ചാത്ത'നാളം'

ഇതേതാടാ ഈ ഇമ്മടെ ആള്..., കുമാര്‍ വെറുതെ ഒരു ഫലിതം പൊട്ടിച്ചു.എന്താണ് തന്റെയുള്ളില്‍ അപ്പോള്‍ ഒരു പോത്ത് മുരണ്ടതെന്ന് കുമാറിന് മനസ്സിലായില്ല.
ചാത്ത'നാളം'

1

പഞ്ചനക്ഷത്ര റിസോര്‍ട്ട്

മോഹനും കുമാറും ഏറെ നാളായി ആഗ്രഹിച്ചതായിരുന്നു ആ പഞ്ചനക്ഷത്ര റിസോര്‍ട്ടിലെ താമസം.
ഗസറ്റഡ് വിജ്ഞാപനത്തിലൂടെ അവര്‍ ഇങ്ങനെ പേരുകള്‍ പുതുക്കിയിരുന്നു.
തന്തയും തള്ളയും ചെവിയില്‍ വിളിച്ച പേരെന്തെന്ന് അവര്‍ ഓര്‍ക്കാന്‍ ശ്രമിക്കുംതോറും പഞ്ചനക്ഷത്ര വെറുപ്പാണ് ഇരുവരുടേയും ഉള്ളില്‍ കനത്ത് വന്നത്.
റിസോര്‍ട്ടിന്റെ ഗേറ്റ് കടക്കുന്നതിന് തൊട്ടുമുന്‍പ് മോഹന് നേരെ നായ ആഞ്ഞു കുരച്ചപ്പോള്‍ അയാള്‍ വല്ലാതെ പേടിച്ചു.
ഇതേതാടാ ഈ ഇമ്മടെ ആള്..., കുമാര്‍ വെറുതെ ഒരു ഫലിതം പൊട്ടിച്ചു.
എന്താണ് തന്റെയുള്ളില്‍ അപ്പോള്‍ ഒരു പോത്ത് മുരണ്ടതെന്ന് കുമാറിന് മനസ്സിലായില്ല.
വലിയൊരു ഭൂമി ഇടപാടില്‍നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത ലാഭം കിട്ടിയപ്പോള്‍ ഇരുവരും ഒരു മോഹം പൂര്‍ത്തീകരിക്കാന്‍ എന്ന മട്ടിലാണ് ആ പഞ്ചനക്ഷത്ര റിസോര്‍ട്ട് തിരഞ്ഞെടുത്തത്.
മൂന്ന് ദിവസം അവിടെ കിടന്ന് എത്രവേണമെങ്കിലും അര്‍മാദിക്കാം എന്നതായിരുന്നു ഭൂമി ഇടപാടില്‍ ഇരുവര്‍ക്കും കിട്ടിയ കമ്മീഷന്‍.
അര്‍മാദത്തിന്റെ ആദ്യപടിയെന്ന നിലയില്‍ ബ്ലൂ ലേബല്‍ വിസ്‌കി നുണഞ്ഞപ്പോഴേ ഇരുവരും മുഖം ചുളിച്ചു. 
ഇതെന്തോന്ന്...
നാരങ്ങാവെള്ളം പോലുണ്ടല്ലോ...
മോഹന്‍ പറഞ്ഞു. 
അങ്ങോട്ട് കിക്ക് ആവണില്ല അളിയാ.., കുമാറും അതുതന്നെ പറഞ്ഞു.
സെലിബ്രേഷന്‍ റം നുണഞ്ഞിരുന്ന സന്ധ്യകളേയും രാത്രികളേയും ഇരുവരും ഓര്‍ത്തു.
ഈ നിലയിലുള്ള കച്ചവടം ഇനിയും നടക്കുമെന്ന പ്രതീക്ഷയില്‍ ആവണം അതിലാഭം കിട്ടിയ മുതലാളിമാര്‍ മൂന്നു ദിവസം ആ പഞ്ചനക്ഷത്ര റിസോര്‍ട്ടില്‍ മോഹനും കുമാറും താമസിക്കുന്നതിന്റേയും തിന്നുന്നതിന്റേയും കുടിക്കുന്നതിന്റേയും ചെലവ് വഹിക്കണമെന്ന് ഏറ്റത്.
എ.സിയുടെ തണുപ്പില്‍ എത്രനേരം ഇരുന്നിട്ടും കഴിക്കുന്ന മദ്യമൊന്നും തലയ്ക്ക് പിടിക്കുന്നില്ല എന്നൊരു തോന്നല്‍ ഇരുവര്‍ക്കും ഉണ്ടായി.
അല്ലെങ്കിലും ഈ മുടിഞ്ഞ മഴക്കാലത്ത് ഇവിടെ വന്ന് എ.സിയില്‍ ഇരുന്നു കള്ള് കുടിക്കാനും താമസിക്കാനും തോന്നിയത് ഉഗ്രന്‍ പൊട്ടത്തരമായെന്ന് കുമാര്‍ പറഞ്ഞപ്പോള്‍ മോഹനും അത് ശരിയാണെന്ന മട്ടില്‍ തലകുലുക്കി.
എന്നാല്‍, ഇനിയൊന്ന് നീന്തിത്തുടിച്ചുകളയാം എന്ന തോന്നലില്‍ ഇരുവരും ആടി ആടി എഴുന്നേറ്റു. 
വൈകിയേ ലഹരിയുടെ തോത് അറിയിക്കൂ എന്ന തനി സ്വഭാവം കാണിച്ചതില്‍ അഭിമാനം പൂണ്ട വിസ്‌കി അവരുടെ ഉള്ളില്‍ ഇരുന്നു ഗൂഢമായി ചിരിച്ചു.
ഒരു കുഞ്ഞു നീലക്കടല്‍ എന്ന് തോന്നിപ്പിച്ച സ്വിമ്മിങ് പൂളിലേക്ക് ഇരുവരും ജനിച്ചപാടെ എടുത്തു ചാടി.
വെള്ളത്തിനടിയില്‍നിന്ന് എന്തോ ഒന്ന് തങ്ങളെ ചുറ്റിപ്പിടിക്കുന്നപോലെ മോഹനും കുമാറിനും തോന്നി.
ഒട്ടും പ്രതിരോധിക്കാതെ അവര്‍ ആ പിടുത്തത്തിനു കീഴ്‌പെട്ടു.
സഹജമായ എന്തോ ചുറ്റിപ്പിടിക്കുമ്പോള്‍ എന്തിനു പ്രതിരോധിക്കണം എന്നാണ് ഇരുവര്‍ക്കും തോന്നിയത്.


2

ആമയം

നീലനിറം കൊണ്ട് കുഞ്ഞിക്കടല്‍ എന്ന് തോന്നിപ്പിച്ച സ്വിമ്മിങ് പൂളില്‍ അരയില്‍ കുടുങ്ങിയ ട്യൂബില്‍ കിടന്ന് ആകാശം കാണുമ്പോള്‍ ഇരുവരും ആമയത്തെക്കുറിച്ചോര്‍ത്തു.
എത്ര നാളായി ആമയത്തേക്ക് തിരിഞ്ഞുനോക്കിയിട്ട്?
ചിലപ്പോള്‍ ഇന്നലെക്കൂടി.., അല്ലെങ്കില്‍ എന്നും ആമയത്തില്‍ത്തന്നെ ആയിരിക്കും ജീവിച്ചു പോന്നത്.
എന്തൊരു കിടിലന്‍ പേരാണ് ജനിച്ച നാടിന് എന്ന് അവര്‍ ആലോചിച്ചു.
ആമയത്ത് വളരെയേറെ കൊല്ലങ്ങളായി താമസിക്കുന്നവര്‍ക്കുപോലും അവിടുത്തെ കിടങ്ങുകളെ ഭയമായിരുന്നു. ഉള്ളിലേക്ക് കടന്നാല്‍ ഏത് നേരത്താവും ഏതെങ്കിലും പാമ്പോ കുറുനരിയോ മറ്റേതെങ്കിലും ഹിംസ്രജന്തുക്കളോ ആക്രമിക്കുക എന്ന് യാതൊരു പിടിയുമില്ല. 
എങ്കിലും വേനല്‍ ആകുമ്പോള്‍ കിടങ്ങിനുള്ളിലെ ചെറുകുളങ്ങളില്‍നിന്നും കുണ്ടുകളില്‍നിന്നും മീന്‍പിടിക്കാന്‍ സാഹസികമായി ചില ചെറുവാല്യക്കാര്‍ ഒരുമ്പിട്ടിറങ്ങുമായിരുന്നു.
കിടങ്ങിനുള്ളിലെ ആദ്യത്തെ കുളമോ കുണ്ടോ ഇറങ്ങി കേറുമ്പോഴേക്കും താങ്ങാനാവാത്തവിധം മീനുകള്‍ കിട്ടിക്കൊണ്ടിരുന്നു എന്നതിനാല്‍ അവരൊക്കെ സമയം വെച്ചു നീട്ടാതെ മടങ്ങാറാണ് പതിവ്. 
താങ്ങാനും ചുമക്കാനും ആവാത്ത മീനുകളെ കൂടാതെ കിട്ടുന്ന പലതരത്തിലുള്ള കക്കകളും ഞവിഞ്ഞികളും ആമകളും അവരെ സന്തുഷ്ടരാക്കിയിരുന്നു, അതില്‍ സംതൃപ്തര്‍ ആയിരുന്നത് കൊണ്ട് തന്നെ അവര്‍ ആമയത്തിലെ കിടങ്ങുകളുടെ ഉള്ളു തിരയാന്‍ മെനക്കെട്ടില്ല.
ഇതൊന്നിനും അല്ലാതെ ചോരത്തിളപ്പില്‍ സാഹസികതയുടെ മുണ്ടും കുപ്പായവുമിട്ട് നേരമ്പോക്കിനായി ആമയത്തിലെ കിടങ്ങുകളിലേക്ക് ഇറങ്ങുന്നവര്‍ കുറച്ചുദൂരം നടന്നു വേഗത്തില്‍ത്തന്നെ മടങ്ങിയിരുന്നു.
എങ്കിലും ആമയത്തെ കിടങ്ങുകളെ കണ്ട വച്ചൂട്ടി കഥകള്‍ അവര്‍ നാട്ടിലാകെ പറഞ്ഞു നടന്നിരുന്നു എന്ന് മാത്രം.
ചുറ്റും വയലുകളും കുളങ്ങളും ജലാശയങ്ങളും ഉഗ്രന്‍ കിടങ്ങുകളും തോടുകളും ഉള്ള നാടായിരുന്നു ആമയം.
പരല്‍, ചിഗ്, കടു, പോട്ട, കോലാന്‍, കൂരി, പിലോപ്പി, കല്ലുത്തി, ആരല്‍, മുയ്യ്, കണ്ണന്‍..
അങ്ങനെ ആമയത്തിന്റെ പള്ളനിറയെ മീനുകള്‍. 
ഞണ്ടുകള്‍, മണ്ണിരകള്‍, ചിവീടുകള്‍, കിടങ്ങുകള്‍ നിറയെ മനുഷ്യരെ പേടിപ്പിക്കുന്ന അണലികള്‍.., മൂര്‍ഖന്മാര്‍.., മലമ്പാമ്പുകള്‍...
കുമാര്‍ ആകാശത്തേക്ക് നോക്കി പറഞ്ഞു.
ഒരുഗ്രന്‍ മഴ പെയ്തപ്പോള്‍ അവര്‍ ആമയത്തെ വീണ്ടും മറന്നു.
പക്ഷേ, ആമയത്തിലെ കിടങ്ങുകളുടെ ഹൃദയത്തിലൂടെ നടന്നുനീങ്ങുന്ന കോന്നപ്പുവിനേയും ചോഴിയേയും ഇരുവരും കണ്ടു.

സേവ
രാവിലെ എഴുന്നേറ്റപ്പോഴേ മുടിഞ്ഞ തണുപ്പായിരുന്നു.

ഈ തണുപ്പില്‍ എന്തിനാണാവോ എ.സി റൂം. കുമാര്‍ പിറുപിറുത്തു.
അതെന്താടാ നീയിപ്പോള്‍ ഇങ്ങനെ പറയുന്നേ...
മോഹന്‍ ചൊടിച്ചു.
തര്‍ക്കം വേണ്ട.., മരുന്ന് റെഡി. കുമാര്‍ ചിരിച്ചു.
പൊടുന്നനെ അവന്റെ കയ്യില്‍ തെളിഞ്ഞ ഒ.പി.ആര്‍ റം കുപ്പി കണ്ടപ്പോള്‍ മോഹന്‍ ശരിക്കും അന്തിച്ചു.
ഇരുവരും സമയം കളയാതെ സേവ തുടങ്ങി.
കറുപ്പ്, പിങ്ക്, ആനന്ദനീല, വെളുപ്പ്, മഞ്ഞ, പച്ച, ചുവപ്പ് എന്നീ നിറങ്ങളുടെ കടുംചായയില്‍ തെളിയുന്ന വെളിച്ചം കുമാര്‍ സ്വിച്ച് തൊട്ട മുതല്‍ റൂമില്‍ നിറഞ്ഞു.
വെളിച്ചത്തില്‍ പ്രലോഭിതനായ മോഹന്‍ പാടാന്‍ തുടങ്ങി.
നെല്ലുണ്ടോ നിന്റെ കയ്യില്‍ നെല്ലുണ്ടോ...
എന്റെ ഓമന ചാത്തന്മാരെ...
നിങ്ങടെ കയ്യില് നെല്ലില്ലെങ്കിലോ
കള്ളൊരു തുള്ളിയില്ല...
പതിയെ താളം പിടിച്ചുകൊണ്ടിരുന്ന കുമാറും തുള്ളിക്കളിക്കാന്‍ തുടങ്ങി.
ആര്യന്‍ മണല്‍ ആര്യന്‍ നെല്ലായി
കൊടുക്കണം ചാത്തന്മാരെ...
കള്ള് ചോദിച്ചപ്പോള്‍
നെല്ല് ചോദിച്ച
തണ്ടാന്‍ ചാക്യാന്‍മാര്‍ക്ക്...
ആര്യന്‍ മണല്‍
ആര്യന്‍ നെല്ലായി കൊടുക്കണം...
ചാത്തന്മാരെ...
നെല്ലിവിടെയുണ്ട്... നെല്ലിവിടെയുണ്ട്..
തണ്ടാന്‍ ചാക്യാരെ...
വെളിച്ചത്തില്‍ ഇരുവരും തുള്ളിക്കളിച്ചുകൊണ്ട് മുറിയെ വലയം ചെയ്തു.
നെല്ലളക്കാനായി
കൊമ്പും മുറോം മായി
വന്നോളൂ ചാക്കിയാരെ
ആര്യന്‍ മണല്‍ കാണുന്ന
തണ്ടാന്‍ ചാക്കിയാരെ
ആരിയന്‍ മണല്‍
മുന്നില്‍ കണ്ട
തണ്ടാന്‍ ചാക്കിയാര്
അപ്പൊ കൊയ്‌തെടുത്ത
ആരിയന്‍ നെല്ലെന്ന്
തോന്നിപ്പോവുന്നല്ലോ.
പാടിയതേറെയും കുമാര്‍ ആയിരുന്നു. ക്ഷീണം മൊത്തം മോഹന്റെ ശരീരത്തിലായിരുന്നു.
മോഹന്‍ കുഴഞ്ഞുവീഴുമെന്ന് തോന്നിയപ്പോള്‍ കുമാര്‍ പാട്ട് നിര്‍ത്തി.
വിയര്‍ത്തുകുളിച്ച ഇരുവരും ബെഡില്‍ കെട്ടിപ്പിടിച്ചുകിടന്നു. 
കുമാര്‍ എ.സി ഓണ്‍ ചെയ്തു.
പുറത്ത് മഴ കനത്തു.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക


4

കിടങ്ങുകള്‍
ആമയത്തിലെ കിടങ്ങുകള്‍ അത്രമേല്‍ പരിചിതമായിരുന്നു ചോഴിക്കും കോന്നപ്പുവിനും. 
രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന ഈറ്റകളും പാഴ്‌തൈകളും മൂടിനില്‍ക്കുന്ന കിടങ്ങുകളില്‍ പകല്‍ തന്നെ കടക്കാന്‍ ആളുകള്‍ക്ക് ഭയമായിരുന്നു.
കിടങ്ങിനുള്ളിലെ ഓരോ ജീവജാലത്തേയും ഇരുവര്‍ക്കും അറിയാം. ഓരോന്നിന്റേയും ചൂര് പിടിച്ച് ആ ജീവജാലം ഇരിക്കുന്ന ദൂരംവരെ കൃത്യമായി കണക്കാക്കി പറയും ചോഴിയും കോന്നപ്പുവും.
നട്ടുച്ചയ്ക്ക് പോലും അരണ്ടവെളിച്ചമുള്ള കിടങ്ങുകള്‍ക്കുള്ളില്‍ ചെന്നാല്‍ നാട്ടുകാര്‍ക്ക് തന്നെ വഴി തെറ്റാറാണ് പതിവ്. വാറ്റ് കിട്ടാത്ത കുശുമ്പിന് ആരെങ്കിലും ഒറ്റിയാല്‍ തന്നെ തിരഞ്ഞുവരുന്ന പൊലീസുകാര്‍ക്കും എക്‌സൈസുകാര്‍ക്കും കിടങ്ങുകള്‍ക്കുള്ളിലെ വഴികള്‍ പിടികൊടുക്കില്ല. ആ വഴികള്‍ക്ക് ചോഴിയേയും കോന്നപ്പുവിനേയും കാട്ടിക്കൊടുക്കാന്‍ ആവില്ലെന്ന് അവര്‍ക്കറിയാം.
നല്ല മത്തി കനലില്‍ ചുട്ടെടുത്തതാണ് ചാരായത്തോടൊപ്പമുള്ള ഇരുവരുടേയും അന്നം. മത്തി ഇല്ലെങ്കില്‍ കിടങ്ങിലെ കുണ്ടിലോ കുളത്തില്‍നിന്നോ ചൂണ്ടയിട്ടോ ഓട ഊതിയോ ഒറ്റാല്‍ വെച്ചോ പിടിച്ച മീനായിരിക്കും ആഹാരം. 
കിടങ്ങില്‍നിന്നും വയലില്‍നിന്നും കുളങ്ങളില്‍നിന്നും പിടിക്കുന്ന മീനും ആമകളും തവളകളും കക്കകളും ഒക്കെ വിറ്റുകിട്ടുന്ന കാശായിരുന്നു ഇരുവരുടേയും ഉപജീവന മാര്‍ഗ്ഗം.
കുടിയെന്നൊക്കെ പറഞ്ഞാല്‍ അടിച്ചു പൂസായി പാടത്തോ പറമ്പിലോ തോട്ടിലോ വരമ്പിലോ കിടക്കുന്ന ഏര്‍പ്പാടൊന്നും രണ്ടു പേര്‍ക്കുമില്ല.
എല്ലാത്തിനും പാകവും കണക്കുമൊക്കെയുണ്ട് എന്നാണ് രണ്ട് പേരുടേയും പക്ഷം. 
അതിപ്പോ ജീവിതം ആസ്വദിക്കുന്ന കാര്യമായാലും അങ്ങനെ തന്നെ. കാര്‍ന്നോന്മാരില്‍നിന്ന് പഠിച്ചതാണ് ഇരുവരും.
ആമയവും കിടങ്ങുകളും ചോഴിയും കോന്നപ്പുവും പരസ്പരം തിരിച്ചറിയാനാവാത്തവിധം ഒന്നായിപ്പോയ കാലമായിരുന്നുവത്.
ഉടലാകെ ആമയം പൂണ്ട മനുഷ്യര്‍ ആയിരുന്നു ചോഴിയും കോന്നപ്പുവും എന്ന് പറഞ്ഞാല്‍ അക്കാലത്ത് അവിടെ ജീവിച്ചിരുന്ന മനുഷ്യര്‍ക്ക് ആര്‍ക്കും തന്നെ യാതൊരു വിധത്തിലുള്ള അതിശയവും ഉണ്ടാകാറില്ലായിരുന്നു.
ഉശിരുണ്ടെങ്കില്‍ ചോഴിയും കോന്നപ്പുവും നടന്ന അത്രയും കിടങ്ങുകളുടെ ഉള്ളിലേക്ക് നീയൊക്കെ നടന്നു കാണിക്കെടാ... ന്ന് പ്രായം ചെന്നവര്‍ വെല്ലുവിളിക്കുമ്പോള്‍ വെറും പുളു എന്നെ ചെറുവാല്യക്കാര്‍ കരുതിയുള്ളൂ.., 
കിടങ്ങിനുള്ളിലേക്ക് കടക്കുമ്പോഴേക്കും അവര്‍ക്ക് വഴിതെറ്റി. ആമയം അവരെ ഭയംകൊണ്ട് പുതപ്പിച്ചു.


5

പ്രലോഭനം
അടുത്ത ദിവസവും മോഹനും കുമാറും പതിവുപോലെ ബാറില്‍ വന്നിരുന്നു. രണ്ട് ബ്ലാക്ക് ഡോഗ്..., മോഹന്‍ ഓര്‍ഡര്‍ ചെയ്തു. കുമാര്‍ മോഹനെ നോക്കി ചിരിച്ചു.
അപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി അയാള്‍ കുമാരനും മോഹനും മുന്‍പില്‍ വന്നിരുന്നൊരു ചിയേഴ്‌സ് പറഞ്ഞത്.
അല്ല സാര്‍ എന്താ... ഇവടെ..., മോഹനും കുമാറും ഒരേ സ്വരത്തില്‍ ചോദിച്ചു.
ഒരു ഉഗ്രന്‍ കോളുണ്ടടാ..., നിങ്ങള്‍ എന്റെ കൂടെയുണ്ടെങ്കില്‍ നമുക്ക് പൊന്നു കൊയ്യാം.
കാര്യം പറ സാറേ.., ചോഴി നീരസത്തോടെ പറഞ്ഞു.
നമുക്ക് ആമയത്തെ വയലുകളും കിടങ്ങുകളും അങ്ങ് പൂശിയാലോ.., പത്ത് തലമുറയ്ക്ക് തിന്നാനുള്ള കാശ് കിട്ടും. 
പഞ്ചനക്ഷത്ര ബാറിന്റെ മാന്യമായ ഇരുട്ടില്‍ ഇരുന്ന് അയാള്‍ പ്രലോഭനത്തിന്റെ ഒരു കൂറ്റന്‍ വല നീട്ടിയെറിഞ്ഞു.
ഇനി സാര്‍ കുടിക്കുന്ന ആ സാമാനം ഇങ്ങുതാ.., മോഹന്‍ പറഞ്ഞു.
ഇതൊരു ഫൈവ്സ്റ്റാര്‍ ബാര്‍ ആടാ...,
ഇവടെ ഇരിക്കുമ്പോഴെങ്കിലും നിങ്ങടെ ഭാഷ ശ്രദ്ധിക്കണ്ടേ, ഇരുട്ടില്‍ ഇരുന്നൊരു സിപ്പ് അടിക്കുന്നതിനിടയില്‍ അയാള്‍ പറഞ്ഞു,
ശരി സാറേ,.. ഈ സല്‍സ കുടി.., ഞാന്‍ സാറിന്റെ ഗ്ലാസ്സിലെ ഡ്രിങ്ക്‌സ് കുടിക്കാം.., നമ്മള്‍ ചങ്കുകള്‍ അല്ലെ.., മോഹന്‍ പറഞ്ഞു.
ഫൈവ്സ്റ്റാര്‍ ഹോട്ടലിലേക്കും സല്‍സ കടത്തും... എന്താടാ... ഇതൊക്കെ, വെളിച്ചം ചുങ്ങിപ്പോയ ടേബിളിന്റെ മറുവശത്തിരുന്ന് അയാള്‍ അമ്പ് തൊടുത്തു.
ഞങ്ങളുടെ ഗ്ലാസ്സില്‍ കഷ്ടം ചുവക്കും.., നിങ്ങളുടെ ഗ്ലാസ്സില്‍ സുഖവും. വല്ലപ്പോഴും വച്ച് മാറ് സാറേ.., മോഹന്‍ അങ്ങനെ പറഞ്ഞപ്പോള്‍ കുമാര്‍ പൊട്ടിച്ചിരിച്ചു.
ഈ ഡീല്‍ ഓക്കെ ആയാല്‍ ഇതുപോലെ ഒരെണ്ണം ആമയത്ത് കെട്ടിപ്പടുക്കും. പിന്നെ നിന്നെയൊന്നും പിടിച്ചാല്‍ കിട്ടില്ല.., ഓര്‍ത്തോ.
അയാള്‍ ആ ഡീലിന്റെ വലിപ്പം ഓര്‍മ്മിപ്പിച്ചു.
പഞ്ചനക്ഷത്ര ബാറിലെ ഇരുട്ടിനെ വെളിച്ചം പൊടുന്നനെ ബാറില്‍നിന്നും പുറത്താക്കി.
വെളിച്ചം മൂവരേയും നഗ്‌നരാക്കി. അയാള്‍ മാത്രം മുഖം പൊത്തി. 
പൊത്തണ്ട സാറേ.., പൊത്തണ്ട, സാറേ വെളിച്ചത്തെ ഭയപ്പെടാതെ... ചോഴിയും മോഹനനും ഭയമില്ലാത്ത ചിരിയോടെ വെല്ലുവിളിച്ചു.


6

നിരോധനം
ചെറിയ തോതില്‍ ചോഴിയും കോന്നപ്പുവും ചാരായം വിറ്റു തുടങ്ങിയത് ചാരായം നിരോധനം വന്നതിനുശേഷം ആയിരുന്നു.
മദ്യം നിരോധിച്ചു എന്ന മട്ടില്‍ സ്പിരിറ്റില്‍ കളറ് കലക്കി വില്‍ക്കാനുള്ള അനുമതിയും കൊടുത്ത് ചിലരൊക്കെ മാന്യന്മാര്‍ ആയപ്പോള്‍ കയ്യില്‍ കാശില്ലാതെ കുടിക്കാതെ ജീവിക്കാതെ വയ്യെന്ന് തോന്നിയ സാധുക്കള്‍ക്ക് അതിലാഭം എടുക്കാതെ ഇരുവരും ചാരായം വിറ്റു.
കിട്ടുന്ന കൂലി ബാറില്‍ കൊടുത്താല്‍ ജീവിതം മുന്നോട്ട് പോവുകയുമില്ല. എന്നാല്‍, മേലും കയ്യും അനങ്ങി പണി എടുത്ത് വന്നാല്‍ കുടിക്കാതിരിക്കാനും വയ്യ എന്ന തരത്തിലുള്ള മനുഷ്യരേയെ ഇരുവരും പരിഗണിച്ചുള്ളൂ.
പണിയില്ലാത്തപ്പോള്‍ പറ്റ് പറഞ്ഞും പണിയുള്ളപ്പോള്‍ പറ്റ് വീട്ടുകയും ചെയ്യുന്ന സമ്പ്രദായം ബാറുകളില്‍ ഇല്ലായിരുന്നു. 
ചോഴിയും കോന്നപ്പുവും ആ സമ്പ്രദായം ആമയത്തില്‍ നിലനിര്‍ത്തി.
അലമ്പ് ഉണ്ടാക്കുന്നവരെ ചോഴിയും കോന്നപ്പുവും കൊങ്ങക്ക് പിടിച്ചു പുറത്താക്കി. അലമ്പ് ഉണ്ടാക്കിയവര്‍ക്ക് പിന്നീട് കുടി സ്ഥലത്തേക്കുള്ള വഴിതെറ്റി.
പാതിര ആയാലും കുടിച്ചുതീര്‍ന്നിട്ടും പിരിഞ്ഞ് പോവാത്തവര്‍ക്കായി ചോഴിയും കോന്നപ്പുവും പാട്ടുകള്‍ പാടി. പാട്ടുകള്‍ പുലരുവോളം ചുവടുകളായി.
പൊലീസിനും എക്‌സൈസിനും ആമയത്തിലേക്ക് കടക്കാനുള്ള ധൈര്യത്തിനും വീറിനും കുറവ് വരുത്താതിരിക്കാന്‍ കൃത്യമായ മാസപ്പടി എത്തിക്കൊണ്ടിരുന്നു.
പാതിരാവായാല്‍ ഇരുവരും പാടിത്തുടങ്ങും.
ഇന്ദ്രമണ്ഡലവും കടന്ന്
ചന്ദ്രമണ്ഡലവും കടന്ന്
മാതാവ് യാത്ര തുടര്‍ന്നേ...
മാതാവിനെ കണ്ടപ്പോള്‍
ആരെന്നറിഞ്ഞില്ല
പൊന്നാര നല്ലച്ഛനും.

പള്ളിനായാട്ട് കഴിഞ്ഞുവന്ന
നല്ലച്ഛന്‍ വെള്ളാന പുറത്തൂന്ന്
ഇറങ്ങിവന്നേ...
പാട്ടിനിടയില്‍ ഉഗ്രന്‍ പുകയിലയും മുറുക്കാനും വിതരണം ചെയ്യും. ചോഴിയും കോന്നപ്പുവും അന്നേരം വിശ്രമിക്കും.
ഇരുവരുടേയും അരയിലേയും കാലിലേയും കിലുക്കം എവിടന്നു വരുന്നുവെന്ന് ചിന്തിച്ചുകൂട്ടി കേള്‍വിക്കാരും കാഴ്ചക്കാരും അന്തിച്ചിരിക്കും.
പള്ളിനായാട്ട് കഴിഞ്ഞുവന്ന
നല്ലച്ഛന്‍
മാതാവിനെ വലംകയ്യെറിഞ്ഞു പിടിച്ചേ...
അഹാ... അഹാ... ഹ
മാതാവിന്റെ വലത്തെ തുടയില്‍നിന്ന്
നാനൂറു
ചാത്തന്മാര്‍ പിറന്നേ
ആദിക്കുട്ടി, അനാദിക്കുട്ടി, തീക്കുട്ടി...
പൂക്കുട്ടി, ഉഗ്രകുട്ടി,
ഓടുംകുട്ടി, ചാടുംകുട്ടി...
മനുഷ്യക്കുട്ടി... പകിടക്കുട്ടി...
പൊന്നാരക്കുട്ടി.., കരിങ്കുട്ടി...
ഓടിക്കോടാ... കാക്കിക്കാര്‍ വരുന്നെടാ... ന്നൊരു മുന്നറിയിപ്പ് കൂട്ടത്തില്‍നിന്ന് വന്നപ്പോള്‍ കൂടിയിരുന്നവര്‍ തലങ്ങും വിലങ്ങുമോടി.
ഓടിക്കളഞ്ഞതില്‍ നാല്‌പേര്‍ ആമയത്തിലെ ചതുപ്പില്‍ വീണു.
വന്നവഴി തെറ്റിയത് എങ്ങനാ... സാറന്മാരേ.., ചതുപ്പില്‍നിന്നും പുറത്തേക്ക് വലിച്ചിട്ട നാല്‍വര്‍ സംഘത്തോട് ചോഴി ചോദിച്ചു.
നല്ല ഇരുട്ടാണ് സാറന്മാരേ വന്നവഴി അറിയുമെങ്കില്‍ ഈ ചൂട്ടും പിടിച്ചു വിട്ടോ.., 
കോന്നപ്പുവിന്റെ വെല്ലുവിളി ആ വെളിച്ചത്തില്‍ ഉണ്ടായിരുന്നു.
ആ നാല്‌പേരും ചതുപ്പിന് പുറത്തേക്ക് പോയില്ല. എവിടെ പോയെന്ന് ആര്‍ക്കൊട്ടും അറിയുകയുമില്ല.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

7

അളവ്
റിസോര്‍ട്ടിലെ അവസാന പകലും കടന്നുപോവുകയാണ്. കുടിച്ചു മദിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ മോഹനും കുമാറും സ്വിമ്മിങ് പൂളില്‍ മലര്‍ന്നുകിടന്നു.
ഒന്ന് മുങ്ങാങ്കുഴിയിട്ടപ്പോഴേക്കും ഇരുവരുടേയും ശരീരം പിടിവിട്ടപോലെ പിന്നോട് ഒഴുകാന്‍ തുടങ്ങി.
ആമയത്തിലെ കയങ്ങള്‍, തോടുകള്‍, ചാലുകള്‍ എന്നീ ഇടങ്ങളിലൂടെയെല്ലാം അവരുടെ ശരീരം അതിനുമേലുള്ള പിടുത്തംവിട്ട് ഒഴുകുകയാണ്.
മീനുകള്‍, ഞണ്ടുകള്‍, നീര്‍ നായകള്‍, തവളകള്‍, ആമകള്‍, എന്തിനേറെ ആമയത്തിലെ തുറസ്സുകളില്‍ മേയാന്‍ വിട്ട പോത്തുകളും അതിന്റെ ഒളിവിലും മറവിലും പാര്‍ത്തിരുന്ന നായ്ക്കളും വലിയൊരു കൂട്ടമായി അവര്‍ക്ക് നേരെ പാഞ്ഞടുക്കുകയാണ്.
അളക്കാന്‍ കൊണ്ടുവന്ന ചങ്ങലയും കടിച്ചുപിടിച്ചു മുക്രയിട്ടോടുന്ന പോത്തിന്‍ പുറത്തിരിക്കുന്ന നായ ആയിരുന്നു അവര്‍ക്കിടയില്‍ തെളിഞ്ഞ അവസാനത്തെ ചിത്രം.
ജലത്തിന്റെ മുകളിലേക്ക് മലര്‍ന്നപ്പോള്‍ ഇരുവര്‍ക്കും ശ്വാസംമുട്ടി.
അത് നടക്കൂല മൊതലാളി..., ആമയം വിട്ട് ഏത് ഭൂമിയും ചോദിച്ചോ.., ചുളുവിലക്ക് വാങ്ങിത്തരും ഈ കുമാറും മോഹനനും. കുമാര്‍ മുഖത്തടിച്ചപോലെ പറഞ്ഞു.
അതെന്താടാ ഇപ്പൊ വാക്ക് മാറുന്നേ.., ഇത്രേം പേരുടെ പേരില്‍ കിടക്കുന്ന ഭൂമി പറഞ്ഞു സമ്മതിപ്പിച്ചാല്‍ ഇതിലും വല്യ കച്ചോടം നമുക്ക് സ്വപ്നം കാണാന്‍ പറ്റില്ലെടാ...
ആ ലാഭം ഞങ്ങക്ക് വേണ്ട മൊതലാളി.., 
ഇത്തവണ മോഹനാണ് പറഞ്ഞത്
മൊതലാളി.., 
ഈ മഴക്കാലത്ത് ഞങ്ങളെ ഇവടെ കൊണ്ടിട്ട് ഊമ്പിച്ചതല്ലേ... അപ്പൊ ആര്‍ക്കാ ലാഭം. മോഹന്‍ കലികേറി ചോദിച്ചു.
ടാ.., ഞാന്‍ ഈ കച്ചോടം ഇന്നും ഇന്നലേം തൊടങ്ങീതല്ല.., ഞാന്‍ വിചാരിച്ചാലേ ആമയം ഈ ഉള്ളംകയ്യിലിരിക്കും.
അയാള്‍ അത്രയും പറഞ്ഞുതീരും മുന്‍പേ കുമാര്‍ കയ്യിലിരുന്ന ബോട്ടില്‍ നിലത്തേക്കെറിഞ്ഞു. കത്തിച്ചൊരു തീപ്പെട്ടിക്കൊള്ളി ഒപ്പം നിലത്തേക്ക് പാഞ്ഞു.
പിന്നാലെ തുരുതുരാ കുപ്പികള്‍ പൊട്ടി. ബാറിലാകെ തീ ആളിപ്പടര്‍ന്നു.
ഓടെടാ... മയിരേന്നു പറയും മുന്‍പേ വെല്ലുവിളിച്ചവന്‍ ഓടിയിരുന്നു,
ആളിക്കത്തുന്ന തീയിന്റെ ഇരുവശത്തും രണ്ടുപേരും ഇരുന്നു.
ടാ... മോഹനാ, ടാ കുമാരാ...
ടാ കോന്നപ്പു..., ടാ ചോഴി...
കത്തുന്ന ബാറിന് പുറത്തേക്ക് ഓടിയവര്‍ക്കെല്ലാം അപ്പോഴേക്കും വഴിതെറ്റാന്‍ തുടങ്ങിയിരുന്നു.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക


8

പാന

ആമയത്തെ സകല ജീവജാലങ്ങളുടേയും കാവല്‍ ഉണ്ടെന്നതിനാല്‍ ഇരുട്ട് കുമാരനേയും മോഹനനേയും ഭയപ്പെടുത്തിയില്ല.
ഇരുവരും ഗ്ലാസ്സില്‍ വാറ്റുചാരായം പകര്‍ന്നു. 
ദൃഷ്ടിയുടെ ആകാശത്തിലേക്ക് അവര്‍ മറ്റു രണ്ടു ഗ്ലാസ്സുകള്‍ തുറന്നുവെച്ചു.
ആമയത്തിലെ സകല ചരാചരങ്ങളും കുമാരനും മോഹനനും ചുറ്റും പാന കൈക്കൊണ്ട് വലയം ചെയ്യാന്‍ തുടങ്ങി.

ഈ കഥ കൂടി വായിക്കാം
ഈ കൂട്ടിൽ കോഴിയുണ്ടോ...

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com