'കൊഹെറെന്റ് മാട്രിമോണി'- ഉണ്ണിക്കൃഷ്ണന്‍ കളീക്കല്‍ എഴുതിയ കഥ

പറഞ്ഞുവരുന്നതെന്താണ്? എന്തു തന്നെയായാലും അയാള്‍ക്ക് സാധാരണ കസ്റ്റമേഴ്‌സിനെപ്പോലെ വെപ്രാളമില്ല. ഫോണെടുത്തയുടന്‍ കസ്റ്റമര്‍ നമ്പര്‍ പറഞ്ഞ ശേഷമാണ് അയാള്‍ സംസാരിച്ചു തുടങ്ങിയത്
'കൊഹെറെന്റ് മാട്രിമോണി'- ഉണ്ണിക്കൃഷ്ണന്‍ കളീക്കല്‍ എഴുതിയ കഥ

'Neurosis is always a substitute for legitimate suffering.'
    - Carl Jung

സ്റ്റമര്‍ എന്താണ് പറഞ്ഞുവരുന്നത്?

കൊഹെറെന്റ് മാട്രിമോണിയിലെ റിലേഷന്‍ എക്‌സിക്യൂട്ടീവായി ഒന്നര വര്‍ഷത്തെ പരിചയമുണ്ടെങ്കിലും ഡോണ സ്‌കറിയ ആദ്യം ഒന്നു പതറിപ്പോയി. രണ്ടു ദീര്‍ഘശ്വാസത്തിന്റെ സമയമേയെടുത്തുള്ളൂ, എന്നത്തേയും പോലെ അവള്‍ നല്ലൊരു കേള്‍വിക്കാരിയായി.

'ഓരോരുത്തരേയും ചുറ്റി ഓരോ ഇരുട്ടുമുറിയുണ്ട്. വിഴുങ്ങാന്‍ പാകത്തിന്. എവിടെയും എപ്പോഴും. അതിലകപ്പെട്ടു പോയവര്‍ പിന്നൊരിക്കലും അതേപോലെ പുറത്തു വരാറില്ല. അവരെക്കുറിച്ചാണ് എന്റെ ആധി മുഴുവന്‍...'

പറഞ്ഞുവരുന്നതെന്താണ്? എന്തു തന്നെയായാലും അയാള്‍ക്ക് സാധാരണ കസ്റ്റമേഴ്‌സിനെപ്പോലെ വെപ്രാളമില്ല. ഫോണെടുത്തയുടന്‍ കസ്റ്റമര്‍ നമ്പര്‍ പറഞ്ഞ ശേഷമാണ് അയാള്‍ സംസാരിച്ചു തുടങ്ങിയത്. ഉള്ളില്‍ എഴുതിവെച്ചത്, നോക്കി വായിക്കുന്നതുപോലെ. ആ സംഭാഷണം കയറ്റം കയറിവന്നുകൊണ്ടിരുന്നപ്പോള്‍ തന്നെ ഡോണ അയാളുടെ പ്രൊഫൈലിലൂടെ ഒന്നു ചുറ്റിപ്പറന്നു. ഡോക്ടര്‍ സാം ബെഞ്ചമിന്‍. ചുരുക്കെഴുത്തുപോലെ ഒരു സ്വയം പരിചയപ്പെടുത്തല്‍. ആത്മപ്രശംസയോ അത്യുക്തിയോ തീരെയില്ല. എങ്കിലും ഒറ്റനോട്ടത്തില്‍ അത് അപൂര്‍ണ്ണമെന്നു തോന്നിച്ചു. കേട്ടുകൊണ്ടിരുന്നതൊന്നും പിടികിട്ടിയില്ലെങ്കിലും നല്ലൊരു കേള്‍വിക്കാരിയാണെന്ന മട്ടില്‍ അവള്‍ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു.

'പറയൂ സര്‍.'

തൊട്ടടുത്ത സീറ്റിലെ ജയലക്ഷ്മി വാഷ്‌റൂമിലാണ്. കൃത്യം ആ നേരത്ത് അവളുടെ മുന്‍പിലെ ഫോണടിച്ചത് രക്ഷപ്പെടാനൊരു പഴുതിട്ടു.

ആ സംഭാഷണം അങ്ങനെ ഇടയ്ക്കുവച്ചു മുറിക്കാനായി.

2
സുദീര്‍ഘമായ പ്രവാസജീവിതത്തിനുശേഷം മടങ്ങിയെത്തിയ നെല്‍സണ്‍ മാത്യു, മൂന്നു വര്‍ഷം മുന്‍പ് ആ സിറ്റിയില്‍ 
തുടങ്ങിയ ആദ്യ സംരംഭമാണ് കൊഹെറെന്റ് മാട്രിമോണി. തിരക്കുള്ള ബൈപ്പാസിലെ രണ്ടാമത്തെ സിഗ്‌നലിനു തൊട്ടു മുന്‍പുള്ള എ ബി സി കോംപ്ലെക്‌സിന്റെ നാലാംനിലയില്‍.

ഈ മേഖലയില്‍ ഇപ്പോള്‍ത്തന്നെ ഒട്ടേറെ സ്ഥാപനങ്ങള്‍ മത്സരിച്ചോടുന്നുണ്ട്. അങ്ങനെയൊരിടത്തേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ നല്ല കരുതല്‍ വേണം. കമ്പനിയുടെ പേരു കേട്ടാല്‍ തന്നെ, ഇതെന്ത് എന്നൊരു ചോദ്യം കസ്റ്റമറെ മുന്‍പോട്ടു നടത്തണം. അത്തരം ഒട്ടേറെ ആലോചനകള്‍ക്കുശേഷമാണ്, തന്റെ സ്ഥാപനത്തിന് കൊഹെറെന്റ് മാട്രിമോണി എന്ന പേര്, അതിന്റെ വരുംകാല മുന്നേറ്റങ്ങളുടെ ആമുഖമെന്നപോലെ നെല്‍സണ്‍ കണ്ടെത്തിയത്.

ഏതാണ്ട് മൂന്ന് പ്രത്യക്ഷ സെഗ്‌മെന്റുകളായാണ്, ആ സ്ഥാപനത്തെ നെല്‍സണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആകാംക്ഷയോടെ, അതിലേറെ ആശങ്കയോടെ പങ്കാളിയെ പരതുന്ന ഫ്രഷേഴ്‌സിനുള്ളതാണ് ഒന്നാം സെഗ്‌മെന്റ്. രണ്ടാമത്തേതാണെങ്കില്‍, മറ്റൊരു മേല്‍പ്പാലത്തിലൂടെ ജീവിതം പായിക്കുന്നവര്‍ക്കുവേണ്ടിയാണ്. മിക്കവാറും നാല്‍പതിലേറെ പ്രായമായവരാകും അവിടുത്തെ സഞ്ചാരികള്‍. മുന്‍സീറ്റിലോ വാഹനത്തില്‍ തന്നെയോ ഒറ്റയ്ക്കായവര്‍. പലരും ജീവിതത്തിന്റെ ഉദാസീനമൗനത്തെ തിരിച്ചറിഞ്ഞവര്‍. ചിലര്‍ ലിവിങ് ടുഗെതറുകളില്‍നിന്നു പിളര്‍ന്നുമാറി വ്യവസ്ഥാപിത ഇണകളെ തിരഞ്ഞെത്തിയവര്‍. മറ്റു ചിലര്‍ ഒന്നാംഘട്ടത്തോടു പിണങ്ങി പുറത്തുവന്ന്, വെള്ളം തൊടാതെ വിഴുങ്ങിയ ഏകാന്തതയില്‍ കരിഞ്ഞു തിരികെ ഓടിക്കയറിയവര്‍.

നിര്‍ജ്ജീവമെന്നു തോന്നാമെങ്കിലും കടുത്ത ആന്തര സ്പന്ദനങ്ങളാല്‍ എപ്പോഴും ഉണര്‍ന്നിരിക്കുന്ന ഒന്നാണ് മൂന്നാമത്തെ സെഗ്‌മെന്റ്. അത് വിവാഹമോചിതര്‍ക്കുവേണ്ടി മാത്രമുള്ള ഒരു കാത്തിരുപ്പു കേന്ദ്രമാണ്.

കമ്പനിയില്‍ ചേരുന്ന ഏതൊരാളെയുംപോലെ, ആദ്യ ദിവസം തന്നെ നെല്‍സണ്‍ മാത്യുവുമായി ഡോണയ്ക്ക് ഒരു കൂടിക്കാഴ്ചയുണ്ടായിരുന്നു. ഏതാനും മിനുട്ടുകള്‍ മാത്രം. ആ സമയത്താണ്, അവളുടെ പ്രവര്‍ത്തനമേഖല മൂന്നാമത്തെ സെഗ്‌മെന്റാണെന്നു തീരുമാനിക്കപ്പെട്ടത്. ലാപ്പില്‍ തെളിഞ്ഞ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സോഫ്റ്റ് കോപ്പിയും സ്‌ക്രോള്‍ ചെയ്യുന്നതിനിടയിലും നെല്‍സണ്‍ മാത്യു മുഖമുയര്‍ത്തി അവളെ സസൂക്ഷ്മം നിരീക്ഷിച്ചു. അതിനുശേഷം അവളുടെ കണ്ണിലേക്കു നോക്കി അയാള്‍ പറഞ്ഞുതുടങ്ങി.

'...സ്വയം പരിഹരിക്കാന്‍ പറ്റാത്തത്, ആരെയും കഠിനമായി ഞെരുക്കിക്കളയും. പ്രത്യേകിച്ചും അത് ഉള്ളിലും പുറത്തും നിറയുന്ന ശൂന്യതയാണെങ്കില്‍... നമ്മുടെ ഉത്തരവാദിത്വം എന്തെന്നാല്‍, ആ ശൂന്യതയെ തുരത്തി, അവിടൊക്കെ കസ്റ്റമര്‍ക്കിഷ്ടപ്പെട്ടവിധം നിറച്ചു പൊലിപ്പിക്കുക എന്നതാണ്. ഓരോ കസ്റ്റമറും നമ്മെ ഏല്പിക്കുന്ന ആ ഉത്തരവാദിത്വം തന്നെയാണ് നമ്മുടെ വില്‍പ്പന വസ്തു. അതിന്റെ വിപണന മൂല്യം എത്ര വലുതാണെന്ന് അനുഭവിച്ചവര്‍ക്കറിയാം.'

അത്രയും പറഞ്ഞ്, കടുപ്പത്തിലൊരു കോഫിയും നല്ലൊരു ചിരിയും വിളമ്പി നെല്‍സണ്‍ മാത്യു ആ കൂടിക്കാഴ്ച അവസാനിപ്പിച്ചു.

ഓരോ ദിവസവും ഓഫീസിലേക്ക് ഓടിയിറങ്ങാന്‍ നേരമാണ്, മേശപ്പുറത്ത് എന്തിന്റെയെങ്കിലും അടിയില്‍ പെട്ടുപോയ ഐഡി കാര്‍ഡ് തപ്പിയെടുത്ത് അവള്‍ കഴുത്തിലിടുന്നത്. വെറും ഒരു തിരിച്ചറിയല്‍ രേഖയ്ക്കപ്പുറം, അനുക്ഷണം വളരുന്ന ഒരു സ്ഥാപനത്തിന്റെ പ്രതീകമായ ആ ടാഗ് അവളെ കൂടുതല്‍ ഊര്‍ജ്ജസ്വലയാക്കി. അങ്ങനെയൊരു ദിവസം രാവിലെ, ഓഫീസിലേക്ക് ഇറങ്ങാന്‍ നേരം ചാച്ചന്‍ വിളിച്ചു പറഞ്ഞു:

'മോളെ, നിന്റെ പേരും കൂടെ ചേര്‍ക്കണേ.'

'തന്റേതല്ലാത്ത കാരണത്താല്‍...' എന്നു തുടങ്ങുന്ന വിവാഹപ്പരസ്യങ്ങള്‍ അടുത്തകാലം വരെ ചാച്ചന്‍ അവള്‍ക്കുവേണ്ടി നോക്കിയിരുന്നു. ആദ്യത്തെ കെട്ടിന്, മടിച്ചാണെങ്കിലും ചാച്ചന്‍ തന്നെയാണ് സുദേവന്റെ വീട്ടില്‍ പല തവണ പോയി അനുനയിപ്പിച്ച്, അവരിരുവരേയും സ്‌പെഷ്യല്‍ മാര്യേജ് ആക്ടിന്റെ പരിധിയിലേയ്ക്ക് എത്തിച്ചത്. എത്തിയതെവിടെയെന്നോ ചുറ്റും എന്താണെന്നോ അറിയാത്ത ആ ഇരുട്ടില്‍ കിടന്നു നരകിച്ചപ്പോള്‍ പുറത്തേക്കു വലിച്ചെടുത്തതും ചാച്ചന്‍ തന്നെ. അന്നും ചാച്ചനാണ്, അവളുടെ മറയില്ലാത്ത ചങ്ങാതി.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

3
ഏതാനും ദിവസങ്ങള്‍ കൊണ്ടുതന്നെ ആ സ്ഥാപനത്തോട് അവള്‍ക്കു വല്ലാത്തൊരുത്തരവാദിത്വം തോന്നിത്തുടങ്ങി. മടുപ്പും വിഷാദവും ചേര്‍ന്ന ചുഴിയില്‍നിന്ന്, പാരച്ച്യൂട്ടില്‍ തൂങ്ങി രക്ഷപ്പെട്ടതുപോലെ...

ഇടിമിന്നല്‍ വിറപ്പിക്കുന്ന നേരത്ത്, പ്ലഗ് ഊരി ഉപകരണത്തെ സ്വതന്ത്രമാക്കുംപോലെ, ലോകവുമായുള്ള സകല ബന്ധങ്ങളും താല്‍ക്കാലികമായി വേര്‍പെടുത്തി, ആ രാത്രി അവള്‍ പതിവിലും നേരത്തെ കിടന്നതാണ്. ഉറക്കത്തിന്റെ ആനന്ദം നിറച്ച സാന്‍വിച്ച് കടിച്ചു ചവയ്ക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി തൊട്ടടുത്ത കട്ടിലില്‍ ഉറക്കെ ഒരൊച്ച കേട്ടത്. അടുത്തകാലത്തൊന്നും വാ തുറന്ന് കാര്യമായിട്ടൊന്നും പറയാത്ത അമ്മയുടെ ശബ്ദത്തിന് ഒരു നിലവിളിയെ താങ്ങാനുള്ള ശേഷിയുണ്ടായിരുന്നില്ല. ഉറക്കപ്പിച്ചോടെ ഡോണ ചാടി എഴുന്നേറ്റപ്പോള്‍ അമ്മയുടെ ഒച്ച കൂടുതല്‍ പൊങ്ങി. കൈപ്പത്തി പൊക്കിപ്പിടിച്ചിട്ടുണ്ട്.

രാവിലെ തന്നെ അര ലീവെടുത്ത്, അമ്മയേയും കൂട്ടി അവള്‍ ജില്ലാശുപത്രിയിലേക്കോടി. ഫിസിഷ്യന്‍ അമ്മയെ നോക്കിയശേഷം അസ്ഥിരോഗ വിഭാഗത്തിലേയ്ക്കു കുറിച്ചുകൊടുത്തു. വേദനയുണ്ടെന്ന് അമ്മ പറഞ്ഞ കൈപ്പത്തിയുടെ എക്‌സറേ ചെറുപ്പക്കാരനായ ആ ഡോക്ടറെ നോക്കി ഊറിച്ചിരിച്ചത് അവള്‍ കണ്ടില്ല. ഡോക്ടര്‍ കുറിച്ച ഗുളിക വിഴുങ്ങി അന്നു രാത്രി അമ്മ സുഖമായുറങ്ങി. ആ ശാന്തത അധികനാള്‍ നീണ്ടുനിന്നില്ല. ഗുളികകള്‍ തോറ്റതോടെ പല രാത്രികളിലും അമ്മ എഴുന്നേറ്റിരുന്ന് ഒച്ചയിടാന്‍ തുടങ്ങി. പക്ഷേ, ഇത്തവണ ഇടത്തെ കാല്‍പാദം പൊക്കിപ്പിടിച്ചാണെന്നു മാത്രം. കൂടുതല്‍ ഉറക്കെ... നിര്‍ത്താതെ... അടുത്ത മുറിയിലുറങ്ങുന്ന ചാച്ചന്‍ അതുകേട്ട് ഓടിവരും. അങ്ങനെ പാളം തെറ്റുന്ന ഉറക്കം, അവളുടെ ഓഫീസ് സമയങ്ങളിലേക്ക് മുന്നറിയിപ്പില്ലാതെ ഇടിച്ചു കയറാന്‍ തുടങ്ങി.

രണ്ടാമത്തെ എക്സറേയും കണ്ടതോടെ, ഡോക്ടര്‍ അവളെ മാത്രമായി അകത്തേയ്ക്കു വിളിച്ച് അമ്മയ്ക്കുവേണ്ട ചികിത്സ ഏതാനും വാക്കുകളില്‍ സൂചിപ്പിച്ചു. അസാധാരണമാംവിധം വടിവൊത്ത അക്ഷരത്തിലായിരുന്നു ഡോക്ടറുടെ കുറിപ്പടി. അതിലെഴുതിയിരുന്ന ഒരു വാക്ക് അവളെ അല്പം കുഴപ്പിച്ചു. അമ്മയേയും കൊണ്ട് ആശുപത്രിയുടെ രണ്ടാംഗേറ്റിലേക്കുള്ള വഴിയിലെത്തിയപ്പോള്‍, അതുവരെ ശ്രദ്ധിക്കാഞ്ഞ ഒരു ബ്ലോക്ക്, തലങ്ങും വിലങ്ങും നിന്ന പാഴ്മരങ്ങള്‍ക്കിടയില്‍നിന്ന് അവളുടെ ഇടതുവശത്തേയ്ക്കു കയറിനിന്നു. ഗ്രില്ലിട്ട ആ ബ്ലോക്കിനു മുന്‍പില്‍ ഒരു കാവല്‍ക്കാരനുമുണ്ട്. കുറിപ്പടി കാണിച്ചാല്‍ ഗ്രില്ല് തുറന്നു കിട്ടിയേനെ. ഗ്രില്ലിനപ്പുറം മറവിയിലേക്കോ മരണത്തിലേക്കോ മറഞ്ഞുപോകുന്ന നടവഴി. എല്ലാം നോക്കിക്കണ്ടെങ്കിലും അതിനടുത്തേക്കു ചെല്ലാന്‍ അവള്‍ക്കു പേടി തോന്നി. ഡോക്ടര്‍ സ്വകാര്യമായി പറഞ്ഞതെല്ലാം കേട്ട് ചാച്ചനും ചെറുതായിട്ടൊന്നു പേടിച്ചാളിക്കത്തി.

4
'ഹേ... ഹേ... ഡോണാ... എവിടെപ്പോയി?'

ജയലക്ഷ്മി തട്ടി വിളിച്ചപ്പോഴാണ്, വൈകുന്നേരത്തെ പതിവു റിവ്യൂ മീറ്റിംഗിലേക്ക് എവിടെയൊക്കെയോ അലഞ്ഞശേഷം ധൃതിയില്‍ അവള്‍ ഓടിക്കയറിയത്. രജിസ്റ്റര്‍ തുറന്ന് അന്നു ബന്ധപ്പെട്ടവരുടെയെല്ലാം വിവരങ്ങള്‍ തരാതരം വിവരിച്ചപ്പോള്‍ ജയലക്ഷ്മി ഓര്‍മ്മിപ്പിച്ചു. 

'ഡോ. സാം ബെഞ്ചമിന്‍ ഒരു പൊട്ടന്‍ഷ്യല്‍ കസ്റ്റമര്‍ ആണ്. നീ നാളെത്തന്നെ എസ്‌കലേറ്റര്‍ സപ്പോര്‍ട്ടിനെപ്പറ്റി അയാളോടു പറയണം.'

ആവശ്യക്കാര്‍ക്ക് അതിവേഗം പങ്കാളിയെ കണ്ടെത്തുവാനായി ആവിഷ്‌കരിച്ച                                                                                                             ഒരു സ്‌കീം ആണത്.

പിറ്റേന്ന് എസ്‌കലേറ്റര്‍ സപ്പോര്‍ട്ടിനെക്കുറിച്ചു വിശദീകരിക്കാനായി രണ്ടുതവണ വിളിച്ചെങ്കിലും ഡോ. സാം ബെഞ്ചമിനെ കിട്ടിയില്ല. ഒരു മുന്നേറ്റവും നടത്താനാവാഞ്ഞ അന്നത്തെ പരിശ്രമങ്ങളെക്കുറിച്ച്, റിവ്യൂ മീറ്റിംഗില്‍ വസ്തുതാപരമായിത്തന്നെ അവള്‍ പറഞ്ഞുവെച്ചു.

ഫലപ്രാപ്തിയില്ലാതെ പോയ അന്നത്തെ ഫോണ്‍വിളികള്‍ പൊഴിച്ചിട്ട വിഷാദം വീട്ടിലെത്തിയിട്ടും വിട്ടുപോയില്ല. ഒഴുക്കില്‍ പാലം തകര്‍ന്നുപോയ ഒരു കായല്‍പ്പരപ്പുപോലെ ഭയാനകമായാണ്, അന്നത്തെ രാത്രി നിറഞ്ഞൊഴുകിയത്. മലര്‍ന്നും കമിഴ്ന്നും പുലര്‍ച്ചയോളം കിടക്കയില്‍ നീന്തിത്തുടിച്ചിട്ടും ഉറക്കത്തിന്റെ നിലയില്ലാ വെള്ളത്തിന്റെ ഒരറ്റത്തുപോലും അവള്‍ക്ക് എത്താനായില്ല.

വെളുപ്പിനു കണ്ണു തുറന്നപ്പോള്‍ തൊട്ടടുത്ത കട്ടിലില്‍ അമ്മയില്ല. അടഞ്ഞുകിടന്ന ജനല്‍ തുറന്നു പുറത്തേയ്ക്കു നോക്കി അമ്മ നില്‍ക്കുകയാണ്. അവിടെയെന്താണ് അമ്മയ്ക്കിഷ്ടപ്പെട്ട കാഴ്ച? പേടിച്ചാണ്, തൊട്ടു പിറകിലെത്തിയത്. എന്നാല്‍, ജനലിനു പുറത്ത്, പ്രത്യേകിച്ചൊന്നും അവള്‍ കണ്ടില്ല. മുറ്റത്തേയ്ക്ക് വിശ്രമിക്കാന്‍ കയറിയ തഴുതാമ വള്ളികള്‍... അവ മടങ്ങിപ്പോകുന്നത് തൊട്ടാവാടിയും കാട്ടുചേമ്പും തുപ്പലു പൊട്ടിക്കയും വളരുന്ന കുറ്റിക്കാട്ടിലേക്കാണ്. അതു കഴിഞ്ഞാല്‍ വേലിപ്പത്തലിനപ്പുറത്ത് ഊടുവഴി... അതിനുമപ്പുറം തുറസ്സായ പറമ്പുകള്‍, ഇടത്തോട്, വെള്ളം നിറഞ്ഞുകിടക്കുന്ന പാടങ്ങള്‍... പകലത്തെ മുഷിഞ്ഞ കാഴ്ചകള്‍ തന്നെ. മെഴുക് ഉരുക്കി ഒഴിച്ചപോലെ നിലാവ് വീണ് അതെല്ലാം ഒന്നുകൂടി മങ്ങിയിട്ടുണ്ട്. ഇതെല്ലാം മുന്‍പൊരിക്കല്‍ കണ്ട മായക്കാഴ്ചയാണോ എന്നവള്‍ സംശയിച്ചു നിന്നപ്പോഴാണ്, അമ്മ പറഞ്ഞുതുടങ്ങിയത്.

'ന്‌ലാവത്ത് ഒറ്റത്തോണ ഞങ്ങള്... അങ്ങുവരെ നടന്നിട്ടൊണ്ട്.'

നിലാവു പോയിട്ട് രാത്രിയിലെ പുറംകാഴ്ചപോലും നേരെ കാണാത്ത അമ്മയുടെ പറച്ചില്‍ കേട്ടപ്പോള്‍ അവള്‍ക്കു സങ്കടം വന്നു. കുലുക്കി വിളിച്ചിട്ടും തിരികെ കട്ടിലില്‍ കൊണ്ടുചെന്നു കിടത്തിയിട്ടും അമ്മ ഒന്നും അറിഞ്ഞില്ല.

തലേന്ന് ആട്ടിയിറക്കിവിട്ട ഉറക്കം, നേരം വെളുത്തതും ഒരു നാരങ്ങാ ഞെക്കിയുടെ രൂപമെടുത്ത് അവളുടെ കണ്ണും മൂക്കും പിഴിഞ്ഞു രസിക്കാന്‍ തുടങ്ങി. രാത്രി തോറുമുള്ള അമ്മയുടെ വേഷപ്പകര്‍ച്ചയെക്കുറിച്ചു കേട്ടപ്പോള്‍ ജയലക്ഷ്മി പറഞ്ഞു:

'ശരീരത്തിന് ഏതസുഖം വന്നാലും പൊത്തുവരുത്തമുണ്ട്. പക്ഷേ, മനസ്സിനാണങ്കി അതോടെ ആളു തീര്‍ന്നു... ആരും അടുക്കുകേല.'

വൈകുന്നേരം, റിവ്യൂ മീറ്റിങ്ങിനു തൊട്ടുമുന്‍പ് ഡോ. സാം വിളിച്ചിരുന്നു. എസ്‌കലേറ്റര്‍ സര്‍വ്വീസിനെപ്പറ്റി വളരെ ആകര്‍ഷകമായിത്തന്നെ ഡോണ വിശദമാക്കി. അവളുടെ ഒരുത്തരം കേട്ട് ജയലക്ഷ്മിയുടെ മുഖം മങ്ങി.

'എന്തിനാ നിന്റെ ഫോണ്‍ നമ്പര്‍ കൊടുത്തത്?'

'അതു ഞാന്‍ ഉപയോഗിക്കാത്ത ഫോണാ ചേച്ചി.'

അന്നു രാത്രി, അല്പമെന്തോ കഴിച്ചെന്നു വരുത്തി, ബഹളം വയ്ക്കാതെ, ആദ്യം വന്ന ഉറക്കവണ്ടിയില്‍ കയറി അമ്മ എങ്ങോട്ടോ പോയ നേരം... അടുക്കള അടച്ചതോടെ ശ്വാസം നിന്നുപോയ ശബ്ദങ്ങളെല്ലാം ഡോണയുടെ മുന്‍പില്‍ കയറി വഴിമുടക്കി നിന്നു. ചാച്ചന്റെ മുറിയിലേക്കാണ് അവള്‍ ഓടിക്കയറിയത്. ചാച്ചന്‍ കിടന്നെങ്കിലും ഉറങ്ങാറായില്ല. ലൈറ്റിടാതെ ചാച്ചന്റെ കട്ടിലിനടുത്തു ചെന്നു.

'ചാച്ചാ...'

ചാച്ചന്‍ പതുക്കെ എഴുന്നേറ്റിരുന്നു.

'നാളെ അമ്മെ കൊണ്ടുപോയിക്കാണിക്കട്ടെ?'

ഒന്നും കേള്‍ക്കാത്തപോലെ ചാച്ചന്‍ തിരിഞ്ഞുകിടന്നു പുതപ്പു വലിച്ചു തല മൂടി.

പുതപ്പിനുള്ളിലെ രൂപം നോക്കി നിന്നപ്പോള്‍ അവള്‍ക്കു ബോധ്യമായി. ചാച്ചന്‍ വല്ലാതെ മെലിഞ്ഞിട്ടുണ്ട്. തിരുപ്പൂരില്‍നിന്നു തുണിയെടുത്ത് ഹൈറേഞ്ചിലെ ചെറിയ തുണിക്കടകളില്‍ വിതരണം ചെയ്യുന്ന അലച്ചിലു പിടിച്ച കാലത്തുപോലും ചാച്ചനു നല്ല തടിയായിരുന്നു. ആ പോക്കുവരവില്‍ കൂടെക്കൂടിയ ശെല്‍വണ്ണനായിരുന്നു ചാച്ചന്റെ സഹായി. ടെമ്പോ ഓടിക്കുന്നതും ചാച്ചന്‍ തുണിയെടുക്കാന്‍ തിരുപ്പൂര് പോകുമ്പോള്‍ വിതരണവും കാശു പിരിക്കലുമെല്ലാം. തുണിയെടുക്കാന്‍ പോയിട്ട് ഒരു ദിവസമേ ആയിട്ടുള്ളെങ്കിലും ഫോണ്‍ വിളിച്ചാല്‍ 
ചാച്ചന്‍ ഒരുപാടു നേരം കഴിഞ്ഞേ വയ്ക്കൂ. അമ്മയോടും അവളോടും പ്രത്യേകം പ്രത്യേകം ചാച്ചനു മിണ്ടണം. അതൊക്കെ കഴിഞ്ഞേ ചായ്പും പൂട്ടി തിണ്ണയില്‍ വന്നിരിക്കുന്ന ശെല്‍വണ്ണന് അമ്മ ചോറു വിളമ്പൂ. ഒരിക്കല്‍ ചാച്ചന്‍ ശെല്‍വണ്ണനെ തല്ലാന്‍ പിടിച്ചതും അമ്മ തടസ്സം പിടിക്കാന്‍ ചെന്നതും അവള്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. അതോടെ ശെല്‍വണ്ണന്‍ വന്നപോലെങ്ങോട്ടോ പോയി. അതിനുശേഷം, ചാച്ചന്‍ തിരുപ്പൂര് പോകുന്ന ദിവസങ്ങളില്‍, വൈകിട്ട് രണ്ടുതവണ ഫോണ്‍ ബെല്ലടിക്കും. ആദ്യത്തേത് ചാച്ചന്റെ വിളിയായിരിക്കും. അതു കഴിഞ്ഞാലും എങ്ങോട്ടും പോകാതെ, അമ്മ ഫോണിന്റെ ചുവട്ടില്‍ത്തന്നെ നിന്നുതിരിയും. അധികം വൈകാതെ രണ്ടാമത്തെ വിളിയും വരും. നെഞ്ചിനു നേരെ വരുന്ന വെടിയുണ്ട പിടിച്ചെടുക്കുന്ന സാഹസികതയോടെ അതിന്റെ ആദ്യ മണിയൊച്ചയില്‍ത്തന്നെ റിസീവര്‍ അമ്മ കടന്നെടുക്കും.
അക്കാലത്താണ് അവള്‍ക്ക് ഒരനിയത്തി ഉണ്ടായത്. ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ഉമ്പിറിക്കുഞ്ഞ്.

അകാലത്തിലുണ്ടായ ആ പ്രസവം അമ്മയെ അടിമുടി തകര്‍ത്തുകളഞ്ഞു. രക്തം പോക്കും ക്ഷീണവും അമ്മയെ പൊറുതിമുട്ടിച്ചപ്പോള്‍, നിവൃത്തികെട്ട് ചാച്ചന്‍ വെണ്ണിക്കുളത്തിനു വണ്ടികേറി, വല്ല്യമ്മച്ചിയേയും വല്ലിച്ചാച്ചനേയും കയ്യോടെ കൂട്ടിക്കൊണ്ടുവന്നു. അടിപടലം വീണുപോയ വീട് അങ്ങനെയാണ് പതുക്കെയാണെങ്കിലും എഴുന്നേറ്റു നിന്നത്.
വല്ല്യമ്മച്ചി രസിച്ചു ചെയ്ത ജോലികളാണ് കൊച്ചിനെ നോട്ടവും അടുക്കള ഓടിക്കലും.     

വല്ലിച്ചാച്ചന്റെ രസമാണെങ്കില്‍, കാടുപിടിച്ച പറമ്പിനോടു പോരടിച്ചു മുന്നേറുന്നതായിരുന്നു. ഇതൊക്കെയാണെങ്കിലും അമ്മയുടെ മുന്‍പില്‍ വല്ല്യമ്മച്ചിയുടെ നയമോ തൊണ്ണയോ ചീത്തവിളിയോ ഒന്നും അത്രയ്ക്ക് ഏശിയില്ല. എത്ര ബലംപിടിച്ചാണ് അമ്മയെക്കൊണ്ട് വല്ല്യമ്മച്ചി എന്തെങ്കിലും ഒന്നു ചെയ്യിക്കുന്നത്... ഇരിക്കുന്നിടത്തു നിന്നനങ്ങണമെങ്കില്‍, ദേഹത്തു വെള്ളമൊഴിച്ചു തുണി മാറണമെങ്കില്‍ എല്ലാത്തിനും നിര്‍ബ്ബന്ധം പിടിക്കണം. അതുകൊണ്ട് മൂന്നു മാസത്തേക്കു വന്ന വല്ല്യമ്മച്ചീം വല്ലിച്ചാച്ചനും തിരിച്ചുപോയതേയില്ല.

സഹികെടുമ്പോള്‍ വല്ല്യമ്മച്ചി ചാച്ചനോടു ദേഷ്യപ്പെടും.

'നെന്നെക്കൊണ്ടു കൊള്ളിക്കാഞ്ഞിട്ടാ. പച്ചീര്‍ക്കിലിയേല്‍ മൊളകു തേച്ച് അവക്കു നല്ല പെരുക്കപ്പം കൊടുക്കണം.'
വല്ല്യമ്മച്ചി വീടു കയ്യേറ്റതുപോലെ, വല്ലിച്ചാച്ചന്‍ തന്റെ ഉണര്‍ന്നെണീറ്റ കുതിരശക്തിയെ വീടിനു വെളിയില്‍ യഥേഷ്ടം പായിച്ചു രസിച്ചു.

അധികം വൈകാതെ, മുറ്റത്തും പറമ്പിലും വല്ലിച്ചാച്ചന്‍ കാടു പറിച്ചു തടം കോരി കുഴിച്ചു വെച്ചതെല്ലാം ആര്‍ത്തു കിളുത്തുവന്നു. മുറ്റത്തു വളര്‍ന്നു പൊങ്ങിയതിലെല്ലാം 
പൂ വന്നു, പറമ്പിലേതില്‍ കായും. വല്ലിച്ചാച്ചന്റെ തൂവെള്ള താടിയുടെ അതേ നിറത്തില്‍ മുറ്റത്ത് ഒരൊറ്റ പൂവേ ഉണ്ടായിരുന്നുള്ളു. ബാക്കിയൊക്കെ പല പല നിറങ്ങളില്‍.

വല്ല്യമ്മച്ചി അമ്മയുടെ മുറിയില്‍ തന്നെയായിരുന്നു കിടന്നിരുന്നത്. കിടന്നിരുന്ന കട്ടില്‍ വല്ലിച്ചാച്ചനു കൊടുത്ത് ഡോണ കിടപ്പ് താഴേക്കും മാറ്റി. പകല്‍ മുഴുവന്‍ പറമ്പീന്നു കേറാതെ പണിയുന്ന വല്ലിച്ചാച്ചനു ചിലപ്പോള്‍ രാത്രിയില്‍ മസ്സിലു കേറും. രണ്ടു മൂന്നു വിളി കഴിയുമ്പോള്‍ അവള്‍ ചാടി എഴുന്നേല്‍ക്കും. മുട്ടിന്റെ താഴെയുള്ള മസ്സിലാണ് ആദ്യം തിരുമ്മി താഴോട്ടിറക്കുന്നത്. അതില്‍ അവള്‍ എപ്പോഴും തോറ്റുപോകും. അവളുടെ ഒന്‍പതു വയസ്സ് പ്രായമുള്ള കൈകളുടെ പിടി വിട്ട് മുട്ടിനു മേല്‍പ്പോട്ടും അവിടുന്നങ്ങോട്ടും ആ മസ്സില് ഓടിക്കേറും. എത്ര നേരം തിരുമ്മിയാലാണ് ഒന്നു തണുക്കുന്നത്. അതോടെ അവള്‍ ക്ഷീണിച്ചുപോകും. വല്ലിച്ചാച്ചന്‍ അതിലും ക്ഷീണിക്കും. അങ്ങനെയൊരു വെളുപ്പിനെ വല്ലിച്ചാച്ചന്റെ മസ്സിലു തിരുമ്മിയിറക്കിയ ശേഷം അവള്‍ അവിടെത്തന്നെ കിടന്നുറങ്ങിപ്പോയി. ഒരുപാടു വൈകിയാണുണര്‍ന്നത്. ചുറ്റി വരിഞ്ഞിരുന്ന വല്ലിച്ചാച്ചന്റെ കൈ എടുത്തു മാറ്റാന്‍ നോക്കിയെങ്കിലും പറ്റിയില്ല. ശബ്ദം കേട്ടോടിവന്ന വല്ല്യമ്മച്ചി തണുത്തു തുടങ്ങിയ ആ കൈപ്പൂട്ടില്‍നിന്ന് അവളെ ഊരിയെടുത്തു.

'രണ്ടാളായി വന്നിട്ട്...' വല്ല്യമ്മച്ചി പതംപറഞ്ഞു കരഞ്ഞതു മുഴുവന്‍ അമ്മയെ കൊള്ളിച്ചാണ്. വെണ്ണിക്കുളത്തിനു പോകാന്‍ നേരം ചാച്ചനെ മാറ്റിനിര്‍ത്തി അവര്‍ പറഞ്ഞു:

'...എന്തിരവളെ ഏതാണ്ടോ മാരണം കൂടീട്ടൊണ്ട്. ആരുമറിയാതെ എവിടേലും അവളെക്കൊണ്ടക്കള, നത്തുപോലൊള്ള ആ കൊച്ചിനേം. അല്ലേല്‍ നെനക്കും ഡോണക്കൊച്ചിനും ഇതൊക്കെത്തന്നെയാരിക്കും...'

വല്ലിച്ചാച്ചന്റെ തൂമ്പ ഒഴിഞ്ഞതോടെ ഒളിച്ചിരുന്ന പുല്ലും കുറ്റിച്ചെടികളും മുറ്റത്തേക്ക് ആര്‍ത്തുവിളിച്ചോടിക്കൂടി. എന്നാല്‍, ആ കാടിനെ തോല്‍പ്പിച്ചും ഒരു പൂച്ചെടി മാത്രം പൊങ്ങിവന്നു. അതിലെ തൂവെള്ളപ്പൂവു കാണുമ്പോള്‍ അവള്‍ക്കു കരച്ചില്‍ വരും. അധികം വൈകാതെ തന്നെ, ഒരവധി ദിവസം ചക്കയരക്ക് പറ്റിയ അടുക്കളയിലെ പിച്ചാത്തിയുമായി വന്ന് അതിന്റെ ചോട് അവള്‍ ചന്നം പിന്നം വെട്ടിക്കളഞ്ഞു. അതിനുശേഷം സ്‌കൂള്‍ വിട്ടുവന്നാല്‍ കൂടുതല്‍ നേരവും അവള്‍ അമ്മയോടൊട്ടിക്കിടക്കുന്ന ആ ഉമ്പിറിക്കുഞ്ഞിന്റെ അടുത്തുതന്നെ തങ്ങി. പക്ഷേ, സ്വതേ അല്പപ്രാണിയായിരുന്ന ഡോണയുടെ അനിയത്തി കഷ്ടിച്ച് മൂന്നു വര്‍ഷമേ തികച്ചുള്ളൂ. അതോടെ ഡോണ വീണ്ടും ഒറ്റക്കൊച്ചായി.

ഊണുമുറിയിലിരുന്ന ഫോണടിച്ചപ്പോഴാണ് ചാച്ചന്റെ മുറിയില്‍നിന്ന് അവള്‍ പുറത്തിറങ്ങിയത്. ഈ വൈകിയ നേരത്ത് ആരു വിളിക്കാന്‍... ഏതോ അജ്ഞാത നമ്പര്‍. എങ്കിലും ഫോണെടുത്തു.

'...അസമയത്താണെങ്കില്‍ ക്ഷമിക്കണം...' എന്ന മുഖവുരയോടെയാണ് 
ഡോ. സാം തുടങ്ങിയത്.

'രാവിലെ പറഞ്ഞ ആ എസ്‌കലേറ്റര്‍ സര്‍വ്വീസ് എന്നെ എങ്ങനെ സഹായിക്കും എന്നു പറയൂ...'

അതേക്കുറിച്ച് ഡോണ വിശദീകരിച്ചു തീരും മുന്‍പ് അയാള്‍ പറയാന്‍ തുടങ്ങി.

'...കുഴല്‍ക്കിണറില്‍ അറിയാതെ പെട്ടുപോയ ഒരു കുഞ്ഞിനെ വീണ്ടെടുക്കുന്ന പോലാ എന്റെ ജോലി... ജയിക്കുമോ തോല്‍ക്കുമോ എന്നൊടുവില്‍ വരെ അറിയത്തില്ല. ഇനി വെളിയിലെടുക്കുമ്പോള്‍ ആളേതു പരുവത്തിലാരിക്കുമെന്നാര്‍ക്കറിയാം... ജോലി തീര്‍ന്നാല്‍ പിന്നവിടെ നില്‍ക്കരുതെന്നാ ജോലിയുടെ നിയമം. അതില്‍ തോല്‍വി പറ്റിയത് മേഴ്‌സിയുടെ കാര്യത്തിലാ. പുറത്തെടുത്തപ്പോള്‍ അടങ്കം പിടിച്ചുകളഞ്ഞു. നിങ്ങള്‍ക്കറിയാമോ... ചികിത്സിച്ചിരുന്ന ആളെത്തന്നെ പങ്കാളിയാക്കിയത് അക്കാലത്തു വലിയ ചര്‍ച്ചയായിരുന്നു. മേഴ്‌സിയിപ്പോള്‍ മോളോടൊപ്പമാണ്. പിരിഞ്ഞു വര്‍ഷങ്ങളിത്രേം കഴിഞ്ഞിട്ടും എന്റെ പേരു കേട്ടാല്‍ മേഴ്‌സി തകിടം മറിയും...'

കട്ടിലില്‍ ആദ്യം ഇരുന്നും പിന്നെ കിടന്നും അവളതൊക്കെ കേട്ടു. കേട്ടതിലൊക്കെ എന്തെങ്കിലും സൂചനയോ ദുഃസൂചനയോ തോണ്ടിയെടുക്കാന്‍ പലതരം പാതാളക്കരണ്ടികളെടുത്തു പെരുമാറിയെങ്കിലും ഒന്നും കിട്ടിയില്ല. എന്നാലും കേള്‍ക്കുന്തോറും സംശയമോ പേടിയോ മറ്റെന്തെങ്കിലുമൊക്കെയോ അവള്‍ക്കു തോന്നി. എസ്‌കലേറ്റര്‍ സര്‍വ്വീസിന്റെ പേരിലാണെങ്കില്‍ കൂടി, കേവലം ഒരു മാട്രിമോണിയിലെ ജീവനക്കാരിയോട് ഒരു ഹൈപ്രൊഫൈല്‍ കസ്റ്റമര്‍ എന്തിനാണ് സ്വയം ഇത്രത്തോളം വെളിപ്പെടുത്തുന്നത്... എന്നാല്‍, കേള്‍ക്കാനൊരാള്‍ എന്ന വെറുമൊരു സ്ഥാനത്തിനപ്പുറത്തേക്ക് ഒരിക്കലും ആ സംഭാഷണം നീണ്ടതുമില്ല.

ഒരു രാത്രിയില്‍, അമ്മ എഴുന്നേറ്റിരിക്കുന്നത് ഉറക്കപ്പിച്ചില്‍ കണ്ടത് അവള്‍ക്കു നല്ലോര്‍മ്മയുണ്ട്. ആ കിടപ്പില്‍ വീണ്ടും ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ വൈകി. കണ്ണുതുറന്നയുടന്‍ തൊട്ടടുത്ത കട്ടിലിലേക്കാണ് നോക്കിയത്. അമ്മ അതിലില്ല. ചാടിയെണീറ്റപ്പോള്‍ അമ്മ കട്ടിലിനു താഴെ നിലത്ത്... കമിഴ്ന്ന്...

ആദ്യം വിളിക്കാന്‍ തോന്നിയത് ഡോ. സാമിനെയാണ്. അയാളുടെ നിര്‍ദ്ദേശപ്രകാരം ആംബുലന്‍സ് ടൗണിലെ ആദ്യകാല ആശുപത്രികളില്‍ ഒന്നായ ഡേവിഡ് മെമ്മോറിയല്‍ ഹെല്‍ത്ത് കെയറിലേക്കാണ് അമ്മയെ എത്തിച്ചത്. അവിടുത്തെ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന ഒരു ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചുമതലയായിരുന്നു ഡോ. സാമിന്. പതിമൂന്നാം ദിവസം വൈകുന്നേരം ഡോ. സാമിന്റെ ഫോണ്‍ വന്നു.

'ഡോണാ... ഇന്നാണ് നിങ്ങളുടെ അമ്മ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ തുടങ്ങിയത്.'

മൂന്നാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം തിരികെയെത്തിയതു മുതല്‍ അമ്മയുടെ മുഖത്ത് സ്വയം നിന്ദിക്കുന്ന ഒരുതരം ചിരി കണ്ടിരുന്നു. ഏതാനും സിറ്റിങ്ങുകള്‍ക്കുശേഷം ഡോ. സാം ഒറ്റയ്ക്കു കണ്ടപ്പോള്‍ അവളോടു ചോദിച്ചു:
'മാന്നന്നൂരിനെപ്പറ്റി ഡോണ കേട്ടിട്ടുണ്ടോ?'

'ഉവ്വ്. അമ്മ ഇടയ്ക്കിടെ പറയാറുണ്ട്.'

അടുത്തകാലത്ത് രാത്രിയില്‍ അമ്മ എഴുന്നേറ്റിരിക്കുമ്പോഴാണ് ആ സ്ഥലപ്പേര് പറഞ്ഞു കേള്‍ക്കുന്നത്.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

5
ഏഴോളം മാസങ്ങള്‍... ഇതിനിടെ ഒട്ടേറെ പേരുടെ ഏകാന്തതയെ ആളനക്കമുള്ള തട്ടുകളിലേക്ക് കയറ്റിവിടാന്‍ ഡോണ ചലിപ്പിച്ച എസ്‌കലേറ്റര്‍ സര്‍വ്വീസിനു സാധിച്ചു. ഡോ. സാം തന്റെ അക്കൗണ്ടിന്റെ സമയപരിധി വീണ്ടും ആറു മാസത്തേയ്ക്കു കൂടി പുതുക്കി. അയാളെ, ആരെയെങ്കിലും ഒന്നു കൂട്ടിയേല്പിക്കണമെന്ന് ഡോണ അതിയായി ആഗ്രഹിച്ചെങ്കിലും അതുമാത്രം എങ്ങുമെത്തിയില്ല.

ഒറ്റപ്പനകളുടെ ഉച്ചി കത്തിക്കാന്‍ ഉന്നം നോക്കുന്ന ഒരു പകല്‍.

കടുത്ത തലവേദനകൊണ്ട് ഉച്ചയ്ക്കുശേഷം അര ലീവെടുത്ത് അവള്‍ വീട്ടിലെത്തിയതാണ്. തോര്‍ത്തുകൊണ്ട് ചെന്നിയും നെറ്റിയും വരിഞ്ഞുകെട്ടി ഒന്നു കിടന്നു. ഉണര്‍ന്നപ്പോള്‍ ചാച്ചന്‍ മുറിയിലുണ്ട്. എന്തോ പറയാനുള്ളതുപോലെ.

'മോളെ...'

അവള്‍ എഴുന്നേറ്റിരുന്നു.

'ചാച്ചനു വയ്യ. രാത്രീല്‍ ഉറക്കമില്ല. എപ്പോഴും എരിപൊരി സഞ്ചാരം. ഏതു നേരോം വെള്ളദാഹം...'

ചാച്ചന്റെ പ്രയാസങ്ങള്‍ കേള്‍ക്കുന്തോറും അവളുടെ ദേഹമാസകലം ചുട്ടുപൊള്ളി. കൂടുതലൊന്നും ആലോചിക്കാതെ ചാച്ചനേയും കൂട്ടി അവളിറങ്ങി. ഓട്ടോക്കാരനോട് 
ഡോ. സാമിന്റെ പേര് പറഞ്ഞയുടന്‍, ഇരുവരേയും അയാള്‍ അളന്നുമുറിച്ചു നോക്കി. വല്ലവിധേനയും അവരെ അവിടെ ഇറക്കിവിട്ട് തിരികെയെത്തണം എന്ന മട്ടിലാണ് അയാള്‍ വണ്ടി പായിച്ചത്.

സന്ധ്യയായിരിക്കുന്നു. അവസാനത്തെ ടോക്കണും തീര്‍ന്നതുകൊണ്ട് റിസപ്ഷനില്‍ ആരുമില്ല.

ആദ്യം കണ്ട കസേരയില്‍ ഇരുന്നതേ അവള്‍ക്ക് ഓര്‍മ്മയുള്ളൂ. മയങ്ങിപ്പോയി.

വരാന്തയുടെ അറ്റത്താണ് 
ഡോ. സാമിന്റെ കണ്‍സള്‍ട്ടേഷന്‍ റൂം. ആ മുറിയില്‍ ഊറിനിന്ന മടുപ്പിനെ സമര്‍ത്ഥമായി പൊതിഞ്ഞുപിടിച്ച് ഡോ. സാം ബെഞ്ചമിന്‍ തനിക്കു മുന്‍പിലിരുന്നയാളെ ശ്രദ്ധാപൂര്‍വ്വം ശ്രവിക്കുകയാണ്. ഇടയ്ക്കു പുറത്തിറങ്ങി ആദ്യം കാണുന്ന വണ്ടിക്കു കൈകാണിച്ച് എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്നയാള്‍ വിചാരിക്കുന്നുമുണ്ട്. ഇപ്പോള്‍ ഡോ. സാം തനിക്കു മുന്‍പിലിരുന്ന അവസാനത്തെ ആളിനെ, ഹാ ജീവിതമേ... ജീവിതമേ... എന്നുറക്കെ ഉന്മാദത്തോടെ പാടി പ്രചോദിപ്പിച്ച് യാത്രയാക്കുകയാണ്. തുടര്‍ന്ന്, ഇരുപതു ഡിഗ്രിയില്‍ ശീതികരിച്ച ആ മുറിയില്‍, തന്റെ കസേരയില്‍ വിയര്‍ത്തിരുന്ന്, അയാള്‍, അയാളെത്തന്നെ കേട്ടു തുടങ്ങി.

മയക്കം വിട്ടതോടെ ഡോണ പതുക്കെ എഴുന്നേറ്റ് റിസെപ്ഷനിലെ ബെല്ലടിച്ചു. ഡോ. സാം വാതില്‍ തുറന്നപ്പോള്‍ ആദ്യം ചാച്ചനെയാണ് കണ്ടത്. അതു കഴിഞ്ഞ് അവളെയും.

അവര്‍ ഇരുന്നു കഴിഞ്ഞപ്പോള്‍, ഡോ. സാം താണ ശബ്ദത്തില്‍ പറഞ്ഞു'

'എനിക്കറിയാമായിരുന്നു. നിങ്ങളിലൊരാള്‍ മറ്റെയാളെയും കൊണ്ട് ഇവിടെയെത്തുമെന്ന്.'

അവളോട് തൊട്ടടുത്ത മുറിയില്‍ പോയിരിക്കാന്‍ ഡോ. സാം നിര്‍ദ്ദേശിച്ചു.

അവള്‍ ആ മുറിയിലേക്കു കയറിയതും പിന്നില്‍ വാതിലടഞ്ഞു. അവിടെ ചുവരിലുറപ്പിച്ച ക്ലോസ്സഡ് സര്‍ക്ക്യൂട്ട് ടി.വിയില്‍ ചാച്ചനും ഡോ. സാമും മുഖാമുഖം ഇരിക്കുകയാണ്.

ഡോ. സാം പറഞ്ഞു തുടങ്ങി:

'അതൊരു കൊച്ചു സ്‌റ്റേഷനാരുന്നു. മാന്നനൂര്‍. തിരക്കില്ല. വണ്ടികള്‍ നിര്‍ത്താറില്ല. പക്ഷേ, ചിലപ്പോള്‍ സിഗ്‌നല്‍ കാത്ത് വണ്ടികള്‍ നിര്‍ത്തിയിടാറുണ്ട്. ആ നേരത്താണ് അവരിരുവരും ചാടിയിറങ്ങിയത്. മണല്‍തിട്ടയിലൂടെ നടന്ന് നിലാവിന്റെ കയങ്ങളിലൂടെ നീന്തി അവര്‍ ഒരു തെങ്ങിന്‍ തോപ്പിലെത്തി. പതുങ്ങി പിറകെ പോയ മൂന്നാമന്‍ മലയുടെ ചുവട്ടില്‍ വെച്ച് അവരെ കണ്ടെത്തി. അതിലൊരാളെ വലിച്ചിഴച്ചുകൊണ്ടാണ് അയാള്‍ തിരികെയെത്തിയത്.'

ചാച്ചന്റെ മുഖത്തു സൂക്ഷിച്ചു നോക്കി ഡോ. സാം വീണ്ടും ചോദിച്ചു:

'ചാച്ചനെന്തു പറയുന്നു. അപ്പോഴും ഒരാള്‍ കുറവുണ്ടല്ലോ?'

ചാച്ചന്‍ ഒന്നും മിണ്ടാതെ തൊട്ടടുത്തിരുന്ന വെള്ളക്കുപ്പിയില്‍നിന്നു നാലഞ്ചു കവിള്‍ ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് വിഴുങ്ങി.

'അവനെങ്ങോട്ടെങ്കിലും ഓടിപ്പോയിക്കാണും സാറെ... അല്ലെങ്കിത്തന്നെ എന്തോ ചെയ്യാമ്പറ്റും? കൂടപ്പിറപ്പായി കണ്ട ഒരുത്തനെ... എത്ര ദേഷ്യം വന്നാലും ചെകിട്ടത്തു രണ്ടെണ്ണം പൊട്ടിക്കുന്നതിനപ്പറം... എന്തോ ചെയ്യാമ്പറ്റും?'

ഡോ. സാം ഒന്നും മിണ്ടാതെ ചാച്ചനെത്തന്നെ നോക്കിയിരിക്കുകയാണ്. അപ്പോഴൊക്കെ ഡോണ കരയുന്നുണ്ടായിരുന്നു.
ക്രമേണ അവള്‍ കണ്ടുകൊണ്ടിരുന്ന ആ സ്‌ക്രീന്‍ മങ്ങി മങ്ങി വന്നു. ആ കൂടിക്കാഴ്ച അധികം വൈകാതെ അവസാനിച്ചു.
മടക്കയാത്രയിലോ പിന്നീടുള്ള ദിവസങ്ങളിലോ ചാച്ചനും ഡോണയ്ക്കുമിടയില്‍ ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടായില്ല.
പതിവുപോലെ, കസ്റ്റമേഴ്‌സിന്റെ നിശൂന്യമായ അകത്തളങ്ങളെ നിറച്ചു പൊലിപ്പിച്ചുകൊണ്ട് ഡോണ തന്റെ സ്ഥാപനത്തിന്റെ കുതിപ്പില്‍ പങ്കാളിയായി. വൈകുന്നേരങ്ങളില്‍ ക്ഷീണിച്ച് നിരായുധയായി വീട്ടിലേക്കു മടങ്ങി.

6
ചുരുങ്ങിയ കാലം കൊണ്ട് പടര്‍ന്നു പന്തലിച്ച കൊഹെറെന്റ് മാട്രിമോണിയുടെ വാര്‍ഷികദിനം പിറ്റേന്നാണ്.

കഷ്ടിച്ചൊരു മാസം മുന്‍പ്, ഡോണ കൈകാര്യം ചെയ്യുന്ന മൂന്നാമത്തെ സെഗ്‌മെന്റില്‍ ഡോ. സാമിന്റെ ആദ്യ ഭാര്യയുടെ പേരു കണ്ടതോടെ അവള്‍ക്ക് ആവേശമായി. മൂന്നാഴ്ച കഠിനമായി പ്രവര്‍ത്തിക്കേണ്ടിവന്നു. കഴിഞ്ഞ ദിവസമായിരുന്നു ഡോ. സാമിന്റേയും മേഴ്‌സിയുടേയും പുനര്‍വിവാഹം. നന്നായി ചര്‍ച്ച ചെയ്യപ്പെട്ട ആ വിവാഹമാണ് കോഹെറെന്റ് മാട്രിമോണിയിലെ ഏറ്റവും നല്ല പെര്‍ഫോമര്‍ക്കുള്ള ഗോള്‍ഡന്‍ ഫ്‌ലവര്‍ പുരസ്‌കാരത്തിന് ഡോണയെ അര്‍ഹയാക്കിയത്. അനുഗ്രഹിക്കപ്പെട്ട ദമ്പതികള്‍ എന്ന പേരിലുള്ള സി.ഇ.ഒയുടെ പ്രത്യേക സമ്മാനം വാങ്ങാന്‍ വേദിയില്‍ ഡോ. സാമും ഭാര്യയും നാളെ അവളോടൊപ്പം ഉണ്ടാവും. സത്യം പറഞ്ഞാല്‍, അവാര്‍ഡു ദാനത്തിന്റെ തലേ രാത്രി അവള്‍ക്കു ശരിക്കുറങ്ങാനേ പറ്റിയില്ല.

വെളുപ്പിനെ കണ്ണു തുറന്നപ്പോള്‍, ചാച്ചന്‍ കട്ടിലിന്റെ ചുവട്ടില്‍ മുട്ടുകുത്തി നില്‍ക്കുകയാണ്. ചാച്ചന്റെ മുന്‍പോട്ടാഞ്ഞ മുഖം അവളുടെ ഇടതു കാല്‍പാദത്തില്‍ പതുക്കെ താങ്ങിനിന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com