുന്നു. മമ്മദ്ക്കായ്ക്ക് കച്ചവടവുമായി ബന്ധപ്പെട്ട് ധാരാളം സുഹൃത്തുക്കള്‍ കൊച്ചിയിലുണ്ട്. അങ്ങനെയാണ് മാസ്റ്റര്‍ജിയെ പരിചയപ്പെടുന്നതും അദ്ദേഹത്തിനു പുതിയൊരു അസിസ്റ്റന്റിനെ ആവശ്യമുണ്ടെന്നറിയുന്നതും.

അബ്ബയില്‍നിന്നും അത്തയില്‍നിന്നും വേര്‍പെട്ട് ഞാന്‍ മറ്റൊരു കാലത്തിലേക്ക് സഞ്ചരിക്കുന്നതായി തോന്നി. എന്താണ് ഇനി സംഭവിക്കുകയെന്നറിയില്ലെങ്കില്‍ക്കൂടിയും ഞാന്‍ മുന്നോട്ട് തന്നെ സഞ്ചരിക്കുവാന്‍ തീരുമാനിച്ചു. നിശ്ചിതമല്ലാത്ത ഗണിതരൂപങ്ങള്‍ വഴികളിലെല്ലാം വിതറിക്കിടക്കുന്നതായും കറുപ്പും വെളുപ്പും കുപ്പായമണിഞ്ഞ പടയാളികള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നതായുമുള്ള സ്വപ്നങ്ങള്‍ പകല്‍സമയങ്ങളില്‍ തുടര്‍ച്ചയായി എന്റെ മനസ്സിനെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു. എങ്കിലും അബ്ബായുടെ അലര്‍ച്ച കേട്ടുകൊണ്ട് രാത്രിയില്‍ ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു, പോകുവാന്‍ തീരുമാനിച്ച നഗരത്തെ ഭാവനയില്‍ കണ്ടുകൊണ്ട്.

Ill 
മുഖര്‍ജി മാസ്റ്റര്‍ എന്നെ വളരെയധികം സ്‌നേഹിച്ചു. ഞാന്‍ അദ്ദേഹത്തെ അതിലധികവും. ഭൂതകാലം അടുക്കിവെച്ച് ഞാന്‍ കൂടുതലായും മാസ്റ്റര്‍ജിയുടെ ജീവിതത്തെപ്പറ്റിയും ആശയങ്ങളെപ്പറ്റിയും ചിത്രങ്ങളെപ്പറ്റിയും ചിന്തിച്ചുകൊണ്ടിരുന്നു. വലിയ ആശയ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ക്രമാതീതമായി രൂപപ്പെട്ടുകൊണ്ടിരുന്നു. മാസ്റ്റര്‍ജിയുടെ മകള്‍ എന്ന് നഗരത്തില്‍ അദ്ദേഹത്തിനു പരിചയമുള്ള ആളുകളെല്ലാം എന്നെ വിളിച്ചു, അപ്പോള്‍ ഞാന്‍ അതിയായി സന്തോഷിക്കുകയും അതു മറ്റുള്ളവരെ വെളിപ്പെടുത്താത്ത രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു.

കറുപ്പ എന്ന മുറിയില്‍ മാര്‍ത്തയോടൊത്തുള്ള ദിവസങ്ങളിലെല്ലാം തന്നെ ഞങ്ങള്‍ പലവിധത്തിലുള്ള സംവാദങ്ങളിലും ചിത്രരചനയിലും ഏര്‍പ്പെട്ടുകൊണ്ടിരുന്നു. ദു:ഖങ്ങളേയും അനിശ്ചിതത്വത്തേയും രഹസ്യമായി ഒളിപ്പിച്ചുവെക്കുവാന്‍ അപ്പോഴേക്കും ഞാന്‍ പഠിച്ചു തുടങ്ങിയിരുന്നു. അതെത്രമാത്രം പ്രാവര്‍ത്തികമാണെന്നു പറയാന്‍ സാധിക്കുകയില്ലെങ്കില്‍ കൂടിയും.

എനിക്ക് മറ്റെങ്ങും പോകാനില്ലാത്തതിനാല്‍ മുഖര്‍ജി മാസ്റ്ററുടെ അബ്സ്ട്രാക്ടുകളെപ്പറ്റി സൂക്ഷ്മമായി പഠിച്ചുകൊണ്ടിരിക്കുക എന്ന പ്രവര്‍ത്തനമാണ് ആ കാലഘട്ടത്തില്‍ പ്രധാനമായും ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ ശ്രമിച്ചു. അദ്ദേഹത്തിന്റെ ദു:ഖത്തേയും വിഷാദത്തേയും സ്‌നേഹത്തേയും ആശങ്കകളേയും അങ്ങനെ തന്നെയുള്‍ക്കൊള്ളുവാന്‍ എനിക്ക് സാധിച്ചിരുന്നു. ഒരുപക്ഷേ, അതെന്നില്‍നിന്നു വളരെയധികം വേറിട്ട്‌നില്‍ക്കുന്നതാണെങ്കില്‍ കൂടിയും. ഞാന്‍ മിക്ക സമയങ്ങളിലും നിശ്ശബ്ദയായിരുന്നു; അവസരം ലഭിക്കുമ്പോള്‍ മാത്രം സംസാരിച്ചു; അല്ലാത്ത സമയങ്ങളില്‍ എല്ലാത്തിനേയും നിരീക്ഷിച്ചുകൊണ്ടുമിരുന്നു. 
പെയ്യുന്ന മഴയും പൂമ്പാറ്റയും രാത്രിയും കോഫി ഷോപ്പുകളും പുസ്തകങ്ങളും ചിത്രങ്ങളും മനുഷ്യരും അങ്ങനെയെല്ലാം എന്നില്‍നിന്നു വേര്‍പെട്ടുകൊണ്ടിരിക്കുന്ന എന്നെ മനസ്സിലാക്കുന്നതിനുള്ള ഉപാധികളായി ഞാന്‍ തിരിച്ചറിഞ്ഞു. അത് തീര്‍ച്ചയായും പ്രപഞ്ചത്തിലേക്കുള്ള തുറവി തന്നെയായിരുന്നു എന്നതില്‍ സംശയമില്ലതാനും.

എല്ലാത്തരം അനുഭവങ്ങളും എനിക്കു പുതിയതായിരുന്നു. വഴിയില്‍ പതിഞ്ഞിരിക്കുന്ന അപകടങ്ങള്‍പോലും മണത്തെടുക്കുവാനുള്ള ശേഷി എനിക്കപ്പോള്‍ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം. ഞാന്‍ എല്ലാറ്റിനേയും ആസ്വദിക്കുകയായിരുന്നു. കറുപ്പയിലെ ബാല്‍ക്കണിയിലിരുന്ന് ഒറ്റയ്ക്ക് ചെസ്സ് കളിച്ചു, മാര്‍ത്ത വരുമ്പോള്‍ രഹസ്യമായി ഇടയ്ക്ക് സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും ചെയ്തു. മാര്‍ത്തയുടെ സുഹൃത്തുക്കളെ കാണുവാന്‍ പോയി. മാര്‍ത്തയുടെ കഥകളില്‍ പൂര്‍ണ്ണമായും ജീവിച്ചു. 

അതെന്തിനുവേണ്ടിയാണെന്നറിയാതെയാണെങ്കിലും.

ഇടയ്ക്ക് നഗരത്തിലൂടെ നടക്കുമ്പോള്‍ അബ്ബയേയും അത്തയേയും ഓര്‍ക്കും, പിന്നെ മാസം തോറും പൈസ അയച്ചുകൊടുക്കുമ്പോഴുമോര്‍ക്കും. മമ്മദ്ക്കായുടെ ഫോണില്‍ വിളിക്കുമ്പോള്‍ അബ്ബയുടെ അലര്‍ച്ച കേള്‍ക്കാം. ആ ശബ്ദം കഠിനമായ വേദനയാണ്. എന്റെ അച്ഛന്റെ മുഖം അതില്‍ തെളിഞ്ഞുവരുന്നതായി എനിക്കപ്പോള്‍ അനുഭവപ്പെടും. അജ്ഞാതനും അപരിചിതനുമായ അച്ഛന്റെ മുഖം.

മുഖര്‍ജി മാസ്റ്ററിനേയും മാര്‍ത്തയേയും സ്‌നേഹിച്ചിരുന്നെങ്കില്‍ക്കൂടിയും ഞാനെപ്പോഴും അവരില്‍നിന്ന് വേറിട്ട്തന്നെ നിന്നു. എത്ര ശ്രമിച്ചിട്ടും ഒരു കൂട്ടത്തിലേക്ക് ഇഴുകിച്ചേരുവാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. എന്റെ സമവാക്യങ്ങളെല്ലാം തന്നെ ഒറ്റയൊറ്റയായി നിലനിന്നു; എന്നാലത് തീവ്രവും ആകര്‍ഷണീയവും വളരെ ആര്‍ദ്രവും അതിലധികം സംഘര്‍ഷഭരിതവുമായിരുന്നു. എന്നെ ബന്ധിപ്പിക്കുന്ന മറ്റൊരാളിലേക്ക് ഒരു രേഖ വരയ്ക്കുവാന്‍ സാധിക്കുമെങ്കില്‍ അതിനെ ഞാന്‍ അനന്തമായിട്ടാണ് തിരിച്ചറിയുന്നത്.

സന്തോഷം വര്‍ദ്ധിക്കുന്നതിനു സമാന്തരമായി ദു:ഖത്തിന്റെ നിലവിളിയും ഇടയ്ക്കിടെ കേട്ടു. ഫാക്ടറികളില്‍ സമയാസമയങ്ങളില്‍ സൈറണ്‍ മുഴങ്ങുന്നതുപോലെ സങ്കടത്തിന്റെ അലകള്‍ രൂപപ്പെടുന്നത് ആശങ്കയോടെ ഞാനറിഞ്ഞു. അതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നതില്‍ തീര്‍ച്ചയായും സംശയവുമുണ്ടായിരുന്നു.

സൂചനകളെല്ലാം സത്യമായിരുന്നു; അവ അസ്ഥിരമാണെങ്കില്‍ക്കൂടിയും. പിന്നീടുള്ള ദിവസങ്ങളിലെല്ലാം മാസ്റ്റര്‍ വളരെയധികം ക്ഷമകെട്ടവനായും അരക്ഷിതനായും കാണപ്പെട്ടു. ഞാനതിന്റെ കാരണം ചോദിക്കുവാന്‍ മുതിര്‍ന്നില്ല; ഞങ്ങളുടെ ബന്ധം സാവധാനത്തില്‍ അകന്നകന്നു പോകുന്നതായി അറിയുകയല്ലാതെ. മാര്‍ത്ത അപ്പോഴേക്കും ബാംഗ്ലൂര്‍ക്ക് പോയിരുന്നു. അവര്‍ ഒരുപക്ഷേ, കറുപ്പയിലേക്ക് ഇനി തിരിച്ചുവരില്ലെന്നു ഞാന്‍ വേദനയോടെ മനസ്സിലാക്കി. 

ഈയിടെ മാസ്റ്ററിന്റെ വീട്ടില്‍നിന്നു ധാരാളമായി ചിത്രങ്ങള്‍ മോഷണം പോകുന്നുണ്ടെന്നും അദ്ദേഹമതിന്റെ ദു:ഖത്തിലാണെന്നും ഞാന്‍ പിന്നീടറിയുന്നത്. എനിക്കത് മനസ്സിലായിരുന്നില്ല. വരച്ച ചിത്രങ്ങളുടെ കണക്കുകള്‍ ഞാന്‍ തിട്ടപ്പെടുത്തിവെയ്ക്കാറുമുണ്ടായിരുന്നില്ല. അതിന് മാസ്റ്റര്‍ മറ്റൊരാളെയാണ് ഏല്പിച്ചിരുന്നതും. എങ്കിലും അദ്ദേഹം എന്നെയാണ് സംശയിച്ചത്. കൂടുതല്‍ പണത്തിനുവേണ്ടി ഞാന്‍ കൊച്ചിയിലെ ജൂതന്മാര്‍ക്ക് ആരുമറിയാതെ വില്‍ക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഞാനീ നഗരത്തിന്റെ മായികതയില്‍ മുങ്ങിപ്പോയെന്നാണ് അദ്ദേഹം പരാതിപ്പെടുന്നത്. വെറുതെ കേട്ടുകൊണ്ടിരിക്കുകയല്ലാതെ അതിനെ തിരുത്തുവാന്‍ എനിക്ക് കഴിഞ്ഞതുമില്ല.

''ഞാന്‍ വൃദ്ധനായെന്നാണോ നിന്റെ വിചാരം? നീയെന്നെ പറ്റിക്കാന്‍ നോക്കേണ്ട...
ഞാന്‍ നിന്നെ ഒരു മകളെപ്പോലെ വിശ്വസിച്ചു. അതെന്റെ തെറ്റ്. ഇനി അത്തരം തെറ്റുകള്‍ ഈ വീട്ടില്‍ ആവര്‍ത്തിക്കില്ല. പൊയ്ക്കോ... എവിടേക്കെങ്കിലും.''
ഏതൊരു കാര്യത്തിലും മുഖം കറുപ്പിച്ചൊരു വാക്ക് മാസ്റ്ററിനോട് പറയുവാന്‍ എനിക്കൊരിക്കലും കഴിഞ്ഞിരുന്നില്ല. ഞാന്‍ കരഞ്ഞുകൊണ്ടിരുന്നു. രണ്ട് ദിവസങ്ങള്‍ കഴിഞ്ഞ് എല്ലാം ശരിയാകുമെന്നു വിചാരിച്ച് മരിച്ചവളെപ്പോലെ ഞാന്‍ കറുപ്പയിലേക്ക് നടന്നു. സ്‌നേഹിക്കുന്നവരോട് മാത്രമേ പരാതിപ്പെടുവാന്‍ കഴിയുകയുള്ളൂ... സ്‌നേഹിക്കുന്നവരില്‍നിന്നു മാത്രമേ വേര്‍പെടാന്‍ കഴിയുകയുള്ളൂ... സ്‌നേഹത്തിനു മാത്രമേ വേദനിപ്പിക്കുവാന്‍ കഴിയുകയുള്ളൂ... സ്‌നേഹത്തിന്റെ നിയമങ്ങള്‍ അങ്ങനെയാണെന്നാണ് മാസ്റ്റര്‍ പറയാറുള്ളത്.

 IV
മൈക്കിള്‍!
ചെറിയ പൂച്ചക്കണ്ണുകളുള്ള ചെറുപ്പക്കാരന്‍, നീണ്ട ചുരുണ്ട മുടി, ജാക്വാഡ് കോട്ടണില്‍ തുന്നിയ ട്രൗസേഴ്സും ടീഷര്‍ട്ടുമാണ് വേഷം. 
ഹായ്
കമലാ...
ഞാന്‍ മൈക്കിള്‍... അയാള്‍ സ്വയം പരിചയപ്പെടുത്തി.

അപ്പോള്‍ ഞാന്‍ വയലറ്റ് ബാറില്‍ തനിച്ചിരുന്നു കോഫി കുടിക്കുകയായിരുന്നു. ഒരു ചെറുപ്പക്കാരന്റെ നിഴല്‍ എനിക്കെതിരെ വന്നിരിക്കുന്നത് കുറച്ച് മുന്‍പേ തന്നെ ഞാനറിഞ്ഞിരുന്നു. എന്നാല്‍, എന്റെ ചലനം കുറേയധികം സാവധാനത്തിലുള്ളതായിരുന്നു. സ്ട്രീറ്റ് ലൈറ്റുകളില്‍നിന്നു പതിയെ കണ്ണ് വെട്ടിച്ച്, കോഫി കപ്പ് താഴെ വെച്ച് ഞാനയാളെ നോക്കുവാന്‍ തയ്യാറെടുത്തു.

നിങ്ങള്‍ക്കെങ്ങനെ എന്റെ പേരറിയാം! ഞാന്‍ അയാളോട് വളരെ പ്രയാസപ്പെട്ട് ചോദിച്ചു.
ഹേയ്... കൂള്‍... അയാളെന്നെ തണുപ്പിച്ചു.

ഞാന്‍ മാസ്റ്റര്‍ജി പറഞ്ഞിട്ട് വരുന്നതാണ്. കമലയെ കാണണമെന്ന് പറഞ്ഞു. വൈകുന്നേരം ചിലപ്പോള്‍ ഇവിടെയുണ്ടാകുമെന്നും പറഞ്ഞു.

എന്റെ ശരീരമാകെ കുളിര്‍ന്നു. 

ഓ... നിങ്ങള്‍ മാസ്റ്ററിന്റെ പുതിയ അസിസ്റ്റന്റാണോ?
ഏയ്... അല്ലെടൊ... ഞാന്‍ മാസ്റ്റര്‍ജിയുടെ പഴയൊരു സ്റ്റുഡന്റാണ്. ഇവിടെ കുറച്ചു നാളുണ്ടാവും, റുസ്തംബര്‍ഗിന്റെ ബിനാലെ വര്‍ക്കിന് വന്നതാണ്. വലിയൊരു പ്രൊജക്ടാണ്. സമയമുണ്ടെങ്കില്‍ കമല അങ്ങോട്ടൊന്നിറങ്ങൂ... നല്ലൊരു അനുഭവമായിരിക്കും.

ഓ...
കഴുത്ത് മറഞ്ഞുനില്‍ക്കുന്ന അയാളുടെ ചുരുണ്ട മുടി മാറ്റി അപ്പോള്‍ത്തന്നെ അയാളെ ചുംബിക്കുവാനാണ് എനിക്ക് തോന്നിയത്. അനേകം നാളത്തെ കാത്തിരിപ്പിന്റെ വിഷാദച്ചവര്‍പ്പുള്ള നീലിച്ച ചുംബനങ്ങള്‍... അയാളുടെ വര്‍ത്തമാനങ്ങള്‍ ആ വിചാരത്തില്‍ മങ്ങി നിന്നു. ഞാനൊന്നും ശ്രദ്ധിച്ചില്ല.

വെറുതെ തലയാട്ടിക്കൊണ്ടിരുന്നതല്ലാതെ മൈക്കിളിനോട് എന്തെങ്കിലും സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. അയാളാകെ മുഷിഞ്ഞിരിക്കുമെന്നു തോന്നി. എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല, ചുംബിക്കണമെന്ന് അപരിചിതനായ ഒരാളോട് എങ്ങനെയാണ് പറയുക? 
ശരി, കമലാ... സമയം പോലെ വരൂ...
അയാള്‍ നുണക്കുഴി വിടര്‍ത്തി ചിരിച്ചു.
ഞാനും ചിരിച്ചു. 

നിരത്തിലൂടെ മൈക്കിള്‍ നടന്നുപോകുന്നത് ഇരുന്നയിടത്തില്‍നിന്നുതന്നെ എനിക്ക് കാണാമായിരുന്നു. നടത്തം കൊള്ളാം, നല്ല ഊര്‍ജ്ജമുണ്ട്, പിന്നെ ചിരിയും. എന്തോ ഒരു മാസ്മരികത !
മൈക്കിള്‍ എപ്പോഴും ഉത്സാഹവാനായിരുന്നു. ശാന്തമായുറങ്ങുന്ന മാസ്റ്ററിന്റെ വീട്ടില്‍ അയാള്‍ ആനന്ദത്തിന്റെ ശബ്ദം നിറച്ചു. ഞങ്ങള്‍ ഒരുമിച്ച് കുറേ ചിത്രങ്ങള്‍ വരച്ചു; കൂടുതലൊന്നും ഞാനയാളോട് മിണ്ടിയില്ലെങ്കില്‍പ്പോലും, പ്രത്യേക അനുപാതത്തില്‍ വളരെ സമയം മടുപ്പില്ലാതെ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ അയാളറിയാതെ അയാള്‍ വരയ്ക്കുന്നത് നോക്കിനില്‍ക്കും; ചിലപ്പോള്‍ അനുകരിക്കും. മൈക്കിളിന്റെ ചലനങ്ങള്‍ സൂക്ഷ്മതയോടെ ശ്രദ്ധിക്കുവാന്‍ എനിക്കിഷ്ടമായിരുന്നു. പ്രത്യേക താളത്തില്‍ നൃത്തം ചെയ്യുന്നതുപോലെ...
കമലാ... ആ പ്രഷ്യന്‍ ബ്ലൂ എടുത്തു തരാമോ... മൈക്കിള്‍ എന്നോട് ചോദിക്കും. പിന്നെ ആ ക്രിംസണ്‍ റെഡും കൂടിയെടുത്തോ...

ഒരുപക്ഷേ, ഞാന്‍ വളരെ അടുത്തു കാണുന്ന ചെറുപ്പക്കാരന്‍ മൈക്കിള്‍ തന്നെയായിരിക്കും... അതിനാല്‍ അയാളോട് എനിക്കത്രയും കൗതുകമുണ്ടായിരുന്നു. ഞാന്‍ അയാളുടെ കൂടെ നഗരത്തിലൂടെ നടക്കുവാനും കോഫി ഷോപ്പില്‍ കുറേയധികം സമയം ഇരിക്കുവാനും ആശിച്ചു. മാസ്റ്ററിന്റെ വീട്ടിലേക്ക് മൈക്കിള്‍ വരുമ്പോഴെല്ലാം അതിയായി സന്തോഷിച്ചു. 

ഒരു ദിവസം മൈക്കിള്‍ വരുമ്പോള്‍ കയ്യില്‍ നിറയെ സ്വര്‍ണ്ണ നിറമുള്ള ഡാഫോഡില്‍സ് ഉണ്ടായിരുന്നു. പഴയൊരു ചേതകില്‍നിന്നു സ്വര്‍ണ്ണനിറ പൂക്കളുമായി ഇറങ്ങിവരുന്ന മൈക്കിളിനെ കണ്ടപ്പോള്‍ എന്തോ ഒരു സ്വപ്നതുല്യമായ പ്രതീതിയായിരുന്നു എനിക്ക്. ആ ദൃശ്യം മനോഹരമായിരുന്നു.

അയാള്‍ കോണിപ്പടികള്‍ കയറിവരുന്ന ശബ്ദം ഞാന്‍ നെഞ്ചിടിപ്പോടെ കേട്ടു. അപ്പോള്‍ മാസ്റ്റര്‍ അകത്തെ മുറിയിലിരുന്ന് സിത്താറിന്റെ കമ്പി മുറുക്കുകയായിരുന്നു. 

മാസ്റ്റര്‍ജി എവിടെ? മുറിയില്‍ ഓര്‍ക്കിഡ് പൂക്കളുടെ ഗന്ധമുലഞ്ഞു.

ഞാന്‍ അകത്തെ മുറിയിലേക്ക് കൈ ചൂണ്ടി.

കുറച്ചു ദിവസമായി മൈക്കിളിനെ കാണാനേയില്ലായിരുന്നല്ലോ. ഞാന്‍ ആയാസപ്പെട്ടുകൊണ്ട് ചോദിച്ചു: 
''ദ്വീപ് വരെ ഒന്നു പോയി. കവരത്തീല്... മമ്മേടെ ഫ്യൂണറല്‍ ആയിരുന്നു. പെട്ടെന്നായിരുന്നു, അതോണ്ട് ആരോടും ഒന്നും പറയാന്‍ പറ്റിയില്ല.''
അയാളുടെ കണ്ണുകളില്‍ ദു:ഖത്തിന്റെ ലാടങ്ങള്‍ പതിഞ്ഞിരുന്നു. അത് നിഷേധിക്കുവാനെന്നവണ്ണം അയാള്‍ കണ്ണുകള്‍ മുറുക്കെ ചിമ്മിത്തുറന്നുകൊണ്ടിരുന്നു. 

എനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ഞാന്‍ അയാളുടെ മുഖത്തേക്കുതന്നെ നോക്കിക്കൊണ്ടിരുന്നു. 
മമ്മേടെ ഫോട്ടോ ഉണ്ടെങ്കില്‍ കാണിക്കാമോ... വെറുതെ ഒന്നു കാണണമെന്നു തോന്നി. 

മൈക്കിള്‍ മൊബൈല്‍ തുറന്നു കുറച്ചു ചിത്രങ്ങള്‍ എന്നെ കാണിച്ചു. മൈക്കിളും മമ്മയും നില്‍ക്കുന്ന കുറേ ചിത്രങ്ങള്‍. എന്റെയും കണ്ണ് നിറഞ്ഞു. രണ്ട് മൂന്നു ചിത്രങ്ങള്‍ മാറ്റി മാറ്റി നോക്കിയപ്പോള്‍ മൈക്കിളും മമ്മയും പപ്പായും നില്‍ക്കുന്ന ചിത്രം കണ്ടു.

മൈക്കിളിന്റെ പപ്പ!
പുരികത്തില്‍ ചെറിയൊരു വെട്ടുണ്ട്. പറ്റെ വെട്ടിയ മുടി, കഴുത്തില്‍ വലിയ സ്വര്‍ണ്ണമാല. കണ്ണുകളില്‍ ഒരുതരം അജ്ഞത.

അച്ഛന്‍!
ഞാന്‍ വിറച്ചു. കണ്ണില്‍ വെള്ളത്തുള്ളികള്‍ ഉരുണ്ടു. ഒന്നും മിണ്ടാതെ മൊബൈല്‍ മൈക്കിളിനു തിരികെ കൊടുത്തു. മൈക്കിള്‍ അപ്പോള്‍ എന്നെ ശ്രദ്ധിച്ചിരുന്നില്ല, അയാള്‍ വിദൂരത്തിലെവിടെയോ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.

ഡാഫോഡില്‍സ് മാസ്റ്ററിന്റെ കസേരയ്ക്കരികിലുള്ള ചെമ്പ് പാത്രത്തില്‍വെയ്ക്കുവാനായി മൈക്കിള്‍ എന്നെയേല്പിച്ചു. ഒരുപക്ഷേ, അവസാനത്തെ കാഴ്ചയുടെ സാക്ഷിയെന്നപോലെ ഞങ്ങള്‍ക്കിടയില്‍ ഡാഫോഡില്‍സ് ഒന്നുകൂടെ വിടര്‍ന്നു.

കമലാ... ഞാനിറങ്ങുന്നു. ഇന്ന് മാസ്റ്റര്‍ജിയെ കാണുന്നില്ല. ഇനി നാളെയാകട്ടെ. അയാളത് വെറുതെ പറയുകയാണെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

മൈക്കിള്‍ വളരെ പെട്ടെന്ന് അയാളില്‍നിന്നുതന്നെ പുറത്തുചാടുന്നതുപോലെയും അപ്പോള്‍ എന്നെയും അപ്പായേയും അതിനെ തുടര്‍ന്ന് അയാള്‍ക്ക് ചെയ്യാനുണ്ടായിരുന്ന കാര്യങ്ങളേയും ഉപേക്ഷിച്ചുപോകുന്നതുപോലെയും എനിക്കനുഭവപ്പെട്ടു.

എനിക്ക് നിരാശയാണ് തോന്നിയത്. അല്പം മുന്‍പ് കണ്ട ദൃശ്യം എത്ര വേഗത്തിലാണ് മങ്ങിയത്. ഒരു യുവതിയുടെ ശരീരം വിഘടിച്ച് ഒരോന്നായി ജലത്തിനടിയിലേക്ക് സാവധാനത്തില്‍ വേര്‍പെടുന്നത് വളരെ ഭീതിയോടെ ഞാന്‍ മനസ്സിലാക്കി.

എല്ലാ മനുഷ്യരും ആത്യന്തികമായി ഒരേ ദു:ഖം പേറിനടക്കുന്നു. സന്തോഷങ്ങളെല്ലാം ഭാവനയാണ്. ക്ഷണികമായ തോന്നലുകള്‍. എങ്കിലും നമ്മള്‍ എന്തിനെയൊക്കെയോ പ്രതീക്ഷിച്ചും കാത്തിരുന്നും കഴിയുന്നു. 

അകത്തെ മുറിയില്‍ മാസ്റ്റര്‍ ദേശ് രാഗത്തിലാണ് ഇപ്പോള്‍ സിത്താര്‍ വായിക്കുന്നത്. ഞാന്‍ ഒന്നും പറയാതെ മുന്‍വാതില്‍ ചാരി പുറത്തിറങ്ങി. അവിടെനിന്ന് മറ്റെവിടേക്കോ പോകണമെന്നാണ് എനിക്കപ്പോള്‍ തോന്നിയത്.

പോകണം, പോകണമെന്നു മാത്രം.

എവിടേക്കെന്നറിയില്ല. 

മുഖര്‍ജി മാസ്റ്ററിന്റെ മജന്ത നിറമുള്ള വീട്, ടെറസിലെ ഞങ്ങളുടെ വര്‍ക്ക് സ്പെയ്സ്, ഞാന്‍ വന്നതിനുശേഷം വരച്ചു പകുതിയാക്കിയ ധാരാളം ചിത്രങ്ങള്‍, പെയിന്റ് നിറച്ച ബക്കറ്റുകള്‍, കുറേ തരം ബ്രഷുകള്‍, ശരറാന്തല്‍ വിളക്ക്, മാതംഗി ദേവിയുടെ മ്യൂറല്‍ ചിത്രം, ചൂരല്‍ക്കസേരകള്‍, മാസ്റ്ററിന്റെ ആര്‍ദ്രമായ കണ്ണുകള്‍.

ഞാന്‍ കറുപ്പയിലേക്ക് നടന്നു. വഴിയില്‍ നിറയെ വെളുത്ത ഉമ്മിണി പൂക്കള്‍ വീണ് കിടക്കുന്നുണ്ട്. അവയെ നോക്കുമ്പോള്‍ ഭൂമിയില്‍ മരിച്ചുകിടക്കുന്ന അനേകം കുഞ്ഞുങ്ങളുടെ മുഖം ഓര്‍മ്മവന്നു. പെരുവഴിയില്‍ അനാഥമായി കിടക്കുന്ന ശവശരീരങ്ങള്‍. 

കറുപ്പയില്‍ മാര്‍ത്തയുണ്ടായിരുന്നില്ല. അവരുടെ വസ്ത്രങ്ങളും പുതപ്പുകളുമെല്ലാം വെറുതെ നോക്കി. അവര്‍ എന്റെ സ്വപ്നമായിരുന്നുവോ! അതോ സത്യത്തില്‍ ഈ മുറിയില്‍ താമസിച്ചിരുന്നുവോ!
ഞാന്‍ കണ്ണാടിയില്‍ എന്റെ പ്രതിബിംബത്തെ നോക്കി. മറ്റേതോ വസ്തുവായി പരിണമിച്ചിരിക്കുന്നതുപോലെ... എന്റെ കണ്ണുകള്‍, മൂക്ക്, ചുണ്ട്, ചെവികള്‍, കഴുത്ത് എല്ലാം മൈക്കിള്‍ തെറ്റി വരയ്ക്കാറുണ്ടായ അബ്സ്ട്രാക്റ്റുകള്‍ പോലെ...
മൈക്കിള്‍... ഞാന്‍ വെറുതെ എന്നെ നോക്കി വിളിച്ചു...
മൈക്കിള്‍... വീണ്ടും വിളിച്ചു.

ഡീ... എന്താണ് നിന്റെ ഫ്യൂസടിച്ചാ... മാര്‍ത്തയുടെ ശബ്ദം.
 
ഞാന്‍ വെറുതെ ചിരിച്ചു. ഒരു ജ്യാമിതീയ സങ്കല്പനംപോലെ കറുപ്പ എന്ന ഞങ്ങളുടെ മുറി എന്റെ കാഴ്ചയില്‍നിന്നുതന്നെ തെറ്റുന്നതുപോലെ തോന്നി. മാസ്റ്ററിന്റെ, മാര്‍ത്തയുടെ, മൈക്കിളിന്റെ, നഗരത്തിന്റെ... പല ശബ്ദങ്ങള്‍... ഒരുമിച്ച് എന്റെ ചെവിയില്‍ ക്രമാതീതമായി ഏറിയും കുറഞ്ഞും... കണ്ണുകളില്‍ നിഴലടിഞ്ഞുകൊണ്ടിരുന്നു.

ഞാന്‍ കറുപ്പയില്‍നിന്നിറങ്ങി. നഗരം വളരെ തണുത്തിരിക്കുന്നു. ആളുകളെല്ലാം വിളറിയ ചിത്രങ്ങള്‍പോലെ... വിളക്കുകാലുകളില്‍നിന്നു വെളിച്ചം നിരതെറ്റിയ കാലത്തിലേക്ക്...
കണ്ട വഴികളിലൂടെയെല്ലാം വെറുതെ നടന്നു. ആശങ്കകളില്ലാതെ, ഭയമില്ലാതെ... എല്ലാം വിദൂരത്തില്‍ എന്നെ സ്പര്‍ശിക്കാതെ മറ്റേതോ കാലത്തില്‍ മറഞ്ഞിരിക്കുന്നു. 

മോളേ... അബ്ബാ കരയുന്നു, അത്ത പിറകെ ഓടുന്നു. 

കമലാ... മുഖര്‍ജി മാസ്റ്റര്‍ നീട്ടിവിളിക്കുന്നു...
ഡീ... പെണ്ണേ... മാര്‍ത്ത വിളിക്കുന്നു... ആരുടെയൊക്കെയോ ചലനങ്ങള്‍, ശബ്ദങ്ങള്‍.
എന്നാല്‍, ഞാന്‍ ആര്‍ക്കും സ്പര്‍ശിക്കാനാകാതെ കാറ്റില്‍നിന്നും വെളിച്ചത്തില്‍നിന്നും കാലത്തില്‍നിന്നും ഊര്‍ന്ന്...

I wandered lonely as a cloud
That floats on high o'er vales and hills,
When all at once I saw a crowd,
A host, of golden daffodils;
Beside the lake, beneath thet rees,
Fluttering and dancing in the breeze.
.................
..................
I wandered ...
I wandered lonely as a cloud.
...........
...........
നഗരം നശിച്ചിരുന്നു...
ആളുകള്‍ കത്തിയെരിയുന്നുണ്ടായിരുന്നു... 

പച്ചമാംസങ്ങളുടെ തൃഷ്ണ തീരാത്ത ഗന്ധം. ഞാന്‍ വെറുതെ ഒന്ന് തിരിഞ്ഞുനോക്കി...
മേഘങ്ങള്‍ ഭൂമിയിലേക്ക് ഒന്നൊന്നായി ഇറങ്ങുന്നു. അവ ദേശ് രാഗത്തില്‍ നൃത്തം ചെയ്യുന്നതുപോലെ...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com