ഈ കൂട്ടില്‍ കോഴിയുണ്ടോ...

ഞാന്‍ പലിശയ്ക്കു കൊടുക്കുന്നുണ്ടെന്ന് ഗ്രാമീണ്‍ ബാങ്കിലെ ജേക്കബ്ബ്‌ സാറെങ്ങനെയോ അറിഞ്ഞു. പുള്ളിക്കാരനെന്നോടു പറഞ്ഞു, നിങ്ങള്‍ നബാഡിന്റെ ഒരു സംഘം തൊടങ്ങ് ബാങ്കീന്ന് കൊറച്ചു കാശ് വായ്പയായിട്ട് തരാന്ന്.
ഈ കൂട്ടില്‍ കോഴിയുണ്ടോ...

ഠത്തിന്റെ വരാന്തയിലെ അരഭിത്തിയില്‍ പുറത്തേയ്ക്ക് നോക്കിയിരിക്കുകയായിരുന്നു ഏലിയാമ്മ. പുറത്ത് ബദാംമരത്തിന്റെ ചുവട്ടില്‍ നഴ്‌സറിടീച്ചര്‍ കുട്ടികളെ കുറുക്കനും കോഴിയും കളിപ്പിക്കുകയാണ്. തലയുടെ നിറുകയ്ക്കു ചുറ്റും മാത്രം മുടിയുള്ള ഒരു ആങ്കൊച്ചാണ് കോഴി. പാന്റും ഷര്‍ട്ടുമിട്ട ഒരു പെങ്കൊച്ച് കുറുക്കനും. ആ കുറുക്കന്‍ കൊച്ച് മിടുക്കിയാണ്. പത്തിരുപത് പിള്ളേര്‍ കൈകള്‍ കോര്‍ത്തുപിടിച്ചുണ്ടാക്കിയിരിക്കുന്ന വട്ടക്കൂടിന്റെ ഓരോ വാതില്‍ക്കലേയ്ക്കും ചെന്ന് അവള്‍ ഇടിച്ചുകയറാന്‍ നോക്കുന്നു.

ഈ കൂട്ടില്‍ കോഴിയുണ്ടോ...?”

വട്ടക്കൂടായി നില്‍ക്കുന്ന പിള്ളേരെല്ലാവരും ഒരുമിച്ച് കള്ളം പറയും.

ഇല്ല...”

കള്ളം പറഞ്ഞ പിള്ളേര്‍ പാട്ടുപാടി വഴിതെറ്റിക്കും.

കുലകുല മുന്തിരി...

മുന്തിരിയുള്ള പറുദീസാ...

വട്ടംവട്ടം ചുറ്റിവാ...”

കുറുക്കന്‍ കൊച്ച് വിട്ടുകൊടുക്കാനുള്ള ഭാവമില്ലാതെ ചുറ്റിനടന്ന് വഴിയന്വേഷിക്കുന്നുണ്ട്. അവള്‍ കോഴിക്കൂട് പറുദീസയുടെ വാതില്‍ പോയി അതു തുറക്കുമെന്ന പ്രതീക്ഷയില്‍ പിള്ളേരുടെ കൈകളില്‍ പിടിച്ച് വലിക്കുകയും കുനിഞ്ഞു കടക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നു.

ഈ കൂട്ടില്‍ കോഴിയുണ്ടോ...?”

ഇല്ല...”

കൂടുകെട്ടി നില്‍ക്കുന്നവര്‍ കുറുക്കന്‍ കൊച്ചിന്റെ വഴിയില്‍ തടസ്സമായിത്തന്നെ നില്‍ക്കുന്നു. കുറുക്കന്‍ കൊച്ചങ്ങനെ പറുദീസയുടെ പലപല വാതിലില്‍ മുട്ടിക്കഴിഞ്ഞപ്പോള്‍ ഒരിടത്തുനിന്നും അവള്‍ക്ക് ഉണ്ട് എന്ന ഉത്തരം കിട്ടി. അവള്‍ വാതില്‍ വലിച്ചുതുറന്ന് അകത്തുകയറി. പക്ഷേ, അപ്പോഴേയ്ക്കും കൂട്ടിനകത്തുണ്ടായിരുന്ന കോഴിയെ പിള്ളേര്‍ പുറത്തേയ്ക്കു വിട്ടിരുന്നു. കുറുക്കന്‍ കൊച്ച് വട്ടത്തിനുള്ളില്‍ നോക്കിയിട്ട് കോഴിക്കൊച്ചിനെ കാണുന്നില്ല. എല്ലാവരുംകൂടി തന്നെ പറ്റിക്കുകയാണോ...

മിസ്സേ, ഈ കൂട്ടില്‍ കോഴിയില്ല...” കുറുക്കന്‍ കൊച്ച് സങ്കടംകൊണ്ടു വിതുമ്പി.

അത്രയുമായപ്പോഴേയ്ക്കും വിന്‍സിമദര്‍ മഠത്തിന്റെ വാതില്‍ തുറന്നു.

ങാ ഏലിയാമ്മ വന്നോ. ഞങ്ങളെല്ലാം റെഡിയായി നില്‍ക്കുവാ.”

മഠത്തിന്റെ ചരിത്രത്തില്‍ ഇതിനു മുന്‍പ് നടന്നിട്ടില്ലാത്ത തരത്തിലുള്ള യാത്രയാണ്. അതിനു വേണ്ട സാധനങ്ങളെല്ലാം ഏലിയാമ്മ ഒരു ഷോപ്പറിലാക്കി കൊണ്ടുവന്നിട്ടുണ്ട്.

എന്നാ താമസിക്കണ്ടന്നേ, എറങ്ങാം...”

ങാ, ഇറങ്ങാം.”

എന്നുപറഞ്ഞിട്ട് വിന്‍സിമദര്‍ അകത്തെ ഹാളിലേയ്ക്ക് കയറി. അവിടെ മറ്റു സിസ്റ്റര്‍മാരെല്ലാം യാത്രയ്ക്കു തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. ഹാളിലെ ഏറ്റവും പ്രധാനസ്ഥാനത്ത് സഭയുടെ മധ്യസ്ഥനായ അസീസിയിലെ വിശുദ്ധ ഫ്രാന്‍സീസിന്റെ ചിത്രം തൂക്കിയിട്ടുണ്ട്.

പലനിറങ്ങള്‍ ചേര്‍ത്തു വരച്ച മരത്തിനു താഴെ പുണ്യവാളന്റെ വചനം കേട്ട് അനുസരണയോടെ നില്‍ക്കുന്ന ചെന്നായ്ക്കളും ആട്ടിന്‍കുട്ടികളും മാനുകളും കിളികളും മറ്റും. വിന്‍സിമദര്‍ ആ ചിത്രത്തിലേയ്ക്കു നോക്കി ധ്യാനിച്ചു.

പുണ്യാളാ, ഏലിയാമ്മയുടെ വാക്കുകേട്ട് പുതിയൊരു കാര്യത്തിനിറങ്ങുകയാണ്. കാത്തോളണേ...

ഒന്നടങ്ങു സിസ്റ്ററേ, അവിടെ ചെന്നിട്ട് കാണിക്കാല്ലോ...”

ഏലിയാമ്മയുടെ പെടപ്പുള്ള വര്‍ത്തമാനം കേട്ടപ്പോള്‍ വിന്‍സിമദര്‍ പ്രാര്‍ത്ഥന നിര്‍ത്തി. തന്റെ കയ്യിലുള്ള ഷോപ്പറില്‍ എന്താണെന്നറിയാന്‍ പിടിവലി കൂടിയ അമൃതസിസ്റ്ററിനെയാണ് ചിരിച്ചുകൊണ്ട് ഏലിയാമ്മ എതിര്‍ക്കുന്നത്.

സിസ്റ്റര്‍മാരുടെ ആവേശം കുറച്ചു കൂടുതലാണോ എന്നായിരുന്നു വാതിലു പൂട്ടുമ്പോള്‍ വിന്‍സിമദറിനു സംശയം. ങാ, പിന്നെ ഏലിയാമ്മയുണ്ടല്ലോ...

ഈ മഠത്തിലെ മദര്‍ സുപ്പീരിയറിന്റെ പോസ്റ്റില്‍ വിന്‍സിസിസ്റ്റര്‍ പുതിയ ആളാണെങ്കിലും മഠവുമായി ഏലിയാമ്മയ്ക്കുള്ള അടുപ്പം സിസ്റ്ററിനു പണ്ടേ അറിയാം. ഏലിയാമ്മയുടെ ഭര്‍ത്താവ് ജോണി മഠത്തിലെ റബ്ബറുവെട്ടുകാരനായിരുന്ന കാലത്ത് തുടങ്ങിയതാണ് ആ ബന്ധം.

പിന്നെ, ഒരു റബ്ബറുവെട്ടുകാരന്‍... എന്റെ സിസ്റ്ററേ, കൊച്ചേട്ടന് കൂലി കൊടുക്കുന്നുണ്ടെങ്കി ടാപ്പിംഗ് കത്തിക്കും കൊടുക്കണം.”

അതെന്നാ ഏലിയാമ്മേ?”

അല്ല വെളുപ്പാന്‍ കാലത്ത് ഞാന്‍ കട്ടന്‍ചായ കിടക്കപ്പായേ കൊണ്ടകൊടുത്താലേ കൊച്ചേട്ടന്‍ എഴുന്നേക്കൂള്ളൂ. പല്ലു തേക്കാനുള്ള ഉമ്മിക്കരീം വെള്ളോം തോര്‍ത്തും പിടിച്ചോണ്ട് ഞാന്‍ പൊറകേ നിക്കണം. അതുകഴിഞ്ഞാ കത്തീം കൂടേം എടുത്ത് ലൈറ്റുതെളിച്ച് ഞാന്‍ മുന്നില്‍ നടക്കണം. തോട്ടത്തി ചെന്നുകഴിഞ്ഞാ ഓരോ മരത്തിന്റേം ഒട്ടുപാല്‍ ഞാന്‍ പൊളിക്കണം. അന്നേരം കൊച്ചേട്ടന്‍ തെറീംപറഞ്ഞോണ്ട് കത്തീംകൊണ്ടൊന്നു ചെരണ്ടിവെക്കും, വേറൊന്നുവില്ല... അതുകഴിഞ്ഞ് പാലെടുക്കല്‍, ഒറയൊഴിക്കല്‍, ഷീറ്റടിക്കല്‍ എല്ലാം ഞാന്തന്നെ ചെയ്യണം. അതാണ് ഞാന്‍ പറഞ്ഞത് കത്തീടെ ഉപകാരവേയൊള്ളെന്ന്.”

പക്ഷേ, ജോണിച്ചേട്ടന്‍ കണ്ടാലെന്തൊരു പാവവാ...”

പാവം... ആ പാവത്തരംകൊണ്ട് ഉണ്ടാക്കിവെച്ചതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കല്ലേ. എന്റെ സിസ്റ്ററേ, ഈ മഠോം അന്നത്തെ മദര്‍ കനീസാമ്മേം ഇല്ലാരുന്നെങ്കി എനിക്കെന്റെ പിള്ളേരെ വളത്തിയെടുക്കാന്‍ പറ്റൂല്ലാരുന്നു.”

ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക

ഏലിയാമ്മ പലപ്പോഴായി പല സിസ്റ്റര്‍മാരോടും പറഞ്ഞിട്ടുള്ള കാര്യങ്ങളാണിതെല്ലാം. നാലുവര്‍ഷം മുന്‍പ് അന്നത്തെ മദറിനോട് ഏലിയാമ്മ പറഞ്ഞ ഒരു കാര്യം വലിയ സംഭവമായി മാറി.

മദറേ, പത്തുമുപ്പതു വര്‍ഷം മുന്‍പാണ് കെട്ടോ. ഞാനന്ന് പശൂനേം ആടിനേം കോഴിയേം പന്നീനേം ഒക്കെ വളത്തും. അതുകൊണ്ട് വീട്ടുചെലവും എന്റെ കെട്ട്യോന്റെ കള്ളുകുടീയൊക്കെ കഴിഞ്ഞ് ചില്ലറ കാശ് മിച്ചം വരുവാരുന്നു. അത് ഞാന്‍ അത്യാവശ്യത്തിന് വരുന്നോര്‍ക്ക് വായ്പ കൊടുക്കും. വെറുതെയല്ല, ചെറിയ പലിശയ്ക്ക്. അന്നുതൊട്ട് ബ്ലേഡുകാരീന്നൊരു ദുഷ്‌പേരെനിക്കൊണ്ട്.”

സത്യസന്ധമായിട്ട് ഉള്ളില്‍നിന്നും വരുന്നത് എവിടെ പറയുന്നതിനും ഏലിയാമ്മയ്ക്ക് ചമ്മലില്ല.

ഞാന്‍ പലിശയ്ക്കു കൊടുക്കുന്നുണ്ടെന്ന് ഗ്രാമീണ്‍ ബാങ്കിലെ ജേക്കബ്ബ്‌ സാറെങ്ങനെയോ അറിഞ്ഞു. പുള്ളിക്കാരനെന്നോടു പറഞ്ഞു, നിങ്ങള്‍ നബാഡിന്റെ ഒരു സംഘം തൊടങ്ങ് ബാങ്കീന്ന് കൊറച്ചു കാശ് വായ്പയായിട്ട് തരാന്ന്. അങ്ങനെയാണ് ഈ പഞ്ചായത്തില്‍ ആദ്യമായിട്ട് സ്ത്രീകളുടെ സ്വാശ്രയസംഘം തൊടങ്ങുന്നത്. അന്ന് കുടുംബശ്രീയൊന്നും ഇല്ലാന്നോര്‍ക്കണം. ഞാന്‍ പറയുന്നതേ, മഠത്തിന് കാശൊണ്ടെങ്കി കുറച്ചു പൈസ പലിശയില്ലാത്ത ലോണായിട്ട് പെണ്ണുങ്ങടെ സംഘത്തിനു കൊടുക്ക്. അവരത് തിരിച്ചുംമറിച്ചും കുടുംബം നോക്കിക്കോളും സിസ്റ്ററേ.”

ഏലിയാമ്മ പറഞ്ഞ ഈ കാര്യം ആ മദറ് കന്യാസ്ത്രി സഭേടെ ജനറല്‍ കൗണ്‍സില്‍ കൂടിയപ്പോള്‍ അവിടെ പറഞ്ഞു. അങ്ങനെ സഭയുടെ നേതൃത്വത്തില്‍ പെണ്ണുങ്ങളുടെ സംഘങ്ങള്‍ തുടങ്ങുന്ന കാര്യം ചര്‍ച്ചയായി.

അതോടെ കന്യാസ്ത്രി സഭയില്‍ മരവിച്ചുകിടന്ന കാശ് നാട്ടിലെ കുടുംബങ്ങളിലേയ്ക്കെത്തിച്ചയാള്‍ എന്ന പേര് ഏലിയാമ്മയ്ക്കു കിട്ടി. വെറും വര്‍ത്താനത്തില്‍നിന്ന് വരുന്നതാണെങ്കിലും ഇതുപോലെ മനുഷ്യര്‍ക്കു ഗുണമുള്ള ആശയങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മിടുക്കിയാണ് ഏലിയാമ്മയെന്ന് വിന്‍സിമദറിനറിയാം. അതുകൊണ്ടാണ് ഈ യാത്രയുടെ കാര്യം പുള്ളിക്കാരി പറഞ്ഞപ്പോള്‍ മദറങ്ങു സമ്മതിച്ചത്.

എല്ലാ യാത്രയുടേയും തുടക്കത്തില്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ഒരു ചുറുചുറുക്കുണ്ടല്ലോ. അതിന്റെ കൂടിയ അവസ്ഥയിലായിരുന്നു ബദാംമരത്തിനു ചുവട്ടിലൂടെയുള്ള ഏലിയാമ്മയുടെ നടപ്പ്.

ഇപ്പോള്‍ മറ്റൊരു കുറുക്കന്‍ കൊച്ച് കോഴിയുണ്ടാകുമെന്ന പ്രതീക്ഷയില്‍ പല വാതിലുകളിലും മുട്ടുകയും കോഴിയെ കാണാഞ്ഞ് ദുഃഖിതയാവുകയും ചെയ്യുന്നുണ്ട്.

ആ പോക്ക് കണ്ടില്ലേ... ഇതിനെ ഏലിയാമ്മക്കൊച്ചെന്ന് വിളിക്കേണ്ടി വരൂല്ലോ.”

കൂട്ടത്തില്‍ ഏറ്റവും ചെറുപ്പക്കാരിയായ അമൃതസിസ്റ്റര്‍ പറഞ്ഞു.

ശരിക്കും ഏലീന്ന് മാത്രവേ എന്റെ പേരൊള്ളൂ. ബാക്കിയുള്ള അമ്മയുണ്ടല്ലോ അത് എല്ലാരും സ്നേഹംകൊണ്ട് ഇട്ടുതന്നേക്കുന്നതാ. അതിന്റെ മേളില്‍ പിന്നെ ചേച്ചീം ചേടത്തീം വേണോ...”

എഴുപത്തിരണ്ടു വയസ്സുണ്ടെങ്കിലും ഇങ്ങനെയുള്ള ന്യായം പറഞ്ഞിട്ടാണ് ആളിപ്പോഴും ഏലിയാമ്മയായി പിടിച്ചുനില്‍ക്കുന്നത്. എന്നാലും പുള്ളിക്കാരിയുടെയടുത്ത് വായ്പ മേടിക്കാന്‍ വരുന്ന ചിലര്‍ സ്നേഹംകൂട്ടി വിളിച്ച് ചേച്ചീം ചേടത്തീം അമ്മച്ചീയാക്കും.

അതൊന്നും വേണ്ടടാ മക്കളേ... മേടിക്കുന്ന കാശ് തിരിച്ചുതരാന്‍ പറ്റാതാകുമ്പോ ഈ വാകൊണ്ടുതന്നെ നിങ്ങളെന്നെ കൊള്ളപ്പലിശക്കാരീന്ന് വിളിക്കൂന്നെനിക്കറിയാം.”

സംഗതി ശരിയാണ്. ചിലരങ്ങനെ വിളിക്കാറുണ്ട്. പക്ഷേ, ഏലിയാമ്മ വാങ്ങുന്ന നൂറ്റുക്ക് രണ്ടുരൂപ എങ്ങനെയാണ് കൊള്ളപ്പലിശയാകുന്നത്...

കുടുംബശ്രീയില്‍ ഒരുരൂപ പലിശ. ആണുങ്ങടെ ചില സംഘത്തില്‍ മൂന്നുവരെ മേടിക്കുന്നോരുണ്ട്. ഞാന്‍ രണ്ടുരൂപ, അത് ന്യായമാന്ന് തോന്നുന്നോരു മാത്രം എന്റെയടുത്ത് വായ്പയ്ക്ക് വന്നേച്ചാ മതി.”

മഠത്തില്‍നിന്നും പുറപ്പെട്ട ആ യാത്ര ഗെയിറ്റിന്റെ അടുത്തെത്തുമ്പോള്‍ അവിടെയുള്ള കണിക്കൊന്നയുടെ താഴെ കുറച്ചു പ്രായമായ ഒരു കാട്ടുകോഴിപ്പിടച്ചി കൊത്തിയും ചികഞ്ഞും നില്‍ക്കുന്നുണ്ടായിരുന്നു. മഠത്തിലെ കൂട്ടില്‍ കിടക്കുന്ന കോഴികളോടും താറാവിനോടും കൂട്ടുകൂടാനാണ് ആ പിടച്ചി ഇടയ്ക്കിടയ്ക്കിങ്ങോട്ടു വരുന്നത്.

ങാഹാ, ഇത് സിസ്റ്റര്‍മാര്‍ മൊത്തമുണ്ടല്ലോ. എല്ലാരുംകൂടി എങ്ങോട്ടാ...?”

എന്നു ചോദിക്കുന്നതുപോലെ കാട്ടുകോഴിപ്പിടച്ചി ഒച്ചയിട്ടു.

ങാഹാ, ആള് വന്നല്ലോ. നീയവിടെ നില്ല്, നിന്റെ കൂട്ടുകാരെയിന്ന് വൈകുന്നേരവേ തുറന്നുവിടുന്നുള്ളൂ.”

ബെറ്റിയമ്മ കാട്ടുകോഴിപ്പിടച്ചിയോടു പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചുകൊണ്ട് പുറത്തിറങ്ങി ഗെയിറ്റ് വലിച്ചടച്ചു.

യാത്ര ടൗണിലെത്തിയപ്പോള്‍ പലചരക്കുകട നടത്തുന്ന ജീജോ കാട്ടുകോഴിപ്പിടച്ചിയുടെ അതേ ചോദ്യം ആവര്‍ത്തിച്ചു. അതുകേട്ടപ്പോള്‍ വിന്‍സിമദറിന് ചെറിയൊരമ്പരപ്പുണ്ടായി. പള്ളിയില്‍ പോകാനല്ലാതെ മഠത്തില്‍നിന്ന് എല്ലാവരുംകൂടി ഇതുവരെയിങ്ങനെ പുറത്തിറങ്ങിയിട്ടില്ല. എങ്ങോട്ടുപോകുന്നെന്നാണ് പറയേണ്ടത്...?

കുരിശിന്റെ വഴി ചൊല്ലാന്‍ പോകുവാ. മൂണ്ടാട്ടുമലയ്ക്ക്.”

ജീജോയ്ക്കു് മറുപടി കൊടുക്കാന്‍ ഏലിയാമ്മയ്ക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല. തക്കസമയത്ത് ഏലിയാമ്മ ഇടപെട്ടത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടെങ്കിലും ജീജോയുടെ ആ ചോദ്യത്തോടെ സിസ്റ്റര്‍മാരുടെ നടപ്പിന്റെ ഉശാറങ്ങു പോയി.

അവനോടൊക്കെ നൊണ പറയുന്നത് മോശവാ. പാവപ്പെട്ടോര്‍ക്കു കൊടുക്കാന്‍ അവന്‍ ഇടയ്ക്കിടയ്ക്ക് അരീം സാധനോം തരുന്നതാ ഏലിയാമ്മേ.”

പാവപ്പെട്ടവരെ സഹായിക്കുന്നതാണ് വിന്‍സിമദറിന് ഏറ്റവും വലിയ കാര്യം.

മദറൊന്നു മിണ്ടാതിരുന്നേ. പാവപ്പെട്ടോരെന്ന് കേക്കുന്നതേ എനിക്കു കലിയാ.”

അതിപ്പോ ഏലിയാമ്മേടെ മൂത്തമകന്റെ ഭാര്യ ഇസ്രായേലില്‍... എളേ മകനും ഭാര്യയും സര്‍ക്കാരു ജോലിക്കാര്‍. എല്ലാര്‍ക്കും അങ്ങനെ കാശൊണ്ടാകിയേലല്ലോ. പാവങ്ങക്കും ജീവിക്കണ്ടേ...”

ങാ, പാവങ്ങള്‍ ജീവിച്ചോട്ടെ... എന്റെ മദറേ പിന്നെ ഈ നോമ്പിലെ വെള്ളിയാഴ്ച നമ്മള്‍ വേറെ എന്നാത്തിനു പോകുവാന്നാ പറയണ്ടെ...?”

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

കുരിശിന്റെ വഴിക്കു പോവുകയാണെന്ന് ഏലിയാമ്മ പറഞ്ഞതു കേട്ടപ്പോള്‍ മുതല്‍ മറ്റു യാത്രക്കാരുടെ മനസ്സില്‍ പെട്ടെന്നൊരു പ്രാര്‍ത്ഥനാഭാവം വന്നു. പിന്നീട് പണ്ടുമുതലേയുള്ള കന്യാസ്ത്രീ നടത്തമാണ് അവരെല്ലാം നടന്നത്. ആ നടത്തത്തില്‍ നിശ്ശബ്ദത കൂടുകയും കാലുകള്‍ എടുത്തുവെക്കുന്നതിലെ വേഗത കുറയുകയും ചെയ്യും.

കര്‍ത്താവ് നടത്തിയ കുരിശിന്റെ വഴി പറുദീസേലോട്ടുള്ള വഴിയാന്ന് ജോബിയച്ചന്‍ പറയുവാരുന്നു. നീയിന്ന് എന്നോടുകൂടി പറുദീസയിലായിരിക്കുമെന്ന് കുരിശില്‍ കിടക്കുമ്പോ കര്‍ത്താവ് നല്ല കള്ളനോട് പറഞ്ഞില്ലേ...”

ഏലിയാമ്മയുടെ നുണകേട്ട് കന്യാസ്ത്രീകള്‍ക്ക് കുരിശിന്റെ വഴിയോടുള്ള വിശ്വാസം കുറയുമോ എന്നു സംശയം വന്നതുകൊണ്ടാണ് വിന്‍സിമദര്‍ അത്രയും വിശദീകരിച്ചത്.

മുണ്ടാട്ടുമലയിലേയ്ക്കുള്ള ഇടറോഡ് തുടങ്ങുന്ന ഭാഗമിപ്പോള്‍ സിയോണ്‍ എന്നുപേരുള്ള ഹൗസിംഗ് കോളനിയാണ്. പലതരം മതിലും ഗെയിറ്റുമുള്ള കുറേ വീടുകള്‍ പുതുതായി അവിടെ വന്നിട്ടുണ്ട്. യാത്ര സിയോണിലേയ്ക്ക് കയറിയപ്പോള്‍ സ്റ്റിനിസിസ്റ്റര്‍ ഏലിയാമ്മയുടെ അടുത്തുവന്ന് ശബ്ദംതാഴ്ത്തി ചോദിച്ചു:

ശരിക്കും നമ്മള്‍ കുരിശിന്റെ വഴി ചൊല്ലാന്തന്നെയാണോ പോണെ...?”

സിസ്റ്ററേ, കര്‍ത്താവീശോമിശിഹാ മരുഭൂമീല്‍ എന്നതാ ചെയ്തെ...?”

നാല്‍പ്പതു രാവും നാല്‍പ്പതു പകലും ഉപവസിച്ച് ധ്യാനിച്ചു.”

ങാ, അതിനുതന്നെയാ നമ്മള്‍ പോകുന്നത്. പക്ഷേ, മരുഭൂമീലല്ലാന്നു മാത്രം.”

വിന്‍സിമദറും താനുംകൂടി ഉണ്ടാക്കിയിരിക്കുന്ന പ്ലാനെന്താണെന്ന് ഏലിയാമ്മ വെളിപ്പെടുത്തി.

ധ്യാനിക്കാനോ...” അതുകേട്ടതോടെ സ്റ്റിനി സിസ്റ്ററിന്റെ നടത്തം കുറച്ചുകൂടി സാവധാനത്തിലായി.

സിയോണിലെ നാലാമത്തെ വീട് ചോയിക്കാട്ടെ മത്തന്‍ ചേട്ടന്റേതാണ്. റോഡില്‍ സിസ്റ്റര്‍മാരുടെ കറുത്ത കുപ്പായം കണ്ടതേ മത്തന്‍ ചേട്ടന്റെ ഭാര്യ പെണ്ണമ്മച്ചേടത്തിക്ക് വെപ്രാളമായി.

ആണ്ടെ സിസ്റ്റര്‍മാരെല്ലാംകൂടി വരുന്നുണ്ട്. എന്നാത്തിനാ പോലും... നിങ്ങള്‍ വേഗന്നൊരു ഷര്‍ട്ടെടുത്തിട്ടേ...”

വീടിന്റെ ഗ്രാനൈറ്റിട്ട വരാന്തയില്‍ ഒന്നുംതിരിയാതെ എങ്ങോട്ടോ നോക്കിയിരിക്കുകയായിരുന്നു മത്തന്‍ ചേട്ടന്‍.

എന്നതാ...?” ചേടത്തി പറഞ്ഞതെന്താണെന്ന് മത്തന്‍ ചേട്ടന്‍ കേട്ടില്ല.

ഷര്‍ട്ടെടുത്തിടാന്‍... സിസ്റ്റര്‍മാര്‍ വരുന്നൊണ്ടെന്ന്...”

ങാ...” ഒന്നും മനസ്സിലായില്ലെങ്കിലും ചേടത്തി പറഞ്ഞത് അങ്ങേര് സമ്മതിച്ചു. എന്നിട്ട് അനങ്ങാതെ പഴയതുപോലെ അവിടെത്തന്നെയിരുന്നു.

മത്തന്‍ ചേട്ടനും പെണ്ണമ്മച്ചേടത്തിയും കാഞ്ഞിരക്കൊല്ലിമലയുടെ മുകളിലായിരുന്നു താമസം. കൃഷിചെയ്തു മുടിഞ്ഞുമുടിഞ്ഞ് എല്ലാവരും അവസാനിക്കാന്‍ പോകുന്നെന്ന ഘട്ടത്തില്‍ അവരുടെ പെണ്മക്കള്‍ വിദേശത്തേയ്ക്കു പോയി. ആ മക്കള്‍ യൂറോപ്പില്‍ കിടന്ന് അദ്ധ്വാനിച്ചതുകൊണ്ട് അവരുടെ കുടുംബം രക്ഷപ്പെട്ടു. അവര്‍ സൗകര്യം നോക്കി ഇരുപതു സെന്റ് സ്ഥലം വാങ്ങി വീടുപണിത് അപ്പനേയും അമ്മയേയും ഇവിടെക്കൊണ്ടുവന്നു താമസിപ്പിച്ചു.

സിസ്റ്റര്‍മാര് എങ്ങോട്ടാ...?”

പെണ്ണമ്മച്ചേടത്തീടെ ചോദ്യം തീരുന്നതിനു മുന്‍പേ വിന്‍സിമദര്‍ ഉത്തരം കൊടുത്തു.

കുരിശിന്റെ വഴി ചൊല്ലാന്‍ പോകുവാ.”

വിന്‍സിമദര്‍ പറയുന്നതുകേട്ട് മറ്റു സിസ്റ്റര്‍മാര്‍ക്ക് ചിരിവന്നെങ്കിലും അവരത് പുറത്തുകാണിച്ചില്ല. കുറച്ചുദൂരം നടന്നുകഴിഞ്ഞപ്പോള്‍ വിന്‍സിമദറിന് നോമ്പുകാലത്ത് നുണ പറഞ്ഞതിലുള്ള വിഷമം വന്നു.

ധ്യാനംകഴിഞ്ഞ് നമ്മക്കൊരു കുരിശിന്റെ വഴീംകൂടി ചൊല്ലീട്ട് പോരാം.”

ആരുമാരും അക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായം പറഞ്ഞില്ല.

വിന്‍സിമദറെ, ഞാന്‍ പറയുന്നതെന്താന്നുവെച്ചാലേ നിങ്ങളീ മഠത്തില്‍ വെറുതേയിരിക്കാതെ സിയോണിലെ വീടുകള്‍ ഏറ്റെടുത്തിട്ട് അവിടുത്തെ കാര്‍ന്നോമ്മാരെ നോക്കണം.”

ഏലിയാമ്മ എന്താണീ പറയുന്നതെന്ന അര്‍ത്ഥത്തില്‍ സിസ്റ്റര്‍മാര്‍ വിന്‍സിമദറിനെ നോക്കി. ഏലിയാമ്മ അതൊന്നും ശ്രദ്ധിക്കാതെ തന്റെ മനസ്സില്‍ വന്ന ആശയം മുഴുവനാക്കി.

അതിന് ആ കാര്‍ന്നോമ്മാരോട് കാശു മേടിക്കണം, അല്ലാതെ പുണ്യപ്രവൃത്തിയായിട്ട് ചെയ്യാനല്ല ഞാന്‍ പറയുന്നത്... മഠത്തില്‍ പ്രാര്‍ത്ഥനേം കൊണ്ടിരിക്കുന്നതിനേക്കാള്‍ എത്രയോ ഭേദവാ അത്.”

ഏലിയാമ്മേ, അങ്ങനെ കാശുവാങ്ങി ഓരോന്നു ചെയ്യാനല്ലല്ലോ ഞങ്ങള്‍ കന്യാസ്ത്രികളായത്.”

എല്ലാ സിസ്റ്റര്‍മാര്‍ക്കും വേണ്ടി മദര്‍ മറുപടി പറഞ്ഞു.

മദറിന് ഞാന്‍ പറഞ്ഞത് മനസ്സിലായില്ല. ഞാനാണിപ്പോ വയസ്സായി ഒരു വീട്ടി കെടക്കുന്നേന്നോര്‍ക്ക്. നിങ്ങള്‍ ഔദാര്യമായിട്ട് എന്നെ വന്നു നോക്കുന്നു. അത് എന്നുമുണ്ടാകൂന്ന് എന്നാ ഒറപ്പാ സിസ്റ്ററേ എനിക്കുള്ളത്...? അതേസമയം നിങ്ങള്‍ എന്നെ നോക്കാന്‍ വേണ്ടി കാശ് വാങ്ങിച്ചിട്ടുണ്ടെങ്കിലോ...?”

കാശുവാങ്ങിച്ചിട്ടുണ്ടെങ്കി അതിന്റെ സേവനം ചെയ്തല്ലേ പറ്റൂള്ളൂ. ഇല്ലെങ്കില്‍ അത് മഹാപാപമല്ലേ...”

ബെറ്റിയമ്മ പറഞ്ഞു.

അതാ ഞാന്‍ പറഞ്ഞത് സിസ്റ്റര്‍മാരേ പറുദീസേലോട്ടുള്ള വഴീന്ന് പറയുന്നത് കാശുമേടിക്കാതെയുള്ള ഔദാര്യമല്ല. ഉത്തിരിപ്പു കടമുണ്ടാക്കാതെ സേവനം ചെയ്യുകാന്നുള്ളതാ ഇന്നത്തെ കാലത്ത് പുണ്യപ്രവൃത്തി. എന്റെ കാര്യം ഞാന്‍ പറയാം, എനിക്ക് ഏക്കമുട്ടുന്ന കാലത്ത് എന്നെ നോക്കുന്നോര്‍ക്ക് കൊടുക്കാന്‍ വേണ്ടീട്ടാ ഞാനിപ്പഴും സമ്പാദിക്കുന്നത്.”

എളേ മകന്‍ സര്‍ക്കാരുദ്യോഗസ്ഥനുള്ളപ്പോ ഏലിയാമ്മയ്ക്കെന്നാ പേടിക്കാനാ...”

, സര്‍ക്കാരുദ്യോഗസ്ഥന്‍... അവന്റെ കൊച്ചുങ്ങള്‍ സ്കൂളുവിട്ടുവരുമ്പോ വീട്ടിലൊരാളു വേണല്ലോ... അതിനാണ് ഞാന്‍. പിള്ളേര്‍ സ്കൂള്‍ പ്രായം കഴിഞ്ഞാപ്പിന്നെ തള്ളമാരെ ഏതു മക്കള്‍ക്കാ സിസ്റ്ററേ ആവശ്യം...”

പെട്ടെന്ന് ഈ യാത്രയില്‍ പറയാന്‍ പാടില്ലാത്ത കാര്യമാണല്ലോ താന്‍ പറയുന്നതെന്നോര്‍ത്ത് ഏലിയാമ്മ ഒന്നു തിരിഞ്ഞുനിന്നു.

സിസ്റ്റര്‍മാര്‍ കുട്ടിച്ചേടത്തീടെ കഥ കേട്ടിട്ടുണ്ടോ...?”

ഇല്ല, അതെന്നാ കഥയാ...?”

ങാ, അതാണ് കഥ... കൊണ്ടൂപ്പറമ്പിലെയാണ് കുട്ടിച്ചേടത്തീന്നാ എന്റെ വല്യമ്മച്ചി പറയുന്നത്. എനിക്കറിയത്തില്ല. എന്നതാണെങ്കിലും വല്യ കാശൊള്ള വീട്ടിലെ തള്ളയാണ്. ഒരു ഞാറാഴ്ച കുര്‍ബ്ബാനേടെടയ്ക്ക് എല്ലാരും മൗനപ്രാര്‍ത്ഥനേല്‍ നിക്കുമ്പോ കുട്ടിച്ചേടത്തി അറിയാതെ ഒരു പൊറിയങ്ങു വിട്ടുപോയി.”

അതു പറഞ്ഞുകഴിഞ്ഞ് ഏലിയാമ്മ എല്ലാവരുടേയും നേരെ ഒന്നു കണ്ണോടിച്ചു. ഇല്ല, ആര്‍ക്കും കുഴപ്പമില്ല. കഥ തുടരാം.

പള്ളീല്‍ നിന്ന സകലമനുഷ്യരുടേം നോട്ടം കുട്ടിച്ചേടത്തീടെ നേരെയായി. ചേടത്തി നാണക്കേടുകൊണ്ടങ്ങു ചൂളി നിക്കുകയാണ്. ആ സമയത്ത് തൊട്ടുപൊറകീന്ന് ഒരൊച്ച. ഒരു പറനെല്ലിനും പത്ത് തേങ്ങയ്ക്കും ആ പൊറി ഞാനേറ്റു. ആരാ അത് പറഞ്ഞേന്നറിയുവോ, കുട്ടിച്ചേടത്തീടെ വീട്ടിലെ പണിക്കാരി റോസി. അതോടെ ചേടത്തീടെ നാണക്കേടെല്ലാം മാറി കുര്‍ബ്ബാന കാണാന്‍ പറ്റി.”

ഏലിയാമ്മ പറയാന്‍ വേണ്ടീട്ട് പറഞ്ഞ തമാശയാണതെന്ന് എല്ലാവര്‍ക്കും മനസ്സിലായെങ്കിലും സിസ്റ്റര്‍മാര്‍ ചിരിച്ചുകൊടുത്തു.

ഇപ്പഴാണ് സംഭവമെങ്കില്‍ സത്യം പറയാല്ലോ സിസ്റ്ററേ, പൊറി ഞാനേക്കും. പക്ഷേ, എനിക്ക് കാശായിട്ട് കിട്ടണം.”

സിസ്റ്റര്‍മാര്‍ പിന്നെയും ചിരിച്ചു. അതില്‍ ആവേശം കയറിയ ഏലിയാമ്മ ആവശ്യമില്ലാത്ത കുറേ തമാശകള്‍ പറഞ്ഞു. അതെല്ലാം ചിരിക്കാനുള്ള വകയുള്ളതായിരുന്നു. ചിരിച്ചുചിരിച്ചുള്ള ആ യാത്രയ്ക്കിടയില്‍ ഒരു വീടു കണ്ടപ്പോള്‍ വിന്‍സിമദര്‍ പറഞ്ഞു:

നമ്മക്കീ സിജൂന്റെ വീട്ടിലൊന്നു കേറണേ. ഇതിലെ പോയിട്ട് ചെന്നില്ലെങ്കി റോജിക്കു വിഷമമാകം.”

പള്ളിക്കാര്‍ പിരിവെടുത്താണ് സിജൂന് വീടുവെച്ചുകൊടുത്തത്. വിന്‍സിമദര്‍ ഇടയ്ക്കൊക്കെ അവര്‍ക്ക് ചില സഹായങ്ങള്‍ ചെയ്യാറുണ്ട്.

നിങ്ങള്‍ കേറുന്നെങ്കി കേറിക്കോ. എനിക്ക് വേറെ പണിയൊണ്ട്. സിജൂന്റെ വീട്... ആ റോജി നമ്മടെ സംഘത്തില്‍ തൊകയെത്ര അടയ്ക്കാനുണ്ടെന്നറിയുവോ മദറിന്.”

ഏലിയാമ്മയ്ക്ക് ദേഷ്യം വന്നു.

ഇല്ലാത്തതുകൊണ്ടാരിക്കിയേലേ ഏലിയാമ്മേ.”

മദറേ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ... അവന്‍ ഓട്ടോ ഓടിക്കുന്നുണ്ട്. അത് വെറുതെയാണോ? ഇനി ഇല്ലാന്നുതന്നെ വിചാരിച്ചോ. അവള്‍ വീട്ടിലിരിക്കുന്നവളല്ലേ. ആ വീടുംപറമ്പുവൊന്ന് വൃത്തിയാക്കിയിടത്തില്ലേ...”

ഏലിയാമ്മ പറഞ്ഞത് ശരിയാണെന്ന് സിജുവിന്റെ വീടും പറമ്പും കണ്ടപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി. വീടിന് രണ്ടുമൂന്നു വര്‍ഷത്തെ പഴക്കമേയുള്ളൂ. പക്ഷേ, തറ മുഴുവന്‍ പായല്‍ പിടിച്ചിരിക്കുന്നു. കാടുകയറിയിട്ട് മുറ്റമെന്നു പറയുന്നത് കാണാനില്ല. വീടിന്റെ നാലുചുറ്റിലും എന്തൊക്കെയോ വലിച്ചുവാരി കൂട്ടിയിരിക്കുന്നു. പത്തുപതിനഞ്ചു സെന്റ് സ്ഥലമുള്ളിടത്ത് ഒരു കാന്താരിമുളകുപോലുമില്ല. സിജുവിന്റെ ഭാര്യ റോജി തിണ്ണയില്‍ മൊബൈലും നോക്കി ഇരിക്കുന്നുണ്ട്. സിസ്റ്റര്‍മാരെ കണ്ടതേ അവള്‍ എഴുന്നേറ്റു.

മദറെ, വാ ചായകുടിച്ചിട്ട് പോകാം...”

ഏലിയാമ്മ പറഞ്ഞത് മനസ്സില്‍ കിടക്കുന്നതുകൊണ്ടായിരിക്കും വിന്‍സിമദര്‍ കടുപ്പിച്ചാണ് റോജിയെ നോക്കിയത്.

ഇപ്പോ നേരവില്ല, ഞങ്ങളൊരത്യാവശ്യത്തിന് പോകുവാ.”

ആ വീടുകഴിഞ്ഞുള്ള വളവ് തിരിഞ്ഞപ്പോള്‍ മദറിന്റെ അടുത്തേക്കു ചെന്നിട്ട് ഏലിയാമ്മ പറഞ്ഞു:

കൊറച്ചുനാളത്തേയ്ക്കൊക്കെ ഒരുത്തര്‍ പാവപ്പെട്ടു കെടക്കുന്നുണ്ടെങ്കി അത് സാഹചര്യം കൊണ്ടാന്നു വെക്കാം. പക്ഷേ, എല്ലാക്കാലോം അങ്ങനെതന്നെയാ കെടക്കുന്നേങ്കിലേ എന്റെ പൊന്നു മദറേ എഴുതിയിട്ടോ, അതവരുടെ കയ്യിലിരിപ്പുകൊണ്ടു മാത്രവാരിക്കും.”

കുറച്ചുനേരം ആലോചിച്ചിട്ട് അതു സമ്മതിക്കുന്നതുപോലെ മദറ് തലകുലുക്കി.

പക്ഷേ, നമ്മള്‍ ചെയ്യാനുള്ളത് ചെയ്യുക. എനിക്കതേയുള്ളൂ.”

ങാ, അത് മദറിന് പറുദീസേലോട്ടുള്ള വഴി.”

ഇടറോഡ് കയറിച്ചെല്ലുന്നത് മണിത്തട്ടിലേയ്ക്കാണ്. യാത്രക്കാര്‍ തട്ടിലെത്തിയപ്പോള്‍ ഒരു കാറുവന്ന് അവരുടെ മുന്നില്‍ നിര്‍ത്തി.

മമ്മിയെങ്ങോട്ടാ...?” കാറിന്റെ ചില്ലു താഴ്ത്തി ഏലിയാമ്മയുടെ മൂത്തമകന്‍ റെജി ചോദിച്ചു.

ഞങ്ങളൊരു കുരിശിന്റെ വഴിക്ക് പോകുവാ. നീയെങ്ങോട്ടു പോയതാ?”

ഒന്നും പറയണ്ട, ആ കുളത്തിങ്കലെ ജാക്സന്‍ ഒരു ടര്‍ക്കിക്കോഴീനെ വളത്തീട്ട് വിക്കാന്‍ കൊണ്ടുചെല്ലുമ്പോ ഒരു മറ്റോനും വെല കൊടുക്കിയേല. പാവങ്ങള്‍, അവര്‍ക്കെന്തോ കാശിനത്യാവശ്യമുണ്ട്. ഞാനതിനെ മേടിക്കാന്‍ പോയതാ.”

കാറിന്റെ പിന്‍സീറ്റിനിടയ്ക്ക് കാലും കഴുത്തും ചേര്‍ത്തുകെട്ടി അനങ്ങാന്‍ പറ്റാത്ത നിലയില്‍ കിടക്കുന്ന ആ വലിയ ടര്‍ക്കിക്കോഴിപ്പൂവന്‍ ദയനീയമായി ഏലിയാമ്മയുടെ നേര്‍ക്കു നോക്കി.

നിനക്കിതെന്നാത്തിനാ...?”

തിന്നാന്‍, അല്ലാതെയിതിനെ വളത്താന്‍ പറ്റുവോ...”

പിള്ളേരിവിടില്ലല്ലോ, ഇതു മുഴോന്‍ നീ തന്നെ തിന്നുവോ...?”

അതായിരുന്നു ഏലിയാമ്മയുടെ സംശയം.

ഇതിനെയങ്ങു കൊന്ന് മപ്പാസുവെച്ചിട്ട് ഒരു കുപ്പീം മേടിച്ചാ മാന്യന്മാര്‍ വന്ന് തീര്‍ത്തോളും.”

നോമ്പുകാലമല്ലേ റെജീ...” ലിയോണസിസ്റ്റര്‍ വെറുതെ ഓര്‍മ്മിപ്പിച്ചു.

അത് നിങ്ങക്കല്ലേ... ഞങ്ങള്‍ പാവങ്ങക്കെന്നാ നോമ്പ്... സിസ്റ്ററേ, എന്റെ തള്ളേനോട് പറ, ഒള്ള കാശ് മുഴോന്‍ പലിശയ്ക്കു കൊടുക്കാതെ വല്ലോവൊക്കെ വാങ്ങിച്ച് തിന്നുവേം കുടിക്കുവേം ചെയ്യാന്‍. ഞാന്‍ പോട്ടെ... ഈ മണ്ടുകോഴി കാറിനകത്തു മുഴോന്‍ തൂറിയിട്ടേക്കുവാ. അതിനി കൊണ്ട സര്‍വ്വീസ് ചെയ്യണം.”

റെജി ചില്ലുയര്‍ത്തിയിട്ട് കാറ് മുന്‍പോട്ടെടുത്തു.

കെട്ട്യോള് അന്യനാട്ടിക്കെടന്നു കഷ്ടപ്പെടുന്നതുംകൊണ്ടല്ല തിന്നുവേം കുടിക്കുവേം ചെയ്യേണ്ടത്. സ്വന്തമായി അദ്ധ്വാനിച്ചിട്ടു വേണം...”

ബെറ്റിയമ്മ സ്വരംതാഴ്ത്തി ലിയോണസിസ്റ്ററിനോട് പറഞ്ഞു.

റോഡിലെ കുണ്ടും കുഴിയുമൊന്നും ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതുപോലെ പോകുന്ന ആ കാറിനെ നോക്കിനില്‍ക്കുകയായിരുന്നു ഏലിയാമ്മ.

അല്ല, നമ്മക്ക് പോകണ്ടേ...” എന്ന് ബെറ്റിയമ്മ ചോദിച്ചപ്പോഴാണ് പിന്നെ ഏലിയാമ്മ ഇളകിയത്.

അവിടെനിന്നും പത്തുമിനിറ്റ് നടന്നാല്‍ ആ തട്ടിലെ ഏറ്റവും ഉയരമുള്ള സ്ഥലത്തെത്തും. മരങ്ങളും കെട്ടിടങ്ങളുമൊന്നും അധികമില്ലാത്തതുകൊണ്ട് അവിടെ നിന്നാല്‍ കുന്നുകളില്‍നിന്നും പല പല തോടുകളിറങ്ങിവന്ന് പുഴയാകുന്നത് കാണാം.

യാത്ര തട്ടിന്റെ നെറുകയിലെത്തിയപ്പോള്‍ സിസ്റ്റര്‍മാരെല്ലാവരും അവിടെയുള്ള ഒരു പാറയിലേയ്ക്ക് കയറിനിന്നു. ഇതിനുമുന്‍പ് പലപ്രാവശ്യം ആ സ്ഥലത്തു വന്നിട്ടുണ്ടെങ്കിലും ഇതുപോലെ കാഴ്ച കാണാനുള്ള ഒരവസരം സിസ്റ്റര്‍മാര്‍ക്കുണ്ടായിട്ടില്ല. പിന്നെ കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല.

താഴെ കുന്നുകള്‍ക്കിടയിലെ സ്കൂള്‍മുറ്റത്ത് നിറമുള്ള ജീരകമിഠായികള്‍പോലെ കുട്ടികള്‍ കളിക്കുന്നതാണ് ബെറ്റിയമ്മ കണ്ടത്. കാടുപോലെ തോന്നുന്ന തോട്ടങ്ങള്‍ക്കിടയില്‍ പണ്ടാരോ വളര്‍ത്തയിരുന്ന പൂവാക മരങ്ങള്‍ പൂത്തുനില്‍ക്കുന്നതും നോക്കി അമൃതസിസ്റ്റര്‍ നിന്നു. മലകള്‍ മങ്ങിമങ്ങി പുകപിടിച്ചുകിടക്കുന്ന ആകാശത്തിലേയ്ക്ക് ലയിക്കുന്നുണ്ടെന്ന് സ്റ്റിനി സിസ്റ്റര്‍ക്ക് തോന്നി. വീണുകിടക്കുന്ന കടലാസു പക്ഷികളുടെ ആകൃതിയാണ് ഒറ്റയായും കൂട്ടമായും നില്‍ക്കുന്ന വീടുകള്‍ക്ക് എന്ന കാര്യമാണ് ലിയോണസിസ്റ്റര്‍ ശ്രദ്ധിച്ചത്.

സിസ്റ്റര്‍മാരുടെ ആ നോട്ടങ്ങളിലേയ്ക്ക് നോക്കിനില്‍ക്കുമ്പോള്‍ അവര്‍ ഓരോരുത്തരം തന്നോട് വിതുമ്പലടക്കി പറഞ്ഞ ജീവിതകഥകളാണ് വിന്‍സിമദറിന് ഓര്‍മ്മവന്നത്.

ദൈവമേ ഈ പാവപ്പെട്ട സ്ത്രീകളുടെ ത്യാഗങ്ങളെ പ്രതി ഞങ്ങളോട് കരുണ തോന്നേണമേ... മദര്‍ ശബ്ദമില്ലാതെ പ്രാര്‍ത്ഥിച്ചു.

ഏലിയാമ്മേ നമ്മക്ക് ഇവിടെങ്ങാനും ഇരുന്നാപ്പോരേ...?”

കുറച്ചപ്പുറത്ത് നിറയെ ഇലകളുമായി വലിയൊരു ഉങ്ങുമരം നില്‍ക്കുന്നതു കണ്ടിട്ടാണ് ബെറ്റിയമ്മ അങ്ങനെ ചോദിച്ചതെന്നു വിചാരിച്ച് ഏലിയാമ്മ തിരുത്തി.

സിസ്റ്ററേ ഞാനാദ്യമേ പറഞ്ഞതല്ലേ, ഇതല്ല സ്ഥലം... അവിടെയെത്തെണെങ്കി ഇനിയൊരു പതിനഞ്ചു മിനിറ്റുംകൂടി നടക്കണം. നിങ്ങള് വന്നേ...”

ഏലിയാമ്മ കുന്നിറങ്ങുന്ന വഴിയിലേയ്ക്ക് നടന്നു. അതോടെ സിസ്റ്റര്‍മാര്‍ക്ക് കണ്ടുകൊണ്ടിരുന്ന കഴിഞ്ഞകാല ജീവിതങ്ങളെ ഉപേക്ഷിച്ച് ഏലിയാമ്മയുടെ പിന്നാലെ പോകേണ്ടിവന്നു.

ഏലിയാമ്മയ്ക്ക് ഞാന്‍ പറഞ്ഞതിന്റെ കാരണം മനസ്സിലായില്ലേ... കേറ്റം കേറുന്നേനെനിക്ക് ഒരു പ്രശ്നോവില്ല, ഇറക്കമിറങ്ങുമ്പഴാ കാലിന് പിടുത്തം വരുന്നെ.”

ബെറ്റിയമ്മ പറഞ്ഞതുകേട്ട് അമൃതസിസ്റ്റര്‍ നിന്നു.

ബെറ്റിയമ്മയെന്റെ കയ്യേപ്പിടിച്ചോ, വീഴുവാണെങ്കി നമ്മക്ക് രണ്ടുപേര്‍ക്കും കൂടി വീഴാം.”

ബെറ്റിയമ്മ താങ്ക്‌സ് മക്കളേന്ന് നന്ദി പറയുകയും നന്നായി അമൃതേന്ന് വിന്‍സിമദര്‍ അഭിനന്ദിക്കുകയും ചെയ്തു. പക്ഷേ, ഏലിയാമ്മ തിരിഞ്ഞുനിന്നിട്ട് പറഞ്ഞു:

അമൃതസിസ്റ്ററേ, മണ്ടത്തരം കാണിക്കാതെ ബെറ്റിയമ്മയ്ക്ക് കുത്തിപ്പിടിക്കാന്‍ ഒരു കമ്പെടുത്തു കൊടുക്ക്.”

അമൃതസിസ്റ്റര്‍ ഏലിയാമ്മയെ നോക്കി.

വീണുകഴിയുമ്പോ എടുത്തോണ്ടുപോകാനാ ആളുവേണ്ടത്. അല്ലാതെ കൂട്ടത്തി വീഴാനല്ല.”

അതെ...” ഏലിയാമ്മ പറഞ്ഞത് ലിയോണസിസ്റ്റര്‍ അംഗീകരിച്ചു.

ഗാഗുല്‍ത്താമല കേറ്റമായത് നന്നായി. ഇറക്കമാരുന്നേല്‍ കര്‍ത്താവ് പെട്ടുപോകുവാരുന്നു. അല്ലേ ബെറ്റിയമ്മേ.”

അമൃതസിസ്റ്റര്‍ എടുത്തുകൊടുത്ത കമ്പ് കുത്തിപ്പിടിച്ചു ടെസ്റ്റു ചെയ്യുന്ന ബെറ്റിയമ്മയെ നോക്കി ഏലിയാമ്മ ചോദിച്ചു:

ആ പറഞ്ഞത് വാസ്തവം...”

തന്റെ അപ്പോഴത്തെ അവസ്ഥവെച്ച് ബെറ്റിയമ്മ ഏലിയാമ്മയുടെ തമാശയ്ക്ക് കൂടിക്കൊടുത്തതാണ്. കര്‍ത്താവിനെ പിടിച്ച് തമാശയാക്കിയത് വിന്‍സിമദറിന് പിടിച്ചില്ലെങ്കിലോന്ന് ബെറ്റിയമ്മയ്ക്ക് സംശയം തോന്നി. നോക്കുമ്പോള്‍ കുഴപ്പമില്ല, മദറും ചിരിക്കുന്നുണ്ട്.

എപ്പോഴും ചെരിപ്പിടാതെ പലവഴിക്കും നടന്നു ശീലിച്ചതുകൊണ്ട് വിന്‍സിമദറിന് ഇറക്കമൊന്നും ഒരു പ്രശ്നമേയല്ല. യാത്രക്കാര്‍ ഇറങ്ങിവരുന്ന ആ കുന്നിന്റെ പകുതിക്കാണ് മുണ്ടത്തില്‍ സലേഷിന്റെ വീട്. സിസ്റ്റര്‍മാര്‍ വരുന്ന സമയത്ത് സലേഷും യു.പി സ്കൂളില്‍ പഠിക്കുന്ന രണ്ടു മക്കളുംകൂടി നിന്ന് മുറ്റത്തിനരികിലുള്ള ആട്ടിന്‍കൂടിന്റെ ഷീറ്റ് മാറ്റുകയായിരുന്നു.

ശരിക്കും കുട്ടികളാണ് ഷീറ്റ് മാറ്റുന്നത്. സലേഷ് ആട്ടിന്‍കൂടിന്റെ തൂണില്‍ പിടിച്ചുനിന്നുകൊണ്ട് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക മാത്രമാണ് ചെയ്യുന്നത്.

എങ്ങനെയൊണ്ട് സലേഷേ ഇപ്പോ...?” ഏലിയാമ്മ ചോദിച്ചു.

കൊഴപ്പമില്ല, ഇങ്ങനെ നിന്ന് ഓരോ ചെറിയ പണിയൊക്കെ എടുക്കാം.”

സലേഷിന്റെ മുഖത്ത് സന്തോഷമാണ്.

ങാ, ശരിയാകും മോനേ...”

എന്നുപറഞ്ഞിട്ട് ഏലിയാമ്മ മുന്നോട്ടു നടന്നു. സലേഷ് കേള്‍ക്കാത്തത്ര അകലത്തില്‍ എത്തിക്കഴിഞ്ഞപ്പോള്‍ ഏലിയാമ്മ പറഞ്ഞു.

നിങ്ങളാ വീടും ചുറ്റുവട്ടോം കണ്ടോ... മരത്തേന്നു വീണുകെടക്കുന്ന ഒരു കൂലിപ്പണിക്കാരന്റെ വീടാ അതെന്ന് ആരെങ്കിലും പറയുവോ. അവന്റെ കെട്ട്യോള് ശ്രീജ നമ്മടെ സംഘത്തിലെ തിരിച്ചടവ് ഒരാഴ്ചപോലും മൊടക്കീട്ടില്ല. അതാണ് ഞാന്‍ പറഞ്ഞ വ്യത്യാസം...”

ഇനി ഇടവഴിയാണ്. വയസ്സായിപ്പോയ കുറുന്തോട്ടികള്‍ കൂനിനിന്ന് മറച്ചുപിടിച്ചിരിക്കുന്ന വഴി കാലുകൊണ്ട് തെളിച്ച് മുന്നില്‍ പോകുന്ന ഏലിയാമ്മയുടെ പുറകെ സിസ്റ്റര്‍മാര്‍ നടന്നു.

എന്റെ കാര്യം പറഞ്ഞാ ശരിക്കും ആ നഴ്‌സറിപ്പിള്ളേര്‍ നടുത്തുന്ന കളിപോലെയാ. അല്ല, നിങ്ങടെ കാര്യോം അങ്ങനെയൊക്കെത്തന്നെയാ. ഓരോ കൂട്ടിലും പറുദീസയൊണ്ടെന്നോര്‍ത്ത് ഈ കൂട്ടിക്കോഴിയുണ്ടോന്നു ചോദിച്ച് നമ്മളങ്ങോട്ടു കേറും. കൂട്ടില്‍പ്പെട്ടു കഴിയുമ്പഴാ മനസ്സിലാകുന്നെ പറുദീസ പുറത്താന്നുള്ളത്.”

ഒന്നു മിണ്ടാതിരി ഏലിയാമ്മേ, സ്ഥലവെത്താറായോ...? അതുപറ.”

വിന്‍സിമദറിന് ഏലിയാമ്മയുടെ ആ തത്ത്വം പറച്ചില്‍ ഒട്ടും ഇഷ്ടപ്പെട്ടില്ല. അപ്പോഴേയ്ക്കും അവര്‍ രണ്ടു കുന്നുകളുടെ ചെരിവുകള്‍ ഒന്നിക്കുന്നിടത്തുള്ള ഒരു പുഴയിറമ്പിലേയ്ക്ക് എത്തിയിരുന്നു.

മദറ് കെറുവിക്കാതെ, സ്ഥലമെത്തീന്നേ... ഇതാണ് ഞാന്‍ പറഞ്ഞ ചന്ദ്രികത്തോട്.”

ഏലിയാമ്മ തോടിന്റെ പേര് പറഞ്ഞെങ്കിലും മുന്നിലുള്ള കാഴ്ചയില്‍ മതിമറന്നുപോയതുകൊണ്ട് സിസ്റ്റര്‍മാരാരും ആ പേര് എങ്ങനെയുണ്ടായി എന്നു ചോദിച്ചില്ല.

ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക

ഒരു ഗുഹയുടെ കവാടംപോലെ നില്‍ക്കുന്ന ഓടത്തുറുവാണ് ആദ്യം. അതിലൂടെ ഉള്ളിലേയ്ക്ക് കയറിക്കഴിഞ്ഞാല്‍ നല്ല ഇലത്തഴപ്പുള്ള നീര്‍മരുതും ആറ്റുവഞ്ചിയും കാട്ടുചാമ്പയും ഓടക്കൂട്ടത്തിനു മുകളില്‍ പടര്‍ന്നുനില്‍ക്കുകയാണ്. മരക്കൊമ്പുകളെ കൂട്ടിപ്പിടിച്ച് ഞരളയുടേയും അതമ്പിന്റേയും വള്ളികള്‍ ഒന്നില്‍നിന്നും ഒന്നിലേയ്ക്ക് ചുറ്റിക്കയറിയിരിക്കുന്നു.

സിസ്റ്റര്‍മാര്‍ അവിടെയെത്തിയിട്ടു മുകളിലേയ്ക്ക് നോക്കി. ചെറുതുണ്ടുകള്‍പോലും കാണാന്‍ പറ്റാത്തവിധം പച്ചിലക്കൂട് ആകാശത്തെ മറച്ചുകളഞ്ഞിരിക്കുന്നു.

ഇതുപോലുള്ള സ്ഥലം കണ്ടപ്പഴാണ് ഫ്രാന്‍സീസ് പുണ്യാളന്‍ ധ്യാനം തുടങ്ങിയേന്നാ പറയുന്നെ.”

ലിയോണസിസ്റ്റര്‍ വേദപാഠക്ലാസ്സിലെ കാര്യമോര്‍ത്തു.

ങാ, ഇപ്പോ മദറിന് സമാധാനമായല്ലോ. ധ്യാനിക്കാന്‍ ഇതുപോലെ പറ്റിയൊരു സ്ഥലം വേറെയില്ല.”

മണ്‍ത്തിട്ട് ഇടിഞ്ഞുണ്ടായിരിക്കുന്ന വഴിയിലൂടെ ഏലിയാമ്മ ചന്ദ്രികത്തോട്ടിലേയ്ക്കിറങ്ങി.

ഈ മണലിന്റെ മേളിലിരുന്നാല്‍ നമ്മളിവിടെയുണ്ടെന്ന് ഒരു മനുഷ്യനറിയേല.”

ഏലിയാമ്മ പറഞ്ഞത് സത്യമാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. നല്ല രസമുള്ള സ്ഥലം. കുറച്ചു വിശാലമായ ഒരു പൂഴിപ്പരപ്പ്. അതിനരികില്‍കൂടി ഒതുങ്ങിയൊഴുകിപ്പോകുന്ന വെള്ളം താഴെഭാഗത്ത് വലുതല്ലാത്ത ഒരു കുഴിയില്‍ കുറച്ചുനേരം കയംപോലെ കെട്ടിനിന്നതിനു ശേഷമാണ് പുഴയിലേയ്ക്ക് പോകുന്നത്.

ശകലം നേരം ഇരുന്നിട്ട് ധ്യാനിക്കാം.”

ബെറ്റിയമ്മ വെറുംമണലിലേയ്ക്കിരുന്നുകൊണ്ട് പറഞ്ഞു. എല്ലാവരും അതു സമ്മതിച്ച മട്ടില്‍ ബെറ്റിയമ്മയ്ക്കു ചുറ്റുമായി ഇരിക്കാനുള്ള വട്ടം കൂട്ടി. നല്ല വൃത്തിയുള്ള മണലായതുകൊണ്ട് ഉടുപ്പില്‍ ചളി പിടിക്കില്ല.

ഏലിയാമ്മ കയ്യിലുണ്ടായിരുന്ന വലിയ ഷോപ്പര്‍ തുറന്നു. അതിനകത്ത് എന്താണെന്നറിയാന്‍ എല്ലാവരും എത്തിച്ചു നോക്കി.

ആരും നോക്കണ്ട, ആവശ്യമുള്ളത് ഞാന്‍ എടുത്തു തരും. ആദ്യം ദാഹം മാറ്റുന്നു. ഇതു കുടി...”

ഏലിയാമ്മ ഷോപ്പറില്‍നിന്നും നാരങ്ങാവെള്ളത്തിന്റേയും ജ്യൂസിന്റേയും കുപ്പികളെടുത്തു പുറത്തുവെച്ചു. സിസ്റ്റര്‍മാരെല്ലാവരും അതു കുടിച്ചു.

തിന്നാനൊന്നുമില്ലേ ഏലിയാമ്മേ...?”

ദാഹം മാറിയപ്പോള്‍ ബെറ്റിസിസ്റ്റര്‍ ചോദിച്ചു.

ഒണ്ടു സിസ്റ്ററേ, ഇതാണ് ബൊറീറ്റോ... തിന്നു നോക്കീട്ട് പറ എങ്ങനുണ്ടെന്ന്.”

ഇത് ചപ്പാത്തിക്കാത്ത് പച്ചക്കറിവെച്ച് ചുരുട്ടീതല്ലേ...?”

സ്റ്റിനിസിസ്റ്ററിന്റെ ആ നിസ്സാരമാക്കല്‍ ഏലിയാമ്മയ്ക്ക് ഒട്ടും പിടിച്ചില്ല.

ഈ മലമൂട്ടിക്കെടക്കുന്നോര്‍ക്ക് അങ്ങനെയേ തോന്നൂ. ജറുസലേമീന്ന് ഈ സാധനം തിന്നപ്പോ നല്ലതാന്ന് തോന്നീട്ട് ഞാന്‍ യൂടൂബ് നോക്കി ഉണ്ടാക്കീതാ. അതിന്റെ അതിശയവെന്നാന്നറിയുവോ... ഞാനവിടുന്ന് തിന്നേന്റെ അതേ ടേസ്റ്റാ ഇതിനും.”

ഏലിയാമ്മയുടെ വിശദീകരണം കേട്ട് എന്നാലതൊന്നറിയണമല്ലോന്നുള്ള മനോഭാവത്തോടെ എല്ലാവരും ബൊറീറ്റോയെടുത്ത് തിന്നാന്‍ തുടങ്ങി.

ഇതിനാത്ത് ഇറച്ചിയുണ്ടോ...?”

എവിടുന്ന്, സോയാപിണ്ണാക്ക് വറുത്തുവെച്ചേക്കുന്നതല്ലേ...”

സ്റ്റിനിസിസ്റ്ററിന് തോന്നിയ കടുത്ത സംശയം അന്നേരെ വെട്ടിയൊഴിവാക്കിയിട്ട് ഏലിയാമ്മ അടുത്ത വിഷയത്തിലേയ്ക്ക് കടന്നു.

കര്‍ത്താവീശോമിശിഹാ മാമോദീസ മുങ്ങിയ ജോര്‍ദ്ദാന്‍ നദി ഈ തോടിന്റെയത്രയേ ഉള്ളൂ... ഞങ്ങള്‍ വല്യ പുഴയാന്ന് വിചാരിച്ചല്ലേ പോയത്. എനിക്ക് അയ്യെടാന്നായിപ്പോയി.”

ശരിക്കും...?” ബെറ്റിയമ്മയ്ക്ക് അതത്ര വിശ്വാസമായില്ല.

പിന്നല്ലാതെ... എന്നാലും ജോര്‍ദ്ദാന്‍ നദി, ജറുസലേം, ഗാഗുല്‍ത്താമല, ചാവുകടല്‍... അതൊക്കെയൊന്ന് പോയി കാണണം. ഞാന്‍ പണിയെടുത്തുണ്ടാക്കിയ ഒന്നൊന്നരലക്ഷം രൂപ കളയുവാണല്ലോന്നൊരു വെഷമം പോകാനൊരുങ്ങുമ്പോ എനിക്കുണ്ടാരുന്നു. പക്ഷേ, അവിടെ ചെന്നു കണ്ടപ്പോ എനിക്കൊണ്ടായ സന്തോഷം... അതനുഭവിച്ചാലേ മനസ്സിലാകൂള്ളൂ സിസ്റ്റര്‍മാരേ.”

ഞങ്ങള്‍ സിസ്റ്റര്‍മാര്‍ക്കെവിടുന്നാ ഏലിയാമ്മേ കാശ്...?” ബെറ്റിയമ്മ ചോദിച്ചു.

വിചാരിച്ചാ നടക്കും സിസ്റ്ററേ, നിങ്ങളെല്ലാരുകൂടെ ഒരു ടൂറങ്ങ് പോണം...”

അതുകേട്ടപ്പോള്‍ എല്ലാ സിസ്റ്റര്‍മാരും വിന്‍സിമദറിന്റെ നേരെ നോക്കി.

വിശുദ്ധ നാട്ടില്‍ പോക്കൊന്നും നടക്കിയേല...”

വിന്‍സിമദര്‍ എടുത്തടിച്ചതുപോലെ പറഞ്ഞു. അതോടെ എല്ലാ സിസ്റ്റര്‍മാരുടേയും മുഖം മങ്ങുകയും അങ്ങനെ ഒറ്റയടിക്ക് പറയണ്ടായിരുന്നു എന്ന് വിന്‍സിമദറിന് തോന്നുകയും ചെയ്തു.

അല്ല, നമ്മളതിനല്ലേ ഇങ്ങനെയുള്ള കുഞ്ഞുകുഞ്ഞു ടൂറൊക്കെ സംഘടിപ്പിക്കുന്നത്...”

ഇത് ടൂറല്ലല്ലോ നമ്മള് ധ്യാനിക്കാന്‍ വന്നതല്ലേ...?”

ബെറ്റിയമ്മ ചോദിച്ചു.

നമ്മക്കിതൊക്കെയല്ലേ ബെറ്റിയമ്മേ സാധിക്കൂ...”

മദറ് നിസ്സഹായമായി അങ്ങനെ പറഞ്ഞപ്പോള്‍ എല്ലാവരും നിശ്ശബ്ദരായി. ആ നിശ്ശബ്ദത കേറി ധ്യാനമായി മാറുവോന്നാരു പേടി വന്നതുകൊണ്ട് ബെറ്റിയമ്മ ഇടപെട്ടു.

അതേ, ഒന്ന് കുളിച്ചേച്ചിട്ട് ധ്യാനിച്ചാല്‍ ക്ഷീണമുണ്ടാകിയേല...”

ബെറ്റിയമ്മ കൈകുത്തി എഴുന്നേറ്റുകൊണ്ടു പറഞ്ഞു. അതെന്താണിപ്പോ അങ്ങനെയൊരു തോന്നല്‍ എന്ന ഭാവത്തില്‍ മദറ് ബെറ്റിയമ്മയെ നോക്കി. ബെറ്റിയമ്മ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

ഏലിയാമ്മേ, ഇവിടെ വല്യ ആഴവുണ്ടോ...?”

ബെറ്റിയമ്മ മണല്‍ത്തിട്ടിനപ്പുറമുള്ള വെള്ളത്തിന്റെ നേരെ നടന്നുകൊണ്ട് ചോദിച്ചു.

എന്റെ കഴുത്തൊപ്പം വെള്ളം... കൊച്ചേട്ടനെന്നെ കെട്ടിക്കൊണ്ടുവന്ന കാലംതൊട്ടേ ഞാനിവിടെത്തന്നെയല്ലേ അലക്കും കുളീം.”

ആഴമൊണ്ടേലും സാരമില്ല, എനിക്ക് നീന്തലറിയാം... പത്തന്‍പത്തഞ്ചു വര്‍ഷമായി ഒന്നു മുങ്ങിക്കുളിച്ചിട്ട്...”

ബെറ്റിയമ്മ പറഞ്ഞതുകേട്ടപ്പോള്‍ അവസാനമായി തങ്ങള്‍ മുങ്ങിക്കുളിച്ചത് എപ്പോഴായിരുന്നെന്നാണ് വിന്‍സിമദറടക്കം ഓരോ സിസ്റ്റര്‍മാരും ചിന്തിച്ചത്.

വാ, ബെറ്റിയമ്മേ ഞാന്‍ കുളിപ്പിക്കാം...”

ഏലിയാമ്മ മൊബൈലും പേഴ്‌സും താഴെവെച്ചിട്ട് ബെറ്റിയമ്മയുടെ കയ്യില്‍ പിടിച്ചു.

ഡ്രസ്സ് നനയേലേ...?” കാല് വെള്ളത്തില്‍ തൊട്ടപ്പോള്‍ ബെറ്റിയമ്മ ചോദിച്ചു.

തോര്‍ത്തൊക്കെ ഞാന്‍ കൊണ്ടന്നിട്ടുണ്ട്. സിസ്റ്ററാ കുപ്പായമങ്ങൂരീട്ട് ഇതുടുക്ക്.”

ഏലിയാമ്മ ഷോപ്പറില്‍നിന്നും നല്ല വലിപ്പമുള്ള തോര്‍ത്തുകളെടുത്ത് പുറത്തുവെച്ചു. ബെറ്റിയമ്മ വിന്‍സിമദറിനെ നോക്കി. എനിക്കൊന്നുമറിയത്തില്ല എന്ന ഭാവത്തിലാണ് മദറിരിക്കുന്നത്. ബെറ്റിയമ്മ ഒരു തോര്‍ത്തെടുത്ത് കയ്യില്‍ പിടിച്ചിട്ട് മദറിന്റെ മുഖത്തേയ്ക്ക് ഒന്നുകൂടി നോക്കി. മദറിന്റെ ഭാവം മാറിവരുന്നുണ്ട്.

അല്ലേ വേണ്ട, ഞാനിതുവിട്ടോണ്ടെറങ്ങിക്കോളാം. കുളികഴിഞ്ഞ് വെയിലത്തിരുന്ന് ധ്യാനിക്കുമ്പോ ഇതങ്ങൊണങ്ങിക്കോളും.”

ഏലിയാമ്മ വലിയൊരു മുണ്ടെടുത്തുടുത്തിട്ട് ചുരിദാറുടോപ്പും പാവാടയും ഊരിക്കളഞ്ഞു. ബെറ്റിയമ്മയ്ക്ക് ആവേശമായിരുന്നു. ഏലിയാമ്മയുടെ കയ്യില്‍പ്പിടിച്ച് തോട്ടിലേയ്ക്കിറങ്ങിയപ്പോള്‍ ബെറ്റിയമ്മ ക്വാക് ക്വാക് ക്വാക് എന്ന് ആര്‍പ്പിട്ടു.

അപ്പനും ഞാനുംകൂടി താറാക്കളേങ്കൊണ്ട് ആറ്റിച്ചാടും... എന്നാ ഒരു രസവാരുന്നത്.”

താറാവിനേപ്പോലെ ബെറ്റിയമ്മ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി. ഏലിയാമ്മ കമഴ്ന്നുകിടന്ന് കാലിട്ടടിച്ച് നീന്താന്‍ തുടങ്ങി.

എന്നതാ ഏലിയാമ്മേ നിന്റെ പൊറത്ത് ഈ പാടുകള്‍...”

ഏലിയാമ്മയുടെ തോള്‍പലകയില്‍ വളരെ പഴക്കമുള്ള കുറച്ചു വടുക്കളുണ്ടായിരുന്നു.

അതൊരു കുരിശിന്റെ വഴി പോയതിന്റേയാ.”

പണ്ട് തോട്ടില്‍ അലക്കിക്കുളിക്കാന്‍ വന്നിട്ട് കട്ടന്‍ചായേടെ സമയംതെറ്റിയതിന് കൊച്ചേട്ടന്‍ വന്ന് മുരിക്കുവടികൊണ്ട് വീടുവരെ തന്നെ അടിച്ചു കൊണ്ടുപോയതും മുരിക്കിന്‍മുള്ളിന്റെ വിഷമിറങ്ങാന്‍ നല്ലതാണെന്നും പറഞ്ഞ് മുറിവുകളില്‍ ചുണ്ണാമ്പു തേച്ചതുമൊക്കെ ഏലിയാമ്മയ്ക്ക് ഓര്‍മ്മവന്നു. പക്ഷേ, തലയിളക്കി വെള്ളം കുടയുന്നതുപോലെ ആ ഓര്‍മ്മകളെ തെറിപ്പിച്ചുകളഞ്ഞിട്ട് കരയിലിരിക്കുന്ന സിസ്റ്റര്‍മാരോട് ഏലിയാമ്മ വിളിച്ചുചോദിച്ചു:

ആരും ഞങ്ങടെകൂടെ കൂടുന്നില്ലേ...?”

പലപല ഓര്‍മ്മകളിലായിരുന്ന സിസ്റ്റര്‍മാര്‍ ആ ചോദ്യം കേട്ട് തോട്ടിറമ്പിലേയ്ക്ക് തിരിച്ചുവരികയും വിന്‍സിമദറിനെ നോക്കുകയും ചെയ്തു. വിന്‍സിമദര്‍ ഒന്നുമറിയാപ്പെട്ട് എങ്ങോട്ടോ നോക്കിയിരിക്കുകയാണ്. അമൃത ബോധപൂര്‍വ്വം മദറിനെ ശ്രദ്ധിക്കാതെ എഴുന്നേറ്റു. അവളുടെ കയ്യില്‍പ്പിടിച്ച് സ്റ്റിനിയും പിന്നെ ലിയോണയും എഴുന്നേറ്റു. അവര്‍ മദറിവിടെയുണ്ടെന്ന് കണക്കാക്കാതെ വെള്ളത്തിലേയ്ക്കിറങ്ങി.

എല്ലാവരുമെത്തിയെന്ന് കണ്ടതോടെ ഏലിയാമ്മ ചോദിച്ചു:

നമ്മക്കൊരു കുരിശിന്റെ വഴി ചൊല്ലിയാലോ...?”

അതുകേട്ട് സിസ്റ്റര്‍മാരെല്ലാവരും കൈകള്‍ കോര്‍ത്തുപിടിച്ച് വട്ടത്തില്‍ നിന്നു. ഏലിയാമ്മ മുങ്ങാങ്കുഴിയിട്ട് കയറി അവരുടെ നടക്കു കോഴിയായിട്ട് നിന്നു.

സിസ്റ്ററെ നോക്കിക്കേ, ഈസ്റ്ററിന് നമ്മള് പള്ളിക്കകത്തുണ്ടാക്കുന്ന കടലാസിന്റെ കല്ലറപോലെയില്ലേ...?”

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

അമൃത ചോദിച്ചപ്പോഴാണ് എല്ലാവരും അതു ശ്രദ്ധിച്ചത്. സിസ്റ്റര്‍മാരുടെ കറുത്ത കുപ്പായങ്ങള്‍ കാറ്റുകയറി ഉയര്‍ന്നുപൊങ്ങി വെള്ളത്തിനുമുകളില്‍ കിടക്കുന്ന പാറക്കെട്ടുകളായിരിക്കുന്നു.

ഞാന്‍ കോഴി, ആരാ കുറുക്കന്‍...?

ഏലിയാമ്മയുടെ ചോദ്യം കേട്ട് അവരെല്ലാം ആര്‍പ്പുവിളിച്ചു. അപ്പോള്‍ ആ ആര്‍പ്പിനു മീതെ കേള്‍ക്കുന്ന വിധത്തില്‍ വിന്‍സിമദറിന്റെ ശബ്ദം അടുത്തുവന്നുകൊണ്ടിരിക്കുന്നു.

ഈ കൂട്ടില്‍ കോഴിയുണ്ടോ....?”

ഇല്ല...”

സിസ്റ്റര്‍മാര്‍ ഒന്നിച്ചു പറഞ്ഞു.

കുലകുല മുന്തിരി...

മുന്തിരിയുള്ള പറുദീസാ...

വട്ടംവട്ടം ചുറ്റിവാ...”

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com