'അപ്രത്യക്ഷ രക്ഷാദൈവസഭ'-  പി.കെ. പ്രകാശ് എഴുതിയ കഥ

ഉദ്ദേശം പത്തുവര്‍ഷം മുന്‍പാണ് അലക്‌സിന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ജോലി ലഭിക്കുന്നത്. അയാള്‍ക്ക് അന്ന് നാല്‍പതു വയസ്സ് പ്രായം. റിട്ടേര്‍ഡ് ആകാന്‍ കൃത്യമായും അഞ്ചുവര്‍ഷം ശേഷിക്കുന്നുണ്ട്
'അപ്രത്യക്ഷ രക്ഷാദൈവസഭ'-  പി.കെ. പ്രകാശ് എഴുതിയ കഥ

ദ്ദേശം പത്തുവര്‍ഷം മുന്‍പാണ് അലക്‌സിന് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ജോലി ലഭിക്കുന്നത്. അയാള്‍ക്ക് അന്ന് നാല്‍പതു വയസ്സ് പ്രായം. റിട്ടേര്‍ഡ് ആകാന്‍ കൃത്യമായും അഞ്ചുവര്‍ഷം ശേഷിക്കുന്നുണ്ട്. അയാള്‍ക്ക് അതില്‍ ആശങ്കയുണ്ട്. ടെലിഫോണ്‍ ഓപ്പറേറ്റര്‍ക്കായി ഇതേവരെ കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെയും കിട്ടിയ സമ്പാദ്യം മുഴുവനും കയ്യില്‍നിന്നും തീര്‍ന്നുപോയി. താമസിച്ചാണ് ജോലി കിട്ടിയതെങ്കിലും ഏറെക്കുറെ നേരത്തെ അലക്‌സ് വിവാഹിതനായിരുന്നു. കുര്യന്‍ മുതലാളിയുടെ റബ്ബര്‍ടാപ്പിങ്ങ് തൊഴിലാളിയായി കഴിഞ്ഞ സമയത്തുതന്നെ അലക്‌സ് ത്രേസ്യയെ സ്വന്തമാക്കിയിരുന്നു. അവര്‍ ഇരുവരും ക്രൈസ്തവരായ ദളിതരായിരുന്നു. അതുകൊണ്ട് കുര്യന്‍ മുതലാളി എന്ന ക്രൈസ്തവനായ ഉന്നത ജാതിക്കാരന്‍ അവര്‍ക്ക് ചില്ലറ സാമ്പത്തിക സഹായങ്ങളും മറ്റും ചെയ്തുപോന്നു. പ്രീഡിഗ്രിക്കു ശേഷം രാഷ്ട്രീയത്തിലോ കലാസാഹിത്യ സാംസ്‌കാരിക മേഖലകളിലോ ഒന്നും അലക്‌സ് ചുറ്റിത്തിരിയാന്‍ മെനക്കെട്ടില്ല. ശരിക്കും പറഞ്ഞാല്‍ അലക്‌സിന്റെ നാട്ടില്‍ അയാളെക്കുറിച്ച് വലിയ കാര്യങ്ങളൊന്നും ആര്‍ക്കും അറിയില്ലായിരുന്നു. അധികമൊന്നും ആരോടും സംസാരിക്കാതെ തന്റേതായ ഒരു ലോകത്ത് അലയുകയായിരുന്നു അലക്‌സ്. ഇതിനിടയില്‍ ആണ് അയാള്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍ക്കുള്ള യോഗ്യത സമ്പാദിച്ചത്. അതിനിടയില്‍ തന്നെ അയാള്‍ നല്ലൊരു ടാപ്പിങ്ങ് തൊഴിലാളിയായി നാട്ടില്‍ പേരെടുക്കുകയും ചെയ്തു. അലക്‌സിന്റെ പഠനമോ ത്രേസ്യയെക്കുറിച്ചുണ്ടായിരുന്ന അയാളുടെ ജിജ്ഞാസയോ ഒന്നും നാട്ടുകാര്‍ അറിഞ്ഞില്ല. അതിനാല്‍ത്തന്നെ ത്രേസ്യയെ വിവാഹം ചെയ്തപ്പോള്‍ നാട്ടുകാര്‍ അത്ഭുതപ്പെടേണ്ടതായിരുന്നു. എന്നാല്‍, അത് ഉണ്ടായില്ല. കാരണം അലക്‌സ് മത്തായിയുടേയും മറിയയുടേയും മകനാണ്. മത്തായിയും മറിയയും മുന്‍ അയിത്ത ജാതിക്കാരുടെ മക്കളാണ്. അതിനാല്‍ അത് ആവിധം നടക്കേണ്ട ഒരു സജാതീയ ധാരണ മാത്രമാണ്. അലക്‌സ് അക്കാലത്ത് ടാപ്പിങ്ങ് നടത്തിവന്ന അനേകം ഏക്കര്‍ വിസ്തൃതിയില്‍ ഉള്ള കുര്യന്‍ മത്തായിയുടെ റബ്ബര്‍ത്തോട്ടം ഇപ്പോഴും ഉണ്ട്. ഏതാനും വര്‍ഷം മുന്‍പ് പഴയ മരങ്ങള്‍ മുറിച്ച് പുതിയ തൈകള്‍ നടുകയും ഇടവിളയായി പൈനാപ്പിള്‍ രണ്ടു തവണ നടത്തുകയും ചെയ്തിരുന്നു അവിടെ. അലക്‌സ് നഗരത്തില്‍നിന്ന് ജോലികഴിഞ്ഞ് ആ വഴിയാണ് വീട്ടിലേക്ക് പോകാറ്. ആ കുന്നിന്റെ ചരുവിലായിരുന്നു അലക്‌സിന്റെ പഴയ വീട്. ജോലി കിട്ടിയശേഷം അത് അയാള്‍ സഹോദരി തങ്കമ്മയ്ക്ക് കൊടുത്തു. അലക്‌സും ത്രേസ്യയും രണ്ടു കുട്ടികളും കുന്നിറങ്ങി പോരുന്ന റോഡിന് അരികില്‍ വയലിനോട് ചേര്‍ന്ന് പത്തു സെന്റ് സ്ഥലം വാങ്ങി. ഒരു കുടികെടപ്പുകാരന്റെ മകനില്‍നിന്ന് സ്വാതന്ത്ര്യം കിട്ടിയതുപോലെ അയാള്‍ക്ക് ആ പ്രവൃത്തി തോന്നി. അലക്‌സിനു ജോലികിട്ടുന്നതിനു രണ്ടുവര്‍ഷം മുന്‍പ് അപ്പന്‍ മത്തായി മരിച്ചുപോയിരുന്നു. ജോലിയില്‍ പ്രവേശിച്ച് ഏകദേശം രണ്ടു കൊല്ലം ആയപ്പോള്‍ അമ്മ മറിയയും മരിച്ചു. അവിടെ താമസിച്ചിരുന്ന സഹോദരി തങ്കമ്മ, കുര്യന്‍ മുതലാളിയുടെ തോട്ടത്തിലെ പണികള്‍ ചെയ്തു വന്നു. അവളുടെ ഭര്‍ത്താവ് ഒരു മരം വെട്ടുകാരനായിരുന്നു. രണ്ട് ആണ്‍പിള്ളേരായിരുന്നു അവര്‍ക്ക്. അവര്‍ ഇരുപതിനും ഇരുപത്തി രണ്ടിനും പ്രായമായി ഇപ്പോള്‍ ചുറ്റിത്തിരിയുന്നു. ഒരാള്‍ കല്‍പ്പണിക്കു പോകുന്നു. മറ്റേയാള്‍ പെയിന്റിംങ് പണിക്കും. ഇവരുടെ വിദ്യാഭ്യാസം ദയനീയമായ പരാജയമായിരുന്നു. ഒരാള്‍ എസ്.എസ്.എല്‍.സി കഷ്ടിച്ചു കടന്നു. മറ്റേയാള്‍ എട്ടാം ക്ലാസ്സില്‍ വെച്ച് പഠിപ്പു നിര്‍ത്തി. കുറേക്കാലം പുറനാടുകളില്‍ ചുറ്റിത്തിരിഞ്ഞു തിരിച്ചുവന്നതാണ്. ഈ കൂട്ടത്തിനിടയിലായിരുന്നു അലക്‌സിന്റേയും ത്രേസ്യയുടേയും ദാമ്പത്യജീവിതം. ത്രേസ്യയുടെ വീട് അലക്‌സ് വെട്ടിക്കൊണ്ടിരുന്ന വിസ്തീര്‍ണ്ണമുള്ള റബ്ബര്‍ തോട്ടത്തിന് അപ്പുറത്തുള്ള മലയുടെ മുകളിലാണ്. അവിടെയും റബ്ബര്‍ മരങ്ങളാണ് കരിനീലപ്പു നല്‍കി ഭൂമിയെ മറച്ചുവെച്ചത്. കുര്യന്‍ മുതലാളിയുടെ റബ്ബര്‍ തോട്ടത്തിനരികിലൂടെ ഒരു ചെറുതോടുണ്ട്. ഈ തോട്ടില്‍ പെണ്ണുങ്ങള്‍ കുളിക്കാന്‍ വരിക പതിവായിരുന്നു. ആ കൂട്ടത്തില്‍ ഒരുവളായിരുന്നു ത്രേസ്യ. ത്രേസ്യയുടെ വീടിരിക്കുന്ന കുന്നിന്റെ സമതലത്താണ് ആ കുളിക്കടവ്. അവള്‍ക്ക് അവിടെ വന്നു കുളിക്കാതെ വീടിനടുത്തുള്ള കുത്തന്‍ ചാലില്‍ പോയി തുണി അലക്കാനും കുളിക്കാനും സൗകര്യമുണ്ടായിരുന്നു. എങ്കിലും സമതലത്തിലെ കുളിക്കടവില്‍ തന്നെ അക്കാലത്ത് ത്രേസ്യ സ്ഥിരമായി വരുമായിരുന്നു. ഈ ഭൂവിസ്തൃതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നുവെന്നു തോന്നുന്നു അലക്‌സ് ഒരിക്കല്‍ മരം വെട്ടി നില്‍ക്കുമ്പോള്‍ കൂട്ടം കൂടി കടവില്‍നിന്ന പെണ്ണുങ്ങളെ നോക്കി 'നിങ്ങള്‍ക്ക് അവിടെ കുളിച്ചാല്‍ പോരെ. എന്തിനാ ഇവിടെ വന്ന് കുളിക്കുന്നത്?' എന്നു വെറുതെ ചോദിച്ചത്. ആ കൂട്ടത്തില്‍നിന്ന് അന്ന് മറുപടി പറഞ്ഞത് ത്രേസ്യയായിരുന്നു. 'ചേട്ടന് റബ്ബറു വെട്ടി പാലെടുത്താല്‍ പോരെ. എന്തിനാ ചരിവിറങ്ങി കടവില്‍ വന്നു നിക്കുന്ന പെണ്ണുങ്ങളെ നോക്കുന്നത്? ഇത് ഞങ്ങളുടെ കടവാണ്.' ആ ദിവസം പെട്ടെന്ന് ഒന്നമ്പരന്നുപോയ അലക്‌സ് വളരെ വേഗത്തില്‍ തോട്ടിയും പിടിച്ച് പല മരങ്ങളില്‍നിന്നും പാലുമെടുത്ത് ചിലതൊക്കെ മറന്നു കളഞ്ഞു. തിരിഞ്ഞുനോക്കാതെ കുന്നിന്റെ ചരിവുമടക്കുകളില്‍ മറഞ്ഞെങ്കിലും പിന്നീടുള്ള നാളുകളില്‍ 
ത്രേസ്യയ്ക്കു പുറകേ അലക്‌സും നടക്കാന്‍ തുടങ്ങി. എങ്ങനെയോ അവര്‍ അടുപ്പത്തിലായി. പിരിയാന്‍ വയ്യാതായപ്പോള്‍ ഇരുവരും കുടുംബങ്ങളെ അറിയിച്ചു. പള്ളിയില്‍ വെച്ചായിരുന്നു വിവാഹം. വീട്ടില്‍ പന്തലിട്ട് ചെറിയ സദ്യയും ഉണ്ടായിരുന്നു. ഇരു വിഭാഗങ്ങളിലേയും പ്രിയ മുതലാളിമാര്‍ ഉണ്ടായിരുന്നു. അവര്‍ അവിടെ ഉണ്ടാക്കിയ പോര്‍ക്കു സദ്യയോ മദ്യ സല്‍ക്കാരമോ കഴിച്ചില്ല. ഏതാനും നോട്ടുകള്‍ അവരുടെ മാതാപിതാക്കള്‍ക്കു കൊടുത്തു. നാട്ടിലെ മാന്യന്മാരായി ഇന്നും അവര്‍ തുടരുന്നു.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

അലക്‌സിനും ത്രേസ്യയ്ക്കും രണ്ടു കുട്ടികള്‍ ഉണ്ടായത് അലക്‌സിനു ജോലി കിട്ടിയ ശേഷമാണ്. റോഡരികില്‍ ഇതിനിടയില്‍ പത്ത് സെന്റ് സ്ഥലം അയാള്‍ വാങ്ങി. അതില്‍ അയാള്‍ സാമാന്യം കുഴപ്പമില്ലാത്ത ഒരു വീടുവെച്ചു. അയാളുടെ രണ്ടു മക്കളില്‍ ഒരാള്‍ പ്ലസ്ടുവിലും മറ്റേയാള്‍ പത്താം ക്ലാസ്സിലുമാണ്. ത്രേസ്യ ജോലിക്കൊന്നും പോകുന്നില്ല. ഈയിടെയായി അവള്‍ക്ക് വാതത്തിന്റെ അസുഖമുണ്ട്. കയ്യില്‍ ഇതേവരെ സമ്പാദ്യമായിട്ട് ഒന്നും ഇല്ലായെന്ന ചിന്ത അലക്‌സിനു വേവലാതി കൂട്ടാന്‍ ഇത്തരത്തിലൊരു സാഹചര്യം അധികമായിരുന്നു.

നഗരത്തിലെ ഗസ്റ്റ് ഹൗസില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ജോലി നോക്കുന്നത് അലക്‌സിനു ആദ്യമൊക്കെ രസമായിരുന്നു. അലക്‌സിനു മാത്രമായി ചെറിയ ഒരു മുറിയുണ്ട് ആ ഗസ്റ്റ്ഹൗസില്‍. മറ്റാരും അവിടേക്ക് വരാറില്ല. അതിന്റെ ഒരു വശത്തുള്ള ജനാല എപ്പോഴും തുറന്നിട്ടിരിക്കുന്നു. എന്നാല്‍, അതിനെ മറച്ച് തൊട്ടപ്പുറത്തെ വലിയ വലിയ ബില്‍ഡിങ്ങുണ്ട്. നടുഭാഗത്തു കൂടി പാര്‍ക്കിങ്ങ് ഏരിയയിലേക്ക് പോകുന്ന റോഡാണ്. അനവസരത്തില്‍ ഹോണ്‍ അടിച്ചും അല്ലാത്തപ്പോള്‍ ഇരച്ച് ഒച്ചയുണ്ടാക്കിയും നീങ്ങുന്ന വിലപിടിപ്പുള്ള കാറുകാര്‍ അലക്‌സിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ചിലപ്പോള്‍ എന്നാണ് ഒരു കാര്‍ വാങ്ങുകയെന്ന ചിന്തയിലായിപ്പോകും അലക്‌സ്. വീട്ടില്‍നിന്ന് ടൗണിലെ ബസ്റ്റാന്റുവരെ ഇപ്പോള്‍ അയാള്‍ ഉപയോഗിക്കുന്ന സ്‌കൂട്ടര്‍ ഒന്നു മാറണമെന്നുണ്ട് അലക്‌സിന്. ജോലി കിട്ടി ഒരു തോട്ടം വാങ്ങണമെന്നുള്ള അയാളുടെ എക്കാലത്തേയും ആഗ്രഹം ജോലി കിട്ടിയ ആദ്യ വര്‍ഷങ്ങളില്‍ത്തന്നെ ഇല്ലാതായിരുന്നു. എന്നാല്‍, ആ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പലതരം ഗെയിമുകള്‍ കളിച്ച് വിജയിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനായി ഗസ്റ്റ്ഹൗസില്‍ എത്തുന്ന ദിനപത്രത്തിലെ കോളങ്ങള്‍ പൂരിപ്പിച്ച് ഒന്നരക്കോടി സമ്മാനം നേടുന്ന കളികളില്‍ ഏര്‍പ്പെട്ടെങ്കിലും ആരോ പത്രം സ്ഥിരമായി മോഷ്ടിക്കപ്പെടുന്നുവെന്ന് സൂപ്രണ്ടിനെ അറിയിച്ചതിനെത്തുടര്‍ന്ന് ആ ശ്രമം പരാജയപ്പെട്ടു. മറ്റൊരു വഴി അയാള്‍ക്കു മുന്‍പിലുണ്ടായിരുന്നത് ലോട്ടറി ആയിരുന്നു. പണം കൊടുത്ത് പലവട്ടം ലോട്ടറി ടിക്കറ്റ് എടുത്തെങ്കിലും ഒന്നിലും അയാള്‍ക്കു സമ്മാനം കിട്ടിയില്ല. എങ്കിലും അലക്‌സ് അതിപ്പോള്‍ കൃത്യമായും എടുക്കുന്നുണ്ട്. എല്ലാ ദിവസവും അലക്‌സിനെ തേടി ഒരു ലോട്ടറിക്കാരന്‍ ജനാലയ്ക്കു മുന്‍പില്‍ വരും. അടിക്കാനിടയില്ലെന്നുള്ള മുന്‍ അനുഭവ വിചാരത്താല്‍ തന്നെ ഒന്നോ രണ്ടോ ടിക്കറ്റ് അയാള്‍ എടുക്കും. ഈയിടെയായി നാലഞ്ചെണ്ണം സെയിമായിട്ട് എടുക്കാനും അലക്‌സിനു താല്പര്യമുണ്ടാകാറുണ്ട്.

ഇക്കാലമത്രയും അയാള്‍ നേരിട്ട് ഫോണിലൂടെ സംസാരിച്ചിരുന്നത് മനുവാദ രാഷ്ട്രീയക്കാരോട് ആയിരുന്നു. സ്വകാര്യ താല്പര്യങ്ങള്‍ മാത്രമുള്ള രാഷ്ട്രീയക്കാരാണവര്‍. അവര്‍ക്ക് ദളിതരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയമില്ല. എന്നാല്‍, ദളിതുവിരുദ്ധ മീറ്റിങ്ങുകളും ആലോചനകളും നടത്തുന്നതിനായിട്ട് മാത്രമാണ് അവര്‍ ആ ഗസ്റ്റ്ഹൗസില്‍ മുറികള്‍ എടുത്തിരുന്നത്. മന്ത്രിമാരും പാര്‍ട്ടി നേതാക്കന്മാരും വന്നു തോമസിച്ചുപോകുന്ന ഇടമാണത്. ചിലപ്പോള്‍ രാജ്യത്തെ പ്രധാനമന്ത്രിയും പ്രസിഡന്റും ഗവര്‍ണറും എത്താറുണ്ട്. പലയിടത്തുനിന്നായി വരുന്ന ഫോണ്‍കോളുകള്‍ സ്വീകരിച്ച് മറുപടി കൊടുക്കേണ്ടത് അലക്‌സാണ്. വിളിക്കുന്നവരുടെ നമ്പറുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ആവശ്യമനുസരിച്ച് മുറിയിലുള്ള താമസക്കാരനെ കണക്ട് ചെയ്ത് അറിയിക്കണം. അല്ലെങ്കില്‍ ഗസ്റ്റ്ഹൗസിലെ ജോലിക്കാരെ അറിയിക്കണം. എല്ലാ കോളുകളും സൗമ്യമായി എടുത്തു ജോലി നോക്കി വന്നെങ്കിലും അലക്‌സിനു ഈയിടെയായി വലിയ മാനസിക അതൃപ്തി തോന്നിത്തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ ഒരു ജോലി ആണോ എന്നൊക്കെ പലപ്പോഴും അയാള്‍ ചിന്തിച്ചുപോകും. ആരൊക്കെയോ പറയുന്നത് അയാള്‍ ശ്രദ്ധിച്ചു കേട്ടിട്ടുണ്ട്, ടെലിഫോണ്‍ ഓപ്പറേറ്റര്‍ തസ്തിക തന്നെ എടുത്തുകളയാന്‍ സ്മാര്‍ട്ട് ഫോണുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആലോചിച്ചു വരുന്നുവെന്നും ഒരുപക്ഷേ, തന്റെ റിട്ടയര്‍മെന്റോടെ ഈ തസ്തികയും ഇല്ലാതാകുമെന്നും. മാത്രമല്ല, ഇങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോകുന്നുവെന്നല്ലാതെ ഈ നാട്ടില്‍ വല്ല മാറ്റവും ഉണ്ടാകുന്നില്ലല്ലോ എന്ന ചിന്ത അയാളെ വ്യാകുലനാക്കുന്നു. പലപ്പോഴുമത് അയാളെ ഏകനായിരിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നു. ചില നേരങ്ങളില്‍ അലക്‌സ് ഉച്ചഭക്ഷണ ശേഷം ആ മുറിയില്‍നിന്ന് ഇറങ്ങിനടക്കും. ആ സമയം ഫ്രണ്ട് ഓഫീസിലെ മീനയെ പകരം ഇരുത്തിയിട്ടാണ് ആ പോക്ക്. അരമണിക്കൂറോളമേ തിരികെയെത്താന്‍ എടുക്കുകയുള്ളുവെന്നതിനാല്‍ മീന ഇക്കാര്യത്തില്‍ അലക്‌സിനെ സഹായിക്കാറുണ്ട്. അതിലുമുപരിയായി മീനയ്ക്ക് അന്യരുടെ ശബ്ദം ഫോണിലൂടെ കേള്‍ക്കുന്നതില്‍ കൗതുവുകമാണ്. ഇതറിഞ്ഞതുകൊണ്ടുതന്നെയാണ് അലക്‌സിന്റെ സൂത്രത്തിലുള്ള ഇടപാടും.
എന്നാല്‍, അന്ന് അലക്‌സ് ഗസ്റ്റ്ഹൗസില്‍നിന്നും ഇറങ്ങിനടന്ന് പതിവുപോലെ കായല്‍തീരത്തിലെ നടപ്പാതയിലൂടെ നടന്നപ്പോള്‍ കുറച്ചുനേരം ഇരിക്കണമെന്നു തോന്നി. നടപ്പാതയില്‍ സാമാന്യം തിരക്കുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ആളുകള്‍ നീങ്ങുന്നു. ഇതിനിടയില്‍ ഒരു വലിയ കൂട്ടം സ്‌കൂള്‍ കുട്ടികള്‍ അവിടം കടന്നുപോയി. അലക്‌സ് ശൂന്യമായി കിടക്കുന്ന ഒരു ബഞ്ച് നോക്കി നടന്നു. അടുത്തെങ്ങും ഒന്നും ശൂന്യമായിട്ടു കിടക്കുന്നില്ല. എല്ലാത്തിലും കാമുകനും കാമുകിയും കയ്യടക്കിയിരിക്കുന്നു. മരച്ചോടുകളില്‍ അപൂര്‍വ്വമായി ചെറുപ്പക്കാരുടേയും ചുറ്റിത്തിരിയുന്ന തെണ്ടികളുടേയും ചെറിയ കൂട്ടങ്ങള്‍ ഉണ്ട്. നടന്നെത്തിയപ്പോള്‍ നടപ്പാതയെ മേല്‍പ്പാലവുമായി ബന്ധിപ്പിക്കുന്നതിനടുത്തായി ഒരു സിമന്റ് ബഞ്ച് ആരുമില്ലാതെ കണ്ട് അയാള്‍ അവിടേക്ക് ചെന്ന് അതില്‍ ഇരിക്കാന്‍ തുടങ്ങി. ചാരുബഞ്ചില്‍ കൈകള്‍ വിടര്‍ത്തി കാലുകള്‍ വിടര്‍ത്തി പുറകോട്ട് വലിഞ്ഞ് സാവധാനം നിവര്‍ന്ന് ആശ്വസിച്ച് അയാള്‍ നെടുവീര്‍പ്പിട്ട് കണ്ണുകള്‍ അടച്ചു. കുറച്ചുനേരം കഴിഞ്ഞ് സാധാരണ മട്ടില്‍ ഇരുപ്പു തുടര്‍ന്നു. നിത്യമായി മുന്നില്‍ കാണുന്ന കായലിലെ ജലോപരിതലം. ഒരുതരം മടുപ്പ് അയാളില്‍ ഉളവാക്കി. അകലത്തായി ബോട്ടുകളും അതിലും ദൂരെ പോര്‍ട്ടിനരികില്‍ നങ്കൂരമിട്ട് മൂന്നു നാല് കപ്പല്‍ തന്നെയും കാണാനുണ്ടായിട്ടും വന്‍തിരയുടെ കോളിളക്കമുള്ള സമുദ്രയാത്രയെക്കുറിച്ച് മോഹിച്ച് അയാള്‍ വീണ്ടും കണ്ണുകളടച്ചു.
ആ സമയം അയാള്‍ക്കു മുന്നില്‍ ഒരു പ്രതിനിധീകരണം വന്നു ഭവിച്ചു. അത് ആ ചാരുബഞ്ചിന്റെ എതിര്‍ദിശയിലെ സിമന്റ് കെട്ടില്‍ അയാള്‍ക്കു നേരെ തിരിഞ്ഞ് ഇരിക്കാനും തുടങ്ങി. 'അപ്രത്യക്ഷ ദൈവമാണ്. കണ്ടിട്ടുണ്ടാകാന്‍ വഴിയില്ല. എന്നാല്‍, ഒരുപക്ഷേ, അന്വേഷികള്‍ക്കു ഞാന്‍ അപരിചിതനുമല്ല.' എന്നു പറഞ്ഞുതുടങ്ങിയ പ്രതിനിധീകരണം തന്നെത്തന്നെ സൂക്ഷിച്ചുനോക്കുന്ന അലക്‌സിന്റെ അടുത്തേക്ക് നടന്നെത്തി തോളത്തു തട്ടി ശ്രദ്ധ നിലനിര്‍ത്താനായി ഒരു ശ്രമം നടത്തി. അതു പൂര്‍വ്വസ്ഥിതിയില്‍ തിരിച്ചുചെന്ന് കല്‍ക്കെട്ടില്‍ ഇരിക്കുകയും ചെയ്തു. സ്ഥലബോധവും കാലബോധവും ലഭ്യമാകാതെ അലക്‌സ് ഒന്നു കുഴങ്ങി. ഉടനെ അലക്‌സിന്റെ ചിന്ത മറ്റൊരു വഴിക്കു സഞ്ചരിച്ചു. പ്രത്യക്ഷ രക്ഷാദൈവത്തെക്കുറിച്ച് അന്വേഷിച്ചറിഞ്ഞത് ഓര്‍ത്തെടുത്ത് അലക്‌സ് അപരിചിതന്റെ ഭാഷണത്തെ കൃത്യമാക്കിയെടുക്കാനായി ചോദിച്ചു: 'അങ്ങ് ശരിക്കും ഉദ്ദേശിച്ചത് പ്രത്യക്ഷ രക്ഷാദൈവവും അതോടു ചേര്‍ന്നിട്ടുള്ള സഭയുമാണ് എന്നതല്ലേ സത്യം?' അലക്‌സിന്റെ ശ്രദ്ധയോടെയുള്ള ചോദ്യം കേട്ട് സന്തോഷവാനായി അപരിചിതന്‍ സംസാരിച്ചു: 'അല്ല. അത് പ്രത്യക്ഷ രക്ഷാദൈവസഭയാണ്. മഹാത്മാവായ പൊയ്കയില്‍ യോഹന്നാന്റെ തത്ത്വചിന്താപരമായ ഇടപെടല്‍ സമൂഹത്തില്‍ നടത്തി അടിമജനതയെ നവീകരിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രസ്ഥാനമാണത്. അത്തരത്തില്‍ യാതൊന്നും ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. അതൊക്കെ ഉത്തരവാദിത്വബോധമുള്ളവര്‍ക്കുവേണ്ടി മാത്രം പറഞ്ഞിട്ടുള്ളതാണ്. ഒരുകാലത്ത് ഏതെങ്കിലും ദൈവബലത്തെക്കുറിച്ച് നമ്മുടെ നാട്ടിലെ ജനം ചിന്താകുലരായിരുന്നു. പത്തുപേര്‍ ചേര്‍ന്നാല്‍ ഒരു സഭയോ സമാജമോ സംഘമോ ഉണ്ടാക്കി അവര്‍ അവരവരുടെ ദൈവത്തെ സംരക്ഷിച്ചു വന്നു. യോഗക്ഷേമ സഭ, പുലയ സഭ, നായര്‍ സമാജം, ഈഴവ സഭ തുടങ്ങിയ അനവധി സഭകളും അവയ്‌ക്കൊക്കെ പലതരം പദ്ധതികളും ഉണ്ടായി. സമൂഹനന്മയ്ക്കായി അവ പ്രവര്‍ത്തിച്ചു. ധാരാളം മാന്യ നേതൃത്വങ്ങളും ഉണ്ടായി. ദൈവത്തെ അവര്‍ പല രീതിയില്‍ സമീപിച്ചു. കണ്ടെത്തി. ചിലര്‍ ദൈവമായി ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ സ്‌നേഹിക്കപ്പെട്ടു. ബഹുമാനിക്കപ്പെട്ടു. എന്നാല്‍, അങ്ങനെ പ്രത്യക്ഷമാകാതെയിരുന്നവര്‍ ഉണ്ടായിരുന്നു. കാലക്രമേണ അപ്രത്യക്ഷ ദൈവസ്ഥാനങ്ങളില്‍ അവര്‍ കയറിനിന്നു. അവരുടെ തുടര്‍ച്ചയില്‍ ഞാനും ഉണ്ടായി. അദൃശ്യമാണ് എവിടെയും എന്റെ സാന്നിധ്യം. ഏവരുടേയും അപ്രത്യക്ഷ ദൈവമായിത്തന്നെ. പ്രത്യക്ഷ മാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്നവര്‍പോലും ചിലപ്പോഴൊക്കെ എന്നെ തിരയാറുണ്ട്. എന്നാല്‍, കണ്ടെത്താറില്ല. അവര്‍ക്ക് പലതാണ് ഞാന്‍ പ്രത്യക്ഷപ്പെട്ട് തിരുത്തേണ്ട ചുമതല എനിക്കില്ല. എന്നെ അറിഞ്ഞാല്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാകും. പക്ഷേ, ഞാന്‍ ആര്‍ക്കു മുന്നിലും പ്രത്യക്ഷപ്പെടില്ലെന്നു തീരുമാനിച്ചുറച്ച ദൈവമാണ്. എന്നിലേക്ക് തെറ്റായ വഴിയിലൂടെ എത്താന്‍ ശ്രമിക്കുന്നവരെ നോക്കിനില്‍ക്കാന്‍ മാത്രമേ എനിക്കാവുകയുള്ളൂ. ഞാന്‍ കാലങ്ങളില്‍ അലഞ്ഞുതിരിഞ്ഞു കഴിയുന്നവനാണ്. ശരിക്കും പറഞ്ഞാല്‍ ഞാനാണ് അപ്രത്യക്ഷ രക്ഷാദൈവം. അതുമാത്രമാണ് ഞാന്‍. എന്തെളുപ്പമാണ് ഈ വിധം നിലനില്‍ക്കാന്‍. ഇവിടെ ഞാന്‍ ഒറ്റയ്ക്കല്ല. എന്നെപ്പോലെ അനവധിപ്പേരുണ്ട്. ശരിക്കും പറഞ്ഞാല്‍ അത് വലിയൊരു സഭ തന്നെയാണ്.

നിരുത്തരവാദികളുടെ വലിയ കൂട്ടം. എല്ലാ ദൈവങ്ങള്‍ക്കും ഒരു ചരിത്രമുണ്ട്. അവരില്‍ ഉറയുന്ന അപരശക്തിയുണ്ട്. അവരെ പിന്‍തുടരുന്നവര്‍ക്കും ഉണ്ട് അനവധി പിരിവുകള്‍. ശരിക്കും ഈ ദൈവങ്ങള്‍ അവരെ നയിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, അവിടെയാണ് അപ്രത്യക്ഷ രക്ഷാദൈവമായ എന്റെ പ്രത്യേകത. എനിക്ക് ആ രീതിയില്‍ ഒരു പിന്‍തുടര്‍ച്ച ഇല്ല. ഞാന്‍ ആരെന്ന് അധികമാര്‍ക്കും അറിയില്ല. ആരെയും യാതൊന്നും ഞാന്‍ പഠിപ്പിക്കാറില്ല. എന്നാലും എനിക്കൊരു ശക്തിയുണ്ട്. അലഞ്ഞുതിരിയുന്ന എന്റെ ശരീരത്തില്‍ മാത്രം നിലനില്‍ക്കുന്ന ജീവന്റെ ശക്തിയാണത്. ഞാന്‍ ഭക്ഷണം കഴിക്കുന്നു. വെള്ളം കുടിക്കുന്നു. ഉറങ്ങുന്നു. എല്ലാം മനുഷ്യപ്രവൃത്തികള്‍ മാത്രമാണ്. മനുഷ്യരൂപത്തിലുള്ള എന്റെ ചിട്ടവട്ടങ്ങള്‍. എങ്കിലും ഞാന്‍ ഒരു ദൈവമാണ്. എന്നെ അറിയുകയെന്നാല്‍ മനുഷ്യചരിത്രത്തെ ആകെക്കൂടി അറിയുകയാകുന്നു. അതിന്റെ പരിണതിയില്‍ നീയും ദൈവമായി മാറുന്നു.'

അസാധാരണമായ ആ ശബ്ദധാരയില്‍പ്പെട്ട് ഒരു നിമിഷം അലക്‌സ് വന്നിരിക്കുന്ന ആളെ അറിയാനായി ആഗ്രഹിച്ചു. അയാള്‍ പറഞ്ഞത് അനുസരിച്ച് അയാള്‍ ആരെന്നറിഞ്ഞാല്‍ കേട്ടിരിക്കുന്ന താന്‍ ഒരു ദൈവമായി മാറും. പിന്നെ ലഭ്യമായ അപാരശക്തിയില്‍ സന്തുഷ്ടനായി ജീവിക്കാമല്ലോ എന്ന് അലക്‌സ് കണക്കു കൂട്ടി. അലക്‌സ് പറഞ്ഞു: 'എല്ലാ ദൈവങ്ങള്‍ക്കും ചരിത്രമുണ്ട്. ഭൂമിശാസ്ത്രമുണ്ട്. താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ താങ്കളെക്കുറിച്ച് അറിയാന്‍ എന്താണ് വഴി?' മുന്നിലെ ദൈവം ചിരിച്ചു. എന്നിട്ട് അയാള്‍ പറഞ്ഞു തുടങ്ങി.!

അലക്‌സേ നിന്റെ പ്രായം തന്നെയാണ് എനിക്കും. നീ വിവാഹിതനായി. കുടുംബം നോക്കി. ജോലി എടുത്തു. ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗവും മാന്യസ്ഥാനവും നേടി. നീ ഈ സമൂഹത്തിലെ ഒരു അംഗമാണ്. പ്രത്യക്ഷത്തില്‍ ആരിലും പ്രത്യാശ നല്‍കിവരുന്ന ആള്‍. എന്നാല്‍, ഞാനങ്ങനെയല്ല. എന്റെ ജീവിതം തുടങ്ങുന്നത് അലക്‌സിന്റേതിനു സമാനമായ ഒരു നാട്ടുംപുറത്തു നിന്നാണ്. എന്റെ മാതാപിതാക്കള്‍ അങ്ങ് പര്‍വ്വതക്കെട്ടുകളില്‍നിന്ന് നഗരത്തിനടുത്ത് കുടികയറാന്‍ വന്നവരായിരുന്നു. ശരിക്കും പറഞ്ഞാല്‍ നഗരങ്ങളില്‍നിന്ന് ആയുധവും പണവും കൈവശപ്പെടുത്തിയിരുന്ന ദളിതേതര വിഭാഗക്കാര്‍ പര്‍വ്വതങ്ങളും മലമടക്കുകളും വനമേഖലകളും പുഴകളും കയ്യേറിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. സ്വസ്ഥമായി കാട്ടുകൃഷി ചെയ്തു ജീവിച്ചു വന്ന ഞങ്ങളുടെ പൂര്‍വ്വികര്‍ മലകയറി വന്ന കയ്യേറ്റക്കാരുടെ പട്ടയം കണ്ട് ഞെട്ടി വിറങ്ങലിച്ചുപോയി. അവരുടെ സംഘം ചേര്‍ന്നുള്ള സൂക്ഷ്മമായ ആസൂത്രിത ആക്രമണത്തില്‍ ചിന്നിച്ചിതറിപ്പോയ എന്റെ പൂര്‍വ്വികര്‍ പതിയെ പതിയെ മലയിടങ്ങളില്‍ പലയിടങ്ങളിലായി ജീവിക്കാന്‍ തുടങ്ങി. ഇതില്‍ നിന്നൊക്കെ വളരെ ഭയപ്പെട്ട് മലയിറങ്ങിപ്പോന്നവരില്‍ ഒരു കൂട്ടത്തില്‍പ്പെട്ടവരായിരുന്നു എന്റെ മാതാപിതാക്കള്‍. ശരിക്കും പേടിച്ചുതൂറികള്‍. അവര്‍ക്ക് ഇവിടെ നടന്ന സ്വാതന്ത്ര്യസമര സംഘട്ടനങ്ങളോ തൊഴിലാളി സംഘടനാ പ്രവര്‍ത്തനങ്ങളോ സമരങ്ങളോ വശമില്ലായിരുന്നു. നിയമ കോളേജുകളില്‍നിന്ന് റാങ്കോടെ ജയിച്ച് ദളിത് വേട്ടക്കാര്‍ ദുരയാല്‍ പാഞ്ഞ് വനഭൂമിയും പര്‍വ്വതങ്ങളും പുഴകളും മറ്റും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആക്രമിച്ചെത്തി പട്ടയം നേടി കൈവശമാക്കി അനുഭവിക്കുന്നതിനെക്കുറിച്ച് ഒരു ധാരണയും അവര്‍ക്ക് ഇല്ലായിരുന്നു. ശരിക്കും പറഞ്ഞാല്‍ പഠിക്കാതിരുന്നതിനാലാണ് ഞങ്ങള്‍ ആക്രമിക്കപ്പെട്ടത് എന്നു പര്‍വ്വതങ്ങള്‍ വിട്ട് ഭയംകൊണ്ട് വിറച്ച് നഗരത്തിനടുത്തെത്തി പല കൂലിവേലകളും ചെയ്ത് പുറംപോക്കില്‍ ജീവിച്ചു വന്നപ്പോള്‍ മാത്രമാണ് ഞങ്ങള്‍ക്കു ബോധ്യമായത്. അതിനാല്‍ പിന്നീട് മാതാപിതാക്കള്‍ എന്നെ പഠിപ്പിക്കാനായിട്ടാണ് പരമാവധി ശ്രദ്ധവെച്ചത്. അവര്‍ എന്നെ സര്‍ക്കാര്‍ വക വിദ്യാലയത്തില്‍ ചേര്‍ത്തു. ഞാന്‍ കോളേജില്‍ എത്തി. അപ്പോള്‍ പോലും എന്റെ കുടുംബത്തിനു കയറിക്കിടക്കാന്‍ ഒരു തുണ്ടു ഭൂമിപോലുമില്ലായിരുന്നു; തിരക്കുള്ള റോഡിന്റെ ഓരത്തെ പുറംപോക്കിലായിരുന്നു ജീവിതം. അതിലൂടെ നിയമസഭ ഭരിച്ച് ജീവിതം ആഘോഷിച്ച് ധൂര്‍ത്തടിച്ച് കൊള്ളക്കാര്‍ എന്നു ഞാന്‍ കരുതുന്നവര്‍ രാഷ്ട്രീയക്കാരായി, മന്ത്രിമാരായി ആഡംബരക്കാറുകളില്‍ ഒഴുകി നീങ്ങുമായിരുന്നു. രാത്രി നേരങ്ങളില്‍ അവയുടെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം കുടിലിന്റെ തുളഞ്ഞ മറവിലൂടെ അകത്തേക്കെത്തി കണ്ണുചിമ്മിക്കാറുള്ളതിനാല്‍ അതിരിലെല്ലാം കാട്ടുചെടികളും പള്ളകളും സംരക്ഷിച്ചു നിര്‍ത്തി. ആ കുടിലിനെ ആവതും ആവാസയോഗ്യമാക്കാന്‍ എന്റെ മാതാപിതാക്കള്‍ ശ്രമിച്ചുവരികയായിരുന്നു. സംവരണത്തിന്റെ ആനുകൂല്യം ഉണ്ടായിരുന്നതിനാല്‍ എനിക്ക് കോളേജ് ഹോസ്റ്റലില്‍ അഡ്മിഷന്‍ കിട്ടി. പിന്നെ ഞാന്‍ വീട്ടിലേക്ക് ചെല്ലാതെയായി. എന്നാല്‍, എത്രയൊക്കെ ശ്രദ്ധിച്ചിട്ടും പഠനത്തില്‍ മികവു കാട്ടാന്‍ എനിക്കായില്ല. എനിക്കു വിനയായത് പഠനഭാഷയും പലതരം സാങ്കേതികതകളുമായിരുന്നു. ഒരു കാലത്തും പരിചയപ്പെടാത്ത അപര അനുഭവങ്ങളുടെ ഇരച്ചുകയറ്റത്തില്‍ മുന്നോട്ടു പോകാനാകാതെ ശക്തി ചോര്‍ന്നതുപോലെ ഞാന്‍ ഏകാകിയായി. എന്നാല്‍, എന്റെ ഒപ്പം ഈ ഏകാന്തത അനുഭവിക്കുന്നവര്‍ ഇല്ലെന്നു കണ്ടപ്പോള്‍ ആണ് ഞാന്‍ തകര്‍ന്നുപോയത്. ദളിതരുടെ മക്കള്‍ കലാലയത്തിലെത്തി ദളിതു വിരുദ്ധരുടെ ഒപ്പം നീങ്ങുന്നതാണ് എന്നെ ഞെട്ടിച്ചത്. അവരൊക്കെയും പാസ്സായി ദളിത് വേട്ടക്കാര്‍ക്കൊപ്പം ചേരുകയും ചെയ്തു. എന്നാല്‍, എനിക്ക് ബിരുദമെടുക്കാന്‍ ആയില്ല. വിഷയപഠനത്തില്‍ ഞാന്‍ പലതവണ തോറ്റു. നിസ്സഹായതയുടെ ചതിച്ച തുരുത്തില്‍നിന്ന് ഞാന്‍ മുകളറ്റം നോക്കി. എനിക്കു ഭ്രാന്തുപിടിക്കും പോലെ തോന്നി. പഠനക്ലാസ്സുകള്‍ ഞാന്‍ കട്ടുചെയ്തു. അപ്പോള്‍പോലും ദളിതേതര സൗഹൃദം നേടാന്‍ ഞാന്‍ ശ്രമിച്ചില്ല. രാഷ്ട്രീയക്കാര്‍ പലവിധത്തില്‍ എന്റെ അടുത്തുവന്നു. അവരുടെ യൂണിയന്‍ അംഗമായിരിക്കാന്‍ എന്നോട് പറഞ്ഞു. അപ്പോഴൊക്കെത്തന്നെ ഞാന്‍ അകന്നുമാറി. ചില ഓഫറുകള്‍ അവര്‍ എനിക്കു നല്‍കി. ഇഷ്ടമുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം കാമ്പസില്‍ ചുറ്റിക്കറങ്ങാം. പഠിച്ചിറങ്ങിയാല്‍ കോളേജില്‍ അദ്ധ്യാപകനാക്കാം. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി നിയമിക്കാം. എം.എല്‍.എ ആക്കാം. മന്ത്രിയാകാം. അങ്ങനെ പലതും. എന്നാല്‍, ചില ലൈംഗിക ചിത്രങ്ങള്‍ ഞാനവരെ കാട്ടിക്കൊടുത്തു. ഹോസ്റ്റലില്‍ താമസിച്ചുവരവേ ചിലര്‍ ഉപേക്ഷിച്ചു കളഞ്ഞ ഏതാനും കൊച്ചു പുസ്തകങ്ങളിലെ ചിത്രങ്ങള്‍ ആയിരുന്നു അവ. അഴുക്കുപുരണ്ട പേപ്പറുകള്‍ കയ്യിലെടുത്ത് ഓമനിക്കുന്ന എന്നെ കണ്ട് വരേണ്യര്‍ പുച്ഛിച്ച് സഹതപിച്ച് ദൂരെപ്പോയി. ആ സന്ദര്‍ഭങ്ങളില്‍ ചിലപ്പോഴൊങ്കിലും സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കളിപ്പാട്ടങ്ങളോട് ഉണ്ടായിരുന്ന അമിതമോഹം എന്നെ പറ്റിച്ച സംഭവം ഞാന്‍ ഓര്‍ക്കുമായിരുന്നു. ഒരിക്കല്‍ സ്‌കൂള്‍ മുറ്റത്ത് കിടന്ന നീളം തോന്നിക്കുന്ന ഐവറി നിറത്തിലുള്ള വലിയ ബലൂണ്‍ കുട്ടിക്കൂട്ടത്തില്‍നിന്ന് ചാടിയെടുത്ത് വായില്‍ വെച്ച് ഊതി വീര്‍പ്പിച്ചതിനേ തുടര്‍ന്നുണ്ടായ ചില കോലാഹലങ്ങള്‍ ആയിരുന്നു അത്. അത് വീര്‍ത്തു വന്നപ്പോള്‍ അസാധാരണമായ വലിപ്പവും അറ്റത്ത് പശുവിന്റെ അകിടത്തെപ്പോലെ ഒരു മുലക്കാമ്പും ഉണ്ടായിവന്നു. വീണ്ടും വീണ്ടും ആവേശത്തില്‍ ഊതി ഞാനതിനെ വീര്‍പ്പിച്ചുകൊണ്ടിരുന്നു. അസാധാരണ വലുപ്പമുള്ള ഒരു പുരുഷലിംഗ സമമായി ബലൂണ്‍. അതിനിടയില്‍ കരസ്ഥലങ്ങളുടെ കൈവശക്കാരായവരുടെ മക്കളില്‍ ചിലര്‍ ആ അറിവ് ഉറക്കെ വിളിച്ചുപറഞ്ഞു. അതുകേട്ട് അസൗകര്യങ്ങളുടെ ഒപ്പം ജീവിച്ചുവരുന്നവരുടെ പിള്ളേര്‍ വരെ ജ്ഞാനബോധത്താല്‍ കൂകി വിളിക്കാന്‍ തുടങ്ങി. എന്റെ ആദ്യത്തെ അപ്രത്യക്ഷ നേരമായി മാറി അത്. അതില്‍പിന്നെ മോഹത്തെ ഞാന്‍ ഭയപ്പാടോടെ കാത്തു. എനിക്കതുപോലൊന്നിനെ നേരിടാനാകാതെ ഞാന്‍ ജാഗ്രതയുള്ളവനായി. എന്നാല്‍, അന്നൊരിക്കല്‍ കലാലയത്തില്‍ സകലരും എടുത്തുയര്‍ത്തിയ ആ എതിര്‍ലിംഗത്തെ അവഗണിച്ചു നീങ്ങാന്‍ എനിക്കാകാതെ വന്നു. ഭയപ്പെട്ടിരുന്ന ആ ജ്ഞാനബോധത്തെ അതേപടി സ്വീകരിക്കുന്നതായി പ്രഭ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യം എന്നില്‍. ശരിക്കുമത് കലാലയത്തിലെ ദളിത് വിഭാഗം വിദ്യാര്‍ത്ഥികളെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാനായി കമ്യൂണിസ്റ്റുകാരായ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ഒരു കളിയായിരുന്നു. എന്റെ സീനിയര്‍ ആയിരുന്നു പ്രഭ മജിസ്‌ട്രേറ്റ്. പലയിടത്തും തോറ്റു താമസിച്ചെത്തിയ പ്രായം കണക്കിലെടുത്താല്‍ ഞാന്‍ മുതിര്‍ന്നവനായിരുന്നു. വലിയ സൗകര്യമൊന്നും ആ പെണ്ണിന് ഉണ്ടായിരുന്നില്ല. പ്രഭയുടെ പേരിനൊപ്പം 'മജിസ്‌ട്രേറ്റ്' എന്നു കണ്ടതില്‍ ഞാന്‍ ആകൃഷ്ടനായി. എനിക്കൊരിക്കലും അത് സങ്കല്പിക്കാനാകാത്തതായിരുന്നു. എന്റെ പേരിനൊപ്പം സ്ഥാനപ്പേരില്ല. എന്റെ വീട്ടുകാര്‍ സ്ഥാനീകരുമല്ലായിരുന്നു. ആവിധത്തില്‍ അതിനെ എനിക്ക് അവഗണിക്കാനായില്ല. തെരഞ്ഞെടുപ്പിന്റെ ഭാഗമായി അന്ന് ക്ലാസ്സ് സമയത്ത് വോട്ടഭ്യര്‍ത്ഥനയുമായി അവള്‍ വന്നു. ഞാന്‍ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ അവളുടെ കാല്‍പാദത്തെ വെളുപ്പിലേക്ക് പടര്‍ന്നുകയറുന്ന ഇരുണ്ട ത്വക്കിന്റെ മഷിവേലകള്‍ കണ്ടു. എനിക്കത് ഊഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മറ്റ് ദളിതു വിദ്യാര്‍ത്ഥികളെ കബളിപ്പിക്കാനാണ് അവളുടെ സ്ഥാനാര്‍ത്ഥിത്വം. എങ്കിലും എനിക്കവള്‍ സ്ഥാനപദവിയിലുള്ള നാമം മാത്രമായി മാറി. ഒരു പേരിന്റെ സാധ്യതയും അതിന്റെ ഉടമസ്ഥ നേരിടുന്ന വെല്ലുവിളികളും എന്നെ വല്ലാതെ വലച്ചുകളഞ്ഞു. വെറും അധികാര മോഹമായിട്ട് അവയെ ഞാന്‍ മനസ്സിലാക്കിയില്ല. മറിച്ച് അധികാരത്തെ മഷിവേലയില്‍ മുക്കി ചവിട്ടി നില്‍ക്കുന്നതിലെ ധിക്കാരമാണതെന്ന് എനിക്കു തോന്നി. ഒരിക്കലെങ്കിലും പ്രത്യക്ഷനാകാന്‍ ആ ജനക്കൂട്ടത്തിലിരുന്നു ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ എനിക്കതിന് ആകുമായിരുന്നില്ല. അവിടെ സകലതും നിയന്ത്രിച്ചിരുന്നത് കമ്യൂണിസ്റ്റുകാരും ഗാന്ധിയരും ദൈവാധിഷ്ഠിത വിശ്വാസികളും ചേര്‍ന്ന വിദ്യാര്‍ത്ഥിക്കൂട്ടങ്ങളായിരുന്നു. ഞാന്‍ വീണ്ടും ഏകാകിയായി കഴിഞ്ഞു. ഹോസ്റ്റലിലെ ഫുഡ് കഴിച്ചു ഞാന്‍ ഉറങ്ങി. സര്‍ക്കാരിന്റെ തടവറയിലും ഇതേ ഭക്ഷണമാണ് വിളമ്പുന്നത് എന്നും ഞാന്‍ ഓര്‍ക്കേണ്ടതായിരുന്നു. പ്രത്യക്ഷനാകാനുള്ള വെമ്പലില്‍ അതും ഞാന്‍ മറന്നുകളഞ്ഞു. അവളെ പിന്‍തുടരുന്നതു മാത്രമായി പിന്നീട് എന്റെ ജോലി. അവളെ കണ്ടെത്തിയതിനു മൂന്നാം നാള്‍ ഞാന്‍ ഭയപ്പെട്ടിരുന്ന ആ കാര്യം എനിക്കു നേരെ വന്നു. തെരഞ്ഞെടുപ്പിന്റെ തിരക്കിനിടയിലും സല്ലപിക്കുന്ന ഒരു കാമുകനും കാമുകിയുമായിരുന്നു എന്നെ നിയന്ത്രിക്കാന്‍ വന്ന ആ വലിയ കാര്യം. എന്റെ ജ്ഞാനബോധം വീണ്ടും എന്നെ തകര്‍ക്കുവാനായി ആക്രമിച്ചെത്തുകയായിരുന്നു. ആ കാമുകിയുടെ സ്ഥാനത്ത് അവള്‍ വന്നതെങ്ങനെയെന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. അവളുടെ കാമുകന്‍ ഒരു മഞ്ഞനിറക്കാരനാണെന്ന് ആദ്യം തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോഴുള്ള സ്ഥാനപതിയുടെ അവിടുത്തെ കീഴ്‌വഴക്കങ്ങള്‍ ഒരിക്കല്‍പോലും ദൃശ്യപ്പെടാത്ത എന്റെ അഭിമാനത്തിന്റെ നെറുകയെ തകര്‍ത്തുവീഴ്ത്താന്‍ കാരണമായി. ഞാന്‍ ശരിക്കും കുടുക്കില്‍പ്പെട്ടതുപോലെയായി; അനങ്ങാന്‍ പറ്റുന്നതേയില്ല. കഷ്ടപ്പെട്ട് പഠിക്കുന്നത് ഓര്‍ത്തില്ല. മറ്റൊരു ദളിതു വിദ്യാര്‍ത്ഥിയുടെ കരുണയില്‍ ഇട്ടിരിക്കുന്ന നാണം മറച്ചുള്ള വസ്ത്രത്തെക്കുറിച്ച് ചിന്തിച്ചില്ല. അടിമവേലക്കാരായ ജനയിതാക്കളുടെ രക്ഷയും ഞാന്‍ കണക്കിലെടുത്തില്ല. മുന്നില്‍ കണ്ട പ്രണയികള്‍ക്കൊപ്പം ഞാന്‍ കൂടി. പിന്നീടുള്ള ദിവസങ്ങളില്‍ അവരുടെ പ്രേമത്തിന്റെ നേരം നോക്കി ഞാന്‍ പതുങ്ങിയെത്തുമായിരുന്നു. എന്നിട്ട് അവര്‍ക്ക് പലതരത്തിലുള്ള തടസ്സങ്ങളായി എന്റെ വര്‍ത്തമാനങ്ങളും പ്രവൃത്തികളും തുടര്‍ന്നുവന്നു. ഇതിനിടയില്‍ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ അവള്‍ ജയിച്ചു. കോളേജില്‍ പല പരിപാടികളും അവള്‍ ഏറ്റെടുത്തു നടത്തിക്കൊണ്ടിരുന്നു. എന്റെ പ്രശ്‌നമായി മാറിയ അവരുടെ ആ ബന്ധം തുടരുകയും ചെയ്തു. പ്രഭ മജിസ്‌ട്രേറ്റിന്റെ കാമുകനായ ത്രിവിക്രമന്‍ നായരോട് ഞാന്‍ സംസാരിച്ചു. മനുഷ്യവര്‍ഗ്ഗത്തിന്റെ മോചനത്തിനായി ഞാനവളെ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യം അറിയിച്ചു. നായരായി കാമ്പസ്സില്‍ പ്രത്യക്ഷപ്പെടുന്ന നിന്റെ സ്ഥിരം പരിപാടി എന്നെ അല്പവും രസിപ്പിക്കുന്നില്ലെന്നു പറഞ്ഞു. നിന്റെ പ്രേമം ഒരു പ്രേമമേയല്ലെന്ന് എനിക്കവന്റെ മുഖത്തുനോക്കി പറയേണ്ടിവന്നു. ഇങ്ങനെ പോയാല്‍ ഓര്‍ക്കാപ്പുറത്ത് പ്രത്യക്ഷപ്പെട്ട് നിന്നെ ഞാന്‍ ആക്രമിച്ചു ക്ഷീണിതനാക്കുമെന്ന് താക്കീത് നല്‍കി. ജാതീയമായി നീ അവള്‍ക്കു യോജിക്കില്ല എന്ന് ഉപദേശിച്ചു. നിന്റെ പ്രേമം നല്ലതല്ലെന്നു ബോദ്ധ്യപ്പെടുത്തി. എല്ലാം കേട്ടിട്ടും അവനൊരു കുലുക്കവുമില്ല. ഞാന്‍ പരിഹസിക്കപ്പെട്ടു. ആ കോളേജില്‍ അതു പാട്ടായി. എന്റെ പ്രത്യക്ഷപ്പെടല്‍ നോക്കി ഓരോ വിദ്യാര്‍ത്ഥിയും കാത്തുനില്‍ക്കുന്നതായി എനിക്കു തോന്നി. അവര്‍ക്കാര്‍ക്കും ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ, എനിക്കറിയാമായിരുന്നു എത്രമാത്രം മനസ്സിനെ പരിണതപ്പെടുത്തിയിട്ടാണ് അവളെ കാമുകിയാക്കിയെടുക്കുന്നതില്‍ ഞാന്‍ വിജയിച്ചതെന്നും ഇങ്ങനെയൊക്കെ ദൃശ്യപ്പെടേണ്ടതായി വന്നതെന്നും അതിനാല്‍ മറ്റാരേക്കാളും സ്ഥാനപതിയുടെ അംഗപരിചരണത്തിന് എത്തിച്ചേരേണ്ട വ്യക്തി ഞാന്‍ തന്നെയാണ് എന്നും എനിക്കുറപ്പുണ്ടായിരുന്നു. നവോത്ഥാന കാലത്തുണ്ടായ പല ജാതിമത സംഘടനകളുമായി ബന്ധപ്പെട്ട് ആ നഗരത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭേദപ്പെട്ട ചിന്തകരുമായി ഞാന്‍ ആശയവിനിമയം നടത്തി. അവരിലാരും തന്നെ പ്രഭ മജിസ്‌ട്രേറ്റിനേയോ ത്രിവിക്രമന്‍ നായരേയോ അനുകൂലിക്കുന്നില്ലെന്നു കണ്ട് ഞാന്‍ ആനന്ദിച്ചു. പഠിപ്പും സൗന്ദര്യവും ഒക്കെ ചേര്‍ന്നുണ്ടാകുന്ന പ്രണയകാര്യ വസ്തുതകള്‍ നിരത്തി അപൂര്‍വ്വം ചിലര്‍ എന്നെ എതിര്‍ത്തു. മറ്റു സ്ഥാപിതബോധമൊന്നുമില്ലാതെ പഠനകാര്യങ്ങള്‍ മാത്രം നോക്കി കോളേജില്‍ വന്നിരുന്ന പ്രത്യക്ഷ സമരങ്ങളിലൊന്നും താല്പര്യമില്ലാത്ത ഒരു ന്യൂനപക്ഷമായിരുന്നു അവര്‍. അവരെ ഞാന്‍ തൃണവല്‍ഗണിച്ചു. എന്നു മാത്രമല്ല, 'ഭീരുക്കള്‍' എന്ന് അവരെ നോക്കി ഞാന്‍ അലറി. എന്റെ അപ്പോഴുള്ള പ്രത്യക്ഷപ്പെടല്‍ കണ്ട് അവര്‍ അവരുടെ വഴിനോക്കി പോയി. അരോഗ ദൃഢഗാത്രനും പഠിപ്പില്‍ റാങ്ക് ഹോള്‍ഡറുമായിരുന്ന ത്രിവിക്രമന്‍ നായരെ ഒരു എതിരാളിയായിക്കൂടി കാണാന്‍ എനിക്കപ്പോള്‍ കഴിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ വൈയക്തിക ഗുണങ്ങള്‍ നായര്‍ സമുദായത്തിന്റെ ഉയര്‍ച്ചയ്ക്കായി ഉപയോഗപ്പെടുത്തേണ്ടതാണെന്ന നിഗമനത്തില്‍ ഞാന്‍ വളരെവേഗം എത്തി. അതിനോട് ഞാന്‍ കണ്ട നായന്മാരോടെല്ലാം അഭിപ്രായം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ കാര്യങ്ങളും വ്യത്യസ്തങ്ങളായിരുന്നില്ല. ചിലര്‍ എന്നെ തിരുത്തി. നായന്മാര്‍ക്കും മറ്റ് ഉയര്‍ന്ന ഹിന്ദുക്കള്‍ക്കും ദളിത് സ്ത്രീകളെ യഥേഷ്ടം പ്രാപിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, വിവാഹം കഴിക്കാന്‍ പാടുള്ളതല്ല എന്നായിരുന്നു അവരുടെ പക്ഷം. അത് പൊതുവില്‍ നാട്ടില്‍ നടക്കുന്നതാണെന്ന് അവര്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ തന്നെ എനിക്കു ദേഷ്യം തോന്നി. ശ്രീ ത്രിവിക്രമന്‍ നായരുമായി നടത്തിയ നീണ്ട സംഭാഷണത്തില്‍നിന്ന് അദ്ദേഹത്തിനും അത്തരമൊരു പ്രാപിക്കല്‍ താല്പര്യമാണ് നിലവിലുള്ളതെന്നു ഞാന്‍ മനസ്സിലാക്കി. എത്രയും പെട്ടെന്ന് ഇടപെട്ടില്ലെങ്കില്‍ അവിടെ പലതും നടക്കുമെന്ന് ഞാന്‍ ജാഗ്രതയോടെ അറിഞ്ഞു. എന്നാല്‍, പ്രഭ മജിസ്‌ട്രേറ്റും കാമുകനും ഒരു സംഘത്തിന്റെ ഭാഗമായിരുന്നു. പ്രഭ മജിസ്‌ട്രേറ്റിന് എന്നെ അറിയില്ലെന്നും ഞാന്‍ പുറമേ നടക്കുന്ന ഒരു തല്ലുകാരന്‍ മാത്രമാണെന്നും ആ കൂട്ടത്തില്‍ ഉള്ളവര്‍ എന്നെ വിളിച്ചു താക്കീതു നല്‍കി. അത് ഏറെക്കുറെ സത്യമായിരുന്നു. എന്നാല്‍, ജ്ഞാനബോധം എന്നെ ചതിച്ചു. സ്ഥാനപതിയുടെ ഉജ്ജ്വലഘടന എന്നെ അടക്കിഭരിക്കാന്‍ തുടങ്ങി. വേനല്‍ക്കാലം കഴിഞ്ഞു. അവധി ദിനമായി. കലാലയത്തില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോയി. പ്രണയികള്‍ മാത്രം അവിടവിടെയായി തങ്ങിനിന്നു. ചിലര്‍ കെട്ടിപ്പിടിച്ചു. ചിലര്‍ ഉമ്മവെച്ചു. മറ്റു ചിലര്‍ മുറിയെടുത്ത് രണ്ടു മൂന്നു ദിവസം കഴിഞ്ഞുപോകാന്‍ തീരുമാനിച്ചു. ആകാംക്ഷ കെടാതെ കാക്കാന്‍ അവരേവരും പ്രയത്‌നിച്ചു. ശ്രദ്ധിച്ചു. ഞാന്‍ അവസാന ദിവസത്തെ ഹോസ്റ്റല്‍ ഫുഡ് കഴിക്കാനായി പലയിടങ്ങളിലും ചുറ്റിത്തിരിഞ്ഞ് റോഡിലൂടെ നടന്നുവന്നു. ആ നിമിഷം റോഡരികില്‍ പ്രേമപരവശനായ സ്ഥാനപതിയേയും കാമുകനേയും കണ്ടു. ജ്ഞാനബോധം വീണ്ടും എന്നെ വിഷമത്തിലാക്കി. ഞാന്‍ സമ്മര്‍ദ്ദത്തിലായി അയാള്‍ക്കു നേരെ പാഞ്ഞു. എന്നെക്കാള്‍ ബലവാനും ഉയരവും ഉണ്ടായിരുന്ന അയാള്‍ എന്നെ തള്ളി അകറ്റാന്‍ ശ്രമിച്ചു. അക്കാലത്ത് വന്നു പ്രചരിച്ചു തുടങ്ങിയ ഒരുതരം മൊബൈല്‍ പണമുള്ള വിദ്യാര്‍ത്ഥികളുടെ കൈവശം ഉണ്ടായിരുന്നു. അവരത് ഫാഷനായി കൊണ്ടുനടന്നിരുന്നു. ആ സംഭവങ്ങള്‍ നടക്കുന്നതിനിടയില്‍ നായര്‍ കാമുകന്‍ മൊബൈല്‍, കയ്യിലെടുത്ത് പലരേയും വിളിച്ചു. അക്രമക്കൂട്ടമായി പ്രത്യക്ഷപ്പെടുന്ന കാമ്പസ്സിലെ കമ്യൂണിസ്റ്റുകാരും ഗാന്ധിയന്മാരും ദൈവാരാധകരും എന്നെ ഒരുമിച്ച് ആക്രമിക്കാന്‍ പാഞ്ഞടുത്തു. എന്നാല്‍, അപ്പോള്‍ അതുവഴി വന്ന ഫ്‌ലയിങ്ങ് സ്‌ക്വാഡ് അവിടെ വാഹനം ചവിട്ടിനിറുത്തി. ആക്രമണകാരിയെന്ന് ഏവരാലും തീരുമാനിക്കപ്പെട്ട എന്നെ അവര്‍ പിടിച്ചു കുനിച്ചുനിര്‍ത്തി മുതുകില്‍ ഇടിച്ചു. സൂപ്രണ്ട് ഓഫ് പൊലീസ് ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവരെന്നെ പിടിച്ചു കൊണ്ടുപോയി ജയിലില്‍ ഇട്ടു. തടവറ എനിക്ക് ആദ്യം ഭ്രാന്തു തന്നു. പിന്നെ ഞാന്‍ കാര്യങ്ങള്‍ വിവേകപൂര്‍വ്വമാക്കാന്‍ ഒരു ശ്രമം നടത്തി. അതിന്റെ വെളിച്ചത്തില്‍ അവളെ ഞാന്‍ വിവാഹം കഴിക്കുന്നതാണ് പ്രശ്‌നത്തിനു പരിഹാരമെന്നു കരുതി. വിഷയം അവളുടെ കുടുംബത്തെ അറിയിക്കാനായി തീര്‍ച്ചപ്പെടുത്തി. റിമാന്റ് കാലാവധി കഴിഞ്ഞു ഞാന്‍ സ്വന്തം ജാമ്യത്താല്‍ ജയിലിനു പുറത്തായി. അവളുടെ വീട്ടിലേക്കാണ് ആദ്യം ചെന്നത്. ജ്ഞാനബോധം എന്നെ വീണ്ടും ചതിച്ചു. അവള്‍ പ്രത്യക്ഷത്തില്‍ ഭൗതിക സൗകര്യങ്ങളുള്ള ഒരു ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു. അവളുടെ രക്ഷാകര്‍ത്താക്കള്‍ അദ്ധ്യാപകരായി റിട്ടയര്‍ ചെയ്തു കഴിയുന്നവരായിരുന്നു. സുരക്ഷിതമായ വീടും വാഹനവും അവര്‍ക്കുണ്ട്. അവളുടെ അച്ഛന്‍ എന്നെ കണ്ട് പറഞ്ഞു: 'ഞാന്‍ കാണാന്‍ ആഗ്രഹിച്ചിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞു. അവളെ തനിക്കു തരാന്‍ ഞാന്‍ നിശ്ചയിച്ചിട്ടുണ്ട്.' എന്നാല്‍, അതു കേള്‍ക്കാനല്ലായിരുന്നു ഞാനവിടെ പോയത്. അവളെ കാണാന്‍ തന്നെ. പക്ഷേ, അവള്‍ അവിടെ ഇല്ലെന്നായിരുന്നു കേള്‍ക്കാനായത്. ഇത്രയൊക്കെയായിട്ടും ആ സ്ത്രീയോട് ഞാന്‍ സംസാരിച്ചിരുന്നില്ല. അതിനപ്പുറം സ്ഥാനപതിയുടെ ജ്ഞാനബോധം എന്നെ തടവറയിലാക്കിയതായിരുന്നു ഇതിനെല്ലാം അടിസ്ഥാനം. ഞാനവിടെനിന്നും പോന്നു. കുറച്ചുകാലം കൂടി കഴിഞ്ഞു. നഗരത്തിലെ എന്റെ പഠനം ഇടയ്ക്കു വെച്ചു നില്‍ക്കാനതു കാരണമായി. വീട്ടിലേക്ക് ആരും എന്നെ അന്വേഷിച്ചെത്തിയില്ല. അവളുടെ അച്ഛന്‍ പറഞ്ഞതില്‍ എന്തെങ്കിലും വസ്തുത ഉണ്ടോ എന്നറിയാന്‍ പല വേലകളും ചെയ്ത് വീട്ടിലെ ദാരിദ്ര്യം അകറ്റിക്കൊണ്ടിരിക്കുമ്പോഴും എനിക്കൊരു ആഗ്രഹമുണ്ടായി. സ്ഥാനപതി അവസാന വര്‍ഷ പരീക്ഷയും നല്ല നിലയില്‍ ജയിച്ചു കഴിഞ്ഞിരുന്നു. അവള്‍ ഉന്നത പഠനത്തിനായി വീണ്ടും പോയി. അവളുടെ വീട്ടില്‍ ഈ തവണ മാതാപിതാക്കളേയും കൂട്ടിയാണ് ഞാന്‍ എത്തിയത്. അവരോടൊപ്പം എന്നെ കണ്ട അവളുടെ അച്ഛനും അമ്മയും ബന്ധുമിത്രാദികളും എന്നെ കണക്കിനു കളിയാക്കി. എനിക്കത് മനസ്സിലാകുമായിരുന്നു. എന്നാല്‍, അടിമവേലമാത്രം ചെയ്തു ശീലിച്ച് അഭിമാനം എന്നത് സിനിമകളില്‍ മാത്രമാണുള്ളതെന്ന് ധരിച്ചിരുന്ന എന്റെ മാതാപിതാക്കള്‍ക്ക് അവിടെനിന്നും ഇറങ്ങുമ്പോള്‍ പ്രത്യേകമായി തങ്ങള്‍ക്കു വല്ലതും സംഭവിച്ചതായി തോന്നിയില്ല. 'മകന്‍ ഒരു വിവാഹത്തെക്കുറിച്ചു പറഞ്ഞു കൂട്ടിക്കൊണ്ടു വന്നതാ' എന്നു മാത്രമാണ് എന്റെ പിതാവ് പെണ്ണിന്റെ ആളുകളോട് പറഞ്ഞത്. അധികം നേരം നില്‍ക്കാതെ തലകുനിച്ച് ഞങ്ങള്‍ അവിടെനിന്നും ഇറങ്ങിനടന്നു. അവളെ ഒന്നു കണ്ട് ചില കാര്യങ്ങള്‍ സംസാരിക്കണമെന്നുള്ള മോഹം അവസാനമായും നടക്കാതെ പോയതിനാല്‍ ഖിന്നനായി നീങ്ങുമ്പോള്‍ പിതാവ് പറഞ്ഞു: 'എടാ ഞാന്‍ വയസ്സനായി. അധികകാലമുണ്ടാകില്ല; നിന്റമ്മയും. നീ ഈ പെണ്ണിന്റെ വീടുപോലൊരു വീട് വയ്ക്കണം. അതുപോലെ സ്വന്തം വഴിയൊക്കെയുള്ള ഒന്ന്. എന്നിട്ട് സന്തോഷമായി താമസിക്കണം. അവളെ നിനക്ക് കിട്ടാനൊന്നും പോണില്ല... മറന്നേക്ക്.' അവരുടെ വീട് കടന്നുപോയ വഴി ഞാന്‍ തിരിഞ്ഞുനോക്കി. വളരെ ദൂരം ഞങ്ങള്‍ പിന്നിട്ടിരുന്നു എങ്കിലും കിതപ്പു തോന്നിയില്ല. ബസില്‍ കയറുമ്പോഴും തണുത്ത ശരീരമായിട്ടുതന്നെ കയറി അതില്‍ ഇരുന്നു. ആദ്യമായി എന്റെ ജനയിതാക്കളോട് എനിക്കു സ്‌നേഹം തോന്നി. അന്നു മുതല്‍ എല്ലാം ഞാന്‍ മറക്കാന്‍ തുടങ്ങി. കഴിഞ്ഞുപോയതൊരു കാണാന്‍ പറ്റാത്ത സ്വപ്നമായിരുന്നുവെന്ന് കഥയിലേതുപോലെ ഞാന്‍ വിചാരിച്ചു കഴിഞ്ഞു. എന്നിലെ ജ്ഞാനബിംബങ്ങള്‍ ഞാന്‍ മായ്ചുകളഞ്ഞു. അവ തനിയേ മാഞ്ഞുതുടങ്ങിയിരുന്നു; പിതാവ്, മാതാവ്, സ്ഥാനപതി വിചാരങ്ങള്‍ എല്ലാം. പലതരം കൂലിവേലകള്‍ ചെയ്ത് ജീവിക്കുന്നതിനിടയില്‍ ഒരു തവണ ഞാന്‍ ഒരു ലോട്ടറി ടിക്കറ്റ് വിലകൊടുത്ത് വാങ്ങി. അടിക്കുമെന്ന് കരുതാതെ അതു ഞാന്‍ പൊത്തില്‍ ഒളിപ്പിച്ചുവെച്ചു. കുറച്ചു ദിവസം കഴിഞ്ഞാണ് അതിന്റെ ഫലം വന്നത്. ആ ടിക്കറ്റിനു ഫസ്റ്റ് പ്രൈസ് ഉണ്ടായിരുന്നു എന്നു പറഞ്ഞാല്‍ മിസ്റ്റര്‍ അലക്‌സ് അതു വിശ്വസിക്കുമോ? എന്നാല്‍, സത്യം അതായിരുന്നു. അങ്ങനെ പെട്ടെന്ന് ഞാന്‍ അധിക മുതലിന്റെ ഉടമയായി. ഞാന്‍ ആ പണം പലതരത്തില്‍ ചെലവാക്കി. ചെലവാക്കാത്തവ ബാങ്കിലിട്ടു. അതില്‍നിന്നും നല്ല തുക പലിശ കിട്ടി. പിന്നെ പലിശ മാത്രം എടുത്ത് ഉപഭോഗം ചെയ്തു. ഞാന്‍ ആ കുടിലു വിട്ടു. പലയിടങ്ങളില്‍ അന്തിയുറങ്ങി. ചില പെണ്ണുങ്ങളെ കാശുകൊടുത്തു ഭോഗിച്ചു. അവരില്‍ ദളിതരും അദളിതരും ഉണ്ടായിരുന്നു. ആക്ടിവിസ്റ്റുകളും ആത്മബോധം ഇല്ലാത്തവരും ഉണ്ടായിരുന്നു. വലിയ വലിയ ഹോട്ടലുകളില്‍ ഞാന്‍ താമസിച്ചു. മുന്തിയ തരം മദ്യം കഴിച്ചു. പലതവണ വിദേശ യാത്രകള്‍ നടത്തി. അവിടേയും എന്നെ സ്വീകരിക്കാന്‍ വനിതകള്‍ ഉണ്ടായിരുന്നു. പണം കൊടുത്ത് ഞാനവരെ സന്തോഷിപ്പിച്ചു. ഇങ്ങനെയൊക്കെയായി ജീവിക്കുന്ന ഒരുവന് എന്ത് അതിരുകളാണ് ഉള്ളത്? എന്ത് എതിരുകളാണ് ഉള്ളത്? എനിക്കിന്ന് ജ്ഞാനബോധത്തിന്റെ കനമുള്ള മുഖമില്ല. രാവിലെ എഴുന്നേറ്റ് വരുന്നയിടത്താണ് എന്റെ മേല്‍വിലാസം. കാണുന്നവന്റെ സംസാരത്തിലാണ് ഞാന്‍ കുടികൊള്ളുന്നത്. എന്റെ തുടര്‍ച്ചകളില്‍ പോലും ഞാന്‍ അന്വേഷിക്കുന്നില്ല. എനിക്ക് തുടര്‍ച്ചകള്‍ ഉണ്ടാകില്ല. ഇതല്ലേ പുതിയത്? 

അലക്‌സിന് എന്തു തോന്നുന്നു? എനിക്ക് ജീവിതം മടുക്കുന്നതേയില്ല. ആത്യന്തികമായി അനശ്വരതയുടെ ജേതാവാണ് ഞാന്‍. ശരിയായ അപ്രത്യക്ഷ ദൈവം. ആര്‍ക്കും പിടികൊടുക്കാതെ മാറിനില്‍ക്കുന്ന കരുത്ത്.'

'പ്രണയത്തില്‍ തകര്‍ന്ന ആളല്ല താങ്കള്‍. എന്നാല്‍, ആ ലോട്ടറി ടിക്കറ്റാണ് താങ്കളെ യഥാര്‍ത്ഥ ജേതാവാക്കിയതെന്ന് തോന്നുന്നുമില്ല. അത് അടിച്ചിരുന്നില്ലെങ്കിലും തന്നെപ്പോലെ ഒരുവന് ജ്ഞാനബോധത്തിന്റെ സ്ഥാനചിഹ്നങ്ങള്‍ ആവശ്യമില്ല. ശരിക്കും അദൃശ്യനാണ് താങ്കള്‍. ഞാന്‍ ആരാധിക്കുന്ന എന്റെ ദൈവത്തേപ്പോലെ ഒട്ടും പ്രത്യക്ഷനല്ല. പക്ഷേ, എന്തിനാണ് താങ്കള്‍ എന്റെ മുന്നില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടത്?'

അലക്‌സിന്റെ ചോദ്യം മുന്‍പേ അറിഞ്ഞിട്ട് എന്നവണ്ണം അപ്രത്യക്ഷ രക്ഷാദൈവം പറയാന്‍ തുടങ്ങി.

'ഞാന്‍ അനാദിയാണ്. അന്ത്യമില്ലാത്തവനുമാണ്. എന്നെ ആര്‍ക്കും തടവിലിടാനാകില്ല. ജ്ഞാനബോധത്തിന്റെ ഭാഗമല്ലാത്തവനാണ് ഞാന്‍. പണമില്ലാതിരുന്നപ്പോഴും ഞാനിങ്ങനെയൊക്കെയായിരുന്നു. ഇനി നിങ്ങള്‍ പറയൂ. പ്രത്യക്ഷപ്പെടുന്ന ഒരു നേതാവിനേയോ ദൈവത്തേയോ പ്രസ്ഥാനത്തേയോ കാത്ത് കഴിയുന്നവരാണ് അധികം പേരും. അവര്‍ക്കു മുന്നില്‍ ഞാന്‍ അദൃശ്യനാണ്. എന്നെ അവര്‍ അറിയണമെന്നില്ല. എന്നാല്‍, ഇപ്പോള്‍ മുതല്‍ താങ്കള്‍ എന്റെ ഭാഗമാണ്. കൃത്യമായും അപ്രത്യക്ഷ ദൈവത്തിന്റെ ഭാഗം ഈ നിലയില്‍ ചിന്തിച്ചു നടന്നു നോക്കൂ. താങ്കളുടെ ജീവിതദുഃഖങ്ങള്‍ ഇവിടെ തീരും.'

ഇത്രയും പറഞ്ഞുകൊണ്ടിരുന്ന അപ്രത്യക്ഷ ദൈവത്തിന്റെ വാക്കുകളില്‍പ്പെട്ട് ചിന്താക്കുഴപ്പത്തിലായി തല കുമ്പിട്ടുപോയ അലക്‌സ് തല ഉയര്‍ത്തി കണ്ണുകള്‍ വിടര്‍ത്തി ചുറ്റിനും നോക്കി. തന്റെ സമീപത്ത് ഇത്രനേരവും ഉണ്ടായിരുന്ന അപ്രത്യക്ഷ ദൈവം അപ്രത്യക്ഷമായിത്തന്നെയായിരിക്കുന്നത് കണ്ട് അലക്‌സിനതു വിശ്വസിക്കാനാകാതെ വന്നു. താന്‍ ഉറക്കത്തിലിരുന്നു കണ്ട സ്വപ്നമാണതെന്ന് ഒട്ടും കരുതുവാനും അയാള്‍ക്കായില്ല. ഉടനെ അയാള്‍ വാച്ചു നോക്കി. സമയം അര മണിക്കൂറില്‍ അധികമായിരിക്കുന്നു. പൊടുന്നനെ ഗസ്റ്റ് ഹൗസിലേക്ക് അയാള്‍ എഴുന്നേറ്റ് അതിവേഗം നടന്നു.

നടക്കുമ്പോള്‍ ഇടവഴികളിലൊക്കെ സ്ഥാപിച്ചിരുന്ന ചില ചൂണ്ടുപലകകള്‍ അന്ന് ആദ്യമായി കാണുന്നതുപോലെ അയാള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അമ്പലത്തിലേക്കുള്ള തൂട്ടപീറ്റപ്പന്‍ റോഡ്, നസ്രത്ത് ലേഡീസ് ഹോസ്റ്റല്‍, മുസ്‌ലിം സ്ട്രീറ്റ്, ജൂത സെമിത്തേരി... അതിര്‍ത്തികളായ ചുവരുകളില്‍ ഒട്ടിക്കപ്പെട്ടതും നിറച്ചാര്‍ത്തില്‍ എഴുതപ്പെട്ടതുമായ പ്രതിഷേധക്കുറിപ്പുകളും അറിയിപ്പുകളും അയാള്‍ വായിച്ചു. ഇജങ യീീസലറ, ആഖജ യീീസലറ, ഇീിഴൃല ൈയീീസലറ എന്നൊക്കെ വൃത്തിഹീനമായ ചുവരുകളില്‍ എഴുതിയിരിക്കുന്നു. ചിലയിടത്ത് ദളിത് പ്രസ്ഥാനക്കാര്‍ അവരുടെ പ്രത്യക്ഷ സമരമാര്‍ഗ്ഗങ്ങള്‍ അറിയിച്ച് വായനക്കാരനെ ബോധവാനാക്കുന്നു. പരസ്യബോര്‍ഡുകളിലെ ചിഹ്നങ്ങളും നിറങ്ങളും അയാളെ അമ്പരപ്പിച്ചു. കച്ചവട സ്ഥാപനങ്ങളുടെ തിരക്കുകള്‍ കണ്ട് അയാള്‍ ഞെട്ടി. വിലയേറിയ കാറുകളില്‍ എത്തിയവര്‍ അയാളെ കടന്നു പാഞ്ഞുപോയി. തനിക്ക് എതിരേ വരുന്ന ജ്ഞാനബോധത്തിന്റെ വസ്തുക്കള്‍ അയാളെ വഴിതെറ്റിച്ചുകൊണ്ടിരുന്നുവെങ്കിലും ചിരപരിചിതമായ വഴിയില്‍ അപ്രത്യക്ഷനായി നീങ്ങുന്നതുപോലെ അയാള്‍ക്കു തോന്നി. അദൃശ്യമാകുന്നതിനോട് യോജിക്കാനാകാതെ അയാള്‍ നടന്നു. പ്രത്യക്ഷമാര്‍ഗ്ഗങ്ങളില്‍ ചവിട്ടി നടന്നുകൊണ്ട് പ്രതിനിധീകരണത്തിനായി ആ നീതിമാന്‍ പലവട്ടം പരിശ്രമിച്ചു തുടങ്ങി. രാഷ്ട്രീയ പ്രാതിനിധ്യത്തിനായി ബി.എസ്.പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണം, ദളിത്, ക്രൈസ്തവര്‍ക്ക് മതിയായ സംവരണം ഉറപ്പാക്കാന്‍ വേണ്ട നീക്കങ്ങള്‍ നടത്തണം. ഹിന്ദുക്കളായി കഴിയുന്ന ദളിതരെ ബുദ്ധമതത്തിലേക്കോ ക്രൈസ്തവഇസ്‌ലാം മതങ്ങളിലേക്കോ ചേര്‍ക്കാനുള്ള പദ്ധതികള്‍ തുടങ്ങണം. ചിതറിപ്പോയവരെ ഒന്നിപ്പിച്ച് ഐക്യപ്പെടുത്തണം എന്നിങ്ങനെയുള്ള ചിന്തകള്‍ അയാളെ മുന്നോട്ടു നടത്തിക്കൊണ്ടിരുന്നു.

എഴുത്തുകാരന്റെ കുറിപ്പ്: പ്രമുഖ സാഹിത്യകാരന്‍ ശ്രീ എസ്. ജോസഫ് ഈ കഥ വായിച്ച് ഒരു നിര്‍ദ്ദേശം നടത്തി. ഇതിലെ അപ്രത്യക്ഷ രക്ഷാദൈവത്തെ അലഞ്ഞുതിരിയുന്ന ഒരു വഴിപോക്കനാക്കി തിരുത്തണമെന്നായിരുന്നു അത്. ഡോക്ടര്‍ അംബേദ്കറുടെ 'ബുദ്ധാ ആന്‍ഡ് ഹിസ് ധര്‍മ്മ'യില്‍ ഇത്തരക്കാരില്‍നിന്നൊക്കെ ഏതുവിധം വ്യത്യസ്തനായിരുന്നു ബുദ്ധന്‍ എന്നു കൃത്യമായി എഴുതിയിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. എന്നാല്‍, തിരുത്തലൊന്നും വരുത്താതെ കഥ വായനക്കാരിലേക്കെത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com