'ഒരു വൃത്തത്തിന്റെ രണ്ടു പകുതികള്‍'- സി.വി. ബാലകൃഷ്ണന്‍ എഴുതിയ കഥ

ഗോവണി കയറിവരുന്ന ശേബയെ ആവും ഭാഗികമായും പിന്നെ മുഴുവനായും കണ്ട ഫാദര്‍, അവള്‍ ഉരുവിട്ട് സ്‌തോത്രത്തിന് ഉപചാരം ചൊല്ലി അവള്‍ക്കിരിക്കാനായി ഒരു ഇരിപ്പിടം ചൂണ്ടിക്കാട്ടി
'ഒരു വൃത്തത്തിന്റെ രണ്ടു പകുതികള്‍'- സി.വി. ബാലകൃഷ്ണന്‍ എഴുതിയ കഥ

ള്‍ത്താരയ്ക്കു മുന്‍പാകെ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചശേഷം ശേബ വരാന്തയിലേയ്ക്കിറങ്ങി ഫാദര്‍ ലിയോപ്പോള്‍ദിനെ കാണാനായി, മേല്‍മാടത്തിലേയ്ക്കുള്ള മരഗോവണിയുടെ നേര്‍ക്കു നടന്നു.
ഇടതുവശത്തെ ഭിത്തിയില്‍ ഫൊറോന പള്ളി സ്ഥാപിതമായ കാലം തൊട്ടുള്ള വികാരിമാരുടെ പേരുവിവരപ്പട്ടിക. അതില്‍ ഏറ്റവും താഴെയായി റവ. ഫാ. ലിയോപ്പോള്‍ദ്.

മേല്‍മാടത്തില്‍ വീട്ടിയുടെ ചാരുകസേരയിലിരുന്ന് നാഷണല്‍ ജിയോഗ്രാഫിക് വായിക്കുകയായിരുന്ന ഫാദര്‍, പകല്‍ തീരാറായെന്നതും ആകാശത്ത് ഇരുണ്ട മേഘങ്ങള്‍ മഴയ്ക്കായി ഒരുക്കം കൂട്ടുകയാണെന്നതും പള്ളിയിലേയ്ക്കുള്ള ചവിട്ടുപടികള്‍ക്കപ്പുറത്ത് പാതവക്കിലായി ഉയര്‍ന്നുനില്‍ക്കുന്ന വലിയ കോണ്‍ക്രീറ്റ് കുരിശിനു ചുറ്റിലുമായി ആരെല്ലാമോ കത്തിച്ചു നാട്ടിയ മെഴുകുതിരികള്‍ ഇനി അധികനേരം ശോഭിക്കില്ലെന്നതും വായനയ്ക്കിടയില്‍ അറിഞ്ഞിരുന്നു.

ഗോവണി കയറിവരുന്ന ശേബയെ ആവും ഭാഗികമായും പിന്നെ മുഴുവനായും കണ്ട ഫാദര്‍, അവള്‍ ഉരുവിട്ട് സ്‌തോത്രത്തിന് ഉപചാരം ചൊല്ലി അവള്‍ക്കിരിക്കാനായി ഒരു ഇരിപ്പിടം ചൂണ്ടിക്കാട്ടി. ശേബ അതിലിരുന്നു. ഫാദര്‍ കയ്യിലെ നാഷണല്‍ ജിയോഗ്രഫിക് മാഗസിന്‍ ചെറുമേശമേല്‍ വെച്ച് ശേബയെ കേള്‍ക്കാനൊരുങ്ങി.

ഫാദര്‍ ലിയോപ്പോള്‍ദിനെ പറഞ്ഞുകേള്‍പ്പിക്കാനായി ശേബ കരുതിവെച്ചത് ഒരു പരാതിയായിരുന്നു. പതിനെട്ടു വര്‍ഷം മുന്‍പ് ഇതേ പള്ളിയില്‍ റവ. ഫാ. റാഫേല്‍ കാമ്പുള്ളിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങിലൂടെ തന്റെ ജീവിതപങ്കാളിയും പിന്നീട് അമേലിയ, കരോളിന, ജെയ്‌സണ്‍ എന്നിങ്ങനെ മൂന്നു മക്കള്‍ക്കു പിതാവുമായ സൈമണെച്ചൊല്ലിയായിരുന്നു പരാതി. സൈമണ്‍ ഇപ്പോള്‍ മറ്റൊരു ബന്ധത്തിലാണ്. അതില്‍ അസാധാരണമായി എന്തെങ്കിലുമുള്ളതായി ഫാദര്‍ ലിയോപ്പോള്‍ദിനു തോന്നിയില്ല. എന്നാല്‍, തന്റെ തോന്നല്‍, അതെങ്ങനെ സ്വീകരിക്കപ്പെടുമെന്ന ആശങ്ക നിമിത്തം പുറമേ പ്രകടമാക്കിയില്ല. ദാമ്പത്യം സ്‌നേഹരഹിതമാവുകയെന്നത് ജലത്തിനടിയിലെ ഉരുളാത്ത കല്ലില്‍ പായല്‍ പടരുന്നതുപോലെ സ്വാഭാവികമായ ഒരു കാര്യം. ആദ്യമൊക്കെ സൈമണ്‍ സ്‌നേഹവും മൈഥുനേച്ഛയും ആവോളം കാട്ടിയിരിക്കാം. ശേബ അതില്‍ തൃപ്തയായിരുന്നിരിക്കാം. താന്‍ ആഗ്രഹിക്കപ്പെടുകയെന്നത് ഏതൊരു സ്ത്രീയെ സംബന്ധിച്ചും ഏറ്റവും അഭിമാനകരമാണെന്നതില്‍ തര്‍ക്കത്തിനിടയില്ല. സ്‌നേഹം എന്നത്, തീര്‍ച്ചയായും ഒരു വലിയ വാക്കാണ്.

ചിത്രീകരണം: ചന്‍സ്
ചിത്രീകരണം: ചന്‍സ്

'ആട്ടെ, സൈമണ് ബന്ധം ഏതു പെണ്ണുമായാണ്?' ഫാദര്‍ ലിയോപ്പോള്‍ദ് ചോദിച്ചു.

'പെണ്ണുമായല്ല.'  ശേബ പറഞ്ഞു.

'ങ്‌ഹേ.' ഫാദര്‍ സന്ദിഗ്ദ്ധതയിലായി.

'ഒരാണുമായാണ്.' ശേബ വ്യക്തമാക്കി.

ഫാദറിന് ഉള്ളിലെ സന്ദിഗ്ദ്ധത കഠിനമായിത്തീര്‍ന്നു. ശേബയുടെ കൂടാരത്തില്‍നിന്നിറങ്ങി സൈമണ്‍ എത്തിച്ചേര്‍ന്ന ഇടം ഏത്? ലേവ്യ പുസ്തകത്തില്‍ ഒരു കല്പനയുണ്ട്. സ്ത്രീയോട് എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുത്; അതു മ്ലേച്ഛത.

ശേബാ, സൈമണ്‍ തന്നെത്തന്നെ അശുദ്ധനാക്കി. ദൈവത്തിനു വിരോധമായി നടന്നാല്‍ ദൈവം മനുഷ്യനു വിരോധമായി നടക്കും. ദൈവത്തിന് ഒരു നിയമാവലിയുണ്ട്. പാപങ്ങള്‍ ചെയ്യുന്നവരെ ദൈവം ദണ്ഡിപ്പിക്കും. കണ്ണിനെ മങ്ങിക്കും. കേള്‍ക്കാന്‍ വഹിയാതാക്കും. ജീവനെ ക്ഷയിപ്പിക്കും. ഓടിക്കുന്നവര്‍ ഇല്ലാതെ ഓടിക്കും. ആകാശത്തെ ഇരുമ്പുപോലെയും ഭൂമിയെ ചെമ്പുപോലെയും ആക്കും. ദേശം വിളവുതരാതേയും ദേശത്തിലെ വൃക്ഷം ഫലം കായ്ക്കാതേയും ഇരിക്കും. ബാധകള്‍ വന്നുചേരും. വഴികള്‍ പാഴായി കിടക്കും. മഹാമാരി അയയ്ക്കപ്പെടും. ദേശം ശൂന്യമാകും.

'ഇനി അറിയാനുള്ളത് അതാരാണെന്നാണ് ശേബ പറയൂ.'

'സഫ്‌വാന്‍.'

ഫാദര്‍ ലിയോപ്പോള്‍ദ് ഞെട്ടി. സഫ്‌വാനെന്നത് ക്രിസ്ത്യാനിപ്പേരുകളില്‍ ഒന്നല്ലെന്ന് ഉറപ്പാണ്.

'മുസ്‌ലിമാണോ?'

'അതെ.'

ആകാശമേഘങ്ങള്‍ കുറേക്കൂടി ഇരുണ്ടു. അടുത്ത ഏതു നിമിഷവും മഴ പെയ്‌തേക്കാം.

'സഫ്‌വാന്‍ എന്തു ചെയ്യുന്നു?'

'കാര്‍ മെക്കാനിക്കാണ്.'

'സൈമണ്‍ സഫ്‌വാനേയും കൂട്ടി വീട്ടില്‍ വന്നിട്ടുണ്ടോ?'

'ഉവ്വ്. പല പ്രാവശ്യം.'

'അവര്‍ തമ്മില്‍ ഏതു നിലയ്ക്കുള്ള അടുപ്പമാണ്?'

'എനിക്കെന്തോ പന്തികേട് തോന്നി.'

'വെറും സൗഹൃദമായിക്കൂടേ, വെവ്വേറെ മതങ്ങളില്‍പ്പെട്ടവരെങ്കിലും.'

'മതമല്ല ഇവിടെ പ്രശ്‌നം.'

'ശേബ പറഞ്ഞതു ശരിയാണ്. ഞാന്‍ അതംഗീകരിക്കുന്നു. സഫ്‌വാനെന്നതിനു പകരം സ്‌കറിയയെന്നോ സാമുവലെന്നോ സ്റ്റനിസിലാവൂസെന്നോ ആണെങ്കിലും ഒരു വ്യത്യാസവുമില്ല.'

'ഫാദര്‍ ഇതിനൊരു പരിഹാരം കാണണം. ഞാന്‍ ആകാശത്തേയ്ക്കു കൈ നീട്ടുകയാണ്.'

ശേബ എഴുന്നേറ്റു. ശേബ മരഗോവണിയിറങ്ങി മഴയിലേയ്ക്ക് നടന്നു. ശേബ മഴയിലൂടെ നടക്കുന്നത് മേല്‍മാടത്തില്‍നിന്ന് ഫാദര്‍ ലിയോപ്പോള്‍ദ് കണ്ടു. പാതയോരത്തെ കോണ്‍ക്രീറ്റ് കുരിശില്‍നിന്നും രക്തത്തിനു പകരം മഴവെള്ളം ഒഴുകിയിറങ്ങി.

മഴ പെയ്യുമ്പോള്‍, ചെറിയ ഒപ്പീസ് പാട്ടിലുള്ളതുപോലെ വയലുകളില്‍ വിത്തുകള്‍ പൊട്ടിമുളയ്ക്കുന്നു. ഫാദര്‍ ലിയോപ്പോള്‍ദ് കണ്ണടച്ചു. സന്ധ്യയുടെ കാറ്റുകള്‍ മഴയുടെ നനവും തണുപ്പുമായി മേല്‍മാടത്തിനു നേരെ നിതരാം വീശി. മഴ പിറ്റേന്നും തുടര്‍ന്നു. എന്നും ഉയര്‍ന്നുവന്ന് വെയില്‍ പരത്താറുള്ള സൂര്യനെ കണ്ടതേയില്ല. മഴയില്‍ കുതിര്‍ന്ന മണ്ണിനുമീതെ വാനം ഇരുണ്ടു നിന്നു.

വാഹനങ്ങളുടെ കേടായ ഭാഗങ്ങള്‍ക്കു പകരം ഉപയോഗിക്കാവുന്നതെല്ലാം വില്‍പ്പനയ്ക്കുള്ള സൈമണിന്റെ കട പ്രധാന നിരത്തിന്റെ ഓരം ചേര്‍ന്നാണ്. ഫാദര്‍ ലിയോപ്പോള്‍ദ് തന്റെ സ്വിഫ്റ്റ് സൈമണ്‍ വര്‍ഷങ്ങളായി ഓടിക്കുന്ന വെള്ളനിറത്തിലുള്ള ടൊയോട്ട ഇന്നോവയ്ക്കരികിലായി നിര്‍ത്തി. കുടയുമെടുത്ത് ഇറങ്ങാന്‍ തെല്ല് ക്ലേശിച്ചു. കാല്‍ നീട്ടേണ്ടിയിരുന്നത് ചെളിവെള്ളത്തിലേയ്ക്കാണ്. മഴ ചാഞ്ഞ് പെയ്യുന്നു.

ഓ, റവ. ഫാ. ലിയോപ്പോള്‍ദ്. സൈമണ്‍ ഒരു അല്‍മായന്റെ ഭവ്യതയോടെ ഫാദറിനെ വരവേറ്റു. ഏതോ സ്‌പെയര്‍ പാര്‍ട്ട് വാങ്ങാന്‍ വന്നതാവാമെന്ന് മനസ്സില്‍ പറഞ്ഞു.

'ഫാദറിന് ഒരു ബ്രൂ കോഫി പറയട്ടെ?' സൈമണ്‍ ചോദിച്ചു.

'ഇവിടെ ബ്രൂ കോഫിയുണ്ടോ?'

'പയ്യനെ വിട്ട് വാങ്ങിപ്പിക്കാം. തൊട്ടപ്പുറത്തുണ്ട്.'

'എന്നാല്‍, നമുക്ക് അവിടെ പോയി കഴിച്ചാലോ?'

'അതിനെന്താ? പക്ഷേ, മഴയാണല്ലോ.'

'മഴ മഴയുടെ ജോലി ചെയ്യുന്നു. അതു സാരമില്ല. സൈമണ് ഇറങ്ങാന്‍ പ്രശ്‌നമുണ്ടോ?'

'ഏയ് ജിമ്മി നോക്കിക്കോളും.'

ഫെയിലെ സൗകര്യപ്രദമായ ഒരു കോണില്‍ ഫാദര്‍ ലിയോപ്പോള്‍ദും സൈമണും ഇരുന്നു. ചില്ലുഭിത്തിക്കപ്പുറത്ത് മഴ ചിണുങ്ങി.

'യഥാര്‍ത്ഥത്തില്‍ ഞാന്‍ വന്നത് സൈമണോട് ഗൗരവമുള്ള ഒരു കാര്യം സംസാരിക്കാനാണ്.' ഫാദര്‍ ലിയോപ്പോള്‍ദ് വ്യക്തമാക്കി.

സൈമണ്‍ ഫാദറിന്റെ മുഖത്തേയ്ക്ക് കണ്ണുയര്‍ത്തി.

അപ്പോഴേയ്ക്കും ബ്രൂ കോഫി വന്നുചേര്‍ന്നു. അതില്‍നിന്നുയര്‍ന്ന ആവി തണുത്ത അന്തരീക്ഷത്തില്‍ അലിഞ്ഞ് ഇല്ലാതായി.

'സൈമണും ശേബയും തമ്മിലുള്ള ബന്ധത്തില്‍ എന്തെങ്കിലും വിള്ളലുണ്ടോ?' ഫാദര്‍ ലിയോപ്പോള്‍ദ് തന്റെ നേര്‍ക്കുയര്‍ന്ന കണ്ണുകളില്‍ ദൃഷ്ടിയൂന്നി.

'അവള്‍ വന്ന് ഫാദറിന്റെയടുക്കല്‍ പരാതി പറഞ്ഞോ?' സൈമണ്‍ ചോദിച്ചു.

'എന്റെ ചോദ്യത്തിന്, സൈമണ്‍, മറ്റൊരു ചോദ്യം മറുപടിയല്ല.'

'ഞങ്ങള്‍ക്കിടയില്‍ അകല്‍ച്ചയുണ്ട്. ഞാന്‍ സമ്മതിക്കുന്നു.'

'അതിനു തക്കതായ കാരണമെന്തെങ്കിലും പറയാനുണ്ടോ?'

'എന്റെ താല്പര്യക്കുറവായിരിക്കാം.'

'ശേബ വല്ല തെറ്റും ചെയ്തതായി സൈമണ്‍ കരുതുന്നുണ്ടോ?'

'ഇല്ല.'

'എങ്കില്‍ തെറ്റ് സൈമണിന്റെ ഭാഗത്തല്ലേ?'

'ഞാന്‍ എന്തു തെറ്റ് ചെയ്‌തെന്നാ?'

'സൈമണ് സഫ്‌വാനുമായി എന്തു ബന്ധമാണ്?'

'ഫാദറിന് സഫ്‌വാനെ എങ്ങനെ അറിയാം? ശേബ പറഞ്ഞോ?'

'ആര് പറഞ്ഞതുമാകട്ടെ. എനിക്കറിയേണ്ടത് സൈമണും സഫ്‌വാനും തമ്മിലുള്ള ബന്ധം എന്ത് അടിസ്ഥാനത്തിലാണെന്നാണ്.'

'ഒരു കാര്‍ മെക്കാനിക്കും സ്‌പെയര്‍ പാര്‍ട്ട് കടയുടമയും ബന്ധപ്പെട്ടുകൂടെ?'

'തീര്‍ച്ചയായും. എന്നാല്‍, ബന്ധത്തിന് ചില അതിര്‍ത്തികളുണ്ട്. അവ ലംഘിക്കപ്പെടരുത്.'

അത്രയുമായപ്പോള്‍ സൈമണ്‍ ഫാദര്‍ ലിയോപ്പോള്‍ദിനെ കോഫി തണുത്തുപോകുമെന്ന് ഓര്‍മ്മിപ്പിച്ചു. വെളിയില്‍ മഴ കനത്തിരുന്നു.

മഴയിലൂടെ ധൃതിപ്പെട്ടെത്തിയ ഒരു ബൈക്ക് (യാത്രികന് മഴക്കുപ്പായമില്ല) കഫെ ലക്ഷ്യമാക്കിയാണോ അതോ മഴയോടുള്ള കെറുവില്‍ യദൃച്ഛയാ കഫെയുടെ പര്‍ശ്വത്തില്‍ അഭയം തേടിയതാണോ എന്ന് ചില്ലുഭിത്തിയിലൂടെ അതിന്റെ ആഗമനം നിരീക്ഷിക്കാനിടയായ ഫാദര്‍ ലിയോപ്പോള്‍ദ്  നിരീക്കെ (സൈമണ്‍ പുറംതിരിഞ്ഞാണ് ഇരുന്നതെന്നതിനാല്‍ ബൈക്ക് കണ്ടില്ല) ബൈക്കില്‍ നിന്നിറങ്ങിയ യാത്രക്കാരന്‍ (ഒരു യുവാവ്) തന്റെ മുറ്റുള്ള മുടിയിലെ മഴവെള്ളം ഇരുകൈത്തലങ്ങള്‍കൊണ്ടും തട്ടിക്കളഞ്ഞ് നേരെ കഫെയുടെ വാതില്‍ കടന്നു. ഒരു ശീലത്തിന്റെ ഭാഗമെന്നോണം കൗണ്ടറിനരികെ നിന്ന് കഫെയ്ക്കുള്ളിലെ അവസ്ഥ ആകെയൊന്നു നോക്കിക്കണ്ട് (കഫെ നിറഞ്ഞ നേരമല്ല) എന്തോ സവിശേഷശ്രദ്ധ പിടിച്ചുപറ്റിയതുപോലെ ഫാദര്‍ ലിയോപ്പോള്‍ദ് ഇരുന്ന ഭാഗത്തേയ്ക്കു നടന്നു. പക്ഷേ, യഥാര്‍ത്ഥത്തില്‍ അവന്‍ ഫാദര്‍ ലിയോപ്പോള്‍ദിനെ കണ്ടിരുന്നില്ല. ഫാദര്‍ ലിയോപ്പോള്‍ദിനാകട്ടെ, അതാരെന്ന് അറിയാമായിരുന്നില്ല; മഴ നനഞ്ഞ് കയറിവന്ന ഒരു യുവാവ് എന്നല്ലാതെ. അവന്റെ മുഖം സുഭഗവും പാകത്തിന്  അളവും തൂക്കവുമുള്ള ശരീരം വെളുത്തിട്ടുമായിരുന്നു. ഒരു ഇന്ദ്രജാലക്കാരനെപ്പോലെ അവന്‍ ഒഴിഞ്ഞതും ആളുള്ളതുമായ ഇരിപ്പിടങ്ങളുടെ മദ്ധ്യത്തിലൂടെ നടന്നു. പുറത്ത് കനത്ത മഴയും തണുപ്പുമാണെന്നിരിക്കിലും കഫെയ്ക്കുള്ളിലെ ഫാനുകളൊക്കെയും പ്രവര്‍ത്തിച്ചിരുന്നു. മൊരിഞ്ഞ മസാലദോശയുടേയും നെയ്‌ദോശയുടേയും വെജിറ്റബ്ള്‍ കട്‌ലറ്റിന്റേയും മുട്ട പപ്‌സിന്റേയും ചിക്കന്‍ റോളിന്റേയും ചിക്കന്‍ സമൂസയുടേയും ഉന്നക്കായയുടേയും ബോണ്ടയുടേയും മണങ്ങള്‍ (ഓരോന്നും വെവ്വേറെ തിരിച്ചറിയാനാകാത്ത വിധത്തില്‍) കഫെയുടെ അന്തരീക്ഷത്തില്‍ കലര്‍ന്നിരുന്നു. അത് അതീവ ഹൃദ്യമായിരുന്നു. യുവാവ് ആ തിരിച്ചറിവോടെ മുന്നോട്ടു നീങ്ങി. ഫാദര്‍ ലിയോപ്പോള്‍ദ് എന്തുകൊണ്ടോ അവനില്‍നിന്നും കണ്ണെടുത്തില്ല. അങ്ങനെയൊരാള്‍ തന്നെ (അകാരണമായി) നോക്കുന്നുവെന്നതു ഗൗനിക്കാതെ അവന്‍ പിറകിലൂടെ സൈമണെ സ്പര്‍ശിച്ചു. തെരുക്കനെ സൈമണ്‍ തിരിഞ്ഞു നോക്കി.

'മഴയത്ത് പെട്ടുപോയി. ആകെ നനഞ്ഞു.' അവന്‍ പറഞ്ഞു.

'ഇനിയെങ്കിലും ഒരു റെയ്ന്‍ കോട്ട് വാങ്ങിച്ചുകൂടേ? വേണ്ട, ഞാന്‍ വാങ്ങിത്തരാം.' സൈമണ്‍ പറഞ്ഞു.

'കഴിഞ്ഞ മഴക്കാലത്ത് വാങ്ങിയത് എവിടെയോ മറന്നുവെച്ചതാ.'

'മഴക്കാലം എല്ലാ വര്‍ഷവുമുണ്ട്.'

'ഞാന്‍ ശല്യമാവില്ലെങ്കില്‍ ഇവിടെ ഇരിക്കട്ടെ?'

'ഇത് ഫാദര്‍ ലിയോപ്പോള്‍ദ്.'

'നമസ്‌കാരം.'

'സഫ്‌വാനല്ലേ?'

'അതെ. ഫാദറിന് എന്നെ എങ്ങനെ അറിയാം.'

'ഞാന്‍ ഊഹിച്ചു.'

ചിത്രീകരണം: ചന്‍സ്
ചിത്രീകരണം: ചന്‍സ്

സഫ്‌വാന്‍ സൈമണിന്റെ മുഖത്തേയ്ക്കു നോക്കി. അവരുടെ കണ്ണുകള്‍ ഇടഞ്ഞു.

ഫാദര്‍ ലിയോപ്പോള്‍ദ് കോപ്പയില്‍ അവശേഷിച്ചിരുന്ന കോഫി (വളരെ കുറച്ചുമാത്രം) ഒറ്റ വലിക്കു കഴിച്ചുതീര്‍ത്ത് (അതിന്റെ ചൂടാറിയിരുന്നു) പോകാനായി എഴുന്നേറ്റു. സൈമണ്‍ എന്തോ പറയാനോങ്ങിയെങ്കിലും ശബ്ദമുയര്‍ന്നില്ല. വാക്കുകള്‍ നിശ്ശബ്ദതയില്‍ പിറന്നു. സൈമണിനേയോ സഫ്‌വാനേയോ ഗൗനിക്കാതെ ഫാദര്‍ ലിയോപ്പോള്‍ദ് പുറത്തേയ്ക്കു നടന്നു. അവര്‍ ഒരു വൃത്തത്തിന്റെ രണ്ടു പകുതികളെന്നോണം അവിടെ ബാക്കിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com