'ശങ്കരന്‍കുട്ടിയുടെ പുസ്തകങ്ങള്‍'- അഷ്ടമൂര്‍ത്തി എഴുതിയ കഥ

വിരമിക്കാന്‍ അഞ്ചു കൊല്ലം ബാക്കിനില്‍ക്കുമ്പോഴാണ് ശങ്കരന്‍കുട്ടിക്ക് നാട്ടില്‍ ഒരു വീടു വേണമെന്നു തോന്നിയത്. രണ്ടു കൊല്ലം കൊണ്ട് വീടുപണി തീര്‍ക്കുകയും ചെയ്തു
അഷ്ടമൂര്‍ത്തി
അഷ്ടമൂര്‍ത്തി

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

വിരമിക്കാന്‍ അഞ്ചു കൊല്ലം ബാക്കിനില്‍ക്കുമ്പോഴാണ് ശങ്കരന്‍കുട്ടിക്ക് നാട്ടില്‍ ഒരു വീടു വേണമെന്നു തോന്നിയത്. രണ്ടു കൊല്ലം കൊണ്ട് വീടുപണി തീര്‍ക്കുകയും ചെയ്തു. വിരമിക്കാന്‍ പിന്നെയും മൂന്നു കൊല്ലം കൂടി ബാക്കിയുണ്ടായിരുന്നു. അതുവരെ വീടും വളപ്പും നോക്കിനടത്താന്‍ വേണ്ടി കൊച്ചുകുട്ടനെ ഏല്പിച്ചു. ഒരു നിശ്ചിത സംഖ്യ എല്ലാ മാസവും കൊച്ചുകുട്ടന് എത്തിച്ചുകൊടുത്തു. കൊച്ചുകുട്ടനാവട്ടെ, വളരെ വിശ്വസ്തതയോടേയും ആത്മാര്‍ത്ഥതയോടേയും അത് പരിപാലിച്ചുപോരുകയും ചെയ്തു. 
എല്ലാ കൊല്ലവും നാട്ടില്‍ വരുമ്പോള്‍ ഒരു മാസം വീട്ടില്‍ തനിച്ച് താമസിക്കാറുണ്ട് ശങ്കരന്‍കുട്ടി. രേഖ കൂടെ വരാറില്ല. അവര്‍ അപ്പോഴും ജോലിയില്‍നിന്നു വിരമിച്ചിരുന്നില്ല. ഏതാനും ദിവസം അവധിയെടുത്ത് കൂടെപ്പോരാന്‍ ശങ്കരന്‍കുട്ടി അവളോട് ആവശ്യപ്പെടാറുണ്ടെങ്കിലും രേഖ നൂറുകൂട്ടം തടസ്സങ്ങള്‍ പറഞ്ഞ് ഒഴിയുകയാണ് പതിവ്. പിന്നെപ്പിന്നെ ശങ്കരന്‍കുട്ടി ആവശ്യപ്പെടാതായി. കൊച്ചുകുട്ടന്‍ ഏര്‍പ്പാടാക്കുന്ന ഗീത വെയ്ക്കാനും വിളമ്പാനും വീടു വൃത്തിയാക്കാനും കൂടെയുണ്ടാവും. ഷെല്‍ഫില്‍ അടുക്കിവെച്ചിട്ടുള്ള  പുസ്തകങ്ങള്‍ വായിച്ചും ഹോം തിയേറ്ററില്‍ സിനിമകള്‍ കണ്ടും വൈകുന്നേരങ്ങളില്‍ പുഴക്കരയിലെ കാറ്റേറ്റ് ഇരുന്നും ആ ദിവസങ്ങള്‍ അയാള്‍ ശാന്തമായി ചെലവഴിച്ചു. ഒറ്റയ്ക്കുള്ള താമസം മടുക്കുമ്പോള്‍ അയാള്‍ തിരിച്ച് മുംബൈയിലേയ്ക്കു തന്നെ വണ്ടികയറി.

ഈ ചിട്ടകള്‍ പക്ഷേ, ആദ്യത്തെ നാലുകൊല്ലമേ നടന്നുള്ളു. ചെറിയ തോതിലുള്ള ഒരു പക്ഷാഘാതം വന്ന് ശങ്കരന്‍കുട്ടിക്ക് നടക്കാന്‍ കുറച്ച് അസ്വാധീനമായപ്പോള്‍ രേഖ അയാളെ നാട്ടിലേയ്ക്ക് വിടാതായി. കൊച്ചുകുട്ടന്‍ പിന്നെയും രണ്ടുകൊല്ലം വീടും പരിസരവും നോക്കിനടത്തിയെങ്കിലും പെട്ടെന്നൊരു ദിവസം മരിച്ചുപോയതോടെ ആ സഹായം നിലച്ചുപോയി. കൊച്ചുകുട്ടന്റെ സേവനം തുടര്‍ന്നുകൊണ്ടുപോവാന്‍ സോമശേഖരനോട് ശങ്കരന്‍കുട്ടി അഭ്യര്‍ത്ഥിച്ചുവെങ്കിലും അല്ലറചില്ലറ പ്ലംബിങ്ങും എലക്ട്രിക് പണികളും വശമാക്കിയിരുന്ന അയാള്‍ അതിനു തയ്യാറായില്ല. 

കൊച്ചുകുട്ടന്റെ മരണത്തിനു ശേഷം ഒന്നരക്കൊല്ലം കഴിഞ്ഞപ്പോള്‍ ശങ്കരന്‍കുട്ടിയും മരിച്ചു. അയാള്‍ തീരുമാനിച്ചുറപ്പിച്ചിരുന്നതുപോലെ വീട്ടിലേയ്ക്കുള്ള സ്ഥിരമായ മടങ്ങിവരവ് ഉണ്ടായതേയില്ല. രേഖയ്ക്കും മക്കള്‍ക്കും ആ വീട് ആവശ്യമുണ്ടായിരുന്നില്ല. വില്‍ക്കാന്‍ ചില ശ്രമങ്ങള്‍ നടന്നുവെങ്കിലും അത്രയും വലിയ വീട് വാങ്ങാന്‍ അധികമാളുകള്‍ക്കും താല്പര്യം കുറവായിരുന്നു. മുട്ടിവന്ന ചിലരുടെ അന്വേഷണമാവട്ടെ, വില ഒത്തുപോവാത്തതുകൊണ്ട് എവിടെയുമെത്താതെ കലാശിച്ചു. അതോടെ ശങ്കരന്‍കുട്ടിയുടെ വീട് ആളനക്കമില്ലാത്തതായി. തൊടിയില്‍ കാലുകുത്താന്‍ പോലും സാധിക്കാത്തവിധം മുള്ളും മുരടും പടര്‍ന്നു. എവിടെനിന്നോ വന്ന ചില പട്ടികളാണ് പിന്നെ അവിടെ പാര്‍പ്പാക്കിയത്. വീടിന്റെ വലിപ്പം കണ്ട് രാത്രിയില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചവരേയും വിശാലമായ സിറ്റൗട്ട് അവിഹിതവേഴ്ചകള്‍ക്ക് ഇടമാക്കാന്‍ പുറപ്പെട്ടവരേയുമൊക്കെ അവര്‍ കൂട്ടത്തോടെ കുരച്ചു തോല്‍പ്പിച്ചു. അതോടെ ആ വഴിയിലൂടെ നടക്കാന്‍ തന്നെ ആളുകള്‍ക്ക് ശങ്കയാവുകയും ശങ്കരന്‍കുട്ടിയുടെ വീട് തികച്ചും അനാഥമാവുകയും ചെയ്തു. 

പട്ടികള്‍ അങ്ങനെ ശങ്കരന്‍കുട്ടിയുടെ വീട്ടില്‍ നിര്‍ബാധം ഭരണം തുടരവേ, ഒരു രാത്രി അവരെ ഞെട്ടിച്ചുകൊണ്ട് വീടിന്റെ മൂന്നാമത്തെ നിലയില്‍നിന്ന് ഒരു നിലവിളി കേട്ടു. പട്ടികള്‍ ഉറക്കത്തില്‍നിന്ന് ഞെട്ടിയെഴുന്നേറ്റ് മൂന്നാം നിലയിലേയ്ക്ക് നോക്കി കുരച്ചു. നിലവിളി പിന്നെയും തുടര്‍ന്നപ്പോള്‍ അവര്‍ കൂട്ടമായി വീടിന്റെ സിറ്റൗട്ടിലേയ്ക്ക് കുതിച്ചെത്തി. പ്രധാന വാതിലില്‍ മുട്ടുകയും ചവിട്ടുകയുമൊക്കെ ചെയ്തെങ്കിലും വലിയ താഴിട്ടു പൂട്ടിയ ആ കനത്ത വാതില്‍ അനങ്ങിയില്ല. ശങ്കരന്‍കുട്ടിയുടെ വീട്ടിലെ പട്ടികളുടെ കുര നാട്ടിലുള്ള പട്ടികളെ ഒന്നോടെ അങ്ങോട്ട് എത്തിച്ചുവെങ്കിലും പൂട്ടിയിട്ട ഗേയ്റ്റ് കടന്ന് അവര്‍ക്ക് അകത്തുകടക്കാനായില്ല. പിന്നീട് അവര്‍ സ്ഥലം വിട്ടപ്പോള്‍ ശങ്കരന്‍കുട്ടിയുടെ പട്ടികളുടെ കുര ഒരു മോങ്ങലായി മാറുകയും ക്രമേണ മൂന്നാംനിലയില്‍നിന്നുള്ള നിലവിളി അവസാനിക്കുകയും ചെയ്തു.
ആ രാത്രിയില്‍ നാട്ടിലെ എല്ലാ വഴികളിലൂടെയും പട്ടികള്‍ ഒന്നോടെ കുരച്ച് കുതിച്ചുപാഞ്ഞുവെങ്കിലും സുഖസുഷുപ്തിയിലാണ്ട നാട്ടുകാര്‍ അതറിഞ്ഞില്ല. മൂന്നാംനിലയിലെ ആ നിലവിളിയും അവര്‍ കേട്ടില്ല. എങ്കിലും ശങ്കരന്‍കുട്ടിയുടെ വീട്ടിലെ രണ്ടാമത്തെ നിലയിലുള്ള വായനാമുറിയില്‍ താമസിക്കുന്നവര്‍  അതു കേട്ടു. മൂന്നു ചില്ലുഷെല്‍ഫുകളിലായി നിലകൊണ്ടിരുന്ന പുസ്തകങ്ങളായിരുന്നു അവ. സ്മാരകശിലകളാണ് അത് ആദ്യം കേട്ടത്. അതിന് സ്വതേ ഉറക്കം കുറവായിരുന്നു. തൊട്ടടുത്തുനില്‍ക്കുന്ന ഖസാക്കിന്റെ ഇതിഹാസത്തെ അത് തൊട്ടുവിളിച്ച് ആ നിലവിളി കേട്ടുവോ എന്ന് അന്വേഷിച്ചു. അപ്പോള്‍ ഉറക്കമുണര്‍ന്ന അത് ശ്രദ്ധാപൂര്‍വ്വം കാതോര്‍ക്കുകയും മൂന്നാംനിലയിലെ ഹോം തിയേറ്ററില്‍നിന്നാണ് അതു വരുന്നതെന്ന് മനസ്സിലാക്കുകയും ചെയ്തു. അതില്‍ അടുക്കിവെച്ചിട്ടുള്ള സിനിമകളില്‍ ഏതോ ഒന്നാണ് ആ നിലവിളി ഉയര്‍ത്തിയതെന്നും ഖസാക്കിന്റെ ഇതിഹാസം കണ്ടുപിടിച്ചു. അതു തികച്ചും സ്വാഭാവികമാണ് എന്ന് സ്മാരകശിലകള്‍ക്കു തോന്നി. അത്തരം ഒരു നിലവിളി അടക്കിപ്പിടിച്ചാണല്ലോ താനും ഇത്രയും കാലം ഇവിടെ നില്‍ക്കുന്നത്. എന്തുകൊണ്ടാണ് ഈ നിലവിളി ഇത്രയും വൈകിയത് എന്ന അത്ഭുതമേ തനിക്കുള്ളു. 

രണ്ടു പതിറ്റാണ്ടോളമായി ഈ നില്‍പ്പ് തുടങ്ങിയിട്ട്. ശങ്കരന്‍കുട്ടിയെന്നല്ല ഒരു മനുഷ്യന്‍ പോലും കുറച്ചുകാലമായി ഇവിടേയ്ക്ക് എത്തിനോക്കിയിട്ടില്ല. അടിച്ചുവാരാന്‍ വന്നിരുന്ന പെണ്ണിനെ കുറേ കാലമായി കാണാറില്ല. വരാറുള്ള കാലത്തുതന്നെ തന്നെയോ കൂട്ടുകാരേയോ അറിയാതെപോലും ഒന്നു  നോക്കിയിട്ടില്ല. ഇങ്ങനെ കുറച്ചുപേര്‍ ഇവിടെയുണ്ടെന്ന ഒരു ഭാവം തന്നെയില്ല അവള്‍ക്ക്. വായിക്കാനല്ലെങ്കിലും തന്നെയും മറ്റുള്ളവരേയും ഒന്നെടുത്ത് പുറത്തിട്ട് വീണ്ടും അടുക്കിവെച്ചത് വീട്ടുകാവല്‍ക്കാരനാണ്. അത് നാലുകൊല്ലം മുമ്പാണ്. ഉമ്മാച്ചുവിനെ ചിതല്‍ക്കൂട്ടം പീഡിപ്പിച്ചപ്പോള്‍. വേദന സഹിക്കാതെ ഉമ്മാച്ചു ഞരങ്ങുന്നതു കേട്ടപ്പോള്‍ വിഷമം തോന്നി അങ്ങോട്ടു നോക്കിയപ്പോഴാണ് പാവങ്ങളേയും ചിതല്‍ പകുതി തിന്നുതീര്‍ത്തുകഴിഞ്ഞുവെന്നു മനസ്സിലായത്. അന്ന് തൊട്ടടുത്തുള്ള ഖസാക്കിന്റെ ഇതിഹാസത്തെ വിളിച്ചുണര്‍ത്തി അതു കാണിച്ചുകൊടുത്തത് താനാണ്. അന്നും ഇതുപോലെതന്നെ താന്‍ ഇതു പ്രതീക്ഷിച്ചതാണെന്നും ഇങ്ങനെയൊരവസാനമാണ് നമുക്കൊക്കെ വിധിച്ചിട്ടുള്ളതെന്നും അവന്‍ പറഞ്ഞു. അല്ലെങ്കിലും ജീവിക്കാന്‍ വലിയ ആഗ്രഹമൊന്നും ഇല്ലാത്തതുപോലെയാണ് സ്വതേയുള്ള അവന്റെ സംസാരം.
മരിക്കുന്നതോ ജീവിക്കുന്നതോ അല്ല, ഇവിടെനിന്നൊന്നു വേഗം പുറത്തുകടക്കുക എന്നതാണ് തന്റെ അഭിലാഷം. ആളും അനക്കവുമൊന്നുമില്ലാത്ത ഇങ്ങനെയൊരിടത്ത് കഴിച്ചുകൂട്ടുന്നതിലെ നിഷ്ഫലത വല്ലാതെ മടുപ്പിക്കുന്നുണ്ട്. ചിതലിനെ നശിപ്പിക്കാന്‍ വീട്ടുകാവല്‍ക്കാരന്‍ തലങ്ങും വിലങ്ങും വിഷം പീച്ചിയതിനു ശേഷം ഇവിടെത്തന്നെ തങ്ങുന്നത് കൂടുതല്‍ അസഹ്യമായിത്തീര്‍ന്നിട്ടുണ്ട്. ശ്വാസം പോലും വിഷമയം. താന്‍ അതു ചൂണ്ടിക്കാട്ടിയപ്പോള്‍ അത്രയും വേഗം മരണം സംഭവിക്കുമല്ലോ എന്നു പറഞ്ഞ് വല്ലാതെ ഒന്നു ചിരിക്കുകയാണ് ഖസാക്കിന്റെ ഇതിഹാസം ചെയ്തത്. ജീവിതനിരാസം ഇത്രത്തോളം നല്ലതല്ല.

നിലവിളി നിലച്ചുവെങ്കിലും മൂന്നാമത്തെ നിലയില്‍നിന്ന് ഇപ്പോഴും ശബ്ദങ്ങള്‍ കേള്‍ക്കാനുണ്ട്. സിനിമ തുടര്‍ന്നു കളിക്കുകയാവണം. ആരുമില്ലെങ്കിലും സ്വയം പ്രദര്‍ശിപ്പിക്കാന്‍ അവര്‍ക്കാവുമല്ലോ. ശബ്ദമായും വെളിച്ചമായും നിഴലായും അവരുടെ അസ്തിത്വത്തിന് കൂടുതല്‍ അര്‍ത്ഥമുണ്ട്. തങ്ങളുടെ കാര്യമാണ് കഷ്ടം. ഒന്നു മിണ്ടാനോ ശ്വാസം വിടാനോ പോലും കഴിയാതെയാണ് ഇവിടെ കഴിച്ചുകൂട്ടുന്നത്.

''ഭൂമിയില്‍ എത്രകാലം അജ്ഞാനവും ദാരിദ്ര്യവുമുണ്ടോ അത്രകാലം പാവങ്ങള്‍ പോലെയുള്ള പുസ്തകങ്ങള്‍ ഒരിക്കലും പ്രയോജനപ്പെടാതെ നിവൃത്തിയില്ല'' എന്നാണ് വിക്തോര്‍ യൂഗോ പറഞ്ഞത്. ''വിശക്കുന്ന മനുഷ്യാ, പുസ്തകം കയ്യിലെടുക്കൂ, അത് ഒരായുധമാണ്'' എന്ന് ബ്രെഹ്ത് പറഞ്ഞിട്ടുണ്ട്. വലിയ വലിയ കാര്യങ്ങളാണ്. ഈ നാട്ടുകാരനായ കവിയുടെ കവിതാസമാഹാരത്തില്‍ തങ്ങളെപ്പറ്റി ശ്രേഷ്ഠമായ രീതിയിലാണ് എഴുതിവെച്ചിട്ടുള്ളത്. 'പുസ്തകങ്ങള്‍' എന്നാണ് കവിതയുടെ പേരു തന്നെ. ഇവിടെ എത്തിയ ദിവസമാണ് അത് ഈണത്തില്‍ ചൊല്ലിത്തന്നത്: ''പുസ്തകങ്ങളില്‍ എന്തൊക്കെയുണ്ട്/പുസ്തകങ്ങളില്‍ വിസ്മയമുണ്ട്/പുസ്തകങ്ങളിലാനന്ദമുണ്ട്/പുസ്തകങ്ങളില്‍ വിജ്ഞാനമുണ്ട്!'' കേട്ടപ്പോള്‍ നല്ല സുഖം തോന്നി. അഭിമാനവും തോന്നി. അതൊന്നും പക്ഷേ, അധികം നീണ്ടുനിന്നില്ല.  വിസ്മയവും വിജ്ഞാനവും ആനന്ദവുമൊക്കെ തോന്നണമെങ്കില്‍ ആരെങ്കിലും കയ്യിലെടുത്തിട്ടു വേണമല്ലോ. ആര്‍ക്കും അതൊന്നും വേണ്ടെങ്കിലോ.

ഇപ്പോള്‍ മൂന്നാമത്തെ നിലയില്‍നിന്ന് ചിരിയാണ് കേള്‍ക്കുന്നത്. തങ്ങളൊക്കെ ഇങ്ങനെ ഒന്നു ചിരിച്ചിട്ട് എത്ര നാളായി.  ജീവിതം ആഘോഷിക്കാനുള്ളതാണ് അവര്‍ക്ക്. അവര്‍ ചെറുപ്പക്കാരാണല്ലോ. അവര്‍ക്കൊക്കെ പടം മതി; പുസ്തകം വേണ്ട.

നമുക്ക് ഇവിടെനിന്നു രക്ഷപ്പെടണ്ടേ, തിക്കുമുട്ടു സഹിക്കവയ്യാതായപ്പോള്‍ ഒരിക്കല്‍ സ്മാരകശിലകള്‍ ഖസാക്കിന്റെ ഇതിഹാസത്തോടു ചോദിച്ചിരുന്നു. എനിക്കു വല്ലാതെ ശ്വാസം മുട്ടുന്നുണ്ട്.  അന്ന് ഖസാക്കിന്റെ ഇതിഹാസം ഒന്നും മിണ്ടിയില്ല. ഇപ്പോള്‍ ആ ചോദ്യം വീണ്ടും ചോദിക്കാന്‍ തോന്നുന്നു.
നമ്മളെ ഇവിടെയാക്കിയ ശങ്കരന്‍കുട്ടി ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടെന്നുതന്നെ എനിക്കു തോന്നുന്നില്ല. നാലഞ്ചുകൊല്ലമായി അയാള്‍ ഇവിടെ വന്നിട്ടില്ലല്ലോ. അനിശ്ചിതകാലത്തേയ്ക്ക് നമ്മള്‍ ഇവിടെത്തന്നെ കൂടുന്നതില്‍ എന്താണര്‍ത്ഥം? 

എവിടേയ്ക്കു പോണമെന്നാണ് നീ പറയുന്നത്? ഖസാക്കിന്റെ ഇതിഹാസം അങ്ങനെ ചോദിച്ചപ്പോള്‍ സ്മാരകശിലകള്‍ക്ക് സന്തോഷം തോന്നി. രക്ഷപ്പെടുക എന്ന ആശയം തള്ളിക്കളഞ്ഞില്ലല്ലോ.
ഏതെങ്കിലും വായനശാലയിലേയ്ക്കു കടക്കാം. അങ്ങാടിക്കടുത്ത് ഒരു വായനശാലയുണ്ടത്രേ. അവിടെയാവുമ്പോള്‍ ആരെങ്കിലുമൊക്കെ വരുമല്ലോ. ഇവിടെയിങ്ങനെ ആരെയും കാണാതെ ആയുസ്സൊടുക്കുന്നതിലും ഭേദം അതാണ്. 

ശരി, കുറച്ചുനേരം ആലോചിച്ചതിനു ശേഷം ഖസാക്കിന്റെ ഇതിഹാസം പറഞ്ഞു: രാവിലെയാവട്ടെ.
പുറത്തു കടക്കുന്ന കാര്യം കേട്ടതോടെ കൂടുതല്‍ പേര്‍ അതിനു തയ്യാറായി. ദേശത്തിന്റെ കഥയും തോട്ടിയുടെ മകനും അസുരവിത്തും സുന്ദരികളും സുന്ദരന്മാരും പാത്തുമ്മയുടെ ആടും ആയുസ്സിന്റെ പുസ്തകവും യക്ഷിയുമൊക്കെ തങ്ങളും കൂടെയുണ്ട് എന്നറിയിച്ചു. ഒടുവില്‍ ഇവിടെയുള്ള എല്ലാവരും കൂടി ഒന്നിച്ചു പുറത്തുകടക്കാമെന്ന തീരുമാനത്തിലെത്തി.

രാവിലെ ഏകദേശം പത്തുമണിയായപ്പോള്‍  സ്മാരകശിലകള്‍ ഷെല്‍ഫില്‍നിന്ന് ഇറങ്ങി. ബാല്‍ക്കണിയിലെത്തി താഴേയ്ക്ക് എത്തിച്ചുനോക്കി. പട്ടികള്‍ ഉണ്ടോ എന്നായിരുന്നു പരിശോധിച്ചത്. എല്ലാവരും പുറത്തുപോയിരിക്കുകയാണെന്നു തോന്നുന്നു. ഓരോരുത്തരായി താഴേയ്ക്ക് ചാടി. അവിടെനിന്ന് ഗേയ്റ്റു കടന്ന് റോഡിലെത്തി.

വളരെ കാലത്തിനു ശേഷം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുകയായിരുന്നു അവര്‍. അവരില്‍പ്പലരും ഉച്ചത്തില്‍ സംസാരിക്കാനും പാട്ടുപാടാനും തുടങ്ങിയത് സ്മാരകശിലകളെ അല്പം ഉല്‍ക്കണ്ഠാകുലനാക്കി. തങ്ങളുടെ പലായനം ആരെങ്കിലും തടസ്സപ്പെടുത്തുമോ? എന്നാല്‍ നേരിട്ടു കണ്ടവര്‍ പോലും തങ്ങളെ ശ്രദ്ധിച്ചില്ല എന്നായപ്പോള്‍ ആശങ്ക മാറി. ഇങ്ങനെ ഒരു കൂട്ടരെ കണ്ടാല്‍ത്തന്നെ ആളുകള്‍ക്ക് തിരിച്ചറിയാതായിരിക്കുന്നു എന്നു പറഞ്ഞ് ഖസാക്കിന്റെ ഇതിഹാസം ചിരിച്ചു.
 
പുസ്തകങ്ങളുടെ മഹത്വത്തെക്കുറിച്ചു പാടിയ കവിയുടെ പേരിലുള്ള വായനശാലയായിരുന്നു ലക്ഷ്യം. പുസ്തകങ്ങള്‍ എന്ന കവിത ചൊല്ലിത്തന്ന സമ്പൂര്‍ണ്ണ സമാഹാരമാണ് അവര്‍ക്ക് അങ്ങോട്ടുള്ള വഴികാട്ടിയായത്. വഴിയില്‍വെച്ച് പുതിയ വായനശാലയെക്കുറിച്ച് അത് വാചാലയായി. കവിയുടെ നൂറാം ജന്മവാര്‍ഷികത്തിന് സാംസ്‌കാരികമന്ത്രി വന്നാണ് അത് ഉദ്ഘാടനം ചെയ്തത്. ധാരാളം ആളുകള്‍ പങ്കെടുത്തിരുന്നു. പത്രങ്ങളിലൊക്കെ വലിയ വാര്‍ത്തയായിരുന്നു. തുടക്കത്തില്‍ത്തന്നെ ഇരുപത്തയ്യായിരത്തിലധികം പുസ്തകങ്ങള്‍ പലരില്‍നിന്നുമായി ശേഖരിച്ചിട്ടുണ്ട്. അത്രയും വലിയ ഒരു വായനശാല ചുറ്റുവട്ടത്തൊന്നുമില്ല. 

ഇരുമ്പുഗേയ്റ്റ് തുറന്നിരുന്നില്ല. പുസ്തകങ്ങള്‍ ഗേയ്റ്റിന്റെ അഴികള്‍ക്കിടയിലൂടെ ഓരോരുത്തരായി അകത്തു കടന്നു. മുറ്റം കാടുപിടിച്ചുകിടക്കുകയായിരുന്നു. അകത്തേയ്ക്കു കടന്നതും വലിയൊരു പാമ്പ് ചീറ്റിക്കൊണ്ട് അവരോടടുത്തു. എല്ലാവരും ഒറ്റച്ചാട്ടത്തിന് വായനശാലയുടെ ഇറയത്തേയ്ക്കു കയറി രക്ഷപ്പെട്ടു. പാമ്പാവട്ടെ, മുള്ളുവള്ളികള്‍ക്കിടയിലൂടെ എങ്ങോട്ടോ മറയുകയും ചെയ്തു. 

 ഇനിയാണ് ചടങ്ങുകള്‍. ലൈബ്രേറിയനെ കണ്ട് രജിസ്റ്ററില്‍ പേരു ചേര്‍പ്പിക്കണം. അകത്തുള്ള ഇരുപത്തയ്യായിരം വരുന്ന കൂട്ടുകാരോടൊപ്പം ചേരണം. അങ്ങനെ ഇവിടത്തെ അന്തേവാസിയാവണം. ഇപ്പോള്‍ അത് ജീവിതാഭിലാഷം പോലെ തോന്നുന്നുണ്ട്.

നേരം കടന്ന് ഉച്ചയും വൈകുന്നേരവുമായിട്ടും ലൈബ്രേറിയന്‍ വരികയോ വായനശാല തുറക്കുകയോ ചെയ്തില്ല. കാത്തിരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല, അക്ഷമ പ്രകടിപ്പിച്ച കൂട്ടുകാരോട് സ്മാരകശിലകള്‍ പറഞ്ഞു.

ഒന്ന് ഇരുട്ടിയപ്പോള്‍ അകത്തുനിന്ന് പകുതി തുറന്ന ജനല്‍ വഴി ആരോ ഇറയത്തേയ്ക്കു ചാടി. അത് മാര്‍ത്താണ്ഡവര്‍മ്മയായിരുന്നു. ഇറയത്ത് കൂട്ടം കൂടിയിരിക്കുന്നവരെ ശ്രദ്ധിക്കാതെ മാര്‍ത്താണ്ഡവര്‍മ്മ മുറ്റത്തേയ്ക്കിറങ്ങി. 

ഒന്നു നില്‍ക്കണേ, സ്മാരകശിലകള്‍ വിളിച്ചു. ശബ്ദം കേട്ട് മാര്‍ത്താണ്ഡവര്‍മ്മ പിന്തിരിഞ്ഞു നോക്കി. സ്മാരകശിലകള്‍ തങ്ങളെ പരിചയപ്പെടുത്തുകയും ആഗമനോദ്ദേശ്യം വിശദീകരിക്കുകയും ചെയ്തു.
കുഞ്ഞിക്കൃഷ്ണക്കിടാവാണ് ലൈബ്രേറിയന്‍, മാര്‍ത്താണ്ഡവര്‍മ്മ പറഞ്ഞു. അദ്ദേഹം വിവാഹമൊന്നും കഴിച്ചിട്ടില്ല. വീട്ടില്‍ ഒറ്റയ്ക്കാണ്. അതുകൊണ്ടുതന്നെ അധികസമയവും  വായനശാലയിലാണ്. വീട്ടിലുള്ള സമയമാണ് കുറവ്. പക്ഷേ, എന്തുപറ്റിയെന്നറിയില്ല; കുറച്ചു ദിവസങ്ങളായി അയാള്‍ വരുന്നില്ല. അതുകൊണ്ടുതന്നെ വായനശാല തുറക്കാറില്ല.

കുറച്ചു കാലമായി കുഞ്ഞിക്കൃഷ്ണക്കിടാവല്ലാതെ വായനശാലയില്‍ വേറെ ആരും വരാറില്ല എന്നും മാര്‍ത്താണ്ഡവര്‍മ്മ അറിയിച്ചു. ആളുകള്‍ വരാന്‍ വേണ്ടി കാരംബോര്‍ഡ് വാങ്ങിവെച്ചു. തുന്നല്‍ക്ലാസ്സുകള്‍ തുടങ്ങി. ആദ്യമൊക്കെ ചിലര്‍ വന്നിരുന്നു. പിന്നെപ്പിന്നെ ആരും വരാതായി. 2018-ലെ ഫിഫയ്ക്കാണ് പിന്നെ ആളുകള്‍ വന്നത്. വലിയൊരു ടിവി വാടകയ്ക്കെടുത്ത് പുറത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. രാത്രി മുഴുവന്‍ ആളുകളുണ്ടായിരുന്നു. വേള്‍ഡ് കപ്പ് കഴിഞ്ഞതോടെ എല്ലാവരും പിരിഞ്ഞുപോയി. പിന്നെ ആരെയും ഈ വഴിക്കു കണ്ടിട്ടില്ല.

എവിടേയ്ക്കാണ് മാര്‍ത്താണ്ഡവര്‍മ്മ പോവുന്നത്, സ്മാരകശിലകള്‍ തിരക്കി.
അങ്ങനെ പ്രത്യേകിച്ച് ഒന്നും ഉദ്ദേശിച്ചിട്ടില്ല. എന്നാലും ഒന്ന് കറങ്ങിവരാമെന്നു തീരുമാനിച്ചതാണ്. എന്തെല്ലാമാണ് പുറത്ത് നടക്കുന്നതെന്ന് അറിയണമെന്ന് അകത്തുള്ള കൂട്ടുകാര്‍ പറയുന്നുണ്ട്. ഇങ്ങനെ ഇവിടെ തുടരുന്നതില്‍ പ്രത്യേകിച്ച് ഒരര്‍ത്ഥവുമില്ലെന്ന് തോന്നാന്‍ തുടങ്ങിയിട്ട് കുറച്ചായി. രാത്രിയാണ് നല്ലതെന്നു തോന്നി. ആരും തിരിച്ചറിയില്ലല്ലോ.

പകലായാലും ആരും തിരിച്ചറിയാന്‍ പോവുന്നില്ലെന്ന് പറയണമെന്നുണ്ടായിരുന്നു സ്മാരകശിലകള്‍ക്ക്. പക്ഷേ, അപ്പോഴേയ്ക്കും അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ മാര്‍ത്താണ്ഡവര്‍മ്മ ഗേയ്റ്റു കടന്ന് പുറത്തുപോയിക്കഴിഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com