'കുമാരങ്കിണറ്'- ശ്യാം കൃഷ്ണന്‍ ആര്‍. എഴുതിയ കഥ

കല്യാണത്തലേന്ന് ചോദിച്ചതുകൊണ്ട് മാത്രമാണ് ആവണിക്ക് കുമാരങ്കിണറ് കാണാന്‍ അനുവാദം കിട്ടിയത്
'കുമാരങ്കിണറ്'- ശ്യാം കൃഷ്ണന്‍ ആര്‍. എഴുതിയ കഥ

നവരത്‌നമോതിരം 

കല്യാണത്തലേന്ന് ചോദിച്ചതുകൊണ്ട് മാത്രമാണ് ആവണിക്ക് കുമാരങ്കിണറ് കാണാന്‍ അനുവാദം കിട്ടിയത്.

എന്താ മോളെ വേണ്ടേ എന്നു മാതൃസഹജമായ വാത്സല്യത്തോടെ ചോദിക്കുമ്പോള്‍ ആവണി ഇങ്ങനെയൊരു ആഗ്രഹം പറയുമെന്ന് സതി ടീച്ചര്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല. അല്ലെങ്കിലേ പെണ്ണിനെ വേറൊരു വീട്ടിലേക്ക് പറഞ്ഞയക്കുന്നതിന്റെ ആവലാതികളിലായിരുന്നു കുറച്ചു നാളുകളായി ടീച്ചര്‍. ഇക്കാലമത്രയും പേരുദോഷം കേള്‍പ്പിക്കാതെ വളര്‍ന്നതിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റും ചേര്‍ത്തുവെച്ചപ്പോള്‍ അര്‍ദ്ധമനസ്സോടെ സമ്മതം മൂളുകയായിരുന്നു.

പോകാനും വരാനും കൂടെ ഇരുപത് മിനുട്ട്. ടീച്ചര്‍ ആവണിയോട് കണ്ടീഷന്‍ വെച്ചു. 

ഒപ്പം തന്നെ സംഗതി പരമരഹസ്യമാക്കി വെക്കാനുള്ള മുന്‍കരുതലുകളും ടീച്ചര്‍ എടുത്തു. ഭര്‍ത്താവായ സഹദേവന്‍ മാഷ് അറിഞ്ഞാലുള്ള പൊല്ലാപ്പോര്‍ത്തായിരുന്നു ടീച്ചറുടെ പേടി മുഴുവനും. പുലര്‍ന്നിട്ടധികം നേരമായിട്ടില്ലാത്തതിനാല്‍ ഒരുപാട് ബന്ധുക്കളൊന്നും എത്തിയിട്ടില്ല. ആരെങ്കിലും ചോദിച്ചാല്‍ പെണ്ണ് കുളിക്കുകയാണെന്നോ മറ്റോ പറയാമെന്നു തീരുമാനിച്ച് അനിയത്തിയുടെ മോന്റെ കൂടെ ഇരുചെവി അറിയാതെ ടീച്ചര്‍ ആവണിയെ പറഞ്ഞയച്ചു.

കുട്ടിക്കാലം തൊട്ട് ധാരാളം പറഞ്ഞുകേട്ട മാന്ത്രികക്കിണറ്, ആദ്യമായി കാണാനുള്ള കെറുപ്പക്കൊതിയോടെ ആവണി അനിയന്റെ ബൈക്കില്‍ കേറി. പതിനഞ്ചു മിനിറ്റേ കഴിഞ്ഞിട്ടുണ്ടാകൂ. പുറംവാതില് വഴി ഓടിപ്പിടിച്ചു വന്ന ആവണി, ടീച്ചറെ കെട്ടിപ്പിടിച്ചതും കരച്ചില് തുടങ്ങിയതും ഒന്നിച്ചായിരുന്നു.

'പടേമ്മില് കൈ വെച്ചപ്പോ അതുലേട്ടന്‍ ഇട്ട മോതിരം കിണറ്റില് വീണുപോയമ്മേ.'

ഏങ്ങലടിക്കുന്നതിനിടെ ആവണി ഒരുവിധം പറഞ്ഞൊപ്പിച്ചു. സ്വന്തം ബോധവും അക്കൂടെ വീണുപോയത് കണക്ക് തല്‍ക്ഷണം ടീച്ചര്‍ നിലംപതിച്ചു. പിന്നെ കണ്ണ് തുറക്കുമ്പോള്‍ ടീച്ചര്‍ കാണുന്നത് സഹദേവന്‍ മാഷ് മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്ന് അട്ടഹസിക്കുന്നതാണ്. എല്ലാം കേട്ട് ആവണി കിടക്കയില്‍ തലകുമ്പിട്ട് കിടക്കുന്നുണ്ട്.

സംഗതി ഗുരുതരം തന്നെയായിരുന്നു. നാടായ നാടെല്ലാം തപ്പിയിട്ടാണ് പറ്റിയൊരു ബന്ധം മോള്‍ക്കുവേണ്ടി മാഷ് കണ്ടുപിടിച്ചത്. കുടുംബമഹിമ, പാരമ്പര്യം, തറവാടിത്തം. ജാതകത്തില്‍ ഉത്തമമായ പൊരുത്തം. അമേരിക്കയില്‍ എന്‍ജിനീയറായ അതുലിന്റെ കൈകളില്‍ മോളെയേല്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജന്മസാഫല്യം നേടിയതുപോലൊരു സുഖം മാഷിന് അനുഭവപ്പെട്ടിരുന്നു.

നിശ്ചയത്തിന്റെ അന്നാണ് അതുല്‍ നവരത്‌നക്കല്ല് പതിപ്പിച്ച ആ മോതിരം ആവണിയുടെ വിരലിലിട്ടത്. അന്നേ അവളുടെ വിരലിന് അത് ഒട്ടും പാകമായിരുന്നില്ല. പക്ഷേ, തലമുറകളായി തറവാട്ടില്‍ കൈമാറിപ്പോരുന്ന മോതിരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ചെക്കന്റെ വീട്ടുകാര്‍ നല്ല വണ്ണം മാഷേയും കുടുംബത്തേയും ബോധവല്‍ക്കരിച്ചിരുന്നു. ഏതോ കാലത്തൊരു രാജാവ് അതുലിന്റെ മുതുമുത്തശ്ശിമാരിലാര്‍ക്കോ സമ്മാനിച്ചതാണത്രേ ആ ദിവ്യമോതിരം!

അതിനുശേഷം പ്രാണനെപ്പോലെ കൊണ്ടുനടന്നിട്ടും കൃത്യമായി കല്യാണത്തിന്റെ തലേന്നാള്‍ ആവണിയത് കിണറ്റില്‍ കൊണ്ടുപോയി കളയുകയും ചെയ്തു.

ഇനിയെന്ത് ചെയ്യാനാണ്?

എങ്ങാനും ചെറുക്കന്റെ വീട്ടുകാര്‍ അറിഞ്ഞാലുണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഒട്ടും നിസ്സാരമാകില്ലെന്ന് മാഷിന് അറിയാം.

പുതിയതൊന്ന് അതുപോലെ പണിഞ്ഞാലോ?

ഒരൊറ്റ ദിവസം കൊണ്ട് സാധിച്ചാല്‍പ്പോലും അത് വഞ്ചനയാണെന്ന് അതുലിന്റെ വീട്ടുകാര്‍ക്ക് തോന്നില്ലേ?

ഫയര്‍ഫോഴ്‌സിനെ വിളിക്കണോ?

മോതിരം വീണ കേസിന് ഫയര്‍ഫോഴ്‌സ് വരാനോ?

മനസ്സില്‍ തെളിഞ്ഞ ഓരോ വഴിയും അതിന്റെ തടസ്സത്തിലേക്കാണ് മാഷെ നയിച്ചത്.

ഗത്യന്തരമില്ലാതെ മാഷ് പ്രശ്‌നം ആത്മസുഹൃത്തും വായനശാലാ സെക്രട്ടറിയുമായ മനോഹരന്‍ മാഷിന്റെ മുന്നിലെത്തിച്ചു.

'കുമാരങ്കിണറ്റിലെല്ലാം കൊണ്ടുപോയി ഇട്ടാ എന്നാ ചെയ്യാ മാഷെ?'

മനോഹരന്‍ മാഷും ഇരുന്നു തലപുകച്ചു.

'വിനീഷിനെ വിളിക്കാം.'

അവസാനം, സഹദേവന്‍ മാഷ് പേടിച്ച ഉത്തരം തന്നെയായിരുന്നു മനോഹരന്‍ മാഷിന്റെ നാക്കില്‍ വന്നത്. മാഷ് സംശയത്തോടെ മനോഹരന്‍ മാഷെ നോക്കി.

'ഓനെല്ലാണ്ട് ഇന്നാട്ടില്‍ വേറെയാരും കുമാരങ്കിണറില്‍ എറങ്ങുംന്ന് തോന്നുന്നില്ല.'

അത് കൂടെ കേട്ടതോടെ സഹദേവന്‍ മാഷുടെ മുഖം കൂടുതല്‍ ഇരുണ്ടു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

കുമാരങ്കിണറ് 

മനോഹരന്‍ മാഷിന്റെ വിളി വരുമ്പോള്‍ വിനീഷ് സ്‌കൂള്‍ മൈതാനത്തു ഫുട്‌ബോള് കളിക്കുകയായിരുന്നു. വിനീഷാണ് ടീമിന്റെ സ്ഥിരം ഗോളി. ഉഗ്രനൊരു സേവിലൂടെ ഉറപ്പായൊരു ഗോള് തടുത്തിട്ടപ്പോഴാണ് ബെല്ലടിച്ചത്. 
സ്‌ക്രീനില്‍ മനോഹരന്‍ മാസ്റ്റര്‍ എന്നു തെളിഞ്ഞത് കണ്ട് വിനീഷ് വേഗം ഫോണെടുത്തു.

'അല്ലപ്പാ നാട്ടില് ഒരു കല്യാണം നടക്കുമ്പോ നീ എന്നാ ചെയ്യുന്ന്?'

മനോഹരന്‍ മാഷ് ചിരിയോടെ ചോദിച്ചു.

'അയിന് നമ്മക്ക് ആട റോളൊന്നുല്ലല്ലോ മാഷെ. സഹദേവന്‍ മാഷ് പരിപാടി ഇവന്റ്കാര്‍ക്ക് കൊടുത്തെയെല്ലേ?'

വിനീഷ് തിരിച്ചു ചോദിച്ചു.

'അതെല്ലാം ആയിക്കോട്ട്. എന്നാലും ഇങ്ങനത്തെ പരിപാടിക്കെല്ലാം നിങ്ങള് ബാല്യക്കാര് വേണ്ടേ കീയ്യാന്‍?'

മറുതലയ്ക്കല്‍ മൗനം കണ്ട് മാഷ് തുടര്‍ന്നു:

'നിനിക്ക് ഇപ്പിങ്ങോട്ട് ഒന്ന് വരാന്‍ കയ്യാ?'

മാഷോട് മറുത്തു പറഞ്ഞു ശീലമില്ലാത്തോണ്ട് വിനീഷ് കാര്യം പോലും അന്വേഷിക്കാതെ കളി മതിയാക്കി.

'എടാ ഞാന്‍ കാലും മീടും കഴ്കി സഹദേവന്‍ മാഷെ വീട്ടിലേക്ക് പോവോന്നെ.'

കൂടെയുള്ളവരോട് വിനീഷ് ഉറക്കെ വിളിച്ചുപറഞ്ഞു.

സഹദേവന്‍ മാഷുടെ വീട്ടില്‍ വിരുന്നുകാരെല്ലാം അപ്പോഴേക്കും വിവരം അറിഞ്ഞു തുടങ്ങിയിരുന്നു.

'കുമാരങ്കിണറാ? അതെന്ത്ന്നാ?'

ദൂരദേശത്തുനിന്ന് വന്ന ബന്ധുക്കള്‍ കൗതുകത്തോടെ ചോദിച്ചു. 

എല്ലാവര്‍ക്കും കേള്‍ക്കാന്‍ പാകത്തില്‍ മനോഹരന്‍ മാഷാണ് മുറ്റത്തു കസേരയിട്ടിരുന്ന് കിണറിന്റെ ചരിത്രം കുഴിച്ചു തുടങ്ങിയത്.

സ്വാതന്ത്ര്യത്തിനും ഏഴെട്ടു കൊല്ലം മുന്‍പാണ്. നാട്ടില്‍ പാര്‍ട്ടിയുടെ ആരംഭകാലം. പിണറായില്‍ പാറപ്പുറത്തു കൊടി നാട്ടിയതിന്റെ അനുരണനങ്ങള്‍ ഇവിടുള്ള പ്രവര്‍ത്തകര്‍ക്കും ആവേശം പകരുന്നുണ്ടായിരുന്നു. കുമാരന്‍ സഖാവും കൃഷ്ണന്‍ സഖാവും. അവരായിരുന്നു അന്നത്തെ നേതാക്കന്മാര്‍. കൃഷ്ണന്‍ സഖാവ് സാമാന്യം വലിയൊരു തറവാട്ടില്‍നിന്നു വരുന്നതാണ്. കുമാരന്‍ സഖാവ് ജനിച്ചത് ഒരു ദരിദ്ര കുടുംബത്തിലും. എന്നാലും രണ്ടാളും ആത്മസുഹൃത്തുക്കള്‍. നിരോധനമുള്ളതുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം അതീവ രഹസ്യം. പ്രസംഗിച്ചും നാടകം കളിച്ചുമെല്ലാം അവര്‍ പാര്‍ട്ടിയിലേക്ക് പയ്യെപ്പയ്യെ ആളെ കൂട്ടുകയായിരുന്നു.

കുഞ്ഞിരാമന്‍ നായരാണ് അന്ന് നാട്ടിലെ പ്രധാന ജന്മി. ജന്മിമാരുടെ പൊതുസ്വഭാവമായ ക്രൂരത, ചൂഷണം, സ്ത്രീവിഷയങ്ങളിലെ ദൗര്‍ബ്ബല്യം എന്നിവയെല്ലാം ആവശ്യത്തിന് ആളുടെ കയ്യിലുണ്ടായിരുന്നു. പോരാത്തതിനു നാട്ടിലെ അധികാരിയും. ഒരു തേങ്ങ മോഷണക്കേസില്‍ അടിയാനെ കെട്ടിയിട്ട് ചാട്ടയ്ക്കടിച്ച സംഭവത്തിനു ശേഷമാണ് സഖാക്കന്മാര് അയാളോട് പകരം ചോദിക്കാന്‍ തീരുമാനിക്കുന്നത്. കുന്നുമ്പുറത്തുള്ള അയാളുടെ കുടുംബക്ഷേത്രത്തില്‍ ദിവസവുമുള്ള പ്രാര്‍ത്ഥനയ്ക്ക് വരുമ്പോള്‍ ആക്രമിക്കാനായിരുന്നു പ്ലാന്‍. അഞ്ചു പേരടങ്ങുന്നൊരു ഗൂഢസംഘം അതിനായി തിരഞ്ഞെടുക്കപ്പെട്ടു. സംഗതി നടത്താന്‍ തീരുമാനിച്ചതിന്റെ തലേ ദിവസം രാത്രി മീറ്റിങ്ങ് കഴിഞ്ഞ് കൃഷ്ണന്‍ സഖാവും കുമാരന്‍ സഖാവും ചൂട്ടും കത്തിച്ചു വരികയായിരുന്നു. സ്ഥിരം വഴിവിട്ട് കാടുമൂടിയ ഒരു പ്രദേശത്തു കൂടിയാണ് യാത്ര. പെട്ടെന്ന് കുമാരന്‍ സഖാവിന്റെ കാലിലൊരു മുള്ള് കോറി. വെളിച്ചമടിച്ചു നോക്കിയപ്പോഴോ? തെളിഞ്ഞത് രണ്ട് പല്ലിന്റെ പാടുകള്‍. മുള്ളല്ല, പാമ്പാണ് കൊത്തിയതെന്ന് സഖാവിനു മനസ്സിലായി. ചോര നല്ലോണം കിനിയുന്നുണ്ട്. അപ്പൊ ആഴത്തില്‍ പല്ലുകള്‍ താണിട്ടുണ്ട്. അഞ്ചടി തികച്ചു നടക്കുന്നതിന് മുന്നേ സഖാവ് കുഴഞ്ഞുവീണു. വീണതോ? തൊട്ടടുത്തുള്ളൊരു കിണറിലേക്കും. 

കൃഷ്ണന്‍ സഖാവ് വെറുതെയിരിക്കുമോ?

ഉടനടി കൂട്ടുകാരന്റെ പിറകെ മുന്നും പിന്നും നോക്കാതെ എടുത്തു ചാടി.

'എന്നിട്ട് രണ്ടാളും മരിച്ചാ?'

ആരോ ഇടയ്ക്ക് കയറി ചോദിച്ചു.

അത്ര രസിച്ചില്ലെങ്കിലും മാഷ് ആ ചോദ്യം തല്‍ക്കാലം കേട്ടില്ലെന്ന് നടിച്ചു.

ഈ സംഭവത്തിന് ഒരൊറ്റ സാക്ഷിയെ ഉണ്ടായിരുന്നുള്ളൂ. ചെത്തുകാരന്‍ കുഞ്ഞപ്പ സഖാവ്. സഖാവും അവരുടെ കൂടെത്തന്നെ നടക്കുന്നുണ്ടായിരുന്നു. കിണറിലേക്ക് നോക്കി കൂവി വിളിച്ചിട്ടും പ്രതിധ്വനിപോലും പുറത്തു വരാഞ്ഞപ്പോള്‍ കുഞ്ഞപ്പ സഖാവ് പേടിച്ചു. ഓടിപ്പോയി ആളെക്കൂട്ടി വന്നപ്പോഴേക്കും സഖാക്കളെ രണ്ടാളേയും വിഴുങ്ങിയതിന്റെ ആലസ്യത്തിലെന്നപോലെ കിണറ് അനക്കമില്ലാതെ കിടപ്പായിരുന്നു. ആഴം നോക്കാനിട്ട കല്ല് പോലും നിശ്ശബ്ദം അകത്തേക്ക് ആണ്ടുപോയി. കിണറിനകത്തു വേറൊരു കിണര്‍. ഒരുപക്ഷേ, അതിനുമകത്തു വേറൊരു കിണര്‍. അതായിരുന്നു കണ്ടുനിന്നവരുടെ ഊഹം. ഒരാള് പോലും അതിനകത്തിറങ്ങുന്നതിനെപ്പറ്റി ചിന്തിക്കാന്‍പോലും ധൈര്യപ്പെട്ടില്ല. അഥവാ ആരെങ്കിലും അതിന് തുനിഞ്ഞാലും കാര്യമൊന്നുമുണ്ടായിരുന്നില്ലതാനും. പിറ്റേന്ന് അവരുടെ ശവമെങ്കിലും കാണാന്‍ കുറച്ചു പേര് വന്നു. അവര്‍ക്കു മുന്നിലും അന്തമില്ലാത്ത അന്ധകാരം മാത്രമാണ് കഷ്ടിച്ച് നാലടി വ്യാസമുള്ള കിണറ് വെച്ചുനീട്ടിയത്. ഇരുട്ടില്‍ മുങ്ങിപ്പോകുന്ന തങ്ങളുടെ നോട്ടങ്ങളില്‍ അത്ഭുതപ്പെട്ട് അവര്‍ കരയില്‍നിന്നു മുറുമുറുത്തു.

വെള്ളമുള്ള കിണറാണോ വെള്ളമില്ലാത്തതോ? 

അടിയില്‍ പാറയോ പാതാളമോ?

അതൊന്നുമാര്‍ക്കും അറിഞ്ഞുകൂട.

അങ്ങനൊരു കിണറ് അവിടുള്ളതിനെപ്പറ്റിത്തന്നെ നാട്ടിലാരും അന്നേവരെ പറഞ്ഞു കേട്ടിട്ടുമില്ല.

പിന്നെ അന്നേരം കുഴിഞ്ഞുണ്ടായതാണോ?

നാട്ടുകാര്‍ക്ക് പല ഊഹങ്ങളുമുണ്ടായിരുന്നു. അധികാരിക്കെതിരെയുള്ള ഗൂഢാലോചനയ്ക്ക്, അതും ക്ഷേത്ര പരിസരത്തുവെച്ചുള്ളതിന്, ദേവി കൊടുത്ത ശിക്ഷയെന്നായിരുന്നു അതിലേറ്റവും പ്രചാരമുള്ള വിശദീകരണം. അതിന് തെളിവെന്നോണം സംഭവത്തില്‍ പങ്കാളികളായ മറ്റു മൂന്ന് പേര്, കുഞ്ഞപ്പ സഖാവുള്‍പ്പെടെ, ഒരു മാസത്തിനുള്ളില്‍ വസൂരി വന്ന് മരിച്ചു. ഇന്നാള് വരേയ്ക്കും, ആരാലും പുറത്തെടുക്കപ്പെടാതെ കുമാരന്‍ സഖാവും കൃഷ്ണന്‍ സഖാവും കിണറിന്റെ ഉള്ളില്‍ത്തന്നെ വിശ്രമം കൊള്ളുകയാണെന്ന് മാഷ് പറഞ്ഞപ്പോള്‍ കേള്‍വിക്കാരില്‍ ചിലര്‍ ആശ്ചര്യസൂചകമായ ശബ്ദങ്ങളുണ്ടാക്കി. സഖാക്കള്‍ രക്തസാക്ഷികളായ കിണറാകട്ടെ, പില്‍ക്കാലത്തു കുമാരങ്കിണര്‍ എന്ന് അറിയപ്പെട്ടു തുടങ്ങി. പക്ഷേ, ഈ ഒരൊറ്റ സംഭവം പാര്‍ട്ടിക്ക് ഏല്പിച്ച ക്ഷീണം വളരെ വലുതായിരുന്നു. പാര്‍ട്ടിയോട് അനുഭാവം കാട്ടിയിരുന്ന ആളുകളെല്ലാം ദൈവഭയത്താല്‍ അതിനെ തള്ളിപ്പറഞ്ഞു. കുഞ്ഞിരാമന്‍ നായരുടെ അധികാരം ഒന്നുകൂടെ ഊട്ടിയുറപ്പിക്കപ്പെട്ടു.

'ഇതെല്ലാം ഉള്ള കഥയെന്ന്യാ?'

കേള്‍വിക്കാരിലാരോ ചോദിച്ചു.

'അതെന്നാ ഇല്ലാണ്ട് നിക്കാന്‍?'

ഇത്തവണ മനോഹരന്‍ മാഷ് ചൊടിച്ചു.

'ഏത് കിണറായാലും അയിന് ഒരറ്റുണ്ടാകും. ഇങ്ങനത്തെ ഒരു കിണറിനെപ്പറ്റി നമ്മളിത് വരെ കേട്ടിട്ടില്ല.'

അയാളെ അവഗണിച്ച് മാഷ് ബാക്കി കഥ തുടര്‍ന്നു. കിണറിന്റെ ചരിത്രം യഥാര്‍ത്ഥത്തില്‍ അവിടെ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. രാത്രികാലങ്ങളില്‍ മാടനും മറുതയ്ക്കുമൊപ്പം സഖാക്കന്മാരുടെ പ്രേതങ്ങളും കിണറിനു ചുറ്റും കറങ്ങിനടക്കുന്നുണ്ടെന്നായിരുന്നു നാട്ടില്‍ സംസാരം. അല്ലെങ്കിലേ ഉപേക്ഷിക്കപ്പെട്ടതുപോലൊരു പറമ്പ്. അതില്‍പ്പിന്നെ ആ വഴി നടക്കുന്നതിനെപ്പറ്റി ആരും ചിന്തിച്ചുപോലുമില്ല. കമ്യൂണിസ്റ്റ് പച്ച കാട്പിടിച്ചു കിടന്ന ആ പ്രദേശമാകെ ഇഴജന്തുക്കളുടെ താവളമായി. 

ഇ.എം.എസ്സിന്റെ ഭരണവും ഭൂപരിഷ്‌കരണവുമെല്ലാം കഴിഞ്ഞ ശേഷമാണ് പാര്‍ട്ടിക്ക് വീണ്ടും ജീവന്‍ വെക്കുന്നത്. അദ്ധ്വാനികളും നിസ്വാര്‍ത്ഥരുമായ കുറച്ചു ചെറുപ്പക്കാരുടെ ഉത്സാഹം അതിന് പിന്നിലുണ്ടായിരുന്നു. നാട്ടുമുക്കിലൊരു പാര്‍ട്ടി ഓഫീസ്. പാറിപ്പറക്കുന്ന ചെങ്കൊടി. കൂലിപ്പണിക്കാരും ബോട്ട് െ്രെഡവര്‍മാരും നാടകക്കാരുമെല്ലാം അവിടെ സ്ഥിരക്കാര്‍. മമ്മദ് മാപ്ലയുടെ തുണിമില്ലിലെ സമരം, കാട്ടാറിലെ തോണി സമരം എന്നിങ്ങനെ പേരുള്ളതും ഇല്ലാത്തതുമായ കുറെ പ്രതിഷേധങ്ങളും ഓരോ വിളിയിലും ആവേശം പെരുപ്പിക്കുന്ന മുദ്രാവാക്യങ്ങളും പാര്‍ട്ടിയുടെ വളര്‍ച്ച ഇരട്ടി വേഗത്തിലാക്കി.

ആയിടയ്ക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അതോടെ പാര്‍ട്ടിക്കാര്‍ക്ക് വീണ്ടും കഷ്ടകാലമായി. ശങ്കരന്‍ സഖാവും ജോസഫ് സഖാവുമായിരുന്നു അക്കാലത്തെ മുന്നണിക്കാര്‍. ചരിത്രമെഴുതുമ്പോള്‍ മാഞ്ഞുപോയേക്കാമെങ്കിലും അന്നത്തെ സാധാരണക്കാരുടെ മനസ്സില്‍ അടയാളപ്പെട്ട കുറെ നല്ല കാര്യങ്ങള്‍ അവരുടെ നേതൃത്വത്തില്‍ നാട്ടില്‍ നടന്നിട്ടുണ്ട്. അതേ കാരണം കൊണ്ട് അവര്‍ ചിലരുടെയെങ്കിലും കണ്ണിലെ കരടുമായിരുന്നു. പൊലീസുകാരുടെ കണ്ണ് വെട്ടിച്ചു ഒളിച്ചുനടന്ന സഖാക്കളെ ആരോ ഒറ്റിയെന്നാണ് കേട്ടുകേള്‍വി. ഏതായാലും രണ്ടാളേയും മുടിക്ക് കുത്തിപ്പിടിച്ചു ഇടിയന്‍ ചാക്കോയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കൊണ്ടുപോയത് കണ്ടവരുണ്ട്. അന്നായിരുന്നു നാട്ടിലാരെങ്കിലും അവരെ അവസാനമായി കണ്ടതും. ഇടിയന്‍ ചാക്കോ അവരെ തല്ലിക്കൊന്നെന്നു തന്നെയായിരുന്നു നാട്ടുകാരുടെ നിഗമനം.
കൊന്നിട്ട് ശവം കൊണ്ടിട്ടതോ?

കുമാരങ്കിണറിലും!

അതിനു തെളിവുകളായി നാട്ടുകാര്‍ പറഞ്ഞ കുറച്ചു കാര്യങ്ങളുണ്ട്. കിണറിലേക്കുള്ള പറമ്പിലേക്ക് തിരിയുന്ന വഴിയില്‍ പൊലീസു ജീപ്പില്‍നിന്നുള്ള കറുത്ത പുകച്ചുരുളുകളുയരുന്നത് ശ്രദ്ധിച്ചവരുണ്ട്. ധൈര്യം സംഭരിച്ചു കുറച്ചു സഖാക്കള്‍ കിണറിനടുത്തേക്ക് നടന്നുനോക്കിയപ്പോള്‍, ആരോ ചവിട്ടിയൊടിച്ചത് മാതിരി കമ്യൂണിസ്റ്റ് പച്ചയുടെ ചെടികള്‍, തലപ്പുകള്‍ ദുഃഖത്തോടെ മണ്ണില്‍ത്തൊടുവിച്ചു കൂമ്പിയിരിപ്പായിരുന്നു. കിണറിലേക്കെത്തി നോക്കിയ സഖാക്കള്‍ക്ക് അന്നും കൂരിരുട്ടല്ലാതെ യാതൊന്നും കണ്ടെത്താനായില്ല. കിണറ്റിലിറങ്ങിത്തപ്പാന്‍ മാത്രം ധൈര്യമൊന്നും അപ്പോഴും വേറാര്‍ക്കും വന്നതുമില്ല. പക്ഷേ, കുമാരന്‍ സഖാവിന്റേയും കൃഷ്ണന്‍ സഖാവിന്റേയും കാര്യത്തില്‍ സംഭവിച്ചതില്‍നിന്നു തികച്ചും വിപരീതമായ ഫലമാണ് ഈ മരണങ്ങള്‍ നാട്ടില്‍ ഉളവാക്കിയത്.

'മരണംന്ന് പറയാന്‍ ഇവര് മരിച്ചൂന്ന് ഉള്ളെന് കൃത്യായ തെളിവിണ്ടാ?'

സംശയക്കാരനു വീണ്ടും സംശയമായി.

'ജീവനുണ്ടെങ്കില ഓര് പിന്നേം നാട്ടുകാര്‍ക്കുവേണ്ടി എറങ്ങുവേനും. ഇതെന്നെ തെളിവ്.'

മാഷ് പരമാവധി സംയമനത്തോടെ പറഞ്ഞു.

സഖാക്കള്‍ക്കുവേണ്ടി നെഞ്ചുപൊട്ടി കരയാന്‍ കുറെ സാധുക്കളുണ്ടായിരുന്നു. അണയാത്ത വിപ്ലവവീര്യം കാത്തുസൂക്ഷിച്ച ഒരുപാട് ചെറുപ്പക്കാരുടെ ആവേശം ആളിക്കത്തി. എന്നാലും പഴയ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചു വരാന്‍ അടിയന്തരാവസ്ഥ കഴിയുവോളം അവര്‍ക്ക് കാക്കേണ്ടിവന്നു. അടിയന്തരാവസ്ഥ പിന്‍വലിച്ച ദിവസം തന്നെ പാര്‍ട്ടിക്കാര്‍ കാട് വെട്ടിത്തെളിച്ചു കിണറിനു ചുറ്റും വൃത്തിയാക്കി. എങ്ങനെയെങ്കിലും മാരണം തലയില്‍ നിന്നൊഴിഞ്ഞു കിട്ടാന്‍ കാത്തിരുന്ന ഉടമയുടെ കയ്യില്‍നിന്ന്, പാര്‍ട്ടിയുടെ പേരിലേക്ക് സ്ഥലം മാറ്റി രജിസ്റ്റര്‍ ചെയ്തു. രണ്ട് സഖാക്കളുടെ പേരിലും വായനശാലകളും യുവസമിതികളും നാട്ടില്‍ പൊന്തിവന്നു. 

കിണറിനു ചുറ്റും ആള്‍മറ കെട്ടി, നാല് ദിക്കിലായി അതിലടക്കം ചെയ്യപ്പെട്ട നാല് സഖാക്കളുടെ പേരുകള്‍ എഴുതപ്പെട്ടു. കുമാരങ്കിണറിന്റെ ഉള്ള് മാത്രം, കോരിച്ചൊരിയുന്ന മഴയിലും നിറയാതെ, മറ്റൊരു ലോകത്തെ ഗര്‍ഭം ധരിച്ചത് കണക്ക് ഒരു മഹാത്ഭുതമായി നിലകൊണ്ടു. 

'ഇതെല്ലം കേട്ടിട്ട് എനക്ക് മനസ്സിലായെ എന്നാന്ന് വെച്ചാ, അയിന്റുള്ളില്‍ പോയോരോന്നും പിന്നെ തിരിച്ചു വന്നിട്ടില്ല.'
സഹദേവന്‍ മാഷുടെ ബന്ധു ഒരു തീര്‍പ്പെന്നോണം പറഞ്ഞു.

'ഈ കെണറ്റില് കീഞ്ഞിട്ട് ആരെടുക്കാനാ മോതിരം?'

പക്ഷേ, വിനീഷ് കിണറ്റിലിറങ്ങാതിരിക്കാന്‍ അതിലും വലിയ കാരണങ്ങളുണ്ടെന്ന് മനോഹരന്‍ മാഷിന് അറിയാമായിരുന്നു.

ടിപ്പുവിന്റെ പടയോട്ടം

വിനീഷിന്റെ അച്ഛനും ഒരു രക്തസാക്ഷിയായിരുന്നു. അതിരാവിലെ പത്രക്കെട്ട് എടുക്കാന്‍ ടൗണിലേക്ക് പോകുകയായിരുന്ന ആളെ ഏതാനും ചിലര്‍ മറഞ്ഞിരുന്ന് ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകനാണ് എന്നതിനപ്പുറം യാതൊരു പ്രകോപനവും അതിനില്ല. അയാളുടെ വീട്ടുകാര്‍ക്ക് പിന്നെ വീട് വെച്ച് കൊടുത്തതും വിനീഷിനെ ഡിപ്ലോമ വരെ പഠിപ്പിച്ചതുമെല്ലാം പാര്‍ട്ടിക്കാര് തന്നെ.

ഉപജീവനമാര്‍ഗ്ഗം ഒരു ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ഷോപ്പ് ആണെങ്കിലും വിനീഷിനറിയാത്ത പണിയില്ല. തെങ്ങ് കയറ്റം തൊട്ട് കിണറ് കുത്തല് വരെ അനായാസം ചെയ്തു കൊടുക്കും. വിനീഷ് ഇറങ്ങി ചളി കോരാത്ത കിണറൊന്നും ആ ചുറ്റുവട്ടത്തു ഇല്ലെന്നു തന്നെ പറയാം. എന്തിനും പോന്ന ധൈര്യം. അതുകൊണ്ട് തന്നെയാണ് കുമാരങ്കിണറില്‍ ഇറങ്ങാന്‍ വേറൊരാളില്ലെന്ന് മനോഹരന്‍ മാഷ് തീര്‍ത്തു പറഞ്ഞതും. പക്ഷേ, സഹദേവന്‍ മാഷും വിനീഷും തമ്മില്‍ കുറച്ചുനാളുകളായി ഉള്ള ഉരസലുകള്‍ മാഷിനും അറിയാവുന്നതാണ്.

വിനീഷിനെ സംബന്ധിച്ചിടത്തോളം അതിനു വ്യക്തമായ കാരണങ്ങളുമുണ്ട്. കുമാരങ്കിണറിന്റെ വടക്കായി വേറൊരു പറമ്പുണ്ടായിരുന്നു. കുമാരങ്കിണറ് സ്മാരകമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്കിടെ അവിടുത്തെ കാടും പടലവുമെല്ലാം വെട്ടി വൃത്തിയാക്കുമ്പോഴാണ് നാട്ടുകാര്‍ക്ക്, ഉടഞ്ഞുപോയ ഏതോ വിഗ്രഹത്തിന്റെ ഭാഗങ്ങളെന്നു തോന്നിക്കുന്ന ചില കഷണങ്ങള്‍ കിട്ടിയത്. അന്നത് വലിയ ചര്‍ച്ച ആയതായിരുന്നു. പത്രത്തിലും വന്നതാണ്. ആര്‍ക്കിയോളജിക്കാരൊക്കെ വന്നു പോയെങ്കിലും അവരതില്‍ കടിച്ചുതൂങ്ങിയില്ല. ഒരു കൗതുകത്തിനപ്പുറം നാട്ടുകാരും ശേഷം വലിയ പ്രാധാന്യം കൊടുത്തില്ല. ടിപ്പു സുല്‍ത്താന്‍ പണ്ട് കടന്നുപോയ വഴിയാണതെന്നും അങ്ങനെ തകര്‍ക്കപ്പെട്ടൊരു ക്ഷേത്രം അവിടെയുണ്ടായിരുന്നെന്നുമൊരു നാടോടിക്കഥ പ്രചരിച്ചത് മാത്രമാണ് അതിന്റെ ബാക്കിപത്രം.

എത്രയോ കാലം പിന്നിട്ട്, എട്ട് കൊല്ലം മുന്നേ ചിലര് വന്ന് അന്വേഷിച്ചപ്പോഴാണ് അങ്ങനെയൊരു ക്ഷേത്രത്തിന്റെ കാര്യം നാട്ടുകാര്‍ വീണ്ടും ഓര്‍ക്കുന്നത്. അവരുടെ ആവശ്യം കുറച്ചു വിചിത്രമായിരുന്നു. കുടുംബത്തില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ അവരൊരു ജ്യോതിഷിയെ സമീപിച്ചതാണ്. കുടുംബക്ഷേത്രം തകര്‍ന്നുകിടക്കുകയാണെന്നും പരദേവതകളുടെ ശാപമാണെന്നുമായിരുന്നു പ്രശ്‌നത്തില്‍ തെളിഞ്ഞത്. ഇതാണത്രെ ഇപ്പറഞ്ഞ കുടുംബക്ഷേത്രം! പരിഹാരം ഒന്നേയുള്ളൂ. ക്ഷേത്ര പുനരുദ്ധാരണം. അതിനായി എത്ര തുക മുടക്കാനും തയ്യാറായായിരുന്നു അവരുടെ വരവ്.
പൊന്നും വില കൊടുത്ത് അക്കൂട്ടര്‍ സ്ഥലം സ്വന്തമാക്കി. പൂജ കഴിച്ചു സ്ഥാനം നിര്‍ണ്ണയിച്ചു. തറ കെട്ടി. തൃക്കോവിലും കൊടിമരവും പൊന്തി. കണ്‍മുന്നില്‍ സാമാന്യം വലിയൊരു അമ്പലം അതിവേഗം ഉയര്‍ന്നുവരുന്നതിനെ അമ്പരപ്പോടെയാണ് നാട്ടുകാര്‍ നോക്കിക്കണ്ടത്. പോകെപ്പോകെ എല്ലാവരും അതിനോട് നല്ല രീതിയില്‍ സഹകരിച്ചു തുടങ്ങി. അഞ്ചു വര്‍ഷത്തിനുള്ളില്‍ അന്നാട്ടിലെ ഏറ്റവും വരുമാനമുള്ള അമ്പലമായി അത് മാറിയെന്നല്ലേ പറയേണ്ടൂ. അതില്‍പ്പിന്നെയാണ് വേറെ ചില പ്രശ്‌നങ്ങള്‍ തലപൊക്കിയത്. ഇത്രയൊക്കെ ചെയ്തിട്ടും ദേവിക്ക് അപ്രീതി ബാക്കിയാണ് എന്നായിരുന്നു സ്വര്‍ണ്ണപ്രശ്‌നത്തില്‍ തെളിഞ്ഞത്. സ്വന്തം അനുഭവങ്ങള്‍ നിരത്തി പലരും അതിനു സാക്ഷ്യം പറഞ്ഞു. ദുര്‍മരണങ്ങള്‍ നടന്ന ഒരു കിണര്‍ ക്ഷേത്രത്തിനടുത്തുള്ളത് ആണത്രേ ഇതിനെല്ലാം ഹേതു. ചോദിക്കുന്ന തുക കൊടുക്കാന്‍ തയ്യാറായി ഭാരവാഹികള്‍ ബന്ധപ്പെട്ടവരെ സമീപിച്ചു. അവരുടെ ആവശ്യം ലളിതമായിരുന്നു. കുമാരങ്കിണറ് മൂടണം. ദേവീകോപം തീര്‍ക്കണം.

വലിയ തര്‍ക്കങ്ങളാണ് അതിനുശേഷം പൊട്ടിപ്പുറപ്പെട്ടത്. പരിസരവാസികളില്‍ മിക്കവരുടേയും നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞതുകൊണ്ട് അമ്പലപക്ഷത്തു നില്‍ക്കാന്‍ ആളുകളുണ്ടായിരുന്നു. പാര്‍ട്ടിയുടെ അഭിമാനസ്തംഭത്തെ സംരക്ഷിക്കാന്‍ മറുവശത്തും ആള് കൂടി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ രണ്ടു മൂന്നെണ്ണം വെച്ചത് നേരിയ കയ്യാങ്കളിയിലാണ് അവസാനിച്ചത്. ആയിടെ പഞ്ചായത്ത് ഇലക്ഷനും വരുന്നുണ്ടായിരുന്നു.

വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നിര്‍ദ്ദേശിച്ചത് സഹദേവന്‍ മാഷെ ആയിരുന്നു. അന്നേ വിനീഷിനെപ്പോലുള്ളവര്‍ക്ക് അതില്‍ ഒട്ടും തൃപ്തി തോന്നിയിട്ടില്ല. കാരണം സഹദേവന്‍ മാഷ് അത്ര സജീവ പ്രവര്‍ത്തകനൊന്നും അല്ല. പാര്‍ട്ടിയുടേതായ പരിപാടികള്‍ക്കൊന്നും അധികം വന്നു കണ്ടിട്ടുമില്ല. പല സന്ദര്‍ഭങ്ങളിലും സതി ടീച്ചറേയും കുട്ടികളേയും ഇത്തരം പരിപാടികളില്‍ നിന്ന് മനപ്പൂര്‍വ്വം അകറ്റിനിര്‍ത്താന്‍ മാഷ് ശ്രമിച്ചിരുന്നതായും ആരൊക്കെയോ ചൂണ്ടിക്കാട്ടി. റിട്ടയര്‍മെന്റ് കഴിഞ്ഞുള്ള ജീവിതത്തിലെ ഒരു നേരമ്പോക്കാകും മാഷിന് ഈ മെമ്പര്‍ സ്ഥാനം എന്ന് അവര്‍ കണക്കുകൂട്ടി. മനോഹരന്‍ മാഷുമായുള്ള സൗഹൃദത്തെ മാഷ് ചൂഷണം ചെയ്തതാകാനേ വഴിയുള്ളൂ.

പക്ഷേ, മനോഹരന്‍ മാഷ് സഹദേവന്‍ മാഷെ ശക്തമായിത്തന്നെ പിന്താങ്ങി. പാര്‍ട്ടിക്ക് അത്രയും സ്വാധീനമുള്ള വാര്‍ഡില്‍ ആര് നിന്നാലും പാട്ടുംപാടി ജയിക്കും. എന്നുതന്നെയല്ല, സഹദേവന്‍ മാഷ് സ്‌കൂളില്‍ പഠിപ്പിച്ചവരുടെ വോട്ട്‌കൊണ്ട് തന്നെ ഭൂരിപക്ഷം ഇരട്ടിയോളം ഉറപ്പിക്കാം. ഇതൊക്കെയായിരുന്നു മാഷുടെ അഭിപ്രായങ്ങള്‍. ഇലക്ഷന്‍ ദിവസം അടുത്ത് വന്നപ്പോഴാണ് സഹദേവന്‍ മാഷ് മീറ്റിങ്ങില്‍ പുതിയൊരു അജന്‍ഡ എടുത്തിട്ടത്. പുതിയ സാഹചര്യങ്ങളില്‍, വിശ്വാസികളോട് മല്ലടിച്ചു ജയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് കാര്യങ്ങള്‍ സുഗമമാക്കാന്‍ ചെറിയ രീതിയില്‍ അവര്‍ക്ക് വഴങ്ങിക്കൊടുക്കുന്നതില്‍ തെറ്റില്ല എന്നാണ് മാഷ് വാദിച്ചത്.

'ചെറിയ രീതിയില്‍ എന്നു പറയുമ്പോ?'

വിനീഷാണ് എഴുന്നേറ്റ് നിന്നു ചോദിച്ചത്.

'കുമാരങ്കിണറ് മൂടുന്നതിനെപ്പറ്റി ആലോചിക്കണം.'

മാഷ് പറഞ്ഞു.

'നിങ്ങക്ക് ഉളുപ്പില്ലേ മാഷെ'

എന്നു പറഞ്ഞു പാഞ്ഞടുത്ത വിനീഷിനെ ആരൊക്കെയോ ചേര്‍ന്നു പിടിച്ചു വെക്കുകയായിരുന്നു. കിണറിനെ ചുറ്റിപ്പറ്റിയുള്ളതെല്ലാം കുറെ മിത്തുകളാണെന്നും അത്ര വൈകാരികമായി സമീപിക്കേണ്ട കാര്യമില്ലെന്നും സഹദേവന്‍ മാഷുടെ പക്ഷക്കാര്‍ ചൂണ്ടിക്കാട്ടി. കിണറ് മൂടുന്നതിനെപ്പറ്റി ചിന്തിക്കുകയേ വേണ്ടെന്ന് വിനീഷ് പക്ഷക്കാര്‍ ഉറച്ചുനിന്നു. ഈ വിഷയത്തില്‍ മനോഹരന്‍ മാഷുടെ പിന്തുണ രണ്ടാമത്തെ കൂട്ടര്‍ക്കായതുകൊണ്ട് തല്‍ക്കാലം കിണറ് അതേപോലെ നിലകൊണ്ടു. പക്ഷേ, ഇലക്ഷനില്‍ സഹദേവന്‍ മാഷും അടുത്ത വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളും ദയനീയമായി തോറ്റു. കാലങ്ങളായി ഭരിക്കുന്ന പഞ്ചായത്തില്‍ പാര്‍ട്ടിക്കു ഭരണം നഷ്ടമായി. തോല്‍വിയിലും ഒരു ജയത്തിന്റെ സുഖം സഹദേവന്‍ മാഷിന് അനുഭവപ്പെട്ടിരിക്കാനാണ് സാധ്യത. നയങ്ങളുടെ പ്രശ്‌നമാണെന്ന് മാഷും സ്ഥാനാര്‍ത്ഥികളുടെ പ്രശ്‌നമാണെന്ന് വിനീഷും കണ്ടവരോടെല്ലാം പറഞ്ഞുനടന്നു. മാഷും വിനീഷും പരസ്പരം കണ്ടാല്‍പോലും മിണ്ടാതായി. ആവണിയുടെ കല്യാണം തന്നെ, മാഷ് വിനീഷിനോട് നേരിട്ട് പറഞ്ഞിട്ടില്ല. മാഷിന്റെ അനന്തരവന്‍, വഴിയില്‍ വെച്ചു വിനീഷിനോട് ഒരു ചടങ്ങെന്ന മട്ടില്‍ പറയുകയും ക്ഷണിച്ചെന്നു വരുത്തുകയുമായിരുന്നു.

ഇതെല്ലാം കൊണ്ടാണ് വിനീഷ് കിണറിലിറങ്ങില്ലെന്ന് മനോഹരന്‍ മാഷ് ചിന്തിച്ചത്.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ആഴം

സഹദേവന്‍ മാഷിന്റെ വീട്ടിലെത്തിയുടന്‍ മനോഹരന്‍ മാഷ് മാറ്റിനിര്‍ത്തിപ്പറഞ്ഞ കാര്യങ്ങള്‍ വിനീഷിന്റെ തലയിലൂടോടുകയായിരുന്നു.

ഇത് മോതിരത്തിന്റെ കാര്യമേ അല്ലെന്നു പറഞ്ഞായിരുന്നു മാഷ് തുടങ്ങിയത്. കാല്‍ച്ചുവട്ടില്‍ നിന്ന് മണ്ണൊലിച്ചു പോകുന്നുണ്ടെന്നത് നേരാണ്. കുമാരങ്കിണറിനെപ്പറ്റി പണ്ട് പ്രചരിച്ച അന്ധവിശ്വാസങ്ങളെല്ലാം പുതിയ ഉടുപ്പിട്ട് നാട്ടില്‍ ഒഴുകി നടക്കുന്നുണ്ട്. അല്ലെങ്കില്‍ പിന്നെ ഇലക്ഷനില്‍ പാര്‍ട്ടി ഇങ്ങനെ തോല്‍ക്കേണ്ട കാര്യമുണ്ടോ?

കൊവിഡ് കാലത്തു മറ്റെല്ലായിടത്തുമെന്നപോലെ ഇവിടെയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തന്നെ നടന്നതാണ്. പാര്‍ട്ടിക്കാര് പിരിവെടുത്തു ചികിത്സിച്ചവരും വീട് വെച്ച് കൊടുത്തവരുമെല്ലാം ധാരാളം അവിടെയുണ്ടെന്നുകൂടി ഓര്‍ക്കണം. എന്നിട്ടും ഇതാണ് ഫലം!

കാര്യങ്ങള്‍ ഇതേ പോക്കാണെങ്കില്‍, നാട്ടുകാരോട് മത്സരിച്ച് അധികകാലം കുമാരങ്കിണറ് സംരക്ഷിച്ചു നിര്‍ത്താന്‍ സാധിക്കില്ലെന്ന് മനോഹരന്‍ മാഷ് നിരാശയോടെ പറഞ്ഞു. മുന്നിലുള്ള ഒരേയൊരു പോംവഴി, ഈ അന്ധവിശ്വാസങ്ങളെല്ലാം ദൂരീകരിക്കുക എന്നുള്ളത് മാത്രമാണ്. കുമാരങ്കിണറില്‍ ആരെങ്കിലുമൊന്ന് ഇറങ്ങി ദുര്‍ഭൂതത്തെ പിടിച്ചുകെട്ടുന്നതോടെ ആരോപണങ്ങളുടെയെല്ലാം മുനയൊടിയും. അതിനുള്ള നല്ലൊരവസരമാണിതെന്ന് ആയിരുന്നു മാഷ് സംസാരിച്ചതിന്റെ ആകെത്തുക.

'എന്നും പറഞ്ഞിട്ട് നീ അയില് കീഞ്ഞേ പറ്റൂന്ന് അല്ല. നിനിക്ക് എന്തെങ്കിലും കൊയപ്പുണ്ടെങ്കില് അത് ചിന്തിക്കുവേ വേണ്ട.'

മാഷ് പറഞ്ഞതിന്റെ ഗൗരവം വിനീഷിന് കൃത്യമായി മനസ്സിലായി. പേടിച്ചു നിന്നാല്‍ ജയം മറുപക്ഷത്താകും. ഇറങ്ങുന്നത് സഹദേവന്‍ മാഷിനുവേണ്ടി ആകുമ്പോള്‍ അതില്‍ ഒരു പ്രതികാരത്തിന്റെ അംശം കൂടെയുണ്ട്. വേനലാണ്. വെള്ളം വറ്റിയ കിണറാണ്. ഉള്ളിലെ സഖാക്കള്‍ നാലാളും എന്നോ മണ്ണോട് മണ്ണായിട്ടുണ്ടാകും. അങ്ങനെ നോക്കുമ്പോള്‍ ഏതൊരു കിണറും പോലെ മറ്റൊന്ന്. മോതിരം എടുത്തു വരുന്നത് അത്ര പ്രയാസമുള്ള കാര്യമല്ലെന്ന് തന്നെയായിരുന്നു വിനീഷ് ചിന്തിച്ചത്. അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാലും ഇന്നത്തെക്കാലത്ത് അതത്ര വിഷയമാണോ? വളരെ ആഴമുള്ള കുഴല്‍ക്കിണറില്‍നിന്നുപോലും ആളുകളെ രക്ഷിച്ചെടുക്കുന്ന കാലമല്ലേ ഇത്?

'ഒരു നല്ല വടം കിട്ടുവാമാഷെ?'

വിനീഷ് സമ്മതഭാവത്തില്‍ ചോദിച്ചു.

കിണറിലിറങ്ങാന്‍ വിനീഷിനു വേണ്ട സാധനങ്ങളെല്ലാം ഉടനടി തയ്യാറാക്കപ്പെട്ടു. നാട്ടിലെ കമ്പവലി മത്സരങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നത്രയും ബലവും കനവുമുള്ള നീളന്‍ വടം. അടുത്തുള്ളൊരു ഗള്‍ഫുകാരന്റെ വീട്ടില്‍നിന്ന് ഒരു ഹെഡ്‌ലാംപ്. ദുര്‍ഗന്ധം സഹിക്കാനുതകുന്നൊരു മാസ്‌ക്. ഇതിനെല്ലാം പുറമെ, ആവശ്യപ്പെട്ടില്ലെങ്കില്‍ കൂടിയും കാണികളായി ഒരു പറമ്പ് നിറയെ ആളുകള്‍.

പറമ്പിലെ പുളിമരത്തില്‍ വിനീഷ് വടത്തിന്റെ ഒരറ്റം കെട്ടി. മറ്റേ അറ്റം അരയില്‍ ചുറ്റി. ഒരു കാല്‍ കിണറിലേക്കും മറ്റേത് പുറത്തേക്കും ഇട്ട് പടയിലിരുന്ന നിമിഷം മാത്രം വിനീഷ് ഒന്ന് കണ്ണടച്ചു.

'എന്തെങ്കിലും കയ്യാണ്ട് ആവുന്നുണ്ടെങ്കില് പറയണേടാ.'

മനോഹരന്‍ മാഷ് അടുത്ത് വന്നു പറഞ്ഞു. വിനീഷ് തലയാട്ടി.

രണ്ട് കാലുകളും ഉള്ളിലേക്കിട്ട് വിനീഷ് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പുറത്തു നിശ്വാസങ്ങളുയര്‍ന്നു. അത് കാര്യമാക്കാതെ വിനീഷ് കിണറിന്റെ വായിലേക്ക് ഉടലാഴ്ത്തി.

കാലിന്റെ തൊട്ട് കീഴെയുള്ള ഇരുട്ടിന്റെ പടവുകള്‍ ഉടയ്ക്കാനെ ഹെഡ്‌ലാംപിലെ വെളിച്ചത്തിന് സാധിക്കുന്നുണ്ടായിരുന്നുള്ളൂ. കിണറിന്റെ അതിരുകളില്‍ പുല്ലും ശീവോതി ചെടികളുമെല്ലാം കാട് പിടിച്ചിട്ടുണ്ട്. ഇഴജന്തുക്കളൊന്നുമില്ലെന്ന് ഓരോ ചുവടിനു മുന്‍പും വിനീഷ് ഉറപ്പ് വരുത്തി. കേട്ട കഥകളിലെല്ലാം കാര്യമുണ്ടെന്നാണ് ഇറങ്ങുന്തോറും വിനീഷ് ചിന്തിച്ചത്. എത്രയായിട്ടും കിണറിന്റെ അടിഭാഗത്തെത്തിയിട്ടില്ല. അടുത്തൊന്നും എത്തുമെന്നതിന്റെ സൂചനകളുമില്ല. മുകളില്‍ നിന്ന് തലയിട്ടു നോക്കുന്നവരെല്ലാം ചെറുതായി ചെറുതായി കാണാമറയത്തായിട്ടുണ്ട്. ഉള്ളിലെ പേടി അല്പാല്പമായി ഏറിവരുന്നു. എങ്കിലും വിനീഷ് തിരികെക്കയറുന്നതിനെപ്പറ്റി ചിന്തിച്ചതേ ഇല്ല.

ഏതോ ചുവടില്‍ വിനീഷിന് കാലിനടിയിലൊരു തണുപ്പ് അനുഭവപ്പെട്ടു. ഒരു നനവ്. വെള്ളമാണ്. ഈ കൊടുംവേനലിലും കിണറിനടിയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കണ്ട് വിനീഷ് അത്ഭുതപ്പെട്ടു. അതും ചെളിവെള്ളമൊന്നുമല്ല. ഒന്നാന്തരം തെളിനീര്. അപ്പോഴും അടിത്തട്ട് അവ്യക്തമായിരുന്നു. വെള്ളത്തിലേക്ക് എടുത്തുവെച്ച ആദ്യത്തെ ചുവടില്‍ത്തന്നെ വിനീഷിനു പിഴച്ചു. പായലില്‍ വഴുക്കി വിനീഷിനു നിലതെറ്റി. നിന്ന നില്‍പ്പില്‍ വെള്ളത്തിലേക്ക് കരണം മറിഞ്ഞു വീഴുമ്പോള്‍ അരയിലെ കെട്ടും ഉതിര്‍ന്നുപോയി. വമ്പനൊരു മലമ്പാമ്പിന്റെ വാല് പോലെ തൂങ്ങിയാടുന്ന വടത്തിന്റെ അറ്റം നോക്കി വിനീഷ് കിണറിലേക്ക് ആണ്ടു. കണ്ണുകളില്‍ വെള്ളം നിറയുന്നു. ചെവികള്‍ വെള്ളം കയറിയടയുന്നു. വെള്ളത്തിന്റെ ശ്വാസം. വെള്ളത്തിന്റെ അലര്‍ച്ച. ഏതോ വഴി കണ്ടെത്തി ദേഹം മുഴുക്കെ ഇരമ്പിയൊഴുകുന്ന വെള്ളം, വെള്ളം മാത്രം!

ബോധം മറയുമ്പോലാണ് വിനീഷിന് ആദ്യം തോന്നിയത്. പക്ഷേ, സത്യത്തില്‍ ബോധം തെളിയുകയാണ്. ഒരു കാഴ്ച. അടിയിലേക്കൊഴുകുന്തോറും അതിനു തെളിച്ചം കൂടിവരുന്നു. ഒരു മനുഷ്യനാണ്. പിറകില്‍ പത്രക്കെട്ടുമായി സൈക്കിളില്‍ കയറിപ്പോകുകയാണ്. പൂമൊട്ടത്തലയും പിരിച്ചുവെച്ച മീശയും കണ്ടപ്പോള്‍ത്തന്നെ വിനീഷിന് അത് അച്ഛനാണെന്നു മനസ്സിലായി. വിനീഷ് വിളിക്കാന്‍ ശ്രമിച്ചു. അച്ഛന്‍ ശ്രദ്ധിച്ചില്ല. അപ്പോഴേക്കും അടുത്ത കാഴ്ചയായി. ഒരു കവല. അവിടെന്തോ സമ്മേളനം. സ്‌റ്റേജിനു ചുറ്റും കൂടിനില്‍ക്കുന്ന കുറച്ചു പേര്. അതും എന്താണെന്ന് ശ്രദ്ധിക്കാന്‍ വിനീഷിനായില്ല. അതിവേഗം കണ്‍മുന്നില്‍ പല ലോകങ്ങള്‍ തെളിയുകയാണ്.

ആരൊക്കെയോ മണ്ണില്‍ കിളച്ചുമറിക്കുന്നു. ആരൊക്കെയോ തലയില്‍ വലിയ ചുമടുകളുമായി നടന്നു നീങ്ങുന്നു. ഓട്ടോക്കാര്‍, ഹോട്ടലില്‍ എച്ചിലെടുക്കുന്നവര്‍. കൊയ്ത്തരിവാളുമായി വര്‍ത്താനം പറഞ്ഞുനടക്കുന്ന പെണ്ണുങ്ങള്‍. കല്‍ക്കരി കോരുന്നവര്‍പോലും കിണറിനുള്ളിലുണ്ടായിരുന്നു. എല്ലാവരും ഇന്നാട്ടുകാര്‍ തന്നെയല്ല. കരിന്തടിപോലെ ഉറച്ച ശരീരമുള്ളവരുടെ ഒപ്പം തന്നെ, വെളുവെളെ വെളുത്ത, ചെമ്പന്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയ സായിപ്പന്മാരും ഉണ്ട്. എല്ലാവരും വിയര്‍ത്തിരിപ്പാണ്. അവരുടെ വിയര്‍പ്പിലാണ് കിണറ് നിറഞ്ഞതെന്നുപോലും തോന്നിപ്പോകും. അകത്തേക്കാഴുന്തോറും കിണറിലെ ലോകം വിനീഷിന്റെ അത്ഭുതത്തോളം വലുതായി. കിണറിലല്ല, കാലത്തിലേക്കാണ് താന്‍ വീണതെന്ന് വിനീഷ് സംശയിച്ചു.

പൊടുന്നനെ വിനീഷിന്റെ കാഴ്ചകള്‍ അവസാനിച്ചു. കിണറിന്റെ അടിത്തട്ടില്‍ അയാള്‍ എത്തിക്കഴിഞ്ഞിരുന്നു. വിനീഷ് ചുറ്റും നോക്കി. നാല് ഭാഗത്തായി, ചുമരുകളില്‍ ചാരി ഇരിക്കുന്ന നാല് പേര്‍. വിനീഷ് അമ്പരന്നു. അസ്ഥിരൂപങ്ങളല്ല. ഏതൊരു മനുഷ്യനെക്കാളും ജീവസ്സുറ്റവര്‍. നാലാള്‍ക്കും ഒരേ മുഖച്ഛായ.

വന്ന വഴിയിലെ ആളുകള്‍ക്കെല്ലാം ഇതേ ഛായ തന്നെ ആയിരുന്നില്ലേ?

വിനീഷ് ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.

നാലാളും കിണറിന്റെ നടുവിലേക്ക് ചൂണ്ടി. ചളിയില്‍ പൂണ്ട് നില്‍ക്കുന്ന അവരുടെ കാലുകളുടെ ഒത്തനടുക്കായി ആ നവരത്‌നമോതിരം. 

സഹദേവന്‍ മാഷിന് അത് എടുത്തു കൊടുത്തിട്ട് എന്ത് കിട്ടാനാണ്?

വിനീഷ് ചിന്തിച്ചു.

'അത് എടുത്തു കൊടുക്കാണ്ട് നിന്നിട്ട് നിനിക്ക് എന്ത് കിട്ടാനാന്ന്?'

നാല് പേരും ഒന്നിച്ചു ചോദിച്ചത് കേട്ട് വിനീഷ് ഞെട്ടി. അപ്പോഴും അയാള്‍ അനങ്ങിയില്ല. അന്നേവരെയില്ലാത്തൊരു സുരക്ഷിതത്വം വിനീഷ് അറിയുന്നുണ്ടായിരുന്നു. വെള്ളത്തിന്റെ സുഖകരമായ ഇളംചൂടില്‍ അവിടെത്തന്നെ കൂടാന്‍ വിനീഷിനു പൂതിയായി.

'ആ പെണ്ണിന്റെ കല്യാണം കൊയപ്പത്തിലാക്കാനാ നിന്റെ പരിപാടി?'

നാലല്ല, കിണറിലെ മുഴുവന്‍ ആളുകളും ഒരേ സ്വരത്തില്‍ ചോദിച്ചു. അടിത്തട്ടിലെ ഏറ്റവും വലിയ അഭംഗിയായി ആ മോതിരം തിളങ്ങി. വിനീഷിന് അവരെ അനുസരിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.

മോതിരത്തിനടുത്തേക്ക് വിനീഷ് നീന്തി. എന്നിട്ടത് പതിയെ കുനിഞ്ഞെടുത്തു കീശയിലിട്ടു. സാവധാനം മുകളിലേക്ക് നീന്തി. വന്നതുപോലെ എളുപ്പമായിരുന്നില്ല തിരിച്ചുപോക്ക്. ഓരോ തുഴച്ചിലിലും കൈ തളരുന്നു. കാലുകള്‍ പിടഞ്ഞുവേദനിക്കുന്നു. തളരുമ്പോഴെല്ലാം അദൃശ്യമായ കൈകള്‍ വിനീഷിനെ താങ്ങി. ഏതോ ജാഥയോടൊപ്പം ഒഴുകി നീങ്ങുമ്പോലെ വിനീഷ് ആവേശത്തോടെ മുകളിലേക്ക് നീന്തി. വെള്ളത്തിന്റെ പരപ്പെത്തിയപ്പോള്‍ വിനീഷ് തിരിഞ്ഞു നോക്കി. നിര്‍മ്മമായി അന്നേരവും സൈക്കിളില്‍ പോകുകയാണ് അച്ഛന്‍!

വെള്ളത്തിലിറങ്ങാന്‍ ധൈര്യമില്ലാത്ത മട്ടില്‍ തൊട്ട് മുകളിലായി തൂങ്ങുന്ന വടത്തിന്റെ അറ്റത്ത് വിനീഷ് പിടിത്തമിട്ടു. ഒരഭ്യാസിയുടെ മെയ്‌വഴക്കത്തോടെ അതിവേഗം പിടിച്ചുകയറി. വിനീഷ് പുറത്തിറങ്ങുമ്പോഴുള്ള ആരവം ഒരു മൂളക്കംപോലെ മാത്രമേ അയാള്‍ കേട്ടുള്ളൂ. ചെവിയിലും കണ്ണിലുമെല്ലാം വെള്ളം മൂടി നില്‍പ്പാണ്. ആദ്യം കണ്ടൊരാള്‍ക്ക് വിനീഷ് മോതിരം കൈമാറി. അടുത്തേക്ക് വരുന്നവരെയൊന്നും ശ്രദ്ധിക്കാതെ, ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി അയാള്‍ മുന്നോട്ട് നീങ്ങി.

താനില്ലാത്ത നേരത്തു വീണിരിക്കാനിടയുള്ള ഗോളുകളെപ്പറ്റി ചിന്തിച്ചു, വിനീഷ് സ്‌കൂള്‍ മൈതാനത്തേക്ക് ധൃതിയില്‍ നടന്നുതുടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com