'അക്കല്‍ദാമ'- തമ്പി ആന്റണി എഴുതിയ കഥ

ഇടവപ്പാതിയിലെ ഇടിയും മഴയുമുള്ള ഒരു രാത്രിയിലാണ് റിട്ടയേഡ് ജഡ്ജ് സത്യമൂര്‍ത്തിയുടെ കുന്നിന്‍പുറത്തെ ബംഗ്ലാവില്‍ അയാള്‍ കടന്നുകയറിയത്
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ടവപ്പാതിയിലെ ഇടിയും മഴയുമുള്ള ഒരു രാത്രിയിലാണ് റിട്ടയേഡ് ജഡ്ജ് സത്യമൂര്‍ത്തിയുടെ കുന്നിന്‍പുറത്തെ ബംഗ്ലാവില്‍ അയാള്‍ കടന്നുകയറിയത്. പൊക്കമുള്ള റബ്ബര്‍മരങ്ങളുടെ നിഴലുകള്‍ ഒന്നിച്ചുവീഴുന്നതിനാല്‍ പകല്‍പോലും ഇരുണ്ട അന്തരീക്ഷമാണവിടെ. പ്രധാന നിരത്തില്‍നിന്നു നോക്കിയാല്‍ ബോഗെന്‍വില്ലയുടെ പടര്‍പ്പുകളില്‍ പൊതിഞ്ഞു നില്‍ക്കുന്ന ഗെയ്റ്റല്ലാതെ ബംഗ്ലാവ് ആരുടേയും ശ്രദ്ധയില്‍പ്പെടാറില്ല. തവിട്ടുനിറമുള്ള പെയിന്റ് ഇളകിപ്പോകാറായ വലിയ ഇരുമ്പുഗെയ്റ്റിലൂടെ ഉള്ളിലേക്കു നോക്കിയാല്‍, ഒരു വണ്ടിക്കു കഷ്ടിച്ചു പോകാന്‍ പാകത്തിലുള്ള ടാര്‍റോഡ് കുന്നുകയറിപ്പോകുന്നതു കാണാം. ഡ്രൈവേയുടെ ഇരുവശത്തും ഭംഗിയായി വെട്ടിനിര്‍ത്തിയിരിക്കുന്ന ചെടികള്‍ കൂടാതെ തൊടിയില്‍ പേരകളും ജാതിമരങ്ങളും ഇടകലര്‍ന്നു നില്‍പ്പുണ്ട്. അവയുടെ ഇലകളില്‍ എപ്പോഴും കാറ്റുണ്ടാവും. 

പെരുമഴയത്ത്, ഗെയ്റ്റിനോടു ചേര്‍ന്നു വന്നുനിന്ന ബൈക്കില്‍നിന്ന് മഴക്കോട്ടിട്ട അയാളിറങ്ങി, ചുറ്റുപാടുമൊന്നു നിരീക്ഷിച്ചു. ബൈക്ക് റോഡരികില്‍ത്തന്നെ വച്ച്, കയ്യിലൊരു പ്ലാസ്റ്റിക് ബാഗുമായി സാവധാനം നടന്ന് വലതുഭാഗത്തുള്ള ചെറിയ ഗെയ്റ്റ് ബലമായി തുറന്നശേഷം സ്വയം വിശ്വസിപ്പിക്കാനെന്നോണം ഒന്നു തിരിഞ്ഞുനോക്കി, ടാര്‍ റോഡിലൂടെ കുന്നു കയറി. 

ബംഗ്ലാവിന്റെ വാതില്‍ക്കലെത്തിയപ്പോള്‍ ഒന്നു നിന്നു. 'ഡോ. സത്യമൂര്‍ത്തി, റിട്ടയേഡ് ജഡ്ജ്' എന്നെഴുതിയ ചെറിയ നെയിംബോര്‍ഡ് വാതിലിന്റെ വലതുഭാഗത്തു തൂക്കിയിട്ടിരുന്നു. അതില്‍ ഒരു പല്ലി ഇരപിടിക്കാന്‍ പതുങ്ങിനില്‍പ്പുണ്ട്. അകത്തു വെളിച്ചമുണ്ടെന്നുറപ്പുവരുത്തി, അയാള്‍ വാതിലില്‍ മുട്ടി. 

അകത്തുനിന്ന് അനക്കമൊന്നുമുണ്ടായില്ല. കാറ്റില്‍ ഒരില അയാളുടെ കാല്‍ച്ചുവട്ടില്‍ വന്നുവീണു. 
അയാള്‍ കാളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. ഒരു കാല്‍പ്പെരുമാറ്റം വാതിലിനരികിലേക്കു വരുന്നതായിത്തോന്നി. ഉള്ളിലെയാള്‍ ശബ്ദമുയര്‍ത്തി ചോദിച്ചു:

''ആരാ ഈ അസമയത്ത്?''
''കുറച്ചു ദൂരെനിന്നാ. അകത്താരാ?''
''ഞാന്‍ അങ്ങോട്ടു ചോദിച്ചതിനുത്തരം പറയൂ. അസമയത്ത് എന്റെ വീടിന്റെ വാതിലില്‍ മുട്ടിയിട്ട് എന്നോടാരാന്നു ചോദിക്കാന്‍ നിങ്ങള്‍ക്കു ലജ്ജയില്ലേ?''
''പേരു പറഞ്ഞാല്‍ അറിയുന്നയാളാ.''
''എന്നാല്‍പ്പിന്നെ പറഞ്ഞാല്‍പ്പോരേ?''
അതൊരു അധികാരശബ്ദമായിരുന്നു. 

''പാതാളം പരമു. നാട്ടുകാരൊന്നു ചുരുക്കി. ഇപ്പോള്‍ വെറും പാതാളമെന്നു പറഞ്ഞാലറിയും.''
''ഈ രാത്രിയില്‍ എവിടുന്നു വരുന്നു?''
''ജെയിലില്‍നിന്ന്... ഇന്നലെ ശിക്ഷ കഴിഞ്ഞിറങ്ങിയതാ.''
''കള്ളനല്ലേ? എങ്ങനെ ശിക്ഷ കിട്ടാതിരിക്കും!''
''ഇപ്പോഴെങ്കിലും നിങ്ങള്‍ക്ക് ആളെ മനസ്സിലായല്ലോ. സന്തോഷം.''
''കള്ളനാണെന്നു മനസ്സിലായി. എന്നാലും രാത്രിയില്‍ വീടിന്റെ മുന്നില്‍വന്നു മുട്ടിവിളിക്കുന്ന മോഷ്ടാക്കളെപ്പറ്റി കേട്ടിട്ടില്ല. ഈ അനുഭവം ആദ്യമായിട്ടാ.''
''എല്ലാക്കാര്യങ്ങളും അങ്ങനെയല്ലേ? ആദ്യം കഴിഞ്ഞാലല്ലേ രണ്ടാമതുള്ളൂ!''
''നിന്റെ തത്ത്വശാസ്ത്രമൊന്നും കേള്‍ക്കണ്ട. വന്ന കാര്യം പറഞ്ഞാല്‍ മതി.''
സത്യമൂര്‍ത്തി അല്പം ദേഷ്യത്തോടെ പ്രതികരിച്ചു. 

''ഇപ്പം നേരിട്ടു കാണാമല്ലോ. അപ്പോള്‍ പറയാം.''
ജഡ്ജിനെ നന്നായി അറിയാവുന്ന കള്ളന്‍ വളരെ സൂക്ഷിച്ചു പറഞ്ഞു. 

''കള്ളുകുടിച്ചു ലക്കില്ലാത്ത കള്ളനായിരിക്കും. അല്ലെങ്കില്‍ വീട്ടുകാരനെ മുട്ടിവിളിക്കില്ലല്ലോ.''
''ഞാന്‍ കള്ളനായിരുന്നു; കള്ളുകുടിയനുമാണ്. പക്ഷേ, കണ്ടതേ പറയൂ. കള്ളസ്സാക്ഷി പറയില്ല.''
''മനസ്സിലായില്ല.''
''വഴിയേ മനസ്സിലായിക്കോളും. ഗെയ്റ്റില്‍ ലൈറ്റു തെളിയാത്തതുകൊണ്ട് ഉള്ളിലാരെയും പ്രതീക്ഷിച്ചില്ല.''
മറ്റെന്തോ ഓര്‍ത്ത് കള്ളന്‍ പറഞ്ഞു. 

''അതിക്രമിച്ചുവന്നു പോക്രിത്തരം പറയുന്നോ?''
കാര്‍ക്കശ്യമുള്ള ശബ്ദമായിരുന്നെങ്കിലും കള്ളന്‍ അതൊന്നും വകവച്ചില്ല. 

''വീണ്ടും കാണാന്‍ സാധിക്കുന്നതില്‍ സന്തോഷം.''
ചോദിച്ചതിനു മറുപടി പറയാതിരുന്നപ്പോള്‍ മൂര്‍ത്തി ഒന്നു ഞെട്ടിയെന്നു മനസ്സിലായ കള്ളന്‍ വാതിലിനോടു ചേര്‍ന്നുനിന്നു പറഞ്ഞു: 

''പേടിക്കണ്ട. എനിക്കു ചില കാര്യങ്ങളറിയണം.''
ജഡ്ജ് അകത്തുനിന്നു കതകിന്റെ രണ്ടാമത്തെ ലോക്കിടുന്ന ശബ്ദം കേട്ടു. ലോക്ക് ശരിക്കു വീണെന്നുറപ്പായശേഷം ജഡ്ജ് പറഞ്ഞു: 
''നിങ്ങളെ എനിക്കറിയില്ല. രാത്രിയില്‍ ആരു വന്നാലും വാതില്‍ തുറക്കാറില്ല.''
''ശിക്ഷ വിധിച്ചവര്‍ക്കു പ്രതിയെ അറിയില്ലെന്നോ?''
കള്ളന്‍ പരമു ഉച്ചത്തില്‍ ചോദിച്ചു. സത്യമൂര്‍ത്തി സംയമനം പാലിച്ചു കുറച്ചുനേരം മിണ്ടാതെ നിന്നപ്പോള്‍ കള്ളന്‍ ശക്തിയോടെ വാതിലില്‍ മുട്ടി. 

''ഏതു വിധിയെപ്പറ്റിയാണ് പറയുന്നത്? എന്റെ മുന്‍പില്‍ വരുന്ന തെളിവുകളേ ഞാന്‍ നോക്കാറുള്ളൂ. ആളുകളെ നോക്കാറില്ല.''
''ഞാനുമങ്ങനെയാ... കണ്‍മുന്‍പില്‍ കണ്ടതാ. വെളുത്ത ജൂബയിട്ട രണ്ടുപേര്‍ ആ വലിയ കെട്ടിടത്തിന്റെ പിറകിലെ മതില്‍ ചാടുന്നത്... മിന്നല്‍വെളിച്ചത്തില്‍, അവരെ ആലിംഗനം ചെയ്തു സ്വീകരിക്കുന്ന സ്ത്രീയേയും കണ്ടു.''
''സ്ത്രീയാണെന്നുറപ്പുണ്ടോ?''
പെട്ടെന്ന്, ന്യായാധിപന്‍ സത്യമൂര്‍ത്തി കോടതിയിലും താന്‍ പ്രതിക്കൂട്ടിലുമായതുപോലെ കള്ളനു തോന്നി. 
''നിലാവത്ത്, അവളുടെ മുഴുത്ത മാറിടം അയാളുടെ മാറത്തമരുന്നതു ഭിത്തിയില്‍ പതിഞ്ഞിരുന്നു.''
കള്ളന്‍ ഒരു കൂസലുമില്ലാതെ പറഞ്ഞു. 

''അതു കണ്ടുനിന്നതിനാല്‍ മോഷണം നടന്നില്ലെന്നു പറയൂ.''
സത്യമൂര്‍ത്തി പരിഹസിച്ചു. 

''പക്ഷേ, ദൃക്സാക്ഷിയായ ഒരു പാവം പെങ്കൊച്ചിനെ...''
പരമു കാര്യം വിസ്തരിക്കാന്‍ നിന്നില്ല. കുറച്ചുനേരം മിണ്ടാതിരിക്കാനാണ് അയാള്‍ക്കപ്പോള്‍ തോന്നിയത്. മഴയുടെ ശബ്ദം മാത്രമായപ്പോള്‍ ആള്‍ സ്ഥലംവിട്ടോ എന്ന് അകത്തുള്ളയാള്‍ക്കു സംശയമായി. 
സത്യമൂര്‍ത്തിയുടെ മനസ്സ് വര്‍ഷങ്ങളോളം പിന്നിലേക്കു സഞ്ചരിച്ചു. വല്ലാത്തൊരു കുറ്റബോധം ഉള്ളില്‍നിന്നു തികട്ടിത്തികട്ടി വന്നു. പരമുവിനെപ്പോലെ എത്ര കള്ളന്മാരെ കണ്ടിരിക്കുന്നു! പക്ഷേ, പരമുവിന്റെ അന്നത്തെ ശിക്ഷ മോഷണത്തിനായിരുന്നില്ല. ആ പഴയ കഥയൊക്കെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് രാത്രിയിലുള്ള അയാളുടെ എഴുന്നള്ളത്ത്! 

കള്ളനോടു ദേഷ്യം വന്നെങ്കിലും സമചിത്തതയോടെയാണ് സത്യമൂര്‍ത്തി മറുപടി പറഞ്ഞത്: 
''സത്യമെന്തെന്നറിയാതെ എന്തെങ്കിലും വിളിച്ചുപറയരുത്.''
''സത്യം നിങ്ങള്‍ക്കറിവുള്ളതാണല്ലോ. മനപ്പൂര്‍വ്വം എന്നെ ക്രൂശിക്കുകയായിരുന്നു. എന്നോടു കൊലക്കുറ്റമേല്‍ക്കാന്‍ പറഞ്ഞതു നിങ്ങളുംകൂടിയല്ലേ?''
അവന്‍ പറഞ്ഞതു സത്യമാണ്. ക്രിസ്തുവിനെ ക്രൂശിച്ചവരുടെ പിന്‍മുറക്കാരായ അധികാരിവര്‍ഗ്ഗം, ''അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക'' എന്ന് അലറിവിളിക്കുകയായിരുന്നു. സത്യമൂര്‍ത്തി വാതിലില്‍ തല ചാരിനിന്നു. പുറത്തൊരു മിന്നലുണ്ടായി. 

''ഞാന്‍ പറഞ്ഞില്ലേ, എനിക്കു കിട്ടുന്ന തെളിവുകളേ ഞാന്‍ നോക്കിയിട്ടുള്ളു. പെണ്ണിനെ കിണറ്റിലിട്ടു കൊന്നതിനു സാക്ഷിയുണ്ട്. എന്നിട്ടും ഇപ്പോള്‍ പുറത്തിറങ്ങിയില്ലേ? ഇനിയാരെയാ പേടിക്കുന്നത്?''
ജഡ്ജ് സൗമ്യമായി ചോദിച്ചു.
 
''എനിക്കാരേം പേടിയില്ല. തല്ലിയാല്‍ മറ്റേ കരണം കാണിക്കുന്ന ക്രിസ്തുവിന്റേയും ഗാന്ധിയുടേയും പണിക്കൊന്നും എന്നെക്കിട്ടില്ല. തന്നാല്‍ തിരിച്ചുതല്ലും. കൊന്നാല്‍ കൊന്നെന്നു പറയും. പക്ഷേ, നിങ്ങള്‍ ശിക്ഷിച്ച കേസില്‍ ഞാന്‍ നിരപരാധിയാ.''
വീട്ടുടമസ്ഥന്‍ കള്ളസ്സാക്ഷി പറഞ്ഞതുകൊണ്ടാണ് പരമു അകത്തുപോയതെന്ന് ജഡ്ജിനറിയാമായിരുന്നു. പക്ഷേ, അതൊക്കെയിപ്പോള്‍ ഇവനോടു പറഞ്ഞിട്ടെന്തു കാര്യം! 
''അതൊക്കെ എല്ലാ കുറ്റവാളികളും പറയുന്നതല്ലേ?''
''എന്തായാലും ഇപ്പോള്‍ ഈ രാത്രിയില്‍ ഞാന്‍ പുറത്തും നിങ്ങള്‍ അകത്തുമാണ്... പൂര്‍ണ്ണ സ്വതന്ത്രര്‍!''
കള്ളന്‍ അവസരത്തിനൊത്തൊരു തമാശ പറഞ്ഞു.

''ഞാന്‍ എന്നും പുറത്തായിരുന്നു, സ്വതന്ത്രനുമാണ്. ഒറ്റയ്ക്കു താമസിക്കുന്നെന്നു മാത്രം.''
''അതു വെറും തോന്നലാണ്. നിരപരാധികളെ ശിക്ഷിച്ചതില്‍നിന്നുള്ള കുറ്റബോധത്തില്‍നിന്നു നിങ്ങളെപ്പോലെയുള്ളവര്‍ക്ക് ഒരിക്കലും രക്ഷപ്പെടാനാവില്ല.''
ജഡ്ജ് കുറച്ചുകൂടി അധികാരഭാവത്തിലാണ് പിന്നീടു സംസാരിച്ചത്: 
''എന്താണ് പരമുവിന്റെ ഉദ്ദേശ്യം?''
''അപ്പോള്‍ പേരു മറന്നിട്ടില്ല.''
അതിനു മറുപടിയുണ്ടായില്ല. അകത്ത് ഒച്ചയും അനക്കവും നിന്നു. 
''എന്നെ ശിക്ഷിച്ചവര്‍ ആരാണെങ്കിലും എനിക്കവരോടു പകരംചോദിക്കണം.''
പാതാളം എന്തോ നിശ്ചയിച്ചുറപ്പിച്ചതുപോലെ പറഞ്ഞു. 

''അവരൊക്കെ ഉന്നതന്മാരാ... ഒന്നു സൂക്ഷിച്ചാല്‍ നിനക്കു കൊള്ളാം. ഇല്ലെങ്കില്‍ അവര്‍ നിന്നെ ശരിക്കുള്ള പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തും.''
''അത് അങ്ങേയ്ക്കും ബാധകമാ. അവിടെ നമുക്കു മാവേലിക്കൊപ്പം സുഖമായി വാഴാം... കള്ളവുമില്ല, ചതിവുമില്ല!''
''രാത്രി കക്കാന്‍വന്നിട്ട് ആളെ കളിയാക്കുവാണോടാ?''
''അതൊക്കെ സാറിന് എങ്ങനെ വേണമെങ്കിലും കരുതാം. എന്നാലും എനിക്കറിയണം, ആരൊക്കെയാണെന്നെ പ്രതിക്കൂട്ടിലാക്കിയതെന്ന്.''
മൂര്‍ത്തി പരുങ്ങി. 

''എന്റെ കയ്യില്‍ അവരുടെ ലിസ്റ്റൊന്നുമില്ല. നീ വേഗം സ്ഥലംവിട്ടോ. ഇല്ലെങ്കിലെനിക്കു പൊലീസിലറിയിക്കേണ്ടിവരും.''
''അങ്ങനെ പേടിപ്പിക്കാതെ... ആ ലിസ്റ്റില്‍ ജഡ്ജ് സത്യമൂര്‍ത്തിസ്സാറുമുണ്ടല്ലോ. അതു മറന്നോ? എനിക്ക് എല്ലാമോര്‍മ്മയുണ്ട്. നിങ്ങളെപ്പോലുള്ളവര്‍ ഉന്നതപദവിയിലെത്തുന്നതിന്റെ രഹസ്യം മുതല്‍ കൈക്കൂലി മേടിച്ചു പ്രതിയെ രക്ഷപ്പെടുത്തിയതുവരെയറിയാം.''
ജഡ്ജ് ഒന്നുകൂടി ഞെട്ടിയെങ്കിലും അതു മറച്ച്, ഉച്ചത്തില്‍ പറഞ്ഞു: 

''ഇപ്പോള്‍ വാതില്‍ തുറന്നില്ലെങ്കില്‍ നിനക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. ഒരു കാര്യം നീ മറന്നു... ഞാന്‍ ജഡ്ജായിരുന്നു, കുറ്റവാളിയല്ല.''
''നിരപരാധിയായ എന്നെ കുറ്റവാളിയാക്കി; എന്റെ എല്ലാം നഷ്ടപ്പെടുത്തിയ നിങ്ങളാണ് ഏറ്റവും വലിയ കുറ്റവാളി.''
അകത്തുനിന്നു മറുപടിയുണ്ടായില്ല. മഴയുടെ ശക്തി കുറഞ്ഞു. പരമു രണ്ടുംകല്പിച്ചു നിന്നു. വാതില്‍ ചവിട്ടിപ്പൊളിക്കണോ? 

പേരമരങ്ങളെ തഴുകിയെത്തിയ കാറ്റ് അയാളെ തണുപ്പിച്ചു. കുറച്ചുനേരത്തെ നിശബ്ദതയ്ക്കുശേഷം ക്ഷമകെട്ടപ്പോള്‍ കള്ളന്‍ ചോദിച്ചു: 

''നിങ്ങളെന്തിനാണു സത്യത്തെ ഭയപ്പെടുന്നത്?''
''കള്ളന്റെ സത്യത്തിനെന്തു വില!''
''അതുനേരാ... അതുകൊണ്ടാണല്ലോ ഞാനകത്തുപോയത്! ന്യായാധിപന്‍ സത്യമൂര്‍ത്തിയുടെ കള്ളത്തിനു പൊന്നുംവില കിട്ടിയെന്നുമറിയാം.''
മേല്‍ക്കൂരയില്‍നിന്ന് വെള്ളം അസ്വസ്ഥതയോടെ ഇറ്റിറ്റുവീണുകൊണ്ടിരുന്നു.
ഇവന്‍ കക്കാന്‍ വന്നതല്ല; കാര്യങ്ങളെല്ലാം മനസ്സിലാക്കിയിട്ടുള്ള വരവാണെന്നു സത്യമൂര്‍ത്തിക്കു മനസ്സിലായി. 
''എന്റെ സ്വിസ്സ് മെയ്ഡ് കുക്കു ക്ലോക്കെവിടെ?''
അതെടുത്തത് അവനായിരിക്കുമെന്ന ഊഹത്തിലാണ് അയാള്‍ ചോദിച്ചത്. 
''കൊണ്ടുവന്നിട്ടുണ്ടു സര്‍.''
പരമു പറഞ്ഞു.

ഭിത്തിയില്‍ കുക്കു ക്ലോക്കിരുന്നിടത്തെ അടയാളത്തിലേക്ക് മൂര്‍ത്തി ഒന്നുകൂടി നോക്കി. പ്രിയതമ ഇരുപത്തഞ്ചാമത്തെ വെഡ്ഡിംഗ് ആനിവേഴ്സറിക്കു നല്‍കിയ വിലയേറിയ സമ്മാനമാണല്ലോ! അവളുടെ സ്മരണയുറങ്ങുന്ന ക്ലോക്ക്! 

''എനിക്കു രാക്കമ്മ സ്‌നേഹപൂര്‍വ്വം തന്ന സമ്മാനമാ നീ മോഷ്ടിച്ചത്. അതിന്റെയൊന്നും പ്രാധാന്യം നിന്നോടു പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നറിയാം.''
''അതൊക്കെ ഒരു കള്ളനെന്തിനറിയണം?''
''അതറിയാം. പക്ഷേ, മോഷണക്കുറ്റത്തില്‍നിന്നു രക്ഷപ്പെടുമെന്നു നീ വിചാരിക്കണ്ട.''
''ചെയ്യാത്ത കുറ്റത്തിനു സാക്ഷിയായതില്‍പ്പിന്നെ ഞാന്‍ മോഷ്ടിച്ചിട്ടില്ല.''
''അപ്പോള്‍ ഞങ്ങളുടെ ക്ലോക്ക് മോഷ്ടിച്ചതോ?''

''അതൊക്കെ കള്ളനായിരുന്ന കാലത്തല്ലേ! എല്ലാം തിരിച്ചുകൊടുക്കാനാ ഇറങ്ങിയത്. ഇനിയും പല വീടുകളിലും പോകണം.''

''അപ്പോള്‍ കള്ളന്‍ മാനസാന്തരപ്പെട്ടു, അല്ലേ?''
''അതേ... പള്ളിമേടയില്‍നിന്നു കിട്ടിയ പെയിന്റിംഗ്... അവസാനത്തെ അത്താഴം... അതും ഇന്നുതന്നെ യഥാസ്ഥാനത്തു കൊണ്ടുപോയി വയ്ക്കണം.''
''പച്ചക്കള്ളംപറഞ്ഞ് എന്നെ പറ്റിക്കാനൊന്നും നോക്കണ്ട. ഞാന്‍ ന്യായാധിപനാ. നീ ദൈവത്തിനേവരെ അടിച്ചുമാറ്റിയ പെരുങ്കള്ളനും.''

''അപ്പോ ഈ വിലകൂടിയ ക്ലോക്ക് നിങ്ങള്‍ക്കു വേണ്ടെന്നാണോ പറയുന്നത്?''
''എനിക്കു നിന്നെ വിശ്വാസമില്ല.''

പരമു, കയ്യിലിരുന്ന സഞ്ചിയില്‍നിന്നു ക്ലോക്കെടുത്തു നിലത്തുവച്ചു. കീ തിരിച്ചപ്പോള്‍, പക്ഷിക്കുഞ്ഞു കിളിവാതില്‍ തുറന്നുവന്നു മൂന്നു തവണ ചിലച്ചു. 

''ഇപ്പോള്‍ വിശ്വാസമായോ? എനിക്കിതു ഭദ്രമായിട്ട് ഇരുന്ന സ്ഥലത്തു വച്ചിട്ടു പോണം.''
''ലെ മിസറബിളേ''യിലെ ഷാങ് വാല്‍ ഷാങ്ങിന്റെ കഥയാണ് സത്യമൂര്‍ത്തി അപ്പോഴോര്‍ത്തത്. ബിഷപ്പിന്റെ വീട്ടില്‍നിന്നു മെഴുകുതിരിക്കാലുകള്‍ മോഷ്ടിച്ചിട്ടു മാനസാന്തരം വന്നു തിരിച്ചു കൊണ്ടുവച്ച കള്ളന്റെ കഥ. അതൊക്കെ കഥയല്ലേ! കള്ളന്മാര്‍ മോഷ്ടിച്ച മുതല്‍ തിരിച്ചുകൊടുത്തതായി കേട്ടിട്ടുപോലുമില്ല. 
പെട്ടെന്നു പരമു ആജ്ഞാപിച്ചു: 

''വാതില്‍ തുറക്കണം സാര്‍.''
''എന്തായാലും ഈ രാത്രിയില്‍ വാതില്‍ തുറക്കുന്ന പ്രശ്‌നമില്ല. ക്ലോക്കവിടെവച്ചിട്ടു നിനക്കു പോകാം.''
ജഡ്ജ് തറപ്പിച്ചു പറഞ്ഞു.

''ഹ ഹ! കള്ളനെ പേടിക്കുന്ന ജഡ്ജ്! ഈ സത്യം ഞാന്‍ പറഞ്ഞാലും ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല.''
''നിനക്കിപ്പോള്‍ എന്താണു വേണ്ടത്?''
''നിങ്ങളെ കാണണം. കുറേ കാര്യങ്ങളറിയാനുണ്ട്.''
''എനിക്കിപ്പോള്‍ സമയമില്ല. പോയിട്ടു നേരം വെളുത്തിട്ടു വരൂ.''
''നാന്‍ പോയാല്‍ തിരുമ്പിവരാത്. വന്ന കാര്യം സാധിച്ചിട്ടുതാന്‍ പോവും.''
''നീയാര്, രജനീകാന്താ?''
''ആമാ... നാനും ഒരുതടവു ശൊന്നാ നൂറുതടവു ശൊന്നമാതിരി.''
സത്യമൂര്‍ത്തിയുടെ തമിഴ്പാരമ്പര്യത്തെ കളിയാക്കുന്നമട്ടില്‍ കള്ളന്‍ പറഞ്ഞു. അതുകൂടി കേട്ടപ്പോള്‍ സത്യമൂര്‍ത്തിയുടെ ദേഷ്യമിരട്ടിച്ചു. അയാള്‍ ഫോണെടുത്ത് പൊലീസിനെ വിളിച്ചു. പുറത്തു മഴയുടെ ആരവമുണ്ടായിരുന്നതുകൊണ്ടു പരമു കേള്‍ക്കത്തക്ക രീതിയില്‍ ''ഹലോ, പൊലീസ് സ്റ്റേഷനല്ലേ'' എന്നു ചോദിച്ചു. അതുകേട്ട പരമു ഓടിയൊളിക്കുന്നതിന്റെ നിഴല്‍ ജനാലയുടെ കര്‍ട്ടനിലൂടെ കണ്ടു. വെറുതേ ഡയല്‍ ചെയ്തതാണെങ്കിലും സംഗതിയേറ്റു!

''ജഡ്ജ് സത്യമൂര്‍ത്തിയോടാ അവന്റെ കളി!''

അഹങ്കാരത്തോടെ അയാള്‍ ലിവിംഗ് റൂമിലെ സോഫയില്‍പ്പോയിരുന്നു. കുറേനേരത്തേക്ക് അനക്കമൊന്നുമില്ലാത്തതുകൊണ്ട്, മെല്ലെ എഴുന്നേറ്റ് കര്‍ട്ടന്‍ മാറ്റി പുറത്തേക്കു നോക്കി. കള്ളന്റെ പൊടിപോലുമില്ല! മഴ ശമിച്ചെങ്കിലും മരം പെയ്തുകൊണ്ടിരുന്നു. പഠിച്ച കള്ളനാണ്. പൊലീസിനെ വിളിച്ചെന്നോര്‍ത്തു മുങ്ങിയിരിക്കണമെന്നു കരുതി ഗ്ലാസ്സില്‍ പകുതിയാക്കിവച്ച വിസ്‌കി ഒരു സിപ്പുകൂടിയെടുത്തു. ലഹരി അകത്തുചെന്നിട്ടും ഉള്‍ഭയം അയാളില്‍നിന്നു വിട്ടുമാറിയിരുന്നില്ല. 

പെട്ടെന്ന് ഒരിടി വെട്ടി. ഭാഗ്യം! കരണ്ടു പോയില്ല. അയാള്‍ ഗ്ലാസ്സ് കാലിയാക്കി മേശപ്പുറത്തു വച്ചു. അപ്പോള്‍ അടുക്കളവാതിലില്‍ ചവിട്ടുന്ന ശബ്ദം കേട്ടു. അത് അവന്‍തന്നെയാണെന്ന് അയാള്‍ക്കുറപ്പായിരുന്നു. ഒരു ധൈര്യത്തിന് ഗ്ലാസ്സില്‍ കുറച്ചു കൂടുതല്‍ വിസ്‌കിയൊഴിച്ചു കുടിച്ചു. 

അവന്‍ ചവിട്ടിപ്പൊളിച്ചു കയറട്ടെ. അപ്പോള്‍പ്പിന്നെ അറസ്റ്റു ചെയ്യാനുള്ള വകുപ്പുണ്ട്. സി ആര്‍ പി സി 457 അനുസരിച്ചു ഭവനഭേദനത്തിനു കേസെടുക്കാം. പിന്നെ മോഷണം, വധശ്രമം... തൊണ്ടിമുതല്‍ അവന്റെ കൈയില്‍ത്തന്നെയുണ്ടല്ലോ എന്നയാളാശ്വസിച്ചു.

ചവിട്ടിന്റെ ശക്തി കൂടിക്കൂടിവന്ന്, വാതില്‍ പൊളിയുമെന്നായി. സത്യമൂര്‍ത്തി അസ്വസ്ഥനായി. നെറ്റി വിയര്‍ത്തു. നെഞ്ചുവേദന വന്നു. വാതിലിലെ ചവിട്ട് നെഞ്ചില്‍ കൊള്ളുന്നതുപോലെ. കൈയിലിരുന്ന വിസ്‌കി ഗ്ലാസ്സ് താഴെ വീണതും ഇടിമുഴങ്ങിയതും ഒന്നിച്ചായിരുന്നു. അതുകൊണ്ട്, ഗ്ലാസ്സ് പൊട്ടിച്ചിതറുന്ന ഒച്ച കള്ളനും കേട്ടില്ല. അയാള്‍ കതകു ചവിട്ടിത്തുറന്ന് അകത്തു കയറി. സത്യമൂര്‍ത്തിയെ തിരഞ്ഞെങ്കിലും അനക്കമൊന്നും കേട്ടില്ല. അടുത്തുകണ്ട ഒരു കസേര ഭിത്തിയോടു ചേര്‍ത്തിട്ട്, കുക്കൂ ക്ലോക്ക് സൂക്ഷിച്ച്, യഥാസ്ഥാനത്തുറപ്പിച്ചു. തെളിവിനായി ഫോണില്‍ ഒരു പടവുമെടുത്തു. പെട്ടെന്നാണ് പൊട്ടിയ ഗ്ലാസ്സ് കഷണങ്ങള്‍ അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. അടുത്ത് അനക്കമറ്റു കിടക്കുന്ന സത്യമൂര്‍ത്തിയേയും കണ്ടു. ഹാര്‍ട്ട് അറ്റാക്കായിരിക്കാമെന്നു കരുതിയ കള്ളന്‍ ധര്‍മ്മസങ്കടത്തിലായി. 

ഈയവസ്ഥയില്‍ മൂര്‍ത്തിയെ ഉപേക്ഷിച്ചുപോകാന്‍ മനസ്സനുവദിച്ചില്ല. പൊലീസിനെ വിളിച്ചാല്‍ അകത്താകും. ഭവനഭേദനം, ജഡ്ജിനെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി വകുപ്പുകളേറെയുണ്ടെന്നു പരമുവിനുമറിയാം. പഠിപ്പും വിവരവുമില്ലെങ്കിലും തടവുകാലത്ത് സഹവാസികളില്‍നിന്നു കിട്ടിയ അറിവുകളാണിപ്പോള്‍ ജീവിതത്തെ നയിക്കുന്നത്.
 
ചെകുത്താനും കടലിനുമിടയിലായ അവസ്ഥ! ആംബുലന്‍സ് വിളിക്കുകയും പൊലീസിലറിയിക്കുകയുമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല. പരമു അവിടെയിരുന്ന ലാന്‍ഡ് ഫോണില്‍ പൊലീസിനെ വിവരമറിയിച്ചു. 
വൈകാതെ ആംബുലന്‍സെത്തി. 

ഭിത്തിയിലിരുന്ന കുക്കൂ ക്ലോക്ക് അപ്പോള്‍ പന്ത്രണ്ടു തവണ ശബ്ദിച്ചു. ''ഓടി രക്ഷപ്പെട്ടോ, രക്ഷപ്പെട്ടോ'' എന്ന് ആ പക്ഷിക്കുഞ്ഞുങ്ങള്‍ വിളിച്ചുപറയുന്നതുപോലെ പരമുവിനു തോന്നി. പിറകിലെ വാതിലിലൂടെത്തന്നെ പരമു പുറത്തേക്കിറങ്ങി. വേഗത്തില്‍ നടക്കുമ്പോള്‍ തവളകളുടെ കരച്ചില്‍ അയാളെ അസ്വസ്ഥനാക്കി. 
ഗെയ്റ്റ് കടന്നു ബൈക്കിനടുത്തെത്തിയെങ്കിലും പൊലീസ് മുന്‍പിലെത്തിയിരുന്നു. 

''ആരാടാ അത്?''
ഒരു പൊലീസുകാരന്‍ പരമുവിന്റെ മുഖത്തേക്കു ടോര്‍ച്ച് തെളിയിച്ചു. അയാള്‍ ഓടാന്‍ ശ്രമിച്ചില്ല. മറ്റൊരു പൊലീസുകാരന്‍ അയാളുടെ മഴക്കോട്ടു വലിച്ചുമാറ്റിയപ്പോള്‍ത്തന്നെ എസ്.ഐക്ക് ആളെ മനസ്സിലായി. 
''ഇവനല്ലേ കള്ളന്‍ പാതാളം പരമു? നീ പിന്നേം പഴേപണി തുടങ്ങിയോ?''
''ഇല്ല സാര്‍... ഞാന്‍ എല്ലാം നിര്‍ത്തി. മുമ്പു മോഷ്ടിച്ച സാധനം തിരിച്ചുവയ്ക്കാന്‍ വന്നതാ. അപ്പഴാ ജഡ്ജ് സാര്‍ നിലത്തു കിടക്കുന്നതു കണ്ടത്.''
''നീ കൊന്നതാണോ?''
''കൊന്നിട്ട് ഏതെങ്കിലും കള്ളന്‍ പൊലീസിനെ വിളിക്കുമോ സാറേ!''
''നീ പഠിച്ച കള്ളനാ... നിന്നെ എനിക്കത്ര വിശ്വാസമില്ല.''
''വിശ്വസിക്കാം സാര്‍... ഞാന്‍ കള്ളം പറഞ്ഞിട്ടില്ല, കള്ളസ്സാക്ഷി പറഞ്ഞിട്ടില്ല. കൊന്നാല്‍ കൊന്നെന്നുതന്നെ പറയും. കണ്ടതേ അന്നും എന്നും പറഞ്ഞിട്ടുള്ളു. മോഷ്ടിച്ച ക്ലോക്കുപോലും യഥാസ്ഥാനത്തു വച്ചിട്ടുണ്ട്.''
ഭിത്തിയില്‍ തൂക്കിയ ക്ലോക്കിന്റെ പടം പരമു ഫോണില്‍ കാണിച്ചെങ്കിലും അതു ശ്രദ്ധിക്കാതെ കോണ്‍സ്റ്റബിള്‍ അല്പം ഉറക്കെ ചോദിച്ചു: 

''അതെന്നതാടാ ബൈക്കിന്റെ പിറകില്‍?''
''അത്... പണ്ടു പള്ളിമേടയില്‍നിന്നു പൊക്കിയ കര്‍ത്താവിന്റെ പടമാ... അതുകൂടി തിരിച്ചുകൊണ്ടുവയ്ക്കാനിറങ്ങിയതാ... ഞാന്‍ പഴയ പണിയങ്ങു നിര്‍ത്തി സാറേ...''
''കര്‍ത്താവിനെവരെ അടിച്ചുമാറ്റുന്ന ആളാണെന്നറിയാം.''
അയാള്‍ പറയുന്നതു വിശ്വാസത്തിലെടുക്കാതെ പൊലീസുകാര്‍ തമ്മില്‍ത്തമ്മില്‍ നോക്കി. ഉടന്‍തന്നെ ഒരു കോണ്‍സ്റ്റബിള്‍ പരമുവിന്റെ ബൈക്കുരുട്ടി ഗെയ്റ്റിനുള്ളില്‍ കയറ്റിവച്ചു. 

''ബാക്കി വിവരണങ്ങള്‍ സ്റ്റേഷനില്‍ ചെന്നിട്ടു മതി. നീ തല്‍ക്കാലം ജീപ്പിലോട്ടു കേറിക്കോ... തൊണ്ടിമുതലുംകൂടിയെടുത്തോ...''
''സാറിനറിയാമല്ലോ ഞാന്‍ ജാമ്യത്തിലാണെന്ന്...''
''എല്ലാമറിയാം. എന്നാലും ഇതൊക്കെയൊരു ഫോര്‍മാലിറ്റിയല്ലേ? ഇനിയിപ്പം അയാളെങ്ങാനും തട്ടിപ്പോയാല്‍ ഞങ്ങള്‍ക്കു പണി കൂടും. അതുകൊണ്ടു നീ വണ്ടിയിലോട്ടു കേറ്.''
അപ്പോഴേക്കും ആംബുലന്‍സ് സൈറണ്‍ മുഴക്കി ഇറങ്ങിവന്ന് സത്യമൂര്‍ത്തിയേയുംകൊണ്ട് ഗെയ്റ്റ് കടന്നുപോയി. വീണ്ടും മഴ കനത്തു. എസ് ഐ പുകവലിച്ചുതീര്‍ന്നശേഷം ജീപ്പ് സ്റ്റാര്‍ട്ട് ചെയ്തു. പാതിരാമഴ കനത്ത് എല്ലാവരേയും നിശബ്ദരാക്കിയിരുന്നു. വണ്ടിക്കുള്ളില്‍, നിലത്ത് പരമു കര്‍ത്താവിനെ കെട്ടിപ്പിടിച്ചിരുന്നു. 

(അക്കല്‍ദാമ: ക്രിസ്തുവിനെ ഒറ്റിക്കൊടുത്തശേഷം യൂദാസ് ഒളിച്ചോടിപ്പോയ ജെറുസലേമിലെ ഒരു പ്രദേശം. അവിടെവച്ച്, കുറ്റബോധത്താല്‍ അയാള്‍ ആത്മഹത്യ ചെയ്തു)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com