'കാഞ്ചന്‍ ജംഗ'- കെ.വി. പ്രവീണ്‍ എഴുതിയ കഥ

By കെ.വി. പ്രവീണ്‍  |   Published: 05th September 2021 02:55 PM  |  

Last Updated: 05th September 2021 02:55 PM  |   A+A-   |  

IMG_7449

ചിത്രീകരണം: ദേവപ്രകാശ്

 

ഡിസംബറില്‍ ഒരു ദിവസം രാവിലെ ഞാന്‍ വീടിന്റെ ജനലിലൂടെ മലമുകളില്‍ മഞ്ഞ് പെയ്യുന്നത് നോക്കിക്കൊണ്ട് നില്‍ക്കുകയായിരുന്നു. ഒരു പ്രഷര്‍കുക്കറിനകത്തേതുപോലുള്ള, ആ പഴയ ജീവിതത്തില്‍നിന്ന് രക്ഷപ്പെട്ട് ഇവിടെ വന്ന് താമസം ആക്കിയ ശേഷം എന്റെ ദിവസങ്ങള്‍ ആരംഭിക്കുന്നത് മിക്കവാറും ഇങ്ങനെയാണ്.

അപ്പോഴാണ് സിനി പിന്നില്‍ വന്നു നിന്നത്. 

''ദീദി മരിച്ചുപോയി.'' ഫോണിലെ മെസ്സേജുകള്‍ നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു. അവളുടെ കണ്ണ് നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു.

''എന്തു പറ്റിയതാ?'' 
''കോണിപ്പടി കയറുമ്പോ കാലു തെന്നിയെന്ന്. വീണ് തലയെവിടെയോ ചെന്നിടിച്ചു. ഒരാഴ്ച ഐ.സി.യുവിലായിരുന്നു.''
''കോണിപ്പടിയില്‍നിന്നു വീണിട്ടോ? ദീദിയോ?'' എനിക്ക് വിശ്വാസം വന്നില്ല. 

''സമയം ആയാല്‍ പിന്നെ എവിടെയെങ്കിലും വെറുതെ നിന്നാലും മതി.'' കേട്ടതും കേള്‍ക്കാനിരിക്കുന്നതുമായ മരണവാര്‍ത്തകളുടെ ഞെട്ടലില്‍ അവള്‍ പറഞ്ഞു. 

ദീദിക്ക് അവരര്‍ഹിക്കുന്ന മരണമല്ല കാലം കരുതിവച്ചത് എന്ന് എനിക്കു തോന്നി. അല്ലെങ്കിലും ഒരു കയറ്റമോ ഇറക്കമോ കഴിയുമ്പോള്‍ നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് ആര്‍ക്കറിയാം?
''എത്ര പെട്ടെന്നാണ് എല്ലാം കഴിയുന്നത്. ദീദിയോടൊത്ത് ആ ട്രിപ്പിനു പോയത്  ഇന്നലെ നടന്നതുപോലെ തോന്നുന്നു,'' രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ സിനി പറഞ്ഞു. അവളുടെ മനസ്സിലും ദീദിയുടെ മരണം കട്ടപിടിച്ച് കിടക്കുകയാണെന്ന് എനിക്കു മനസ്സിലായി.

''ഇവിടെ സ്ഥിരതാമസം ആക്കാം എന്ന് തീരുമാനിച്ചത് വേണ്ടായിരുന്നു എന്ന് നിനക്ക് തോന്നുന്നുണ്ടോ?'' കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു. 

''ഏയ്. എത്ര തവണ നമ്മള്‍ സംസാരിച്ചിട്ടുള്ളതാ. ഇല്ല.'' അവള്‍ എന്നോട് ചേര്‍ന്നുകിടന്നു. 
ദീദിയെ ഞാന്‍ ആദ്യം കണ്ടതും ഇതുപോലൊരു മഞ്ഞുകാലത്തായിരുന്നു...
അന്ന് സില്‍വര്‍ മൗണ്ടന്റെ മുന്നില്‍ ബസ് നിര്‍ത്തുന്നതിനു മുന്‍പേ ഞാന്‍ ചാടിയിറങ്ങി. മലകയറ്റത്തിനുള്ള സാമഗ്രികളുമായി എതിരേ വരുന്നവരെ ചെന്നിടിക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് ബുക്കിംഗ് ഓഫീസിലേക്ക് ഓടി.

ബുക്കിംഗ് ഓഫീസില്‍ ഇഘഛടഋഉ ബോര്‍ഡ് വച്ച് ജീവനക്കാര്‍ സ്ഥലംവിട്ടു കഴിഞ്ഞിരുന്നു. ഞാന്‍ വൈകിപ്പോയെന്ന് എനിക്കു മനസ്സിലായി.
 
ഇനി അടുത്ത ബാച്ച് എപ്പോഴാണാവോ? അല്ലെങ്കിലും ഒറ്റയ്ക്ക് മല കയറുന്നതില്‍ എന്തു രസമാണുള്ളത്.
ഞാന്‍ അടുത്തു കണ്ട മരത്തൂണിനിട്ട് ഒരു ചവിട്ട് കൊടുത്തു.

തൊപ്പിയും ജാക്കറ്റും ഊരിപ്പിടിച്ച് ആളൊഴിഞ്ഞ ഒരു ബെഞ്ചില്‍ ഇരുന്നു. പുറത്ത് റോപ്പ് വേയിലൂടെ മലമുകളിലെ ബേസ്മെന്റിലേക്ക് ഇഴഞ്ഞുകയറുന്ന ഓറഞ്ച് നിറത്തിലുള്ള ട്രെയിന്‍ കാണാം. തീപ്പെട്ടിക്കൂടുകള്‍പോലെയുള്ള അതിന്റെ ബോഗികളിലൊന്നില്‍ സിനിയും കുട്ടികളും ഞങ്ങളുടെ കുടുംബസുഹൃത്തുക്കളും ഒക്കെയുള്ള സംഘം തയ്യാറായി ഇരിക്കുന്നുണ്ടാകും. 

എന്റെ കൂട്ടുകാര്‍ പോക്കറ്റില്‍ കിടക്കുന്ന പ്ലാസ്റ്റിക് കുപ്പികളില്‍നിന്ന് അടുത്ത സിപ്പെടുക്കേണ്ടത് എപ്പോഴാണെന്ന് ആലോചിക്കുകയായിരിക്കും. മലമുകളിലായാലും കടല്‍ത്തീരത്തായാലും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്ക് മദ്യപാനത്തിലല്ലാതെ വേറെ ഒരു വിഷയത്തിലും താല്പര്യമില്ലല്ലോ എന്ന് ഞങ്ങളുടെ ഭാര്യമാര്‍ പരസ്പരം പറയാതെ പറഞ്ഞും കാണും. 

നഗരത്തില്‍നിന്ന് ഇത്രയും ദൂരം വന്നിട്ട് മല കയറാനാവാതെ ഇങ്ങനെ കുടുങ്ങിപ്പോയതോര്‍ത്ത് എനിക്ക് പിന്നെയും അരിശം വന്നു.   

 സെല്‍ഫോണ്‍ ശബ്ദിച്ചു. പല അടരുകളുള്ള ജാക്കറ്റിനുള്ളില്‍നിന്ന് ഫോണ്‍ തപ്പിയെടുക്കാന്‍ തന്നെ കുറേ നേരം എടുത്തു.

''ഹലോ'' സിനിയായിരുന്നു. 
''നിങ്ങള്‍ക്ക് കുറച്ചു നേരം കൂടി കാത്തുനില്‍ക്കാരുന്നില്ലേ?'' അവള്‍ക്ക് അവസരം കൊടുക്കാതെ ഞാന്‍ പറഞ്ഞു.

''എന്തു കാരണം പറഞ്ഞിട്ട്?''
''എന്റെ ഭര്‍ത്താവിന്റെ ജീവിതാഭിലാഷമായിരുന്നു ഈ ട്രെക്കിംഗ്. ഒരു പത്തു മിനിട്ട് അയാള്‍ക്കു വേണ്ടി വെയിറ്റു ചെയ്യണേ എന്നൊക്കെ...''
''ഓ, പിന്നേ. നിങ്ങടെ ഓഫീസ് പണി എപ്പോ തീരുംന്ന് വച്ചിട്ടാ. എന്നാലും ഇവിടെ വരെ വന്ന് സില്‍വര്‍ മൗണ്ടന്‍ ദൂരത്ത് നിന്നെങ്കിലും കാണാന്‍ ആയില്ലേ. അതൊക്കെത്തന്നെ ഭാഗ്യംന്ന് വിചാരിച്ചാ മതി.'' 
അവളുടെ അമര്‍ത്തിപ്പിടിച്ച ചിരി ഞാന്‍ കേട്ടു.

''എന്തായാലും നിങ്ങളെല്ലാവരും ആ മലയുടെ മുകളില്‍ത്തന്നെ സ്ഥിരതാമസമൊന്നും ആക്കൂലല്ലോ. അവന്മാരോടും പറഞ്ഞേക്ക്.''
രാവിലെ കമ്പനിയില്‍നിന്നു വന്ന ഒരു ഫോണ്‍ കോളാണ് എല്ലാം കുഴപ്പത്തിലാക്കിയത്. വെറും പത്ത് മിനിട്ട് കാര്യമേ ഉള്ളൂ എന്നു പറഞ്ഞ് ഹോട്ടല്‍മുറിയില്‍ ഫോണെടുത്ത് തുടങ്ങിയ പോരാട്ടം രണ്ടര മണിക്കൂറാണ് നീണ്ടത്. എങ്ങനെയൊക്കെയോ രണ്ടു മാസം മുന്‍പ് സംഘടിപ്പിച്ച കസ്റ്റമറായിരുന്നു. പോരാഞ്ഞ് ഒരു പ്രൊമോഷന്റെ കസേരകളി നടക്കുന്ന സമയവും. അതിനിടയില്‍ എപ്പോഴോ സിനിയും പിള്ളേരും ഇങ്ങോട്ട് പുറപ്പെടുകയും ചെയ്തു.

''ഹലോ,'' സിനി വീണ്ടും പറഞ്ഞു. ''കേള്‍ക്കുന്നില്ലേ? വിളിച്ചത് വേറൊരു കാര്യം കൂടി പറയാനാണ്.''
''മോള്‍ടെ ഇന്‍ഹേലര്‍ എടുത്തുകാണില്ല അല്ലേ?'' അവളും പിള്ളേരും മലകയറ്റം മതിയാക്കി തിരിച്ചു വരാന്‍ പോവുകയാണെന്ന് എനിക്കു വെറുതേ തോന്നി. 

''അതൊക്കെ എടുത്തിട്ടുണ്ട്. അവിടെ താഴെ വേറൊരാള്‍ കൂടിയുണ്ട്. അവരെ ഒന്നു ശ്രദ്ധിച്ചേക്കണം.''
''അതാര്? ഞാന്‍ എന്നെത്തന്നെ സഹിക്കാന്‍ വയ്യാതിരിക്കുകയാണ്.''
''നിമ്മീടെ മദര്‍ ഇന്‍ ലോയില്ലേ? അവരാണ്.'' 
''അതായത് സജീവിന്റെ അമ്മ?'' 
''അല്ലാണ്ട് പിന്നെ, നിമ്മിക്ക് വേറെ ഭര്‍ത്താവൊന്നും ഇല്ലല്ലോ.''
''അവരെന്തോ ടീച്ചറോ മറ്റോ അല്ലേ? അവര്‍ക്ക് എന്തുപറ്റി?'' ദുര്‍ബ്ബലമായ ഒരു ഓര്‍മ്മയില്‍ ഞാന്‍ പറഞ്ഞു.
''അതെ. ദീദി. അവര്‍ക്കൊന്നും പറ്റീല്ല. മല കയറാന്‍ പറ്റില്ലാന്ന് പറഞ്ഞ് ബുക്കിംഗ് ഓഫീസിന്റെ അടുത്ത് എവിടെയോ ഇരിപ്പുണ്ട്. നിങ്ങള്‍ ഒന്നുപോയി നോക്കണം.''
''ഈ ദീദി നമ്മുടെ കൂടെ ട്രിപ്പിനുണ്ടായിരുന്നോ? ഞാന്‍ കണ്ടതേ ഇല്ലല്ലോ...''
''അല്ലെങ്കിലും നിങ്ങള്‍ എന്തെങ്കിലും ശ്രദ്ധിക്കാറുണ്ടോ. ശരി. ഇവിടെ റേഞ്ചൊക്കെ കുറഞ്ഞ് വരുന്നു. ഞങ്ങള്‍ടെ ഗ്രൂപ്പ് പുറപ്പെടാറായി. ദീദിയുടെ കാര്യം ഒന്നു ശ്രദ്ധിച്ചേക്കണേ...''
''നീ വച്ചോ.'' ഞാന്‍ പറഞ്ഞു.

ഞാന്‍ സില്‍വര്‍ മൗണ്ടന്റെ ശിഖരങ്ങള്‍ നോക്കിക്കൊണ്ട് അല്പനേരം നിന്നു. മൂന്നു നിലകളുള്ള, മഞ്ഞുകൊണ്ട് നിര്‍മ്മിച്ച ഒരു കെട്ടിടം എന്നേ തോന്നൂ. കയറുന്ന വഴിക്കൊക്കെ വിശ്രമിക്കാനും കാഴ്ച്ചകള്‍ കാണാനും ഇടങ്ങളുണ്ട്. മിക്കവാറും ആളുകളൊക്കെ ഒന്നാം നിലയില്‍ എത്തുന്നതോടെ കയറ്റം മതിയാക്കും. പിന്നെ ട്രെയിനില്‍ കയറി ഏറ്റവും മുകളിലെത്തി ഉയരത്തില്‍നിന്നുള്ള കാഴ്ച്ചകള്‍ കാണലും സെല്‍ഫിയെടുക്കലും ഫേസ്ബുക്ക് ലൈവും ഒക്കെയാകും.  

മലകളില്‍ മണം പിടിച്ചു നടക്കാന്‍ പ്രത്യേക പരിശീലനം കിട്ടിയിട്ടുള്ള ഒരു വലിയ പട്ടിയുമായി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ നടന്നുപോയി. ഞാന്‍ ദീദിയുടെ കാര്യം ഓര്‍ത്തു. ബെഞ്ചില്‍നിന്ന് എഴുന്നേറ്റ് കൈയും കാലും നിവര്‍ത്തി.

വൃത്താകൃതിയിലാണ് സില്‍വര്‍ മൗണ്ടന്റെ ഘടന. അകത്ത് നടുത്തളത്തില്‍ മല കയറാന്‍ വരുന്നവര്‍ക്കുള്ള പാസ്സും ബാഗും മറ്റും കൊടുക്കുന്ന ഓഫീസ്. ചുറ്റുമായി പുറത്ത് ഭക്ഷണശാലകള്‍. മല കയറ്റത്തിനുള്ള സാമഗ്രികളും സില്‍വര്‍ മൗണ്ടന്റെ ചരിത്രം വിളിച്ചുപറയുന്ന സുവനീറുകളുമൊക്കെ വില്‍ക്കുന്ന കടകള്‍. 
ഞങ്ങളുടെ സുഹൃത്തുക്കളില്‍ പലരുടേയും അച്ഛനമ്മമാര്‍ ഇടക്കൊക്കെ നാട്ടില്‍നിന്ന് നഗരത്തില്‍ വന്ന് മക്കളുടെ കൂടെ താമസിക്കാറുണ്ട്. അവരില്‍ പലരേയും പരിചയപ്പെട്ടിട്ടും ഉണ്ട്. പക്ഷേ, അവരില്‍നിന്ന് ഈ ദീദിയുടെ മുഖം ഓര്‍ത്തെടുക്കാന്‍ എനിക്കു കഴിഞ്ഞില്ല. 

എന്തായാലും തണുപ്പില്‍നിന്ന് രക്ഷപ്പെടാന്‍ എവിടെയെങ്കിലും കൂനിക്കൂടിയിരിക്കുന്ന ഒരു വൃദ്ധയായ സ്ത്രീയെ കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലെന്ന് എനിക്കു തോന്നി.

കൈകള്‍ ജാക്കറ്റിനുള്ളില്‍ തിരുകി ഞാന്‍ പുറത്തേക്കിറങ്ങി. തിരക്കു കൂടിക്കൂടി വരുന്ന സൈഡ്വാക്കിലൂടെ നടന്നു. ഇപ്പോള്‍ തണുപ്പ് മുന്‍പത്തേക്കാള്‍ കൂടിയിരിക്കുന്നു. സില്‍വര്‍ മൗണ്ടന്റെ മുകളില്‍ ഉണ്ടെന്നു പറയപ്പെടുന്ന അപൂര്‍വ്വയിനം ജന്തുക്കളേയും സസ്യങ്ങളേയും കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു. ഏതോ സംഗീതം അലറിവിളിക്കുന്ന റെസ്റ്റോറന്റില്‍നിന്ന് പൊരിച്ച മാംസത്തിന്റേയും റൊട്ടിയുടേയും മണം. 

ഒരു വൃത്തം പൂര്‍ത്തിയാക്കിയിട്ടും ദീദിയുടെ പൊടിപോലും കാണാതെ ഞാന്‍ ഫ്രണ്ട് ഡസ്‌കിനടുത്തുള്ള ബെഞ്ചില്‍ തിരിച്ചു വന്നിരുന്നു. 

സമയം ആരെയും ഗൗനിക്കാതെ കടന്നുപോയി. മനസ്സ് വേറേതോ തലത്തിലേക്ക് കയറുന്നു. ഞാന്‍ വെറുതെ, എന്റെ തന്നെ ജീവിതത്തെ ദൂരെനിന്ന് നോക്കിക്കാണാന്‍ ശ്രമിച്ചു. കാര്യങ്ങള്‍ ഒക്കെ ഒരുവിധം നന്നായി നടക്കുന്നുണ്ടെന്ന് വേണമെങ്കില്‍ പറയാം. കുടുംബത്തില്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല. 

ജോലിസ്ഥലത്തെ മത്സരവും കുതികാല്‍വെട്ടും പയറ്റിത്തെളിഞ്ഞിരിക്കുന്നു. അടുത്തുവന്നു നില്‍ക്കുന്ന പ്രൊമോഷന്‍ കൂടി ശരിയാക്കിയാല്‍ കുറച്ചു നാളത്തേക്ക് സമാധാനമായി. 

എങ്കിലും ഇടക്ക് എന്തോ കുറവുള്ളതായി തോന്നും. റെയിന്‍കോട്ടിട്ട് കുളിക്കുന്നതുപോലെ. ദേഹത്ത് മുഴുവന്‍ വെള്ളം വീഴുന്നുണ്ട്. പക്ഷേ, നനയുന്നില്ല.

ഇന്നിപ്പോള്‍ മലമുകളിലെ ഏറ്റവും ഉയരമുള്ള പാറക്കെട്ടില്‍ ഒറ്റയ്ക്ക് കയറിനിന്ന്  ആകാശത്തോടും മേഘങ്ങളോടും എന്തൊക്കെയോ വിളിച്ചുകൂവണമെന്നുണ്ടായിരുന്നു. പക്ഷേ, ഒന്നും നടന്നില്ല... 
കുറച്ചുനേരം കൂടി അങ്ങനെ ഇരുന്നപ്പോള്‍, ചിന്തകള്‍ പെരുത്ത് തല പൊട്ടിത്തെറിക്കുമെന്നായപ്പോള്‍ ഞാന്‍ എഴുന്നേറ്റു. ഒരു ബിയര്‍ കിട്ടുന്ന സ്ഥലം അന്വേഷിച്ച് ചുറ്റും നോക്കി.  

അപ്പോഴാണ് ദീദി എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സാരിയും ട്രെക്കിംഗ് ഷൂവും സ്വെറ്ററും ഒരു കൈയില്‍ ബാഗും മറുകൈയില്‍ പുസ്തകവുമൊക്കെയായി മുന്നില്‍ വന്നു നില്‍ക്കുന്നു.

''അരുണല്ലേ? സജീവിന്റെ കൂട്ടുകാരന്‍?'' അവര്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. സത്യത്തില്‍ ആ മുഖം എനിക്കു പരിചിതമായിരുന്നു. ആ കണ്ണടയും വെള്ളിയിഴകളും എല്ലാം മുമ്പെവിടെയോ കണ്ടിട്ടുള്ളതാണ്.  
''അതെ, ഞാനും ദീദിയെ അന്വേഷിച്ച് നടക്കുകയായിരുന്നു.''
ദീദി ബെഞ്ചിന്റെ മറ്റേ അറ്റത്ത് ഇരുന്ന് ബാഗും പുസ്തകവും ഞങ്ങള്‍ക്കിടയില്‍ വച്ചു. പീറ്റര്‍ മാത്തിസണ്‍ എന്ന് പേരുള്ള ഒരാളുടെ പുസ്തകം.

''മല കയറാന്‍ പറ്റാത്തതിന്റെ നിരാശയായിരിക്കും അരുണിന് അല്ലേ?'' ദീദി ചോദിച്ചു. അവരുടെ മുഖത്തുനിന്ന് ചിരി ഒരിക്കലും അഴിച്ചുവെക്കാറില്ലെന്ന് എനിക്കു തോന്നി. ''ജോലിത്തിരക്കായിരുന്നെന്ന് സിനി പറഞ്ഞു. നിങ്ങളൊക്കെ ഇങ്ങനെ മത്സരിച്ച് പണിയെടുക്കുന്നതു കാണുമ്പോ സങ്കടം തോന്നുന്നു... സജീവിനും അതെ. ഫോണ്‍ താഴെ വെക്കാന്‍ സമയം കിട്ടാറില്ല.'' 
''ഇതിനുമാത്രം വേഗത്തില്‍ ഓടാന്‍ ഈ കൊച്ചു ജീവിതത്തില്‍ എന്താണുള്ളതെന്ന് ഞാന്‍ അവനോട് ചോദിക്കും...''
അല്ലെങ്കിലും നിങ്ങളുടെ കാലത്തൊക്കെ ഈ ലോകം എത്ര സ്വച്ഛസുന്ദരമായിരുന്നു അല്ലേ ദീദി!
പക്ഷേ, ഞാന്‍ ഒന്നും മിണ്ടിയില്ല. 

ഇപ്പോള്‍ റോപ്വേയൊക്കെ നിശ്ചലമായിരിക്കുന്നു. ഇനി കുറച്ചു മണിക്കൂര്‍ കഴിഞ്ഞിട്ടേ പ്രവര്‍ത്തനം തുടങ്ങൂ. അതും കാലാവസ്ഥ അനുകൂലമാണെങ്കില്‍ മാത്രം.

''ഈ മലയുടെ 75 ശതമാനവും കൃത്രിമമായി ഉണ്ടാക്കിയതാണ്. അതാണ് ഒട്ടും ഇടിയാതെ കിടക്കുന്നത്.'' ദീദി പറഞ്ഞു.
 
''അതിന്റെ ആവശ്യമുണ്ടോ? ഇവിടെ അല്ലെങ്കിലും ധാരാളം മഞ്ഞു വീഴുന്നതല്ലേ?''
''അതുകൊണ്ട് കാര്യമില്ല. സ്വാഭാവികമായി ഉള്ള പ്രകൃതിഭാഗങ്ങള്‍ ഇങ്ങനെ മനുഷ്യരുടെ കോപ്രായങ്ങള്‍ക്ക് നിന്നു തരില്ല. മഴയും മഞ്ഞും വെയിലും ഒക്കെ കൊണ്ടുകഴിയുമ്പോള്‍ സ്വയം മാറ്റി പണിയും ആകൃതിയും ഉയരവും പരപ്പും ഒക്കെ മാറിമറിയും. അങ്ങനെ വന്നാല്‍ ഇവിടെ പണം മുടക്കുന്നവര്‍ക്ക് രസിക്കില്ലല്ലോ. അല്ലേ അരുണ്‍?''
ഞാന്‍ താല്പര്യമില്ലാതെ മൂളി. 

എനിക്ക് ഈ മലകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണോ അതോ പ്രകൃതിദത്തമാണോ എന്നൊന്നും അറിയാന്‍ താല്പര്യമില്ല. മലമുകളില്‍ കയറിനിന്ന് ഫോട്ടോയൊക്കെ എടുക്കണം എന്നുണ്ടായിരുന്നു. അതോ നടന്നില്ല.
ഞാന്‍ ബെഞ്ചില്‍ നിന്നെഴുന്നേറ്റു. ''പോയി എന്തെങ്കിലും കഴിക്കാന്‍ വാങ്ങിക്കൊണ്ടു വരാം. ദീദി ഇവിടെത്തന്നെ ഇരുന്നോളൂ.''
''അതു വേണ്ട, ഞാനും കൂടെ വരാം. അരുണിന് ബുദ്ധിമുട്ടാകില്ലെങ്കില്‍.'' ഞാന്‍ എന്തെങ്കിലും പറയും മുന്‍പ് ദീദി ബാഗും പുസ്തകവുമായി എഴുന്നേറ്റു.

''തീര്‍ച്ചയായും. യു ആര്‍ വെല്‍കം.''  ഞാന്‍ അലോസരം പുറത്തുകാണിക്കാതെ പറഞ്ഞു. 
ഭക്ഷണത്തിനു ശേഷം ഞാനും ദീദിയും വരാന്തയിലേക്കിറങ്ങി. ഞങ്ങള്‍ക്കു മുന്‍പില്‍ സില്‍വര്‍ മൗണ്ടന്‍ നിവര്‍ന്നു നിന്നു.

''ഞങ്ങളുടെ ഗ്രൂപ്പ് രണ്ടാമത്തെ ലെവല്‍ വരെ എത്തും എന്നൊക്കെ പറഞ്ഞാണ് പോയിരിക്കുന്നത്. അവിടെനിന്ന് നോക്കിയാല്‍ മൂന്നു പുഴകളും തൊട്ടടുത്ത പട്ടണവും കാണാം,'' ഞാന്‍ പാമ്പുപോലെ പുളഞ്ഞുകിടക്കുന്ന കയറ്റുപാതകള്‍ നോക്കിക്കൊണ്ട് പറഞ്ഞു. ''പക്ഷേ, കണക്കാണ്. ആദ്യത്തെ ലാന്‍ഡിംഗില്‍ എത്തുമ്പോഴേക്ക് പലര്‍ക്കും തലചുറ്റലും ശ്വാസംമുട്ടലും ഒക്കെ തുടങ്ങും. പിന്നെ എങ്ങനെയെങ്കിലും താഴെ എത്തിയാല്‍ മതി എന്നാകും. ഹെലികോപ്റ്റര്‍ വഴി നേരെ ഏറ്റവും മുകളില്‍ എത്തിക്കുന്ന പരിപാടി ഉണ്ടായിരുന്നു മുന്‍പൊക്കെ. ഒരു ആക്സിഡന്റ് ഉണ്ടായ ശേഷം അതു നിര്‍ത്തി.''
''ഈ റോപ്പ് വേയില്‍ക്കൂടി അല്ലാതെ നേരിട്ട് ആരെങ്കിലും കയറാറുണ്ടോ?'' ഏറ്റവും താഴെ നിന്ന് തുടങ്ങി, മലകയറ്റത്തിനുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച്? ശരിക്കുള്ള മല കയറ്റം?''
''ഏയ്. ഈ മാതിരി തണുപ്പത്ത് ആരെങ്കിലും അതിനൊക്കെ നില്‍ക്ക്വോ. എങ്ങനെയെങ്കിലും മോളിലെത്തി കാഴ്ചകള്‍ കാണണം, ഫോട്ടോ എടുക്കണം എന്നല്ലാതെ.'' ഞാന്‍ പറഞ്ഞു.

''മല കയറുന്നത് എപ്പോഴും മുകളില്‍ എത്താനായിക്കോളണമെന്നില്ല.'' ദീദി എന്തോ ഓര്‍ത്തുകൊണ്ട് പറഞ്ഞു. ''അരുണ്‍ ഹിമാലയത്തില്‍ പോണം ഒരിക്കല്‍. മലയൊന്നും കയറിയില്ലെങ്കിലും അടുത്തുനിന്നു കാണുകയെങ്കിലും വേണം.''
ദീദി ഒരു തമാശ പറഞ്ഞതാണെന്ന മട്ടില്‍ ഞാന്‍ അവരെ നോക്കി. പക്ഷേ, ദീദിയുടെ മുഖം ഗൗരവം പൂണ്ടിരുന്നു. കണ്ടുമുട്ടിയതിനു ശേഷം ആദ്യമായാണ് അവരുടെ മുഖത്തുനിന്ന് ചിരി മായുന്നത്.
റോപ്വേയും ഹോട്ട് എയര്‍ ബലൂണുകളും ഒക്കെ നിശ്ചലമായിരുന്നു. മുകളിലെ മനുഷ്യര്‍ മുകളിലും താഴത്തെ മനുഷ്യര്‍ താഴെയും ആയി. മനുഷ്യര്‍ക്കിടയിലുള്ള കോവണി ആരോ എടുത്തുകളഞ്ഞതു പോലെ. 
''ദീദി പോയിട്ടുണ്ടോ ഹിമാലയത്തില്‍?''
''ഉം.'' ദീദി മൂളി. ''കാഞ്ചന്‍ജംഗയില്‍.''
ഞാന്‍ ആശ്ചര്യത്തോടെ അവരെ നോക്കി. ലോകത്തിലെ ഉയരം കൂടിയ കൊടുമുടികളില്‍ ഏറ്റവും ദുഷ്‌കരമായത് കാഞ്ചന്‍ജംഗയാണെന്ന് കേട്ടിരുന്നു. 

''ഡാര്‍ജിലിംഗിലായിരുന്നു പപ്പക്ക് ജോലി.'' കുറച്ചു കഴിഞ്ഞപ്പോള്‍ ദീദി പറഞ്ഞു. അവരുടെ കണ്ണില്‍ ഓര്‍മ്മകള്‍ തിളങ്ങി. ഞങ്ങളുടെ സംഘം തിരിച്ചു വരാന്‍ പിന്നെയും സമയം ബാക്കി ഉണ്ടായിരുന്നു. ഞാന്‍ ദീദിയുടെ കഥ കേള്‍ക്കാന്‍ കാതു തിരിച്ചു. 

''പറയൂ ദീദി. ഞാനൊക്കെ ടി.വിയിലും സിനിമയിലുമേ ശരിക്കുള്ള പര്‍വ്വതങ്ങള്‍ കണ്ടിട്ടുള്ളൂ!''
''ഞങ്ങളുടെ വീട്ടില്‍നിന്നു നോക്കിയാല്‍ കാഞ്ചന്‍ജംഗയുടെ ശിഖരങ്ങള്‍ കാണാം. എന്റെ രണ്ടു ചേട്ടന്മാരേയും സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ടെന്‍സിംഗിന്റെ അക്കാദമിയില്‍ വിട്ടു. എനിക്കും അക്കാദമിയില്‍ ചേരാന്‍ വലിയ ആഗ്രഹമായിരുന്നു. പക്ഷേ, ''അവള്‍ക്കിനി മലകയറ്റം പഠിക്കാഞ്ഞിട്ടാണ്'' എന്ന അമ്മയുടെ വാക്കുകള്‍ കേട്ട് പപ്പ എന്നെ ചേര്‍ത്തില്ല. എങ്കിലും പപ്പയുടെ നേര്‍ത്ത ചിരിക്കുള്ളിലെവിടെയോ ഒരു പ്രതീക്ഷ ബാക്കി കിടപ്പുണ്ടെന്ന് എനിക്കു തോന്നി. ധാരാളം വിദേശികള്‍ വന്നിരുന്നു ഡാര്‍ജിലിംഗില്‍. വലിയ ബാക്ക്പാക്കുകളും മുതുകത്ത് തൂക്കി, അവര്‍ മല കയറുന്നത് കാണുമ്പോഴൊക്കെ ഞാന്‍ ഓര്‍ക്കും. എന്നെപ്പോലെ അവരേയും ഈ കൊടുമുടികളിലേക്ക് ആകര്‍ഷിക്കുന്നതെന്താണെന്ന്. അവരില്‍ ചിലരൊക്കെ മഞ്ഞുപുലികളെ കാണാനാണ് വരുന്നത്. ഭാഗ്യം ചെയ്ത പര്‍വ്വതാരോഹകര്‍ക്കു മാത്രം മഞ്ഞുപുലികളെ കാണാന്‍ അവസരം കിട്ടുന്ന സ്ഥലമാണ് കാഞ്ചന്‍ജംഗ. ടിബറ്റന്‍ ലാമമാരാണ് മഞ്ഞുപുലികളായി ജന്മമെടുക്കുന്നത്. തങ്ങളുടെ കഴിഞ്ഞ ജന്മത്തിലെ പാപങ്ങള്‍ കഴുകിക്കളയാന്‍. അവയെ കൊല്ലാന്‍ പാടില്ല. കൊന്നാല്‍ കൊന്ന ആളിലേക്ക് ലാമമാരുടെ പാപം വ്യാപിക്കും! ചിലപ്പോള്‍ വിദേശികളില്‍ ചിലരെ ഞാന്‍ വീട്ടിലേക്ക് ക്ഷണിക്കും. എന്നിട്ട് അമ്മയോട് കളവ് പറഞ്ഞ് വെള്ളവും ഭക്ഷണവും വിളമ്പും. തരം കിട്ടുമ്പോള്‍ അവരോട് ചോദിക്കും എന്തിനാണ് നിങ്ങള്‍ എല്ലാ സുഖസൗകര്യങ്ങളുമുള്ള നിങ്ങളുടെ രാജ്യങ്ങളില്‍നിന്ന് ഇത്രയും ദൂരം യാത്ര ചെയ്ത്, കഷ്ടപ്പെട്ട് ഈ കാഞ്ചന്‍ജംഗയുടെ ശിഖരങ്ങള്‍ കയറുന്നതെന്ന്. അവര്‍ ചിരിക്കും. ചിലപ്പോള്‍ മറുപടി പറയും. എന്റെ മുറി ഇംഗ്ലീഷ് വച്ചുകൊണ്ടൊന്നും അവര്‍ പറയുന്ന മറുപടി മനസ്സിലാക്കാന്‍ കഴിയില്ല. നേച്ചര്‍, ബ്യൂട്ടി, ചാലഞ്ച്, പീസ് എന്നൊക്കെ ചില വാക്കുകള്‍ ഞാന്‍ പിടിച്ചെടുക്കും. പക്ഷേ, ഓരോ തവണയും അവര്‍ അവരുടെ ബാക്ക്പാക്കുകളും തൂക്കി പടിയിറങ്ങുമ്പോള്‍ ഒരിക്കല്‍ എനിക്കും ആ കൊടുമുടികള്‍ കയറണം എന്ന വാശി കൂടിവരും...''
ഇപ്പോള്‍ സംസാരിക്കുന്ന ദീദി ഇതുവരെ ഞാന്‍ കണ്ട സ്ത്രീ അല്ലെന്ന് എനിക്കു തോന്നി. അവര്‍ കഥ പറയുന്നത് അവരോട് തന്നെയാണെന്നും.

''മൈതാനത്ത് ചേട്ടന്മാര്‍ പുഷ് അപ്പും പ്ലാങ്കും ഡ്രില്ലും ഒക്കെ ചെയ്യുമ്പോള്‍ അമ്മ സമ്മതിച്ചാലും ഇല്ലെങ്കിലും ഞാനും കൂടും. അവര്‍ ചെയ്യുന്നത്രയും ഞാനും ചെയ്യും. ഒരു ദിവസം പിന്നിലായിപ്പോയാല്‍ പിറ്റേന്ന് രഹസ്യമായി പ്രാക്റ്റീസ് ചെയ്ത് അവരോടൊപ്പമെത്തും. എന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഒടുവില്‍ പപ്പ എന്നെയും അക്കാദമയില്‍ ചേര്‍ത്തു. ആദ്യത്തെ ദിവസം തന്നെ ഞാന്‍ എന്റെ ചേട്ടന്മാരേക്കാള്‍ മിടുക്കിയാണെന്ന് കേണല്‍ സിംഗ് പറഞ്ഞപ്പോള്‍ ഇനിയൊരു തിരിഞ്ഞുനോട്ടമില്ലെന്ന് ഞാന്‍ ഉറപ്പിച്ചു. അക്കാദമിയില്‍നിന്നുള്ളതിനു പുറമേ എന്നെത്തന്നെ പരിശീലിപ്പിക്കാന്‍ ഞാന്‍ ദിവസവും പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. എന്റെയും ചേട്ടന്മാരുടേയും പുതിയതും പഴയതുമായ പുസ്തകങ്ങള്‍ ഒരു ബാഗില്‍ കുത്തിനിറച്ച്, എടുത്താല്‍ പൊന്താത്തത്ര  ഭാരം ആയെന്ന് ഉറപ്പുവരുത്തി, അത് മുതുകത്ത് കെട്ടിവച്ച്, പരീക്ഷയ്ക്കു പഠിക്കാനാന്നു പറഞ്ഞ് ഞാന്‍ മല കയറും. കൂടുതല്‍ ദുഷ്‌കരവും ചെങ്കുത്തായതുമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. വളവും തിരിവുമുള്ള, ഒറ്റപ്പാളി മഞ്ഞുപാളികള്‍ തുറിച്ചുനില്‍ക്കുന്ന, കാല്‍ വഴുതിയാല്‍ മരണത്തിലേക്ക് കൂപ്പുകുത്തുന്ന തരം വഴികള്‍. അങ്ങനെ ഓരോ തവണ ജീവനോടെ മലയിറങ്ങി വീട്ടിലെത്തുമ്പോഴും എന്റെ ആത്മവിശ്വാസം കൂടും.

അങ്ങനെ ഒരു ദിവസം ഞാന്‍ മലയിറങ്ങി വരുന്നതു കണ്ട് പപ്പ അമ്മയോട് പറയുന്നത് കേട്ടു. 'ചീനുവിന് മലമുകളിലെവിടെയോ ഒരു കാമുകന്‍ ഉണ്ടെന്നാണ് തോന്നുന്നത്. മിക്കവാറും അവള്‍ അവനേയും കെട്ടി അവിടെത്തന്നെ താമസമാക്കും.'
അമ്മ അതു കേട്ട് മുഖം കറുപ്പിച്ചുകൊണ്ട് അകത്തേക്ക് പോയി.

സെലക്ഷന്‍ ക്യാമ്പില്‍ ഞാനൊന്നാമതായിരുന്നു. പെണ്ണുങ്ങള്‍ക്കായുളള ബാച്ച് ആദ്യമായി തുടങ്ങിയ വര്‍ഷമായിരുന്നു അത്. ഞാനടക്കം 6 പെണ്ണുങ്ങള്‍. ദിവസവും 12 മണിക്കൂര്‍ നീളുന്ന കഠിന പരിശീലനം... പതുക്കെപ്പതുക്കെ ഞാന്‍ ഏതു കൊടുമുടിയും കയറാനാവുന്ന ആത്മവിശ്വാസത്തിലെത്തി. കാഞ്ചന്‍ജംഗ ചവിട്ടാന്‍ എല്ലാം തയ്യാറായി വന്നതായിരുന്നു...'' 
ദീദി ഒന്നു നിര്‍ത്തി. ഫ്‌ലാസ്‌കില്‍നിന്ന് ചായ കുടിച്ചു. തൂവാലകൊണ്ട് മുഖം തുടച്ചു. സില്‍വര്‍ മൗണ്ടന്റെ കൃത്രിമ ശിഖരങ്ങളെ വെയില്‍ തിളക്കി. 

''എന്നിട്ട്?''
''അപ്പോഴാണ് പപ്പയെ കാണാതായത്. വെയില്‍ വരുമ്പോള്‍ മഞ്ഞ് മാഞ്ഞുപോകുന്നതു പോലെ.'' ദീദി പറഞ്ഞു. 

''ഒരു യാത്രാസംഘത്തിന്റെ കൂടെ വഴി കാണിച്ചുകൊടുക്കാനെന്നും പറഞ്ഞ് മുകളിലേക്ക് പോയതായിരുന്നു. പക്ഷേ, രാത്രിയായിട്ടും തിരികെ വന്നില്ല. രണ്ട് ദിവസം നിര്‍ത്താതെ മഞ്ഞു പെയ്തു. അതു കാരണം ബേസില്‍നിന്ന് ആര്‍ക്കും തന്നെ മുകളിലേക്ക് പോയി നോക്കാനും കഴിഞ്ഞില്ല. അപ്പോഴേക്ക് അമ്മ കരഞ്ഞ് കിടപ്പായിരുന്നു. മൂന്നാം നാള്‍ ആകാശം തെളിഞ്ഞപ്പോഴേക്ക് എല്ലാവര്‍ക്കും പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. അന്വേഷിച്ചു പോയ വിദേശികള്‍ കൂടെ ഉള്‍പ്പെട്ട ഒരു സംഘം പപ്പയെ കാണാനാവാതെ പോയപോലെ തിരിച്ചു വരികയും ചെയ്തു.''
''അതോടെ ഞങ്ങളുടെ വീട്ടിലെ സകല വെളിച്ചവും കെട്ടു. ഒരു ആശ്വാസവും കിട്ടാതെ ഞാന്‍ പുറത്തിറങ്ങി കാഞ്ചന്‍ജംഗയുടെ ശിഖരങ്ങളെ നോക്കി തെറിവാക്കുകള്‍ വിളിച്ചുപറഞ്ഞു. വെളുപ്പു നോക്കി നോക്കി കണ്ണില്‍ ഇരുട്ടുകയറാന്‍ തുടങ്ങിയപ്പോള്‍ മണ്ണില്‍ മലര്‍ന്നു കിടന്നു. എന്റെ കമ്പിളി ഉടുപ്പുകളിലൂടെ വെള്ളം നട്ടെല്ലു നനച്ചു. എപ്പോഴൊ ചേട്ടന്മാര്‍ വന്ന് എന്നെ എടുത്ത് അകത്ത് കൊണ്ടുപോയി കിടത്തി. ആ രാത്രി എനിക്ക് പനിയുടേയും ദു:സ്വപ്നങ്ങളുടേയും ആയിരുന്നു.

പപ്പയുടെ ശബ്ദം കേട്ടുകൊണ്ടാണ് പിറ്റേന്ന് ഞാന്‍ ഉണര്‍ന്നത്. ഞാന്‍ വേഗം ഉമ്മറത്തേക്ക് ചെന്നു. പപ്പ കസേരയിലിരുന്ന് ചായ കുടിക്കുന്നുണ്ടായിരുന്നു. അമ്മയും ചേട്ടന്മാരും ചുറ്റും. എന്നെ കണ്ടതും പപ്പ ഗ്ലാസ് താഴെ വച്ചു. ഞാന്‍ ഓടിച്ചെന്ന് പപ്പയെ കെട്ടിപ്പിടിച്ചുകൊണ്ട് കരഞ്ഞു. 

'എനിക്ക് ഒന്നും പറ്റിയില്ല.' പപ്പ ചിരിച്ചു. 'കാഞ്ചന്‍ മായുടെ ചരിവില്‍ വച്ച് ഒരു മഞ്ഞുപുലി പിടിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ വിടുകയും ചെയ്തു.'
അപ്പോഴാണ് മുട്ടിനു താഴെവച്ച് റദ്ദാക്കപ്പെട്ട പപ്പയുടെ വലതു കാല്‍ ഞാന്‍ കണ്ടത്. മഞ്ഞിലെ ചോര പോലെ വെളുത്ത തുണിക്കെട്ടിലെ ചുകപ്പ്. അതോടെ എന്റെ നിലവിളി എല്ലാ നിയന്ത്രണങ്ങളും വിട്ടു. ബോധം മായുന്നതുവരെ ഞാന്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു...

മല കയറാന്‍ എന്നും പറഞ്ഞ് പപ്പ പോയത് മഞ്ഞുപുലിയെ വേട്ടയാടുന്നവരുടെ കൂടെയായിരുന്നെന്ന് പിന്നെ കേട്ടു. പപ്പ മറ്റാരോ ആയിപ്പോയെന്ന് എനിക്കു തോന്നി. കേണല്‍ സിംഗ് ആളെ വിട്ടിട്ടും അതിനുശേഷം ഞാന്‍ അക്കാദമിയിലേക്ക് പോയില്ല. എന്റെ ബാച്ച് എന്നെ കൂട്ടാതെ മല കയറാന്‍ പോയി. പതുക്കെപ്പതുക്കെ ഞങ്ങളുടെ ജീവിതം വീണ്ടും മുടന്തിത്തുടങ്ങി. വരാന്തയിലെ സ്ഥിരം ഇരിപ്പുകാരന്‍ ആയി.  

'ഇനി ഒരിക്കലും എനിക്ക് മല കയറണ്ട'- ഒരു ദിവസം ഞാന്‍ പപ്പയോടു പറഞ്ഞു. 

'സാരമില്ല,' പപ്പ കസേരയിലിരുന്ന് എന്നെ ചേര്‍ത്തുപിടിച്ചു. 'നിനക്കറിയില്ലേ ഏറ്റവും മുകളില്‍ എത്തുന്നതിനു തൊട്ട് മുന്‍പ് കാഞ്ചന്‍ മായോടുള്ള ആദരവ് കാരണം മലകയറ്റക്കാര്‍ കയറ്റം നിര്‍ത്തുന്നത്. ചിലതൊന്നും അതിജീവിക്കാനുള്ളതല്ല, അനുഭവിക്കാനുള്ളതാണ്. ഇനിയുള്ള എന്റെ ജീവിതം പോലെ...' പപ്പയുടെ കണ്ണുകള്‍ നിറഞ്ഞു.

പിന്നെ അധികം കഴിയാതെ പപ്പ മരിച്ചു. ഞാനും അമ്മയും ചേട്ടന്മാരും ദൂരെ ഉള്ള മറ്റൊരു പട്ടണത്തിലേക്ക് ജീവിതം മാറി. പിന്നീടൊരിക്കലും ഞാന്‍ ഒരു മല കയറിയിട്ടില്ല...''
സില്‍വര്‍ മൗണ്ടന്റെ മുകളില്‍ ഇരുട്ടുവീണു തുടങ്ങി. തീപ്പെട്ടിക്കൂടുകള്‍ ചേര്‍ത്തുകെട്ടിയതു പോലുള്ള ട്രെയിന്‍ താഴേക്കിറങ്ങാന്‍ തുടങ്ങി. 

ഞാനും ദീദിയും പിന്നെ ഒന്നും സംസാരിച്ചില്ല. സ്വന്തം ചിന്തകളില്‍ മുഴുകി കുറേ നേരം ഇരുന്നു. സിനിയും പിള്ളേരും പിന്നില്‍നിന്നു വന്ന് എന്നെ കുലുക്കി എണീപ്പിക്കുന്നതു വരെ. 

മറ്റുള്ളവര്‍ വന്നതോടെ ദീദി വീണ്ടും പഴയ ആളായി. ചിരിയും സംസാരവും ആയി. പിരിയാന്‍ നേരത്ത് ആ കണ്ണുകള്‍ എന്തോ ഓര്‍ത്തുവെക്കാന്‍ പറയുന്നതുപോലെ എനിക്കു തോന്നി...

                

****
സിനി ഉറങ്ങിക്കഴിഞ്ഞിരുന്നു. ആ കോപ്പര്‍ മൗണ്ടന്‍ സന്ദര്‍ശനത്തിനു ശേഷം ഞങ്ങളുടെ ജീവിതവും പലതരം കയറ്റിറക്കങ്ങളിലൂടെ കടന്നുപോയി. ജീവിതത്തില്‍ സാധാരണ സംഭവിക്കാറുള്ള അപ്രതീക്ഷിത മഞ്ഞുവീഴ്ചകള്‍. പരാജയങ്ങളും വേദനകളും നിറഞ്ഞ മല കയറ്റം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇനി അടുത്ത വളവിലോ തിരിവിലോ എന്താണെന്ന്  ആര്‍ക്കറിയാം?

പുറത്ത് റോഡിലൂടെ നടന്നുപോകുന്ന ആരുടേയോ അവ്യക്തമായ സംഭാഷണവും ചിരിയും കേട്ടു. പിന്നെ എല്ലാം നിശ്ശബ്ദമായി. 

മഞ്ഞു പെയ്യുന്നത് ജനല്‍കര്‍ട്ടന്റെ നേര്‍ത്ത പാളിയിലൂടെ കാണാമായിരുന്നു. ദീദി ഏതോ മഞ്ഞുമലയില്‍ ശാന്തയായി ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് എനിക്കു തോന്നി. ഒരിക്കല്‍ മാത്രമെ നമ്മള്‍ ഉറങ്ങുന്നുള്ളൂ. അതിനു മുമ്പത്തെ ഉറക്കങ്ങളെല്ലാം ഒരു പരിശീലനം ആയിരിക്കണം. ഞാന്‍ സിനിയെ പതുക്കെ ചേര്‍ത്തുപിടിച്ച് കണ്ണുകളടച്ചു. ഒരു തയ്യാറെടുപ്പെന്നോണം. 

വെളുവെളുത്ത കൂറ്റന്‍ ശിഖരങ്ങള്‍ക്കിടയില്‍ എവിടെയോ പതിയിരിക്കുന്ന ആ മഞ്ഞുപുലി അനങ്ങിത്തുടങ്ങുന്നത് എന്നിട്ടും എനിക്ക് കാണാമായിരുന്നു.