'ആറാം വാര്‍ഡിലെ മോഷ്ടാവ്'- ഷനോജ് ആര്‍. ചന്ദ്രന്‍ എഴുതിയ കഥ

അവര്‍ക്കരികില്‍ ബെഡില്‍ നാലു പെണ്‍മക്കളും ചിരിച്ചും വര്‍ത്തമാനം പറഞ്ഞും ഇരിപ്പുണ്ട്. പെമ്പിള്ളാരുടെ ഭര്‍ത്താക്കന്മാര്‍ ഭക്ഷണം മേടിക്കാന്‍ പുറത്തേക്കു പോയിരിക്കുന്നു
'ആറാം വാര്‍ഡിലെ മോഷ്ടാവ്'- ഷനോജ് ആര്‍. ചന്ദ്രന്‍ എഴുതിയ കഥ

1
ബീപാത്തുമ്മയെ കണ്ടാല്‍ സഞ്ചരിക്കുന്ന ജ്വല്ലറിയാണെന്നു തോന്നും. കഴുത്തില്‍ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ വലിയ കോര്‍മ്പലും നേലം വെച്ച ഉക്കെട്ടും. പുറമെ പടികെട്ടിയ മാലയും കമ്മത്തിത്താലിയും പിന്നൊരു പൊന്‍പത്താക്കും. കാതില്‍ തുരുതുരാ കിഴിച്ച് പതിനാറ് വളയമിട്ടതിനൊപ്പം തണ്ടട്ടിയും കീഴ്ക്കാതില്‍ അലിക്കത്തും. വിരലുകളില്‍ പല കളര്‍ വെളിച്ചമുള്ള മോതിരങ്ങള്‍  ഒഴുക്കനും ഈര്‍ക്കിലൊടിയനും കല്ലുവെച്ചതും. കൈത്തണ്ടയില്‍ തിങ്ങിക്കിടക്കുന്ന കൊത്തുവളയും ചുട്ടുവളയും ഒഴുക്കുവളയും ഇടയ്ക്കിടെ ചില്‍ചില്ലെന്നു ശബ്ദമുണ്ടാക്കും. ചുവന്ന പാദങ്ങളില്‍ സ്വര്‍ണ്ണത്തള. കാല്‍വിരലുകള്‍ ഒന്നൊഴിയാതെ മോതിരമണിഞ്ഞ് ചെറുചങ്ങല കൊണ്ട് തള്ളവിരലിലെ മോതിരത്തില്‍ ബന്ധിപ്പിച്ച സ്വര്‍ണ്ണ മിഞ്ചി. ഇത്രയും പോരാഞ്ഞ് അടിപ്പാവാടയ്ക്കടിയില്‍നിന്ന് ഇടയ്ക്കിടെ എത്തിനോക്കുന്ന സ്വര്‍ണ്ണ അരഞ്ഞാണം കൂടി കണ്ടാല്‍ ഒരു സ്വര്‍ണ്ണക്കടയില്‍ കയറിയിറങ്ങിയതായി തോന്നും.

സ്വര്‍ണ്ണമല്ലാത്തത് ബീപാത്തുമ്മ കിടക്കുന്ന ഇരുമ്പുകട്ടിലും അരികില്‍ ഇരിക്കുന്ന ഓക്‌സിജന്‍ സിലിണ്ടറും മുഖത്ത് വെച്ചിരിക്കുന്ന 
മാസ്‌ക്കും മൂക്കില്‍ കൂടി ദ്രവഭക്ഷണം കൊടുക്കുന്ന ട്യൂബും കട്ടില്‍ക്കാലില്‍ ബന്ധിപ്പിച്ചിരിക്കുന്ന മൂത്ര ബാഗും മാത്രമാണ്. അവര്‍ക്കരികില്‍ ബെഡില്‍ നാലു പെണ്‍മക്കളും ചിരിച്ചും വര്‍ത്തമാനം പറഞ്ഞും ഇരിപ്പുണ്ട്. പെമ്പിള്ളാരുടെ ഭര്‍ത്താക്കന്മാര്‍ ഭക്ഷണം മേടിക്കാന്‍ പുറത്തേക്കു പോയിരിക്കുന്നു.

മെഡിക്കല്‍ കോളേജിലെ ആറാം വാര്‍ഡില്‍ എഴുപത്തിനാലാം നമ്പര്‍ ബെഡിലാണ് ബീപാത്തുമ്മ കിടക്കുന്നത്. ഹൃദയത്തില്‍ ദ്വാരമുണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. ശ്വാസം വലിച്ചുവലിച്ചു കിടക്കാന്‍ തുടങ്ങിയിട്ട് മാസം ഒന്നരയായി. ഒരാഴ്ച വാര്‍ഡില്‍, കൂടുമ്പോള്‍ ഐ.സി.യുവില്‍, കുറയുമ്പോള്‍ പിന്നെയും വാര്‍ഡില്‍. ഈ വിധം ജ്വല്ലറി ഓടിനടക്കുകയാണ്. സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റാന്‍ ഡോക്ടര്‍ പറഞ്ഞപ്പോള്‍ മാത്രം ബീപാത്തുമ്മ ഓക്‌സിജന്‍ മാസ്‌ക്ക് വലിച്ചു മാറ്റി അലറി: 'ചത്താലും മാറ്റില്ല.' അതില്‍ പിന്നെ ഡോക്ടര്‍ ഒന്നും പറയാന്‍ പോയില്ല. തൊണ്ണൂറാം വയസ്സില്‍ കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന പെണ്ണുമ്പിള്ള ചാകുമ്പോള്‍ ഇതുംകൂടി കൊണ്ടുപോകുന്നെങ്കില്‍ കൊണ്ടുപൊക്കോട്ടെ എന്ന് ഡോക്ടര്‍ കരുതി. വെന്റിലേറ്ററില്‍ ബോധമില്ലാതെ കിടന്നപ്പോള്‍ ഒന്നു മാറ്റിയതൊഴിച്ചാല്‍ സദാസമയം സര്‍വ്വാഭരണ വിഭൂഷിതയായ സ്വര്‍ണ്ണവിഗ്രഹമാണ് ബീപാത്തുമ്മ.

എങ്കിലും ഡോക്ടര്‍ ബീപാത്തുമ്മയുടെ പെണ്‍മക്കള്‍ക്ക് ഒരു വാണിംഗ് കൊടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളേജില്‍ അപരിചിതരായ ഒരുപാട് പേര്‍ വരും. സൂക്ഷിക്കണം. സ്വര്‍ണ്ണവും കാശുമൊക്കെ മോട്ടിച്ചുകൊണ്ടുപോകുന്ന വാര്‍ത്തകളൊക്കെ നിങ്ങളും കേട്ടുകാണും. 'എന്തിനേറെ പറയുന്നു ലേബര്‍ റൂമില്‍നിന്നു കഴിഞ്ഞ വര്‍ഷം ഒരു കുഞ്ഞിനെത്തന്നെ കൊണ്ടുപോയി.' നേഴ്‌സിന്റെ വേഷം കെട്ടിവന്ന ഒരു സ്ത്രീയാണ് ആ കടുംകൈ ചെയ്തതെന്ന് പെണ്‍കുട്ടികളുടെ ആശങ്ക കൂട്ടി ഡോക്ടര്‍ പറഞ്ഞു. രോഗികളുടെ കൂട്ടിരിപ്പുകാരെന്നു പറഞ്ഞു വന്നു പറ്റിച്ചിട്ട് പോകുന്നവരുണ്ട്.
'താഴെ കടകളിലും ആശുപത്രിയുടെ ലിഫ്റ്റുകള്‍ക്കുള്ളിലും തൂണുകളിലും കോണിപ്പടിക്കരികിലെ ഭിത്തികളിലും പതിച്ചിട്ടുള്ള ഒരു പോസ്റ്ററും അതിലെ ഫോട്ടോകളും നിങ്ങള്‍ കണ്ടോ. ഇവരെ സൂക്ഷിക്കുക എന്ന തലക്കെട്ടിനു താഴെ മൂന്നു പെണ്ണുങ്ങളുടേയും രണ്ടാണുങ്ങളുടേയും ഫോട്ടോ. ഈ കേസുകളിലൊക്കെ സംശയിക്കപ്പെട്ട കുഴപ്പക്കാരാ. ശ്രദ്ധിച്ചേക്ക്. അവരെ ഒന്നു കരുതിയിരുന്നാല്‍ നല്ലതാ.' ടെന്‍ഷന്‍ കൂടി വിയര്‍ത്തു തുടങ്ങിയ പെണ്‍മക്കളോട് ഡോക്ടര്‍ ആശ്വാസവാക്കുകള്‍ പറഞ്ഞു: 'ഭയപ്പെടേണ്ട. സൂക്ഷിച്ചാല്‍ മതി.'

മാത്രമല്ല, ചില നേരങ്ങളില്‍ അപരിചിതമായ ഒരു പാദപതനശബ്ദം കേള്‍ക്കാറുള്ളതായി വയസ്സനായ അറ്റന്‍ഡറും അവരെ പേടിപ്പിച്ചു. 'ഇതുവരെ കക്ഷിയെ ആരും കണ്ടിട്ടില്ല. ഒറ്റ സെക്കന്റ് കൊണ്ട് കവര്‍ന്നോണ്ട് പോകും.' അന്‍പത്തിനാലാം ബെഡിലെ രോഗി മരിച്ചപ്പോള്‍ വെള്ളത്തുണി മൂടിക്കൊണ്ട് നില്‍ക്കെ അറ്റന്‍ഡര്‍ അതിശയത്തോടെ പറഞ്ഞു.

അന്നു മുതല്‍ അമ്മയുടെ കട്ടിലില്‍നിന്നു മാറിയിട്ടില്ല ബീപാത്തുമ്മയുടെ പെണ്‍മക്കള്‍. ഭര്‍ത്താക്കന്മാരോടും അവര്‍ ആശങ്ക പങ്കുവെച്ചു. കൂട്ടത്തില്‍ ഇളയ മകള്‍ ചൂടുകാപ്പി മേടിക്കാന്‍ നാലുമണിക്ക് ആശുപത്രി ക്യാന്റീനില്‍ പോയപ്പോള്‍ റിസപ്ഷനില്‍ പതിച്ചു കണ്ട ആ മുന്നറിയിപ്പ് കടലാസിന്റെ ഫോട്ടോ തന്റെ മൊബൈലില്‍ പകര്‍ത്തി. എന്നിട്ടും ആവേശം തീരാതെ മടങ്ങി വരുംവഴി 
ലിഫ്റ്റില്‍ കണ്ട പോസ്റ്റര്‍ കീറിയെടുത്ത് ആറാം വാര്‍ഡില്‍ എല്ലാവര്‍ക്കും കാണാവുന്നവിധം ഒട്ടിക്കുകയും ചെയ്തു. ഇവരെ സൂക്ഷിക്കുക എന്നെഴുതിയ അഞ്ച് മോഷ്ടാക്കളുടെ ചിത്രത്തിനു താഴെയായി അന്നു മുതല്‍ സ്വര്‍ണ്ണവിഗ്രഹത്തിന്റെ കിടപ്പ്.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

2
ആലപ്പുഴ സക്കറിയാ ബസാറിലെ ആലിബാബ ബിരിയാണിക്കട ഉടമ ആലിക്കോയയുടെ സഹധര്‍മ്മിണിയാണ് ബീപാത്തുമ്മ. പതിന്നാല് വര്‍ഷം മുന്‍പേ ആലിക്കോയ മരിച്ചുപോയപ്പോള്‍ പെണ്‍മക്കളും മരുമക്കളും ചേര്‍ന്ന് ബിരിയാണിക്കട കുറച്ചുകൂടി ആധുനീകരിച്ച് നടത്തിത്തുടങ്ങി. ആലിക്കോയയുടെ കാലം തൊട്ടേ പേരുകേട്ട ആ ബിരിയാണി രുചി കലര്‍പ്പൊന്നുമില്ലാതെ ഇപ്പോഴും മക്കള്‍ കൊണ്ടുപോകുന്നുണ്ട്. ഇക്കാര്യം പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല, ബീപാത്തുമ്മയുടെ സമീപകട്ടിലുകളിലെ രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്ക് ഇടയ്ക്കിടെ 
ആ പെണ്‍മക്കള്‍ ബിരിയാണി കൊണ്ടുവന്നു പങ്കുവെക്കുമായിരുന്നു. പത്തറുപത് വര്‍ഷം പഴക്കമുള്ള ബിരിയാണിക്കടയാണ്. ഉള്ളത് പറയാമല്ലോ, ആ വര്‍ഷങ്ങളുടെ രുചി മുഴുവന്‍ ഊറിപ്പുരണ്ട് നാവില്‍, കഴിക്കുന്നവര്‍ സ്വയം മറന്നുപോകും വിധം കൊതിപ്പിച്ചു വീഴ്ത്തുന്ന 
രുചിക്കൂട്ടായിരുന്നു ആലിബാബ ബിരിയാണി. ഗന്ധവും നിറവും രുചിയും കഴിച്ചുകഴിഞ്ഞാലും ചുറ്റും പാറിപ്പറന്നുകൊണ്ടിരിക്കും. ബീഫിന്റേയും ചിക്കന്റേയും മട്ടന്റേയും പലതരം വെറൈറ്റികള്‍ ആസ്വദിച്ച് രസിച്ച രോഗികളുടെ കൂട്ടിരിപ്പുകാരും ഒരു നന്ദിപ്രകടനമെന്ന വണ്ണം ബീപാത്തുമ്മയുടെ ആഭരണങ്ങളില്‍ ഒരു ശ്രദ്ധ കൊടുത്തു തുടങ്ങി. ശരിക്കും ആ പെണ്‍മക്കള്‍ ബിരിയാണി 
വിളമ്പിയത് ആ ഉദ്ദേശ്യം കൂടിവെച്ചായിരുന്നു. ഒന്ന്, ബിരിയാണി തിന്നവന്മാര്‍ സ്വര്‍ണ്ണം കട്ടാല്‍ എല്ലിന്റെടേല്‍ കുത്തലും 
കുറ്റബോധവുമുണ്ടാകും. രണ്ട്, നല്ല മനസ്സുള്ളവരുണ്ടെങ്കില്‍ ഒരു നോട്ടം അമ്മയുടെ മേലെ അവരില്ലെങ്കിലും ഉണ്ടാകും.

അങ്ങനെ ആ വിധം ആലിബാബ ബിരിയാണിക്കടയിലെ കൊതിയൂറും ബിരിയാണി സമീപ ബെഡുകളില്‍ കിടന്ന രോഗികളുടെ ബന്ധുക്കള്‍ക്ക് ഇടവിട്ട് കിട്ടിത്തുടങ്ങി. യാത്ര ചെയ്യുന്നതിനിടെ ബോധരഹിതനായ ഒരു മുന്‍ തപാലുദ്യോഗസ്ഥന്റെ അളിയനും സുഹൃത്തും, ഹൃദയവാല്‍വ് ചുരുങ്ങിയതിനൊപ്പം ന്യൂമോണിയ ബാധ കൂടിയായപ്പോള്‍ ശ്വാസംമുട്ടല്‍ അധികമായ ഒരു ലോട്ടറിക്കച്ചവടക്കാരിയുടെ ബ്യൂട്ടീഷ്യയായ മകളും ബന്ധുക്കളും, കടലില്‍ മീന്‍ പിടിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്നു തൊട്ടപ്പുറത്തെ ബെഡില്‍ കിടക്കുന്ന മത്സ്യത്തൊഴിലാളിയും ഭാര്യയും മോനും മരുമോളും, തലയില്‍ ട്യൂമറാണെന്നു തിരിച്ചറിഞ്ഞ് രണ്ടു ദിവസത്തിനകം ശ്രീചിത്രയിലേക്കു പോകാനിരിക്കുന്ന പ്രവാസിയുടെ വീട്ടുകാരും സുഖവിവരം അന്വേഷിക്കാനെത്തിയ നാട്ടുകാരും ഇവരൊക്കെ രോഗത്തിനും മരണത്തിനുമിടയില്‍ ആ രുചി തൊട്ടുനക്കി ഏമ്പക്കം വിട്ടവരില്‍ ചിലരാണ്.

അഞ്ചാം വാര്‍ഡിലും ബിരിയാണി മണം കിട്ടിത്തുടങ്ങിയെന്നു മനസ്സിലായത് പോക്കര്‍ എന്നൊരുത്തന്‍ തെരഞ്ഞ് വന്നപ്പോഴാണ്. ബൈക്ക് ആക്‌സിഡന്റില്‍ കയ്യും കാലുമൊടിഞ്ഞ് അഞ്ചാം വാര്‍ഡില്‍ ആകാശത്തേക്ക് കാലു കെട്ടിത്തൂക്കിക്കിടക്കുന്ന ഒരുവന്റെ രണ്ടാംഭാര്യയിലെ മകനാണ്. പോക്കര്‍ ആറാം വാര്‍ഡിന്റെ വാതില്‍ക്കല്‍ മണം പിടിച്ചുവന്ന് പ്ലാഞ്ചിപ്ലാഞ്ചി കുറച്ചുനേരം നിന്നശേഷം വാര്‍ഡിലെ ചിലരുമായി പതിയെ ചങ്ങാത്തം കൂടി.

'രാത്രി കഞ്ഞിപ്പാടം പാലമിറങ്ങുമ്പോഴായിരുന്നു അപകടം. ഞാനും ബൈക്കിന്റെ പുറകില്‍ ഇരിപ്പുണ്ട്. താഴെ ജെസിബി കിടക്കുന്നത് കണ്ടില്ല. കണ്ണടച്ചു തുറക്കും മുന്‍പ് തീര്‍ന്നു.'

'നീയെങ്ങനെ രക്ഷപ്പെട്ടു' തപാല്‍ ഉദ്യോഗസ്ഥന്റെ അളിയന്‍ ചോദിച്ചു.

'ഞാന്‍ തെറിച്ചു വെള്ളത്തില്‍പ്പോയി. കുറച്ചു വെള്ളം കുടിച്ചെങ്കിലും നീന്തി രക്ഷപ്പെട്ടു' പോക്കര്‍ പറഞ്ഞു.

സംസാരം കേട്ടുകൊണ്ട് ശ്വാസം വലിച്ച് ബീപാത്തുമ്മയും കട്ടിലില്‍ പെണ്‍മക്കളും ഇരിപ്പുണ്ട്. യുവാവായ പോക്കര്‍ തെറിച്ച് ആറ്റിലേക്കു പോകുന്നതും വെള്ളം കുടിച്ചു നീന്തുന്നതും നനഞ്ഞു കേറുന്നതുമോര്‍ത്ത് ബീപാത്തുമ്മയുടെ ഇളയ മകള്‍ക്കു ചിരിവന്നു. 'ദൈവം രക്ഷിച്ചു' അവള്‍ പറഞ്ഞു.

ബിരിയാണി വിളമ്പാറായപ്പോള്‍ പോക്കര്‍ പിന്നെയും പ്ലാഞ്ചാന്‍ തുടങ്ങി. പോകണോ പോകണ്ടയോ എന്ന മട്ടില്‍ ഒരു തിരിഞ്ഞു കളി. ഒരു കാല്‍ അങ്ങോട്ടും ഒരു കാല്‍ ഇങ്ങോട്ടും. അയാളെ കൂടുതല്‍ സങ്കടപ്പെടുത്തേണ്ടന്നു കരുതി ഇളയ മകള്‍ പറഞ്ഞു: 'നിങ്ങളും കുറച്ച് ബിരിയാണി തിന്നിട്ട് പോ.'

പോത്ത് ബിരിയാണിയായിരുന്നു. നെയ് പുരണ്ട ചോറില്‍ മൊരിച്ച ബീഫും ഈന്തപ്പഴമച്ചാറും കൂട്ടി നാവിന്റെ രസമുകുളങ്ങള്‍ വിടരവേ പോക്കര്‍ തപാല്‍ ഉദ്യോഗസ്ഥന്റെ അളിയനോട് ശബ്ദം താഴ്ത്തി പറഞ്ഞു: 'ആലിബാബ ബിരിയാണിയുടെ ഒപ്പം ആലപ്പുഴേല്‍ വേറൊരു ചോറുമില്ല. എന്റെ ഫേവറൈറ്റാ. ഇടയ്ക്കിടെ ഇതു തിന്നാന്‍ വേണ്ടി മാത്രം ഞാന്‍ ആലപ്പുഴയ്ക്ക് വരും. ആക്‌സിഡന്റുണ്ടായ ദിവസവും ഞങ്ങള്‍ അവിടന്നു കൊഞ്ച് ബിരിയാണി കഴിച്ചു. അതിനുശേഷം പോയ പോക്കാ അച്ഛന്‍ കാല് തൂക്കിക്കിടക്കുന്നത്.'

പോക്കറിനു പോരാന്നു തോന്നിയതിനാല്‍ ഇളയ മകള്‍ പിന്നെയും വിളമ്പിക്കൊടുത്തു. തൊണ്ട വരെ തിന്ന് അവന്‍ എണീക്കുമ്പോള്‍ അവള്‍ പറഞ്ഞു: 'നാളെം വാ ബിരിയാണി തിന്നാം.'

3
ഉച്ചകഴിഞ്ഞ് പാതിമയക്കം തീര്‍ന്ന് ബീപാത്തുമ്മ ഉണരുമ്പോഴാണ് സംഭവം അറിഞ്ഞത്. കഴുത്തില്‍ സ്വര്‍ണ്ണം പണിത നേലം വെച്ച ഉക്കെട്ടില്ല! ഓക്‌സിജന്‍ മാസ്‌ക്കിലൂടെ വലിച്ചുകിട്ടുന്ന ശ്വാസം എന്നിട്ടും പോരാതെ വരുമ്പോള്‍  അവര്‍ ചൂണ്ടുവിരല്‍ ഉക്കെട്ടിന്റെ കണ്ണികളില്‍ തിരുപിടിച്ച് ജീവനെ ഉള്ളിലോട്ട് ആഞ്ഞുവലിക്കാന്‍ നോക്കാറുണ്ട്. അന്നാകട്ടെ, ശ്വാസം അവരുടെ നെഞ്ചില്‍ മലപോലെ ഉയര്‍ന്നും കൊക്കയിലേക്കെന്നവണ്ണം താഴ്ന്നും കണ്ടോണ്ടിരിക്കുന്നവരെപ്പോലും ശ്വാസംമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. പെണ്‍മക്കള്‍ അമ്മയുടെ ശ്വാസം പൊട്ടി അന്തരീക്ഷത്തില്‍ ലയിക്കാന്‍ പോകുന്ന സമയമായെന്നു കരുതി നാവിലിറ്റിക്കാനുള്ള വെള്ളം ബാഗിലുണ്ടോന്ന് ഒന്നൂടെ ഉറപ്പിച്ച് അമ്മാ അമ്മാ എന്നു കരഞ്ഞുകൊണ്ടിരിക്കുകയും. ആ വഴി പോയ ഓക്‌സിജന്റെ ഒരു തുമ്പില്‍ പിടിച്ചുവലിക്കാനായി ഉക്കെട്ടില്‍ ഒന്നു വിരലുറപ്പിച്ച് അവസാന ശ്രമം നടത്താന്‍ നോക്കിയതാണ് ബീപാത്തുമ്മ. നോക്കുമ്പോള്‍ സാധാരണ കിടക്കുന്നിടത്ത് ഉക്കെട്ടില്ല. വിരല്‍ നെഞ്ചിലും കഴുത്തിലും മുലയിലും പരതിനോക്കിയെങ്കിലും ഉക്കെട്ടില്‍ വിരല് തടഞ്ഞില്ല. പരമാവധി ശക്തിയില്‍ മാസ്‌ക്ക് മുഖത്തൂന്ന് തട്ടി ബീപാത്തുമ്മ അലറി:
'എന്റെ ഉക്കെട്ടെവിടെ നായ്ക്കളേ.'

അപ്പോഴാണ് എല്ലാവരും ശ്രദ്ധിച്ചത് ബീപാത്തുമ്മയുടെ കഴുത്തില്‍ നേലം വെച്ച ഉക്കെട്ടില്ല!

'അതവിടേലും കാണും അമ്മാ' എന്നു പറഞ്ഞ് മാസ്‌ക്ക് വീണ്ടും മുഖത്തുവെച്ചു കൊടുത്ത് അമ്മയുടെ നെഞ്ച് തിരുമ്മിക്കൊടുക്കുമ്പോഴേക്കും പെണ്‍മക്കളുടെ നെഞ്ചില്‍ ഒരു തീക്കനല്‍ വീണിരുന്നു. അമ്മയുടെ സ്വര്‍ണ്ണ ഉക്കെട്ട് കാണുന്നില്ലല്ലോ എന്നു നാലു പേരുടെയും ഉള്ളാളി.

'കണ്ടില്ലേ സ്വന്തം ജീവനേക്കാള്‍ കിളവിക്ക് ആര്‍ത്തി സ്വര്‍ണ്ണത്തോടാണ്.' ഇഞ്ചക്ഷനെടുക്കാന്‍ വന്ന ഡോക്ടര്‍ സുന്ദരിയായ നഴ്‌സിനോട് ശബ്ദം താഴ്ത്തി പറഞ്ഞു. 'ചത്താലും ആര്‍ത്തി തീരാത്ത പണ്ടാരം.' എന്നിട്ട് അയാള്‍ ഒരു ഇഞ്ചക്ഷനെടുത്ത് അവരെ ഉറക്കിക്കളഞ്ഞു.

സ്വര്‍ണ്ണം പോയെന്നറിഞ്ഞപ്പോഴക്കും ബഹളമായി. ബിരിയാണി തിന്നവരെല്ലാം അവരുടെ ആത്മാര്‍ത്ഥത പ്രകടമാക്കാന്‍ അഭിപ്രായങ്ങള്‍ പറഞ്ഞുതുടങ്ങി. വിവരമറിഞ്ഞ് സമീപ വാര്‍ഡുകളില്‍നിന്നുപോലും മനുഷ്യര്‍ വന്നു. അഞ്ച് മോഷ്ടാക്കളുടെ ഫോട്ടോയില്‍ നോക്കി അവരെ വഴിയിലെവിടെയെങ്കിലും കണ്ടോ എന്ന് ആളുകള്‍ ഓര്‍മ്മയില്‍ പരതി. അപരിചിതമായ കാല്‍പെരുമാറ്റം വല്ലോം കേട്ടാരുന്നോന്ന് പതിനേഴാം നമ്പര്‍ ബെഡില്‍ മരിച്ച രോഗിക്കു മൂടാന്‍ വെള്ളത്തുണി കൊണ്ടുപോകും വഴി വയസ്സനായ അറ്റന്‍ഡര്‍ നെറ്റിയില്‍ വിരലമര്‍ത്തി ആലോചിച്ചു.
അപ്പോഴാണ് ബീപാത്തുമ്മയുടെ ഇളയ മകള്‍ക്കു വെളിപാടുണ്ടായത്.

'ഇതാരാ കട്ടതെന്ന് എനിക്കറിയാം' അവള്‍ പറഞ്ഞു.
സ്വാഭാവികമായും സംശയം ബിരിയാണി തിന്നിട്ടു പോയ പോക്കറിലേക്കെത്തി.
അവള്‍ സര്‍വ്വാംഗം വിറച്ച് അഞ്ചാം വാര്‍ഡിലേക്ക് ഓടി.

അവിടെ കാല്‍ ആകാശത്തേക്ക് നോക്കി കിടക്കുന്ന മനുഷ്യനോട് അവള്‍ അലറി: 'പോക്കറെവിടെ അങ്കിളേ.'

'പോക്കറോ' ഒന്നു തിരിഞ്ഞുനോക്കാന്‍പോലും തലയനക്കാന്‍ കഴിയാത്ത അയാള്‍ ഇടങ്കണ്ണിട്ട് നോക്കി അവളോട് ചോദിച്ചു.

'ആ പോക്കറ്. നിങ്ങളുടെ രണ്ടാംകെട്ടിലെ സന്താനം.'

'ഭ!'

അയാള്‍ സങ്കടം കൊണ്ടൊരാട്ടാട്ടി. 'എനിക്കൊരു പോക്രിയേയും അറിയത്തില്ല. പ്രായം അമ്പത്തിനാലായിട്ടും ഞാനൊരു കല്യാണംപോലും കഴിച്ചിട്ടില്ല പെങ്ങളേ.'

പിന്നെ അയാള്‍ മയപ്പെടുത്തി:

'ഇവിടൊരുത്തന്‍ വര്‍ത്തമാനം പറയാന്‍ വരുമായിരുന്നു, ഇനി അവനെയാണോ ഉദ്ദേശിക്കുന്നത്.'

'അവന്റെ പേരെന്താ' അവള്‍ ചോദിച്ചു.

'ഫസല്‍. അപ്പുറെ സ്വര്‍ണ്ണം മൂടിക്കിടക്കുന്ന ഒരു പെണ്ണുമ്പിള്ളയില്ലേ. അവരുടെ ഇളയ മരുമോനാന്നാണ് പറഞ്ഞത്.'

'ഇളയ മരുമോനോ! ആ നാറി എന്നാ എന്നെക്കെട്ടിയത്' അവള്‍ കലിതുള്ളി.

പോയതിനേക്കാള്‍ വേഗത്തില്‍ അവള്‍ തിരിച്ചു വന്നു. എല്ലാരോടുമായി പറഞ്ഞു:

'എന്തു പറയാന്‍. അവന്‍ തിന്നിട്ട് ഊമ്പിച്ചു. തെണ്ടി.'

4
സംഭവം അവിടെവെച്ച് തീര്‍ന്നില്ല. ഒരു നിശബ്ദത കുറച്ചുനേരം വന്നെങ്കിലും അത് ഒരു ബഹളത്തിന്റെ മുന്നൊരുക്കമായിരുന്നു. എടുത്ത ഇഞ്ചക്ഷന്റെ മയക്കത്തില്‍ ഉറങ്ങിപ്പോയ ബീപാത്തുമ്മ ബോധം വന്നപാടെ ഇടറിയും വലിച്ചും ശബ്ദമില്ലാതെയും പിന്നെയും നിലവിളിച്ചു.
'പന്നികളെ എന്റെ ഉക്കെട്ടിനെപ്പറ്റി എന്തേലും വിവരമുണ്ടോ?'

കട്ടിലില്‍ ചാഞ്ഞുകിടന്ന് ഒന്നു കണ്ണടച്ച് തുടങ്ങിയ പെണ്‍മക്കള്‍ ഞെട്ടിയുണര്‍ന്നു സമാധാനിപ്പിച്ച് നെഞ്ചും പുറവും തലോടി.
'പൊലീസ് വന്നിരുന്നമ്മാ' മൂത്തവള്‍ പറഞ്ഞു. 'എല്ലാരെയും ചോദ്യം ചെയ്തു.'

അന്നുച്ചയ്ക്ക് ബിരിയാണി കഴിച്ചവരെല്ലാം പൊലീസിന്റെ ചോദ്യംചെയ്യലിന്റെ ക്ഷീണത്തില്‍ അവിടെയും ഇവിടെയുമായി ഇരിപ്പുണ്ടായിരുന്നു.
'പോരാഞ്ഞ് അസനക്ക വണ്ടാനം പൊലീസ് സ്‌റ്റേഷനില്‍ സി.ഐയെ നേരിട്ട് കണ്ട് പരാതി പറയാന്‍ പോയിട്ടുമുണ്ട്' രണ്ടാമത്തെ മകള്‍ പറഞ്ഞു.
'അമ്മ അതുമിതുമാലോചിച്ച് അസുഖം കൂട്ടരുത്. എല്ലാറ്റിനുമൊരു പരിഹാരമുണ്ട്.'

'പോക്കര്‍ എന്നൊരുത്തനാ. അവനെ പൊലീസ് സ്‌കെച്ച് ചെയ്തിട്ടുണ്ട്.'

'സിസിടിവി നോക്കിയാല്‍ ആളെ കിട്ടും. ഏതവനാണേലും. അതുവരെ ഒരുത്തനും ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ആകത്തുമില്ല' ബിരിയാണി തിന്നവരെ നോക്കി പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ വെല്ലുവിളിച്ചു പറഞ്ഞു.

സ്വര്‍ണ്ണ ഉക്കെട്ടിനെ ഓര്‍ത്ത് ബീപാത്തുമ്മയ്ക്ക് കിടക്കയില്‍ പൊറുതിയില്ലാതായി. പോക്കര്‍ എന്നൊരുത്തന്‍ ബിരിയാണി മുഴുവന്‍ തീര്‍ത്തിട്ട് സ്വര്‍ണ്ണം കൊണ്ടുപോയെന്നൊരു സംശയം ഇളയ മകളില്‍നിന്നു കേട്ടപ്പോള്‍ ബീപാത്തുമ്മയ്ക്ക് ബോധം പോയ പോലെയായി. പൊലീസ് സ്‌റ്റേഷനില്‍ പോയ അസന്‍ വരുംവരെ ക്ഷമിച്ചിരിക്കാമെന്നു കരുതി അവര്‍ ശ്വാസം എടുത്തു വലിച്ചുകൊണ്ടിരുന്നു.

പക്ഷേ, വൈകുന്നേരത്തോടെ ഒരു നല്ല കാര്യമുണ്ടായി. ബീപാത്തുമ്മയുടെ ശ്വാസവേഗം ഹൈസ്പീഡില്‍നിന്നു തെല്ലൊന്നു കുറഞ്ഞ് മന്ദഗതിയായിത്തുടങ്ങി. മാത്രമല്ല, അവര്‍ തലയിണ ഭിത്തിയില്‍വെച്ച് ശരീരം ചാരിയിരുത്താന്‍ ആംഗ്യം കാണിച്ചു. ഒന്നരമാസത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു സംഭവം.

5
ആ സമയം പോക്കറെന്നും ഫസലെന്നും അങ്ങനെ പലവിധ പേരുള്ള ഫെയ്‌സ് ബുക്കിലെ സതീര്‍ത്ഥ്യന്‍ ചിങ്ങമല, അമ്പലപ്പുഴ കച്ചേരിപ്പടി ജംഗ്ഷനില്‍ ബസിറങ്ങി നേരെ തെക്കോട്ട് നടന്നു. അവിടെ പൊലീസ് സ്‌റ്റേഷന്റെ പടിഞ്ഞാറ് വശത്തുള്ള ബേക്കറിയില്‍ കേറി ഒരു പഫ്‌സും സര്‍ബത്തും കുടിച്ചിട്ട് ഒരു പാക്കറ്റ് ഗള്‍ഫ് മിഠായിയും വാങ്ങി ബേക്കറിയോട് ചേര്‍ന്നുള്ള ഇടവഴിയിലൂടെ നടന്ന് സജിതയുടെ വീട്ടിലെത്തി വാതിലില്‍ മുട്ടി.

വാതില്‍ തുറന്ന സജിത അതിശയം മുഖത്ത് വരുത്തി വാ പൊളിച്ചു.

'ഡിങ്കഡീം... മനസ്സിലായോ' സതീര്‍ത്ഥ്യന്‍ കുസൃതിയോടെ ചോദിച്ചു.

'പിന്നെ മനസ്സിലാകാതെ. സതിച്ചേട്ടന്‍' അവള്‍ ലജ്ജയോടെ അകത്തേക്കു വിളിച്ചു.

അവനെ സ്റ്റൂളിലിരുത്തി അവള്‍ പറഞ്ഞു: 'ഞാന്‍ കരുതി വരില്ലെന്ന്... ഗള്‍ഫുകാരൊക്കെ നാട്ടില്‍ വന്നാല്‍ ഈ പാവത്തുങ്ങളെ ഓര്‍ക്കുമോ!'
'അങ്ങനെയാണോ നിന്റെ വിചാരം.' അവന്‍ ദേഷ്യം വരുത്തി അവളോട് പറഞ്ഞു: 'രാവിലെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങി നേരെ ഇങ്ങോട്ട് വന്നത് നിന്നെ മറന്നിട്ടാണോ.'

ഫെയ്‌സ് ബുക്കിലൂടെ രാവെളുപ്പോളം സംസാരിച്ചിട്ടുണ്ടെങ്കിലും അവര്‍ നേരില്‍ കാണുന്നത് ആദ്യമായിട്ടായിരുന്നു. അതിന്റെ നാണം അവളുടെ കവിളില്‍ ഒരു തവിട്ടുവരപോലെ വന്നു പോകുന്നത് രസത്തോടെ കണ്ട് സതീര്‍ത്ഥ്യന്‍ ഇരുന്നു.

'എഫ്.ബി ഫോട്ടോയേക്കാള്‍ ഭംഗി നിന്നെ നേരില്‍ കാണുമ്പോഴാ' സതീര്‍ത്ഥ്യന്‍ സമയത്തിന് ഒരു അയവ് വരുത്താന്‍ പറഞ്ഞു. എന്നിട്ട് ഗള്‍ഫ് മിഠായിയുടെ പാക്കറ്റ് അവള്‍ക്കു നേരെ നീട്ടി.

'ഓ ഇതാ കൊണ്ടുവന്നത്? ഈ മുട്ടായിയൊക്കെ അപ്പുറത്തെ ബേക്കറീന്ന് കിട്ടും' അവള്‍ ഒരു മിഠായി നുണഞ്ഞുകൊണ്ട് പറഞ്ഞു.

അലിയുന്ന മിഠായി അവളുടെ ചുണ്ടില്‍ പുരണ്ടും അടര്‍ന്നും ഒലിച്ചും ഊറിയും പോകുന്നത് നോക്കി സതീര്‍ത്ഥ്യന്‍ പറഞ്ഞു: 'ഇവിടത്തെ ബേക്കറീന്നൊക്കെ കിട്ടുന്നത് ഡ്യൂപ്ലിക്കേറ്റാ. ഇത് ഒറിജിനല്‍ സാധനം.'

സതീര്‍ത്ഥ്യന്‍ ചുണ്ടിലേക്കു നോക്കുന്നതു കണ്ട് അവള്‍ക്കു ചിരിവന്നു. ഒരു വര്‍ഷത്തോളം രാത്രികളില്‍ ഫോണിലൂടെ രണ്ടുപേരും ചുംബനം മാത്രമല്ല, ചെയ്യാന്‍ പറ്റുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഇനി ചെയ്യാന്‍ ഒന്നും ബാക്കിയില്ല.

സമയം മെനക്കെടുത്താതെ രണ്ടു പേരും മൂലയ്‌ക്കോട്ട് മാറിനിന്നു ചുംബിക്കാന്‍ തുടങ്ങി.

കുറച്ചു കഴിഞ്ഞു സ്റ്റൂളില്‍ വന്നിരുന്ന് സതീര്‍ത്ഥ്യന്‍ പറഞ്ഞു: 'അടുത്ത വരവിനു കല്യാണം. നിനക്കൊരു സമ്മാനം ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്.'
കൗതുകത്തോടെ നിന്ന സജിതയുടെ ശ്വാസം നിലയ്ക്കുംവിധം അതിശയിപ്പിച്ച സമ്മാനം അയാള്‍ പുറത്തെടുത്തു.

ആ നേലം വെച്ച സ്വര്‍ണ്ണ ഉക്കെട്ട്.

'ദൈവമേ' സജിത നിലവിളിച്ചു.

'പിന്നെ നിന്റെ സതിച്ചേട്ടന്‍ മരുഭൂമിയില്‍ വിയര്‍ത്ത് പണിയെടുക്കുന്നത് വെറുതെയാണെന്നു കരുതിയോ' അയാള്‍ ഗൗരവം പൂണ്ടു.
അതുവരെ അവള്‍ തമാശയായി കണ്ട പ്രണയം ആ നിമിഷത്തില്‍ അവള്‍ക്കു കാര്യമായി. അവള്‍ അയാളെ വലിച്ചോണ്ട് പോയി ആത്മാര്‍ത്ഥമായി ചുംബിച്ചു.

ആഭരണം സജിത കഴുത്തില്‍ അണിയുന്നത് നോക്കി സതീര്‍ത്ഥ്യന്‍ ഇരുന്നു. ഉക്കെട്ടണിഞ്ഞ സജിത അയാളുടെ മുന്നില്‍ പോസ് ചെയ്ത് നിന്നു.
കുറച്ചുകഴിഞ്ഞ് അയാള്‍ പോകാനൊരുങ്ങിയപ്പോള്‍ അവള്‍ക്കു സങ്കടം വന്നു.

അയാള്‍ നടന്നു വേലിക്കലെത്തിയപ്പോള്‍ അവള്‍ പിന്നീന്ന് വിളിച്ചു പറഞ്ഞു: 'മടങ്ങിപ്പോകും മുന്‍പ് ഒന്നൂടെ വരണേ.'

പക്ഷേ, ആ സന്തോഷം സജിതയ്ക്ക് ഒന്നൊന്നര മണിക്കൂര്‍ കൂടിയേ ഉണ്ടായുള്ളൂ. സന്ധ്യയ്ക്ക് വിളക്കു കത്തിച്ചുകഴിഞ്ഞ് ഫേസ് ബുക്ക് തുറന്നപ്പോള്‍ ടൈം ലൈനില്‍ മുഴുവന്‍ മെഡിക്കല്‍ കോളേജിലെ മോഷണ വാര്‍ത്ത. ലൈവില്‍ ബീപാത്തുമ്മയുടെ അടുത്തുനിന്ന് ഒരു പയ്യന്റെ പ്രസംഗം. പൊലീസ് നല്‍കുന്ന സൂചനകളുടെ വാര്‍ത്ത വേറെ. വായിച്ചതും പറഞ്ഞുകേട്ടതും പ്രകാരം ആഭരണം സതിച്ചേട്ടന്‍ തന്നതിനോട് സാമ്യമുണ്ടല്ലോ എന്ന് അവളുടെ ഉള്ള് കത്തി. സതീര്‍ത്ഥ്യന്റെ ഫെയ്‌സ് ബുക്ക് ചെന്നു നോക്കിയപ്പോള്‍ അതു നിലവിലില്ല. അയാളെ വിളിച്ചു നോക്കിയപ്പോള്‍ അതും സ്വിച്ച് ഓഫ്.

സ്വര്‍ണ്ണ ഉക്കെട്ട് കഴുത്തില്‍നിന്ന് ഊരി മുക്കുപണ്ടത്തെയെന്നപോല്‍ നോക്കി അവള്‍ കരയാന്‍ തുടങ്ങി.

6
പിറ്റേന്നു രാവിലെ എഴുന്നേറ്റപ്പോള്‍ ബീപാത്തുമ്മയ്ക്ക് ശ്വാസം മുട്ടലിനു നല്ല കുറവുണ്ട്. കണ്ണു തുറക്കുമ്പോള്‍ പെണ്‍മക്കള്‍ ഉണര്‍ന്നു വരുന്നതേയുണ്ടായിരുന്നുള്ളൂ. അവര്‍ നോക്കുമ്പോള്‍ ബീപാത്തുമ്മ കണ്ണുരുട്ടി നോക്കുന്നു. കക്കൂസില്‍ പോകാന്‍ ബക്കറ്റെടുത്ത് ക്യൂ നില്‍ക്കുകയായിരുന്നു അനസ്. ബക്കറ്റ് അവിടെത്തന്നെ വെപ്പിച്ചിട്ട് അനസിനെ മൂത്ത മകള്‍ വലിച്ചുകൊണ്ട് ബീപാത്തുമ്മയുടെ മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി.

'സി.ഐ കാര്യമായി അന്വേഷിക്കാമെന്നു പറഞ്ഞു അമ്മാ. ഇന്നലെ തന്നെ വല വിരിച്ചൂന്നാ പറഞ്ഞത്.'

ദേഷ്യം പെരുത്തുകയറി വന്ന ബീപാത്തുമ്മ നടുവിരല്‍ രഹസ്യമായി ചൂണ്ടിക്കാണിച്ചിട്ട് പോക്കറിനെപ്പറ്റി വിവരം വല്ലോമുണ്ടോയെന്ന് ആംഗ്യത്തിലും വാചകത്തിലും ചോദിച്ചു.

'നോ ഐഡിയാ അമ്മാ' അനസ് നിരാശനായി കൈമലര്‍ത്തി.

ബീപാത്തുമ്മ അപ്പോള്‍ വെറുപ്പുമൂലം അനസിനെ കാണാതിരിക്കാനായി തന്നെത്താനെ തിരിഞ്ഞുകിടന്നു. ഒന്നരമാസത്തിനകം അതും ആദ്യ സംഭവമായിരുന്നു. ഇത്രയും നാള്‍ മലര്‍ന്നുമാത്രം കിടന്ന അവര്‍ക്ക് ഒന്നു ചെരിയാന്‍ പറ്റി.

അമ്മയുടെ അസുഖത്തിനു നല്ല മാറ്റമുണ്ടല്ലോയെന്ന് അപ്പോള്‍ തപാല്‍ ഉദ്യോഗസ്ഥന്റെ അളിയന്‍ എഴുന്നേറ്റ് വന്നു പെണ്‍മക്കളോട് കുശലം ചോദിച്ചു.

'അതേന്നെ' മൂത്ത മകള്‍ പറഞ്ഞു. 'സ്വര്‍ണ്ണം വീണ്ടുകിട്ടാതെ അമ്മ ഇനി ആഞ്ഞു വലിക്കുമെന്നു തോന്നുന്നില്ല. ശ്വാസം മുട്ടുള്ളതും ഹാര്‍ട്ടില്‍ കിഴുത്തയുമുള്ള കാര്യം അമ്മ മറന്നു പോയെന്നാ തോന്നുന്നത്.'

'സത്യത്തില്‍ നന്നായല്ലേ' തപാല്‍ ഉദ്യാഗസ്ഥന്റെ അളിയന്‍ ചോദിച്ചു.

'എന്ത്?' സംസാരിക്കാന്‍ താല്പര്യമില്ലാത്തവണ്ണം അവള്‍ ചോദിച്ചു.

'സ്വര്‍ണ്ണ ഉക്കെട്ട് കാണാതെ പോയത്.'

'എന്നുവെച്ച് കേസില്ലന്നു വിചാരിക്കണ്ട കേട്ടോ' പെണ്‍മക്കളുടെ ഭര്‍ത്താക്കന്മാരില്‍ ഒരാള്‍ അപ്പുറെ നിന്നു പറഞ്ഞു. 'ഏതവനാണേലും പൊക്കും.'
കുറച്ചുകഴിഞ്ഞ് ഉണര്‍ന്ന ബീപാത്തുമ്മ മുഖത്തെ മാസ്‌ക്ക് മാറ്റിക്കൊടുത്തിട്ട് തനിക്കുടനെ ഫോണില്‍ അവരുടെ ബന്ധുവും എറണാകുളം എസ്.പി ഓഫീസിലെ ക്ലര്‍ക്കുമായ റാഷിദിനെ വേണമെന്നു പറഞ്ഞു.

നാലു പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്മാരും മത്സരിച്ച് റാഷിദ് എന്നെഴുതി മൊബൈലില്‍ സേവ് ചെയ്തിട്ടുള്ള മുഴുവന്‍ പേരെയും മാറിമാറി വിളിച്ചുനോക്കി, ഒടുവില്‍ ക്ലര്‍ക്ക് റാഷിദിനെ കിട്ടിയപ്പോള്‍ ബീപാത്തുമ്മയുടെ ചെവിയില്‍ വെച്ചുകൊടുത്തു.

'മോനെ റാഷിദേ അമ്മയുടെ ഉക്കെട്ട് പോയത് പത്രത്തില്‍ കണ്ടില്ലേ മോനേ' ബീപാത്തുമ്മ റാഷിദിനോട് ഒറ്റ ശ്വാസത്തില്‍ കാര്യം മുഴുവന്‍ പറയാന്‍ നന്നായി ചുമച്ചു.

'മോന്റെ സ്വാധീനം വെച്ച് ഡി.ജി.പിയെയൊക്കെ വിളി മോനെ. ലോക്കല്‍ സെക്രട്ടറി സക്കറിയയെ വിളിച്ച് മന്ത്രിയെ സെറ്റപ്പാക്കാന്‍ ഞാന്‍ നോക്കട്ടെ' ബീപാത്തുമ്മ എന്തിനും ഒരുമ്പെട്ടുള്ള നീക്കം തുടങ്ങിവെച്ച് നെഞ്ച് തടവി.

വര്‍ത്തമാനം കഴിഞ്ഞ് ഫോണ്‍ കട്ടാക്കിക്കഴിഞ്ഞപ്പോള്‍ മൂത്ത മരുമോന്‍ ബീപാത്തുമ്മയുടെ അടുത്തെത്തി:

'അമ്മേ കടേലൊന്ന് എത്തിനോക്കിയിട്ടുള്ളതല്ലാതെ വെടിപ്പായി കാര്യങ്ങള്‍ നോക്കിയിട്ട് കാലം കുറെയായി. അമ്മയ്ക്ക് ആശ്വാസമായ സ്ഥിതിക്ക് ഒന്നു പോയേച്ച് നാളെ ഇങ്ങ് വരാം.'

'ഒരുത്തനും പോകണ്ട' ബീപാത്തുമ്മ പൊട്ടിത്തെറിച്ചു.

'ഇതിനൊരു തീരുമാനമാകാതെ ആരെയും വിടില്ല. ആരാ എടുത്തൂന്ന് അറിയണമല്ലോ.'

'എനിക്ക് എല്ലാനേം സംശയമുണ്ട്' ഒന്നൂടെ തിരിഞ്ഞു കിടക്കുമ്പോള്‍ പെണ്‍മക്കളേയും അവരുടെ കെട്ടിയോന്മാരേയും നോക്കി ബീപാത്തുമ്മ പ്രഖ്യാപിച്ചു.

7
ആകെ അയ്യടാന്നായിപ്പോയ മരുമക്കള്‍ നാലെണ്ണം കൂടി, അന്ന് കാരുണ്യ ലബോറട്ടറിയില്‍ പരിശോധനയ്ക്കായി എത്തിക്കേണ്ട ബീപാത്തുമ്മയുടെ രക്തം നിറച്ച നാലു ചെറുകുപ്പികളുമായി പോയി. അവിടെത്തും വരെ നാലുപേരും ഒന്നും മിണ്ടിയില്ല. ലബോറട്ടറിയുടെ നേരെ എതിര്‍വശത്ത് റോഡിനപ്പുറെ ഒരു ബാറുണ്ട്. ബാറിന്റേയും ലബോറട്ടറിയുടേയും മധ്യേ നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഒരാള്‍ പറഞ്ഞു:

'അമ്മ സുഖമാകുന്ന ലക്ഷണമാ. കണ്ടില്ലേ നല്ല ചേഞ്ച്.'

'അതെ' രണ്ടാമത്തെയാള്‍ പറഞ്ഞു: 'അവള് പറഞ്ഞു, ഇനി ബിരിയാണി കൊണ്ടുവരണ്ട കാര്യമൊന്നുമില്ല, അമ്മ വല്യ താമസമില്ലാതെ എഴുന്നേല്‍ക്കുമെന്ന്.'

തെല്ലുനേരം അങ്ങനെ നിന്നിട്ട് നാലുപേരും രക്തക്കുപ്പി സുരക്ഷിതമായി പോക്കറ്റില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തി റോഡ് ക്രോസ് ചെയ്തു നേരെ ബാറിലേക്കു നടന്നു.

നിന്നുകൊണ്ട് തന്നെ ഓരോ ഗ്ലാസ് ഒരുമിച്ചു കഴിച്ചു. ഒന്നൂടെ പറയട്ടെ എന്ന് ഒരാള്‍ ചോദിച്ചു. ഓരോ തൊണ്ണൂറ് പറയാന്‍ ഇളയ മരുമകന്‍ പറഞ്ഞു. സംഭവം കിക്കായെന്നു മനസ്സിലായപ്പോള്‍ ഒരു ആത്മവിശ്വാസമൊക്കെ വന്നു.

'അളിയാ അമ്മ അങ്ങനങ്ങ് പറയുവോ, ഇനി അളിയന്‍ അളിയന്റെ കാലദോഷത്തിനു വല്ലോം അറിയാതെ എടുത്തോ.'

'അവരാതിത്തരം പറയാതെ കുഞ്ഞളിയാ. ഇതു നീ എന്റെ നേരെ പ്രയോഗിച്ചതാണെങ്കിലും എനിക്കും ചില സംശയമില്ലാതില്ല.'

'അങ്ങനങ്ങ് പറഞ്ഞിട്ട് പോകാതെ ചേട്ടാ. ചേട്ടന്റെ സംശമങ്ങ് പറ. ആരാന്നു കേള്‍ക്കട്ടെ.'

'ഇതു നല്ല കേട്. നിനക്കൊക്കെ രണ്ട് ചെറുതടിച്ചാലേ ബോധമില്ലേ. അവര് ചത്താല്‍ തൊലിഞ്ഞ സ്വര്‍ണ്ണമൊക്കെ നമുക്കു തന്നാണേ വരേണ്ടത്. പിന്നെ മോട്ടിച്ചെന്നു പറയാന്‍ നിനക്കൊക്കെ എന്തിന്റെ കേടാ!'

'അതല്ലല്ലോ അളിയാ.' ഒരു അറുപതൂടെ പറഞ്ഞിട്ട് മൂന്നാമത്തെ മരുമകന്‍ പറഞ്ഞു: 'സ്വര്‍ണ്ണത്തില്‍ ഒരെണ്ണമെങ്കില്‍ ഒരെണ്ണം കയ്യില്‍ കിട്ടിയാല്‍ പുളിക്കുമോ. വീതം ബാക്കിയുള്ളതിലല്ലേ. അപ്പോ കിട്ടിയവനു ലാഭം.'

'അതു ശരിയാണല്ലോ' രണ്ടാമത്തെ മരുമകന്‍ പിന്താങ്ങി. 'എന്നാലും ഒരു മാല കിട്ടിയിട്ട് ചെലവിന് എടുക്കേണ്ട കാര്യമൊന്നും നമുക്കില്ലല്ലോ അളിയാ. അമ്മ നമ്മളെ ഉദ്ദേശിച്ചൊന്നും പറഞ്ഞതല്ലന്നേ.'

ലബോറട്ടറിയില്‍ പോകേണ്ടതുകൊണ്ട് നാലുപേരും പെട്ടെന്നു പുറത്തിറങ്ങി. റോഡ് ക്രോസ് ചെയ്ത് കാരുണ്യയിലെത്തി രക്തസാമ്പിള്‍ സ്വീകരിക്കുന്ന കൗണ്ടറില്‍ ചെന്നു ക്യൂ നിന്നു.

പെട്ടെന്ന് ഇളയ മരുമകന് ഒരു തോന്നല്‍ വന്നു: 'അളിയാ പെണ്ണുങ്ങള്‍ക്ക് ഒരു തരി പൊന്നാണേലും ഇന്ററസ്റ്റ് നമ്മളേക്കാള്‍ കൂടുമെന്നു കേട്ടിട്ടുണ്ട്.'
'എന്താ കുഞ്ഞളിയന്‍ ഉദ്ദേശിക്കുന്നത്' മൂന്നാമത്തവന്‍ ചോദിച്ചു.

'ഇനി അവളുമാര് വല്ലോം ചൂണ്ടിയോന്നാ.'

നാലു പേരും തെല്ലൊന്നു നിശബ്ദരായി.

'ങേ. അങ്ങനെ വരുമോ.'

'സാധ്യതയില്ലേ അളിയാ' ഇളയ മരുമകന് ആവേശം കൂടി. 'കാര്യം നമ്മുടെ പെണ്ണുമ്പിള്ളമാരാണേലും പെണ്ണുങ്ങടെ സ്വഭാവം കാണാതിരിക്കുമോ.'
'എയ് എന്റവള്‍ ചെയ്യത്തില്ലടാ. അവള്‍ക്കതിനൊള്ള ചൊണയൊന്നുമില്ല.'

'അങ്ങനെ പറഞ്ഞാല്‍ പിന്നെ എന്റവളാണോ പിന്നെ ചെയ്തത്' രണ്ടാമന്‍ ചൂടായി.

'ശെടാ. ഇനി നമ്മള്‍ തമ്മില്‍ അതും പറഞ്ഞ് അലോഹ്യമാകണ്ട അളിയന്മാരെ. എന്റെ ഇന്‍വെസ്റ്റിഗേഷനില്‍ അങ്ങനൊരു ചാന്‍സ് തോന്നിയത് നിങ്ങളോട് പറഞ്ഞെന്നേയുള്ളൂ. നല്ലൊരു ദിവസമായിട്ട് വിഷയം വിട്.'

പിന്നെയും നാല് പേരും തെല്ലുനേരം മിണ്ടാതെ ക്യൂ നിന്നു. എല്ലാരുടേയും ഹൃദയമിടിപ്പിന്റെ ശബ്ദം മാത്രം കേള്‍ക്കാം.

'അവളുമാര് ചെയ്‌തെങ്കില്‍ എനിക്ക് അത്ഭുതമൊന്നുമില്ല' കുറച്ചുനേരം കഴിഞ്ഞു മൗനം ഭേദിച്ച് മൂത്തമരുമകന്‍ പറഞ്ഞു.

പിന്നെ അയാള്‍ ഉറക്കെ പറഞ്ഞു: 'ഈ തള്ളേടെ മക്കളല്ലേ!'

നെഞ്ചിടിപ്പ് കൊണ്ട് ശ്വാസവേഗം കൂട്ടി അയാള്‍ പൊട്ടിത്തെറിച്ചു. 'ഭൂലോക കള്ളിയല്ലേ ആ കിളവിത്തള്ള.'

'ഈ പോയ ഉക്കെട്ടും അവര് മോട്ടിച്ചതാന്നൊരു കരക്കമ്പി നിങ്ങളും കേട്ടിട്ടില്ലേ!'

ആ സമയം പോക്കറ്റില്‍നിന്നു ചോരക്കുപ്പി എടുത്തുകൊടുക്കുന്നതിനിടെ കൈകള്‍ക്കുണ്ടായ വിറയലില്‍ ഒരാളുടെ കയ്യില്‍നിന്നു കുപ്പി താഴെ വീണ് ചിതറി.

ബീപാത്തുമ്മയുടെ രക്തം താഴെ ഒലിച്ചു. പൊട്ടിയ കുപ്പിയുടെ തരിച്ചില്ലുകളെ പോറി നീറി ബീപാത്തുമ്മയുടെ ചോര പരന്നൊഴുകാന്‍ തുടങ്ങി.

ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറ‍ഡുക്ക

8
ബീപാത്തുമ്മയുടെ ഭര്‍ത്താവ് ബിരിയാണി കച്ചവടക്കാരന്‍ ആലിക്കോയയുടെ കണക്കുബുക്കുകളില്‍ ഒന്നില്‍നിന്നാണ് മക്കള്‍ക്കും മരുമക്കള്‍ക്കും ബോംബ് പൊട്ടുന്ന ആ രഹസ്യം കിട്ടിയത്. ബീപാത്തു വക എന്നെഴുതിയ ഒരു കണക്കു ബുക്കില്‍:

'ബീപാത്തു മോട്ടിച്ച വകയില്‍ സ്വര്‍ണ്ണ ഏലം വെച്ച ഉക്കെട്ടിന്റെ കാശ്  അമ്പാന്‍കുട്ടിക്ക് ശ്രീമൂലവാസം ഗോള്‍ഡ് ആന്റ് സില്‍വര്‍  970 ക.'
പത്തറുപത് വര്‍ഷം മുന്‍പ് ബീപാത്തുമ്മയെ കെട്ടുമ്പോള്‍ കുഞ്ഞുനാള്‍ മുതല്‍ അവര്‍ കൊണ്ടു നടന്ന ഒരു കുസൃതിയും കൂടിയാണ് സക്കറിയാ ബസാറിലേക്ക് ബിരിയാണി കച്ചവടക്കാരന്‍ ആലിക്കോയ കൊണ്ടുവന്നത്. കയ്യില്‍ എത്ര കാശുണ്ടേലും കടകളില്‍നിന്നു സാധനം മേടിക്കുമ്പോള്‍ ബീപാത്തുവിന് അവിടെനിന്ന് എന്തെങ്കിലും സാധനം ചൂണ്ടണം! ഒരു കുഞ്ഞു കുസൃതി. എവിടെ പോയി ചാക്ക് നിറയെ സാധനം മേടിച്ചാലും ആരുമറിയാതെ രഹസ്യമായി എന്തേലും എടുത്ത് ബാഗിലിടും.

കക്കലെന്ന് അങ്ങനങ്ങ് പറയാന്‍ പറ്റില്ല. കയ്യില്‍ വെറുതെ കളയാന്‍ മാത്രം കാശുണ്ടെങ്കിലും എന്തേലും ഒന്നു മോട്ടിച്ചെടുത്തോണ്ട് പോരുമ്പോള്‍ ഒരു മനസ്സുഖം.

തോട്ടപ്പള്ളിയില്‍നിന്ന് നിക്കാഹ് കഴിഞ്ഞ് ആലപ്പുഴ സക്കറിയാ ബസാറില്‍ വന്നിട്ടും ബീപാത്തു  ഈ പരിപാടി തുടര്‍ന്നു. പേര്‍ഷ്യാ പെര്‍ഫ്യൂം കടയില്‍നിന്നു വീട്ടിലെ എന്തെങ്കിലും ആവശ്യത്തിനു പത്തുനൂറ് കാശിന്റെ സുഗന്ധതൈലം മേടിച്ചാലും നാല് ക.യുടെ ഒരു മുല്ലനീര്‍ കുപ്പി തോണ്ടി ബാഗിലിടും. ഇരുമ്പുപാലത്തെ വളക്കടയില്‍നിന്നു ചാന്തും കണ്‍മഷിയും പല്‍പ്പൊടിയും വാങ്ങുന്ന കൂട്ടത്തില്‍ ഒരു റോസാപ്പൊടിപ്പാക്കറ്റ് പാവാടയില്‍ ചേടിവെക്കും. ബി.കെ.എം പ്രസ്സില്‍നിന്നു പുസ്തകം വാങ്ങുമ്പോള്‍ ബ്രായ്ക്കുള്ളില്‍ ബഷീറിന്റെ ഏതെങ്കിലും കൊച്ചുപുസ്തകം തള്ളിക്കേറ്റും. പഴക്കടയില്‍നിന്ന് ആപ്പിളും മുന്തിരിയും 
വാങ്ങുന്ന കൂട്ടത്തില്‍ രണ്ട് ഓറഞ്ച് സൂത്രത്തില്‍ കൂടിലിടും.

കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സക്കറിയാ ബസാറിലെ കടക്കാര്‍ക്കിടയില്‍ ഇതു രഹസ്യസംസാരമായി. വിശ്വാസയോഗ്യമായ സ്ഥലത്തുനിന്നു ചില വര്‍ത്തമാനങ്ങളൊക്കെ ആലിക്കോയയും കേട്ടു. അതില്‍പിന്നെ ഇത്തരം വര്‍ത്തമാനങ്ങള്‍ കേട്ടാല്‍ ആ കടയില്‍ ചെന്നു മോട്ടിച്ച സാധനത്തിന്റെ വില ബീപാത്തുവറിയാതെ ആലിക്കോയ രഹസ്യമായി നല്‍കാന്‍ തുടങ്ങി. അപമാനഭയത്താല്‍ അവള്‍ക്കു സങ്കടം വരണ്ടാ എന്നോര്‍ത്ത് അയാള്‍ ബീപാത്തുവിനോട് പറയാനും പോയില്ല. അവള്‍ എന്തേലുമെടുത്താല്‍ അവളറിയണ്ട എന്നോട് പറഞ്ഞാല്‍ മതി എന്ന് അയാള്‍ ബസാറിലെ കൂട്ടുകാരായ കച്ചവടക്കാരോട് ചട്ടം കെട്ടുകയും ചെയ്തു.

അങ്ങനെ കൊടുത്ത വകയില്‍ 'ബീപാത്തു വക' എന്ന പേരില്‍ ആ കണക്കുകളുടെ ഒരു ചെറു ബുക്കും ആലിക്കോയ എഴുതാന്‍ തുടങ്ങി.
ഒരു പ്രാവശ്യം പക്ഷേ,  ബീപാത്തുമ്മയെ പിടികൂടി. ആദ്യ പെങ്കൊച്ചിനെ പെറ്റുകഴിഞ്ഞ കാലത്തുണ്ടായ ആ സംഭവമാണ് കുടിച്ച കള്ളിന്റെ ബലത്തില്‍ ആ മരുമകന്‍ പറഞ്ഞ പ്രസ്തുത ചരിത്രം.

ആലിക്കോയയുമൊത്ത് ആഭരണം വാങ്ങാന്‍ ബസാറിലെ ശ്രീമൂലവാസം ഗോള്‍ഡ് ആന്റ് സില്‍വറില്‍ ബീപാത്തുമ്മ ഇടയ്ക്കിടെ പോകുമായിരുന്നു. പഴയ ശീമാട്ടി കൊട്ടകയുടെ ഇടതുവശത്താണ് അമ്പാന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ശ്രീമൂലവാസം ഗോള്‍ഡ്. അമ്പാന്‍ കുട്ടിയുമായി ആലിക്കോയയ്ക്ക് നല്ല സൗഹൃദമാണ്. വീട്ടില്‍ വന്നു വന്ന് ബീപാത്തുമ്മയുമായും നല്ല പരിചമായി അമ്പാന്‍കുട്ടിക്ക്.

ശ്രീമൂലവാസം ഗോള്‍ഡിലേക്ക് ഇടയ്ക്കിടെ ബീപാത്തു പോയും വീട്ടിലേക്ക് ഇടയ്ക്കിടെ അമ്പാന്‍കുട്ടി വന്നും രണ്ടു പേരും അവര്‍ പോലുമറിയാതെ പ്രേമിക്കാന്‍ തുടങ്ങി. മാസത്തില്‍ രണ്ടും മൂന്നുംതവണ ആഭരണപ്രേമമെന്നു പറഞ്ഞ് ബീപാത്തു സക്കറിയാ ബസാറിലൂടെ സൈക്കിള്‍ റിക്ഷയില്‍ ശ്രീമൂലവാസം ഗോള്‍ഡിലേക്കു പോയി. അമ്പാന്‍കുട്ടിയോടുള്ള പ്രേമത്തിനൊപ്പം സ്വര്‍ണ്ണാഭരണങ്ങളും വാരിക്കൂട്ടി. വാങ്ങിച്ചുകൂട്ടിയതൊക്കെ കൂട്ടിവെക്കാതെ മുക്കാലും ദേഹത്തണിഞ്ഞ് നടന്നു. സൈക്കിള്‍ റിക്ഷയുടെ കസവ് കര്‍ട്ടന്റെ അരിശലുകളും തൊങ്ങലും തുറന്ന് ബീപാത്തു താഴേക്കിറങ്ങി സ്വര്‍ണ്ണക്കടയിലേക്ക് കയറിവരുമ്പോള്‍ ദുര്‍ബ്ബലനായ അമ്പാന്‍കുട്ടിക്കു ഹൃദയമിടിപ്പ് താളം തെറ്റി ഭ്രാന്ത് പിടിക്കുന്നതായി തോന്നി. ബീപാത്തുവിനു പക്ഷേ, ഭ്രാന്ത് ഒളിപ്പിച്ചുവെക്കാനുള്ള പെണ്ണുങ്ങളുടെ സ്വാഭാവിക ബുദ്ധിയുണ്ടായിരുന്നു.

ഒരു ദിവസം പ്രേമത്തിന്റെ മത്തില്‍ വശംകെട്ട അമ്പാന്‍കുട്ടി ജ്വല്ലറിയുടെ രഹസ്യമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി ബീപാത്തുവിനെ പുണരാന്‍ നോക്കി. സംഭവം വിളഞ്ഞു പഴുക്കാറായെന്ന് ബീപാത്തുവിനു മനസ്സിലായി. അവള്‍ ചിരിച്ചു. 'ഗ്യാരണ്ടിയില്ലാതെ എന്നെ തൊടരുത്' അവള്‍ പറഞ്ഞു.

ആര്‍ത്തി ശഠേന്ന് തീര്‍ന്നുപോയ അമ്പാന്‍കുട്ടി ചോദിച്ചു: 'നിനക്കെന്താ വേണ്ടത്?'

പിന്നെയും ബീപാത്തു പൊട്ടിച്ചിരിച്ചു.

അമ്പാന്‍കുട്ടി ഓടിപ്പോയി മേശയുടെ ഗ്ലാസ് പാളി തുറന്നു കയ്യില്‍ കിട്ടിയ സ്വര്‍ണ്ണ ഉക്കെട്ട് എടുത്ത് ധൃതിയില്‍ അവളുടെ കഴുത്തില്‍ കെട്ടി.
എന്നിട്ട് അവളെ തുരുതുരാ ചുംബിക്കാന്‍ തുടങ്ങി.

അന്നു മുതല്‍ ജ്വല്ലറിയിലേക്ക് ആഴ്ചയില്‍ രണ്ടും മൂന്നും തവണയായി ബീപാത്തുവിന്റെ ഓട്ടം. ബീപാത്തുവിനെ നോക്കിയിരുന്നു വിവശനാകലായി അമ്പാന്‍കുട്ടി.

ആറ് മാസം കഴിഞ്ഞു. അമ്പാന്‍കുട്ടി ആലിക്കോയയുമായി ഒരു രഹസ്യസ്ഥലത്ത് കൂടിക്കാഴ്ച. കടം കേറി ശ്രീമൂലവാസം ജ്വല്ലറി ഇന്നല്ലേല്‍ നാളെ പൂട്ടുമെന്ന അവസ്ഥയിലായിരുന്നു ആ കാലം. മദ്രാസില്‍നിന്നു വന്ന ഒരു ചെട്ട്യാര്‍ കൊണ്ടുകൊടുക്കുന്ന സ്വര്‍ണ്ണം വിറ്റ് കിട്ടുന്ന കമ്മീഷനായിരുന്നു ആകെയുള്ള ലാഭം. ആറുമാസം കൂടുമ്പോള്‍ ചെട്ട്യാര്‍, വിറ്റ സ്വര്‍ണ്ണത്തിന്റെ കാശ് വാങ്ങാന്‍ വരും. പിറ്റേന്ന് ചെട്ട്യാര്‍ വരുന്ന ദിവസമായിരുന്നു. കൊടുക്കേണ്ട തുകയില്‍ ആ ഉക്കെട്ടിന്റെ കാശും വെക്കണം. അതുകൊണ്ട് പിടിച്ചുനില്‍ക്കാന്‍ ആര്‍ക്കും ചേതമില്ലാത്ത ഒരു കാര്യം അമ്പാന്‍കുട്ടി ആലിക്കോയയ്ക്കു മുന്നില്‍ അവതരിപ്പിച്ചു. അയാള്‍ക്കു വേറെ നിവൃത്തിയില്ലായിരുന്നു.

'ആലി വിഷമിക്കല്ല്. ബീപാത്തുവിന്റെ സ്വഭാവം അറിയാമല്ലോ. കഴിഞ്ഞ ദിവസം കടേലെത്തിയപ്പോള്‍ കടേന്നൊരെണ്ണം എടുത്തോണ്ട് പൊക്കളഞ്ഞു!'

'എന്ത്?'

'ഒരു സ്വര്‍ണ്ണ ഉക്കെട്ട്.'

'ഞാന്‍ കണ്ടതായി ഭാവിച്ചില്ല. പിടിച്ചാല്‍ ബീപാത്തുവിന് അപമാനമായാലോ. ആലിയെ കാണുമ്പോള്‍ അവളറിയാതെ കാശ് ചോദിച്ചു മേടിക്കാമെന്നു വിചാരിച്ചു.'

ആലിക്കോയ മിണ്ടാനാകാതെ ഇരുന്നുപോയി.

'എത്രയാ വില?'

'1020. ആലിയായതു കൊണ്ട് ഡിസ്‌ക്കൗണ്ടില്‍ 970 ക. തന്നാല്‍ മതി.'

'നാളെ ഉച്ചകഴിഞ്ഞ് വാ. തരാം' ആലിക്കോയ എഴുന്നേറ്റു.

'ബീപാത്തു അറിയണ്ട. അവള്‍ക്ക് അപമാന ദു:ഖം ഉണ്ടാക്കണ്ട. പാവം. നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി' പിന്നാലെ ഇറങ്ങുമ്പോള്‍ അമ്പാന്‍കുട്ടി ഒന്നൂടെ ആലിക്കോയയെ ഓര്‍മ്മിപ്പിച്ചു.

അയാള്‍ക്ക് ബീപാത്തുവിന്റെ പ്രേമവും വേണമായിരുന്നു ചെട്ട്യാര്‍ക്ക് കൊടുക്കാന്‍ കാശും വേണമായിരുന്നു.

പക്ഷേ, ഇത് ഒരു കുപ്പി പെര്‍ഫ്യൂമോ രണ്ട് ഓറഞ്ചോ ചുവന്ന റോസ്‌പ്പൊടിപ്പാക്കറ്റോ ബഷീറിന്റെ പുസ്തകമോ അല്ലല്ലോ. 970 ക.യുടെ മുതലല്ലേ.  ബീപാത്തു അറിയണമെന്നുതന്നെ ആലിക്കോയ തീരുമാനിച്ചു.

രാത്രി അത്താഴം കഴിഞ്ഞു ബുക്കുകളില്‍ കണക്കെഴുതുമ്പോള്‍ ഈ കണക്കെഴുതാന്‍ മാത്രം ആലിക്കോയ ബീപാത്തുവിനെ വിളിച്ചു.
'ബീപാത്തു മോട്ടിച്ച വകയില്‍ സ്വര്‍ണ്ണ ഏലം വെച്ച ഉക്കെട്ടിന്റെ കാശ്  അമ്പാന്‍കുട്ടിക്ക് ശ്രീമൂലവാസം ഗോള്‍ഡ് ആന്റ് സില്‍വര്‍  970 ക.'

9
പിറ്റേന്നു പ്രൊഫഷണല്‍ കൊറിയറില്‍നിന്ന് ബീപാത്തു, വാര്‍ഡ് 6, മെഡിക്കല്‍ കോളേജ്, വണ്ടാനം എന്ന വിലാസത്തില്‍ ഒരു പാഴ്‌സല്‍ വന്നു. ഉടന്‍ തുറക്കാന്‍ ബീപാത്തുമ്മ ധൃതി കൂട്ടി. അവരുടെ മനസ്സ് അതിനകത്തെന്താണെന്നു കണ്ടു പിടിച്ചുകളഞ്ഞു. സാമാന്യം വലിയ പെട്ടിയായതിനാല്‍ തീറ്റ കഴിഞ്ഞ് തുറക്കാമെന്ന് മൂത്ത മരുമോന്‍ പറഞ്ഞെങ്കിലും അവനെ രണ്ട് ചീത്ത വിളിച്ച് ബീപാത്തുമ്മ പെട്ടി തുറക്കാന്‍ ആക്രാന്തം തുടങ്ങി.
'എന്റെ സ്വര്‍ണ്ണമാണോന്ന് നോക്കടാ നാറീ' ബീപാത്തുമ്മ അലറി.

അമ്മയുടെ വാശി നടക്കട്ടെ എന്നു വിചാരിച്ച് ഇളയ മകള്‍ പാഴ്‌സല്‍ അഴിച്ചുതുടങ്ങി.

അതിനകം മൂന്നാലു സ്പൂണ്‍ ബിരിയാണി അവര്‍ കഴിച്ചിരുന്നു. ഒന്നര മാസത്തിനുശേഷം ട്യൂബിലൂടെയല്ലാതെ ബീപാത്തുമ്മ ഭക്ഷണം കഴിച്ചതാണ്. കുറച്ചു കഞ്ഞി കൊടുത്തു തുടങ്ങാന്‍ ഡോക്ടര്‍ പറഞ്ഞെങ്കിലും ബിരിയാണി രുചിക്കാനായിരുന്നു അവര്‍ക്കു കൊതി. അതും അവരുടെ കടയിലെ ഒന്നാന്തരം ആലിബാബ സ്‌പെഷ്യല്‍ ബിരിയാണി. രണ്ട് പെണ്‍മക്കളും അവരുടെ ഭര്‍ത്താക്കന്മാരും അമ്മയ്ക്കിഷ്ടപ്പെട്ട രുചിയൊരുക്കാന്‍ കടയില്‍ പോയി അമ്മയ്ക്കു കഴിക്കാന്‍ മാത്രം ബിരിയാണി ഉണ്ടാക്കി മടങ്ങിവന്നു. മട്ടന്റേയും താറാവിന്റേയും മണം പെരണ്ട ബസുമതി. ആവിയില്‍ പറക്കുന്ന മണവും നിറവും. സുഗന്ധദ്രവ്യങ്ങളുടെ പാകക്കലര്‍പ്പ്, മുന്തിരിയും ഏലവും മല്ലിയിലയും തീര്‍ത്ത തണുപ്പും ചൂടും. ബീറ്റ്‌റൂട്ടും ഈന്തപ്പഴവും ആപ്പിളും ചേര്‍ത്ത അച്ചാര്‍. എല്ലാം കൃത്യം സമവാക്യത്തില്‍ പുരണ്ട് കോരിയെടുത്ത സ്പൂണ്‍ വായില്‍ 
വെച്ചപാടെ അലിഞ്ഞു. സംഭവം തലച്ചോറിലെത്തിയപോലെ പഞ്ചേന്ദ്രിയങ്ങളും അറിഞ്ഞ് ബീപാത്തുമ്മ കണ്ണടച്ച് രുചിച്ചു. എന്തൊരു രുചി! അവര്‍ ചിരിച്ചു. അമ്മയുടെ തെളിഞ്ഞ ചിരി കണ്ട് ഓരോ സ്പൂണ്‍ വീതം മക്കള്‍ കോരിക്കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് പാഴ്‌സല്‍ വന്നത്.
പാഴ്‌സല്‍ തുറന്നു. ഒന്നു നിലവിളിച്ചോണ്ട് ബീപാത്തുമ്മ ഏലം വെച്ച സ്വര്‍ണ്ണ ഉക്കെട്ടിനെ കണ്ടു. ആശ്ചര്യം! അതിനൊപ്പം പോയതെല്ലാം മടങ്ങിവരികയും ചെയ്തു. അവര്‍ക്കു കിടക്കണമെന്നു തോന്നി. ശ്വാസം മുട്ടലില്‍ നെഞ്ച് മലപോലെ പൊങ്ങുകയും കൊക്കപോലെ താഴുകയും ചെയ്തു. അവര്‍ക്കങ്ങ് വയ്യാതായി. ചാകാന്‍ പോകുന്നപോലെ അവര്‍ വിയര്‍ത്തു. ശഠേന്ന് ഓക്‌സിജന്‍ മാസ്‌ക്ക് മുഖത്തുവെച്ചു. ഇഞ്ചക്ഷന്‍ ട്യൂബ് കൈഞരമ്പില്‍ കുത്തി. അവര്‍ ആറാം വാര്‍ഡിലെ രോഗിയായി!

ഉക്കെട്ടിനൊപ്പം ഒരു കത്തുമുണ്ടായിരുന്നു. അതൊരു മരുമകന്‍ ബീപാത്തുമ്മയെ വായിച്ചു കേള്‍പ്പിച്ചു.

ഉമ്മാ, ഇതിനെ കൊണ്ടുള്ള എന്റെ ആവശ്യം കഴിഞ്ഞു. വാതില്‍ തുറന്നുകഴിഞ്ഞാല്‍ താക്കോലിന്റെ ആവശ്യമില്ലല്ലോ.

ഉമ്മയ്ക്കാണേല്‍ വാതില്‍ തുറക്കാന്‍ ഇത് ആവശ്യമുണ്ട് താനും. അതുകൊണ്ട് ഇതോടൊപ്പം ഉക്കെട്ട് അയയ്ക്കുന്നു-
പോക്കര്‍.

NB- കേസ് പിന്‍വലിച്ചിരുന്നേല്‍ സഹായമായിരുന്നു. പണിയെടുത്ത് ജീവിക്കാനാണ് ഇനി തീരുമാനം.

വാതില്‍ തുറന്ന് പോക്കറും സജിതയും കടയുടെ മൂലയ്ക്കുള്ള ജനലരികിലെ കസേരകളില്‍ ചെന്നിരുന്നു.

'ഏതാ വേണ്ടത്.' വെയ്റ്റര്‍ വന്നപ്പോള്‍ പോക്കര്‍ അവളോട് ചോദിച്ചു.

'ഒരാലിബാബ ബിരിയാണി' അവന്‍ തന്നെ ഓര്‍ഡര്‍ ചെയ്തു.

വാതില്‍ തുറക്കുന്നതിന്റെ ആദ്യപടിയായി ബീപാത്തുമ്മ വാ തുറന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com