'ആകാശക്കപ്പല്‍'- സി. സന്തോഷ് കുമാര്‍ എഴുതിയ കഥ

കേരളത്തില്‍നിന്ന് പാലക്കാടന്‍ ചുരം കടന്നെത്തുന്ന കാറ്റ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വീശാന്‍ തുടങ്ങുക ഉച്ചതിരിയുന്നതോടെയാണ്
'ആകാശക്കപ്പല്‍'- സി. സന്തോഷ് കുമാര്‍ എഴുതിയ കഥ

ഒന്ന് 

കേരളത്തില്‍നിന്ന് പാലക്കാടന്‍ ചുരം കടന്നെത്തുന്ന കാറ്റ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വീശാന്‍ തുടങ്ങുക ഉച്ചതിരിയുന്നതോടെയാണ്. കേരളത്തില്‍ നിന്നായതുകൊണ്ട് കടലിന്റെ ഉപ്പും മരങ്ങളുടെ പച്ചയും പേറിയായിരിക്കും കാറ്റിന്റെ വരവ്. എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് സത്യന്‍ അതിനെ വിശേഷിപ്പിക്കുക വെയിലിനെ പറത്തിക്കൊണ്ടു പോകുന്ന കാറ്റ് എന്നാണ്. റണ്‍വേയിലും ടര്‍മാക്കിലും തിളച്ചുതൂവി നില്‍ക്കുന്ന വെയില്‍ കാറ്റിന്റെ വരവോടെ നിര്‍വീര്യമായിത്തീരുന്നതുകൊണ്ടായിരുന്നു അത്. കാറ്റ് പറത്തിക്കൊണ്ടുപോയത് വെയിലിന്റെ ചൂടിനെ മാത്രമായിരുന്നു. വെളിച്ചത്തെ പറത്തിക്കൊണ്ടു പോകാനുള്ള സിദ്ധി അത് നേടിയിട്ടുണ്ടായിരുന്നില്ല.

അതിനാല്‍ കുപ്പിച്ചില്ലുപോലെ വീണ് ചിതറുന്ന പതിവു പ്രവൃത്തി വെയില്‍ നിര്‍ബ്ബാധം തുടര്‍ന്നു.

കാറ്റിന്റെ വരവോടെ അസ്വസ്ഥരാകാന്‍ തുടങ്ങിയത് ടര്‍മാക്കില്‍ വിശ്രമിക്കുന്ന വിമാനങ്ങളായിരുന്നു. വാവടുത്ത പശുക്കള്‍ വിത്തുകാളയുടെ മുന്നില്‍ പെട്ടാലെന്നതുപോലെയായി അപ്പോള്‍ അവയുടെ അവസ്ഥ.
ഉരുക്കു വടങ്ങള്‍കൊണ്ട് പിക്കറ്റ് ചെയ്യപ്പെട്ട് അനങ്ങാന്‍ കഴിയാതെയായിരുന്നു കിടപ്പെങ്കിലും പറന്നുയര്‍ന്നിട്ടു തന്നെ ബാക്കി കാര്യം എന്ന മട്ടില്‍ വിമാനങ്ങള്‍ കയറുപൊട്ടിക്കാന്‍ തുടങ്ങി. പരിശീലന കാലത്ത് തിയറി ക്ലാസ്സില്‍ പഠിച്ച എയ്റോ ഡൈനാമിക്‌സിന്റെ ബാലപാഠങ്ങളിലൊന്ന് അപ്പോള്‍ സത്യന് ഓര്‍മ്മവന്നു. വിമാനത്തിനു പറന്നുയരാന്‍ ഒരു റണ്‍വേയോ അതിലൂടെയുള്ള കുതിച്ചോട്ടമോ വേണ്ടതില്ല എന്നും വിമാനത്തിനെതിരെ ഓട്ടത്തിന്റെ അതേ വേഗതയില്‍ കാറ്റു വീശിയാല്‍ മതി എന്നുമായിരുന്നു ആ പാഠം.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ റണ്‍വേയിലൂടെയുള്ള ഓട്ടത്തിന്റെ മറവില്‍ വിമാനങ്ങള്‍ ചെയ്തു പോന്നിരുന്നത് തങ്ങളെ പറത്താന്‍ ശേഷിയുള്ള ഒരു കാറ്റിനെ സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു.

വിമാനങ്ങളെന്നല്ല, കാറ്റേല്‍ക്കുമ്പോള്‍ ഒന്നു പറന്നുയരണമെന്ന് മോഹമുദിക്കാത്ത ചരാചരങ്ങളൊന്നും തന്നെ ഭൂമിയില്‍ ഉണ്ടാവുകയില്ല എന്ന് സത്യന് എന്തുകൊണ്ടോ ഉറപ്പായിരുന്നു.

ടര്‍മാക്കില്‍ കിടന്ന വിമാനങ്ങളിലൊന്നിന്റെ, വെര്‍ട്ടിക്കല്‍ സ്റ്റെബിലൈസറിന്മേലുള്ള ആന്റി കൊളീഷന്‍ ലൈറ്റ് ഒരു ജിറാഫ് ലാഡറിനു മുകളില്‍ കയറിനിന്നു പരിശോധിക്കുകയായിരുന്നു സത്യന്‍.

പോസ്റ്റ് ഫ്‌ലൈറ്റ് ഇന്‍സ്പെക്ഷനിടെ അത് തെളിയുന്നില്ല എന്ന കാര്യം സത്യന്‍ കണ്ടെത്തിയിരുന്നു.

ഹൈഡ്രോളിക് പ്രഷര്‍കൊണ്ടു പ്രവര്‍ത്തിക്കുന്ന, ആവശ്യാനുസരണം ഉയരം ക്രമീകരിക്കാവുന്ന ഒന്നായിരുന്നു ജിറാഫ് ലാഡര്‍. അതിന്റെ മുകളറ്റത്ത് സുരക്ഷിതമായി നിന്ന് ജോലി ചെയ്യാന്‍ പാകത്തില്‍ ലോഹനിര്‍മ്മിതമായ ഒരു ചതുരക്കൂടും ഉണ്ടായിരുന്നു. പക്ഷേ, കാറ്റില്‍ ചുരമാന്തി നിന്ന വിമാനം തന്റെ ജോലി സുഗമമായി പൂര്‍ത്തിയാക്കാന്‍ സത്യനെ അനുവദിക്കുന്നുണ്ടായിരുന്നില്ല.

വിമാനങ്ങളുടെ ഉടലിനു കീഴെ, മധ്യഭാഗത്തായി രണ്ടാമതൊരു ആന്റി കൊളീഷന്‍ ലൈറ്റ് കൂടി ഉണ്ടായിരുന്നു.

മിനുട്ടില്‍ നൂറ്റിയിരുപത് തവണ എന്ന കണക്കില്‍ ചുവപ്പു നിറത്തില്‍ മിന്നിത്തെളിയുന്ന അവ, പേര് സൂചിപ്പിക്കുന്നതുപോലെ വിമാനങ്ങള്‍ തമ്മിലുളള കൂട്ടിയിടി ഒഴിവാക്കാന്‍ ഉദ്ദേശിക്കപ്പെട്ടു കൊണ്ടുള്ളതായിരുന്നു.

മുന്നിലെ ഏതു തടസ്സവും എന്തിന്, മൈലുകള്‍ക്കപ്പുറത്തുള്ള മേഘങ്ങളുടെ ഘടനയും സ്വഭാവവും വരെ കൃത്യമായി അറിയാന്‍ സാധിക്കുന്ന ഒരു റഡാര്‍ സ്‌ക്രീന്‍ കോക്പിറ്റില്‍ ഉണ്ടായിരിക്കെയായിരുന്നു എതിരെ വരുന്ന മറ്റു വിമാനങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനു വേണ്ടി ഇത്തരത്തില്‍ ഒരു സമാന്തര സംവിധാനം.

സങ്കീര്‍ണ്ണവും അഗോചരവുമായ സാങ്കേതിക വിദ്യകള്‍ വിജയകരമായി സന്നിവേശിപ്പിച്ചിരിക്കുന്ന ഒരു നിര്‍മ്മിതിയില്‍ത്തന്നെ കേവല യുക്തികൊണ്ട് പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു സമാന്തര സംവിധാനം കൂടി ഉള്‍പ്പെടുത്തേണ്ടിവരുന്നത് മനുഷ്യഭാവനയുടെ ഒരു പരിമിതിയായി വേണമെങ്കില്‍ വിലയിരുത്താമായിരുന്നു.

അതിന്റെ ഏറ്റവും നല്ല ഉദാഹരണമായി സത്യനു തോന്നിയിട്ടുള്ളത് മനുഷ്യന്‍ ദൈവങ്ങളെ സൃഷ്ടിച്ചിട്ടുള്ള രീതിയായിരുന്നു.

സൃഷ്ടിസ്ഥിതി സംഹാരങ്ങളുടെ നിയന്ത്രണം കയ്യാളുകയും പ്രപഞ്ചത്തിന്റെ തന്നെ വിധി നിര്‍ണ്ണയിക്കുകയുമൊക്കെ ചെയ്യുമെങ്കിലും മിക്ക ദൈവങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് മനുഷ്യന്റെ അതേ രൂപത്തില്‍ തന്നെയായിരുന്നു. മാത്രമല്ല ക്രോധം, വാത്സല്യം , കരുണ, ശൃംഗാരം തുടങ്ങിയ മനുഷ്യസഹജമായ വികാരങ്ങള്‍ ദൈവങ്ങള്‍ പലപ്പോഴും അതേപടി അനുകരിക്കുകയും ചെയ്തു.
കേവല യുക്തികൊണ്ട് പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന സവിശേഷതകള്‍ കൂടി ഉള്‍ച്ചേര്‍ത്തില്ലെങ്കില്‍ ദൈവത്തിനുപോലും നിലനില്‍പ്പുണ്ടാവുകയില്ല എന്ന മനുഷ്യന്റെ തിരിച്ചറിവ് അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണെന്നു കൂടി സത്യനു തോന്നുകയുണ്ടായി.

ജോലി തീര്‍ത്ത് ജിറാഫ് ലാഡര്‍ താഴ്ത്തി സത്യന്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ നേരം ഇരുണ്ടു തുടങ്ങിയിരുന്നു. സന്ധ്യയുടെ ചുവന്ന ആകാശം, ടര്‍മാക്കില്‍ ഒരേ നിരയില്‍ പിക്കറ്റ് ചെയ്യപ്പെട്ടു കിടന്ന വിമാനങ്ങളുടെ വിന്‍ഡ് ഷീല്‍ഡുകളില്‍ വീണ് നാലുപാടും ചിതറി.

വെയില്‍ വറ്റിയതോടെ കാറ്റ് കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയെക്കണക്ക് നിരുത്സാഹിയായി മാറി.

ആന്റി കൊളീഷന്‍ ലൈറ്റിന്റെ തകരാര്‍ പരിഹരിച്ച വിവരം വിമാനത്തിന്റെ ലോഗ് ബുക്കില്‍ രേഖപ്പെടുത്തുന്നതിനുവേണ്ടി ടര്‍മാക്ക് മുറിച്ച് ഡസ്‌ക്കിലേക്കു നടന്ന സത്യനെ കാത്ത് അവിടെ ഒരു അടിയന്തര സന്ദേശമുണ്ടായിരുന്നു. 

കാര്‍ നിക്കോബാര്‍ ദ്വീപ് ലക്ഷ്യമാക്കി തലേന്ന് യാത്രപോയ ഒരു വിമാനം സാങ്കേതികത്തകരാര്‍ മൂലം അവിടെ കുടുങ്ങിയിരിക്കുന്നു എന്നും തകരാര്‍ പരിഹരിച്ച് വിമാനത്തെ തിരികെയെത്തിക്കുന്നതിനുവേണ്ടി പിറ്റേന്ന് പുലര്‍ച്ചെ അവിടേക്ക് പുറപ്പെടണം എന്നുമായിരുന്നു ആ സന്ദേശം.

രണ്ട് 

മുപ്പതിനായിരം അടി മുകളിലിരുന്ന് വിന്‍ഡോ ഗ്ലാസ്സിലൂടെ ബംഗാള്‍ ഉള്‍ക്കടലിന്റെ നീലയിലേക്ക് കണ്ണുനീട്ടുമ്പോള്‍ ഉയരം മറ്റൊരാഴമാണല്ലോ എന്ന തോന്നല്‍ സത്യനുണ്ടായി. 

നിശ്ചലമെന്നു തോന്നിച്ചുവെങ്കിലും ആ നീല പതുക്കെ, വളരെ പതുക്കെ പിന്നോക്കം നീങ്ങിക്കൊണ്ടിരുന്നു.

വിമാനം മണിക്കൂറില്‍ എണ്ണൂറു കിലോമീറ്റര്‍ വേഗതയില്‍ പറക്കുകയല്ല, ആകാശത്തുകൂടി അലസമായി നീന്തുകയാണ് എന്നും വേഗം ഒരനുഭവമാകണമെങ്കില്‍ നിശ്ചലമായ ഒന്നിന്റെ സാമീപ്യം അനിവാര്യമാണ് എന്നും സത്യന് അപ്പോള്‍ തോന്നുകയുണ്ടായി.

സത്യന്റെ മുന്നിലെ ഫോള്‍ഡൗട്ട് ടേബിളില്‍ വിമാനത്തിന്റെ ജനവാതിലുകളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച സാങ്കേതിക വിവരങ്ങളടങ്ങിയ മാന്വലും 'ചെക്ക് ഡോര്‍' ഇന്‍ഡിക്കേറ്റിങ്ങ് മെക്കാനിസത്തിന്റെ സര്‍ക്യൂട്ട് ഡയഗ്രവും തുറന്നുവച്ച നിലയില്‍ ഇരുന്നു.

രണ്ടു പ്രധാന വാതിലുകള്‍, അടിയന്തര സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള മറ്റു രണ്ട് വാതിലുകള്‍, പിന്നില്‍ ചരക്ക് കയറ്റാനും ഇറക്കാനുമുള്ള മറ്റൊരു വാതില്‍ എന്നിങ്ങനെ അഞ്ചു വാതിലുകളും അടച്ചുകഴിഞ്ഞിട്ടും കോക്ക്പിറ്റിലെ അനൗണ്‍സിയേറ്റര്‍ പാനലില്‍ 'ചെക്ക് ഡോര്‍' അനൗണ്‍സിയേറ്റര്‍ അണയാതെ നില്‍ക്കുന്നു എന്നതായിരുന്നു കാര്‍ നിക്കോബാര്‍ ദ്വീപില്‍ യാത്ര മുടങ്ങിക്കിടന്ന വിമാനത്തിന്റെ പ്രശ്‌നം.

അതിനര്‍ത്ഥം ഏതോ ഒരു വാതില്‍ വേണ്ടവിധം അടഞ്ഞിട്ടില്ല എന്നോ അഥവാ അടഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ ആ സന്ദേശം കോക്ക്പിറ്റില്‍ എത്തിക്കുന്നതില്‍ ഇന്‍ഡിക്കേറ്റിങ്ങ് സംവിധാനം പരാജയപ്പെട്ടിരിക്കുന്നു എന്നോ ആയിരുന്നു.

എന്തായാലും അങ്ങനെ ഒരവസ്ഥയില്‍ അതു പരിഹരിക്കാതെ വിമാനം പറത്തുക അസാധ്യമായിരുന്നു. 

കോയമ്പത്തൂര്‍നിന്ന് നന്നെ പുലര്‍ച്ചെ പറന്നുയര്‍ന്ന് താംബരത്ത് ലാന്റ് ചെയ്യുന്നതുവരെയും താംബരത്തുനിന്ന് വീണ്ടും പറന്നുയര്‍ന്നതു മുതല്‍ക്കും സത്യന്‍ മാന്വലിലൂടെയും സര്‍ക്യൂട്ട് ഡയഗ്രത്തിലൂടെയും കടന്നുപൊയ്ക്കൊണ്ടിരുന്നു. ഇരുപതു വര്‍ഷം നീണ്ട പ്രവൃത്തിപരിചയമുള്ള അയാള്‍ക്ക് അവയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൈവെള്ളയിലെ രേഖകള്‍പോലെ ഹൃദിസ്ഥമായിരുന്നു. എങ്കിലും അയാള്‍ അവയിലൂടെ ഒരിക്കല്‍ക്കൂടി കടന്നുപോയി. ഒരു എയര്‍ക്രാഫ്റ്റ് മെക്കാനിക്കിനു പരിശീലനകാലത്ത് ലഭിക്കുന്ന, വിമാനങ്ങളുടെ സാങ്കേതികത്തകരാറുകള്‍ പരിഹരിക്കേണ്ടിവരുമ്പോള്‍ ഒരു കാരണവശാലും ഓര്‍മ്മകളെ ആശ്രയിച്ചു പോകരുത് എന്ന അടിസ്ഥാന പാഠമായിരുന്നു അതിനു കാരണം. വിമാനങ്ങളുടെ സാങ്കേതികത്തകരാറുകള്‍ പരിഹരിക്കേണ്ടി വരുമ്പോള്‍ ഒരു കാരണവശാലും ഓര്‍മ്മകളെ ആശ്രയിച്ചുപോകരുത് എന്നതായിരുന്നു അത്.

പകരം വിമാനനിര്‍മ്മിതിയുടെ പ്രമാണ ഗ്രന്ഥങ്ങളിലൂടെ ഒരിക്കല്‍ക്കൂടി കടന്നുപോവുക. ഓര്‍മ്മകളുടെ ഒരു ദൂഷ്യം കാലം ചെല്ലുന്തോറും അവ പരിണമിച്ചുകൊണ്ടിരിക്കും എന്നതാണ്. ഒരു ഘട്ടം കഴിയുന്നതോടെ ഓര്‍മ്മകള്‍ അവയ്ക്ക് ആസ്പദമായ കാര്യങ്ങളുമായി പുലബന്ധം പോലുമില്ലാത്തവയായി മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ വിമാനത്തിന്റെ സാങ്കേതികത്തകരാറുകള്‍ പരിഹരിക്കാന്‍ ഓര്‍മ്മകളെ ആശ്രയിക്കുക എന്നാല്‍, അറിഞ്ഞുകൊണ്ട് ചതിക്കുഴിയില്‍ ചാടുക എന്നാണര്‍ത്ഥം.

സത്യന്റെ തൊട്ടടുത്ത സീറ്റില്‍ ആ ദൗത്യത്തില്‍ അയാളെ സൂപ്പര്‍വൈസ് 
ചെയ്യാന്‍ നിയോഗിക്കപ്പെട്ട, എസ്.കെ. സിങ്ങ് എന്നു പേരുള്ള യുവ എന്‍ജിനീയര്‍ ഇരുന്നു. അടുത്തിടെ മാത്രം ജോലിയില്‍ പ്രവേശിച്ച അയാളുടെ മുഴുവന്‍ പേര് സന്തോഷ് കുമാര്‍ സിങ്ങ് എന്നായിരുന്നു.

യാത്രയുടെ തുടക്കത്തില്‍ അയാള്‍ സത്യന്റെ മുന്നിലെ ഫോള്‍ഡൗട്ട് ടേബിളില്‍ നിവര്‍ത്തിവച്ച മാന്വലിലേക്കും സര്‍ക്യൂട്ട് ഡയഗ്രത്തിലേക്കും ഏതോ അജ്ഞാത ദേശത്തിന്റെ ഭൂപടം ആദ്യമായി കാണുന്ന ഒരു നാവികനെപ്പോലെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. തുടര്‍ന്ന് ഗാഢമായ ഒരു മയക്കത്തിലേക്ക് അയാള്‍ കൂപ്പുകുത്തി.

വിമാനത്തിലെ വിരലിലെണ്ണാവുന്ന യാത്രക്കാര്‍ അവധികഴിഞ്ഞുമടങ്ങുന്ന സൈനികരും വിദഗ്ദ്ധ ചികിത്സയ്ക്കും മറ്റുമായി മെയ്ന്‍ ലാന്റില്‍ പോയി മടങ്ങുന്ന ദ്വീപുവാസികളുമായിരുന്നു. വിമാനം പ്രധാനമായി വഹിച്ചത് അരിയും പച്ചക്കറിയും പല വ്യഞ്ജനങ്ങളും മണ്ണെണ്ണയും മരുന്നുകളുമടങ്ങുന്ന ചരക്കായിരുന്നു. ദ്വീപില്‍ സുലഭമായിരുന്ന വസ്തുക്കള്‍ തേങ്ങയും മീനും മാത്രമായിരുന്നു. 

മുപ്പതിനായിരം അടി ഉയരത്തിലെ നിശബ്ദതയില്‍ നാലായിരം വീതം കുതിരശക്തിയുള്ള രണ്ട് ടര്‍ബോ പ്രൊപ് എന്‍ജിനുകള്‍ ചേര്‍ന്നുതീര്‍ക്കുന്ന ഛന്ദോബദ്ധമായ ഹുങ്കാരം സത്യനേയും ഒരു മയക്കത്തിലേക്ക് വലിച്ചിട്ടു.

വിമാനം താഴുന്നതിന്റെ ഭാരമില്ലായ്മ ഉടലില്‍ അനുഭവപ്പെടാന്‍ തുടങ്ങിയപ്പോള്‍ സത്യന്‍ മയക്കം വിട്ടുണര്‍ന്നു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ കടല്‍ നീലയ്ക്കു നടുവില്‍ അപ്പോള്‍ പുല്‍ത്തുരുത്തുകളായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരുന്നു.

ചിത്രീകരണം: ദേവപ്രകാശ്
ചിത്രീകരണം: ദേവപ്രകാശ്

മൂന്ന് 

സാങ്കേതികത്തകരാര്‍ മൂലം യാത്ര മുടങ്ങിയ വിമാനം കാര്‍ നിക്കോബാര്‍ ദ്വീപിലെ വിമാനത്താവളത്തിന്റെ ടര്‍മാക്കില്‍ വെയില്‍ കാഞ്ഞുകിടന്നു. 

മുകളില്‍ വെയില്‍ പൊഴിച്ചുനിന്ന ആകാശത്തിന് കടലിന്റെ അതേ നിറമായിരുന്നു.

സത്യന്‍ ടര്‍മാക്കില്‍നിന്ന് കടലിന്റെ ദിശയിലേക്ക് നോക്കി. തെങ്ങുകളുടേയും കാറ്റാടി മരങ്ങളുടേയും നീണ്ട നിരകള്‍ കടലിനെ മറച്ചിരിക്കുന്നു. മുന്‍പ് അങ്ങനെയായിരുന്നില്ല. ടര്‍മാക്കും റണ്‍വേയും ദ്വീപിലെ ഏറ്റവുമുയര്‍ന്ന ഇടത്താകയാല്‍ അവിടെനിന്നു നോക്കിയാല്‍ തടസ്സങ്ങളൊന്നുമില്ലാതെ കടല്‍ കാണാന്‍ കഴിയുമായിരുന്നു. 

സുനാമിക്കു ശേഷം ദ്വീപിന്റെ ഭൂപ്രകൃതി മാറിയിരിക്കുന്നു.

തീരത്തുടനീളം തകര്‍ന്ന കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍കൊണ്ട് കടല്‍ഭിത്തി നിര്‍മ്മിച്ചിരിക്കുന്നു.

അതിനു പിന്നിലായി നിരയൊപ്പിച്ച് നട്ടുപിടിപ്പിച്ച തെങ്ങുകളും കാറ്റാടിമരങ്ങളും ഭാവിയിലെ സുനാമിത്തിരകളെ തടുക്കാന്‍ സജ്ജരായി ഉയരത്തില്‍ വളര്‍ന്നു കടലിനെ മറയ്ക്കുന്നു.

സുനാമിക്ക് മുന്‍പും ശേഷവും ജോലി സംബന്ധമായി പല തവണ ദ്വീപില്‍ വന്നു പോയിട്ടുള്ളതിന്റെ ഓര്‍മ്മകളിലാഴ്ന്ന് സത്യന്‍ അല്പനേരം നിന്നു.

ദര്‍ശനം നല്‍കിയില്ലെങ്കിലും തിരകളുടെ അലര്‍ച്ചയിലൂടെയും കാറ്റിന്റെ ഉപ്പുമണത്തിലൂടെയും കടല്‍ അതിന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു.

തങ്ങള്‍ വന്ന വിമാനം യാത്രക്കാരെ കയറ്റി തിരികെ പറന്നുയര്‍ന്നതോടെ, എസ്.കെ. സിങ്ങും യാത്ര മുടങ്ങിക്കിടന്ന വിമാനത്തിന്റെ ക്രൂവും ഒപ്പമുണ്ടായിട്ടും ഒറ്റപ്പെട്ടുപോയതുപോലെ ഒരു തോന്നല്‍ സത്യനുണ്ടായി. ഓരോ തവണ ദ്വീപിലെത്തുമ്പോഴും പതിവുള്ള ഒന്നാണത്.
''കിത്ത്നാ സമയ് ലേംഗേ?''

യാത്ര മുടങ്ങിക്കിടന്ന വിമാനത്തിന്റെ ക്യാപ്റ്റന്‍ എസ്.കെ. സിങ്ങിനോട് ചോദിച്ചു.

വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ എത്ര നേരം വേണ്ടിവരുമെന്നാണ് ചോദ്യം.

എസ്.കെ. സിങ്ങ് സത്യനെ നോക്കി.

''മുഛെ കാം ശുരൂ കര്‍നേ ദോ സര്‍.'' 

സത്യന്‍ ഇരുവരോടുമായി പുഞ്ചിരിച്ചു.

സത്യന് സന്ദേഹങ്ങളൊന്നുമില്ലായിരുന്നു.

അയാള്‍ വിമാനത്തിനുള്ളില്‍ കയറി ചരക്ക് കയറ്റാനും ഇറക്കാനുമുപയോഗിക്കുന്ന പിന്‍വാതിലിനു നേര്‍ക്കു നടന്നു. വാതിലിനു മുകളിലെ ചതുരാകൃതിയുള്ള പാനല്‍ തുറന്ന് അതിനുള്ളിലേക്ക് തന്റെ വലതു കൈപ്പടം കടത്തി. ഏതാനും നിമിഷങ്ങള്‍ക്കകം അയാള്‍ കൈ പിന്‍വലിച്ച് പാനല്‍ അടച്ചു.

''ചലിയേ, അബ് ദേഖ്തേ ഹെ.''

വിമാനത്തിന്റെ വാതിലുകളെല്ലാം അടച്ചു എന്ന് ഉറപ്പു വരുത്തി കോക്പിറ്റിലേക്കു നടന്നുകൊണ്ട് സത്യന്‍ പറഞ്ഞു.

ക്യാപ്റ്റനും കോ പൈലറ്റും നാവിഗേറ്ററുമടങ്ങുന്ന ക്രൂവും എസ്.കെ. സിങ്ങും സത്യനെ അനുഗമിച്ചു.

വിമാനങ്ങളുടെ സാങ്കേതികത്തകരാര്‍ പരിഹരിക്കുന്ന വേളകളില്‍ സത്യന്‍ മറ്റൊരാളാണ്. അപ്പോള്‍ എത്ര പേര്‍ ചുറ്റുമുണ്ടായാലും സത്യന്‍ മാത്രം എല്ലായിടത്തും നിറഞ്ഞുനില്‍ക്കും. അല്ലാത്തപ്പോള്‍ അങ്ങനെയൊരാള്‍ തങ്ങളുടെ ഇടയിലുണ്ടെന്ന കാര്യം ആരുടേയും ശ്രദ്ധയില്‍ പോലും പെടില്ല.
കോക്പിറ്റിലെത്തിയതും അഞ്ചു പേരുടേയും കണ്ണുകള്‍ അനൗണ്‍സിയേറ്റര്‍ പാനലിനു നേര്‍ക്ക് നീണ്ടു. 

സത്യനൊഴിച്ച് മറ്റു നാലു പേരുടേയും കണ്ണുകളില്‍ അദ്ഭുതം നിറഞ്ഞു.

''ചെക്ക് ഡോര്‍'' അനൗണ്‍സിയേറ്റര്‍ അണഞ്ഞിരിക്കുന്നു.
''ക്യാ ജാദു കിയാ യാര്‍, തും നെ?''

ക്യാപ്റ്റന്‍ സത്യനോടു ചോദിച്ചു.

''മാജിക്കൊന്നുമല്ല സര്‍'' -സത്യന്‍ പറഞ്ഞു.

''അടഞ്ഞു എന്ന പിന്‍വാതിലില്‍നിന്നുള്ള സന്ദേശമാണ് കോക്പിറ്റില്‍ ലഭിക്കാതിരുന്നത്. അതു നല്‍കാന്‍ ബാധ്യതപ്പെട്ട പിന്‍വാതിലിന്റെ ലിമിറ്റ് സ്വിച്ച് സ്റ്റക്ക് ആയ അവസ്ഥയിലായിരുന്നു. രണ്ടു തട്ടു തട്ടിയപ്പോള്‍ ശരിയായി. മര്യാദയ്ക്ക് പ്രവര്‍ത്തിക്കാന്‍ യന്ത്രങ്ങള്‍ക്കും വേണം ഇടയ്ക്ക് ഒരു മേടും കിഴുക്കുമൊക്കെ.''

എല്ലാവരും ചിരിച്ചു.

''എങ്കിലും ഇത്രയും വാതിലുകളുണ്ടായിരിക്കെ പിന്‍വാതിലിന്റെ ലിമിറ്റ് സ്വിച്ച് തന്നെയായിരിക്കും പ്രശ്‌നക്കാരന്‍ എന്ന നിഗമനത്തിലേക്ക് നീ ആദ്യമേ തന്നെ എങ്ങനെ എത്തിച്ചേര്‍ന്നു?'' -ക്യാപ്റ്റന്‍ വീണ്ടും ചോദിച്ചു.

സത്യന്‍ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

ഒരു യന്ത്രം അതിന്റെ പരിപാലകനോടു മാത്രം വെളിപ്പെടുത്തുന്ന ചില രഹസ്യങ്ങളുണ്ട്. അത് എല്ലാവരുമായി പങ്കുവയ്ക്കാനുളളതല്ല.

നാല് 

സാങ്കേതികത്തകരാര്‍ പരിഹരിച്ചതിനുശേഷം വിമാനത്തിന്റെ എയര്‍ വര്‍ത്തിനെസ് പരിശോധിക്കുന്നതിനുവേണ്ടി ഒരു ലോക്കല്‍ ഫ്‌ലൈയിങ്ങ് വേണ്ടതുണ്ടായിരുന്നു. അതുകൂടി കഴിഞ്ഞപ്പോഴേയ്ക്ക് നേരം വൈകി. അതിനാല്‍ മെയ്ന്‍ ലാന്റിലേയ്ക്കുള്ള മടക്കയാത്ര പിറ്റേന്നത്തേയ്ക്ക് നീട്ടിവയ്ക്കപ്പെട്ടു.

ദ്വീപില്‍ വൈകിട്ട് നാലുമണിയാകുന്നതോടെ സൂര്യന്‍ അസ്തമിക്കും. അതിനാല്‍ ഉച്ചയ്ക്ക് ഒരു മണിക്കുശേഷം വിമാനങ്ങള്‍ക്ക് മെയ്ന്‍ ലാന്റിലേക്ക് പറന്നുയരാന്‍ അനുമതിയില്ല. കടലിനു കുറുകെ പറക്കുന്ന വിമാനങ്ങള്‍ക്ക് എന്തെങ്കിലും അടിയന്തര സാഹചര്യം മൂലം ദ്വീപിലേക്ക് മടങ്ങിവരേണ്ടതുണ്ടെങ്കില്‍ അത് സന്ധ്യയ്ക്കു മുന്‍പു തന്നെയാവണം എന്നതുകൊണ്ടായിരുന്നു അങ്ങനെ. ദ്വീപിലെ റണ്‍വേ വിമാനങ്ങള്‍ക്ക് രാത്രി പറന്നിറങ്ങാന്‍ പാകത്തില്‍ സജ്ജമായിരുന്നില്ല.

പിറ്റേന്നു പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു ടെയ്ക്കോഫ് നിശ്ചയിക്കപ്പെട്ടിരുന്നത്. 

ദ്വീപില്‍ നാലു മണിക്കുതന്നെ പ്രഭാതത്തിന്റെ വെളിച്ചം പരന്നിരുന്നു.

മെയ്ന്‍ലാന്റിലേക്കുള്ള യാത്രക്കാരായി ആകെ ഉണ്ടായിരുന്നത് ഏതാനും സൈനികരും വീല്‍ചെയറിലുള്ള ഒരു ചെറുപ്പക്കാരനും അയാളുടെ സഹായിയും മാത്രമായിരുന്നു.

കോ പൈലറ്റും നാവിഗേറ്ററും മടക്കയാത്ര നീണ്ടുപോയതിന്റെ മുഷിവൊക്കെ മാറി ഉന്മേഷത്തിലായിരുന്നു.

യാത്രകളും അതിന്റെ ആകസ്മികതകളുമൊക്കെ കണ്ടു തഴമ്പിച്ച ഒരാളുടെ മട്ടായിരുന്നു ക്യാപ്റ്റന്.

തലേന്ന് തീരുമാനിക്കപ്പെട്ടതുപോലെ തന്നെ കാര്യങ്ങളെല്ലാം പുരോഗമിച്ചു.

സത്യന്‍ കൃത്യസമയത്തുതന്നെ പ്രി ഫ്ലൈറ്റ് ചെക്ക്സ് പൂര്‍ത്തിയാക്കി ലോഗ് ബുക്ക് ക്ലോസ് ചെയ്തു. തൊട്ടു പിന്നാലെ ക്രൂ ഓരോരുത്തരായി തങ്ങളുടെ പ്രി ഫ്‌ലൈറ്റ് ചെക്ക്സ് പൂര്‍ത്തിയാക്കി കോക്ക്പിറ്റില്‍ പ്രവേശിക്കുകയും ക്യാപ്റ്റന്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്തു.

ഇടത്തെ എന്‍ജിന്റെ പ്രൊപ്പെല്ലര്‍ കറങ്ങാന്‍ തുടങ്ങുന്നത് സത്യന്‍ വിന്‍ഡോ ഗ്ലാസ്സിലൂടെ കണ്ടു.

അറുപതു സെക്കന്റ് നീളുന്നതായിരുന്നു എന്‍ജിന്റെ സ്റ്റാര്‍ട്ടിങ്ങ് സൈക്കിള്‍.

നാല്‍പ്പതാം സെക്കന്റില്‍ എന്‍ജിന്‍ സ്റ്റാര്‍ട്ടറുകളുടെ സഹായത്തില്‍നിന്നു വിടുതല്‍ നേടി സ്വയം പര്യാപ്തമാകും. അറുപതാം സെക്കന്റില്‍ പൂര്‍ണ്ണ വേഗം കൈവരിക്കും. ഇതിനിടയില്‍ ഓരോ അഞ്ചു സെക്കന്റിലെന്നോണം വിവിധ ഘട്ടങ്ങള്‍.

എന്‍ജിന്‍ പൂര്‍ണ്ണവേഗം കൈവരിക്കുന്നതിന്റെ ശബ്ദം ഉച്ചസ്ഥായിയിലേക്ക് കയറിക്കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്നു താന്‍ ബധിരനായതുപോലെ സത്യനു തോന്നി. ഭൂമിയിലെ ശബ്ദങ്ങളെല്ലാം ഒറ്റയടിക്ക് നിലച്ചുപോയതുപോലെ.

അടുത്ത സീറ്റിലിരുന്ന എസ്.കെ. സിങ്ങിന്റെ മുഖഭാവത്തില്‍നിന്ന് അയാളും അത്തരം ഒരനുഭവത്തിലൂടെ കടന്നുപോകുന്നുണ്ടെന്ന് സത്യനു തോന്നി. 

തൊട്ടടുത്ത നിമിഷം പാസഞ്ചര്‍ ക്യാബിനില്‍ ക്യാപ്റ്റന്റെ അനൗണ്‍സ്മെന്റ് മുഴങ്ങി, ''എസ്.കെ. സിങ്ങ് ആന്റ് സത്യന്‍, പ്ലീസ് കം റ്റു കോക്ക്പിറ്റ്.''

''സ്റ്റാര്‍ട്ടിങ്ങ് പൂര്‍ത്തിയാകും മുന്‍പ് എന്‍ജിന്‍ നിലച്ചുപോയിരിക്കുന്നു.'' കോക്പിറ്റിലെത്തിയ സത്യനോടും എസ്.കെ. സിങ്ങിനോടും ക്യാപ്റ്റന്‍ പറഞ്ഞു: ''ഫോളോവ്ഡ് ബൈ എ ഫെയ്ല്‍ഡ് അറ്റംപ്റ്റ് റ്റു റീ സ്റ്റാര്‍ട്ട്.''
കോ പൈലറ്റ് സീറ്റിനു പിന്നിലെ സര്‍ക്യൂട്ട് ബ്രേയ്ക്കര്‍ പാനലിനു നേര്‍ക്ക് സത്യന്റെ കണ്ണുകള്‍ പാഞ്ഞു. അയാള്‍ ഊഹിച്ചതുപോലെ സ്റ്റാര്‍ട്ടിങ്ങ് ടൈമറിന്റെ സര്‍ക്യൂട്ട് ബ്രേയ്ക്കര്‍ ഓഫായിരിക്കുന്നു.

അയാള്‍ അത് ഓണ്‍ ചെയ്തതിനു ശേഷം എന്‍ജിന്‍ ഒന്നുകൂടി സ്റ്റാര്‍ട്ട് ചെയ്യാന്‍ ക്യാപ്റ്റനോട് നിര്‍ദ്ദേശിച്ചു.

ക്യാപ്റ്റന്‍ സ്റ്റാര്‍ട്ട് ബട്ടണില്‍ വിരലമര്‍ത്തി. എന്‍ജിന്‍ പ്രവര്‍ത്തിച്ചു തുടങ്ങി. നാല്‍പ്പതാമത്തെ സെക്കന്റ് എത്തിയതോടെ സ്റ്റാര്‍ട്ടിങ്ങ് ടൈമറിന്റെ സര്‍ക്യൂട്ട് ബ്രേയ്ക്കര്‍ വീണ്ടും ഓഫാവുകയും എന്‍ജിന്‍ നിലയ്ക്കുകയും ചെയ്തു.

''ദേര്‍ ഈസ് ആന്‍ ഇഷ്യൂ'' -സത്യന്‍ പറഞ്ഞു.

''സ്റ്റാര്‍ട്ടിങ്ങ് സിസ്റ്റത്തില്‍ എവിടെയോ ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ട്.''

''ഓക്കേ, ഹൗ മച്ച് ടൈം യു നീഡ് റ്റു റെക്റ്റി ഫൈ ഇറ്റ്?'' ക്യാപ്റ്റന്‍ ചോദിച്ചു.

''പറയാം, സര്‍. അതിനുമുന്‍പ് പ്രാഥമികമായ ചില പരിശോധനകള്‍ വേണ്ടതുണ്ട്.''

ക്യാപ്റ്റനും കോ പൈലറ്റും നാവിഗേറ്ററും വിമാനത്തില്‍ നിന്നിറങ്ങി. പിന്നാലെ യാത്രക്കാരും.

വീല്‍ചെയറിലുള്ള യാത്രക്കാരനെ അയാളുടെ സഹായി ഏറ്റവുമൊടുവില്‍ റാംപിലൂടെ ഇറക്കി.

എല്ലാവരുടേയും മുഖങ്ങളില്‍ യാത്ര മുടങ്ങിയതിന്റെ നിരാശയുണ്ടായിരുന്നു;

വീല്‍ചെയറിലുള്ള യാത്രക്കാരന്റേതൊഴികെ. 

യാത്ര കാത്തിരിപ്പുകള്‍ കൂടി ചേര്‍ന്നതാണെന്ന ഒരു മട്ടായിരുന്നു അയാള്‍ക്ക്.

അഞ്ച് 

ഒരാഴ്ച പിന്നിട്ടിട്ടും സ്റ്റാര്‍ട്ടിങ്ങ് ടൈമറിന്റെ സര്‍ക്യൂട്ട് ബ്രേയ്ക്കര്‍ നാല്‍പ്പതാം സെക്കന്റില്‍ ഓഫാകുകയും എന്‍ജിന്‍ സ്റ്റാര്‍ട്ടിങ്ങ് പാതിവഴിയില്‍ നിലയ്ക്കുകയും ചെയ്യുന്നതിന്റെ കാരണം കണ്ടുപിടിക്കാന്‍ സത്യനും എസ്.കെ. സിങ്ങിനും കഴിഞ്ഞിരുന്നില്ല.

സ്വസ്ഥമായി ജോലി ചെയ്യാനുള്ള അവസരം അവര്‍ക്കിരുവര്‍ക്കും ഉണ്ടായില്ല എന്നതായിരുന്നു വാസ്തവം. റെക്റ്റിഫിക്കേഷന്റെ പുരോഗതി വിലയിരുത്തുന്നതിനുവേണ്ടി തുടരെത്തുടരെ മുകളില്‍ നിന്നുള്ള ഫോണ്‍വിളികള്‍. ഇനി എത്ര കൂടി നീളും എന്ന അന്വേഷണങ്ങള്‍. 

ഒരു സാങ്കേതികത്തകരാര്‍ മൂലം യാത്ര മുടങ്ങിയ വിമാനം രണ്ടാമതൊരു സാങ്കേതികത്തകരാറില്‍പ്പെട്ട് പത്തു പന്ത്രണ്ട് ദിവസമായി ദ്വീപില്‍ കുടുങ്ങിയിരിക്കുന്നത് എല്ലാവരിലും ആശങ്ക ജനിപ്പിച്ചിരുന്നു.
സത്യനെ സംബന്ധിച്ചിടത്തോളം ആ ദിവസങ്ങള്‍ വിശ്രമമില്ലാത്ത പകലുകളുടേതും ഉറക്കമില്ലാത്ത രാത്രികളുടേതുമായിരുന്നു. സ്റ്റാര്‍ട്ടിങ്ങ് സൈക്കിളിലെ, ഓരോ സെക്കന്റിലും പ്രവര്‍ത്തനനിരതമാവുന്ന സര്‍ക്യൂട്ടുകള്‍ സത്യനും എസ്.കെ. സിങ്ങും ചേര്‍ന്ന് ഇഴകീറി പരിശോധിച്ചുകൊണ്ടിരുന്നു. ഓരോ പരിശോധനയ്ക്കുമൊടുവില്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കാതെയുള്ള ഡമ്മി സ്റ്റാര്‍ട്ട് നല്‍കി. അപ്പൊഴൊക്കെ പഴയതുപോലെ സ്റ്റാര്‍ട്ടിങ്ങ് ടൈമറിന്റെ സര്‍ക്യൂട്ട് ബ്രെയ്ക്കര്‍ നാല്‍പ്പതാം സെക്കന്റില്‍ തന്നെ ഓഫായി.
അടുത്തപടി എന്ത് എന്ന ചോദ്യവുമായി സത്യന്‍ ഓരോ രാത്രിയും ഉറങ്ങാന്‍ കിടന്നു. കണ്ണടയ്ക്കുന്നതോടെ എന്‍ജിന്‍ സ്റ്റാര്‍ട്ടിങ്ങ് സിസ്റ്റത്തിന്റെ സര്‍ക്യൂട്ട് ഡയഗ്രം ഓരോ താളുകളായി അയാള്‍ക്കു മുന്നില്‍ തെളിഞ്ഞുവരാന്‍ തുടങ്ങി.

യാത്രക്കാരെല്ലാം ഇതിനകം മറ്റു വിമാനങ്ങളില്‍ മെയ്ന്‍ലാന്റിലേയ്ക്ക് പറന്നുകഴിഞ്ഞിരുന്നു; രണ്ടു പേരൊഴികെ. വീല്‍ചെയറില്‍ വന്നിരുന്ന യാത്രക്കാരനും അയാളുടെ സഹായിയുമായിരുന്നു അത്. അവര്‍ ഒരനുഷ്ഠാനംപോലെ എന്നും രാവിലെ ടര്‍മാക്കിലെത്തി. സ്‌നാഗ് റെക്റ്റിഫിക്കേഷനും അവിടെ നടക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും സാക്ഷിയായി വൈകുന്നേരം വരെ ഇരുന്ന് മടങ്ങിപ്പോയി. 

ആരായിരിക്കും ധൃതിയില്ലാത്ത ആ യാത്രക്കാരന്‍ എന്ന് സത്യന്‍ ആലോചിക്കാതിരുന്നില്ല.

വിമാനത്തിന്റെ തകരാര്‍ പരിഹരിക്കപ്പെടാതെ നീണ്ടതോടെ എന്‍ജിന്‍ തന്നെ മാറ്റി വയ്ക്കേണ്ടതായി വരുമോ എന്ന് ക്യാപ്റ്റന്‍ സത്യനോടും എസ്.കെ. സിങ്ങിനോടും ചോദിക്കുകയുണ്ടായി. അങ്ങനെ ഒരാലോചന മുകള്‍ത്തട്ടില്‍ നടക്കുന്നുണ്ട് എന്ന കാര്യവും ക്യാപ്റ്റന്‍ പറഞ്ഞു.

മറ്റു പോംവഴികളൊന്നുമില്ലെങ്കില്‍, അറ്റകൈക്ക് അത് വേണ്ടിവന്നേക്കാം. 

പക്ഷേ, അതു ചെറിയ ഒരു തീരുമാനമായിരിക്കുകയില്ല. എന്‍ജിന്‍ മെയ്ന്‍ലാന്റില്‍നിന്നു കടല്‍കടന്ന് വരണമെന്നതു മാത്രമായിരുന്നില്ല അതിനു കാരണം. എന്‍ജിന്‍ മാറ്റിവയ്ക്കുന്നതിന് ആവശ്യമായ ക്രെയിന്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളും ആള്‍ബലവും കൂടി മെയ്ന്‍ലാന്റില്‍നിന്ന് എത്തിച്ചേരണമായിരുന്നു. ദ്വീപില്‍ അതിനുള്ള സംവിധാനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

ഒടുവില്‍ എന്‍ജിന്‍ മാറ്റിവയ്ക്കുകയാണ് വേണ്ടിവരുന്നതെങ്കില്‍ ഒരു എയര്‍ക്രാഫ്റ്റ് മെക്കാനിക്ക് എന്ന നിലയില്‍ അത് തന്റെ പരാജയമായിരിക്കുമെന്നും സത്യന്‍ കരുതി.

അന്നു രാത്രി പതിവിനു വിപരീതമായി ലഭിച്ച ദീര്‍ഘവും ഗാഢവുമായ ഒരുറക്കത്തില്‍നിന്ന് സത്യന്‍ ഉണര്‍ന്നത് 'ഫ്യൂവല്‍ ബൈപാസ് സോളിനോയ്ഡ്' എന്ന മൂന്നു വാക്കുകള്‍ ഉരുവിട്ടു കൊണ്ടായിരുന്നു.
കേവലം മൂന്നു വാക്കുകളായിരുന്നില്ല അത്. സ്റ്റാര്‍ട്ടിങ്ങ് സൈക്കിളിന്റെ നാല്‍പ്പതാം സെക്കന്റ് മുതല്‍ പ്രവര്‍ത്തനനിരതമാവുന്ന, അളവില്‍ കവിഞ്ഞുള്ള ഇന്ധനത്തെ തിരികെ ഫ്യൂവല്‍ ടാങ്കിലേയ്ക്കു തന്നെ മടക്കി അയച്ചുകൊണ്ട് എന്‍ജിനിലേക്ക് ഇന്‍ജെക്ട് ചെയ്യപ്പെടുന്ന ഇന്ധനത്തിന്റെ അളവിനെ ഓട്ടോമാറ്റിക്കലി നിയന്ത്രിക്കുന്ന ഒരു സംവിധാനത്തിന്റെ പേരായിരുന്നു അത്.

അതോടെ സത്യന് എല്ലാം തെളിഞ്ഞുകിട്ടി.

അയാള്‍ കിടക്കയുപേക്ഷിച്ച് ടര്‍മാക്കിലേക്ക് ഓടി. അടിയില്‍ നാലു ചക്രങ്ങളും മുകളില്‍ രണ്ടാള്‍ക്കു നില്‍ക്കാന്‍ പാകത്തില്‍ പ്ലാറ്റ്ഫോമുമുള്ള, പത്തടി ഉയരമുള്ള ഒരു ലാഡര്‍ എന്‍ജിനു സമീപത്ത് കൊണ്ടുചെന്നു നിര്‍ത്തി അയാള്‍ അതിനു മുകളില്‍ കയറി. എന്‍ജിന്റെ കൗളിങ്ങ് പാനല്‍ തുറന്ന് ഫ്യൂവല്‍ ബൈപാസ് സോളിനോയ്ഡിന്റെ ഇലക്ട്രിക്കല്‍ കണക്ഷന്‍ വേര്‍പെടുത്തി. രണ്ട് പിന്നുകളുള്ള, പിരിച്ചുകയറ്റി മുറുക്കുന്ന ഒരു പ്ലഗ് ആയിരുന്നു അത്. പ്ലഗ്ഗിന്റെ പിന്നുകള്‍ തമ്മില്‍ കണ്ടിന്യുവിറ്റി ലഭിക്കും വിധം ഒരു ഡമ്മി സോക്കറ്റ് ഇട്ട് മുറുക്കി. ഇപ്പോള്‍ ഫ്യൂവല്‍ ബൈപാസ് സോളിനോയ്ഡ് സ്റ്റാര്‍ട്ടിങ്ങ് സര്‍ക്യൂട്ടിന് പുറത്താണ്. തുടര്‍ന്ന് അയാള്‍ താഴെയിറങ്ങി കോക്പിറ്റിലേക്ക് പാഞ്ഞു.

എന്‍ജിന്‍ ഡമ്മി സ്റ്റാര്‍ട്ട് ചെയ്തു. സീറോ സെക്കന്റ്, ഫൈവ് സെക്കന്റ്‌സ്, ടെന്‍ സെക്കന്റ്സ്... അയാള്‍ സ്റ്റാര്‍ട്ടിങ്ങ് പാനലിലെ സ്റ്റോപ്പ് വാച്ചില്‍ സമയം നോക്കിക്കൊണ്ടിരുന്നു. തര്‍ട്ടിഫൈവ് സെക്കന്റ്സ്, ഫോര്‍ട്ടി സെക്കന്റ്‌സ്, ഫോര്‍ട്ടി ഫൈവ് സെക്കന്റ്സ്... സ്റ്റാര്‍ട്ടിങ്ങ് സൈക്കിള്‍ തുടരുകയാണ്. സ്റ്റാര്‍ട്ടിങ്ങ് ടൈമറിന്റെ സര്‍ക്യൂട്ട് ബ്രെയ്ക്കര്‍ ഓഫായില്ല.

ഒടുവില്‍ അറുപതാമത്തെ സെക്കന്റില്‍ അനൗണ്‍സിയേറ്റര്‍ പാനലില്‍ 'എന്‍ജിന്‍ സ്റ്റാര്‍ട്ടഡ്' എന്ന അനൗണ്‍സിയേറ്റര്‍ പച്ചനിറത്തില്‍ തെളിഞ്ഞതോടെ അയാള്‍ പൈലറ്റ് സീറ്റില്‍ ചാഞ്ഞിരുന്ന് കണ്ണുകളടച്ച് ദീര്‍ഘമായി നിശ്വസിച്ചു. 

ആറ് 

''ഇങ്ങനെയൊന്ന് എന്റെ ഇരുപതു വര്‍ഷത്തെ അനുഭവത്തില്‍ ആദ്യമാണ്.'' സത്യന്‍ ക്യാപ്റ്റനോടു പറഞ്ഞു:

''ഫ്യുവല്‍ ബൈപാസ് സോളിനോയ്ഡിനുള്ളില്‍ ഷോര്‍ട്ടിങ്ങ്.''

''വയറിങ്ങ് ലൂമിലായിരുന്നുവെങ്കില്‍ നമുക്കു മനസ്സിലാക്കാം. പക്ഷേ, ഇത്രയും റോബസ്റ്റ് ആന്റ് കംപാക്ട് ആയ ഒരു കംപോണന്റിന്റെയുളളില്‍... ക്വയറ്റ് അണ്‍ ലൈക്ക്‌ലി.'' എസ്.കെ. സിങ്ങ് കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ചകൊണ്ട് എസ്.കെ. സിങ്ങിന്റെ അനുഭവ പരിചയവും ആത്മവിശ്വാസവും കുതിച്ചുയര്‍ന്നിരിക്കുന്നു.

''വാട്ട്സ് ദ സൊല്യൂഷന്‍ നൗ?'' -ക്യാപ്റ്റന്‍ ചോദിച്ചു.

''ഫ്യൂവല്‍ ബൈപാസ് സോളിനോയ്ഡ് മാറ്റിവയ്ക്കേണ്ടിവരും'' -സത്യന്‍ പറഞ്ഞു.

''അങ്ങനെയെങ്കില്‍ മെയ്ന്‍ലാന്റില്‍നിന്ന് അത് വരുത്താനുള്ള ഏര്‍പ്പാടുകള്‍ ചെയ്യൂ'' -ക്യാപ്റ്റന്‍ പറഞ്ഞു.
''ഫ്യൂവല്‍ ബൈപാസ് സോളിനോയ്ഡ് ഒരു ഇന്‍ഡിപെന്‍ഡന്റ് കംപോണന്റ് അല്ല. എന്‍ജിന്റെ ഭാഗം തന്നെയാണ്'' -സത്യന്‍ പറഞ്ഞു. ''അതിനാല്‍ അതു മാത്രമായി എവിടെയും സ്റ്റോക്കുണ്ടാവില്ല. മാനുഫാക്ചററില്‍നിന്നു നേരിട്ടു തന്നെ ഡിമാന്റ് ചെയ്യേണ്ടിവരും.''

''കിട്ടാന്‍ എത്ര ദിവസം പിടിക്കും?''

''അറ്റ്ലീസ്റ്റ് ടെന്‍ ഡേയ്സ്.'' 

''കാണ്‍ട് വെയ്റ്റ് സോ ലോങ്ങ്. എനി അദര്‍ ഓപ്ഷന്‍?''

''മറ്റേതെങ്കിലും എയര്‍ക്രാഫ്റ്റ് ഗ്രൗണ്ട് ചെയ്തിട്ട് അതിന്റെ എന്‍ജിനില്‍നിന്ന് അഴിച്ചെടുക്കേണ്ടി വരും. എല്ലാ വിമാനങ്ങളും ടൈറ്റ് ഷെഡ്യൂളില്‍ പറന്നുകൊണ്ടിരിക്കുന്ന സ്ഥിതിക്ക് അത് എത്ര മാത്രം പ്രായോഗികമായിരിക്കുമെന്ന് അറിയില്ല. ഇനി അങ്ങനെയാണ് ചെയ്യുന്നതെങ്കില്‍ തന്നെ ദ ഹോള്‍ പ്രോസസ് വില്‍ ടെയ്ക് അറ്റ് ലീസ്റ്റ് വണ്‍ വീക്ക്.'' 

ക്യാപ്റ്റന്‍ ഫ്‌ലെയിങ്ങ് സ്യൂട്ടിന്റെ സൈഡ് പോക്കറ്റില്‍നിന്നു സിഗരറ്റിന്റെ പായ്ക്കറ്റ് പുറത്തെടുത്തു. കടലിന്റെ ദിശയ്ക്ക് പുറം തിരിഞ്ഞുനിന്ന് ഒരെണ്ണത്തിനു തീ കൊളുത്തി.

''നോക്കൂ, എനിക്ക് മടങ്ങിപ്പോകാന്‍ ധൃതിയുണ്ടായിട്ടല്ല'', ക്യാപ്റ്റന്‍ ടര്‍മാക്കില്‍ വീല്‍ ചെയറിലിരിക്കുന്ന യാത്രക്കാരന്റെ നേര്‍ക്ക് ഒരു നോട്ടമയച്ചിട്ട് പറഞ്ഞു: ''ഒരുപക്ഷേ, ആ മനുഷ്യനും ധൃതിയൊന്നും ഉണ്ടാവണമെന്നില്ല. പക്ഷേ, മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ല.''

ക്യാപ്റ്റന്‍ പറഞ്ഞുവരുന്നതെന്താണെന്ന് മനസ്സിലാവാതെ എസ്.കെ. സിങ്ങും സത്യനും പരസ്പരം നോക്കി.

''ധൃതിയുള്ള മനുഷ്യരുമുണ്ട്. അവയൊക്കെ മാറ്റിവയ്ക്കാന്‍ കഴിയാത്ത ധൃതികളുമാണ്'' -ക്യാപ്റ്റന്‍ പറഞ്ഞു.

''കോ പൈലറ്റ് ഒരച്ഛനാകാന്‍ പോകുന്നു. ഹിസ് വൈഫ് ഈസ് ഇന്‍ ദ അഡ്വാന്‍സ്ഡ് സ്റ്റേജ് ഓഫ് പ്രഗ്‌നന്‍സി. അതുപോലെ, അടുത്തയാഴ്ച നാവിഗേറ്ററുടെ വിവാഹമാണ്.''

സിഗരറ്റു കുറ്റി നിലത്തിട്ട് ഫ്‌ലൈയിങ്ങ് ബൂട്ടുകൊണ്ട് ചവിട്ടിയരച്ച് ക്യാപ്റ്റന്‍ തുടര്‍ന്നു: ''ഞാന്‍ നിങ്ങളെപ്പോലെ ഒരു സാങ്കേതിക വിദഗ്ദ്ധനൊന്നുമല്ല. അയാം ജസ്റ്റ് ആന്‍ ഓപ്പറേറ്റര്‍ ഓഫ് ദിസ് മെഷീന്‍. അതുകൊണ്ടുതന്നെ നിങ്ങള്‍ എനിക്കു മനസ്സിലാകുന്ന തരത്തില്‍ ഒരു മറുപടി തരുമെന്നു പ്രതീക്ഷിക്കുന്നു. എന്റെ ചോദ്യം ഇതാണ്. ഇപ്പോഴത്തെ ഈ പൊസിഷനില്‍, അതായത് പ്രശ്‌നക്കാരനായ ഫ്യൂവല്‍ ബൈപാസ് സോളിനോയ്ഡിനെ സ്റ്റാര്‍ട്ടിങ്ങ് സര്‍ക്യൂട്ടിനു പുറത്തു നിര്‍ത്തി പ്രശ്‌നം പരിഹരിച്ചിരിക്കുന്ന ഈ അവസ്ഥയില്‍ നമുക്കു തിരികെ പറന്നാല്‍ എന്താണ് കുഴപ്പം?''

സത്യനും എസ്.കെ. സിങ്ങും വീണ്ടും പരസ്പരം നോക്കി. എസ്.കെ. സിങ്ങ് ഒരാഴ്ചകൊണ്ട് ആര്‍ജ്ജിച്ചെടുത്ത ആത്മവിശ്വാസം ക്യാപ്റ്റന്റെ ആ ചോദ്യത്തില്‍ ആവിയാകുന്നത് സത്യന്‍ കണ്ടു.

''ഫ്യൂവല്‍ ബൈപാസ് സോളിനോയ്ഡിന്റെ അസാന്നിധ്യംകൊണ്ട് ഉണ്ടാകാനിടയുള്ള എക്‌സസ് ഫ്യൂവല്‍ ഫ്ലോ ഉയര്‍ന്ന എക്‌സ്ഹോസ്റ്റ് ഗ്യാസ് ടെംപറച്ചറിലേക്കും ഐ മീന്‍ ഇ.ജി.റ്റിയിലേക്കും എന്‍ജിന്‍ ഫ്‌ലെയിം ഔട്ടിലേക്കുമൊക്കെ നയിക്കുമെന്നു ഞാന്‍ അങ്ങേയ്ക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ'' -സത്യന്‍ ചോദിച്ചു.
''ഫ്യൂവല്‍ ഫ്‌ലോ കൂടിയാലല്ലേ അതു സംഭവിക്കൂ? എക്‌സസ് ഫ്യൂവല്‍ ഫ്‌ലോ ഓട്ടോമാറ്റിക്കലി റെഗുലേറ്റ് ചെയ്യുന്ന സംവിധാനം മാത്രമാണ് ഇപ്പോള്‍ തകരാറിലായിട്ടുള്ളത്. മാന്വലി നിയന്ത്രിക്കാന്‍ കഴിയുന്ന മറ്റൊരു സംവിധാനം കോക്പിറ്റില്‍ ഉണ്ടുതാനും'' -ക്യാപ്റ്റന്‍ പറഞ്ഞു.

''ഫ്യൂവല്‍ ഫ്‌ലോ മാന്വലി നിയന്ത്രിക്കാനുളള സംവിധാനം ഒരു എമര്‍ജന്‍സി സിറ്റുവേഷനില്‍ മാത്രം ആശ്രയിക്കാനുള്ള ഒന്നാണെന്നും ഞാന്‍ അങ്ങേയ്ക്ക് പറഞ്ഞുതരേണ്ടതില്ല. ഓട്ടോമാറ്റിക് സംവിധാനം തകരാറിലായ സ്ഥിതിക്ക് എക്‌സസ് ഫ്യൂവല്‍ ഫ്‌ലോ ഉണ്ടാകുന്നുണ്ടോ എന്നറിയണമെങ്കില്‍ ഇ.ജി.റ്റി തുടര്‍ച്ചയായി മോണിട്ടര്‍ ചെയ്തുകൊണ്ടിരിക്കുകയും വേണം. 

ലെഫ്റ്റ് കണ്‍സോളില്‍ നേരിട്ട് നോട്ടമെത്താത്ത ഒരിടത്ത് സ്ഥാപിച്ചിരിക്കുന്ന ഇ.ജി.റ്റി ഗേയ്ജ് ഫ്‌ലൈയിങ്ങിനിടെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുക ഒരു പൈലറ്റിനെ സംബന്ധിച്ചിടത്തോളം ദുഷ്‌ക്കരമായ കാര്യവുമാണ്.

മാത്രമല്ല, ഫ്യൂവല്‍ ബൈപാസ് സോളിനോയ്ഡ് പോലെയുളള ഒരു ക്രിറ്റിക്കല്‍ കംപോണന്റിനെ സര്‍ക്യൂട്ടില്‍നിന്ന് ഐസൊലേറ്റ് ചെയ്തുകൊണ്ട് വിമാനം പറത്താന്‍ സെയ്ഫ്റ്റി ഓപ്പറേറ്റിങ്ങ് പ്രൊസീജ്യര്‍ അനുവദിക്കുന്നുമില്ല'' -സത്യന്‍ പറഞ്ഞു.

''സെയ്ഫ്റ്റി...'' ക്യാപ്റ്റന്‍ ഒന്നു നിര്‍ത്തിയിട്ട് തുടര്‍ന്നു: ''ഇറ്റ് ഈസ് ആന്‍ ഇല്യൂഷന്‍, മൈ ബോയ്. അത് നീന്താനല്ല, മുങ്ങുന്ന കപ്പലില്‍ അള്ളിപ്പിടിച്ചു കിടക്കാനാണ് പഠിപ്പിക്കുക. ഇടയ്ക്ക് അതിനെ വെല്ലുവിളിക്കുന്നതും ഒരു രസമാണ്. ലെറ്റസ് സ്റ്റോപ്പ് ദിസ് വര്‍ത്ത്ലെസ് എക്‌സര്‍സൈസ് ഓഫ് കണ്‍വിന്‍സിങ്ങ് ഈച്ച് അദര്‍. കമോണ്‍, വി വില്‍ ഹാവ് എ പാര്‍ട്ടി ഇന്‍ ദ ഈവനിങ്ങ്.''

ഏഴ് 

വൈകിട്ട് ഏഴു മണിക്ക് മെസ്സിനോടു ചേര്‍ന്നുള്ള ഓപ്പണ്‍ ബാറിലിരുന്ന് ക്യാപ്റ്റന്‍ എല്ലാവരോടുമായി ചിയേഴ്സ് പറയുമ്പോള്‍ രാത്രി അതിന്റെ യൗവ്വനത്തിലെത്തിയ പ്രതീതിയായിരുന്നു.

വൈകിട്ട് നാലുമണിക്കു തന്നെ സൂര്യനസ്തമിക്കുമെങ്കിലും ജോലി സമയത്തിനോ മെസ്സിന്റേയും ബാറിന്റേയും പ്രവര്‍ത്തന സമയങ്ങള്‍ക്കോ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. മെയ്ന്‍ലാന്റിലെ സമയക്രമം തന്നെ ദ്വീപിലും അനുവര്‍ത്തിച്ചു.

മങ്ങിയ വെളിച്ചം പരത്തുന്ന ബാറിലെ തൂക്കുവിളക്കുകള്‍ കടല്‍ക്കാറ്റില്‍ ചാഞ്ചാടിക്കൊണ്ടിരുന്നു. 

ഓപ്പണ്‍ ബാറിന്റെ മതിലിനു വെളിയിലെ ഇരുട്ടില്‍ മായികമായ ഒരു കാഴ്ചപോലെ കടലിന്റെ വെണ്മണല്‍ത്തീരം.

''ദാ അവിടെയായിരുന്നു പണ്ട് ക്വാര്‍ട്ടേഴ്സ്'' -രണ്ടാമത്തെ ഡ്രിങ്കിനു ശേഷം ഇരുട്ടിലൊരിടത്തേയ്ക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ക്യാപ്റ്റന്‍ പറഞ്ഞു. 

കോ പൈലറ്റും നാവിഗേറ്ററും എസ്.കെ. സിങ്ങും തങ്ങളുടെ ആദ്യത്തെ ഡ്രിങ്കില്‍ത്തന്നെ തുടരുകയായിരുന്നു. മദ്യപിക്കാത്ത സത്യന്‍ സോഫ്റ്റ് ഡ്രിങ്കിന്റെ മധുരം നുണഞ്ഞുകൊണ്ടിരുന്നു.

''പെട്ടെന്നൊരു ദിവസം മുന്നിലെ കടല്‍ പിന്‍വാങ്ങാന്‍ തുടങ്ങിയാല്‍ നിങ്ങളെന്ത് ചെയ്യും?'' -ക്യാപ്റ്റന്‍ ചോദിച്ചു. ''പിന്‍വാങ്ങുക എന്നാല്‍ വേലിയിറക്കത്തിന്റെ സമയത്ത് ജലനിരപ്പ് താഴുന്നതുപോലെയൊന്നുമല്ല. കിലോമീറ്ററുകളോളം കടല്‍ പിന്നിലേക്ക് ഉള്‍വലിയുക.''

ക്യാപ്റ്റന്‍ എന്താണ് പറഞ്ഞുവരുന്നതെന്ന് ആര്‍ക്കും ഒരൂഹവും ഉണ്ടായില്ല.

''എനിക്കന്ന് ഇവിടെ, ഈ ദ്വീപിലായിരുന്നു പോസ്റ്റിങ്ങ്. കുടുംബത്തോടൊപ്പം ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം'' -ക്യാപ്റ്റന്‍ തുടര്‍ന്നു: ''ഞങ്ങള്‍ ക്വാര്‍ട്ടേഴ്സിലെ അന്തേവാസികള്‍ കുടുംബസമേതം ജലം പിന്‍വാങ്ങിയ കടലിന്റെ അടിത്തട്ടിലേയ്ക്കിറങ്ങി. ഞാന്‍ ഭാര്യയേയും മക്കളേയും കൂടാതെ ക്യാമറയും ഒപ്പം കരുതി. കടലിന്റെ അടിത്തട്ടു നിറയെ ജ്വലിക്കുന്ന വര്‍ണ്ണങ്ങളിലും വിവിധ രൂപങ്ങളിലുമുളള പവിഴപ്പുറ്റുകളായിരുന്നു. കാണേണ്ട ഒരു കാഴ്ച തന്നെയായിരുന്നു അത്. എന്റെ ക്യാമറ ബാറ്ററി തീരും വരെ നിരന്തരം കണ്ണു ചിമ്മിക്കൊണ്ടിരുന്നു. കുട്ടികള്‍ വിശപ്പും ദാഹവും അറിഞ്ഞതേയില്ല. നേരം വൈകിയതോടെ കടലില്‍ ജലം തിരികെയെത്താന്‍ തുടങ്ങി. 

ഞങ്ങള്‍ തിരിച്ചു കയറി ക്വാര്‍ട്ടേഴ്സുകളിലേക്ക് മടങ്ങി.

സന്ധ്യയായപ്പോഴേയ്ക്ക് കടല്‍ പഴയ പടിയായി. പക്ഷേ, കാറ്റോ തിരകളോ ഉണ്ടായിരുന്നില്ല. പ്രശാന്തമായ ജലപ്പരപ്പ്.

രാത്രി അത്താഴം കഴിഞ്ഞ്, പുറത്ത് വെള്ളമിളകുന്ന ശബ്ദം കേട്ടു നോക്കുമ്പോള്‍ കടല്‍ വീട്ടുമുറ്റത്ത് എത്തിയിരുന്നു. ജലനിരപ്പ് അപ്പോള്‍ ഹൈ റ്റൈഡ് മാര്‍ക്കിനും മുകളില്‍ എത്തിയ നിലയിലായിരുന്നു. വേലിയേറ്റത്തിന്റെ സമയത്ത് അപൂര്‍വ്വമായി പതിവുള്ളതായിരുന്നു അത്.

പക്ഷേ, തുടര്‍ന്നും ജലനിരപ്പ് ഉയരാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ സംഭീതരായി. നോക്കി നില്‍ക്കെ വെള്ളം വീടിനുള്ളില്‍ കയറി. ഏതാനും നിമിഷങ്ങള്‍കൊണ്ട് വെള്ളം ഞങ്ങളുടെ അരയ്‌ക്കൊപ്പമെത്തി. കയ്യില്‍ കിട്ടിയ സാധനങ്ങളുമെടുത്ത് ഞങ്ങള്‍ ടെറസ്സിലേയ്ക്ക് ഓടി. ടെറസ്സില്‍ ഞങ്ങളെക്കൂടാതെ മറ്റു കുടുംബങ്ങളുമുണ്ടായിരുന്നു.

ടെറസ്സില്‍നിന്നു നോക്കുമ്പോള്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്ന ജനക്കൂട്ടം ദ്വീപിലെ ഏറ്റവുമുയര്‍ന്ന സ്ഥലങ്ങളായ റണ്‍വേയും ടര്‍മാക്കും ലക്ഷ്യമാക്കി ഓടുന്നതു കണ്ടു. അത് മതിയായിരുന്നുവെന്ന് അപ്പോള്‍ എനിക്കും തോന്നി. പക്ഷേ, എടുത്ത തീരുമാനം തിരുത്താന്‍ കഴിയാത്തവണ്ണം ജലനിരപ്പ് അപ്പോള്‍ ടെറസ്സിനു തൊട്ടു താഴെ എത്തിയിരുന്നു.

അപ്പോഴാണ് ഭാര്യ അത് ചൂണ്ടിക്കാണിച്ചത്. കടലില്‍ അന്‍പത് അറുപത് അടി പൊക്കവും ഒന്നൊന്നര കിലോമീറ്റര്‍ നീളവുമുള്ള ജലത്തിന്റെ ഒരു വന്മതില്‍. ഞാന്‍ ടെറസ്സില്‍ നില്‍ക്കുന്ന മറ്റുളളവരെ നോക്കി. പലരും അത് കണ്ടിട്ടു തന്നെയില്ല. ആ മതില്‍ ഞങ്ങള്‍ക്കുനേരെ പാഞ്ഞടുക്കുകയാണെന്നു മനസ്സിലാക്കാന്‍ എനിക്ക് ഏതാനും നിമിഷങ്ങള്‍ വേണ്ടിവന്നു. ഞാന്‍ അഞ്ചും ആറും വയസ്സുള്ള മക്കളെ എന്റെ ഇരുവശത്തുമായി ചേര്‍ത്തുപിടിച്ചു. ഭാര്യ അലറിക്കരഞ്ഞു കൊണ്ട് മുന്നില്‍ വന്ന് എന്നെയും മക്കളേയും കെട്ടിപ്പിടിച്ചു.

അത് ദ്വീപിനെ വിഴുങ്ങിയ ആദ്യത്തെ സുനാമിത്തിരയായിരുന്നുവെന്ന് ലോകം അറിയാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.

വെള്ളം ഞങ്ങളെ കൊണ്ടുപോകുമ്പോള്‍ ആദ്യം അടര്‍ന്നുപോയത് ഭാര്യയാണ്. പിന്നാലെ മക്കള്‍ ഓരോരുത്തരായി എന്റെ കൈകളില്‍നിന്ന് ഊര്‍ന്നുപോയി. ബോധം തെളിയുമ്പോള്‍ ഒരു വാതിലിന്റെ മരപ്പാളിക്കു മുകളില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ കടലിലൂടെ ഒഴുകിനടക്കുകയാണ് ഞാന്‍. ഇരുട്ടുമാറി ചുറ്റും വെയില്‍ പരന്നിരുന്നു അപ്പോള്‍.

കണ്ടുകിട്ടിയ ഓരോ ജഡങ്ങളും ഒന്നൊഴിയാതെ ഞാന്‍ പരിശോധിച്ചു. അവയിലൊന്നും എന്റെ ഭാര്യയോ മക്കളോ ഉണ്ടായിരുന്നില്ല.

എന്തെങ്കിലും ഒരു തുമ്പു കിട്ടുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ദ്വീപിലൂടെയും കടല്‍ത്തീരത്തു കൂടെയും ദിവസങ്ങളോളം അലഞ്ഞു.

ഒരു ദിവസം കടല്‍ത്തീരത്തെ മണലില്‍ പുതഞ്ഞുകിടന്ന വസ്തു എന്തോ പൂര്‍വ്വപരിചയം തോന്നിപ്പിച്ചു. 

ഉപ്പുവെള്ളം കയറി ദ്രവിച്ച നിലയിലുള്ള എന്റെ ക്യാമറയായിരുന്നു അത്. അവസാനം എടുത്ത ചിത്രങ്ങളുണ്ടാവില്ല എന്നുറപ്പുള്ള അത് ഞാന്‍ കടലിലേക്കു തന്നെ വലിച്ചെറിഞ്ഞു.

എന്റെ ഭാര്യയും മക്കളും മരിച്ചു എന്നതിന് ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ല; അവര്‍ ജീവിച്ചിരിപ്പുണ്ട് എന്നതിനും.

വര്‍ഷം പതിനെട്ടു കഴിഞ്ഞു.

ജീവിതത്തിന്റേയും മരണത്തിന്റേയും വിളുമ്പില്‍ തീര്‍ച്ചയൊന്നുമില്ലാതെ ഇങ്ങനെ നില്‍ക്കാതിരിക്കാന്‍ അവര്‍ എന്ത് സുരക്ഷാ മുന്‍കരുതലാണ് സ്വീകരിക്കേണ്ടിയിരുന്നത്?''

ക്യാപ്റ്റന്‍ തന്റെ മൂന്നാമത്തെ ഡ്രിങ്കും അവസാനിപ്പിച്ചു.

എല്ലാവര്‍ക്കുമിടയില്‍ മരവിച്ച ഒരു നിശ്ശബ്ദത പരന്നു.

കടല്‍ക്കാറ്റു മാത്രം ഇടയ്ക്കൊന്ന് ചൂളം കുത്തി.

''ചിയര്‍ അപ്പ് ബോയ്സ്, നാളെ രാവിലെ നമ്മള്‍ ടെയ്ക്കോഫ് ചെയ്യുന്നു'' -ക്യാപ്റ്റന്‍ പറഞ്ഞു: ''സത്യന്‍, എനിക്ക് നിന്റെ ഒരു സഹായം ആവശ്യമുണ്ട്. അതെന്താണെന്ന് നാളെ പറയാം.''

എട്ട് 

രാവിലെ സത്യനും എസ്.കെ. സിങ്ങും ടര്‍മാക്കിലെത്തുമ്പോള്‍ വീല്‍ചെയറിലുള്ള യാത്രക്കാരനും അയാളുടെ സഹായിയും അവിടെ ഹാജരുണ്ടായിരുന്നു.

''അഭിനന്ദനങ്ങള്‍'' സത്യനെ കണ്ടപാടെ വീല്‍ചെയറിലിരുന്ന യാത്രക്കാരന്‍ പറഞ്ഞു: ''ഒടുവില്‍ നിങ്ങള്‍ വിമാനത്തിന്റെ ദീനം സുഖപ്പെടുത്തി, അല്ലേ.''

അയാള്‍ സത്യനോട് എന്തെങ്കിലും സംസാരിക്കുന്നത് ആദ്യമായിട്ടായിരുന്നു.

സത്യന്‍ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു.

''സുഖപ്പെടുത്താന്‍ കഴിയുന്ന വൈദ്യന്മാരുണ്ട്'' -വീല്‍ചെയറിലിരുന്ന യാത്രക്കാരന്‍ തുടര്‍ന്നു: ''സുഖപ്പെടുന്ന ദീനങ്ങളും.''

സത്യന്‍ എന്തു പറയണമെന്നറിയാതെ നിന്നു.

അല്പ സമയത്തിനകം ക്യാപ്റ്റനും കോ പൈലറ്റും നാവിഗേറ്ററുമെത്തി. 

കോ പൈലറ്റിന്റേയും നാവിഗേറ്ററുടേയും മുഖങ്ങളില്‍ മടക്കയാത്രയുടെ ഉന്മേഷമൊന്നും കണ്ടില്ല. മാത്രമല്ല, അവരുടെ മുഖങ്ങള്‍ അപകടകരമായ ഒരു ദൗത്യത്തിന് പുറപ്പെടുന്നവരുടേതുപോലെ വലിഞ്ഞു മുറുകിയുമിരുന്നു.

''യു വില്‍ ബി വിത്ത് മി ഇന്‍ ദ കോക്ക്പിറ്റ്'' -ക്യാപ്റ്റന്‍ സത്യനെ അടുത്ത് വിളിച്ച്, തോളില്‍ കൈവെച്ച്, കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: ''എന്റെ സീറ്റിനു പിറകില്‍നിന്നു നീ ഇ.ജി.റ്റി മോണിട്ടര്‍ ചെയ്തുകൊണ്ടിരിക്കണം. ഇ.ജി.റ്റി പരിധിവിട്ട് കൂടുന്ന പക്ഷം എന്റെ തോളില്‍ ഒന്നു തട്ടിയാല്‍ മതി. ഫ്യൂവല്‍ ഫ്‌ലോ കുറച്ചു ഞാന്‍ അത് നിയന്ത്രിച്ചുകൊള്ളാം.

യന്ത്രത്തിന് ഒരിക്കലും മനുഷ്യനാകാന്‍ കഴിയില്ലായിരിക്കാം. പക്ഷേ, മനുഷ്യനു തീര്‍ച്ചയായും യന്ത്രമാകാന്‍ കഴിയും. സത്യന്‍, യു ബി മൈ ഫ്യൂവല്‍ ബൈപാസ് സോളിനോയ്ഡ് ഡ്യൂറിങ്ങ് ദിസ് ഫ്‌ലൈറ്റ്.''

വിമാനം വൈകാതെ പറന്നുയര്‍ന്നു. 

ദ്വീപ് താഴെ പ്രഭാതത്തിന്റെ വെയിലില്‍ കുളിച്ച ഒരു പുല്‍ത്തുരുത്തായി ചുരുങ്ങി.

പാസഞ്ചര്‍ ക്യാബിനില്‍ വീല്‍ചെയറിലുള്ള യാത്രക്കാരനും അയാളുടെ സഹായിയും എസ്.കെ. സിങ്ങും ഒഴികെ മറ്റാരും ഉണ്ടായിരുന്നില്ല.

''ലുക്ക്... ലുക്ക് ദെയര്‍ അറ്റ് ഫോര്‍ ഒ ക്ലോക്ക് പൊസിഷന്‍'' വിന്‍ഡ് ഷീല്‍ഡിലൂടെ പുറത്തേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ക്യാപ്റ്റന്‍ തന്റെ സീറ്റിനു പിറകില്‍ നിലയുറപ്പിച്ചിരുന്ന സത്യനോട് പറഞ്ഞു.

വിമാനത്തിന്റെ നാസികാഗ്രം ഒരു ക്ലോക്ക് ഡയലിന്റെ മധ്യബിന്ദുവായി സങ്കല്പിച്ചുകൊണ്ട് സത്യന്‍ വിന്‍ഡ് ഷീല്‍ഡിലൂടെ നാലു മണിയുടെ സ്ഥാനത്തിനു നേര്‍ക്ക് കണ്ണയച്ചു.

അണയാന്‍ തുടങ്ങുന്ന കാട്ടുതീ എന്നാണ് സത്യന് ആദ്യം തോന്നിയത്.

ചാരക്കൂമ്പാരമായി, നടുക്ക് മാത്രം പുക വമിപ്പിച്ചുകൊണ്ട് ഒരു ദ്വീപ്.

ചുറ്റും നിസ്സംഗമായി കടല്‍ നീല.

''നമ്മുടെ ടെറിട്ടറിക്കുള്ളിലെ ഒരേയൊരു സജീവ അഗ്‌നിപര്‍വ്വതമാണ്'' -ക്യാപ്റ്റന്‍ പറഞ്ഞു.

ക്യാപ്റ്റന്‍ വിമാനത്തിന്റെ ഉയരം കുറച്ചുകൊണ്ടു വന്നതോടെ പുക വമിപ്പിച്ചുകൊണ്ടിരുന്ന പിളര്‍വായ്ക്കുള്ളില്‍ തീക്കണ്ണു തെളിഞ്ഞു.

''ഭൗമോല്പത്തിക്കും മുന്‍പുള്ള, ആദിമമായ അഗ്‌നി'' -ക്യാപ്റ്റന്‍ സത്യനോടു പറഞ്ഞു.

വിമാനം ഒരു തവണ അതിനു വലംവെച്ചു. തുടര്‍ന്ന് മുപ്പതിനായിരം അടി മുകളിലേക്കുയര്‍ന്ന് അത് ബംഗാള്‍ ഉള്‍ക്കടല്‍ മുറിച്ച് പറക്കാന്‍ തുടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com