'സൂത്രം'- വി. ദിലീപ് എഴുതിയ കഥ

ആള്‍ക്കൂട്ടത്തെക്കണ്ട് നിയന്ത്രണം വിടരുത്... അവരാണ് കലാകാരന്റെ ശക്തി... അവരെ മെരുക്കണം... ചൂണ്ടുവിരല്‍ മാര്‍ഗ്ഗത്തില്‍ വഴിതിരിക്കണം... ഇതിനൊക്കെ സൂത്രം വേണം... ഏത്? സൂത്രം...! എവിടെ സൂത്രം...?
'സൂത്രം'- വി. ദിലീപ് എഴുതിയ കഥ

ള്‍ക്കൂട്ടത്തെക്കണ്ട് നിയന്ത്രണം വിടരുത്... അവരാണ് കലാകാരന്റെ ശക്തി... അവരെ മെരുക്കണം... ചൂണ്ടുവിരല്‍ മാര്‍ഗ്ഗത്തില്‍ വഴിതിരിക്കണം... ഇതിനൊക്കെ സൂത്രം വേണം... ഏത്? സൂത്രം...! എവിടെ സൂത്രം...?

യോവാബ് ഒരിക്കല്‍ ലോകത്തോട് അന്വേഷിച്ചു.

ചാംസിറ്റി എന്ന പ്രശസ്ത തിയേറ്റര്‍ ഗ്രൂപ്പിലേക്കുള്ള പ്രവേശനം യോവാബിന് സാധ്യമായതിനു കാരണം ഒന്നുമാത്രമാണ്; നര്‍മ്മബോധം. 

നിന്നനില്‍പ്പിലയാള്‍ ഹാസ്യം സൃഷ്ടിക്കും. കടുത്ത മാനസിക സംഘര്‍ഷത്തില്‍പ്പെട്ടവരെപ്പോലും എല്ലാം മറന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ചെറിയ പൊടിക്കൈകള്‍ യോവാബിന് ജന്മസിദ്ധമാണ്. 
കലാകാരന്മാരുടെ സ്വകാര്യമോഹമാണ് ചാംസിറ്റിയുടെ ഭാഗമാകുകയെന്നത്. ഒരു മാസം മൂന്നോ നാലോ ഷോ മാത്രമേ ഈ കമ്പനി ഏറ്റെടുക്കൂ. സമൂഹത്തിലെ ഉപരിവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍ മാത്രമുള്ള ക്ഷണിക്കപ്പെട്ട സദസ്സായിരിക്കും. അച്ചടക്കത്തോടെ വന്നിരുന്ന് ഹാസ്യം ആസ്വദിക്കുന്നവര്‍. കൂക്കിവിളികളോ അമിതമായ പൊട്ടിച്ചിരികളോ ഉണ്ടാകില്ല. ഗേറ്റ് തുറന്നെത്തിയത് എത്ര വലിയ ഹാസ്യമായാലും വീടിന്റെ സ്വീകരണമുറിയിലേക്ക് പ്രവേശനം കിട്ടാതെ വരാന്തയില്‍ത്തന്നെ ഉപചാരപൂര്‍വ്വം നില്‍ക്കേണ്ട നിലയാണ്. കോട്ടും സ്യൂട്ടുമണിഞ്ഞ് വരിവരിയായി ഷോ നടക്കുന്ന ഹാളിനകത്തേക്കു വന്നവര്‍ കര്‍ട്ടന്‍ വീഴുമ്പോള്‍ ശബ്ദമുണ്ടാക്കാതെയെഴുന്നേറ്റ് വരിതെറ്റിക്കാതെ സാവധാനം ഇറങ്ങിപ്പോകും.

പലരും ചിരിക്കാന്‍ മറന്ന ചിരി ഹാളിനകത്ത് ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ക്കരികെ വിങ്ങലോടെ നില്‍ക്കും.
ആര്‍ട്ടിസ്റ്റുകള്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ശമ്പളം കൊടുക്കുന്നതാണ് ചാംസിറ്റിയുടെ രീതി. യോവാബിനെ ഇന്റര്‍വ്യു ചെയ്ത തിയേറ്ററുടമ ഷേബ ആ ഹാസ്യപ്രകടനം കണ്ട് പരിസരം മറന്നു കുലുങ്ങിച്ചിരിച്ചു. ഒടുവിലയാള്‍ തന്റെ ഇരിപ്പിടത്തില്‍നിന്നും താഴേയ്ക്കു മുഖംകുത്തി മറിഞ്ഞുവീണു. വീഴ്ചയില്‍ ഷേബയുടെ മൂക്കിന്റെ പാലം ചെറുതായി ഒടിഞ്ഞു. വേദനയ്ക്കിടയിലും ഷേബയ്ക്ക് ചിരി നിര്‍ത്താനായില്ല.

അന്നുമുതല്‍ ചാംസിറ്റിയുടെ ഭാഗമായി യോവാബ്. അവിടത്തെ മുഖ്യഹാസ്യനടനായ അല്ലുവിനെ വിളിച്ച് ഷേബ പറഞ്ഞു: 

'ഇനി മുതല്‍ യോവാബുമുണ്ട്. ഇയാള്‍ക്ക് സ്‌റ്റേജില്‍ നിങ്ങളുടെയത്ര പരിചയസമ്പത്തില്ല. വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കണം...'

അല്ലു യോവാബിനെ ആദ്യമായി കാണുകയാണ്.

അടിമുടി ഹാസ്യത്തില്‍ പൊതിഞ്ഞ് ഒരാള്‍! 

ഉയരക്കുറവിനു പരിഹാരമായി ഹീലുള്ള ഷൂ, മെലിഞ്ഞ ശരീരത്തിനു മുകളില്‍ കൂടുതല്‍ കട്ടിയുള്ള കോട്ട്... എപ്പോള്‍ വേണമെങ്കിലും ഇയാളൊരു ഫലിതം പറഞ്ഞേക്കാം. അല്പം ചിമ്മിയ കണ്ണുകളിലും ഒരു വശത്തേക്ക് ചെറുതായി കോടിയ കീഴ്ചുണ്ടിലും കുതറിനില്‍ക്കുന്ന ചില നമ്പറുകള്‍ അല്ലു തിരിച്ചറിഞ്ഞു.
അന്ന് സ്‌റ്റേജില്‍ അവരൊന്നിച്ചു. 

അല്ലുവിനെയടക്കം സഹകലാകാരന്മാരെ നിഷ്പ്രഭമാക്കിയ പ്രകടനമായിരുന്നു യോവാബിന്റേത്. മേയര്‍ ഉള്‍പ്പെടുന്ന സദസ്സായിരുന്നു. ചാംസിറ്റിയുടെ ചരിത്രത്തിലാദ്യമായി സദസ്സില്‍നിന്നും ഉച്ചത്തിലുള്ള കയ്യടിയും ആര്‍പ്പുവിളികളുമുയര്‍ന്നു.

യോവാബ് നിറഞ്ഞാടുകയാണ്.

സ്‌ക്രിപ്റ്റില്‍ ഇല്ലാത്ത പുതുപുത്തന്‍ നമ്പറുകള്‍ ശൂന്യതയില്‍നിന്നെന്നവണ്ണം കയ്യെത്തിപ്പിടിച്ച് ആവിഷ്‌കരിക്കുന്ന വിസ്മയം അല്ലു കണ്ടു. കൂട്ടത്തില്‍ മറ്റൊന്നുകൂടി; മുന്‍നിരയിലിരുന്ന മേയര്‍ എഴുന്നേറ്റ് തൊപ്പിയെടുത്ത് വീശുന്നു. ഗൗരവപ്രകൃതക്കാരനായ ആ മനുഷ്യന്‍ തന്റെ കൂറ്റന്‍ ശരീരം കുലുക്കി നൃത്തം ചെയ്യുകയും കുട്ടികളെപ്പോലെ വിരലുകള്‍ വായില്‍കടത്തി, ആവേശത്തോടെ വിസിലടിക്കുകയും ചെയ്യുന്നു...

എന്തൊരു മായക്കാഴ്ചയാണ് കാണുന്നത്! 

അതാ, സദസ്സിലുള്ളവരെല്ലാം മേയര്‍ക്കൊപ്പം കൂടുന്നു. യോവാബിന്റെ അഭിനയവും സംഗീതവും കുറച്ചുനേരത്തേക്ക് എല്ലാവരേയും മറ്റൊരു ലോകത്തേക്കു മാറ്റിപ്പാര്‍പ്പിച്ചതുപോലെ. യോവാബ് ആംഗ്യം കാണിക്കുമ്പോള്‍ കയ്യടിയും ആര്‍പ്പുവിളിയും കൂറ്റന്‍ കടല്‍ത്തിരകള്‍പോലെ എവിടെ നിന്നോ ഇരമ്പിവരുകയായി... മറ്റൊരാംഗ്യത്തില്‍ തിരകള്‍ ഫണം മടക്കി പിന്‍വാങ്ങുകയും.

ഷേബ രണ്ടുമൂന്നു തവണ ഓടിവന്ന് ഈ കാഴ്ച കണ്ടു. മുഖത്ത് തന്റെ തീരുമാനം തെറ്റിയില്ലെന്ന അഭിമാനവും സംതൃപ്തിയും നിറഞ്ഞുനിന്നിരുന്നു. കട്ടിഫ്രെയിമുള്ള കണ്ണട ഷേബ ആവേശത്തോടെ തുടച്ചു. അതാണ് അയാളുടെ രീതി.

പെട്ടെന്ന് അല്ലു ശ്രദ്ധിച്ചു; യോവാബിന്റെ കയ്യില്‍ പ്രത്യേകിച്ച് എന്തോ ഒന്നുണ്ട്. 

അതെ, വിദഗ്ദ്ധമായി യോവാബതു മറച്ചുപിടിക്കുകയാണ്. 

അതാ കോട്ടില്‍നിന്നും വീണ്ടുമത് പുറത്തെടുക്കുന്നു. 

ഇക്കുറി വ്യക്തമായി കണ്ടു; അതൊരു മാന്ത്രികവടിയാണ്.

അറ്റത്ത് സ്വര്‍ണ്ണനൂലുകള്‍ കെട്ടിയിരിക്കുന്നു. വടി താളത്തില്‍ ചുഴറ്റിയിട്ട് യോവാബ് സ്വയമൊന്നുവട്ടം കറങ്ങി. അപ്പോള്‍ അല്ലുവിന്റെ കണ്ണുകളുമായുടക്കി. ഒരു നിമിഷം അല്ലുവിനെ ശ്രദ്ധിച്ചിട്ട് യോവാബ് മന്ദഹസിച്ചു. പിന്നെ തിരിച്ചുകറങ്ങി. അതിശയം; ഇപ്പോള്‍ കയ്യില്‍ വടിയില്ല.

അല്ലു മെല്ലെ പുറകോട്ട് ഒരു ചുവടുവെച്ചു.

പിന്നീടുള്ള ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ചാംസിറ്റിയുടെ യോവാബ് എന്നത് സമൂഹത്തില്‍ തരംഗമായി മാറിയ നാളുകള്‍... ഷേബയുടെ ഏറ്റവും പ്രിയപ്പെട്ടയാള്‍ എന്ന പരിഗണന... ചാംസിറ്റിയുടെ ഔദ്യോഗിക ഗസ്റ്റ്ഹൗസിലും ചിലപ്പോള്‍ ഷേബയുടെ വീട്ടിലും യോവാബ് പ്രത്യേക അതിഥിയുടെ പരിഗണനയോടെ താമസിച്ചു. 

ഷേബയ്ക്കു പുറമെ മറ്റു ചില സുഹൃത്തുക്കള്‍ കൂടി പണം മുടക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. അവരൊന്നിച്ചുള്ള അത്താഴവിരുന്നുകളിലും കമ്പനിയുടെ പ്രധാന മീറ്റിങ്ങുകളിലുമെല്ലാം ഷേബയുടെ താല്പര്യമനുസരിച്ച് യോവാബും പങ്കെടുത്തു. 

ജനപ്രിയതയുടെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്? ജനമനസ്സില്‍ ഒരു കലാസ്ഥാപനത്തിന് ഇടംതേടാന്‍ എന്തൊക്കെ വഴികളുണ്ട്? 

എല്ലാം ജനമനസ്സ് അത്രയും ആഴത്തിലറിഞ്ഞ യോവാബിന് ഉള്ളംകൈ രേഖകള്‍പോലെ.
അതത്രയും ചാംസിറ്റിയിലൂടെ ആവിഷ്‌കരിക്കപ്പെട്ടു. 

'ചിരിപ്പിക്കുക... ചിരിപ്പിക്കുക... മറ്റൊരാലോചനയിലേക്ക് തലച്ചോര്‍ എത്താനുള്ള സമയം നല്‍കാതെ, നിരന്തരം ചിരിപ്പിക്കുക... ചിരിച്ചുചിരിച്ച് കാണികള്‍ വശംകെടണം... എത്ര വലിയ സങ്കടം വന്നുമൂടിയാലും ചിരിച്ചുകൊണ്ടേ വിതുമ്പാവൂ...'

ഒരിക്കല്‍ തമാശമട്ടില്‍ യോവാബ് നടത്തിയ ഈ പ്രസ്താവനയ്ക്ക് ചാംസിറ്റിയില്‍ വന്‍ സ്വീകാര്യതയുണ്ടായി.
സൂര്യന്‍ ഉദിച്ചണയുന്ന നേരത്തിനുള്ളില്‍ യോവാബ് പറഞ്ഞ ഫലിതങ്ങള്‍ വെയിലില്‍ പാറിനടന്നു. ജീവിതം സങ്കടങ്ങളുടെ കറുത്ത ടാര്‍ ഉരുക്കിയൊഴിച്ച ഒരു ജനതയ്ക്കുമേല്‍ ഇളനീര്‍ സ്‌നാനമായി നിറഞ്ഞു യോവാബ്...

അയാളെ നേരില്‍ കാണാന്‍ ആളുകളെത്തി. ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിട്ടവരായിരുന്നു അവര്‍. സ്‌നേഹശൂന്യമായ സമൂഹത്തില്‍നിന്നു പൊള്ളലേറ്റവര്‍. ഹൃദയം കഴച്ചുപൊട്ടുന്ന വേളകളില്‍ അവര്‍ വീടുകളില്‍നിന്നും ഇറങ്ങി, യോവാബുള്ളിടത്തേക്ക് എത്തുകയായിരുന്നു... അയാള്‍ക്കു മുന്നില്‍നിന്ന് കെഞ്ചുന്നതിനു തുല്യം അവരാവശ്യപ്പെട്ടു: 'യോവാബേ... നിങ്ങളുടെ തമാശകളാണ് ഞങ്ങളെ ജീവിപ്പിച്ചുനിര്‍ത്തുന്നത്... ഒരു തമാശ പറയൂ... പുതിയതു വേണമെന്നില്ല... ഏതെങ്കിലും ഒരെണ്ണം... ഒരാശ്വാസത്തിന്...' 

അപ്പോള്‍ത്തന്നെ യോവാബ് തമാശ പറയും. ആ നിമിഷം സൃഷ്ടിച്ചെടുത്ത പുതുപുത്തന്‍. അതു കേട്ട് ചിരിച്ച് കണ്ണുനിറഞ്ഞ് അവര്‍: 'മതി യോവാബേ... മതി... ആശ്വാസമായി...' 

യോ... യോ... യോവാബ് എന്ന കാണികളുടെ പ്രകീര്‍ത്തനങ്ങളോടെ മാത്രം ഓരോ കുറിയും ഷോയ്ക്കു മുന്‍പ് ചാംസിറ്റിയുടെ കര്‍ട്ടന്‍ താളത്തിലുയര്‍ന്നു. 

നിരവധി ധര്‍മ്മസങ്കടങ്ങള്‍ അല്ലുവിനെ വല്ലാതെ അലച്ച നാളുകള്‍...

ആരാധികയായ അന്നയോട് മനസ്സിന്റെ ഭാരമൊഴിയുംവരെ സംസാരിക്കാതെ അല്ലുവിനെ ഉറങ്ങാനാകാത്ത സ്ഥിതി വന്നു. 

ഒരു ദിവസം കോഫിഷോപ്പില്‍ അല്ലുവും അന്നയും സംസാരിച്ചിരിക്കുകയായിരുന്നു.

പെട്ടെന്ന് ആരവം.

ഷോപ്പിനു മുന്നില്‍ യോവാബ്.

കൂടെ ഒരു സംഘവും.

എല്ലാവരും യോവാബിന്റെ ആരാധകരെന്നു തോന്നിച്ചു. ചിലര്‍ അയാളെ തൊട്ടുനോക്കി. ചിലര്‍ മണത്തുനോക്കി. ചിലര്‍ അയാള്‍ക്കു മുന്നില്‍ വികാരവായ്‌പോടെ മുട്ടുകുത്തി.

ഒരു പെണ്‍കുട്ടി അവളുടെ മേലുടുപ്പ് വലിച്ചൂരി. ഒരു പേന അയാള്‍ക്കു നീട്ടി. ആദ്യമൊന്നമ്പരന്ന യോവാബ്, പേന വാങ്ങി. ചെറുപുഞ്ചിരിയോടെ അവളുടെ മാറിടത്തില്‍ എന്തോ എഴുതിയിട്ട് തിരിച്ചേല്പിച്ചു.

'എന്താണ് യോവാബ് എഴുതിയത്?'

അന്ന ചോദിച്ചു.

അല്ലുവിന് അസാധാരണമായി ദേഷ്യം വന്നു.

'എനിക്കെങ്ങനെയറിയാം.' 

അല്പമുറക്കെ അല്ലു ചോദിച്ചു. അന്നയ്ക്കത് ഇഷ്ടമായില്ല.

'ഇത്രയ്ക്ക് ദേഷ്യമെന്തിന്?'

'നര്‍മ്മബോധം കുറഞ്ഞുവരുന്നത് നിങ്ങളുടെ കുറ്റമല്ല... വെറുതെയല്ല യോവാബ്...'

അന്ന പറഞ്ഞു മുഴുമിപ്പിച്ചില്ല. പറയേണ്ടിയിരുന്നില്ലെന്ന് പെട്ടെന്നവള്‍ക്കു തോന്നി. അല്ലു അവളുടെ മുഖത്ത് തറപ്പിച്ചുനോക്കി. അന്ന മുഖം കുനിച്ച് ഗ്ലാസ്സ് ചുണ്ടോടുചേര്‍ത്തു. അല്ലു തലതിരിച്ച് യോവാബിനെ നോക്കി. 
സ്‌റ്റേജില്‍ ഒരു ഹാസ്യപ്രകടനം നടത്തുന്നതുപോലെയാണ് യോവാബ് സാധാരണ ജീവിതത്തിലും പെരുമാറുന്നത്. അതുകണ്ട് എല്ലാവരും പൊട്ടിച്ചിരിക്കുന്നു. എല്ലാവരേയും ഒരുപോലെ സന്തോഷിപ്പിക്കാന്‍ എന്തു ഫലിതമാകും ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുക? 

യോവാബ് കോട്ടിന്റെ പോക്കറ്റില്‍ വീണ്ടും കയ്യിടുന്നത് ഇമ ചിമ്മിപ്പോകാതെ അല്ലു കണ്ടു. സ്വര്‍ണ്ണനൂലുകള്‍ അലക്ഷ്യമായി പോക്കറ്റില്‍നിന്നും പുറത്തേക്ക് വീണുകിടക്കുന്നു. അല്ലുവിന്റെ കണ്ണുകള്‍ വികസിച്ചു. യോവാബ് കൈ എപ്പോഴാണ് വലിച്ചെടുക്കുക?

കോഫിഷോപ്പ് സൂപ്പര്‍വൈസര്‍ ജോബി അല്ലുവിനും അന്നയ്ക്കുമടുത്തേക്ക് വന്നു. ഒരിടയ്ക്ക് അല്ലുവിന്റെ ഫാനായിരുന്നു അയാള്‍. 

'അല്ലു സാബ്, നിങ്ങളുടെ നമ്പറുകള്‍ അത്ര മോശമൊന്നുമല്ല... എങ്കിലും ചിലതൊക്കെ ഒന്നു മാറ്റിപ്പിടിക്കണം... ഇല്ലെങ്കില്‍ പുതിയവര് കേറി മേയും...'

ജോബി പറഞ്ഞു.

അല്ലുവിനു വീണ്ടും കലികയറി.

'ജോബി, എങ്കില്‍ നിങ്ങളെനിക്കു കുറച്ചു നമ്പറുകള്‍ പഠിപ്പിച്ചു തരൂ... ഇപ്പോള്‍ത്തന്നെ പഠിപ്പിച്ചു തരൂ...' 
അല്ലു പല്ലുകടിച്ച് പരമാവധി നിയന്ത്രിച്ചു പറഞ്ഞു.

ജോബി ഉറക്കെ ചിരിച്ചു. സലാഡിനുള്ള പഴങ്ങള്‍ തന്റെ പ്രിയപ്പെട്ട മൂളിപ്പാട്ടോടെ കഴുകുകയായിരുന്ന എര്‍വിന്‍ എന്ന പാചകക്കാരന്‍ ഉച്ചത്തിലുള്ള ആ ചിരികേട്ട് പാട്ടുനിര്‍ത്തി, 'അയ്യോ...' എന്നു പറഞ്ഞു.
യോവാബ് അവര്‍ നില്‍ക്കുന്നിടത്തേക്കു നോക്കി. അല്ലുവിന്റെ മുഖത്തെ ഗൗരവം തിരിച്ചറിഞ്ഞിട്ടാകാം യോവാബ് വീണ്ടും തലതിരിച്ചു.

'നിങ്ങള്‍ എന്നോടു ദേഷ്യപ്പെട്ടിട്ട് എന്തുകാര്യം അല്ലുസാബ്? ഞാന്‍ കളിയോടു ഭ്രാന്തുള്ള ഒരു സാധാരണ പ്രേക്ഷകനാണ്. കളിക്കുന്നവര്‍ നിങ്ങളാണ്. ചാംസിറ്റിയിലൂടെയാണ് കുറച്ചുവര്‍ഷങ്ങള്‍ മുന്‍പ് ഞാന്‍ നിങ്ങളെ പരിചയപ്പെട്ടത്. അക്കാലത്ത് നിങ്ങള്‍ എവിടെ നിന്നിരുന്നോ അവിടെത്തന്നെ ഇപ്പോഴും നിങ്ങളെയെനിക്കു കാണാം. ഹഹ... ഇപ്പോഴും സ്‌റ്റേജിലേക്കു നിങ്ങള്‍ വന്നാല്‍ ഏതു പൊസിഷനില്‍ നില്‍ക്കുമെന്നുവരെ എനിക്കു പറയാന്‍ കഴിയും... നിങ്ങള്‍ക്ക് ഒരു മാറ്റവുമില്ല സാബ്... അവിടെയാണ് യോവാബിന്റെ പവറ്... നിങ്ങള്‍ യോവാബിനെ സൂക്ഷിച്ചോ... ഹഹഹഹ...' 

ജോബി വീണ്ടും ചിരിച്ചു. ക്രൂരമായ വിനോദത്തിന്റെ പഴുതാരകള്‍ വെട്ടിപ്പുളയുന്ന അയാളുടെ കണ്ണുകള്‍ അല്ലു കണ്ടു...

അതൊരു തുടക്കമായിരുന്നു.

അടുത്ത സുഹൃത്തുക്കളെല്ലാം സംഭാഷണം അവസാനിപ്പിക്കും മുന്‍പ് പല രീതികളില്‍ അല്ലുവിനോടു പറഞ്ഞുതുടങ്ങി: 

'യോവാബിനെ സൂക്ഷിച്ചോ...' 

'യോവാബിനെ താനെന്തിനു സൂക്ഷിക്കണം?'

അല്ലുവിനത് എത്രയാലോചിച്ചിട്ടും ബോധിച്ചില്ല. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കലാകാരന്മാര്‍... കാണികളെ ചിരിപ്പിക്കുകയെന്നത് കര്‍മ്മമായെടുത്തവര്‍. ഒരാള്‍ മറ്റെയാളെക്കാള്‍ ജനസമ്മതി നേടുന്നു... അത് അയാളുടെ സര്‍ഗ്ഗാത്മകത... അതംഗീകരിക്കുക... മറ്റു ചിന്തകള്‍ക്കവിടെ സ്ഥാനമെന്ത്.... അല്ലെങ്കില്‍ത്തന്നെ യോവാബും താനും തമ്മില്‍ സൗഹൃദത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ല. ചാംസിറ്റിയിലെ മുതിര്‍ന്ന കലാകാരന്‍ എന്ന നിലയില്‍ പരിചയപ്പെട്ട ആദ്യ ദിവസം തന്ന അതേ ബഹുമാനം എന്നും തരുന്നുണ്ട് യോവാബ്...

'അല്ലു... നിങ്ങള്‍ കരുതുംപോലെയല്ല... യോവാബിന്റെ കയ്യില്‍ ഒരു സൂത്രമുണ്ട്... അതാണയാളുടെ കരുത്ത്...'
ഒരിക്കല്‍ ഷേബയും ഇതുതന്നെ പറഞ്ഞു. മറ്റെന്തോ ഒരു കാര്യം കൂടി ഷേബ പറയാന്‍ തുനിഞ്ഞെങ്കിലും പകുതിയില്‍ നിര്‍ത്തി. കുറച്ചുദിവസമായി ഷേബയ്ക്ക് ശ്വാസംമുട്ടും ചുമയും കൂടുതലാണ്. 
ഷേബയോടു യാത്ര പറഞ്ഞു പിരിഞ്ഞപ്പോള്‍ മുതല്‍ അല്ലുവിന്റെ മനസ്സില്‍ ആ ചോദ്യം പല വിതാനങ്ങളില്‍ മുഴങ്ങി. 

സൂത്രം? 

അങ്ങനെയൊന്നുണ്ടോ?

ഒരവസരം വന്നപ്പോള്‍ അല്ലുവത് യോവാബിനോട് നേരിട്ടുതന്നെ ചോദിച്ചു. ആദ്യം തമാശ കേട്ടതുപോലെ പുഞ്ചിരിച്ചെങ്കിലും യോവാബ് പറഞ്ഞു: 

'ശരിയാണ്. ഞാന്‍ മറച്ചുവെക്കുന്നില്ല. അങ്ങനെയൊരു സൂത്രമുണ്ട്. അതെന്റെ കയ്യിലുള്ളിടത്തോളം ജനങ്ങള്‍ക്കെന്നെ സ്‌നേഹിച്ചേ മതിയാകൂ... ഇല്ല... അതു മറ്റൊരാളുമായി പങ്കുവെക്കാനാകില്ല... അല്ലുവിനെന്നല്ല, ഈ ലോകത്ത് ആര്‍ക്കും ഞാനതു പറഞ്ഞുകൊടുക്കില്ല...'

ഒരു പ്രത്യേക താളത്തില്‍ ശ്രുതിതെറ്റാതെയാണ് യോവാബ് സംസാരിക്കുന്നതെന്ന് അല്ലു മനസ്സിലാക്കി. 
ജനനിബിഡമായ തെരുവിലേക്ക് കൈകള്‍ ചൂണ്ടി പെട്ടെന്ന് യോവാബ് പറഞ്ഞു:

'അല്ലൂ... ഇതേ തെരുവില്‍ മൂന്നോ നാലോ പേര്‍ക്കു മുന്നില്‍നിന്നു തുടങ്ങിയതാണെന്റെ കല. അന്നെന്റെ കയ്യില്‍ ഒന്നുമില്ലായിരുന്നു. വിശന്നു ഗതികെട്ടപ്പോഴാണ് ഞാനാദ്യമായി ഒരു കലാപ്രകടനം കാഴ്ചവെച്ചത്. 

അതൊരു നിലവിളിയായിരുന്നു. അതു വികസിപ്പിച്ച് ഞാനൊരൈറ്റമുണ്ടാക്കി. കാഴ്ചക്കാര്‍ കൂടിവന്നു. എനിക്ക് പണം കിട്ടി... അപ്പോ... ആ നിമിഷം ആ സൂത്രം എനിക്ക് തിരിഞ്ഞുകിട്ടി. അത്...' 

യോവാബ് കോട്ടിന്റെ പോക്കറ്റിലേക്കു കൈ കൊണ്ടുപോകുന്നത് അല്ലു ശ്രദ്ധിച്ചു. എന്നാല്‍, കൈ വലിച്ചെടുത്തെങ്കിലും അതിലൊന്നുമുണ്ടായിരുന്നില്ല... അല്ലു അതു ശ്രദ്ധിക്കുന്നതു മനസ്സിലാക്കി ശൂന്യമായ തന്റെ കൈകള്‍ ഉയര്‍ത്തിക്കാട്ടി യോവാബ് ഉറക്കെ ചിരിച്ചു...

അന്നേരം ജനങ്ങളുടെ ശ്രദ്ധ അയാളിലേക്കു തിരിഞ്ഞു. 

അയാള്‍ അവരിലേക്ക് ഇറങ്ങി.

അതിനുശേഷം രണ്ടോ മൂന്നോ ആഴ്ചകള്‍...

പനി ബാധിച്ച് അവശനായി അല്ലു തന്റെ മുറിയില്‍നിന്നു പുറത്തിറങ്ങിയില്ല... കൊച്ചുജനാലയിലൂടെ പുറത്തേക്കു നോക്കി കിടന്നു. തോന്നുമ്പോള്‍ മാത്രം സ്വന്തമായി ഭക്ഷണമുണ്ടാക്കി കഴിച്ചു...

ഒന്നിനും ഒരു താല്പര്യവും തോന്നാത്ത അവസ്ഥ... ഈ ജോലി വിട്ട് മറ്റെങ്ങോട്ടെങ്കിലും പോകണമെന്നു മനസ്സു പറയുന്നതുപോലെ തോന്നി. കഴിഞ്ഞ മീറ്റിങ്ങിലും ഷേബയ്ക്കു മുന്നില്‍ താന്‍ തലകുനിച്ചിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഹിറ്റ് എന്നു പറയാവുന്ന ഒരിനം തന്നില്‍ നിന്നുണ്ടായിട്ടില്ലയെന്ന എല്ലാവരുടേയും വിലയിരുത്തല്‍ നിശ്ശബ്ദം കേട്ടിരുന്നു. അരങ്ങില്‍ കളിമറന്ന് ഒരു കോമാളിയായി നില്‍ക്കുന്ന തന്റെ ദയനീയ രൂപം പകല്‍സ്വപ്നങ്ങളില്‍ അയാളെ ഭയപ്പെടുത്തി.

അന്നു വൈകിട്ട് അല്ലു കോഫിഷോപ്പില്‍ പോയി. ഒട്ടും പ്രതീക്ഷിക്കാതെ അവിടെ അന്നയുണ്ടായിരുന്നു. അവളുടെ മുന്നില്‍ യോവാബും അരികെ പുഞ്ചിരിയോടെ ജോബിയുമുണ്ടായിരുന്നു. 

'ഞങ്ങളിപ്പോള്‍ ഇവിടെ വെച്ച്... പെട്ടെന്നു ഞാനിങ്ങോട്ടു വന്നപ്പോള്‍...'

അന്നയുടെ മുഖത്ത് തികഞ്ഞ അസ്വസ്ഥതയുണ്ടായിരുന്നു. അതു തികച്ചും ആവശ്യമില്ലാത്ത കാര്യമായി അല്ലുവിനു തോന്നി. അതിനുമാത്രം എന്താണ്? 

ഇനി അന്നയ്ക്കു തന്നോടുള്ളതിനേക്കാള്‍ പ്രേമം യോവാബിനോടു തോന്നിയെങ്കില്‍ത്തന്നെ അതിലെന്താണ്?
യോവാബില്‍ ഭാവഭേദമില്ല. എര്‍വിന്‍ എന്ന പാചകക്കാരന്‍ സലാഡിനുള്ള പഴങ്ങള്‍ പഴയ അതേ മൂളിപ്പാട്ടോടെ കഴുകുന്നുണ്ടായിരുന്നു. ഒരിടയ്ക്ക് കിച്ചനില്‍നിന്നും അയാള്‍ തലയെത്തിച്ചുനോക്കി.

അന്ന അല്ലുവിനെ ഇരിക്കാന്‍ ക്ഷണിച്ചു. അപ്പോള്‍ യോവാബും അയാളോടു പറഞ്ഞു: അല്ലു ഇരിക്കൂ...
അപ്പോള്‍ അതുകേട്ട് എര്‍വിന്‍ പാട്ടുനിര്‍ത്തി ഉറക്കെ പറഞ്ഞു: 'അയ്യോ...'

'നിര്‍ത്തേണ്ട... പാടിക്കോളൂ...'

അല്ലു പറഞ്ഞു. സാവധാനം അയാള്‍ അവിടെനിന്നിറങ്ങിപ്പോയി.

അന്നു വൈകിട്ട് അയാള്‍ ചാംസിറ്റിയിലേക്കു ചെന്നു. കുറച്ചു ദിവസങ്ങളായി അയാള്‍ അവിടെ പോകാറുള്ളതല്ല. അന്നു ഷോയുള്ള ദിവസമാണ്. കുറച്ചുനാളുകള്‍ മുന്നേ അതിന്റെ പരസ്യമാണ് തെരുവുകളില്‍ മുഴങ്ങുന്നത്. തിയറ്ററിനു മുന്നില്‍ അന്നു പതിവിലുമേറെ ആള്‍ക്കാര്‍ തടിച്ചുകൂടിയിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഷോ തുടങ്ങും.

ഓഫീസില്‍ ഷേബയുണ്ടായിരുന്നു. ഷേബ ഒറ്റയ്ക്കായിരുന്നു. ഒരു ചുരുട്ടുവലിക്കുന്നുണ്ട്. അപൂര്‍വ്വമായി മാത്രമേ ഷേബ പുകവലിക്കുന്നത് അല്ലു കണ്ടിട്ടുള്ളൂ. മുന്നിലുള്ള ഒഴിഞ്ഞ കസേരയില്‍ അല്ലു ചെന്നിരുന്നു.
ഷേബ മെല്ലെ മുഖമുയര്‍ത്തി അല്ലുവിനെ നോക്കി.

'പ്രത്യേകിച്ചെന്തെങ്കിലും സംഭവിച്ചതായി തോന്നുന്നുണ്ടോ അല്ലുവിന്?'

ഷേബ ചോദിച്ചു.

'ഇല്ല...'

അല്ലു പറഞ്ഞു.

'നല്ലത്... ഇത് ചാംസിറ്റിയില്‍ എന്റെ അവസാന ദിവസമാണ്. ഈ കമ്പനിയിന്മേലുള്ള എന്റെ ഉടമസ്ഥാവകാശം ഞാന്‍ മറ്റൊരാള്‍ക്ക് കൈമാറിക്കഴിഞ്ഞു...' 

'ആര്‍ക്ക്?' 

അല്ലു അവിശ്വാസത്തോടെ ചോദിച്ചു. അപ്പോള്‍ ഷോ തുടങ്ങുന്നതിനുള്ള ആദ്യബെല്‍ മുഴങ്ങി...

'വരൂ...' 

ഷേബ എഴുന്നേറ്റു. 

സദസ്സില്‍ അടുത്തടുത്ത കസേരകളില്‍ അല്ലുവും ഷേബയുമിരുന്നു. 

അടുത്ത ബെല്‍ മുഴങ്ങിയതും ആരവത്തോടെ കര്‍ട്ടന്‍ ചലിച്ചു തുടങ്ങി.

കാണികളുടെ ആര്‍പ്പുവിളി ഒറ്റവീര്‍പ്പിലുയര്‍ന്നു. തിരമാലപോലെ അതു സഞ്ചരിച്ചു...
 
ഉച്ചസ്ഥായിയിലെത്തിയതും കര്‍ട്ടന്‍ പൂര്‍ണ്ണമായുയര്‍ന്നു. വേദിയില്‍ നിറഞ്ഞ പുഞ്ചിരിയോടെ യോവാബ് പ്രത്യക്ഷപ്പെട്ടു. പതിവിലുമേറെ ഉന്മേഷവാനായിരുന്നു യോവാബ്. എപ്പോഴും ധരിക്കുന്ന കോട്ടിനു പുറമെ നിറയെ വര്‍ണ്ണങ്ങളുള്ള ഒരു ഷാള്‍ കൂടി അണിഞ്ഞിരുന്നു. പുതിയ ചില കാര്യങ്ങള്‍ തന്റെ കാണികളോടു പറയാനുള്ള മുന്നൊരുക്കം യോവാബിലുണ്ടായി.

യോവാബ് സദസ്സിനെ നോക്കി പതിവുശൈലിയില്‍ കൈവീശി.

ആരവം ഒരു ഞൊടിയില്‍ ആരോ കടിഞ്ഞാണ്‍ വലിച്ചതുപോലെ നിന്നു.

ഏറെ തയ്യാറെടുപ്പുകള്‍ നടത്തി രൂപപ്പെടുത്തിയ ഏറ്റവും പുതിയ തമാശ നിറഞ്ഞ ഹാസ്യപ്രകടനത്തിലേക്ക് യോവാബ് കടന്നു. അതു തീരുന്നതുവരെ നിര്‍വികാരമായ സദസ്സ് സമയം അനുവദിച്ചുകൊടുത്തതുപോലെ തോന്നി. തികഞ്ഞ കോമാളിയെയെന്നപോലെ കാണികള്‍ യോവാബിന്റെ പ്രകടനം നോക്കിക്കണ്ടു. ആരും ചിരിച്ചില്ല. നേര്‍ത്തൊരു പ്രതികരണംപോലും ആരില്‍നിന്നുമുണ്ടായില്ല. 

'എന്തുപറ്റി...? നല്ല തമാശയല്ലേ...? നിങ്ങള്‍ക്കു ചിരിവരുന്നില്ലേ...? എങ്കില്‍ പുതിയതൊന്നു പറയട്ടേ...?'
യോവാബ് അവിശ്വാസത്തോടെ ചോദിച്ചു.

അടുത്ത ക്ഷണം... ഇരിപ്പിടങ്ങളില്‍നിന്നും കാണികള്‍ ഓരോരുത്തരായി എഴുന്നേറ്റു... ശിരസ്സുയര്‍ത്തി, കഴുത്ത് മുകളിലേക്കു വളച്ച് ഒന്നിച്ചു ശ്വാസമെടുത്ത് അവര്‍ യോവാബിനെ നോക്കി കൂവാന്‍ തുടങ്ങി...

'കൂ... കൂ... കൂ...' 

മുഖത്തടിയേറ്റതുപോലെ യോവാബ് ഞെട്ടി. ഇതുവരെ അനുഭവിക്കാത്ത ഒന്ന്.
കണ്‍മുന്നില്‍ ഇതുവരെ കാണാത്ത സദസ്സ്.

കൂവല്‍ ശക്തി പ്രാപിച്ചു... അതിനൊപ്പം കാണികളില്‍ ചിലര്‍ യോവാബിനെ നോക്കി ആക്രോശിച്ചു... 
ശാപവാക്കുകള്‍ ഉരുവിട്ടു...

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

മുന്‍നിരയിലിരുന്നിരുന്ന പൊലീസുകാര്‍ എഴുന്നേറ്റ് ആംഗ്യം കാണിച്ചതോടെ കാണികളില്‍ കുറച്ചുപേര്‍ ഇരുന്നു. പൊലീസുകാരിലൊരാളുടെ കയ്യില്‍ വിലങ്ങുണ്ടായിരുന്നു. അതയാള്‍ യോവാബിനെ നോക്കി ഉയര്‍ത്തി.

യോവാബിന്റെ പ്രതീക്ഷ പൂര്‍ണ്ണമായും മാഞ്ഞു. അയാള്‍ ഹാസ്യം മറന്നു. എന്താണ് കണ്‍മുന്നില്‍ സംഭവിക്കുന്നതെന്ന് ഇതോടെ വ്യക്തമാകുകയാണ്...

'എന്താണ് സംഭവിക്കുന്നത്...? യോവാബ് എന്തു തെറ്റാണ് ചെയ്തത്...'

അല്ലു ഷേബയോട് ചോദിച്ചു. 

'കാണൂ... കണ്ണുചിമ്മിപ്പോകാതെ കാണൂ... ഷോ ഒരിക്കലും തീരുന്നില്ല... എപ്പോഴും വഴിത്തിരിവുകള്‍ സംഭവിച്ചുകൊണ്ടിരിക്കും... കളിക്കുന്നവനും കളി കാണുന്നവനുമെല്ലാം അതില്‍പ്പെട്ടു പോയേക്കാം... 

ഏതായാലും മറ്റെല്ലാം മറന്ന് നമുക്കീ ഷോ കാണാം... കാരണം ഞാനും നീയും ഇപ്പോള്‍ കാണികള്‍ മാത്രമാണ്...' 

ഷേബ പറഞ്ഞു. പിന്നെ ചെറുതായി ചുമച്ചു. 

തന്റെ വിറയ്ക്കുന്ന ദൃഷ്ടിയില്‍ യോവാബ് ആവാഹിച്ചു... ഇതുവരെയും തന്റെ ശക്തിയായി കൂടെ നിന്ന അതേ കാണികള്‍...

ഇതാ... അവര്‍ തനിക്കുനേരെ സമസ്തഫണങ്ങളുമുയര്‍ത്തിയടുക്കുന്നു... അതില്‍ തന്റെ കടുത്ത ആരാധകരുമുണ്ട്... എല്ലാവര്‍ക്കും ഒരേ ഭാവം...

നിമിഷങ്ങള്‍ക്കകം താന്‍ ആക്രമിക്കപ്പെടും... രക്ഷപ്പെടണം...

അയാള്‍ കോട്ടിന്റെ പോക്കറ്റിലേക്ക് ധൃതിയില്‍ കൈ കടത്തി, എന്തോ തിരഞ്ഞു. തിരിച്ചെടുത്തപ്പോള്‍ കയ്യില്‍ സ്വര്‍ണ്ണനൂലുകള്‍ പിണഞ്ഞ ആ വടി. 

'ഒരാളും അടുക്കരുത്... അടുത്തു പോകരുത്... കൊന്നുകളയും ഞാന്‍...' 

അതു തലയ്ക്കുമുകളില്‍ ചുഴറ്റി, തന്റെ കാണികളെ നോക്കി യോവാബ് അലറി...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com