'പൈ, ദാഹം'- ശ്യാംകൃഷ്ണന്‍ ആര്‍ എഴുതിയ കഥ

വല്ലാത്തൊരു വാശികേറിയ മട്ടാണ് അവള്‍ക്ക് ആകെമൊത്തം. തീറ്റയിട്ടാല്‍ തിരിഞ്ഞു നോക്കില്ല. തൊട്ടിയില്‍ വെള്ളം വെച്ചാല്‍ മണത്തുപോലും നോക്കില്ല. ചിലപ്പോള്‍ സ്‌നേഹത്തോടെ ആശ അവളോട് പറഞ്ഞുനോക്കും
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

രാവിലെയെഴുന്നേറ്റാല്‍ പിന്നെയുള്ള രണ്ട് മണിക്കൂര്‍ ആശയ്ക്ക് ആലയിലാണ് പണി. 

കിങ്ങിണിയെന്നും അമ്മിണിയെന്നും പേരുള്ള രണ്ട് പശുക്കളെയാണ് ആശ പോറ്റി വളര്‍ത്തുന്നത്. കിങ്ങിണി ഒരു പേറ് കഴിഞ്ഞിരിപ്പായിരുന്നു. അതുകൊണ്ട് കറവയുണ്ട്. കടച്ചിക്കുള്ളത് കടച്ചി കുടിച്ചിട്ട് ബാക്കിയുള്ള പാല് ആശ കറന്നെടുക്കുമ്പോള്‍ കിങ്ങിണി അനങ്ങാതെ നിന്നുകൊടുക്കും. അതുകഴിഞ്ഞു കുളുത്തും കാലിത്തീറ്റയും ചേര്‍ത്ത് കലക്കിയതിന്റെ കൂടെ രണ്ട് കറ്റ വൈക്കോലും ഇട്ട് കൊടുത്താല്‍ അവള് ഹാപ്പി. അമ്മിണിയാണ് കുറച്ചു ദിവസങ്ങളായി ആശയെ ഇട്ട് കഷ്ടപ്പെടുത്തുന്നത്.

വല്ലാത്തൊരു വാശികേറിയ മട്ടാണ് അവള്‍ക്ക് ആകെമൊത്തം. തീറ്റയിട്ടാല്‍ തിരിഞ്ഞു നോക്കില്ല. തൊട്ടിയില്‍ വെള്ളം വെച്ചാല്‍ മണത്തുപോലും നോക്കില്ല. ചിലപ്പോള്‍ സ്‌നേഹത്തോടെ ആശ അവളോട് പറഞ്ഞുനോക്കും. കലികയറിയാല്‍ വെള്ളയില്‍ കറുത്ത പുള്ളികളുള്ള അമ്മിണിയുടെ ദേഹത്ത് ആശ നാലടി വെച്ച്‌കൊടുക്കും. എന്നിട്ടും ദേഷ്യം തീര്‍ന്നില്ലെങ്കില്‍ അവളുടെ മൂക്ക് കയറില്‍ പിടിച്ചൊരു വലി വലിക്കും.

''നിനിക്ക് കാള കേറ്റാന്‍ ആയിനെങ്കില് നമ്മക്ക് അയിന് വയ്യിണ്ടാക്കാ. ഇപ്പ ഇത് കുടിക്ക്.''

എന്നത്തേയും പോലെ മുക്രയിട്ട് കുതറുന്ന അമ്മിണിയെ ആശ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

''എനക്ക് എട്ട് മണീന്റെ ബസില് പോണ്ട്യാണെ.''

ആശ കെഞ്ചിപ്പറഞ്ഞു.

''ഇങ്ങനെ ഒന്നും തിന്നാണ്ട് ബൈരം കൊടുത്തിട്ട് എന്നാ കിട്ടുവാ? നിനിക്ക് പൈക്കൂല്ലേ?''

എന്ത് കാര്യം?

ഈ ഗുസ്തിപിടിത്തം കഴിഞ്ഞു 
സൊസൈറ്റിയില് പാലും കൊടുത്തു സാരി ചുറ്റി ഓടുമ്പോഴേക്കും മണി എട്ട് കഴിഞ്ഞിരുന്നു. അടുത്ത ബസ് വരാനാണെങ്കില്‍ ഇനിയും അരമണിക്കൂറ് കാക്കണം. 

പണ്ടാരം!

ആശ അമ്മിണിയെ മനസ്സില്‍ പ്രാകി.

''ഏടത്തേക്കാന്ന് ആശേ?''

ബസ് സ്റ്റോപ്പിലെ ബെഞ്ചില്‍ പ്രകൃതിഭംഗി ആസ്വദിച്ചിരുന്ന മോഹനന്‍ ആശയോട് ലോഹ്യം ചോദിച്ചു.

''ഒന്ന് റാണിന്റെ ആട പോവാനാപ്പാ.''

ആശ ഉത്തരം പറഞ്ഞു.

''ഓ. ഓളെ പുരുവന്‍ കയിഞ്ഞായ്ചയല്ലേനുവാ മരിച്ചിനി?''

മോഹനന്‍ എന്തോ ആലോചിച്ചെടുക്കുമ്പോലെ ചോദിച്ചു.

''ആന്ന്. ഇതുവരെ പോവാന്‍ പറ്റീല്ല. ഓളും രാധേച്ചിയെല്ലം വിചാരിക്കൂല്ലേ ഇവക്ക് എന്തിന്റെ പൗവ്വറാന്ന്.''
മോഹനന്‍ തലയാട്ടി.

''അല്ല മോഹനേട്ടാ. നിങ്ങള് പോയിനേനുവാ?''

''ഞാന്‍...''

മോഹനന്റെ ബാക്കിയുള്ള വാക്കുകളെ ഒരു ചിരിവിഴുങ്ങി. 

അഞ്ചു വീട്ടിലൊന്ന് എന്ന കണക്കില്‍ മോഹനന്മാര്‍ തിങ്ങിനിറഞ്ഞ ഒരു നാടാണത്. അതില്‍ തന്നെ മിക്കവരും കൈക്കോട്ട് പണിക്കാരോ തേപ്പ് പണിക്കാരോ. അവരില്‍നിന്ന് ഇപ്പറഞ്ഞ മോഹനനെ തിരിച്ചറിയാന്‍ നാട്ടുകാര്‍ വിളിക്കുന്ന പേരാണ് പ്രാന്തന്‍ മോഹനന്‍. മോഹനന് പ്രാന്തും ചികിത്സയും തുടങ്ങിയിട്ട് കൊല്ലം ഇരുപത്തിമൂന്നായി. അതിനും വര്‍ഷങ്ങള്‍ക്കു മുന്നേ ആശയും റാണിയും മോഹനനും കളിക്കൂട്ടുകാരായിരുന്നു.

ഒരേ പ്രായക്കാരായ, അടുത്തടുത്ത വീടുകളില്‍ താമസിച്ച ആശയും റാണിയും സുഹൃത്തുക്കളായതില്‍ അസ്വാഭാവികതയൊന്നുമില്ല. പക്ഷേ, അവരെക്കാളും മൂന്നാല് വയസ്സ് മൂത്ത മോഹനന്‍ ഈ പെണ്‍കുട്ടികളുടെ കൂടെ കറങ്ങിനടക്കുന്നത് അത്ര സാധാരണമായിരുന്നില്ല. പ്രത്യേകിച്ചും അന്നത്തെക്കാലത്ത്. ആണ്‍പിള്ളേര് മാവില്‍ കല്ലെറിഞ്ഞും കുളത്തില്‍ കരണം മറിഞ്ഞും നേരം പോക്കിയപ്പോള്‍ മോഹനന്‍ ആശേടേം റാണീടേം കൂടെ ഒളിച്ചാം പൊത്തും കൊത്തങ്കല്ലും കളിച്ചു നടപ്പായിരുന്നു.

അതിന് മോഹനനൊരു കാരണവുമുണ്ട്. 

വെളുത്തു തുടുത്തു സിനിമാനടിമാരെപ്പോലെ സൗന്ദര്യവും പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുമുള്ള റാണിയോട് നാട്ടിലെ സകല കൗമാരക്കാര്‍ക്കും ഒരിതുണ്ടായിരുന്നു. മോഹനനു മാത്രം കണ്ണില്‍പ്പിടിച്ചത്, ഇരുണ്ട്, കോന്ത്രമ്പല്ലുകളും വട്ടമുഖവുമുള്ള ആശയെയാണ്. അത് തുറന്നു പറയാനുള്ള ധൈര്യം പക്ഷേ, മോഹനനൊരിക്കലും കിട്ടിയിട്ടില്ല.

പത്തിരുപത്തിയെട്ട് കൊല്ലങ്ങള്‍ക്കു മുന്നേ, റാണിയുടെ കല്യാണത്തോടെ അവരുടെ സൗഹൃദവും മുറിഞ്ഞു. നാട്ടിലെ സ്‌കൂളിലെ ഹെഡ്മാഷായിരുന്നു റാണിയുടെ അച്ഛന്‍. അവരുടെ കുടുംബത്തിനു യോജിച്ച രീതിയില്‍ ഒരു സ്‌കൂള്‍ മാഷിന്റെ കൂടെ റാണിയെ പറഞ്ഞയച്ചു. അല്ലറ ചില്ലറ പണികള്‍ക്കൊക്കെ പോയിരുന്ന മോഹനന് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പ്രാന്ത് വരികയും പ്രാന്തന്‍ മോഹനനായി മാറുകയും ചെയ്തു. ആശേടെ കഥയായിരുന്നു കുറച്ചധികം പറയാനുണ്ടായിരുന്നത്. രണ്ട് ഏട്ടന്മാരുണ്ടായിരുന്നത് ഭാര്യവീടിനടുത്തു താമസമാക്കിയതോടെ അമ്മയേയും ബുദ്ധിവളര്‍ച്ചയില്ലാത്ത ഏച്ചിയേയും പോറ്റേണ്ടത് ആശയുടെ കടമയായി. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വതവേ സംഭവിക്കാറുള്ളതുപോലെ ഏട്ടന്മാരുടെ ശമ്പളം മുഴുവന്‍ ഏട്ടത്തിമാര്‍ വാങ്ങി വെക്കുകയും കുടുംബം ആശയുടെ വരുമാനത്തെ മാത്രം ആശ്രയിച്ചു കഴിയേണ്ട ഗതിയുമായി. കല്ല് കടത്തിയും പൂഴി അരിച്ചും വയലില്‍ ഞാറ് നട്ടുമൊക്കെയാണ് ആശ രണ്ടറ്റവും കൂട്ടിമുട്ടിച്ചിരുന്നത്. പഞ്ചായത്തില്‍നിന്നുള്ള സഹായത്തോടെ രണ്ട് പശുക്കളെക്കൂടി പോറ്റാന്‍ കിട്ടിയതോടെ ആശയ്ക്ക് നിവര്‍ന്നുനില്‍ക്കാമെന്നായി. ഇതിനിടെ ആശേടെ കല്യാണത്തെക്കുറിച്ചൊന്നും ആരും ചിന്തിച്ചുകൂടിയില്ല. 

രണ്ടു വര്‍ഷങ്ങളുടെ ഇടവേളയില്‍ ആശയുടെ അമ്മയും ഏച്ചിയും മരിച്ചുപോയി. ആശ വീട്ടില്‍ തനിച്ചായി. ആശയെ മംഗലം കഴിക്കാന്‍ സമ്മതം ചോദിച്ചാലോ എന്നു പലപ്പോഴും മോഹനന്‍ ആലോചിക്കും. അപ്പോഴൊക്കെ അയാള്‍ക്ക് സ്വന്തം പ്രാന്തിന്റെ കാര്യം ഓര്‍മ്മവരും.

ഇക്കഥയൊന്നുമറിയാഞ്ഞിട്ടും ആശയേയും മോഹനനേയും ഒന്നിപ്പിക്കാന്‍ ആഗ്രഹിച്ച മറ്റൊരാളും കൂടെ ആ നാട്ടിലുണ്ടായിരുന്നു. റാണിയുടെ അമ്മമ്മയായ രമണിയേടത്തി ആണത്. അവരുടെ വീടിന്റെ പുറകിലെ പറമ്പിലൊരു ഷെഡ് കെട്ടിയാണ് മോഹനന്‍ താമസിച്ചിരുന്നത്. ബന്ധുക്കളെല്ലാം ഉപേക്ഷിച്ചുകഴിഞ്ഞ മോഹനനും അവിടെ ഒറ്റയ്ക്കാണ്.

''നിനിക്ക് പ്രാന്ത് വന്നിറ്റില്ലെങ്കില് ആ ആശേനെ നിന്നെക്കൊണ്ട് കയിപ്പിച്ചൂടേനുവാ.''

ഇടയ്ക്ക് മോഹനനെ വിട്ട് വെറ്റില വാങ്ങിപ്പിക്കുമ്പോള്‍ രമണിയേടത്തി ഒരു മോഹംപോലെ പറയും. 
താല്പര്യമില്ലാത്തൊരു ഭാവം വരുത്താന്‍ ശ്രമിക്കുമെങ്കിലും ചെറിയൊരു നാണം മോഹനന്റെ മുഖത്ത് വിരിയുന്നത് കാണുന്നവര്‍ക്കെല്ലാം എളുപ്പം കണ്ടെത്താന്‍ സാധിക്കുമായിരുന്നു. ആശയുടേയും തന്റേയും കാര്യത്തില്‍ രമണിയേടത്തിയുടെ ഉല്‍ക്കണ്ഠ ആത്മാര്‍ത്ഥമാണെന്ന് അപ്പോഴൊക്കെ മോഹനന്‍ ചിന്തിക്കുകയും ചെയ്യും. കയ്യില്‍ ഒട്ടും കാശില്ലാതാകുമ്പോള്‍ മോഹനന്‍ ഇടയ്ക്ക് മരുന്നു നിര്‍ത്തും. ചെവി പൊട്ടിപ്പോകുന്ന തെറികള്‍ ഏതു നേരവും ഉറക്കെ വിളിച്ചു പറയലാണ് മോഹനന് പ്രാന്ത് മൂക്കുന്നതിന്റെ പ്രധാന ലക്ഷണം. അന്നേരം, തൊട്ടപ്പുറം രമണിയേടത്തിയും കുട്ടികളുമെല്ലാം ഇതു കേള്‍ക്കുന്നുണ്ടാകുമെന്നൊന്നും മോഹനന്‍ ഓര്‍ക്കില്ല.

''ഓ. നിന്നെയാറ്റം കയിച്ചിനെങ്കില് ആ ആശ ഒയന്ന് പോവേനും.''

മോഹനന്റെ ഭരണിപ്പാട്ട് മൂക്കുമ്പോള്‍ രമണിയേടത്തി അരിശം മൂത്തു വിളിച്ചുപറയും. മോഹനന്റെ തെറികള്‍ സ്വിച്ചിട്ടതുപോലെ നില്‍ക്കും. അങ്ങനെയാണ് സ്വന്തം മനസ്സിന്റെ കടിഞ്ഞാണ്‍ മോഹനനു തിരികെ കിട്ടുന്നത്.

''മോഹനേട്ടാ.''

ആലോചനകളാണോ പ്രാന്താണോ മോഹനന്റെ മുഖത്ത് ചുളിവുകള്‍ തീര്‍ക്കുന്നത് എന്നു തിരിച്ചറിയാതെ ആശ വിളിച്ചു.

''ആ.''

വീണ്ടും ബസ് സ്റ്റോപ്പിലെ ബെഞ്ചിലേക്കിറങ്ങി വന്ന് മോഹനന്‍ വിളികേട്ടു.

''പൈക്ക്, കാള കേറ്റാന്‍ ആയിനി. അയിനെക്കൊണ്ടുള്ള എടങ്ങേറാന്ന്. നിങ്ങക്ക് കാള ഉള്ള ആരെങ്കിലും അറിയാ?''

ആശ പ്രതീക്ഷയോടെ ചോദിച്ചു. 

''ഗോപാലന്‍ മൂപ്പരെ കാളയിണ്ടല്ലാ.''

മോഹനന് പെട്ടെന്നു മനസ്സില്‍ വന്ന പേരതാണ്.

''ഇണ്ടേനും. മറ്റേ പൈക്ക് അയിനെക്കൊണ്ടാന്ന് പിടിപ്പിച്ചേ. പക്കെ ഇപ്പ അയാള് അയിനെ വിറ്റൂന്ന്.''
ചോദിച്ചത് ആശയായതുകൊണ്ട് മോഹനന്‍ കാര്യം ഗൗരവമായിത്തന്നെ എടുത്തു. കാളയാകുവോളം മൂരിക്കുട്ടന്മാരെ പോറ്റുന്നവരൊക്കെ നാട്ടില്‍ ഏതാണ്ടില്ലാണ്ടായിട്ടുണ്ട്. പഴയ കാലമല്ല. എല്ലാവരും മൃഗാശുപത്രിയിലേക്കാണ് ഇങ്ങനത്തെ കാര്യങ്ങള്‍ക്കൊക്കെ പോകുന്നത്. വിത്തുകാളകളെ പോറ്റിയിട്ട് ആര്‍ക്ക് എന്തു പ്രയോജനം? ട്രാക്ടറുകള്‍ വന്നതില്‍പ്പിന്നെ കൃഷിക്കും കാളകളെ ആവശ്യമില്ലാതായിട്ടുണ്ട്.
''നോക്കട്ടെ. ആശേ.''

മോഹനന്‍ സംഗതി ഏറ്റെടുത്തു.

ഇതാണ് മോഹനേട്ടനോട് പറഞ്ഞാലുള്ള ഗുണം!

ഇത്രയും കാലത്തിനിടെ സ്വന്തം ആങ്ങളമാരെക്കൊണ്ടില്ലാത്ത ഉപകാരങ്ങളാണ് മോഹനനെക്കൊണ്ട് ആശയ്ക്ക് ഉണ്ടായിട്ടുള്ളത്. മറ്റാരോടെങ്കിലും പറഞ്ഞുനോക്കൂ. സൂചി വെപ്പിക്കാതെ വിത്തുകാളയെ തപ്പിനടക്കുന്ന ആശ ഒരു പോത്താണെന്നേ അവര് പറയൂ.

''പൈപോലും ഇല്ലാണ്ട് കടച്ചീനയിണ്ടാക്കാന്‍ പറ്റുന്ന കാലാന്നിത്.''

എന്നാണ് വാര്‍ഡ് മെമ്പറായ കനകന്‍ ആശയോട് പറഞ്ഞത്. 

''എന്നാ പിന്നെ പൈ ഇല്ലാണ്ട് പാലും ഇണ്ടാക്കണല്ലാ. നല്ല പാല് വേണങ്കില് സൂചി വെച്ചാ പോര.''
ആശ തിരിച്ചടിച്ചു.

കാളകളെക്കൊണ്ട് വരുന്നതിന്റെ ആവശ്യത്തെപ്പറ്റി ആശയും അതിലെ മണ്ടത്തരത്തെക്കുറിച്ചു കനകനും കുറച്ചുനേരം തര്‍ക്കിച്ചു. അവസാനം തീരുമാനമാകാതെ രണ്ടാളും മുഖം വീര്‍പ്പിച്ചു മടങ്ങുകയാണുണ്ടായത്.
ബസ് വരുന്നുണ്ടായിരുന്നു. മോഹനനോട് ആശ പോട്ടേന്ന് ആംഗ്യം കാട്ടി. ആശ ബസില്‍ കേറുന്നതും സീറ്റിലിരിക്കുന്നതുമെല്ലാം മോഹനന്‍ ഇമ്പത്തോടെ നോക്കിനിന്നു. അതൊന്നുമറിയാതെ യാത്ര ചെയ്യുമ്പോഴുള്ള ഓക്കാനം മാറാന്‍ ചെറുനാരങ്ങയും മണപ്പിച്ച് ആശ കമ്പികളില്‍ തല ചായ്ചു.
രണ്ട് ബസുകള്‍, ഒന്നര മണിക്കൂര്‍, ഒരു വട്ടം ഛര്‍ദ്ദി. ഇത്രയും കഴിഞ്ഞാണ് ആശ റാണിയുടെ വീട്ടിലെത്തിയത്. അപ്പോഴേക്കും ബലികര്‍മ്മങ്ങള്‍ കഴിഞ്ഞിരുന്നു.

റാണിയുടെ മക്കളായ രാഹുലും സ്വാതിയും ആശയെ കണ്ട് പരിചയഭാവത്തില്‍ ഒന്ന് തലകുലുക്കി. മുറ്റത്തു വലിച്ചിട്ട താര്‍പ്പായ്ക്ക് കീഴെ എന്തോ സംസാരിച്ചിരുന്ന ഒരു കൂട്ടം ആണുങ്ങള്‍ ആശയെ കണ്ണുകളുയര്‍ത്തി നോക്കി. അവര്‍ക്ക് ആശയെ അറിയില്ല. ആശയ്ക്ക് അവരെയും അറിയില്ല.

''ആശയാ. വാ.''

പുറത്തു ചായ കൊടുക്കാന്‍ വന്ന രാധേച്ചി, റാണിയുടെ അമ്മ ആശയെ രക്ഷിച്ചു. എപ്പോഴും ചിരിച്ചുത്സാഹത്തില്‍ നില്‍ക്കുന്ന ആളായിരുന്നു രാധേച്ചി. മോള് വിധവയായതിന്റെ സങ്കടം അവരുടെ മുഖത്ത് നല്ലവണ്ണമുണ്ട്.

''അറ്റാക്കേനും. അല്ലേ?''

മറ്റു വല്ലതും ചോദിക്കണമെന്നു വിചാരിച്ചതായിരുന്നെങ്കിലും ആശയ്ക്ക് പെട്ടെന്നു വായില്‍ വന്നതതാണ്.
''ആ.''

രാധേച്ചി അറിയാതെ വിതുമ്പി.

''ദിവസും നടക്കാന്‍ പോന്നോനല്ലേ. ഇങ്ങനെ വെരുംന്ന് ആരെങ്കിലും വിചാരിച്ചിനാ.''

സാരിത്തലപ്പ്‌കൊണ്ട് രാധേച്ചി കണ്ണ് തുടച്ചു. അകത്തുള്ള പെണ്ണുങ്ങളെല്ലാം വന്നതാരാണെന്നറിയാനുള്ള ആകാംക്ഷയോടെ അങ്ങോട്ട് നോക്കുന്നത് ആശ ശ്രദ്ധിച്ചു. 

''റാണിയോടുത്തു?''

ആശ ലേശം അസ്വസ്ഥതയോടെ ചോദിച്ചു.

''ഓള് മോളില്ണ്ട്. കുളിക്കുവോന്ന്.''

വിശാലമായ സെന്‍ട്രല്‍ ഹാളിലെ ചുമരുകളിലും ഷോക്കേസിലുമെല്ലാം ആശ വെറുതെ കണ്ണോടിച്ചു. 
റാണിയുടേയും ഭര്‍ത്താവിന്റേയും ഒന്നിച്ചുള്ള പല ഫോട്ടോകള്‍ ചില്ലിട്ടു വെച്ചിട്ടുണ്ട്. ചുമരിലെ നല്ലൊരു ഭാഗവും ഈ ചിത്രങ്ങള്‍കൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. അതില്‍ അവരുടെ കല്യാണ ഫോട്ടോ ഉണ്ട്. തലമുടിയില്‍ അരിമണികള്‍ കുടുങ്ങിയതറിയാതെ ക്യാമറയിലേക്ക് നോക്കി ചിരിക്കുകയാണ് റാണി. തൊട്ടപ്പുറത്തെ ഫോട്ടോ അവരുടെ ഹണിമൂണ്‍ ട്രിപ്പിലെടുത്തതാണ്. വലിയൊരു വട്ടത്തൊപ്പി വെച്ച് കടലിലേക്ക് നോക്കി നില്‍ക്കുന്ന റാണി. വേറൊരു ഫോട്ടോ റാണിയും ഭര്‍ത്താവും രാഹുലിന് ഉമ്മകൊടുക്കുന്നതാണ്. പിന്നെയുള്ളതിലെല്ലാം സ്വാതിമോളും കടന്നുവരുന്നു. ഏറ്റവും പുതിയതെന്നു തോന്നിക്കുന്ന ഫോട്ടോയില്‍ റാണിയും ഭര്‍ത്താവും ചേര്‍ന്നു നില്‍ക്കുകയും രാഹുലും സ്വാതിയും അവരെ കെട്ടിപ്പിടിക്കുകയുമാണ്. ഒരു മ്യൂസിയത്തിലെന്നോണം ആശ ഇതെല്ലാം നോക്കിക്കണ്ടു. കൊല്ലങ്ങളിത്ര കഴിഞ്ഞിട്ടും റാണിയുടെ അഴകിനൊരു കുറവും വന്നിട്ടില്ല. ആശ അത്ഭുതത്തോടെ ഓര്‍ത്തു.
''ആശേ, ഓള് കുളിച്ചു വന്നൂന്ന് തോന്നുന്ന്. നീ മോളില് പൊയ്‌ക്കോ.''

രാധേച്ചി തൊട്ട് പുറകില്‍ വന്നുനിന്ന കാര്യം ആശ അറിഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് അവളൊന്ന് ഞെട്ടി. സ്റ്റെപ്പ് കയറുമ്പോള്‍, മനോഹരമായ മാര്‍ബിളുകള്‍ പാകിയ തറയെ വിണ്ടുകീറിയ തന്റെ കാലടികള്‍ വൃത്തികേടാക്കുമോ എന്ന് ആശ ശങ്കിച്ചു. 

റാണി ജനാലയിലൂടെ പുറത്തോട്ട് നോക്കിയിരിക്കുകയായിരുന്നു. നിറം മങ്ങിയ ഒരു പഴയ മാക്‌സിയാണ് അവള്‍ ധരിച്ചിരുന്നത്.

എന്നാലും എത്ര സുന്ദരി!

''റാണി.''

ആശ വിളിച്ചു. റാണി തിരിഞ്ഞുനോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.

സമാധാനിപ്പിക്കാനെന്നോണം ആശ റാണിയുടെ അടുത്തേക്ക് ചെന്നു.

''ഓര് പോയല്ലേ?''

ആശയ്ക്കതേ ചോദിക്കാനായുള്ളൂ.

''ആ.''

റാണി ഒരു ദീര്‍ഘനിശ്വാസം വിട്ടു. ആശ റാണിയുടെ കൈകളില്‍ കൈ കോര്‍ത്തു.

''നീ വെരുവാണേ എനി എന്റൊപ്പരം?''

ആശ പെട്ടെന്ന് ആവേശത്തോടെ ചോദിച്ചു.

തങ്ങളുടെ കൈകളിലൂടെ ഒരു മിന്നല്‍പ്പിണര്‍ പുളഞ്ഞതായി ആശയ്ക്കും റാണിക്കും തോന്നി. അതില്‍ തട്ടിത്തെറിച്ചു രണ്ടാളും മുടി രണ്ടായി പകുത്തു റിബ്ബണിട്ട് കെട്ടി, പാവാടയും ബ്ലൗസും ധരിച്ചു നടന്ന രണ്ട് പതിമൂന്നുകാരികളായി. അതിരാവിലെ, മറ്റാരുമില്ലാത്ത പഞ്ചായത്ത് കുളക്കരയില്‍ വെച്ച്, സ്വന്തം ദേഹങ്ങളില്‍ അവര്‍ക്ക് അതുവരെ കാണാഞ്ഞൊരു കൗതുകം തടഞ്ഞു. അവരത് പരസ്പരം തിരഞ്ഞു നോക്കി. സ്‌കൂളില്‍ വൈകുന്നേരം ആളൊഴിഞ്ഞ മൂത്രപ്പുരയില്‍ വെച്ചും റാണിയുടെ വീട്ടില്‍ കൊട്ടിലകത്തെ ഇരുട്ടില്‍ വെച്ചുമെല്ലാം അവര്‍ അത്ഭുതങ്ങള്‍ തിരഞ്ഞു കൊണ്ടേയിരുന്നു. തിരയുന്തോറും അതിന് ആഴമേറി. ഒരിക്കലും തിരിച്ചുവരേണ്ടെന്നു തോന്നും വിധം രണ്ടാളുമതില്‍ ആഴ്ന്നുപോയി.

പിന്നീടവര്‍ ഇരുപത് വയസ്സുള്ള രണ്ട് പെണ്ണുങ്ങളായി. റാണി പാവാട വിട്ട് ചുരിദാറിട്ടു തുടങ്ങി. ആശ മാക്‌സിയും.

''നീ കല്യാണം കയിഞ്ഞു പോവ്വോന്നെണെ?''

റാണിയുടെ തോളില്‍ കൈവെച്ചു ആശ ചോദിച്ചു.

''അച്ഛനോട് പിന്നെ എന്നാണെ പറയാ?''

മരണത്തെക്കണ്ടപോലെ ആശ റാണിയെ നോക്കി.

''എങ്ങനാണേ വെരുവാ? പിള്ളേര്‍ക്ക് പൊറത്തു കീഞ്ഞു നടക്കണ്ടേ?''

അപ്പോഴവര്‍ വീണ്ടും മുടിയില്‍ നരകയറിയ, മുഖത്ത് ചുളിവുകള്‍ വീണ രണ്ട് നാല്‍പ്പത്തിയെട്ടുകാരികളായി.
''ഞാന്‍ പോട്ടേ എന്നാല്.''

ആശ റാണിയുടെ കൈകള്‍ വിടുവിച്ചു. വാതിലിനടുത്തെത്തിയപ്പോഴേക്കും പുറകിലൊരു തേങ്ങല് കേട്ടതുപോലെ ആശയ്ക്ക് തോന്നി. തിരിഞ്ഞുനോക്കാതെ സ്റ്റെപ്പിറങ്ങി ആശ താഴെയെത്തി. അടുക്കളയില്‍ ചെന്ന് രാധേച്ചിയോട് യാത്ര പറഞ്ഞു.

''കഞ്ഞി കുടിച്ചിട്ട് പോവ്വാണെ ആടെയെത്തുമ്പളക്കും നിനിക്ക് പൈക്കും.''
രാധേച്ചി ഉപദേശിച്ചു.

''വേണ്ടപ്പാ. ആട കുളുത്ത്ണ്ട്.''

ആശ സ്‌നേഹത്തോടെ അത് നിരസിച്ചു.

''എന്നാ വെള്ളെന്തെങ്കിലും കുടിച്ചോ.''

''ഏയ്. ബസ്ന്ന് ചര്‍ദ്ദിക്കും.''

ആശ പുറത്തിറങ്ങി. തിരിച്ചെത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. ആശയെ കാത്തെന്ന മട്ടില്‍ മോഹനന്‍ സ്റ്റോപ്പില്‍ തന്നെ ഇരിപ്പുണ്ട്.

''കാളെന കിട്ടീനി കെട്ടാ. നമ്മളെ ഹാജ്യാര്ക്ക് അറീന്നൊരാളാ.''

മോഹനന്‍ സന്തോഷത്തോടെ പറഞ്ഞു. ആശ പുഞ്ചിരിച്ചു. രണ്ടാളും ആശയുടെ വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു. വീട്ടിലേക്ക് തിരിയുന്നത് വരെയും മോഹനന്‍ പുറകിലുള്ള കാര്യം ആശ ശ്രദ്ധിച്ചിരുന്നില്ല. പെട്ടെന്ന് മോഹനനെ കണ്ട് അവളൊന്ന് അമ്പരന്നു. 

''ഒന്നപ്പറത്തേക്കാപ്പാ.''

മോഹനന്‍ ചെറിയ ചമ്മലോടെ പറഞ്ഞു. ആശ തലയാട്ടി. മോഹനന്‍ മുന്നോട്ട് നടക്കുമ്പോള്‍ അവള്‍ക്ക് പൊട്ടിവീണ മുരിങ്ങമരത്തിന്റെ കാര്യം ഓര്‍മ്മവന്നു.

''മോഹനേട്ടാ, മുരിങ്ങാച്ചപ്പ്ണ്ട് കൊറേ. എട്ക്ക്ന്നാ?''

ആശ വിളിച്ചു ചോദിച്ചു.

''വേണ്ടപ്പാ. ആക്കാനെല്ലാം പണിയാന്ന്.''

മോഹനന്‍ ആശയെ നോക്കാതെ പറഞ്ഞു.

ആശ അകത്തു ചെന്ന് കുളുത്തു കുടിച്ചു. ബാക്കിയുള്ളതും കുറച്ചു പിണ്ണാക്കും കലക്കി വേഗം ആലയിലേക്ക് നടന്നു. 

''നിനിക്കൊരു ആളെ കിട്ടീന്ന്.''

അമ്മിണിയുടെ വയറില്‍ത്തടവി ആശ പറഞ്ഞു. അമ്മിണി സന്തോഷത്തോടെ തല കുലുക്കി. ചില നേരങ്ങളില്‍ മൃഗങ്ങള്‍ക്കും മനുഷ്യരുടെ ഭാഷ മനസ്സിലാവുമെന്ന് ആശയ്ക്ക് തോന്നാറുള്ളതാണ്.
''നിനിക്ക് സൂചി വെപ്പിക്കാന്‍ ഞാന്‍ വിടുംന്ന് നീ വിചാരിച്ചിനാ?''

ആശ കുനിഞ്ഞ് അമ്മിണിയുടെ മൂക്കില്‍ മൂക്ക് മുട്ടിച്ചു. സ്‌നേഹം കൂടുമ്പോള്‍ എന്നും ചെയ്യുന്നത് പോലെ അമ്മിണി ആശയുടെ മുഖം നക്കിത്തുടച്ചു.

അന്നേരം, പതിവില്ലാത്തൊരു ഉപ്പുരസം നാക്കില്‍ കലരുന്നതായി അമ്മിണിക്കു തോന്നി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com