അതിരാവിലെ ഒരു സ്ത്രീശബ്ദത്തില്‍ ഡാ സുശീലാ എന്ന വിളി തീരെ പ്രതീക്ഷിക്കാത്തതിനാലാണ് അതൊരു തോന്നല്‍ മാത്രമെന്ന് വിട്ട് സുശീലന്റെ ശോധനയ്ക്കുള്ള കട്ടന്‍ കാപ്പിയിലേക്ക് സൗദ ശ്രദ്ധതിരിച്ചത്. രണ്ടാമത്തെ വിളി കനത്തതായിരുന്നു. ഉടനെ വാതില്‍ തുറന്നില്ലെങ്കില്‍ അടുത്ത വിളി ഒരു തെറിവാക്കോടെയായിരിക്കുമെന്ന് സൗദയെ തോന്നിപ്പിച്ച ഒരു വ്യഗ്രത ആ വിളിയിലുണ്ടായതിനാല്‍ വാതില്‍ തുറന്നു. പുറത്ത് ഉത്തരയെ കണ്ട് അവള്‍ ശങ്കിച്ചു നില്‍ക്കുമ്പോഴേക്കും ഉത്തരയുടെ വാക്കിന് തീ പിടിച്ചു.
നിന്റെ കെട്ടിയോന വിളിക്ക്.
കീറിയടര്‍ന്ന നൈറ്റിയായിരുന്നു ഉത്തരയുടേത്. മുഖത്ത് ചോരപ്പൊട്ടുകള്‍ ഇരുള് മായാത്ത പുലര്‍ച്ചയില്‍ ഇരുണ്ടു നിന്നു. ചുണ്ടുകള്‍ വീര്‍ത്തിരുന്നു. അവളുടെ നില്‍പ്പിന് മുന്നില്‍ അങ്കലാപ്പ് പിടിച്ച സൗദ വാക്കിന് കാക്കവേ, വീടിനകത്തേക്ക് സുശീലന്റെ കാതിനുള്ളില്‍ ഉത്തരയുടെ തെറി വാക്കുടഞ്ഞു. പ്രശ്‌നം ഗൗരവമാണെന്നും അയല്‍വാസികളില്‍നിന്നും സംഭവത്തെ ഒതുക്കാനുള്ള ശ്രമം അത്യാവശ്യമാണെന്നും തിരിച്ചറിഞ്ഞപ്പോള്‍ അകത്ത് നിന്നും സംസാരിക്കാമെന്ന് അവള്‍ ഉത്തരയോടു പറഞ്ഞു.
നാട്ടുകാര് മാത്രമല്ല, ഈ ലോകം മുഴുവന്‍ കേള്‍ക്കുന്ന ഒച്ചയിലെനിക്ക് കൂവണം. പോയി വിളിച്ചോണ്ട് വാ. വെടി കൊണ്ട എര മുറ്റത്ത് വന്നിട്ടുണ്ട്ന്ന് പറഞ്ഞാ മതി.
പുറത്ത് ഉത്തരയാണെന്നും ഒരൊറ്റ ഡയലോഗില്‍ അവളെ ഒതുക്കാനാകുമെന്നും ഉറപ്പിച്ച് ഉറക്കം വിടാത്ത സുശീലന്‍ മുറ്റത്തേക്കിറങ്ങി.
തേവിടിച്ചികള്‍ക്ക് നെരങ്ങാനൊള്ളതല്ല എന്റെ മുറ്റം. ഇറങ്ങിപ്പോടീ.
ഉത്തരയുടെ കണ്ണുകള്‍ ചുവന്നു.
കഴിഞ്ഞ രാത്രി ഇതേ തേവിടിച്ചിയുടെ മണം പിടിച്ച് കൂട്ടത്തോടെ വന്നപ്പോ എവിടായിരുന്നെടാ നിന്റെ അഭിമാനം.
സുശീലന്‍ കൂടി വന്നതോടെ സൗദയ്ക്ക് ധൈര്യമുണര്‍ന്നു. ശബ്ദം കുറച്ച് അവളും, ഏതു നിമിഷവും ഭീകരമായി പൊട്ടിത്തെറിക്കാനുള്ള ഊര്‍ജ്ജത്തോടെ ഉത്തരയും പരസ്പരം കോര്‍ത്തു. അയല്‍വാസികളുടെ തലയില്‍നിന്നും കണ്ണും കാതും ഒരു കുഴല്‍കണക്കെ തങ്ങളിലേക്ക് തുറന്നത് കണ്ട സൗദ, ഒടുവില്‍ ഭര്‍ത്താവിനെ ക്രൂശിക്കാന്‍ വന്നവളുടെ നേര്‍ക്ക് അഭിമാനം ഉറപ്പിക്കാനുള്ള ചോദ്യമിട്ടു. അതിത്തിരി ഉറക്കെ തന്നെയായിരുന്നു.
അത് എന്റെ കെട്ടിയോനാണെന്നതിന് നിന്റെ കയ്യില് തെളിവുണ്ടോടീ.
ഉത്തര രണ്ടു കൈകളും ഉയര്‍ത്തി. വേട്ടക്കാരന്‍ ഇരയുടെ മുകളില്‍ സ്ഥാപിക്കുന്ന ആയുധം കൊണ്ടുള്ള മുറിവു പോലത്ര അപ്രസക്തമാകണമെന്നില്ല, ഇര ശത്രുവിലുടക്കുന്ന പിടച്ചിലിന്റെ അടയാളങ്ങള്‍ എന്നുറപ്പിച്ച് സുശീലന്റെ പുറത്ത് വേദനയ്ക്കിടയില്‍ താന്‍ മാന്തിവരഞ്ഞ നഖച്ചാലുകളെക്കുറിച്ച് അവള്‍ പറഞ്ഞു. കുടുംബത്തിന് നേര്‍ക്ക് പുലര്‍ച്ചെ വന്ന ആരോപണത്തിന്റെ മുനയൊടിക്കാന്‍ സുശീലനെ ഉത്തരയുടെ നേരെ തിരിച്ചു നിര്‍ത്തി അരക്കയ്യന്‍ ബനിയന്‍ വലിച്ചുയര്‍ത്തുമ്പോള്‍ സൗദയുടെ ഓര്‍മ്മയിലൊരിടത്തും തലേ രാത്രിയില്‍ ഒരുമിച്ചു കിടന്ന ഭര്‍ത്താവിന്റെ തിരോധാനത്തെ സംശയിക്കാനുള്ള കാരണമില്ലായിരുന്നു. കെട്ടഴിഞ്ഞൊരു ചൂല് സുശീലന്റെ പുറത്ത് ഒട്ടിച്ചുവച്ചതുപോലെ നഖപ്പാടിന്റെ വെപ്രാള രേഖകള്‍ക്കു മുന്നില്‍ സൗദയ്ക്ക് തലകറങ്ങി. അയല്‍ക്കണ്ണുകള്‍ വിടര്‍ന്നു. ഒന്നും ശബ്ദിക്കാനാവാതെ സുശീലന്‍ നില്‍ക്കവെ, സൗദ നിലത്തേക്ക് വീണു.
തന്റേടത്തോടെ കനംവച്ച, പേരറിയാത്ത കാട്ടുമരത്തെ വരിഞ്ഞ് പണിത ചെങ്കല്‍ത്തറയ്ക്ക് മുകളിലേക്കാണ് ഉത്തര കയറിനിന്നത്. സുശീലന്റെ വീടിറങ്ങിയതിനുശേഷം നാലു വീടുകളില്‍ കൂടി കയറിയിറങ്ങിയതിന്റെ കിതപ്പുണ്ടായിട്ടും കണ്ണുകളില്‍ തീ കെട്ടിരുന്നില്ല. പുലര്‍ച്ചെ ഭര്‍ത്താക്കന്മാരുടെമേല്‍ ക്രൂരമായി തറഞ്ഞ ആരോപണത്തിന്റെ അര്‍ത്ഥം തിരിയാതെ സൗദയോടൊപ്പം നാല് സ്ത്രീകള്‍ നിന്നു. നാടുണരവെ ഉയര്‍ന്നുകേട്ട കോലാഹലങ്ങളിലുടെ പൊരുള്‍ കണ്ടെത്താനുള്ള വെപ്രാളം അവിടെ കൂടിനിന്നവരിലുണ്ടായിരുന്നു. ആളുകള്‍ പല വഴികളില്‍നിന്നും മരത്തറയുടെ ചുറ്റും വൃത്തം വരച്ചു. കീറിയ വസ്ത്രത്തിനിടയിലൂടെ ഉത്തരയുടെ ശരീരം ഒരു നിഴല്‍ത്തുണ്ട് കണക്കെ കാണാന്‍ തുടങ്ങിയപ്പോള്‍ സൗദയുടെ സദാചാര യന്ത്രം പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
കയ്യിലിരിപ്പ്‌കൊണ്ട് ഓരോന്ന് ഒപ്പിച്ചിറ്റ് ഓള് മാന്യന്മാരെ നിര്‍ത്തി നാണം കെടുത്തുവാ. പിള്ളേരും ആണ്ങ്ങളും കൂട്ന്ന്ണ്ട്. നീയാ തുണി ആദ്യം നേരെ ഉട്ക്ക്.
അതു കേട്ടപ്പോള്‍ കൂടിനിന്ന ചിലരുടെ കണ്ണുകളില്‍ ഉത്തരയുടെ ഉടല്‍ കുടുങ്ങി. ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് പ്രതിഷേധംപോലെ അവള്‍ നൈറ്റി വലിച്ചൂരി. വേട്ടമൃഗത്തിന് മുന്നില്‍ കീറിപ്പോയ ഇരയുടെ ചര്‍മ്മം കണക്കെ അവള്‍ ആ വസ്ത്രം ഉയര്‍ത്തിക്കാട്ടി. അരയില്‍ ചുറ്റിയ വെളുത്ത പാവാടയിലെ ചോരവരച്ച വൃത്തത്തിലേക്ക് ആ ദിവസത്തെ ആദ്യ വെയില്‍ തറച്ചു ചുവന്നു. സൗദ അവള്‍ക്കരികിലേക്ക് കടന്ന് ഉത്തരയുടെ നഗ്‌നതയെ മൂടാന്‍ ശ്രമിക്കവെ, അവള്‍ തടഞ്ഞു.
പെണ്ണിനെ പ്രാപിക്കാന്‍ വേണ്ടി പരസ്പരം ധാരണയിലെത്തുന്ന പ്രപഞ്ചത്തിലെ ഏക ആണ്‍ ജീവി മനുഷ്യരിലാണെന്നും തന്റെ നേര്‍ക്ക് വന്ന വേദനയെ തടയാന്‍ ആരും വന്നിട്ടില്ലെന്നും പിറുപിറുത്ത് ഉത്തര നിന്നു. ആള്‍ക്കൂട്ടത്തിലേക്ക് നോക്കിക്കൊണ്ട് അഞ്ചോ ആറോ പുരുഷന്മാരുടെ പേര് വിളിച്ചു പറഞ്ഞു. ആദ്യത്തേത് സുശീലന്റേതായിരുന്നു.
ആള്‍ക്കൂട്ടമായി വന്ന് കീഴ്‌പെടുത്താന്‍ ഏത് മറ്റെ മക്കള്‍ക്കും പറ്റും. കടിപ്പ് സഹിക്കാത്ത ആണുണ്ടെങ്കില്‍ ഒറ്റക്ക് വാടാ എന്റടത്ത്. എന്നെ തോല്‍പ്പിക്കാന്‍ പറ്റുമോന്ന് നോക്ക്ടാ നായിന്റെ മക്കളെ.
പ്രതിരോധിക്കാന്‍ ശക്തിയുണ്ടായിട്ടും ഉത്തര നിര്‍മ്മിച്ച സാഹചര്യത്തിന്റെ ചൂടില്‍ പുളഞ്ഞ സുശീലന്റെ കണ്ണുകളിലേക്ക് അവള്‍ തുറിച്ചു. ശേഷം അയാള്‍ക്കു മുന്നിലേക്ക് ധൃതിയില്‍ നിന്നു. അപമാനത്തിന്റെ കൊടും ചുളിവില്‍ അവന്റെ ചുണ്ടുകള്‍ നിന്നെ തീര്‍ക്കാത്തത് അബദ്ധമായെന്ന് കുറിച്ചു. അത് കണ്ടിട്ടാവണം, ശരീരം വേദനയുടെ ഗോളമാണെന്നറിഞ്ഞിട്ടും രണ്ട് കൈകളും ചിറകുകള്‍പോലെ വിടര്‍ത്തി അവന്റെ കവിളുകളിലേക്ക് ആഞ്ഞടിക്കുകയും ഭീകരമായ തെറി ടൗണിനെ വിഴുങ്ങുകയും ചെയ്തത്. ആ പെപ്രാളത്തിനിടയിലേക്കാണ് ആള്‍ക്കൂട്ടത്തിനിടയിലൂടെ ബാവന്‍ വന്നത്. സംഭവത്തിന്റെ ഒരേകദേശ ധാരണ പിടിച്ചവരില്‍ ഒരാള്‍ ബാവനെ കണ്ടപ്പോള്‍ കാമുകന്‍ വന്നേ എന്ന് കൂവി. അതൊരു പുച്ഛച്ചിരിയായി ആളുകള്‍ക്കിടയില്‍ ലയിച്ചു. ബാവന്‍ ഉത്തരയുടെ നഗ്‌നതയ്ക്ക് മേല്‍ തുണി പുതച്ചു. അത്രയും നേരം കെട്ടിവച്ചൊരു കരച്ചില്‍ ബാവന്റെ ചുമലിലേക്കിട്ട് അവള്‍ കണ്ണടച്ചു. ആള്‍ക്കൂട്ടത്തില്‍ ചിലര്‍ ഉത്തരയ്ക്കുവേണ്ടി സഹതപിച്ചും കുറച്ചുപേര്‍ നിര്‍വ്വികാരതയോടെയും നിന്നു. ബാക്കിവന്ന ഒരു കൂട്ടം, പീരങ്കിപോലെ അവര്‍ക്കു മുകളിലേക്കിട്ട തെറികള്‍ക്കിടയിലൂടെ ഉത്തരയേയും ചേര്‍ത്ത് നടക്കാന്‍ തുടങ്ങിയപ്പോള്‍ സുശീലന്റെ നേതൃത്വത്തില്‍ ന്യായീകരണം ഉയരുന്നത് കേട്ടു.
അവള് പെഴയാണ്. നാവിനും ഒടലിനും ലൈസന്‍സില്ലാത്തോള്. തേവിടിച്ചി.
എങ്ങനെ വീണാലും നാലുകാലില്‍ സുരക്ഷിതരാവുന്ന പൂച്ചയെപ്പോലെയാണ് ആള്‍ക്കൂട്ടമെന്ന് അവള്‍ക്ക് തോന്നി. അരക്കിലോമീറ്ററിനുള്ളില്‍ വളവ് തിരിഞ്ഞയുടനെയാണ് അവളുടെ വീട്. അഞ്ചാറു മനുഷ്യരുടെ ഭാരംകൊണ്ട് ചതഞ്ഞുപോയ ശരീരത്തില്‍ വേദന പരന്നുകിടന്നു. വിറച്ചു തുടങ്ങിയ ഉത്തരയെ തുണികൊണ്ട് മൂടിപ്പുതപ്പിച്ച് ചേര്‍ത്ത് നടന്നു. തുണിയില്‍നിന്നും മുഴുവനുമുണങ്ങാത്ത ചോരയുടെ ചൂര് ഉയര്‍ന്നു. അവളുടെ ശരീരത്തിന്റെ വേദനകളിലേക്ക് ചൂട് വയ്ക്കവെ താനാദ്യമായി സ്പര്‍ശിക്കുന്ന സ്ത്രീയുടെ നഗ്‌നതയില്‍ അവന് വല്ലാതെ കുറ്റബോധം തോന്നി. വേദനയുള്ള ചുണ്ടുകളാല്‍ അവള്‍ പതുക്കെ പറഞ്ഞു:
നീ വരുമെന്നറിയാമായിരുന്നു.
എന്തിനെന്ന് കൃത്യമായി അറിയാത്ത ഒരു കാരണത്താല്‍ അവന്റെ കണ്ണു നിറഞ്ഞു. മാറിടങ്ങളില്‍ ഉറച്ചുപോയ ചോരപ്പൊറ്റകള്‍ക്കുമേല്‍ നനഞ്ഞ തുണികൊണ്ടുരസിയപ്പോള്‍ അവന്‍ അമ്മേയെന്ന് വിളിച്ച് ഉത്തരയുടെ നെഞ്ചിലമര്‍ന്നു. രണ്ടര മാസങ്ങള്‍ക്ക് മുന്‍പ് അവന്‍ കേട്ട ഒരു കൂട്ടം മനുഷ്യരുടെ തെറിവിളികള്‍ വീണ്ടും മനസ്സിലേക്ക് വന്നു. ജനല്‍ ചില്ലുകളിലേക്ക് ചരല്‍ പൊട്ടുകള്‍ ചാഞ്ഞുപെയ്യുന്ന മഴ കണക്കെ വീണു. മണ്ണില്‍നിന്നും ഭയത്തിന്റെ തരിപ്പ് മൂര്‍ദ്ധാവിലേക്കിഴഞ്ഞ ആ രാത്രി ബാവനില്‍ കറുത്തു. തെറിയോടൊപ്പം ടോര്‍ച്ചു വെളിച്ചം കുന്തമുനകളാക്കി ഉത്തരയുടെ വീടിനു നേര്‍ക്ക് തൊടുത്തു. പതിയെ അതു കെട്ടഴിഞ്ഞു. ചീവിടുകളുടെ ശബ്ദം തിരികെ വന്നുതുടങ്ങിയപ്പോള്‍ ഉത്തര പറഞ്ഞു:
പേടിക്കണ്ടട ചെക്കാ. ഭീഷണി ഇവിടെ എപ്പൂള്ളതാണ്. എന്തായാലും ഉത്തരാ ലോഡ്ജിലെ ഒരു രാത്രി നിന്റെ തലയില്‍ വരച്ചിറ്റ്ണ്ട്.
ജനല്‍ പാളി ചെറുതായി തുറന്ന് ഗെയിറ്റിന് നേരെ ബാവന്‍ നോക്കി. ആരോ ഒരാള്‍ അമര്‍ത്തിച്ചവിട്ടിയതിനാല്‍ അകത്തേക്ക് തുറക്കാന്‍ നില്‍ക്കുന്ന ഗെയിറ്റ് കണ്ടു.
ഉത്തരയുടെ ഉച്ചത്തിലുള്ള ചിരിയുടെ തുടിപ്പ് രാത്രിയുടെ ഇരുട്ടില്‍ ലയിച്ചു. അപ്പോള്‍ തോന്നിയ ഭയത്തെ ഉരുക്കാന്‍ ഉത്തരയോടെന്തെങ്കിലും സംസാരിക്കണമെന്ന് ബാവന് തോന്നി.
ഇവിടെ വേറേ ആരൂല്ലേ?
ഉത്തര ചുവരില്‍ ഫ്രെയിം ചെയ്ത് തൂക്കിയ ഒരു സ്ത്രീയുടെ കളര്‍ച്ചിത്രത്തിന് നേരെ ചൂണ്ടി.
എന്റെ അമ്മയാണ്. ഉച്ചിര. പത്ത് കൊല്ലം മുന്‍പ് എന്നെ തനിച്ചാക്കിപ്പോയതാണ്. യുദ്ധം ചെയ്യുമ്പോ ഒറ്റക്കായാലും പേടിയുണ്ടാകര്ത് എന്ന് പഠിപ്പിച്ചത് അമ്മയാണ്.
മുറി മുഴുവന്‍ വിവിധ വലിപ്പങ്ങളില്‍ ചിത്രങ്ങള്‍ വച്ചിരിക്കുന്നത് അപ്പോഴാണ് അവന്‍ ശ്രദ്ധിച്ചത്.
കടലാസുകളില്‍നിന്നും നിറങ്ങളുടെ രാസഗന്ധം മുറിയിലാകെ പരന്നു പറന്നു. ഭയത്തിനിടയിലും കൗതുകം ഒരു വെളിച്ചംപോലെ അവനില്‍ കത്തി.
ഇതൊക്കെ നിങ്ങള്‍ വരച്ചതാണോ?
അവള്‍ അതെയെന്ന് തലയിളക്കി. ചുവരിന് കീഴില്‍ പാതി വരച്ചുനിര്‍ത്തിയ ഒരു ചിത്രം തണുപ്പില്‍ മരവിച്ച് നിന്നു.
മുറിയുടെ ഒരു ചുവരില്‍ വലിപ്പമേറിയ ഫ്രെയിമുകള്‍ക്കുള്ളില്‍ നഗ്‌ന മനുഷ്യരുടെ ചിത്രത്തില്‍ ബാവന്‍ കൗതുകംകൊണ്ട് നിന്നു. അതു കണ്ടിട്ടാകണം അതിനടിയില്‍ അടുക്കിയിരുന്ന ചിത്രങ്ങളെടുത്ത് ഉത്തര പുറത്തിട്ടത്. പല പോസിലുള്ള സ്ത്രീ ശരീരം പൂര്‍ണ്ണമായും നഗ്‌നമായിരുന്നു. അവയ്‌ക്കെല്ലാം ഉത്തരയുടെ മുഖമാണെന്ന് ബാവന് തോന്നിയപ്പോഴേക്കും അവളുടെ സംസാരം വന്നു.
എന്റെ സ്വാതന്ത്ര്യം ആഘോഷിക്കാനുള്ള വഴിയാണ് എനിക്ക് വര.
കുടവയര്‍ കുറക്കാനുള്ള വൈബ്രേറ്റിംഗ് ബെല്‍റ്റ് വില്‍ക്കുവാനെത്തുകയും അപ്രതീക്ഷിത ഹര്‍ത്താലില്‍ വാഹനങ്ങള്‍ നിശ്ചലമായപ്പോള്‍ ആ ഗ്രാമത്തില്‍ പെട്ടുപോയതുമായിരുന്നു ബാവന്‍. ഇരുട്ട് കനക്കുന്തോറും ടൗണ്‍ പിടിക്കാനുള്ള ഒരു ബൈക്കുപോലും കിട്ടാതെ വന്നപ്പോഴാണ് ഒരാളോട് താമസസൗകര്യത്തെക്കുറിച്ച് ചോദിച്ചത്. അയാള്‍ ബാവനെ അടിമുടി നോക്കി. പിന്നെ പറഞ്ഞു:
ഈ നാട്ടുമ്പ്രത്ത് ഹോട്ടലുകളൊന്നും ഇല്ല. പിന്നെ, എല്ലാ സൗകര്യൂള്ള ഒരു സ്ഥലണ്ട്. ഉത്തരാ ലോഡ്ജ്. ഭാഗ്യൂണ്ടേല്‍ മുറി കിട്ടും.
അയാള്‍ തെക്കുഭാഗത്തെ വളവിലേക്ക് ചൂണ്ടി. ബാവന്‍ വലിപ്പമുള്ള ബാഗ് ഒന്നു കൂടി ഒതുക്കി നടക്കുമ്പോള്‍ അയാള്‍ പിന്നില്‍നിന്നും ഒരു ചിരി ചിരിച്ചു. വളവിലെത്തിയപ്പോള്‍ ഉത്തര എന്ന് വലിയ അക്ഷരത്തില്‍ എഴുതിയ ഗെയിറ്റ് തുറന്നു.
ആരാണ്?
ഇരുട്ടില്‍നിന്നും സ്ത്രീ ശബ്ദം വന്നു.
ഉത്തരാ ലോഡ്ജ് ഇതല്ലേ.
ഉത്തര വെളിച്ചത്തിലേക്ക് വന്ന് അവന്റെ വെപ്രാളം കലക്കിയ കണ്ണിലേക്ക് നോക്കി.
ആരാ നിന്നെ പറഞ്ഞുവിട്ടത്.
ബാവന്‍ ഒറ്റ ശ്വാസത്തില്‍ നടന്നത് പറഞ്ഞു. അഴിഞ്ഞ മുടി അമര്‍ത്തിക്കെട്ടിയിട്ട് അവള്‍ പറഞ്ഞു:
ഇത് എന്റെ വീടാണ്. അവര് നിന്നെ പറഞ്ഞുവിട്ടതല്ലേ. അതോണ്ട് മാത്രം നീ ഇന്നിവിടെ കിടന്നോ. വാ.
അവള്‍ അകത്തേക്ക് കയറിയിട്ടും ബാവന്‍ അവിടെത്തന്നെ നിന്നപ്പോള്‍ ഉത്തര ഉറക്കെ വിളിച്ചു:
പേടിക്കേണ്ട. വന്നോളൂ.
അവന്‍ പതുക്കെ അകത്ത് കയറി. അതിഥിയെ സല്‍ക്കരിക്കാനുള്ള തയ്യാറെടുപ്പിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉത്തരയുടെ വീട് മെരുങ്ങി.
കുളി കഴിഞ്ഞ് ഉടുക്കാന്‍ മുണ്ട് നീട്ടിക്കൊണ്ട് ഉത്തര ക്ഷമാപണത്തോടെ പറഞ്ഞു:
ആണുങ്ങളില്ലാത്ത വീടായോണ്ട് നിനക്ക് പറ്റീതൊന്നും ഇവിടില്ല. ഇത് അമ്മയുടെ മുണ്ടാണ്.
ഉപയോഗിക്കാതെ വച്ചോണ്ട് പഴയൊരു മണം കാണും.
അവന്‍ മുണ്ടു വാങ്ങി. കഴിക്കാനെന്താണ് വേണ്ടതെന്ന ഉത്തരയുടെ ചോദ്യത്തിന് എന്തും കിട്ടിയാല്‍ മതിയെന്ന് ഉടല്‍ അനക്കി.
നീയിന്നെന്റെ വിരുന്ന്കാരനല്ലേ... നീ ബീഫ് കഴിക്കുമോ?
അവന്‍ ഉവ്വെന്ന് തലയിളക്കി. ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച ബീഫെടുത്ത് ചെറുതായി അരിയാന്‍ തുടങ്ങിയപ്പോഴാണ് അലുമിനിയം ഷീറ്റിനു മുകളിലേക്ക് കല്‍ക്കഷണങ്ങള്‍ പതിച്ച ശബ്ദത്തില്‍ വീട് കുലുങ്ങിപ്പോയത്. ശബ്ദത്തില്‍ വിറച്ചുപോയ ബാവനോട് പേടിക്കാതിരിക്ക് എന്ന് ആംഗ്യം കാണിച്ച് വീടിനു പുറത്തെ ഏകദേശമനുഷ്യ സാന്നിദ്ധ്യത്തിന് നേര്‍ക്ക് അവള്‍ ചോദ്യമിട്ടു.
ഏത് നായിന്റ പിള്ളക്കാടാ കടിപ്പ് തൊടങ്ങീത്?
പന്തല്‍ കിലുക്കത്തെ ഉത്തരയുടെ ശബ്ദം മുറിച്ചു. ആ നിശബ്ദതയിലേക്ക് പുറത്ത് നിന്നും മനുഷ്യ ശബ്ദം പിറുപിറുപ്പായി അകത്ത് വന്നു.
അകത്തെന്താ പരിപാടി? മൊലകുടി മാറാത്ത ഒരു ചെക്കനങ്ങോട്ട് കേറിവരുന്നത് കണ്ടപ്പഴേ തോന്നി, മണി പന്ത്രണ്ടായിറ്റും ഉത്തരക്കുറക്കുണ്ടാവൂലാന്ന്.
ഉത്തരയുടെ ഉടല്‍ നിറയെ വിറയല്‍ ഉണരുന്നത് ബാവന്‍ കണ്ടു. വായിലൊരു തെറി പുരട്ടി സ്റ്റൗവിനു സമീപത്ത് നിന്നും ഒരു കൊടുവാളുമായി അവള്‍ പുറത്തേക്ക് ചാടിയിറങ്ങുമ്പോള്‍ ബാവന് നേര്‍ക്ക് അകത്ത് തന്നെ നിന്നാല്‍ മതിയെന്നൊരു നോട്ടം കൊടുത്തു. അവളുടെ ചടുലമായ ഇറക്കം കണ്ട് മതിലിനുള്ളില്‍നിന്നും മനുഷ്യരൂപം പുറത്തേക്കിറങ്ങി. നിലാവില്‍ ആറേഴ് തലകള്‍ മതിലിനു പുറത്തുനിന്നും ഉത്തരയെ കൂവുകയും തെറിവിളിക്കുകയും ചെയ്തു.
ഇതെന്റെ വീട്. നിന്റെ തന്തമാരുടെ ചെലവിലല്ല ഈ വീട് പൊകയ്ന്ന്. ഉത്തരക്ക് ശരിയെന്നാന്ന് തോന്നിയത് ചെയ്യും. ഒരു മോനും ചോയ്ക്കാന്‍ വെരണ്ട.
അതങ്ങനാ നാട്ടുകാര്‍ക്ക് കൊടുത്തിറ്റ് പോരെ പൊറത്തുള്ളോര്‍ക്ക്. ആദ്യം ആ ചെക്കന ഇറക്കിവിട്.
തിരിച്ചറിയാന്‍ കഴിയാത്ത ഒരു നിഴലില്‍നിന്നാണ് ശബ്ദമുയര്‍ന്നത്. പുറത്തടുപ്പില്‍ തിളക്കുകയായിരുന്ന കുളി വെള്ളം ഉത്തര എടുത്തു. മതിലിനു നേര്‍ക്ക് ആവിയുയരുന്ന ചൂട് വെടിച്ചില്ലുപോലെ പറന്നു. അഞ്ചോ ആറോ പേരടങ്ങുന്ന സംഘത്തിന് ആ ദിവസം തിരിച്ചു നടക്കുവാന്‍ പര്യാപ്തമായ ഒരായുധമായി അത് മാറി.
പൊള്ളല്‍ പടര്‍ന്ന ഉടലുകളില്‍നിന്നും നിന്നെ പിന്നെയെടുത്തോളാമെടീ എന്നൊരു ശബ്ദം ഒരുമിച്ചു പൊങ്ങി.
അകത്ത് കയറുമ്പോള്‍ ഭയന്നുപോയ ബാവനെ കണ്ട് ഉത്തരയ്ക്ക് ചിരി വന്നു.
ഒത്ത തടിയുണ്ടായിട്ടും വെറക്ക്ന്ന ഒടലാണല്ലോ ചെക്കന്. പേടിത്തൊണ്ടന്‍.
ഭക്ഷണം കഴിക്കുമ്പോള്‍ അരുതാത്ത എവിടെയോ വന്നുപെട്ട അങ്കലാപ്പില്‍ അവനിരുന്നു. ഇത്രയും സമയത്തിനുള്ളിലെ സംഭവങ്ങളെല്ലാം താന്‍ സദാചാര വാദികളുടെ ഇരയാകാന്‍ പോവുകയാണെന്ന സൂചനയായതിനാല്‍ പാതിരാത്രിയുടെ കട്ടക്കറുപ്പിലൂടെ ടൗണിലേക്കുള്ള വഴി നടന്നു തീര്‍ത്താലോ എന്നു ചിന്തിച്ചു. പക്ഷേ, ഉത്തരയ്ക്കും നാട്ടുകാര്‍ക്കുമിടയിലെ അസംഖ്യം വാശിവലകളില്‍നിന്നും രക്ഷപ്പെട്ടു പോവുക എളുപ്പമല്ലെന്നറിഞ്ഞുകൊണ്ടുതന്നെ സുഖമില്ലാത്ത അമ്മയുടെ കാര്യം പറഞ്ഞ് ഒരു വഴിയിട്ടു നോക്കി.
നട്ടപ്പാതിരക്ക് കൊലക്ക് കൊടുക്കാനാണോ നിന്റെ പോക്ക്. ഇവിട കിടന്നാ മതി.
ഗ്രാമ്പുമണക്കുന്ന പോത്തിറച്ചി ബാവന്റെ പാത്രത്തിലേക്ക് വിളമ്പിക്കൊണ്ട് ഉത്തര പറഞ്ഞു. പിന്നെ അവനൊന്നും പറഞ്ഞില്ല.
കിടക്കാന്‍ നേരം മുറി കാണിച്ച് അവള്‍ പറഞ്ഞു:
രാത്രീല് ഞാന്‍ കാണാതെ പോകാന്ന് വിചാരിക്കണ്ട. ഞാന്‍ മുറിക്ക് പുറത്തുണ്ട്. ഒരെല വീണാ ഞെട്ടുന്ന ഒറക്കാ എന്റേത്.
വിളക്കണച്ചിട്ടും അവനുറക്കം പിടിച്ചില്ല. പഴയ കടലാസിന്റേയും പെയിന്റിന്റേയും കൂടി കുഴഞ്ഞ ഗന്ധം അവനില്‍ കുത്തി. അപരിചിതത്വത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. സാക്ഷയിടാത്ത വാതിലിനു പുറത്തെ പെണ്‍സാന്നിദ്ധ്യത്തിലേക്ക് അവന്റെ കിതപ്പുയര്‍ന്നു. നാട്ടുകാരുടെ തെറിവിളികളെല്ലാം ഹൃദയമിടിപ്പിന്റെ ചടുലതയില്‍ മുങ്ങി. അവന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റിരുന്നു.
എന്താടാ ചെക്കാ. ഒറക്കം വെര്ന്നില്ലേ.
ജൈവികമായ ഒരേകാഗ്രതയില്‍നിന്നും ഉടല്‍ ഉണര്‍ന്നു. അവന്‍ പറഞ്ഞു:
ഇല്ല. ഉറക്കം വര്ന്നില്ല.
നിനക്ക് എണ്ണാനറീലേ?
അതെന്തൊരു ചോദ്യമാ?
അവന്‍ ചിരിച്ചു. പുറത്ത് നിന്നും അവളുടെ ശബ്ദം വന്നു.
എങ്കീ മുന്നൂറ് മൊതല് താഴോട്ട് എണ്ണിക്കിടന്നോ. മനസ്സില് മതി. ഒറക്കെ വേണ്ട. തൊടങ്ങിക്കോ.
അവന്‍ എണ്ണാന്‍ തുടങ്ങി. തളര്‍ന്ന ശരീരത്തിലേക്ക് ഉറക്കത്തിന്റെ കറുപ്പ് പതിയെ ഇറങ്ങി. ഉത്തര കൊടുത്ത അവരോഹണക്രമത്തിലിടയിലൊരിടത്ത് അവന്‍ വീണു. എന്നാല്‍, തടസ്സങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ട ഉത്തര ആ ചെറുപ്പക്കാരന്റെ സാന്നിധ്യത്തില്‍ ഉറക്കം വരാതെ മണിക്കൂറുകളോളം ഉണര്‍ന്നിരുന്നു. അല്പം മുന്‍പ് ബാവന് കൊടുത്ത ഉറക്കമന്ത്രം അവളോതിയെങ്കിലും മുറിയിലെ ഇരുട്ടില്‍ അക്കങ്ങള്‍ മാത്രം ബാക്കിയായി. അവളെഴുന്നേറ്റ് ബാവന്റെ മുറിയുടെ വാതില്‍ തുറന്നു. അവനെ വിളിച്ചുണര്‍ത്തി.
എടാ എനക്കൊറക്കം വരുന്നില്ല. കാലങ്ങളായി ഞാന്‍ കാത്തിരുന്ന വിരുന്നുകാരനാണ് നീ.
ആ സ്ത്രീ എന്താണ് ലക്ഷ്യം വയ്ക്കുന്നതെന്ന അങ്കലാപ്പില്‍ ഉറക്കച്ചടവോടെ നെറ്റി ചുളിച്ചു.
അമ്മ പോയതിപ്പിന്നെ ഞാനാരോടും സംസാരിച്ചിട്ടില്ല. ആകെ കൂടി കിട്ടിയത് നിന്നെയാണ്. പിന്നെങ്ങനെ ഈ രാത്രി ഞാനൊറങ്ങും?
അമ്മ എങ്ങനെയാ മരിച്ചത്?
ബാവന്റെ ഉറക്കം പുരട്ടിയ ചോദ്യത്തിനു മുന്നില്‍ അവളൊന്നു പുഞ്ചിരിച്ചു.
അമ്മ എങ്ങനയാ ജീവിച്ചത് എന്ന് ചോദിക്ക്.
അവള്‍ മുറിയിലെ എല്ലാ വെളിച്ചവും കെടുത്തി. ചാരുകസേരയിലേക്ക് ഓര്‍മ്മകളെ പുറത്തിടാനുള്ള ശരീരഭാഷയില്‍ മലര്‍ന്നു. തുറന്നിട്ട ജാലകത്തിലൂടെ ഇരുട്ടിനൊപ്പം മഞ്ഞും മുറിയിലേക്ക് കയറി. അന്നേരം എന്താണ് സംസാരിക്കേണ്ടതെന്നറിയാതെ ബാവന്‍ നില്‍ക്കവേ ഉത്തരയുടെ ശബ്ദം മെല്ലെ ഉയര്‍ന്നു.
സമൂഹം പൂച്ചയാണ്. കൊല്ലാതെ തട്ടിക്കളിക്കാനും സാഡിസ്റ്റായി നഖങ്ങളാഴ്ത്താനും അതിന് എല്ലായ്‌പോഴും ഒരിരയെ ആവശ്യമുണ്ട്. ഒരുകാലത്ത് എന്റെ അമ്മ ഉച്ചിരയായിരുന്നു ഇരയുടെ സ്ഥാനത്തെങ്കില്‍ ഇന്ന് ഞാനാണ്. യഥാര്‍ത്ഥത്തില്‍ ഉച്ചിര എന്ന പേരു പോലും പ്രമാണികളുടെ നഖങ്ങളേറ്റ് കീറിപ്പോയതാണ്. കാലത്തിന്റെ ഫ്യൂഡല്‍ ഭരണിയിലിട്ട് പുളിപ്പിച്ച പേര്.
പള്ളിക്കൂടത്തില്‍ പോകണമെന്ന ആഗ്രഹം തലക്ക് പിടിച്ച് നാട്ടിലെ എയ്ഡഡ് എല്‍.പി സ്‌കൂളിലേക്ക് ആയിരത്തിത്തൊള്ളായിരത്തി അന്‍പത്തിയൊന്‍പതില്‍ ഒന്നാം ക്ലാസ്സിലേക്ക് ചേരുമ്പോള്‍ അമ്മയുടെ അച്ഛന്‍ തടസ്സം പറഞ്ഞിട്ടുകൂടി ഉത്തര എന്ന് പേരു കൊടുത്തു. ഹാജര്‍ പുസ്തകത്തിലേക്ക് പേരു പകര്‍ത്തുന്ന മാസ്റ്റര്‍ കട്ടി ഫ്രെയിമന്‍ കണ്ണടയ്ക്കുള്ളിലൂടെ രണ്ടു പേരെയും നോക്കി. മഷി തുറിച്ചുനില്‍ക്കുന്ന പേന രജിസ്റ്ററില്‍ വച്ച് മാസ്റ്റര്‍ വിട്ടുവീഴ്ചകളില്ലെന്ന കനത്ത ഉറപ്പില്‍ പറഞ്ഞു:
അതെങ്ങനെ ശരിയാവും. തേര്‍മന്റെ കിടാവിന് പേര് ഉത്തരയോ?
മാസ്റ്റര്‍ പേനയെടുത്തു. ഉരുണ്ട കയ്യക്ഷരത്തില്‍ ഹാജര്‍ പുസ്തകത്തില്‍ ചരിത്രത്തിന്റെ ആവര്‍ത്തനമായി കുറിച്ചു.
ഉച്ചിര, D/o തേര്‍മ്മന്‍.
പേരിലുണ്ടായ എതിര്‍പ്പുകള്‍ ഉള്ളില്‍ ഒതുക്കിക്കൊണ്ടു തന്നെ അമ്മ പതിനൊന്നു വയസ്സുവരെ പഠിച്ചു. നാട്ടുകാരനായ കരിയനുമായുള്ള കല്യാണം കഴിഞ്ഞതില്‍പ്പിന്നെ സ്‌കൂളില്‍ പോയില്ല. കരിയന്‍ അവളെ ഉച്ചിരേയെന്ന് വിളിച്ചു. പുറത്തിറങ്ങാത്ത ഒരേമ്പക്കം നെഞ്ചിന്‍ കൂടിനുള്ളില്‍ എങ്ങനെ അങ്കലാപ്പുണ്ടാക്കുന്നോ അതുപോലെ അവളേയും അത് തളച്ചു. കരിയന്റെ പെങ്ങന്മാരും ആങ്ങളമാര്‍ക്കും ഒപ്പം മണ്ണപ്പം ചുട്ടുകളിക്കവെ അവരും ഉച്ചിരേയെന്ന് വിളിച്ചു.
വടക്കന്‍ തേര്‍ത്തല്ലിക്കുന്നില്‍ കുടിയേറ്റക്കാരുടെ കൃഷിയിടങ്ങളില്‍ കുരുമുളക് വിളയുമ്പോള്‍ ഉരൂട്ടിപ്പുഴയിലൂടെ ചങ്ങാടത്തില്‍ പണിക്കു പോകുന്ന ചെറുപ്പക്കാര്‍ക്കൊപ്പം ഒരു ദിവസം കരിയനും പോയി. പോകാന്‍ നേരം ഉച്ചിരയെ അടുത്തു വിളിച്ചു പുണര്‍ന്നു. അവന്റെ വിയര്‍പ്പു മണക്കുന്ന ഉടലേറ്റ് അവള്‍ പിടഞ്ഞുമാറി.
ഉച്ചിരേ നീയെന്റെ പെണ്ണാണ്.
അവളൊന്നും പറഞ്ഞില്ല. വയസ്സറിയിക്കാത്തതിനാല്‍ ഉച്ചിരയുടെ കിടപ്പ് കരിയന്റെ അനുജത്തിമാര്‍ക്കൊപ്പമായിരുന്നതിനാല്‍ ദാമ്പത്യത്തിലെ ഉടലനക്കങ്ങള്‍ അവള്‍ക്കജ്ഞാതമായിരുന്നു. പേടിച്ചു വിറച്ച ഉച്ചിരയുടെ ചുമലില്‍ സ്‌നേഹപൂര്‍വ്വം തലോടിക്കൊണ്ട് കരിയന്‍ പറഞ്ഞു:
പെണ്ണേ, നാളെ പൊലച്ചെ ഞാന്‍ തേര്‍ത്തല്ലിക്കുന്നി പോവും. എപ്പഴാണ് പണി തീരൂന്നറീല്ല. തിരിച്ച് വെരുമ്പോളേക്കും നീയൊരു പെണ്ണായ്റ്റ്ണ്ടാവും.
അവന്‍ ഉച്ചിരയുടെ കവിളില്‍ തലോടുകയും നെറ്റിയില്‍ ഉമ്മ വെയ്ക്കുകയും ചെയ്തു. തൊട്ടു മുന്നേ കുതറിച്ച തന്റെ ഉടലിലേക്ക് സ്‌നേഹത്തിന്റെ തണുപ്പുറയുന്നത് അവളറിഞ്ഞു. പതുക്കെ കരിയനോട് ചേര്‍ന്നു നിന്നു. അവന്റെ കൈവട്ടത്തിനുള്ളിലേക്ക് അവള്‍ നിറയവെ കൈകളിലെ കുപ്പിവളകള്‍ ചിരിച്ചു. നെഞ്ചിന്‍ കൂടിനുള്ളില്‍ ഉറങ്ങിപ്പോയിരുന്ന ഒരു കിളി ചിറകടിച്ച് ചിലയ്ക്കുന്നതായ് ഉച്ചിരയ്ക്ക് തോന്നി. രാത്രി കുട്ടികള്‍ക്കിടയില്‍ കിടക്കുമ്പോള്‍ അവള്‍ക്കുറക്കം വന്നില്ല. അടുപ്പത്തിന്റെ ഒരു നൂല്‍ കരിയനുമേല്‍ കെട്ടിവരിഞ്ഞതിന്റെ വേദനയില്‍ അവള്‍ കരഞ്ഞു കിടന്നു. പിറ്റേന്ന് പുലര്‍ച്ചയുടെ ഇരുളില്‍ ചങ്ങാടം കിഴക്കോട്ട് കിതച്ച് നീങ്ങുംതോറും കരിയന്റെ കണ്ണും കലങ്ങിമറിഞ്ഞു.
കരിയന്‍ എന്ന മനുഷ്യന്റെ യാത്ര ഞാന്‍ വരച്ചിട്ടുണ്ട്.
കഥ മുറിച്ച്, മുറിയുടെ മൂലയില്‍ ചുരുട്ടിവച്ച കുറേ കടലാസുകള്‍ ഉത്തര നിവര്‍ത്താന്‍ തുടങ്ങി. കറുപ്പിനാല്‍ കുത്തിവരഞ്ഞ ഒരു ചിത്രത്തെ അവന്റെ മുന്നിലേക്ക് നീട്ടി. പുഴയുടെ ആഴത്തോട് മല്ലിട്ട് ഒരു മുളച്ചങ്ങാടം. വെള്ളത്തിലേക്ക് മുളങ്കമ്പ് കുത്തിയെറിയുന്ന മൂന്നു പേര്‍. അഞ്ചാറു പേരടങ്ങുന്ന ഒരു കൂട്ടം മനുഷ്യര്‍ ചങ്ങാടത്തിലിരിപ്പുണ്ട്. അവരില്‍നിന്നും ഒറ്റപ്പെട്ടിരിക്കുന്ന മനുഷ്യന്റെ ദു:ഖമമര്‍ന്ന മുഖം. നിഴല്‍ ഭാഷ കൊണ്ട് അമ്മയുടെ ജീവിതത്തിലെ ഒരേട് രേഖപ്പെടുത്തിയ ആ ചിത്രത്തിനു മുന്നില്‍ ഉത്തരയും ബാവനും ഒരു നിമിഷം നിശബ്ദരായി.
കൈതോല പായ വിരിച്ച്
പായേലിത്തിരി എന്താണ്ടും വിതച്ച്
എപ്പ വരും... ഉത്തരയുടെ വീടിനു മുന്നില്‍ ക്രമരഹിതമായ ഒരു പാട്ട് ഉയര്‍ന്നു. മദ്യലഹരിയില്‍ സമയചിഹ്നങ്ങളെ മറന്ന് ചില പാതിരാത്രികളില്‍ നാടുകറങ്ങാറുള്ള ഒരുത്തന്റെ സൂചന കൊടുത്ത് ഉത്തര, ബാവനെ ആശ്വസിപ്പിച്ചു. അവളുടെ വീട്ടുമുന്‍പില്‍ അയാളൊന്നു നില്‍ക്കുമെന്നും ഒരു തെറിയെങ്കിലും വീഴുമെന്നും വിചാരിച്ചുവെങ്കിലും ഉണ്ടായില്ല. പാട്ട് അവരെ കടന്ന് ദൂരേക്ക് പോയി.
ചെക്കാ, അന്ന് തേര്‍ത്തല്ലിക്കുന്നിലേക്ക് പോയ ആ കരിയനില്ലേ, അയാള്‍ പിന്നെ തിരിച്ചു വന്നില്ല.
മൂന്നു മാസം കഴിഞ്ഞപ്പോഴാണ് പണിക്കാരില്‍ ചിലര്‍ തിരികെയെത്തിയത്. അവരുടെ കൂട്ടത്തിലോ പിന്നീട് വന്നവരിലോ കരിയന്‍ ഉണ്ടായിരുന്നില്ല. അവനെ തേടി ഉച്ചിരയുടെ അച്ഛന്‍ നാടു മുഴുവന്‍ നടന്നു. തേര്‍ത്തല്ലിക്കുന്നില്‍നിന്നു മടങ്ങിയവരെല്ലാം അറിയില്ലെന്ന് കൈമലര്‍ത്തി. കരിയന്റെ വരവിലുള്ള അവസാന പ്രതീക്ഷയും കൈവിട്ട ഒരു വൈകുന്നേരം ഉച്ചിരയേയും കൂട്ടി തേര്‍മന്‍ സ്വന്തം വീട്ടിലേക്ക് നടന്നു.
തേര്‍മന്റെ കിടാവിന്റെ കെട്ട്യോന്‍ ചത്തുപോയീന്നാ കേള്‍വി. നരി കൊണ്ടോയിറ്റ്ണ്ടാവും. തേര്‍ത്തല്ലി നരി പതക്ക്ന്ന എടമാ.
റേഡിയോ കേള്‍ക്കാന്‍ വന്നവരെല്ലാം വായനശാലയുടെ വരാന്തയില്‍ കാത്തിരിക്കുമ്പോള്‍ കുട്ടിനാരായണനാണ് വിഷയമിട്ടത്. വാര്‍ത്ത തുടങ്ങും വരെയും കരിയനും തേര്‍മനും ഉച്ചിരയും അവരുടെ സംസാരങ്ങളില്‍ കറങ്ങി. മൂലയില്‍ മാറിയിരിക്കുകയായിരുന്ന ഒരാള്‍ക്ക് അടിയന്തരമായി സംസാരിക്കാന്‍ മുട്ടിയതിനാല്‍ വായില്‍ നിറഞ്ഞ മുറുക്കാന്‍ കൊണ്ട് വായനശാലയുടെ മുറ്റം ചുവപ്പിച്ചു. അയാള്‍ ശാര്‍ങധരന്റെ കാതുകള്‍ക്കരികിലേക്ക് കുനിഞ്ഞു.
അടിയാത്തിയാണേലും കൊഴുത്തുരുണ്ട ഒടലാണ്. പള്ളിക്കൂടത്തില് പോണ വഴി അയിന കണ്ടിറ്റ്ണ്ട്. വിരോതൂല്ലേല്‍ നെനക്ക് വേണാ?
ശാര്‍ങധരന്‍ അയാളെ നോക്കി. വെറ്റിലയുടെ ലഹരി മണത്തോടൊപ്പം അയാള്‍ കാതിലേക്കിറ്റിച്ച ആ ഉടല്‍ച്ചിത്രം ശാര്‍ങധരന്റെ തുടയിലുടക്കി. വാര്‍ത്ത തുടങ്ങിയിട്ടും ഓര്‍മ്മയില്‍ ഇതുവരേക്കും ഇല്ലാതിരുന്ന ഉച്ചിരയെക്കുറിച്ച് സമൃദ്ധമായി ചിന്തിച്ച് അവനിരുന്നു. വാര്‍ത്തകഴിഞ്ഞ് വരാന്ത ശൂന്യമായിട്ടും എഴുന്നേല്‍ക്കാത്ത ശാര്‍ങധരനോട് ലൈബ്രേറിയന്‍ പെട്രോള്‍ മാക്‌സ് വെളിച്ചം ചെറുതാക്കിക്കൊണ്ട് സമയമായെന്നു സൂചന കൊടുത്തു.
ശാര്‍ങരേട്ടന്‍ പോന്നില്ലേ.
നീ പോയ്‌ക്കോ.
അയാള്‍ പെട്രോമാക്‌സ് കെടുത്തി. ഇരുട്ട് ഒരു പെണ്ണുടല്‍പോലെ ശാര്‍ങധരനില്‍ വ്യാപിക്കാന്‍ തുടങ്ങി. അയാള്‍ അപ്പോള്‍ത്തന്നെ തേര്‍മന്റെ വീടിനു നേര്‍ക്ക് ധൃതി പിടിച്ചു.
തേര്‍മനില്ലേ?
ഉച്ചിരയുടെ വീടിനു മുന്നില്‍ ശാര്‍ങധരന്റ വിളി കേട്ട് തേര്‍മന്‍ പുറത്ത് വന്നു. അസമയത്തെ അയാളുടെ വരവ് കണ്ട് തേര്‍മന്‍ ശങ്കിച്ചെങ്കിലും അകത്തുനിന്ന് സ്റ്റൂളു കൊണ്ടുവന്ന് ഇരുത്തി. അവരുടെ സംസാരത്തിന് ഗൗരവത്തിന്റെ ഭാഷയാണെന്ന് അകത്തുള്ളവര്‍ക്കും ബോധ്യമായി. ഇടയ്ക്കിടെ അകത്തേക്ക് പാളിവീഴുന്ന ശാര്‍ങധരന്റെ നോട്ടത്തില്‍നിന്നും ഇരുട്ട് ഉച്ചിരയെ ഒളിപ്പിച്ചു. വിജയിച്ച ഉടമ്പടിയുടെ ഉറപ്പുപോലെ അല്പനേരത്തിനകം ശാര്‍ങധരന്‍ വഴിയിലേക്കിറങ്ങി. അകത്തേക്ക് കയറിയ തേര്‍മന്റെ കണ്ണുകളിലേക്ക് തേയി ധൃതിവച്ചു. അയാള്‍ പറഞ്ഞു:
ശാര്‍ങ്ങരനാണ്. മ്മ്ട ഉച്ചീരേന ഓന് വേണോലും.
ങ്ങ ന്ത് പറഞ്ഞ്.
ഇത്രേം വല്യവര് അടിയാമ്മാര്‌ടെ ക്ടാവിനെ മങ്ങലത്തിന് ചോയിക്ക്ന്ന് കേട്ടപ്പോ എനക്കൊന്നും മിണ്ടാമ്പറ്റീറ്റ.
തരിച്ച് പോയി.
മണ്ണെണ്ണ കുറവായതിനാല്‍ തിരി താഴ്ത്തിയ പാനീസു വെളിച്ചം അകത്തെ ഇരുട്ടുമായി ഉരസിക്കളിക്കുന്നുണ്ടായിരുന്നു. അതേ കറുപ്പില്‍നിന്നും നിഷേധത്തിന്റെ അലര്‍ച്ചയായി ഉച്ചിരയുടെ ശബ്ദമുയര്‍ന്നു.
എനക്ക് എനി മങ്ങലം വേണ്ട.
ഉച്ചിരേ, കുന്നുമ്പൊറത്ത് നാലേക്ര പൂമിക്ക് നടൂല് വീട് വെച്ച് ഒറ്റത്തടിയായി ജീവിക്കൊന്നോനാ ഓന്‍. ഓന് കണ്ടൂണ്ട്, തെങ്ങും കവുങ്ങൂണ്ട്. വരത്തനാണെങ്കിലും വെളുത്തോനല്ലേ.
ഉച്ചിര അന്നുറങ്ങിയില്ല. കരിയനെക്കുറിച്ചുള്ള കുറച്ച് ദിവസത്തെ ഓര്‍മ്മകള്‍ അവളിലേക്ക് ഇഴഞ്ഞിറങ്ങവെ ശരീരം നുറുങ്ങുന്ന ഒരു വേദന അടിവയറില്‍നിന്നും ശരീരമാകെ വേര് വിരിച്ചു. പാതിരാത്രിയില്‍ തുണിവിരിപ്പില്‍ കിടന്ന് വേദനയെ കടിച്ചമര്‍ത്തുകയും കടല്‍പോലെ പുളച്ചു മറിഞ്ഞ അടിവയറില്‍ വിരലമര്‍ത്തി ചുരുളുകയും ചെയ്തു. ചുവന്ന നിറമുള്ള ഒരുറവ അവളുടെ തുടകളില്‍ ആദ്യമായി നനച്ചു. വേദന തളര്‍ന്നുതുടങ്ങിയപ്പോള്‍ പതുക്കെ അവള്‍ കണ്ണടച്ചു. തന്റെ നെറ്റിയിലേക്ക് കരിയന്റെ വെറ്റില മണക്കുന്ന ചുണ്ടുകള്‍ അമര്‍ന്നതായി അവള്‍ സ്വപ്നം കണ്ടു.
വയലില്‍ പൂമീന്‍ പുളച്ചു പായുന്ന മിഥുനമായിരുന്നു. തോട് നിറഞ്ഞ് വയലൊരു പുഴപോലെ മലര്‍ന്നുകിടന്നു. വരമ്പില്‍ മുട്ടോളം വെള്ളത്തിലൂടെ ഉച്ചിരയുടെ കൈപിടിച്ച് നടക്കുമ്പോള്‍ ശാര്‍ങധരന്‍ മുണ്ട് തുടയോളം പൊക്കി. മറുകയ്യില്‍ പിടിച്ച കുടയുടെ കാര്യം മറന്നതിനാല്‍ മഴ അവരെ നനച്ചു. അവളുടെ കൈക്കുള്ളില്‍ അയാള്‍ വിരലുകളിലൂടെ കാമത്തിന്റെ ഒരു നഖമുന അമര്‍ത്തിവച്ചതായി അവള്‍ക്ക് തോന്നി. അവളുടെ നെഞ്ചിനകത്ത് ആധി കൂടി. എതിര്‍ത്തിട്ടും വിടാതെ പിന്തുടര്‍ന്ന അയാളെ കുറിച്ചല്ല, കിഴക്ക് പോയ കരിയനെ കുറിച്ചായിരുന്നു അവള്‍ ആലോചിച്ചുകൊണ്ടിരുന്നത്. പുഴപോലെ ഒഴുകിയെത്തുന്ന ജലരാശിയിലെവിടെങ്കിലും കരിയന്റെ ചങ്ങാടത്തിന്റെ നിഴല്‍ അവസാന തുരുത്തുപോലെ വന്നേക്കണമെന്ന് ആശിച്ചു. ശാര്‍ങധരന്റെ ധൃതിപിടിച്ച നടത്തത്തിലേക്ക് വിട്ടുകൊടുക്കാതെ ഒഴുകിവരുന്ന ജലം അവളുടെ കാലുകളില്‍ ചുറ്റിവലിച്ചു. കുന്നുകയറി നിവര്‍ന്നിടത്ത് ശാര്‍ങധരന്റെ വീട് ഏകാകിയായി അവരെ കാത്തിരുന്നു. അരക്കെട്ടില്‍നിന്നും താക്കോലെടുത്ത് വാതില്‍ തുറന്നു. തണുത്ത് വിറങ്ങലിച്ച് അകത്ത് കയറാന്‍ മടിച്ച ഉച്ചിരയെ അയാള്‍ ബലമായി അകത്തേക്ക് കൂട്ടി.
ഉച്ചിരേ.
അവള്‍ ഗൗരവത്തോടെ അയാളെ നോക്കി.
എന്റെ പേര് ഉച്ചിരന്നായിര്ന്നില്ല.
പിന്നെ?
ഉത്തരാന്നായിരുന്നു.
ഉത്തരയോ. ഈപ്പെണ്ണിന് ഉച്ചിരാന്ന് മതി.
പുളിച്ച പേര്.
അവളുടെ പുലമ്പല്‍ മുറിയില്‍ മുരണ്ടു.
രാത്രി വരെ കാക്കാനുള്ള ക്ഷമയില്ലാത്തോണ്ടാ നമ്മള് മാത്രം മതീന്ന് വിചാരിച്ചത്. അതും ഈ മഴയത്ത്.
ശാര്‍ങധരന്‍ അവളുടെ ചുമലില്‍നിന്നും നനഞ്ഞ മേല്‍മുണ്ട് വലിച്ചു മാറ്റി. ശരീരത്തിന് നേര്‍ക്കുള്ള ആദ്യ അപകടത്തെ ചെറുക്കാന്‍ അവള്‍ പിറകോട്ട് മാറി. അരുതെന്ന് പറഞ്ഞിട്ടും അവളുടെ ഉടലിനു നേര്‍ക്ക് അയാളുടെ കണ്ണും കയ്യും പാഞ്ഞു. മേശപ്പുറത്തെ ചില്ലു ഗ്ലാസ്സെടുത്ത് അവസാന രക്ഷ കണക്കെ ഉച്ചിര അയാളുടെ നെഞ്ചിലേക്കെറിഞ്ഞു. പിന്നെ അലറി.
തൊടരുത്. ഞാന്‍ എന്റെ കരിയേട്ടന്റേതാണ്.
ശാര്‍ങധരന്‍ ക്ഷമയോടെ ചിരിക്കുകയാണുണ്ടായത്. അയാള്‍ പതിയെ പറഞ്ഞു:
കരിയന്‍ തിരിച്ചു വരില്ല. തേര്‍ത്തല്ലിത്തട്ടിലെ മലയിടിച്ചിലില്‍ അവന്‍ ചത്തു.
അവന്‍ ഉച്ചിരയുടെ അരികിലേക്ക് നടന്നു. പിറകോട്ട് മാറുമ്പോള്‍ ഉടഞ്ഞ ചില്ലുകള്‍ തറഞ്ഞ് അവളുടെ കാല്‍ ചുവന്നു.
നൊണ പറേര്ത്. കരിയന്‍ ചത്തൂന്ന് ഞാനൊറപ്പിക്കും വരെ എന്നെ തൊടര്ത്. തൊട്ടാ ഞാന്‍ തൂങ്ങിച്ചാവും.
ഒറപ്പ്.
മനസ്സില്ലെങ്കിലും ആ കരാര്‍ ശാര്‍ങധരന്‍ അംഗീകരിച്ചു. ഏത് നിമിഷവും കീഴടക്കാന്‍ എളുപ്പമുള്ള ഒരു പ്രതിസന്ധിയെ തട്ടിക്കളിക്കുമ്പോഴുള്ള ഒരു തണുപ്പ് അയാള്‍ അന്ന് ഏറ്റെടുത്തു.
ഇരുട്ട് പോകും മുന്‍പ് വണ്ടി കയറണമെന്ന് കരുതിയെങ്കിലും തലേ ദിവസത്തിന്റെ തുടര്‍ച്ചപോലെ വാഹനമൊന്നും കിട്ടാനില്ലാതെ ബാവന്‍ ബസ് സ്‌റ്റോപ്പില്‍ നിന്നു. പതിവില്ലാത്ത ചെറുപ്പക്കാരന്റെ സാന്നിധ്യത്തെ ആഴന്‍ നോട്ടത്തിലൂടെ ചിലര്‍ ചോദ്യമിട്ടു. ഒരു രാത്രി മുഴുവനുള്ള ഉറക്കത്തിന്റെ കറയില്‍ കണ്ണു കലങ്ങുന്നുണ്ടായിരുന്നു. പ്രാതല്‍ കഴിക്കാതെ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ നിര്‍ബ്ബന്ധിച്ച് കഴിപ്പിച്ചതും പേടിയില്ലെങ്കില്‍ വിളിക്കുന്ന ഒരു ദിവസം കൂടി കമ്പനി തരണമെന്നും ഉത്തര പറഞ്ഞത് എന്തിനായിരിക്കും എന്ന് അവന്‍ ചിന്തിച്ചു. നല്ലൊരു അവസരത്തിന്റെ മുകളിലാണ് പഴയൊരു കഥ തേഞ്ഞൊട്ടിയതെന്ന് സങ്കടപ്പെട്ടു. ലാഭമില്ലാത്തൊരേര്‍പ്പാടില്‍ നാട്ടുകാരുടെ ചോദ്യാവലികളില്‍നിന്നും ഒളിക്കണമെന്നോര്‍ത്ത് കുറേ നേരത്തിനു ശേഷം വന്ന, ശബ്ദം കൊണ്ട് ഡിജെയിട്ട ഒരു ബുള്ളറ്റിന് അവന്‍ കൈ നീട്ടി.
ഒരാഴ്ച കഴിഞ്ഞ് വിരസമായൊരു രാത്രിയില്‍ മലര്‍ന്നു കിടക്കെ ഉച്ചിരയും ശാര്‍ങധരനും ബാവനില്‍ ഉണര്‍ന്നു. എന്തിന്റെ പേരിലാണെങ്കിലും കയ്യിലൊതുങ്ങിയത് വിട്ടുകളഞ്ഞ ശാര്‍ങധരനെപ്പോലെയായിരുന്നു ഉത്തരയുടെ കൂടെ ഒരു രാത്രിയെ വെളുക്കാന്‍ വിട്ടതെന്ന് വിലപിച്ചു. അന്നേരം തന്നെ ഉത്തരയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടി. നിര്‍ത്തിയ കഥയുടെ ബാക്കി എപ്പോഴെന്ന്, അന്നു നഷ്ടപ്പെട്ടത് തിരികെയെടുക്കുമെന്ന ഉള്‍ച്ചിരിയാലെ അവന്‍ ചോദിച്ചു. പിറ്റേന്ന് രാത്രിയില്‍ ഉത്തരയുടെ വീടിനു മുന്നില്‍ ചങ്ങാതിയുടെ ബൈക്കില്‍നിന്നും ജാരന്റെ കാലടക്കത്തോടെ ബാവന്‍ ഇറങ്ങി. സംശയങ്ങളെ നിരാകരിച്ച് ബൈക്ക് ദൂരേക്കും അവന്‍ ഉത്തരയുടെ വീട്ടിലേക്കും നീങ്ങി.
ഇരുട്ടില്‍നിന്നും ഉത്തരയുടെ ശബ്ദമുയര്‍ന്നു.
ബാവന്‍ അകത്തിരിക്ക്. ഞാന്‍ വരാം.
അകത്തുനിന്നും അവന്റെ കണ്ണ് ജാലകത്തിലൂടെ പുറത്തേക്കിറങ്ങി. ഇരുട്ടാണെങ്കിലും തെങ്ങിനു കീഴില്‍ പൂര്‍ണ്ണനഗ്‌നയായ ഒരു ശരീരം കുളിക്കുന്നതിന്റെ ഇരുളനക്കം കണ്ടു. മതിലിനു പുറത്തുകൂടി പോകുന്ന വാഹന വെളിച്ചം അവളുടെ ഉടലില്‍ വീണപ്പോള്‍ ബാവന് ഷോക്കടിച്ചു.
ഒടലുള്ളതുകൊണ്ട് മാത്രം പെണ്ണിന് നടത്താനാകാത്ത ജീവിതത്തിലെ ഏറ്റവും ലളിതമായ ഒരു കാര്യൂണ്ട്. തുറസായ സ്ഥലത്തിങ്ങനെ പിറന്നപടി നിന്നു കുളിക്കുന്നത്. ആണിനു കഴിയും.
അകത്തേക്ക് കയറി വരുമ്പോള്‍ ഉത്തര പിറുപിറുത്തു. അകത്തെ വെളിച്ചത്തില്‍ സ്തബ്ധനായി അവനിരുന്നു. ഉത്തരയുടെ രൂക്ഷമായ നോട്ടം കണ്ട് തല താഴ്ത്തിയ അവനരികിലേക്ക് നീങ്ങി അവള്‍ പറഞ്ഞു:
നിന്റെ നെഞ്ചിന്റെ പെടപ്പ് ഞാന്‍ കേള്‍ക്കുന്നുണ്ട്. അകത്ത് നിന്നൊരു നിഴല്‍ എന്നിലേക്ക് വീണപ്പഴേ ഞാനാ നോട്ടം ഊഹിച്ചതാ. മദജലത്തിന്റെ മണം പ്രതീക്ഷിച്ച് ഇതിലൂടെ കറങ്ങുന്നവരോടൊപ്പം ബാവനെ കാണാന്‍ ആഗ്രഹമില്ല.
അവള്‍ ബാവന്റെ ചുമലില്‍ വിരലമര്‍ത്തി.
തനിച്ചു താമസിക്കുന്ന പെണ്ണ് ഒരു സാധ്യതയാണ്. ഏതൊരാണിനും.
അധികം വൈകാതെ ഗെയിറ്റിന് പുറത്ത് ചില ശബ്ദങ്ങള്‍ കേട്ടു തുടങ്ങി. തെറിപ്പാട്ടുകള്‍ ഉച്ചസ്ഥായി പ്രാപിച്ച് പതുക്കെ പതിവുപോലെ അടങ്ങി.
നാലേക്കറിനുള്ളിലെ വീട്ടില്‍ പത്താഴ്ചയോളം ശാര്‍ങധരനും ഉച്ചിരയും സമാന്തര ഉടല്‍ ജീവിതം നയിച്ചു. അകല്‍ച്ച ശിഥിലമാകാനുള്ള എല്ലാ സന്ദര്‍ഭങ്ങളും ഉച്ചിര വാക്കും നോക്കും കൊണ്ട് വഴിതിരിച്ചു. വാറ്റ് ചാരായത്തില്‍ ബോധം നഷ്ടപ്പെട്ടു വന്ന ഒരു രാത്രിയില്‍ ശാര്‍ങധരന്‍ എല്ലാ കരാറുകളും തെറ്റിക്കുമെന്ന് തോന്നിയപ്പോള്‍ അവള്‍ അയാള്‍ക്കു നേരെ അരുതെന്ന് അലറി.
ഉച്ചിരേ
ഉത്തര
ഉച്ചിര
അല്ല. എന്റെ പേര് ഉത്തരാന്നാന്ന്.
അടിമക്കന്നികള്‍ക്ക് ചീഞ്ഞതേ ചേരൂ.
എന്നിട്ടെന്തിനാ എന്റെ ഒടലിന് കാക്ക്ന്ന്. അതും നാറും.
പെണ്ണിന്റെ നാറ്റമല്ലേ. ഇഷ്ടംപോലെ ആസ്വദിച്ചിട്ടുണ്ട്. ആ നാറ്റം എനിക്ക് പിടിക്കും. ഒന്നു കുളിച്ചാ പോകുന്നതേ ഉള്ളൂ. നീ കിടക്കെടീ.
അയാള്‍ ഉച്ചിരയുടെ കവിളില്‍ ആഞ്ഞടിച്ചപ്പോള്‍ നില തെറ്റി അവള്‍ നിലത്ത് വീണു. അവള്‍ക്ക് മുകളിലേക്ക് ശാര്‍ങധരന്റെ നിയന്ത്രണം വിട്ട ശരീരം അമര്‍ന്നു. ലഹരിയുടെ നഖക്കരുത്തില്‍ അവളുടെ റൗക്ക കീറി. അയാളുടെ മുഖം അടുത്തു വരവെ, സര്‍വ്വശക്തിയുമെടുത്ത് ഉന്തി. നിലതെറ്റി വീണ അയാളുടെ ഉടലിനു മുകളിലൂടെ ഓടുകയും പുറത്തെ ഇരുളിലൂടെ കുറ്റിക്കാട്ടില്‍ പതുങ്ങുകയും ചെയ്തു. ചീവീടുകള്‍ ചുറ്റുമിരുന്ന് അവളുടെ കിതപ്പും കരച്ചിലും ശാര്‍ങധരന്‍ കേള്‍ക്കാതെ ഒളിപ്പിച്ചു. രാത്രി, കറുത്ത തൂവലുകള്‍ വിടര്‍ത്തി അവള്‍ക്കുമേല്‍ പടര്‍ന്നു.
തണുത്ത വിരലുകളാല്‍ തൊട്ടുണര്‍ത്തിയ മഴയോടൊപ്പം പിറ്റേന്നു രാവിലെ അവള്‍ നാട്ടുവഴിയിലേക്കിറങ്ങി. കരിങ്കുറിഞ്ഞികള്‍ പൂവിട്ട കല്‍വഴിയിലൂടെയുള്ള ധൃതിപിടിച്ച അവളുടെ നടത്തം, തെങ്ങുകയറാന്‍ പോകുന്ന വെള്ളൂങ്ങയുടെ മുന്നില്‍ വിറയലോടെ നിന്നു. പ്രതീക്ഷിക്കാത്ത ഒരു തടസ്സം മുന്നില്‍ വന്നുവീണ അങ്കലാപ്പില്‍ വെള്ളൂങ്ങ എന്താ ഉച്ചീരേന്ന് അലറി.
നിങ്ങയെങ്കിലും കരിയേട്ടനെന്ത് പറ്റീന്ന് പറയണം. ഒന്നിച്ച് പോയിറ്റ് ഒറ്റക്ക് വന്നോറാ നിങ്ങ.
ഓര്‍മ്മയും ആധിയും മത്സരിച്ച് കരിപിടിപ്പിച്ച അവളുടെ മുഖത്തേക്ക് നോക്കി ഉത്തരമില്ലാതെ വെള്ളൂങ്ങ നിന്നു.
ഓറ് എപ്പളെങ്കിലും വരുവോ?
വെള്ളൂങ്ങയുടെ ശരീരത്തെ ഒരു മരം കണക്കെ കുലുക്കിയിട്ടും ഉത്തരം മാത്രം വീണില്ല. കുറേ നേരം കഴിഞ്ഞ് ഉച്ചിരയുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി അവന്‍ പറഞ്ഞു:
മല കേറി പോയത് പണിക്കാര് കണ്ടിന്. ആനേം നരിയൂള്ള കാട്ടിലേക്കാണ്. അല്ല, ഉച്ചീരേടെ മങ്ങലം കയിഞ്ഞില്ലേ. എനി കരിയനേം നോക്കിയിരിക്കണോ?
അവളുടെ കണ്ണുകള്‍ ആ ചോദ്യത്തിനു മുന്നില്‍ കത്തി. സങ്കടവും ദേഷ്യവും കൊണ്ട് വിറച്ചു. അവള്‍ ദൃഢമായി അലറി.
എനക്ക് ശാര്‍ങരന്റെ കുഞ്ഞിന പെറണ്ട. ഓന്റെ കടി തീര്‍ക്കാന്‍ എന്റെ ഒടല് കൊടുക്കൂല. ഓന് ഞാന്‍ പുളിച്ചവളാ. കറ്‌ത്തോള്.
വയലിലേക്ക് തോട്ടില്‍നിന്നും മീനുകള്‍ കൂട്ടത്തോടെ നീന്തി. ജീവന്റെ ആദ്യ തുടിപ്പില്‍നിന്നും കാലത്തിന്റെ ഒടുക്കം വരെയും കൈമാറാനുള്ള ജനിതക മന്ത്രവുമായി ആണ്‍മീനുകള്‍ പെണ്‍ മീനുകളെ മുട്ടിയുരുമ്മി. ചാഞ്ഞു പെയ്ത പുലര്‍മഴയില്‍ അവരുടെ പ്രണയം പൂത്തുവിരിഞ്ഞു. പാല്‍ക്കതിരിട്ട നെല്‍പ്പടര്‍പ്പുകള്‍ക്കിടയിലൂടെ അവരങ്ങനെ പരസ്പരം പുളഞ്ഞുമറിഞ്ഞു.
എനക്കോന തോപ്പിക്കണം.
അവള്‍ വെള്ളൂങ്ങയുടെ കൈ വലിച്ച് വയലിലൂടെ വേഗത്തില്‍ നടക്കാന്‍ തുടങ്ങി. സ്‌നേഹമേറ്റ് തരിച്ച മത്സ്യകാമനകള്‍ അവര്‍ക്ക് പോകാന്‍ മാത്രം വഴിമാറി തുഴഞ്ഞു. ചെളിയില്‍ കാല്‍ കുഴഞ്ഞിട്ടും ഉച്ചിര അവന്റെ കയ്യിലേക്ക് ബലമായി പിടിച്ചു. തടയാന്‍ തോന്നാതെ യാന്ത്രികമായി വെള്ളൂങ്ങയും നടന്നു. പച്ചയിട്ട നെല്‍ക്കതിരുകളെയുലച്ച് രണ്ട് മനുഷ്യരുടെ ധൃതിപിടിച്ച നടത്തം കാടെത്തും വരെ നീണ്ടു. പച്ചപ്പിനിടയില്‍ ചെളിനിറമുള്ളൊരു പാത കാടിനുള്ളിലേക്ക് ഇഴഞ്ഞു കയറുന്ന മലമ്പാമ്പിനെപ്പോലെ കിടന്നു. കാടുകയറിയ ഉച്ചിര വെള്ളൂങ്ങയ്ക്ക് നേരെ നിന്ന് കിതച്ചു. ഭ്രാന്ത്‌പോലെ മഴ പറന്നു കളിക്കുകയും കോരിച്ചൊരിയുകയും ചെയ്തു. കാടിനുള്ളില്‍ പുലര്‍ന്നിരുന്നില്ല.
ഉച്ചിരേ? നീ ഏട പോന്ന്?
മറുപടി പറയാതെ വെള്ളൂങ്ങയുടെ ചുമലില്‍നിന്നും അവള്‍ തെങ്ങ്തളപ്പ് മാറ്റി.
എനക്ക് ജയിക്കണം.
രാത്രിയില്‍ നടന്ന അക്രമത്തിന്റെ ശേഷിപ്പുകള്‍ അവളുടെ നെറ്റിയില്‍ ചുവന്നു നിന്നു. പാതി പൊട്ടിപ്പോയ റൗക്കയുടെ മുന്‍വശം അവളൊരു നിമിഷം കൊണ്ട് തുറന്നു. നനഞ്ഞൊട്ടിയ മുണ്ട് വലിച്ചൂരി. വെള്ളൂങ്ങയുടെ ഉടലില്‍ വിയര്‍പ്പ് പൊട്ടി.
ഉച്ചിരേ
മറുപടിപോലെ അവള്‍ അവന്റെ ഉടലോട് ചേര്‍ന്നു നിന്നു.
എനക്ക് നിന്റെ കുഞ്ഞിന വേണം. കറ്‌ത്തൊന്നിനെ.
കുതറല്‍ കൊണ്ടൊന്ന് പ്രതിരോധിക്കാനാഞ്ഞെങ്കിലും പതുക്കെ അയാള്‍ ജൈവികതയുടെ ചുഴിയില്‍ തിരിഞ്ഞു. മഴ നനഞ്ഞ് തണുത്ത കരിയിലയിലേക്ക് അവള്‍ കിടന്നു. നെറികേടല്ലേയെന്ന് ശങ്കിച്ചുപോയ വെള്ളൂങ്ങയെ അവളിലേക്ക് പിടിച്ചിട്ടു. അയാളുടെ ഉള്ളില്‍ തീ പൊടിഞ്ഞു. ശരീരമാകെ ചൂട് പടര്‍ന്നു. രണ്ട് കിതപ്പുകള്‍ കാടിനുള്ളില്‍ പിണഞ്ഞു പിരിഞ്ഞു.
വയലില്‍ കലങ്ങിയ ചെളി തെളിഞ്ഞപ്പോള്‍ കാടന്‍ മീനുകള്‍ നിഴല്‍പോലെ നീന്താന്‍ തുടങ്ങി. കുതിര്‍ന്ന കരിയിലയ്ക്ക് മുകളില്‍ മലര്‍ന്നുകിടക്കുകയായിരുന്ന രണ്ടു ഉടലുകളിലേക്കും മരം പെയ്തു. വെള്ളൂങ്ങയാണ് വിറച്ച ശബ്ദത്തില്‍ ആദ്യം വിളിച്ചത്.
ഉച്ചിരേ
ഉം.
കരിയനെ നിനിക്ക് അത്രക്കും ഇഷ്ടായിര്ന്നാ?
ശാര്‍ങ്ങരനോട് എനക്കത്രയും വെറ്പ്പായിര്ന്ന്
പതുക്കെ ഉച്ചിരയും വെള്ളൂങ്ങയും കാടിറങ്ങി. പോയ ജലവഴിയിലൂടെ തിരിച്ച് നടക്കുമ്പോള്‍ ഉച്ചിരയുടെ നടത്തത്തിന് തിടുക്കമുണ്ടായില്ല. മൂര്‍ച്ചയുള്ള ആയുധം കൊണ്ടൊതുക്കാനാവാത്ത ഒരു യുദ്ധത്തിലാണ് താന്‍ ജയിക്കാന്‍ പോകുന്നതെന്ന് അവള്‍ ചിന്തിച്ചു നടന്നു. ഉടല്‍കൊണ്ട് ഉലച്ചു വിരിഞ്ഞത് തലമുറയിലേക്കുള്ള നേരാണെന്ന് അവള്‍ ഉരുവിട്ടു. ഒന്നും സംസാരിക്കാന്‍ കഴിയാതെ ഉച്ചിരയ്ക്ക് പിറകിലാണ് വെള്ളൂങ്ങ നടന്നത്. മിന്നല്‍പോലെ സകലതും കഴിഞ്ഞുപോയതിനെ ചെറുക്കാനാകാതിരുന്ന കുറ്റബോധം അയാളുടെ തലയില്‍ മുരണ്ടു. മുന്നില്‍ നടക്കുന്ന ഉച്ചിരയുടെ കാലുകള്‍ക്കിടയില്‍ ചുവപ്പിന്റെ ഒരു പൊട്ട് ജലത്തിലിറ്റി വീഴുന്നത് രണ്ടോ മൂന്നോ തവണ കണ്ടപ്പോള്‍ കുളിരിലും അവന്‍ വിയര്‍ത്തു. അവനു നേരെ തിരിഞ്ഞ് അവള്‍ പറഞ്ഞു.
ഒടുങ്ങും വരേം ഞാമ്മറക്കൂലാ.
എന്നാലും.
അവന്‍ മുഖം കുനിച്ചു.
നിനിക്കൊര് പച്ചാത്താവും വേണ്ട. ഒര് പേരിന്റെ മുന്നില് പോലും തോറ്റ് പോന്നോറാ നമ്മള്. എപ്പളങ്കിലും ഒന്ന് ജയിക്കണ്ടേ. ശരിയാന്ന്ന്ന് തോന്നുന്ന ഒരു നെയമം നമ്മക്കും വേണ്ടേ.
അവളുടെ വീട്ടിലേക്കാണ് ഉച്ചിര പോയത്. അപ്രതീക്ഷിത അക്രമത്തെ പ്രതിരോധിക്കുന്നതില്‍ താനിനി തോറ്റുപോകുമെന്ന് ഭയന്ന് ശാര്‍ങധരന്റെ വീട്ടിലേക്ക് പോവാതെ അടിവയറ്റിലേക്ക് പ്രതീക്ഷയുടെ വിത്തുമുളപ്പിനു ധ്യാനിച്ചു.
കുളിതെറ്റിയതിന്റെ ഒന്നാമത്തെ ആഴ്ച തന്നെ അടിവയറ്റിലെ കുത്തുനോവില്‍ കൈവച്ച് ശരീരത്തിലേക്ക് ഒരു ജീവന്‍ വേരിടുന്നത് ഉച്ചിര അറിഞ്ഞു. അന്ന് വരമ്പ് കടന്ന് അവള്‍ ശാര്‍ങധരന്റെ വീട്ടിലേക്ക് കുന്നുകയറി. തുറന്നിട്ട വീടിനകത്തേക്ക് അവള്‍ വിളിച്ചപ്പോള്‍ ശാര്‍ങധരന്‍ ഇറങ്ങിവന്നു. വിശപ്പ് കുത്തിനോവിച്ചു തുടങ്ങിയാല്‍ ഉച്ചിരയ്ക്ക് വരാതിരിക്കാനാവില്ലെന്ന അയാളുടെ പുച്ഛത്തിലേക്ക് അവള്‍ വാക്കെറിഞ്ഞു.
എന്റെ വയറ്റിലൊന്ന് വളര്ന്ന്ണ്ട്. പെണ്ണായിര്ക്കും. ആര് തടഞ്ഞാലും ഓക്കൊരു പേരെ ഇണ്ടാവൂ. ഉത്തരാന്ന്.
അവന്റെ പുച്ഛച്ചിരി മാഞ്ഞു. ഉയരത്തില്‍നിന്നും ആഴങ്ങളിലേക്ക് വീണതുപോലെ സ്തബ്ധനായി. തന്റെ കാലുകള്‍ക്കിടയിലെ വിത്തുകോശങ്ങളില്‍നിന്നും ഊഷരമായ ഒരു ചൂര് മൂര്‍ധാവിനെ ചുംബിച്ചു. അവന് വാക്കുകള്‍ വരണ്ടു. പക്ഷേ, ഉച്ചിരക്ക് മറുപടി വേണ്ടിയിരുന്നില്ല. അവള്‍ ധൃതിയോടെ കുന്നിറങ്ങി.
വന്നത്, നഷ്ടപ്പെട്ട അവസരത്തെ തിരിച്ചുപിടിക്കാനായിരുന്നിട്ടും കഥയുടെ രസം കൊണ്ടതിനാല്‍ ആ രണ്ടുമണി രാവിലും ബാവന്റെ കണ്ണുകള്‍ ഉത്തരയുടെ ഉടലിലേക്ക് വീണില്ല. തന്റെ ജീവഘട്ടത്തിലെ കഥപ്പാടുകള്‍ അമ്മയില്‍നിന്നും പൊള്ളി വീണതിന്റെ ഓര്‍മ്മയില്‍ അവള്‍ നിശബ്ദമായൊന്ന് നിശ്വസിച്ചു. പിന്നെ പറഞ്ഞു:
നിനക്ക് വിശക്കുന്നില്ലേ.
സമയം പാതിരാത്രി കഴിഞ്ഞിരുന്നു. വിശപ്പിലേക്ക് കഥ വീണുരുകിയതിന്റെ ചൂടില്‍ അവനിരുന്നു. ജനല്‍ പാളികള്‍ക്ക് പുറത്ത് ചീവീടുകള്‍ മത്സരിച്ച് അലറുന്നുണ്ട്. അന്നു രാത്രി ഉച്ചിരയുടെ ചരിത്രപരമായ ജീവിതം മനസ്സില്‍ ഒരു നിഴല്‍ നാടകം കണക്കെ കളിച്ചു തുടങ്ങിയതിനാല്‍ അവനുറക്കം കിട്ടാതെ വലഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം നാട്ടിലെത്തിയ കരിയനെക്കുറിച്ച് വെറുതെ ചിന്തിച്ചു നോക്കി. ഉച്ചിരയുടെ വീട്ടുമുറ്റത്ത് രണ്ടോ മൂന്നോ വയസ്സുള്ള ഉത്തര കളിക്കുന്നു. തേര്‍ത്തല്ലിയിലെ പണികഴിഞ്ഞപ്പോള്‍ കര്‍ണാടികള്‍ക്കൊപ്പം മൈസൂരിലേക്കുള്ള പണി യാത്ര. ഒറ്റയ്ക്ക് തിരികെ വരാനാവാത്തവിധം കാടിനപ്പുറം പെട്ടതിന്റെ കുറ്റബോധത്തോടെ കുഞ്ഞിനേയും ഉച്ചിരയേയും ദൂരെ നിന്നും അയാള്‍ നോക്കി. ഹൃദയം പൊട്ടിയ വേദന കണ്ണുകളില്‍ നിറച്ച് അയാള്‍ തിരികെ ഉരൂട്ടിപ്പുഴയുടെ തീരത്ത് തളച്ചിട്ട ചങ്ങാടത്തിന്റെ കെട്ടഴിച്ചു തുഴഞ്ഞു. പുഴയുടെ നടുവിലെത്തിയപ്പോള്‍ തുഴഞ്ഞ മുളവടി പുഴയിലേക്കെറിഞ്ഞ് ചങ്ങാടത്തില്‍ കമഴ്ന്നു കിടന്ന് കരഞ്ഞു. പുഴ അയാളേയും കൊണ്ട് പടിഞ്ഞാറോട്ടൊഴുകി. അറബിക്കടല്‍ ആയിരം വിരലുള്ള കൈകള്‍കൊണ്ട് കരിയനെ കോരിയെടുക്കുന്ന ഒരു ചിത്രം ഉത്തരയ്ക്ക് വരയ്ക്കാമായിരുന്നു എന്നോര്‍ത്ത് ബാവന്‍ കിടന്നു. ഒടുക്കം ഉത്തര ഒരിക്കല്‍ കൊടുത്ത ഉറക്കമന്ത്രത്തിലേക്ക് പതുക്കെ അവനിറങ്ങി.
നീ വരുമെന്ന് എനിക്കറിയാമായിരുന്നു.
നെഞ്ചിലമര്‍ന്ന ബാവന്റെ മുടിപ്പടര്‍പ്പില്‍ ഉത്തര തലോടി.
പൊലീസില്‍ അറിയിക്കണ്ടേ?
അവള്‍ ചിരിച്ചു.
സമൂഹം, വിശപ്പൊടുങ്ങിയാലും ഇര തേടുന്നൊരു ജീവിയാണ്.
വാക്കുകളുടെ പൊരുത്തക്കേടില്‍ ബാവന്‍ തരിച്ചു നിന്നു. തിരിച്ചു കൊടുക്കേണ്ട വാക്കുകള്‍ക്ക് പകരം അവന്‍ നിശബ്ദത കൊടുത്തു. നഷ്ടപ്പെടുത്തിയ അവസരം തിരിച്ചുപിടിക്കാന്‍ ഒരിക്കല്‍ കാമത്തിന്റെ പിടച്ചിലുമായി ഉത്തരയുടെ അടുത്തേക്ക് വന്ന കാര്യമോര്‍ത്തപ്പോള്‍ നെഞ്ചിലൊരു ഭാരം തോന്നി. നഗ്‌നതയുടെ കാഴ്ച അസഹ്യമായപ്പോള്‍ ചോര വട്ടം വരച്ച വെളുത്ത തുണിയാല്‍ അവളെ മൂടി. ചുവന്ന സൂര്യനെപ്പോലെ അതിലെ ചോര തിളങ്ങി. അതിലേക്ക് നോക്കി ഉത്തര പറഞ്ഞു:
ഇതെന്റെ ചോരയാണ്. നിനക്ക് മാത്രം വിശ്വസിക്കാന്‍ പറ്റുന്ന ഒരു രഹസ്യം കൂടി പറയാം.
അവള്‍ ബാവന്റെ കാതില്‍ ചേര്‍ന്നു പറഞ്ഞു.
ഇതെന്റെ കന്യാരക്തമാണ്.
അവള്‍ പുറത്തേക്ക് നടന്നു. ആര്‍ക്കും ഒന്നും സംഭവിക്കാത്തതുപോലെ മതിലിനു പുറത്തെ ലോകം തിരക്കുപിടിച്ച ഒരു പകലിലേക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. ഏതൊരു മനുഷ്യന്റേയും വീഴ്ചയ്ക്ക് ശേഷമുള്ളത് പുതിയ ലോകമാണെന്നും റോഡിലൂടിരമ്പിയോടുന്ന വണ്ടിയൊച്ചകള്‍ പുതിയ കേള്‍വിയായിരിക്കുമെന്നും അവള്‍ക്കു തോന്നി. ടാപ്പ് തുറന്ന് അതിനടിയിലേക്ക് ചുരുണ്ടിരുന്ന് അവളുടെ ശരീരം നനച്ചു. വയറ്റാട്ടിയുടെ കൈക്കുള്ളില്‍ കിടന്ന് ചൂടുവെള്ളത്താല്‍ ഉടല്‍ കഴുകിയ അതേ നിമിഷം വീണ്ടും അനുഭവിക്കുകയാണെന്ന് അവളറിഞ്ഞു. അതിനിടയില്‍ പിറുപിറുത്തതൊക്കെയും ജലത്തില്‍ ലയിച്ചൊഴുകി. പട്ടാപ്പകല്‍ പിറന്നപടി കുളിക്കുന്നതിന്റെയത്രയും സ്വാതന്ത്ര്യം മറ്റൊന്നിനുമില്ലെന്നപോല്‍ നില്‍ക്കുമ്പോള്‍ മുറിവില്‍ ചുവപ്പ് പൊടിഞ്ഞു. ഇടയിലൊരുവേള വല്ലാത്തൊരൂര്‍ജ്ജത്തോടെ ബാവനോട് പറഞ്ഞു:
ഞാന്‍ ഇതുവരേക്കും ഒരാണിനെ കണ്ടില്ല ചെക്കാ. അതോണ്ടാ.
ചോര കലങ്ങിയ വെള്ളം തെങ്ങിന്‍ ചോട്ടില്‍ ഒരു പാടയായി പരന്നു. ബോറടിക്കുമ്പോള്‍ വിളിക്കാമെന്നും ധൈര്യമുണ്ടെങ്കില്‍ വരണമെന്നും പറഞ്ഞ് ബാവനെ വിട്ടു. നട്ടെല്ലിന്റെ കീഴറ്റത്തു നിന്നും വേദന തലയിലേക്ക് ചുറ്റി വളര്‍ന്നപ്പോള്‍ കിടക്കണമെന്ന് തോന്നി. ഭയത്തെ അതിന്റെ പാട്ടിനു വിട്ട് ഉറങ്ങണമെന്ന് കരുതി. കഴിയാത്തപ്പോള്‍ ഉറക്കസംഖ്യകളെ അവള്‍ വായിലിട്ട് ചവച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക