അരവിന്ദ്,'' അനിത എന്റെ ചുമലില്‍ തൊട്ടു. ''വണ്ടി ഒന്ന് നിര്‍ത്തുകയെങ്കിലും ചെയ്യ്. ഇത്ര ധൃതിയില്‍ അവിടെയെത്തിയിട്ട് പ്രത്യേകിച്ചൊന്നും ചെയ്യാനൊന്നുമില്ലല്ലോ.''
കുറച്ചു നേരമായി അവള്‍ ഇത് തുടങ്ങിയിട്ട്. തടാകത്തെ ചുറ്റിപ്പറ്റി പോകുന്ന ഈ റോഡിലേക്ക് കയറിയത് മുതല്‍. ആദ്യം പൊലീസില്‍ വിളിച്ചുപറയണമെന്നായിരുന്നു. പിന്നെ, കാര്‍ നിര്‍ത്തണമെന്നും ഇറങ്ങിനോക്കണമെന്നുമായി. വളവും തിരിവുമുള്ള ഒരു വലിയ കുന്നിറങ്ങി സമതലത്തിലേക്ക് എത്തിയതും ഒരത്ഭുതം പോലെയാണ് ഇടതുവശത്ത് തടാകം തെളിഞ്ഞത്. എന്തൊക്കെയോ നിഗൂഢതകള്‍ അടക്കി അത് നിറഞ്ഞുകിടന്നു, ഇടയ്ക്ക് റോഡിലേക്ക് വെള്ളം ഒഴുക്കിക്കൊണ്ട്.
ഞാന്‍ മിററിലൂടെ നോക്കി. തടാകത്തിലേക്ക് മൂക്കുകുത്തിനില്‍ക്കുന്ന ആ പഴയ കാറിന്റെ തുരുമ്പിച്ച പുറകുവശം മാത്രം വെള്ളത്തിനു മുകളിലേക്ക് അല്പം ഉയര്‍ന്നുനില്‍ക്കുന്നു. കുറേശ്ശ കുറേശ്ശയായി വെള്ളത്തിനടിയിലേക്ക് മറയുകയായിരുന്നു ഇത്രയും നാള്‍ അത്. ഭൂതകാലം പോലെ. ഇനി ഒരു മഴ കൂടി കഴിഞ്ഞാല്‍ ഒരുപക്ഷേ, അങ്ങനെ ഒരു കാറ് തന്നെ ഈ ഭൂമിയില്‍ ഉണ്ടായിരുന്നു എന്നതിനു തെളിവുകള്‍ ഉണ്ടാവുകയില്ല.
''അരവിന്ദ്, ആ കാറിനുള്ളില്‍നിന്ന് ആരോ കൈ പുറത്തേക്കിടുന്നുണ്ട്,'' അനിത വേവലാതിയോടെ പറഞ്ഞു: ''എനിക്കു കാണാം. ദയവുചെയ്ത് വണ്ടി നിര്‍ത്ത്... പ്ലീസ്.''
''നിന്റെ ഒരു കാര്യം, ഇതെന്താ പ്രേത സിനിമയല്ലേ. പണ്ടെങ്ങോ ആക്സിഡന്റായ ഒരു കാറില്‍നിന്ന് പെട്ടെന്ന് കൈ പുറത്തേക്കിറങ്ങി വരാന്‍.'' ഞാന്‍ അനിതയെ നോക്കി ചിരിച്ചു.
കുറച്ചുനേരം അനിത കഴിയുന്നത്ര തല തിരിച്ച് പിറകോട്ട് നോക്കിക്കൊണ്ടിരുന്നു.
പതുക്കെപ്പതുക്കെ ആ തടാകവും കാറും എല്ലാം മഴയുടെ ജലമറയ്ക്കു പിന്നില്‍ മറഞ്ഞു.
ഈ യാത്ര അനിതയുടെ തന്നെ ആശയമായിരുന്നു. ഞങ്ങളുടെ ആ വലിയ വേദനയില്‍നിന്ന് രക്ഷപ്പെടാന്‍ ഒരുപക്ഷേ, പരിചിതമല്ലാത്ത ഭൂപ്രകൃതിയും അന്യമനുഷ്യരും സഹായിച്ചേക്കുമെന്ന അവളുടെ പ്രത്യാശ. പുറംകാഴ്ചയിലെ മാറ്റങ്ങള്‍ അകത്തെ മുറിവുകള്‍ ഉണക്കുമെന്ന തോന്നല്‍. ഓര്‍മ്മകള്‍ കൂടെയുള്ളയിടത്തോളം ഒരു യാത്രയ്ക്കും ആശ്വാസം തരാന്‍ കഴിയില്ലെന്ന് ഞാന്‍ അവളോട് പറഞ്ഞതുമില്ല.
മഴ ഒരു പരിധിയില്‍ കൂടുതല്‍ മുന്നോട്ടുള്ള കാഴ്ച മറച്ചപ്പോള്‍ ഞാന്‍ വൈപ്പറിന്റെ വേഗത കൂട്ടി. ഹെഡ് ലൈറ്റിട്ടു. വെളിച്ചത്തില്‍ മഴത്തുള്ളികള്‍ വൈരം പോലെ തിളങ്ങി.
തടാകം പിന്നിട്ട് കുറച്ചു ദൂരം ചെന്നപ്പോഴേക്കും ഹില്‍സ്റ്റേഷന്‍ കാണാറായി. ഒരു ചെറിയ പട്ടണമായിരുന്നു അത്. ദിവസങ്ങളായി പെയ്യുന്ന മഴ ദൈനംദിന ജീവിതത്തെ താറുമാറാക്കിയിരുന്നു. മിക്കവാറും എല്ലാ കടകളും അടഞ്ഞുകിടന്നു. മഴ നനഞ്ഞ് വണ്ടിക്കടുത്ത് നിന്ന് നിരാശയോടെ തലയാട്ടുന്ന കുതിരകള്‍. കടത്തിണ്ണകളില്‍ ലഹരിയും പുകച്ച് നിസംഗരായി മഴ നോക്കിയിരിക്കുന്ന മനുഷ്യര്‍...
ഹോട്ടല്‍ മുറിയില്‍ എത്തിയതും അനിത കുളിക്കാന്‍ കയറി. ഞാന്‍ കുറച്ചുനേരം ടി.വിയില്‍ ചാനലുകള്‍ മാറ്റി മാറ്റി കളിച്ചു. പിന്നെ, ബാല്‍ക്കണിയില്‍ ചെന്ന് പുറത്തേക്ക് നോക്കി. മഴ അല്പം ശമിച്ചിരുന്നു.
ദൂരക്കാഴ്ചയില്‍ ഞങ്ങള്‍ വന്ന റോഡും ആ തടാകവും ഒക്കെ ഇപ്പോഴും അവ്യക്തമായി കാണാം. നേരം ഇരുട്ടാന്‍ ഇനി അധികനേരം ഇല്ല. അകത്തേക്ക് വന്നപ്പോള്‍ അനിത ഒരു ടവ്വല്‍കൊണ്ട് മുടി തുടച്ച് ബെഡില്‍ ഇരിപ്പുണ്ടായിരുന്നു.
''ഇനിയങ്ങോട്ട് ഈ യാത്ര മുഴുവന്‍ ഇങ്ങനെ മൂഡിയായിട്ടിരിക്കാനാണോ പ്ലാന്‍? കണ്ണു കാണാന്‍ വയ്യാത്ത മഴയും പരിചയമില്ലാത്ത വഴികളും. ഇപ്പോഴെങ്കിലും ഇവിടെ എത്തിപ്പെട്ടതു കൊണ്ട് ഈ ഹോട്ടലിലെങ്കിലും ഒരു മുറി കിട്ടി.''
അനിത ഒന്നും മിണ്ടിയില്ല. ഞാന്‍ വാലറ്റും ഫോണും എടുത്ത് പോക്കറ്റിലിട്ടു. ''പോയി കഴിക്കാന്‍ എന്തെങ്കിലും മേടിച്ചുകൊണ്ടുവരാം. ഞാന്‍ വന്ന് വിളിച്ചാല്‍ മാത്രം വാതില്‍ തുറന്നാ മതി.''
അവളുടെ മറുപടിക്കു കാത്തുനില്‍ക്കാതെ ഞാന്‍ പുറത്തേക്കിറങ്ങി.
ഭക്ഷണപ്പൊതിയുമായി തിരിച്ചുവരുമ്പോഴും അനിത കിടക്കയില്‍ അതേ ഇരിപ്പായിരുന്നു. പക്ഷേ, ടി.വി ഓടുന്നുണ്ടായിരുന്നു. ഏതോ ലോക്കല്‍ ന്യൂസ് ചാനല്‍. ഭക്ഷണപ്പൊതി മേശപ്പുറത്തു വച്ച് തിരിഞ്ഞതും അനിതയുടെ ശബ്ദം കേട്ടു: ''ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ നമുക്കിറങ്ങി നോക്കാംന്ന്. അല്ലെങ്കില്‍ പൊലീസിനെ വിളിക്കാംന്ന്.''
ഞാന്‍ ടി.വി സ്‌ക്രീനിലേക്ക് നോക്കി. അതേ തടാകം. ഞങ്ങള്‍ ഡ്രൈവു ചെയ്ത് വന്ന റോഡ്-എല്ലാം ടെലിവിഷന്‍ ക്യാമറകളുടേയും വലിയ ഫ്‌ലാഷ് ലൈറ്റുകളുടേയും പ്രകാശത്തില്‍ കാണാം. ന്യൂസ് റിപ്പോര്‍ട്ടര്‍ ഇപ്പോള്‍ പ്രേക്ഷകരുടെ ശ്രദ്ധ തടാകത്തിനു നേരെ ക്ഷണിക്കുന്നു. ആ പഴയ ഇംപാല കാര്‍ ക്രെയിനുകള്‍ ചേര്‍ന്ന് പതുക്കെ വെള്ളത്തില്‍നിന്ന് വലിച്ചുകയറ്റുന്ന, പല കോണുകളില്‍നിന്നുള്ള ദൃശ്യം സ്‌ക്രീനില്‍ തെളിഞ്ഞു.
''തടാകം എത്തുന്നതിനു മുന്‍പുള്ള മലയിറക്കത്തില്‍ വച്ച് നിയന്ത്രണം വിട്ട കാര്‍ തടാകത്തിലേക്ക് പതിക്കുകയാണുണ്ടായതെന്നാണ് കരുതപ്പെടുന്നത്. പള്ളിയില്‍ നടക്കാനിരുന്ന, ഒരു കുടുംബച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകും വഴിയാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍...''
അത്രയുമായപ്പോള്‍ ഞാന്‍ ടി.വി ഓഫ് ചെയ്തു. അനിത അവളുടെ മുഖം കൈത്തലത്തില്‍ താങ്ങി കുനിഞ്ഞിരിക്കുകയായിരുന്നു.
ഞാന്‍ കിടക്കയില്‍ അവളുടെ അടുത്ത് ഇരുന്നു. അവള്‍ കരയുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ അവളുടെ ചുമലില്‍ തൊടാനായി കൈ നീട്ടി. പക്ഷേ, ഏതോ കുറ്റബോധത്തില്‍ കൈ പിന്‍വലിക്കുകയും ചെയ്തു.
''എന്തായിരുന്നു ഞാന്‍ പറഞ്ഞപോലെ ഒന്നു കേട്ടിരുന്നെങ്കില്? ഒരു തവണയെങ്കിലും? നമ്മള്‍ ആ ലെയ്ക്ക് കടന്നുവരുന്ന വഴിക്ക് ഒരുപക്ഷേ, അവരില്‍ ഒരാള്‍ക്കെങ്കിലും ജീവനുണ്ടായിരുന്നെങ്കിലോ?''
''നീ പറയുന്ന കേട്ടാല്‍ തോന്നും എനിക്ക് അറിയാമായിരുന്ന് ആ കാറിനുള്ളില്‍ മനുഷ്യരുണ്ടായിരുന്നെന്ന്... എന്നിട്ടും നിര്‍ത്താതെ പോന്നതാണെന്ന്...'' ഞാന്‍ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
''ഞാന്‍ പറഞ്ഞില്ലേ? അതു പോരേ? അതുകൊണ്ടെങ്കിലും ഒന്നു ഇറങ്ങി നോക്കായിരുന്നില്ലേ?''
ഞാന്‍ ഒന്നും മിണ്ടിയില്ല.
''അരവിന്ദ്, ഇതാണ് നിന്റെ പ്രശ്നം. ഒന്നും ഗൗരവമായി എടുക്കാതിരിക്കല്‍. എന്നിട്ട് ഓരോന്നു വരുത്തിവച്ചിട്ട് ബാക്കിയുള്ളവരെയെല്ലാം വേദനിപ്പിക്കല്‍.''
''ശരി, എല്ലാം ഞാന്‍ വ്യക്തമായി കണ്ടിരുന്നു...എന്നിട്ടും മനപ്പൂര്‍വ്വം കാര്‍ നിര്‍ത്താതെ വന്നതാണ്. വേണ്ട. ഞാന്‍ തന്നെ കാറിടിച്ച് അവരെ വെള്ളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ നോക്കിയതാണ്. എന്താ പോരേ?''
''ഇല്ലേ? അങ്ങനെയൊക്കെയല്ലേ അരവിന്ദ് പെരുമാറാറ്? എന്റെ തലയില്‍ തൊട്ട് സത്യം ചെയ്യാമോ അരവിന്ദ്?'' ഇത്തവണ അനിതയുടെ ശബ്ദം ശാന്തമായിരുന്നു. ''നമ്മുടെ അമ്മുവിന്റെ കാര്യത്തില്‍ സംഭവിച്ചത് പിന്നെ എന്താണ്?''
''അനിത,'' ഞാന്‍ അവളോട് കുറച്ചുകൂടി ചേര്‍ന്നിരുന്നു. ''നീ ഇങ്ങനെ ഇനിയങ്ങോട്ട് നമ്മുടെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന ഓരോ സംഭവം അതുമായി ബന്ധപ്പെടുത്തി ചിന്തിക്കാതെ. പ്ലീസ്.''
അനിത വീണ്ടും കരയാന്‍ തുടങ്ങി.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഞാന്‍ മുറിക്ക് പുറത്തുകടന്ന് ബാല്‍ക്കണിയില്‍ ചെന്ന് നിന്നു. മഴ ഒന്നു തോര്‍ന്നിട്ടുണ്ട്. മിക്കവാറും കടകളൊക്കെ അടച്ചിരിക്കുന്നു. ഒറ്റക്കും തെറ്റക്കും നടന്നുപോകുന്ന ചിലരെ തെരുവില്‍ കാണാം. ഇത് വളരെ വേഗം ഉറക്കം പിടിക്കുന്ന ഒരു പട്ടണമാണെന്ന് തോന്നുന്നു. അനിതയുടെ ഈ അവസ്ഥയില്‍ അവളെയും കൊണ്ട് ഈ നഗരവും ചരിത്ര സ്മാരകങ്ങളും ഒക്കെ ചുറ്റിക്കാണുന്നതിനെക്കുറിച്ച് ഓര്‍ക്കാന്‍ പോലും ആവുന്നില്ല.
തിരിച്ച് മുറിയിലെത്തിയപ്പോള്‍ അനിത പുതപ്പുകൊണ്ട് തല മൂടി ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു. വാങ്ങിക്കൊണ്ടു വന്ന ഭക്ഷണം തൊട്ടു നോക്കിയിട്ടു പോലുമില്ല. എനിക്ക് മടുപ്പ് തോന്നി.
അധികം വൈകാതെ ഞാനും കിടന്നു. പുറത്ത് മഴയും ഇടിയും വീണ്ടും തുടങ്ങിയിരുന്നു. മലമുകളിലെ ഈ കൊച്ചുപട്ടണവും ഹോട്ടലും ഒക്കെ വെള്ളത്തില്‍ കുത്തിയൊലിച്ചുപോയി ആ തടാകത്തില്‍ ചെന്ന് ലയിച്ചിരുന്നെങ്കില്‍ എന്ന തോന്നലിനിടയ്ക്കെപ്പോഴോ ഞാനും ഉറക്കത്തിലേക്ക് വഴുതിവീണു.
എഴുന്നേറ്റപ്പോള്‍ കുളിമുറിയില്‍ വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. ജനലിലൂടെ അകത്തുകടക്കുന്ന വെയില്‍. ഇത്രയും ദിവസത്തെ നശിച്ച മഴ മാറിനിന്നാല്‍ തന്നെ എല്ലാം പ്രസന്നമാകുമെന്ന് എനിക്ക് വെറുതെ തോന്നി. ഞാന്‍ തലയിണയില്‍ ചാരിയിരുന്ന് റിമോട്ടെടുത്ത് ടി.വി ഓണ്‍ ചെയ്തു. ന്യൂസ് ചാനലിന്റെ മറ്റൊരു ബുള്ളറ്റിനിലേക്ക് കണ്ണു നട്ടു.
ടി.വിയില്‍ അതേ വാര്‍ത്തയായിരുന്നു. അതേ ഇംപാല കാര്‍ ക്രെയിനില്‍ കുരുങ്ങിക്കിടക്കുന്ന ദൃശ്യം. മഴക്കോട്ടിട്ട രക്ഷാപ്രവര്‍ത്തകര്‍. ക്യാമറയിലേക്ക് തെറിക്കുന്ന വെള്ളത്തുള്ളികള്‍. എല്ലാം ആവര്‍ത്തിച്ചു.
ടി.വി ഓഫാക്കാന്‍ തുടങ്ങിയപ്പോഴാണ് ക്യാമറ ആ കുടുംബത്തിന്റെ ഫോട്ടോയിലേക്ക് തിരിഞ്ഞത്. അച്ഛനും അമ്മയും എട്ടും നാലും വയസ്സുള്ള രണ്ട് ആണ്‍കുട്ടികളും സ്‌ക്രീനില്‍നിന്ന് ചിരിച്ചുകൊണ്ട് എന്നെ നോക്കി.
ഇളയ മകന്റെ മാമോദീസാ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയായിരുന്നു അവര്‍. വഴിക്കെവിടെയോ വച്ച് കാര്‍ തകരാറായതിനെത്തുടര്‍ന്ന് ഒരു സുഹൃത്തിന്റെ കാറില്‍ യാത്ര തുടരവെയായിരുന്നു അപകടം. അപകടത്തില്‍ കാറിന്റെ കാലപ്പഴക്കത്തിനും ഡ്രൈവറുടെ അശ്രദ്ധയ്ക്കും പ്രതികൂല കാലാവസ്ഥയ്ക്കും റോഡിന്റെ ശോചനീയാവസ്ഥയ്ക്കുമുള്ള പങ്കിനെക്കുറിച്ച് റിപ്പോര്‍ട്ടര്‍ ദീര്‍ഘമായി സംസാരിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ ഭാഗത്തു നടന്ന റോഡപകടങ്ങളെക്കുറിച്ചുള്ള പട്ടിക സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഞാന്‍ ടി.വി ഓഫ് ചെയ്തു. റിമോട്ട് മടിയില്‍വച്ച് കുറച്ചു നേരം കണ്ണടച്ചിരുന്നു.
ആ കുടുംബത്തിന്റെ ചിരിക്കുന്ന മുഖങ്ങള്‍ മനസ്സില്‍നിന്നു മായുന്നില്ല. ഭാവിയില്‍ ആ മുഖങ്ങള്‍ എങ്ങനെയൊക്കെ മാറിയിരുന്നിരിക്കാം, മുതിര്‍ന്നതിനു ശേഷവും ആ കുട്ടികളുടെ മുഖത്ത് നിഷ്‌കളങ്കത മായാതെ നിന്നിരുന്നോ, ആ അച്ഛന്റെ തലമുടി വാര്‍ദ്ധക്യത്തിന്റെ തുടക്കത്തില്‍ കൊഴിഞ്ഞുപോയിരുന്നോ, ആ സ്ത്രീ...
ഇല്ല. അതൊന്നും ഇനി ആര്‍ക്കും അറിയുവാന്‍ കഴിയുകയില്ല. ഒരിക്കലും മാറ്റമില്ലാതെ, ആ ഫോട്ടോയിലെ ചിരിക്കുന്ന മുഖങ്ങള്‍ കാലത്തില്‍ തറഞ്ഞുപോയിരിക്കുന്നു...
എത്ര നേരം ആ ഇരിപ്പ് തുടര്‍ന്നുവെന്നറിയില്ല. പുറത്ത് മഴ മാറിയതിന്റെ ആഘോഷമെന്നോണം വാഹനങ്ങള്‍ നിര്‍ത്താതെ ഹോണടിക്കുന്നതും മുറിക്കുള്ളിലൂടെ കടന്നുവന്ന വെയിലിന് ശക്തികൂടുകയും ഒക്കെ ചെയ്തപ്പോഴാണ് അനിത ഇതുവരെ കുളികഴിഞ്ഞ് പുറത്തുവന്നില്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തത്.
കുളിമുറിക്കകത്ത് ആരുമില്ലായിരുന്നു. ബക്കറ്റിലെ നിറഞ്ഞ വെള്ളത്തിനുമേല്‍ തുള്ളികളായി വീഴുന്ന വെള്ളം മാത്രം. തറയുടെ മറ്റ് ഭാഗങ്ങളൊന്നും നനക്കാതെ അനുസരണയോടെ, ഒരു നീളന്‍ ചാലായി വെള്ളം ഒഴുകിപ്പോകുന്നത് ഞാന്‍ കുറച്ചു നേരം നോക്കിനിന്നു. പിന്നെ, ടാപ്പ് അടച്ചു.
ഞാന്‍ അനിതയുടെ ബാഗ് എടുത്ത് തുറന്നു നോക്കി. പരിചിതമായ നിത്യോ പയോഗ സാധനങ്ങള്‍. ഒപ്പം തലേന്നു രാത്രിയിലെ മഴ മുഴുവന്‍ കൊണ്ടതുപോലെ അവളുടെ ഫോണും ചത്തു കിടന്നു.
ബാല്‍ക്കണിയില്‍ വന്നുനിന്ന് ഞാന്‍ റോഡിന്റെ രണ്ട് വശത്തേക്കും മാറി മാറി നോക്കി. തെരുവ് സജീവമായിരുന്നു. ഉന്മേഷത്തോടെ തുള്ളിത്തുള്ളി നടക്കുന്ന കുതിരകള്‍. പൂക്കൂടകള്‍ തലയിലേന്തി ചിരിച്ച് സംസാരിക്കുന്ന സ്ത്രീകള്‍. തിരക്കിട്ട് പോകുന്ന വാഹനങ്ങള്‍. കൈ ചുറ്റിപ്പിടിച്ചു വെയില്‍ കൊള്ളുന്ന വിദേശികള്‍. കടകളുടെ ചില്ലുജനാലകള്‍ തിളക്കിക്കൊണ്ട് പ്രകാശിക്കുന്ന വെയില്‍ എല്ലാം ശുഭമാണെന്ന വ്യാജസൂചന നല്‍കി.
പെട്ടെന്നെന്തോ ഓര്‍മ്മ വന്ന് ഞാന്‍ അകത്തു കയറി മേശവലിപ്പ് തുറന്നു. കാര്‍ച്ചാവി വെച്ചിടത്തു തന്നെ ഉണ്ടായിരുന്നു. ഞാന്‍ വാതില്‍ പൂട്ടി താഴെ വന്ന് കാര്‍ നിര്‍ത്തിയിടത്തു ചെന്നു. തലേന്നത്തെ മഴ കഴുകി വെടിപ്പാക്കിയ കാര്‍ വെയിലില്‍ കുളിച്ചു കിടന്നു. ഞാന്‍ ഒരു മണ്ടനെപ്പോലെ വെറുതെ കാറിന്റെ ജനലിലൂടെ അകത്തേക്കു നോക്കി. പിന്നെ, ഓടി റിസപ്ഷനില്‍ ചെന്നു. കൗണ്ടറില്‍ ആരും ഇല്ലായിരുന്നു. ഞാന്‍ മേശമേലടിച്ച് ശബ്ദം ഉണ്ടാക്കിയപ്പോള്‍ ഒരു പയ്യന്‍ അകത്തുനിന്ന് പ്രത്യക്ഷപ്പെട്ടു. എന്നെ നിര്‍വ്വികാരനായി കുറച്ചു നേരം നോക്കിനിന്നു. അവന്‍ ഡ്യൂട്ടിക്ക് കയറിയിട്ട് പത്തു മിനിറ്റ് ആയതേ ഉള്ളുവെന്നും അകത്ത് പോയി ചോദിച്ചു വരാമെന്നും പറഞ്ഞ് അവന്‍ അപ്രത്യക്ഷനായപ്പോള്‍ ഞാന്‍ വീണ്ടും റോഡിലേക്കു നോക്കി.
പയ്യന്‍ മറ്റൊരു ഹോട്ടല്‍ ജീവനക്കാരനേയും കൊണ്ടുവന്നു. ഇല്ല. അവരാരും കണ്ടിട്ടില്ലായിരുന്നു. എന്റെ കൈയിലെ ഫോട്ടോയില്‍ കണ്ട അനിതയെന്നല്ല, ഒരു സ്ത്രീയും നേരം പുലര്‍ന്നതിനുശേഷം ഒറ്റയ്ക്ക് പുറത്തേക്ക് പോകുന്നതു കണ്ടിട്ടില്ലെന്ന് പയ്യന്‍ കൂട്ടിക്കൊണ്ടുവന്ന മദ്ധ്യവയസ്‌കന്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ അയാളെ വിശ്വാസം വരാത്തതുപോലെ നോക്കി.
''സാര്‍, എത്രയും പെട്ടെന്ന് പൊലീസ് സ്റ്റേഷനില്‍ ചെന്ന് കാര്യം പറയൂ സര്‍...'' ഞാന്‍ പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍ അയാള്‍ പിന്നില്‍ നിന്ന് വിളിച്ചുപറഞ്ഞു.
ഞാന്‍ എങ്ങോട്ടെന്നില്ലാതെ നടന്നു. തലേന്ന് ഇരുട്ടത്തും മഴയിലും വന്ന് കയറിയ പട്ടണമേ അല്ലായിരുന്നു പകലില്‍. എല്ലായിടത്തും ആളുകള്‍ തിരക്കിട്ട് തങ്ങളുടെ ദിനങ്ങളിലൂടെ മുന്നേറിക്കൊണ്ടിരുന്നു. ഒന്നിലധികം തവണ ചില ടൂറിസ്റ്റ് ഗൈഡുകള്‍ എന്റെ താല്പര്യങ്ങള്‍ അന്വേഷിച്ചുകൊണ്ട് പുറകേ കൂടി.
അടഞ്ഞുകിടക്കുകയായിരുന്ന ഒരു കടക്കു മുന്നിലെ ടെന്റിനടിയില്‍ ഞാന്‍ അല്പനേരം നിന്നു. എനിക്ക് മനസ്സ് നേരെയാക്കേണ്ടതുണ്ട്. യുക്തിപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്.
അന്നും ഏറെക്കുറെ ഇങ്ങനെ തന്നെയായിരുന്നു സംഭവിച്ചതെന്ന് ഞാന്‍ ഓര്‍ത്തു...
ഒരു ഞായറാഴ്ചയായിരുന്നു. പതിവുപോലെ പ്രാതലിന് അമ്മുവിനെ കാണാഞ്ഞപ്പോള്‍ അനിത അവളുടെ മുറിയിലേക്ക് ചെന്നു. അകത്തുനിന്ന് അമ്മയും മകളും ഉച്ചത്തില്‍ സംസാരിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. ഒന്നു രണ്ടു തവണ അവര്‍ക്കിടയിലേക്ക് ചെല്ലുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചെങ്കിലും വേണ്ടെന്നു വച്ചു.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അനിത പുറത്തേക്ക് വന്നു. അവളുടെ മുഖം ചുവന്നിരുന്നു. ''ഞാന്‍ കുറേ ദിവസമായില്ലേ പറയുന്നു, അമ്മുവിന് എന്തോ കുഴപ്പമുണ്ടെന്ന്. അവള്‍ പഴയ കുട്ടിയേയല്ല. എന്തോ പ്രശ്നമുണ്ടെന്ന് ഉറപ്പാണ്. ഒന്നിലും ഒരു താല്പര്യവുമില്ല. എപ്പോഴും മുറിയില്‍ അടച്ചിരുപ്പു തന്നെ... നമുക്ക് വല്ല ഡോക്ടറേയും കാണിച്ചാലോ...'' അവള്‍ പറഞ്ഞു.
''നീ ചുമ്മാതിരിക്കുന്നുണ്ടോ, അവളിപ്പോ കിന്റര്‍ഗാര്‍ട്ടനിലോ മിഡില്‍ സ്‌കൂളിലോ ഒന്നും പഠിക്കുന്ന കുട്ടിയല്ല. കോളേജിലാണ്. അവളുടെ കാര്യം നോക്കാന്‍ അവള്‍ക്കറിയാം. നമ്മളായിട്ട് ഇടപെടേണ്ട കാര്യമൊന്നുമില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അവള്‍ തന്നെ പറഞ്ഞോളും. ഞാന്‍ കഴിഞ്ഞ ദിവസം കോളേജില്‍ കൊണ്ടുവിടുമ്പോള്‍ അവളോട് സംസാരിച്ചതല്ലേ...''
എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്ന മട്ടില്‍ അനിത അടുക്കളയിലേക്ക് പോയി.
ഞങ്ങള്‍ രണ്ടു പേരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മു ബാക്ക് പാക്കുമായി വന്നു. അനിത പറഞ്ഞതൊന്നും കൂട്ടാക്കാതെ അവള്‍ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി പോകുന്നത് ജനലിലൂടെ കണ്ടു. സ്‌കൂട്ടര്‍ മുന്നോട്ടെടുക്കും മുന്‍പ് ''ഞാന്‍ ചാവാനൊന്നും പോകുന്നതല്ല'' എന്ന് അവള്‍ വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തില്‍ ഇരുമ്പ് ചുവയ്ക്കുന്നതു പോലെ എനിക്ക് തോന്നി.
ഇപ്പോള്‍ എന്റെ ഓര്‍മ്മകളെ മുറിച്ചുകൊണ്ട് ഫോണ്‍ ശബ്ദിച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്നായിരുന്നു. ''ഉടന്‍ വരാം. ഞാന്‍ ഇവിടെ അടുത്ത് തന്നെ ഉണ്ട്.'' അപ്പുറത്തെയാളുടെ ഊഴം കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു.
സ്റ്റേഷനു പുറത്ത് ഒരു കൂട്ടം ആളുകള്‍ അക്ഷമരായി നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ പ്ലക്കാര്‍ഡുകളില്‍നിന്ന് WAR IS EVERY NATION'S CHOICE; WAR IS PEACE; WAR MAKES THE WORLD SAFER എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ എന്റെ മുഖത്തേക്ക് തെറിച്ചു. അവര്‍ക്കിടയിലൂടെ തിങ്ങിഞെരുങ്ങി ഞാന്‍ സ്റ്റേഷനകത്തേയ്ക്കു കയറി. സന്ദര്‍ശകര്‍ക്കുള്ള കസേരയിലിരുന്ന് പേരു വിവരങ്ങള്‍ എഴുതി.
ഒരു കുപ്പിയില്‍നിന്ന് വെള്ളം കുടിച്ചുകൊണ്ട് ഇന്‍സ്പെക്ടര്‍ വന്ന് സീറ്റിലിരുന്നു. അയാളുടെ കണ്ണുകള്‍ എന്നെ രേഖപ്പെടുത്തിയതും ഞാന്‍ വാലറ്റില്‍ ഉണ്ടായിരുന്ന എന്റെയും അനിതയുടേയും ഫോട്ടോ പുറത്തെടുത്തു. അപ്പോഴാണ് ശ്രദ്ധിച്ചത്. ആ വിശാലമായ ഹാളിന്റെ അങ്ങേത്തലയ്ക്ക് ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് നില്‍ക്കുന്ന അനിതയെ. തലേന്നത്തെ യാത്രയിലെ അതേ വേഷമാണ് അവള്‍ ധരിച്ചിരുന്നതെങ്കിലും എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമാണ് അവളെ കാണുന്നതെന്ന് എനിക്കു തോന്നി.
''യെസ്, ഹൗ കാന്‍ ഐ ഹെല്‍പ്പ് യു?'' ഇന്‍സ്പെക്ടര്‍ ചോദിച്ചു.
''എനിക്ക് ഇവിടെനിന്ന് ഒരു കാള്‍ വന്നിരുന്നു. ഞാന്‍...അനിതയെ...'' ഞാന്‍ ഒരു നിമിഷം എന്റെ കയ്യിലെ ഫോട്ടോയിലേക്കും അനിതയേയും മാറി മാറി നോക്കിക്കൊണ്ട് പറയാന്‍ ശ്രമിച്ചു.
എസ്.ഐ എന്റെ കയ്യിലെ ഫോട്ടോ വാങ്ങിച്ചു. പിന്നെ, അനിതയേയും എന്നെയും ഉറപ്പു വരുത്താന്‍ എന്നോണം നോക്കി. പിന്നെ, പരിഹാസമാണോ അതിശയമാണോ എന്നറിയാന്‍ പറ്റാത്ത ഒരു ചിരി ചിരിച്ചു.
''അപ്പോള്‍ നിങ്ങളാണ് അരവിന്ദ് അല്ലേ? ഞാന്‍ നിങ്ങളെ അന്വേഷിച്ച് വരാന്‍ ഇരിക്കയായിരുന്നു.'' ഇന്‍സ്പെക്ടര്‍ പറഞ്ഞു. ''ചില കാര്യങ്ങള്‍ ചോദിച്ചറിയാന്‍. പരാതി കിട്ടിയാല്‍ അന്വേഷിക്കണമല്ലോ.''
''പരാതിയോ? എന്നെക്കുറിച്ചാണോ?''
ഇന്‍സ്പെക്ടര്‍ എന്തോ ചോദിക്കാനാഞ്ഞെങ്കിലും അപ്പോഴും ഹാളിന്റെ ചില മൂലകളില്‍ ചുറ്റിപ്പറ്റി നില്‍ക്കുന്ന യുദ്ധാനുകൂലികളെ ശ്രദ്ധിച്ചാകണം എന്നെയും വിളിച്ചുകൊണ്ട് അകത്ത് മറ്റൊരു മുറിയിലേക്ക് നടന്നു. പോകുന്ന വഴിക്ക് ഞാന്‍ അനിതയുടെ നേരെ ഒന്നുകൂടി നോക്കിയെങ്കിലും അവള്‍ എന്നെ ശ്രദ്ധിച്ചില്ല.
അകത്തെ മുറിയിലെ ഒരു മേശക്കിരുപുറവുമായി ഞാനും ഇന്‍സ്പെക്ടറും ഇരുന്നു. ഇന്‍സ്പെക്ടര്‍ കുപ്പിയിലെ വെള്ളം അല്പം കൂടി കുടിച്ചു.
''എന്താണ് സാര്‍ കാര്യം? ഞാന്‍ അനിതയെ കാണാതെ ഈ ടൗണ്‍ മുഴുവന്‍ അലയുകയായിരുന്നു.''
''അതിരിക്കട്ടെ. ഇന്നലെ എന്താണ് നടന്നത്? അതു പറയൂ.''
''ഇന്നലെ...ഇന്നലെ രാത്രി ഞാന്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അനിത കിടക്കയില്‍ ഉണ്ടായിരുന്നു. അതിനുശേഷം പ്രത്യേകിച്ചൊന്നും ഇല്ല. ഞാന്‍ വേഗം ഉറങ്ങിപ്പോവുകയു ചെയ്തു. കിടക്കാന്‍ നേരത്ത് നല്ല മഴയും ഇടിയും ഒക്കെ ഉണ്ടായിരുന്നു...പക്ഷേ, രാവിലെ എഴുന്നേറ്റപ്പോള്‍ അനിതയെ മുറിയില്‍ കാണാന്‍ ഇല്ലായിരുന്നു. ഞാന്‍ അവളെ എല്ലായിടത്തും നോക്കി. എന്നിട്ടും കാണാതെ വന്നപ്പോഴാണ് ഇങ്ങോട്ട്...''
''ഞാന്‍ ചോദിച്ചത് അതല്ല. അത് രാത്രി. അതിനൊക്കെ മുന്‍പ്. സന്ധ്യയ്ക്ക് നിങ്ങള്‍ അനിതയോടൊത്ത് കാര്‍ ഓടിച്ചുവരുന്ന വഴി എന്താണ് സംഭവിച്ചത്? അത് പറയൂ.''
''പ്രത്യേകിച്ചൊന്നുമില്ല സാര്‍. നല്ല മഴയൊക്കെയായിരുന്നു. എങ്ങനെയൊക്കെയോ രാത്രി അധികം വൈകുന്നതിനു മുന്‍പ് ഭാഗ്യത്തിന് ഹോട്ടലില്‍ എത്താന്‍ പറ്റി...''
ഇന്‍സ്പെക്ടര്‍ വലിപ്പില്‍നിന്ന് ഒരു കടലാസ് എടുത്ത് അതിലൂടെ ഓടിച്ചുനോക്കി...''
''നെഗ്ലിജന്‍സ്. നിങ്ങളുടെ ഭാഗത്തുനിന്നുള്ള കരുതിക്കൂട്ടിയുള്ള അവഗണന. അതാണ് ഇന്നലെ ആക്സിഡന്റ് സംഭവിച്ച കുടുംബത്തിന്റേയും നിങ്ങളുടെ മകളുടേയും മരണത്തിനു കാരണമായി നിങ്ങളുടെ ഭാര്യ പറയുന്നത്!'' ഇന്‍സ്പെക്ടര്‍ തന്റെ വാക്കുകളില്‍ തനിക്കുതന്നെ വിശ്വാസമില്ലാത്തപോലെ പറഞ്ഞു. ''മിസ്റ്റര്‍ അരവിന്ദ്. നിങ്ങളുടെ ഭാര്യ മകളുടെ മരണത്തിന്റെ ഷോക്കില്‍നിന്ന് ഇതുവരെ മോചിതയായിട്ടില്ല. അതിന്റെയാവാം ഇത്തരം റിയാക്ഷന്‍സ്...''
''ഒരുപക്ഷേ, അനിത പറയുന്നത് ശരിയായിരിക്കാം സാര്‍. എല്ലാം എന്റെ കുറ്റം തന്നെയായിരിക്കാം. വേണ്ട സമയത്ത് വേണ്ട രീതിയില്‍ ഞാന്‍ ഇടപെടാത്തതുകൊണ്ട് ഉണ്ടായ ദുരന്തം തന്നെയായിരിക്കാം.''
''എന്താണ് നിങ്ങളുടെ മകള്‍ക്ക് പറ്റിയത്?''
ഞാന്‍ ഒന്നും മിണ്ടിയില്ല.
''നിങ്ങള്‍ക്ക് അതേക്കുറിച്ച് സംസാരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് അറിയാം. ചോദിച്ചെന്നേയുള്ളൂ. നിങ്ങള്‍ക്ക് ഭാര്യയെ കൂട്ടിക്കൊണ്ടുപോകാം. സോറി ഫോര്‍ ദ ഇന്‍കണ്‍വീനിയന്‍സ്.'' ഇന്‍സ്പെക്ടര്‍ പറഞ്ഞു.
ഞാന്‍ അയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് എഴുന്നേറ്റു.
എന്താണ് അമ്മുവിന് പറ്റിയത്?
എനിക്കറിയില്ല. സങ്കല്പിക്കാനേ കഴിയൂ. തന്റെ സ്‌കൂട്ടറില്‍ അവള്‍ ഇന്റര്‍നെറ്റില്‍ പരതി കണ്ടുപിടിച്ച ആ കട തേടിച്ചെല്ലുന്നത്. വ്യാജ ഐ.ഡി ഉപയോഗിച്ച് തോക്കും തിരകളും സംഘടിപ്പിക്കുന്നത്. ആളൊഴിഞ്ഞ, മരങ്ങള്‍ ഇടതിങ്ങിയ, പക്ഷികള്‍ കലപില കൂട്ടുന്ന ഒരിടത്ത് സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം തന്റെ ഹെല്‍മറ്റ് ഊരി...
ഇല്ല. എനിക്കറിയില്ല. ഒരുപക്ഷേ, ഇതെല്ലാം എന്റെ ഭാവന മാത്രമായിരിക്കാം. പക്ഷേ, ഒന്നുണ്ട്. എനിക്കറിയുന്നത്. യൗവ്വനപ്രായമായ തന്റെ തലച്ചോറിലേയ്ക്ക് തീയുണ്ട പായിക്കും മുന്‍പ് I'm SORRY. I'LL MISS YOU DAD എന്ന് അവള്‍ അയച്ച സന്ദേശം ഇപ്പോഴും എന്റെ ഫോണില്‍ മായാതെ കിടപ്പുണ്ടെന്ന്. ഒരിക്കലും ഞാനത് അനിതയോട് പറയുകയില്ലെന്ന്...
തിരിച്ച് ഹോട്ടലിലേക്ക് പോകുമ്പോഴും അനിത ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. കാറ്റില്‍ അവളുടെ മുടിയിഴകള്‍ അലോസരമുണ്ടാക്കിക്കൊണ്ട് ഇടക്ക് എന്റെ മുഖത്തേക്ക് പാറി വീണുകൊണ്ടിരുന്നു.
ഒരു ട്രാഫിക് ലൈറ്റില്‍ വച്ച് ആക്സിഡന്റ് സംഭവിച്ച ആ പഴയ കാര്‍ ക്രെയിന്‍ കെട്ടിയ ട്രക്ക് വലിച്ചുകൊണ്ടുവരുന്നത് കണ്ടു. അനിത അത് ശ്രദ്ധിച്ചില്ലെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ, പെട്ടെന്ന് ഒരു മുന്നറിയിപ്പുമില്ലാതെ അവള്‍ കരയാന്‍ തുടങ്ങി.
ഞാന്‍ അവളെ ഇടതു കൈകൊണ്ട് ചേര്‍ത്തുപിടിച്ചു.
''അവര്‍ക്ക് ഒരുപാട് ജീവിതം ബാക്കിയുണ്ടായിരുന്നു അരവിന്ദ്...ആ ഫാമിലിക്കും നമ്മുടെ അമ്മുവിനും ഒക്കെ...''
''എനിക്കറിയാം.'' ഞാന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക