'കത്തി'- വി. പ്രവീണ എഴുതിയ കഥ

''കഥയ്ക്കുവേണ്ടി നാട് ചുറ്റേണ്ടിവന്നില്ല... അതുകൊണ്ട് പ്ലാനെല്ലാം മാറ്റി. ചെറുക്കന്റെ കൊണ്‍വൊക്കേഷന്‍ കഴിഞ്ഞ് തൊട്ടടുത്ത ഫ്‌ലൈറ്റില്‍ ഞാനിങ്ങ് പോന്നു. വൈകിട്ട് ജോസഫേ താനൊന്നിറങ്ങ്... കഥ പറയാം...''
'കത്തി'- വി. പ്രവീണ എഴുതിയ കഥ

''ഹലോ ജോസഫേ, എടോ...''

''ങേ, ഇയാളിത് എവിടുന്നാ... ഹിമാലയത്തിലോ അത് തിബറ്റിലോ.''

''കൂത്താട്ടുകുളത്ത് ഉണ്ടെടോ...''

''ഏ... അതെന്തോന്നാ അങ്ങനെ... ഇവിടുന്ന് പോകുമ്പോ പ്ലാന്‍ ഇങ്ങനൊന്നും അല്ലാരുന്നല്ലോ. അങ്ങോട്ടും ഇങ്ങോട്ടും കൂടി അഞ്ചാറു ദിവസം ട്രെയിനില്‍. പിന്നെ രാജസ്ഥാന്‍, ശ്രീനഗര്‍, ഋഷികേശ്... കാശി... കഥയും കൊണ്ടേ പൊങ്ങൂന്ന് പറഞ്ഞിട്ട്... അഞ്ചാം നാളിങ്ങെത്തിയോ...''

''കഥയ്ക്കുവേണ്ടി നാട് ചുറ്റേണ്ടിവന്നില്ല... അതുകൊണ്ട് പ്ലാനെല്ലാം മാറ്റി. ചെറുക്കന്റെ കൊണ്‍വൊക്കേഷന്‍ കഴിഞ്ഞ് തൊട്ടടുത്ത ഫ്‌ലൈറ്റില്‍ ഞാനിങ്ങ് പോന്നു. വൈകിട്ട് ജോസഫേ താനൊന്നിറങ്ങ്... കഥ പറയാം...''
''രണ്ടുമൂന്നാഴ്ച ഏനക്കേടില്ലാതെ ഇവിടെങ്ങാനും കുത്തിയിരിക്കാമെന്നു വച്ചാ തന്നേക്കൊണ്ടൊരു രക്ഷേമില്ലല്ലോടോ. ഇതെന്തൊരു ഗതികേടാ. എന്റെ വരദരാജാ നിങ്ങടെ കഥ കേട്ടുകേട്ടെന്റെ കഥ തീരുമെന്നാ തോന്നുന്നത്. മിത്രം ശത്രുവിന്റെ ഗുണം ചെയ്യുമെന്ന് പണ്ടാരാണ്ട് പറഞ്ഞുവെച്ചത് അച്ചട്ടാ. 

ഇത്തവണത്തേക്കുകൂടി ഞാന്‍ ക്ഷമിക്കാം. വൈകിട്ടെവിടാ ബാറിലോ അതോ തന്റെ കൂടാരത്തിലോ...?''
''രണ്ടും വേണ്ട. അങ്ങോട്ടുള്ള യാത്രയ്ക്കിടയില്‍ കിട്ടിയ കഥയാ... അതു പറഞ്ഞുതീര്‍ക്കാന്‍ നല്ലത് ഒരു യാത്ര തന്നെയാ. താന്‍ വണ്ടിയെടുത്ത് വാ... ഒരു അരമുക്കാല്‍ മണിക്കൂറ്... ഒന്ന് റൗണ്ടടിക്കുന്നതിനിടേല് പറഞ്ഞുതീര്‍ത്ത് തന്നെ തന്റെ പറുദീസയിലേക്ക് തിരികെ വിട്ടേക്കാം...''

അന്നു വൈകിട്ട് ജോസഫിന്റെ ചുവന്ന പോളോ മീനച്ചിലാറിന്റെ തീരവും കടന്ന് കാഞ്ഞിരപ്പള്ളിയിലേക്കുള്ള വളവ് കയറി. മഴ മുടിയഴിച്ച് പെയ്യാനൊരുങ്ങുന്നു. തുള്ളിവീഴാന്‍ കാത്ത്‌നില്‍ക്കാതെ ജോസഫ് വൈപ്പറിട്ടു. അതിന്റെ താളത്തില്‍ സീറ്റിലൊന്ന് ഇളകിയിരുന്ന് വരദരാജന്‍ കഥയുടെ സൂചനയിലേക്ക് കടന്നു: ''ജോസഫേ തന്നോട് ഞാന്‍ ഇതുവരെ എത്ര കഥ പറഞ്ഞിട്ടുണ്ടാകും. മിനിമം ഒരു നൂറു നൂറ്റന്‍പതെണ്ണം എന്റെ കണക്കിലുണ്ട്. പലതും നിങ്ങളെ മടുപ്പിച്ചുകാണും... ഉറപ്പാ... പക്ഷേങ്കില്‍, കഥ മുഷിപ്പിക്കാതിരിക്കാനുള്ള ഗുട്ടന്‍സ് എനിക്കിപ്പഴാ പിടികിട്ടിയത്. കഥ ഒരിക്കലും കഥയായി അവതരിപ്പിക്കരുത്. അനുഭവമാക്കി അങ്ങ് കാച്ചിയേക്കണം. ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു എന്നല്ലേ നമ്മള് പിള്ളേര്‍ക്ക് പറഞ്ഞുകൊടുക്കുന്നത്. ആ രീതി ഒന്നു മാറ്റിപ്പിടിക്കണം. കഥയിലേക്ക് കയറി നമ്മളങ്ങ് രാജാവാകണം. 

അതിപ്പോ കഥയായാലും സിനിമയായാലും സംഗതി ചീറാന്‍ അതാണെടോ വഴി. ആരാന്റെ വേദന... ആരാന്റെ ജീവിതം എന്നു പ്രഖ്യാപിക്കുന്നിടത്ത് കഥ തോറ്റമ്പും. അനുഭവത്തിന്റെ നെറി ഉണ്ടേല് കാണുന്നവനും വായിക്കുന്നവനും ഉള്ളില്‍ എന്തെങ്കിലുമൊന്നിളകും. കഥാപാത്രമായല്ല, മനുഷ്യനായി നമ്മളങ്ങ് പ്ലോട്ടിലേക്ക് കയറണം. എന്റെ കഥയിലെ നായകനും ഇതേ കാര്യം പറയുന്നുണ്ട്.'' വരദരാജന്റെ ആമുഖം അവസാനിച്ചതും മഴ വീണു. 

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

''നിങ്ങള് ഹിന്ദുക്കളുടെ കണ്‍സപ്റ്റ് പ്രകാരം സംഗതി ശുഭസൂചനയാണല്ലോ ഉവ്വേ...'' ജോസഫ് കണ്ണടയെടുത്തുവച്ചു.

''ജോസഫേ ഇന്നു കാടുകയറാന്‍ ഞാനില്ല. കാര്യം കഥയായല്ല അനുഭവമായി കേള്‍ക്കണം. ദേ നിങ്ങളാ വളവ് തിരിക്കുമ്പോ ഞാന്‍ പ്ലോട്ടിലേക്ക് കയറും. കഥ തുടങ്ങുന്നത് റയില്‍വേ സ്റ്റേഷനിലാണ്. മുതുകത്ത് ഒരു ബാഗുമിട്ട് ഞാന്‍.'' കഥയിലേക്ക് വരദരാജന്‍ കയറിയതും ജോസഫ് വളവ് കടന്നു സ്റ്റിയറിങ് തിരിച്ചൊടിച്ചു. ''ഉഗ്രന്‍ ടൈമിംഗ്...'' ജോസഫ് വരദരാജന്റെ തോളില്‍ തട്ടി. 

അലിഗഡിലെ സര്‍വ്വകലാശാലയില്‍ മകന്റെ ബിരുദദാനച്ചടങ്ങ് കാണാനുള്ള പോക്ക്. ട്രെയിന്‍ വന്ന് നില്‍ക്കുന്നു. എ.സി കംപാര്‍ട്ട്മെന്റ്. ആള് കുറവ്. സീറ്റ് നമ്പര്‍ 41. ഞാന്‍ ചെന്നു കയറുമ്പോ എന്റെ മകനേക്കാള്‍ രണ്ടോ മൂന്നോ വയസ് മൂപ്പുള്ള ഒരു കൊച്ചന്‍ എന്റെ സീറ്റില്‍ കിടപ്പുണ്ട്. തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞുകിടന്നതുകൊണ്ട് തല്‍ക്കാലം ചെറുക്കനെ ഉണര്‍ത്താതെ അവിടിരിക്കാമെന്നു ഞാന്‍ തീരുമാനിച്ചു. പുറത്ത് അസ്തമിക്കാന്‍ വെപ്രാളപ്പെടുന്ന സൂര്യന്‍. ജനലരികിലേയ്ക്ക് ചായുന്ന വെയിലിനു വല്ലാത്ത ചൂട്. ഞാന്‍ സീറ്റിന്റെ തുഞ്ചത്തേക്ക് നിരങ്ങി. എന്തിലെങ്കിലും നോട്ടം ഉറപ്പിക്കാതെ സമയം കളയാന്‍ എനിക്ക് വലിയ മെനക്കേടാണ്. പക്ഷേ, നമ്മളെ ഒന്നുണര്‍ത്തി വെക്കാന്‍ പാകത്തിന് ആ തീവണ്ടിക്കുള്ളില്‍ ഒന്നുംതന്നെ എന്റെ കണ്ണ് ഒപ്പിയെടുത്തില്ല. ഉറങ്ങിക്കിടക്കുന്ന ചെറുക്കനെ ഞാന്‍ ഒന്നുകൂടി നോക്കി. ജനല് തുളച്ചെത്തിയ വെയില്‍ അവന്റെ മുഖത്തിരിപ്പുണ്ട്. ഒറ്റനോട്ടത്തില്‍ ചുവന്ന പ്രകാശം ചൊരുത്തുന്ന പളുങ്കുഗോളം പോലെ. അവന്റെ നെഞ്ചത്ത് മടക്കിവച്ച പുസ്തകം അപ്പോഴാണ് ഞാന്‍ കണ്ടത്. യവനകഥാ സാഗരം. അതുകണ്ടപ്പോ എനിക്കൊരു കൗതുകം. ഞങ്ങളീ ആനിമേറ്റര്‍മാരുടെ ജീവിതം മനുഷ്യരുടെ കുട്ടിത്തത്തിനുമേല്‍ കെട്ടിപ്പൊക്കിയതല്ലേ. എനിക്ക് അവനോട് ഒരുതരം വാത്സല്യം തോന്നിത്തുടങ്ങി. അതിനുകാരണം അവന്റെ നെഞ്ചത്തിരുന്ന ആ പുസ്തകം തന്നെയായിരുന്നു. പുസ്തകത്തില്‍നിന്ന് ഞാനവന്റെ വെയില്‍ ചുവപ്പിച്ച മുഖത്തേക്ക് പിന്നെയും നോക്കി. പ്രോമിത്യൂസ്... തീ മോഷ്ടിച്ച വില്ലാളി. അവന്റെ പേര് എന്തുതന്നെയായാലും എനിക്കപ്പോള്‍ മനസ്സില്‍ അവനെ ആ പേരിട്ട് വിളിക്കാന്‍ തോന്നി. പ്രോമിത്യൂസിന്റെ നെഞ്ചിലെ പടച്ചട്ടപോലെ ആ പുസ്തകം. എന്റെ മനസ്സില്‍ ട്രോജന്‍ പടക്കുതിരകളും യുലീസസിന്റെ കപ്പലുകളുമൊക്കെ അനങ്ങിത്തുടങ്ങി. എനിക്ക് രസംപിടിച്ചു. എറണാകുളം എത്തിയപ്പോ ഞാനിരുന്ന സീറ്റിന്റെ അവകാശി വന്നു. ഒരു പഞ്ചാബി. ഞാന്‍ ചെറുക്കനെ ഉണര്‍ത്താനുറപ്പിച്ചു. വെറുതെ തോളത്ത് ഒന്നു തട്ടിയതേയുള്ളൂ. അവന്‍ ചാടി എഴുന്നേറ്റു. വെയില്‍ഗോളം അവന്റെ മുഖം വിട്ട് മറ്റൊരു ഇരിപ്പിടം തേടി. എ.സിയുടെ തണുപ്പിലും അവന്റെ മുഖത്ത് വിയര്‍പ്പ് പൊടിഞ്ഞിരുന്നു. എന്താ... അവനാകെ പരിഭ്രമിച്ചതുപോലെ. ഇതെന്റെ സീറ്റാണ്. ഞാന്‍ പറഞ്ഞു. ഓഹ്...സോറി സാര്‍... ഞാന്‍ ഇവിടെ വായിച്ചു കിടന്ന് ഉറങ്ങിപ്പോയി. സൈഡ്ലോവര്‍ സീറ്റിലേക്ക് അവന്‍ മാറിയിരുന്നു. 

എന്റെ കണ്ണ് ഇടയ്ക്കിടെ ആ പുസ്തകത്തിലേക്ക് പതിയുന്നകൊണ്ടാകാം അവനെന്നെ നോക്കി ഒന്നു ചിരിച്ചു. ഞാനും. അതിനിടെ ട്രെയിന്‍ കുറെയേറെ സ്റ്റേഷനുകള്‍ കടന്നുപോയി. ഞങ്ങളിരിക്കുന്ന ഭാഗത്ത് ഞാനും അവനും ആ പഞ്ചാബിയും മാത്രം. പഞ്ചാബി ലാപ്ടോപ്പില്‍ എന്തോ തിരക്കിട്ട പണിയിലാണ്. ഞാന്‍ ഒന്നു മയങ്ങിയുണര്‍ന്ന് ടോയ്ലറ്റിലേക്കു പോയി തിരികെ നടക്കുമ്പോള്‍ വാതിലിനരികെ അവന്‍. സാറെങ്ങോട്ടാ... 
അലിഗഡ്... ഉറക്കച്ചടവില്‍ ഞാന്‍ മറുപടി ഒറ്റവാക്കില്‍ ഒതുക്കി. താനോ... ഒന്നു മുഖം തുടച്ച് ഞാന്‍ അവനോട് ചോദിച്ചു. ടിക്കറ്റ് ഡല്‍ഹിക്കാണ് സര്‍. വെറുതെ ഒന്ന് ഇന്ത്യ കണ്ട് മടങ്ങാമെന്നൊരാഗ്രഹം... അവന്‍ ചിരിച്ചു. സീറ്റിലേക്ക് ഞാന്‍ മടങ്ങുമ്പോള്‍ അവനാ വാതില്‍ക്കല്‍ത്തന്നെ നില്‍പ്പായിരുന്നു.

പിറ്റേന്നു കാലത്ത് ഞാന്‍ ഉണരുമ്പോള്‍ അവന്‍ സീറ്റില്‍ ഇരിപ്പുണ്ട്. അരികിലുണ്ടായിരുന്ന യവന പുസ്തകം ഞാനൊന്നു കടം ചോദിച്ചു. അവനത് സന്തോഷത്തോടെ നീട്ടി. ഒരുമാതിരിപ്പെട്ട യവന ഇതിഹാസങ്ങളെല്ലാം കുറുക്കി കുത്തിത്തിരുകിയിട്ടുണ്ട് അതില്‍. പുസ്തകം തിരികെ കൊടുത്ത ശേഷം ഞാനവനോട് സംസാരം തുടങ്ങി. പഞ്ചാബി നല്ല ഉറക്കത്തിലാണ്. അയാളെ ബുദ്ധിമുട്ടിക്കണ്ടെന്നു കരുതി ഞാന്‍ അവന്റെ സീറ്റിന്റെ ഒരറ്റത്തേക്ക് ചെന്നിരുന്നു. പലതും പറഞ്ഞുവരുന്നതിനിടെ ഞാന്‍ ആനിമേറ്ററാണെന്നറിഞ്ഞപ്പോള്‍ അവനു ഭയങ്കര കൗതുകം. പണ്ടുമുതലേ ആ കൗതുകമല്ലേ നമ്മുടെ ഊര്‍ജ്ജം. ഞാന്‍ അപ്പോഴത്തെ ആവേശത്തിനു ഫോണില്‍ എന്റെ രണ്ടുമൂന്നു വര്‍ക്ക് അവനെ കാണിച്ചു. അവനത് വലിയ താല്പര്യത്തോടെയാണ് കണ്ടത്. ദ്രുപദ് കുട്ടിയായിരുന്നപ്പോള്‍ അവന്റെ കണ്ണില്‍ ഉണ്ടായിരുന്ന അതേ കൗതുകം. 

അവനു കഥയെഴുത്തിലും സിനിമയിലുമൊക്കെ നല്ല കമ്പമാണെന്ന് എനിക്കു മനസ്സിലായി. സാറേ ഈ പണി എനിക്ക് അറിയാമായിരുന്നെങ്കില്‍ ഞാന്‍ തകര്‍ത്തേനെ. ഇന്നത്തെക്കാലത്ത് അക്ഷരംകൊണ്ട് പിടിച്ചുനില്‍ക്കാന്‍ മുടിഞ്ഞ പാടാ സാറേ. വിഷ്വല്‍സ്... അതിനാണ് മാര്‍ക്ക്. നമ്മള് ചത്തുകിടന്ന് എഴുതി നല്ല വിഷ്വല്‍സ് ഉണ്ടാക്കിയാല്‍പ്പോലും ഇതുപോലുള്ള ഗിമ്മിക്കുകള്‍ക്ക് കിട്ടുന്ന റീച്ച് ഉണ്ടാവില്ല. ടെക്നോളജിയുടെ സഹായമില്ലാതെ ക്രിയേറ്റിവിറ്റിക്ക് നിലനില്‍പ്പില്ല. വീഡിയോകളുടെ ചാകര അല്ലേ. അതിനിടയില്‍ എഴുതി പഴഞ്ചനായിട്ട് കാര്യമില്ല. നിങ്ങള് ആനിമേറ്റര്‍മാര്‍ക്ക് സെക്കന്‍ഡുകള്‍ക്കല്ലേ കാശ്. ഞാന്‍ ചിരിച്ചു. അവനിങ്ങനെ ആവേശത്തോടെ പറയുന്ന കേട്ടപ്പോ ഞാന്‍ മോനെ ഓര്‍ത്തു. അവന്‍ കുഞ്ഞായിരുന്നപ്പോഴാണ് വഴങ്ങാത്ത സോഫ്റ്റ്വെയര്‍ പഠിച്ച് ഞാനീ പണി തുടങ്ങിയത്. അവനായിരുന്നു ആദ്യത്തെ കാണി. അവന്റെ കണ്ണിലെ വിസ്മയവും മുഖത്തെ ചിരിയുമൊക്കെയായിരുന്നു ഊര്‍ജ്ജം. കുട്ടികള്‍ക്കുവേണ്ടി കുറേ വീഡിയോകള്‍. നല്ല ജോലി. തിരക്ക്. പക്ഷേ, ദ്രുപദിന്റെ കൗതുകം വേഗം മാഞ്ഞു. എന്റെ കരടിവാല്‍ ചലനങ്ങളും കോഴിക്കുഞ്ഞിന്റെ നീന്തലുമൊന്നും അവനു വേണ്ടാതായി. അവന്‍ അവന്റെ അമ്മയുടെ വഴിയിലേക്ക് കയറി. ചരിത്രം റിയലിസം... ആധുനികത ഉത്തരാധുനികത. ഫാന്റസി അവനെ സംബന്ധിച്ച് വെറും വേസ്റ്റാണ്. അപ്പോഴാണ് അവന്റെ പ്രായത്തിലൊരു ചെറുപ്പക്കാരന്‍ ഇതൊന്നും അത്ര നിസ്സാര കാര്യമല്ലെന്ന് ആധികാരികമായി പറയുന്നത്. 

ഞാന്‍ അവനോട് വിശദമായിത്തന്നെ സംസാരിച്ചു. എന്റെ സ്വപ്നം ഈ കുട്ടിക്കളികള്‍ ഒന്നുമല്ലെന്നും എന്നെങ്കിലും ഞാനൊരു മുഴുനീള സിനിമ എടുക്കുമെന്നും ഞാന്‍ പറഞ്ഞു. പെട്ടെന്ന് അവന്‍ അവന്റെ വലതു കൈ നീട്ടി. സാറേ കൊടു കൈ. ഞാനും സാറും ഒരേ ട്രാക്കിലാ. സാര്‍ ജീവിതം കരപിടിച്ചപ്പോ സിനിമയിലേക്ക് തിരിഞ്ഞു... എനിക്കീ നടുക്കടലില്‍ സിനിമയാ പിടിവള്ളി... അതേയുള്ളൂ വ്യത്യാസം. സാറ് ശ്രദ്ധിച്ചുകാണും. ഈ യാത്രയുടെ തുടക്കം മുതല് എന്റെ കയ്യില് ഈ പുസ്തകമുണ്ട്. ഇടിച്ച് ചുരുക്കിയതാണേലും ഇതില് കാക്കത്തൊള്ളായിരം കഥകള്‍ എഴുതാനുള്ള മൊതലുണ്ട്. കഥയെഴുതാന്‍ ഭാവന മാത്രം പോര സാറേ. കഥയില് ഇന്‍സെസ്റ്റ് വേണം. മനുഷ്യന്റെ ആന്തരിക പ്രാകൃത ചോദന. അത് യവനരെപ്പോലെ ആര് സാഹിത്യത്തില്‍ പരീക്ഷിച്ചിട്ടുണ്ട് പ്രയോഗിച്ചിട്ടുണ്ട്. സാറ് ഈഡിപ്പസിന്റെ കഥ തന്നെയെടുക്ക്. ഷേക്സ്പിയറ് പോലും ഭാവനയ്ക്ക് തീ കൊടുത്തത് അതിന്റെ ചൂട്ടിന്‍ കനലില്‍ നിന്നല്ലേ. ഗ്രീക്ക് ഇതിഹാസങ്ങള് വായിച്ചാല്‍ തലയിലെ ചില കോശങ്ങള് കത്തും. പൊളിറ്റിക്കല്‍ കറക്റ്റ്നെസ് കൊണ്ട് മനുഷ്യരെ രസിപ്പിക്കാന്‍ പറ്റില്ല. അതിന് ലസ്റ്റും ഇന്‍സെസ്റ്റും ഒക്കെത്തന്നെ വേണം. എനിക്ക് അവനോട് നല്ല മതിപ്പ് തോന്നി. ആ സംസാരത്തിനിടയ്ക്ക് എനിക്കൊരു കോള്‍ വന്നു. ഞാനതുമായി വാതില്‍ക്കലേക്ക് പോയി. പിന്നെ സീറ്റിലെത്തുമ്പോള്‍ അവന്‍ കമിഴ്ന്ന് കിടന്ന് ഉറക്കം. എനിക്കത് മുറിക്കാന്‍ തോന്നിയില്ല. ഞാനും കയറിക്കിടന്നു. ഇടയ്ക്കൊന്നെഴുന്നേറ്റെങ്കിലും ആ ദിവസം പിന്നീടൊരു സംസാരം ഞങ്ങള്‍ക്കിടയിലുണ്ടായില്ല.

മൂന്നാമത്തേതും യാത്രയുടെ അവസാനത്തേതുമായ ദിവസം പുലര്‍ച്ചെ അവനെന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചു. സാറേ ഒരു കഥയുണ്ട്. ഒന്ന് കേള്‍ക്കാമോന്ന്... വരദരാജന്‍ കഥ നിര്‍ത്തി ജോസഫിനെ ഒന്നു നോക്കി. എടോ ഞാനിന്നും പിന്നെ ഇതിനുമുമ്പൊരു നൂറായിരം തവണയും കഥ കേള്‍ക്കാന്‍ തന്നെ വിളിച്ചപോലെ എന്റെ കഥാപാത്രം എന്നെ കഥകേള്‍ക്കാന്‍ വിളിച്ചെഴുന്നേല്‍പ്പിച്ചെന്ന്. കഥ പറയാന്‍ അനുവാദം കാത്തുനില്‍ക്കുന്നവന്റെ വേദന എനിക്ക് മനസ്സിലാവും. ജോസഫ് ഗിയറിലുറപ്പിച്ച മുഷ്ടിയില്‍ ഒന്നുതോണ്ടി വരദരാജന്‍ കഥയിലേക്ക് മടങ്ങി. 

ഒന്ന് ടോയ്ലറ്റില്‍ പോയി ഫ്രഷായി വന്ന് ഞാന്‍ അവന്റെ കഥ കേള്‍ക്കാന്‍ ഇരുന്നു. സാറേ കഥയാണെന്ന മുന്‍വിധിയോടെ കേള്‍ക്കാനിരുന്നാല്‍ സംഗതി പാളീസാകും. സാറിനു മടുക്കും. മറ്റൊരാളുടെ കഥ വെറുതെ ഇരുന്നു കേള്‍ക്കല് അറുബോറന്‍ പരിപാടിയാണ്. അതുകൊണ്ട് ഞാന്‍ പറയാന്‍ പോകുന്നത് കഥയല്ല എന്റെ അനുഭവം ആണെന്ന് സാറ് സങ്കല്പിക്കണം. കഥയുടെ രസമിരിക്കുന്നത് കേള്‍വിക്കാരന്റെ സങ്കല്പത്തിലാണ്. ഇത് യാഥാര്‍ത്ഥ്യമുള്ള അനുഭവമാണെന്നു ചിന്തിച്ചാല്‍ സാറിനു രസംപിടിക്കും. അവന്റെ സിദ്ധാന്തം ശരിയാണെന്ന തരത്തില്‍ ഞാന്‍ തലകുലുക്കി...

ട്രെയിനപ്പോള്‍ സവായ് മാഥേപൂര്‍ കടന്നിട്ടുണ്ടായിരുന്നു. എനിക്ക് എത്തേണ്ടിടത്തേക്ക് ഇനി കഷ്ടിച്ച് രണ്ടു മണിക്കൂറിന്റെ ദൂരം. സാറേ ഞാന്‍ തുടങ്ങാന്‍ പോവുകയാണ്. സാറിനു താല്പര്യത്തോടെ കേട്ടിരിക്കാനുള്ള സുഖത്തിനു ഞാന്‍ പ്ലോട്ടിലേക്ക് കയറുന്നു. ഈ കഥയിലെ നായകനെ ഞാന്‍ ഞാനെന്നു തന്നെ വിളിക്കുന്നു. ഇതാ ഞാന്‍ പറഞ്ഞു തുടങ്ങുകയായി... അവന്‍ കഥയിലേക്ക് കടന്നു.

ഇടുക്കിക്കടുത്തുള്ള ഒരു ഗ്രാമം. ഞാനും ചേട്ടനും അപ്പനും അമ്മച്ചിയും. അപ്പന് ഏലകൃഷിയാണ്. പിന്നെ റബ്ബറും കാപ്പിയും കുരുമുളകും ഇടവിളയായി കപ്പയും കാച്ചിലും... പറമ്പിലെ പണിക്ക് എന്നും ആളുകളുണ്ടാകും. അപ്പനൊപ്പം അമ്മച്ചിയും മടിയില്ലാതെ എല്ലാത്തിനും കൂടും. ഞങ്ങള് രണ്ട് ചെറുക്കന്മാരല്ലേ. അപ്പനും അമ്മയ്ക്കും നാട്ടുനടപ്പനുസരിച്ച് വലിയ ചെലവ് വരാനുള്ള സാധ്യതയുമില്ല. അപ്പന്‍ ആളൊരു പാവം. അമ്മച്ചി പറയുന്നതങ്ങ് അനുസരിക്കും. തമ്മില് രൂപത്തില് ഭയങ്കര വ്യത്യാസമാണെങ്കിലും അവര് അടികൂടുന്നതോ അമ്മച്ചി പിണങ്ങി കണ്ണ് തിരുമ്മുന്നതോ ഞങ്ങളൊരിക്കലും കണ്ടിട്ടില്ല. ഞങ്ങള് പിള്ളേര് ജനിച്ചതില്‍പ്പിന്നെയാകാം അമ്മച്ചി അപ്പനെ അപ്പാ എന്നാ വിളിച്ചിരുന്നത്. ആ വിളി കേട്ട് തഴമ്പിച്ചകൊണ്ടാകാം അമ്മച്ചി ഞങ്ങക്ക് അമ്മച്ചിയേക്കാളേറെ കൂടെപ്പിറപ്പ് പോലെയാ തോന്നിയിരുന്നത്. അമ്മച്ചി ആഴ്ചയിലൊരു ദിവസം തലമുടി നല്ല പുളിച്ച കഞ്ഞിവെള്ളമൊഴിച്ച് കഴുകും. റബ്ബറിന്‍ ചുള്ളില് അടുക്കിവച്ച ചായിപ്പിന്റെ പിന്നിലിരുന്ന് അമ്മച്ചി മുടി ഉണക്കാനഴിച്ചിടും. സ്‌കൂളില്‍ പോകണ്ടാത്ത ദിവസമാണെങ്കില്‍ ഞാന്‍ പമ്മിച്ചെന്ന് പിറകിലിരിക്കും. വിടര്‍ത്തിയിട്ട മുടിയില്‍ നിന്നൂറുന്ന കഞ്ഞിവെള്ളത്തിന്റെ കൊഴുത്ത പുളിമണം പിടിച്ചെടുക്കാന്‍ വേണ്ടി മാത്രം. അമ്മച്ചിക്ക് ഈ കഞ്ഞിവെള്ളക്കുളിപോലെ വെറെയും ചിട്ടകളുണ്ടായിരുന്നു. കിണറ്റിന്റെ കപ്പി, നീക്കു ഗേറ്റിന്റെ ചക്രം, വാതിലുകളുടേയും ജനലുകളുടേയും വിജാഗിരി... ഇതിനൊക്കെ എണ്ണയിടല്. ഏതോ കാലത്തു തുടങ്ങിയ പതിവ് രണ്ടോ മൂന്നോ ദിവസത്തിന്റെ ഇടവേളയില്‍ അമ്മച്ചി ആവര്‍ത്തിച്ചുകൊണ്ടിരിക്കും. എണ്ണപ്പാത്രം കൊണ്ട് അമ്മച്ചിയിങ്ങനെ പതിവ് ശുശ്രൂഷയ്ക്കിറങ്ങുമ്പോ എനിക്ക് തോന്നും അവരൊരു മന്ത്രവാദിനിയാണെന്ന്. തമാശയൊന്നും പറയാറില്ലെങ്കിലും അമ്മച്ചിക്ക് തമാശ കേള്‍ക്കാന്‍ വലിയ ഇഷ്ടമായിരുന്നു. കട്ടപ്പനയ്ക്ക് മലഞ്ചരക്കും കൊണ്ടുപോയ് വരുമ്പോഴൊക്കെ അപ്പച്ചന്‍ അമ്മച്ചിക്ക് വാരികകളും കാസറ്റുകളും കൊണ്ടുവരും. അമ്മച്ചിക്ക് നീട്ടാതെ മേശപ്പുറത്ത് വെക്കുന്നതാണ് രീതിയെങ്കിലും അത് അമ്മച്ചിക്കുള്ളതാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പത്താംക്ലാസ് കഴിഞ്ഞപാടെ ഞങ്ങളെ ഹോസ്റ്റലില്‍ നിര്‍ത്തി പഠിപ്പിക്കണമെന്ന് അമ്മച്ചിക്ക് നിര്‍ബ്ബന്ധമായിരുന്നു. ഓണംകേറാമൂലയില്‍ മുരടിച്ച കാച്ചില്പോലെ പട്ടുപോകാന്‍ ഞാനെന്റെ ചെറുക്കന്മാരെ സമ്മതിക്കുകേലാ എന്ന് അമ്മച്ചി ഇടയ്ക്കിടെ പറയും. അങ്ങനെ പത്തും കഴിഞ്ഞ് ഞങ്ങള് രണ്ടും വീടുവിട്ടു. അവധിക്കും വിശേഷങ്ങള്‍ക്കും വീട്പറ്റും. അതിനിടേല് അമ്മച്ചീടെ പതിവുകളും മറ്റും ഞാനങ്ങ് മറന്നു.

പെട്ടെന്നൊരു ദിവസം അമ്മച്ചിക്ക് സുഖമില്ലെന്നു പറഞ്ഞ് അപ്പന്റെ വിളി വന്നു. ചേട്ടനന്ന് ബാംഗ്ലൂരിലൊരു കമ്പനീല് ജോലിക്ക് കേറിയ സമയമായിരുന്നു. ഞാന്‍ മംഗലാപുരത്തും. അപ്പന്റെ ശബ്ദത്തിലെ നിസ്സംഗത കേട്ട് സത്യത്തില് അമ്മച്ചി മരിച്ചെന്ന് ഞാന്‍ ഉറപ്പിച്ചു. വരുന്നവഴിക്ക് ചേട്ടനെന്നെ ടാക്‌സിയില് ഒപ്പം കൂട്ടുവാരുന്നു. രാത്രി മുഴുവനും ഞാന്‍ കരഞ്ഞു. ഇടയ്ക്ക് പുളിച്ച കഞ്ഞിവെള്ളത്തിന്റെ മണം മൂക്കില്‍ തട്ടി എനിക്ക് ഓക്കാനം വന്നു. വീട്ടിലെത്തിയപ്പോള്‍ പക്ഷേ, കഥ മാറി. അമ്മച്ചിക്ക് ആപത്തൊന്നും പറ്റിയതല്ല, പുള്ളിക്കാരി ഒളിച്ചോടിയതാണെന്ന് അപ്പന്‍ മറയൊന്നുമില്ലാതെ ഞങ്ങളോട് രണ്ടുപേരോടുമായി പറഞ്ഞു. ഞങ്ങടെ റബ്ബറ് വെട്ടുകാരന്റെ കൂടെ. നാല്‍പ്പത്തെട്ടാം വയസ്സില്‍ അമ്മച്ചിയുടെ ഒളിച്ചോട്ടം നാട്ടില് വലിയ സംസാരവിഷയമായി. എന്റെ മൂത്തവനെ എന്തുകൊണ്ടോ ഈ നാണക്കേട് ബാധിച്ചതേയില്ല. മൂന്നാംനാള് അവന്‍ ബാംഗ്ലൂരിലേക്ക് മടങ്ങി. നീ വരുന്നോടാ എന്നവന്‍ പോകാന്‍നേരം എന്നോട് ചോദിച്ചു. ഞാന്‍ പോയില്ല. അമ്മച്ചീടെ പുതുക്കക്കാരന്‍ ചീകി നിര്‍ത്തിയ റബ്ബറിന്റെ പാല്‍വരപോലെയായിരുന്നു എന്റെ മനസ്സ്. അതിലിങ്ങനെ പക പടര്‍ന്നുകൊണ്ടിരുന്നു. അപ്പന്‍ അതില്‍പ്പിന്നെ അന്നേവരെ അമ്മച്ചി എന്നൊരാള് ആ വീട്ടില്‍ ഉണ്ടായിട്ടേ ഇല്ല എന്ന പോലായി പെരുമാറ്റം... അപ്പന്‍ ഏലം പുകയ്ക്കാന്‍ കയറിയ നേരത്ത് ഞാന്‍ അമ്മച്ചി ഇട്ടേച്ചുപോയ അവരുടെ തുണികളൊക്കെക്കൂടി കൂട്ടിയിട്ട് ചായിപ്പിനു തീവച്ചു. 

പുകപ്പുരയില്‍നിന്നിറങ്ങി വന്ന് അപ്പനെന്നെ ഒന്നു നോക്കി. ചായിപ്പ് കത്തിത്തീര്‍ന്ന് ഞാന്‍ കയറി വന്നപ്പോ അപ്പന്‍ ചോറും വരട്ടിയ പോര്‍ക്കും വിളമ്പി എന്നെ ഊണുമേശയില്‍ പിടിച്ചിരുത്തി. 

ജോസഫേ ചെറുക്കന്റെ കഥ അങ്ങനെ മുറുകിക്കയറി. അതിനിടയില്‍ ദേ ഇപ്പോ ഞാന്‍ ചെയ്തപോലെ അവനൊന്ന് കഥവിട്ടിറങ്ങിവന്നു... അവന്‍ കഥയുടെ പ്ലോട്ടിനെപ്പറ്റി ചിലത് പറയാന്‍ തുടങ്ങി... ഒരുതരം വിശദീകരണം... ഇതുവരെ പറഞ്ഞ കഥയില് സാറിന് ചെലപ്പോ ഹാംലറ്റിന്റെ അംശം കാണാന്‍ പറ്റും. ഇപ്പോ ന്യൂജെന്‍ സിനിമാക്കാര് ചെയ്യുന്ന പണിയല്ലേ ഇതെന്ന് തോന്നല് വന്നേക്കാം. പക്ഷേ, സാറേ ഞാന്‍ അങ്ങനൊരു ഈച്ചക്കോപ്പിയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഇടുക്കിയിലെ മലമേട്ടില് ഡങ്കന്‍ രാജാവിന്റെ മകനാകാന്‍ ഞാനെന്റെ കഥാപാത്രത്തെ സമ്മതിക്കില്ല. കഥയ്ക്കിടയിലെ അവന്റെ ഇടപെടല്‍ എനിക്കത്ര രസിച്ചില്ല. എടാ ഉവ്വേ... വലിച്ചു നീട്ടാതെ നീ പ്ലോട്ടിലേക്ക് കയറ്... ബാക്കി കേള്‍ക്കട്ടെ, ഞാന്‍ തിരക്കുകൂട്ടി. 

അവന്‍ തുടര്‍ന്നു: പുനലൂരിനടുത്ത് ഒരു റബ്ബര്‍ എസ്റ്റേറ്റിലാണ് പുതുക്കക്കാരന്റെ കൂടെ അമ്മച്ചി പൊറുതി തുടങ്ങിയത്. ആരോടും പറയാതെ ഒരു രാത്രി ഞാന്‍ അങ്ങോട്ട് വച്ചുപിടിച്ചു. പിറ്റേന്ന് പുലര്‍ച്ചെ പുനലൂരെത്തി. ടൗണില്‍ റൂമെടുത്തു. അന്നുരാത്രി പാത്തും പതുങ്ങിയും ഞാന്‍ അവര് താമസിക്കുന്ന വീട്ടിലെത്തി. മനസ്സിനു പുകഞ്ഞുകത്താന്‍ കനലായിരുന്നു വേണ്ടത്. ഇറങ്ങിപ്പോകുന്ന മനുഷ്യരെ എക്കാലത്തേക്കുമായി കുടിയൊഴിപ്പിക്കാന്‍ നല്ലതുപോലെ പുകച്ചാലല്ലേ പറ്റൂ. രാത്രി, വെട്ടം അണഞ്ഞപ്പോ ഞാനവരുടെ മുറിയുടെ തുറന്നു കിടന്ന ജനലിലൂടെ എത്തിനോക്കി. ഞാനവരെ കണ്ടു... കാണേണ്ടതുപോലെ തന്നെ. അവിടുന്നു തിരിഞ്ഞു നടക്കാന്‍ ഉള്ളിലിരുന്ന് ആരോ പറഞ്ഞോണ്ടിരുന്നു. ഞാന്‍ അവിടെത്തന്നെ നിന്നു. രണ്ടിനേം കൊന്ന് അടുത്ത വളപ്പിലെ പന്നി ഫാമില് എറിഞ്ഞുകൊടുത്താല്‍ അവറ്റകള് തിന്നു തീര്‍ത്തോളും. പക്ഷേ, ചില മുറിവുകള്‍ ഒടുക്കത്തെ വേദനയും അറിഞ്ഞിട്ടല്ലേ കൂടിച്ചേരൂ. മനസ്സ് വീണ്ടും വീണ്ടും വേദന കൊതിച്ചു. ഞാന്‍ മടങ്ങിപ്പോയി. അന്നുകയ്യില്‍ കരുതിയ കത്തി ഞാന്‍ സൂക്ഷിച്ചു വെച്ചു. മനസ്സ് തളരുമ്പോഴൊക്കെ അതെടുത്ത് വെറുതെ നോക്കും... അവന്‍ വീണ്ടും ഒരു ഇടവേളയിലേക്ക് കടന്നു...

ഹോ... സാറേ... ഇന്‍സെസ്റ്റ് മുഴച്ചുനില്‍ക്കേണ്ട സീനാണ്... ഒരു മകന്‍ അമ്മയെ അങ്ങനെയൊരു സീനില്‍ കാണുമ്പോള്‍ അവനിലുണ്ടാകുന്ന ചലനങ്ങള്‍... ഇരുട്ടും കത്തിയുമൊക്കെ ബിംബങ്ങളാകണം. എഴുതുമ്പോ തീവ്രത വരണം. ഞാനീ ഗ്രീക്ക് കഥകള് വായിക്കുന്നത് അങ്ങനെ ഒരു മനോനിലയ്ക്കുവേണ്ടിയാണ്... പാപം ചെയ്ത അമ്മ... അവരോട് പകവീട്ടണോ വേണ്ടയോ എന്നു സംശയിക്കുന്ന മകനില്‍ സാറിന് ഷേക്സ്പിയറിന്റെ ഹാംലറ്റിനെ കാണാം. പക്ഷേ, അമ്മയുടെ കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കുമ്പോള്‍ അവന്‍ ഈഡിപ്പസാണ്. 

പക്ഷേ, ഇതുരണ്ടിനോടും സാമ്യം വരാത്ത രീതിയില്‍ ഒരു ക്ലൈമാക്‌സ്. അതാണ് വേണ്ടത്. 

കഥാപാത്രത്തില്‍നിന്ന് എല്ലാവരുടേയും ശ്രദ്ധ കഥയിലേക്ക് കടക്കുന്ന ഒരു പഴുത്. അതാണ് കഥയുടെ രക്ഷപ്പെടല്‍. ഒരു തവണ കത്തിയുമായി മടങ്ങുന്ന ഞാന്‍ അവിടേക്കുള്ള യാത്ര ആവര്‍ത്തിക്കും. മൂന്നാമത്തെ യാത്രയാണ് നിര്‍ണ്ണായകം. പിന്നെ എന്നെ കാണുന്നത് ഒരു തീവണ്ടിക്കുള്ളിലാകാം. ഞാന്‍ പകവീട്ടിയോ ഇല്ലയോ എന്ന സംശയം സാറിനെപ്പോലെ എല്ലാവര്‍ക്കും ഉണ്ടാകണം... ദേ ഞാനിപ്പോ ഈ കഥ സാറിനോട് വിവരിക്കുംപോലെ കഥയിലെ ഞാന്‍ തീവണ്ടിമുറിയില്‍ സഹയാത്രികനോട് ഇതിങ്ങനെ പറയും. അങ്ങനെ ക്ലൈമാക്‌സിലേക്ക്. 

ജോസഫേ... അവന്റെ കഥ ക്ലൈമാക്‌സിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പ് അവനെ കാണാതായി. ടോയ്ലറ്റിലേക്കെന്നു പറഞ്ഞ് സീറ്റ് വിട്ട് പോയ ചെറുക്കന്‍ പിന്നെ എവിടെപ്പോയി എന്ന് അറിയില്ല. ഞാന്‍ അവനെ പറ്റുന്നിടത്തെല്ലാം തിരഞ്ഞു. അതിനിടെ എനിക്കിറങ്ങാനുള്ള സ്ഥലം അടുക്കാറായി. തിരികെ സീറ്റിലേക്ക് വന്നു നോക്കിയപ്പോള്‍ അവന്റെ ബാഗ് കണ്ണില്‍പ്പെട്ടു. പേരോ വിവരമോ കിട്ടിയാലോ എന്നു കരുതി ഞാന്‍ അതില്‍ പരതി. നാലഞ്ച് ജോഡി വസ്ത്രങ്ങള്‍ മടക്കി അടുക്കിയിട്ടുണ്ട്. അതിനിടയില്‍ എന്തിലോ എന്റെ കൈ തടഞ്ഞു. വലിച്ചെടുത്തത്... കറുത്ത പിടിയുള്ള നല്ല മൂര്‍ച്ചയുള്ള ഒരു കത്തിയാണ്. ഞാന്‍ അതൊന്ന് മണത്തു നോക്കുന്നതിനിടെ ട്രെയിന്‍ എന്റെ സ്റ്റേഷനില്‍ നിര്‍ത്തി. 

ജോസഫേ ഇനി പറ... കഥ എങ്ങനെയുണ്ട്. കഥയിലെ നായകന്‍ അവന്‍ ആയിക്കോട്ടെ... പൂര്‍ണ്ണമോ അപൂര്‍ണ്ണമോ ആയ ഒരു പാപത്തിന്റെ തെളിവ് മറ്റൊരാള്‍ക്ക് കൈമാറി അവന്‍ അപ്രത്യക്ഷനാകുന്നിടത്ത് കഥ തീരുന്നു. ക്ലൈമാക്‌സ് കഴിഞ്ഞാലുടന്‍ ദേ ഈ കത്തി മാത്രമുള്ള ഒരു ഷോട്ട്. അതില്‍ എന്റെ പേര്. എ ഫിലിം ബൈ വരദരാജന്‍... എങ്ങനെയുണ്ട് ജോസഫേ... പെട്ടെന്നൊരു മിന്നല്‍ കാറിനുള്ളിലേക്ക് കയറിവന്നു. അതിന്റെ വെളിച്ചത്തില്‍ വരദരാജന്റെ കയ്യിലെ കത്തി ഒന്നു തിളങ്ങി. ജോസഫിന് ചെറിയൊരു പേടി തോന്നി... പോളോയ്ക്കുള്ളില്‍ പഴകിയ ചോരയുടെ പുളിച്ച ഗന്ധം നിറയുന്നുണ്ടോ... അയാള്‍ വണ്ടി തിരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com