'ഏഴരപ്പൊന്നാന'- പി.കെ. സുധി എഴുതിയ കഥ

ഇതുവരെയവന്‍ കേള്‍ക്കാത്ത അച്ചായന്‍ ഭാഷേം മാലപ്പടക്കം മാതിരിയുള്ള മുട്ടന്‍ തെറിയും എന്റെ വായീന്നു വന്നതോടെ എന്റെ ഡ്രൈവര്‍ പാറശ്ശാല മട്ടില്‍ പറഞ്ഞാല്‍ ഒരുമാതിരി അയ്യടാന്നായീ
'ഏഴരപ്പൊന്നാന'- പി.കെ. സുധി എഴുതിയ കഥ

കോട്ടയം  എറണാകുളം ഹൈവേ

കുമാരനെല്ലൂരും ഗാന്ധിനഗറും കഴിഞ്ഞതോടെ തിരക്ക് ഒഴിഞ്ഞു. റോഡിലിച്ചരെ ഗ്യാപ് വന്നു. തെള്ളകം വിട്ടപ്പോള്‍ എന്റെ ഡ്രൈവര്‍ വണ്ടി തൊണ്ണൂറേല്‍ വിടാന്‍ തുടങ്ങി. ഇതെന്റെ ഏറ്യാ ആണെന്ന വിവരം അവനറിയത്തില്ലല്ലോ. എനിക്ക് വല്ലാണ്ടെ വന്നു. ഒന്നു മെല്ലെയാവട്ടേടോ. ഞാന്‍ മനസ്സില്‍ പറഞ്ഞതും വെറുതെയായി. അവനങ്ങനെ ചവിട്ടിവിടുകയാണ്.

എന്നാ കോണോത്തിലെ വീടിരെടാ ഡാഷ് മോനെ. നീയിച്ചരെ പതുക്കെ പോടാ കൂവേ! ഞാനീ ചുറ്റുവട്ടങ്ങള് ഒന്നു നേരെചൊവ്വിനു കണ്ടോട്ടേ! കാലം കൊറെയായി ഇതുവഴി വന്നിട്ട്.

ഇതുവരെയവന്‍ കേള്‍ക്കാത്ത അച്ചായന്‍ ഭാഷേം മാലപ്പടക്കം മാതിരിയുള്ള മുട്ടന്‍ തെറിയും എന്റെ വായീന്നു വന്നതോടെ എന്റെ ഡ്രൈവര്‍ പാറശ്ശാല മട്ടില്‍ പറഞ്ഞാല്‍ ഒരുമാതിരി അയ്യടാന്നായീ. 

ഈ സാറെന്താ പെട്ടെന്നിങ്ങനെ? അവന്‍ ബോട്ടണി എം.ഫിലുകാരനൊക്കെ തന്നെ. എന്നാലും എപ്പോഴത്തെയും പോലെ അവന്റെ മനസ്സ് ഞാന്‍ വായിച്ചു. കാറ് പതുക്കെ നീങ്ങി. പുറകില്‍നിന്നും വണ്ടികള്‍ പാഞ്ഞുപറിച്ച് ഞങ്ങളെ കടന്നുപോയി. 

വിസ്തരിച്ചെഴുതിച്ചാല്‍ ഒരു നാന്നൂറ് നാന്നൂറ്റിയന്‍പത് പേജുകള്‍ വരുന്ന ഒരു കിത്താബാണ് എന്റെ ജീവിത പുസ്തകം. അതിലീ കുമാരനെല്ലൂര് കഴിഞ്ഞ് അടിച്ചിറ, തെള്ളകം വിട്ട് പാറോലിക്കല്‍ കവല മുതല്‍ ഏറ്റുമാന്നൂര്‍ പൊലീസ് സ്റ്റേഷന്‍ വരെയുള്ള ദൂരം. കഷ്ടിയൊരു കിലോമീറ്റര്‍. അതുമായി ബന്ധിച്ച എന്റെ ജീവിതപ്പഴമകള്‍ ആരേലും കൊണ്ടെഴുതിച്ചാല്‍ അത് ഏതാണ്ട് പത്ത് പന്ത്രണ്ട് പേജുകള്‍ മാത്രമേ കാണത്തൊള്ളു. (ദേ പിന്നെയും കോട്ടയം ഭാഷ). എന്നാലും അതൊരു കാലം. ഒരോര്‍മ്മ. തെറിക്കാലമെന്നോ തെറിവരികളെന്നോ ആകര്‍ഷകമായി ആ അധ്യായത്തിനു പേരിടുകയും ചെയ്യാം. 

വണ്ടി പതുക്കെ നീങ്ങുകയാണ്. ഏലിയാമ്മ ഡോക്ടറുടെ ആശുപത്രിയിതാ. അതു കണ്ടതോടെ ഞാനൊരു പത്തു വയസ്സുകാരനായി മാറി. അതിന്റെ കരോട്ടുള്ള വീടോ? 

ഡ്രൈവറ് പയ്യന്‍ പതുക്കെ വിട്ടിട്ടും ഒരു തടിയന്‍ കണ്ടൈനര്‍ ലോറി. എന്നാ വലിപ്പമാ? പത്തായ വണ്ടി തന്നെ. അതു കിടന്നതു കാരണം പണ്ടു ഞങ്ങള്‍ രണ്ടുമാസം താമസിച്ചിരുന്ന ആ ഓടിട്ട വീട് കാണാന്‍ കഴിഞ്ഞില്ല. അതു പൊളിച്ചുപോയിരിക്കും. വഴിക്കങ്ങനെ കാര്‍ന്നോരു വീടുകളധികം കണ്ടില്ല. ഇനി അടുത്ത വരവില്‍ ഏലിയാമ്മ ഡോക്ടറുടെ ആശൂപത്രിയില്‍ ഒന്നിറങ്ങണം. വെറുതെ. അന്നത്തെ ഡോക്ടറും നഴ്‌സുമാരുമൊക്കെ എന്നേ കൈതമലപ്പള്ളീ സെമിത്തേരിയില്‍ പോയിക്കാണും. എന്നാലും ഏലിയാമ്മ ഡോക്ടര്‍!
ഞങ്ങളുടെ അച്ഛന്‍ ഏറ്റുമാന്നൂര് സ്റ്റേഷനില്‍ ഏട്ടായിട്ടന്നു സ്ഥലം മാറ്റമായി വന്നതാണ്. ഓര്‍മ്മകളുടെ കുത്തൊഴുക്കായി തുടര്‍ന്നെന്റെയുള്ളില്‍. 

പണ്ടത്തെ മാതിരി തന്നെ ഏറ്റുമാന്നൂര്‍ പൊലീസ് സ്റ്റേഷന്‍. ഞാന്‍ കണ്ണുകള്‍ പുറത്തിട്ട് നോക്കി. സ്റ്റേഷന്റെ തലപോലും കാണുന്നില്ല. പടികളുണ്ട്. പണ്ടത്തെ മാതിരി. പിന്നെ നല്ല വൃത്തിയുള്ള ബോര്‍ഡുമുണ്ട്. 

അതിനപ്പുറത്ത് ഞങ്ങള്‍ തുണികള് വാങ്ങിച്ച ആ നെരക്കടയൊക്കെ പൊളിച്ചുപോയി. ബാറ് ഹോട്ടലാവണം. മുഴുത്ത ഒരു കെട്ടിടം വന്നിരിക്കുന്നു. അന്നുമിന്നും ഇവിടെ ബാറുകളുടെ അയ്യരുകളിയാണ്. 

ഈ ബാറെന്നുവച്ചാലെന്തരാണ് അണ്ണാ? എന്റെ ഓര്‍മ്മയില്‍ പോള്‍ എക്‌സ്. മാണി വന്നു. നെന്നെ ഞാന്‍ ബാറു കൊണ്ടക്കാണിക്കാമെടാ. അന്നു മാണിച്ചേട്ടായി പറഞ്ഞതും ഞാനോര്‍ത്തു.

അത്തവണത്തെ പള്ളിക്കൂടപ്പൂട്ടിന് അമ്മേം ഞാനും എന്റെ രമണിയക്കനും അനിയനും കൂടി പാറശ്ശാലേന്ന് ഒരു ബസ്സില്‍ക്കേറി ഏറ്റുമാന്നൂരിന് പോന്നതാണ്. മക്കളേ അതേ പറ്റുവള്ളു. അല്ലാതെ നിങ്ങളെ അച്ഛന്‍ നമ്മളെ അങ്ങോട്ട് കൊണ്ടുപോവേന്നുമില്ല. വെളുപ്പിന് കുളിച്ചൊരുങ്ങിയെറങ്ങിയപ്പം അമ്മച്ചി പറഞ്ഞതിപ്പോഴും..

കേരളം മുഴുവനും ഞങ്ങക്ക് കാണാന്‍ പറ്റിയത് അച്ഛന്റെ കപ്പടാ മീശയുടെ ഏട്ടുഭരണം കാരണമാണ്. അന്നൊക്കെ ഒരു സ്റ്റേഷനില്‍ ഒന്ന് അല്ലെങ്കില്‍ ഒന്നര ഏട്ടുമാരേ കാണൂ. ഭരണം മുഴുവനും അവരുടെ കൈകളിലാ. എസ്സെമാരായി അവരുടെ മുന്നില്‍പ്പെടുന്ന ചെറുക്കന്മാരൊന്നും ഒന്നുമല്ല. കേരളാപ്പൊലീസിലെ ഏറ്റവും വലിയ കപ്പടാ മീശക്കാരനായിരുന്നു ഞങ്ങളുടെ അച്ഛന്‍. 

അതുമാത്രമല്ല. ചില നേരത്ത് ഒരുമാതിരി ചൊറിയണ ആപ്പീസര്‍മാരെ കാണുമ്പോ അച്ഛന്റെ മീശ അറിയാതെ പൊങ്ങിപ്പോവും. അതോടെ അച്ഛന്റെ കസേര വീണ്ടും തെറിച്ചുപോവും (ഈ പിള്ളേര്‍ക്ക് നല്ല ഭാഗ്യമുണ്ട്. അതുകൊണ്ടാണ് ഇതുവരെയും എന്റെ തൊപ്പി സ്ഥിരമായിട്ടങ്ങ് ഊരിപ്പോവാത്തത്. അച്ഛനങ്ങനെ സര്‍വ്വീസ് സ്റ്റോറി ചുരുക്കിപ്പറയാറുണ്ട്). പെരുമാറ്റദൂഷ്യം കാരണം മാറ്റങ്ങളായി എവിടെയൊക്കെ പോയിട്ടുണ്ടെന്ന് അച്ഛനുപോലുമറിഞ്ഞൂടാ. 

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

എന്തരമ്മച്ചീ ഈ ബാറ്കള്. മൂന്നെടെത്താണ് എഴുതിവച്ചിരിക്കണ്.

ഞാനമ്മയോട് ചോദിച്ചത് വെറുതെയായി. അമ്മയ്ക്ക് ഒരുവിധം കാര്യങ്ങളൊന്നുമറിയില്ല. അച്ഛന്‍ പറയുന്നതു മാത്രമായിരുന്നു അവരുടെ വേദവാക്യം. അതുകാരണം അമ്മച്ചിക്ക് മൂന്നുപിള്ളേരേം കൊണ്ട് ദാമ്പത്യ സര്‍വ്വീസ് മുഴുമിപ്പിക്കാനൊത്തു.

ചാരായത്തിന്റെ ചേട്ടനെ വിക്കണ കടയാണെടാ അത്. ചേച്ചി പറഞ്ഞതു കേട്ടുകൊണ്ടാണ് ഞങ്ങളന്ന് ഏറ്റുമാന്നൂര്‍ സ്റ്റേഷന്റെ കീഴ്പടിയിലെത്തിയത്. ഞങ്ങളെ താഴെ നിര്‍ത്തി അമ്മ പടികള്‍ കയറി മറഞ്ഞു.

ഞങ്ങള്‍ റോഡിലേയ്ക്ക് ഇനിയീ നാട്ടില്‍ കാണാന്‍ കെടക്കണ കാര്യങ്ങള്‍ നോക്കി നിന്നു. 

പട്ടീസുകെട്ടിയ രണ്ടു കാലുകള്‍, അതിനു പിന്നാലെ നിറം വറ്റിയ പച്ചനിറത്തിലെ വോയല്‍ സാരി. ഇവ അച്ഛനുമമ്മയുമായി പടികളിറങ്ങി തിരിച്ചുവന്നു. ഒരുപാടു നാളുകളായി മക്കളെ അച്ഛന്‍ കാണേണ്. 

സിനിമയിലെ മാതിരി അച്ഛന്‍ ഞങ്ങളെ ചേര്‍ത്തുപിടിക്കുമെന്നു കരുതി ഞാന്‍ കുറച്ചുനേരം കണ്ണുകളടച്ചു നിന്നു.

എടാ. 

അച്ഛന്‍ വിളിച്ചതിനു പിന്നാലെ ഒരു ചെറുക്കന്‍. (അതോ അണ്ണനോ? രമണിച്ചേച്ചിയെക്കാള്‍ പ്രായമുള്ളവനെന്നു തോന്നിപ്പിച്ചു. എന്നാലൊരു കുട്ടിത്തവുമുണ്ട്. എന്തരോ എന്താ.) ഒരുത്തനെത്തി. അവന്‍ മുകളില്‍നിന്നോ? അതോ താഴെ റോഡില്‍നിന്നാണോ പ്രത്യക്ഷപ്പെട്ടത്? അതു കണ്ണിപ്പെട്ടില്ല. അതെല്ലാം കാണാന്‍ എന്റെ കൊച്ചു കണ്ണിന് അന്ന് ശേഷിയില്ലായിരുന്നു. 

ഞങ്ങളുടെ ബാഗും സഞ്ചികളുമെല്ലാം കാരിയറിലും ഹാന്‍ഡിലിലും തൂക്കി സൈക്കിളും തള്ളി അവന്‍(യാള്‍) മുന്നില്‍ നടന്നു. ഞാന്‍ ബാറിനെക്കുറിച്ച് അയാളോട് വീണ്ടും ചോദിച്ചു. നെന്നെ ഞാന്‍ ബാറു കൊണ്ടക്കാണിക്കാമെടാ. ആ അണ്ണച്ചി എന്റെ കാതില്‍ പറഞ്ഞു.

അന്നാണ് ആദ്യമായി ഏലിയാമ്മ ഡോക്ടറുടെ ആശുപത്രി കണ്ണില്‍പതിഞ്ഞത്. 

ഹെഡ്‌കോണ്‍സ്റ്റബിള് സാറേ. ഇവന് കൊഴപ്പമൊന്നുമില്ല കേട്ടോ. വിരയുടെ ച്ചരെ ഉപദ്രവം മാത്രമേ കാണത്തൊള്ളു. ആദ്യം കണ്ടപ്പോള്‍ തന്നെ എന്റെ കെര്‍പ്പിണി വയറ്റില്‍ തട്ടി അവര്‍ പറഞ്ഞു. ഏലിയാമ്മ ഡോക്ടര്‍ അന്നൊരു കുളിരായിരുന്നു. എന്താണെന്നറിയാത്ത കുളിര്. 

ആശുപത്രിയുടെ അടുത്തുള്ള ആ വലിയ ഓടിട്ട വീട്ടില്‍ ഞങ്ങളെത്തി. പൊലീസ് ഏട്ടുമാരൊക്കെ ഇങ്ങനത്തെ വീട്ടിത്തന്നെ താമസിക്കണം.

അച്ഛനെക്കുറിച്ചുള്ള എന്റെ മതിപ്പ് വൈകാതെ വറ്റിയത് അതിനുള്ളിലൊരാള്‍ അടുത്തയിടെ തൂങ്ങിച്ചത്തെന്നറിഞ്ഞതോടെയാണ്. 

ചെന്നപാടെ അമ്മയും അക്കനും പുറകില്‍ മറപ്പുരയിലേയ്ക്ക് ഓടി. 

താനേത് ക്ലാസ്സിലാടോ?

അഞ്ചില്‍?

ങാ. സ്‌കൂളോ?

അയിര യു.പി

മയിരോ? എന്തുവാടെ?

അയ്യോ. അണ്ണാ. അങ്ങനെ പറയണാ? അത് അവിടെ പള്ളാണ്. എന്റെ നാക്ക് പൊങ്ങി. പക്ഷേ, ഐറ്റത്തിനെക്കുറിച്ചൊരു ധാരണയെനിക്ക് അതിനോടകം വന്നതിനാല്‍ മിണ്ടിയില്ല. ഞങ്ങളെ നാട്ടിനെത്തന്നെ കളിയാക്കിക്കളഞ്ഞു. എനിക്ക് ദേശസ്‌നേഹവും വന്നു.

അണ്ണച്ചി. നിങ്ങളെ പേരെന്തരാണ്? ഞാന്‍ തിരിച്ചു ചോദിച്ചു.

ണ്ണച്ചി. പോള്‍ എക്‌സ് മാണി. 

ഒരു പള്ളുകൂട്ടി അയാള്‍ പേരുപറഞ്ഞു.

ഞാന്‍ ചിരിച്ചുപോയി. അത് ആ പള്ള്‌പേര് കേട്ടതോണ്ടാണെന്ന് അയാള്‍ക്ക് മനസ്സിലായി. അയാള്‍ മുണ്ട് പൊക്കിക്കാണിക്കാനൊരുങ്ങിയതാണ്. മുഖത്തെ മുറുക്കം മാറി ചേച്ചി വന്നതോടെ അതിനു തുനിയാതെ പോള്‍ മാണി സൈക്കിളില്‍ കേറി ഒരു പോക്ക്.

എന്തെരെടാ അയാള് പറഞ്ഞത്? ചേച്ചിക്ക് മറുപടികൊടുക്കാതെ ഞാന്‍ വീട്ടിന്നുള്ളിലെ മണം പിടിച്ചു നിന്നു. അതൊരു പൂതലിച്ച ഗന്ധമായിരുന്നു.

പുറത്ത് സൈക്കിള്‍ മണിയടി. അത് പോള്‍ എക്‌സ് മാണി തിരികെ വന്നതാണ്. 

കരോട്ടെ ഹോട്ടലില്‍നിന്നാണ്. എന്നു പറഞ്ഞ് അവന്‍ (അതോ അയാളോ എനിക്ക് സംശയം മാറിയില്ല) ചോറു പൊതികള്‍ അമ്മയ്ക്ക് കൈമാറി. അസുര മൊളവിട്ട എരിയണ മീന്‍ കറിതൊട്ടു നാക്കി വയ്ക്കുമ്പോഴും കരോട്ടെ ഹോട്ടലിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. അവിടെ നമ്മളെ പാറശ്ശാലേലെ മാതിരി അടിമൊറയും കളരിപ്പയറ്റും കാണുവോ? അതോ കരോട്ടെ മാത്രമേയൊള്ളോ? ഇതൊരു അശകോടന്‍ നാടുതന്നെ.

ഞാനന്നു ശ്രദ്ധിച്ച മറ്റൊരു സംഗതി. അയലോക്കക്കാരൊന്നും പുത്തന്‍ പൊറുതിക്കാരെ കാണാന്‍ വന്നില്ല എന്നതാണ്. നമ്മെടെ പാറശ്ശാലേലായിരിക്കണം. യ്യോടീ; അക്കച്ചീന്നും പറഞ്ഞ് ഏട്ടങ്ങത്തേടെ ഭാര്യയേയും പൊറുതീം കാണാന്‍ ആളെത്രയും അന്നേരത്ത് കൂടിയിരിക്കും. 

മാണിച്ചേട്ടന്‍ ഇടയ്ക്കിടെ വീട്ടില്‍ വരും. ഒരു ദിവസം എന്നേം അനിയനേം സൈക്കിളിന്റെ മുന്‍ബാറിലിരുത്തി ഏറ്റുമാന്നൂര്‍ റോഡിലെ നെയ്യാറ്റിങ്കര, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ബസ്സുകള്‍ക്കിടയിലൂടെ അടിച്ചു മിന്നിച്ച് കൊണ്ടുപോയി. അത് പേരൂര്‍ക്കവലേലെ ബാര്‍ബര്‍ഷോപ്പിലോട്ടായിരുന്നു. അച്ഛന്‍ പറഞ്ഞു വിട്ടതാണ് പിള്ളേരെടെ മുടിവെട്ടിക്കാന്‍.

അന്നു രാത്രിയില്‍ അമ്മച്ചിയെ കുറെ പുളിച്ചതു അച്ഛന്‍ പറഞ്ഞു. മാണിച്ചേട്ടനില്‍നിന്നും പഠിച്ചോണ്ടാണ് അതൊക്കെ പള്ളുകളാണെന്നെനിക്ക് മനസ്സിലായത്. അനിയനൊന്നും പിടികിട്ടിയില്ല. എന്തരവളേ, ,, അവന്‍ പിള്ളേരെ സൈക്കിളിലിരുത്തി ഏറ്റുമാന്നൂരിലെ വണ്ടികള്‍ക്കെടയിലൂടെ അടിച്ചു മിന്നിച്ചു പോയത് നീയറിഞ്ഞില്ലേ? ങ്ഹ. 

ചോറുവച്ചു കൊടുക്കണ അമ്മയെ അത്രയ്ക്ക് പറഞ്ഞെങ്കില്‍ പോളച്ചന് വയറു നെറയെ കിട്ടിക്കാണണം. പിറ്റേന്ന് എന്നെ കണ്ടപാടേ കൊറെ പള്ള്കള് അതച്ഛന്‍ പറഞ്ഞതുതന്നെ പോളച്ചന്‍ എന്റെ മുഖത്തു നോക്കി വിളിച്ചു. 

അടുത്ത തവണ ഉടുപ്പിനും നിക്കറിനും അളവെടുപ്പിക്കാന്‍ പോയ നേരത്ത് മാണിച്ചേട്ടന്‍ ഞങ്ങളെ സൈക്കിളില്‍ കേറ്റിയിട്ടില്ല. പൊറകില്‍ കാരിയറില്‍ പിടിച്ചോണ്ട് ഏറ്റുമാന്നൂരു കവലയിലെ തയ്യല്‍ക്കടവരേയും പിന്നീട് തിരിച്ചും എം.സി റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടത്തിച്ചു. ചേട്ടായി സീറ്റിലിരുന്ന് ചവിട്ടി. 

ഇടയ്ക്ക് അല്പം സ്പീഡു കൂട്ടി. ഞങ്ങളെ ഓടിച്ചു. അങ്ങനെയാണ് പിള്ളകളോട് പകരം വീട്ടിയത്. 

ഏട്ട് അച്ഛന്‍ എന്തിനെങ്കിലും മാണിച്ചേട്ടനെ ചാടിച്ച ദിവസമാണെങ്കില്‍ അന്നു കിട്ടിയ എല്ലാ പള്ളുകളും അടുത്ത തവണ കാണുമ്പോള്‍ എന്റെ കാതില്‍ വിളിച്ച് കലി തീര്‍ത്തു.

എന്തെരടാ. അവന്‍ വന്ന് നിന്റെ കാതി കൂടെക്കൂടെ മന്ത്രം പറയണത്? രമണിച്ചേച്ചി കുറെ ചോദിച്ചിട്ടുണ്ട്. നമക്ക് മിണ്ടാന്‍ പറ്റുവോ?

ഈ പള്ളും ചീത്തേം തെറിവാക്കുകളും അതിലൊന്നും ഒരു കാര്യവുമില്ലെന്ന് എനിക്കന്നു മനസ്സിലായി. 

ഈ ഏറ്റുമാന്നൂരുകാര് കലികൊണ്ട് മാത്രമല്ല; സ്‌നേഹത്തോടെയും മുട്ടന്‍ പള്ള് വെട്ടിയിടും. ഞങ്ങളുടെ തൊട്ടടുത്ത അയല്‍ക്കാരന്‍ കാഴ്ചയ്ക്ക് കുട്ടിയെപ്പോലെയാണ്. അവന്റെ പേരാണെങ്കി വായിക്കൊള്ളത്തില്ല. ഫ്രാന്‍സിസ് ഇടിക്കുള. കെങ്കേമന്‍ പേര്. ആളെ വീട്ടിപ്പേര് കുട്ടാസ് എന്നാണേ! അതാണ് അയാള്‍ക്ക് ചേരണ പേരെന്നെ എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കുട്ടിത്തമുള്ള പേര്. വേണമെങ്കില്‍ പൊട്ടാസു മാതിരി പൊട്ടുകേം ചെയ്യും. 

ചിന്തിച്ചു വന്നത് തെറികളുടെ കഴമ്പില്ലായ്മയെ കുറിച്ചായിരുന്നല്ലോ. ഈ കുട്ടാസ് അയാളുടെ അപ്പന്റെ ചെള്ളയ്ക്ക് കുത്തിക്കൊണ്ട് നല്ല തെറികള്‍ വെട്ടിയിടണത് ഞാനെത്രയോ തവണ കണ്ടു. ആ അപ്പനൊരിക്കലും തിരിച്ചൊന്നും പറഞ്ഞിട്ടില്ല. നീപോടാ ഡാഷേ എന്നു മാത്രം പതുക്കെ മിണ്ടി. അതോടെ ഈ പള്ളുകളിലൊന്നും ഒരു കാര്യവുമില്ലെന്ന് ഞാനൊറപ്പിച്ചു.

അങ്ങനെ ഒരു ദിവസം രാവിലെ ആരും കാണാതെ ഒരു കടലാസില്‍ ഞാന്‍ വെറുതെ പള്ള്, ചീത്ത, തെറി എന്നൊക്കെ എഴുതി വരയിട്ടു വച്ചു. ഞങ്ങളുടെ പാറശ്ശാലയില്‍ കേക്കാത്ത പള്ളുകള്‍ ഓരോന്നായി നമ്പരിട്ട് താഴെത്താഴെ എഴുതാന്‍ തുടങ്ങി. 

ഇടയ്ക്ക് എനിക്കൊരു സംശയം തോന്നി. ഒരു പള്ളിനെ കുറിച്ചാണേ. അതുപോയി മാണിച്ചേട്ടനോട് ചോദിക്കാം. ഞാന്‍ ആ വീട്ടില്‍ ആകെയുണ്ടായിരുന്ന ഉരുപ്പടിയായ സൈക്കിള്‍ ടയറുരുട്ടി. തിരക്കില്ലാത്ത സെമിനാരി റോട്ടില്‍ കയറി സ്പീഡെടുത്തു. പ്രൈവറ്റ് സ്റ്റാന്‍ഡ് കടക്കാന്‍ എന്റെ ടയറു വണ്ടിക്ക് ഒരല്പം മുട്ടുണ്ടായി. മെയ്ന്‍ കവലയില്‍ ഒരു എടഞ്ചെറുപ്പുമുണ്ടായില്ല. 

ഞാനൊരിക്കലും സ്റ്റേഷന്റെ അകത്ത് കേറൂല്ലായിരുന്നു. പക്ഷേ, അന്നെന്തെരോ ഒരുമാതിരി കാണാനും കേക്കാനും വയ്യാത്ത ഒരിത് ഏറ്റുമാന്നൂരിലെല്ലാടെത്തുമുണ്ടായിരുന്നു. ഒരുതരം വെപ്രാളോം കെടക്കപ്പൊറുതിയില്ലായ്മയും. ആളുകള് വെരണ്ടു നടക്കുന്നു. രണ്ടും വരട്ടെയെന്നു വിചാരിച്ച് ഞാന്‍ സ്റ്റേഷന്‍ പടി കേറി. ശരിക്കും അവിടെയും കൊഴപ്പം തന്നെ. അച്ഛന്റെ കപ്പടാ മീശ പൊങ്ങി നിക്കേണ്. ഒരു വാരിക്കെട്ടും പൊറുതിമാറലും ഒറപ്പാണെന്ന് എന്റെ മനസ്സ് പറഞ്ഞു. 

ഇന്നച്ഛന്‍ ആരെയെങ്കിലുമൊക്കെ മൊകം നോക്കാതെ പള്ളുകള് വിളിക്കും. അതാലോചിച്ച് തീരും മുന്‍പ് അതാ മാണിച്ചേട്ടന്‍. ശരിക്കും പൊലീസ് വേഷത്തില്‍... ഞാനതിശയിച്ചു. അത് വെളിപാടും ഓര്‍മ്മക്കേടുമൊന്നുമല്ല. പോള്‍ എക്‌സ് മാണിയുടെ ഭുജത്തില്‍ പി.സി നാന്നൂറ്റി നാല്പത്തിയെട്ട് എന്ന് പിച്ചളയില്‍ കുത്തിയിട്ടുണ്ടായിരുന്നു. (നിങ്ങള് സ്റ്റേഷനില്‍ കേറി വരരുത്. എന്റൂടെ ചെലപ്പം സി.ഐ.ഡികളൊക്കെ കാണുമെന്നച്ഛന്‍ പറഞ്ഞിട്ടുണ്ടായിരുന്നത് എത്ര ശരിയാണ്). ഹോട്ടലില്‍നിന്നും നമക്കു ചോറുവാങ്ങിച്ചു തന്നതും സൈക്കിളില്‍ കേറ്റിക്കൊണ്ടു പോയതും മുടിവെട്ടിച്ചതും പള്ളുകള് പഠിപ്പിച്ചതും ഒരു സി.ഐ.ഡി ആയിരുന്നു. അമ്പോ. അയിര പള്ളിക്കൂടത്തിലെ ക്ലാസ്സിലെ മാതിരി എനിക്ക് കൂവാന്‍ തോന്നി.
അച്ഛാ, നമ്മളെ മാണിച്ചേട്ടന്‍ സി.ഐ.ഡി ആണോ?

മീശേം കെളത്തിവന്ന അച്ഛനോട് ഞാനെന്റെ എളമനസ്സാല്‍ ചോദിച്ചു. . അവന്റമ്മേടെ . അയ്യോ. ശരിയായി. മാണിച്ചേട്ടന്‍ ഇന്നലെ പഠിപ്പിച്ച അതേ പള്ള് കടലാസിലെഴുതാന്‍ എനിക്ക് വെപ്രാളമായി. പടികളിറങ്ങി വെക്കം ഓടണം. 

നക്ഷത്രംവച്ച കാറ് സ്റ്റേഷന്റെ പൊറകിലൂടെയുള്ള റോട്ടിലൂടെ കേറിവന്നു. എല്ലാ പൊലീസുകാരും അറ്റന്‍ഷനായി. ആരാണ്ട് വലിയ ആപ്പീസറന്മാര് വന്നിരിക്കുന്നു. അച്ഛനെ വിട്ട് തിരിഞ്ഞു ഞാനിറങ്ങിപ്പോന്നു. എന്തരോ വലിയ കൊഴപ്പങ്ങള്. അച്ഛന്റെ മീശയിപ്പയിനീം കെളരും. 

പൊറത്തിറങ്ങിയപ്പോഴാണ് കാര്യങ്ങളെ കെടപ്പ് മനസ്സിലായത്. 

ഓ, എന്ന പറയാനാ ഇന്നലെ രാത്രിയേല് ഏഴരപ്പൊന്നാനയെ ആരോ പൊക്കി! നമ്മളെ പൊലീസുകാരൊക്കെ അതിനെ തപ്പിപ്പോയേക്കുവാ. 

പ്രൈവറ്റ് സ്റ്റാന്‍ഡിലെ ആളുകള്‍ പറഞ്ഞത് അന്നേരത്ത് അത്ര ഗൗരവമായി എനിക്ക് തോന്നിയില്ല. ആനേനെ പൊക്കാനോ? അവിടെയും ഇവിടെയും നിക്കണവമ്മാര് പറയണതൊന്നും എന്റെ പുള്ള കേക്കേം കാണേം ചെയ്യേണ്ടെന്ന് അമ്മച്ചിയെന്നെ ഗുണദോഷിച്ചിട്ടുണ്ടായിരുന്നു. മാത്രമല്ല, ഏറ്റുമാന്നൂരമ്പലവും ഏഴരപ്പൊന്നാനയും വെറും തെക്കനായ ഒരു കുട്ടിക്ക് അന്നത്ര ഗൗനമുള്ള കാര്യങ്ങളല്ല. 

പാലക്കുന്നേക്കാരുടെ പറമ്പില്‍ തളച്ച വല്ല പാറുക്കുട്ടിയോ മൈക്കിള്‍ പാപ്പച്ചന്റെ ദേവനാരയണന്‍ ആനയോ! അതെവിടെയോ തീറ്റയെടുക്കാനോ തടിപിടിക്കാനോ പോയി എന്നൊക്കെ മാതിരിയേ എനിക്കന്നേരത്ത് തോന്നിയുള്ളു. ഈ ഏറ്റുമാന്നൂരുകാര്‍ക്ക് പേരിടാന്‍ തീരെ അറിയത്തില്ല. അനയ്ക്കല്ലേ ഇടിക്കുളയെന്നും ബ്രഹ്മന്‍പിള്ളയെന്നുമൊക്കെ പേരിടേണ്ടത്? തുമ്മിയാ തൂറിപ്പോണ മനുഷ്യന്മാര്‍ക്ക് അങ്ങനത്തെ പേരിട്ടിട്ടെന്തു കാര്യം? അതാനയ്ക്ക് തന്നെ കൊടുക്കണം. ഞാനങ്ങനെയൊരു തമാശയും വിചാരിച്ച് ചിരിച്ചു തിരിച്ചു നടന്നു.

അന്നു രാത്രിയീല്‍ അച്ഛന്‍ വീട്ടില്‍ വന്നില്ല. പിറ്റേന്നും. ചെലപ്പം പൊന്നാന പോയതിന്റെ പേരില്‍ കടലാസും വാങ്ങിച്ച് വരുവായിരിക്കും.

അങ്ങനെയായാല്‍ ഒരു രണ്ടുമാസം ഏലാക്കോണത്തെ ചൂത്തരന്മാരെ മാതിരി മീശയും വഴിച്ച് നടക്കും. കുറ്റമൊക്കെ രാജിയായി ജോലിക്ക് കേറാന്‍ അടുത്ത കടലാസ് വരാന്‍ ഏതാണ്ടായി എന്നു ഞങ്ങളറിയണത് കപ്പടാമീശ പൊടിച്ചുപൊങ്ങി മുട്ടനാവുമ്പഴാണ്.

സമയത്തിനും കാലത്തിനും അച്ഛന്‍ വരാത്തതൊന്നും ഞങ്ങളുടെ വീട്ടില്‍ അത്ര ഗൗരവമുള്ള കാര്യങ്ങളല്ല. ഒന്നര രണ്ടു മാസം കാണാതെ പോണം. അപ്പഴ് അമ്മ നേര്യത് എടുത്ത് ചുറ്റും. അച്ഛനെ തെരക്കി സ്റ്റേഷനില്‍ ചെല്ലും. അതും നേരെ ചൊവ്വേ കേറൂല്ല. ചായ കുടിക്കാനും മുറുക്കാനും വല്ല പൊലീസമ്മാര് റോട്ടിവരുമ്പം അമ്മ തഞ്ചത്തിച്ചെന്ന് പിള്ളാരെ അച്ഛനെക്കുറിച്ച് ചോദിച്ചു പോരും.

പിള്ളകളേ! അച്ഛന്‍ വയനാട്ടി കള്ളനെ പിടിക്കാന്‍ പോയിരിക്കേണ്! ഈ നാട്ടിലെത്രയോ തൊള്ളാമ്പ്ര കള്ളന്മാര് കെടക്കണ് നിങ്ങടെ അച്ഛന് അവന്മാരെയൊന്നും പിടിച്ചാപ്പോരാ! വയനാട്ടീന്നു തന്നെ വേണം. അങ്ങനെ പറഞ്ഞ് നേര്യതും ചുരുട്ടിക്കോണ്ട് അമ്മച്ചി വരുന്നതാണ് പതിവ്.

ഏറ്റുമാന്നൂരമ്പലത്തില്‍ കള്ളന്‍ കയറി അച്ഛനെ കാണാതായ മൂന്നിന്റേയോ നാലീന്‍ന്നോ വെളുപ്പിന് ഞാന്‍ തെങ്ങിന്റ മൂട്ടിച്ചെന്ന് ഇരുന്നിട്ട് വീണ്ടും വന്നു കെടന്നതേയുള്ളു. പൊറത്ത് ജീപ്പു വന്നു. 

അച്ഛനെത്തിയതായിരിക്കും. ഞാന്‍ മൈന്‍ഡു ചെയ്തില്ല. അമ്മ രമണിച്ചേച്ചിയെ വിളിച്ചൊണര്‍ത്തി. 

ഉറക്കപ്പിച്ചിലായിരുന്നിട്ടും അച്ഛന്റെ കയ്യുണ്ടായിരുന്ന ആ കടലാസ് തിരിച്ചറിഞ്ഞു. അവള്‍ അയിര സ്‌കൂളിലെ മലയാളം പരീക്ഷയ്ക്ക് ഉത്തരമെഴുതിയ വരയിട്ട കടലാസ്.

അത് ഞാന്‍ പഴയ ബുക്കും പേപ്പറീന്റെ കൂടെ അമരോളക്കാരന്റെ കടയി കൊടുത്ത് കടല വാങ്ങിച്ചതാണ്. 

ചേച്ചീടെ മൊഴി എന്തരിനാണ് ആ പൊലീസ് എഴുതണത്? അച്ഛനെന്തിനാണ് വലിയ പൊലീസിന്റെ മുന്നില്‍ വായപൊത്തി നിക്കണത്. ചാളുവായും തൊടച്ച് ഇറങ്ങിച്ചെന്നപ്പോള്‍ ഞാനാലോചിച്ചു പോയി. പൊറത്ത് വലിയ ഗൗരവത്തില്‍ യൂണിഫോമിട്ട് പോള്‍ എക്‌സ് മാണി നില്‍പ്പുണ്ടായിരുന്നു. ആ കള്ള സി.ഐ.ഡി എന്റെ മുഖത്തുപോലും നോക്കിയില്ല.

കുറെ ദിവസങ്ങളായി പള്ളുകളെഴുതി നിറച്ച കടലാസുകള്‍ ഞാനന്നേരത്തു തന്നെ തീയിലിട്ടു ചുട്ടു.

ആവശ്യമില്ലാത്ത കടലാസുകാരണം എനിക്കൂടെയിനി പൊല്ലാപ്പുകള്‍ വേണ്ട.

കാറൊന്നു കിടുങ്ങി. ഞാന്‍ കണ്ണുകള്‍ തുറന്നു. ഞങ്ങളുടെ വണ്ടി തവളക്കുഴി കഴിഞ്ഞു. അതേറ്റുമാന്നൂര്‍ ടൗണ്‍ പൂര്‍ണ്ണമായി കടന്നു. 

പയ്യന്‍. 

സാറേ. 

ഡ്രൈവര്‍ മിണ്ടി. ചൊണയനാണ്. മുന്‍പേ ഞാനവനെ തെറിപറഞ്ഞേന് അവന് പെണക്കമില്ല.

ഈ ഏറ്റുമാന്നൂരമ്പലത്തില്‍ നമ്മുടെ പാറശ്ശാലേന്നൊരാള്‍ പണ്ടൊരിക്കല്‍ കേറിയെടെ. അവിടത്തെ ഒരു പൊന്നാനയെ നൈസായി പൊക്കി കടന്നു. പൂട്ടുപൊളിക്കാന്‍ അയാള്‍ അയിരെന്നേ പാരയും ചൊമന്നോണ്ടാണ് വന്നത്. മരമണ്ടന്‍! ആ പാര പൊതിഞ്ഞത് നമ്മുടെ നാട്ടിലെ ഒരു പെണ്‍കൊച്ചിന്റെ പരീക്ഷയുടെ ഉത്തരക്കടലാസ് കൊണ്ടായിരുന്നു. അത് തൊണ്ടിയായി. കടലാസു തെളിവിന്റെ പിന്നാലെ പൊലീസ് പോയി. പാരവിറ്റ കടക്കാരന്‍ പറഞ്ഞതുവച്ച് മൂന്നിന്റന്ന് നമ്മളെ കേരളാപ്പൊലീസ് (എന്റെ മനസ്സിലന്നേരത്ത് വലിയൊരു കപ്പാടാമീശ മൂര്‍ഖന്‍പാമ്പിന്റെ മാതിരി പൊന്തിയുയര്‍ന്നു) അയാളെ പൊക്കി. 

നിനക്കാ സംഭവം അറിയാമോ?

നോ. സര്‍. ഞാന്‍ എം.ഫില്‍ ബോട്ടണിയാണ്. ഹിസ്റ്ററിയിലൊക്കെ വളരെ വീക്കാണ്. അവന്‍ പറഞ്ഞു. അതുകൊണ്ടാണ് എല്‍.ഡി.സിയൊന്നും കിട്ടാത്തത്.

ന്നാല്‍ കുട്ടിയൊരു കാര്യം ചെയ്‌തോളൂ. വണ്ടിക്ക് ലേശം വേഗം ങ്ങട് കൂട്ടുക. തൃപ്പൂണിത്തുറയെത്താന്‍ വല്ലാണ്ട് വൈകിക്കണ്ട.

ഏറ്റുമാന്നൂരിലെ സ്ഥലങ്ങളായ തവളക്കുഴീം പൊക്കിള്‍മുക്കുമൊക്കെ ക്ഷണനേരത്തില്‍ ഭൂതകാലത്തിലേയ്ക്ക് വീണ്ടും മറഞ്ഞു. എന്റെ ജീവിത കഥയുടെ ഒരധ്യായം അവിടെ തീര്‍ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com