'പാസ്റ്റെന്‍സ്'- വിനീഷ് കളത്തറ എഴുതിയ കഥ

അക്കാലത്ത് കളത്തറ വഴി സിറ്റിയിലേക്ക് പുലര്‍ച്ചെ അഞ്ചുമണിക്കു് മുന്‍പായി ബസുകളൊന്നും ഉണ്ടായിരുന്നില്ല. സ്റ്റേബസ് 5.25-ന് കരകുളം വഴി കിഴക്കേക്കോട്ടയിലേക്ക് പോകും
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

ക്കാലത്ത് കളത്തറ വഴി സിറ്റിയിലേക്ക് പുലര്‍ച്ചെ അഞ്ചുമണിക്കു് മുന്‍പായി ബസുകളൊന്നും ഉണ്ടായിരുന്നില്ല. സ്റ്റേബസ് 5.25-ന് കരകുളം വഴി കിഴക്കേക്കോട്ടയിലേക്ക് പോകും. മലക്കറി വാങ്ങാന്‍ ചാല മാര്‍ക്കറ്റില്‍ പോകുന്ന ചെറുകിട കച്ചവടക്കാര്‍, കവടിയാറിലെ ഫ്‌ലാറ്റില്‍ ക്ലീനിംഗ് ജോലിക്കു പോകുന്ന സ്ത്രീകള്‍, സിറ്റിയിലെ ചില തട്ടുകടകളില്‍ ജോലിക്കു പോകുന്നവര്‍ ഒക്കെയാണ് ആ ബസ്സില്‍ കയറുക. നാലരയ്ക്ക് അലാറം വച്ചുണര്‍ന്ന് റെഡിയായി 5.25-ന് ജംഗ്ഷനിലെത്തും. ബസ് ഒരിക്കലും മുടങ്ങാറില്ല. അതിരാവിലെയായതിനാല്‍ റോഡില്‍ വലിയ ബ്ലോക്കുണ്ടാവാറില്ല. ആറരയ്ക്ക് ബസ് ആയുര്‍വ്വേദ കോളേജ് സ്റ്റോപ്പിലെത്തും. കോളേജിനെതിരെ കിടക്കുന്ന ദേശാഭിമാനി റോഡിലൂടെയാണ് ഔവ്വര്‍ കോളേജിലേക്ക് പോവുക. ഒന്‍പതുമണി വരെ ട്യൂഷന്‍. അതുകഴിഞ്ഞ് മാഞ്ഞാലിക്കുളം, തമ്പാനൂര്‍, അരിസ്റ്റോ ജംഗ്ഷന്‍ വഴി ആര്‍ട്ട്സ് കോളേജിലേക്കൊരു നടപ്പുണ്ട്. 

മണക്കാട് ബലവാന്‍ നഗറിലെ കുമാര്‍, ഊരൂട്ടമ്പലത്തെ അനില്‍, ശ്രീവരാഹത്തെ പ്രകാശ് എന്നിവരൊക്കെയാണ് പ്രധാന സുഹൃത്തുക്കള്‍. നാലഞ്ചു മാസം ഇങ്ങനെ പോയി നോക്കി. അതിരാവിലെ ഉണരുന്നത് വല്യ പ്രയാസമുള്ള കാര്യമായിരുന്നു. പകല്‍ മുഴുവന്‍ ഉറക്കച്ചടവ് മൂടല്‍മഞ്ഞുപോലെ മുഖത്ത് വീണുകിടക്കും. വൈകുന്നേരം ഏഴുമണിയെങ്കിലുമാകും കോളേജില്‍നിന്നു തിരിച്ചെത്താന്‍. രാവിലെയൊന്നും കഴിക്കാതെയുള്ള പോക്കും കോളേജ് കാന്റീനില്‍നിന്നുള്ള പ്രാതലും വയറിനു കുഴപ്പമുണ്ടാക്കി. ലാലപ്പന്‍ ചേട്ടന്റെ എരിനിറഞ്ഞ കറികള്‍ ആമാശയഭിത്തിയെ തുളയ്ക്കാന്‍ പോന്നതായിരുന്നു. ഉച്ചഭക്ഷണവും കാന്റീനില്‍നിന്നുതന്നെ. രണ്ടുനേരവും കൂടി നല്ല ചെലവും. താങ്ങാനാകാതെ വന്നപ്പോള്‍ നെടുമങ്ങാട്ടെവിടെയെങ്കിലും ഫസ്റ്റ്ഗ്രൂപ്പിനു ട്യൂഷനുണ്ടോയെന്ന് അന്വേഷണം തുടങ്ങി. അന്വേഷണം അവസാനിച്ചത് കോ-ഓപ്പറേറ്റീവ് കോളേജിലാണ്. 

ചന്തമുക്കില്‍നിന്ന് സിറ്റിയിലേക്കുള്ള റോഡില്‍ 11-ാം കല്ലില്‍നിന്നു വലത്തേയ്ക്ക് തിരിയുമ്പോള്‍ ഒരു പെട്രോള്‍ പമ്പും കുറെ ടൂവീലര്‍ വര്‍ക്ക് ഷോപ്പുകളുമുണ്ട്. അവയ്ക്കിടയിലൂടെയുള്ള ഊടുവഴി ചെന്നെത്തുന്നത് കോ-ഓപ്പറേറ്റീവ് കോളേജിലാണ്. ചെറിയൊരു കുന്നിന്‍ചെരുവില്‍ നാല് തകര ഷെഡുകള്‍. താലൂക്ക് എജ്യുക്കേഷണല്‍ സൊസൈറ്റിയാണ് അത് നടത്തിയിരുന്നത്. സൊസൈറ്റി കുറേക്കാലമായി ഇടതുപക്ഷത്തിന്റെ കയ്യിലായിരുന്നു. 

പ്രിന്‍സിപ്പല്‍ ദിവാകരന്‍ സാറിന്, ഔവ്വര്‍ കോളേജില്‍നിന്നാണ് വരുന്നതെന്നറിഞ്ഞപ്പോള്‍ അത്ര പിടിച്ചില്ല. കോഴ്സിന്റെ പാതിവഴിയില്‍ ഔവ്വറില്‍നിന്നു ചാടിപ്പോന്നതെന്താണെന്ന് അങ്ങേര്‍ക്കറിയണം. ചുഴിഞ്ഞുചുഴിഞ്ഞ് ഓരോന്ന് ചോദിച്ചു. കാലത്തെണീക്കേണ്ടിവരുന്നതും ഭക്ഷണപ്രശ്‌നവുമൊക്കെ പറഞ്ഞുനോക്കിയെങ്കിലും സാറിനതൊന്നും ബോധ്യപ്പെട്ടില്ല. വിശദമായ ചോദ്യം ചെയ്യലിനുശേഷം മനസ്സില്ലാമനസ്സോടെ അഡ്മിഷന്‍ തന്നു. ലോകത്തൊന്നും ഇല്ലാത്തൊരു പാരലല്‍ കോളേജ് എന്നൊക്കെ തോന്നിയെങ്കിലും ഫസ്റ്റ് ഗ്രൂപ്പിന് പരിസര പ്രദേശത്തൊന്നും ട്യൂഷനില്ലാത്തതിനാല്‍ പത്തിമടക്കേണ്ടിവന്നു. 
ആ സമയം ഓഫീസ് റൂമില്‍ വ്യത്യസ്തനായ ഒരാള്‍ ഇരിക്കുന്നതു കണ്ടു. സാധാരണ പാരലല്‍ കോളേജ് സംസ്‌കാരത്തിനു ചേരാത്ത ഒരു രൂപമായിരുന്നു അത്. ടൈറ്റ്ജീന്‍സും ഫുള്‍ക്കൈഷര്‍ട്ടും വേഷം. തികഞ്ഞ ഗൗരവം. കിളിവാലന്‍ മീശ. തടിച്ചൊരു പുസ്തകത്തില്‍ കണ്ണോടിച്ചു കൊണ്ടാണിരിപ്പ്. അദ്ദേഹം ഇംഗ്ലീഷ് അദ്ധ്യാപകനായ 'വി.സി' എന്നറിയപ്പെടുന്ന വിനയചന്ദ്രനാണെന്നു പിന്നീട് മനസ്സിലായി. അതൊരു പ്രത്യേക ജനുസ്സായിരുന്നു. പത്തു-മുപ്പത് വര്‍ഷം പഴക്കമുള്ള യെസ്ഡി ബുള്ളറ്റിലാണ് വി.സിയുടെ വരവ്. ഉച്ചയ്ക്ക് ഒരു പഴവും നാരങ്ങാവെള്ളവും മാത്രം കഴിക്കും. ആരോടും ഇടപഴകാറില്ല. ക്ലാസ്സ് കഴിയുമ്പോള്‍ പ്യൂണ്‍ മധു, ശമ്പളം കൈക്കൂലി കവറിലിട്ട് നല്‍കും. വി.സിയുടെ ബുള്ളറ്റ് വയസ്സന്‍ കുതിരയെപ്പോലെ ഞരങ്ങി നീങ്ങും. 
നാല് ഷെഡുകള്‍ ഉള്ളതില്‍ താഴെനിന്നു രണ്ടാമത്തേതിലായിരുന്നു പ്രീഡിഗ്രി ഫസ്റ്റ്ഗ്രൂപ്പ് ക്ലാസ്സ്. കണക്കിനു മാത്രം വ്യത്യസ്തമായ ക്ലാസ്സ് റൂമും ബാക്കിയുള്ള വിഷയങ്ങള്‍ക്ക് സെക്കന്റ് ഗ്രൂപ്പുകാരോട് ഒന്നിച്ചുമായിരുന്നു ക്ലാസ്സുകള്‍ നടത്തിയിരുന്നത്. പെരിങ്ങമ്മല ഇക്ബാല്‍ കോളേജില്‍ ഫസ്റ്റ്, സെക്കന്റ് ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നതുകൊണ്ട് വിതുര, പാലോട് ഭാഗങ്ങളില്‍നിന്നു നിരവധി കുട്ടികള്‍ ട്യൂഷന് എത്തുമായിരുന്നു. 

പൊന്‍മുടിത്താഴ്വരയിലാണ് ഇക്ബാല്‍ കോളേജ്. പെരിങ്ങമ്മല പഞ്ചായത്തോഫീസ് ജംഗ്ഷനില്‍നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരം കാണും. തികച്ചും ഉള്‍പ്രദേശം. കോളേജിന്റെ മുന്‍പില്‍നിന്നു കിഴക്കോട്ടു നോക്കിയാല്‍ പൊന്‍മുടി മലനിരകള്‍ കാണാം. ഗാര്‍ഡ് സ്റ്റേഷനില്‍നിന്നും മങ്കയം വഴി എളുപ്പത്തിലെത്താന്‍ കഴിയുന്ന ഒരു വഴി പൊന്‍മുടിയിലേക്കുണ്ട്. പക്ഷേ, അതുവഴി ബസ്സില്ല. ബ്രൈമൂര്‍ ടീ എസ്റ്റേറ്റ് വരെ മാത്രമേ ബസുള്ളൂ. അതും വല്ലപ്പോഴും മാത്രം. സാഹസികരായ സഞ്ചാരികള്‍ അതിലേ മങ്കയം വെള്ളച്ചാട്ടത്തിന്റെ 
ഭംഗിയാസ്വദിച്ചുകൊണ്ട് പൊന്‍മുടിയിലേയ്ക്ക് നടന്നുകയറാറുണ്ടു്. 

വിതുര, പാലോട് പ്രദേശങ്ങളിലുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയം ഇക്ബാല്‍ കോളേജായിരുന്നു. വിതുര തള്ളച്ചിറയില്‍നിന്നും ബിജു പി.എസും ആനപ്പാറയില്‍നിന്ന് സജീറും ഇലഞ്ചിയത്തുനിന്ന് പ്രതീഷും ഇക്ബാല്‍ കോളേജിലെ പഠിതാക്കളായി. റബ്ബര്‍ ഷീറ്റായിരുന്നു ഇവരുടെയൊക്കെ വീടുകളിലെ മുഖ്യ വരുമാന സ്രോതസ്സും കോളേജിലേക്കുള്ള വഴി തെളിച്ചതും. റബ്ബറിനെ ചുറ്റിപ്പറ്റിയായിരുന്നു ആ പ്രദേശത്തുള്ളവരുടെ ദൈനംദിന ജീവിതം പുലര്‍ന്നുപോന്നത്. സൂര്യകാന്തി, തെന്നൂര്‍, ഇടിഞ്ഞാര്‍ എന്നിവിടങ്ങളില്‍നിന്നു കുറെ പെണ്‍കുട്ടികള്‍ ഇക്ബാല്‍ കോളേജ് വഴി കോ-ഓപ്പറേറ്റീവ് കോളേജില്‍ ട്യൂഷനു വന്നിരുന്നു. അതില്‍ പ്രധാനികള്‍ സിന്ധു രവികുമാര്‍, നാദിറാ കരിം, രമ്യാമോള്‍ എന്നിവരായിരുന്നു. സുന്ദരികള്‍, ക്ലാസ്സൊന്നാകെ കയ്യടക്കുന്നവര്‍. പഠിപ്പിസ്റ്റുകള്‍. 

ഒന്‍പതേകാലിനും ഒന്‍പതരയ്ക്കും ഇടയില്‍ നെടുമങ്ങാട് സ്റ്റാന്റിലെത്തുന്ന പാലോട് ഡിപ്പോയിലെ ബസിലാണ് അവരെല്ലാം എത്തുന്നത്. ആ ബസ് ഇടിഞ്ഞാറില്‍നിന്ന് ദൈവപ്പുര, തെന്നൂര്‍, സൂര്യകാന്തി, വിതുര വഴിയുള്ളതാണ്. അതു കിട്ടിയില്ലെങ്കില്‍ ആ ദിവസം പോക്കാണ്. ആ റൂട്ടു വഴി എട്ട് മണിക്കുശേഷം ബസുള്ളത് ഉച്ചയ്ക്ക് 11.10-നാണ്. കോളേജ് ഗോയിങ്ങിന്റെ ട്യൂഷന്‍ ശനിയും ഞായറും മാത്രമായിരുന്നു. അത് ഫുള്‍ഡേ ക്ലാസ്സുകളായിരുന്നു. 

ഉച്ചയിടവേളയില്‍ മെയിന്‍ റോഡിനു മറുഭാഗത്തുള്ള ടൗണ്‍ യു.പി.എസ്സിലേക്ക് ചോറു പൊതികളുമായി പോകും. നാലഞ്ചു പേരുണ്ടാകും. സ്‌കൂളിനു ചുറ്റുമതിലില്ലാതിരുന്നതിനാല്‍ സര്‍വ്വസ്വാതന്ത്ര്യവുമുണ്ടായിരുന്നു. ഭക്ഷണപ്രിയനായിരുന്ന തള്ളച്ചിറ ബിജു ഒരിരുപത്തിമൂന്ന് വയസ്സിന്റെ ആകാരപ്രകാരമുള്ളവനാണ്. അവന്റെ ചോറുപൊതിയും അതുപോലെ തന്നെ. സജീറിന്റെ പൊതിയില്‍ മിക്ക ദിവസങ്ങളിലും ഇറച്ചിയുണ്ടാവും. പൊതിയില്ലാത്ത ഒരാള്‍ പ്രതീഷാണ്. ഒരു തോള്‍സഞ്ചിയുമായി അവന്‍ വരും. ഇരുനിറത്തില്‍ മെലിഞ്ഞ ശരീരപ്രകൃതിയുള്ളവന്‍. ബിജു തുറന്നുവയ്ക്കുന്ന ചോറ്റുപാത്രത്തിന്റെ അടപ്പിലേക്ക് മറ്റുള്ളവര്‍ ചൊരിയുന്ന പങ്കാണ് പ്രതീഷിന്റെ ഉച്ചഭക്ഷണം. 

ഊണുകഴിഞ്ഞ് സ്‌കൂള്‍ പരിസരത്തു കറങ്ങിനടക്കും. ആക്കോട്ടുപാറയില്‍ മാറ്റി സ്ഥാപിക്കുന്നതുവരെ ഗവണ്‍മെന്റ് കോളേജിന്റെ ക്ലാസ്സുകള്‍ നടന്നിരുന്നത് ഈ സ്‌കൂളിന്റെ ചില ഷെഡുകളിലാണ്. ഓടിട്ട കെട്ടിടത്തിന്റെ കഴുക്കോലുകളില്‍ അന്നത്തെ കോളേജ് കുമാരന്മാരുടെ കരവിരുതുകള്‍ ചോക്കുകൊണ്ട് കോറിയിട്ടിട്ടുണ്ട്. 

''സെക്കന്റ് ബി.എ അവതരിപ്പിക്കുന്ന നാടകം നിഴലാട്ടം.''

''എസ്.എഫ്.ഐ നീണാള്‍ വാഴട്ടെ.''

''സുജാത + സുരേഷ് കുമാര്‍ - ഫസ്റ്റ് ബി.എ'' എന്നിങ്ങനെ... 

അതൊക്കെ വായിച്ചു നടക്കാന്‍ നല്ല രസമാണ്. അപ്പോഴൊക്കെ അകമ്പടിയായി പ്രതീഷിന്റെ മൂളിപ്പാട്ടുണ്ട്. ''ഓര്‍മ്മകളെ കൈവള ചാര്‍ത്തി വരൂ വിമൂകമി വേദി...'' അവന്‍ നന്നായി പാടും. പ്രതീഷ് പാട്ട് പഠിച്ചിട്ടൊന്നുമില്ല. പക്ഷേ, ഈ ''ഓര്‍മ്മകളെ...'' എന്ന പാട്ട് ഗംഭീരമായിരുന്നു. സലില്‍ ചൗധരിയുടെ പാട്ടുകളായിരുന്നു അവനു പഥ്യം. മിക്കവാറും ഉച്ചകളില്‍ അവനെക്കൊണ്ട് പാട്ടു് പാടിക്കും. 

ക്ലാസ്സിലും അവന്‍ മൂളിപ്പാട്ട് പാടാറുണ്ടായിരുന്നു. ഒരു ദിവസം പാട്ടല്പം ഉച്ചത്തിലായി. ഔസേഫ് സാറിന്റെ ക്ലാസ്സായിരുന്നു. അറുപതിനുമേല്‍ പ്രായമുള്ള ഔസേഫ് സാറിന്റെ ക്ലാസ്സ് പ്രഖ്യാതമായിരുന്നു. വി.സിയുടെ കനപ്പെട്ട ഇംഗ്ലീഷിനിടയില്‍ ഔസേഫ് സാറിന്റെ ക്ലാസ്സ് വളരെ ആശ്വാസമായിരുന്നു. സാറെപ്പഴും പറയും: ''ജയിക്കാനായി ആരും ഇങ്ങോട്ടു വരണ്ട...'' അപ്പോള്‍ കുട്ടികള്‍ ഒരേ സ്വരത്തില്‍ ''ങേ...?'' ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം വീണ്ടും സാര്‍: ''ഫസ്റ്റ് ക്ലാസ്സ് വാങ്ങാനായി മാത്രം വന്നാ മതി...'' അതായിരുന്നു സാറിന്റെ കണ്ടീഷന്‍. 

ഷേക്സ്പിയര്‍ ഡ്രാമയുടെ പഠനം പൊടിപൊടിക്കുന്നതിനിടയിലാണ് പ്രതീഷിന്റെ മൂളിപ്പാട്ടുയര്‍ന്നത്.

''സ്റ്റാന്റപ്പ്...'' സാറിന്റെ മുഖം ചുമന്നു. ''ഇങ്ങോട്ടു വാടാ...'' സാര്‍ വിളിച്ചു. അവനൊന്ന് അമ്പരന്നു. ക്ലാസ്സ് നിശ്ചലമായി. ''എറങ്ങി വരാന്‍...'' സാറ് കടുപ്പിച്ചു. അവന്‍, ആറു പേരിരുന്ന ബഞ്ചില്‍നിന്നും തിങ്ങി ഞെരുങ്ങിയിറങ്ങി സാറിനടുത്തേയ്ക്ക് ചെന്നു. സാറവനെ രൂക്ഷമായി നോക്കി. ആക്രമിക്കാനൊരുങ്ങി നില്‍ക്കുന്ന കടുവയെപ്പോലെയാണവനു തോന്നിയത്. ഔസേഫ് സാറിന്റെ കലി കണ്ടിട്ടില്ലാത്ത ക്ലാസ്സിന്റെ കണ്ണുകള്‍ ഉല്‍ക്കണ്ഠയാല്‍ ജലാംശം വറ്റിനിന്നു. 

''ഉം... പാടെടാ...'' പിരിയയഞ്ഞ പല്‍ച്ചക്രംപോലെ മുറുകിനിന്ന ശ്വാസഗതികള്‍ മൂക്കിന്‍ പൊത്തിലൂടെ പുറത്തേയ്ക്ക് പാഞ്ഞു. അവന്‍ മുഖമുയര്‍ത്തി നോക്കി. ''പാട് കേക്കട്ടെ...''

അവന്‍ സാറിനെ ദയനീയമായി നോക്കി. പിന്നെ ക്ലാസ്സിനേയും. ഇപ്പോഴെല്ലാവരും പാട്ട് കേള്‍ക്കാനുള്ള തയ്യാറെടുപ്പിലായി. ഒന്നിളകിയിരുന്നു. ശ്വാസഗതികള്‍ നേരെയായി. മറ്റു മാര്‍ഗ്ഗമൊന്നുമില്ലാതെ അവന്‍ പാടിത്തുടങ്ങി. ''ഓര്‍മ്മകളെ കൈവള ചാര്‍ത്തി വരൂ...''

ഔസേഫ് സാര്‍ നന്നായി പാട്ടാസ്വദിച്ചു. കൈവിരലുകള്‍ ബഞ്ചില്‍ താളം കൊട്ടി. തലയാട്ടല്‍ തകൃതിയായി നടന്നു. മൂന്നുമൂന്നര മിനിട്ടിനുശേഷം പാട്ടവസാനിച്ചു. ആദ്യം കയ്യടിച്ചത് നാദിറാ കരീമാണ്. അവളുടെ കണ്ണുകളില്‍ സവിശേഷമായൊരു തിളക്കം കണ്ടു. തുടര്‍ന്ന് ക്ലാസ്സാകെ കയ്യടിച്ചു. തൊട്ടടുത്ത ക്ലാസ്സിലെ ചിലര്‍ പാര്‍ട്ടീഷന്‍ ബോര്‍ഡിന്റെ വിടവില്‍ക്കൂടി എത്തിവലിഞ്ഞു നോക്കി. 

ഔസേഫ് സാര്‍ പറഞ്ഞു: ''കൊള്ളാം... ഗംഭീരം... നിനക്കിതാ പറ്റീത്.... പക്ഷേ, എന്റെ ക്ലാസ്സില്‍ മൂളിപ്പാട്ട് വേണ്ട മോനേ... ഫസ്റ്റ് ക്ലാസ്സായിരിക്കണം നിന്റെ ലക്ഷ്യം...'' സാറവന്റെ തോളില്‍തട്ടി അഭിനന്ദിച്ചു. അതോടെ പ്രതീഷ് അവിടത്തെ ആസ്ഥാനഗായകനായി. ഈ പാട്ടുവാര്‍ത്ത ഇക്ബാല്‍ കോളേജിലെത്തുകയും അവിടെ ചില ചടങ്ങുകളില്‍ അവനു പാടാന്‍ അവസരം ലഭിക്കുകയും ചെയ്തു. ഈ പാട്ടുകളെല്ലാം കേട്ട ഒരേ ഒരാള്‍ നാദിറയായിരുന്നു. അവന്റെ പാട്ടുകളെപ്പറ്റി അവള്‍ ആവേശപൂര്‍വ്വം സംസാരിച്ചു. 

ഇലിഞ്ചിയത്തെ സി.പി.എം ബ്രാഞ്ചിന്റെ നിയന്ത്രണത്തിലുള്ള റെഡ്സ്റ്റാര്‍ ക്ലബ്ബിന്റെ വാര്‍ഷികാഘോഷത്തിലും അവനു പാടേണ്ടിവന്നു. പഞ്ചായത്ത് പ്രദേശത്തെ ഗായകരെ സംഘടിപ്പിച്ചുകൊണ്ടുള്ള ഗാനമേളയായിരുന്നു വാര്‍ഷികത്തിലെ പ്രധാന പരിപാടി. സി.പി.എം ക്ലബ്ബിന്റെ പരിപാടിയില്‍ കോണ്‍ഗ്രസ്സുകാരനായതിനാല്‍ പോകാന്‍ താല്പര്യമില്ലായിരുന്നെങ്കിലും തന്റെ മകളോടുള്ള വാത്സല്യത്തിന്റേയും അവളുടെ നിര്‍ബ്ബന്ധത്തിന്റേയും അടിസ്ഥാനത്തിലാണ് മുഹമ്മദ് കരിം നാദിറയെ പാട്ടു കേള്‍ക്കാന്‍ കൊണ്ടുപോയത്. മൂന്നാമതായി പ്രതീഷിന്റെ പാട്ടു് കഴിഞ്ഞതും അവര്‍ മടങ്ങി. തന്റെ കുഞ്ഞമ്മയുടെ മകനു പിറ്റേ ദിവസം ഫോറസ്റ്റ് ഗാര്‍ഡിന്റെ പി.എസ്.സി പരീക്ഷയുള്ളതിനാല്‍ പ്രതീഷും പാട്ടു് കഴിഞ്ഞയുടനെ അവിടം വിട്ടു. 
അന്നവര്‍ ആ സമയത്ത് അവിടെനിന്നും മടങ്ങിയത് യഥാര്‍ത്ഥത്തില്‍ ജീവിതത്തിലേക്കുള്ള മടക്കയാത്രയായിരുന്നെന്ന് പിന്നീട് നടന്ന സംഭവങ്ങള്‍ തെളിയിച്ചു. അവര്‍ മടങ്ങി അല്പം കഴിഞ്ഞപ്പോള്‍ ആള്‍ക്കൂട്ടത്തിലേക്ക് ബോംബേറു നടന്നു. ആളുകള്‍ ചിതറിയോടി. ഗാനമേള അലങ്കോലപ്പെട്ടു. ഓലകെട്ടിയ സ്റ്റേജിന്റെ ഒരു ഭാഗം കത്തിയമര്‍ന്നു. പൊലീസെത്തി. മൂന്നു പേര്‍ ഗുരുതര പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടു. പ്രതീഷിന്റെ പാട്ടുകേള്‍ക്കാന്‍ നാദിറ നിന്നിടത്താണ് ബോംബ് വീണ് പൊട്ടിയത്. ഇതു കുറേ രാത്രികളില്‍ ഇരുവരുടേയും ഉറക്കം കെടുത്തുന്ന പേടിസ്വപ്നമായി മാറി. 

പ്രശ്‌നം രാഷ്ട്രീയമായിരുന്നു. അന്നാ പ്രദേശത്ത് മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പരസ്യ പ്രവര്‍ത്തനത്തിനു പുറമെ, വര്‍ഗ്ഗീയ വിഷംനിറച്ച് ദുര്‍ഗന്ധം പരത്തുന്ന ചില ഒറ്റമുറി യോഗങ്ങള്‍ നടന്നുവരുന്നുണ്ടായിരുന്നു. മുഹമ്മദ് കരീമിനെപ്പോലുള്ളവര്‍ക്കു് ഇതറിയാമായിരുന്നു. അയാളേയും തങ്ങളുടെ കൂട്ടത്തിലാക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. ദേശത്താകെ വിതയ്ക്കപ്പെട്ട അരക്ഷിതാവസ്ഥയുടെ വിത്തുകളില്‍നിന്നാണ് ഈ രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇലകളും വേരും മുളച്ചത്. വെറുപ്പിന്റെ രാഷ്ട്രീയമാണവര്‍ പരത്തിയത്. മതത്തിന്റെ വര്‍ണ്ണച്ചില്ലുകള്‍ ചേരുവകളാക്കിയൊരുക്കിയ അസത്യത്തിന്റെ ഏറുപടക്കങ്ങള്‍ അവര്‍ ക്ഷിപ്രവിശ്വാസികളുടെ മനസ്സില്‍ കുഴിച്ചിട്ടു. ഞങ്ങള്‍ ഇവിടെയും എത്തിയിട്ടുണ്ട് എന്നതിന്റെ പരസ്യ പ്രതികരണമായിരുന്നു ഗാനമേളയിലേയ്ക്ക് എറിഞ്ഞു പൊട്ടിച്ച കൈബോംബ്. ഇലിഞ്ചിയം പിന്നെയുള്ള മൂന്നുമാസം പൊലീസ് ബന്തവസ്സിലായിരുന്നു. 

ഇതിനിടയില്‍ ഒരു ദിവസം ഉച്ചയൂണിന്റെ സമയത്താണ് ചില പുതിയ സംഭവങ്ങള്‍ അവന്റെ നാട്ടില്‍ നടന്നതായി പ്രതീഷ് പറഞ്ഞത്. ഇലിഞ്ചിയം ജംഗ്ഷനില്‍ മുന്‍പ് പരിചയമില്ലാതിരുന്ന രണ്ട് പാര്‍ട്ടികളുടെ കൊടിമരം പുതിയതായി സ്ഥാപിക്കപ്പെട്ടു. അവയുടെ ലോഹത്തണ്ടുകളില്‍ നോട്ടീസ് ബോര്‍ഡുകളുമുണ്ടായിരുന്നു. ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോഴാണ് ഇത് സംഭവിച്ചത്. ആളുകള്‍ സംശയത്തോടെ പരസ്പരം നോക്കി. 

യുക്തിവാദി സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായ റാഫി നീണ്ടതാടിയുമായി പ്രത്യക്ഷപ്പെട്ടതാണ് മറ്റൊരു സംഭവം. സംഘത്തിന്റെ ദിവ്യാല്‍ഭുതനാവരണ പരിപാടിയുടെ മുഖ്യ അവതാരകനായിരുന്നു റാഫി. അന്ധവിശ്വാസങ്ങള്‍ പടുത്തുയര്‍ത്തിയ ഇരുട്ടിലേക്ക് അവയെ ചോദ്യം ചെയ്യുന്ന വെളിച്ചത്തിന്റെ നാവുകളായി മാറി അവന്റെ ഈ പരിപാടി. തെരുവോരങ്ങള്‍ അവന്റെ പ്രകടനത്തിനു സാക്ഷ്യം വഹിച്ചു. അവിടങ്ങളില്‍ ചിലപ്പോഴൊക്കെ വിശ്വാസികളുടെ ഉരസലുകള്‍ക്കും അവന്‍ വിധേയനായി. താടി നീട്ടിയതിനെക്കുറിച്ച് പ്രതീഷ് അവനോട് ചോദിച്ചു. ഇതാണ് ''കൂടുതല്‍ ശരി...'' എന്ന് റാഫി പ്രതികരിച്ചതായി പ്രതീഷ് പറഞ്ഞു. ഈ 'കൂടുതല്‍ ശരി'യുടെ അര്‍ത്ഥമെന്തെന്ന് ആര്‍ക്കും മനസ്സിലായില്ല. 

കാര്യമായ മോഷണങ്ങളൊന്നും നടന്നിട്ടില്ലാത്ത ഇലിഞ്ചിയത്ത് മേല്‍വിള എന്ന സ്ഥലത്ത് രാജന്റെ വീട്ടില്‍നിന്നും ആട് മോഷണം പോയത് വലിയ വാര്‍ത്തയായിരുന്നു. രാജന്‍ പൊലീസില്‍ പരാതിപ്പെട്ടു. രണ്ടു ദിവസം കഴിഞ്ഞ് ദൈവപ്പുരമലയിലെ തുറസ്സായ പറമ്പില്‍ ആടിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതായി നാട്ടുകാര്‍ കണ്ടെത്തി. പൊലീസെത്തി. വിശദമായ പരിശോധന നടന്നു. ഒരു നിശ്ചിത അതിര്‍ത്തിക്കുള്ളില്‍ കുറേപ്പേര്‍ ചേര്‍ന്ന് ഒരാടിനെ വെട്ടിക്കൊന്നതാണെന്ന് തെളിവുകള്‍ സംസാരിച്ചു. നാട്ടുകാര്‍ ഭീതിയിലായി. ആടില്‍നിന്നു മനുഷ്യനിലേക്കുള്ള ദൂരം ചെറുതാണെന്ന ചിന്ത അവരിലേയ്ക്ക് അരിച്ചുകയറി. 

നാട്ടില്‍ പാട്ട് പരിപാടിയൊന്നുമുണ്ടായിരുന്നില്ലെങ്കിലും ക്ലാസ്സിലെ മൂളിപ്പാട്ടുകളും ഉച്ചഭക്ഷണ വേളകളിലെ പാട്ടുകളും പ്രതീഷ് തുടര്‍ന്നുവന്നു. ഇതിനിടയില്‍ അവന്‍ ചോറു കൊണ്ടുവരാന്‍ തുടങ്ങി. പുതിയ വട്ടപ്പാത്രത്തില്‍ ചോറും കറികളും. പാത്രത്തില്‍ മിക്കപ്പോഴും ഇറച്ചിയുണ്ടാവും എന്നതാണ് മറ്റുള്ളവരെ ആവേശഭരിതരാക്കിയിരുന്നതു്. അവന്റെ ചോറുപാത്രം മറ്റാരുടേതിനേക്കാളും കൊതിപെരുപ്പിക്കുന്നതാണെങ്കിലും ഇതിലെന്തോ ദുരൂഹതയുള്ളതായി തോന്നിയിരുന്നു. ഒരിക്കലും ചോറു കൊണ്ടുവരാത്തവന്‍ പെട്ടെന്നൊരു ദിവസം കൊണ്ടു വന്നതിന്റെ പിന്നിലെ ചേതോവികാരം എന്തെന്നു ചോദിച്ചെങ്കിലും അവന്‍ പ്രതികരിച്ചില്ല. വ്യക്തിപരമായി ഒരാള്‍ പറയാന്‍ ആഗ്രഹിക്കാത്തതൊന്നും അറിയാന്‍ ആഗ്രഹിക്കരുതെന്ന ഉദാത്ത തത്ത്വം ക്ലാസ്സില്‍ ഏതോ അദ്ധ്യാപകന്‍ പറഞ്ഞതു മനസ്സില്‍ തറച്ചുനിന്നതിനാല്‍ കൂടുതലായൊന്നും ചോദിച്ചില്ല. 

സെക്കന്റ് ഇയര്‍ പ്രീഡിഗ്രി ക്ലാസ്സുകള്‍ അവസാനിക്കാറായി. ഒന്നാംവര്‍ഷത്തെ മാര്‍ക്ക് കൂട്ടിയെഴുതി ഫലം നിര്‍ണ്ണയിക്കുന്നതിനാല്‍ ആരൊക്കെ പ്രീഡിഗ്രി കടന്നുകൂടുമെന്നത് ഏറെക്കുറെ വ്യക്തമായിരുന്നു. കോ-ഓപ്പറേറ്റീവ് കോളേജിലെ യാത്രയയപ്പു പരിപാടി ഒരു ഞായറാഴ്ചയായിരുന്നു. എല്ലാ അദ്ധ്യാപകരും പ്രീഡിഗ്രി ബാച്ചിനെ അഭിനന്ദിച്ചുകൊണ്ടാണ് സംസാരിച്ചത്. ഭാവിജീവിതത്തെക്കുറിച്ചുള്ള ആശങ്കകളും പ്രതീക്ഷകളും പങ്കുവയ്ക്കപ്പെട്ടു. അവസാനം അരങ്ങേറിയ കലാപരിപാടികളില്‍ പ്രതീഷിന്റെ പാട്ടുമുണ്ടായിരുന്നു. ഇക്കുറി അവന്റെ പാട്ട് കേള്‍ക്കാന്‍ നാദിറ ഇരുന്നിരുന്നത് ഏറ്റവും പിറകിലെ ബഞ്ചിലായിരുന്നു. അവളുടെ കണ്ണുകളില്‍ പഴയ തിളക്കം ഉണ്ടായിരുന്നില്ല. അന്നാദ്യമായി ധരിച്ചു വന്ന പര്‍ദ്ദയ്ക്കുള്ളില്‍ അവള്‍ വളരെ അസ്വസ്ഥയായി കാണപ്പെട്ടു. 

കലാപരിപാടികളും നന്ദിവാക്കും കഴിഞ്ഞ് എല്ലാവരും പരസ്പരം യാത്ര പറഞ്ഞു. ചിലര്‍ക്കെങ്കിലും ഓട്ടോഗ്രാഫുണ്ടായിരുന്നു. പര്‍ദ്ദധാരണത്തെക്കുറിച്ച് രണ്ട് വാക്ക് ചോദിക്കണമെന്നു കരുതി നാദിറയ്ക്കടുത്തേയ്ക് ചെന്നപ്പോള്‍ അവള്‍ പ്രതീഷുമായി രഹസ്യമായി സംസാരിക്കുകയായിരുന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മേശപ്പുറത്തുനിന്നു പുസ്തകങ്ങള്‍ ബാഗിലാക്കുന്ന തിരക്കില്‍ അവളുടെ ചോറ്റുപാത്രം ശ്രദ്ധയില്‍പ്പെട്ടു. ഒരാഴ്ച മുന്‍പ് വരെ പ്രതീഷ് ചോറു കൊണ്ടുവന്നിരുന്ന ചോറ്റുപാത്രമായിരുന്നു അത്. പ്രതീഷ് അതെടുത്ത് ബാഗില്‍ വയ്ക്കാന്‍ നല്‍കിയപ്പോള്‍ അവള്‍ നിരാശയോടെ അവനെ നോക്കുന്നത് കണ്ടു. അവന്‍ മുഖം തിരിച്ചുകളഞ്ഞു. പിരിമുറുക്കത്തിന്റെ മുള്ളുകള്‍ പൊന്തിനില്‍ക്കുന്ന സന്ദര്‍ഭമായതുകൊണ്ട് നാദിറയുടെ പര്‍ദ്ദധാരണത്തെക്കുറിച്ച് ചോദിച്ചില്ല. ഇരുവരും വര്‍ക്ഷോപ്പുകള്‍ക്കിടയിലൂടെയുള്ള ഊടുവഴിയില്‍ മറയുന്നതുവരെ നോക്കിനിന്നു. 

പിന്നീടൊരു ദിവസം നെടുമങ്ങാട് സ്റ്റാന്റില്‍ വച്ചാണ് പ്രതീഷിനെ അവസാനമായി കണ്ടത്. പ്രീഡിഗ്രി പരീക്ഷയ്ക്ക് മുന്‍പായിരുന്നു അത്. അവന്റെ ഇടതുകയ്യില്‍ പ്ലാസ്റ്ററിട്ടിരുന്നു. അതേപ്പറ്റി ആരാഞ്ഞു. ഇലിഞ്ചിയത്തിനടുത്ത് കട്ടയ്ക്കാല്‍ പഞ്ചിയമ്മന്‍ ക്ഷേത്രമൈതാനത്ത് അടുത്തിടെ ആരംഭിച്ച വ്യായാമ പരിശീലനത്തിനിടയില്‍ വീണ് കയ്യൊടിഞ്ഞതാണെന്ന് അവന്‍ പറഞ്ഞു. കൂടുതല്‍ സംസാരിക്കാന്‍ അവന്‍ വിമുഖത കാട്ടി. അപ്പോഴേക്കും ഇടിഞ്ഞാര്‍ ഫാസ്റ്റ് സ്റ്റാന്റില്‍ പിടിച്ചു. ബസ് അകന്നുപോയെങ്കിലും അവന്റെ നെറ്റിയില്‍ സ്ഥാനംപിടിച്ച കുങ്കുമപ്പൊട്ട് മനസ്സില്‍നിന്നും മാഞ്ഞില്ല. സംസാരിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ അവനും പറഞ്ഞേനെ ''ഇതാണ് കൂടുതല്‍ ശരിയെന്ന്...''

ഉറക്കെയുള്ള ഹോണ്‍ മുഴക്കത്തോടൊപ്പം ബസ് ഞരങ്ങിനിന്നു. കൈമുട്ട് മുന്‍പിലത്തെ കമ്പിയില്‍ ചെന്നിടിച്ചപ്പോഴാണ് പഴയ പ്രീഡിഗ്രി കാലത്തില്‍നിന്നും ചിന്തകള്‍ വിടുതല്‍ പ്രാപിച്ചത്. ഏതോ ബൈക്കുകാരനുമായി ബസ് ഡ്രൈവര്‍ തര്‍ക്കിക്കുന്നു. ഓവര്‍ടേക്ക് ചെയ്തതാണ് പ്രശ്‌നം. ചിലര്‍ എഴുന്നേറ്റ് നോക്കി. മറ്റു ചിലര്‍ ഇരുപക്ഷവും തൊടാതെ സുരക്ഷിതമാര്‍ഗ്ഗം സ്വീകരിച്ചുകൊണ്ട് തത്ത്വങ്ങള്‍ വിളമ്പാന്‍ തുടങ്ങി. കൈമുട്ട് തടവി കാത്തിരുന്നു. തീരുന്ന മട്ടില്ല. എത്തിനോക്കി. ഡ്രൈവറും ബൈക്കുകാരനും കൈചൂണ്ടിക്കൊണ്ടുള്ള ആക്രോശം തുടരുകയാണ്. 

മൊബൈലെടുത്തു. പതിനൊന്നേ കാലിനു മുന്‍പ് പഞ്ച് ചെയ്തില്ലെങ്കില്‍ ഇന്ന് ഹാഫ്ഡേ ലീവാകും. ആര്‍ക്കും രക്ഷിക്കാനാവില്ല. പ്രൊമോഷനായി വന്ന സൂപ്രണ്ട് രജനി കര്‍ക്കശക്കാരിയാണ്. താഴെയുള്ള ജീവനക്കാരോട് പരമപുച്ഛമുള്ള സ്ത്രീ. അല്ലെങ്കില്‍ത്തന്നെ പഞ്ചിങ്ങായതുകൊണ്ട് അവര്‍ക്കൊന്നും ചെയ്യാനുമില്ല. 

തൊട്ടടുത്തിരുന്നയാള്‍ എന്തൊക്കെയോ പറഞ്ഞു. പ്രതികരിച്ചില്ല. താല്പര്യക്കുറവ് മനസ്സിലാക്കിയ അയാള്‍ പിന്നീട് മിണ്ടാതിരുന്നു. ഡ്രൈവറോടൊപ്പം കണ്ടക്ടറും തര്‍ക്കത്തില്‍ പങ്കുചേര്‍ന്നു. മുന്‍പോട്ടു ചെന്നു നോക്കി. വലതുഭാഗത്ത് രണ്ട് സീറ്റിനപ്പുറം ഒരു പൊലീസുകാരനും മറ്റൊരാളും ഇരുപ്പുണ്ടു്. ഇത്ര നേരമായിട്ടും പൊലീസുകാരന്‍ പ്രതികരിക്കുന്നില്ല. അതിനു കാരണമുണ്ട്. അയാളുടെ ഇടതുഭാഗത്ത് ഒരു കയ്യില്‍ വിലങ്ങണിഞ്ഞുകൊണ്ട് ഒരു പ്രതി ഇരിക്കുന്നു. ആറ്റിങ്ങല്‍ കോടതിയിലേക്കുള്ള യാത്രയായിരിക്കാം... 
പുറത്തെ തര്‍ക്കം തുടര്‍ന്നു. പ്രതിയില്‍നിന്നു കണ്ണെടുക്കാന്‍ തോന്നിയില്ല. ഇരുണ്ടതെങ്കിലും മുന്‍പരിചയം തോന്നിച്ച മുഖമായിരുന്നു അയാളുടേത്. ബഹളങ്ങളൊന്നും ശ്രദ്ധിക്കാതെ അയാള്‍ പുറത്തേയ്ക്ക് നോക്കിയിരിക്കുന്നു. തലമുടി പറ്റെ വെട്ടിയിരിക്കുന്നു. നിറംമങ്ങിയ ഷര്‍ട്ട്. കവിളില്‍ ആഴത്തില്‍ പറ്റിയ മുറിവിന്റെ കലയുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തില്‍നിന്നും ബന്ധം വിച്ഛേദിച്ച ഉപഗ്രഹംപോലെയാണ് ആ കണ്ണുകള്‍ വിദൂരതയിലേയ്ക്ക് കാഴ്ച പറിച്ചെറിഞ്ഞിരിക്കുന്നത്. പൊതുസ്ഥലങ്ങളിലൂടെ വിചാരണയ്ക്ക് കൊണ്ടുപോകുന്ന മിക്ക പ്രതികള്‍ക്കും ഇതേ ഭാവം തന്നെയാണുള്ളതെന്നു നിരീക്ഷിച്ചിട്ടുണ്ട്. അവര്‍ തുറിച്ച നോട്ടങ്ങളില്‍പ്പെട്ട് തളരുകയോ തലകുനിക്കുകയോ ഇല്ല. കണ്ണുകള്‍ പ്രത്യേകിച്ചൊരു ബിന്ദുവിലും കേന്ദ്രീകരിക്കാതെ തലയുയര്‍ത്തി നടന്നുപോകും. 

കുറേക്കൂടി അടുത്തേയ്ക്ക് നീങ്ങിനിന്നു. ഇടയ്ക്ക് പൊലീസുകാരന്‍ എഴുന്നേറ്റ് പുറത്തേയ്ക്ക് നോക്കി. പരിസരബോധം നഷ്ടപ്പെട്ട് അകലേയ്ക്ക് നോക്കിയിരിക്കുന്ന ഈ മുഖം പരിചയമുണ്ടെന്ന് ഉപബോധമനസ്സില്‍ തോന്നിയതില്‍നിന്നാണ് ഓര്‍മ്മയുടെ ചൂണ്ടക്കൊളുത്തുകള്‍ വര്‍ഷങ്ങള്‍ക്കപ്പുറത്തെ ചാകരക്കോളു തേടി ഊളിയിട്ടത്. 

ശരിയാണ്... നേര്‍ത്ത ശബ്ദത്തില്‍ ഒരു മൂളല്‍ ഒഴുകിവരുന്നുണ്ട്. 'പ്രതീക്ഷ' എന്ന ചിത്രത്തില്‍ ഒ.എന്‍.വിയെഴുതി സലില്‍ ചൗധരി ഈണമിട്ട് യേശുദാസ് പാടിയ ആ ഗാനം: ''ഓര്‍മ്മകളേ...'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com