'ഹുഡിനി'- യമ എഴുതിയ കഥ

മൂന്നാമത്തെ മകളുടെ വിവാഹച്ചടങ്ങുകളുടെ കോലാഹലം അടങ്ങിയ ബംഗ്ലാവിന്റെ മട്ടുപ്പാവില്‍ വൃദ്ധനായി തുടങ്ങിയ ആ വ്യവസായി ഈയിടെയായി സ്ഥിരം ഇരുന്നു കാറ്റുകൊള്ളാറുള്ള സോഫയില്‍ ആകാശം ഇരുളുന്നത് നോക്കിയിരുന്നു
'ഹുഡിനി'- യമ എഴുതിയ കഥ

മൂന്നാമത്തെ മകളുടെ വിവാഹച്ചടങ്ങുകളുടെ കോലാഹലം അടങ്ങിയ ബംഗ്ലാവിന്റെ മട്ടുപ്പാവില്‍ വൃദ്ധനായി തുടങ്ങിയ ആ വ്യവസായി ഈയിടെയായി സ്ഥിരം ഇരുന്നു കാറ്റുകൊള്ളാറുള്ള സോഫയില്‍ ആകാശം ഇരുളുന്നത് നോക്കിയിരുന്നു. ഇരിക്കല്‍ എന്നതും ഒരു പ്രവൃത്തിയായി അയാള്‍ അംഗീകരിച്ചു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. സ്വതേ ഉള്ള പ്രകൃതം കാരണം ഒരിടത്തും തങ്ങാതെ വെപ്രാളം പിടിച്ച് കണ്ണില്‍ക്കണ്ടതെല്ലാം വിഴുങ്ങുന്ന ഒരു രാക്ഷസന്‍ ആയിരുന്നു ഇക്കാലമത്രയും. പണത്തോടുള്ള ആര്‍ത്തിയാണോ പണം നിലനിര്‍ത്താനുള്ള സ്വാര്‍ത്ഥതയാണോ അതോ ബോറടി മാറ്റാന്‍ പണിപ്പെട്ടതാണോ ഇക്കാലം മൊത്തമുള്ള ഓട്ടം എന്നൊന്നും അയാള്‍ക്കറിയില്ല. സന്ധികളില്‍ നേരിയ വേദനയുണ്ട്. എന്നാല്‍, ഇനിയുമൊരു അങ്കത്തിന് ഇപ്പോഴും അയാള്‍ക്ക് ബാല്യം തന്നെ. 

എന്നാല്‍, സത്യമായും അയാള്‍ക്ക് മടുത്തിരിക്കുന്നു. വര്‍ഗീസ് എന്ന അയാള്‍ ദീര്‍ഘമായി ഒന്നുരണ്ടു വട്ടം ശ്വസിച്ചു. മൂന്നു തലമുറയ്ക്ക് ജീവിക്കാനുള്ള സ്വത്ത് അയാള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇടുന്ന വസ്ത്രത്തിലോ കഴിക്കുന്ന ഭക്ഷണത്തിലോ പണം കൊടുത്തു കാല്‍ക്കീഴിലാക്കുന്ന ചെറിയ സ്ഥാപനങ്ങളിലോ ഒന്നും തന്നെ അയാള്‍ക്ക് വിശേഷിച്ച് താല്പര്യം ഇല്ലാതായിരിക്കുന്നു. ഒരുവിധം എല്ലാ മേഖലയില്‍നിന്നുമുള്ള മനുഷ്യര്‍ തന്നെ ബഹുമാനിക്കുന്നു അല്ലെങ്കില്‍ തന്റെ സഹായങ്ങള്‍ക്കായി കുമ്പിടുന്നു. വര്‍ഗീസ് ആകാശത്തിലേക്ക് നോക്കി. ഇപ്പോള്‍ ആകാശം തന്നെയില്ല. കറുത്ത് കനത്ത ലോകം മാത്രം. താഴെ പന്തലുപണിക്കാര്‍ വിരുന്നുപന്തലിന്റെ അവസാന കുറ്റിയും പറിച്ച് ലോറിയിലേക്കു മറിക്കുന്നു. ലോറി ഗേറ്റു കടന്നു പുറത്തേക്കു മറഞ്ഞു. കാവല്‍ക്കാരന്‍ ഗേറ്റടച്ചു. എല്ലാം ഭദ്രം. വര്‍ഗീസിനു വളരെ അസ്വസ്ഥത തോന്നി മട്ടുപ്പാവില്‍ തലങ്ങും വിലങ്ങും നടന്നു. വായും തുറന്നു കുറേനേരം വെണ്മയുടെ നിറകുടമായ മച്ചിലേക്ക് തലമറിച്ചു നോക്കി നിന്നശേഷം ഒരു തീരുമാനത്തോടെ അയാള്‍ കട്ടിലില്‍ പോയിക്കിടന്നുറങ്ങി.

വാതിലിലെ മുട്ട് കേട്ടാണ് അന്ന് ഹൂഡിനി എന്നു പേരുള്ള ചന്ദ്രന്‍ തന്റെ ഒറ്റമുറി വീട്ടിലെ മരപ്പാളി തുറന്നു പുറത്തേക്കു തലയിട്ടു നോക്കിയത്. പഴയപോലെ രാത്രികളില്‍ അയാളിപ്പോള്‍ ഉറക്കമൊഴിക്കാറുണ്ടായിരുന്നില്ല. കണ്ട മരച്ചുവടുകളില്‍ മൂത്രമൊഴിച്ച്, വീടുകളിലെ വിളക്കുകള്‍ അണയുന്നത് നോക്കി കാത്തിരിക്കാറുമുണ്ടായിരുന്നില്ല. ചന്ദ്രന്‍ രാത്രിയാകാശം കണ്ടിട്ടുതന്നെ കുറെയായി. സ്വന്തക്കാരോ ചങ്ങാതികളോ ഇല്ലാത്ത തന്നെത്തേടി വെളുപ്പാന്‍ കാലത്ത് വരാന്‍ ആര് എന്നയാള്‍ അതിശയപ്പെട്ടു. പൊലീസുകാരാകാന്‍ ഒരു വഴിയും ഇല്ല. മോഷണം ഒക്കെ നിര്‍ത്തിയിട്ട് തന്നെ കാലം കുറെയായി. സ്ഥലത്തെ പൊലീസുകാര്‍ക്കും അതറിയാം. അതിനുമാത്രം കമ്പം ഇപ്പോള്‍ ആ പണിയില്‍ ഇല്ല. പ്രായമായി. എങ്കിലും ഒരങ്കത്തിനുള്ള ബാല്യം ഇപ്പോഴും അയാളിലുമുണ്ട്. വേണ്ട എന്നു വെച്ചിട്ടാണ്. ആരെ കാണിക്കാനാണ്? ഒരു കാമുകി ഉണ്ടായിരുന്നിടത്തോളം അതിനൊരു രസമൊക്കെ ഉണ്ടായിരുന്നു. കയ്യിലിരുപ്പ് കാരണം അവളും കളഞ്ഞിട്ടു പോയി. ചന്ദ്രന്‍ തലയിലെ പൂട കൊഴിഞ്ഞ പുറകു വട്ടത്തില്‍ കൈപ്പത്തി ഉഴിഞ്ഞ് പുറത്തു നിന്ന മനുഷ്യനെ നോക്കി. ഉറക്കം വിടാത്തതുകൊണ്ട് കാഴ്ച മങ്ങിക്കിടന്നു. 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

'ആര്?'

'കോച്ചേരില്‍ വര്‍ഗീസ്.'

ചന്ദ്രന്‍ നാറുന്ന വായ തുറന്നു പിടിച്ചു...

'സാര്‍ എന്തിനിവടെ...'

'ഞാന്‍ അകത്തു കേറട്ടോ?'

'ങേ?' ചന്ദ്രന് അദ്ഭുതം മാത്രം. 'സാര്‍ വാ...'

അയാളുടെ ചെറു വീട്ടിലെ കുഞ്ഞന്‍ വാതിലിലൂടെ നൂണ്ട് ആറടി ഉയരത്തിനുമേലുള്ള വര്‍ഗീസ് അകത്തു കയറി. തനിക്കു എലിയോളമേ വലുപ്പമുള്ളൂ എന്ന് ചന്ദ്രനു തോന്നിപ്പോയി. ഭക്ഷണവും ധനവും സൗകര്യവും ധാരാളമാകുമ്പോള്‍ മനുഷ്യര്‍ വലുപ്പം വെക്കുമായിരിക്കും. ഇതൊന്നുമില്ലാത്തവര്‍ ചുരുങ്ങി ചുരുങ്ങി ഇല്ലാതാവുകയും ചെയ്യും. ദൂരെനിന്നു നോക്കുമ്പോള്‍ ഇത്രേം വ്യത്യാസം തോന്നാറില്ല. മുറിനിറഞ്ഞുനിന്ന വര്‍ഗീസ് ചുറ്റും നോക്കി ചിരിച്ചു.

'നീ കുറേക്കാലം മോഷ്ടിച്ചിട്ട് ഒരു വൃത്തിയുള്ള മുറികൂടി താമസിക്കാന്‍ ഉണ്ടാക്കാന്‍ പറ്റീല്ലേ ചന്ദ്രാ...'

'വൃത്തിയും കുറേക്കാലം മോഷ്ടിച്ചതുമായി എന്ത് ബന്ധം...?' ചന്ദ്രന്‍ വായ തുറക്കാറുള്ളപ്പോഴുള്ള താത്ത്വികതയുടെ മണം സംഭാഷണത്തിലടിച്ചു.

'അതല്ല... കുറേക്കാലം പോലീസുകാരുടെ ഇടികൊണ്ടിട്ട് എന്ത് ഉണ്ടാക്കിയെന്ന്...'

'സാര്‍ എന്തിനു വന്നെന്നു പറഞ്ഞാല്‍ കാര്യമായിരുന്നു...' ചന്ദ്രന് ബോറടിച്ചു. ഉറക്കച്ചടവ് തീരാതെ അയാള്‍ ബീഡി എടുത്ത് കത്തിച്ചു. ചന്ദ്രന് ചുറ്റും ബീഡിപ്രഭ ചൂഴ്ന്നുനിന്നു. 

'എന്റെ വീട്ടിലൊന്നു കയറണം.' ചന്ദ്രന്‍ പുരികം ചുളിച്ചു. അകത്തേക്കെടുത്ത കട്ടപ്പുക വായില്‍ തന്നെ കിടന്നു കറങ്ങി. വര്‍ഗീസിന്റെ മുഖത്തെ ചൂഴ്ന്നു നിന്ന പ്രകടമായ വിഷാദം അപ്പോഴാണ് ചന്ദ്രന്‍ ശ്രദ്ധിച്ചത്. വാര്‍ദ്ധക്യം അയാളെ ബാധിച്ചു തുടങ്ങിയിരിക്കുന്നു.

ആദ്യമായിട്ടാണ് ഒരാള്‍ സ്വന്തം വീട്ടില്‍ കക്കാന്‍ കയറാന്‍ തന്നെ വിളിക്കുന്നത്. അതും ഈ നാടും നാട്ടാരും അറിയുന്ന കോടീശ്വരനായൊരാള്‍. എന്തിന്? സമീപകാലത്ത് തന്നില്‍ കയറിക്കൂടിയ ബോറടിയും അലസതയും കുടഞ്ഞെറിയാന്‍ എന്നോണം ചന്ദ്രന്‍ തല ഒന്ന് കുലുക്കി. 

'മൂത്രം ഒഴിച്ചിറ്റ് വരാം.' അയാള്‍ പുറത്തേക്കിറങ്ങി. തൊട്ടപ്പുറത്ത് മൂത്രക്കമ്പി കറണ്ടടിപ്പിക്കുന്ന വെള്ളത്തിന്റെ കിലുക്കം. മുഷിഞ്ഞ കൈലികൊണ്ട് മുഖത്തെ വെള്ളം തുടച്ച് ചന്ദ്രന്‍ തിരികെ കയറി വന്നു. ചന്ദ്രന്റെ കുമിഞ്ഞു നാറുന്ന ബെഡ്ഷീറ്റ് വശത്തേക്ക് മാറ്റിയിട്ട് വര്‍ഗീസ് കട്ടിലിന്റെ ഒരറ്റത്ത് ഇരിക്കുന്നു. ചന്ദ്രന്‍ ആടുന്ന മരസ്റ്റൂള് വലിച്ചിട്ട് അതില്‍ കാലിന്മേല്‍ കാല്‍ പിണച്ച് ഇരുന്നു.

'ആദ്യമായിറ്റാണ് ഒരാള് സൊന്തം വീട്ടില്‍ത്തന്നെ മോട്ടിക്കാന്‍ കേറാന്‍ വിളിക്കണത്? എന്തിന് എന്നു ഞാന്‍ ചോദിക്കണില്ല. സാറിനപ്പോലെ വിവരോം വിദ്യാഭ്യാസോം ഒള്ള ഒരാള്‍ വന്നിറ്റ് 'ഇത്രേം കാലം മോട്ടിച്ചിട്ട് ഞാന്‍ എന്ത് നേടി' എന്നു ചോദിച്ചപോലെ ഒള്ള മണ്ടത്തരം ഞാന്‍ എഴുന്നള്ളിക്കൂല്ല.'

വര്‍ഗീസ് ചന്ദ്രനെ ശരിക്കും ഇപ്പോഴാണ് കാണുന്നത്. അയാളുടെ മുഖം. നരച്ചു തുടങ്ങിയ ചുരുണ്ട മുടിയിഴകള്‍. ഒരു ടീനേജുകാരനെപ്പോലെ തിളങ്ങുന്ന മെലിഞ്ഞ മുഖം, ഷര്‍ട്ടിടാത്ത ദേഹവും. കുറച്ചുകൂടി നേരം നോക്കിയാല്‍ അതിനു അഴകുണ്ടെന്നു തോന്നിപ്പോകും എന്ന് അയാള്‍ക്കു ഭയം തോന്നി. ചന്ദ്രന്‍ മോഷ്ടിച്ച വീടുകളിലെ മനുഷ്യര്‍ക്ക് അവരുടെ സ്വര്‍ണ്ണമോ പണമോ തിരികെ കിട്ടാതെ പോയിട്ടില്ല. പൊലീസുകാരെ കുറെയിട്ട് ചുറ്റിച്ചിട്ട് തൊണ്ടിമുതല്‍ ആരുമറിയാതെ ചന്ദ്രന്‍ തന്നെ വീടുകളില്‍ എത്തിക്കും. പല വീട്ടുകാര്‍ക്കും തങ്ങളുടെ മുതല്‍ കളവുപോയതുപോലും മനസ്സിലാവുന്നതിനു മുന്നേ ഒരു കുറിപ്പോടുകൂടി വീട്ടില്‍ സാധനം തിരികെ എത്തും. എന്നാല്‍, ചന്ദ്രന്‍ എന്ന ലോട്ടറി വില്‍പ്പനക്കാരനാണ് ഈ മോഷണങ്ങള്‍ എല്ലാം തന്നെ നടത്തിയിരുന്നത് എന്ന് അയാള്‍ തന്നെ വെളിപ്പെടുത്തിയപ്പോഴാണ് മോഷണങ്ങളുടെ പുറത്ത് പൊലീസ് കെട്ടിയുണ്ടാക്കിയ കള്ളക്കഥകള്‍ ഒക്കെ പുറത്തുവരുന്നത്. 
വല്യ നാറ്റക്കേസായിപ്പോയി ഡിപ്പാര്‍ട്ടുമെന്റിനു തന്നെ. പല സ്ഥിരം കള്ളന്മാരേയും പ്രതിയാക്കിയാണ് പ്രമാദമായ പലേ മോഷണക്കേസുകളില്‍നിന്നും പൊലീസ് തടി ഊരിയത്. ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കയറി കോഴപ്പണമായി കിട്ടിയ 15 കോടി രൂപ അടിച്ചുകൊണ്ടു പോയതാണ് അവസാനത്തേത്. കോഴപ്പണം ആയതുകൊണ്ട് കേസാക്കാനും പറ്റൂല്ല. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ശിങ്കിടികളും പൊലീസ് ചീഫിനെ മുള്‍മുനയില്‍ നിര്‍ത്തിപ്പൊരിച്ചു. അയാള്‍ വാലിനു തീപിടിച്ചപോലെ പൊലീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്മാരെ തലങ്ങും വിലങ്ങും ഓടിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. ഏതു പത്രമെടുത്താലും ആഭ്യന്തരമന്ത്രിയുടെ ഭാര്യയുടെ സ്വര്‍ണ്ണം അടിച്ചുകൊണ്ടുപോയ കള്ളനെപ്പറ്റിയുള്ള ഊഹാപോഹങ്ങളും സുരക്ഷാവീഴ്ചയെപ്പറ്റിയുള്ള ഘോരഘോരം ലേഖനങ്ങളും മാത്രം. എന്നാ ശരി എന്ന് ചന്ദ്രനും തോന്നി. ഒരു ദിവസം ലോട്ടറി വില്‍പ്പനയും കഴിഞ്ഞ് ഹോട്ടലിലെ പറ്റുകൊടുത്തു തീര്‍ക്കാന്‍ കഴിയാത്ത വിഷമത്തില്‍ ചന്ദ്രന്‍ വീട്ടിലെത്തി. അയാള്‍ കട്ടിലിനടിയിലെ ബാഗ് തുറന്നു. കെട്ട് കണക്കിനു പണം. അതില്‍നിന്ന് ആയിരം രൂപ എടുത്ത് മച്ചിലെ കട്ടിളയ്ക്കിടയില്‍ തിരുകി. ബാഗ് അടച്ച് അതുമായി അടുത്തുള്ള പത്രമോഫീസില്‍ പോയി പറഞ്ഞു:

ഞാന്‍ ചന്ദ്രന്‍... ഇത് ആഭ്യന്തരമന്ത്രിയുടെ വീട്ടില്‍നിന്നു പോയ പണം...

അതങ്ങനെ ചുടുചൂടന്‍ വാര്‍ത്തയായി. സ്വര്‍ണ്ണമാണ് വീട്ടില്‍നിന്നു കളവുപോയതെന്ന് മന്ത്രി ആണയിട്ടു. മോഷ്ടിച്ചത് പണം ആണെന്ന് ചന്ദ്രനും. ചന്ദ്രന്‍ ആദ്യമായി അകത്തായി... മന്ത്രിസഭ വീണു. പുറത്തിറങ്ങിയ ചന്ദ്രനെ ചാനലുകാര്‍ വളഞ്ഞു. പത്രങ്ങളാണ് ചന്ദ്രനെ ഹൂഡിനി ചന്ദ്രന്‍ എന്ന് ആദ്യമായി വിളിച്ചത്. ഹൂഡിനി എന്നൊരു ഇന്ദ്രജാലക്കാരനെപ്പറ്റി ചന്ദ്രന്‍ കേള്‍ക്കുന്നതും അന്നാണ്. എത്ര താഴിട്ടു പൂട്ടിയാലും ബന്ധനത്തില്‍നിന്നും രക്ഷപ്പെടുന്നവന്‍ ആയിരുന്നത്രേ അങ്ങേര്. ഏതു പൂട്ടും തുറക്കുന്ന കള്ളന്‍ എന്ന പദവിയാണ് മാധ്യമങ്ങള്‍ ചന്ദ്രന് ചാര്‍ത്തിയത്. ഇക്കാലങ്ങളില്‍ അവര്‍ ചന്ദ്രനെ ഒരു ആക്ടിവിസ്റ്റായി പ്രഖ്യാപിച്ചിരുന്നു. ഓരോ രാഷ്ട്രീയ കോലാഹലം വരുമ്പോഴും ചന്ദ്രന്റെ ലോട്ടറിസ്റ്റാളിന്റെ അടുത്ത് പോയി ചാനലുകാര്‍ അഭിപ്രായം ചോദിച്ചു. താന്‍ ഒരു എക്‌സ് കള്ളന്‍ മാത്രമാണ് എന്നു പറഞ്ഞത് അയാളുടെ എളിമയുടെ ലക്ഷണമായി നാട്ടുകാര്‍ വിധിയെഴുതി. ചന്ദ്രന് ബോറടിച്ചു. അയാള്‍ ലോട്ടറി സ്റ്റാള്‍ കളഞ്ഞു; വീട്, അല്ല കുടില്‍ മാറി. ഭാഗ്യവില്‍പ്പന കാല്‍നടയായി ചെയ്തു.

അയാളുടെ മോഷണങ്ങളുടെ പിന്നിലെ ലക്ഷ്യവും മോഷണരീതിയും മനസ്സിലാക്കാന്‍ പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണങ്ങള്‍ എല്ലാം തന്നെ അമ്പേ പരാജയങ്ങള്‍ ആയിരുന്നു. ചാനലുകാര്‍ കുത്തിക്കുത്തി ചോദിച്ചുനോക്കി. ചന്ദ്രന്‍ അപ്പോള്‍ സുഹാനീ രാത് ഠല്‍ ചുകേ... ശൂളം കുത്തും. മോഷണവീടുകളിലെ പലരും രാത്രിയില്‍ ഈ ശൂളമടി കേട്ടതായി ചാനലുകാരോട് സാക്ഷ്യം പറഞ്ഞിട്ടുണ്ട്. അയാള്‍ മനോരോഗി ആണെന്നും ചെപ്പടിവിദ്യക്കാരനാണെന്നുമൊക്കെ ചാനലുകാരും നാട്ടുകാരും കഥകള്‍ ഇറക്കിയിരുന്നു. അതൊന്നും ചന്ദ്രനെ ബാധിച്ചില്ലെങ്കിലും പിന്നീടുള്ള ചന്ദ്രന്റെ ജീവിതം ഏറിയും കുറഞ്ഞും ദുരിതത്തിന്റേതായിരുന്നു. 

എങ്ങാനും എവിടെങ്കിലും മോഷണം നടന്നാല്‍ അത് ചന്ദ്രന്റെ തലയിലായി. അയാള്‍ മോഷണം നിര്‍ത്തിയിട്ടും തൊണ്ടിമുതല്‍ തപ്പാന്‍ നടക്കേണ്ടിവന്നു. അക്കാലത്താണ് അയാള്‍ക്ക് തന്റെ സിദ്ധികളെക്കുറിച്ചുതന്നെ ഒരു പൂര്‍ണ്ണരൂപം കിട്ടുന്നത്. അതുവരെ നോട്ടം കൊണ്ട് പൂട്ട് തുറക്കുന്ന സിദ്ധിയെപ്പറ്റി മാത്രമാണ് അയാള്‍ക്ക് തിരിച്ചറിവുണ്ടായിരുന്നത്. എന്നാല്‍, മനുഷ്യര്‍ മറച്ചുപിടിക്കുന്ന എന്തിലേക്കും കടന്നുചെല്ലാനുള്ള സിദ്ധി തനിക്കുണ്ടെന്നും അയാള്‍ മനസ്സിലാക്കി. ഒരിക്കല്‍ മറ്റേതോ കള്ളന്‍ മോഷ്ടിച്ച തൊണ്ടിമുതലിനുവേണ്ടി പൊലീസുകാര്‍ അയാളെ പഞ്ഞിക്കിടുകയായിരുന്നു. രക്തം ഛര്‍ദ്ദിച്ച് തറയിലേക്ക് മറിഞ്ഞ് അര്‍ദ്ധബോധാവസ്ഥയില്‍ ഇരിക്കുമ്പോള്‍ അയാള്‍ക്ക് വെളിപാടുണ്ടായി, 'തൊണ്ടിമുതലിരിക്കുന്ന ഇടം.' 

അരബോധത്തില്‍ അയാള്‍ പൊലീസുകാരേയും കൊണ്ട് നടന്നുപോയി തൊണ്ടിമുതല്‍ കണ്ടെടുത്തു. എന്നാല്‍, തൊണ്ടിസാമാനം മുഴുവനുമില്ല. മാത്രമല്ല, ആ പറമ്പ് നല്ലൊരു മോഷ്ടാവായ പറവ ശ്രീധരന്റേതായിരുന്നുതാനും. താനല്ല മോഷ്ടിച്ചതെന്ന് ചന്ദ്രന്‍ ആണയിട്ടു. പിന്നെ തൊണ്ടിയെങ്ങനെ കിട്ടിയെന്നായി പൊലീസുകാര്‍. ശ്രീധരനേയും ചന്ദ്രനേയും പൊലീസ് വീണ്ടും പഞ്ഞിക്കിട്ടു. തൊണ്ടിസ്വര്‍ണ്ണം കുറെ താന്‍ വിറ്റതായി ശ്രീധരന്‍ മൊഴി കൊടുത്തു. കൂട്ടത്തില്‍ ശ്രീധരന്‍ ചന്ദ്രനെ തന്റെ കൂട്ടുപ്രതിയാക്കി സാക്ഷ്യം പറഞ്ഞു. വെറും പച്ചക്കള്ളം.

താന്‍ എടുത്തില്ലെന്ന് ചന്ദ്രന്‍ കരഞ്ഞു പറഞ്ഞതൊന്നും പൊലീസുകാര്‍ കേട്ടില്ല. രാത്രി രണ്ടെണ്ണത്തേയും സെല്ലില്‍ പൂട്ടിയിട്ട് രാത്രി സമാധാനത്തോടെ എസ്.ഐ വീട്ടില്‍ പോയി. രാവിലെ തിരികെ വന്നപ്പോള്‍ ആകെ ബഹളം. പ്രമാദമായ പല കേസുകളുടേയും ഫയലുകള്‍ കാണാനില്ല. കെട്ടോടെ ആരോ പൊക്കിക്കൊണ്ട് പോയിരിക്കുന്നു. പൊലീസുകാര്‍ നെട്ടോട്ടം. എന്ത് ചെയ്യും? സഹായിക്കാനായി സ്‌റ്റേഷന്‍ റൈറ്റര്‍ എസ്.ഐയുടെ അടുത്ത് ചെന്നു. അയാള്‍ ഫോണില്‍ ആരെയോ പുളിച്ച തെറി പറയുന്നു.

'സാര്‍ ... എനിക്കൊരു സംശയം ചന്ദ്രന്‍ എടുത്തോ എന്ന്.'

'അയാള്‍ അകത്തു കിടക്കുവല്ലേടോ?'

'അതെ സാര്‍. അയാക്ക് എന്തൊക്കെയോ കഴിവുകള്‍ ഒണ്ട്. ഇന്നല അയാള് പറഞ്ഞില്ലേ അയാള്‍ അല്ല സ്വര്‍ണ്ണം മോഷ്ടിച്ചതെന്ന്. എന്നിറ്റും അയാള്‍ തൊണ്ടിമൊതല് കണ്ടുപിടിച്ചില്ലേ. സാറെ ഞാന്‍ ദൈവവിശ്വാസിയാണ്... എനിക്ക് ഇതിലൊക്കെ ഇച്ചിരി വിശ്വാസം ഒണ്ട്.'

'അപ്പൊ താന്‍ എന്താ പറഞ്ഞുവരുന്നത്...?'

'നമ്ക്ക് അയാളോട് ചോദിച്ചു നോക്കിയാലാ?'

എസ്.ഐ സ്വബോധം പോയവനെപ്പോലെ സെല്ലിലേക്ക് നടന്നു.

'ഡോ... ഈ ബോധം കെട്ട് കിടക്കുന്നവനോടാണോ ചോദിക്കേണ്ടത്? എടുത്ത് കുറച്ച് വെള്ളം കൊടുക്കെടോ' നാരങ്ങാവെള്ളം രണ്ടു ഗ്ലാസ് കുടിച്ച് ചന്ദ്രന്‍ മുഖം ഉയര്‍ത്തി. സ്‌റ്റേഷനു സമീപത്തെ ആക്‌സിഡന്റ് കേസായ വണ്ടികള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതില്‍ ചുവന്ന സെഡാന്‍ കാറിന്റെ ഡിക്കിയില്‍ ഫയലുകള്‍ ഉണ്ടെന്ന് ചന്ദ്രന്‍ പിറുപിറുത്തു. അതെങ്ങനെ അവിടെ വന്നുവെന്ന് ആരും അയാളോട് ചോദിച്ചില്ല.
 
അയാളെടുത്തതാണോ മറ്റാരെങ്കിലും എടുത്തുകൊണ്ടു പോയതാണോ എന്നൊന്നും തന്നെ ആരാഞ്ഞില്ല. ചന്ദ്രനെ കാണുമ്പോള്‍ത്തന്നെ എസ്.ഐയ്ക്ക് തൂറാന്‍ മുട്ടി. അവര്‍ അയാളെ കേസില്‍നിന്നും ഒഴിവാക്കി ഇറക്കിവിട്ടു. 

'മര്യാദക്ക് നടന്നോണം.' താക്കീതും കൊടുത്തു. ശരിക്കും അയാള്‍ മര്യാദക്കാരന്‍ ആയി നടക്കുക തന്നെയായിരുന്നു. പിന്നീടും തൊണ്ടിമുതലുകള്‍ കണ്ടെടുക്കാന്‍ ചന്ദ്രന്റെ സഹായം പൊലീസ് തേടിയെങ്കിലും മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്ന അയാള്‍ തനിക്കു ട്യൂമര്‍ ആണെന്നു പ്രഖ്യാപിച്ചു രക്ഷപ്പെട്ടു. തനിക്കിപ്പോള്‍ ഒന്നും കാണാന്‍ കഴിയുന്നില്ല എന്നും പ്രസ്താവന ഇറക്കി. പയ്യെ പയ്യെ മാത്രം വളരുന്നൊരു കുഞ്ഞന്‍ മുഴ അയാളുടെ തലച്ചോറിനുള്ളില്‍ ഡോക്ടര്‍മാര്‍ ഒരുപാടു മുന്നേ തന്നെ കണ്ടെത്തിയിരുന്നു. ഈ മുഴ കാരണമാണോ പ്രസ്തുത സിദ്ധികള്‍ കൈവന്നത് എന്ന അയാളുടെ സംശയം സ്വന്തം ഹൃദയത്തില്‍ തന്നെ കുഴിച്ചുമൂടി. മരണം ദാനം ചെയ്യുന്ന സിദ്ധികള്‍ ജീവിതത്തില്‍ ആര്‍ക്കുവേണം? അയാള്‍ കുടി തുടങ്ങി. മനുഷ്യരെ കാണുന്നതേ അയാള്‍ക്ക് അലര്‍ജിയായി.

'എന്റെ സാറേ, എനിക്കിനി അടിയും ചവിട്ടും ഒന്നും കൊള്ളാന്‍ വയ്യ കേട്ടാ.'

ചന്ദ്രന്‍ അലസമായി സ്റ്റൂളില്‍ രണ്ടു കാലും കയറ്റി മുട്ടില്‍ തല താഴ്ത്തിവെച്ചു. വര്‍ഗീസ് ഒന്നും പറഞ്ഞില്ല. ചന്ദ്രന്‍ അയാളെ കാര്യമായി ഒന്നുഴിഞ്ഞു നോക്കി. അയാളുടെ തടിച്ച ഇരട്ടത്താടിയിലെ മാംസം ദുഃഖത്തില്‍ കുഴഞ്ഞുകിടക്കുന്നു. 

'ബോറടിച്ചല്ലേ?... ഹ... ഹ... ഹാ...' ചന്ദ്രന്‍ വര്‍ഗീസിനെ നോക്കി ചിരിച്ചു.

'ജീവിതത്തില് ആദ്യത്തെ പൂട്ട് തൊറന്നപ്പോ തന്നെ എനിക്ക് മനസ്സിലായതാണ് പണം കുമിഞ്ഞുകൂടുന്നകൊണ്ട് ബോറടി കൂടിക്കൂടി... വരേ ഒള്ളെന്ന്. അത് മാറിക്കിട്ടാന്‍ ഒന്നുകി ബോധം മറയുംവരെ കുടിക്കേ കഞ്ചാവടിക്കേ ചെയ്യണം. അല്ലെങ്കില്‍ രസം നഷ്ടപ്പെടണ വരെ ആരോടെങ്കിലും മത്സരിക്കേ... ആരേങ്കിലും ഉപദ്രവിക്കേ ഒക്ക ചെയ്യണം. രണ്ടാനച്ഛന്റെ തൊഴി കൊള്ളാന്‍ മടിച്ചു വീട് വിട്ടേപ്പിന്നെ വയറുനെറച്ച് ആഹാരം കിട്ടാത്ത എനിക്ക് അത് മനസ്സിലായെങ്കി സാറിനെപ്പോലൊള്ള... ആ... അല്ലെങ്കി വേണ്ടാ... ചുമ്മാ എന്തിന് ഓരോന്ന് പറയണത്.' 

ചന്ദ്രന്‍ നിര്‍ത്തി. വര്‍ഗീസ് മൗനം തുടര്‍ന്നു. പിന്നെ വായ തുറന്നു.

'ഒരു തവണത്തേക്കു മതി...'

'അല്ലെങ്കിലും ഒരു തവണേ കൂടുതല്‍ ഒരടത്തും ഞാന്‍ കേറീട്ടില്ല. ഒരിക്കല്‍ കാണാനൊള്ളതെ ഏതു കോട്ട കൊത്തളത്തിലും ഒള്ളു സാറേ... അല്ലാ... നിങ്ങടെ വീട്ടില്‍ക്കേറി ഞാന്‍ എന്ത് എടുക്കണം എന്നാണ്?...' വര്‍ഗീസ് ഒന്നും മിണ്ടുന്നില്ല. രണ്ടുനിമിഷം അയാളുടെ മൗനത്തെ അനുഭാവത്തോടെ ചന്ദ്രന്‍ അളന്നു.
'ശരി... എന്തെങ്കിലും നിങ്ങള വീട്ടീക്കേറി എടുക്കണം എന്ന് സാറ് പറയുന്ന്. കേറിക്കാണിക്കും എന്നു ഞാനും, എങ്ങനേം തടയും എന്ന് നിങ്ങളും വെല്ലുവിളിക്കും. നിങ്ങള് ആവശ്യപ്പെട്ടേലും അധികം എന്തെങ്കിലും ഞാന്‍ പ്രവര്‍ത്തിച്ചേക്കുമെന്ന് കരുതാനും വഴി ഉണ്ട്. നിങ്ങള്ക്ക് പറ്റിയ ഒരു എതിരാളിയെ തന്നെയാണാ നിങ്ങള്‍ തിരഞ്ഞെടുത്തത് എന്ന് നിങ്ങള്ക്ക് ഇടക്കെങ്കിലും സംശയം തോന്നാനും കാരണങ്ങള്‍ ഉണ്ടാവും. ഒന്നൂല്ലെങ്കിലും ഞാന്‍ ഒരു കള്ളന്‍ അല്ലെ? എങ്കിലും സ്ഥിരം കളിക്കാത്ത ഒരു കളി കളിക്കണ കൗതുകം നിങ്ങള്ക്ക് തോന്നുമാരിക്കും. നിങ്ങള്‍ പറഞ്ഞ പ്രകാരം ഞാന്‍ വീട്ടില്‍ കയറേ കയറാതിരിക്കേ ചെയ്യുന്നു. എന്നെ പിടിക്കാന്‍ പറ്റിയാല്‍ നിങ്ങള്ക്ക് രസം. പിടിക്കാന്‍ പറ്റീല്ലേ.. ഒരു എതിരാളിയെ കിട്ടിയ ആവേശം എങ്കിലും ഒണ്ടാവും. പക്ഷേ, ഞാന്‍ നിങ്ങള വീട്ടില്‍ കേറിയാലും ഇല്ലെങ്കിലും എനിക്കിപ്പോ ഒള്ള ബോറടിക്കോ അലസതയ്‌ക്കോ ഒരു മാറ്റവും ഉണ്ടാവാനും പോണില്ല. പിന്നെ ഞാന്‍ എന്തിനു കേറണം?'

'എന്നാല്‍, നീ നിന്റെ ബോറടി മാറ്റാന്‍ കൂടിയായി ഒരു പ്ലാന്‍ പറ.' വര്‍ഗീസ് ഈര്‍ഷ്യയോടെ പറഞ്ഞു. ഒരു കാശിനു കൊള്ളാത്ത ഒരുത്തന്‍ തന്നോട്, ഈ നാട്ടിലെ ഏറ്റവും ആരാധ്യനായ പണക്കാരനായ തന്നോട് വിലപേശുന്നു. അയാള്‍ ദേഷ്യം പുറത്തു കാണിച്ചില്ല. ആവശ്യക്കാരന് ഒരുപാട് ഔചിത്യത്തിന്റെ കാര്യമില്ല... 

ചന്ദ്രന്‍ സ്‌റ്റോവില്‍ ചായ തിളയ്ക്കുന്നത് കാത്തുനിന്നു. അയാള്‍ ഇടുപ്പില്‍ കൈകുത്തി കാല് കൊണ്ട് താളം പിടിക്കുന്നത് നോക്കി വര്‍ഗീസ് ഇരുന്നു. വല്ലതും നടക്കുമോ? 

ചന്ദ്രന്‍ രണ്ടു സ്റ്റീല്‍ ഗ്ലാസ്സുകളില്‍ കട്ടനെടുത്ത് സ്റ്റൂളില്‍ വച്ചു. 

'എനിക്ക് വേണ്ട. കുടിച്ചിട്ടാ വന്നത്...' ഗ്ലാസുകള്‍ക്കു വൃത്തിയുണ്ടോ എന്നാണ് വര്‍ഗീസ് നോക്കിക്കൊണ്ടിരുന്നത്.

'നിങ്ങളൊക്കെ ബിസിനസ് സംസാരിക്കുമ്പോ ഇങ്ങനെ ആണാ... ഒരു കളിക്ക് ആണെങ്കില്‍ പോലും നമ്പാന്‍ പറ്റുമെന്ന് തോന്നണ്ടേ... കളി കാര്യം ആവാന്‍ ശ്വാസം എടുക്കണ നേരം കൂടി വേണ്ട. എന്റെ വീട്ടിലിരിക്കാന്‍ എന്റെ ഔദാര്യം വേണം സാറേ.'

വര്‍ഗീസിന് ആ അധികാരക്കളി അത്ര പിടിച്ചില്ല. എങ്കിലും അയാള്‍ ഗ്ലാസെടുത്ത് പിടിച്ചു. ചുണ്ടില്‍ വച്ചപ്പോള്‍ തന്നെ വാസന. ഏലക്കയുടേയും കറുവപ്പട്ടയുടേയും വാസന. അയാള്‍ ചായ മൊത്തിക്കുടിച്ചു. ഐശ്വര്യം ഉള്ളവന്‍. അയാള്‍ക്ക് വെറുതെ തോന്നി. 

'എന്നാ ഇനി ഞാന്‍ കളി പറയാം.' ചന്ദ്രന്‍ ഒന്ന് കുടഞ്ഞിരുന്നു. 'നിങ്ങളുടെ സകല സമ്പാദ്യത്തിന്റേയും അവകാശി ഞാന്‍ ആണെന്ന് പറഞ്ഞ് ഒരു വില്‍പ്പത്രം എഴുതി ഒരിടത്തു ഒളിപ്പിച്ചു വയ്ക്കണം. അതിന്റെ കോപ്പി എനിക്ക് തരേം വേണം. ഒറിജിനല്‍ ഇരിക്കുന്നടത്തുനിന്ന് നിങ്ങള് പറയുന്ന സമയത്തിനുള്ളില് ഞാന്‍ എടുത്തിരിക്കും. ഇതാണ് കളി. അല്ലാതെ നിങ്ങളുടെ ലോക്കര്‍ തുറന്ന് കുറെ രൂപ എടുക്കുന്നതിലോ ഭവനഭേദനം നടത്തുന്നതിലോ എന്ത് രസം?' ചന്ദ്രന്‍ വര്‍ഗീസിനെ പാളിനോക്കി. അയാള്‍ നെറ്റിചുളിച്ച് ചന്ദ്രനെ നോക്കുകയാണ്. ചന്ദ്രന്‍ തണുത്തു തുടങ്ങിയ കട്ടന്‍ മൊത്തമായി വലിച്ചുകുടിച്ചു.

'നാറി... ഒരു വര്‍ക്കത്തില്ലാത്തവന്‍.' വര്‍ഗീസിനു മനസ്സില്‍ തോന്നി. തന്റെ വീട്ടില്‍ കയറി മോഷണം നടത്തണം എന്നു പറയുമ്പോള്‍ ചന്ദ്രന്‍ സന്തോഷത്തോടെ അത് വെല്ലുവിളിയായി ഏറ്റെടുക്കും എന്നാണയാള്‍ കരുതിയിരുന്നത്.

'അങ്ങനെ ഒറ്റയടിക്ക് പണക്കാരന്‍ ആവാം എന്നാരിക്കും. എന്റെ ഒരു ജന്മത്തെ കഷ്ടപ്പാടാണ് എന്റെ സ്വത്ത്', വര്‍ഗീസ് പുച്ഛത്തോടെ ചന്ദ്രനെ നോക്കി. ചന്ദ്രന്‍ വര്‍ഗീസിനെ നോക്കി ആഞ്ഞാഞ്ഞു ചിരിച്ചു.

'എന്നിട്ടും എന്നെ വാങ്ങാന്‍ പറ്റുന്നില്ലല്ലോ സാറെ. നിങ്ങളുടേയോ മറ്റുള്ളവരുടേയോ സ്വത്ത് അടിച്ചെടുക്കാന്‍ വേണ്ടി ഇങ്ങനെ കാത്തിരിക്കേണ്ട ആവശ്യം ഒന്നും എനിക്കില്ല. എനിക്ക് ഒരുത്തന്റേം ഒരു പുല്ലും വേണ്ട.'

വര്‍ഗീസിന് ആ ഞാഞ്ഞൂല്‍ പോലുള്ള മനുഷ്യനോട് പക തോന്നി. ഈ കള്ളന്‍ തന്നെ കളിയാക്കി ചിരിക്കുന്നു. ഒന്ന് വിളിച്ചുപറഞ്ഞാല്‍ ഇപ്പോള്‍ തന്നെ ഇവന്‍ അകത്താവും. എന്നിട്ടാണ് അവന്റെ കളി. 

'ദേഷ്യം തോന്നിക്കാണും അല്ലെ സാറേ... ഹഹഹ... സത്യം പറഞ്ഞാ ഞാന്‍ ബോറടിച്ചിരിക്കേരുന്നു. ഇപ്പൊ ആകപ്പാടെ ഒരു രസം ഒക്കെ ഒണ്ട്.' ചന്ദ്രന്‍ തലയറഞ്ഞു ചിരിച്ചു.

വര്‍ഗീസ് മരപ്പാളി വലിച്ചു തുറന്ന് വീടിനു പുറത്തേക്കു ചാടി.

'നിന്റടുത്തൊക്കെ വന്ന എന്ന പറഞ്ഞാ മതി...'

'വോ... ഞാന്‍ വിളിച്ചാ...' ചാടിത്തുള്ളിപ്പോകുന്ന മനുഷ്യനെ നോക്കിയപ്പോള്‍ ചന്ദ്രനും ദുഃഖവും സങ്കടവും ഒരുപോലെ തോന്നി. പിന്നെ ഞെട്ടി മുറിഞ്ഞ ഉറക്കത്തിലേക്കു തിരികെ വീഴാന്‍ ഭാവിച്ചുകൊണ്ട് വാതിലടച്ചു. 
അങ്ങനെ തിരികെ വന്നിട്ടിപ്പോ ആഴ്ച ഒന്ന് കൂടിയായില്ല. ആ ചന്ദ്രന്‍ ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷം തന്നെ തേടി വന്നേക്കും എന്ന് വര്‍ഗീസിനു തോന്നിയത് വെറുതെയായി. കടുപ്പക്കാരന്‍ തന്നെ. ജീവിതത്തില്‍ ഒന്നും വേണ്ടാത്തവരെ എങ്ങനെ പ്രലോഭിപ്പിക്കാനാണ്? വീട്ടുകാരറിയാതെ മടുപ്പോടെ അയാള്‍ വില്‍പ്പത്രം തയ്യാറാക്കി. എങ്ങാനും അത് ചന്ദ്രന്റെ കയ്യില്‍പ്പെട്ടാല്‍ താനും ഭാര്യയും അടക്കം എല്ലാരും പെരുവഴിയില്‍ ആണ് പിന്നെ. വര്‍ഗീസ് താന്‍ പിച്ചപ്പാത്രവുമായി റോഡരുകില്‍ ഇരിക്കുന്നതിനെപ്പറ്റി ആലോചിച്ചു നോക്കി. നാട്ടുകാര്‍ അയാളെ നോക്കി ചിരിക്കുന്നു. ഭാവനയിലും അയാള്‍ക്ക് സ്വന്തം വസ്ത്രം ചെളിപുരണ്ടതായി സങ്കല്പിക്കാന്‍ കഴിയുന്നില്ല. വില്‍പ്പത്രം എവിടെയെങ്കിലും ഒളിപ്പിക്കണമല്ലോ എന്നയാള്‍ ഓര്‍ത്തു. വളരെ ആലോചിച്ച് ഒരു സ്ഥലം അയാള്‍ അവസാനം ഉറപ്പിച്ചു. രായ്ക്കുരാമാനം അയാള്‍ സ്വയം അതുകൊണ്ട് ഒളിപ്പിക്കുകയും ചെയ്തു. അതിന്റെ കോപ്പി കൊണ്ടുകൊടുക്കാന്‍ അയാള്‍ ചന്ദ്രന്റെ വീട്ടിലെത്തി.

'ഒറിജിനല്‍ വീണ്ടും മാറ്റി എഴുതിയില്ലല്ലോ അല്ലെ?' ചന്ദ്രന്‍ അവിശ്വാസത്തോടെ ചോദിച്ചു. 

'അതിന്റെ ആവശ്യം എനിക്കില്ല. കാരണം നീ അത് കണ്ടുപിടിക്കാന്‍ പോണില്ല.' വര്‍ഗീസിന്റെ കണ്ണിന്റെ ആഴങ്ങളില്‍ ഗൂഢമായൊരു ചിരി ഒളിക്കുന്നത് ചന്ദ്രന്‍ കണ്ടു. ഒരു നിമിഷം പോലും അവിടെ നില്‍ക്കാതെ വര്‍ഗീസ് ഇറങ്ങിനടന്നു.

ദിവസങ്ങള്‍ തീരാറായിരിക്കുന്നു. എത്ര ആഴത്തില്‍ മനനം ചെയ്തിട്ടും ചന്ദ്രനു വില്‍പ്പത്രം ഇരിക്കുന്ന ഇടം കാണാന്‍ കഴിയുന്നില്ല. തനിക്ക് എന്ത് പറ്റി? ചന്ദ്രനും കൗതുകം കൂടിവന്നു. തോറ്റു എന്ന് വര്‍ഗീസിനോട് പറയുന്നപോലെ നാണക്കേട് എന്തുണ്ട്? വിജയിക്കും എന്നുറപ്പുള്ളതു കൊണ്ടല്ലേ താന്‍ ഇത് ഏറ്റെടുത്തത്? ജീവിതത്തില്‍ എന്നപോലെ വര്‍ഗീസ് തന്നെയും ജയിക്കാന്‍ പോകുന്നു. അയാള്‍ എന്ത് സൂത്രമാണ് ഒപ്പിച്ചത് എന്ന് ചന്ദ്രന് കിണഞ്ഞു ചിന്തിച്ചിട്ടും മനസ്സിലായില്ല. മറ്റുള്ളവരുടെ രഹസ്യങ്ങളിലേക്കു ചുഴിയാനുള്ള കഴിവ് തലയില്‍ വളരുന്ന മുഴ കാരണമാണെന്നാണ് അയാള്‍ മനസ്സിലാക്കിയിരിക്കുന്നത്. ഇനി മുഴ തനിയെ ഭേദപ്പെട്ടു പോയോ? അയാള്‍ ആശുപത്രിയില്‍ പോയി തലച്ചോര്‍ സ്‌കാന്‍ ചെയ്തു നോക്കി. സംഗതി ഉഷാറായി അവിടെത്തന്നെ ഉണ്ട്. 

താന്‍ ഇനി എത്രകാലം കൂടി ജീവനോടെ ഉണ്ടാവും എന്ന് ഡോക്ടറോട് ചോദിക്കാന്‍ അയാള്‍ക്ക് ഭയം തോന്നി. ഇതുവരെയും അങ്ങനെയൊരു ഭയം അയാളെ പിടികൂടിയിരുന്നില്ല. ഇരുന്നും കിടന്നും വെറുതെ നിരത്തില്‍ വാനോക്കിയിരുന്നു സമയം കൊന്നിരുന്നത് ജീവിതത്തോടുള്ള വിരക്തികൊണ്ടായിരുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള രഹസ്യങ്ങള്‍ അഴിഞ്ഞു പോയതിനാല്‍ ആയിരുന്നു. പ്രപഞ്ചത്തിലെ ഗോളങ്ങളെ ചലിപ്പിക്കുന്ന, അവയ്ക്ക് സ്ഥിരത കൊടുക്കുന്ന ഊര്‍ജ്ജതത്ത്വങ്ങളെ ആവാഹിച്ച നശ്വരമായ തന്റെ ശരീരത്തിന്റെ കഴിവിനെക്കുറിച്ച് അയാള്‍ക്ക് ബോധ്യം ഉണ്ടായിരുന്നു. തന്റെ ശരീരം ഒരു കാന്തമാണ്. പൂട്ടുകളെ തുറപ്പിക്കുന്ന, വസ്തുക്കളെ സ്ഥാനചലനത്തിനു വിധേയമാക്കുന്ന കാന്തം. എന്നിട്ടും ഇന്ന് അയാള്‍ തോറ്റിരുന്നു. അയാള്‍ക്ക് ശരിക്കും വിഷമം തോന്നി. തനിക്ക് മറ്റു മനുഷ്യരെപ്പോലെ സ്വന്തം സന്തോഷത്തിനു വേണ്ടി പ്രയത്‌നിക്കാമായിരുന്നു. വാസ്തവത്തില്‍ വര്‍ഗീസിനേക്കാള്‍ ബോറടി തനിക്ക് ജീവിതത്തില്‍ ഉണ്ടായിരുന്നു. എല്ലാം തികഞ്ഞെന്നും ഒന്നും ജീവിതത്തില്‍ നേടേണ്ടതില്ലെന്നും തോന്നിയ താന്‍ ഒരു സന്ന്യാസിയെക്കാള്‍ അധഃപതിച്ചവന്‍ ആണ്. ചന്ദ്രന് തല വേദനിച്ചു. തലയ്ക്കുള്ളിലെ മുഴ ഇപ്പോള്‍ പൊട്ടിത്തെറിച്ചേക്കും എന്നു തോന്നി ചന്ദ്രന്‍ പടുകിടപ്പായിരുന്ന കട്ടിലില്‍നിന്നും എണീല്‍ക്കാന്‍ നോക്കി. വേച്ചു താഴെ വീണു. 

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ചന്ദ്രനെ കാണാന്‍ വര്‍ഗീസ് ജയിലില്‍ ചെന്നു. സന്ദര്‍ശകന്‍ ആരാണെന്നറിഞ്ഞപ്പോള്‍ ചന്ദ്രന്‍ ആദ്യം പോകണ്ട എന്നു ചിന്തിച്ചതാണ്. ചില ചോദ്യങ്ങള്‍ മനസ്സില്‍ പിടഞ്ഞിരുന്നതുകൊണ്ട് ഇഷ്ടമില്ലാതിരുന്നിട്ടും ചന്ദ്രന്‍ വര്‍ഗീസിനെ കാണാന്‍ സന്ദര്‍ശക മുറിയിലെത്തി. അഴിക്കപ്പുറം വര്‍ഗീസ് കുഴഞ്ഞ ഒരു പുഞ്ചിരിയുമായി നില്‍ക്കുന്നു. ചന്ദ്രന് അയാളെ കണ്ടപ്പോള്‍ മനസ്സിലുണ്ടായിരുന്ന തിളപ്പു മുഴുവനും ആവിയായിപ്പോയി. മനുഷ്യരോട് യുക്തിപരമായി വിരോധം തോന്നേണ്ട സംഗതികളുടെ ഫ്യുസ് കൂടി അടിച്ചുപോയോ? അയാള്‍ അന്ധാളിച്ചു. 

'ഇനി എത്ര ദിവസം കൂടി ഇവിടെ ഉണ്ട്.'

'ഒരാഴ്ച.' ചന്ദ്രന്‍ നിസ്സംഗതയോടെ പറഞ്ഞു. 'ഇനിയെത്ര ദിവസം ഈ ലോകത്ത് തന്നെ ഉണ്ട് എന്നെനിക്കറിയില്ല.' അയാളുടെ സ്വരം താണിരുന്നു. 

'നിനക്ക് ഞാന്‍ വില്‍പത്രം വച്ച സ്ഥലം ഏതാണെന്നു അറിയാന്‍ കൗതുകം ഇല്ലേ?'

ചന്ദ്രന്‍ അയാളെ വെറുതെ നോക്കുക മാത്രം ചെയ്തു. വര്‍ഗീസ് അത് പ്രതീക്ഷിച്ചതല്ല. അറിയേണ്ടത് ചന്ദ്രന്റെ ആവശ്യം ആണെന്നതുപോലെ അയാള്‍ വീണ്ടും ആവേശത്തോടെ തന്റെ ജയത്തിനു കാരണമായ സൂത്രപ്പണിയെപ്പറ്റി പറയാന്‍ ഒരുമ്പെട്ടു.

'എനിക്ക് ഭയങ്കര തലവേദന.' ചന്ദ്രന്‍ കണ്ണടച്ച് നിന്നു. 

'നിന്റെ വീടിന്റെ ഉത്തരത്തിലാണ് ഞാനതു തിരുകിയത്.' പൊട്ടിത്തകരുന്ന തല ഉയര്‍ത്തി ചന്ദ്രന്‍ ഏതോ വെളിപാട് കേട്ടതുപോലെ വായ തുറന്നു.

'നിനക്കായി ഞാന്‍ എഴുതിയ വില്‍പ്പത്രം നിന്റെ വീട്ടില്‍ത്തന്നെ വെക്കുമ്പോള്‍ നിന്റെ തന്നെ സ്വത്താണത്. നീ അറിയാതെപോയ കാര്യം നിനക്ക് അന്യന്റെ വസ്തുക്കളുടെ ഇരിപ്പിടം മാത്രമേ കണ്ടുപിടിക്കാന്‍ കഴിയുകയുള്ളൂ എന്നതാണ്. സ്വന്തം ഇടം അറിയാത്തവനായ നിന്നെ പറ്റിക്കാന്‍ എനിക്ക് അത്ര മിനക്കെടേണ്ടിവന്നില്ല. പക്ഷേ, എളുപ്പം ആണെങ്കിലും ഈ സംഗതി മനസ്സിലാക്കാന്‍ എന്റെ കുറെ രാത്രിയും പകലും ഞാന്‍ മിനക്കെട്ടിട്ടുണ്ട്. അല്ലെങ്കിലും ഏറ്റവും എളുപ്പം ഉള്ളത് മനസ്സിലാക്കാനല്ലെ പാട്.' വര്‍ഗീസ് ചിരിച്ചപ്പോള്‍ ശരീരം മുഴുവന്‍ കുലുങ്ങി. 'ഇപ്പോഴാണ് ശരിക്കും നീ ഹൂഡിനി ആയത്. അങ്ങേര് ചത്ത്‌പോയത് എങ്ങനെ എന്നറിയാമോ? ശരീരംകൊണ്ട് ചെയ്യാവുന്ന എല്ലാ അസാധ്യ വേലകളും ചെയ്തിട്ട് വെറും ഒരു പീക്കിരി പയ്യന്റെ ഇടികൊണ്ടാണ് ചത്തുപോയത്. അയാള്‍ക്ക് തന്റെ കഴിവുകളെപ്പറ്റി മാത്രമേ അറിയാമായിരുന്നുള്ളൂ. സ്വന്തം ദൗര്‍ബ്ബല്യങ്ങളെ മനസ്സിലാക്കാത്തവന്റെ ചാവാണ് ചന്ദ്രാ ഏറ്റവും വല്യ കോമഡി. അവനൊഴിച്ച് ബാക്കി എല്ലാവരും അതാസ്വദിച്ച് ചിരിക്കും.' വര്‍ഗീസ് നല്ലോണം ചിരിച്ചു. 
ബുദ്ധിഹീനനെപ്പോലെ ചന്ദ്രന്‍ അയാള്‍ പറയുന്നത് കേട്ട് നിന്നു. ഹൂഡിനിയെപ്പറ്റി അയാള്‍ക്ക് വിഷമം തോന്നി. എന്തിനാണ് ഹൂഡിനി പീക്കിരി പയ്യന്റെ ഇടികൊണ്ട് ചത്തത്? വര്‍ഗീസിനോട് ചോദിച്ച് മനസ്സിലാക്കാന്‍ അയാള്‍ക്ക് ജാള്യം തോന്നി. താന്‍ എന്തുകൊണ്ടാണ് ഇങ്ങനെ ആയിപ്പോയത്? ഒരു കഴിവ് ഉണ്ടായിട്ട് അത് ശരിക്കും ഉപയോഗിക്കാത്ത, അതിലുപരി അതിന്റെ പരിമിതി അറിയാന്‍പോലും മെനക്കെടാത്ത താന്‍ ഒരു അസാധ്യ മടിയനാണ്. മാത്രമല്ല, ഒരാള്‍ ഇങ്ങോട്ട് വന്നു വെല്ലുവിളിച്ച് വെറുതെ ഇരുന്ന തന്നെ തോല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. 

'ജയിച്ച നിങ്ങള്‍ പിന്നെ എന്തിനാണ് എന്നെ പൊലീസിനെക്കൊണ്ട് പിടിപ്പിച്ചത്?' സെല്ലിലേക്ക് തിരിച്ചു പോയാലോ എന്നു ചിന്തിക്കുന്നതിനിടെ ചന്ദ്രന്‍ വര്‍ഗീസിനോട് അറിയാതെ ചോദിച്ചുപോയി. വര്‍ഗീസ് മന്ദഹസിക്കുക മാത്രം ചെയ്തു. ചന്ദ്രന്‍ തിരികെ സെല്ലിലേക്ക് തന്നെ പോയിരുന്നു ചിന്തിച്ചു. വര്‍ഗീസ് പോയതിനുശേഷം എന്തുകൊണ്ടോ എല്ലാവരും അനുനിമിഷം തന്നെത്തന്നെ നിരീക്ഷിക്കുകയാണെന്ന ചിന്ത ചന്ദ്രനെ പിടികൂടി. മുതുകില്‍ ഒരായിരം ചാരക്കണ്ണുകള്‍ കുത്തിയിറങ്ങുന്നതുപോലെ! വയസ്സുകാലത്ത് ഇങ്ങനേയും അനുഭവം. വേദനയ്ക്കുള്ള മരുന്ന് കഴിച്ചിട്ടും ഈയിടെ തലവേദന കലശലായുണ്ട്. രണ്ടു ദിവസമായി പറയുന്നു ഡോക്ടറെ കാണണം എന്ന്. ആര് കേള്‍ക്കുന്നു? ജയിലില്‍ നിന്നിറങ്ങാന്‍ രണ്ടു ദിവസം മാത്രം ഉള്ളപ്പോള്‍ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ എടുത്ത് എന്ന വാര്‍ത്ത അയാളെ ഞെട്ടിച്ചു. ഏതു കേസില്‍. എന്തൊക്കെയോ പൊലീസുകാര്‍ അയാളെ വായിച്ചു കേള്‍പ്പിച്ചു. അയാള്‍ക്ക് ഒരു എത്തുംപിടിയും കിട്ടിയില്ല. കൂടാതെ അയാളുടെ സെല്ലിനകത്തുതന്നെ രണ്ടു പൊലീസുകാരെ ഷിഫ്റ്റിലിട്ടു. ഉറങ്ങാതിരുന്ന് അയാളെ നിരീക്ഷിക്കാന്‍.

അപ്പുറത്ത് വര്‍ഗീസിനും ഉറക്കം നഷ്ടപ്പെട്ടു. താന്‍ ചന്ദ്രനോട് അങ്ങനെ സംസാരിക്കേണ്ടായിരുന്നു. എന്തിനാണ് അയാളെ കളിയാക്കിയത് എന്ന് വര്‍ഗീസിനു തന്നെ നിശ്ചയം ഉണ്ടായിരുന്നില്ല. ചത്തവനെ വീണ്ടും വീണ്ടും വെട്ടിയതുപോലെ. ചന്ദ്രനെ താന്‍ ഇപ്പോള്‍ ഭയപ്പെടുന്നത് എന്തിനാണ് എന്നതിനു യുക്തിസഹമായ ഒരു മറുപടി അയാള്‍ക്കില്ല. എല്ലാ പൂട്ടും ഭേദിച്ച് ഇറങ്ങാവുന്ന ഒരുത്തനെ ജയിലില്‍ പിടിച്ചിടാം എന്നു കരുതുന്നത് തന്നെ വ്യാമോഹം. ചന്ദ്രന്‍ ഭയങ്കരമായ എന്തെങ്കിലും തനിക്കെതിരെ ചെയ്‌തേക്കും എന്ന തോന്നലില്‍നിന്നും രക്ഷപ്പെടാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. തന്റെ ബോറടിച്ച ജീവിതത്തില്‍നിന്നും ഇത് ഭേദപ്പെട്ട അവസ്ഥയായി അയാള്‍ക്ക് തോന്നാതായി തുടങ്ങിയിരിക്കുന്നു. 
അയാളുടെ പല കമ്പനികളിലും പ്രശ്‌നം. ആള്‍ക്കാര്‍ മറുകണ്ടം ചാടുന്നു. സ്‌റ്റോക്കുകളുടെ മൂല്യം ഇടിയുന്നു. ഇതൊക്കെ പൊതുവെയുള്ള മാര്‍ക്കറ്റ് ദുരന്തങ്ങള്‍കൊണ്ട് ഉണ്ടായതാവും എന്നു ചിന്തിക്കാന്‍ തുടങ്ങുന്നതിനിടെ ആണ് വീട്ടിലെ ചില വസ്തുക്കളുടെ സ്ഥാനം തെറ്റിയതായിട്ടും ചിലവ നഷ്ടപ്പെട്ടതായിട്ടും അയാള്‍ മനസ്സിലാക്കുന്നത്. അല്ലെങ്കില്‍ അയാള്‍ക്ക് തോന്നുന്നത്. അയാളുടെ ഭാര്യ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കാണുന്നില്ല. ചന്ദ്രന്‍ ജയില് ചാടി ഒക്കെയും എടുത്തുകൊണ്ടുപോയി എന്ന് വര്‍ഗീസ് പൊലീസിലെ ഉന്നതനെ വിളിച്ചു രഹസ്യമായി പറഞ്ഞു. നീ ഇന്ദ്രജാലം കാണിക്കുമല്ലെടാ എന്നും പറഞ്ഞു പൊലീസ് ചന്ദ്രനെ ഇടിയോടിടി. പിറ്റേ ദിവസം വര്‍ഗീസിന്റെ ഭാര്യ താന്‍ മറന്നുവെച്ച ആഭരണപ്പെട്ടി കട്ടിലിനടിയില്‍നിന്നു കണ്ടെടുത്തു. അത് തിരികെ കിട്ടിയ കാര്യം പൊലീസില്‍ അറിയിച്ചതുമില്ല. അയാള്‍ ചന്ദ്രന്‍ ജയിലില്‍ത്തന്നെ ഉണ്ട് എന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഉറപ്പു വരുത്തുന്നുണ്ട്. ഷിഫ്റ്റിനു നില്‍ക്കുന്ന പൊലീസുകാരുടെ കാര്യക്ഷമതയെക്കുറിച്ച് വര്‍ഗീസ് തുടരെ തുടരെ അന്വേഷിച്ചത് ഡി.ജി.പിക്ക് പോലും അനിഷ്ടത്തിനിടയാക്കി, അയാള്‍ അത് പുറത്തു കാണിച്ചില്ലെങ്കിലും. ഒരു തരിമ്പു തുമ്പില്ലെങ്കിലും പൊലീസ് ചന്ദ്രനെ ബോധം മറയുന്നതുവരെയും ഇടിച്ചു. അയാള്‍ക്കു ചോദിക്കാനും പറയാനും ആരുമില്ല. അയാള്‍ അകത്തു കിടക്കുന്നതു അറിയാവുന്നവര്‍ തന്നെ ചുരുക്കം. അയാള്‍ സെല്ലിനകത്ത് ഒരറ്റത്തുനിന്ന് നിരങ്ങി മറ്റേ അറ്റം എത്തുമ്പോഴേക്കും ഒരു ദിവസം പൂര്‍ത്തിയാവും. ആദ്യമാദ്യം എന്തിനാണ് തന്നെ ഇടിക്കുന്നതെന്നു ചന്ദ്രന്‍ ആരായുമായിരുന്നു. പിന്നെ അയാള്‍ ഒന്നുമേ ചോദിക്കാതായി.

എന്നാല്‍, പിന്നീടാണ് കാര്യങ്ങള്‍ വഷളായത്. ഒരു ദിവസം ഉച്ചയ്ക്ക് വളഞ്ഞുകുത്തി സെല്ലില്‍ കിടന്നുറങ്ങിയിരുന്ന ചന്ദ്രനെ കാണാതായി. എന്നു പറഞ്ഞാല്‍ ഒരു നിമിഷം ഉണ്ടായിരുന്ന ചന്ദ്രന്‍ അടുത്ത നിമിഷം അവിടെ ഇല്ല എന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉള്‍ക്കിടിലത്തോടെ മനസ്സിലാക്കി. അയാള്‍ വെപ്രാളം കാരണം കുറച്ചു നേരം സെല്ലിനു പുറത്തെ ഇരുമ്പുകസേരയില്‍ മലര്‍ന്നിരുന്നുപോയി. അടുത്ത അഞ്ചു മിനുട്ടില്‍ ജയിലിലെ സകല സെക്യൂരിറ്റികളും ചന്ദ്രനെ അന്വേഷിച്ചു പാച്ചിലായി. എന്നാല്‍ എവിടെ കിട്ടാന്‍!

വിവരം അറിഞ്ഞ് വര്‍ഗീസിനു വെപ്രാളം കയറി. അയാള്‍ വീട് മുഴുവന്‍ റോന്ത്ചുറ്റി നടന്നു. കാല്‍മുട്ട് വേദന കൂടുന്നത് കൂടി അയാള്‍ ഗൗനിച്ചില്ല. വീട്ടിലെവിടെയെങ്കിലും തന്നെ ചന്ദ്രന്‍ ഉണ്ടാകുമെന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു. പക്ഷേ, ആവിയായി പോയ ഒരാളെ എങ്ങനെ കാണാനാണ്? ഇരുട്ടത്തിരിക്കാന്‍ അയാള്‍ ഭയന്നു. ഏതു നിമിഷവും കൂടെയിരിക്കാന്‍ ഭര്‍ത്താവു ആവശ്യപ്പെടുന്നത് കേട്ട് അയാളുടെ ഭാര്യക്കു തന്നെ മടുത്തു. എല്ലാം അയാളുടെ തോന്നല്‍ ആണെന്നാണ് ഉറക്കത്തിലും അവര്‍ പിറുപിറുത്തത്.
വീട്ടിലെ സകല വസ്തുക്കളുടേയും സ്ഥാനം തെറ്റുന്നത് താന്‍ മാത്രം അനുഭവിക്കുന്നതെങ്ങനെ? സുഖിച്ച് സുഖിച്ച് ഭാര്യയ്ക്കും മക്കള്‍ക്കും വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കാന്‍പോലും സൗകര്യമില്ല എന്നയാള്‍ ദേഷ്യം കൊണ്ടു. ഇതൊക്കെ ചന്ദ്രന്റെ പണി അല്ലെങ്കില്‍ പിന്നെ ആരുടെ? കൊച്ചുമകളുടെ കളിപ്പാട്ടങ്ങള്‍ വീടിനു പിന്നിലെ സ്വിമ്മിങ് പൂളില്‍ ചിതറിക്കിടക്കുന്നു. നഗരത്തിലെ അയാളുടെ ഓഫീസിലെ കംപ്യൂട്ടറുകള്‍ ഓഫീസ് മുറ്റത്തു കിടന്നു മഴകൊണ്ടു. ഉപ്പിരുന്ന പാത്രത്തില്‍ പഞ്ചസാര. പോര്‍ച്ചിലെ കാറിന്റെ പഞ്ചറായ പുതിയ ടയര്‍. ഇതൊക്കെ പിന്നെ ആരുടെ കൃത്യങ്ങള്‍? 

രാവും പകലും അയാള്‍ ഇതാലോചിച്ച് മാത്രം സമയം ചെലവാക്കി. മട്ടുപ്പാവിലെ ചാരുകസേരയ്ക്കുള്ളിലേക്ക് അയാളുടെ ശരീരം ചുരുങ്ങി ചുരുങ്ങി വന്നു. ഇരുപ്പും കിടപ്പും എല്ലാം അതില്‍ത്തന്നെ. അതിന്റെ മുഷിഞ്ഞ കുഷ്യന്‍ മാറ്റാന്‍പോലും അയാള്‍ ആരെയും അനുവദിച്ചില്ല. മതിലിനു പുറത്തെ വഴിയിലൂടെ പോകുന്നവരേയും നോക്കി ഒരൊറ്റ ഇരുപ്പ് തന്നെ. അങ്ങനെ ഒരു പൗര്‍ണ്ണമി രാത്രിയുടെ ആരംഭത്തില്‍ ആളൊഴിഞ്ഞ നിരത്തിലെ ബഹളക്കാരായ തെരുവു നായ്ക്കൂട്ടത്തെ മനസ്സുകൊണ്ട് കല്ലെറിയുകയായിരുന്നു അയാള്‍ ഒരിക്കല്‍. നായക്കൂട്ടത്തിനെതിരെ നിന്ന് വേച്ചു വേച്ചു നടന്നുവന്ന ഒരു ചുങ്ങിയ മനുഷ്യന്‍ അയാളെ കുറെ നേരം നോക്കി നിന്നതായി അയാള്‍ക്ക് അനുഭവപ്പെട്ടു. വളഞ്ഞുകുത്തി നിന്ന അയാള്‍ കൈ ഉയര്‍ത്തി വീശിയോ എന്ന് വര്‍ഗീസിനു സംശയം. കണ്ണുകള്‍ മങ്ങുന്നുണ്ടായിരുന്നല്ലോ. തന്റെ കണ്ണുകള്‍ അടയുന്നതുവരെയും അയാള്‍ യാത്രയയപ്പ് തുടരുന്നുണ്ടായിരുന്നുവെന്ന് മരിച്ചശേഷവും വര്‍ഗീസ് ഇടയ്ക്കിടെ ഓര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.