ജെ.സി.ബി കരണ്ടുതിന്ന് പകുതിയും പച്ച മായ്ച് ചുകപ്പാക്കി മാറ്റിയ ഒരു മൊട്ടക്കുന്ന്. കാറ്റിലാടി വിറയ്ക്കുന്ന മുളിപ്പുല്ലിന്‍ കൂട്ടം. കാറ്റാടിമരത്തിന്റെ കുറ്റികളില്‍ കുടുക്കി കെട്ടിയിട്ട ലാടം പതിച്ച കുളമ്പിന്‍ കാലുകള്‍. മൂക്ക് കയറിലൂടെ കട്ടപിടിച്ചൊലിച്ചു വരുന്ന ചുടുരക്തം.
വാരിയാണികളിലടിച്ചുറപ്പിച്ച അരിങ്ങണ്ണന്‍ മുളക്കമ്പില്‍ തീര്‍ത്ത കത്രികപ്പൂട്ടുകള്‍. അതിനു താഴെ അമ്പേ മുറുക്കിക്കെട്ടി ഞാത്തിയിട്ട ചെമ്പുണ്ട നിറമാര്‍ന്ന വൃഷണങ്ങള്‍.
ചോരത്തിളപ്പിന്റെ കാര്‍ഷിക ചരിത്രം കുറിച്ചിട്ട കപ്പ വേരുപോലെ ത്രസിച്ചു നില്‍ക്കുന്ന നാലഞ്ച് ഞരമ്പുകള്‍. വാല്യക്കാരുടെ കൈ മസിലുകള്‍ ഉയര്‍ന്നു താഴ്ന്നു മുറുകിയപ്പോള്‍ ചെമ്പന്റെ കണ്ണുകള്‍ വെള്ളമറിഞ്ഞ് പതുക്കെ മേല്‍പ്പോട്ടേക്കുയര്‍ന്നു.
മരണപ്പിടച്ചിലിനിടയിലെ കിതപ്പിലും വീര്‍പ്പുമുട്ടലിനുമിടയില്‍ ചെമ്പന്‍ മുക്രയിട്ട് ഉച്ചത്തിലൊന്ന് കരയാന്‍ ശ്രമിച്ചു. പക്ഷേ, തലങ്ങും വിലങ്ങും കെട്ടി പൊതിഞ്ഞിട്ട വായ്ക്കകത്തു നിന്നും അതിന്റെ ദയനീയ ശബ്ദം പുറത്തേക്ക് വന്നില്ല. കവിളിന്റെ രണ്ടറ്റത്തേയും നേരിയ വിടവിലൂടെ നുരയിട്ട് പുറത്തേയ്ക്ക് വന്ന ചെറുതുപ്പല്‍ പതകള്‍ ഉച്ചസൂര്യന്റെ ശക്തിയേറിയ ചൂടേറ്റ് ഒന്നൊന്നായി പൊട്ടിക്കൊണ്ടിരുന്നു.
ഒന്നും കാണാനും കേള്‍ക്കാനുമാകാതെ കണാരേട്ടന്‍ ഇലപൊഴിഞ്ഞ ഒരു കാഞ്ഞിരമരത്തിന്‍ കീഴില്‍ കോട്ടി കണ്ണടയിലൂടെ ആകാശം നോക്കി മലര്‍ന്നു കിടന്നു.
'ഇതാ എല്ലാരും ഒന്ന് മുറുക്കെ പിടിച്ചോ. ഓന്റെ 1മൊട്ടയുടക്കാന്‍ പോന്ന്. ഉം, ആരും പിടിച്ച പിടുത്തം വിട്ടേക്കൊല്ല.'
കാലിമൂപ്പന്റെ ആജ്ഞ കേട്ടതും കാലി ചെറുമക്കള്‍ കണ്ണും കാതും കൂര്‍പ്പിച്ച് ജാഗരൂകരായി.
'ഉം ഒത്തുപിടിച്ചോ... അയിലേസാ... ജാലക്കമാലേ... അയിലേസാ...
മൊട്ടയമര്‍ന്നേ... അയിലേസാ...
പൊട്ടിപ്പോട്ടെ... അയിലേസാ...
ജാലക്കമാലേ... അയിലേസാ...'
കയര്‍ വള്ളികള്‍ ആഞ്ഞ് വലിച്ച് കാലി ചെറുമക്കള്‍ ആവേശത്തോടെ ആര്‍ത്തുവിളിച്ചു.
കത്രികപ്പൂട്ടുകള്‍ അമര്‍ന്നുയര്‍ന്നപ്പോള്‍ ഇലത്താളത്തിനിടയിലെ കടുക്മണിപോലെ ഞരമ്പുകള്‍ ഞെരുങ്ങി പൊട്ടുന്നത് കാലിമൂപ്പന്‍ കേട്ടു. ചെമ്പന്റെ അണ്ണാക്കിനകത്തുനിന്നും നെഞ്ചകം പൊട്ടും പോലൊരു ആര്‍ത്തനാദം മൂക്കിന്‍ കുഴലിലൂടെ പുറത്തേക്ക് ചീറ്റി.
എണ്ണക്കറുപ്പുള്ള കാലിച്ചെറുമക്കള്‍ വരിഞ്ഞുമുറുക്കിയ കമ്പക്കയറുകള്‍ പതുക്കെ അയച്ചു. അങ്ങുമിങ്ങും ചവിട്ടി മെതിച്ചിട്ട മുളിപ്പുല്ലില്‍ ചെമ്പന്‍ ജീവച്ഛവമായി ഏറെ നേരം കിടന്നു. കുന്നിന്‍ ചെരുവിലെ ഓല ചായ്പിനുള്ളില്‍ പറങ്കിമാങ്ങയിട്ട് വാറ്റിയ 2റാക്ക് കുപ്പികള്‍ ഗ്ലാസ്സുകളില്‍ പലതവണ മുത്തമിട്ടു. കാലിച്ചെറുമക്കളുടെ ഒത്തു ചിരിയൊച്ചകളില്‍ കുന്ന് ദേഷ്യത്തോടെ ചെങ്കണ്ണുരുട്ടി നിന്നു. ഒരു ഭാഗത്തെ ചെരിഞ്ഞ കിടപ്പില്‍ ചെമ്പന്‍ ചളിചളിയായി ചാണകമിട്ടു. പിന്നെ, മേലാകെ ഒലിച്ചൊലിപ്പിച്ച് മൂത്രമൊഴിച്ചു.
'കണാരേട്ടാ ഒരു മാസം നല്ല മുതിരയും അരിക്കാടിയും കൊടുത്ത് ചെമ്പനെ ഒന്ന് ഉശാറാക്കിയെടുക്ക്. എന്നിട്ട് ഓനെ പൂട്ടി ചായ്ക്കാന്‍ വിട്ടോ.'
കാലിമൂപ്പന്‍ തലയില്‍ കമഴ്ത്തിയ കൊട്ടമ്പാളയില്‍നിന്നും നല്ലൊരു 3ചപ്പിന്‍ കഷ്ണമെടുത്ത് വായിലിട്ടുകൊണ്ട് പറഞ്ഞു. ചുറ്റിലും ഇരുട്ട് പരന്നപ്പോള്‍ മേലാകെ കമ്പിളി വലിച്ചിട്ട് കുന്ന് അറബിക്കടലിലേക്ക് നോക്കിയിരുന്നു.
* * * *
കൊയോങ്കര പയ്യക്കാവ് ഭഗവതി ക്ഷേത്രത്തില്‍നിന്നും നാലര വെളുപ്പിന് കതിനവെടി പൊട്ടിയപ്പോള്‍ കണാരേട്ടന്‍ ഞെട്ടിയെഴുന്നേറ്റു. ഉടുത്തിരുന്ന ലുങ്കി മാറ്റി പകരം പത്താം നമ്പര്‍ മുണ്ടും തലയില്‍ പാളത്തൊപ്പിയുമിട്ട് മുറിയിലെ ഇരുമ്പലമാരയുടെ കണ്ണാടിക്കു മുന്നില്‍ വന്ന് കണാരേട്ടന്‍ നിന്നു.
പലയിടങ്ങളിലും ചുളിവ് വീണ് കരുവാളിച്ച മുഖം കണാരേട്ടന് കണ്ണാടി കാണിച്ചുകൊടുത്തു. കണ്ണാടിയില്‍ കണ്ട ആനപ്പുറം പോലെ വരണ്ടുണങ്ങിയ രൂപം കണ്ട് കണാരേട്ടന്‍ ചിരിച്ചു. കണ്ണാടിയും തിരിച്ചു ചിരിച്ചു. വീടിനു പുറത്തേക്കിറങ്ങി കിണറിനരികിലേക്ക് നടക്കുമ്പോള്‍ വളര്‍ത്തുനായ ടിപ്പു ഒന്നുരണ്ടു തവണ കുരച്ച് വാലാട്ടിക്കൊണ്ട് തന്റെ സാന്നിധ്യമറിയിച്ചു. കിണറില്‍നിന്നും ഒരു കിണ്ടി വെള്ളം കോരി കുടിച്ച് കണാരേട്ടന്‍ പതിവ് കര്‍മ്മങ്ങള്‍ക്കു തുടക്കമിട്ടു.
വീടിനോട് ചേര്‍ന്നുള്ള അമ്പത് സെന്റ് സ്ഥലത്ത് കണാരേട്ടന് വലിയൊരു ആലയുണ്ട്. കറവുള്ള രണ്ടു പശുക്കള്‍, കന്ന് പൂട്ടിനായുള്ള രണ്ട് ജോടി കാളകള്‍, ഉശിരുള്ള ഒരു വിത്തുകാള ഇവരെല്ലാമാണ് ആലയിലെ അന്തേവാസികള്‍.
ഇവരില്‍ കണാരേട്ടന്റെ അരുമയാണ് ചെമ്പന്‍ എന്ന വിത്തുകാള.
കൊയോങ്കര ഗ്രാമത്തിലുള്ള ഒട്ടുമിക്ക വീടുകളിലേയും കന്ന് കിടാങ്ങളുടെ പിതാമഹനായ വമ്പനാണ് ചെമ്പന്‍. നാടിന്റെ സമൃദ്ധിയും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്ന ചെമ്പന്‍ ഏവര്‍ക്കും അഭിമാനമായ വളര്‍ത്തുമൃഗമാണ്. ഏറ്റവും നല്ല കാളയ്ക്കുള്ള സംസ്ഥാന അവാര്‍ഡടക്കം കൃഷി വകുപ്പ് നല്‍കിയ 'കാളശ്രീ' പ്രത്യേക ബഹുമതിയും ചെമ്പനെ തേടിയെത്തിയിട്ടുണ്ട്.
ആലയിലുള്ള പൂട്ടുകാളയ്ക്കും പശുക്കള്‍ക്കും കൊടുക്കുന്ന വൈക്കോലും പഴങ്കഞ്ഞി വെള്ളവുമൊന്നും കണാരേട്ടന്‍ ചെമ്പന്റെ മുന്നില്‍ വെച്ചുകൊടുക്കില്ല. ചെമ്പന് പ്രത്യേക മെനു പ്രകാരമുള്ള ഭക്ഷണം തന്നെയുണ്ട്. ഇതിന്റെയെല്ലാം ചുമതലക്കാരി കണാരേട്ടന്റെ ഭാര്യ നാണിയമ്മയാണ്. കുതിര്‍ത്തെടുക്കുന്ന അരക്കിലോ വീതമുള്ള കടലയും മുതിരയും ആട്ടുകല്ലില്‍ നന്നായി അരച്ചെടുത്ത് തയ്യാറാക്കുന്ന മാവ് രാവിലെ വെറും വയറ്റില്‍ത്തന്നെ ചെമ്പനു നല്‍കണം. ഇതില്‍ ലവലേശംപോലും വെള്ളം കൂടാനും കുറയാനും പാടില്ല. തയ്യാറാക്കുന്ന മാവ് കയ്യുരുളകളാക്കി നാണിയമ്മ ചെമ്പന്റെ വായിലേക്ക് വെച്ചുകൊടുക്കും. ഇതിനു പിന്നാലെ നാല് നാടന്‍ കോഴിമുട്ടയും ചെമ്പന് ദിവസവും പഥ്യമായി വേണം. ശരീരമാകെ ചെമ്പിന്റെ നിറവും നെറ്റിയില്‍ വെള്ളപ്പൊട്ടുമുള്ള ചെമ്പന്‍ മറ്റു കാളകളില്‍നിന്നും ഏറെ സുന്ദരനാണ്.
കോഴിമുട്ടയുമായി ദൂരെനിന്നും കണാരേട്ടന്‍ നടന്നുവരുന്നത് കണ്ടാല്‍ ചെമ്പന്‍ കൊമ്പു കുലുക്കി സ്‌നേഹം കാട്ടും. പ്രാതല്‍ കൊടുത്തുകഴിഞ്ഞാല്‍ ദേഹമാസകലം വേപ്പെണ്ണ തേച്ചുള്ള വിസ്തരിച്ച കുളിയുണ്ട്. ആലയും വല്ലവും വൃത്തിയാക്കി എല്ലാ മിണ്ടാപ്രാണികളേയും കുളിപ്പിക്കുന്ന ജോലി കണാരേട്ടന്റെ മൂത്ത മകന്‍ രാമനുണ്ണിക്കുള്ളതാണ്.
ഉച്ച കഴിഞ്ഞാല്‍ ഒരു കൊട്ട കറുകയും ഇഞ്ചിക്കൊടി പുല്ലും കടലപിണ്ണാക്കിട്ട വെള്ളവും കിട്ടിയാല്‍പ്പിന്നെ ചെമ്പന്‍ മണിക്കൂറുകളോളം ആലയില്‍ അയവിറക്കിക്കൊണ്ട് മയങ്ങും.
ചെമ്പന്‍ തൂറിയ ചാണകം ചളി ചളിയായി കണ്ടെന്നാല്‍ കണാരേട്ടനു കലികയറും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഷാപ്പില്‍നിന്നും അന്തിക്കള്ളും കഴിച്ചു വന്ന് അയാള്‍ നാണിയമ്മയെ ശകാരിച്ചുകൊണ്ടിരിക്കും. കണാരേട്ടന്‍ എത്ര വഴക്കിട്ടാലും നാണിയമ്മ കമാ എന്നൊരക്ഷരം മറുത്തു പറയില്ല.
വീട്ടില്‍ നട്ടുവളര്‍ത്തുന്ന കാന്താരിമുളകിനും പാവലിനും വളമായി ഇടുന്നത് ചെമ്പന്റെ ഒന്നാം തരം ചാണകമാണ്. കാന്താരി കൂട്ടിയരച്ച മാങ്ങാ ചമ്മന്തിയും കുമ്പളങ്ങ പുളിശ്ശേരിയുമാണ് കണാരേട്ടന്റെ ഇഷ്ടവിഭവങ്ങള്‍.
നാട്ടില്‍ കണാരേട്ടന്‍ വിളയിച്ചെടുക്കുന്ന പച്ചക്കറിക്ക് നിരവധി ആവശ്യക്കാരുണ്ട്. രാസവളം വീടുകയറ്റില്ലെന്ന മുന്‍ തലമുറക്കാരുടെ പിടിവാശി കണാരേട്ടനും ആറു പതിറ്റാണ്ടായി തുടരുകയാണ്.
'എന്റെ വളപ്പേല് ഏട കെളച്ചാലും മണ്ണിരനേം മണ്ണട്ടനേം കിട്ടും.' കണാരേട്ടന്റെ ഈ ആത്മവിശ്വാസത്തിന് പല തവണ കൃഷി വകുപ്പിന്റെ ആദരം ലഭിച്ചിട്ടുണ്ട്. മണ്ണും പെണ്ണും നോക്കുന്നിടത്തോളം നന്നായിക്കൊണ്ടിരിക്കുമെന്ന് മറ്റുള്ള കര്‍ഷകര്‍ക്ക് വേറിട്ട കൃഷിപാഠങ്ങളിലൂടെ ഉപദേശം നല്‍കി കണാരേട്ടന്‍ ചില നേരങ്ങളില്‍ വാചാലനാകും.
നേരം പരപരാ വെളുക്കുമ്പോള്‍ത്തന്നെ കണാരേട്ടന്റെ ആലയിലേക്ക് കാളക്കൂട്ടിനായി നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ആളുകളെത്തും. ദിവസം അഞ്ചു പശുക്കളിലധികം കാളകൂടാന്‍ കണാരേട്ടന്‍ ചെമ്പനെ അനുവദിക്കില്ല. ആദ്യമെത്തുന്നവരുടെ മുന്‍ഗണന നോക്കിയാണ് ഓരോരുത്തര്‍ക്കും പരിഗണന.
വര്‍ണ്ണപ്പൂക്കള്‍ തുന്നിയ ഒന്നാംതരം ലുങ്കിയും ചെമ്പരത്തി നിറമുള്ള ബ്ലൗസുമിട്ട് കണാരേട്ടന്റെ ആലയിലേക്ക് ആദ്യമെത്തിയത് രുഗ്മിണിയാണ്.
രുഗ്മിണി പൂശിയ വിലകൂടിയ സ്‌പ്രേയുടേയും ഗോമൂത്രത്തിന്റേയും ഒരു മിശ്രിതമണം ആലയ്ക്ക് ചുറ്റിലും പരന്നു.
കല്യാണം കഴിച്ച് വര്‍ഷം ആറേഴ് കഴിഞ്ഞിട്ടും രുഗ്മിണിക്ക് കുട്ടികളായിട്ടില്ല. ദുബൈയിലുള്ള ഒരു വലിയ കമ്പനിയിലാണ് അവളുടെ ഭര്‍ത്താവിനു ജോലി. ഒന്നുരണ്ടു വര്‍ഷം രുഗ്മിണി ഭര്‍ത്താവിനൊപ്പം ഗള്‍ഫില്‍ താമസിച്ചിരുന്നു. ഡോക്ടറുടെ പരിശോധനയും വീട്ടുചെലവുകളും കൂടിയതു കാരണം ഗര്‍ഭധാരണത്തിനായി രുഗ്മിണിയും ഭര്‍ത്താവും നാട്ടില്‍ ആയൂര്‍വ്വേദ ചികിത്സ നടത്തുകയാണ്.
ആലയ്ക്ക് സമീപത്തെ കുലച്ചു കായ്ച്ചു നില്‍ക്കുന്ന ചെറുതെങ്ങില്‍ രുഗ്മിണി പശുവിനെ കെട്ടിയിട്ടു.
കാളയ്ക്കായി പശു ഏറെ നേരം മുക്കിയും മൂളിയും കരഞ്ഞുകൊണ്ടിരുന്നു. പശുവിന്റെ തുടര്‍ച്ചയായ കരച്ചില്‍ കേട്ടാണ് കണാരേട്ടന്‍ ആലയിലേക്ക് വന്നത്.
'എത്ര വയസ്സായി ഇവക്ക്.' കണാരേട്ടന്‍ രുഗ്മിണിയെ നോക്കി ചോദിച്ചു.
ചെറിയ കേള്‍വിക്കുറവു കാരണം രുഗ്മിണിക്ക് കണാരേട്ടന്റെ ചോദ്യം ശരിക്കും കേള്‍ക്കാനായില്ല.
'ങേ... കണാരേട്ടാ എനക്ക് ഇരുപത്തൊമ്പത് കയിഞ്ഞിന്. എന്തേ...'
'ഏ, കുരിപ്പേ നിന്റെ വയസ്സല്ല ചോയ്ച്ചിന്. നിന്റെ പയ്യിന്റെയാ.'
കണാരേട്ടന്‍ മുറുക്കാന്‍ കറ പറ്റിയ മുന്‍വരിയിലെ പല്ലുകള്‍ മുഴുവനും കാണ്‍കെ ചിരിച്ചു.
'ഓ ഞാന്‍ വിജാരിച്ചു എന്റാന്ന്. കടിച്ചിക്ക് ഒന്നര കയിഞ്ഞിറ്റ്ണ്ടാവും.'
കൈകൊണ്ട് ലുങ്കിയുടെ മടിശ്ശീല മാടിയൊതുക്കി പൊക്കിള്‍ക്കുഴി മറച്ച് രുഗ്മിണി പറഞ്ഞു.
'ഇപ്പളേ കാളക്ക് കരയാന്‍ ഇവള് തികഞ്ഞ പെണ്ണായാ. സ്വതവേ രണ്ട് രണ്ടര കയിഞ്ഞാലാന്ന് കാളക്ക് കരേല്.
ഇപ്പളത്തെ പിള്ളരെപ്പോലെ തന്നെ ഇപ്പം കടിച്ചിയോളും തുടങ്ങി.'
കണാരേട്ടന്‍ 4ഇടുക്കിന്റെ ഇളകിവീഴാറായ മരവാരികളോരോന്നും മുറുക്കിക്കെട്ടിക്കൊണ്ട് പറഞ്ഞു.
'ഈന് ചെന കണ്ടിനാ.'
കണാരേട്ടന്‍ കാളകളുടെ മുന്നിലേക്ക് വൈക്കോല്‍ വാരിയിടുന്നതിനിടയില്‍ രുഗ്മിണിയെ നോക്കി ചോദിച്ചു:
'ചെനയാ അത് എന്ത്ന്നാന്ന്.'
രുഗ്മിണിയുടെ മറുചോദ്യം കേട്ട് കണാരേട്ടന്‍ അടക്കിച്ചിരിച്ചു.
'നിന്റെ കടിച്ചിരെ 5പഞ്ചാര പൊളപ്പിന്റാട പശപോലത്തൊരു വെള്ളം ചാടീനാ.'
കണാരേട്ടന്‍ രുഗ്മിണിയുടെ അരക്കെട്ടിലേക്ക് നോക്കി കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു.
'മ്മാപ്പാ ഞാനങ്ങനെ ആടൊന്നും നോക്കീറ്റ. ദെവേസും കടിച്ചി കരഞ്ഞോണ്ടിരിക്ക്ന്നായിറ്റ് അമ്മ പറഞ്ഞതാ നിങ്ങടെട്ക്ക കാണിച്ചാ പോന്ന സൂക്കേടാന്ന് ഈനെന്ന്.'
രുഗ്മിണി തെങ്ങില്‍ കെട്ടിയ പശുവിന്റെ പുറത്ത് പതുക്കെ വിരലോടിച്ചുകൊണ്ടു പറഞ്ഞു.
കണാരേട്ടന്‍ രുഗ്മിണിയുടെ പശുവിന്റെ കെട്ടഴിച്ച് കാളകൂട്ടാനായി ഇടുക്കിലെ കുറ്റിയോട് ചേര്‍ത്തു കെട്ടി.
പെട്ടെന്ന് കണാരേട്ടന്റെ മൂത്ത മകന്‍ രാമനുണ്ണി തലയില്‍ ചുകന്നൊരു തോര്‍ത്ത് ചുറ്റിക്കെട്ടിക്കൊണ്ട് ഇടുക്കിനരികിലേക്ക് നടന്നുവന്നു.
'ആലേന്ന് ചെമ്പന അയിച്ചോണ്ടരട്ടെ...'
രാമനുണ്ണി അച്ഛനെ നോക്കി അനുവാദം ചോദിച്ചു.
'രുഗ്മിണി നീ ആ 6ബട്ടേല് കിണറ്റീന്ന് ഒരു പാനി ബെള്ളം പോര്‍ന്ന് വച്ചേ.'
കണാരേട്ടന്‍ മകനോട് മറുപടിയൊന്നും പറയാതെ വായിലുണ്ടായിരുന്ന പുകയിലച്ചണ്ടി അടുത്തുള്ള തെങ്ങിന്‍ ചുവട്ടിലേക്ക് നീട്ടിത്തുപ്പി രുഗ്മിണിയെ നോക്കി പറഞ്ഞു.
രുഗ്മിണി രാമനുണ്ണിയെ നോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് കിണറിനരികിലേക്ക് നടന്നു.
'നല്ല മണോണ്ടല്ലാ നിനക്ക്.'
രാമനുണ്ണി അവളുടെ മുഖത്തും മാറിലേക്കും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു.
'അത് കുട്ടിക്കൂറ പൗഡറിന്റേം ലക്‌സ് സോപ്പിന്റേം മണായിരിക്കും.'
രുഗ്മിണി നാണം കുണുങ്ങി കയ്യിലെ കുപ്പിവളകള്‍ പതുക്കെ ഇളക്കിക്കൊണ്ട് പറഞ്ഞു.
'ഉം... നീ പോയി ചെമ്പനെ അയിച്ചോണ്ടന്നോ.'
കണാരേട്ടന്‍ രുഗ്മിണിയുടെ പശുവിന്റെ വാല്‍ മേല്‍പ്പോട്ടുയര്‍ത്തിക്കൊണ്ട് മകനു നിര്‍ദ്ദേശം നല്‍കി.
'നീ ഇടുക്കിന്റെ മുന്നില് പോയി ഓളെ മൂക്ക് കയറും പിടിച്ച് നിന്നോ.'
ബട്ടയില്‍ വെള്ളമൊഴിച്ചു തിരിച്ചെത്തിയ രുഗ്മിണിയോടായി കണാരേട്ടന്‍ പറഞ്ഞു.
ആലയില്‍നിന്നും പുറത്തേക്കെത്തിയ ചെമ്പന്‍ ഇടുക്കില്‍ കെട്ടിയ രുഗ്മിണിയുടെ പശുവിനെ കണ്ടപ്പോള്‍ ആവേശം പുറത്തു കാണിച്ച് വലിയ ശബ്ദത്തോടെ രണ്ടുമൂന്നു തവണ കാളകൂടാനുള്ള നിനവ് വന്നു കരഞ്ഞു.
ഇടുക്കിനരികില്‍നിന്നും രാമനുണ്ണി ചെമ്പന്റെ തുടലില്‍ കെട്ടിയ കയര്‍ അഴിച്ചുമാറ്റി. ചെമ്പന്റെ ചുകന്നു തുടുത്ത 7പൊന്‍കോല്‍ ചുട്ടുപഴുപ്പിച്ച ഒരു ഉരുക്കിന്‍ ദണ്ഡുപോലെ കാണപ്പെട്ടു. പൊന്‍കോലില്‍നിന്നും മദനജലം തുള്ളി തുള്ളിയായി പുറത്തേയ്ക്ക് ഒഴുകിവരാന്‍ തുടങ്ങി. മുന്‍ കാലുകള്‍ മടക്കി പിന്‍കാലില്‍ എഴുന്നേറ്റുനിന്ന ചെമ്പന്‍ രുഗ്മിണിയുടെ പശുവിന്റെ 8ഈലത്തിനകത്തേക്ക് മുക്രയിട്ടുകൊണ്ട് പൊന്‍കോല്‍ ഒരു തവണ ആഴത്തില്‍ താഴ്ത്തി. ചെമ്പന്റെ കരുത്തിനു കീഴെ രുഗ്മിണിയുടെ പശുവിന് അല്പനിമിഷം മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളൂ. പൊന്‍കോല്‍ ഊരി നിലത്ത് കാലൂന്നിയ ശേഷം രുഗ്മിണിയുടെ പശുവിന്റെ പിന്‍ഭാഗങ്ങളിലെല്ലാം നക്കിയും മൂക്കുരുമ്മി മണം പിടിച്ചും ചെമ്പന്‍ അല്പനേരം നിന്നു.
പെട്ടെന്ന് പൊന്‍കോല്‍ വീണ്ടും ചുകന്നു പഴുത്ത് പുറത്തേക്ക് ജ്വലിച്ചുനിന്നു. രണ്ടാമതൊരിക്കല്‍ക്കൂടി പൊന്‍കോലുയര്‍ന്നെങ്കിലും അത് ഈലത്തിനടുത്തുനിന്നും അല്പം തെന്നിമാറി. വഴുവഴുപ്പുള്ള പൊന്‍കോല്‍ രാമനുണ്ണി കൈകൊണ്ട് തട്ടി ഈലത്തിലേക്ക് താഴ്ത്തി. അസഹനീയമായ ഒരു ഞരക്കത്തോടെ രുഗ്മിണിയുടെ പശു ഇഡുക്കില്‍ അമര്‍ന്നുകിടന്നു. ബട്ടയില്‍നിന്നും ചെറിയൊരു ബക്കറ്റിലേക്ക് വെള്ളം പകര്‍ന്ന് രുഗ്മിണി നാലഞ്ചു തവണ പശുവിന്റെ തലവഴി മേലാകെ ഒഴിച്ചുകൊടുത്തു. അല്പം ആയാസപ്പെട്ടാണെങ്കിലും കിടന്നിടത്തു നിന്നും പശു എഴുന്നേറ്റു. മടിശ്ശീലയില്‍ കരുതിയ കാശെടുത്ത് രുഗ്മിണി കണാരേട്ടന് നല്‍കി.
'ഈ കാള പിടിച്ചില്ലേല് ഒരു മാസം കയിഞ്ഞ് ഒന്നൂടെ കൂട്ടേണ്ടി ബരും. സൂര്യോദയത്തിനു മുന്നേ ജലപാനം കാട്ടാതെ പയ്യിനെ കൊണ്ടരണം. അന്നേരത്ത് ഉറപ്പായും കാളപിടിക്കും. ആളും വെളിച്ചോം ഒച്ചേം അനക്കോം കേക്കാത്ത നേരാന്ന് കാളകൂട്ടിനു പറ്റിയ നേരം.'
രുഗ്മിണി കൈമാറിയ കാശ് കണാരേട്ടന്‍ തലയില്‍ കമഴ്ത്തിയ കൊട്ടമ്പാളയ്ക്കകത്ത് വെച്ചുകൊണ്ട് പറഞ്ഞു.
* * * *
ചെമ്പന്റെ ആലയിലെ വൈക്കോല്‍ കൂനയില്‍ ചുകപ്പും പച്ചയും നിറമുള്ള കുപ്പിവള പൊട്ടുകള്‍. വിലകൂടിയ വിദേശ അത്തറിന്റെ നറുമണം. അസമയങ്ങളില്‍ ചെമ്പന്റെ ആലയില്‍ ആരും കേള്‍ക്കാതെ ശീല്‍ക്കാരങ്ങള്‍ മുഴങ്ങി. രാമനുണ്ണിക്ക് പതുക്കെ പതുക്കെ ചെമ്പന്റെ നിറം വയ്ക്കുന്നത് കണാരേട്ടന്‍ കണ്ടിട്ടും കാണാതെ നടന്നു. രുഗ്മിണിയും രുഗ്മിണിയുടെ പശുവും ഒരുപോലെ ഗര്‍ഭിണിയായ വിവരം രാവിലെ പാല്‍ വാങ്ങാന്‍ വന്ന യശോദ കണാരേട്ടനെ അറിയിച്ചു.
വൈകുന്നേരം വയല്‍വരമ്പിലൂടെ കള്ള് ഷാപ്പിലേക്ക് പോകുന്ന വഴിയില്‍ കണാരേട്ടന്‍ ആശാരി ഗോപാലനേയും തെങ്ങ് കയറ്റക്കാരന്‍ പൊക്കനേയും കണ്ടു.
'ഇന്ന് കള്ളിന് തൊട്ടുകൂട്ടാനെന്ത്ന്നാന്ന്?'
പൊക്കന്‍ ചോദിച്ചു.
'മടമുശു വരട്ടിയത്.'
കണാരേട്ടന്‍ ജുബ്ബയുടെ പോക്കറ്റില്‍നിന്നും ഒരു ബീഡിയെടുത്ത് തീപ്പിടിപ്പിച്ചുകൊണ്ടു പറഞ്ഞു.
'നിങ്ങക്കേട്ന്നാന്ന് മടമുശൂന കിട്ട്ന്ന് ?'
ഗോപാലന്‍ വയല്‍വരമ്പില്‍നിന്നും റോഡിലേക്കുള്ള കയറ്റം കയറവെ ചോദിച്ചു.
'കൈപ്പാട്ടില്‍നിന്നും ചെമ്പന് പോട്ടപ്പുല്ലരിയുമ്പം കത്തികൊണ്ട് കൊത്തിപ്പിടിച്ചതാ.'
കണാരേട്ടന്‍ ബീഡി ആഞ്ഞുവലിച്ച് പുക നെല്ലിന്റെ പച്ചപ്പിലേക്ക് ഊതിവിട്ടുകൊണ്ട് പറഞ്ഞു.
മൂന്നു പേരും റോഡിലെത്തിയപ്പോള്‍ ഒരനൗണ്‍സ്‌മെന്റ് ജീപ്പ് അവര്‍ക്കു മുന്നില്‍ പതുക്കെ വന്നു നിന്നു. ജീപ്പ് ഡ്രൈവറുടെ തൊട്ടരികിലെ സീറ്റിലിരുന്ന ഒരു മൊട്ടത്തലയന്‍ മൂന്നു പേര്‍ക്കും മഞ്ഞ നിറമുള്ള നോട്ടീസ് എടുത്തു കൊടുത്ത് മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് ചെയ്യാന്‍ തുടങ്ങി:
'പ്രിയമുള്ള നാട്ടുകാരെ കൊയോങ്കര ഗ്രാമത്തില്‍ പുതുതായി ആരംഭിച്ച കന്നുകാലി ബീജസങ്കലന ഉല്പാദന കേന്ദ്രത്തിന്റെ ഉല്‍ഘാടനം ഫെബ്രുവരി നാലിന് വൈകീട്ട് നാലു മണിക്ക് ബഹുമാനപ്പെട്ട മൃഗസംരക്ഷണവകുപ്പു മന്ത്രി പീതാംബരക്കുറുപ്പ് നിര്‍വ്വഹിക്കുന്ന വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു.'
അനൗണ്‍സ്‌മെന്റ് വാഹനം പതുക്കെ മുന്നോട്ട് നീങ്ങിയപ്പോള്‍ മൂന്നു പേരും ടൗണിലെ കള്ള് ഷാപ്പിനകത്തേക്ക് കയറി.
ഷാപ്പിന്റെ മൂലയിലെ ഒരു ഒഴിഞ്ഞ ബെഞ്ചില്‍ കണാരേട്ടന്‍ ഇരുന്നു. മറ്റു രണ്ടുപേരും അയാളുടെ ഇടത്തും വലത്തും വന്നിരുന്നു. വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ മടമുശു വരട്ടിയത് കണാരേട്ടന്‍ മുന്നിലുള്ള മേശപ്പുറത്ത് തുറന്നുവെച്ചു. വറുത്ത തേങ്ങയുടേയും കറിവേപ്പിലയുടേയും മണം ചുറ്റിലും പരന്നു. മൂന്നുപേര്‍ക്കും മണ്‍ മുട്ടികളില്‍ കള്ളും ഗ്ലാസ്സുകളും വച്ച് ഷാപ്പുകാരന്‍ ചിരിച്ചു.
മണ്‍മുട്ടിയില്‍നിന്നും കണാരേട്ടന്‍ പതുക്കെ ഗ്ലാസ്സിലേക്ക് കള്ള് പകര്‍ന്നു. ഗ്ലാസ്സിന്റെ അടിത്തട്ടില്‍നിന്നും ചെറുനുരകള്‍ മേല്‍പ്പോട്ടേക്കുയര്‍ന്ന് പൊട്ടിക്കൊണ്ടിരുന്നു.
'ഈ ബീജസങ്കലന കേന്ദ്രം നാട്ടില്‍ വന്നാല് നിങ്ങടെ ചെമ്പന്റെ പണി പാളൂല്ലോ കണാരേട്ടാ...'
പൊക്കന്‍ ഒറ്റവലിക്ക് ഗ്ലാസ്സിലെ കള്ള് കാലിയാക്കിക്കൊണ്ട് കണാരേട്ടന്റെ നെഞ്ചില്‍ കുത്തും പോലെ ചോദിച്ചു.
'കൃത്രിമമായി കാളകൂട്ടിയാ അയില് ജനിക്ക്ന്ന കുഞ്ഞിന് ഒര് ഉശിറും ഗുണോംന്നും കിട്ടൂല പൊക്കാ. എന്ത് കഷ്ടനഷ്ടം വന്നാലും ഞാന്‍ ഓന അറവുകാര്‍ക്ക് കൊടുക്കൂല. കാളകൂട്ടാന്‍ ആള് കൊറയുമ്പം ഞാനോന്റെ മൊട്ടയുടച്ച് കണ്ടത്തില്‍ പൂട്ടാന്‍ വിടും.'
കണാരേട്ടന്‍ ഉള്ളിലുള്ള വിഷമം പുറത്തു കാണിക്കാതെ പൊക്കനെ നോക്കി പറഞ്ഞു.
കള്ള് ഷാപ്പില്‍നിന്നും കണാരേട്ടന്‍ വീടിന്റെ വേലി കടന്ന് വീടുകയറുമ്പോള്‍ ചെമ്പന്‍ കൊമ്പുകുലുക്കി സ്‌നേഹത്തോടെ കരഞ്ഞുകൊണ്ടിരുന്നു.
* * * *
1. വരിയുടക്കല്‍
2. ചാരായം
3. പുകയില
4. ബീജസങ്കലത്തിനായി ഉണ്ടാക്കിയ മരപ്പുര
5. പശുവിന്റെ ജനനേന്ദ്രിയം
6. ആഴമുള്ള പരന്നപാത്രത്തില്‍
ഒരു കുടം വെള്ളം ഒഴിച്ചുവെച്ചേ.
7. കാളയുടെ ലിംഗം
8. പശുവിന്റെ ജനനേന്ദ്രിയം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക