'രാത്രിയാത്ര'- ഇളവൂര്‍ ശ്രീകുമാര്‍ എഴുതിയ കഥ 

രാത്രിയായതുകൊണ്ടും താല്പര്യമില്ലായ്മകൊണ്ടും ഞാന്‍ പതുക്കെയാണ് വണ്ടിയോടിച്ചിരുന്നത്. പൊതുവേ രാത്രിയില്‍ വണ്ടിയോടിക്കുന്ന ശീലമില്ലാത്തതാണ്
'രാത്രിയാത്ര'- ഇളവൂര്‍ ശ്രീകുമാര്‍ എഴുതിയ കഥ 

രാത്രിയായതുകൊണ്ടും താല്പര്യമില്ലായ്മകൊണ്ടും ഞാന്‍ പതുക്കെയാണ് വണ്ടിയോടിച്ചിരുന്നത്. പൊതുവേ രാത്രിയില്‍ വണ്ടിയോടിക്കുന്ന ശീലമില്ലാത്തതാണ്. എതിരെ വരുന്ന വാഹനങ്ങളുടെ പ്രകാശം കണ്ണുതുളച്ചു കയറുന്നത് എനിക്ക് സഹിക്കാനാകില്ല. 

റോഡില്‍ പലയിടത്തും ടാറിളകി ചെറിയ ചെറിയ കുഴികളുണ്ടായിരുന്നതിനാല്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധാലുവായി. 

വല്ലപ്പോഴും വാട്ട്‌സ്ആപ്പിലൊരു മെസ്സേജ് വരുന്നതൊഴിച്ചാല്‍ ലീന വിളിക്കാറേയില്ല. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ രണ്ടോ മൂന്നോ തവണ മാത്രമാണ് അവള്‍ വിളിച്ചിട്ടുള്ളത്. അതും എന്തോ ആവശ്യത്തിന്. 

കോളേജില്‍ രണ്ടുവര്‍ഷം ഒന്നിച്ചു പഠിച്ചതൊഴിച്ചാല്‍ വലിയ ബന്ധമൊന്നും ലീനയുമായിട്ടില്ല. ഡിഗ്രിക്കും ഇരുവരും ഒരേ കോളേജിലായിരുന്നു പഠിച്ചിരുന്നതെങ്കിലും ഒരിക്കല്‍പ്പോലും തമ്മില്‍ കണ്ടിരുന്നില്ല. ഒരുപക്ഷേ, കണ്ടിരുന്നെങ്കിലും ശ്രദ്ധിച്ചിരിക്കില്ല. 

ആരെയും പെട്ടെന്ന് വശത്താക്കുന്ന ഒരു കഴിവ് അവള്‍ക്കുണ്ടായിരുന്നു. അതുപയോഗിച്ച് അവള്‍ വരാതിരുന്ന ദിവസങ്ങളിലെ നോട്ട് മറ്റുള്ളവരെക്കൊണ്ടെഴുതിപ്പിച്ചു. ഭക്ഷണം കൊണ്ടുവരാത്ത ദിവസങ്ങളില്‍ മറ്റുള്ളവരെ പറഞ്ഞയച്ച് കാന്റീനില്‍നിന്ന് ഭക്ഷണം വാങ്ങിപ്പിച്ചു. ശാരീരിക ബുദ്ധിമുട്ടു വരുമ്പോള്‍ കൂടെയുള്ളവരെ മെഡിക്കല്‍ സ്‌റ്റോറില്‍ പറഞ്ഞയച്ചു. സത്യത്തില്‍ അവള്‍ക്കുവേണ്ടി എന്തു ചെയ്യാനും ക്ലാസ്സിലുള്ളവര്‍ മത്സരമായിരുന്നു. 

നാശങ്ങള്‍. തീനാളംപോലെയാണ് ചില ലൈറ്റുകള്‍ കണ്ണിലേക്കടിച്ചുകയറുന്നത്. ഞാനറിയാതെ കാല്‍ ബ്രേക്കിലമര്‍ന്നു. റോഡ് നിയമങ്ങള്‍ പൂര്‍ണ്ണമായും പഠിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയിട്ടു മാത്രമേ വാഹനമോടിക്കാന്‍ അനുവാദം നല്‍കാവൂ. തുടര്‍ച്ചയായി നാലഞ്ചു വാഹനങ്ങള്‍ കടന്നുപോയിട്ടാണ് ഞാന്‍ വണ്ടി മുന്നോട്ടെടുത്തത്.

'ലീനയുടെ വീട്ടില്‍ പോയിരുന്നോ?'

ലൈബ്രറിയില്‍ വച്ചാണ് ജൂനിയറായ, പേരറിയാത്ത പെണ്‍കുട്ടി ചോദിച്ചത്. 

'എന്തിന്?'

അങ്ങനെയാണ് ആദ്യം ചോദിച്ചത്. 

'മരണത്തിന്.'

ഞാന്‍ കാര്യമറിയാതെ പെണ്‍കുട്ടിയുടെ മുഖത്ത് ആശങ്കയോടെ നോക്കി. 

'ലീനയുടെ അമ്മ മരിച്ചു. നിങ്ങളറിഞ്ഞില്ലേ?'

ഒരാഘാതമായാണ് ഞാനാ വാര്‍ത്ത കേട്ടുനിന്നത്. അമ്മ മരിച്ചതിലല്ല, അപ്രതീക്ഷിതമായി ഇങ്ങനെ അറിയേണ്ടിവന്നതിലുള്ള ആഘാതമായിരുന്നു അത്.

'ഇല്ല. ആരും പറഞ്ഞില്ല.'

താന്‍ പറഞ്ഞത് തന്നെ അബദ്ധമായിപ്പോയോ എന്ന രീതിയില്‍ വിഷണ്ണയായി പെണ്‍കുട്ടി പുറത്തേക്ക് പോയി. 

എന്തായാലും അടുത്ത ദിവസം ലീനയുടെ വീട്ടിലേക്ക് പോകാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. 

വിവരം പറഞ്ഞ പെണ്‍കുട്ടിയെക്കണ്ട് ഞങ്ങള്‍ ലീനയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചറിഞ്ഞു. അവളുടെ അച്ഛന്‍ കുട്ടിക്കാലത്തേ അവരെ ഉപേക്ഷിച്ചുപോയ വിവരവും അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നെന്നും പെണ്‍കുട്ടിയില്‍നിന്നു ഞങ്ങളറിഞ്ഞു. 

തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ ഇടറിയ ശബ്ദത്തോടെ അവള്‍ ഒന്നുകൂടി പറഞ്ഞു:

ആത്മഹത്യയായിരുന്നു. 

പുറത്ത് വൈദ്യുതി നിലച്ചിരുന്നു. ചാറ്റല്‍മഴ അപ്പോഴും തുടരുന്നുണ്ട്. ഇനിയും ഏതാണ്ട് പത്തു കിലോമീറ്റര്‍ വരും അവള്‍ പറഞ്ഞ സ്ഥലമെത്താന്‍. 

ഞാന്‍ വണ്ടിയുടെ വേഗത കൂട്ടി. എന്തിനായിരിക്കും അവള്‍ ഇത്ര അത്യാവശ്യമായി വിളിച്ചത്. 

ഞാന്‍ വീണ്ടും ഓര്‍മ്മകളിലേക്ക് മടങ്ങി. ഞങ്ങള്‍ വീട്ടിലെത്തുമ്പോള്‍ ലീന ഞങ്ങളെ പ്രതീക്ഷിച്ചിരുന്നതുപോലെയാണ് തോന്നിയത്. അപ്രതീക്ഷിതമായി കണ്ടതിന്റെ അത്ഭുതമൊന്നും അവളുടെ മുഖത്തുണ്ടായിരുന്നില്ല. വീട്ടില്‍ ചില ബന്ധുക്കള്‍ മാത്രം. 

ആരും കൂടുതലൊന്നും സംസാരിച്ചില്ല. 

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

ചടങ്ങുകള്‍ കഴിഞ്ഞാല്‍ ഉടന്‍തന്നെ കോളേജില്‍ വരണമെന്നും എല്ലാം ശരിയാകുമെന്നും കാര്യങ്ങള്‍ കൂട്ടായി ആലോചിച്ച് തീരുമാനിക്കാമെന്നും എല്ലാ കാര്യങ്ങള്‍ക്കും ഞങ്ങള്‍ ഒപ്പമുണ്ടെന്നും പറഞ്ഞാണ് അന്നു പിരിഞ്ഞത്. 

പക്ഷേ, ലീന പിന്നീട് കോളേജില്‍ വന്നില്ല. പഠനവും അതോടെ അവസാനിച്ചു. 

ആദ്യമൊക്കെ അവളെക്കുറിച്ച് ഞങ്ങള്‍ സങ്കടപ്പെട്ടു. പിന്നെ വേവലാതിയായി. പതുക്കെ പതുക്കെ, ഏതു കാര്യത്തിലുമെന്നപോലെ അവളെയും ഞങ്ങള്‍ മറന്നു.

കോഴ്‌സ് പൂര്‍ത്തിയാക്കി ഞങ്ങള്‍ പത്തൊമ്പതു വഴികളിലായി പിരിഞ്ഞു. 

തെരുവു വിളക്കുകള്‍ കത്തിയും അണഞ്ഞും നിന്നു. മഴ കണ്ടാല്‍ മതി, കറന്റിന് ഭയമാണ്.
 
അവള്‍ പറഞ്ഞ ജംഗ്ഷന്‍ എത്താറായി. 

കുറച്ചു വര്‍ഷം മുന്‍പ് ബാലചന്ദ്രനാണ് രണ്ടായിരത്തിപത്തിലെ എം.എ. ഇംഗ്ലീഷ് ബാച്ചിന്റെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയത്. പതിനാറ് പേരെ ഒരുപാട് ശ്രമം നടത്തി അവന്‍ കണ്ടെത്തി. രണ്ടുപേര്‍ വിദേശത്തായിരുന്നു. അവരുടെ നമ്പര്‍ കിട്ടാന്‍ മാര്‍ഗ്ഗമില്ലായിരുന്നു. ബാക്കി രണ്ടു പേര്‍ ഞങ്ങളോട് വിടപറഞ്ഞ് പോയിരുന്നു. അതും ഞങ്ങളറിഞ്ഞിരുന്നില്ലല്ലോ. 

പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിചെയ്യുന്ന ബാലചന്ദ്രന്റെ അന്വേഷണാത്മക മനസ്സാണ് പതിനാറാമതായി ലീനയേയും കണ്ടെത്തിയത്. 

എന്റെ താമസസ്ഥലത്തുനിന്ന് പതിനഞ്ച് കിലോമീറ്റര്‍ അപ്പുറത്ത് എട്ടുവര്‍ഷമായി അവളുണ്ടെന്നുള്ളത് എനിക്കത്ഭുതമായി തോന്നി. പലപ്പോഴും അതുവഴി കടന്നുപോകാറുമുണ്ട്. ആകസ്മികമായിപ്പോലും അവളെ കണ്ടുമുട്ടിയിട്ടില്ല. ഇതിനിടയ്ക്ക് നടത്തിയ ഗറ്റ്ടുഗതറിലും അവളെത്തിയിരുന്നില്ല. 

ഏറെക്കാലത്തിനുശേഷമുള്ള ഞങ്ങളുടെ ഒത്തുചേരല്‍ ആഹ്ലാദകരമായിരുന്നെങ്കിലും ലീനയെക്കുറിച്ചുള്ള പുതിയ അറിവുകള്‍ അതില്‍ നിഴല്‍ വീഴ്ത്തി. 

ബാലചന്ദ്രനാണ് അതും പങ്ക്‌വച്ചത്. 

ഒട്ടും സുഖകരമല്ല അവളുടെ കുടുംബജീവിതമെന്നാണ് അവന്‍ പറഞ്ഞത്. ഒരുപാട് പ്രശ്‌നങ്ങളുടെ നടുവിലാണ് അവളെന്നും. 

ആദ്യമൊന്നും ഗ്രൂപ്പില്‍ സജീവമല്ലാതിരുന്ന അവള്‍ കഴിഞ്ഞ ഒരു വര്‍ഷമായി പെട്ടെന്ന് ആക്ടീവാകുകയായിരുന്നു. എല്ലാ ദിവസവും പോസ്റ്റുകള്‍, തമാശകള്‍, കുശലാന്വേഷണങ്ങള്‍. ചില ഫോണ്‍ വിളികള്‍. ഇടയ്ക്കവള്‍ പെട്ടെന്നു നിശ്ശബ്ദയാകും. മൂന്നുനാലു ദിവസത്തേക്ക് യാതൊരനക്കവുമുണ്ടാകില്ല. 
അപ്പൊഴാരെങ്കിലും ചോദിക്കും 'ലീനാ, നീ എവിടെ?'

അതിനു മറുപടിയായി കുറേ സ്‌മൈലികള്‍ വരും, പിന്നെ ഓരോ വിവരങ്ങളും.

അവസാനത്തെ അവളുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു: 

'ഹായ്, ഡിയര്‍ ആള്‍, രണ്ടു മൂന്ന് ദിവസം മുന്‍പ് ഒരു സ്ത്രീയിവിടെ വന്നിരുന്നു. കയ്യില്‍ ഒരു കുഞ്ഞുണ്ടായിരുന്നു. രണ്ടോ മൂന്നോ വയസ്സു കാണും. എന്റെ കണവനാണ് അതിന്റേയും തന്ത എന്നാണ് അവര്‍ പറഞ്ഞത്. എനിക്കതില്‍ അത്ഭുതമൊന്നും തോന്നിയില്ലെന്നേ. അവരുടെ ഭാഗ്യത്തിനോ എന്റെ ഭാഗ്യത്തിനോ അയാളിവിടെ ഉണ്ടായിരുന്നില്ല. അവര്‍ ഒരുപാട് കരഞ്ഞു. എനിക്ക് സങ്കടം തോന്നി. ഞാനവരെ ആശ്വസിപ്പിച്ചു. അവര്‍ക്കൊപ്പം, ചെല്ലാന്‍ അയാള്‍ തയ്യാറാണെങ്കില്‍ ഞാനൊഴിഞ്ഞുകൊടുക്കാമെന്ന് പറഞ്ഞു. പാവം സ്ത്രീ.'

വീണ്ടും കുറേ സ്‌മൈലികള്‍. 

ഇങ്ങനെ വിചിത്രമായ എത്രയോ പോസ്റ്റുകള്‍.

ചിലപ്പോള്‍ ഇടവേളകള്‍ നീണ്ടുനില്‍ക്കും. അങ്ങനെയിരിക്കുമ്പോള്‍ എന്തെങ്കിലും ഒരു തമാശ അല്ലെങ്കില്‍ കഥയുമായി അവള്‍ പ്രത്യക്ഷപ്പെടും.

ഇതാണ് അവള്‍ പറഞ്ഞ ജംഗ്ഷന്‍. ഞാന്‍ മൊബൈല്‍ എടുത്തുനോക്കി. അതില്‍ വിശദമായി വാട്ട്‌സ്ആപ്പ് ചെയ്തിട്ടുണ്ട്. ജംഗ്ഷനില്‍നിന്ന് ഇടത്തോട്ടുള്ള ടാറിട്ട റോഡ്. ക്രൗണ്‍ ബേക്കറിയുടെ വശത്തുകൂടി ഒരു കിലോമീറ്റര്‍ വരുമ്പോള്‍ ഒരാലിന്റെ അടുത്തെത്തും. അവിടെനിന്ന് ഇടത്തോട്ട് ഇരുന്നൂറ് മീറ്റര്‍ വരുമ്പോള്‍ വീണ്ടും ഇടത്തോട്ട് ഒരു ചെറിയ റോഡ് കാണാം. അതിന്റെ തുടക്കത്തിലുള്ള വീടിന്റെ മതിലിനോട് ചേര്‍ന്ന് ബൊഗൈന്‍വില്ല പൂത്തുകിടപ്പുണ്ട്. അതുവഴി കുറച്ച് മുന്നോട്ട് വരുമ്പോള്‍ വലതുവശത്ത് മഞ്ഞച്ചായമടിച്ച ഒരുവീടാണ്. കറുപ്പും വെളുപ്പും പെയിന്റടിച്ച ഗേറ്റാണ്. ഞാന്‍ പുറത്തിറങ്ങി നില്‍ക്കാം.
 
ജംഗ്ഷനിലെത്തുമ്പോള്‍ വിളിച്ചാല്‍ മതി. 

ആ വിവരണം വായിച്ചപ്പോള്‍ ഏതോ ദുരൂഹമായ ഒരു കഥ വായിച്ചതുപോലെ തോന്നി എനിക്ക്. 

വെളിച്ചം വന്നു. വീണ്ടും പോയി.

നേരം ഒന്‍പതു മണിയായിക്കാണും കടകളൊക്കെ അടച്ചിരിക്കുന്നു. എമര്‍ജന്‍സി ലൈറ്റിന്റെ പ്രകാശത്തില്‍ പച്ചക്കറിക്കടക്കാരന്‍ മാത്രം എല്ലാം ടാര്‍പ്പാളിന്‍കൊണ്ട് മൂടി സുരക്ഷിതമാക്കുന്നതിന്റെ അവസാന പണിയിലാണ്.

ഞാന്‍ ലീനയെ വിളിച്ചു. 

'വിക്ടര്‍, നീയെവിടെയാണ്?'

'ഞാന്‍ ജംഗ്ഷനിലെത്തി.'

'പോരെ. റൂട്ട് വാട്ട്‌സ്ആപ്പില്‍ നോക്കിയാല്‍മതി. ഞാന്‍ ഗേറ്റില്‍ നില്‍ക്കാം.'

ഞാന്‍ അവള്‍ പറഞ്ഞ വഴിയിലേക്ക് തിരിഞ്ഞു. 

എന്തിനായിരിക്കാം ഇത്ര അത്യാവശ്യമായി അവള്‍ കാണണമെന്ന് പറഞ്ഞത്? മുന്‍പൊരിക്കല്‍ അവള്‍ വിളിച്ചത് കോര്‍പ്പറേഷനില്‍നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന ആവശ്യത്തിനായിരുന്നു. ഞാന്‍ ട്രാന്‍സ്ഫറായി അവിടേക്കെത്തി എന്നറിഞ്ഞുകൊണ്ടാണ് അവള്‍ വിളിച്ചത്.

പെട്ടന്നത് ശരിയാക്കിക്കൊടുത്തു. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അവള്‍ വന്ന ദിവസം ഞാനില്ലായിരുന്നു.

അന്നു രാത്രി അവളൊരു മെസ്സേജിട്ടു. 'താങ്ക്‌സ് എ ലോട്ട് ഡിയര്‍.'

ഞാന്‍ മറുപടി അയച്ചില്ല. 

'ഇന്ന് ശിവന്റെ രൗദ്രനടനമായിരുന്നു. അതങ്ങ് കത്തിയാളി. ഒരു കസേര അന്തരീക്ഷത്തില്‍ ചുറ്റിക്കറങ്ങി താഴെയത്തി ഒടിഞ്ഞുതകര്‍ന്നു. പിന്നെ ടി.വിയായിരുന്നു. അതു തകര്‍ന്നു തരിപ്പണമായി. ടീപ്പോയുടെ മുകളിലെ ഗ്ലാസ് കുഞ്ഞുചില്ലുകളായി നിലത്തു ചിതറിവീണു. പിന്നെ എന്റെ മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചെറിഞ്ഞു. ഭാഗ്യം. നെറ്റി പൊട്ടിയതൊഴിച്ചാല്‍ എനിക്കൊന്നും പറ്റിയില്ല. കെട്ട്യോന്റെ ലീലാവിലാസങ്ങളാണേ പറയുന്നത്. ദുരഭിമാനമൊക്കെ എന്നേ പോയി. അതുകൊണ്ടാ ഇതൊക്കെയങ്ങ് പോസ്റ്റുന്നത്. ദയവായി സഹതപിക്കരുതേ.' 

പിന്നെ നാലഞ്ച് വരികള്‍ നീളുന്ന സ്‌മൈലികളായിരുന്നു.

ആ പോസ്റ്റ് ദിവസങ്ങളോളം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു. 

കോളേജില്‍ വന്നുകൊണ്ടിരുന്നപ്പൊഴുള്ള അവളുടെ ചിരിച്ച മുഖം ഞാന്‍ വീണ്ടുമോര്‍ത്തു.

ഒരിക്കലും പിടികിട്ടാത്തൊരു നദിയാണല്ലോ ജീവിതം. ഉള്ളിലെന്തൊക്കെയാണെന്ന് ആര്‍ക്കറിയാം? 

എവിടെയാണ് ചുഴികളെന്നും എവിടെയാണ് അടിയൊഴുക്കെന്നും അറിയാനേ വഴിയില്ല. മുകള്‍പ്പരപ്പില്‍ അത് ശാന്തമായിരിക്കും.

സന്ധ്യയ്ക്ക് ഓഫീസില്‍നിന്നെത്തി കുളിച്ച് ഫ്രഷായി, രാവിലെ വായിക്കാന്‍ കഴിയാതിരുന്ന പത്രമെടുത്ത് നിവര്‍ത്തിയപ്പോഴാണ് അവളുടെ വിളിയെത്തിയത്. 

'വിക്ടറല്ലേ?'

'അതേ.'

'ഞാന്‍ ലീനയാണ്.'

'പറയൂ, ലീന. എന്താണ് വിശേഷം?'

ഔപചാരികതയുടെ പേരില്‍ ചോദിച്ചു.

'വിക്ടര്‍, നീയിപ്പോഴെവിടെയാണ്?'

'ഞാന്‍ വീട്ടിലാണ്.' സാധാരണമല്ലാത്ത വിളിയാണല്ലോ ഇത്. ഞാനാലോചിച്ചു. 

'നീ അത്യാവശ്യമായി എന്റെ വീടുവരെ ഒന്നു വരാമോ?'

ഞാനത്ഭുതപ്പെട്ടു. എട്ടുമണി കഴിഞ്ഞിരിക്കുന്നു. ഈ രാത്രിയില്‍ അവളെന്തിനാണ് വിളിക്കുന്നത്?

'ഈ രാത്രിയിലോ?' ഞാന്‍ ആശ്ചര്യം മറച്ചുവച്ചില്ല. 

'അത്യാവശ്യമാണ് വിക്ടര്‍. ഞാന്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ്. നമ്മുടെ കൂട്ടത്തില്‍ നിന്നോട് മാത്രമേ എനിക്കിത് പറയാന്‍ തോന്നുന്നുള്ളു.'

'കാര്യം പറയൂ ലീന. എന്തു പ്രശ്‌നമാണെങ്കിലും നമുക്ക് സൊല്യൂഷന്‍ ഉണ്ടാക്കാം.'

'ഫോണില്‍കൂടി പറയാന്‍ പറ്റില്ല. നീ വരുമ്പോള്‍ പറയാം. പേടിക്കണ്ട വിക്ടര്‍. പഠിക്കുന്ന കാലത്ത് നീ എന്നില്‍നിന്നും എപ്പോഴും അകലം പാലിച്ചു. പക്ഷേ, എന്റെയുള്ളില്‍ നീ എപ്പോഴുമുണ്ടായിരുന്നു. നിന്റെയാ അകലം പാലിക്കലായിരുന്നു നിന്നോട് എന്നെ മനസ്സുകൊണ്ടടുപ്പിച്ചത്. അതുകൊണ്ട്തന്നെ നിന്നോട് പറയാന്‍ കഴിയുന്നതുപോലുള്ള സ്വാതന്ത്ര്യം എനിക്ക് മറ്റാരോടുമില്ല. നീ വരാതിരിക്കരുത്.' അങ്ങോട്ട് ഒന്നും പറയാന്‍ ഒട്ടും ഇടം തരാതെയാണ് അവള്‍ അത്രയും പറഞ്ഞു തീര്‍ത്തത്. പക്ഷേ, ആ വാക്കുകളില്‍ എനിക്ക് ഒരു കൗതുകവും തോന്നിയില്ല. 

എന്താണവളുടെ ഉദ്ദേശ്യം? ഈ മഴച്ചാറ്റലുള്ള രാത്രിയില്‍, ഇത്ര തിരക്കിട്ട് എന്തിനാണവള്‍ വിളിക്കുന്നത്? ഒരുപക്ഷേ, ഭര്‍ത്താവുമായെന്തെങ്കിലും പ്രശ്‌നം? പക്ഷേ, അതൊന്നും ഒരു പ്രശ്‌നമായവള്‍ ഇപ്പോഴെടുക്കാറില്ലല്ലോ.

ഞാനാകെ പ്രതിസന്ധിയിലായി. 

പോകണോ വേണ്ടയോ?

അവള്‍ ഫോണ്‍ വച്ചിട്ടില്ല.

അവള്‍ എന്തിനാണ് എന്നെത്തന്നെ വിളിച്ചത്? 

അവള്‍ പറഞ്ഞതൊന്നും വിശ്വസിക്കാന്‍ പറ്റില്ല. 

ഞാന്‍ പുറത്തേക്ക് നോക്കി. നിലാവില്ല. മഴ. ചെറിയ ചാറ്റല്‍ മാത്രം. 

വീണ്ടും അവളുടെ ശബ്ദം. 'വിക്ടര്‍, നീയിപ്പോള്‍ത്തന്നെയിറങ്ങില്ലേ? ഇത്തരമൊരവസ്ഥയില്‍ എനിക്ക് നിന്നോട് മാത്രമേ സംസാരിക്കാന്‍ കഴിയുകയുള്ളു. പ്ലീസ്. വരൂ. റൂട്ട് ഞാന്‍ വാട്ട്‌സ്ആപ്പിലിട്ടിട്ടുണ്ട്. 
ഇപ്പോള്‍ത്തന്നെയിറങ്ങൂ. നീ പേടിക്കുകയൊന്നും വേണ്ട.'

'ഓകെ. ഞാനിപ്പോഴിറങ്ങാം.' അപ്പോഴങ്ങനെ പറയാന്‍ എന്തുകൊണ്ടാണെനിക്ക് തോന്നിയതെന്നറിയില്ല. 

'താങ്ക്‌സ്. പെട്ടന്നിറങ്ങൂ.' അവള്‍ ഫോണ്‍ വച്ചു. 

വീടെത്താറായെന്നു തോന്നുന്നു. 

അവള്‍ പറഞ്ഞ ആല്‍മരം. അവിടെനിന്ന് ഇടത്തോട്ട് തിരിഞ്ഞു. ബൊഗൈന്‍വില്ല നില്‍ക്കുന്ന വീടിനോട് ചേര്‍ന്നുള്ള വഴിയിലൂടെ മുന്നോട്ട്. 

പെട്ടെന്നു പ്രകാശം വന്നു. ഇരുവശവുമുള്ള വീടുകളില്‍നിന്നു വെളിച്ചം റോഡിലേക്ക് ചിതറിവീണു. 

കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോള്‍ മഞ്ഞച്ചായമടിച്ച വീട്. കറുപ്പും വെളുപ്പും ചായമടിച്ച ഗേറ്റ്. ഗേറ്റിനു പിന്നില്‍ അവള്‍. 

അവള്‍ ഗേറ്റ് തുറന്നു. ഞാന്‍ വണ്ടി അകത്തേക്ക് കയറ്റി. 

കോളേജില്‍നിന്നു പിരിഞ്ഞതിനു ശേഷം ആദ്യമായാണ് ഞങ്ങള്‍ കാണുന്നത്. 

മുഖത്ത് പഴയ പ്രസന്നതയില്ല. വല്ലാതെ ക്ഷീണിതയായിട്ടുണ്ട്. ഒരു മുഷിഞ്ഞ മാക്‌സിയാണവള്‍ ധരിച്ചിരുന്നത്. 

എന്നെ കണ്ടപ്പോള്‍ ചിരിച്ചെങ്കിലും എവിടെയോ എന്തോ കുഴപ്പമുള്ളതുപോലെ എന്റെ മനസ്സ് പറഞ്ഞു.

വന്നതുതന്നെ കുഴപ്പമായോ? എന്റെയുള്ളില്‍ ചെറിയൊരാശങ്ക പടര്‍ന്നു.

അവള്‍ കസേര ചൂണ്ടിക്കാണിച്ചു. ഞാനിരുന്നു.

ഞാന്‍ മുറിയാകെയൊന്നു നോക്കി. അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന കസേരകള്‍, പത്രമാസികകള്‍, ടീപ്പോ, തുണികള്‍.

വീട്ടിലേക്ക് ഒരാള്‍ വരുന്നുവെന്നറിഞ്ഞിട്ടും അവളിതൊക്കെ ഒന്നു ക്രമപ്പെടുത്താത്തതെന്താണ്?

ക്ലോക്കില്‍ മണി പത്ത്. സംശയത്തോടെ ഞാനെന്റെ വാച്ചില്‍ നോക്കി. ഒന്‍പത്.
ക്ലോക്ക് ഓടുന്നുണ്ടായിരുന്നില്ല. 

'വിക്ടര്‍' അവള്‍ നിശ്ശബ്ദത ഭേദിച്ചു. 'ഞാനെന്തിനാണ് വരാന്‍ പറഞ്ഞതെന്ന ആശങ്കയാണ് ഇപ്പോള്‍ നിന്റെ മനസ്സു നിറയെ എന്നെനിക്കറിയാം. എന്റെ മനസ്സില്‍ നിന്നോടുള്ളതുപോലെ അടുപ്പം മറ്റാരോടുമില്ല.'
അവള്‍ വാതിലിനോട് ചേര്‍ന്നു ഭിത്തിയില്‍ ചാരിനില്‍ക്കുകയായിരുന്നു. ഷോകേസില്‍ അവളുടെ വിവാഹഫോട്ടോ ഫ്രെയിം ചെയ്തു വച്ചിരുന്നു.

'വിക്ടര്‍, എന്റെ ജീവിതം വലിയൊരു മിസ്‌റ്റേക്കായിരുന്നു. ശരിക്കു പറഞ്ഞാല്‍ ഞാന്‍തന്നെ ഒരു മിസ്‌റ്റേക്കാണ്.' അതും പറഞ്ഞവള്‍ മന്ദഹസിച്ചു. പക്ഷേ, എനിക്കറിയാവുന്ന ലീനയുടെ മന്ദഹാസമായിരുന്നില്ല അത്. 

'നീയെന്തിനാണ് വിളിച്ചത്? അതും ഈ രാത്രിയില്‍. ഇതിനുവേണ്ടി എന്തത്യാവശ്യമായിരുന്നു നിനക്കുള്ളത്? എന്തെങ്കിലുമുണ്ടെങ്കില്‍ നാളെ രാവിലെ വിളിച്ചാല്‍ പോരായിരുന്നോ?' ഞാന്‍ അല്പം നീരസം പ്രകടിപ്പിച്ചു ചോദിച്ചു. 

'പറ്റില്ലായിരുന്നു. എന്റെ സാഹചര്യം അതായിരുന്നു. വിക്ടറിന് എന്റെ ജീവിതത്തെക്കുറിച്ച് എന്തറിയാം? ഞാന്‍ നമ്മുടെ ഗ്രൂപ്പിലൂടെ കുറേ കാര്യങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. അതൊക്കെ ശരിയുമാണ്. ഒരു ജീവിതത്തില്‍ അനുഭവിക്കാവുന്നതിന്റെ പരമാവധി ഞാന്‍ അനുഭവിച്ചു. പെണ്ണായി ജനിക്കുന്നത് ഇത്ര വലിയ അപരാധമാണോ വിക്ടര്‍?'

മുകളില്‍ കറങ്ങുന്ന ഫാനിന്റെ കാറ്റ് എന്നെ ഒട്ടും തണുപ്പിച്ചില്ല. ഒരപരിചിതനെപ്പോലെയായിരുന്നു ഞാനവളെ കേട്ടിരുന്നത്. പുറത്ത് കനക്കുന്നതുപോലെ ഇരുട്ട് എന്റെ ഉള്ളിലും കനക്കുന്നതായി തോന്നി. എന്തോ ആ അന്തരീക്ഷം എന്നെ വല്ലാതെ വീര്‍പ്പു മുട്ടിച്ചു. 

അപ്പോഴും അവള്‍ കാര്യത്തിലേക്ക് കടന്നിരുന്നില്ല എന്നത് ഞാന്‍ ശ്രദ്ധിച്ചു. 

'രണ്ടു തവണ ഗര്‍ഭിണിയായപ്പോഴും അയാള്‍ ബലമായി അബോര്‍ട്ട് ചെയ്യിപ്പിച്ചു. അതെന്തിനായിരുന്നു എന്ന് എനിക്കിപ്പോഴുമറിയില്ല. മദ്യം, മയക്കുമരുന്ന്, പരസ്ത്രീഗമനം ഇവയുടെ ആകെത്തുകയായിരുന്നു വിക്ടര്‍, എന്റെ ഭര്‍ത്താവ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ എനിക്കു മര്‍ദ്ദനമേല്‍ക്കാത്ത ചുരുക്കം ദിവസങ്ങളേയുള്ളു. അയാളൊരു സാഡിസ്റ്റാണ്. കുറഞ്ഞപക്ഷം എന്റെയടുത്തെങ്കിലും.'

അവളത് പറയുമ്പോള്‍ മുഖത്ത് പ്രത്യേക ഭാവമൊന്നും കണ്ടില്ല. 

ഹാളിലൊഴികെ മുറികളിലൊന്നും വെളിച്ചമില്ലായിരുന്നു. 

'നിനക്ക് സഹിക്കാന്‍ കഴിയില്ലെങ്കില്‍ ഉപേക്ഷിച്ച് പൊയ്ക്കൂടായിരുന്നോ? എന്തിനിങ്ങനെ തുടരുന്നു?'

'എവിടെപ്പോകാന്‍? എവിടെവരെ പോകാന്‍? ആരുടെയൊക്കെയോ ഔദാര്യംകൊണ്ട് കിട്ടിയ ജീവിതം. അവര്‍ക്കുതന്നെ വീണ്ടും ഭാരമായി മാറാന്‍ എനിക്ക് കഴിയില്ലായിരുന്നു. ഇതൊക്കെ അയാള്‍ക്കുമറിയാം.'

ഞാന്‍ അവളെത്തന്നെ ശ്രദ്ധിക്കുകയായിരുന്നു. എന്തോ ഒരസ്വാഭാവികത അവളുടെ ഉള്ളിലിരുന്ന് വിങ്ങുന്നുണ്ടെന്നു തോന്നി. 

'നേരം വൈകുന്നു. ഇതൊക്കെ പറയാനാണോ ഈ രാത്രിയില്‍ നീയെന്നെ വിളിച്ചുവരുത്തിയത്?'

'സഹനത്തിന് ഒരതിരുണ്ട് വിക്ടര്‍.' എന്റെ വാക്കുകള്‍ ശ്രദ്ധിക്കാതെ അവള്‍ പറഞ്ഞു. 'സമ്പൂര്‍ണ്ണമായ കീഴടങ്ങലിനു മാത്രമുള്ളതാണോ പെണ്ണിന്റെ ശരീരം? അയാള്‍ ഒരു ക്രിമിനലായിരുന്നു. ഒരു സൈക്കോപാത്ത്. ഞാന്‍ ഒരിരയും. സഹനത്തിന്റെ അങ്ങേയറ്റംവരെ ഞാന്‍ സഹിച്ചു. ഒടുവില്‍ താഴാനെനിക്ക് സ്ഥലമില്ലാതെ വന്നു.'

ഒന്നും പിടികിട്ടാത്ത മനസ്സുമായി ഞാന്‍ അവളെ കേട്ടിരുന്നു.

ഈ രാത്രിയില്‍ വിളിച്ചുവരുത്തി പറയാന്‍വേണ്ടി എന്താണിതിലുള്ളത്. അവളുടെ കുറേ പ്രശ്‌നങ്ങള്‍ അവള്‍തന്നെ പറഞ്ഞ് ഞങ്ങള്‍ക്കൊക്കെ അറിയാവുന്നതാണ്. 

'ലീന, ഞാനെന്താണ് നിനക്കുവേണ്ടി ചെയ്യേണ്ടത്? പറയൂ.'

അപ്പോഴാണ് അവള്‍ എന്നെ ശ്രദ്ധിച്ചതെന്ന് തോന്നുന്നു.

'വിക്ടര്‍', അവളുടെ മുഖം വിവര്‍ണ്ണമാകുന്നതും എന്തോ ഭയം അവളെ ഗ്രസിക്കുന്നതായും എനിക്കു തോന്നി.

പുറത്തെ നിശ്ശബ്ദതയും ഞങ്ങളുടെ സംസാരത്തിനിടയിലെ നിശ്ശബ്ദതയും ചേര്‍ന്നു മുറിക്കുള്ളില്‍ ഒരു ഭയാവരണം സൃഷ്ടിച്ചു. ഞാനതിനുള്ളിലിരുന്നു വീര്‍പ്പുമുട്ടി. 

അവള്‍ തുടര്‍ന്നു: 'വിക്ടര്‍, നീയെന്നെ സഹായിക്കണം. നിന്നെ മാത്രമേ എനിക്ക് വിശ്വാസമുള്ളു.'

അവള്‍ പിന്നെയും കാര്യത്തിലേക്ക് കടക്കാത്തതില്‍ എനിക്ക് അമര്‍ഷം തോന്നിത്തുടങ്ങി.

'നീ വലിച്ചിഴയ്ക്കാതെ കാര്യം പറയൂ.'

അവള്‍ ഹാളിന്റെ ഇടനാഴിയിലൂടെ അല്പം മുന്നോട്ട് നടന്ന് ലൈറ്റ് തെളിച്ചു. എന്നിട്ട് വലതുവശത്തെ കതക് തുറന്നു. പുറത്തുനിന്നുകൊണ്ടതന്നെ കയ്യെത്തി അകത്തെ സ്വിച്ചിട്ടു. 

കുറേ നേരം അവള്‍ അകത്തേക്ക് നോക്കിനിന്നു. പിന്നെ എന്നെ നോക്കി.

'വിക്ടര്‍ വരൂ.' അവള്‍ എന്നെ അടുത്തേക്ക് വിളിച്ചു. 

അവ്യക്തമായൊരു ഭീതി അപ്പോഴേക്കും എന്നെ ഏറെക്കുറെ കീഴടക്കിക്കഴിഞ്ഞിരുന്നു.

ഇവള്‍ എന്തിനുള്ള പുറപ്പാടാണ്. ഹാളിലിരുന്ന് സംസാരിക്കുന്നതിനു പകരം എന്തിനാണവള്‍ മുറിയിലേക്ക് ക്ഷണിക്കുന്നത്? 

ഞാനവളുടെ ആരാണ്? 

പക്ഷേ, ഇപ്പോഴെനിക്ക് അവളെ അനുസരിക്കാനല്ലാതെ മറ്റു മാര്‍ഗ്ഗമില്ലായിരുന്നു. ഞാന്‍ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു. അവള്‍ മുറിയിലേക്ക് തന്നെ ഉറ്റുനോക്കി പ്രതിമപോലെ നില്‍ക്കുന്നു. ഞാന്‍ മുറിയിലേക്ക് നോക്കി. 

'അയ്യോ...' അറിയാതെ ഒരാര്‍ത്തനാദം എന്നില്‍നിന്നും പുറത്തേക്കു വന്നു. 

അവിടെ ചോരയില്‍ കുളിച്ച് ഒരാള്‍!

പെട്ടെന്ന് ഓടി ഞാന്‍ കസേരയില്‍ വന്നിരുന്നു.

എന്റെ കിതപ്പ് ഉച്ചത്തിലായി. അതിന്റെ ശബ്ദത്തില്‍ ഞാന്‍തന്നെ ഭയപ്പെട്ടു. ശരീരം നിമിഷനേരംകൊണ്ട് വിയര്‍ത്തൊലിച്ചു. ഹൃദയമിടിപ്പ് നിയന്ത്രണാതീതമായി. മുറി മുഴുവന്‍ കറങ്ങുന്നതുപോലെ. നാവ് ആരോ വരിഞ്ഞുമുറുക്കിയതുപോലെ. 

അവള്‍ കതക് ചേര്‍ത്തടച്ച് ഹാളിലേക്ക് വന്നു. 

'വേറെ മാര്‍ഗ്ഗമില്ലായിരുന്നു വിക്ടര്‍. ഞാനയാളെ കൊന്നു.'

അവളുടെ മുഖം നിര്‍വ്വികാരമായിരുന്നു. ഫാനിന്റെ കറക്കം സൃഷ്ടിച്ച പതിഞ്ഞ ഇരമ്പല്‍ മാത്രം സിരകളെ ഭേദിച്ച് ഉള്ളിലേക്ക് ഞെരുങ്ങി കയറിക്കൊണ്ടിരുന്നു. 

ഇറങ്ങി ഓടാന്‍ പോലുമാകാതെ ഞാന്‍ മരവിച്ചിരുന്നു. 

ഉടന്‍തന്നെ അവിടെനിന്നിറങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ, കാലുകള്‍ നിലത്ത് തറഞ്ഞിരിക്കുന്നതുപോലെ.

ഭയം എന്ന ഒറ്റ അവസ്ഥയിലേക്ക് ഞാന്‍ പൂര്‍ണ്ണമായും രൂപാന്തരം പ്രാപിച്ചുകഴിഞ്ഞിരുന്നു. 

'ലീന... ഞാനിറങ്ങുകയാണ്. ഇവിടെ നില്‍ക്കാന്‍ എനിക്ക് കഴിയില്ല... നീയെന്താണ് ചെയ്തത്?'

എങ്ങനെയൊക്കെയോ ഞാന്‍ പറഞ്ഞൊപ്പിച്ചു. 

'ആരായാലും ചെയ്തുപോകുന്നതാണിത്. ഞാനായതുകൊണ്ട് ഇത്രയും താമസിച്ചെന്നു മാത്രം.'
 
അവളുടെ മുഖത്തെ വികാരരാഹിത്യം എന്നെ കൂടുതല്‍ പേടിപ്പെടുത്തി.

'വിക്ടര്‍, നീയെന്നെ സഹായിക്കണം. ഒക്കെ അങ്ങു സംഭവിച്ചു. ഇനി എന്തുചെയ്യണമെന്ന് എനിക്കറിയില്ല.'

അവള്‍ പൊടുന്നനെ എന്റെ അടുത്തേക്ക് വന്നു മുന്നില്‍ മുട്ടുകുത്തിയിരുന്നു. എന്റെ കാല്‍മുട്ടുകളില്‍ അവള്‍ മുഖമമര്‍ത്തി.

'വിക്ടര്‍, എനിക്ക് മറ്റാരുമില്ല. എനിക്ക് രക്ഷപ്പെടണം. എനിക്ക് ജീവിക്കണം.'

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

അവളുടെ വിരലുകളില്‍നിന്നും ചോരയുടെ ചാലുകള്‍ കാലിലൂടെ താഴേക്ക് ഒഴുകിയിറങ്ങുന്നതുപോലെ എനിക്കു തോന്നി. ഞാന്‍ അറപ്പോടെ കാല്‍ പിന്നോട്ട് വലിച്ചു. 

'വിക്ടര്‍' അവള്‍ തേങ്ങിക്കരയാന്‍ തുടങ്ങി. കാല്‍മുട്ടില്‍ കണ്ണീരിന്റെ നനവ് ഞാനറിഞ്ഞു.

അവള്‍ മുഖമുയര്‍ത്തി. കലങ്ങിയ കണ്ണുകള്‍.

'വിക്ടര്‍, നീയെന്നെ കൈവിടരുത്.'

'എനിക്ക് എന്തുചെയ്യാന്‍ കഴിയും ലീന. ഇതിന്റെയൊക്കെ ആഫ്റ്റര്‍ ഇഫക്ട് നീ ആലോചിച്ചോ?'

'എനിക്ക് പേടിയാകുന്നു. എനിക്ക് രക്ഷപ്പെടണം. വിക്ടര്‍ നീയെന്നെ രക്ഷപ്പെടുത്തണം.'

അവള്‍ കൈപ്പടം മുഖത്തമര്‍ത്തി വിതുമ്പാന്‍ തുടങ്ങി. അകത്ത് വിറങ്ങലിച്ചുകിടക്കുന്ന മനുഷ്യന്റെ രൂപം എന്നെ വിറപ്പിച്ചുകൊണ്ടിരുന്നു.

വീണ്ടും വൈദ്യുതി നിലച്ചു. 

പെട്ടെന്നൊരു കരിമ്പടംവന്ന് മുഖമാകെ മൂടിയപോലെ. 

ലീന എഴുന്നേല്‍ക്കുന്നത് ഞാനറിഞ്ഞു. അവളുടെ കാല്‍പെരുമാറ്റം മാത്രം കേള്‍ക്കാം. 
ഞാന്‍ ഉറക്കെ നിലവിളിച്ചുപോകുമെന്നു തോന്നി. ഇടക്കെന്തൊക്കെയോ ശബ്ദങ്ങള്‍.
പുറത്ത് മഴ ശക്തമായി.

ഞാന്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

നാവ് കനല്‍ വീണപോലെ പൊള്ളുന്നു. ഇത്തിരി വെള്ളത്തിനായി ഞാന്‍ കൊതിച്ചു.

ഞാന്‍ പതുക്കെ വിളിച്ചു. 'ലീന...'

അവള്‍ മിണ്ടിയില്ല. 

ഞാനാവര്‍ത്തിച്ചു. മൗനം മാത്രം. ആ നിശ്ശബ്ദത എന്നെ കൂടുതല്‍ ചകിതനാക്കി. 

അകത്തു കിടക്കുന്ന ചലനമറ്റ ശരീരം എന്റെ നേര്‍ക്ക് നീങ്ങിവരുന്നതുപോലെ. എനിക്ക് അലറി വിളിക്കണമെന്നു തോന്നി. പക്ഷേ, ശബ്ദം തൊണ്ടയില്‍ വിലങ്ങിക്കിടന്നു. ഇരുട്ടിനു കനം കൂടിക്കൂടി വലിയൊരു പാളിപോലെ എന്റെ മുഖത്തു വന്നിടിച്ചതും വെളിച്ചം വന്നതും ഒന്നിച്ചായിരുന്നു. 
ഞാന്‍ ചുറ്റും നോക്കി. 

'ലീന...' ഞാന്‍ പതുക്കെ വിളിച്ചു. അവളെ ഹാളില്‍ കാണുന്നില്ല.
 
ആ മുറിയിലേക്ക് പോയതാണോ?

ഞാന്‍ സര്‍വ്വശക്തിയും സംഭരിച്ച് പതുക്കെ എഴുന്നേറ്റു. വേച്ചുവേച്ച് ആ മുറിയിലേക്ക് നടന്നു. പേടി ഒരു നരിച്ചീറായി എന്റെ മുഖത്തിനു ചുറ്റും വട്ടമിട്ടുകൊണ്ടിരുന്നു. ശവം കിടക്കുന്ന മുറിയുടെ ചാരിയിരിക്കുന്ന വാതില്‍ അല്പം തുറന്ന് ഞാന്‍ അകത്തേക്ക് പാളിനോക്കി. 

ആ ശരീരം...! മുറിയില്‍ മറ്റാരുമില്ല. 

ഞാന്‍ കണ്ണടച്ച് മുഖം പിന്‍വലിച്ചു. 

'ലീന... ലീന...' ഞാന്‍ ആവുന്നത്ര ശക്തി സംഭരിച്ചു വിളിച്ചു. മറുപടിയില്ല.

അവളെവിടെയാണ് മറഞ്ഞിരിക്കുന്നത്.

എന്റെ കൈകാലുകള്‍ അമിതമായി വിറയ്ക്കാന്‍ തുടങ്ങി. 

ഇപ്പോള്‍ ശരീരം വിയര്‍ക്കുന്നില്ല. തണുക്കുന്നു. തണുത്ത് തണുത്ത് മരവിക്കുന്നു. 

'ലീന...' പക്ഷേ, ആ വാക്കുകള്‍ എന്റെ ചുണ്ടിനു പിന്നില്‍ ശ്വാസംമുട്ടി മരിച്ചുവീണു. 

എനിക്കു രക്ഷപ്പെടണം. അവള്‍ വരുന്നതിനു മുന്‍പ് രക്ഷപ്പെടണം.

ഞാന്‍ വാതില്‍ക്കലേക്ക് നടന്നു. വാതിലിന്റെ പിടിയില്‍ കയ്യമര്‍ത്തി തിരിച്ചു. 

വാതില്‍ തുറക്കുന്നില്ല. ഞാന്‍ വീണ്ടും ശ്രമിച്ചു. താഴുകളൊന്നുമിട്ടിട്ടില്ല.
 
എന്റെ തലച്ചോറിലൂടെ ഒരു മിന്നല്‍പ്പിണര്‍ കടന്നുപോയി.
 
വാതില്‍ പുറത്തുനിന്നു പൂട്ടിയിരിക്കുന്നു!

ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് വലിച്ചു.

'ലീന...' ഞാന്‍ ഉറക്കെയുറക്കെ വിളിച്ചു. ശബ്ദം ഘനീഭവിച്ച് നിശ്ശബ്ദതയിലേക്ക് ഒഴുകിവീണു. 
ഞാന്‍ തളര്‍ന്നു താഴേക്കിരുന്നു. 

പുറത്ത് വെളിച്ചത്തിന്റെ വലിയൊരു കടല്‍ പരക്കുന്നത് ഞാനറിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com