'വാടകച്ചീട്ട്'- ഉണ്ണിക്കൃഷ്ണന്‍ കളീക്കല്‍ എഴുതിയ കഥ

ദൈവസഹായം ഹൈസ്‌കൂളിലെ സ്റ്റാഫ്‌റൂമിനു മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഒരു നാട്ടുമാവ്. നിറച്ച് ചൊനയന്‍ മാങ്ങയും
ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക

ദൈവസഹായം ഹൈസ്‌കൂളിലെ സ്റ്റാഫ്‌റൂമിനു മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഒരു നാട്ടുമാവ്. നിറച്ച് ചൊനയന്‍ മാങ്ങയും. രാവിലെ ബെല്ലടിക്കുന്നതിനു തൊട്ടുമുന്‍പാണ് കല്ലംപ്ലാക്കല്‍ തങ്കച്ചനും സംഘവും വടവും സന്നാഹങ്ങളുമായി സ്‌കൂളിലെത്തിയത്. മാങ്ങ പെറുക്കിനിന്ന നാലഞ്ചു പിള്ളേര്‍ അവരെ കണ്ടതും ഓടിക്കൂടി. താഴേക്കിടന്ന മുഴുത്ത മാങ്ങ ഒന്നുരണ്ടെണ്ണം കൂടെയുള്ളവര്‍ കടിച്ചീമ്പി തിന്നപ്പോള്‍ തങ്കച്ചന്‍ മാവിന്റെ മൊത്തത്തിലുള്ള ഒരു നില്‍പ്പുവശം നോക്കി പദ്ധതിയിടുകയായിരുന്നു. കണക്കുകൂട്ടിയുള്ള ആ നില്‍പ്പിനിടയില്‍ അങ്ങു മേളിലത്തെ കനംകുറഞ്ഞ ഒരു കമ്പേല്‍ മരഞ്ചാടിയെപ്പോലെ കുത്തിയിരുന്നു മാങ്ങായീമ്പുന്ന തടിമിടുക്കുള്ള ഒരു ചെറുക്കന്‍ അയാളുടെ കണ്ണില്‍പ്പെട്ടു. അവനൊന്നാഞ്ഞു കാലാട്ടിയാല്‍ ആ കമ്പൊടിയും. 

''ഇറങ്ങിവാടാ മോനായി.'' തങ്കച്ചന്റെ അടുത്തുനിന്ന പിള്ളേര്‍ വിളിച്ചുകൂകി. സാറുമ്മാരു വല്ലോം കണ്ടാല്‍ അടി കണിശം. 

അന്ന് മാവ് വെട്ടി ഏറക്കുന്നതിനിടയ്ക്ക് ഓരോന്നു ചോദിച്ചു പമ്മിനിന്ന മോനായിയെ തങ്കച്ചന് പലപ്പോഴും ഓടിച്ചുവിടേണ്ടിവന്നു. 

അതിനുശേഷം കാരാപ്പറമ്പിലെ ആഞ്ഞിലി വെട്ടിയപ്പഴും സോമന്‍ ചേട്ടന്റെ മഹാഗണി വെട്ടിയപ്പഴും വാര്യംപറമ്പിലെ തേക്കു വെട്ടിയപ്പഴുമൊക്കെ മറഞ്ഞും തെളിഞ്ഞും നിന്ന മോനായിയെ കുറേശ്ശെ കുറേശ്ശെയായി തങ്കച്ചന്‍ പരിചയപ്പെട്ടു. മിക്ക ക്ലാസ്സിലും രണ്ടുതവണ പഠിക്കാറുള്ള മോനായി പത്തിലും തോറ്റതോടെ തങ്കച്ചായനും മോനായിയും തമ്മില്‍ കൂടുതലടുത്തു. അച്ഛന്റെ നിര്‍ബ്ബന്ധംകൊണ്ട് സഹികെട്ട് പാരലല്‍ കോളേജില്‍ ചേര്‍ന്നെങ്കിലും പലപ്പോഴും ഉച്ചയാകുമ്പോള്‍ തങ്കച്ചന്‍ പണിയുന്നിടം തപ്പിപ്പിടിച്ച് മോനായി ചെല്ലും.

ആയിടയ്ക്കാണ് റേഷന്‍ കടേടെ കിഴക്കുവശത്ത് കൈകോര്‍ത്തു നില്‍ക്കുന്ന വീടുകള്‍ക്കു നടുക്ക് വിരിഞ്ഞുനിന്ന ഒരാഞ്ഞിലിയുടെ കോള് തങ്കച്ചനൊത്തത്. ദിവസം ഒന്നു മാറിയാല്‍ കയ്യില്‍ വന്നു വീണത് കാക്ക കൊണ്ടുപോം. കൂടെയുള്ള തടിമിടുക്കുള്ള രണ്ടെണ്ണത്തിനും പനീം ഛര്‍ദ്ദിയും. ബാക്കിയൊള്ളത് മടിയന്‍ ചെല്ലപ്പനും മൊണ്ണക്കൂഴ പാപ്പിക്കുഞ്ഞും. ഏതായാലും രണ്ടിനേം ഓട്ടോയേലോട്ടു കേറ്റി കച്ചേരി മുക്കിലെത്തിയപ്പോള്‍ ബസ്റ്റോപ്പില്‍ മോനായി. അവനെ കണ്ടിട്ട് ഒരാഴ്ചയായി. തങ്കച്ചന്‍ ഓട്ടോയോന്നു ചവിട്ടി. തലകൊണ്ട് കേറുന്നോന്നൊരു ചോദ്യം. മോനായി ഓട്ടോയിലേക്കു ചാടിക്കയറി. പരീക്ഷയ്ക്കു പകരം ഏതു പാതാളോമാകാം. പത്താംക്ലാസ്സിലെ ഊര്‍ജ്ജതന്ത്രം പരീക്ഷയെഴുതേണ്ട ചെറുക്കനാണ് തൂക്കുകയറു വലിക്കാന്‍ പകല്‍ മുഴുവന്‍ സഹായിച്ചുനിന്നതെന്നറിഞ്ഞ് തങ്കച്ചന് വല്ല്യ മനസ്താപമുണ്ടായി. അയാളവനെ പറഞ്ഞ ചീത്തയ്ക്കു കണക്കില്ല.

അടച്ചു പെയ്യുന്ന ജൂലൈ മാസം. തലേന്നത്തെ കാറ്റിലും മഴയിലും ആടിയുലഞ്ഞ ഒരു മുട്ടന്‍ നാട്ടുമാവിന്റെ കമ്പെറക്കുകയായിരുന്നു തങ്കച്ചായന്റെ അന്നത്തെ ഉന്നം. ചന്തയ്ക്കടുത്ത് പഴക്കം ചെന്ന വാടകമുറികളോടു ചേര്‍ന്ന് പൊതിഞ്ഞുനിന്ന ഒരു നാട്ടുമാവ്. പടുമഴ കാരണം അന്ന് കൂട്ടു കക്ഷികളൊന്നും പണിക്കെറങ്ങിയില്ല. തങ്കച്ചായനും മോനായിയും മാത്രം.

മോനായിയെ എല്ലാം പഠിപ്പിച്ചെടുക്കാനുള്ള മട്ടിലായിരുന്നു തങ്കച്ചായന്റെ അന്നത്തെ വെട്ട്. ഒറ്റ കാഴ്ചയില്‍ മുന്നില്‍ വന്നതെല്ലാം മോനായി വലിച്ചെടുത്തു.

ആദ്യം തന്നെ നനഞ്ഞുകിടന്ന തടിയേല്‍ കുറുക്കുവെച്ച് തങ്കച്ചായന്‍ പെണച്ചുകെട്ടി. കേറുമ്പോള്‍ തെന്നാതിരിക്കാന്‍. എന്നിട്ട് അതേല്‍ക്കേറി കമ്പേലോരോന്നേല്‍ ചവിട്ടി മേളിലോട്ടു കേറിച്ചെന്ന് ആദ്യത്തെ കമ്പേല്‍ കയറുകെട്ടി വീഴ്ത്തേണ്ട വഴിക്ക് താഴെനിന്ന മോനായിയെക്കൊണ്ട് വലിച്ചുകെട്ടിച്ച് കിറുകൃത്യം കൊത്തിത്തുടങ്ങി. മോനായിക്കു മുന്‍പില്‍ മരംവെട്ടിന്റെ ബലതന്ത്രവും തഞ്ചവും ശരീരത്തിന്റെ തഴക്കവും വഴക്കവും ചേര്‍ത്തു ചുട്ട ഒരപ്പം വിളമ്പുകയായിരുന്നു തങ്കച്ചായന്‍. ഒറ്റയ്‌ക്കൊരാളെങ്ങനെ കൊമ്പുവെട്ടി കൃത്യസ്ഥാനത്തു വീഴിക്കും? വലിച്ചുകെട്ടിയ കയറില്‍ പിടിക്കാന്‍ മോനായി ഓടിച്ചെന്നെങ്കിലും തങ്കച്ചന്‍ വിലക്കി.

''നീ എണ്ണിക്കോ. പതിനേഴെന്നെണ്ണുന്നേന് മുന്‍പത് പെടരും.''

പക്ഷേ, കൊത്തിനിര്‍ത്തിയ കൊമ്പിനു യാതൊരു കുലുക്കവുമില്ല. ഇനി തങ്കച്ചായന്റെ വാക്ക് തെറ്റുമോ? പെട്ടെന്ന് തൊട്ടടുത്തുനിന്ന തെങ്ങോലയുടെ തുഞ്ചവുമായി നേര്‍ക്കുനേര്‍ നിന്ന ആ കൊമ്പിന്റെ ഇലച്ചിലിന് സൂക്ഷിച്ചുനോക്കിയാല്‍ മാത്രം കാണാവുന്ന ഒരനക്കം. ക്രമേണ അനക്കം കൂടിക്കൂടി ആ കൊമ്പ് ഒരു വിരല്‍ വണ്ണത്തില്‍ താണ് താണ് പതിന്നാലെന്നെണ്ണിയപ്പോഴേക്കും ഇഴ പൊട്ടി തല കുത്തനെ താഴേക്ക്. 

മന്ത്രവടി ചുഴറ്റിയുള്ള അത്ഭുതംപോലെ വീണ്ടും കൈക്കോടാലികൊണ്ട് കൃത്യം ചില കൊത്തുകള്‍. അസ്ഥിമുറിഞ്ഞ കൊമ്പ് കിഴുക്കാം തൂക്കായി താഴേക്ക്. അവസാനത്തെ കൊമ്പും താഴേക്കയച്ച ശേഷം തങ്കച്ചായന്‍ തായ്ത്തടിയില്‍ അടുപ്പിച്ചു മുറിയിട്ടു. മാവിനു ചുറ്റും കവചംപോലെ നിന്ന പഴയ കടമുറികളിലോ വീടുകളിലോ തട്ടാതെ മുട്ടാതെ കാറ്റത്തൊഴുകി ഓരോ മുറിയും അതാതിനു നീക്കിവെച്ച ഇടത്തുതന്നെ വീഴണം. അടുത്തുതന്നെ വീഴേണ്ടതിന് തങ്കച്ചായന്‍ വലിയ മടയിട്ടു. ചില മുറികള്‍ ഇഴപൊട്ടി ചരിഞ്ഞപ്പോള്‍ പതുക്കെത്തട്ടി വീഴേണ്ടിടത്തുതന്നെ വീഴിച്ചു. 

പക്ഷേ, അന്ന് ചാറ്റ മഴ ഉന്നം തെറ്റിച്ചപ്പോള്‍ കൈക്കോടാലി ചെന്നുകൊണ്ടത് തങ്കച്ചായന്റെ ഉപ്പൂറ്റിക്കു മേളിലെ ആ തടിയന്‍ ഞരമ്പേലാണ്. ചോരചീറ്റിയെങ്കിലും വെട്ടിത്തീര്‍ത്തേ താഴോട്ടുള്ളൂ എന്ന വാശിയിലായിരുന്നു തങ്കച്ചായന്‍. ആപത്തു മണത്ത മോനായി ആരും പറയാതെ തന്നെ മരത്തേല്‍ വലിഞ്ഞുകേറി ബലമായി തങ്കച്ചായനെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചു. തിരികെയെത്തിയ മോനായി മടിയന്‍ ചെല്ലപ്പനേം മൊണ്ണക്കൂഴേം പൊക്കി ആ പെരുമഴയത്ത് അവസാനത്തെ മുറിയും വെട്ടിയിട്ടപ്പോള്‍ കൂലിക്കു പുറമെ വീട്ടുകാര്‍ വലിയ രണ്ടു നോട്ടുകളാണ് മോനായിക്ക് നീട്ടിയത്. 

ആശുപത്രിയില്‍നിന്നിറങ്ങിയ കല്ലംപ്ലാക്കല്‍ തങ്കച്ചന്‍ അധികം വൈകാതെ തന്നെ മോനായിയുടെ വീട് തപ്പിപ്പിടിച്ചെടുത്തു. 

''മോനായിയേ...''

''ആരാ?'' 

''വെട്ടുകാരന്‍ തങ്കച്ചനാ... മോനായിയെ ഒന്നു വിളിക്കാവോ?''

കാലേല്‍ വച്ചുകെട്ടുമായി നിന്ന തങ്കച്ചനോട് കേറിയിരിക്കാമ്പോലും അച്ഛന്‍ പറഞ്ഞില്ല.

''അങ്ങനൊരുത്തന്‍ ഇവിടില്ല.''

അതു കേട്ടാണ് വലിച്ചുകൊണ്ടിരുന്നത് കെടുത്തി മോനായി അങ്ങോട്ട് ചെന്നത്.

മോനായിയെ കണ്ടതും അച്ഛന്‍ തുള്ളിയൊറഞ്ഞു.

''ഇവനേ... മോനായിയല്ല. രമേശനാ... സി.ആര്‍. രമേശന്‍.''

പിന്നൊരു വിചാരണയായിരുന്നു. പത്താംക്ലാസ്സിലെ പരീക്ഷാദിവസം മോനായിയെ വിളിച്ചോണ്ടു പോയതു മുതല്‍ എല്ലാറ്റിനും പ്രത്യേകം പ്രത്യേകം തങ്കച്ചന്‍ വാങ്ങിക്കൂട്ടി. 

മിണ്ടാതെ നിന്ന മോനായിയെ തങ്കച്ചായന്‍ ഒരു നോട്ടം നോക്കി കുനിഞ്ഞുനിന്നെല്ലാം കേട്ടു. എന്നിട്ട് മഴയത്തോട്ടിറങ്ങി ഒറ്റപ്പോക്ക്.കലിയടങ്ങാതെ അച്ഛന്‍ വിളിച്ചുപറഞ്ഞു:

''ഇവിടാരും മരം വെട്ടുകാരില്ല. ഇനിയൊട്ട് ഒണ്ടാവാനും പോന്നില്ല.''

അച്ഛന്‍ അക്കാലത്തു ചേട്ടായിമാര്‍ക്ക് തുടരെത്തുടരെ കത്തെഴുതി. ഫോണ്‍വിളിച്ചാല്‍ വയ്ക്കുവോളം തിരിച്ചും മറിച്ചും മോനായിയുടെ വിസാക്കാര്യം പറഞ്ഞവരെ പൊറുതിമുട്ടിച്ചു. കാര്യങ്ങള്‍ അങ്ങനെയൊക്കെയെങ്കിലും മോനായി പണിക്കെറങ്ങുമ്പോള്‍ ഒരിക്കലും അച്ഛന്‍ തടഞ്ഞില്ല.
അന്ന് മോനായി പണിക്കെറങ്ങിയപ്പഴും പുല്ലു ചെത്തിയും കൊടം വരാറായ ഞാലിപ്പൂവനും ചെങ്കദളിക്കും തടമെടുത്തും അച്ഛന്‍ പറമ്പില്‍ തന്നെയായിരുന്നു. വെയില്‍ ഉച്ചിയേല്‍ കേറിയപ്പം ഒരു കട്ടനുമിട്ടോണ്ട് വരാന്തേല്‍ കെടന്ന പത്രോമെടുത്ത് അവിടത്തന്നെ ഒന്നിരുന്നു. പത്രത്തിലേക്കൊന്നിറങ്ങിയതേയുള്ളൂ. ആദ്യ പേജിലെ തടിയന്‍ അക്ഷരങ്ങള്‍ ചുമന്നു കൊണ്ടുവന്ന വാര്‍ത്തയും പടങ്ങളും അച്ഛനെ ഇരുന്ന ഇരുപ്പില്‍ പിന്നോട്ട് വീഴ്ത്താന്‍ പോന്നവയായിരുന്നു. മോനായിയുടെ വിസ ഒരുവിധം ആകാറായപ്പോഴാണ് ശത്രുവിന്റെ ടാങ്കുകള്‍ കുവൈറ്റില്‍ കേറി മേഞ്ഞുകളഞ്ഞത്.

പിന്നെ അച്ഛന്‍ പറമ്പിലൊട്ടെറങ്ങീട്ടില്ല. എപ്പോഴും വായിച്ച പത്രം തന്നെ വീണ്ടും വായിച്ച് അങ്ങനെ ഒരിരുപ്പ്. പണിയില്ലാതിരുന്ന ഒരുച്ചതിരിഞ്ഞനേരം. മോനായി നല്ല ഉറക്കത്തിലായിരുന്നു. എന്തോ ശബ്ദം കേട്ടുണര്‍ന്നപ്പോള്‍ അരപ്രൈസ്സില്‍ പത്രം വായിച്ചു കൊണ്ടിരുന്ന അച്ഛന്‍ അവിടില്ല. നോക്കുമ്പോള്‍ മുറ്റത്തേക്ക് മറിഞ്ഞു വീണുകിടക്കുന്നു. ചേട്ടായിമാര്‍ക്കുവേണ്ടി പതിന്നേഴു ദെവുസം വച്ചിരുന്നു. 

സര്‍വ്വതന്ത്ര സ്വതന്ത്രനായ മോനായി അന്നു മുതല്‍ ടീം തങ്കച്ചനില്‍ ഒരു മുഴുനീള വേഷത്തിന് കരാറൊപ്പിട്ടു. എതിര്‍ക്കാനാരുമില്ല. 

സ്വന്തമായി വീടുള്ള മോനായിക്ക് മരംവെട്ടിനു പകരം മരക്കച്ചോടമെന്നു മാറ്റിപ്പറഞ്ഞപ്പോള്‍ കൃഷിയും ചെറിയൊരു സ്റ്റേഷനറി കടയുമായി ജീവിക്കുന്ന ഒരിടത്തരം വീട്ടീന്ന് പെണ്ണിനെ കിട്ടാന്‍ ഒട്ടും പ്രയാസമുണ്ടായില്ല. 

''ഞാങ്കല്ല്യാണം കഴിച്ചത് മരക്കച്ചോടം ചെയ്യുന്ന രമേശനെയാ... ഇതിനെടേല് നിങ്ങളെങ്ങനാ മരംവെട്ടുകാരന്‍ മോനായിയായത്...?''
കല്യാണസാരിയേടെ പുത്തന്‍മണം മാറുന്നേനു മുന്‍പ് യാമിനി ചോദിച്ചു.

മോനായി എന്ന വിളിപ്പേര് എങ്ങനെയാണുണ്ടായതെന്ന് കൃത്യമായി രമേശനും ഓര്‍മ്മയില്ല. അയല്‍ക്കാര്‍ കൊഞ്ചിക്കാനായി വിളിച്ച ചെല്ലപ്പേര്‍ ഒരുപക്ഷേ, ഉറച്ചു പോയതാകാം.

കല്യാണം കഴിഞ്ഞുള്ള ആദ്യ ഓണക്കാലത്താണ് ആ നെടുങ്കന്‍ തേക്കിന്റെ പണി വന്നത്. ആദ്യം ഉച്ചികോതി കമ്പുകളെല്ലാമിറക്കി. ശേഷം നെടുനീളന്‍ തടിയില്‍ ഉരുപ്പടി കണക്കാക്കി ആശാരി കുറിച്ചുതന്നതിനൊക്കുന്ന അളവില്‍ മുറിയിട്ടു തുടങ്ങണം. എന്നത്തേയുംപോലെ അന്നും തങ്കച്ചന്‍ മോളിലും മോനായിയും മടിയന്‍ ചെല്ലപ്പനും കയറുപിടിച്ച് താഴെയും നിന്ന നേരത്താണ് തങ്കച്ചനൊരു നെഞ്ചുവേദനയും മനം മറിച്ചിലും വന്നത്. രാവിലെ തിന്ന വാട്ടുകപ്പേം മീഞ്ചാറും നെഞ്ചത്തു കേറി കുത്തുന്നതാന്നാ ആദ്യം വിചാരിച്ചത്. പിന്നെ തോന്നി വെട്ടും മുന്‍പുള്ള മരത്തിന്റെ ഒരുതരം പെടപ്പാന്ന്. അതുകൊണ്ടുതന്നെ വിട്ടുകളഞ്ഞു. പതിവുപോലെ കമ്പുകളില്‍ ഇന്നത് ഇന്നയിടത്ത് ഇത്ര എണ്ണുമ്പോള് വീഴും എന്ന് കൃത്യം അളന്നു കൊത്തിയത് ആദ്യം ശരിക്കും ഒത്തുവന്നു. രണ്ടാമതും കൃത്യമതങ്ങനെ തന്നെ. വിചാരിച്ച ദിശയില്‍ വിചാരിച്ച വട്ടത്തില്‍ കാറ്റിന്റെ കോവേണി ചാടിയിറങ്ങി ചാഞ്ഞുവീണു.

മൂന്നാമത്തെ കൊമ്പില്‍ കൊത്തി തുടങ്ങിയതേയുള്ളൂ. നാലു ചക്രങ്ങളും നാലു ദിശയില്‍ കറങ്ങുന്ന ഒരു വാഹനമെന്ന പോലെയായി തങ്കച്ചന്റെ ഹൃദയവും അതിലെ നാലറകളും. വേദനകൊണ്ട് മരത്തേലെ തങ്കച്ചായന്റെ പിടുത്തം അയഞ്ഞെന്നു തോന്നിയപ്പോഴേക്കും മുകളിലേക്കോടിക്കയറിയ മോനായി താങ്ങി.

ആ മരം വെട്ടിത്തീര്‍ക്കാതെയാണ് പിറ്റേന്ന് തങ്കച്ചായന്‍ പോയത്.

അടക്കിനു പിറ്റേന്ന് പണിയുള്ളപ്പോള്‍ രാവിലെ ചെല്ലാറുള്ളതുപോലെ തങ്കച്ചായന്റെ വീടുവരെ ഒന്നു ചെന്നതാ മോനായി. അന്നമ്മച്ചേടത്തിം മൂത്ത പെങ്കൊച്ചും തിണ്ണേല്‍ത്തന്നെ ഇരിപ്പൊണ്ടായിരുന്നു. ഒന്നും മിണ്ടാതെ ഒരു ചവിട്ടുപടിയില്‍ കയറി മോനായിയും ഇരുന്നു. ആരുമാരുമൊന്നും പറഞ്ഞില്ല. ഓരോന്നോര്‍ത്തപ്പോള്‍ മൂത്ത ഒരു മാങ്കൊമ്പ് ഇഴപൊട്ടി വീഴുന്ന ശബ്ദം അയാളുടെ തൊണ്ടയില്‍ തിങ്ങിക്കയറി. പെട്ടെന്ന് അകത്തേയ്ക്കു കേറിപ്പോയ അന്നമ്മച്ചേടത്തി വലിയ രണ്ടു സഞ്ചികളില്‍ കൊള്ളിച്ച പണി ആയുധങ്ങള്‍ മോനായിയുടെ മുന്നിലേയ്ക്ക് കൊണ്ടുവന്നു വച്ചു. ഉറങ്ങി എണീറ്റ എളയ കൊച്ച് അന്നേരം തിണ്ണയിലോട്ടു വന്നു. വെറുതെ നോക്കിയിരുന്ന മോനായിയുടെ നേരെ സഞ്ചികള്‍ ഒന്നൂടെ നീക്കിവച്ച് അന്നമ്മച്ചേടത്തി പറഞ്ഞു:

''എടുത്തോ... ഇനി ഇതൊക്കെ ആര്‍ക്കാ?''

കൈക്കോടാലി, വാള്‍, വളഞ്ഞ കത്തി, ഒരാളെയെടുക്കാന്‍ പാകത്തിലുള്ള വടം, ചെറു കയറുകള്‍, വെച്ചുകെട്ടിനുള്ള കോല് എന്നിങ്ങനെ ഓരോന്നും. ഒരു വന്മരത്തെ അതിലെ പക്ഷിപ്രാണി സഹിതം സകല ജീവനേയും മണിക്കൂറുകള്‍ക്കുള്ളില്‍ നിലം പരിശാക്കുന്ന അതിസാമര്‍ത്ഥ്യമാണ് അവയിലോരോന്നിലും. കൈക്കോടാലിയുടെ മട്ടക്കോണിലേക്ക് തോള്‍ കയറ്റി അനായാസം മരം കയറുന്ന തങ്കച്ചായനെ ഓര്‍ത്തപ്പോള്‍ ആ കൈക്കോടാലി അതൊന്നു മാത്രം എടുക്കാനാണ് അയാള്‍ക്ക് തോന്നിയത്. 

തങ്കച്ചായന്‍ പോയതോടെ മരം കയറുന്ന മോനായിയെ തടിക്കച്ചോടം ചെയ്യുന്ന രമേശന്‍ എന്ന ആണാളായി മാറ്റിയെടുക്കാന്‍ യാമിനി ഉറപ്പിച്ചിരുന്നതാണ്. അപ്പോഴാണ് ഒരു കൊച്ചിനെ കോരി തോളത്തിട്ടോണ്ടെന്നപോലെ കൈക്കോടാലിയുമായി മോനായി നട്ടുച്ചയ്ക്ക് വന്നു കേറിയത്. ആ ദിവസം മുഴുവന്‍ അതിന്റെ പേരില്‍ യാമിനി അലമ്പാക്കി. പിറ്റേന്നാണ് എല്ലാം ഒന്നു തണുത്തത്. 

ഭൂമിയില്‍നിന്നാകാശത്തേക്കു സാഹസികമായി കയറിപ്പോകാവുന്ന കോവേണികളാണ് മോനായിക്ക് നെടുങ്കന്‍ മരങ്ങള്‍. അതുകൊണ്ടുതന്നെ ചെറുപ്പം തൊട്ടേ തരം കിട്ടുമ്പോഴൊക്കെ അച്ഛനറിയാതെ മരം കയറുമായിരുന്നു. അയല്‍ക്കാര്‍ ഏതു പൊക്കത്തിലേയും ചക്കയും മാങ്ങയും അങ്ങനെയെന്തും ഒന്നു കാണിച്ചുകൊടുത്താല്‍ മാത്രം മതി അവനത് താഴെയെത്തിക്കുമായിരുന്നു. അങ്ങനെ ആകാശം തുളഞ്ഞുനില്‍ക്കുന്ന മരങ്ങളും മന്ത്രദണ്ഡിനൊത്ത കൈമഴുവും മുട്ടോളമെത്തുന്ന ബലിഷ്ഠ ബാഹുക്കളെന്നപോലെ മോനായി ഹൃദയത്തിന്റെ ഇരുപുറവുമായി തോളില്‍ തൂക്കിയിട്ടു.

കുത്തിയൊലിച്ച കുറെ വര്‍ഷങ്ങള്‍ക്കടിയില്‍പ്പെട്ട് ഒട്ടേറെ മരങ്ങള്‍ നിലംപൊത്തി. ചിലത് ശാഖികള്‍ വേര്‍പെട്ട് വെളുപ്പിച്ച ഭൂമിപോലെയും മറ്റു ചിലത് വെട്ടുപാടുകളില്‍ മുളച്ച പച്ചിലകള്‍ ഉയര്‍ത്തി കീഴടങ്ങിയ പോരാളികളെപ്പോലെയും നിലകൊണ്ടു.

പണികഴിഞ്ഞ് കുറുകെ അരിഞ്ഞ ആ നടുമുറിയേല്‍ കുത്തിയിരുന്ന് ചിലപ്പോള്‍ മോനായി ഒരു ചെറുബീഡി വലിക്കും. അന്നേരം കാല്‍ച്ചുവട്ടിലെ മരക്കുറ്റിയില്‍ ഇടയ്ക്കുവച്ചു മുറിഞ്ഞുപോയ ഒരായുസ്സ് പോലെ ഇടവിട്ട വലയങ്ങള്‍ തെളിഞ്ഞുകാണാം. വറുതിയെ പേമാരിയെ പൊരുതി തോല്‍പ്പിച്ച കരുത്താണ് അവയിലോരോന്നിനും. അതങ്ങനെ നോക്കിയിരിക്കുമ്പോള്‍ കട്ടി കൂടിയ ഒരു മ്ലാനത മോനായിയെ അടങ്കം പിടിക്കും.

എങ്കിലും വെട്ടിയതിന്റെയെല്ലാം കൂലി ഒട്ടും പൊഴിയാതെ യാമിനിയുടെ ട്രങ്കു പെട്ടിയിലേക്കു വീണു കുമിഞ്ഞുകൂടി. മധുരം മണക്കുന്ന സ്പിരിറ്റിന്റെ കമര്‍പ്പും മൂത്തതിന്റെ പുളിമണവും ചെറുതായൊന്നേശിയാല്‍ മതി മോനായിക്ക് ഓക്കാനം വരും. വെട്ടി വിയര്‍ക്കുന്നപോലെ കട്ടിപ്പണി ചെയ്യുമ്പോഴാണ് ശരിക്കും ലഹരി. ഒന്‍പതിലെ ഓണക്കാലത്ത് കൂടെപ്പോന്ന ചെറു ബീഡി മാത്രം വിട്ടില്ല. മോനായിയെപ്പോലും അമ്പരപ്പിച്ചുകൊണ്ട് സ്വരുക്കൂട്ടി വച്ചതെല്ലാം എടുത്ത് ഒരാണ്ടു പിറപ്പു ദിവസം യാമിനി ഒരു കുറിക്കമ്പനി തുടങ്ങി. 

യാമിനിയേടെ ചിട്ടി ഉഷാറായപ്പോള്‍ വരുമാനവും വന്നു തൊടങ്ങി. 

ഇനി ഈ മരംവെട്ടു വേണ്ട... നാലഞ്ചു പണിക്കാരേം വച്ചോണ്ട് കോണ്‍ട്രാക്ട് പണി തൊടങ്ങണം... ചന്ദ്രപ്പണ്ണന്‍ എന്തോന്നറിഞ്ഞിട്ടാ കോണ്‍ട്രാക്ട് പണി തൊടങ്ങിയത്... യാമിനിയും മോനും വല്ലാതങ്ങു ബലം പിടിച്ചപ്പോ നില്‍ക്കക്കള്ളിയില്ലാതെ പണി ഒന്നു മാറി നോക്കാം എന്ന് മോനായീം വിചാരിച്ചു. 

ചാഞ്ഞ കമ്പു വെട്ടാനും ഇലച്ചില് കോതാനും എന്നുവേണ്ട എന്തിനും ഏതിനും മോനായിയെ വിളിക്കുന്ന ചില വീട്ടുകാരുണ്ട്. അങ്ങനെയൊരു വീട്ടിലെ ചുറ്റുമതിലിന്റെ പാതി പടു മഴയത്ത് പെടന്നു പോയതാണ് യാമിനി ആഗ്രഹിച്ചപോലെ കാര്യങ്ങളെ എത്തിച്ചത്. അതോടെ രണ്ടു മേസ്തരിമാരും മൂപ്പീന്നും മൊണ്ണക്കൂഴേം പണിയറിയാവുന്ന ഒരു മേയ്ക്കാടും ചേര്‍ന്ന മറ്റൊരു ടീം രൂപപ്പെട്ടു. പതിയെ പതിയെ പണികള്‍ കിട്ടിത്തുടങ്ങി. പണി കണ്ടുനില്‍ക്കുന്ന സാദാ കോണ്‍ട്രാക്ടറാകാന്‍ മോനായിയില്ല. ഒരാളിന്റെ പണി മോനായീം ചെയ്യും.

ദേഹം മുഴുവന്‍ വെട്ടിവിയര്‍ക്കുന്ന പണിയില്‍ രമിച്ചു മദിക്കാനാണ് അയാള്‍ക്കിഷ്ടം. തടി ബിസിനസ്സാരുന്നപ്പം ഏറ്റോം കട്ടിപ്പണി തന്നെ ചെയ്യും. മരംങ്കേറ്റോം വെട്ടും. സ്വന്തം ശരീരത്തിന്റെ അപാരമായ ശേഷിയെ അയാളെന്നും ആരാധിച്ചിരുന്നു. ചാറ്റ നിലാവത്ത് ഒരു നറു ചെമ്പകം തുടുത്തുനില്‍ക്കുന്നപോലെ തന്റെ ചെറുതേന്‍ നിറമുള്ള പേശികള്‍ വിയര്‍പ്പില്‍ ഉരുണ്ടു ചുവക്കുന്നത് മോനായി കൊതിയോടെ കണ്ടുനില്‍ക്കും.

പകലത്തെ ചൂടില്‍ വെന്തുനില്‍ക്കുന്ന സന്ധ്യയ്ക്ക് പണികഴിഞ്ഞ് വീട്ടിലോട്ടു ചെന്നു കേറിയതേയുള്ളൂ മോനായി. വന്നപാടെ പതിവുകുളി. കുളിച്ചുവരുമ്പോള്‍ തിളച്ചുമറിയുന്ന കട്ടന്‍. ചെറിയ കലത്തിന് അരക്കലം. ഒരു മൂന്നു ഗ്ലാസ്സെങ്കിലും ഇറക്കി വിട്ടെങ്കിലേ പരവേശം മാറൂ. രണ്ടാമത്തെ ഗ്ലാസ്സ്. ഒരു കവിള്‍ കുടിച്ചപ്പോഴേ യാമിനിയേടെ ഒച്ച പൊങ്ങി.

''ആ ചട്ടുകാലി ചേടത്തിക്കുവേണ്ടി നിങ്ങള് *ചേര് വെട്ടാമ്പോവ്വാ അല്ലേ?''

വായിലെടുത്ത കട്ടന്‍ മോനായി മുറ്റത്തോട്ടു തുപ്പി. എരിഞ്ഞുപൊരിഞ്ഞു നില്‍ക്കുന്ന ഭാര്യയോടെങ്ങനെയാണ് പറയേണ്ടത്. ഒടുക്കം രണ്ടും കല്പിച്ചങ്ങു പറഞ്ഞു:

''എടീ ആ തങ്കച്ചായന്റെ എളേ മോക്ക് ഒരാലോചന വന്നിട്ടൊണ്ട്. അവര്‍ക്കിനി ആകെയൊള്ളത് ചേര് നിക്കുന്ന ആ നാലര സെന്റ് മാത്രമാ.''

''എന്നാ നിങ്ങളവരെ അങ്ങേറ്റെടുക്ക്.''

യാമിനി തറ ചവിട്ടിത്തകര്‍ത്ത് അടുക്കളയിലേക്കു പോയി.

''എടീ ആ ചേര് വെട്ടിയെങ്കിലേ ആ വസ്തു വിറ്റുപോകൂ.''

''ഇതൊക്കെ അറിയാവുന്ന തങ്കച്ചായനൊണ്ടാരുന്നപ്പം എന്താ ചേര് വെട്ടാഞ്ഞേ?''

ആ ചോദ്യം മോനായി പ്രതീക്ഷിച്ചതല്ല.

അടുക്കളേന്ന് തിണ്ണയിലേക്കു പാഞ്ഞെത്തി ഉത്തരവും അവളു തന്നെ പറഞ്ഞു:

''അങ്ങേര്‍ക്കറിയാമാരുന്നു... ചേരേല്‍ തൊട്ടാല്‍ എങ്ങനിരിക്കുമെന്ന്.''

അരൂപികള്‍ ചേക്കേറിയ ചേരുമരം ഇരുട്ടില്‍ മറഞ്ഞിരുന്ന് ഇലനീട്ടി അയാളെ പൊള്ളിച്ചു. തങ്കച്ചായന്‍പോലും ഇതുവരെ ചേരു വെട്ടീട്ടില്ല. എന്നാലും മോനായിക്കു പേടി തോന്നിയില്ല. 

പിറ്റേന്നും ചേരു വെട്ടുന്ന കാര്യം തഞ്ചത്തില്‍ അവളോടു പറയാന്‍ ശ്രമിച്ചു.
 
''ഈ ഒരൊറ്റത്തോണ മാത്രം. നീ സമ്മതിക്ക്.''

''എനിക്കില്ലാത്ത എന്തവാ ആ ചേടത്തിക്കുള്ളത്?''

ഉത്തരത്തിന് ശകലം ഊക്കു കൂടിപ്പോയി. കൊച്ചനും നെലവിളിച്ചു. പിറ്റേന്നു മോനായി ഉണര്‍ന്നു വന്നപ്പോള്‍ ഒന്നും സംഭവിക്കാത്തപോലെ കൊച്ചനൊള്ള ഉച്ചയ്ക്കത്തെ ചോറ് വാട്ടിയ ഇലയില്‍ വെളമ്പി കൂര്‍ക്ക മെഴുക്കുപുരട്ടിയും മുട്ട വറുത്തതും വച്ച് പൊതികെട്ടാന്‍ തുടങ്ങുകയായിരുന്നു യാമിനി. 

പതിവുപോലെ തിളച്ച കട്ടന്‍ രണ്ടുമൂന്നു ഗ്ലാസ്സ് തൊണ്ടയ്ക്കൂടെ പായിച്ചപ്പോള്‍ നല്ല വീര്യം തോന്നി. കൈക്കോടാലിയും മറ്റനുസാരികളും മുറ്റത്തേക്കുള്ള താഴത്തെ പടിയില്‍ യാമിനി എടുത്തുവെച്ചു. കൈക്കാരായ ചെല്ലപ്പന്‍ മൂപ്പീന്നും മൊണ്ണക്കൂഴ പാപ്പിക്കുഞ്ഞും അതെല്ലാം ഏറ്റെടുത്തു. ആകാശം മുട്ടെ കേറിപ്പോന്ന പണിയാ. ഒന്നു തെന്നിയാല്‍ കോടാലി ഒന്ന് പാളിയാല്‍ പിടിച്ചിരിക്കുന്ന കമ്പൊന്നു പെടന്നാല്‍ രാവിലെ പോയപോലെ വൈകിട്ട് വന്നു കേറുകേല. ഭര്‍ത്താവിന്റെ പണിക്കെറക്കം യാമിനി അങ്ങനെയാണ് കാണുന്നത്. 

പക്ഷേ, അന്ന് അങ്ങനെയൊരു സാധാരണ ദിവസമല്ല. കൈക്കാരും മോനായിയും സാധനങ്ങളുമായി നടന്നുതുടങ്ങിയതേയുള്ളൂ. യാമിനി ഓടിവന്ന് മോനായിയെ അടക്കംപിടിച്ച് ഒറ്റനില്‍പ്പ്. അതുകൊണ്ട് ഇറങ്ങാന്‍ ഇച്ചിര വൈകി. അധികമില്ല. യാമിനി ഒന്നു കരഞ്ഞുതീരാനുള്ള നേരം. 
ചേരാണ് അന്നത്തെ ഉരുപ്പടി എന്നറിഞ്ഞപ്പോള്‍ പാപ്പിക്കുഞ്ഞു മൊണ്ണയാണെങ്കിലും പേടിച്ചിട്ടേച്ച് പോകാനിറങ്ങി. പക്ഷേ, മടിയന്‍ ചെല്ലപ്പന്‍ അവനെപ്പറഞ്ഞ് സോഡാക്കുപ്പീലാക്കി മേളിലൊരു വട്ടും വെച്ചു. 

എന്നിട്ടു മോനായിയോട് സ്വകാര്യം പറഞ്ഞു:

''കാര്യമൊക്കെ ശരി. വെട്ടാമ്പോന്നത് ചേരാന്ന് നെനക്ക് നേരത്തെയൊന്ന് പറയാമാരുന്നു.''

മുഖത്തെ ആന്തലു മറച്ചുകൊണ്ട് ചെല്ലപ്പന്‍ വീണ്ടും പറഞ്ഞു:

''ചേരു പിണഞ്ഞാല് ചൊറിഞ്ഞു കൊമളയ്ക്കും.''

പാപ്പിക്കുഞ്ഞിനെ തിരിഞ്ഞുനോക്കി മോനായി ചെല്ലപ്പനോട് പതുക്കെ പറഞ്ഞു.

''മൊണ്ണക്കൂഴേ പേടിപ്പിക്കല്ലേ... അതിനൊക്കെ മറുവേലയൊണ്ട്. ചൊറിച്ചില് മാറ്റാന്‍ താന്നിയിലയിട്ടു തിളപ്പിച്ച വെള്ളത്തില് കുളിച്ചാ മതി.''
അരമണിക്കൂറോളം നടന്നാലേ ചേരു നില്‍ക്കുന്ന ഏഴാലുങ്കുന്നിലെത്തൂ. പേരുപോലെ ചെറിയൊരു കുന്നാണെങ്കിലും ആലു പോയിട്ട് ചെറിയൊരത്തിമരംപോലും ഇപ്പോള്‍ ആ കുന്നിലെങ്ങും കാണാനില്ല. ഒരുകാലത്ത് ആരും കേറാത്ത കുറുക്കനും ചെങ്കീരിയും കാട്ടുമുയലുമൊക്കെയുണ്ടായിരുന്ന ആ കുന്ന് ഇന്ന് ഏതാണ്ട് തെളിഞ്ഞുവന്നിരിക്കുന്നു. തങ്കച്ചായന്റെ കൂടെ ആദ്യം അവിടെ പണിക്കു വന്നപ്പോഴേ ആ പറമ്പ് കാണിച്ചുതന്നിരുന്നു. കുന്നിന്റെ ഏതാണ്ട് മുക്കാലോളം കേറിയാല്‍ വലതുവശത്ത് പോക്കത്തട്ടില്‍ ആ നാലര സെന്റ് കയ്യാല കെട്ടിത്തിരിച്ചിട്ടുണ്ട്. വെയിലിന്റെ ഒരു തുള്ളിപോലും താഴെ വീഴ്ത്താതെ ചേര് വിരിഞ്ഞു പരന്ന് അങ്ങനെ നില്‍ക്കുന്നു. പറമ്പിനെ ചുറ്റി നിറയെ വീടുകളാണ്. ഇടത്തരം വാര്‍ക്ക വീടുകളും ഓടും ആസ്ബസ്റ്റോസും മേഞ്ഞ ചെറുവീടുകളും. ചേരു വെട്ടുന്നത് കാണാനായി ചുറ്റുമുള്ളവരൊക്കെ കേട്ടറിഞ്ഞെത്തിയിട്ടുണ്ട്.
ആദ്യം ഒരു ചെറുബീഡി കത്തിച്ച് തന്റെ തോള്‍ബാഗില്‍നിന്ന് ഓരോരോ പണി സാമഗ്രികള്‍ മോനായി വെളിയിലെടുത്തു. 

മരണക്കിണറ്റില്‍ മോട്ടോര്‍ സൈക്കിളോടിക്കുന്ന സര്‍ക്കസ്സുകാരനെ കാണുന്നതുപോലെ മോനായിയെ ചുറ്റും നിന്നവര്‍ തുള്ളി ബാക്കിവെയ്ക്കാതെ നോട്ടം കൊണ്ടു കോരിയെടുത്തു.

ഇത്തവണ കാഴ്ചക്കാരെ അവഗണിച്ച് ചേരിന് മൂന്നു വലംവച്ച് അകത്തു വിളിച്ചുചൊല്ലി മോനായി ഏണിയില്‍ ആദ്യത്തെ കാലെടുത്തുവച്ചു. പൊങ്ങിനില്‍ക്കുന്ന തായ്ത്തടിയും കടുംപച്ച ഇലകള്‍ക്കിടയിലേക്കു കയറിപ്പോകുന്ന തണുത്ത തുരങ്കങ്ങളും. ഏറ്റവും മുകളില്‍ കുത്തി നിര്‍ത്തിയപോലെ ജടപിടിച്ച വലിയ തല. അപ്പോള്‍ താഴേക്കിറങ്ങിവന്ന ഒരു ചെറുകാറ്റ് മോനായിയുടെ വിയര്‍പ്പു തുടച്ച് ഇലകളിലേക്കുതന്നെ മടങ്ങി.

ഏണിപ്പൊക്കം തീരുന്നിടത്ത് കമ്പുകളില്ല. ചെറിയ തടിപ്പുകളിലും മുഴകളിലും ചവുട്ടി ശരീരം മേലേക്കു താങ്ങിക്കയറ്റണം. ആദ്യത്തെ ചെറുകമ്പു വെട്ടിയപ്പോഴേ കാഴ്ചക്കാരോടി മാറി. ചിലര്‍ വിളിച്ചുകൂകി.

''ഒരെലപോലും ന്റെ പറമ്പിലിട്ടേക്കരുത്.''

ഒന്നാമത്തെ കൊമ്പ് കണിശ്ശമായ കണക്കുകൂട്ടലിന്റെ അളന്നെടുത്ത കൊത്തുകള്‍കൊണ്ട് വീഴാന്‍ പാകമാക്കി. താഴെ കൂടിനില്‍ക്കുന്നവര്‍ കാളപ്പോര് കാണുന്നതുപോലെ ഒച്ചയിട്ടും കൂകി വിളിച്ചും പ്രോത്സാഹിപ്പിക്കുന്നുണ്ട്. പക്ഷേ, കൊമ്പ് മുറിഞ്ഞുവന്നപ്പോള്‍ കയറു പിടിച്ചുനിന്ന ചെല്ലപ്പനും മൊണ്ണക്കൂഴേം പതറിപ്പോയി. വെട്ടിയിട്ട കൊമ്പ് കാറ്റിന്റെ കുത്തിറങ്ങി എവിടെയോ ചെന്നുവീണു. അതോടെ കണ്ടുനിന്നവരൊക്കെ ചിതറിയോടി. 

ആസകലം ചൊറിയുന്നുണ്ട്. മുഖത്തെ തടിപ്പു കാരണം കണ്ണ് ശരിക്കു തുറക്കാമ്മേല. മുകളിലിരുന്നു നോക്കുമ്പോള്‍ പാതാളംപോലുള്ള താഴ്ചയിലേക്ക് ചെറിയ പൊട്ടുകളായി വെട്ടിയിടുന്ന ഓരോ കൊമ്പും മറഞ്ഞുപോകുന്നത് കാണാം. 
നിര്‍ത്തിയിട്ട തീവണ്ടി പെട്ടെന്നനങ്ങുമ്പോള്‍ കുലുങ്ങുന്നപോലെ കമ്പുകളെല്ലാം മുറിച്ച് ഒറ്റാം തടിയായ ചേര് ഒന്നു കുടുങ്ങി. ആ കുലുക്കത്തില്‍ അടിതെറ്റിയെങ്കിലും മോനായി വീണില്ല. കണ്ണും മൂക്കും ചെവിയും ദേഹമാസകലം തിണര്‍ത്തു ചുവന്നിട്ടുണ്ട്. താഴെയുള്ളതൊന്നും വ്യക്തമല്ല. ചുറ്റുമുള്ള മരത്തലപ്പുകളെല്ലാം പിന്നോട്ടുമറഞ്ഞ് പകരം മുന്നില്‍ നിന്നോടിയെത്തുന്നവ ചുറ്റും നിറയുന്നു. ചേര് മണ്ണിന്റെ പിടിവിട്ട് എങ്ങോട്ടോ പതുക്കെ പതുക്കെ നടന്നുതുടങ്ങി. 

മോനായിയെ തോളത്തെടുത്ത് മരം നടന്നു മറയാറായപ്പോള്‍ രമേശന്‍ ഉറക്കെ വിളിച്ചുകൂകി. പെട്ടെന്നാണ് മഞ്ഞത്തൊപ്പിവച്ച രണ്ടുപേര്‍ താഴെനിന്ന് തൊട്ടടുത്തേയ്ക്ക് കയറിവന്നത്. കൂട പോലെയുള്ള ഒരു വലയിലേയ്ക്ക് മോനായിയെ അവര്‍ വലിച്ചുകയറ്റി. രമേശനും കൂടെക്കയറി.
കൂട താഴോട്ടിറങ്ങിത്തുടങ്ങിയതും മഞ്ഞത്തൊപ്പിക്കാരുടെ കണ്ണുവെട്ടിച്ച് ചേരേലേക്ക് ഒരുടുമ്പിനെപ്പോലെ മോനായി ചാടിമറഞ്ഞു.
ഇന്നും സി.ആര്‍. രമേശന്‍ ഏഴാലുങ്കുന്ന് കേറാറുണ്ട്. ചേരിന്റെ കുറ്റിയില്‍ കുത്തിയിരുന്ന് ചെറു ബീഡി വലിക്കുന്ന മോനായിയെ കണ്ട് വാടകക്കുടിശ്ശിക തീര്‍ക്കാന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com