'പെരുമ്പാവൂര്‍ യാത്രിനിവാസ്'- മനോജ് വെങ്ങോല എഴുതിയ കഥ

ഉരുളന്‍ തൂണുകളുടെ നെടുകെ റെഡ് ക്രയോണ്‍സിനാല്‍ ആരോയിങ്ങനെ എഴുതിയതിനു താഴെ ഒരുറുമ്പ്.ഒറ്റയ്ക്ക്.
'പെരുമ്പാവൂര്‍ യാത്രിനിവാസ്'- മനോജ് വെങ്ങോല എഴുതിയ കഥ

'ഓരോരുത്തര്‍ക്കും ഓരോ വഴിയാണ്.
അവരതുവഴിയിതുവഴി നടക്കുന്നു.
കളഞ്ഞുപോയതെന്തോ തിരയും പോലെ...'

രുളന്‍ തൂണുകളുടെ നെടുകെ റെഡ് ക്രയോണ്‍സിനാല്‍ ആരോയിങ്ങനെ എഴുതിയതിനു താഴെ ഒരുറുമ്പ്.
ഒറ്റയ്ക്ക്.

താഴെവീണു കിടക്കുന്ന ഒരു ചോളത്തരി എവിടേയ്‌ക്കോ കൊണ്ടുപോകാനുള്ള യത്‌നത്തിലാണ്. മടുക്കാതെ, തുടര്‍ന്നുകൊണ്ടേയിരിക്കുന്നതിനാല്‍ അതൊരു യജ്ഞവുമാണ്. കുറേനേരം അതിനെത്തന്നെ നോക്കിയിരുന്നു.

നേരം പുലര്‍ന്നു വരുന്നതേയുള്ളൂ. വാച്ചില്‍ നോക്കി. മോള്‍ സ്ഥിരമായി വരാറുള്ള ബസിങ്ങെത്താന്‍ ഇനിയും സമയമുണ്ട്.
എവിടെയെത്തി എന്നു വിളിച്ചു ചോദിച്ചാലോ എന്നോര്‍ത്തു. വേണ്ട. വന്നിറങ്ങുമ്പോള്‍ അവളുടെ ഒരു ചാടിത്തുള്ളല്‍ കാണേണ്ടിവരും. അവള്‍ ചോദിക്കും:

'എന്തൂട്ടിനാച്ഛാ കൂടെക്കൂടെയിങ്ങനെ വിളിക്കണത്. ഞാനിങ്ങോട്ട് തന്നേല്ലേ വരണത്...'

ലോകം ഉറക്കത്തിലാണ് എന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരുതരം മഞ്ഞവെളിച്ചമാണ് ചുറ്റും. യാത്രി നിവാസ് എന്നറിയപ്പെടുന്ന ഈ ബസ് സ്റ്റാന്‍ഡില്‍ ഇത്തരം ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത് എന്നാണോ?

പൊടുന്നനെ അയാള്‍ ചാരിയിരുന്ന കല്‍ത്തൂണുകളുടെ നിഴല്‍ഭാഗത്തുനിന്നും ഒരു ചോദ്യമുയര്‍ന്നു:

'സാറേ, കോടതി ഇന്നും അവധിയാണോ?'

അയാളൊന്നു ഞെട്ടി.

ഇരുട്ടില്‍ അങ്ങനെയൊരാള്‍ നില്‍ക്കുന്നത് അയാള്‍ ശ്രദ്ധിച്ചിരുന്നില്ല. സൂക്ഷിച്ചു നോക്കിയപ്പോള്‍ കണ്ടു, ഒരു വൃദ്ധയാണ്. പഴകിയ ഒരു സാരി വാരിച്ചുറ്റിയിരിക്കുന്നു. മെലിഞ്ഞു മെലിഞ്ഞ് അസ്ഥിമാത്രമായ കോലം. കയ്യിലൊരു സഞ്ചിയുണ്ട്. അവര്‍ വീണ്ടും ചോദിച്ചു:

'കോടതി ഇപ്പഴെവിഡ്യാണ്. കച്ചേരിക്കുന്നില്‍ തന്നല്ലേ?'

അയാള്‍ വെറുതേ തലയാട്ടി.

വാസ്തവത്തില്‍ അക്കാര്യത്തില്‍ അയാള്‍ക്കു നിശ്ചയമുണ്ടായിരുന്നില്ല. കച്ചേരിക്കുന്നിലെ പഴയ കെട്ടിടം പൊളിച്ചുകളഞ്ഞ് പുതിയത് പണിയാന്‍ പോകുന്നു എന്നു കേട്ടിരുന്നു. അതിനായി കോടതിയുടെ പ്രവര്‍ത്തനം വൈ.ഡബ്ല്യു.സി.എയുടെ വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിലേയ്ക്ക് മാറ്റിയെന്നും വാര്‍ത്തകള്‍ കണ്ടിരുന്നു. പുതിയ കെട്ടിടം പണിതോ? പുതു സമുച്ചയത്തിലേയ്ക്ക് കോടതികള്‍ മടങ്ങിവന്നോ? ഇതൊക്കെ ആരറിയുന്നു...?

വൃദ്ധ വീണ്ടും സംസാരിക്കാനായി അടുത്തുകൂടുമോ എന്നു ഭയന്ന് അയാളെഴുന്നേറ്റു.

തെല്ലകലെ, മുനിസിപ്പല്‍ ഓഫീസിന്റെ പടികളോട് ചേര്‍ന്ന് ബാവക്കയുടെ ഉന്തുവണ്ടിയില്‍ നിന്നുള്ള വെളിച്ചം കാണാം. ചുറ്റും ആളുകളുണ്ട്.

ബാവക്കയോട് ഒരു ചായ വാങ്ങി കുടിച്ചേക്കാം എന്നുകരുതി അവിടേയ്ക്ക് ചെന്നു. ബാവക്ക തിരക്കി:

'ആ തള്ള പറ്റിക്കൂടി നില്‍ക്കണ കണ്ടല്ലോ. എന്തേലും ചോദിച്ചോ?'

അയാളൊന്നു മടിച്ചു. എങ്കിലും പറഞ്ഞു:

'കോടതീല് എന്തോ ആവശ്യത്തിനു വന്നതാണെന്ന് തോന്നണു...'

ചായ നീട്ടിക്കൊണ്ട് ബാവക്ക പറഞ്ഞു:

'ഒന്ന്വല്ല. ഒന്നു രണ്ട് ദെവസായിട്ട് അതിനെയിവിടെ കാണണ്ട്. എല്ലാരോടും കോടതി എവിട്യണ്ന്നാണ് ചോദ്യം. തലയ്ക്ക് സ്ഥിരല്ലാണ്ടായാ ന്താ ചെയ്യാ...?'

ചായ ഊതിക്കുടിക്കുമ്പോള്‍ അയാള്‍ ബാവക്കയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. എത്രയോ കാലമായി എല്ലാ ദിവസവും 
പുലര്‍ച്ച നേരത്ത് ഇയാളീ ഉന്തുവണ്ടി തുറന്നുവച്ച് ആളുകള്‍ക്ക് ചായ പാരുന്നു. പണ്ട് താന്‍ കമ്പനിയില്‍ ജോലിക്കു കയറുന്ന കാലം മുതലേ കാണുന്നതാണ്. അന്നുമിതുപോലെ വെളുപ്പിന് ഇതുവഴി പോകുമ്പോള്‍ ഇയാള്‍ വിളിക്കും:

'വാന്ന്. ഒരു ചായ കുടിച്ചേച്ച് പോന്ന്.'

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

അതില്‍പിന്നെ നഗരത്തിലെത്ര മാളുകള്‍ വന്നു. ചൈനീസ്, അറേബ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഇരുപത്തിനാലു മണിക്കൂറും തുറന്നുവച്ച വലിയ റസ്‌റ്റോറന്റുകളെത്ര വന്നു. എന്നാലും ആളുകള്‍ ഈ പഴകിയ സമോവറില്‍നിന്നും പുകപിടിച്ച ഗ്ലാസില്‍ കിട്ടുന്ന ചായയ്ക്ക് കൈനീട്ടുന്നു. ബാവക്കയുടെ മക്കളെല്ലാം വിദേശത്താണ്. വലിയ നിലയിലാണ്. മഞ്ഞപ്പെട്ടിക്കടവില്‍ പെരിയാറിന്റെ തീരത്ത് കൊട്ടാരം പോലൊരു വീടാണ് പണിതിട്ടുള്ളത്. ചായക്കച്ചവടം ചെയ്യേണ്ട ഒരു കാര്യവുമില്ല. എന്നിട്ടും ദിനേന രാവിലെ ഇയാളീ ഉന്തുവണ്ടിക്കു പിന്നില്‍ വന്നുനില്‍ക്കുന്നു. ചായയടിക്കുന്നു. വരുന്നവരോടും പോകുന്നവരോടും വിശേഷങ്ങള്‍ തിരക്കുന്നു. ജീവിതത്തോട് ഒരു കൂസലുമില്ല. വല്ലാത്ത ഭ്രാന്ത് തന്നെ.
ചോദിച്ചാല്‍ ഒരുപക്ഷേ, ഇയാള്‍ പറഞ്ഞേക്കും:

'ഒര് രസല്ലേ... ഒര് സന്തോഷല്ലേ...'

ഗ്ലാസ്സ് തിരികെ ഏല്പിച്ച് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നേടത്തേയ്ക്ക് നടന്നു. ഡോര്‍ തുറന്നെങ്കിലും കയറിയിരിക്കാന്‍ തോന്നിയില്ല. പുറത്ത് പുലര്‍ച്ചയുടെ തണുപ്പുണ്ട്. ഇരുന്നാല്‍ ചിലപ്പോള്‍ മയങ്ങിപ്പോയേക്കും. അതുവേണ്ട. ബസിറങ്ങി വരുമ്പോഴേ കണ്ടില്ലെങ്കില്‍ പെണ്ണിനത് മതി, കലമ്പാന്‍.

എല്ലാ മാസവും രണ്ടാം ശനിയാഴ്ചയാണ് അവളുടെ വരവ്. ജോലി ചെയ്യുന്ന കമ്പനിയിലെ അവള്‍ക്കൊപ്പമുള്ള കൂട്ടുകാരുണ്ടാകും കൂടെ. പേടിക്കാനില്ല. ബാംഗ്ലൂരില്‍നിന്നു നേരെ ആലുവ റെയില്‍വേ സ്‌റ്റേഷന്‍. ആലുവയില്‍നിന്ന് മൂന്നാര്‍ പോകുന്ന ബസില്‍ കയറി പുലര്‍ച്ചെ അവളിവിടിറങ്ങും. 

കൊച്ചിയിലേക്കും കോട്ടയത്തേയ്ക്കുമുള്ള കൂട്ടുകാര്‍ ആ വഴി പോകും. ഇടിവെട്ടിയാലും ഭൂമി പിളര്‍ന്നാലും പ്രളയം വന്നാലും അച്ഛനിവിടെ കാറുമായി കാത്തുനില്‍ക്കുമെന്ന് അവള്‍ക്കറിയാം. അതാണ് രീതി. അതുകൊണ്ട് ഇടയ്‌ക്കൊരു വിളിയില്ല. രണ്ടോ മൂന്നോ ദിവസത്തെ പാര്‍പ്പ് കഴിഞ്ഞവള്‍ പോകുമ്പോഴേയ്ക്കും വീടൊരരിക്കായിട്ടുണ്ടാകും.

ഓരോന്നും പഴയതുപോലാക്കാന്‍ പാടുപെടുമ്പോള്‍ അനുരാധ പറയുന്നതു കേള്‍ക്കാം:

'ഇങ്ങനൊരു വകതിരിവില്ലാതെ അസത്തുപെണ്ണ്...'

അയാളതു കേട്ട് ചിരിക്കും. അതു കാണുന്നതോടെ അവളുടെ കോപം ഇരട്ടിയാകും.

'ചിരിച്ചോളൂ. നിങ്ങളൊറ്റയാളാണ് ഇപ്പെണ്ണിനെയിങ്ങനെ വഷളാക്കുന്നത്. നന്നായി അനുഭവിക്കും. നോക്കിക്കോ.'

നിസ്സാര കാര്യങ്ങള്‍ക്കുപോലും വഴക്കിടുന്നതാണ് അനുരാധയുടെ സ്വഭാവം. അന്നുമിന്നും അതിനൊരു മാറ്റവുമില്ല.

വീണ്ടും പഴയ സ്ഥാനത്ത് പോയിരുന്നാലോ എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു പിന്നില്‍നിന്നും ഒരാള്‍ അതിവേഗം ഗാന്ധിപ്രതിമയ്ക്കു നേരെ നീങ്ങുന്നത് കണ്ടു.

ബാവക്കയുടെ ചായ കുടിച്ചുകൊണ്ടിരുന്ന ആരോ പറയുന്ന കേട്ടു:

'ഓ... നേരം വെളുത്തില്ല. അപ്പഴേയ്ക്കും കര്‍ത്താവ് ഓട്ടം തുടങ്ങിയല്ലോ.'

രാമന്‍ കര്‍ത്താവാണ്. കര്‍ത്താവിനെ അറിയാത്ത ആരും തന്നെ നഗരത്തില്‍ ഉണ്ടാകാനിടയില്ല. തിരക്കിട്ട് എവിടേയ്‌ക്കോ ഓടുകയോ നടക്കുകയോ ചെയ്യുന്ന നിലയിലാണ് കര്‍ത്താവിനെ കാണാന്‍ കഴിയുക. ഒരേ ദിശയിലേയ്ക്ക് മിഴിച്ചുനോക്കി കര്‍ത്താവ് എവിടെയെങ്കിലും ഇരിക്കുന്നത് അപൂര്‍വ്വ കാഴ്ച.

കര്‍ത്താവ് എവിടെനിന്നു വരുന്നു? എവിടേയ്ക്ക് പോകുന്നു? ഉണ്ണുന്നുണ്ടോ? ഉറങ്ങുന്നുണ്ടോ? ആര്‍ക്കറിയാം.
കുറേക്കാലം മുന്‍പ് നഗരസഭ ദൂരെയൊരു അനാഥമന്ദിരത്തില്‍ കൊണ്ടുചെന്നാക്കിയിരുന്നു. പക്ഷേ, അധികം വൈകാതെ കര്‍ത്താവ് വീണ്ടും നഗരത്തില്‍ പ്രത്യക്ഷപ്പെട്ടു.

രാമന്‍ കര്‍ത്താവില്ലാതെ ഈ നഗരമുണ്ടോ?

കര്‍ത്താവിനു പ്രായം എത്രയായിട്ടുണ്ടാകും. അറിയില്ല. എന്നും മുടി പറ്റെ നരച്ചതായിരുന്നു. നിറം തിരിച്ചറിയാന്‍ കഴിയാത്ത ഒരേ മുഷിഞ്ഞ വേഷം.

പണ്ടൊക്കെ കച്ചേരിക്കുന്നിലെ കോടതിയുടെ വരാന്തയിലോ കൂറ്റന്‍ മാവുകളുടെ ചുവട്ടിലോ ഇരിക്കുന്ന കാണാം. തിരക്കിട്ട് പായുന്ന വക്കീലന്മാരേയും കക്ഷികളേയും നോക്കി മുഖത്തൊരു മന്ദഹാസവുമായി ഒരു തിരക്കുമില്ലാതുള്ള ഇരിപ്പ്. കുട്ടികള്‍ അടുത്തുചെന്നാല്‍ ആ മന്ദഹാസം വിടര്‍ന്ന ചിരിയാകും.

ഓരോരുത്തരുടേയും പേര് തിരക്കും. പഠിക്കുന്ന ക്ലാസ്സ് ചോദിക്കും. പോക്കറ്റില്‍നിന്ന് അട്ടാണി എടുത്തു നീട്ടും.
അപ്പോഴേയ്ക്കും ആരെങ്കിലും വന്നു കുട്ടികളെ ആട്ടിപ്പായിക്കും.

'പോകിനെടാ എല്ലാവനും. പിരാന്തനുമായിട്ടാണോ കളീം ചിരീം...'

ചിലപ്പോള്‍ ഒരു പ്രഭാഷകന്റെ റോളിലാകും കര്‍ത്താവ്.

ഒരു മഹാഗണിയുടെ ചില്ല മൈക്രോഫോണായി മുന്നില്‍ കുത്തിനിര്‍ത്തിയിട്ടുണ്ടാകും. അയാള്‍ സംസാരിക്കും:

'മനുഷ്യരേ,

ഈ കോടതിയെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം. മുപ്പത്തിയെട്ടില്‍ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിനെ സര്‍ക്കാര്‍ നിരോധിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടല്ലോ. അതിനെതിരെ എ.കെ. ഗോപാലന്‍ നയിച്ച മലബാര്‍ ജാഥ ആലുവ വെച്ച് പൊലീസ് തടഞ്ഞതും മറന്നിട്ടില്ലല്ലോ. അന്നു സമരക്കാരെ പൊലീസ് തല്ലിയോടിച്ചു. കയ്യില്‍ കിട്ടിയവരെ അറസ്റ്റ് ചെയ്തു. എ.കെ. ഗോപാലന്‍ ഉള്‍പ്പെടെയുള്ളവരെ വിചാരണയ്ക്കു കൊണ്ടുവന്നത് ഈ കാണുന്ന കോടതിയിലാണ്. വിചാരണക്കിടയില്‍ എ.കെ.ജി. പൊലീസ് ഇന്‍സ്‌പെക്ടറെയിട്ട് കുടഞ്ഞതും ഇവിടെയാണ്. ആ വിചാരണദിവസം താഴെ റോഡിലൂടെ ടി.എം. ഐസക്കും കൂട്ടുകാരും നടത്തിയ പ്രതിഷേധ ജാഥ നാമങ്ങനെ മറക്കാമോ. സ്വാതന്ത്ര്യദാഹംകൊണ്ട് തിളച്ചുമറിഞ്ഞതാണീ നഗരം. അതു ചരിത്രമാണ്. ചരിത്രം ഇടയ്ക്ക് ഓര്‍ക്കാന്‍ കൂടിയുള്ളതാണ്.'

കര്‍ത്താവിനു മുന്നില്‍ കേള്‍വിക്കാര്‍ ആരും ഉണ്ടാവുകയില്ല. റോഡിലൂടെ വാഹനങ്ങള്‍ അതിവേഗം പാഞ്ഞുപൊയ്‌ക്കൊണ്ടിരിക്കും. ആരും അയാളെ നോക്കുക കൂടിയില്ല. സ്‌കൂള്‍ വിട്ടു പോകുന്ന കുട്ടികളില്‍ ചിലര്‍ മാത്രം ചുമ്മാ കൂവും.

അതു ശ്രദ്ധിക്കാതെ കര്‍ത്താവ് തുടരും:

'സുഹൃത്തുക്കളേ, ജനാധിപത്യ വിശ്വാസികളേ, എന്റെ അച്ഛന്റെയച്ഛന്‍ പറഞ്ഞുകേട്ട ചരിത്രമാണ് ഞാനീ പറയുന്നത്. നിങ്ങള്‍ കേള്‍ക്കണം. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് എത്രയോ ആളുകളെ ഈ കോടതി ശിക്ഷിച്ചിരിക്കുന്നു. വക്കീലായിരുന്ന എന്‍.പി. ചാക്കോയെ രണ്ടു വര്‍ഷത്തേയ്ക്ക് പ്രാക്റ്റീസ് ചെയ്യാന്‍ വിലക്കിയ കോടതിയാണിത്. ആയിരം രൂപ പിഴയടയ്ക്കാനും ഒരു വര്‍ഷം തടവിനും വിധിച്ചു. ടി.കെ. ബാലകൃഷ്ണപിള്ള, ഔസേപ്പച്ചന്‍ ഇട്ടീര, കൂത്താട്ടുകുളം നീലകണ്ഠന്‍, കെ.എസ്. രാമന്‍പിള്ള, ടി.എ. വര്‍ക്കി... അങ്ങനെ കുറേപ്പേരെ ജയിലിലടച്ചതും ഈ കോടതി തന്നെ. സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞവനൊക്കെ ജയിലില്‍. അതെവിടുത്തെ നെയമമാണ്? ടി.എ. വര്‍ക്കിയെ ഈ കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ അന്നത്തെ മജിസ്‌ട്രേറ്റ് ചോദിച്ചു: 'തൊഴിലെന്താ?' ധീരനായ വര്‍ക്കി പറഞ്ഞു: 'നെയമലംഘനം.' വര്‍ക്കിയോട് മജിസ്‌ട്രേറ്റ് പിന്നെന്തു ചോദിച്ചു എന്നെനിക്കറിയില്ല ചങ്ങാതിമാരേ. പക്ഷേ, നെയമങ്ങള്‍ ലംഘിക്കാനുള്ളതാണ് ജീവിതം എന്നറിയാത്ത മജിസ്‌ട്രേറ്റ് ഒരു മജിസ്‌ട്രേറ്റ് ആണോ?'

അത്രയുമാകുമ്പോള്‍ സ്വയം മടുപ്പ് തോന്നിയിട്ടോ മറ്റോ കര്‍ത്താവ് പ്രഭാഷണം നിര്‍ത്തും. കോടതിയുടെ മതിലിനോട് ചേര്‍ത്തു കൂട്ടിയിട്ടിരിക്കുന്ന സര്‍വ്വേക്കല്ലുകളുടെ മുകളില്‍ കയറിയിരിക്കും. പൊടുന്നനെ എഴുന്നേറ്റ് ഫാസ് ഓഡിറ്റോറിയത്തിന്റെ കവാടത്തിനു ചുവടെപ്പോയി നില്‍ക്കും. അടുത്ത നിമിഷം അതിവേഗം നടന്ന് ഔഷധി കവലയിലെത്തും. അവിടെ ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാരനെ തുറിച്ചുനോക്കി നില്‍ക്കും. പെട്ടെന്നെന്തോ ഓര്‍ത്തപോലെ ഓടി തന്റെ മൈക്കിനു മുന്നില്‍ത്തന്നെ വന്നു നില്‍ക്കും. ചരിത്രഗതിയെ ചൊല്ലിയുള്ള ഖേദത്തോടെ പ്രഭാഷണം തുടരും.

'എം. ഗോപാലപിള്ള, പി.വി. കൃഷ്ണയ്യര്‍, ജി. നാരായണയ്യര്‍, കെ. നാരായണപിള്ള, പി. ഇട്ടികുര്യന്‍, എം.സി. മാത്യു, 
വി. ഹരിഹരന്‍പിള്ള, എ.കെ.ജി., പാവങ്ങളുടെ വക്കീല്‍ എന്നു വിളിച്ച കെ.എന്‍.ജി. കര്‍ത്ത അവരൊക്കെ ഉണ്ടായിരുന്നു ഈ കോടതിയില്. ഇവിടന്ന് തൊടങ്ങിയവരൊക്കെ വല്യ നെലയിലായല്ലോ. എം.എം. പരീതുപിള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയില്ലേ. പി.പി. തങ്കച്ചനും കെ.ജി.ആര്‍. കര്‍ത്തയും മന്ത്രിമാരായില്ലേ. കെ.പി. ഹുര്‍മീസ് ഫെഡറല്‍ ബാങ്ക് ചെയര്‍മാനായി. എസ്.എന്‍. നായര്‍ കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനായി. മലയാറ്റൂര്‍ രാമകൃഷ്ണന്‍ കളക്റ്ററും ഗവണ്‍മെന്റ് സെക്രട്ടറിയും സാഹിത്യകാരനുമായില്ലേ. അതാണീ കോടതിയുടെ രാശി. പക്ഷേ, പഠിപ്പൊള്ള പറയനും പൊലയനും ഉള്ളാടനും അന്നുണ്ടായിരുന്നെങ്കിലും അവരൊന്നുമായില്ലാട്ടോ. സാരല്ല. നക്കാനൊള്ളോന്‍ എന്നും നരിയാണി കാട്ടും...'

ഈ സമയം അതുവഴി കടന്നുപോകുന്ന ചെറുപ്പക്കാരായ വക്കീലന്മാര്‍ ചിലപ്പോള്‍ ചോദിച്ചേക്കും.

'കര്‍ത്താവേ, ഒരുപാട് ആളുകളടെ പേര് ഓര്‍ത്തുവച്ചു പറയണുണ്ടല്ലോ. അക്കൂടെ ഇമ്മടെ പേരും കൂടൊന്ന് ചേര്‍ത്തു പറയന്നേ. ചരിത്രത്തില്‍ നമ്മളും ചുമ്മാ കെടക്കട്ടെ.'

അപ്പറഞ്ഞയാളെ കര്‍ത്താവ് കണ്ണുകൂര്‍പ്പിച്ചു നോക്കും.

'ഒരുഴുന്നുവട. ഒരിറക്ക് ചായ. ആദരം കാരണം നിറഞ്ഞ കണ്ണുകളോടെ ഒരു തൊഴല്‍. അതായിരുന്നു പ്ലീഡര്‍മാരുടെ ഫീസ്. തനിക്കോ? ചരിത്രത്തിലേയ്ക്കങ്ങനെ ചുളുവില്‍ പ്രവേശനമില്ല സാറേ...'

അതോടെ ചോദിച്ചയാള്‍ മറുത്തൊന്നും പറയാനില്ലാതെ രക്ഷപ്പെടും.
കര്‍ത്താവ് ഇപ്പോള്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നിലുണ്ട്. കിഴക്കോട്ട് തിരിഞ്ഞ് എന്തോ ഓര്‍ത്തു നില്‍പ്പാണ്.

അയാള്‍ കര്‍ത്താവിനെ വിട്ട് മുന്നോട്ടല്പം നടന്നു. മുനിസിപ്പല്‍ മൈതാനത്ത് സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ സ്വര്‍ണ്ണനിറം സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചമേറ്റ് തിളങ്ങുന്നുണ്ട്. ഏതോ വാഹനമിടിച്ചു പൊളിഞ്ഞ മതിലിന്റെ കല്ലുകള്‍ റോഡിലേയ്ക്ക് ചിതറിക്കിടക്കുന്നു. തൈമാവിന്റെ ചില്ലകളും റോഡിലേയ്ക്ക് കൈനീട്ടിയ നിലയിലാണ്.
അയാള്‍ ഫോണെടുത്ത് ഒന്നൂടെ സമയം നോക്കി.

ബസു വരാന്‍ ഇനിയും കാക്കണം. ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍നിന്നാണോ കുഴിപ്പിള്ളിക്കാവില്‍നിന്നാണോ പ്രഭാതവന്ദന കീര്‍ത്തനങ്ങള്‍ കേള്‍ക്കുന്നുണ്ട്. എക്‌സൈസ് ഓഫീസിനു മുന്നില്‍ അന്യസംസ്ഥാനക്കാരുടെ ചെറുകൂട്ടങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. അതിനിയൊരു കടലാകും. ബീഹാര്‍, ഒറീസ, കൊല്‍ക്കത്ത, അസം, ജാര്‍ഖണ്ഡ് എന്നിങ്ങനെ എല്ലാ നാട്ടുകാരുമുണ്ട്. നീലക്കള്ളിമുണ്ട് 
ചെരിച്ചു കുത്തിയ തമിഴരുമുണ്ട്. അവരുടെ പെണ്ണുങ്ങളും. എല്ലാവനും ഓരോ 
ജോലിക്കായി പോകുന്നതാണ്. അധികം വൈകാതെ അവര്‍ക്കു പോകാനുള്ള വണ്ടികള്‍ വരും. ഇടനിലക്കാര്‍ വരും. ഇനിയൊരാരവമാകും.

ഫോണ്‍ പോക്കറ്റില്‍ തിരുകുമ്പോള്‍ ഒന്നൂടെ നോക്കി.
മോളുടെ ഫോട്ടോയാണ് സ്‌ക്രീന്‍ സേവര്‍. വയലറ്റ് നിറത്തില്‍ മഞ്ഞപ്പൂക്കളുള്ള കുഞ്ഞുമിഡിയും റോസ് ടോപ്പുമാണ് വേഷം. മുഖം നിറയെ ചിരിയുമായി അവള്‍ ക്യാമറയ്ക്കു നേരെ നോക്കി വിരലുകള്‍ ഉയര്‍ത്തിക്കാണിക്കുന്നു. ഏതോ അവധിദിവസം ഒക്കല്‍ തുരുത്തില്‍ പോയപ്പോള്‍ എടുത്തതാണ്. മോളന്ന് ചെറിയ കുട്ടിയാണ്. തുരുത്തിലെ മുളങ്കൂട്ടവും പെരിയാറിന്റെ മണല്‍ത്തിട്ടകളുമാണ് പശ്ചാത്തലം. ദൂരെ കടത്തുകാര്‍ പനയോലകള്‍ മെടഞ്ഞു കെട്ടിയുണ്ടാക്കിയ കുടിലുകളും കാണാം. തോണികള്‍ ചെരിഞ്ഞുകിടക്കുന്ന കടവും. അക്കാലത്ത് എവിടെ പോകുമ്പോഴും കഴുത്തില്‍ തൂക്കിയിരുന്ന വിന്റേജ് നിക്കോണില്‍ എടുത്ത കുറേ ഫോട്ടോകള്‍ ഉണ്ടായിരുന്നു. അവയെല്ലാം നഷ്ടമായി. ബാക്കിയായത് ഇതൊരെണ്ണമാണ്. ഇതും നഷ്ടമാകാതിരിക്കാന്‍ ഫോട്ടോയുടെ ഫോട്ടോ എടുത്ത് സൂക്ഷിക്കുന്നു.
ആ ഫോട്ടോകളില്‍ ഒന്നിലും അനുരാധ ഉണ്ടായിരുന്നില്ല.
അവള്‍ക്കല്ലെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വലിയ മടിയാണ്.
വിളിച്ചാല്‍ മുഷിഞ്ഞ മുഖത്തോടെ വന്നുനില്‍ക്കും.

അന്ന് ഒക്കല്‍ തുരുത്തില്‍ മാത്രമല്ല, ഇരിങ്ങോള്‍ കാവിലും കോടനാട്ടെ ആനക്കൊട്ടിലിലും പാണിയേലി പോരിലും ഭൂമി തൊടാതെ നില്‍ക്കുന്ന ഒറ്റക്കല്ലിന്റെ വിസ്മയം കാണാന്‍ മേതല കല്ലില്‍ ഗുഹാക്ഷേത്രത്തിലും പോയിരുന്നു. പെരിയാറില്‍ മുങ്ങിക്കുളിച്ച് ഏതൊക്കെയോ ഊടുവഴികളൂടെ വല്ലം വഴി പോരുമ്പോള്‍ പുറത്തേയ്ക്ക് കൈചൂണ്ടി മോളോട് അനുരാധ പറഞ്ഞു:

'നോക്ക്... നോക്ക് അച്ഛന്റെ കമ്പനി കണ്ടോ...'

റിയര്‍ വ്യൂ മിററിലൂടെ അയാള്‍ക്കു കാണാമായിരുന്നു, കമ്പനിയുടെ കമാനവും നെടുങ്കന്‍ കോട്ട പോലെ പണിത ചുറ്റുമതിലും. ഏഷ്യയിലെ ആദ്യത്തെ കൃത്രിമ പട്ടുനൂല്‍ ഉല്പാദന കേന്ദ്രം എന്ന പെരുമയാണ് അതിനുള്ളില്‍. നഗരത്തിന്റെ ധനവിനിമയങ്ങളെ നിയന്ത്രിക്കുകയും നിശ്ചയിക്കുകയും ചെയ്ത കമ്പനി.

ഈ കമ്പനിജോലി നല്‍കിയ 
സുരക്ഷിതത്വത്തിലായിരുന്നു വീട്ടുകാരുടെ എതിര്‍പ്പെല്ലാം അവഗണിച്ച് അനുരാധയെ വിളിച്ചിറക്കി കൊണ്ടുപോന്നത്.
എന്നിട്ടെന്തായി? അധികം വൈകാതെ കമ്പനി പൂട്ടി. പറമ്പില്‍ കുറേ റബ്ബറും കുരുമുളകും ജാതിയും പാടത്ത് നെല്‍കൃഷിയും ഉണ്ടായിരുന്നതുകൊണ്ട് പിടിച്ചുനിന്നു.

ഒപ്പമുണ്ടായിരുന്ന പലര്‍ക്കും ജീവിതം കൈവിട്ടുപോയി. ചിലര്‍ നാടുവിട്ടു. ഒന്നുരണ്ടു പേര്‍ ആത്മഹത്യ ചെയ്തു. വലിയ ശമ്പളം കൈപ്പറ്റിയിരുന്ന ചിലരെ മോര് വില്‍ക്കുന്നവരായും ലോട്ടറി കച്ചവടക്കാരായും ഓട്ടോറിക്ഷ െ്രെഡവര്‍മാരായും നഗരത്തില്‍ കണ്ടു.

കാണുമ്പോഴെല്ലാം ലേ ഓഫ് 
കോമ്പന്‍സേഷന്‍, ഇ.എസ്.ഐ. വിഹിതം, ഇന്‍ഷുറന്‍സ് പ്രീമിയം എന്നെല്ലാം പരസ്പരം പറഞ്ഞു. എംപ്ലോയീസ് ക്രെഡിറ്റ് സഹകരണസംഘം തുറക്കാത്തതില്‍ പരിതപിച്ചു.

രണ്ടായിരത്തിയൊന്നിലായിരുന്നോ 
ലേ ഓഫ്? അതോ രണ്ടിലോ? ഇപ്പഴിപ്പോള്‍ ആ വര്‍ഷവും തീയതിയും തന്നെ മറന്ന മട്ടായി.
നാല്‍പത്തിയാറില്‍ സര്‍ സി.പിയുടെ പ്രത്യേക അനുമതിയോടെയാണ് ചിദംബരം ചെട്ടിയാര്‍ കമ്പനി തുടങ്ങിയതെന്നു കേട്ടിട്ടുണ്ട്.

പെരിയാര്‍ തീരത്തെ എണ്‍പതേക്കര്‍.

കൃത്രിമ പട്ടുനൂലും സെലോഫൈന്‍ പേപ്പറും ഉല്പാദനം.

കാര്‍ബണ്‍ഡൈ സള്‍ഫൈഡും കോട്ടണ്‍ ലിന്റര്‍ പള്‍പ്പും സള്‍ഫ്യുറിക് ആസിഡും സോഡിയം സള്‍ഫേറ്റും വേറെ.
വൈദ്യുതി ഉല്പാദിപ്പിക്കാന്‍ സ്വന്തം പവര്‍ഹൗസ്. തൊഴിലാളികള്‍ക്കു കനത്ത വേതനം. നാല്പത് ശതമാനം ബോണസ്. ബാങ്കിലെ ജോലിയും അദ്ധ്യാപനവും ഉപേക്ഷിച്ച് ഈ കമ്പനിയില്‍ ചേക്കറിയവര്‍ എത്രയായിരുന്നു.

മരചാപ്പകളില്‍ തടിവലിക്കുന്നവര്‍, 'അഞ്ചാം തീയതി ആയിക്കോട്ടെ അന്‍പത് ലക്ഷം ഇറങ്ങൂലോ' എന്ന് കമ്പനിയിലെ ശമ്പളദിനത്തെ അനുസ്മരിച്ച് പാട്ടു പാടുമായിരുന്നു.

എഴുപത്തിനാലില്‍ ഒരു കോടിയായിരുന്നുവത്രേ ലാഭം. എന്നിട്ടും പത്തുകൊല്ലം തികയും മുന്‍പേ ലോക്കൗട്ട് പ്രഖ്യാപിച്ചു.
ലിന്റര്‍ പള്‍പ്പ് പ്ലാന്റിലെ ജോസഫേട്ടനോടൊപ്പം ആയിരുന്നു മിക്കവാറും വരവും പോക്കും. പുള്ളിക്കിത്തിരി കവിതയൊണ്ട്. ഇത്തിരി എമ്മെല്ലും. വണ്ടിയുടെ പിറകിലിരിക്കുമ്പോള്‍ ജോസഫേട്ടന്‍ പറയും:

'കമ്പനി ക്യാന്റീനിലെ തൊളവടയ്ക്ക് തൊളയില്ലാന്നും പറഞ്ഞ് ഇമ്മളേം കൊണ്ട് സമരം ചെയ്യിക്കണ നേതാക്കന്മാര് മിശറുകളാണ് ട്ടോ... ഈ ലാഭോം കമ്പനീം മൈക്കരോം അധികം പോവൂന്ന് എനിക്ക് തോന്നണില്ല.'

അറം പറ്റുമ്പോലെ അതങ്ങനെത്തന്നെ സംഭവിച്ചു. മുടിക്കലില്‍നിന്ന് നെടുമ്പാശ്ശേരിക്ക് 110 കെ.വി. വൈദ്യുതലൈന്‍ വലിക്കാന്‍ നടപ്പാക്കിയ ലേ ഓഫിനു ശേഷം കമ്പനി തുറന്നില്ല. പിന്നെ സമരകാലം. ഇതിനിടയിലൂടെ വര്‍ഷങ്ങള്‍ കടന്നുപോയി. കമ്പനി കാടുകയറി. അറ്റകുറ്റപ്പണികള്‍ പോലും നടക്കാതെ മെഷീനുകള്‍ തുരുമ്പിച്ചു. ചിലതെല്ലാം ആരോ കട്ടുകൊണ്ടുപോയി. ചില മെഷീനറികള്‍ രായ്ക്കുരാമാനം ഇരുചെവിയറിയാതെ മാനേജ്‌മെന്റ് വിറ്റു.
കോടതിയില്‍ ഫയല്‍ ചെയ്ത കേസുകളൊന്നും തീര്‍പ്പാകാതെ നീണ്ടുനീണ്ടു പോയി.

എന്നിട്ടും കുറേക്കാലം പതിവു ഷിഫ്റ്റിനെന്നപോലെ ജോസഫേട്ടന്റെ ചേതക് സ്‌കൂട്ടറിനു പിന്നിലിരുന്നു കമ്പനിപ്പടിക്കലെ സമരത്തിനു പോകുമായിരുന്നു. അല്ലാതൊന്നും ചെയ്യാനില്ല. കുറച്ചുനേരം അവര്‍ക്കൊപ്പം തലകാണിച്ചു നില്‍ക്കും. പിന്നെ മുങ്ങും. ചുമ്മാ അതുവഴിയിതുവഴി സ്‌കൂട്ടറില്‍ കറങ്ങും.

അങ്ങനൊരിക്കല്‍ സമരക്കാര്‍ക്കിടയില്‍നിന്നും തലയൂരി പോരുമ്പോള്‍ ജോസഫേട്ടന്‍ പറഞ്ഞു:

'നമ്മക്കിന്നു കോടനാട് പോയാലോ?'

അയാള്‍ താല്പര്യം കാണിച്ചില്ല.

'എന്തിന്? കോടനാടൊക്കെ ഇമ്മളെത്ര വട്ടം പോയിരിക്കണു. ഒള്ളനേരത്ത് വീട്ടീപ്പോയി ചോറുണ്ട് കെടന്നൊറങ്ങാം.'

'അങ്ങനല്ലടാ. നമക്കിന്ന് ചങ്ങമ്പുഴയുടെ മകള്‌ടെ വീട് കാണാം.'

'ചങ്ങമ്പുഴയോ?'

'തന്നെ. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ മകള് തന്നെ. അജിത.'

'അതിനവര് കോടനാടാണോ?'

'ആയിരുന്നു. ഇപ്പഴില്ല. കുടുംബത്തോടെ ആത്മഹത്യ ചെയ്തു.'

'എന്ന്?'

'കൊറച്ച് മുന്‍പാ. എണ്‍പത്തിയൊന്‍പതില്‍. കവിയുടെ എഴുപത്തെട്ടാം ജന്മവാര്‍ഷീക ദിവസം.'
അയാള്‍ അറിയാതെ പറഞ്ഞുപോയി.

'ഓരോരുത്തരുടെ വിധി.'

അതുകേട്ട് ജോസഫേട്ടന്‍ ചൊടിച്ചു:

'വിധിയോ? ഏതു കോടതിയുടെ? ഒന്നു പോടാ...'

അയാള്‍ മൗനം പാലിച്ചു.

കുറേ ദൂരം വണ്ടിയോടിച്ച് അന്നെത്തിയത് ഒരു പൊളിഞ്ഞ വീടിനു മുന്നിലാണ്. കാടുകയറി കിടക്കുന്ന പ്രേതഗൃഹം. വഴിയരികിലെ കൂറ്റനൊരു പുളിമരത്തില്‍ കടവാതിലുകള്‍ ചിറകടിച്ചു.

ജോസഫേട്ടന്‍ പറഞ്ഞു:

'ഇതൊരു വീടായിരുന്നു. ഇവിടെ മനുഷ്യരുണ്ടായിരുന്നു. ഇന്നോ?'

'എനിക്ക് നമ്മുടെ കാടുകയറിയ കമ്പനിയാണ് ഓര്‍മ്മവരുന്നത്.'

ജോസഫേട്ടന്‍ ചിരിച്ചു: 'ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാലുപമയാമത്...'

അയാള്‍ ചോദിച്ചു: 'കുട്ടികള്‍. കുടുംബം. കവിയുടെ മകള്‍ എന്ന യശസ്സ്. എന്നിട്ടും എന്തിനായിരുന്നു അവര്‍ ആത്മഹത്യ ചെയ്തത്?'

ജോസഫേട്ടന്‍ മറുപടി പറഞ്ഞില്ല.

താഴെ നിന്നൊരു കല്ലെടുത്ത് പുളിമരത്തിനു നേരേ വീശിയെറിഞ്ഞു. മരച്ചില്ലകളില്‍ തൂങ്ങിയാടിയ കടവാതിലുകള്‍ ചിറകടിച്ച് നാലുചുറ്റും പറന്നു.

അയാളോര്‍ക്കുന്നു. അവിടെനിന്നും നഗരത്തില്‍ മടങ്ങിയെത്തി നേരെ പോയത് ചെമ്പരത്തി ബാറിലേക്കാണ്. മുകള്‍ നിലയിലെ ഒഴിഞ്ഞ ഒരു മേശയ്ക്ക് സമീപം കസേര വലിച്ചിട്ടിരിക്കുമ്പോള്‍ എന്തിനെന്നില്ലാതെ മനസ്സ് അസ്വസ്ഥമായിരുന്നു.

അധികം വിലയില്ലാത്ത മദ്യം അരക്കുപ്പിയോ മറ്റോ ആണ് വാങ്ങിയതെന്നു തോന്നുന്നു. ടാറുരുകിയപോലുള്ള ആ ദ്രാവകം ഗ്ലാസ്സിലേയ്ക്ക് ചെരിക്കുമ്പോള്‍ ജോസഫേട്ടന്‍ പറഞ്ഞു:

'ഇടപ്പിള്ളി സദാ ഒര് തോറ്റ കവിയാണ്. കവിതയിലെങ്കിലും ജയിച്ചോളൂ എന്നു മരണം അവസാനം ഒരവസരം കൊട്ത്തു. പാവം. ചങ്ങമ്പുഴ അങ്ങനല്ല. ജയിച്ച കവിയാണ്. വെല്ലുവിളികള്‍ നേരിട്ട കവിയാണ്. ഒന്നു തോറ്റ് കാണിക്കൂ എന്നു ജീവിതം വെല്ലുവിളിച്ചപ്പോഴും കവിയത് സ്വീകരിച്ചു. മകളിലും ആ മനസ്സുണ്ട്. ധൈര്യമുണ്ടോ എന്നു ജീവിതം ചോദിച്ചു. ഉണ്ട് എന്നു മരണം കൊണ്ടവര്‍ മറുപടി പറഞ്ഞു.'

കവിതയിലും കവികളിലും താല്പര്യമില്ലാത്തതിനാല്‍ അയാള്‍ മിണ്ടാതിരുന്നു.

ജോസഫേട്ടന്‍ തുടര്‍ന്നു:

'നീ ചോദിച്ചല്ലോ എന്തിനാണ് അവര്‍ ആത്മഹത്യ ചെയ്തതെന്ന്. പല കാരണങ്ങള്‍ ഒണ്ടാകാം. ഭര്‍ത്താവിന്റെ മദ്യപാനം. മൂക്കറ്റം മുങ്ങിയ കടുത്ത ദാരിദ്ര്യം. ഭീഷണിപ്പെടുത്തണ പലിശക്കാര്‍. രോഗം. അങ്ങനെ പലതും. വിശദമായി പത്രക്കാര് എഴുതിയിര്ന്നല്ലോ. കണ്ടില്ലേ. അടുത്ത കോളനിയിലെ ഒരു പരിചയക്കാരിയില്‍നിന്ന് ഇരുപത് രൂപ കടം വാങ്ങി, മരിച്ച ദിവസം രാവിലെ അവരീ നഗരത്തില്‍ വന്നാരുന്നു. മകളും കൂടെയൊണ്ടായിര്ന്നു. കയ്യിലൊള്ള ഇരുപത് രൂപയ്ക്ക് ഏതോ കടയില്‍നിന്നു വെഷം വാങ്ങി. തിരികെ വീട്ടില്‍ പോകാന്‍ കോടതിക്ക് മുന്നില്‍ ബസ് കാത്ത് നിന്നു. അപ്പോഴെല്ലാം ഒര് വിചാരണ നടന്നുകൊണ്ടിരുന്നു. കോടതിക്കുള്ളിലല്ല. അവര്‌ടെ ഉള്ളില്‍. വൈകാതെ അവര്‍ വീട്ടില്‍ ചെന്നു. ഉറ്റവര്‍ക്കു കത്തെഴുതി. എന്നിട്ട് ഭക്ഷണത്തില്‍ വെഷം കലര്‍ത്തി കഴിച്ചു. മകനും മകള്‍ക്കും കൊട്ത്തു. അത്രതന്നെ. മൂവരും മരിച്ചുകിടക്കുന്ന കാഴ്ചയിലേക്കാണ് രാത്രിയില്‍ ഗൃഹനാഥന്‍ വന്നുകയറണത്. ബാക്കി വന്ന വെഷം ചേര്‍ത്ത ഭക്ഷണം അയാളും കഴിക്കുന്നു. അങ്ങനെ ആ വിചാരണ തീര്‍ന്നു. ശുഭം.'

ഗ്ലാസ്സില്‍ ഒഴിച്ചുവെച്ച മദ്യത്തിലേയ്ക്ക് ജഗ്ഗില്‍നിന്നും വെള്ളം പകര്‍ന്ന് ജോസഫേട്ടന്‍ ഒറ്റവലിക്കു കുടിച്ചു. അയാളാകട്ടെ, കുടിക്കാതെ ഗ്ലാസ്സ് കയ്യിലിട്ടു തിരിച്ചുകൊണ്ടിരുന്നു. 

ആ നേരം ഒരു പയ്യന്‍, ഇരുപതോ ഇരുപത്തിരണ്ടോ വയസ്സു കാണണം അവന് തല നേരെ നില്‍ക്കുന്നില്ല, അടുത്ത് വന്നു ചോദിച്ചു:

'സാറേ, ഒരു കാര്യം പറയാനാണ്. ഞാനിവിടൊന്ന് ഇരുന്നോട്ടെ.'

അയാള്‍ ചോദിച്ചു:

'എന്താടെര്‍ക്കാ...'

അടുത്ത മേശയിലെ ഒഴിഞ്ഞ കസേര കൈനീട്ടി വലിച്ചിട്ട് അതിലിരുന്ന് അവന്‍ പറഞ്ഞു:

'സാറേ, എനിക്കിത്തിരി കാശിന്റെ ആവശ്യമൊണ്ടേ. തരാമോ. ചുമ്മാ വേണ്ട. എന്റെ കയ്യിലൊരു മോതിരമൊണ്ട്. സ്വര്‍ണ്ണമാ. അതങ്ങെടുത്തിട്ട് കാശ് തന്നാ മതി.'

ജോസഫേട്ടന്‍ അതൊരു തമാശയാക്കി ചോദിച്ചു:

'അതിനു നീ വല്ല ജ്വല്ലറിയിലോ സ്വര്‍ണ്ണപ്പണയക്കാര്‌ടെ അടുത്തോ പോടേ...'

'നടക്കത്തില്ല. അവര്‍ക്കൊക്കെ എന്നെയറിയാം...'

'അപ്പഴിത് സ്ഥിരം ഏര്‍പ്പാടാന്നോ. അതിരിക്കട്ടെ. നെനക്കെന്നാ കാശിന്റെ ഇത്ര ആവശ്യം? ഈ മോതിരം നീ എവിടുന്ന് കട്ടതാ...?'

കുറച്ചൊന്ന് ആലോചിച്ച് അവന്‍ പറഞ്ഞു:

'കട്ടതൊന്നുമല്ല. എന്റെ അമ്മേടെയാ. എനിക്കൊര് ആവശ്യം വന്നപ്പോ ഞാന്‍ ചോദിച്ചു. ആ തള്ള തന്നില്ല. അതും പറഞ്ഞു വഴക്കായി. ഞാന്‍ പിടിച്ചൊരു തള്ള് കൊടുത്തു. ഭിത്തിയേല്‍ തലയിടിച്ച് അതിന്റെ ബോധം പോയി. ആ തക്കത്തിനു മോതിരം ഊരിയെടുക്കാന്‍ നോക്കി. പറ്റിയില്ല. എനിക്ക് കാശ് വേണായിരുന്നു. അതോണ്ട് ഞാനാ വെരലിങ്ങ് കണ്ടിച്ചെടുത്ത്. വേണൂന്നു വിചാരിച്ചട്ടല്ല. മടുത്തു സാറേ. ഈ നാടൊരു നരകാണ്. ഇവിടുന്നെങ്ങോട്ടെങ്കിലും ഒന്നു രക്ഷപ്പെട്ടു പോകാനാ. പറ്റുമെങ്കില്‍ സഹായിക്ക്...'

അതുകേട്ട് ജോസഫേട്ടന്‍ ഉറക്കെ ചിരിക്കുകയാണുണ്ടായത്.

'കുഞ്ഞുകുട്ടി പരാധീനോം വീടും കുടുംബോം ഒള്ള ഞങ്ങളേക്കാള്‍ എന്തു പ്രാരബ്ധമാണ് നിനക്ക്. ഇപ്പഴാണെങ്കി കമ്പനീം പൂട്ടി. എന്നിട്ടും ഞങ്ങളിരിക്കണ കണ്ടോ സന്തോഷായിട്ട്. ജോളിയായിട്ട്...'

അവന്‍ കൂടുതലെന്തോ പറയാന്‍ ശ്രമിച്ചു.

ജോസഫേട്ടന്‍ പിന്നെയും ചിരിക്കുന്ന കണ്ടിട്ട് താനപ്പോള്‍ പെട്ടെന്നു ക്ഷോഭിച്ചത് അയാള്‍ക്കിന്നും ഓര്‍മ്മയുണ്ട്.

'ഈ നാറി പെറ്റ തള്ളയോട് ചെയ്ത അന്യായം കേട്ടിട്ടാണോ നിങ്ങള് തൊലിക്കണത്.'

'ഹ. നീയത് വിട്. അവനെന്തോ പറഞ്ഞു. നമ്മള് കേട്ടു. അവനെ വാദിക്കാനും ശിക്ഷ വിധിക്കാനും നമ്മളാരാ... നീയവിടിരി.'

തന്റെ ഒച്ചയല്പം ഉയര്‍ന്നതിനാല്‍ ബെയറര്‍മാര്‍ ശ്രദ്ധിച്ചു. ചുറ്റും ഇരുന്നവരും തല തിരിച്ചു നോക്കി.

അവന്‍ പെട്ടെന്നെഴുന്നേറ്റു.

കൈകൂപ്പിക്കൊണ്ട് ദയനീയമായി വിളിച്ചു.

'ഞാനൊന്നും പറഞ്ഞിട്ടുമില്ല. ചോദിച്ചിട്ടുമില്ല. വിട്ടേര് സാറേ...'

ഒന്നു തൊഴുതിട്ട് പിന്നെ മെല്ലെ തിരിഞ്ഞു നടന്നു.

ജോസഫേട്ടന്‍ വല്ലാതായി.

'നീയെന്ത് പ്രാന്താണീ കാട്ടണത്. വേണ്ടങ്കി വേണ്ട. അതിനാ ചവുണി ചെക്കനോട് ചുമ്മാ ഒച്ചവയ്ക്കണതെന്തിനാ...?'

കാരണമൊന്നുമില്ല. മനസ്സാകെ കയ്ച്ചിരുന്നു. അതു മറക്കാന്‍ അന്നു പിന്നെയും കുപ്പി വാങ്ങി.

രാത്രി വളരെ വൈകിയാണ് ബാറില്‍നിന്നിറങ്ങിയത്. താഴേയ്ക്കു പോകുമ്പോള്‍ കോണിപ്പടിയുടെ ജനലിലൂടെ പുറത്തു രാത്രിവെളിച്ചത്തില്‍ നിവര്‍ന്നുകിടക്കുന്ന നഗരത്തെ നോക്കി ജോസഫേട്ടന്‍ ചങ്ങമ്പുഴയെ പാടി നീട്ടി.

'താരകങ്ങളേ കാണ്മിതോ നിങ്ങള്‍
താഴെയുള്ളൊരീ പ്രേത കുടീരം...'

സ്‌കൂട്ടര്‍ വെച്ചതെടുക്കാന്‍ ചെല്ലുമ്പോള്‍ ചിത്ര സ്റ്റുഡിയോയിലേയ്ക്ക് കയറുന്ന കോണിക്കു താഴെ ആളുകള്‍ കൂടിനില്‍ക്കുന്ന കണ്ടു. ഒരു കൗതുകത്തിന് എത്തിനോക്കി.

ആ പയ്യനാണ്. ആരുടെയൊക്കെയോ തല്ലും ചവിട്ടും കൊണ്ട് കാനയില്‍ വീണു കിടക്കുന്നു. ഇട്ടിരിക്കുന്ന ഷര്‍ട്ട് നിറയെ ചോരയാണ്. മുഖം ഒരു വശം കാണാം. ആരോ പറഞ്ഞു:

'പൊലീസിനെ വിളിച്ചിട്ടുണ്ട്. അവര് വരട്ടെ...'

നോക്കിനില്‍ക്കാന്‍ തോന്നിയില്ല. പിന്‍വാങ്ങുമ്പോള്‍ ജോസഫേട്ടന്‍ പരിഹസിച്ചു:

'ആള്‍ക്കൂട്ടത്തിന്റെ വിസ്താരമാണ്. നടക്കട്ടെ...'

ജോസഫേട്ടന്‍ അന്നു വല്ലാതെ കുഴഞ്ഞുപോയിരുന്നു. അതുകൊണ്ട് വീട്ടിലേയ്ക്ക് വണ്ടിയോടിച്ചത് അയാളാണ്. പിന്നിലിരുന്ന് ഇഴഞ്ഞ ശബ്ദത്തില്‍ ജോസഫേട്ടന്‍ പറഞ്ഞത് ഇന്നും കേള്‍ക്കുന്നു.

'അജിത ഒരു നായക്കുട്ടിയെ വളര്‍ത്തിയിരുന്നു. അവരുടെ സഹോദരി ലളിത കൊടുത്തതാണ്. കാല്‍നീട്ടം കുറഞ്ഞ ഇനം. വല്യ ഓമനിച്ചാണ് വളര്‍ത്തിയത്. വീട് പട്ടിണിയായപ്പോ നായയ്ക്കും ഭക്ഷണം കൊടുക്കാന്‍ കഴിയാതെ വന്നു. തെണ്ടി തിന്നോട്ടെ എന്നു കരുതിയാകണം അവരതിനെ അഴിച്ചുവിട്ടു. പക്ഷേ, നാട്ടുകാര്‍ ചെയ്തതോ. ചോറില് കുപ്പിച്ചില്ല് പൊടിച്ചിട്ട് തീറ്റിച്ചു. ആ നായ ചോര ഛര്‍ദ്ദിച്ചു ചാകണ കണ്ടുനിന്നപ്പോഴാകണം ധൈര്യമുണ്ടോ എന്നു ജീവിതം അജിതയോട് ചോദിച്ചത്. നീ പറ. ആ നായയില്‍നിന്ന് എത്ര ദൂരമുണ്ടഡാ ഇന്നു നമ്മള്‍ കണ്ട ആ ചെറുക്കനിലേയ്ക്ക്... നമ്മളിലേയ്ക്ക്...'

അയാള്‍ പറഞ്ഞു:

'നിങ്ങളിന്ന് ഓവറായിട്ടോ...'

പൊട്ടിച്ചിരിച്ചുകൊണ്ട് ജോസഫേട്ടന്‍ പാടി.

'എന്തെല്ലാമായാലും നീയിതിന്മേല്‍
ചിന്തിച്ചു വേണമുറച്ചു നില്‍ക്കാന്‍
ലോകം പനീരലര്‍ത്തോട്ടമല്ല
പോകുന്നു, പോകുന്നു ചന്ദ്രികേ ഞാന്‍...'

ആ രാത്രി ജോസഫേട്ടനോടും ജീവിതം ചോദിച്ചു: 'ധൈര്യമുണ്ടോ?'

അന്നേരം മൊബൈല്‍ മെസ്സേജ് വന്നതായി ചിലച്ചു. എടുത്തുനോക്കി. കമ്പനി തൊഴിലാളികളില്‍ ഇന്നു ജീവിച്ചിരിക്കുന്നവരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍നിന്നുള്ള അറിയിപ്പാണ്. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ കോടതി ഉത്തരവായിരിക്കുന്നു. അതുമായി ബന്ധപ്പെട്ട പ്രത്യേക യോഗം അടുത്തയാഴ്ച മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ചേരുന്നുണ്ടത്രേ. ഈ വിധി അന്നേ വന്നിരുന്നുവെങ്കില്‍ ജോസഫേട്ടന്‍ ജീവിക്കുമായിരുന്നോ? ആര്‍ക്കറിയാം?

അകലെ ഉയര്‍ന്നുകാണുന്ന ബെഥേല്‍ സുലോക്കോ ചര്‍ച്ചിനു മുകളിലെ കുരിശിനും പ്ലൈവുഡ് കമ്പനികളുടെ കൂറ്റന്‍ പുകക്കുഴലുകള്‍ക്കും പിറകില്‍ ആകാശം വെളുത്തു തുടങ്ങിയിരിക്കുന്നു.
നേരം പുലരുകയാണ്.

നിത്യ പരിചയത്താല്‍ അയാള്‍ക്കറിയാം.

മോളിപ്പോള്‍ ആലുവയില്‍ വണ്ടിയിറങ്ങിക്കാണും. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡില്‍ മൂന്നാറിനുള്ള ബസിലിരുന്ന് ഉറക്കം തൂങ്ങുകയാകും അവള്‍.

ഇനിയൊരു ഇരുപത് മിനിറ്റ്.

ഇവിടെയെത്താന്‍ അത്രമതി.

അയാള്‍ പതുക്കെ നടന്ന് ആദ്യമിരുന്ന തൂണുകള്‍ക്കു സമീപമെത്തി. അവിടെയിപ്പോള്‍ കുറേ അന്യസംസ്ഥാനക്കാര്‍ കയ്യടക്കിയിരിക്കുന്നു.

തൂണില്‍ ചാരിയിരുന്ന് രാമന്‍ കര്‍ത്താവ് കിതയ്ക്കുന്നുണ്ട്.

അവിടെങ്ങും ഇരിക്കാനിടമില്ല. എങ്കിലും അതിനിടയിലിരുന്ന് വൃദ്ധയായ സ്ത്രീ അടുത്തിരിക്കുന്നവരോട് സംസാരിക്കുകയാണ്.

ആരും ശ്രദ്ധിക്കുന്നില്ല. ശ്രദ്ധിച്ചാലും മനസ്സിലാവുകയുമില്ല.

എങ്കിലും അവര്‍ പറയുന്നു:

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

'വേങ്ങൂര് എന്നു കേട്ടിട്ടുണ്ടോ നിങ്ങള്. ഒരു സ്ഥലമാ. ഇവിടുന്ന് കൊറച്ച് ദൂരമൊണ്ട്. അവിടെ പൊഴയുടെ തീരത്ത് ഒരു പൊരയിണ്ടായിര്ന്നു. മഴക്കാലത്ത് ഞങ്ങട പൊര പൊഴ കൊണ്ടു പോകും. വേനക്കാലത്ത് അക്കരെ കാട്ടീന്ന് ആനക്കൂട്ടം വന്നു പൊര പൊളിച്ചിടും. അപ്പഴൊക്കെ ഞാനും കെട്ട്യോനും കൂടെ പിന്നേം പൊര പണിയും. ഞാളങ്ങനെ പേടിയൊള്ള ആള്‍ക്കാരല്ല. ദൈര്യോണ്ട്. എടയ്ക്ക് പഞ്ചായത്തീന്ന് ആപ്പീസര്‍മാര് വന്ന് അവിടുന്ന് ഒഴിഞ്ഞുപോകാമ്പറയും. ഞാളെതിര്‍ക്കും. അവരെ തെറിവിളിക്കും. അതൊര് രസായിര്ന്ന്. പൊഴയെറമ്പാണ്. പട്ടയോല്ല. അതോണ്ട് സര്‍ക്കാരിന്റെ സഹായോന്നും കിട്ടൂംല്ല. അതൊന്നും വേണ്ടന്ന നെലപാടാണ് ന്റെ കെട്ട്യോനും. അങ്ങോര് കാട്ടീ പോകും. തേനെടുക്കും. ഇവടെയീ ടൗണീ കൊണ്ടന്നു വിക്കും. അതോണ്ടൊള്ള ജീവിതം. അതു മതിയാര്ന്ന് ഞങ്ങക്ക്. മോന് ഏഴെട്ട് വയസ്സായപ്പോ അങ്ങോരിതുപോലെ കാട്ടീ പോയതാ. പിന്നെ വന്നില്ല. ചെലപ്പോ ആന ചവിട്ടി കൊന്നതാകും. അല്ലെങ്കില്‍ വലിയ മരത്തേന്ന് പിടിവിട്ട് താഴെ വല്ല കല്ലിലും തലയിടിച്ചു വീണതാകും. അതുമല്ലെങ്കില്‍ ഫോറസ്റ്റുകാര് പിടിച്ചോണ്ട് പോയതാകും. മെമ്പറു പറഞ്ഞിട്ട് സ്‌റ്റേഷനില് ആളെ കാണാനില്ലാന്ന് ഞാനൊരു പരാതി കൊടുത്ത്. അന്വേഷിക്കാന്ന് അവര് പറഞ്ഞ്. കൊറേനാള് ഞാന്‍ സങ്കടപ്പെട്ട് നടന്ന്. പിന്നെ മോനെ വളര്‍ത്താന്‍ കഷ്ടപ്പെട്ട്. അവന്‍ വലുതായപ്പോ വീട്ടീ വരവ് കൊറവായി. ചോദിച്ചാ വഴക്കിടും. അങ്ങനെയിരിക്കേ അവനേം കാണാതായി. അന്നും മെമ്പറു പറഞ്ഞിട്ട് സ്‌റ്റേഷനില് മോനെ കാണാനില്ലാന്ന് ഞാനൊരു പരാതി കൊടുത്ത്. അന്വേഷിക്കാന്ന് അന്നും അവര് പറഞ്ഞ്. പൊരേല് ഒറ്റയ്ക്ക് കഴിഞ്ഞ് എനിക്ക് പിരാന്തായി പോയി. അന്നും മെമ്പറ് ആളും വണ്ടീം കൂട്ടി വന്ന് എന്നെയൊരു ആശുപത്രീ കൊണ്ടാക്കി. അവിടുന്നു തിരിച്ചുവന്നപ്പോ വീട് കാണാതായി. പൊരേം പൊരയിരുന്ന തിട്ടും പൊഴ കൊണ്ടോയെന്ന് മെമ്പറ് പറഞ്ഞു. വീണ്ടും പരാതി കൊടുക്കാന്‍ പോയപ്പോ സാറന്മാര് കളിയാക്കി. ആദ്യം കെട്ട്യോനെ കാണാതായി. പിന്നെ മോനെ കാണാതായി. ഇപ്പൊ വീടും കാണാതായി. ഇനിയെപ്പളാ നിങ്ങളെ കാണാതാവണെ? വല്യ സാറ് പറഞ്ഞു. അന്വേഷിക്കാന്‍ ഞാന്‍ ദാ നേരിട്ട് ഇറങ്ങായി. തോളത്തിടാന്‍ ഒര് തോര്‍ത്ത് മേടിക്കണ്ട താമസേ ഒള്ളൂ. പിന്നെപ്പിന്നെ കടത്തിണ്ണയിലായി പൊറുതി. പരാതികളായി. കേസായി. എന്നും കോടതി വരാന്ത നെരങ്ങി. തെണ്ടിക്കിട്ടണ എച്ചിക്കാശ് വക്കീലാപ്പീസില് കൊണ്ടകൊടുത്തു. എന്നട്ടും എന്റെ കേസ് മാത്രം കോടതി എന്നും അവധിക്കു വെച്ച്. ഞാന്‍ ചോദിച്ചപ്പോ മാത്രം കോടതി അവധിയായി. ഏത് മൈസ്രേട്ടാണ് എന്റെ വിധി പറയണത്. അതിനിയെന്നാണ്?'

അടുത്തിരിക്കുന്ന അതിഥി തൊഴിലാളിയോട് അവര്‍ ചോദിച്ചു:

'മോനെ, കോടതി ഇന്നും അവധിയാണോ?'

മറുപടി കിട്ടി:

'മാ, മുച്ഛേ മലയാളം നഹി മാലൂം...'

തൂണില്‍ ചാരിയിരുന്നു കിതയ്ക്കുന്നതിനിടയില്‍ രാമന്‍ കര്‍ത്താവ് ഓര്‍മ്മിപ്പിച്ചു:

'അക്കോടതി എന്നും അവധിയാണെന്ന് ആരെങ്കിലും അതിനോടൊന്ന് പറയോ...'

അപ്പോള്‍ അവര്‍ അയാളെ കണ്ടു. ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് വന്നു. 

'ചായ കുടിക്കാന്‍ എന്തേലും തരാവോ..?'

പാവം തോന്നി. അഞ്ഞൂറ് നീട്ടിയപ്പോള്‍ അവര്‍ നിരസിച്ചു:

'ഇത്ര വല്യ നോട്ടൊന്നും എനിക്ക് വേണ്ടപ്പാ... ചായക്കാശ് മതി...'

വീണ്ടും പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ കിട്ടിയത് പത്തിന്റെ കൊയിനാണ്. കൊടുത്തപ്പോള്‍ അവര്‍ കൈനീട്ടി വാങ്ങി. ആ നിമിഷം ഇല്ലാത്ത മോതിരവിരലിന്റെ വിടവിലൂടെ നാണയം താഴേയ്ക്കൂര്‍ന്നു പോകുന്നത് അമ്പരപ്പോടെ അയാള്‍ കണ്ടു.

അതെടുക്കാന്‍ കുനിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ ശബ്ദിച്ചു.

അനുരാധയാണ്. അവള്‍ ചോദിച്ചു:

'നിങ്ങളെവിടെയാ...'

അയാള്‍ പറഞ്ഞു: 'യാത്രി നിവാസില്‍. മോളിപ്പോ വരുമല്ലോ...'

ഫോണില്‍ അവളുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ടു.

'തിരികെ വരൂ... വേഗം വരൂ... എന്നെ എന്തിനിങ്ങനെ കരയിക്കുന്നു...'

തിടുക്കത്തില്‍ കാറിനു നേരെ നടക്കുമ്പോള്‍ ബാവക്ക കച്ചവടം കഴിഞ്ഞു കട പൂട്ടാനുള്ള തിരക്കിലാണ്. അരികെ നില്‍ക്കുന്ന ആരോടോ തന്നെച്ചൂണ്ടി പറയുന്നു:

'ആ മനുഷ്യന്റെ മോള് ബാംഗ്ലൂരിലെങ്ങോ വെച്ച് കൊല്ലപ്പെട്ടിട്ട് കാലമെത്രയായി. അതിന്റെ കേസും പുലിവാലും തീര്‍ന്നോ ആവോ? വല്ല തെളിവുമുണ്ടോ? കൊന്നവനൊക്കെ രക്ഷപ്പെട്ട് പോയി കാണും. ഇയാളിപ്പഴും മോളെയും കാത്ത് ഇവിടെ വന്നു നില്‍ക്കുന്നതെന്തിനാണോ? കഷ്ടം തന്നെ.'

കാര്‍ മുന്നോട്ടെടുക്കുമ്പോള്‍ തൂണില്‍ ആരോ എഴുതിയ ആ വരികള്‍ മനസ്സില്‍ വന്നു.

'ഓരോരുത്തര്‍ക്കും ഓരോ വഴിയാണ്.
അവരതുവഴിയിതുവഴി നടക്കുന്നു.'

അവസാനവരി വിട്ടുപോയി. അതെന്തായിരുന്നു?

ആ വരിയോര്‍ക്കാനാകാതെ, അനുരാധയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ എന്നത്തേയുംപോലെ അയാള്‍ അധീരനായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com