'ജീവന്റെ വൃക്ഷം'- ജിസ ജോസ് എഴുതിയ കഥ

നിങ്ങള് പനങ്കുറുക്ക് കഴിച്ചിട്ടുണ്ടോ? നല്ല വെളുത്തിരിക്കും. കുഴിയൊള്ള പിഞ്ഞാണത്തില് വിളമ്പീട്ട് തലേന്നത്തെ മീങ്കറിയോ ചക്കക്കുരുമാങ്ങാക്കറിയോ ഒഴിക്കണം
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

''നിങ്ങള് പനങ്കുറുക്ക് കഴിച്ചിട്ടുണ്ടോ? നല്ല വെളുത്തിരിക്കും. കുഴിയൊള്ള പിഞ്ഞാണത്തില് വിളമ്പീട്ട് തലേന്നത്തെ മീങ്കറിയോ ചക്കക്കുരുമാങ്ങാക്കറിയോ ഒഴിക്കണം. രണ്ടായാലും ഇച്ചിരെ കേടാവാന്‍ തൊടങ്ങീതാരിക്കണം. അന്നേരവാ അതിന്റെ രുചിയങ്ങു ശരിക്കു കിട്ടുക. കുറുക്കും കറീം കൂടി പിഞ്ഞാണത്തിലു പരക്കണം. എന്നിട്ടിങ്ങനെ ഇത്തിരീശ്ശെ കോരിക്കുടിക്കണം. സ്പൂണുകൊണ്ടല്ല, എല്ലാ വിരലുകൊണ്ടും കോരിക്കുടിക്കണം.''

ശേബയുടെ ശബ്ദത്തില്‍ കോരിക്കുടിക്കുന്നതിന്റെ സീല്‍ക്കാരം തുളുമ്പി. ഈ സാധനമെന്താണെന്നു വലിയ പിടികിട്ടാത്തതുകൊണ്ട് ഞാനും ജ്യോതിയും മിണ്ടാതിരുന്നതേയുള്ളൂ. ജ്യോതിക്ക് കുറച്ച് അറപ്പു വരുന്നതുപോലെയും തോന്നി. ഭക്ഷണമേശയിലെ അതിരുവിട്ട ഒച്ചകള്‍ സഹിക്കാന്‍ പ്രയാസമുള്ള ആളാണ്. 

ഓഫീസിലെ സേവ്യര്‍ നല്ല പനങ്കള്ളു കൊണ്ടുവന്നു തരാമെന്നു പറഞ്ഞതുകൊണ്ട് ഞങ്ങളതിനു കാത്തിരിക്കുകയായിരുന്നു. 

സേവ്യര്‍ ഇങ്ങോട്ടു വാഗ്ദാനം ചെയ്തതാണ്. കാന്റീനിലെ പതിവു പരിപ്പുകറിയും മീനിന്റെ പൊടിപോലും കാണാന്‍ കിട്ടാത്ത മീന്‍കറിയും വേവാത്ത ക്യാബേജുതോരനുമായി ചിക്കിപ്പെറുക്കിയിരിക്കുമ്പോള്‍, നാളെ നല്ലൊരു സണ്‍ഡേ, ഇച്ചിരെ കള്ളും നല്ല എരിവൊള്ള ചെമ്മീന്‍ റോസ്റ്റും കിട്ടിയാല്‍ പൊളിയല്ലേ എന്ന ചോദ്യവുമായി അവന്‍ എതിര്‍വശത്തു വന്നിരിക്കുകയായിരുന്നു. ഓ, അതിനു കള്ളൊക്കെ എവിടുന്നു കിട്ടാനാന്ന് ജ്യോതി പിറുപിറുത്തു.

''കിട്ടിയാലും നല്ലതാണോന്നാര്‍ക്കറിയാം. കേരളത്തില് ചെത്തുന്ന കള്ളിന്റേം ഇവിടുത്തെ ഷാപ്പുകളിലു വിറ്റുപോകുന്ന കള്ളിന്റേം അളവില് അജഗജാന്തരമൊണ്ടെന്ന് എപ്പഴോ വായിച്ചിരുന്നു. ഒറിജിനലൊന്നുമായിരിക്കില്ല, വല്ലതുമൊക്കെ കലക്കി അതേ നിറത്തിലും രുചീലും തരുന്നതാണ്. കരളും കണ്ണും അടിച്ചു പോകാനായിട്ട്.''

''എന്റെ ജ്യോതി സാറേ, ഇതു സാക്ഷാല്‍ പനങ്കള്ള്. മായോം മറിമായോം ഒന്നുമില്ല. പനേന്നിങ്ങ് ചെത്തിയെറക്കിയ ഉടനെ. അതുവല്ല ഇനീപ്പോ മായം ചേര്‍ത്താത്തന്നെ കള്ളു മാത്രം കുടിക്കുന്ന ആരേലും ഇതുവരെ സിറോസിസു വന്നു ചത്തുപോയിട്ടൊണ്ടോ? അതൊക്കെ ഫോറിന്‍ ലിക്വറു അടിക്കുന്നോരല്ലേ. കള്ളു മൊത്തം പ്രോട്ടീനാ. എന്നാ മായം കള്ളിലു ചേര്‍ത്താലും അതങ്ങു നിര്‍വീര്യമായിക്കോളും. ഗര്‍ഭിണികള്‍ക്കുപോലും കണ്ണുമടച്ചു കുടിക്കാം, സുഖപ്രസവം.

ആരോഗ്യോം നെറോമൊള്ള കുഞ്ഞ് ഒണ്ടാകുമെന്നു ഗ്യാരന്റിയാ.'' സേവ്യറിനെ അധികം പ്രോത്സാഹിപ്പിക്കണ്ട എന്നും അയാളുടെ പ്രോട്ടീന്‍ തിയറി വിശ്വസിച്ചെന്നു കരുതണ്ട എന്നും തോന്നിയതുകൊണ്ട് ഞങ്ങള്‍ ഭക്ഷണം വേഗം അവസാനിപ്പിച്ച് എഴുന്നേറ്റു. കൈ കഴുകുന്നതിനിടയില്‍ അയാള്‍ടെ അമ്മ ഗര്‍ഭകാലത്തു കള്ളായിരിക്കും സ്ഥിരം കുടിച്ചതെന്നും ചുമ്മാതല്ല ഇങ്ങനെ വെള്ളപ്പാറ്റയെപ്പോലിരിക്കുന്നതെന്നും ജ്യോതി ശബ്ദം താഴ്ത്തി കളിയാക്കി. 

''ഞാന്‍ നാളെ കൊണ്ടുവരുവേ.'' 

പൈസ കൊടുത്ത് കാന്റീനില്‍നിന്നിറങ്ങുമ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു. സത്യം പറഞ്ഞാല്‍ സേവ്യറുമായിട്ടുള്ള കള്ളു കച്ചവടത്തിനു ഞങ്ങള്‍ക്കു വലിയ താല്പര്യമൊന്നുമില്ല. അഞ്ചാറുമാസം മുന്‍പൊരിക്കല്‍ ജ്യോതിക്ക് ബ്രാണ്ടി കുടിക്കണമെന്നു കനത്ത ആഗ്രഹം തോന്നുകയും ഒന്നാം തീയതിയും ഗാന്ധിജയന്തിയുമൊക്കെയായിട്ട് രണ്ടു ദിവസത്തേക്ക് നോക്കുകേ വേണ്ടെന്ന അവസ്ഥ വരികയും ചെയ്തപ്പോഴാണ് ഞങ്ങള്‍ ആദ്യമായി അവന്റെ സഹായം തേടിയത്. ചോദിച്ച ബ്രാന്‍ഡല്ലെങ്കിലും കൊണ്ടുവന്നു തന്നു. പൈസയും അധികമൊന്നും വാങ്ങിയില്ല. പിന്നെയും ഇടയ്‌ക്കൊക്കെ അവന്‍ എത്തിച്ചു തന്നിട്ടുണ്ട്; ചിലപ്പോള്‍ ചോദിക്കാതെ തന്നെ. ഓഫീസു മുഴുവന്‍ അതൊക്കെയവന്‍ പാട്ടാക്കിയിട്ടുണ്ടെന്നുറപ്പാണ്. എന്തായാലും കൊണ്ടുവരട്ടെ, ഞായറാഴ്ച ഒന്നു സ്പെഷ്യലാക്കാമല്ലോന്നോര്‍ത്ത് അവനോട് ആയ്‌ക്കോട്ടെ എന്നു പറയുകയായിരുന്നു ഞങ്ങള്‍.
ശേബ ഞങ്ങളുടെ ഹൗസോണറാണ്. താഴത്തെ നിലയില്‍ ഒറ്റയ്ക്കാണ് താമസം. രാവിലെ ഞാനെണീക്കുമ്പോള്‍ ചെടി നനക്കുകയായിരുന്നു ശേബ. അതു കുറേയുണ്ടുതാനും. പള്ളിയില്‍ പോയി തിരിച്ചുവന്നതായിരിക്കും. ഓഫ് വൈറ്റില്‍ പിങ്ക് പൂക്കള്‍ ചിതറിയ ഓര്‍ഗന്‍സ സാരി എളീലോട്ടു കയറ്റിക്കുത്തിയിട്ടാണ് നനക്കല്‍. വെള്ളത്തുള്ളികള്‍ തുളുമ്പുന്ന കയ്യും മുഖവും വെള്ള സാരിയുമൊക്കെയായി ശേബയെ കണ്ടപ്പോള്‍ എനിക്ക് അപ്പോ വിടര്‍ന്ന ലില്ലിപ്പൂവിനെപ്പോലെ തോന്നി. ആ ചിന്തയില്‍ ബത്ശേബാ രാജകുമാരീന്നു ഞാനുറക്കെ വിളിക്കുകേം ചെയ്തു.

ശേബ മുകളിലേക്കു നോക്കി. ഗുഡ് മോണിങ് പറഞ്ഞു. ബത്ശേബ, രാജകുമാരിയല്ലെന്നു പതിവുപോലെ ഓര്‍മ്മിപ്പിച്ചു. പക്ഷേ, പിന്നീട് രാജ്ഞിയായല്ലോ, എന്നു ഞാന്‍ പതിവുപോലെ എന്റെ ബൈബിള്‍ പരിജ്ഞാനവും വിളമ്പി. ഒളിസേവകൊണ്ടു രാജ്ഞിയായവളുടെ പേരൊന്നും എന്നെ വിളിച്ചേക്കല്ലേ കൊച്ചേ, ഞാന്‍ ഒന്നാന്തരം കുലസ്ത്രീയാ എന്ന് ശേബ ഉറക്കെച്ചിരിച്ചു.

ബ്രേക്ക്ഫാസ്റ്റ് കഴിച്ചോന്നും പള്ളിയില്‍ പോയിട്ടു നേരത്തെ എത്തിയോന്നുമൊക്കെയുള്ള കുശലങ്ങള്‍ കൈമാറിയതിനു ശേഷം ഞാന്‍ ശേബയെ വരുന്നോ എന്നു മുകളിലേക്കു ക്ഷണിച്ചു. 

''എന്നാ കോള്?''

ശേബ പൈപ്പടച്ച് ഹോസു മടക്കിയിട്ട് ഉറക്കെ ചോദിച്ചു.

''പനങ്കള്ളും ചെമ്മീന്‍ റോസ്റ്റും.''

''ആഹാ! കൊള്ളാലോ. എവ്ട്ന്നാ ഇപ്പോ കള്ള്? ഞാനിച്ചിരെ കപ്പപ്പുഴുക്ക് ഒണ്ടാക്കീട്ടുണ്ട്. അതും കൂടി എടുത്തേച്ച് വെക്കം വരാം.''

അത്ര തിരക്കുകൂട്ടണ്ട, സാധനം എത്തുന്നതേ ഉള്ളുവെന്ന് ശേബയോടു പറഞ്ഞിട്ട് ഞാന്‍ കേറിപ്പോന്നു. ശേബ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമേ കുക്ക് ചെയ്യൂ. അതുകൊണ്ട് ബാക്കി ദിവസങ്ങളും ഒപ്പിക്കും. എന്നാ ബോറാ ഈ കുക്കിങ് എന്നാണ് പറയുക. ഞായറാഴ്ച ആയതു കൊണ്ടാവും ഇന്നു കപ്പയുണ്ടാക്കിയത്. കപ്പപ്പുഴുക്കും ചെമ്മീനും പനങ്കള്ളും! കലക്കും. കുറച്ചു കഴിഞ്ഞപ്പോള്‍ വേഷം മാറി ചെറിയൊരു കാസറോളുമായി ശേബ കേറിവന്നു. ഓറഞ്ചുനിറമുള്ള കാമിസോളിലും മുട്ടറ്റമുള്ള ഷോട്സിലും ശേബയെ കാണാന്‍ ചെറിയ കുട്ടിയെപ്പോലുണ്ട്. എന്നെക്കാളും ജ്യോതിയെക്കാളും ചെറിയ പെണ്‍കുട്ടി. 
''നിങ്ങടെയീ സേവ്യറിന് കള്ളു കച്ചവടം പണ്ടേ ഒണ്ടോ?''

ശേബ ചോദിച്ചു. ഞങ്ങള്‍ക്കതറിയില്ല. സേവ്യറിന് പലതരം സൈഡ് ബിസിനസുകളുണ്ടെന്നല്ലാതെ ഇന്നതൊക്കെയാണെന്നു പറയാന്‍ വയ്യ. എന്തു കാര്യത്തിനും അയാളെ ആശ്രയിക്കാം. അതിപ്പോ മിലിട്ടറി ക്വാട്ട കിട്ടാനായാലും വീട്ടിലെ കേടായ പൈപ്പു മാറ്റാന്‍ പ്ലംബറെ കൊണ്ടുവരാനായാലും. പിന്നെ ചിലപ്പോള്‍ ഇതുപോലെ ഇങ്ങോട്ടുള്ള വാഗ്ദാനങ്ങളും. അവന്റെ ഭാര്യയ്ക്ക് കാറ്ററിങ് ഉണ്ടത്രേ. ഇന്ന് ചെമ്മീന്റോസ്റ്റു കൊണ്ടരാമെന്നാണ് പറഞ്ഞിരിക്കുന്നത്. നല്ല എരിവും പുളിയുമുള്ള തുടുതുടാന്നിരിക്കുന്ന ഗ്രേവി. ഓര്‍ക്കമ്പഴേ വായിലു വെള്ളം വരുന്നു. 

''സേവ്യറിന്റെ പറമ്പില് നിറയെ പന കാണും അല്ലേ? പന നന്നായി വളരും. പ്രത്യേക ശുശ്രൂഷയൊന്നും വേണ്ട. ചുമ്മാതല്ല, ദുഷ്ടനെ ദൈവം പനപോലെ വളര്‍ത്തും എന്നു വേദപുസ്തകത്തിലു പറഞ്ഞേക്കുന്നേ. നിങ്ങള് കേട്ടിട്ടില്ലേ?''

ശേബ പൊട്ടിച്ചിരിച്ചുകൊണ്ട് കാസറോള്‍ ഡൈനിങ് ടേബിളില്‍ വെച്ചു. 

''എന്താ അയാളു വരാത്തത്? രാവിലെ ചെത്തിയിറക്കുന്നപാട് കൊണ്ടുവരാമെന്നല്ലാരുന്നോ പറഞ്ഞേ? നട്ടുച്ചയ്ക്കാണോ അയാള്‍ടെ നാട്ടില്‍ കള്ളു ചെത്തുന്നേ?''

ജ്യോതി അക്ഷമയോടെ പിറുപിറുത്തു. അന്നേരമാണ് ശേബ പനങ്കുറുക്കിനെക്കുറിച്ചു പറഞ്ഞത്. കേട്ടിട്ടു ഞങ്ങള്‍ക്കു പ്രത്യേകിച്ച് കൊതിയൊന്നും തോന്നിയില്ല. കുറുക്കിന്റെ കുഴമ്പു സ്വഭാവവും വഴുവഴുപ്പും എനിക്കൊട്ടിഷ്ടവുമില്ല. ആ കാരണം കൊണ്ട് സൂപ്പുപോലും കുടിക്കാത്തയാളാണ് ഞാന്‍. 

''സേവ്യറു വരുമ്പം പറമ്പില് കുലയ്ക്കാത്ത കൊടപ്പന ഒണ്ടോന്നു ചോദിക്കണേ പദ്മേ, ഒണ്ടേല്‍ ഒരെണ്ണം തരുവോന്നും. വെറുതെയല്ല, കാശിന്.''

''എന്തിനാ? വല്ലപ്പോഴും നമുക്ക് ഇങ്ങനെ കള്ളുകിട്ടിയാ അതുപോരേ? പന എന്തിനാ? ശേബക്ക് വല്ല മരപ്പണിയും ചെയ്യിക്കാനാണോ?''

ജ്യോതി ചോദിച്ചു. ശേബ പിന്നെയും ചിരിച്ചു. ശേബക്ക് എപ്പോഴും ചിരിക്കണം. അതും ഉച്ചത്തില്‍. ടി.വിയിലെ കോമഡി പരിപാടികളും വാട്സ്ആപ്പിലു കിട്ടുന്ന ട്രോളുകളും എന്നു തുടങ്ങി സകലതില്‍നിന്നും ചിരിക്കാനുള്ള വക ശേബ കണ്ടെത്തിക്കൊള്ളും. ഇപ്പോ ചാനലുകളിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ ചെറിയ ക്ലിപ്പിങ്സ് യൂട്യൂബിലു കിട്ടുന്നതാണ് ശേബയുടെ ദൗര്‍ബ്ബല്യം. ഉത്തരം മുട്ടി ഓരോരുത്തരു പ്ലിങ്ങിയിരിക്കുന്നതു ഓര്‍ത്തോര്‍ത്തു ചിരിച്ചുമറിയും. 

''എന്റെ കൊച്ചേ, കള്ളുചെത്തുന്ന പനയല്ല ഞാന്‍ ചോദിച്ചത്, അതു കാളിപ്പന. ഇതു കൊടപ്പന. അതുമല്ല പനേടെ തടിക്ക് ഒരുറപ്പുമില്ല; മരപ്പണിക്കു കൊള്ളത്തില്ല. എനിക്ക് ഇച്ചിരെ പനമ്പൊടി ഒണ്ടാക്കണം. അതിനു വേണ്ടീട്ടാ. പന കിട്ടിയാല്‍ ചിലപ്പോ മില്ലിലൊക്കെ പൊടിച്ചു കിട്ടാന്‍ സാധ്യതയുണ്ട്.''

പനമ്പൊടിയെന്തിനാണെന്നു ഞാനും ജ്യോതിയും ഒന്നിച്ചാണേ ചോദിച്ചത്. കുറുക്ക് ഉണ്ടാക്കാനായിരിക്കുമെന്ന് ഞങ്ങള്‍ ഒരേ സമയം ഓര്‍ക്കുകയും ചെയ്തു. ഈ പൊടി പനയുടെ ഏതു ഭാഗത്തു നിന്നാണുണ്ടാക്കുന്നതെന്നു ഞങ്ങള്‍ക്കത്ര പിടിയില്ല. പനങ്കായ പൊടിച്ചിട്ടായിരിക്കുമോ? അതിനു പനയ്ക്ക് കായുണ്ടോ? കുലയ്ക്കാത്ത പന മുഴുവനായിട്ടു വേണമെന്നല്ലേ ശേബ പറഞ്ഞത്.

''പണ്ട് പങ്കുവെച്ചാ പന വെട്ടുന്നേ. ഒത്തിരി ഡിമാന്റുള്ളതല്ലേ കൊടപ്പന. പെര കെട്ടാന്‍ ഓലയ്ക്കും പിന്നെ കുടയുണ്ടാക്കാനും ഒക്കെ വേണം. കിട്ടാനെളുപ്പമല്ല. കുലയ്ക്കുന്നേനു മുന്നേ മുറിച്ചാലേ പൊടി കിട്ടത്തൊള്ളൂ. മൂന്നാലു പേരെങ്കിലും പങ്കിടും. അതിലു കൂടുതല്‍ ആവശ്യക്കാരു വരും. പക്ഷേ, കൂട്ടാന്‍ പറ്റൂല്ല. ആര്‍ക്കും തെകയാണ്ടുവരും. വെട്ടിവീഴ്ത്തി രണ്ടു ദിവസം വെയിലത്തു കെടന്ന് ഒന്നു വാടണം. എന്നിട്ടാ തോലുപൊളിക്കുക. 

എന്നാ പാടാന്നറിയാവോ? വെട്ടിയിട്ടേച്ച് ആണുങ്ങളു പൊയ്ക്കളയും. പിന്നത്തെ പണിയൊക്കെ പെണ്ണുങ്ങക്കാ. തടി ചെറിയ കഷണങ്ങളാക്കി കീറി തോലുപൊളിച്ച് ഒണക്കണം. നല്ല ഒണക്കയാ ഉരലിലിട്ട് ഇടിച്ച് പൊടിയാക്കണം. അപ്പടി നാരായിരിക്കും. പിന്നെയാ വല്യ പണി. ചെമ്പില് വെള്ളം നിറച്ച് മേലെ വൃത്തിക്ക് തുണി കെട്ടണം. ആ തുണീക്കൂടെ പൊടി അരിക്കണം. പനമ്പൊടി വെള്ളത്തിലലിയും. ആ വെള്ളം അനക്കാതെ രാത്രി മുഴുക്കെ വെച്ചാല്‍ തെളിയും. ഊറ്റിക്കളയണം. പുതിയ വെള്ളമൊഴിച്ച് പിന്നേം വെക്കണം. അങ്ങനെ മൂന്നാലു പ്രാവശ്യം ചെയ്ത് കട്ടു കളഞ്ഞേച്ച് ഊറിവന്ന പൊടി തുണീലുക്കെട്ടി പിഴിഞ്ഞു വെള്ളം കളഞ്ഞ് വൃത്തിയൊള്ള പായില് വിരിച്ച് വെയിലത്തിട്ട് ഉണക്കിയെടുക്കണം. എന്നിട്ട് കലത്തിലു നെറച്ച് സൂക്ഷിക്കും. അതൊണ്ടേല്‍ മഴക്കാലത്തൊക്കെ വല്യ സമാധാനമാ. ഇച്ചിരെ പൊടീം ഒത്തിരി വെള്ളോം ചേര്‍ത്ത് കുറുക്കിയാല്‍ എല്ലാര്‍ക്കും വയറു നെറച്ചു വെളമ്പാം.''

''ഓ! എന്തുമാത്രം സ്റ്റെപ്സാ! ആരേക്കൊണ്ടു പറ്റും? പനയൊന്നും വെട്ടിമുറിക്കാന്‍ നിക്കണ്ട ശേബാ, ചിലപ്പോ ലുലു മാര്‍ക്കറ്റിലൊക്കെ പൊടി കിട്ടുമായിരിക്കും, അവിടെ കിട്ടാത്തതെന്താ? അല്ലേല്‍ ശേബേടെ യു.എസ് കണക്ഷന്‍സ് വഴി ഒന്നു ശ്രമിക്ക്. അവിടെന്തായാലും കിട്ടും.''

ജ്യോതി പാതി തമാശയിലും പാതി കാര്യമായും പറഞ്ഞു. നിലത്ത് വേരു പടര്‍ത്തി തലയെടുപ്പോടെ നില്‍ക്കുന്ന ഒരു വന്‍മരം പൊടിച്ചെടുത്തു കോരിക്കുടിക്കാന്‍ പാകത്തില്‍ ഭക്ഷണവസ്തുവാക്കുന്നത് എന്നെയല്പം അത്ഭുതപ്പെടുത്തി. പണ്ടൊരു മരം ആരോ നിന്ന നില്‍പ്പിലു വിഷം തുപ്പി കരിച്ചുകളഞ്ഞ പുരാണകഥ അവ്യക്തമായി ഓര്‍മ്മയില്‍ തെളിഞ്ഞു

ഇത് അതിലും ഭയങ്കരം!

''തിന്നാനൊന്നുമില്ലാത്ത കാലത്ത്, എന്നേലും എങ്ങനെയേലും ഒണ്ടാക്കി കഴിക്കണംന്നല്ലാതെ അതിന് എത്ര സ്റ്റെപ്സ് വേണം, സമയം വേണം എന്നൊന്നും ആരും ഓര്‍ക്കത്തില്ല ജ്യോതി. പണ്ടൊക്കെ ഒന്നും പായ്ക്കറ്റില്‍ വാങ്ങാന്‍ കിട്ടത്തില്ലല്ലോ, വാങ്ങാനൊട്ടു കാശുമില്ല. പഴയ തലമുറയൊക്കെ കുറെ അനുഭവിച്ചു. പുല്ലും കായും മരവുമൊക്കെ കീറിമുറിച്ചും വേവിച്ചും തിന്നാന്‍ പാകത്തിലാക്കി. ഞങ്ങടെ കാലമായപ്പഴും ദാരിദ്ര്യത്തിനു മാത്രം പഞ്ഞമൊന്നുമില്ലാരുന്നു. ഈ പനമ്പൊടീം കൊണ്ടാ, വല്യമ്മച്ചീം അമ്മച്ചീമൊക്കെ ഞങ്ങടെ കുട്ടിക്കാലത്തെ സുഭിഷമാക്കീത്. എനിക്കിപ്പം ഇച്ചിരെ പനങ്കുറുക്കു കഴിക്കാനങ്ങു കൊതിയാകുവാ.''

ശേബ വിഷാദത്തോടെ പറഞ്ഞു. ഉള്ള പനയൊക്കെ വെട്ടിക്കീറി തിന്നിട്ട് നിങ്ങള് യക്ഷികളുടെ പാര്‍പ്പിടം കൂടി ഇല്ലാതാക്കി. കടന്നുകയറ്റവും മറ്റുള്ളോര്ടെ സ്പെയിസു കവരലും പണ്ടേ നിങ്ങളു നസ്രാണികളുടെ രക്തത്തിലു കലര്‍ന്നതാണല്ലോന്ന് ജ്യോതി ശേബയുടെ സങ്കടത്തെ നിസ്സാരമാക്കിച്ചിരിച്ചു.

''കൊച്ചേ അത് കരിമ്പന, ഇത് കൊടപ്പന. യക്ഷികള്‍ക്ക് കരിമ്പനയേ പറ്റത്തൊള്ളൂ. എത്രേം ഉയരവൊള്ളതാണോ അത്രേം നല്ലത്. ഉയരത്തോട് യക്ഷികള്‍ക്ക് ഭയങ്കര പ്രേമവാ. നിലത്തു ചവിട്ടാതെ പൊങ്ങിനടക്കുന്നതെന്നതാന്നാ വിചാരിച്ചേ? പിന്നെ ജ്യോതി, ഞങ്ങളു നസ്രാണികളെ നീ ചുമ്മാ കുറ്റം പറയരുത്. ചരിത്രം നോക്കിയേ, അധിനിവേശങ്ങളാ എല്ലാ സംസ്‌കാരങ്ങളേം ഡൈനമിക് ആക്കിയേന്നു മനസ്സിലാവുന്നില്ലേ? ഇന്ത്യേലു തന്നെ ഞങ്ങളു വന്നില്ലേ കാണാരുന്നു.''

''നല്ലൊരു ഞായറാഴ്ച ആയിട്ടു പച്ചയ്ക്കു വര്‍ഗ്ഗീയത പറയാതെ ജ്യോതീ, ശേബേ ഒന്നടങ്ങിയേ'' എന്നു ഞാന്‍ ഇരുവരേയും സമാധാനിപ്പിക്കാന്‍ നോക്കി. 

ജ്യോതി ഉറക്കെച്ചിരിച്ചു. ശേബ പക്ഷേ, കൂടെക്കൂടിയില്ല. അവള്‍ പനങ്കുറുക്കില്‍ കുമ്പിട്ടു കിടക്കുകയാണെന്നു തോന്നുന്നു.

''കല്യാണം കഴിഞ്ഞ കാലത്തൊരിക്കെ പനമ്പൊടീടെ കാര്യം വല്യ കൊതിയോടെ ഞാന്‍ പറഞ്ഞതേയൊള്ളൂ, കഞ്ഞിക്കു വകയില്ലാത്ത കുടുംബത്തീന്നാണല്ലോന്ന് പറഞ്ഞ് അച്ചായന്‍ പിന്നെ എപ്പഴും കളിയാക്കുമാരുന്നു; അങ്ങേര് എല്ലാത്തിനും കളിയാക്കും. അരിശവും പരിഹാസവുമാ മൂപ്പരടെ പ്രധാന ഭാവം. ഒട്ടും മനുഷ്യത്വമില്ലാത്ത വികാരങ്ങളാ അത്. നമ്മളെ ഇരിക്കുന്നിടത്ത്ന്ന് മായ്ചു കളയുന്ന പോലത്തെ ഏര്‍പ്പാട്. കൊച്ചുപിള്ളേര് മായ്ക്കാനുള്ള റബ്ബറ് കൊണ്ട് എഴുതീത് അമര്‍ത്തി മായ്ക്കുന്നതു കണ്ടിട്ടില്ലേ? പിന്നവിടിത്തിരി വൃത്തികെട്ട കറുപ്പു മാത്രേ ബാക്കി കാണു. നമ്മളിരുന്നിടത്ത്, നമ്മളില്ല.''

ശേബയുടെ വാക്കുകളില്‍ വിഷാദം കനത്തു തൂങ്ങി. അവള്‍ക്കതു ചേരുന്ന ഭാവമല്ല.

''പന കിട്ടിയാല് നമുക്കതു മുറിച്ചിടുന്നതു തൊട്ട് കുറുക്ക് ഉണ്ടാക്കുന്നതു വരെയുള്ളത് വീഡിയോ എടുത്ത് യുട്യൂബിലിടാം ട്ടോ ശേബേ, ശേബാസ് കിച്ചന്റെ പാം സൂപ്പ്. എന്തൊരു വെറൈറ്റി ഫുഡാ. വ്യൂവേഴ്സ് മില്യണ്‍സായിരിക്കും.''

ജ്യോതി കളിയാക്കി. ശേബയും ചിരിച്ചുപോയി. അതിനിടയില്‍ സേവ്യറിന്റെ കോളു വന്നു. ഞാനവരോട് ഒച്ചയുണ്ടാക്കാതിരിക്കാന്‍ ആംഗ്യം കാണിച്ചിട്ടു ഫോണെടുത്തു. വീട്ടിലേക്കു വരാനുള്ള വഴി ചോദിച്ചു വിളിച്ചതാണ്. ലാന്‍ഡ്മാര്‍ക്ക് പറഞ്ഞുകൊടുക്കുന്നതു കേട്ടാവും ജ്യോതി പ്ലേറ്റുകളും ഗ്ലാസ്സുകളുമെടുക്കാന്‍ അടുക്കളയിലേക്കു പോയി.

ഞാന്‍ താഴെയിറങ്ങിച്ചെന്നപ്പോള്‍ത്തന്നെ സേവ്യറിന്റെ ബൈക്കുമെത്തി. സഞ്ചി തരുമ്പോള്‍ ഇപ്പം ഇറക്കീതാണെന്നും മധുരവാന്നും കൊച്ചുകുട്ടികള്‍ക്കുപോലും കൊടുക്കാമെന്നും അപ്പടീം പ്രോട്ടീനാണെന്നും അവന്‍ പറഞ്ഞു. ഞാന്‍ ചിരിച്ചുകൊണ്ട് തലയാട്ടി. 

ഇപ്പത്തന്നെ കുടിക്കാമ്പോകുവാണോ? ഇല്ലേല്‍ അടപ്പിച്ചിരെ ലൂസാക്കിയിട്ടേ ഫ്രിഡ്ജിലു വെക്കാവൂ എന്നോര്‍മ്മിപ്പിച്ചപ്പോള്‍ കുടിക്കാനല്ല സേവ്യറേ, അപ്പമൊണ്ടാക്കാനാ എന്നു ഞാന്‍ തമാശ പറഞ്ഞ് അവന്‍ പോകാന്‍ കാത്തു. പക്ഷേ, അവന്‍ ബൈക്കില്‍നിന്നിറങ്ങി നിന്ന് വീടൊക്കെ വിഹഗവീക്ഷണം നടത്താന്‍ തുടങ്ങി. അങ്ങനെ പറയുന്നതു കേട്ടാല്‍ ശേബ തിരുത്തും. വിഹംഗം ന്നു വെച്ചാല്‍ പക്ഷി. പക്ഷികളു നോക്കുന്നത് ആകാശത്ത് ന്നല്ലേ? ഏരിയല്‍ വ്യൂ. നിലത്തുനിന്നു നോക്കുന്നത് വിഹഗവീക്ഷണമല്ല. 
ഓ ഞങ്ങളു മലയാളം വ്യാകരണം അത്രയേ പഠിച്ചിട്ടൊള്ളൂന്ന് ജ്യോതി അന്നേരം തര്‍ക്കുത്തരം പറയും. ഈ ശേബ എല്ലാറ്റിന്റേം കുറ്റം കണ്ടുപിടിക്കാനിരിക്കാണോന്ന് അവളുടെ നീളന്‍മൂക്കിന്‍ തുമ്പില്‍ പിടിച്ചു വലിക്കുകേം ചെയ്യും. ശേബയുടെ മൂക്കിന്നറ്റത്തെ ഒരൊറ്റ രക്തത്തുള്ളി തുളുമ്പി ഇപ്പോ താഴെ വീഴുമെന്ന് എനിക്കു വിഭ്രാന്തിയുണ്ടാകുന്നതപ്പോഴാണ്. ഭര്‍ത്താവു മരിച്ച് ഏഴിന്റന്ന്, വീട്ടിലെ പ്രാര്‍ത്ഥനേം വെഞ്ചരിപ്പുമൊക്കെ കഴിഞ്ഞതും ശേബ ഓടിപ്പോയി മൂക്കു തുളച്ചിട്ട കുഞ്ഞി റൂബി. ആ ഏഴുദിവസം ഞാനെങ്ങനാ തള്ളി നീക്കിയേന്നറിയ്യോന്ന് പൊട്ടിച്ചിരിയോടെ ശേബ ചോദിക്കും. അങ്ങേര് സമ്മതിക്കാത്തതുകൊണ്ടു മാത്രം ഞാനെന്റെ ആഗ്രഹം നീട്ടി നീട്ടിവെക്കുകയായിരുന്നു. ഭര്‍ത്താവു മരിക്കുമ്പോ ഇനിയെനിക്കു മൂക്കുകുത്താലോന്ന് ഓര്‍ത്ത് സന്തോഷിക്കാന്‍ പാടില്ലാന്നറിയാം. പക്ഷേ, ഞാനതേ ഓര്‍ത്തുള്ളൂ. കരയുമ്പോഴും അവസാനത്തെ ഉമ്മ കൊടുക്കുമ്പഴും കുഴിയില് മണ്ണുവാരിയിടുമ്പഴുമൊക്കെ ഞാനതു മാത്രാ ഓര്‍ത്തത്. മനസ്സ് വായിക്കാനാര്‍ക്കും പറ്റാത്തത് ഭാഗ്യം. ഇല്ലേല് എന്നാ ശേലുകേടായിപ്പോയേനെ.

ശേബയുടെ ചിരിയുടെ ഫ്രീക്വന്‍സി പിന്നെയും ഉയരും. അതൊക്കെ ഓര്‍ത്തുനിക്കുമ്പോ സേവ്യറിന്റെ ചോദ്യം:

''കൊള്ളാലോ വീട്? നല്ല റെന്റു കാണുവല്ലോ? ജ്യോതി സാറെവിടെ?''

ജ്യോതി കുളിക്കുവാണെന്നും വീടിന്റെ അപ്സ്റ്റെയറു മാത്രമേ ഞങ്ങള്‍ക്കുള്ളുവെന്നും വാടക രണ്ടുപേരു ഷെയറു ചെയ്യുന്നതുകൊണ്ട് താങ്ങാവുന്നതേയുള്ളുവെന്നും ഒറ്റശ്വാസത്തില്‍ പറഞ്ഞ് എന്നാ സേവ്യറു ചെന്നാട്ടെ, പൈസ ഗൂഗിള്‍ പേ ചെയ്‌തേക്കാം എന്നുകൂടി പറഞ്ഞ് അവന്‍ പോയോന്നു നോക്കാതെ ഞാന്‍ തിരിഞ്ഞു നടന്നു.

''അവനെക്കൂടി വിളിക്കാന്‍ മേലാരുന്നോ ഒരു കമ്പനിക്ക്?'' പടികേറുമ്പോള്‍ ശേബ വിളിച്ചു ചോദിച്ചു. ''പാവം ആ പ്രതീക്ഷേലാരുന്നു നോക്കിനിന്നത്.''

''അങ്ങനെ അവനിപ്പം പ്രതീക്ഷിക്കണ്ട. ഇപ്പമവന്‍ ഓഫീസിലെ പത്തു പേര്‍ക്കെങ്കിലും മെസ്സേജയച്ചിട്ടുണ്ടാവും, ഞങ്ങള്‍ക്ക് കള്ളു കൊണ്ടുത്തന്ന കഥ.''

ഞാന്‍ സഞ്ചിയില്‍നിന്ന് ചെറിയ കന്നാസു പുറത്തെടുത്തു. പ്ലാസ്റ്റിക് കണ്ടെയിനറില്‍ ചുവന്നു തുടുത്ത കറി.
കൊറച്ചേ ഒള്ളല്ലോ എന്നു ജ്യോതി കന്നാസു നോക്കി സങ്കടപ്പെട്ടു. മൂന്നു മൂന്നര ലിറ്ററൊണ്ട് ടോ. 

അതിക്കൂടുതല്‍ പറ്റത്തില്ല. വയറു വീര്‍ക്കും. വെള്ളമല്ലേ എന്നു ശേബ ആശ്വസിപ്പിച്ചു.

അപ്പോത്തന്നെ ജ്യോതി നീളമുള്ള വൈന്‍ഗ്ലാസുകളില്‍ നുരഞ്ഞു പതയുന്ന കള്ളൊഴിച്ച് ചിയേഴ്സ് പറഞ്ഞപ്പോള്‍ ശേബ തടഞ്ഞു.

''വെയ്റ്റ്, വെയ്റ്റ്. നല്ല കാര്യങ്ങളു തുടങ്ങും മുന്‍പ് ഞങ്ങള് സത്യക്രിസ്ത്യാനികള്‍ക്ക് വേദപുസ്തകം വായിക്കണം. ഇവിടതില്ലല്ലോ, ഞാനതിലെ വരികളു പറഞ്ഞോളാം, പറ്റുമെങ്കില്‍ മുട്ടുകുത്തി കൈ വിരിച്ചു നിക്ക്.''

ശേബയെ ഞങ്ങളാദ്യം കാണുമ്പോള്‍ അവളുടെ കയ്യില്‍ മെറൂണ്‍ പുറംചട്ടയുള്ള ഇംഗ്ലീഷ് ബൈബിളുണ്ടായിരുന്നു. അതും മാറോടു ചേര്‍ത്ത് വെള്ളയുടുപ്പില്‍ മെലിഞ്ഞു ഭംഗിയുള്ള ഒരു സ്ത്രീ. ഞാന്‍ വായിക്കുകയായിരുന്നു എന്നാണവള്‍ ഞങ്ങളോടാദ്യം പറഞ്ഞ വാക്കുകള്‍. ടൈംപാസിനു വായന നല്ലതാണെന്നു കൂടെ വന്ന ബ്രോക്കര്‍ കുശലം പറഞ്ഞപ്പോള്‍ അവളുടെ മുഖം കൂര്‍ത്തു. ഞാന്‍ ടൈംപാസിനല്ല, ടൈം വേര്‍ത്തി ആക്കാനാണ് വായിക്കുന്നതെന്ന് ഒട്ടും സൗഹൃദമില്ലാത്ത സ്വരത്തില്‍ പറയുകയും ചെയ്തു. അന്നേരമവളുടെ മെലിഞ്ഞ ചുണ്ടുകളുടെ ഭംഗിയാണ് ഞാന്‍ നോക്കിക്കൊണ്ടിരുന്നത്.

പിന്നീട് ആ വീടിനുള്ളില്‍ സ്വന്തം വീട്ടിനേക്കാള്‍ സ്വാതന്ത്ര്യത്തില്‍ കേറിയിറങ്ങാന്‍ തുടങ്ങിയപ്പോഴൊന്നും ബൈബിളല്ലാതെ അവിടെ ഒരൊറ്റ പുസ്തകംപോലും ഞാന്‍ കണ്ടിട്ടില്ല. വലിയ വായനക്കാരിയാണെന്നാണല്ലോ വിചാരിച്ചത് എന്നൊരിക്കല്‍ കളിയാക്കിയപ്പോള്‍ അവള്‍ ബൈബിള്‍ വിടര്‍ത്തിക്കാണിച്ചു. ''ഇതു മാത്രം വായിച്ചാല് മതി. ഇതിലില്ലാത്തതൊന്നും വേറെങ്ങുമില്ല. ഇതൊട്ടു വായിച്ചു തീരത്തുമില്ല.''

ശേബാപ്രവാചകയെന്ന് ജ്യോതി അന്നു കളിയാക്കിയത് ഓര്‍ക്കുന്നുണ്ട്. എപ്പോഴും ബൈബിളില്‍നിന്നു എന്തേലും ക്വോട്ട് ചെയ്യുന്നത് ശേബയുടെ ശീലമാണ്. ഇതൊക്കെ ഉള്ളതാണോ എന്തോ! ഞങ്ങളു ബൈബിളൊന്നും വായിച്ചിട്ടില്ലല്ലോ, എന്തു പറഞ്ഞാലും ഒള്ളതാന്ന് വിശ്വസിക്കാനല്ലേ പറ്റൂന്ന് ജ്യോതി കളിയാക്കും.

ശേബ മുരടനക്കി പള്ളീലച്ചന്മാരുടെ ടോണില്‍ പറയാന്‍ തുടങ്ങി:

''വീഞ്ഞ് ചുമന്നിരിക്കുമ്പോഴും 
പാനപാത്രത്തില്‍ തിളങ്ങുമ്പോഴും
നിര്‍വിഘ്നം ഇറങ്ങിപ്പോകുമ്പോഴും
സന്തോഷിക്കരുത്.
അവസാനം അത് 
അണലിയെപ്പോലെ ദംശിക്കും
നിന്റെ കണ്ണുകള്‍ വിചിത്രമായ കാര്യങ്ങള്‍ കാണും
നിന്റെ മനസ്സ് പിഴച്ച കാര്യങ്ങള്‍ പറയും
നീ നടുക്കടലില്‍ കിടക്കുന്നവളെപ്പോലെയായിരിക്കും''

ജ്യോതി ചിരിച്ചുമറിഞ്ഞ് ശേബയുടെ തോളത്തു തല്ലി. ഇടയ്‌ക്കൊക്കെ പിഴച്ച കാര്യങ്ങളു പറയാനും നടുക്കടലില് 

കിടക്കാനും ഇഷ്ടമാണെന്നവള് പറഞ്ഞത് പകുതിയും ചിരി വിഴുങ്ങിപ്പോയി. ശേബ ഉണ്ടാക്കിപ്പറഞ്ഞതാണോന്നാര്‍ക്കറിയാം. സത്യായിട്ടും ഇതു സുഭാഷിതത്തിലുള്ളതാണ് ടോ എന്ന് ശേബ പറഞ്ഞപ്പോള്‍ എനിക്കും ചിരിയടക്കാനായില്ല.

വര്‍ത്തമാനവും തീറ്റയും എല്ലാമായിട്ട് ഞങ്ങള് അഞ്ചര വരെയെങ്കിലും ഇരുന്നു കാണും. സേവ്യറിന്റെ ഭാര്യ സൂപ്പര്‍ കുക്കു തന്നെ. ഭീകരരുചിയായിരുന്നു ആ റോസ്റ്റിന്. ഇച്ചിരെ കള്ളിന്‍ മട്ടെങ്കിലും ബാക്കി വെക്കണേ, എനിക്ക് അപ്പം ഒണ്ടാക്കാനാ എന്നു ശേബ ഇടക്കിടെ പറയുന്നുണ്ടാരുന്നെങ്കിലും അവളുതന്നെ അവസാനത്തെ തുള്ളീം ഗ്ലാസ്സിലേക്കു കമിഴ്ത്തി. കുറച്ചേ ഉള്ളല്ലോ എന്നു സങ്കടപ്പെട്ട ജ്യോതി അതിനു മുന്നേ നിര്‍ത്തിയിരുന്നു.

ഞാന്‍ ഫിറ്റായിപ്പോയി. സോറി എന്നും പറഞ്ഞ് അവളു പോയിക്കിടക്കുകേം ചെയ്തു. 

കന്നാസു കഴുകിക്കമിഴ്ത്തി, ബാക്കിയുള്ള കപ്പ ഞാനങ്ങെടുക്കുവാ, രാത്രി എനിക്കു വിശക്കും എന്നും പറഞ്ഞ് കാസറോളെടുത്ത് ശേബയും താഴോട്ടു പോയി. ഉള്ളില്‍ നുരയുന്ന ചെറിയ ലഹരിയുടെ ആനന്ദവുമായി ഞാന്‍ ടെറസില്‍ പോയിരുന്നു. വളരെ സുഖകരമായ തരിപ്പ്. വയറ്റിലും തലയ്ക്കുള്ളിലും. ഒന്നു മയങ്ങിപ്പോയിക്കാണും. ഉണരുമ്പോള്‍ നല്ല ഇരുട്ട്. അപ്പോത്തന്നെ താഴെ വെളിച്ചം പരന്നു. ശേബ ലൈറ്റിട്ടതാണ്. അവളും ഉറങ്ങുകയായിരുന്നിരിക്കും. കര്‍ട്ടനുകള്‍ക്കിടയിലൂടെ അവളുടെ ഉടല്‍ ചലിക്കുന്നത് കാണാന്‍ ഞാന്‍ മൂന്നാലു പടികള്‍ താഴെച്ചെന്നു എത്തിനോക്കി. ഇല്ല, അവള്‍ അടുക്കളയിലേക്കോ മറ്റോ പോയെന്നു തോന്നുന്നു. പീപ്പിങ് ടോം എന്നു സ്വയം കളിയാക്കിക്കൊണ്ട് ഞാന്‍ മുറിയിലേക്കു കേറിപ്പോന്നു. അന്ന് ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് പറമ്പില് കുലയ്ക്കാത്ത കൊടപ്പനയുണ്ടോന്ന് ചോദിച്ച് സേവ്യറിനൊരു വാട്സ് ആപ്പ് മെസ്സേജയച്ചു ഞാന്‍.

സേവ്യര്‍ ആ മെസ്സേജ് പിറ്റേന്നും കണ്ടതേയില്ല. ഇവനിനി വാട്സ്ആപ്പുപയോഗിക്കുന്നില്ലേ എന്നു ഞാന്‍ ജ്യോതിയോട് സംശയം ചോദിച്ചപ്പോള്‍ വാട്സാപ്പുപയോഗിക്കാത്ത ആണുങ്ങളുണ്ടേല്‍ അവര്ടെ എന്തേലും അഗമ്യഗമനം ഭാര്യമാരു കയ്യോടെ പിടിച്ചു വിലക്കു കല്പിച്ചതേ ആയിരിക്കുള്ളൂന്ന് അവള്‍ ഉടനെ പറഞ്ഞു. ആ വാക്കിന്റെ അര്‍ത്ഥമെന്താണെന്ന് എനിക്കു മനസ്സിലായില്ല, അറിഞ്ഞിട്ടായിരിക്കില്ല അവളും പറഞ്ഞത്. എന്തോ കുഴപ്പം പിടിച്ച വാക്കാണ്. പക്ഷേ, എന്തു രസമാണത് പറയാന്‍. സേവ്യറിന് ട്രഷറി ഡ്യൂട്ടി ആണെന്നു തോന്നുന്നു. എവിടേം അവനെ കണ്ടില്ല. 

പിറ്റേന്ന് എനിക്ക് കോടതിയില്‍ പോകണമായിരുന്നു. നാളെ എനിക്കൊരു അഗമ്യഗമനമുണ്ടെന്ന് വൈകുന്നേരം വരുമ്പോള്‍ ഞാന്‍ ശേബയോടു പറഞ്ഞതേയുള്ളൂ, ശേബ വീടുകുലുങ്ങുന്ന മാതിരി ചിരിതുടങ്ങി. അതൊന്നടങ്ങാന്‍ സമയമെടുത്തു. ഞാനും വന്നോട്ടെ നിനക്കൊപ്പം അഗമ്യഗമനത്തിനെന്ന് ചിരിക്കിടയില്‍ അവള്‍ എങ്ങനെയോ പറഞ്ഞൊപ്പിക്കുകയായിരുന്നു. രാവിലെ ഞാന്‍ താഴെയിറങ്ങുമ്പോഴേക്ക് ശേബ വണ്ടിയെടുത്ത് റെഡിയായിക്കഴിഞ്ഞു. പാട്ടവണ്ടിയാണ്, പത്തു പതിനാറു വര്‍ഷമെങ്കിലും പഴക്കം കാണും. പക്ഷേ, ശേബയ്ക്ക് അപാര കോണ്‍ഫിഡന്‍സാണ്; തൂത്തും തുടച്ചും പുന്നാരിച്ചു സൂക്ഷിക്കുന്ന വണ്ടിയാണ്. വഴീലായിപ്പോകുമോ, ഞാന്‍ സമയത്തിനെത്താണ്ടാവുമോ എന്നു ശേബയെ ദേഷ്യം പിടിപ്പിക്കാന്‍ ചോദിക്കാതിരുന്നില്ല.

''ഓ പിന്നേ! കൃത്യസമയത്തെത്തിയില്ലെങ്കില് എന്താ? പരീക്ഷയൊന്നുമല്ലല്ലോ! അഗമ്യഗമനത്തിനല്ലേ.''

ശേബ കൃത്രിമമായി ദേഷ്യം ഭാവിച്ചു.

ചെറുതായി മഴ പൊടിയുന്നുണ്ട്. മഴ, ശേബയുടെ പാട്ടവണ്ടി, നീണ്ടയാത്ര. ആഹാ അന്തസ് എന്നു ഞാന്‍ ഏതോ സിനിമയിലെ ഡയലോഗ് അല്പം മാറ്റിപ്പറഞ്ഞു. ശേബ ഇളകിച്ചിരിച്ചു കൊണ്ട് എന്തിവലിഞ്ഞ് എനിക്ക് ഡോര്‍ തുറന്നു തന്നു.

അവള്‍ക്കൊപ്പമുള്ള ഇത്തരം യാത്ര എനിക്കിഷ്ടമാണ്. ഇടതടവില്ലാതെ ശേബ സംസാരിച്ചുകൊണ്ടിരിക്കും.
 
അത്രയും എനിക്ക് എന്റെ സങ്കടങ്ങളെക്കുറിച്ച് ഓര്‍ക്കാനിട കിട്ടുകയേ ഇല്ല.

''എത്രാമത്തെ സിറ്റിങാണിത് പദ്മേ?''

ഞാനവളോട് മറുപടി പറയാതെ കണ്ണടച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ എനിക്ക് താല്പര്യം തോന്നാറില്ല. അതിനുപകരം സ്റ്റിയറിങ്ങില്‍ താളം പിടിക്കുന്ന ശേബയുടെ വിരല്‍ത്തുമ്പുകള്‍ നോക്കിയിരിക്കാം. ഇടതുമൂക്കിലെ രക്തത്തുള്ളി നോക്കാം. അതല്ലെങ്കില്‍ പുറത്തു ചിണുങ്ങുന്ന മഴയത്തേക്കു നോട്ടമയക്കാം. ഞാനതൊക്കെത്തന്നെ ചെയ്തു. ശേബയും പിന്നൊന്നും ചോദിച്ചില്ല. ഇത്തവണയും എതിര്‍കക്ഷി വരാത്തതുകൊണ്ട് കേസ് മാറ്റിവെച്ച വിവരവുമായി എന്റെ വക്കീല്‍ വന്നപ്പോള്‍ ഞങ്ങള്‍ തിരിച്ചിറങ്ങി. എതിര്‍കക്ഷി എന്ന വാക്ക് എന്നെ അല്പമൊന്നു കുഴക്കുകയും ചെയ്തു. എത്ര പെട്ടെന്നാണ് സ്വന്തമായിരുന്നവര്‍ കക്ഷികളാവുന്നതും എതിര്‍ഭാഗത്തേക്കു മാറ്റപ്പെടുന്നതും.

''ഇനി എന്താ ചെയ്യുക? പെട്ടെന്നു തിരിച്ചുപോണോ? പോയാലും വീട്ടില്‍ച്ചെന്ന് ബോറടിച്ചിരിക്കണം. എവിടേലും കറങ്ങി സന്ധ്യയാകുമ്പത്തേനും എത്തിയാപ്പോരേ?''

ശേബ ചോദിച്ചു.

''ഷോപ്പിങ് ? നമുക്ക് മാളിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ പനമ്പൊടി കിട്ടുമോന്നന്വേഷിച്ചാലോ?''

ഞാന്‍ പെട്ടെന്നു ചോദിച്ചു. ശേബ ചിരിക്കാന്‍ തുടങ്ങി. നീയതു മറന്നില്ലേ, ഞാന്‍ കള്ളിന്റെ ലഹരിയില്‍ പറഞ്ഞതാ കൊച്ചേ എന്നു തമാശയാക്കി. കള്ളുകുടിക്കുന്നതിനു മുന്‍പാണല്ലോ ശേബയതു പറഞ്ഞതെന്നു ഞാന്‍ അവളെ തിരുത്തിയില്ല. 

ഞങ്ങള്‍ അവിടെത്തന്നെ പോയി. എസ്‌കലേറ്ററില്‍ കേറാനുള്ള എന്റെ പേടികൊണ്ട് ഞങ്ങള്‍ സ്റ്റെയര്‍കേസ് ചുറ്റിക്കയറി മുകളിലെത്തി, മാര്‍ക്കറ്റിനുള്ളില്‍ അന്വേഷിച്ചെങ്കിലും മറ്റ് അല്‍ഗുലുത്ത് സാധനങ്ങള്‍ മുഴുവന്‍ കണ്ടെങ്കിലും പനമ്പൊടി മാത്രം കിട്ടിയില്ല. ചോദിച്ചപ്പോള്‍ അവരങ്ങനെയൊന്നു കേട്ടിട്ടേയില്ല. കുറെ ചുറ്റിനടന്ന് എന്തെല്ലാമോ വാങ്ങിക്കൂട്ടി ഞങ്ങള്‍ മുകളിലെ ഫുഡ് കോര്‍ട്ടിനു പുറത്തുള്ള ഇരിപ്പിടത്തില്‍ ഭക്ഷണവുമായി ഇരുന്നു. 

പാസ്തയില്‍ സ്പൂണിട്ടിളക്കി ശേബ പെട്ടെന്നു പറയാന്‍ തുടങ്ങി. 

''കുറുക്ക് മാത്രമല്ല പദ്മേ, പെരുന്നാളിന്റന്ന് അമ്മച്ചി പനമ്പൊടികൊണ്ട് അടേം ഉണ്ടാക്കുമായിരുന്നു. ഒരു വര്‍ഷം മുഴുവന്‍ അതിനു ഞങ്ങളു കാത്തിരിക്കുമായിരുന്നു. എലേലു പരത്തി ഉള്ളില് നെറച്ചു കരുപ്പട്ടീം തേങ്ങേം വെച്ച് ചട്ടീല് തിരിച്ചും മറിച്ചും ചുട്ടെടുക്കുന്ന അട. എന്നാ ഒരു രുചിയാരുന്നു! അതിന്റെ ഒരു കഷണമെങ്കിലും കിട്ടിയാ മതിയാരുന്നെന്ന് ഇപ്പോ കൊതി തോന്നുകാ.''

എനിക്കും കൊതിയായി. വറചട്ടിയില് ചുട്ടെടുക്കുന്ന അട എന്റേയും ഫേവറിറ്റാണ്. പക്ഷേ, പനമ്പൊടികൊണ്ടുള്ള അട ഞാനിതുവരെ കഴിച്ചിട്ടില്ല. ഈ ശേബ പറഞ്ഞു പറഞ്ഞ് കൊതിപ്പിക്കും. വലിയ രുചിയൊന്നുമില്ലാത്ത സാന്‍ഡ് വിച്ചില്‍ ഫോര്‍ക്കു കുത്തിക്കൊണ്ട് ഞാനോര്‍ത്തു.

''വല്യ കഷ്ടമായിരുന്നു വീട്ടില്. ആറേഴു മക്കള്. ഒന്നരയേക്കറു സ്ഥലത്തീന്ന് വരുമാനമെന്നാ കിട്ടാനാ! കല്യാണം നടക്കുമ്പോ ഡിഗ്രി വരെ എങ്ങനൊക്കെയോ പഠിച്ചെത്തിച്ചതു മാത്രമാണ് യോഗ്യത. അവിടെച്ചെന്നു ഇന്ത്യന്‍ സ്‌കൂളിലു ടീച്ചറായി. ജീവിതം മെച്ചപ്പെട്ടു, പക്ഷേ, വെട്ടിക്കീറിയൊണക്കി പൊടിച്ചെടുത്ത പോലൊരു ജീവിതം. വെളുവെളുത്ത ഒന്ന്. നാരും തരിയുമൊന്നുമില്ലാതെ പൗഡര്‍ പോലെ.''

ശേബ വിഷാദം പുരണ്ട ഒച്ചയില്‍ പറഞ്ഞു. ഇതില്‍ ചിലതെല്ലാം ശേബ പറഞ്ഞുതന്നെ എനിക്കറിയാം. വിദേശത്തുള്ള പയ്യനുമായി പെട്ടെന്നു നടന്ന കല്യാണം. അവിടെച്ചെന്നു വേരുറപ്പിക്കുമ്പഴേക്കും യുദ്ധം, പിന്നെ മറ്റൊരു രാജ്യത്തേക്ക് പലായനം. കയ്യിലുള്ള യോഗ്യത വെച്ച് അവിടെ ജോലി കിട്ടില്ലാന്നറിഞ്ഞപ്പോള്‍ നേരെ പോയി നഴ്സിങ് കോഴ്സിനു ചേര്‍ന്നു. ആ പ്രായത്തില്‍ വേറൊരു രാജ്യത്ത് ചെന്ന് അതുവരെ ഒരു ബന്ധവുമില്ലാത്ത പുതിയ കോഴ്സ് പഠിച്ചെടുത്ത് തൊഴില്‍ നേടുക! ശേബയുടെ ഇച്ഛാശക്തി ഭയങ്കരമാണെന്ന് എനിക്കു തോന്നും. 

വേറെ വഴിയില്ലാരുന്നെടോ. ഇല്ലേല്‍ വാടിപ്പോവും. ഉണങ്ങിപ്പോവും. വെട്ടിവീഴ്ത്തിയിട്ട് തോലുപൊളിക്കും കീറിമുറിക്കും... അതിനനുവദിക്കില്ലാന്ന് വാശിയാരുന്നു എന്ന് ശേബ എത്ര ഈസിയായിട്ടാണ് ഇപ്പോള്‍ പറയുന്നത്. ഇതാണെനിക്കിവളെ ഇത്രയുമിഷ്ടം. 

ഞങ്ങള്‍ക്കെതിരെയുള്ള ഇരിപ്പിടത്തില്‍ രണ്ടു കുട്ടികള്‍ വന്നിരുന്നു. ഒരു സ്പ്രൈറ്റിന്റെ ബോട്ടില്‍ മാറിമാറി കുടിച്ചുകൊണ്ട് എന്തെല്ലാമോ കാര്യമായി സംസാരിക്കുകയാണ്. മീശയില്ലാത്ത പയ്യന്റെ മുഖം നോക്കി ശേബ കമന്റടിച്ചു:

''എന്റെ അച്ചായന്റെ മുഖം ഓര്‍മ്മവരുന്നു. മുഖത്തു രോമമില്ലാത്ത ആണുങ്ങളെ കാണുമ്പോ എനിക്കറപ്പാ. ഒരു മാതിരി ഫൈബറില്ലാത്ത ഭക്ഷണം മാതിരി. കാണാന്‍ ഭംഗികാണും. ബട്ട് നോട്ട് ഹെല്‍ത്തി. അങ്ങേരെ ആദ്യം കണ്ടപ്പഴേ എനിക്കിഷ്ടമില്ലാരുന്നു. പോകുന്നതു വരേം അതങ്ങനായിരുന്നു.''

ഞങ്ങള്‍ അവരെ തുറിച്ചുനോക്കിക്കൊണ്ടാവണം സംസാരിച്ചിരുന്നത്. അസ്വസ്ഥതയോടെ എന്തോ പിറുപിറുത്തുകൊണ്ട് അവരെണീറ്റു പോയി. ലവേഴ്സ് ആയിരിക്കുമെന്നു തോന്നുന്നു അല്ലേ എന്നു ശേബ കൗതുകത്തോടെ ചോദിച്ചു. എനിക്ക് അങ്ങനൊന്നും തോന്നിയില്ല, ശേബ കൂടുതല്‍ കാണുന്നു, അറിയുന്നു എന്നു പലപ്പോഴും തോന്നാറുണ്ട്. അതു പറഞ്ഞാല്‍, നിങ്ങളെക്കാള്‍ എത്ര ഓണം കൂടുതലുണ്ടതാ എന്നോ മറ്റോ അവള്‍ പറയും. ഞാന്‍ ഭക്ഷണത്തിലേക്കു തിരിഞ്ഞു. 

''ഇപ്പഴും ആ പകപ്പു മാറീട്ടില്ല, ഇതൊന്നും സ്വാഭാവികമായിട്ടുമില്ല, അവരെ സാധാരണപോലെ നോക്കാന്‍ നമ്മളും പഠിച്ചിട്ടില്ല. പണ്ട് കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില് ബാഗേജിന് വേണ്ടി കാത്തിരിക്കുമ്പഴാ ആദ്യായിട്ട് ഞാന്‍ രണ്ടു ഗേകളെ കണ്ടത്. കല്യാണം കഴിഞ്ഞ് ഞങ്ങളൊന്നിച്ച് ചെന്നിറങ്ങിയതാണ്. അവന്‍ കാത്തിരിക്കുകാരുന്നു. കണ്ടതും ഓടിവന്നു അച്ചായനെ കെട്ടിപ്പിടിച്ചു.''

ശേബയുടെ മുഖം കരുവാളിച്ചു. അവള്‍ എന്തിനെപ്പറ്റിയാണ് പറയുന്നതെന്നു പെട്ടെന്നു മനസ്സിലായില്ല. 

''ബൈബിളിലു പറേന്നതു ഞാനെപ്പഴും ഓര്‍ക്കും, വിജ്ഞാനമുള്ളവള്‍ തന്റെ വീടു പണിതു. അതിനെ അലങ്കരിച്ചു. എന്നിട്ട് അവിവേകികളേയും അജ്ഞാനികളേയും അങ്ങോട്ടു ക്ഷണിച്ചുവെന്ന്. എന്റെ ജീവിതത്തിലും അതാ നടന്നത്. ഞാന്‍ എല്ലാടത്തും വീടുപണിതു. അവിടൊക്കെ അവര്‍ വന്നു. ക്ഷണിച്ചതു ഞാനായിരുന്നില്ല, അങ്ങേരായിരുന്നു. അവര്‍ എന്റെ വീടു തകര്‍ത്തുകൊണ്ടേയിരുന്നു. സത്യം പറഞ്ഞാല്‍ ഞാനായിരുന്നു അജ്ഞാനി. വിട്ടുപോവാന്‍ അങ്ങേരു സമ്മതിച്ചതുമില്ല, എനിക്കൊട്ടു ധൈര്യമുണ്ടായതുമില്ല.'' ശേബ നെടുവീര്‍പ്പിട്ടു. 

ഞങ്ങളുടെ ഭക്ഷണം അവസാനിച്ചിരുന്നു. നമുക്കു പോകാമെന്ന് ശേബ തിരക്കുകൂട്ടി. ഞങ്ങള്‍ പിന്നെയും എസ്‌കലേറ്ററൊഴിവാക്കി സ്റ്റെയറിറങ്ങി. എ.സിയില്‍നിന്നു പുറത്തിറങ്ങിയപ്പോള്‍ നല്ല ചൂടുണ്ട്. നടന്നിറങ്ങാന്‍ ആരോഗ്യവും മനസ്സും ഉള്ളവരെ തീരെ അവഗണിക്കും വിധമാണല്ലോ ഈ പുതിയ നിര്‍മ്മിതികളെല്ലാം എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ആദ്യമായി എസ്‌കലേറ്ററില്‍ കേറിയ സമയത്ത് അടിവയറ്റില്‍നിന്നു ശലഭങ്ങള്‍ പറന്നതിനെപ്പറ്റി ശേബ പൊട്ടിച്ചിരിച്ചു.

''അച്ചായന്‍ കേറെന്നും പറഞ്ഞ് ഒറ്റ അലര്‍ച്ചയാ. കേറിപ്പോകും. നാണക്കേടും സങ്കടോം കൊണ്ട് ഉരുകിപ്പോവും. പക്ഷേ, ഒരു കണക്കില്‍ നന്നായി. എല്ലാത്തിനേം മറികടക്കാന്‍ എനിക്കു ധൈര്യം കിട്ടിയതങ്ങനായിരുന്നു. ചോര കണ്ടാല്‍ തല കറങ്ങുന്ന, സൂചി കുത്തുമ്പോള്‍ പേടിച്ചു കാറുന്ന ഞാന്‍ ഒന്നാന്തരം നേഴ്സായതും അങ്ങനാ.''

എല്ലാ പ്രതികൂല ഘടകങ്ങളേയും പോസിറ്റീവ് ആയി മാറ്റിയെടുക്കാനുള്ള എനര്‍ജി ശേബയ്ക്കുണ്ടെന്നു ഞാന്‍ പ്രശംസിച്ചു.

''കോപ്പാണ്!''

അവള്‍ പല്ലിറുമ്മി. എനിക്കവളുടെ ഭാവമാറ്റത്തിന്റെ കാരണം മനസ്സിലായില്ല. ഞങ്ങള്‍ പാര്‍ക്കിങ്ങില്‍ ചെന്നു വണ്ടി കണ്ടുപിടിച്ചു പുറത്തെത്തിച്ചു, മഴ കനം വെക്കുന്നുണ്ട്. കുറച്ചു ദൂരമേ പോയുള്ളൂ. വൈപ്പര്‍ ശരിക്കു വര്‍ക്കു ചെയ്യാത്തതുകൊണ്ട് ശേബയ്ക്ക് ഓരം ചേര്‍ത്തുനിര്‍ത്തേണ്ടി വന്നു.

''എന്തൊരു മഴയാ'' എന്നു മഴ പെയ്യുമ്പോഴൊക്കെ പറയാവുന്ന വാക്കുകള്‍ ഞങ്ങളിരുവരും ഒന്നിച്ചു പറഞ്ഞു. ഈ വണ്ടി ഒന്നു മാറ്റാന്‍ നോക്ക് ശേബേ എന്നു ഞാന്‍ കളിയാക്കിയപ്പോള്‍ അവള്‍ ഓ എന്നാത്തിനാ, നല്ല കണ്ടീഷനിലുള്ള എഞ്ചിനാ, മഴക്കാലത്ത് പുറത്തിറക്കാതിരുന്നാ മതിയല്ലോ, വീഞ്ഞും വണ്ടീം പഴകിയതാ പദ്മേ നല്ലത്, വീര്യം കൂടും എന്നൊക്കെ തമാശ പറഞ്ഞു ചിരിച്ചു. പിന്നെ അവള്‍ പുറകോട്ടു തിരിഞ്ഞ് ഹാന്‍ഡ് ബാഗ് വലിച്ചെടുത്തു തുറന്ന് അതിന്റെ അറയില്‍നിന്ന് രണ്ടു ജോഡി ഇയര്‍ റിങ്ങ്സ് എടുത്തുകാട്ടി.

''ഇതെപ്പോ വാങ്ങി?''

''വാങ്ങിയതല്ല, എടുത്തതാണ്.''

ശേബ ഉദാസീനതയോടെ പറഞ്ഞു. 

''കണ്ടപ്പോള്‍ ഇഷ്ടം തോന്നി. നിങ്ങള്‍ രണ്ടാള്‍ക്കും ചേരുമെന്നു തോന്നി. ഇതിട്ടു നിങ്ങളെ കാണണമെന്നു തോന്നി.''

''അതിന് കാശു കൊടുത്തു വാങ്ങിക്കൂടേ? ഇതെങ്ങാനും അവരു കണ്ടുപിടിച്ചിരുന്നാലത്തെ സ്ഥിതി!''

''ക്ലെപ്റ്റോമാനിയ ഒന്നുമല്ല കൊച്ചേ. ചുമ്മാ തമാശ. മോഷ്ടിച്ചെടുത്ത വെള്ളം മധുരമുള്ളതാണെന്നും രഹസ്യമായി തിന്നുന്ന അപ്പം ആഹ്ലാദദായകമാണെന്നും വേദപുസ്തകത്തില്‍ത്തന്നെ പറഞ്ഞേക്കുന്നു! പിന്നാ പാവം ഞാന്‍ ഈ ചില്ലറ മോഷണം നടത്തുന്നതു കര്‍ത്താവ് ഒറ്റിക്കൊടുക്കാന്‍ പോകുന്നേ.''

''ഓരോന്നു പറഞ്ഞോ! എനിക്കെങ്ങും വേണ്ട ഇത്. ജ്യോതിക്കും വേണ്ട.''

ഷോപ്പിങ് മാളിനുള്ളില്‍ അപമാനിതരായി തലകുനിച്ചുനില്‍ക്കേണ്ടിവന്നാലത്തെ അവസ്ഥയോര്‍ത്ത് ഉള്ളു വിറക്കുന്നുണ്ടായിരുന്നു. ശേബക്ക് ഒരു കൂസലുമില്ല.

''നിങ്ങക്കു വേണ്ടേ വേണ്ട. ഞാനിതങ്ങു വലിച്ചെറിഞ്ഞു കളഞ്ഞേക്കും. ഒരിക്കലും എനിക്ക് അറിഞ്ഞോണ്ട് ആരുമൊന്നും തന്നിട്ടില്ല. അതുകൊണ്ട് ഞാനെപ്പഴും മോഷ്ടിച്ചു തിന്നുകേം കുടിക്കുകേം ചെയ്തു. എന്നാ രുചിയാര്‍ന്നെന്നോ! നമുക്ക് നേരാംവണ്ണം ഒന്നും കിട്ടാതെ പോയത് നമ്മടെ കുറ്റമല്ലല്ലോന്നാ എപ്പഴും ആലോചിച്ചിരുന്നേ... കിട്ടിയിരുന്നേല്‍ മോഷ്ടിക്കാന്‍ പോകത്തില്ലാരുന്നു. അതുകൊണ്ടു കുറ്റബോധോം തോന്നിയില്ല. ഞാനതൊന്നും പറഞ്ഞ് കുമ്പസാരിച്ചിട്ടുമില്ല. എന്നാത്തിനാ പാവം അച്ചന്മാരുടെ ടെമ്പറു കൂട്ടുന്നേ! ഈ വയസ്സുകാലത്ത് ഇനിയെന്നാ മോഷ്ടിച്ചു തിന്നാനാ! ആ തരിപ്പ് ഇങ്ങനങ്ങു തീര്‍ക്കുവാ ഞാന്‍.
 
ന്റെ പദ്മേ അനുഭവത്തീന്നു പറയുവാ, തിന്നുവാണേല്‍ മോഷ്ടിച്ചുതന്നെ തിന്നണം. ആരേലും വിളമ്പിത്തന്നതിനും അളന്നുതൂക്കി നീട്ടിയതിനും ഒന്നും ഒരിക്കലും ആ ടേസ്റ്റു കിട്ടത്തില്ല.''

ശേബ പൊട്ടിച്ചിരിക്കുമ്പോള്‍ ഞാനാ ഇയര്‍ റിങ്സ് കയ്യില്‍ വാങ്ങി നോക്കി. നല്ല ഭംഗിയുള്ളത്. 

മോഷ്ടിക്കുമ്പോള്‍പോലും ശേബ എത്ര അഭിരുചിയോടാണതു ചെയ്യുന്നതെന്നു പ്രശംസിക്കാന്‍പോലും തോന്നിപ്പോയി.

''ഇഷ്ടമായോ?''

ഇഷ്ടമാവാതിരിക്കാന്‍ കാരണമൊന്നുമില്ലല്ലോന്നോര്‍ത്ത് ഞാനത് എന്റെ ബാഗിനുള്ളില്‍ വെച്ചു.
എന്നെ ചെവിക്കൊള്ളുന്നവള്‍ ഭാഗ്യവതി, അവള്‍ക്ക് കര്‍ത്താവിന്റെ പ്രസാദം കിട്ടുമെന്ന് ശേബ എന്റെ കയ്യിലമര്‍ത്തിപ്പിടിച്ച് മധുരമായി ചിരിച്ചു. 

മഴ മാറുന്നില്ലല്ലോ, നമുക്ക് മെല്ലെയങ്ങു പോയേക്കാമെന്നു പറഞ്ഞ് ശേബ വണ്ടി സ്റ്റാര്‍ട്ടു ചെയ്തു. അവ്യക്തമാണ് മുന്‍പിലെ റോഡ്. വളരെ മെല്ലെ വണ്ടിയുരുട്ടുമ്പോള്‍ ശേബ എന്നോടു ചോദിച്ചു:
''ഞാന്‍ ഇനി ഹെയര്‍ഡൈ ഒഴിവാക്കിയാലോന്നു വിചാരിക്കാണ് പദ്മേ, നിനക്കെന്താ തോന്നുന്നത്? എനിക്ക് നന്നായിരിക്കില്ലേ? നരച്ച തല മഹിമയുടെ കിരീടമാണെന്ന് ബൈബിളിലു പറയുന്നൊണ്ട്. അതു ധര്‍മ്മനിരതമായ ജീവിതംകൊണ്ടു നേടിയതാണ് ന്നും. ഇനിയത്തെ കാലം മഹിമയുടെ കിരീടം ചൂടിയങ്ങു ജീവിച്ചാലോന്നാണ്. വയസ്സായീന്നല്ലാതെ എങ്ങനെ വയസ്സായീന്നോ ഇത്രേം കാലം ധര്‍മ്മിഷ്ഠയായിട്ടു തന്നാണോ ജീവിച്ചതെന്നോ ആരേലും അറിയാന്‍ പോകുന്നോ?''

അവളുടെ ചിരി നിലച്ചിട്ട് മറുപടി പറയാന്‍ കാത്തു ഞാന്‍. ശേബയുടെ മനോഹരമായ തലമുടി വെളുത്തിരിക്കുന്നത് എനിക്കാലോചിക്കാന്‍ പോലും വയ്യ. ആ ചെമ്പന്‍ മുടിയും മെലിഞ്ഞ മുഖവും നീണ്ട മൂക്കിനറ്റത്തെ രക്തച്ചുമപ്പ് മുക്കുത്തിയുമൊക്കെയാണ് അവളെ കൊച്ചുകുട്ടിയാക്കുന്നത്. ഞങ്ങള്‍ക്ക് കൂട്ടുകൂടാനും കളിതമാശകള്‍ പറയാനുമൊക്കെ പറ്റുന്ന ഒരു സുന്ദരിക്കൊച്ച്. അവളുടെ വീട്ടില്‍ താമസം തുടങ്ങുമ്പോള്‍ ആന്റിയെന്നാണോ ചേച്ചിയെന്നാണോ വിളിക്കേണ്ടതെന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു ഞങ്ങള്‍ക്ക്. ബൈബിളു വായിക്കുന്ന ആ ഗൗരവക്കാരിക്ക് ഏതാണിഷ്ടപ്പെടുകയെന്നുമറിയില്ല. പക്ഷേ, ആദ്യത്തെ ദിവസം ഒരു കുല വയലറ്റ് ഓര്‍ക്കിഡുമായി പടി കയറിവന്ന അവള്‍ ഫ്‌ലവര്‍പോട്ടിലതു വെച്ച് ജ്യോതിയുടെ ആന്റിവിളിയെ പകുതിക്ക് മുറിച്ച് എന്നെ ശേബാന്നു വിളിച്ചാല്‍ മതിയെന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കവള്‍ സമപ്രായക്കാരിയായി. 

''പദ്മേ നമ്മളിന്നു കണ്ട ആ പിള്ളേരു ഗേകളു തന്നാരുന്നു. എനിക്ക് അവരു ബിഹേവു ചെയ്യുന്ന കണ്ടപ്പത്തന്നെ മനസ്സിലായി. നീ ആണുങ്ങളു തമ്മിലൊള്ള ബന്ധം കണ്ടിട്ടൊണ്ടോ? അതു നോക്കി നിക്കേണ്ടിവരുന്നത് വല്യ ഗതികേടാ. നമ്മളുരുകിപ്പോകും.''

ശേബയുടെ സ്വരത്തില്‍ കരച്ചില്‍ തുളുമ്പുന്നുണ്ടെന്നറിഞ്ഞ് ഞാനവളുടെ കൈകളില്‍ തൊട്ടു. പെട്ടെന്നു ഉറക്കെച്ചിരിച്ചുകൊണ്ട് ശേബ പറയാന്‍ തുടങ്ങി:

''ഒന്നാമത് വല്ല ഭംഗിയുമൊണ്ടോ അവര്‍ടെ ശരീരത്തിന്! പെണ്ണുങ്ങളുടെ ശരീരമോ? ഉടുപ്പിട്ടാലും ഉടുപ്പഴിച്ചാലും ഉടുപ്പഴിച്ചോണ്ടിരിക്കുമ്പഴും ഒക്കെ എന്നാ ചേലാ!''

ഞാനന്നേരം താഴത്തെ കര്‍ട്ടനുകള്‍ക്കിടയിലൂടെ നൃത്തച്ചുവടുകളുടെ ചാരുതയോടെ തെന്നി നീങ്ങുന്ന ശേബയുടെ നീണ്ടുമെലിഞ്ഞ ഉടലിനെപ്പറ്റിയോര്‍ത്തു. അതു കാണാന്‍ മാത്രം കോണിയുടെ മൂന്നാമത്തെ സ്റ്റെപ്പില്‍ വന്ന് അവളുടെ വീട്ടിലേക്ക് എത്തിനോക്കുന്ന എന്നെയും.

മഴ കുറഞ്ഞതോടെ ശേബ വണ്ടിക്കു വേഗത കൂട്ടി. ഞങ്ങള്‍ക്കു സന്ധ്യയ്ക്കു മുന്‍പേ വീട്ടിലെത്താനായേക്കും. ഇന്ന് ജ്യോതി സേവ്യറിനെ കണ്ടിട്ടുണ്ടാകുമോ പനയുടെ കാര്യം അന്വേഷിച്ചു കാണുമോ എന്നാലോചിക്കുമ്പോള്‍ത്തന്നെ ശേബ പെട്ടെന്ന് എന്നോടു പറഞ്ഞു:

''നീയാ സേവ്യറിന്റെ നമ്പര്‍ എനിക്കു തരണം. ഈ മഴക്കാലം കഴിയട്ടെ, എനിക്കൊരു പന അവനോടു വാങ്ങണം. അതു വെട്ടിപ്പൊളിച്ച് ഞാന്‍ പനമ്പൊടിയൊണ്ടാക്കും. നമുക്ക് ഒരു വര്‍ഷത്തേക്കുള്ള പൊടി കിട്ടും. നിനക്ക് കുറുക്ക് ഇഷ്ടമല്ലല്ലോ, അട ഉണ്ടാക്കിത്തരാം. പഴയ ആരേലുമൊക്കെ കാണും, എന്നെപ്പോലത്തെ നൊസ്റ്റാള്‍ജിയക്കാര്. പള്ളീപ്പോകുമ്പോ അച്ചനോടന്വേഷിച്ചാ അറിയാം. അവര്‍ക്കും വേണേല്‍ കൊടുക്കാം.''
ഞാന്‍ കൈ നീട്ടി ശേബയുടെ വിരലുകളില്‍ പിന്നെയും സ്പര്‍ശിച്ചു. 

''നിന്റെ കാലടികളുടെ പാതയെ മാത്രം ശ്രദ്ധിക്കൂ, അപ്പോള്‍ നിന്റെ എല്ലാ വഴികളും സുരക്ഷിതമാകുമെന്നും ഇടത്തോട്ടോ വലത്തോട്ടോ വ്യതിചലിക്കരുതെന്നും ബൈബിളിലുണ്ട് പദ്മേ. സ്വന്തം ഇഷ്ടത്തിനേ നടക്കാവൂ. അതിനെ ഒന്നിനുവേണ്ടീം ബലി കൊടുക്കരുത്. അതിപ്പോ ഇച്ചിരെ പനങ്കുറുക്കിന്റെ കാര്യമായാലും. പത്തു പതിനഞ്ചു വര്‍ഷം അച്ചായന്റെ കൂടെ മരിച്ചു ജീവിച്ചേനുശേഷാ എനിക്കതു മനസ്സിലായത്. 

മനസ്സിലായതിപ്പിന്നെ എനിക്കു കണ്‍ഫ്യൂഷനുകളേയില്ലായിരുന്നു. ആശകള്‍ നിറവേറാന്‍ വൈകുമ്പോള്‍ ഹൃദയം രോഗാതുരമാകുംന്നും അഭീഷ്ടസിദ്ധി ജീവന്റെ വൃക്ഷമാണെന്നും കൂടി ബൈബിളിലുണ്ട്. പിന്നെ ഒരിക്കലും എന്റെ ഹൃദയം രോഗാതുരമായില്ല. ആവാന്‍ ഞാന്‍ സമ്മതിച്ചതുമില്ല.''

മഴ നനഞ്ഞ വഴികളിലൂടെ വണ്ടി വേഗത്തിലോടാന്‍ തുടങ്ങി. ഞാന്‍ ഫോണ്‍ തുറന്ന് എന്റെ വാട്സ്ആപ് സന്ദേശം സേവ്യര്‍ ഇതുവരെ കണ്ടില്ലെന്ന് ഉറപ്പു വരുത്തിയിട്ട് അതേ മെസ്സേജ് അവന് എസ്.എം.എസ് അയക്കാന്‍ തുടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com