'മുനവര്‍ എന്ന തടവുകാരന്‍'- വി.ആര്‍. സുധീഷ് എഴുതിയ കഥ

കോടതിയില്‍ കൊണ്ടുപോയും ടെസ്റ്റ് നടത്തിയും കെയര്‍ സെന്ററില്‍ കാവലിരുന്നും വായ മൂടിക്കെട്ടിയ യാതനാനിര്‍ഭര കാലം! 
ചിത്രീകരണം: ദേവപ്രകാശ്
ചിത്രീകരണം: ദേവപ്രകാശ്

കൊവിഡ്കാലം തുടങ്ങിയപ്പോള്‍ ഞങ്ങള്‍ ജയിലര്‍മാര്‍ക്ക് കഷ്ടകാലം തുടങ്ങി. റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതികളെ കൊവിഡ് നിരീക്ഷണത്തിനു വിധേയമാക്കാന്‍ പ്രത്യേക കെയര്‍ സെന്റര്‍ തുടങ്ങിയതോടെ ഞങ്ങളുടെ ഡ്യൂട്ടി അങ്ങോട്ട് മാറി. കോടതിയില്‍ കൊണ്ടുപോയും ടെസ്റ്റ് നടത്തിയും കെയര്‍ സെന്ററില്‍ കാവലിരുന്നും വായ മൂടിക്കെട്ടിയ യാതനാനിര്‍ഭര കാലം! ഞങ്ങളുടെ കൂട്ടത്തില്‍ അല്പസ്വല്പം എഴുത്തും വായനയും എനിക്കുള്ളതുകൊണ്ട് ഒരു വണ്ടിനിറയെ പുസ്തകങ്ങളുമായാണ് ഞാന്‍ ഡ്യൂട്ടിക്കെത്താറുള്ളത്. വായിക്കാന്‍ താല്പര്യമുള്ള തടവുകാരെയൊക്കെ ഞാന്‍ പുസ്തകം വായിപ്പിച്ചു. കൂട്ടത്തില്‍ മൂന്നു തടവുകാരികളുമുണ്ട്. ഭര്‍ത്താവിനെ വെട്ടിക്കൊന്നവളും ആഭരണം മോഷ്ടിച്ചവളും മയക്കുമരുന്നു കടത്തിയവളുമെല്ലാം പുസ്തകം വായിച്ചു. വായനയില്‍ ഏറ്റവും ലഹരി മുനവറിനാണ്. ഇരുന്നൂറു പേജുള്ള രണ്ട് പുസ്തകങ്ങളെങ്കിലും ഒറ്റദിവസം അയാള്‍ വായിച്ചു തീര്‍ക്കും.

എന്‍ജിനീയറിങ്ങ് കോളേജിന്റെ ലേഡീസ് ഹോസ്റ്റല്‍ ആയിരുന്നു ഞങ്ങളുടെ കൊവിഡ് കെയര്‍ സെന്റര്‍. കൊവിഡ്കാലം വന്നതോടെ കുട്ടികളെല്ലാം വീട്ടിലേക്കു പോയി. ഒഴിഞ്ഞു കിടന്ന മുറികളില്‍ തടവുകാര്‍ നിറഞ്ഞു. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ മൂന്നുപേരാണ് ദിവസവും ഡ്യൂട്ടിക്ക് ഉണ്ടാവുക. ഒരു സെക്യൂരിറ്റി ഗാര്‍ഡും. ഇവരെയൊക്കെ കബളിപ്പിച്ചാണ് ഒരു രാത്രി മുനവര്‍ ചാടിപ്പോയത്.

ഞങ്ങള്‍ക്കു പറ്റിയ പിഴവാണ്. കണ്ണടച്ചങ്ങ് വിശ്വസിച്ചു. ഭക്ഷണം വിളമ്പാനും ശൗചാലയങ്ങള്‍ വൃത്തിയാക്കാനും ഞങ്ങളോടൊപ്പം മുനവര്‍ നല്ല ഉത്സാഹം കാണിച്ചിരുന്നു. ഇതിനുമുന്‍പും രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാല്‍ കുറച്ചുകാലം മുന്‍പ് തൊട്ടേ ഞങ്ങള്‍ക്ക് മുനവറിനെ അറിയാം. മുപ്പത്തിനാല് തടവുകാരുണ്ടായിരുന്നു. മുനവര്‍ പീഡനക്കേസിലെ പ്രതിയാണ്. അറുപത്തിയാറ് വയസ്സുള്ള വൃദ്ധയെ മാനഭംഗപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നതാണ് കേസ്. കണ്ടാല്‍ മുനവറിന് ഒരു ക്രിമിനല്‍ ലുക്കുമില്ല. സുന്ദരന്‍. കായികാഭ്യാസിയുടെ ശരീരദൃഢത. സൗമ്യഭാഷണം. മുപ്പതുവയസ്സു കാണും. മുനവറിനെ ഞങ്ങള്‍ സ്വതന്ത്രനായി വിട്ടു. വിവിധ ജോലികളേല്പിച്ചു. അദ്ധ്വാനിച്ചും വായിച്ചും അയാള്‍ ഞങ്ങള്‍ക്കു വലിയ സഹായമായി.

മുനവര്‍ 'കുറ്റവും ശിക്ഷയും' വായിക്കുന്നതു കണ്ടാണ് മറ്റുള്ള തടവുകാരുടെ എണ്ണം ഉറപ്പുവരുത്തി അന്നു രാത്രിയില്‍ ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നത്. കോളേജ് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രങ്ങളും പുതപ്പുകളും സൂക്ഷിച്ച മുറി മുനവര്‍ നോക്കിവെച്ചു കാണണം. ഷാളുകള്‍ കൂട്ടിക്കെട്ടി കയര്‍പോലെയാക്കി രണ്ടാംനിലയിലെ ജാലകത്തില്‍ കെട്ടി താഴേയ്ക്ക് തൂങ്ങിയിറങ്ങിയതാണ്. പ്രഭാതഭക്ഷണസമയത്താണ് അയാള്‍ ചാടിപ്പോയത് അറിയുന്നത്. ബസ് സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലുമെല്ലാം അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.

മുനവര്‍ ബലാത്സംഗം ചെയ്ത വൃദ്ധ അതിസുന്ദരിയായിരുന്നു. സ്വര്‍ണ്ണമണിഞ്ഞ് പൂതി തീരാത്ത അവര്‍ പഴയ മാപ്പിളപ്പാട്ട് ഗായികയായിരുന്നു. കത്തുപാട്ട് പാടികേള്‍ക്കാനുള്ള ആഗ്രഹം പറഞ്ഞാണ് മുനവര്‍ കയറിക്കൂടിയത്. വീട്ടില്‍ അവര്‍ തനിച്ചായിരുന്നു. പാട്ടിനോടുള്ള ആകര്‍ഷണമാണോ വൃദ്ധശരീര കാമനയാണോ മുനവറില്‍ മുന്തിനിന്നതെന്നറിയില്ല. അന്നുതന്നെ മുനവര്‍ പിടിക്കപ്പെട്ടു. പേരാവൂരിലാണ് ഭാര്യാവീട്. അവിടേക്ക് എത്തുന്നതിനു മുന്‍പേ പൊലീസ് അകത്താക്കി. തടവുചാടുന്നവര്‍ക്ക് ആറ് വര്‍ഷത്തേക്കെങ്കിലും കഠിനതടവ് ശിക്ഷയായി നല്‍കേണ്ടതുണ്ട്. ഇന്നുവരെ അങ്ങനെയൊരു നിയമമുണ്ടാക്കിയിട്ടില്ല.

മുനവര്‍ പറഞ്ഞതാണ്: വസ്ത്രക്കയറില്‍ ഹോസ്റ്റലിനു പിന്നിലേക്ക് തൂങ്ങിയിറങ്ങിയപ്പോള്‍ സെക്യൂരിറ്റി ഗാര്‍ഡിനെ കണ്ടു. ഇരുട്ടില്‍ കുറ്റിക്കാട്ടിലേക്ക് നൂണ്ടു കയറി. കുറേനേരം അനങ്ങാതെ ഇരുന്നു. എല്ലാവരും ഉറങ്ങിയപ്പോള്‍ മതില്‍ ചാടി. നല്ല മഴ ഉണ്ടായിരുന്നു. മെയിന്‍ റോഡില്‍ എല്ലാ വിളക്കുകളും കത്തുന്നുണ്ട്. തൊട്ടപ്പുറത്ത് കണ്ട വീട്ടുമുറ്റത്തെ അയയില്‍ ഒരു കോട്ട് തൂങ്ങിക്കിടക്കുന്നതു കണ്ടു. മുന്‍വശത്ത് ആരുമില്ല. വീട് അടഞ്ഞുകിടക്കുകയാണ്. ആ കോട്ടുമിട്ടാണ് റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നത്. തീവണ്ടിയൊന്നുമില്ല. റെയില്‍പ്പാളത്തിലൂടെ വടക്കോട്ട് നടന്നു. മഴ കനത്തപ്പോള്‍ റെയില്‍വേ പാലത്തിനു ചുവട്ടില്‍ ചുരുണ്ടുകൂടി.

വെളിച്ചമാകുന്നതിനു മുന്‍പ് നടത്തം തുടര്‍ന്നു. പാതി അടച്ച ഒരു കടയുടെ മുന്നില്‍ ബൈക്ക് കണ്ടു. കടയ്ക്കകത്ത് വെളിച്ചമുണ്ട്. ബൈക്കില്‍ താക്കോലുമുണ്ട്. ചാടിക്കയറി വെച്ചുപിടിച്ചു. നേരെ പരീതിന്റെ വീട്ടിലേക്ക്. പരീത് സ്‌നേഹിതനാണ്. അവനോട് കുറച്ചു കാശ് കടംവാങ്ങി ബൈക്ക് വഴിയില്‍ ഉപേക്ഷിച്ച് പേരാവൂരില്‍ ഭാര്യാവീട്ടിലെത്തി.

നാട്ടുകാര്‍ പറഞ്ഞതാണ്.

മുനവറിന്റെ ഭാര്യ സൗദ ഉച്ചയ്ക്ക് വീട്ടില്‍നിന്നിറങ്ങും. വീടിന്റെ വടക്കുഭാഗത്ത് കോട്ടിനാരി കുന്നാണ്. രണ്ടുമൂന്നു ദിവസമായി ടിഫിനില്‍ ഭക്ഷണവുമായി സൗദ കുന്നുകയറി പോകുന്നു. ചോദിച്ചവരോടൊക്കെ സൗദ പറഞ്ഞു: ''പണിക്കാര്‍ക്കുള്ള ഭക്ഷണാ.'' സംശയം തോന്നി ആരോ പൊലീസിലറിയിച്ചു. 

പൊലീസ് കുന്നുകയറി ചെന്നപ്പോള്‍ കണ്ടത് മരങ്ങളോട് ചേര്‍ത്തുകെട്ടി ഊഞ്ഞാല്‍ക്കിടക്കയില്‍ ആകാശം കണ്ടു കിടക്കുന്ന മുനവറിനെ!
അയാള്‍ ഊഞ്ഞാലാടിക്കൊണ്ടിരിക്കുകയാണ്.

മുനവറിനെ വീണ്ടും ഞങ്ങളുടെ കൊവിഡ് കെയര്‍ സെന്ററില്‍ കൊണ്ടുവന്നു. ഉമ്മയെ സ്വപ്നം കണ്ടെന്നും ഉമ്മയെ കാണാനുള്ള ആഗ്രഹംകൊണ്ടുമാത്രം തടവ് ചാടിയതാണെന്നും അയാള്‍ പറഞ്ഞു. ഉമ്മ മറ്റൊരു വീട്ടിലാണ്. അയാള്‍ ഉമ്മയെ ചെന്നു കണ്ടിരുന്നു. ഉമ്മ വിളമ്പിയ ഭക്ഷണം കഴിച്ചാണ് സൗദയുടെ അടുത്തേയ്ക്ക് പോയത്.

രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ ഞങ്ങള്‍ മുനവറിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കൊവിഡ് സ്ഥിരീകരിക്കപ്പെട്ടു. കൊവിഡ് കെയര്‍ വാര്‍ഡില്‍ അയാള്‍ നാലുദിവസം കിടന്നു. എന്റെ ഉമ്മയെ ഒന്നു കാണിച്ചുതരുമോ ഉമ്മയെ ഒന്നു വിളിച്ചുതരുമോ? എന്ന് നഴ്‌സുമാരോട് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു. അയാളുടെ കയ്യില്‍ ആരുടേയും നമ്പരില്ലായിരുന്നു. വായിക്കാന്‍ പുസ്തകമില്ലായിരുന്നു.
നാലാംദിവസം മുനവര്‍ മരണപ്പെട്ടു.

കോട്ടിനാരിക്കുന്നില്‍ കുഴിച്ചുമൂടപ്പെട്ട നിലയില്‍ കണ്ടെത്തിയ ഒരു മൃതദേഹത്തെക്കുറിച്ചുള്ള വാര്‍ത്ത മുനവറിന്റെ മരണശേഷമാണ് ഞങ്ങള്‍ അറിഞ്ഞത്.

അത് സൗദയായിരുന്നു.

വെട്ടിക്കൊലപ്പെടുത്തി കുഴിച്ചുമൂടുകയായിരുന്നു.

മുനവറാണോ മറ്റാരെങ്കിലുമാണോ കൃത്യം ചെയ്തതെന്ന് അറിയില്ല.

ഉമ്മയുടെ പ്രായത്തിലുള്ള സ്ത്രീയെ മാനഭംഗപ്പെടുത്തുകയും ഉമ്മയെ സ്വപ്നം കണ്ട് തടവ് ചാടിയെന്ന മാതൃസ്‌നേഹം കടല്‍ജലംപോലെ അനുഭവിക്കുകയും ചെയ്ത മുനവര്‍ എന്ന വായനക്കാരന്‍ വിചിത്ര കഥാപാത്രമാണ്. സൗദയെ കൊന്നതും അയാളാണെങ്കില്‍ ഈ കഥയില്‍ മുനവറിന്റെ ജീവിതത്തെ ഒതുക്കാനാവാതെ ഞാന്‍ പരാജയപ്പെട്ട് പിന്‍മാറുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com